സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന പാട്ടുകള്‍: സേതുമാധവന്റെ ചിത്രങ്ങളിലെ അനശ്വരഗാനങ്ങള്‍

''പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ...''
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന പാട്ടുകള്‍: സേതുമാധവന്റെ ചിത്രങ്ങളിലെ അനശ്വരഗാനങ്ങള്‍

ഹാനടനായ സത്യന്റെ മുഖമാണ് സ്‌ക്രീനില്‍. പശ്ചാത്തലത്തില്‍ യേശുദാസിന്റെ ഗന്ധര്‍വ്വ നാദം: ''പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ...'' വേദനയും നിരാശയും ആത്മനിന്ദയുമെല്ലാം നിഴലിക്കുന്ന ആ പരുക്കന്‍ മുഖത്തിന്റെ ക്ലോസപ്പ് ഷോട്ടില്‍നിന്ന് മെല്ലി ഇറാനിയുടെ ക്യാമറ നേരെ പ്രകൃതിയിലേയ്ക്കും പിന്നെ പഴയ കൊച്ചിയുടെ നഗരക്കാഴ്ചകളിലേയ്ക്കും. ജൂബ തെറുത്തുവെച്ച് കൈവീശി, നെഞ്ചുവിരിച്ച് റോഡരികിലൂടെ നടന്നുവരുകയാണ് സത്യന്‍. വയലാറിന്റെ വരികളിലൂടെ, ദേവരാജന്റെ ഈണത്തിലൂടെ യേശുദാസ് ഒഴുകിക്കൊണ്ടേയിരിക്കുന്നു: ''ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നു, ധര്‍മ്മനീതികള്‍ താടി വളര്‍ത്തി തപസ്സിരിക്കുന്നു...''

'അനുഭവങ്ങള്‍ പാളിച്ചകളി'ലെ ഇനിയും കണ്ടു മതിവന്നിട്ടില്ലാത്ത ഒരു ഗാനരംഗം. ഗാനത്തിന്റെ ശില്പികളിലൊരാളായ ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പമിരുന്ന് അതു ടെലിവിഷനില്‍ കാണാനുള്ള അപൂര്‍വ്വ ഭാഗ്യമുണ്ടായിട്ടുണ്ട് ഒരിക്കല്‍. കൊല്ലം ഗസ്റ്റ്ഹൗസിലെ മുറിയില്‍  നിശ്ശബ്ദനായി ആ രംഗം കണ്ടുകിടക്കേ ആത്മഗതംപോലെ മാസ്റ്റര്‍ പറഞ്ഞു: ''എന്തൊരു നടനായിരുന്നു സത്യന്‍.'' പിന്നെ സ്‌ക്രീനിലേയ്ക്ക് വിരല്‍ചൂണ്ടി ഇത്രകൂടി: ''എന്റെ പാട്ടുകളില്‍ ഏറ്റവും നന്നായി ചിത്രീകരിച്ചിട്ടുള്ള ഒരു പാട്ട്. സേതുമാധവന്റേയും മെല്ലി ഇറാനിയുടേയും കഴിവാണത്. രണ്ടുപേരും സംഗീതത്തോട് സ്‌നേഹമുള്ളവര്‍. വയലാറിനും വലിയ ഇഷ്ടമായിരുന്നു ഇതിന്റെ ചിത്രീകരണം...''

15 വര്‍ഷത്തിനിപ്പുറം ആ അനുഭവം ഓര്‍ത്തെടുത്തു വിവരിച്ചപ്പോള്‍ വികാരഭരിതനായി കെ.എസ്. സേതുമാധവന്‍. ''ആ രംഗങ്ങളൊക്കെ കാണുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ വന്നു മനസ്സിനെ മൂടും. വയലാര്‍, ദേവരാജന്‍, സത്യന്‍ ഇവരുടെയൊക്കെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍. മരിച്ചുകൊണ്ടിരിക്കുന്ന സത്യനെയാണ് നിങ്ങള്‍ ആ സീനില്‍ കാണുക. 60 ശതമാനം അദ്ദേഹം മരിച്ചുകഴിഞ്ഞു. ആ സത്യം അദ്ദേഹത്തിന് അറിയാം. പക്ഷേ, മറ്റുള്ളവരാരും അതറിയരുതെന്നു നിര്‍ബ്ബന്ധമുണ്ട്. അതുപോലൊരു മഹാനടനെ, മനുഷ്യനെ

എങ്ങനെ മറക്കാനാകും നമുക്ക്?'' അടുത്തകാലത്തായി അത്തരം ഓര്‍മ്മകള്‍ ഇടയ്ക്കിടെ വന്നു നൊമ്പരപ്പെടുത്താറുണ്ടെന്നു പറയുന്നു മലയാള സിനിമയുടെ തലക്കുറി തിരുത്തിയ സംവിധായകന്‍. ''ഈയിടെ ആരോ വാട്സ്ആപ്പില്‍ ഒരു വീഡിയോ ഫോര്‍വേഡ് ചെയ്തു.  വയലാറിന്റെ മകനും ദേവരാജന്റെ മകളും ചേര്‍ന്ന് 'ഭാര്യ'യിലെ 'പെരിയാറേ' എന്ന പാട്ട് പാടുകയാണ്. ആ കാഴ്ച കണ്ട്  ഒന്നും ഉരിയാടാനാകാതെ അങ്ങനെ നിന്നുപോയി ഞാന്‍. കണ്ണ് നിറഞ്ഞു. ശരിക്ക് ഉറങ്ങാന്‍പോലും കഴിഞ്ഞില്ല അന്ന്. അത്രയേറെ തീക്ഷ്ണവും വികാരഭരിതവുമായിരുന്നു ആ വീഡിയോ ഉണര്‍ത്തിയ ഓര്‍മ്മകള്‍.''
എങ്ങനെ ഉറങ്ങാന്‍ കഴിയും സേതുമാധവന്? ഒന്നു കണ്ണടച്ചാല്‍ മുന്നില്‍ തെളിയുക വയലാറിന്റേയും ദേവരാജന്റേയും മുഖങ്ങള്‍. മനസ്സില്‍ വന്നു നിറയുക ഇരുവരും ചേര്‍ന്നു സമ്മാനിച്ച പാട്ടുകളുടെ ആര്‍ദ്ര സ്മരണകള്‍. ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം അവരിരുവരും കാലത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്ത് മറഞ്ഞുവെന്നു വിശ്വസിക്കാനാകുന്നില്ല സേതുമാധവന്. ഇവിടെയൊക്കെത്തന്നെ ഉണ്ടാകും അവര്‍; നൂറുക്കണക്കിനു മനോഹര ഗാനങ്ങളായി എന്നു സ്വയം സമാശ്വസിക്കുന്നു അദ്ദേഹം. ''ആ പാട്ടുകള്‍ കൂടാതെ എന്റെ സിനിമാ ജീവിതം പൂര്‍ണ്ണമാകുന്നില്ലല്ലോ. അനശ്വര ഗാനങ്ങളായിരുന്നു അവയെല്ലാം എന്നു നിങ്ങള്‍ പറയുമ്പോള്‍ ദൈവത്തിനു നന്ദി പറയുന്നു ഞാന്‍. വയലാറും ദേവരാജനും സത്യനുമൊക്കെ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്...''

