വേരുപിടിക്കാത്ത കശ്മീര്‍ മരങ്ങള്‍: ഷീബ ഇകെ എഴുതുന്നു

ലോക്സഭ ഇലക്ഷനും പുല്‍വാമ സ്ഫോടനവും അവിചാരിതമായി വന്ന കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുമായി തികച്ചും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു കശ്മീരിലേക്കുള്ള യാത്ര.
വേരുപിടിക്കാത്ത കശ്മീര്‍ മരങ്ങള്‍: ഷീബ ഇകെ എഴുതുന്നു

 ലോക്സഭ ഇലക്ഷനും പുല്‍വാമ സ്ഫോടനവും അവിചാരിതമായി വന്ന കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുമായി തികച്ചും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു കശ്മീരിലേക്കുള്ള യാത്ര.
ശ്രീനഗറില്‍ ഇറങ്ങുമ്പോള്‍ വെയിലിനു നല്ല ചൂടുണ്ടായിരുന്നു. തലസ്ഥാന നഗരത്തിന്റെ ആര്‍ഭാടങ്ങളില്ലാതെ ലളിതസുന്ദരമായ നിരത്തുകള്‍ ശാന്തമാണ്. എങ്കിലും ഓരോ പത്തുമിനിട്ടിലും തോക്കും ചൂണ്ടിപ്പിടിച്ചു നില്‍ക്കുന്ന സൈനിക/അര്‍ദ്ധ സൈനിക/പൊലീസ് വിഭാഗങ്ങളുടെ അതിപ്രസരവും ചുരുളായിക്കിടക്കുന്ന വൈദ്യുതവേലികളും കണ്ടപ്പോള്‍ അലോസരം തോന്നാതിരുന്നില്ല.
താമസസ്ഥലത്തേയ്ക്കുള്ള മുക്കാല്‍ മണിക്കൂര്‍ യാത്ര തീര്‍ന്നപ്പോള്‍ത്തന്നെ തോക്കുധാരികള്‍ ഒരു സാധാരണ കാഴ്ചയായി മാറുകയും ചെയ്തു. ഡല്‍ഹിയിലുള്ള ഈസി വേ എന്ന കമ്പനിയാണ് ശ്രീനഗറില്‍ താമസ യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നത്.
 

ദാല്‍ തടാകത്തിന് അഭിമുഖമായിരുന്നു ഹോട്ടല്‍ ഷാ അബ്ബാസ്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു പണിയാന്‍ നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നിലനിര്‍ത്തിപ്പോകുന്ന ശ്രീനഗറിലെ ഹോട്ടലുകളിലൊന്ന്. ആതിഥ്യമര്യാദ ആവോളമുള്ള ജീവനക്കാര്‍.

കശ്മീരില്‍ പ്രി പെയ്ഡ് സിം കാര്‍ഡുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല എന്നറിയാമായിരുന്നു. മൊബൈലും ഇന്റര്‍നെറ്റുമില്ലാത്ത കുറച്ചു ദിവസങ്ങള്‍. അത്യാവശ്യത്തിനു വിളിക്കാന്‍ പബ്ലിക്ക് ഫോണ്‍ സൗകര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ സ്വന്തം മൊബൈല്‍ തന്നു പൈസയൊന്നും വേണ്ട, എപ്പോള്‍ വേണമെങ്കിലും ഇഷ്ടമുള്ളത്ര വിളിച്ചോളൂ ദൈവം അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ ഹോട്ടല്‍ ജീവനക്കാരന്‍. കശ്മീരിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മാറിമറിയുകയായിരുന്നു.

ജനാല തുറന്നപ്പോള്‍ പൊന്‍വെയിലില്‍ കുളിച്ചുനില്‍ക്കുന്ന ദാല്‍ തടാകം. കശ്മീരിന്റെ കിരീടത്തിലെ രത്‌നമാണ് ദാല്‍. ഹൗസ് ബോട്ടുകളും ഷിക്കാരകളും സന്ദര്‍ശകരെ കാത്തുകിടക്കുന്നു. വൈകുന്നേരം സ്വര്‍ണ്ണം പൂശിയ തടാകത്തിലൂടെ ഷിക്കാരയില്‍ കറങ്ങുമ്പോള്‍ കച്ചവടാവശ്യാര്‍ത്ഥം കേരളത്തില്‍ വന്നിട്ടുണ്ടെന്ന് ഷിക്കാരക്കാരന്‍ പറഞ്ഞു. പൂക്കളും പഴങ്ങളും വാള്‍നട്ടും ആഭരണങ്ങളും കുങ്കുമപ്പൂവും വില്‍പ്പന ഈ ചെറുവള്ളങ്ങളില്‍ത്തന്നെയാണ്. പരമ്പരാഗത കശ്മീരി വസ്ത്രം ധരിപ്പിച്ചു ഷിക്കാരയിലിരുന്നു ഫോട്ടോയെടുപ്പിക്കുന്നവരുമുണ്ട്. ഹൗസ് ബോട്ടുകളിലും കച്ചവടം പൊടിപൊടിക്കുന്നു. ഷാളുകള്‍, തണുപ്പു വസ്ത്രങ്ങള്‍, ഉണക്കിയ പഴങ്ങള്‍, നട്ട്സ്, ചിക്കന്‍ ടിക്ക അങ്ങനെ. ഡ്രൈ ഫ്രൂട്ട്സിനും നട്ട്സിനും കുങ്കുമപ്പൂവിനും പഷ്മീന ഷാളിനും ശിലാജിത്തിനും ഖ്യാതി കേട്ട ഇടമാണ്  കശ്മീര്‍. പുല്‍വാമ സംഭവത്തിനുശേഷം ടൂറിസ്റ്റുകള്‍ വന്നു തുടങ്ങുന്നതേയുള്ളു എന്ന് ഷിക്കാരക്കാരന്‍ പറഞ്ഞു. നോട്ട് നിരോധനം സാരമായി ബാധിച്ചുവെന്നും അതിന്റെ കെടുതികളില്‍നിന്നു നിവരാനായിട്ടില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. നല്ല പഴങ്ങളും നട്ട്സും കിട്ടുന്ന അംഗീകൃത സ്ഥാപനത്തില്‍ അയാള്‍ തോണിയടുപ്പിച്ചു. രുചി നോക്കാന്‍ കൈനിറയെ പഴങ്ങളും നട്ട്സും തരുന്ന കച്ചവടക്കാരന്‍. ഗുണമേന്മയുള്ള സാധനങ്ങളായിരുന്നു എല്ലാം. ന്യായമായ വിലയും. തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. തടാകം വെളിച്ചത്തില്‍ മുങ്ങിക്കിടന്നു. പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷമാണ് ശ്രീനഗറിന്. ഉറുദുവിലും അറബിയിലും മനോഹരമായ പ്രാര്‍ത്ഥനകള്‍ പ്രഭാതങ്ങളേയും സന്ധ്യകളേയും ഉണര്‍ത്തുന്നു.

സോനാമാര്‍ഗിലെ സുല്‍ത്താന്‍ 

രാവിലെ എന്‍.എച്ച് 1-ലൂടെ സോനമാര്‍ഗിലേക്ക്. ഷട്ട് ഡൗണ്‍ ഉള്ളതിനാല്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ റോഡ് അടച്ച് യാത്ര മുടങ്ങിയേക്കാം. വീതികുറഞ്ഞ റോഡുകളില്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ പലയിടത്തുമുണ്ട്. മലമ്പ്രദേശമായതിനാല്‍ സര്‍വ്വീസ് നടത്തുന്ന ബസുകളെല്ലാം ചെറിയതാണ്. ആഡംബരക്കാറുകളോ വ്യാപാരസമുച്ചയങ്ങളോ മാളുകളോ കാണാനായില്ല. ആശുപത്രികളും കുറവാണ്. സോനമാര്‍ഗിലേക്ക് ശ്രീനഗറില്‍നിന്ന് ഗണ്ഡേര്‍ബാല്‍ വഴി 80 കിലോമീറ്റര്‍ ദൂരമുണ്ട്. അഴകിന്റെ ഉത്സവങ്ങളാണെങ്ങും. ഇലയില്ലാതെ നിവര്‍ന്നുനില്‍ക്കുന്ന ഭൂര്‍ജവൃക്ഷങ്ങള്‍, ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കുന്ന വില്ലോ മരങ്ങള്‍. ബാറ്റ് നിര്‍മ്മാണക്കമ്പനികള്‍ റോഡരികില്‍ത്തന്നെയുണ്ട്. അട്ടിയട്ടിയായി ക്രിക്കറ്റ് ബാറ്റുകള്‍ അടുക്കിവച്ചിരിക്കുന്നു. മരം മുറിക്കല്‍ വല്ലാതെ നടക്കുന്നുണ്ടെന്നു വ്യക്തം. എങ്കിലും ധാരാളം വനപ്രദേശങ്ങളുണ്ട്. കാട്ടിലൊരിടത്ത് മരക്കൂട്ടങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബോര്‍ഡില്‍ എഴുതിയ വരികള്‍ മനസ്സിലുടക്കിക്കിടന്നു.
''ഒരു വിത്ത്  മുളയ്ക്കുന്നത് നിശ്ശബ്ദമായാണ്. പക്ഷേ, ഒരു മരം വീഴുന്നത് വലിയ ശബ്ദത്തോടെയാണെന്ന്  മറക്കാതിരിക്കുക.''

റോഡരികില്‍ ആപ്പിളും ചെസ്റ്റ് നട്ടും പിസ്തയും ചെറിബ്ലോസവും ചിനാറും പൂത്തുലഞ്ഞു കിടക്കുന്നു. വെളുപ്പും പിങ്കുമായ പൂക്കളുടെ ഉത്സവം. ആഗസ്ത്-സെപ്തംബര്‍ ആണ് വിളവെടുപ്പുകാലം. ഏറ്റവും ഗുണമേന്മയുള്ള അക്രൂട്ട് (വാള്‍നട്ട്) ആണ് കശ്മീരിലേത്. വാള്‍നട്ടും കുങ്കുമപ്പൂവും വില്‍ക്കുന്നവരെ എല്ലായിടത്തും കാണാം.

