സൗഹൃദപ്പോരാളി: പഴവിള രമേശനെക്കുറിച്ച് എസ് രാജശേഖരന്‍ എഴുതുന്നു

സൗഹൃദപ്പോരാളി: പഴവിള രമേശനെക്കുറിച്ച് എസ് രാജശേഖരന്‍ എഴുതുന്നു

ഏറിയ അവശതയിലായിരുന്നെങ്കിലും അത്യധികം സന്തോഷവാനായിരുന്നു പഴവിള.

ത്രപ്രവര്‍ത്തകനായും സാംസ്‌കാരികക്കൂട്ടാളിയായും ഗാനരചയിതാവായും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറായും നമ്മുടെ സാംസ്‌കാരിക-ഔദ്യോഗിക ചരിത്രത്തില്‍ സ്ഥാനമുറപ്പിച്ച പഴവിള രമേശന്‍ പക്ഷേ, ചരിത്രത്തില്‍ മുഖ്യമായും അടയാളപ്പെടുത്തപ്പെടുക മലയാളത്തിലെ പ്രമുഖ കവികളിലൊരാള്‍ എന്ന നിലയിലായിരിക്കും. വിരാജിച്ച മറ്റു മേഖലകള്‍ അദ്ദേഹത്തിന് അപ്രധാനമായിരുന്നതുകൊണ്ടല്ല, തന്റെ ഏറ്റവും പ്രധാനപ്പെട്ട ജീവനരംഗമായി പഴവിള കണ്ടിരുന്നത് കവിതയെയായിരുന്നു എന്നതിനാലാണത്. കേരളസാഹിത്യ അക്കാദമിയുടെ 2019-ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പഴവിള രമേശനു കൊടുക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെ ഇപ്പറഞ്ഞ സമഗ്ര സംഭാവനകളേയും അംഗീകരിച്ചാദരിക്കല്‍ തന്നെയായി. പഴവിളയുടെ രോഗാവസ്ഥ കണക്കിലെടുത്ത് പുരസ്‌കാരദാന പരിപാടി തിരുവനന്തപുരത്താക്കുകയും  അന്നുതന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അതു നല്‍കുകയും ചെയ്തു. അങ്ങനെ ആ സമഗ്ര സംഭാവനാ പുരസ്‌കാരം നല്‍കുന്നതിനായാണ് ഡോ. ജി. ബാലമോഹനന്‍ തമ്പിയോടും അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനനോടുമൊപ്പം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അതില്‍ പങ്കുചേരുന്നതിനും ആഘോഷിക്കുന്നതിനും വലിയൊരു സംഘം തന്നെ അവിടെയുണ്ടായിരുന്നു. 

ഏറിയ അവശതയിലായിരുന്നെങ്കിലും അത്യധികം സന്തോഷവാനായിരുന്നു പഴവിള. എല്ലാവരോടും കുശലം പറയുകയും അവിടെയെത്തിയ മുഴുവനാളുകളേയും നല്ലവണ്ണം സല്‍ക്കരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുകയും ചെയ്തു അദ്ദേഹം. ആ സൗഹൃദ സാന്നിധ്യങ്ങള്‍ അദ്ദേഹത്തിലുളവാക്കിയ ഉത്സാഹത്തിന്റെ തിരത്തള്ളല്‍ തികച്ചും വ്യക്തമായിരുന്നു. എങ്കിലും കുറേക്കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''വയ്യ, അല്പമൊന്നു കിടക്കട്ടെ.''

അവിടെനിന്നു പോരുന്നതിനു മുന്‍പ് പഴവിള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം എനിക്കു തന്നു, 'ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉടല്‍.' അന്ന് പഴവിളയുടേത് അവസാനയാത്ര പറയലായിരുന്നെന്നു തിരിച്ചറിയാന്‍ പിന്നീട് ഏതാനും ദിവസങ്ങളേ വേണ്ടിവന്നുള്ളൂ; ജൂണ്‍ 13-നു രാവിലെ അദ്ദേഹം തന്റെ പ്രിയപ്പെട്ട സൗഹൃദലോകത്തോട് യാത്ര പറഞ്ഞു.

തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും കവിതയെക്കുറിച്ചുമുള്ള ആത്മസംവാദങ്ങളുടേയും പരസ്യ സംവാദങ്ങളുടേയും രേഖപ്പെടുത്തലുകളാണ് 'ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉടല്‍' എന്ന പഴവിളയുടെ ഈ അന്ത്യകാല രചനകളെ സാന്ദ്രമാക്കുന്നത്. കാഴ്ചകളും അനുഭവങ്ങളും ചിന്തകളും വികാരങ്ങളും തോന്നലുകളുമെല്ലാം വെളിയിലെത്തുന്നതിനു കവിതയല്ലാതെ മറ്റൊരു വഴിയില്ലെന്ന ബോധത്തില്‍നിന്നും ബോധ്യത്തില്‍നിന്നും പിറവിയെടുത്തതാണ് ഈ രചനകള്‍. അതുകൊണ്ട് തന്നില്‍നിന്നു തെല്ലുപോലും വേറിട്ട ഒന്നല്ലാതെ, പഴവിള രമേശനെന്ന വ്യക്തിയുടെ തികഞ്ഞൊരു സ്വത്വപ്രതിബിംബനമെന്ന നിലയില്‍ത്തന്നെ ഈ കവിതകള്‍ നിലകൊള്ളുന്നു. 

ഏതാനും വര്‍ഷങ്ങളായി തന്നെയലട്ടിയിരുന്ന ശാരീരിക ക്ലേശങ്ങളാണ് പഴവിളയെ ഏറെ മഥിച്ചിരുന്നത്. സാംസ്‌കാരിക വേദികളിലും സദസ്സുകളിലും കൂട്ടായ്മകളിലും സൗഹൃദരംഗങ്ങളിലു മെല്ലാം നിറസാന്നിധ്യമായിരുന്ന കവിയെ അതിനൊന്നിനും പ്രാപ്തനല്ലാതെ മാറ്റുന്ന ഒന്നായി ഈ ശാരീരിക ക്ലേശങ്ങള്‍. അതുണര്‍ത്തിയ തീവ്ര നൊമ്പരങ്ങളും അങ്ങനെയൊരവസ്ഥ വരുത്തിവച്ച വിധിയോടുള്ള പ്രതിഷേധങ്ങളുമെല്ലാം ഈ രചനകളിലാകെ തുടരെത്തുടരെ കടന്നെത്തുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉടല്‍ എന്ന ഗ്രന്ഥനാമം ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പോലും ഇങ്ങനെയൊരു പ്രതിഷേധത്തിന്റേയും വെല്ലുവിളിയുടേയും സൂചകമാക്കി മാറ്റുന്നു. പരാജയപ്പെടുത്താന്‍ ഉടലെത്ര ശ്രമിച്ചാലും അതില്‍നിന്നെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യുമെന്ന ദൃഢപ്രത്യയമാണത്. പരാജയപ്പെടുത്താന്‍ ഗൂഢമായി ശ്രമിക്കുന്ന വിധിയോട് പോരാടാനും അതിലേക്കു വേണ്ടി സ്വയം ശാക്തീകരിച്ചെടുക്കാനുമുള്ള ഉടലും ആയുധവുമായി തന്റെ അന്ത്യകാലത്ത് പഴവിളയ്ക്കു കവിതകള്‍ മാറി. 
മഹാകാലത്തിന്റെ 
മുഴക്കങ്ങള്‍ 
പുതുയുഗപ്പിറവികളായി 
കവിതയില്‍ 
കൊണ്ടുവരുന്നവനാണ് 
കവി. 
(പുതുമൊഴിച്ചിറകുകളുടെ ചിരിവട്ടങ്ങള്‍) എന്ന് ആടോപങ്ങളൊന്നുമില്ലാത്ത ഗദ്യപ്രസ്താവത്തെത്തന്നെ കവിതയാക്കി അദ്ദേഹമത് സാധൂകരിക്കുന്നുണ്ട്. 
മഹാകാലത്തെപ്പോലും തന്റെ ചുറ്റുവട്ടത്തെ അനുഭവങ്ങള്‍ക്കൊത്തു അരികില്‍ നിര്‍ത്താനാണ് പഴവിള ശ്രമിക്കുന്നത്. ഇരുമ്പും തുരുമ്പും ഫാനും ഔദ്യോഗിക പാനീയവും സമരപ്പന്തലും മന്ത്രിമാരും ഐ.എ.എസ് അവതാരങ്ങളും ഫയല്‍ച്ചുവടും ചുവപ്പൊളിച്ചരടും കന്നിന്‍കൂട്ടവും കവിതയും നിരൂപകരുമെല്ലാം ആ മഹാകാലത്തിന്റെ തുടരണികളില്‍ ചിലതു മാത്രം. 'അറിവ് അനന്ത സൗഭ്രാത്രത്തിനുറവയാവട്ടെ' എന്ന അഭിലാഷം (വത്സരജാലകം) ആ മഹാകാലയാനത്തിലേക്കുള്ള  ഇന്ധനവും. 