ഓര്‍ക്കുക: മലയാള സിനിമാ ചരിത്രത്തിലെ ക്ലാസ്സിക്കുകളായി വാഴ്ത്തപ്പെടുന്ന പല പാട്ടുകളും നാം കണ്ടതും കേട്ടതും സേതുമാധവന്റെ ചിത്രങ്ങളിലാണ്. അവയില്‍ ഭൂരിഭാഗവും വയലാര്‍ ദേവരാജന്‍ സൃഷ്ടികളായിരുന്നു. നിത്യകന്യക (1963) മുതല്‍ ചുവന്ന സന്ധ്യകള്‍ (1975) വരെ 28 സിനിമകള്‍. അവയിലെ പാട്ടുകള്‍ ഓരോന്നും ഓരോ ഭാവശില്പം. കണ്ണുനീര്‍ മുത്തുമായ് (നിത്യകന്യക), കറുത്ത പെണ്ണേ കരിങ്കുഴലീ (അന്ന), ഇടയകന്യകേ, അഷ്ടമുടിക്കായലിലെ (മണവാട്ടി), കണികാണും നേരം, ആകാശ ഗംഗയുടെ കരയില്‍ (ഓമനക്കുട്ടന്‍), കാറ്റില്‍ ഇളം കാറ്റില്‍, അമ്പലക്കുളങ്ങരെ (ഓടയില്‍നിന്ന്), ഏകാന്തകാമുകാ, വേദന (ദാഹം), ഹിമവാഹിനി, ആകാശങ്ങളിലിരിക്കും (നാടന്‍പെണ്ണ്), പാരിജാതം, പൂവും പ്രസാദവും, പ്രേമിച്ചു പ്രേമിച്ചു (തോക്കുകള്‍ കഥ പറയുന്നു), സ്വര്‍ണ്ണച്ചാമരം, വിളിച്ചു ഞാന്‍ വിളികേട്ടു (യക്ഷി), ഇന്ദ്രനീല യവനിക (കൂട്ടുകുടുംബം), ഉജ്ജയിനിയിലെ ഗായിക, കസ്തൂരിത്തൈലമിട്ട് (കടല്‍പ്പാലം), താഴമ്പൂ മണമുള്ള, മാനസേശ്വരീ (അടിമകള്‍), സീതാദേവി സ്വയംവരം ചെയ്തൊരു, ചലനം ചലനം, കാറ്റും പോയ് (വാഴ്വേമായം), അനുപമേ അഴകേ, സ്വരങ്ങളേ സപ്തസ്വരങ്ങളേ (അരനാഴികനേരം), അദൈ്വതം ജനിച്ച നാട്ടില്‍, തൃക്കാക്കര പൂ പോരാഞ്ഞ് (ലൈന്‍ ബസ്), പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക (ഒരു പെണ്ണിന്റെ കഥ), കാറ്റു വന്നു കള്ളനെപ്പോലെ (കരകാണാക്കടല്‍), പുഷ്യരാഗ മോതിരമിട്ടൊരു (ഇന്‍ക്വിലാബ് സിന്ദാബാദ്), മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, കണ്ണിനും കണ്ണാടിക്കും (അച്ഛനും ബാപ്പയും), സാമ്യമകന്നോരുദ്യാനമേ, ചന്ദ്രകിരണം (ദേവി), പ്രേമഭിക്ഷുകി, സൂര്യകാന്ത കല്‍പ്പടവില്‍ (പുനര്‍ജന്മം), കാദംബരി, വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ (ചുക്ക്), മന്ദസമീരനില്‍, ജൂലി നിന്റെ ഗിറ്റാറിന്‍ മാറില്‍ (ചട്ടക്കാരി), പൂവുകള്‍ക്ക് പുണ്യകാലം, കാളിന്ദീ കാളിന്ദീ (ചുവന്ന സന്ധ്യകള്‍)... മനുഷ്യജീവിതത്തിന്റെ സമസ്ത ഭാവങ്ങളേയും വികാരങ്ങളേയും തഴുകിയൊഴുകുന്ന ഗാനങ്ങള്‍. അവയിലൊന്നെങ്കിലും കേള്‍ക്കാതെ മലയാളിയുടെ ദിവസങ്ങള്‍ കടന്നുപോകുന്നില്ല എന്നതല്ലേ സത്യം?

പി ഭാസ്‌കരന്‍
പി ഭാസ്‌കരന്‍


 
ആദ്യം വയലാര്‍, പിന്നെ ദേവരാജന്‍ 
ചെന്നൈ അഡയാറിലെ ജൂപ്പിറ്റര്‍ സ്റ്റുഡിയോയിലേക്ക് വിടര്‍ന്ന ചിരിയോടെ നടന്നുവരുന്ന ഉയരം കുറഞ്ഞ മനുഷ്യനാണ് സേതുമാധവന്റെ യൗവ്വനസ്മരണയിലെ വയലാര്‍ രാമവര്‍മ്മ. വയലാറിനെക്കുറിച്ച് ആദ്യം അറിയുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്ന അദ്ദേഹത്തിന്റെ 'സൂര്യകാന്തിപ്പൂ' എന്ന കവിതയിലൂടെയാണ്. ലളിതവും സുന്ദരവുമായിരുന്നു ആ രചന. പിന്നീട് 'കണ്ണും കരളും' എന്ന സിനിമ തുടങ്ങുമ്പോള്‍ കെ.ടി. മുഹമ്മദ് വയലാറിനെ ഗാനരചയിതാവായി നിര്‍ദ്ദേശിക്കുന്നു. അതിനൊരു പശ്ചാത്തലം കൂടി ഉണ്ട്. പി. ഭാസ്‌കരനേയും എം.എസ്. ബാബുരാജിനേയും പടത്തിലെ സംഗീതസൃഷ്ടിയുടെ ചുമതല ഏല്പിക്കണം എന്ന് ആഗ്രഹിച്ചതാണ് സേതുമാധവന്‍. 'കണ്ടം ബെച്ച കോട്ടി'ന്റെ നിര്‍മ്മാണ നാളുകളിലേ ഇരുവരേയും അടുത്തറിയാം അദ്ദേഹത്തിന്. അവരുടെ കഴിവുകളില്‍ പൂര്‍ണ്ണ വിശ്വാസവുമുണ്ട്. എന്നാല്‍, നിര്‍മ്മാതാവ് മനസ്സില്‍ കണ്ടത് എം.ബി. ശ്രീനിവാസനെ. തമിഴില്‍ എം.ബി.എസ് പ്രശസ്തനായി തുടങ്ങിയിട്ടേയുള്ളു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ സേതുമാധവന്റെ സീനിയര്‍ ആയിരുന്നു ശ്രീനിവാസന്‍.  ''എം.ബി.എസ്സും രവീന്ദ്ര വര്‍മ്മയുമൊക്കെയാണ് അന്ന് കോളേജിലെ ഹീറോകള്‍. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ മാത്രമല്ല, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമാണ് എം.ബി.എസ്. എന്റെ സിനിമയില്‍ അദ്ദേഹം സംഗീത സംവിധായകനായി വരുന്നതില്‍ അതുകൊണ്ടുതന്നെ സന്തോഷമേ ഉണ്ടായിരുന്നുള്ളു.''