സോനാമാര്‍ഗിലേക്ക് തിരിയുന്നിടത്ത് ചൂടുള്ളൊരു ചായക്ക് കാത്തിരിക്കുമ്പോളാണ് സുല്‍ത്താന്‍ എന്ന വൃദ്ധനെ കണ്ടത്. എഴുപതിനുമേല്‍ പ്രായം വരും. വളരെച്ചെറിയൊരു കട നടത്തുന്നു. കടയുടെ മുന്‍പിലുള്ള  അഴുക്കും കരിയും പുരണ്ട മഞ്ഞുകൂമ്പാരത്തിലേക്ക് അത്ഭുതത്തോടെ നോക്കുന്നതു കണ്ടാവാം വൃദ്ധന്‍ പതിയെ പറഞ്ഞു:
''ബര്‍ഫി... കടയുടെ ഉമ്മറപ്പടി വരെ മഞ്ഞായിരുന്നു. കുറച്ചു ദിവസങ്ങളായിട്ടുള്ളൂ ഉരുകിയിട്ട്.''

നാമമാത്രമായ സാധനങ്ങള്‍ മാത്രമുള്ള ഒരു കൊച്ചുകട. ഇത്തവണ സഞ്ചാരികള്‍ കുറവാണ് എന്നു പറഞ്ഞു. പേരില്‍ മാത്രം സുല്‍ത്താനായ ആ വൃദ്ധന്റെ കടയില്‍നിന്നും കുറച്ചു ച്യൂയിംഗ് ഗം അല്ലാതെ മറ്റൊന്നും വാങ്ങാനില്ലായിരുന്നു. ഗം ചവക്കുന്ന ശീലമില്ലാഞ്ഞിട്ടും വാങ്ങാതെ പോരാന്‍ മനസ്സനുവദിച്ചതുമില്ല. ഏറെ തളര്‍ന്ന, പരീക്ഷീണിതമായ കണ്ണുകളിലെ നിസ്സഹായത വാര്‍ദ്ധക്യത്തിന്റേതു മാത്രമല്ല എന്നു തിരിച്ചറിയാനായി.
സ്നോ പോയിന്റിലേക്ക് ആളുകളെ കൊണ്ടുപോകാനായി ചെറുവാഹനങ്ങള്‍ വിലപേശിക്കൊണ്ട് നില്‍ക്കുന്നു. ഒരാള്‍ക്ക് 250 രൂപ മുതല്‍ റേറ്റ് പറയുന്നുണ്ടായിരുന്നു. കുന്നിന്‍ ചെരുവില്‍ വെയിലേറ്റു തിളങ്ങുന്ന മഞ്ഞുപാളികള്‍. നടക്കാന്‍ താല്പര്യമില്ലാത്തവരെ വലിച്ചു കൊണ്ടുപോകാന്‍ തയ്യാറായി സ്ലെഡ്ജുകളുമായി ചെറുപ്പക്കാരും വൃദ്ധരുമുണ്ട്. മരം കൊണ്ടുണ്ടാക്കിയ രണ്ടാള്‍ക്കിരിക്കാവുന്ന ചെറുപലകയാണ് സ്ലെഡ്ജ്. മഞ്ഞിലൂടെ നടന്നുകയറുമ്പോള്‍ സ്ലെഡ്ജ് വലിക്കുന്ന പയ്യന്മാര്‍ വന്നു കയറാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. കെട്ടിയുറപ്പിച്ച കയറില്‍ ആയാസത്തോടെ വലിച്ചുകയറ്റുന്നത് മനസ്സിനും ശരീരത്തിനും അത്ര സുഖപ്രദമായി തോന്നിയില്ല. കയറ്റം കഴിഞ്ഞ് ആ ചെറുപ്പക്കാര്‍ മഞ്ഞിലേക്കു കമിഴ്ന്നടിച്ചു വീണ് വിശ്രമിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. ശ്രമകരമായ പണിയാണല്ലോ എന്നു പറഞ്ഞപ്പോള്‍ അവര്‍ നിസ്സാരമാക്കി.
''ദൈവം തമ്പുരാന്‍ ഞങ്ങളുടെ തലയില്‍ വരച്ചത് ഇതാണ്. ബുദ്ധിമുട്ടു കണ്ട് വലിക്കേണ്ട എന്നു പറഞ്ഞാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും. മഞ്ഞുരുകിക്കഴിഞ്ഞാല്‍ ഈ പണി ചെയ്യാനാവില്ല. അതുകൊണ്ട് സന്തോഷത്തോടെ ചെയ്യുന്നു.''

ഇറക്കം പക്ഷേ, അതീവ രസകരമായിരുന്നു. മഞ്ഞിന്റെ ധവളിമയില്‍ തട്ടും തടവുമില്ലാതെ അനായാസം, അതിവേഗത്തില്‍ സ്ലെഡ്ജ് താഴേക്കു പോയി. ആമിര്‍, ഇമ്രാന്‍ എന്നു പേരുള്ള ആ യുവാക്കള്‍ പക്ഷേ, ചിരിക്കാന്‍ മറന്നുപോയിരുന്നു. നിരന്തരമായി മഞ്ഞും വെയിലുമേറ്റ് ചുവന്നിരുണ്ടിരുന്നു അവരുടെ മുഖങ്ങള്‍. കശ്മീരില്‍ ഉടനീളമുള്ള യാത്രയില്‍ കണ്ടവരെല്ലാം അവരെപ്പോലെയായിരുന്നു. വിഷാദമഗ്നരായ, ചിരിക്കാന്‍ മറന്നുപോയ മുഖങ്ങള്‍.

സിന്ധു നദിയുടെ ഓരത്താണ് സോനാമാര്‍ഗ്. ലഡാക്കിലൂടെ ഒഴുകിവരുന്ന സിന്ധുവിന്റെ തണുത്തു മരവിച്ച ഓളങ്ങളില്‍ ഒരു കശ്മീരി പെണ്‍കുട്ടി പാത്രം കഴുകുന്നു. തിരിച്ചുവരുമ്പോഴും അവള്‍ പാത്രങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കുന്നതു കണ്ടു. കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്‍ ബോംബിട്ട് നശിപ്പിക്കുകയും ഇന്ത്യ പുനര്‍നിര്‍മ്മിക്കുകയും ചെയ്ത സീറോ പോയന്റ് പാലത്തിനു മുകളില്‍ സഞ്ചാരികള്‍ ഫോട്ടോയെടുക്കുന്നുണ്ട്. തിരിച്ചുവരുമ്പോള്‍ ചായക്കടയുടെ ഉടമസ്ഥന്റെ വീട്ടില്‍ കയറി. ലജ്ജയോടെ മുഖം കുനിച്ചു സംസാരിക്കുന്ന സുന്ദരികളായ രണ്ട് കൊച്ചു പെണ്‍കുട്ടികള്‍. ഏഴാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്നു. വീടിനകത്ത് വെളിച്ചം കുറവായിരുന്നു. ഫര്‍ണിച്ചറോ ഗൃഹോപകരണങ്ങളോ ഒന്നുമില്ലാതെ മണ്ണ് അടിച്ചുറപ്പിച്ച തറ.
''ഞങ്ങള്‍ കുറച്ച് കാര്‍പ്പറ്റ് വില്‍പ്പനയൊക്കെ നടത്തുന്നുണ്ടിവിടെ.'' 
കുട്ടികളുടെ അമ്മ പറഞ്ഞു.

''ദരിദ്രരുടെ വീടുകള്‍ ഇങ്ങനെയൊക്കെയാണ്. കണ്ടോളു.''
കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ കൂട്ടിച്ചേര്‍ത്തു. മേളകളും മറ്റും ഉണ്ടാവുമ്പോള്‍ കാര്‍പ്പറ്റും ഷാളുകളുമായി അയാള്‍ കേരളത്തിലേക്ക് വരാറുണ്ട്... കേരളം എത്ര നല്ല പ്രദേശമാണ്. നല്ല സൗകര്യങ്ങള്‍. വിദ്യാഭ്യാസം, ജോലി, അയാള്‍ ആവേശത്തോടെ പറയുന്നുണ്ടായിരുന്നു. അടുക്കളയില്‍ കുറച്ചു പാത്രങ്ങള്‍ വൃത്തിയായി അടുക്കിയിട്ടുണ്ട്. വിശേഷാവസരങ്ങളിലല്ലാതെ അടുക്കളകളില്‍ പാചകവും കുറവാണെന്നു പിന്നീടറിഞ്ഞു.

കശ്മീരി റൊട്ടിയാണ് സാധാരണ ഭക്ഷണം. പലതരത്തിലുള്ള റൊട്ടികള്‍ എല്ലായിടത്തും ധാരാളമായി വില്‍പ്പനയ്ക്കു വെച്ചിട്ടുണ്ട്. ഖന്തൂര്‍ എന്നറിയപ്പെടുന്ന ബേക്കിംഗ് കുടുംബങ്ങള്‍ എല്ലാവര്‍ക്കും വേണ്ട റൊട്ടിയുണ്ടാക്കുന്നു. കാലികളെ മേയ്ക്കലും നെയ്ത്തും കരിയുണ്ടാക്കലും കൃഷിത്തോട്ടങ്ങളിലെ പണിയും ചെയ്യുന്ന സ്ത്രീകള്‍ക്ക് ആയാസം കുറയട്ടെ എന്നതാവാം അടുക്കളജോലിയുടെ ഭാരമൊഴിവാകാന്‍ കാരണം.

