ഫാല്‍ക്കെയുടെ പ്രിയശിഷ്യന്‍: പിപി കൃഷ്ണയ്യരെക്കുറിച്ച് സാജു ചേലങ്ങാട് എഴുതുന്നു

ഇന്ത്യന്‍ സിനിമയുടെ പിതാവ് ദന്തിരാജ് ഗോവിന്ദ് ഫാല്‍ക്കേയ്ക്ക് മലയാള സിനിമയുമായി ബന്ധമുണ്ടെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാം.
ഫാല്‍ക്കെയുടെ പ്രിയശിഷ്യന്‍: പിപി കൃഷ്ണയ്യരെക്കുറിച്ച് സാജു ചേലങ്ങാട് എഴുതുന്നു

ന്ത്യന്‍ സിനിമയുടെ പിതാവ് ദന്തിരാജ് ഗോവിന്ദ് ഫാല്‍ക്കേയ്ക്ക് മലയാള സിനിമയുമായി ബന്ധമുണ്ടെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാം. എങ്കില്‍ ഒരു ബന്ധമുണ്ട്. ഒരു ഗുരുശിഷ്യ ബന്ധം. ഫാല്‍ക്കേയുടെ കീഴില്‍ സിനിമ പഠിച്ച ആ ശിഷ്യന്‍ പിന്നീട് മലയാളത്തില്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. 'നിര്‍മ്മല'യും 'നല്ല തങ്ക'യും. പേര് പി.വി. കൃഷ്ണയ്യര്‍. ദേശം പാലക്കാട് പല്ലാവൂര്‍. ഫാല്‍ക്കേയ്ക്ക് അദ്ദേഹം ശിഷ്യന്‍ മാത്രമല്ലായിരുന്നു. 'ഗംഗാവതരണ്‍' എന്ന അദ്ദേഹത്തിന്റെ നിശ്ശബ്ദ സിനിമയിലെ സഹസംവിധായകനും ട്രിക് ഷോട്ടുകളുടെ ഉപജ്ഞാതാവുമായിരുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞ് നാലുപതിറ്റാണ്ട് മുന്‍പ് അദ്ദേഹമെഴുതിയ സ്വന്തം ജീവചരിത്രക്കുറിപ്പ് ആദ്യകാല ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലേയ്ക്കു കൂടി വെളിച്ചം വീശുന്നതാണ്.

1912 ഒക്ടോബര്‍ 12-നാണ് പല്ലാവൂര്‍ വെങ്കിടാചല അയ്യരുടേയും മീനാക്ഷിയുടേയും മകനായി കൃഷ്ണയ്യര്‍ ജനിച്ചത്. പാരമ്പര്യ വൈദ്യനായിരുന്ന വെങ്കിടാചല അയ്യര്‍ നേത്രചികിത്സയില്‍ വിദഗ്ദ്ധനായിരുന്നു. നാലു സഹോദരങ്ങളായിരുന്നു കൃഷ്ണയ്യര്‍ക്ക്. ജ്യേഷ്ഠന്മാരായ സുന്ദരേശ്വരയ്യരും നീലകണ്ഠയ്യരും സഹോദരിമാരായ പാര്‍വ്വതിയും ജാനകിയും. പല്ലാവൂരിലെ എല്‍.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ കൃഷ്ണയ്യര്‍ ജോലിതേടി കോല്‍ഹാപ്പൂരിലെത്തി. നീലകണ്ഠയ്യര്‍ക്ക് അന്നവിടെ റെയില്‍വേ ക്ലര്‍ക്കായി ജോലി ലഭിച്ചിരുന്നു. അക്കാലത്ത് കോല്‍ഹാപൂര്‍ സീനിടൗണ്‍ നിശ്ശബ്ദ സിനിമകളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായിരുന്നു. തന്റെ സഹോദരന് ജോലിക്കായി ഈ സ്റ്റുഡിയോയില്‍ നീലകണ്ഠയ്യര്‍ ശ്രമം നടത്തി. അന്നത്തെ കോല്‍ഹാപൂര്‍ രാജാവിന്റെ എ.ഡി.സിയുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് കൃഷ്ണയ്യര്‍ക്ക് സ്റ്റുഡിയോയില്‍ ഒരു ജോലി തരപ്പെടുത്തി നീലകണ്ഠയ്യര്‍. പണിയെന്നാല്‍ അവിടെ ഷൂട്ടിങ്ങിന് വരുന്ന തമിഴ് നിര്‍മ്മാതാക്കളെ സഹായിക്കല്‍. തമിഴ് നന്നായി അറിയാവുന്നതുകൊണ്ടാണ് ഈ ജോലി ലഭിച്ചത്. ഇടയ്ക്ക് ചില തമിഴ് സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിക്കാനും അവസരമുണ്ടായി. ക്യാമറാമാനാകണമെന്ന ആഗ്രഹം ഈ സമയത്ത് കൃഷ്ണയ്യര്‍ക്കുണ്ടായി. അവിടുത്തെ പ്രധാന ക്യാമറാമാനായിരുന്ന വി.ബി. ജോഷിയോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം കൂടെക്കൂട്ടി. 'സോങ് ഓഫ് ലൈഫ്' എന്ന ഹിന്ദി സിനിമയുടെ നിര്‍മ്മാണവേളയില്‍ സഹായി ആയി അയ്യരെ ജോളി ഒപ്പം കൂട്ടി. അതിനുശേഷം നടന്ന 'ദ്രൗപതി വസ്ത്രാഹരണ്‍' എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിലും സഹായി ആയി അയ്യര്‍ ജോഷിക്കൊപ്പമുണ്ടായിരുന്നു. അധികം വൈകാതെ 'ഗംഗാവതരണ്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഫാല്‍ക്കേ അവിടെ എത്തി. നിര്‍മ്മാതാവും സംവിധായകനും ക്യാമറാമാനും എല്ലാം അദ്ദേഹം തന്നെ. നിരവധി ട്രിക് ഷോട്ടുകളുള്ളതായിരുന്നു 'ഗംഗാവതരണ്‍'. ഇതറിഞ്ഞപ്പോള്‍ ട്രിക് ഷോട്ടുകള്‍ പഠിക്കണമെന്നാഗ്രഹം അയ്യരിലുണ്ടായി. ജോഷി വഴി ഫാല്‍ക്കേയെ പരിചയപ്പെട്ടു. അയ്യരെ ശിഷ്യനായി സ്വീകരിച്ചുവെന്നു മാത്രമല്ല, തന്റെ കയ്യിലുണ്ടായിരുന്ന സിനിമാ ഗ്രന്ഥങ്ങള്‍ വായിച്ച് മനസ്സിലാക്കാനും ഫാല്‍ക്കേ നല്‍കി. സിദ്ധാന്തവും പ്രായോഗികതയും ഒന്നിച്ച് പഠിക്കാനുള്ള അവസരം അങ്ങനെ ഒത്തുചേര്‍ന്നു. ട്രിക് ഷോട്ടുകളിലൊന്ന് ഒരു ദിവസം മുഴുവന്‍ എടുത്തെങ്കിലും ഫാല്‍ക്കേയ്ക്ക് തൃപ്തി വന്നില്ല. പല വഴിക്ക് ആലോചിച്ചിട്ടും പരിഹാരം മനസ്സില്‍ തെളിയുന്നില്ല. അയ്യര്‍ ഇത് കണ്ടുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തില്‍ ചില ആശയങ്ങള്‍ ഉദിച്ചു. അടുത്ത ദിവസം രാവിലെ ഫാല്‍ക്കേയെ നേരില്‍ക്കണ്ട് കാര്യം അവതരിപ്പിച്ചു. ആശ്ചര്യത്തോടെ അയ്യരുടെ രണ്ട് കൈക്കും പിടിച്ച് അനുമോദിച്ച ഫാല്‍ക്കേ എന്തുകൊണ്ടിത് തലേദിവസം പറഞ്ഞില്ലെന്നു ചോദിച്ചു. തീര്‍ന്നില്ല, ഭാവിയില്‍ നല്ലൊരു ക്യാമറാമാനും സംവിധായകനുമാകട്ടെയെന്നു തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഗംഗാവതരണിലെ തുടര്‍ന്നുള്ള ട്രിക് ഷോട്ടുകള്‍ ഫാല്‍ക്കേ എടുത്തത് അയ്യരുടെ നിര്‍ദ്ദേശങ്ങളും കൂടി കണക്കിലെടുത്തായിരുന്നു.