വയലാര്‍

ഗാനരചയിതാവായി പി. ഭാസ്‌കരന്‍ വേണമെന്നായിരുന്നു സേതുമാധവന്റെ ആഗ്രഹമെങ്കിലും അവിടെയും നിര്‍മ്മാതാക്കള്‍ ഇടപെട്ടു. സംവിധായകനായി പേരെടുത്തു കഴിഞ്ഞിരുന്ന ഭാസ്‌കരനെ പാട്ടെഴുത്തുകാരനായി നിയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. ആ ഘട്ടത്തിലാണ് പടത്തിന്റെ കഥ, സംഭാഷണ രചയിതാവ് കെ.ടി. മുഹമ്മദ് വയലാറിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. വിരോധമൊന്നും പ്രകടിപ്പിച്ചില്ല സേതുമാധവന്‍. ''വയലാര്‍ എന്നു കേട്ടപ്പോള്‍ ഉള്ളില്‍ ഒരു ചിത്രമുണ്ടായിരുന്നു. വെളുത്ത് മെലിഞ്ഞ സുമുഖനായ ഒരു യുവാവ്. എനിക്കേറെ പ്രിയപ്പെട്ട കവി ഷെല്ലിയുടെ രൂപത്തിലാണ് ഞാന്‍ അദ്ദേഹത്തെ സങ്കല്പിച്ചത്. സ്റ്റുഡിയോയിലേക്ക് നടന്നുവന്ന ആളാകട്ടെ, അല്പം തടിച്ചുരുണ്ട് ഉയരം കുറഞ്ഞ ഇരുനിറമുള്ള ചെറുപ്പക്കാരന്‍. പക്ഷേ, വന്നതും ഞങ്ങള്‍ എളുപ്പം സുഹൃത്തുക്കളായി. എത്രയോ കാലമായി പരിചയമുള്ള ആളെപ്പോലെയായിരുന്നു വയലാറിന്റെ പെരുമാറ്റം.'' സുദീര്‍ഘമായ ഒരു സൗഹൃദത്തിന്റെ തുടക്കമായി ആ സമാഗമം; വയലാറിന്റെ മരണം വരെ നീണ്ട സൗഹൃദം. അതേ ചിത്രത്തില്‍ പാടാന്‍ വന്ന ശുഭ്രവസ്ത്രധാരിയായ മെലിഞ്ഞ ചെറുപ്പക്കാരനേയും ഓര്‍ക്കുന്നു സേതുമാധവന്‍. ''മുഹമ്മദ് റഫിയുടേയും തലത്ത് മഹ്മൂദിന്റേയും ആലാപനത്തിന്റെ റേഞ്ച് ഉള്ള പാട്ടുകാരന്‍'' എന്ന മുഖവുരയോടെ എം.ബി.എസ് പരിചയപ്പെടുത്തിയ ആ യുവാവ് മലയാളികളുടെ പ്രിയ ഗാനഗന്ധര്‍വ്വനായി മാറിയത് പില്‍ക്കാല ചരിത്രം.

ദേവരാജന്‍
ദേവരാജന്‍

'കണ്ണും കരളും' എന്ന സിനിമയില്‍ വയലാറിന്റെ രചനയില്‍ പാടിയ ആരേ കാണാന്‍ അലയുന്നു കണ്ണുകള്‍ എന്ന ഗാനമായിരുന്നു യേശുദാസിന്റെ സംഗീത ജീവിതത്തിലെ ആദ്യത്തെ ഹിറ്റ്. ''തലത്തിന്റേയും റഫിയുടേയും റേഞ്ച് ഉള്ള ഒരു ഗാനം കംപോസ് ചെയ്യാന്‍ എം.ബി.എസ്സിനോട് ആവശ്യപ്പെടുകയായിരുന്നു ഞാന്‍. പുതിയ ഗായകന്റെ കഴിവുകള്‍ അളക്കാന്‍ കഴിയുന്ന ഒരു പാട്ട്. മന്ദ്രസ്ഥായിയില്‍ തുടങ്ങി താരസ്ഥായിയില്‍ അവസാനിക്കുന്ന ഒരു ഗാനം എം.ബി.എസ് യേശുദാസിനുവേണ്ടി സൃഷ്ടിക്കുന്നു. അതായിരുന്നു ആരെ കാണാന്‍ അലയുന്നു കണ്ണുകള്‍. പരീക്ഷണം അതിമനോഹരമായിത്തന്നെ ഏറ്റെടുത്തു വിജയിപ്പിച്ചു യേശുദാസ്.'' പിന്നീടുള്ളത് ചരിത്രം.

മുഹമ്മദ് റഫി
മുഹമ്മദ് റഫി

ആ കൂട്ടുകെട്ടിലേക്ക് ദേവരാജന്‍ കടന്നുവന്നത്  'നിത്യകന്യക' എന്ന ചിത്രത്തിലൂടെ.  'എതിര്‍ പാരാതത്' എന്ന തമിഴ് ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു നിത്യകന്യക. നിര്‍മ്മാതാക്കളുമായുള്ള അടുപ്പത്തിന്റെ പേരില്‍ സേതുമാധവന്‍ മനസ്സില്ലാമനസ്സോടെ ഏറ്റെടുത്ത പ്രോജക്ട്. ഗാനരചന വയലാറിനെ ഏല്പിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അദ്ദേഹം. സംഗീത സംവിധായകനായി ദേവരാജന്റെ പേര്‍ നിര്‍ദ്ദേശിച്ചത് വയലാര്‍ തന്നെ. ''കൂടുതല്‍ അടുപ്പം തമിഴ് സിനിമയുമായിട്ടായിരുന്നതിനാല്‍ മലയാളത്തിലെ സംഗീത പ്രതിഭകളെ കുറിച്ചൊന്നും വലിയ അറിവില്ല എനിക്ക്. ദേവരാജന്‍ എന്നൊരാളെപ്പറ്റി കേട്ടിട്ടുപോലുമില്ല. പക്ഷേ, വയലാറിന് അദ്ദേഹത്തിന്റെ കഴിവുകളില്‍ പൂര്‍ണ്ണ വിശ്വാസമായിരുന്നു. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.'' ഗാനസൃഷ്ടിക്കായി ജൂപ്പിറ്റര്‍  സ്റ്റുഡിയോയില്‍ വന്ന ദേവരാജന് താന്‍ കണ്ടു പരിചയിച്ച സംഗീത സംവിധായകരുടെ രൂപമേ ആയിരുന്നില്ല എന്നോര്‍ക്കുന്നു സേതുമാധവന്‍. കറുത്ത് മെലിഞ്ഞ ഒരു മനുഷ്യന്‍. ഒരു സാധാരണ ഷര്‍ട്ടും മുണ്ടും വേഷം. വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളോ പരിവാരങ്ങളോ ഒന്നുമില്ല. ചിരിയിലും സംസാരത്തിലുമൊക്കെ ചെറിയ പിശുക്കുണ്ട്. വളരെ പതുക്കെ, ഇഴയുന്ന മട്ടിലാണ് സംസാരം. പാട്ടിന്റെ കാര്യം എന്താകുമോ ആവോ എന്നു മനസ്സില്‍ പറഞ്ഞു സേതുമാധവന്‍. പക്ഷേ, ഈണങ്ങള്‍ ഒന്നൊന്നായി വന്നു തുടങ്ങിയതോടെ കഥ മാറി. ദേവരാജന്‍ പാടിക്കേള്‍പ്പിച്ച ആദ്യ പാട്ടില്‍ത്തന്നെ ഉണ്ടായിരുന്നു സീമാതീതമായ ആ പ്രതിഭയുടെ തിളക്കം. തമിഴ് പതിപ്പില്‍ എ.എം. രാജയും ജിക്കിയും വെവ്വേറെ സോളോ ആയി പാടിയ വിഷാദച്ഛായയുള്ള  ''സിര്‍പി സെതുക്കാത പോര്‍ച്ചിലയെ'' എന്ന ഗാനത്തിന്റെ സന്ദര്‍ഭത്തിന് ഇണങ്ങുംവിധം വയലാര്‍ എഴുതിയ ''കണ്ണുനീര്‍ മുത്തുമായ്'' എന്ന ഗാനം ദേവരാജന്‍ ചിട്ടപ്പെടുത്തി കേള്‍പ്പിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്ന് സേതുമാധവന്‍. ''ഇമ്പമുള്ള നല്ലൊരു പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഇഷ്ടപ്പെടാറുണ്ട്. പക്ഷേ, ഇത് അങ്ങനെയല്ല. കേള്‍ക്കാനും ആസ്വദിക്കാനും മാത്രമല്ല, മനസ്സില്‍ കൊണ്ടുനടക്കാന്‍ കൂടിയുള്ളതാണ് പാട്ടെന്നു പഠിപ്പിച്ചത് ദേവരാജനാണ്. കണ്ണുനീര്‍ മുത്തുമായ് ഒരു തവണ ആസ്വദിച്ചു മറന്നുകളയാനുള്ള പാട്ടായിരുന്നില്ല. ഒന്നോ രണ്ടോ തവണ കേട്ടപ്പോഴേക്കും ക്ഷണിക്കാതെ തന്നെ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കയറി ഇരുന്നുകളഞ്ഞു അത്. 50 വര്‍ഷം കഴിഞ്ഞിട്ടും ആ പാട്ട് അവിടെത്തന്നെ ഉണ്ട്. അതാണ് ദേവരാജന്റെ മാജിക്.''
 