കരിങ്കല്ലും ഇഷ്ടികയും പടുത്തുണ്ടാക്കിയ വീടിന്റെ മേല്‍ക്കൂരകള്‍ തണുപ്പിനേയും മഞ്ഞുവീഴ്ചയേയും പ്രതിരോധിക്കാനായി തകരഷീറ്റുകള്‍ പാകിയിരിക്കുന്നു. തട്ടിന്‍പുറം ഒഴിച്ചിട്ടിരിക്കുകയാണ്. കാലികള്‍ക്കുള്ള പുല്ലും വൈക്കോലും സൂക്ഷിക്കുന്നതിവിടെയാണ്. ചിലയിടത്ത് തൊഴുത്തായും തട്ടിന്‍പുറം ഉപയോഗിക്കുന്നതു കണ്ടു. കെട്ടിടങ്ങള്‍ ഭൂരിഭാഗവും ഇഷ്ടികയോ കല്ലോ പടുത്തുകെട്ടിയവയാണ്. സിമന്റ് പൂശിയിട്ടേയില്ല. ജീര്‍ണ്ണിച്ചതുപോലെ തോന്നുന്ന ആ കെട്ടിടങ്ങള്‍ നഷ്ടപ്പെട്ട പ്രതാപകാലങ്ങളെ ഓര്‍മ്മിപ്പിച്ചു.

പൊതു ടോയ്ലറ്റുകള്‍ കുറവും വൃത്തിഹീനവുമായിരുന്നു. വഴിയരികിലെ ഒരു വീട്ടിലെ ടോയ്ലറ്റ് സൗകര്യം ഉപയോഗപ്പെടുത്തേണ്ടിവന്നു. വഴിയരികില്‍ നില്‍ക്കുമ്പോള്‍ ആപ്പിള്‍ക്കവിളുകളുള്ള കൊച്ചുകുഞ്ഞുങ്ങള്‍ മുത്തച്ഛന്റെ കയ്യും പിടിച്ചടുത്തുവന്നു. അപരിചിതര്‍ കൊടുക്കുന്ന മിഠായി വാങ്ങരുതെന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നവരാണ് നമ്മള്‍. പക്ഷേ, ഇവിടെ സ്‌നേഹപൂര്‍വ്വം  ചൂയിംഗ്ഗം വാങ്ങാന്‍ പേരക്കുട്ടികളോട് നിര്‍ദ്ദേശിക്കുന്ന മുത്തച്ഛന്‍. കശ്മീരിന്റെ നന്മനിറഞ്ഞ മുഖങ്ങളിലൊന്ന്. രണ്ടുമൂന്നു വയസ്സേ ഉള്ളൂവെങ്കിലും കുതിരയെ തനിച്ചു നടത്തിക്കൊണ്ടു പോവുകയും പുറത്ത് അള്ളിപ്പിടിച്ചു കയറുകയും ചെയ്യുന്നുണ്ട് കുഞ്ഞ്. അതിജീവനത്തിന്റെ പാഠങ്ങള്‍ ചെറുപ്പം മുതലേ അഭ്യസിക്കുന്ന ഗ്രാമനിവാസികളാണവര്‍.

ദില്ലിയില്‍ വേരുപിടിക്കാത്ത കശ്മീര്‍ മരങ്ങള്‍ 

തിരിച്ചു ഹോട്ടലില്‍ എത്തിയപ്പോള്‍ വെയില്‍ അസ്തമിക്കുന്നതേയുള്ളൂ. തടാകക്കരയിലൂടെ തനിച്ചു നടക്കുമ്പോള്‍ ശ്രീനഗറിനെ ഭയന്നിരുന്ന നാളുകള്‍ ഓര്‍മ്മവന്നു. ചില ഷിക്കാരകളില്‍ കശ്മീരി കഹ്വ വില്‍ക്കുന്നുണ്ട്. കുങ്കുമപ്പൂവും ബദാമും ഏലക്കയും ഗ്രീന്‍ ടീയും ചേര്‍ത്ത് പ്രത്യേകതരം സമോവറില്‍ ഉണ്ടാക്കുന്ന ഇളംമഞ്ഞ നിറമുള്ള കശ്മീരി കഹ്വ പ്രസിദ്ധമാണ്. തണുപ്പില്‍ ഇളം ചൂടുള്ള കഹ്വ കഴിച്ചപ്പോള്‍ ഉണര്‍വ്വു തോന്നി. തടാകക്കരയില്‍ ചിനാര്‍മരങ്ങള്‍ സംരക്ഷിച്ചു വളര്‍ത്തുന്നുണ്ട്. മൂന്നു കാലാവസ്ഥകളില്‍ പച്ചയും തവിട്ടും സ്വര്‍ണ്ണവുമായി ഇലകളുടെ നിറം മാറുന്ന ചിനാര്‍ കശ്മീരിന്റെ അഭിമാന വൃക്ഷമാണ്. ചിനാറിന്റെ ഇലകള്‍ കാമറയില്‍ പകര്‍ത്തുന്നതു കണ്ട്  ഷിക്കാര തുഴയുന്ന  ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു.


ഇതാണ് ചിനാര്‍. കശ്മീരിന്റെ സ്വന്തം വൃക്ഷം. നമ്മുടെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ കൊണ്ടുപോയി വളര്‍ത്താന്‍ നോക്കി, പക്ഷേ, കരിഞ്ഞുണങ്ങിപ്പോയി. കശ്മീരിന്റെ വൃക്ഷങ്ങള്‍ക്കു ഡല്‍ഹിയിലെ ചൂട് പിടിക്കില്ല. അതിന് അവിടെ വേരിറങ്ങില്ല.
ഗുല്‍സാര്‍ എന്നു പരിചയപ്പെടുത്തിയ അയാളുടെ വാക്കുകളില്‍ പരിഹാസവും പുച്ഛവുമുണ്ടായിരുന്നു.

കേരളത്തില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കു സന്തോഷം. രാഹുല്‍ ഗാന്ധി ജയിക്കില്ലേ എന്നായി. ഇലക്ഷന് എന്താണ് നിങ്ങളുടെ പ്രതീക്ഷ എന്ന ചോദ്യത്തിനു മറുപടി നിരാശയോ അവജ്ഞയോ നിറഞ്ഞ ചിരിതന്നെ.
കശ്മീരികള്‍ക്ക് എന്തു തെരഞ്ഞെടുപ്പ്. വാഗ്ദാനങ്ങള്‍ വരും. ഒന്നും പാലിക്കപ്പെടാറില്ല. ഇത്തവണയും കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല.
ആസാദ് കശ്മീരിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നു കൂടി ചോദിക്കാതിരിക്കാനായില്ല.
എന്തിനാണ് സ്വന്തമായൊരു കശ്മീര്‍. അതവസാനം പാക്കിസ്താനും ബംഗ്ലാദേശുമായി മാറും. ഇന്ത്യയുടെ ഭാഗമല്ലേ നമ്മളെല്ലാം.
തികഞ്ഞ രാഷ്ട്രീയബോധമുള്ളവരാണ് എല്ലാവരുമെന്നു തോന്നി. ഒരുപക്ഷേ, നിരന്തരമായി നടക്കുന്ന അനീതികളും അന്യായങ്ങളും കണ്ട് ജനങ്ങള്‍ ജാഗ്രതയുള്ളവരായി മാറിയതുമാവാം.
പുല്‍വാമ സംഭവത്തിനുശേഷം സഞ്ചാരികള്‍ വരാന്‍ മടിക്കുന്നു എന്ന് ഗുല്‍സാറും പറയുകയുണ്ടായി.

''മാധ്യമങ്ങള്‍ പറയുന്നപോലെ പ്രശ്‌നമൊന്നുമില്ല. പുല്‍വാമയും രാഷ്ട്രീയമാണ്. എല്ലാ ദിവസവും യുവാക്കള്‍ അറസ്റ്റിലാവുന്നു. ചിലപ്പോള്‍ കൊല്ലപ്പെടുന്നു. യാഥാര്‍ത്ഥ്യം ഇവിടുത്തുകാര്‍ക്കേ അറിയൂ. മാധ്യമങ്ങള്‍ ധാരാളമായി കള്ളക്കഥ പരത്തുന്നുണ്ട്. ഇവിടെ തനിച്ചിങ്ങനെ നടക്കാന്‍ നിങ്ങള്‍ക്കു ഭയം തോന്നുന്നുണ്ടോ. വരുന്നവരെങ്കിലും തിരിച്ചറിയട്ടെ ഈ നാടിന്റെ അവസ്ഥ.''

പാപ എന്നു പേരുള്ള ക്യാമ്പിനെക്കുറിച്ചാണ് പെട്ടെന്നോര്‍മ്മ വന്നത്. നിരപരാധികളായ കശ്മീരിയുവാക്കള്‍ എത്രയോ പേരാണ് ആരുമറിയാതെ പാപയില്‍ തടവില്‍ കിടക്കുന്നത്. ആണ്‍മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളി നിറഞ്ഞ ഒരു ഡോക്യുമെന്ററിയും ആ ക്യാമ്പിനെക്കുറിച്ചുണ്ട്. ഭരണകൂട ഭീകരതയുടെ ഭയപ്പെടുത്തുന്ന ചില സത്യങ്ങള്‍.
തണുപ്പും ഇരുട്ടും കൂടിവരുന്നതിനാല്‍ ഗുല്‍സാറിനോട് യാത്ര പറഞ്ഞു. കഴിയുമെങ്കില്‍ ഇനിയും കാണാം എന്നു പറഞ്ഞെങ്കിലും പിന്നീട് തടാകക്കരയില്‍ പോയപ്പോഴൊന്നും അയാളെയോ അയാളുടെ ചെറുവള്ളത്തെയോ കാണാനായില്ല. സഞ്ചാരികള്‍ക്കൊപ്പം തടാകത്തിലായിരുന്നിരിക്കണം. കൗതുകമുള്ള പേരുകളാണ് ഷിക്കാരകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും. എച്ച്.ബി ലളിത, നീലം, പാരിസ്പഗുമ, സോളമന്‍ ആന്റ് ഷീബ... ഹൗസ് ബോട്ടുകള്‍ക്കു പിന്നില്‍ കരയില്‍ വീടുകളുണ്ട്. അതിലെ താമസക്കാരായ സ്ത്രീകളും കുട്ടികളും പ്രഭാതങ്ങളില്‍ തനിയെ വള്ളം തുഴഞ്ഞ് വരുന്നതു കാണാം. മിക്കവരും റൊട്ടി വാങ്ങി തിരിച്ചുപോകുന്നതും കാണാറുണ്ട്.