മോഡേണ്‍ സ്റ്റുഡിയോ കാലം
'ആനന്ദവികടന്‍' എന്ന തമിഴ് മാസിക ഈ സമയത്ത് സിനിടൗണ്‍ സ്റ്റുഡിയോയില്‍ വരുമായിരുന്നു. സേലം മോഡേണ്‍ സ്റ്റുഡിയോയുടെ ഒരു പരസ്യം ഒരിക്കല്‍ അതില്‍ അയ്യര്‍ കണ്ടു. ക്യാമറാമാനടക്കമുള്ള സാങ്കേതിക വിദഗ്ദ്ധരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അയ്യരും അപേക്ഷ അയച്ചു. വൈകാതെ ഉടമ ടി.ആര്‍. സുന്ദരത്തിന്റെ മറുപടി ലഭിച്ചു. താനും ക്യാമറാമാന്‍ ബോഡോഗുഷ്വാക്കറും (ഇയാള്‍ ജര്‍മ്മന്‍കാരനായിരുന്നു) കൂടി ബോംബേയ്ക്ക് വരുന്നുണ്ടെന്നും വഴിക്ക് പൂനാ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു കാണാമെന്നുമായിരുന്നു സുന്ദരത്തിന്റെ മറുപടി. പറഞ്ഞ ദിവസം പൂനയിലെത്തി അവരെ കണ്ട അയ്യര്‍ ബോംബെയ്ക്ക് അവരോടൊപ്പം പോയി. തീവണ്ടിയില്‍വെച്ചു നടന്ന അഭിമുഖത്തിനുശേഷം അദ്ദേഹത്തെ മോഡേണ്‍സ് റ്റുഡിയോയില്‍ ബോഡോഗുഷ്വാക്കറിന്റെ സഹായിയായി തെരഞ്ഞെടുത്തു. സിനി ടൗണില്‍ തിരിച്ചെത്തി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയ്യരെ തേടി മോഡേണ്‍ സ്റ്റുഡിയോയില്‍ എത്താനാവശ്യപ്പെട്ട് സുന്ദരത്തിന്റെ നിയമന കത്തെത്തി. എച്ച്.എം. റെഡ്ഢിയായിരുന്നു സ്റ്റുഡിയോ ജനറല്‍ മാനേജര്‍. അദ്ദേഹത്തിന് രാജിക്കത്ത് നല്‍കിയശേഷം ജോഷിയേയും ഒടുവില്‍ ഫാല്‍ക്കേയേയും കണ്ടു. സേലത്തേയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പ് ഫാല്‍ക്കേയെ ഒന്നുകൂടി കണ്ട് കാല്‍തൊട്ട് വണങ്ങി യാത്ര പറഞ്ഞു. 1936 ജൂലൈയില്‍ മോഡേണ്‍ സ്റ്റുഡിയോയിലെത്തിയ അയ്യരുടെ ആദ്യ സിനിമ തമിഴിലെ 'സതി അഹല്യ'യായിരുന്നു.