ഒരു കുടുംബം പോലെ 
     
കാഴ്ചയില്‍ പരുക്കനാണ് ദേവരാജന്‍. അധികം സംസാരമില്ല. പരദൂഷണം ഒട്ടുമില്ല. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആരും ശല്യപ്പെടുത്തുന്നത് ഇഷ്ടവുമല്ല. സേതുമാധവനും ഏതാണ്ട് അതേ പ്രകൃതക്കാരന്‍ ആയതുകൊണ്ടാവാം ഇരുവരും എളുപ്പം അടുത്തു. വയലാര്‍ ആയിരുന്നു ഇരുവരേയും ബന്ധിപ്പിച്ചുനിര്‍ത്തിയ മറ്റൊരു കണ്ണി. ആദ്യം ഒരുമിച്ച ''നിത്യകന്യക'' ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാതെ മൃതിയടഞ്ഞിട്ടും അടുത്ത അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വയലാര്‍-ദേവരാജന്‍ ടീമിനെത്തന്നെ പരീക്ഷിക്കാന്‍ സേതുമാധവന്‍ തീരുമാനിച്ചത് ഈ അസാധാരണമായ ഹൃദയൈക്യത്തിന്റെ പിന്‍ബലത്തിലാവണം. അന്ന, മണവാട്ടി, ഓമനക്കുട്ടന്‍, ഓടയില്‍നിന്ന്, ദാഹം... എല്ലാം വയലാര്‍ ദേവരാജന്മാരുടെ സംഗീത മുദ്ര പതിഞ്ഞ ചിത്രങ്ങള്‍. 
അന്നയും മണവാട്ടിയും ഒന്നും അത്ര വലിയ വിജയങ്ങളായിരുന്നില്ല. പരാജയപ്പെട്ട ചിത്രങ്ങളിലെ സംഗീതശില്പികളെ തുടര്‍ച്ചയായി വരും ചിത്രങ്ങളിലും സഹകരിപ്പിച്ചതിനു പിന്നിലെ ചേതോവികാരം എന്തായിരുന്നുവെന്നു ചോദിച്ചിട്ടുണ്ട് സേതുമാധവനോട്. ''അങ്ങനെ ചിന്തിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. വയലാറും ദേവരാജനുമായി ഞാന്‍ അത്രയും അടുത്തുകഴിഞ്ഞിരുന്നു. പ്രൊഫഷണല്‍ ബന്ധത്തിന് അപ്പുറത്ത് സുദൃഢമായ ഒരു ആത്മബന്ധം എന്നു വേണമെങ്കില്‍ പറയാം. എന്റെ കുടുംബത്തിലെ അംഗങ്ങള്‍ പോലെയായിക്കഴിഞ്ഞിരുന്നു അവര്‍. സ്വാര്‍ത്ഥതയുടെ നേരിയ അംശം പോലുമുണ്ടായിരുന്നില്ല ഞങ്ങളുടെ ബന്ധത്തില്‍. പ്രശംസയും വിമര്‍ശനവും ഒരുപോലെ, തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ മടിയും ഉണ്ടായിരുന്നില്ല.''

വെള്ളിത്തിരയിലെ സത്യന്റെ ജ്വലിക്കുന്ന സാന്നിധ്യം കൂടി ചേര്‍ന്നപ്പോള്‍ ഈ കൂട്ടുകെട്ടിന്റെ ഓരോ ഗാനവും അപ്രതീക്ഷിത മാനങ്ങള്‍ കൈവരിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നു  മലയാളികള്‍. ആഴമുള്ള ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട ഗാനങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു സത്യന്. മഞ്ഞിലാസ് ചിത്രങ്ങളിലാണ് അത്തരം ഗാനങ്ങള്‍ അധികവും നാം കണ്ടതും കേട്ടതും. ''ഗാനരംഗങ്ങളില്‍ ശോഭിച്ചിട്ടുള്ളത് പ്രേംനസീര്‍ തന്നെ.'' ദേവരാജന്‍ ഒരിക്കല്‍ പറഞ്ഞു. ''എങ്കിലും കൂടുതല്‍ താളബോധം സത്യനായിരുന്നു. അത്യാവശ്യം പാടുകയും ചെയ്യും.'' അങ്ങേയറ്റം ഗൗരവത്തോടെ, ഓരോ ഗാനരംഗവും വ്യത്യസ്തമായ ശൈലിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ചു സത്യന്‍. പ്രവാചകന്മാരെ എന്ന ഗാനരംഗത്തെ സത്യനെയല്ല 'യക്ഷി'യിലെ സ്വര്‍ണ്ണച്ചാമരത്തിന്റെ സീനില്‍ നാം കാണുക. അടിമകളിലെ താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ എന്ന പാട്ടു പാടുന്ന കാമുകനില്‍നിന്നു തീര്‍ത്തും വ്യത്യസ്തനാണ് വാഴ്വേമായത്തിലെ ''സീതാദേവി സ്വയംവരം ചെയ്‌തൊരു'' എന്ന ഗാനം ഷീലയോടൊപ്പം പാടി അഭിനയിക്കുന്ന ഭര്‍ത്താവായ സത്യന്‍. ചെറുപ്പത്തില്‍ താന്‍ മാനഭംഗപ്പെടുത്തിയ സ്ത്രീയുടെ പ്രതികാരവാഞ്ഛയ്ക്കു മുന്നില്‍ ആകെ തകര്‍ന്നുപോയ മാധവന്‍ തമ്പിയായി 'ഒരു പെണ്ണിന്റെ കഥ'യിലെ സൂര്യഗ്രഹണം എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന സത്യന്‍ എത്ര അനായാസമായാണ് ത്രിവേണിയില്‍ ''കെഴക്കു കെഴക്കൊരാന'' എന്ന പാട്ടുപാടി കുട്ടിയെ താലോലിച്ചുറക്കുന്ന വാത്സല്യനിധിയായ അച്ഛനായി വേഷപ്പകര്‍ച്ച നടത്തുന്നത്.