ഗുല്‍മാര്‍ഗിലെ മഞ്ഞുവണ്ടികള്‍ 

52 കിലോമീറ്റര്‍ ദൂരത്തുള്ള ഗുല്‍മാര്‍ഗാണ് അടുത്ത ലക്ഷ്യം. സമുദ്രനിരപ്പില്‍നിന്ന് 8694 അടി ഉയരത്തിലുള്ള മഞ്ഞുപാടം.
ഹിമാലയത്തിന്റെ പിര്‍ പഞ്ചാല്‍ നിരകളിലാണ് ഗുല്‍മാര്‍ഗ്. രാജ്യസുരക്ഷയില്‍ നിര്‍ണ്ണായകമായ ലൈന്‍ ഓഫ് കണ്‍ട്രോള്‍ ഇവിടെനിന്ന് 79 മൈല്‍ ദൂരം മാത്രം. ഷട്ട് ഡൗണ്‍ ഭയന്നു വളരെ നേരത്തെയിറങ്ങി. ഭാരമുള്ള ജില്ലയിലാണ് പൂക്കളുടെ പാത എന്നറിയപ്പെടുന്ന ഗുല്‍മാര്‍ഗ്. ഗൗരിമാര്‍ഗിനെ മുഗള്‍ രാജാക്കന്മാര്‍ പേരുമാറ്റിയതാണ്. പഴയ ഹിന്ദി സിനിമകളില്‍ ധാരാളം കണ്ടു പരിചയിച്ച സ്ഥലം.

''സ്വിറ്റ്സര്‍ലന്റിന്റെ പിതാവാണ് ഗുല്‍മാര്‍ഗ്. സ്വിസ്സിനേക്കാള്‍ മനോഹരം.'' ഗൈഡ് ആവേശത്തോടെ പറഞ്ഞു. ''നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്, കാരണം ഇന്നു സൂര്യവെളിച്ചം നിറയെയുണ്ട്.''
വേനലില്‍ നാല്‍പ്പതിലധികം പൂക്കള്‍കൊണ്ട് സമ്പന്നമാവും ഗുല്‍മാര്‍ഗ്.
എവിടെയും സ്വപ്നതുല്യമായ കാഴ്ചകളായിരുന്നു. പൈന്‍മരങ്ങളുടെ ചുവടുകളില്‍ മഞ്ഞിന്റെ വെളുത്ത കമ്പളം പടര്‍ന്നു കിടക്കുന്നു.
വാഹനമിറങ്ങുന്നിടത്ത് തണുപ്പു വസ്ത്രങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുന്നു. ഇവിടെയും ടോയ്ലറ്റ് സൗകര്യം വളരെ മോശമായിരുന്നു. വെള്ളമില്ല, തകര്‍ന്നു കിടക്കുന്ന ക്ലോസറ്റുകളും. ഉപയോഗിക്കാനാവാത്തവിധം പരിതാപകരമായിരുന്നു എല്ലാം. എന്നാല്‍, പൈസ വാങ്ങാന്‍ ആളിരിക്കുന്നുമുണ്ട്. പരാതി പറഞ്ഞപ്പോള്‍ അയാള്‍ വെള്ളമില്ലാഞ്ഞിട്ടാണ് എന്നു പറഞ്ഞു.
തണുപ്പു വസ്ത്രങ്ങള്‍ വാടകക്കെടുക്കാന്‍ കിട്ടും. 250 രൂപയാണ് വസ്ത്രത്തിനും ബൂട്ടിനുമടക്കം വാടക.
സോനമാര്‍ഗ് പോലെ, കയറ്റമല്ല ഗുല്‍മാര്‍ഗ് അധികവും മഞ്ഞുപാടമാണ്... സ്ലെഡ്ജിംഗും സ്‌കീയിങ്ങും നടത്തുന്നവര്‍ ധാരാളം.
ആള്‍ക്കൂട്ട ബഹളമില്ലാത്ത സ്ഥലങ്ങളിലൂടെ കിലോമീറ്ററുകളോളം നടന്നു. എല്ലായിടത്തും മഞ്ഞുമാത്രം. ശിവക്ഷേത്രത്തിലേക്കുള്ള പടവുകള്‍ ഇടിഞ്ഞുകിടപ്പാണ്. ബം ബം ബോലേ എന്നു ചുവന്ന അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. വിരല്‍ തൊട്ടപ്പോള്‍ മഞ്ഞിന്റെ ഏകാന്തതയില്‍ പൗരാണികമായ ഓട്ടുമണിയുടെ ശബ്ദം പ്രതിദ്ധ്വനിച്ചു. 1902-ല്‍ ബ്രിട്ടീഷുകാര്‍ പണിത സെന്റ് മേരീസ് ചര്‍ച്ച് മുകള്‍ഭാഗമൊഴികെ മഞ്ഞില്‍പ്പുതഞ്ഞു കിടപ്പാണ്. ക്രിസ്മസ് കാലത്ത് വിദേശികള്‍ വരുമെന്നും ചര്‍ച്ചിനു മുന്‍പിലെ ക്രിസ്മസ് മരം അലങ്കരിച്ച് പള്ളിയില്‍ കുര്‍ബ്ബാന കൂടുമെന്നും സ്ലെഡജ് വലിക്കുന്നത്, ബാരമുള്ളക്കാരന്‍ ബിലാല്‍ അഹമ്മദ് പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുണ്ടയാള്‍ക്ക്. ഇത്തവണ പ്രതീക്ഷിച്ചത്ര സഞ്ചാരികളില്ല എന്ന നിരാശ ബിലാലും പങ്കുവെച്ചു.

ക്രിസ്മസ് കാലത്ത് മഞ്ഞുമാന്‍ വലിക്കുന്ന സ്ലെഡ്ജില്‍ സാന്റാക്ലോസും വരുന്നുണ്ടാവുമെന്ന് തോന്നാതിരുന്നില്ല ആ അന്തരീക്ഷം കണ്ടപ്പോള്‍. ശീതക്കാറ്റില്ലായിരുന്നു. എങ്കിലും പൊള്ളിക്കുന്ന വെയില്‍. അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിക്കുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ വെയിലിന്റെ തീക്ഷ്ണത കൂടും. സണ്‍ ബേണ്‍ വന്നു തൊലി വികൃതവുമാവും. സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാതിരുന്നാല്‍ മുഖം പൊള്ളിയടരും. കണ്ണുകളും കൂളിംഗ് ഗ്ലാസ്സ് കൊണ്ട്  സംരക്ഷിക്കേണ്ടതുണ്ട്.

ഇലപൊഴിഞ്ഞ വൃക്ഷങ്ങളും തെന്നുവണ്ടികളും നിറഞ്ഞ ഗുല്‍മാര്‍ഗ് പ്രകൃതി വരച്ചിട്ട ഒരു മനോഹരചിത്രം തന്നെ. നാലഞ്ചു മണിക്കൂര്‍ നടന്നിട്ടും മഞ്ഞില്‍ക്കിടന്നുരുണ്ടിട്ടും മതിവരാത്തപോലെ. പൈന്‍മരങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന പ്രദേശത്ത്  ധാരാളം കോട്ടേജുകള്‍ കണ്ടു. ബോബി ഫിലിം ഷൂട്ട് ചെയ്ത കോട്ടേജ് നിലനിര്‍ത്തിയിട്ടുണ്ട്. ഗൊണ്ടോല എന്ന കേബിള്‍കാര്‍ ആണ് ഗുല്‍മാര്‍ഗിന്റെ ആകര്‍ഷണീയത. ഏറെ ഉയരത്തില്‍ മഞ്ഞുപാളികള്‍ക്കു മുകളിലൂടെ പോകുന്ന കേബിള്‍കാര്‍ ലോകത്തിലെ തന്നെ ഉയരം കൂടിയ കേബിള്‍കാര്‍ ആണ്.

