ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒഡിഷയില്‍ പ്രക്ഷോഭങ്ങളും സമരപരമ്പരകളും കനക്കുന്നു

ദയാനദിക്കരയിലെ യുദ്ധഭൂമിയില്‍ വച്ചായിരുന്നു ആയുധങ്ങളുപേക്ഷിച്ച് കരുത്തനും ധീരനുമായ അശോകന്‍ പോരാട്ടങ്ങളുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് തിരിച്ചറിഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒഡിഷയില്‍ പ്രക്ഷോഭങ്ങളും സമരപരമ്പരകളും കനക്കുന്നു

യാനദിക്കരയിലെ യുദ്ധഭൂമിയില്‍ വച്ചായിരുന്നു ആയുധങ്ങളുപേക്ഷിച്ച് കരുത്തനും ധീരനുമായ അശോകന്‍ പോരാട്ടങ്ങളുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് തിരിച്ചറിഞ്ഞത്. അശോക ചക്രവര്‍ത്തി രക്തം കൊണ്ട് ചുവപ്പിച്ച ഭൂമിയാണ് ഒഡിഷ. കലിംഗയുദ്ധത്തത്തിലൂടെ രക്തപ്പുഴയായി ദയനദി ഒഴുകിയിട്ടുണ്ട്. ക്രൂരതകള്‍ക്കൊടുവില്‍ തിരിച്ചറിവിന്റെ പാതയിലേക്ക് കലിംഗാധിപതി തിരിഞ്ഞപ്പോള്‍ അതുവരെയുള്ള വീരചരിതങ്ങള്‍ മറന്നുതുടങ്ങി. കാലം മാറി, വറ്റിവരണ്ടും നിറഞ്ഞൊഴുകിയും ദയ കരുത്തും ദൗര്‍ബല്യവും തെളിയിച്ചു. രണ്ടു ദശാബ്ദമായി ഒഡിഷയ്ക്ക് ഒരു ഭരണാധികാരിയേയുള്ളൂ, നവീന്‍ പട് നായിക്. 19 വര്‍ഷമായി ഒഡിഷ ഭരിക്കുന്നത് ബിജു ജനതാദളാണ്. 20 വയസുള്ള പാര്‍ട്ടിയുടെ സ്ഥാപകനും അദ്ദേഹം തന്നെ. ജനതാദളില്‍ അംഗമായിരുന്ന അദ്ദേഹം 1997-ല്‍ അച്ഛന്റെ പേര് ചേര്‍ത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപതു കൊല്ലവും കരുത്തനും ധീരനുമായ ഭരണാധികാരിയായിരുന്നു നവീന്‍. വരള്‍ച്ചയും പ്രളയവും തകര്‍ത്തെറിഞ്ഞ സംസ്ഥാനത്തെ നയിച്ച ഇച്ഛാശക്തിയെ പലരും പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകള്‍ നടക്കുമ്പോള്‍ ഒഡിഷയില്‍ പ്രക്ഷോഭങ്ങളും സമരപരമ്പരകളും കനക്കുകയാണ്. കഴിഞ്ഞവര്‍ഷം മുതല്‍ ബന്ദുകളുടെയും ഹര്‍ത്താലുകളുടെയും പ്രളയമാണ്. ഏറ്റവുമൊടുവില്‍ കര്‍ഷക സംഘടനയായ നാബ നിര്‍മാണ്‍ കൃഷക് സംഘതന്‍ നടത്തിയ ഹര്‍ത്താലാണ് ഒടുവിലത്തേത്. പണിമുടക്കിന് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും പിന്തുണയുമുണ്ടായിരുന്നു. വിളകളുടെ താങ്ങുവില പ്രഖ്യാപനം, പെന്‍ഷന്‍  അനുവദിക്കല്‍ തുടങ്ങി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടായിരുന്നു സമരം. കര്‍ഷകരുടെ രോഷാഗ്‌നിയാകും ഇത്തവണത്തെ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമാകുക. ലോക്സഭയിലേക്ക് സംസ്ഥാനത്ത് 21 സീറ്റുകളാണുള്ളത്. കഴിഞ്ഞതവണ 20 മണ്ഡലങ്ങളിലും വിജയിച്ചത് ബി.ജെ.ഡിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 147 മണ്ഡലങ്ങളില്‍ ബി.ജെ.ഡി നേടിയത് 117 സീറ്റുകളാണ്. ബി.ജെ.പിയാകട്ടെ പത്തും കോണ്‍ഗ്രസ് പതിനാറും സീറ്റുകള്‍ നേടിയിരുന്നു. ഒരിക്കല്‍ക്കൂടി ബി.ജെ.ഡി വിജയിച്ചാല്‍ അഞ്ചാമതും നവീന്‍ തന്നെ മുഖ്യമന്ത്രിയാകും.