''അവസാന നാളുകളില്‍ മരണം മുന്നില്‍ കണ്ടുകൊണ്ടുതന്നെ സത്യന്‍ തന്മയത്വത്തോടെ അഭിനയിച്ചുതീര്‍ത്ത പല ഗാനരംഗങ്ങളും ഇന്നു കാണുമ്പോള്‍ അത്ഭുതം തോന്നും; തെല്ലൊരു വിഷമവും.'' സേതുമാധവന്‍ പറയുന്നു. ''അനുഭവങ്ങള്‍ പാളിച്ചകളിലെ സത്യന്റെ അഭിനയം കണ്ട് ''ഐ ഹാവ് സീന്‍ എ മാന്‍ ഓണ്‍ ദി സ്‌ക്രീന്‍'' എന്ന് അനുഗ്രഹീത നടന്‍ ഉത്പല്‍ ദത്ത് എഴുതിയത് വെറുതെയല്ല. അതായിരുന്നു യഥാര്‍ത്ഥ സത്യന്‍. ചലനമറ്റ ആ ശരീരത്തിന് അടുത്തു നില്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്ന വേദനയുടെ ആഴം ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല. എല്ലാം തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍. ജീവിതത്തിന്റെ ഒരു ഭാഗം അടര്‍ന്നുപോയ പോലെ. എല്ലാം കഴിഞ്ഞില്ലേ, ഇനിയെന്ത് എന്ന് ആരോ മനസ്സിലിരുന്ന് മന്ത്രിക്കുന്നു.'' സേതുമാധവന്റെ വാക്കുകളില്‍ നേര്‍ത്ത ഗദ്ഗദം. അനുഭവങ്ങള്‍ പാളിച്ചകളിലെ ക്ലൈമാക്‌സ് രംഗത്തിനുവേണ്ടി ''അഗ്‌നിപര്‍വ്വതം പുകഞ്ഞു ഭൂചക്രവാളങ്ങള്‍ ചുവന്നു, മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു രക്തപുഷ്പം വിടര്‍ന്നൂ''  എന്നെഴുതുമ്പോള്‍ വയലാര്‍ ചിന്തിച്ചുകാണില്ല തന്റെ വാക്കുകള്‍ക്ക് അറം പറ്റുമെന്ന്. ആ രംഗം ചിത്രീകരിക്കുമ്പോഴേക്കും മൃത്യു വന്നു കൂട്ടിക്കൊണ്ടുപോയിരുന്നു സത്യനെ. 

രണ്ടു വ്യത്യസ്ത ലോകങ്ങള്‍ 
 
ദേവരാജനുമൊത്തുള്ള ഗാനസൃഷ്ടിയുടെ നിമിഷങ്ങള്‍ ഇന്നും അമൂല്യനിധിയായി ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു സേതുമാധവന്‍. വയലാര്‍ എഴുതിയ പാട്ട് കയ്യില്‍ കിട്ടിയാല്‍ ശ്രദ്ധയോടെ വായിച്ചുനോക്കിയ ശേഷം ഹാര്‍മോണിയവുമായി ചിട്ടപ്പെടുത്താനിരിക്കും അദ്ദേഹം. മൂക സാക്ഷിയായി അതേ മുറിയില്‍ മിക്കപ്പോഴും സേതുമാധവനുമുണ്ടാകും. പരസ്പരം വലിയ മിണ്ടാട്ടമൊന്നുമില്ല. ''ദേവരാജന്‍ പാട്ടുമായി അയാളുടെ ലോകത്ത്. ഞാന്‍ എന്റെ ചിന്തകളുടെ ലോകത്തും. ഇടയ്ക്ക് ചില ഈണങ്ങള്‍ മൂളുന്നത് കേള്‍ക്കാം. എന്റെ വക അഭിപ്രായപ്രകടനം ഒന്നുമുണ്ടാവില്ല. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഹാര്‍മോണിയം അടച്ചുവെച്ച് പതുക്കെ എഴുന്നേല്‍ക്കും അദ്ദേഹം. അജന്താ ഹോട്ടലിലെ സ്വന്തം മുറിയിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കമാണ്. പോകും മുന്‍പ് എന്റെ അടുത്തു വന്ന് ഇത്രമാത്രം പറയും: ഞാന്‍ പോകുന്നു; വിളിക്കാം.'' അതില്‍ എല്ലാമുണ്ട്.

കെടി മുഹമ്മദ്
കെടി മുഹമ്മദ്


അന്നു രാത്രി തന്നെ ഉറക്കമിളച്ചിരുന്ന് പാട്ടുകള്‍ ചിട്ടപ്പെടുത്തി വെച്ചിരിക്കും ദേവരാജന്‍. കാലത്ത് ആ ഈണങ്ങള്‍ പാടിക്കേള്‍പ്പിക്കുക ഫോണിലൂടെയാണ്.  സംവിധായകന്‍ അവ ഓക്കേ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ സഹായിയായ ആര്‍.കെ. ശേഖറിനെ വിളിച്ച് റെക്കോര്‍ഡിംഗിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യും അദ്ദേഹം. 'ഒരു പെണ്ണിന്റെ കഥ'യുടെ ഗാനസൃഷ്ടി സേതുമാധവന്റെ ഓര്‍മ്മയിലുണ്ട്. ''കാലത്ത് ഏഴു മണിയോടടുപ്പിച്ച് ദേവരാജന്‍ വിളിക്കുന്നു. ഒരു പാട്ടിന് മൂന്ന് ഈണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കേട്ടിട്ട് ഏതാണ് കൊള്ളാവുന്നത് എന്നു പറയണം. മൂന്ന് ഈണങ്ങള്‍ വഴിക്കുവഴിയായി പാടിക്കേള്‍പ്പിച്ചു അദ്ദേഹം. മൂന്നും മോശമല്ല. എങ്കിലും രണ്ടാമത്തെ ഈണമാകും ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുക എന്നൊരു തോന്നല്‍ എനിക്ക്. അക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ ദേവരാജന്റെ മറുപടി: എനിക്കും അതുതന്നെയാണ് നന്നായി തോന്നിയത്...'' സംവിധായകനും സംഗീത സംവിധായകനും ഒരേ സ്വരത്തില്‍ ഓക്കെ ചെയ്ത ആ പാട്ട് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ഇന്നുമുണ്ട് ആ ഗാനത്തിന് ആരാധകര്‍: സുശീലയുടെ ''പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ...''

എംബി ശ്രീനിവാസന്‍
എംബി ശ്രീനിവാസന്‍


അങ്ങനെ എത്രയെത്ര അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍. വയലാറിന്റെ വരികള്‍ ഒരിക്കലും മിനക്കെട്ടിരുന്ന് ചിട്ടപ്പെടുത്തേണ്ടിവരാറില്ല എന്നു പറഞ്ഞിട്ടുണ്ട് ദേവരാജന്‍. അതില്‍ ഒളിഞ്ഞുകിടക്കുന്ന സംഗീതം കണ്ടെടുത്ത് പുറത്തുകൊണ്ടു വരുകയേ വേണ്ടൂ. സ്വഭാവ വിശേഷങ്ങളിലും ജീവിതശൈലിയിലും രണ്ടു ധ്രുവങ്ങളില്‍നിന്നവരെങ്കിലും സംഗീതത്തില്‍ വയലാറും ദേവരാജനും തമ്മിലുള്ള കെമിസ്ട്രി അത്ഭുതകരമായിരുന്നുവെന്നു പറയും സേതുമാധവന്‍. ''മനസ്സുകൊണ്ട് പരസ്പരം തൊട്ടറിഞ്ഞവരായിരുന്നു ഇരുവരും. വളരെ അപൂര്‍വ്വമായി മാത്രമേ വയലാറിന്റെ രചന ദേവരാജന്റെ ഈണത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങാതെ വരൂ. അത്തരം ഘട്ടങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ ദേവരാജന്‍ നിര്‍ദ്ദേശിക്കും. വയലാര്‍ ഉടനെ തന്നെ വേണ്ട വ്യത്യാസങ്ങള്‍ വരുത്തുകയും ചെയ്യും. പക്ഷേ, അത്തരം സാഹചര്യങ്ങള്‍ കുറവായിരുന്നു.'' ഒരേയൊരു തവണയേ ദേവരാജനുമായി കലഹിക്കേണ്ടിവന്നിട്ടുള്ളൂ സേതുമാധവന്. ഒരു സിനിമയില്‍ ജയഭാരതിക്കുവേണ്ടി പാടാന്‍ മാധുരിയെ നിശ്ചയിച്ചതിന്റെ പേരിലായിരുന്നു ആ അഭിപ്രായവ്യത്യാസം. നിലപാട് മാറ്റാന്‍ തയ്യാറായില്ല കര്‍ക്കശക്കാരനായ ദേവരാജന്‍. പാട്ട് ഒടുവില്‍ മാധുരി തന്നെ പാടി. പക്ഷേ, അത് സിനിമയില്‍ സേതുമാധവന്‍ ഉപയോഗിച്ചത് ശീര്‍ഷകഗാനമായാണ്. ''പിന്നീടൊരിക്കലും ആ സംഭവത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടില്ല.'' സേതുമാധവന്‍ ചിരിക്കുന്നു. 