ഇടയന്മാരുടെ ഗ്രാമം  

കശ്മീരിന്റെ ഗ്രാമഭംഗി മുഴുവനായി കാണാന്‍ കഴിയുക പഹല്‍ഗാമിലാണ്. അനന്ത്നാഗ് ജില്ലയില്‍ ലിഡ്ഡര്‍ നദിക്കരയിലാണ് ആട്ടിടയന്മാരുടെ ഗ്രാമമായ പഹല്‍ഗാം. ശ്രീനഗറില്‍നിന്ന് 92 കിലോമീറ്റര്‍ ദൂരത്തു കിടക്കുന്ന പഹല്‍ഗാമിലേക്കുള്ള റോഡിന് ഇരുവശത്തും കൃഷിസ്ഥലങ്ങളാണ്. പച്ചയും കടും മഞ്ഞയും നിറത്തില്‍ കണ്ണെത്താദൂരത്തോളം കടുകുപാടങ്ങള്‍. പൂത്തുതുടങ്ങുന്ന കുങ്കുമപ്പാടങ്ങള്‍. പുല്ലിലും കാട്ടുചെടികളിലും വിടര്‍ന്നുല്ലസിക്കുന്ന അനേകം പൂവുകള്‍. പിങ്ക് നിറമുള്ള കാട്ടു ട്യൂലിപ്പുകളുടെ വശ്യസൗന്ദര്യം. അവന്തിപ്പുരയും പാംപോറും പുല്‍വാമയുമെല്ലാം പോകുന്ന വഴിയിലാണ്. സൈനികര്‍ കൊല്ലപ്പെട്ട സ്ഥലം ഗൈഡ് കാണിച്ചു തന്നു. വലിയ ഒരു ദുരന്തം നടന്നതിന്റെ ലക്ഷണമൊന്നുമില്ല. റോഡിന്റെ ഒരു ഭാഗത്ത് കരിയടയാളങ്ങള്‍. എല്ലാം ആസൂത്രിതമായ രാഷ്ട്രീയക്കളി മാത്രമാണെന്നു ദൃക്സാക്ഷിയായ ചെറുപ്പക്കാരന്‍ ആവര്‍ത്തിച്ചു. ചെറുപ്പക്കാരെ മുഴുവന്‍ ഭീകരവാദികളെന്നു മുദ്രകുത്തി, ജോലികളില്‍നിന്നും മാറ്റിനിര്‍ത്തി, സഞ്ചാരികളേയും ഭയപ്പെടുത്തി ഞങ്ങളെ നശിപ്പിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാണെന്ന് പലരും പറഞ്ഞുകേട്ടിരുന്നു. അഭ്യസ്തവിദ്യരായ ആരോഗ്യമുള്ള യുവാക്കള്‍ ചില്ലറ ജോലികള്‍ ചെയ്താണ് ഉപജീവനം കഴിക്കുന്നത്. അതിനിടയില്‍ നോട്ട് നിരോധനം കൂടി വന്നതോടെ അവസ്ഥ മോശമായി. തണുപ്പു കുപ്പായങ്ങളും കരകൗശലവസ്തുക്കളുമായി എല്ലാ ദിവസവും അതിരാവിലെത്തന്നെ ഹോട്ടലിന്റെ മുന്‍വശത്ത് കൂടുന്ന കച്ചവടക്കാര്‍. അവരില്‍ യുവാക്കളും വൃദ്ധരുമുണ്ട്. ഭംഗിയുള്ള ചിത്രപ്പണി ചെയ്ത മണികളുമായി വരുന്ന യുവാവ് പറഞ്ഞിരുന്നു, ജോലിയൊന്നും കിട്ടാത്തതിനാല്‍ സ്വയം ചിത്രപ്പണി ചെയ്ത് ഇത്തരം കരകൗശലവസ്തുക്കള്‍ വില്‍ക്കുകയാണ്. യുവാക്കള്‍ക്ക്  തൊഴിലില്ലാത്തതിനാല്‍ വൃദ്ധന്മാരും ജോലി ചെയ്‌തേ പറ്റു എന്നതാണ് സത്യം. കശ്മീരിന്റെ ദയനീയമായ മുഖം നിരാശയുടേതും വിഷാദത്തിന്റേതുമാണ്. ആരുടെയൊക്കെയോ തെറ്റിനു ശിക്ഷ അനുഭവിക്കുന്ന യുവത. സ്ത്രീകള്‍ വീട്ടിലിരുന്ന് ക്രോഷെ വര്‍ക്കു ചെയ്തുണ്ടാക്കുന്ന തൊപ്പികളും ബാഗുകളും എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങളും ടൂറിസ്റ്റുകള്‍ക്ക് വില്‍പ്പന നടത്തുകയാണ് ഭൂരിഭാഗം പേരും.

അതിമനോഹരമായിരുന്നു പഹല്‍ഗാം. ദുര്‍ഘടമായ പാതയിലൂടെ കുതിരപ്പുറത്തു രണ്ടു മണിക്കൂര്‍ പോയാലേ വ്യൂപോയിന്റില്‍ എത്തൂ. സഞ്ചാരികളെ കണ്ടതോടെ കുതിരക്കാര്‍ ചുറ്റും കൂടി. മൂന്നാലു ദിവസമായി സഞ്ചാരികളില്ലായിരുന്നുവെന്നതിനാല്‍ അവരെല്ലാവരും കൂടി പിടിവലി കൂടുകതന്നെയായിരുന്നു. 2000 രൂപയില്‍ തുടങ്ങി ഒടുവില്‍ 700 രൂപയ്ക്ക കുതിരയെ കിട്ടി. കൂടെ അഷ്റഫ് എന്ന കുതിരക്കാരനും. കുറച്ചു കുസൃതിയെങ്കിലും ദില്‍ഭര്‍ എന്ന കുതിരക്കുട്ടി കുഴപ്പക്കാരനല്ലായിരുന്നു. യാത്ര തുടങ്ങി പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍ത്തന്നെ മനസ്സിലായി പോകാന്‍ വഴിയൊന്നുമില്ലെന്ന്. ഉരുളന്‍ കല്ലുകളും മഞ്ഞുരുകി വരുന്ന വെള്ളവും പൊടിമണ്ണും കുഴഞ്ഞ് ആകെ ചെളിമയം. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പാണ് പഹല്‍ഗാം. ബാബ അമര്‍നാഥില്‍ നിന്നുവരുന്ന ലിഡ്ഡര്‍ നദിയുടെ ഓരത്താണ് ഇടയഗ്രാമം. കുതിര ഇടയ്ക്ക് തീറ്റ തേടി കുന്നിന്‍ ചെരിവിലേക്ക് തലനീട്ടുമ്പോള്‍ ഭയം തോന്നും. ആഴമേറിയ താഴ്വരയും കുതിച്ചൊഴുകുന്ന നദിയും. താഴെ വീണാല്‍ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. സഞ്ചാരികളുടെ കൂട്ടം എതിരെ വരുമ്പോള്‍ കുതിരകള്‍ തോന്നിയ പോലെ മാറിനില്‍ക്കും. ഒടുവില്‍ മുകളിലെത്തി. നിരവധി സിനിമകളില്‍, കലണ്ടറുകളില്‍ കണ്ടു പരിചയിച്ച മനോഹരമായ ദൃശ്യഭംഗി. നൂഡില്‍സും ചായയും ഓംലറ്റുമെല്ലാം കനത്ത വിലയില്‍ വില്‍ക്കുന്നുണ്ട്. കശ്മീരി വസ്ത്രമിട്ട് ഫോട്ടോയെടുക്കുന്നവരും. ഹിമാലയന്‍ മുയലുകളെ ഓമനിക്കാന്‍ തരുന്നവരുമുണ്ട്. ഒരുപാടു നേരം നില്‍ക്കാന്‍ പറ്റിയില്ല, അപ്പോഴേക്കും കുതിരക്കാരന്‍ വിളിച്ചു. ഇനി രണ്ടു മണിക്കൂര്‍ തിരിച്ചും യാത്രയുണ്ട്. സുരക്ഷിതമായി എത്തിച്ചാലേ അയാള്‍ക്ക് പോകാന്‍ പറ്റൂ. അയാളുടെ മാലിക്കിനു നാലുകുതിരകള്‍ ഉണ്ട്. സഞ്ചാരികള്‍ വരുന്നതിനനുസരിച്ച്  ദിവസം പല പ്രാവശ്യം സവാരിയുണ്ടാവും. ഒരു റൈഡിന് 200 രൂപയാണ് കൂലി. കുതിര ക്ഷീണിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ അഷ്റഫ് മുഖം താഴ്ത്തി. പിന്നെയാണോര്‍ത്തത് കുതിരക്കൊപ്പം ദുര്‍ഘടമായ വഴിയിലൂടെ ഇത്രദൂരം നടക്കുന്ന അയാളുടെ അവസ്ഥ എന്താവും. യാത്ര പറഞ്ഞ് ബക്ഷീസ് കൊടുത്തപ്പോള്‍ അയാള്‍ സങ്കോചത്തോടെ ചിരിച്ചു. കുതിരസവാരി കഴിഞ്ഞപ്പോഴേക്കും തല മുതല്‍ കാല്‍പ്പാദം വരെ ചെളിമയം. ലിഡ്ഡര്‍ നദിയിലിറങ്ങി കുറേ സമയമെടുത്ത് വൃത്തിയാക്കിയിട്ടാണ് ഭക്ഷണം കഴിക്കാന്‍ പോയത്.