സൗഹൃദത്തിന്റെ കുലപതിയായിരുന്ന പഴവിളയുടെ കവിതകളും സൗഹൃദത്തിന്റെ ആഘോഷങ്ങളാണ്. എം.ടിയും കാനായിയും പാരീസ്  കാരികരംഗവുമായി ബന്ധപ്പെട്ട പ്രമുഖരെല്ലാംതന്നെ പഴവിളയുടെ സൗഹൃദ സദസ്സിലെന്നപോലെ ആ കവിതകളിലും തിര നീക്കിയെത്തുന്നുണ്ട്. 'ലങ്കാധിപന്‍ അകത്തുണ്ടോ' എന്നു വിളിച്ചുചോദിക്കുന്ന സി.എന്‍. ശ്രീകണ്ഠന്‍ നായരും 'പാല്‍മണം മാറാത്ത കള്ളച്ചിരിയുമായി ഷാജി എന്‍. കരുണും' കൊടിയേറ്റം ഗോപിയും അയ്യപ്പപ്പണിക്കരുമൊക്കെ 'തിരുവനന്തപുരത്തെ കേരളാ ഹൗസ്' എന്നു വിശേഷിപ്പിക്കപ്പെട്ട പഴവിളയുടെ വീട്ടിലും ജീവിതത്തിലുമെന്നപോലെ ബിംബത്വമേല്‍ക്കാത്ത സ്വരൂപങ്ങളായിത്തന്നെ കവിതയിലും വന്നു നിറയുന്നു.
'ഞാനാണ് എന്റെ കവിത' എന്ന് പഴവിളതന്നെ പറയുന്നുണ്ട്. ''എന്റെ സുഖദുഃഖങ്ങളും ശക്തിദൗര്‍ബ്ബല്യങ്ങളും രോഗവും അല്പത്തവും അമര്‍ഷങ്ങളും ആവലാതികളും അനന്ത സൗഹൃദങ്ങളും കുടുംബവും സമൂഹവുമൊക്കെ ചേര്‍ന്നു ഞാനാകുന്ന അവസ്ഥയാണ് എന്റെ കവിത'' ('പഴവിള രമേശന്റെ കവിതകള്‍', ആമുഖം) എന്ന് അദ്ദേഹം സ്വന്തം കവിതയുടെ ലോകത്തെ          നിര്‍വ്വചിക്കുന്നുണ്ട്. ആദരണീയരെന്നു താന്‍ മതിക്കുന്ന, തനിക്കൂര്‍ജ്ജം പകര്‍ന്ന വ്യക്തികളോടോ കവികളോടോ കാവ്യസംസ്‌കാരഭേദങ്ങളോടോ പ്രസ്ഥാനങ്ങളോടോ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ, അതില്‍നിന്നെല്ലാം വ്യതിരിക്തമായ സ്വന്തം നിലപാടുകളും പാതയും തീര്‍ത്തു മുന്നേറാനാണ് പഴവിള ശ്രമിച്ചത്. 1957-ലെ ആദ്യകവിത മുതല്‍ തന്റെ അവസാനകാല രചനകള്‍ വരെ ഇങ്ങനെയൊരു നിഷ്‌കര്‍ഷയും അന്യമാര്‍ഗ്ഗങ്ങളോട് തികഞ്ഞ അസ്പൃശ്യതയും അദ്ദേഹം പുലര്‍ത്തി.