ചിത്രീകരണ സമയത്ത് സ്വതന്ത്ര ക്യാമറാമാന്റെ ചുമതല അയ്യര്‍ക്ക് നല്‍കി ചീഫ് ക്യാമറാമാനായിരുന്ന ബോഡോ ഗുഷ്വാക്കര്‍. മലയാളത്തിലെ ആദ്യ ശബ്ദചിത്രം 'ബാലന്‍' നിര്‍മ്മിച്ചപ്പോള്‍ ഭാഷാ പരിജ്ഞാനം കണക്കിലെടുത്ത് അയ്യരെ മുഴുവന്‍സമയ ക്യാമറാമാനായി സുന്ദരം നിയോഗിച്ചു. സംവിധായകന്‍ ബോംബേക്കാരന്‍ പാഴ്സി വംശജനായ ഹൊട്ടാണിക്കും അയ്യരെ ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ലായിരുന്നു. ഇതുകാരണം മലയാളത്തിലെ ആദ്യശബ്ദ ചിത്രത്തിന്റെ റിഹേഴ്സല്‍ മുതല്‍ അയ്യര്‍ അവിഭാജ്യഘടകമായി. ബാലനോടെ കൈതെളിഞ്ഞ് പൂര്‍ണ്ണ ആത്മവിശ്വാസം ആര്‍ജ്ജിച്ച അയ്യരെത്തേടി സിനിമകളുടെ ഘോഷയാത്ര തന്നെയുണ്ടായി. മായമായവന്‍, തായുമാനവര്‍, മാണിക്കവാചകര്‍, ഹരിഹരമായ ചന്ദനത്തേവര്‍, പുരന്ദരദാസ്, നാമദേവര്‍, ഉത്തമപുത്രന്‍ (പി.യു. ചിന്നപ്പ, എം.എസ്. കൃഷ്ണന്‍, ബാലയ്യ, എം.വി. രാജമ്മ എന്നിവര്‍ അഭിനയിച്ചത്, ഭക്തഗൗരി തുടങ്ങിയ ചിത്രങ്ങള്‍ക്കായി മോഡേണ്‍ സ്റ്റുഡിയോയില്‍ ക്യാമറ ചലിപ്പിച്ചത് അയ്യരായിരുന്നു. ഉത്തമപുത്രനില്‍ ചിന്നപ്പയ്ക്ക് ഇരട്ടവേഷമായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമയിലെ ആദ്യ ഇരട്ടറോള്‍. ഇതോടെ മോഡേണ്‍ സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായി അയ്യരെ ഉയര്‍ത്തി സുന്ദരം. 1940-ല്‍ മോഡേണ്‍ സ്റ്റുഡിയോ വിട്ട് മദ്രാസില്‍ പ്രഗതി സ്റ്റുഡിയോയില്‍ ചേര്‍ന്നു. 'സഭാപതി' എന്ന തമിഴ് ചിത്രത്തിനുവേണ്ടി ഇവിടെ ക്യാമറ പ്രവര്‍ത്തിപ്പിച്ചു. പ്രഗതിയില്‍ത്തന്നെ എടുത്ത കന്നഡയിലെ വസന്തസേനയുടേയും തമിഴിലെ തിരുവള്ളുവരുടേയും എന്‍. മനവിയുടേയും ക്യാമറാമാന്‍ അയ്യരായിരുന്നു. രണ്ടാം ലോകമഹായുദ്ധം ഏല്‍പ്പിച്ച ആഘാതം കാരണം ചലച്ചിത്ര മേഖലയിലുണ്ടായ മാന്ദ്യം പ്രഗതിയുടെ നടത്തിപ്പിനെ ബുദ്ധിമുട്ടിലാക്കി. അതോടെ പല്ലാവൂരിലെ വീട്ടിലേയ്ക്ക് മടങ്ങിയ അയ്യര്‍ അടുത്ത വര്‍ഷം ചിദംബരത്തുകാരി സരസ്വതിയെ ജീവിതസഖിയാക്കി.