സൗന്ദര്യലഹരിയുടെ നിറവില്‍ 

ശ്രീനഗറും പരിസരപ്രദേശങ്ങളുമാണ് ഇനി കാണാനുള്ളത്. ഹസ്രത് ബാല്‍ മസ്ജിദിലും നിഷാത് ഗാര്‍ഡനിലും ഷോപ്പിംഗ് താല്പര്യമുള്ളവര്‍ക്ക് ലാല്‍ ചൗക്കിലും ഒക്കെ കറങ്ങാം.  ശങ്കരാചാര്യരുടെ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. സബര്‍വാന്‍ മലകള്‍ക്കു മുകളിലാണ് ഈ ക്ഷേത്രം. ശങ്കരാചാര്യര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും ധ്യാനമനുഷ്ഠിക്കുകയും ചെയ്തതോടെയാണ് ആദി ശങ്കരാചാര്യരുടെ ക്ഷേത്രമെന്ന പേരില്‍ ഇത് അറിയപ്പെടാന്‍ തുടങ്ങിയത്. സൗന്ദര്യലഹരി പിറവിയെടുത്തത് ഇവിടെയാണെന്ന് പറയപ്പെടുന്നു. കൂറ്റന്‍ പാറക്കല്ലില്‍ പണിതതാണ് ക്ഷേത്രവും പടവുകളും. 243 പടവുകള്‍ കയറിയാല്‍ ക്ഷേത്രത്തിലെത്താം. പിന്നെയും 10 പടവുകള്‍ കയറണം ശിവപ്രതിഷ്ഠയുടെ അടുത്തെത്താന്‍. സിന്ദൂരവും കല്‍ക്കണ്ടവും പ്രസാദമായിത്തന്ന പൂജാരി കേരളത്തില്‍നിന്നാണോ വരുന്നതെന്നു ചോദിച്ചു. പ്രതിഷ്ഠയുടെ കീഴിലായാണ് ശങ്കരാചാര്യര്‍ തപസ്സു ചെയ്ത ഗുഹ. പാറക്കല്ലിന്റെ പൗരാണികതയും തണുപ്പും ഉള്‍ക്കൊണ്ട് നിശ്ശബ്ദമായി കുറച്ചിട ഏകാന്തമായിരിക്കാം. ക്ഷേത്രത്തിന്റെ മുകളില്‍ നിന്നാല്‍ ശ്രീനഗര്‍ മുഴുവന്‍ കാണാം. ദാല്‍ തടാകം വിസ്തൃതമായി കിടക്കുന്നത് അവര്‍ണ്ണനീയമായ കാഴ്ച തന്നെ. ഗൗരീ കുണ്ഢ് എന്ന പേരില്‍ ചെറിയൊരു കുളമുണ്ട്, പാര്‍വ്വതീദേവി കുളിക്കാന്‍ വന്നിരുന്നതാവാം. വെള്ളമൊന്നുമില്ല ഇപ്പോള്‍. ആരോ കാണിക്കയായര്‍പ്പിച്ച നാണയങ്ങള്‍ നിലത്തുകിടക്കുന്നു. പാറവിളുമ്പുകളില്‍ ഓറഞ്ച് നിറമുള്ള കാട്ടു പോപ്പിച്ചെടികള്‍ പൂവിടര്‍ത്തി നില്‍ക്കുന്നു. വലിയൊരു ചീനാര്‍മരം ക്ഷേത്രത്തിനു മീതെ പടര്‍ന്നു വളരുന്നുണ്ട്. പട്ടാളത്തിന്റെ നിരീക്ഷണ ബങ്കര്‍ ഇവിടെയും കാണാം. അതിനുള്ളില്‍ നിന്നു നോക്കുമ്പോള്‍ കുറേ താഴെയായി ഹെലികോപ്റ്റര്‍ പറക്കുന്നുണ്ടായിരുന്നു. ബി.എസ്.എഫ് ജവാന്മാരുടെ നിയന്ത്രണത്തിലാണ് ക്ഷേത്രം. സുരക്ഷയെ കരുതി ക്യാമറ, മൊബൈല്‍, ബാഗ് ഒന്നും അനുവദനീയമല്ല.

ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ചഷ്മ ശാഹി എന്ന രാജകീയ ഉറവയും ചുറ്റുമുള്ള പൂന്തോപ്പും ഇവിടെനിന്ന് അധികം ദൂരെയല്ല. ഉറവയിലെ ജലം പല അസുഖങ്ങള്‍ക്കും ഔഷധമാണെന്ന വിശ്വാസം ഉള്ളതിനാല്‍ ആളുകള്‍ വെള്ളം ശേഖരിച്ചു കൊണ്ടുപോവുന്നുണ്ട്. എന്തുതന്നെയായാലും നല്ല രുചിയുള്ള തെളിഞ്ഞ വെള്ളമാണ് ചഷ്മ ശാഹിയിലേത്. കാറ്റ് തൊടുമ്പോഴേക്കും ആയിരമായിരം വെളുത്ത പൂക്കള്‍ വീഴ്ത്തുന്ന പേരറിയാമരങ്ങള്‍ ചഷ്മാ ശാഹിയെ അലങ്കരിച്ചു.

ഉദ്യാനങ്ങളുടെ നഗരമാണ് ശ്രീട്യൂലിനഗര്‍. വിസ്തൃതിയേറിയ നിരവധി പൂന്തോപ്പുകള്‍, ഷാലിമാര്‍ ഗാര്‍ഡന്‍. നിഷാത് ബാഗ്, ട്യൂലിപ്പ് ഗാര്‍ഡന്‍ -എല്ലാം വര്‍ണ്ണങ്ങളുടെ ഉത്സവം. ട്യൂലിപ്പ് ഗാര്‍ഡന്‍ ഏപ്രില്‍ മാസം മാത്രമേ തുറന്നുവെയ്ക്കൂ.

ദാല്‍ ലേക്കില്‍ വച്ച് ഗുല്‍സാര്‍ പറഞ്ഞിരുന്നു ട്യൂലിപ്പ് ഗാര്‍ഡന്‍ കാണാന്‍ രാവിലെ പോകണം എന്ന്. രാവിലെത്തന്നെ എത്തി. വര്‍ണ്ണങ്ങളുടെ പരവതാനി വിരിച്ചതുപോലെ. കണ്ടിട്ടു തീരാത്തത്ര വര്‍ണ്ണങ്ങളില്‍ പല വലുപ്പത്തില്‍ ട്യൂലിപ്പുകള്‍ പൂത്തുലഞ്ഞു കിടക്കുന്നു. ഉദ്യാനത്തില്‍ കുറേ സമയം ചുറ്റിക്കറങ്ങി. കണ്ണും മനസ്സും നിറഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു വൃദ്ധന്‍ അടുത്തേക്കു വന്ന് ഇത്ര വേഗം ഇറങ്ങിയതെന്തേ എന്നു ചോദിക്കുകയുണ്ടായി. ഓരോ കശ്മീരിയും അവരുടെ നാടിന്റെ സൗന്ദര്യത്തെ, കാഴ്ചകളെ അത്രയും സ്‌നേഹത്തോടെ, അഭിമാനത്തോടെയാണ് നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നത്. ട്യൂലിപ്പ് ഗാര്‍ഡനിലേക്കു കയറും മുന്‍പുള്ള ദേഹപരിശോധനക്കിടെ എവിടെനിന്നു വരുന്നുവെന്നു ചോദിച്ച പൊലീസ് സുന്ദരി. കേരളം എന്നു പറഞ്ഞപ്പോള്‍ തോളില്‍ തട്ടി, കശ്മീര്‍ ഇഷ്ടമായോ എന്നും ട്യൂലിപ്പുകളെ ആസ്വദിച്ചു വരൂ എന്നും പറഞ്ഞ് മനോഹരമായി പുഞ്ചിരിച്ചു. ട്യൂലിപ്പ് സീസണില്‍ ഇവിടെ പരമ്പരാഗതമായ കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നു. കശ്മീരിന്റെ സൗന്ദര്യം രേഖപ്പെടുത്തിയ ടി ഷര്‍ട്ടുകള്‍ വില്‍ക്കുന്നതു കണ്ടു.

വിഷാദരോഗികളുടെ ഉദ്യാനം 

ട്യൂലിപ്പ് ഗാര്‍ഡനു പുറത്തു നില്‍ക്കുമ്പോളാണ്  ഗുലാം നബി എന്ന ഓട്ടോ ഡ്രൈവറെ പരിചയപ്പെട്ടത്. 70 വയസ്സു കഴിഞ്ഞിരിക്കുന്നു. മകനുണ്ട്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ഡിഗ്രിയെടുത്തിട്ടും ജോലി ആയിട്ടില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ട് വര്‍ഷങ്ങളായി നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടപ്പാണെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ജോലിയില്ലാതെ നടക്കുകയാണെന്നും അയാള്‍ പറഞ്ഞു. പ്രായമായി എങ്കിലും ഓട്ടോ ഓടിച്ചേ പറ്റു. അല്ലെങ്കില്‍ ജീവിക്കാന്‍ പ്രയാസമാണ്. ഓട്ടോയുടെ അടവു തീര്‍ന്നിട്ടില്ല. അപ്പോഴാണ് നോട്ട് നിരോധനം വരുന്നത്. മക്കള്‍ മുതിര്‍ന്നാല്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുമെന്ന പ്രതീക്ഷ കശ്മീരി കുടുംബങ്ങള്‍ക്ക് ഇല്ലാതെയായിരിക്കുന്നു. ജോലി കിട്ടാതെ വെറുതെ വീട്ടിലിരുന്നു മകനു മാനസികമായി ആഘാതമുണ്ടായിയെന്നും ഇപ്പോള്‍ മസ്സൂറിയില്‍ ചെറിയ പണി ചെയ്തു ജീവിക്കുകയാണെന്നും ഗുലാം നബി പറഞ്ഞു. തീവ്രവാദത്തിന്റെ പേരില്‍ യുവാക്കളെ ഭരണകൂടവും സേനകളും ഉപദ്രവിക്കുകയാണ്. മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ പെരുപ്പിച്ചു കാട്ടി ഇപ്പോള്‍ സഞ്ചാരികളും മുടങ്ങുന്നു. ഇന്നു രാവിലെ മുതല്‍ ഒരൊറ്റ ഓട്ടം പോലും കിട്ടിയിട്ടില്ല. വെറുതെ നില്‍പ്പാണ്.

എന്തു ചെയ്യാം. ഇരുട്ടിനൊടുവില്‍ പ്രകാശം വരുമായിരിക്കും. ആ വൃദ്ധന്റെ വാക്കുകള്‍ എല്ലാ ആഹ്ലാദങ്ങളേയും തുടച്ചുനീക്കാന്‍ പോന്നതായിരുന്നു.
ഗവര്‍ണറാണ്. ഗാര്‍ഡനു മീതെ പറക്കുന്ന ഹെലികോപ്റ്റര്‍ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. ഗാര്‍ഡനില്‍ എന്തോ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നതാണ്. അതാണ് ഇത്രയ്ക്ക് പൊലീസും പട്ടാളവും. എന്തിനാണിതൊക്കെ. നിങ്ങളും ഒരു മനുഷ്യന്‍, ഞാനും ഒരു മനുഷ്യന്‍, ഗവര്‍ണരും ഒരു മനുഷ്യന്‍, അത്രതന്നെ.
കശ്മീരിലെ സാധാരണക്കാരന് ഭരണകൂടത്തോടും രാഷ്ട്രീയത്തോടും സേനയോടുമുള്ള അടങ്ങാത്ത അവജ്ഞയാണ് ആ മുഖത്തും വാക്കുകളിലും തെളിഞ്ഞുനിന്നത്.