താനെന്താണോ അതാണ് തന്റെ കവിതയും എന്നുറപ്പിക്കുന്ന പഴവിള, മറ്റുള്ളവരേയും ലോകത്തേയും കാണുന്നതിനും ഇടപെടുന്നതിനും രമേശനെന്ന വ്യക്തി സ്വീകരിച്ച രീതി തന്നെയാണ് കവിതാരചനയ്ക്കും സ്വീകരിച്ചത്. അതുകൊണ്ട് സ്‌നേഹമസൃണവുമെന്നപോലെ പരുഷവും കല്പനാസുരഭിലമെന്നപോലെ വസ്തുമാത്രതിക്തവും സംഗീതാത്മകമെന്നപോലെ ഗദ്യകര്‍ക്കശവുമൊക്കെയായ രചനാരീതി അദ്ദേഹത്തിനു പഥ്യമായി.

കവിതയെഴുതുക എന്നല്ലാതെ അതെങ്ങനെയെന്നു ചിന്തിക്കേണ്ട ഒരാവശ്യം പഴവിളയ്ക്കുണ്ടായിരുന്നില്ല. മനസ്സില്‍നിന്നും തന്റെ വൈവശ്യങ്ങളില്‍നിന്നും വിഭ്രാമതകളില്‍ നിന്നുമെല്ലാമുറന്നുവരുന്ന ചിന്തകളും വികാരങ്ങളും ഭാവങ്ങളുമൊക്കെ യാതൊരുവിധ കൃത്രിമത്വങ്ങളും തേച്ചുമിനുക്കലുകളുമില്ലാതെ പദങ്ങളുടെ രൂപമെടുത്തു കവിതകളായി നിരക്കുകയാണ് ചെയ്യുക.
അറുത്തെറിയാന്‍  
തൊട്ടുമുന്നില്‍  
ശിരസ്സുകളേറെപ്പക്ഷേ, 
മുറിച്ചു മാറ്റാന്‍                           
എന്റെ കാലേ 
കാലത്തിന്‍ 
വിധി (തോല്‍വിയുടെ പാഠങ്ങള്‍) 
എന്നത് ആത്മപ്രസ്താവവും കവിതയുമായിത്തീരുന്നത് കവിത ജീവിതമായതുകൊണ്ടുതന്നെ. ഇങ്ങനെ തികച്ചും അനന്യവും സ്വമാത്രകവുമായ കവിതയും കാവ്യരീതിയും സ്വന്തമാക്കിയ കവികള്‍ തീരെ വിരളം തന്നെ. 
പോരാളിയായിരുന്നു പഴവിള രമേശന്‍. എന്തിനോടും നിരന്തരം പോരാടുകയും എല്ലാറ്റിനേയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയും അതിനോടെല്ലാം കലഹിക്കുകയും ചെയ്ത ഒരാള്‍. താന്‍ ഏറ്റവും സ്‌നേഹിച്ചവയോട്, അതു വ്യക്തിയോ പ്രസ്ഥാനമോ എന്തുമാവട്ടെ, അദ്ദേഹത്തിന്റെ കലഹവും പോരാട്ടവും ഏറ്റവും തീക്ഷ്ണമായിരുന്നു. പുരോഗമനപ്രസ്ഥാനത്തോട് അദ്ദേഹം നടത്തിയ കലഹം അതിന്റെ ഒരു ഭാഗമാണ്. (വ്യക്തിയെന്ന നിലയിലായാലും പ്രസ്ഥാനത്തിന്റെ പേരിലായാലും അത് പഴവിളയില്‍നിന്ന് ഏറെ അനുഭവിക്കേണ്ടിവന്നിട്ടുമുണ്ട്.) താനാഗ്രഹിക്കുന്ന, തനിക്കൊരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത (ഒരാദര്‍ശ) ലോകത്തിലേക്കു ഒന്നുംതന്നെ എത്തുന്നില്ലെന്ന കവിത്വസഹജമെന്നു വിശേഷിപ്പിക്കാവുന്ന ഒരസംതൃപ്തിയാണ് ആ നിതാന്തകലഹത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 