അധികം കഴിഞ്ഞില്ല, ഉടന്‍ മോഡേണ്‍ സ്റ്റുഡിയോയിലെത്താന്‍ ആവശ്യപ്പെട്ടുള്ള ടി.ആര്‍. സുന്ദരത്തിന്റെ കമ്പിസന്ദേശം അദ്ദേഹത്തിന് ലഭിച്ചു, മനോന്‍മണി എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറാമാനാക്കി സുന്ദരം അദ്ദേഹത്തെ. പ്രഗതി സ്റ്റുഡിയോ വീണ്ടും തുറന്നപ്പോള്‍ അവിടേയ്ക്ക് വരാന്‍ ഉടമയായ മെയ്യപ്പ ചെട്ടിയാരുടെ അപ്രതീക്ഷിത വിളി. സുന്ദരത്തോട് കാര്യം പറഞ്ഞപ്പോള്‍ നിരുത്സാഹപ്പെടുത്തി. എങ്കിലും നിര്‍ബന്ധം പിടിച്ചപ്പോള്‍ അയ്യരെ പോകാന്‍ അനുവദിച്ചു. വീണ്ടും തുറന്ന പ്രഗതിയിലെ ആദ്യ സിനിമ കന്നഡയിലെ ഹരിശ്ചന്ദ്ര ആയിരുന്നു. വന്‍വിജയമായ ആ ചിത്രം തമിഴിലേക്ക് ഡബ്ബ് ചെയ്തു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബ്ബിംഗ് ചിത്രമാണിത്. അടുത്തത് തമിഴിലെ 'രാജയോഗം' ത്യാഗരാജഭാഗവതര്‍, വസുന്ധരാദേവി, എന്‍.എസ്. കൃഷ്ണന്‍, മധുരം എന്നിവരായിരുന്നു അഭിനേതാക്കള്‍. ഈ സമയത്താണ് ലക്ഷ്മികാന്തന്‍ കൊലക്കേസും അതുമായി ബന്ധപ്പെട്ട് ത്യാഗരാജഭാഗവതരുടേയും കൃഷ്ണന്റേയും അറസ്റ്റും നടന്നത്. അതോടെ ചിത്രീകരണം നിലച്ചു.

ബാലന്റെ നിര്‍മ്മാണകാലത്ത് കൃഷ്ണയ്യര്‍ സേലം മോഡേണ്‍ സ്റ്റുഡിയോയില്‍
ബാലന്റെ നിര്‍മ്മാണകാലത്ത് കൃഷ്ണയ്യര്‍ സേലം മോഡേണ്‍ സ്റ്റുഡിയോയില്‍

എങ്കിലും 'ശ്രീവള്ളി' എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ പ്രഗതിയില്‍ തുടങ്ങിയതിനാല്‍ കൃഷ്ണയ്യര്‍ക്ക് വെറുതെയിരിക്കേണ്ടിവന്നില്ല. ടി.ആര്‍. മഹാലിംഗമായിരുന്നു നായകന്‍. കുമാരി രുഗ്മിണി നായികയും. വൈകാതെ പ്രഗതി സ്റ്റുഡിയോ വിറ്റു. ഈ സമയത്ത് ടി.ആര്‍. സുന്ദരത്തിന്റെ വിളി വീണ്ടുമെത്തി. അദ്ദേഹം നായകനായി അഭിനയിക്കുന്ന 'സുലോചന'യുടെ സംവിധായകനാകാനായിരുന്നു ക്ഷണം. ഈ സമയത്ത് കൊച്ചിയില്‍ ഒരു മലയാളസിനിമയുടെ ആലോചന നടക്കുന്നുണ്ടായിരുന്നു. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ നിര്‍മ്മിക്കുന്ന നിര്‍മ്മലയായിരുന്നു ആ സിനിമ. ചെറിയാന്‍ ഒരു ദിവസം നേരിട്ട് മോഡേണ്‍ സ്റ്റുഡിയോയില്‍ വന്ന് സുന്ദരം വഴി അയ്യരെ പരിചയപ്പെട്ടു. നിര്‍മ്മലയുടെ സംവിധയാകനാകാനുള്ള ചെറിയാന്റെ ക്ഷണം അയ്യര്‍ സ്വീകരിച്ചു. പ്രത്യേകതകള്‍ പലതുണ്ടായിരുന്നു നിര്‍മ്മലയ്ക്ക്. ആദ്യമായി പിന്നണിഗാനങ്ങള്‍ ഏര്‍പ്പെടുത്തി. സാമൂഹ്യകഥ തെരഞ്ഞെടുത്തു. നാടകങ്ങളില്‍നിന്നു നായികാ നായകന്മാരെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കി ചെറിയാന്റെ മകനേയും മരുമകളേയും ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവന്നു. റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ക്കനുസരിച്ച് ചിത്രീകരണം എങ്ങനെയിരിക്കണമെന്ന് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തി. സംവിധായകന് നിര്‍മ്മാതാവ് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു തുടങ്ങിയ പുതുമകള്‍ കൊണ്ടുവന്നത് നിര്‍മ്മലയാണ്. മോഡേണ്‍ സ്റ്റുഡിയോയിലായിരുന്നു നിര്‍മ്മലയുടെ ചിത്രീകരണം. ഇവിടുത്തെ അടുത്ത ചിത്രം തമിഴിലെ ആദിത്യന്‍ കനവായിരുന്നു. ടി.ആര്‍. സുന്ദരം സംവിധായകനും കൃഷ്ണയ്യര്‍ അസോസിയേറ്റുമായി ഇതില്‍. കൃഷ്ണയ്യരുടെ അടുത്ത ചിത്രം ഉദയായുടെ 'നല്ല തങ്ക'യായിരുന്നു. മോഡേണ്‍ സ്റ്റുഡിയോയിലുണ്ടായിരുന്ന സാങ്കേതിക വിദഗ്ദ്ധരില്‍ ഇതിനകം ഉദയായിലെത്തിയിരുന്നു. മദ്രാസിലെ സ്റ്റുഡിയോകളെ അപേക്ഷിച്ച് സൗകര്യങ്ങള്‍ കുറവായിരുന്നെങ്കിലും ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയില്‍ 'നല്ല തങ്ക' ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കളായ കെ.വി. കോശിയും കുഞ്ചാക്കോയും തീരുമാനിച്ചു.

മലയാളത്തില്‍ 'ഹരിശ്ഛന്ദ്ര'യെന്ന സിനിമയെടുക്കണമെന്ന ഉദ്ദേശ്യത്തോടെ എറണാകുളത്ത് താമസമാക്കിയ കൃഷ്ണയ്യരെ തേടി ഒരു ദിവസം മദ്രാസില്‍നിന്ന് മെയ്യപ്പ ചെട്ടിയാരുടെ ഫോണ്‍ വന്നു. അദ്ദേഹം ഇതിനകം എ.വി.എം. സ്റ്റുഡിയോ തുടങ്ങിയിരുന്നു. ശ്രീവള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹമെടുക്കുന്ന ഒരു സിനിമ സംവിധാനം ചെയ്യാനാണ് വിളി. അതോടെ ഹരിശ്ചന്ദ്ര പദ്ധതി ഉപേക്ഷിച്ച് മദ്രാസിലേക്ക് പോയി. തൊട്ടുപിന്നാലെ 'വേലൈക്കാരന്‍' എന്ന തമിഴ് സിനിമയുടെ ക്യാമറാമാനും സംവിധായകനുമായ കൃഷ്ണയ്യര്‍ക്ക് ജുപ്പിറ്റര്‍ പിക്ചേഴ്സുകാരുടെ 'ജമീന്താര്‍' എന്ന സിനിമ സംവിധാനം ചെയ്യാനും അവസരമുണ്ടായി. അതിനുശേഷം പി.ജെ. ചെറിയാനുമായി ചേര്‍ന്ന് 'കനവ്' എന്ന തമിഴ് സിനിമയെടുത്തു. പക്ഷേ, സാമ്പത്തികമായി പരാജയപ്പെട്ടു. ചെറിയാനുമായി വീണ്ടും ചേര്‍ന്നു ചില പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും അദ്ദേഹം സിനിമയോട് വിടപറഞ്ഞിരുന്നു. പിന്നീട് മദ്രാസ് മൂവിടോണ്‍ എന്ന സ്വന്തം സ്ഥാപനമുണ്ടാക്കി 'നല്ല തങ്കാള്‍' 1955-ല്‍ എന്ന സിനിമയെടുത്തു.