വീട്ടില്‍ ആരൊക്കെയുണ്ടെന്നും എന്തു ചെയ്യുന്നുവെന്നും അയാള്‍ ചോദിച്ചു.
നിങ്ങള്‍ കേരളീയരൊക്കെ ഭാഗ്യമുള്ളവരാണ്. എല്ലാവര്‍ക്കും ജോലിയുണ്ട്. ശമ്പളമുണ്ട്. ഇവിടെ പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെങ്കിലും പാടാണ്. സാധാരണക്കാരനു ചെലവ് താങ്ങാന്‍ പറ്റില്ല. അതിഥികള്‍ക്ക് വാജ് വാന്‍ (ചോറും ഇറച്ചിയും ഒക്കെച്ചേര്‍ന്ന് 36 ഐറ്റം ഉപദംശങ്ങളുള്ള കശ്മീരി വിഭവം) കൊടുക്കണമെങ്കില്‍ത്തന്നെ മൂന്നാലു ലക്ഷം രൂപ വരും. നാലു പേര്‍ ഒരുമിച്ചിരുന്നാണ് വാജ് വാന്‍ കഴിക്കുന്നത്. അതിന് ഇരിപ്പിടം ഒരുക്കാനും അത്രതന്നെ ചെലവുവരും. വിവാഹം കാത്തുകഴിയുന്ന അനേകം പെണ്‍കുട്ടികളുണ്ട് ഞങ്ങളുടെ വീടുകളില്‍. നിവൃത്തിയില്ലാഞ്ഞിട്ടാണ്.
ഇവിടെ ഒരു പ്രശ്‌നവുമില്ല. നിങ്ങള്‍ക്കെന്തെങ്കിലും പ്രയാസം തോന്നിയോ. നോക്കൂ, എത്രമാത്രം സ്ത്രീകളാണ് ഇവിടെ തനിച്ചു സഞ്ചരിക്കുന്നത്. എന്നിട്ടും മാധ്യമങ്ങള്‍ ഞങ്ങളെയെല്ലാം എങ്ങനെയാണ് കാണുന്നത്...
മനസ്സ് മൂടിക്കെട്ടിയിരുന്നു. ഹൃദയഹാരിയായ ഈ പ്രകൃതിസൗന്ദര്യത്തിനു പിന്നില്‍ എന്തുമാത്രം വേദനകളാണ് മറഞ്ഞിരിക്കുന്നത്. ഹൈദര്‍ എന്നായിരുന്നു ഗുലാം നബിയുടെ ഓട്ടോറിക്ഷയുടെ പേര്. കശ്മീരി യുവാക്കളുടെ അവസ്ഥ വെളിവാക്കുന്ന ഹൈദര്‍ എന്ന ഹിന്ദി സിനിമയെ വീണ്ടും ഓര്‍മ്മിപ്പിച്ചു അത്. മഞ്ഞില്‍ നിഴലുപോലെ തെളിയുന്ന ഭുര്‍ജ മരങ്ങളും പോപ്ലാറും വില്ലോ മരങ്ങളും തടാകവും മരണവും കൂടിച്ചേര്‍ന്ന വിഷാദാത്മകമായ അന്തരീക്ഷമാണ് ഹൈദരില്‍.

യാത്ര പറഞ്ഞു പിരിയുമ്പോള്‍ കയ്യില്‍ വച്ചുകൊടുത്ത പണം ഗുലാം നബി സ്‌നേഹത്തോടെ നിരസിച്ചു. ഒന്നും വേണ്ട. നമ്മളിത്ര നേരം മനസ്സുതുറന്നു സംസാരിച്ചില്ലേ... അതു മതി. തീര്‍ച്ചയായും ഇനിയും വരൂ കശ്മീരിലേക്ക്.
അന്ധകാരത്തിനു ശേഷം തീര്‍ച്ചയായും സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യും.
മറ്റൊന്നും പറയാനുണ്ടായിരുന്നില്ല

പ്രകാശം വരട്ടെ കുട്ടീ. അതിന് ദൈവം അനുഗ്രഹിക്കണം... വാര്‍ദ്ധക്യത്തിന്റെ ചുളിവു വീണ ആ വിരലുകളില്‍ തൊട്ട് ഖുദാഹാഫിസ് പറഞ്ഞു.
ചായക്കോപ്പയിലെ സ്‌നേഹക്കൊടുങ്കാറ്റ്.
ശ്രീനഗറിലെ അവസാനത്തെ സായാഹ്നം ദാല്‍ ലേക്കിന്റെ തിരക്കില്‍ത്തന്നെയാവട്ടെ എന്നു തീരുമാനിച്ചു. പതിവില്ലാത്തവിധം മഴക്കാര്‍ മൂടിക്കെട്ടിയിരുന്നു. തണുത്ത കാറ്റ് വരാന്‍പോകുന്ന ശൈത്യത്തെ ഓര്‍മ്മിപ്പിച്ചു. തടാകത്തിന്റെ പ്രഭ നഷ്ടപ്പെട്ടതുപോലെ വിഷാദമഗ്നമായ അന്തരീക്ഷം. എങ്കിലും ലേക്കിനു സമാന്തരമായ പാത സജീവമായിരുന്നു.

ലാല്‍ചൗക്കിലേക്ക് ഷോപ്പിംഗിന് കൊണ്ടുപോവാനായി മത്സരിക്കുന്ന ഓട്ടോക്കാര്‍, കരകൗശലവസ്തുക്കളും തുകല്‍ ഉല്പന്നങ്ങളും ഷാളുകളുമായി പിന്തുടരുന്ന വില്‍പ്പനക്കാര്‍, സായാഹ്ന നടത്തക്കാര്‍. ഷിക്കാരക്കാരില്‍നിന്ന് ഒരു ചായ കുടിക്കാമെന്നു കരുതി പഴ്സ് തുറന്നപ്പോള്‍ ചില്ലറയൊന്നും തന്നെയില്ല. കശ്മീരില്‍ നേരിട്ട ഒരു പ്രയാസം ആരുടെ കയ്യിലും ചില്ലറ തരാനില്ല എന്നതായിരുന്നു. അഞ്ഞൂറു രൂപ നോട്ട് കണ്ടിട്ട് എത്ര ദിവസങ്ങളായി എന്നറിയാമോ. പിന്നെവിടുന്നാണ് ചില്ലറ തരിക. എല്ലാവരും അതുതന്നെ പറഞ്ഞു. ചിലരൊക്കെ കച്ചവടം മുടങ്ങരുതെന്നു കരുതി പല കടകളില്‍ കയറിയിറങ്ങി ചില്ലറ മാറിത്തന്നു. കുറഞ്ഞ തോതിലുള്ള കച്ചവടമേ ലഭിക്കുന്നുള്ളൂ. എന്നിരുന്നാലും മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലെപ്പോലെ കൂട്ടമായി വന്നാക്രമിക്കുന്നില്ല. അങ്ങേയറ്റം മാന്യതയോടെ, സൗമ്യതയോടെ, സ്‌നേഹത്തോടെ മാത്രം ഇടപെടുന്നവര്‍. ഇന്നലെ വൈകുന്നേരം ഇവിടെയിരിക്കുമ്പോള്‍ സോനാമാര്‍ഗില്‍നിന്നു വരുന്ന മൈലാഞ്ചിത്താടിക്കാരന്‍ വൃദ്ധന്‍ വന്ന് ക്രോഷെ വര്‍ക്ക് ചെയ്ത തൊപ്പികളും ബാഗും മുന്നില്‍ വച്ചു.
ഞങ്ങളുടെ സ്ത്രീകള്‍ വീട്ടിലിരുന്ന് തുന്നുന്നതാണ്. എന്തെങ്കിലും വാങ്ങി സഹായിക്കണം.

നിസ്സഹായരായ കശ്മീരി യുവത്വം വേദനയോടെ മുന്നില്‍ വന്നു ചിരിക്കുന്നു. എല്ലാവരും തീവ്രവാദികള്‍ അല്ല. ഞങ്ങള്‍ക്കു ജീവിക്കണം. പ്രണയം പോലും മറന്നുപോയിരിക്കുന്നു അവര്‍. സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട മുഖങ്ങള്‍.
എല്ലാ മുഖങ്ങളിലും വിഫലമായ ഒരു പ്രാര്‍ത്ഥന തളംകെട്ടി നില്‍ക്കുന്നതുപോലെ. ഭൂമിയിലേക്കു ചില്ലകള്‍ കുനിഞ്ഞു വളരുന്ന വില്ലോ മരങ്ങള്‍ കാണുമ്പോഴും അതേ നിസ്സഹായത തോന്നും.
കെട്ടിയിട്ട ഷിക്കാരയിലെ അടുപ്പില്‍ തീപ്പൂട്ടുന്നുണ്ട് രണ്ടുപേര്‍.
ചായയുണ്ടാക്കാനുള്ള തയ്യാറെടുപ്പാണ്.
ഭയ്യാ. ഒരു ചായ വേണമായിരുന്നു. പക്ഷേ, എന്റെ കയ്യില്‍ ചില്ലറയില്ല. അവര്‍ പരസ്പരം ഒന്നു നോക്കി. എന്താണ് ഭാവം എന്നു പിടികിട്ടിയില്ല. ഒന്നും പറഞ്ഞതുമില്ല.
മധുരം അധികം വേണോ
മുഖമുയര്‍ത്താതെ ചോദ്യം വന്നു.
വേണ്ട കുറച്ചുമതി. മതിലില്‍ ഇരുന്നു ചുറ്റും നോക്കി. നൂറുകണക്കിനു ഷിക്കാരകള്‍, പൂക്കളും പഴങ്ങളും കുങ്കുമവും വില്‍ക്കുന്നവര്‍. തടാകത്തില്‍ പ്രതിഫലിക്കുന്ന ആകാശത്തിന്റെ ഇരുളിമ.
ആവി പറക്കുന്ന ചായ മുന്നിലെത്തി. കഴിക്കാന്‍ എന്തെങ്കിലും വേണോ.
വിശപ്പില്ലാഞ്ഞിട്ടും എന്തെങ്കിലും ആവാം എന്നു പറഞ്ഞത് ചില്ലറപ്രശ്‌നം പരിഹരിക്കാമല്ലോ എന്നു കരുതിയാണ്. കശ്മീരി റൊട്ടിയും കേക്കും പാത്രത്തിലെടുത്തു വച്ച് അവരിരുവരും സംഭാഷണത്തിലേക്കു മടങ്ങി. വളരെ പതുക്കെയാണ് സംസാരിക്കുന്നത്.