എന്നിരുന്നാലും, അവസാനകാലമായപ്പോള്‍ വല്ലാതെ കറുത്തൊരു നൈരാശ്യം അദ്ദേഹത്തെ പിടികൂടിയിരുന്നതും കാണാതിരുന്നുകൂടാ.     
നല്ലവര്‍ എന്ന വാക്ക് 
എന്റെ നിഘണ്ടുവില്‍നിന്ന് 
ചീന്തി മാറ്റി (ചങ്ങമ്പുഴയിലേക്ക്) എന്നും
ഒരു ജീവിതം കൊണ്ട് 
എല്ലാം നഷ്ടപ്പെടുത്തിയ 
ഈ ഞാന്‍ തന്നെയല്ലേ  
ആ അച്ഛനും മകനും?   (നടുക്കം) 
എന്നും സ്വാനുഭവപരമായി കവി കുറിക്കുമ്പോള്‍ അദ്ദേഹം കാലത്തിന്റെ നടുക്കം എന്ന അനുഭവം നമ്മിലേക്കു പകരുകയായിരുന്നു എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുകൂടിയാവാം,                 
പാവങ്ങളില്‍നിന്നു                         
കവര്‍ന്നെടുത്ത                        
പ്രവാചകമൊഴികള്‍                          
അവര്‍ക്ക്                           
നീ                                  
തിരിച്ചു നല്‍കുക (തൃഷ്ണ) 
എന്ന് വിധി തീര്‍ക്കാന്‍ അദ്ദേഹത്തിനു മടിക്കേണ്ടിവന്നില്ല. 
എന്നാല്‍, നിതാന്തമായ പ്രത്യാശ നിലനിര്‍ത്തിത്തന്നെയാണ് പോരാളിയുടെ പിന്‍മടക്കം.
എല്ലാം                         
സമത്വം                              
സുന്ദരം                              
അല്ലെങ്കില്‍                         
അങ്ങോട്ടുള്ള വഴി.  (കൊച്ചപ്പന്‍)
എന്നു മാത്രമല്ല, അതെല്ലാം കാണാന്‍ താനുണ്ടാവുമെന്നുംകൂടി പഴവിള കവിതയില്‍ കൊത്തിവെച്ചു :                         
അപ്പോള്‍                            
ജീവനില്ലാതായാല്‍                      
എല്ലാത്തിനോടുമൊപ്പം                    
ഞാനുമുണ്ടാകുമെന്നാണോ                      
എന്റെ തന്നെ                           
മറുപക്ഷം? (മറുപക്ഷം) 
ലോകത്തെ വിട്ടൊഴിയാന്‍ തെല്ലും ഇഷ്ടപ്പെടാത്ത ആ സ്‌നേഹക്കലഹി അതെല്ലാം കാണാനും അറിയാനുമായി കവിതയും ജീവിതവും സ്വപ്നവും കലഹവുമെന്ന വഴിയില്‍ നമ്മോടൊപ്പമുണ്ട്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com