ദാദാസാഹിബ് ഫാല്‍ക്കെ
ദാദാസാഹിബ് ഫാല്‍ക്കെ

അടുത്തത് ഒരു വമ്പന്‍ പദ്ധതിയായിരുന്നു. അതിനായി എം.ജി. രാമചന്ദ്രന്റെ സഹോദരനായ എം.ജി. ചക്രപാണി, കവിജ്ഞര്‍ കണ്ണദാസന്‍ എന്നിവരുമായി ചേര്‍ന്ന് സ്വസ്തിക് ഫിലിംസ് രൂപീകരിച്ചു. 'ഭവാനി' ആയിരുന്നു അവരുടെ ആദ്യ സിനിമ. എം.ജി.ആര്‍, എസ്.എസ്. രാമചന്ദ്രന്‍, പി.എസ് വീരപ്പ, ടി.എസ്. ദുരരാജ്, അഞ്ജലി ചന്ദ്രന്‍, ബി.എസ്. സരോജ എന്നിവരായിരുന്നു താരങ്ങള്‍. ആദ്യഘട്ടത്തില്‍ ക്യാമറാമാനായിരുന്നെങ്കിലും പിന്നീട് ഷണ്‍മുഖത്തെ ആ ജോലി ഏല്‍പ്പിച്ച് അയ്യര്‍ ഓഫീസ്, പ്രൊഡക്ഷന്‍ ജോലികളില്‍ മുഴുകി. മസ്താന്‍ ആയിരുന്നു ആ സിനിമയുടെ സംവിധായകന്‍. പക്ഷേ, പടം പൂര്‍ത്തിയായില്ല. ഇതിനിടയില്‍ കണ്ണദാസനുമായി വഴിപിരിഞ്ഞു. എങ്കിലും പിന്നീട് പിണക്കങ്ങള്‍ പരിഹരിച്ച് നാഷണല്‍ പിക്ചേഴ്സ് എന്ന നിര്‍മ്മാണക്കമ്പനി കണ്ണദാസന്‍ തുടങ്ങിയപ്പോള്‍ അയ്യരെ കോ-പ്രൊഡ്യൂസറാക്കി. 'രത്തതിലകം' ആയിരുന്നു ആദ്യ സിനിമ. ശിവാജി ഗണേശന്‍, നാഗേഷ്, മനോരമ, സാവിത്രി എന്നിവര്‍ അഭിനയിച്ച ഈ സിനിമ വന്‍വിജയമായി. ഈ സമയത്ത് സത്യ സ്റ്റുഡിയോ ആരംഭിച്ചു. ഇതിന്റെ സാങ്കേതിക ഉപദേഷ്ടാവായി കൃഷ്ണയ്യര്‍െ നിയമിതനായി. അവിടെ നിര്‍മ്മിച്ച 'അരശ കട്ടിളൈ'യുടെ പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്ജായിരുന്നു കൃഷ്ണയ്യര്‍. സിനിമയെന്ന കര്‍മ്മപഥത്തിലെ അവസാന ചുവടായിരുന്നു അത്. 1960-കളുടെ ഒടുവിലുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ശസ്ത്രക്രിയയില്‍ എത്തിച്ചു. അനാരോഗ്യം ആ ജീവിതത്തില്‍നിന്നു സിനിമയെ പതുക്കെ അടര്‍ത്തിമാറ്റി. അമേരിക്കയിലേയ്ക്ക് കുടിയേറിയ ഡോക്ടര്‍ രാധയും ചെന്നൈയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രമണനുമായിരുന്നു അദ്ദേഹത്തിന്റെ സംരക്ഷകര്‍. 1997 ഒക്ടോബര്‍ ഒന്‍പതിന് മലയാള സിനിമയിലെ ആദ്യ കുലപതികളിലൊരാളായ കൃഷ്ണയ്യര്‍ ഈ ലോകത്തോട് വിടചൊല്ലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com