പാത്രങ്ങള്‍ എടുക്കാനായി അയാള്‍ അടുത്തുവന്നു, ചാരനിറമുള്ള നീളന്‍ തണുപ്പുകുപ്പായമാണ് ധരിച്ചിരിക്കുന്നത്.
പണം കൊടുത്തപ്പോള്‍ മനോഹരമായ ഒരു പുഞ്ചിരിയോടെ അയാള്‍ തലയാട്ടി.
 ഈ ചായയ്ക്ക് പണം വേണ്ട. നിങ്ങളിന്ന് എന്റെ അതിഥിയാണ്.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അത്. ടൂറിസ്റ്റുകളെക്കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. ഇന്നാണെങ്കില്‍ തിരക്കു കുറവും. എന്നിട്ടാണ്... ഒന്നുകൂടി നിര്‍ബന്ധിച്ചു.
ഇല്ല, അള്ളാഹുവിന്റെ നാമത്തില്‍ ഞാനിതിനു പണം വാങ്ങുകയില്ല.
കണ്ണുകള്‍ നിറഞ്ഞുപോയത് അവരെ അമ്പരപ്പിച്ചിരിക്കണം.
എന്തുപറ്റി, എന്തെങ്കിലും വിഷമമുണ്ടോ. നിങ്ങള്‍ക്കു മറ്റെന്തെങ്കിലും ആവശ്യമുണ്ടോ.

ആടുമേയ്ക്കുന്ന ആട്ടിടയന്‍മാര്‍
ആടുമേയ്ക്കുന്ന ആട്ടിടയന്‍മാര്‍


ഉത്കണ്ഠയോടെ അടുത്തിരുന്നു ചോദിക്കുന്ന ആ മനുഷ്യര്‍ പൊട്ടിക്കരയിപ്പിക്കുമെന്നു തോന്നി.
ഒന്നുമില്ല. മനസ്സ് നിറഞ്ഞുതൂവിയതാണ് സഹോദരാ. ഒരു മഹാരാജ്യത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും കിടക്കുന്ന മനുഷ്യര്‍. മുഖം വാടിയതു കണ്ട്, കണ്ണു നിറഞ്ഞതു കണ്ട് ഉദ്വേഗത്തോടെ എന്റെയരികിലിരിക്കാന്‍ അവരെ തോന്നിപ്പിച്ചത് ഏതു ജന്മാന്തരങ്ങളിലെ സാഹോദര്യമാവാം. അവര്‍ക്കത് മനസ്സിലായിക്കാണണം.

അയാള്‍ പതിയെ സംസാരിക്കാന്‍ തുടങ്ങി.
''കശ്മീരിന്റെ മനസ്സിതാണ്. നിങ്ങള്‍ ഇവിടെ വന്നത് ഒരുപാടു ഭയങ്ങളും പരിഭ്രമങ്ങളും കൊണ്ടാവും. നാട്ടില്‍പോയി എല്ലാവരോടും പറയണം. കശ്മീരില്‍ ഒന്നും സംഭവിക്കുന്നില്ലെന്ന്. ഒരു ഭീകരവാദിയും ഞങ്ങളുടെ അതിഥികളെ ആക്രമിക്കില്ല. അല്ലെങ്കിലും തീവ്രവാദമല്ല ഞങ്ങളുടെ പ്രശ്‌നം. അധികാരവും രാഷ്ട്രീയവും ചേര്‍ന്നുണ്ടാക്കുന്ന മുറിവുകളിലാണ് ഞങ്ങള്‍ ജീവിക്കുന്നത്.''

ഷൗക്കത്ത് എന്നായിരുന്നു അയാളുടെ പേര്.
കേരളത്തെക്കുറിച്ച്, തെരഞ്ഞെടുപ്പിനെക്കുറിച്ച്, അവര്‍ തിരക്കുകയുണ്ടായി. രാഹുല്‍ ഗാന്ധി ജയിക്കില്ലേ എന്നു ഉല്‍ക്കണ്ഠയോടെ ചോദിച്ചു. ഞങ്ങളാര്‍ക്കും വോട്ടു ചെയ്യില്ല... മുഫ്തി മുഹമ്മദ് നല്ലതായിരുന്നു. പക്ഷേ, മകള്‍ ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ചു. കസേരയില്‍ അള്ളിപ്പിടിക്കാന്‍ ശ്രമിച്ചു അവര്‍. ഒടുവില്‍ കസേര മറിഞ്ഞുവീഴുകയും ചെയ്തു.
എല്ലാവരും കള്ളന്മാരാണ്. വോട്ട് കഴിഞ്ഞാല്‍ ആര്‍ക്കും പറഞ്ഞതൊന്നും ഓര്‍മ്മയുണ്ടാവില്ല. എല്ലാം മടുത്തിരിക്കുന്നു. ഷൗക്കത്തിന്റെ കൂട്ടുകാരന്‍ ബഷീറിന്റെ കണ്ണുകളില്‍ കനലെരിഞ്ഞു.
ഷിക്കാരയില്‍ ചീരയിലയുടെ ഒരു ചെറിയ കെട്ട്.
''വീട്ടിലേക്കുള്ള സബ്ജിയാണ്. തടാകത്തിന്റെ അങ്ങേക്കരയില്‍ ഹൗസ്ബോട്ടുകള്‍ക്കു പിന്നിലെന്റെ കുടിലുണ്ട്.''
ഷൗക്കത്ത് സൗമ്യമായി വീണ്ടും ചിരിക്കുന്നു.
കേരളീയര്‍ എത്ര ഭാഗ്യം ചെയ്തവര്‍. കഴിയുമെങ്കില്‍ ഇനിയും വരൂ. ദൈവാനുഗ്രഹമുണ്ടെങ്കില്‍ നമ്മളിനിയും കാണും, ഖുദാ ഹാഫിസ്.
വലിയൊരു മേഘപാളി തടാകത്തിനു മുകളില്‍ കുട നിവര്‍ത്തിക്കിടന്നു. കാറ്റില്‍ ചെറു മഴത്തുള്ളികള്‍ പറന്നുവീഴാന്‍ തുടങ്ങി. ഇന്നത്തെ രാത്രി ശൈത്യം വിറപ്പിക്കുമെന്നുറപ്പ്.
മുറിയിലേക്കു തിരിച്ചു നടക്കുമ്പോള്‍ തോക്കുചൂണ്ടിയ പട്ടാളക്കാര്‍ തലങ്ങും വിലങ്ങും നിരത്തിലൂടെ കടന്നുപോകുന്നതു കണ്ടു. ശത്രു തൊട്ടുമുന്നിലുണ്ടെന്നപോലെ ജാഗ്രതയോടെ. തടാകത്തിലും വാട്ടര്‍ സ്‌കൂട്ടറില്‍ അവര്‍ റോന്തുചുറ്റുന്നുണ്ട്.
ആര് ആരെയാണ് ഭയപ്പെടുന്നത്.
ഹൗസ് ബോട്ടില്‍ ചാഞ്ചാടുന്ന ബോളേവാര്‍ഡ് റോഡിലെ പോസ്റ്റ് ഓഫീസിനു മുന്നിലൂടെ തണുപ്പേറ്റ് വിറച്ചു നടക്കുമ്പോള്‍ ഉള്ളു വിങ്ങിക്കൊണ്ടിരുന്നു.
 ശ്രീനഗറിലെ അവസാനത്തെ രാത്രി കടുത്ത ശൈത്യത്തിന്റേതായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴ നിലച്ചിരുന്നു. എവിടെനിന്നും ഒരു ശബ്ദവും കേള്‍ക്കാതെ ഹോട്ടല്‍ നിശ്ശബ്ദമായി കിടന്നു. ജനാലക്കപ്പുറം തടാകവും ശാന്തമാണ്. ഇത്ര ദിവസങ്ങളിലായി കണ്ട അവര്‍ണ്ണനീയമായ പ്രകൃതിസൗന്ദര്യത്തേക്കാള്‍, അനുഭവിച്ച ആഹ്ലാദത്തേക്കാള്‍ ഉപരിയായി ഗൂല്‍സാറിന്റെ, ഗുലാം നബിയുടെ, ഷൗക്കത്തിന്റെ, ബഷീറിന്റെ പേരറിയാത്ത മറ്റാരുടെയൊക്കെയോ വേദനകള്‍, നിസ്സഹായതകള്‍ വലിയൊരു കരച്ചിലായി പുറത്തേക്കൊഴുകുന്നു.
ദൈവമേ ഇവരുടെ പഴയ സ്വര്‍ഗ്ഗം ഇവര്‍ക്കു തിരികെ കൊടുക്കണേ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com