ദേവരാജന്റെ അച്ചടക്കമുള്ള സംഗീത സംവിധാന ശൈലിയുടെ അടിയുറച്ച ആരാധകനായി മാറിയതുകൊണ്ടാകാം  പാട്ടുകളിലെ ശബ്ദകോലാഹലം ഒരിക്കലും പൊറുക്കാനാവില്ലായിരുന്നു സേതുമാധവന്. 'ചട്ടക്കാരി'യുടെ ഹിന്ദി പതിപ്പായ 'ജൂലി'യുമായി  ബന്ധപ്പെട്ട കൗതുകകരമായ ഒരു ഓര്‍മ്മയുണ്ട്. അങ്ങേയറ്റം മിതത്വത്തോടെ വികാരസാന്ദ്രമായി ദേവരാജന്‍ ഒരുക്കിയ ഗാനമാണ് മലയാളം പതിപ്പില്‍ യേശുദാസും മാധുരിയും പാടിയ 'ജൂലീ ഐ ലവ് യു'. ഒരു മുറിയുടെ നാലു ചുമരുകള്‍ക്കുള്ളിലെ പ്രേമരംഗം ആയതിനാല്‍ കാമുകന്‍ കാമുകിയുടെ കാതില്‍ മന്ത്രിക്കുന്ന മട്ടിലാണ് ഗാനം ചിട്ടപ്പെടുത്തേണ്ടതെന്ന് ദേവരാജന്‍ തീരുമാനിക്കുന്നു. പ്രണയത്തിന്റെ തീവ്ര വൈകാരിക ഭാവം ഇത്രയേറെ ഉള്‍ക്കൊള്ളുന്ന ഗാനങ്ങള്‍ മലയാള സിനിമാചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വം. ഇതേ ഗാനം 'ജൂലി'ക്കുവേണ്ടി ഹിന്ദിയില്‍ ഒരുക്കിയത് രാജേഷ് റോഷനാണ്. ''എനിക്കേറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്ന റോഷന്റെ മകന്‍ എന്ന പരിഗണനയിലാണ് ഞാന്‍ അന്ന് താരതമ്യേന തുടക്കക്കാരനായ രാജേഷിനെ ജൂലിയുടെ സംഗീതച്ചുമതല ഏല്പിച്ചത്'' സേതുമാധവന്‍.

റെക്കോര്‍ഡിംഗിനായി സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ സംവിധായകന്‍ കേട്ടത് കാതടപ്പിക്കുന്ന ശബ്ദഘോഷം. ''ഹെവി ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ആ പാട്ട് എനിക്ക് സങ്കല്പിക്കാന്‍ പോലുമാകുമായിരുന്നില്ല. ഗാനരചയിതാവ് ആനന്ദ് ബക്ഷി ഉള്‍പ്പെടെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പാട്ടിന് കൂടുതല്‍ താളക്കൊഴുപ്പ് വേണം എന്നായിരുന്നു അഭിപ്രായം. എന്നാലേ ഹിറ്റാകുള്ളുവത്രേ. പക്ഷേ, ഞാന്‍ എതിര്‍ത്തു. താങ്കളുടെ പിതാവ് ചെയ്തതുപോലുള്ള ഹൃദയത്തെ തൊടുന്ന മെലഡിയാണ് എനിക്കു വേണ്ടത് , രാജേഷിനോട് ഞാന്‍ പറഞ്ഞു. മാത്രമല്ല, ചട്ടക്കാരിക്കുവേണ്ടി ദേവരാജന്‍ ചെയ്ത പാട്ട് കേള്‍ക്കാന്‍ അയാളെ ഉപദേശിക്കുക കൂടി ചെയ്തു.'' മലയാളത്തിലെ ഒറിജിനല്‍ ശ്രദ്ധിച്ചു കേട്ട ശേഷം രാജേഷ് റോഷന്‍ കംപോസ് ചെയ്ത പാട്ടാണ് ജൂലിയില്‍ ഇന്നു നമ്മള്‍ കേള്‍ക്കുന്ന കിഷോര്‍ കുമാര്‍-ലത ടീമിന്റെ ''ഭൂല്‍ ഗയാ സബ് കുച്ഛ് യാദ് നഹി അബ് കുച്ഛ്.'' ഒരര്‍ത്ഥത്തില്‍ 'ചട്ടക്കാരി'യിലെ ദേവരാജഗാനത്തിന്റെ തുടര്‍ച്ച തന്നെയാണ് ആ പാട്ട്. ജൂലിയിലെ പാട്ടുകള്‍ രാജേഷിന് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു.

സേതുമാധവന്‍
സേതുമാധവന്‍

ദേവരാജന്‍ മാത്രമല്ല, സേതുമാധവന്‍ ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത് എന്നുകൂടി അറിയുക. ദക്ഷിണാമൂര്‍ത്തി (സുശീല, ഭാര്യമാര്‍ സൂക്ഷിക്കുക), എല്‍.പി.ആര്‍. വര്‍മ്മ (സ്ഥാനാര്‍ത്ഥി സാറാമ്മ, ഒള്ളതു മതി), അര്‍ജ്ജുനന്‍ (ആദ്യത്തെ കഥ), എം.എസ്. വിശ്വനാഥന്‍ (പണിതീരാത്ത വീട്, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, ഓര്‍മ്മകള്‍ മരിക്കുമോ), എ.എം. രാജ ('അമ്മ എന്ന സ്ത്രീ'), യേശുദാസ് (അഴകുള്ള സെലീന), എം.ബി. ശ്രീനിവാസന്‍ (കണ്ണും കരളും, കന്യാകുമാരി, ഓപ്പോള്‍), കെ. രാഘവന്‍ (അര്‍ച്ചന), ചിദംബരനാഥ് (കോട്ടയം കൊലക്കേസ്), ശ്യാം (ആരോരുമറിയാതെ) എല്‍. വൈദ്യനാഥന്‍ (വേനല്‍ക്കിനാവുകള്‍), ജെറി അമല്‍ദേവ് (സുനില്‍ വയസ്സ് 20)... അങ്ങനെ പലരും. ഈ പടങ്ങളിലെല്ലാം ഉണ്ടായിരുന്നു മലയാളികള്‍ ഹൃദയപൂര്‍വ്വം വരവേറ്റ ഗാനങ്ങള്‍: ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, വൈക്കത്തഷ്ടമി നാളില്‍ (ഭാര്യമാര്‍ സൂക്ഷിക്കുക), സുപ്രഭാതം (പണിതീരാത്ത വീട്), അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (സ്ഥാനാര്‍ത്ഥി സാറാമ്മ), അജ്ഞാത സഖീ ആത്മസഖീ (ഒള്ളതു മതി), വീണപൂവേ, അഷ്ടപദിയിലെ നായികേ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ), ചന്ദ്രപ്പളുങ്കു മണിമാല (കന്യാകുമാരി), എത്ര കണ്ടാലും (അര്‍ച്ചന), ഏറ്റുമാനൂരമ്പലത്തില്‍ (ഓപ്പോള്‍)... ടി.ഇ. വാസുദേവന്‍ നിര്‍മ്മിച്ചവയാണ് ഈ പടങ്ങളില്‍ നല്ലൊരു പങ്കും. ദേവരാജനുമായി അടുത്ത സുഹൃദ് ബന്ധം നിലനിര്‍ത്തിയിരുന്നെങ്കിലും ഒരിക്കലും സ്വന്തം സിനിമകളില്‍ അദ്ദേഹത്തെ സംഗീത സംവിധായകനായി സഹകരിപ്പിച്ചിട്ടില്ല വാസുദേവന്‍. അതിനുള്ള വിശദീകരണം ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം തന്നെ നല്‍കിയതിങ്ങനെ: ''എന്റെ പടങ്ങളിലെ പാട്ടുകള്‍ കേട്ട് ഓക്കെ ചെയ്യേണ്ടത് ഞാനാണ്. ദേവരാജന്‍ സ്വന്തം പാട്ടുകള്‍ നിര്‍മ്മാതാവിനെ കേള്‍പ്പിച്ചു കൊടുക്കാന്‍ താല്പര്യമില്ലാത്ത ആളാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹത്തെ സംഗീത സംവിധായകനായി വേണ്ടെന്ന് ഞാനങ്ങു തീരുമാനിച്ചു. അത് അദ്ദേഹത്തിനും അറിയാം. ഞങ്ങള്‍ തമ്മില്‍ അതിന്റെ പേരില്‍ ഇതുവരെ കലഹിച്ചിട്ടുമില്ല.''

സത്യന്‍
സത്യന്‍

അസോഷ്യേറ്റ് പ്രൊഡ്യൂസേഴ്സിന്റെ ബാനറില്‍ ടി.ഇ. വാസുദേവന്‍ നിര്‍മ്മിച്ച 'ജ്ഞാനസുന്ദരി' (1961) ആയിരുന്നു മലയാളത്തില്‍ സ്വതന്ത്ര സംവിധായകനായി സേതുമാധവന്റെ ആദ്യ ചിത്രം. (അതിനു മുന്‍പ് 'വീരവിജയ' (1961) എന്നൊരു സിംഹള ചിത്രം ഒരുക്കിയിരുന്നു അദ്ദേഹം. രാജന്‍ നാഗേന്ദ്ര ആയിരുന്നു ആ സിനിമയുടെ  സംഗീത സംവിധായകര്‍). വാസുദേവന്റെ പ്രിയ സംഗീത ജോഡിയായ അഭയദേവ്-ദക്ഷിണാമൂര്‍ത്തി സഖ്യമാണ് 'ജ്ഞാനസുന്ദരി'ക്ക് ഗാനങ്ങള്‍ ഒരുക്കിയത്. ഒരു ഡസന്‍ പാട്ടുണ്ടായിരുന്നു ആ സിനിമയില്‍. ''പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും കാന്തി കുറഞ്ഞിടുമോ എന്ന പാട്ട് ഇപ്പോഴും കാതിലുണ്ട്.'' സേതുമാധവന്‍ പറയുന്നു. ''കംപോസിംഗ് കഴിഞ്ഞു വാസുദേവനോടൊപ്പം കാറില്‍ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ അറിയാതെ ആ പാട്ടിന്റെ വരികള്‍ മൂളിപ്പോയി. മനസ്സില്‍ തങ്ങിയ ഈണമായതുകൊണ്ടാവണം. അതെങ്ങനെ ഭംഗിയായി ചിത്രീകരിക്കാന്‍ കഴിയും എന്നതിനെ കുറിച്ചായിരുന്നു അപ്പോഴത്തെ ചിന്ത. പക്ഷേ, എന്റെ മൂളല്‍ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല വാസുദേവന്‍. എന്താണിത് സേതുമാധവന്‍? ഇങ്ങനെ ഉറക്കെ പാട്ട് മൂളിയാല്‍ ആരെങ്കിലും ട്യൂണ്‍ മോഷ്ടിക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചോദ്യം. ശുദ്ധഹൃദയനായ ഒരാള്‍ക്കേ അങ്ങനെ ചോദിക്കാന്‍ കഴിയൂ.'' ഗുരുദത്തും വഹീദ റഹ്മാനും പ്രത്യക്ഷപ്പെട്ട പ്രശസ്തമായ ''ചൗദ്വീ കാ ചാന്ദി''നെ അനുസ്മരിപ്പിച്ച ആ ഗാനരംഗം ജ്ഞാനസുന്ദരിയിലെ ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളില്‍ ഒന്നായിരുന്നു. 

തലത് മഹ്ദൂദ്
തലത് മഹ്ദൂദ്


 
ആള്‍ക്കൂട്ടത്തില്‍ തനിയെ 
        
സ്വന്തം ചിത്രങ്ങള്‍ വെറും ബൗദ്ധികവ്യായാമങ്ങള്‍ ആവരുത് എന്നു നിര്‍ബ്ബന്ധമുണ്ടായിരുന്നു സേതുമാധവന്. പ്രേക്ഷകന് വൈകാരികമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയാകണം അവ. ''ചിലപ്പോള്‍ ഞാനൊരു വികാരജീവി ആയതുകൊണ്ടാവാം, നല്ലൊരു സാഹിത്യകൃതി വായിച്ചാല്‍ പോലും വികാരഭരിതനാകുന്ന ശീലക്കാരനാണ്. നോവല്‍ വായിച്ച് അസുഖം വരെ വന്നിട്ടുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അത്രയും തീവ്രമായി അതിലെ ആശയം ഉള്‍ക്കൊണ്ടതാണ് കാരണം. നിത്യജീവിതത്തിലായാലും സിനിമയിലായാലും ക്രൂരത എനിക്ക് സഹിക്കാന്‍ വയ്യ. അത്തരം രംഗങ്ങള്‍ ഉള്ള സിനിമകള്‍ കാണാറുമില്ല.''

മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങള്‍ സ്വന്തം സിനിമകളില്‍ പിറക്കാനിടയായതെങ്ങനെ എന്നു ചോദിച്ചാല്‍ വിധിനിയോഗം എന്നേ പറയൂ സേതുമാധവന്‍. ''സംഗീതവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. കുടുംബത്തില്‍ സംഗീത പാരമ്പര്യവുമില്ല. പാട്ടു കേള്‍ക്കാന്‍ ഇഷ്ടമാണ് എന്നല്ലാതെ ഒരിക്കലും പാട്ടില്‍ മുഴുകിയിരുന്നിട്ടില്ല. എട്ടാം വയസ്സിലേ അച്ഛനെ നഷ്ടപ്പെട്ട കുട്ടി അങ്ങനെ ഒരു സ്വപ്നലോകത്ത് വിഹരിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ലല്ലോ.'' തമിഴ്നാട് വനം വകുപ്പില്‍ റേഞ്ചര്‍ ആയിരുന്ന പിതാവിന്റെ മരണത്തിനുശേഷം അമ്മയോടൊപ്പം സ്വദേശമായ പാലക്കാട്ട് മടങ്ങിയെത്തുന്നു സേതുമാധവന്‍. കുട്ടിക്കാലത്ത് അന്തര്‍മുഖനായിരുന്നു. സന്ന്യാസം സ്വീകരിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട് ഒരിക്കല്‍. ആരെയും നോവിക്കാതെ സത്യസന്ധമായി സ്വന്തം ചുമതലകള്‍ നിര്‍വ്വഹിച്ചു ജീവിക്കുകയാണ് യഥാര്‍ത്ഥ സന്ന്യാസം എന്ന് ഉപദേശിച്ചത് അമ്മയാണ്. സന്ന്യാസചിന്തയില്‍നിന്നു പിന്തിരിഞ്ഞെങ്കിലും ജീവിതത്തില്‍ താപസതുല്യമായ ഒരു ആത്മവിശുദ്ധി എന്നും കാത്തുസൂക്ഷിച്ചു സേതുമാധവന്‍. വിജയത്തില്‍ അഹങ്കരിക്കാതെ, പരാജയങ്ങളില്‍ തളരാതെ മുന്നോട്ട് സഞ്ചരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഈ വിശുദ്ധി തന്നെയാവണം. 
 

ആള്‍ക്കൂട്ടങ്ങളില്‍നിന്നും ശബ്ദഘോഷങ്ങളില്‍നിന്നും സുരക്ഷിതമായ ഒരകലം പാലിക്കാന്‍ എന്നും ശ്രദ്ധിച്ചു സേതുമാധവന്‍; സിനിമയില്‍ അതത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും. ''സംഗീത സംവിധാനം പോലും വലിയ ഒരു ആഘോഷമാണ് അക്കാലത്ത് തമിഴ് സിനിമയില്‍. പരിവാരങ്ങളുമൊക്കെ ആയാണ് പല സംഗീത സംവിധായകരും വരിക.'' സേതുമാധവന്‍ ഓര്‍ക്കുന്നു. ''പക്ഷേ, മലയാളത്തില്‍ മറിച്ചാണ് സ്ഥിതി. കണ്ടം ബെച്ച കോട്ടിന്റെ ഗാനസൃഷ്ടി ഓര്‍ക്കുന്നു. ഭാസ്‌കരന്‍ ചൂണ്ടുവിരല്‍കൊണ്ട് നിലത്ത് പതുക്കെ താളമിട്ട് പാട്ടിന്റെ വരികള്‍ താളത്തില്‍ പാടിക്കൊടുക്കും. ഹാര്‍മോണിയം വായിച്ച് ബാബുരാജ് അതില്‍നിന്നു ചടുലവേഗത്തില്‍ ഇമ്പമുള്ള ഈണങ്ങള്‍ സൃഷ്ടിക്കും. സേലം മോഡേണ്‍ തിയേറ്റേഴ്സിലെ ജോലിക്കാര്‍ അന്തംവിട്ടു ആ കാഴ്ച കണ്ടുനില്‍ക്കുന്നത് ഓര്‍മ്മയുണ്ട്. ഇങ്ങനെ തികച്ചും അനാര്‍ഭാടമായും പാട്ടുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ആ പാട്ടുകളൊക്കെ ഹിറ്റായി മാറുകയും ചെയ്തു.'' കണ്ടം ബെച്ച കോട്ടിന്റെ സംവിധാനച്ചുമതല ഏറ്റെടുക്കാന്‍ സേതുമാധവനെ പ്രേരിപ്പിച്ചത് നിര്‍മ്മാതാവ് സുന്ദരമാണ്. അതേ സുന്ദരം തന്നെ ഒടുവില്‍, സംവിധായകനായി സിനിമയില്‍ സ്വന്തം പേര് വെക്കണം എന്നു ശഠിച്ചപ്പോള്‍, മറുത്തുപറയാതെ ആ പ്രൊജക്റ്റില്‍നിന്നു പിന്മാറി സേതുമാധവന്‍. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടുള്ള ഒരു പ്രവൃത്തിക്കും തന്നെ കിട്ടില്ല എന്നു നിസ്സംശയം വ്യക്തമാക്കുകയായിരുന്നു അന്നത്തെ മുപ്പതുകാരന്‍.

സംഗീതത്തില്‍ വലിയ അറിവൊന്നും ഇല്ലെങ്കിലും ഒരു പാട്ട് കേട്ടാല്‍ ജനം അത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നു തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഒരു തരം സിക്സ്ത് സെന്‍സ് ഈശ്വരന്‍ കനിഞ്ഞു നല്‍കിയതുകൊണ്ടാകാം തന്റെ സിനിമകളിലെ പാട്ടുകള്‍ മോശമാകാതെ പോയതെന്ന് വിശ്വസിക്കുന്നു സേതുമാധവന്‍. അല്ലാതെ മറ്റു അവകാശവാദങ്ങളൊന്നുമില്ല. ''ജീവിതത്തിലെ ഓരോ സന്ദിഗ്ധഘട്ടങ്ങളിലും ഉണ്ടായിരുന്നു കരുണാമയനായ ദൈവത്തിന്റെ ഇടപെടല്‍. പരമാവധി ഒരു ഫോറസ്റ്റ് റേഞ്ചര്‍ പദവിയില്‍ ഒതുങ്ങേണ്ടിയിരുന്ന ജീവിതമാണ് എന്റേത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും അതായിരുന്നു. പക്ഷേ, വിധി എനിക്കുവേണ്ടി കരുതിവെച്ചത്  ഞാന്‍ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത വഴികളും വേഷങ്ങളും... ''മലയാളം എഴുതാനും വായിക്കാനുമൊന്നും അറിയാതിരുന്ന ഒരു കുട്ടിയെ സങ്കല്പിക്കുക. അമ്മ എഴുതിക്കൊടുത്തിരുന്ന പലചരക്കു സാധനങ്ങളുടെ പട്ടികയില്‍ മാത്രം വായനയുടെ ലോകം ഒതുങ്ങിനിന്നിരുന്ന ആ കുട്ടിയാണ് പിന്നീട് മലയാളത്തിലെ ക്ലാസ്സിക്കുകള്‍ എന്നു പറയപ്പെടുന്ന കഥകള്‍ പലതും സിനിമയാക്കിയത് എന്നു വിശ്വസിക്കാന്‍ എനിക്കുപോലും പ്രയാസം. എന്നെ അതിനുവേണ്ടി തെരഞ്ഞെടുത്ത ആ മഹാശക്തിക്കു മുന്നില്‍ പ്രണമിക്കാനല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും?''

പാട്ടുകളുടെ പിറവിയില്‍ പോലുമുണ്ടായിരുന്നില്ലേ അതേ ദൈവ സ്പര്‍ശം എന്നു തോന്നും ചിലപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിനയിക്കാന്‍ അവസരം തേടി അച്ഛനോടൊപ്പം തന്നെ കാണാന്‍ വന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്ക മുഖം സേതുമാധവന്റെ ഓര്‍മ്മയിലുണ്ട്. പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍നിന്നുള്ള കുട്ടി. പന്ത്രണ്ടോ പതിമൂന്നോ വയസ്സേ പ്രായം തോന്നൂ. അവള്‍ക്ക് ഇണങ്ങുന്ന റോളുകളൊന്നും സിനിമയില്‍ ഉണ്ടായിരുന്നില്ല. മകളെ പഠിപ്പിച്ച് മാന്യമായ ഒരു തൊഴില്‍ നേടിക്കൊടുക്കാന്‍ ശ്രമിക്കണം എന്ന ഉപദേശവുമായി അച്ഛനെ യാത്രയാക്കുന്നു സേതുമാധവന്‍. അടുത്ത ദിവസം കേട്ടത് ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ്, അവളെ ആരോ മാനഭംഗപ്പെടുത്തിയിരിക്കുന്നു. ''ആ അനുഭവം ദിവസങ്ങളോളം എന്നെ വേട്ടയാടി. അസഹനീയമായ ആ മനോവേദനയാണ് പണിതീരാത്ത വീട് എന്ന സിനിമയില്‍  'കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ' എന്ന ഗാനം ഉള്‍പ്പെടുത്താനുള്ള പ്രേരണ.'' സേതുമാധവന്റെ നിര്‍ദ്ദേശപ്രകാരം വയലാര്‍ രചിച്ചതായിരുന്നു ആ പാട്ട്.

എഴുതിയ വയലാറും ചിട്ടപ്പെടുത്തി പാടി അനശ്വരമാക്കിയ എം.എസ്. വിശ്വനാഥനും അഭിനയിച്ച പ്രേംനസീറും ഒക്കെ ഓര്‍മ്മയായി. പക്ഷേ, പാട്ട് ഇന്നും 'വികാര വൈഡൂര്യ ബിന്ദു'വായി ജ്വലിച്ചുനില്‍ക്കുന്നു, മലയാളിയുടെ സംഗീത ഹൃദയങ്ങളില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com