വെല്ലുവിളികള്‍ നേരിട്ട് നൂല്‍ത്തുമ്പിലാണ് ഒഡീഷക്കാരുടെ ജീവിതം. കാലാവസ്ഥ വ്യതിയാനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച ഇന്ത്യന്‍ സംസ്ഥാനമാണ് ഒഡിഷ. ഒന്നുകില്‍ പ്രളയം, അതല്ലെങ്കില്‍ വരള്‍ച്ച. 1891 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 98 ചുഴലിക്കാറ്റുകളാണ് സംസ്ഥാനത്തെ ദൂരിതത്തിലേക്ക് തൂത്തെറിഞ്ഞത്. ജനതയില്‍ അറുപത് ശതമാനത്തിലധികവും കര്‍ഷകരാണ്. ഈ കര്‍ഷകരാണ് വിജയവും പരാജയവും നിര്‍ണയിക്കുന്നതും. മുന്‍പെങ്ങുമില്ലാത്തവണ്ണം അസംതൃപ്തരാണ് കര്‍ഷകര്‍. രണ്ടുവര്‍ഷം മുന്‍പു വരെ കടക്കെണിയില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന കര്‍ഷകരുടെ കഥ ദേശീയമാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കര്‍ഷകര്‍ വിളകള്‍ നല്‍കുന്നത്. വ്യാജകീടനാശിനികളും സംഭരണ ശേഷിയുടെ കുറവുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വേറെ. ഇതിനു പുറമേയാണ് കടക്കെണിയും.


കര്‍ഷകരോഷത്തിനൊപ്പം സ്ത്രീകള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും ബി.ജെ.ഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. കഴിഞ്ഞവര്‍ഷം കൊറാപതില്‍ സൈനികര്‍ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വലിയ ഒച്ചപ്പാടാണ് സൃഷ്ടിച്ചത്. ഇതിനു ശേഷം ഏപ്രിലില്‍ കട്ടക്കിനു സമീപമുള്ള സാലിപ്പൂരില്‍ ആറുവയസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഡിസംബറില്‍ പുരിയിലും യുവതി കൂട്ടബലാല്‍സംഗത്തിനു വിധേയമായി കൊല്ലപ്പെട്ടു. തെളിവുകളുടെ അഭാവത്താല്‍ ഈ കേസില്‍ പ്രതികളെ വെറുതേവിടുകയാണുണ്ടായത്. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായാണ് ഈ കേസില്‍ തെളിവുകളില്ലാതായതെന്ന് പ്രതിപക്ഷം പറയുന്നു. എം.എല്‍.എയായ പ്രദീപ് മഹാരഥിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള കേസുകളില്‍ ഗൗരവ ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ദേശീയ ്രൈകം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒഡീഷ മൂന്നാം സ്ഥാനത്താണ്. 2015-ലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനമായിരുന്നു. പലയിടത്തും സര്‍ക്കാര്‍ വിരുദ്ധത പ്രകടമാണ്. മിക്ക മണ്ഡലങ്ങളിലും സിറ്റിങ് എം.എല്‍.എമാര്‍ ജനപ്രിയരല്ല. എം.പിമാരുടെ അവസ്ഥയും വ്യത്യസ്തമല്ല. അഴിമതിയാണ് മറ്റൊരു പ്രശ്നം. ചിട്ടി തട്ടിപ്പും അതില്‍ പ്രതിസ്ഥാനത്തുള്ള നേതാക്കളും ബി.ജെ.ഡിക്ക് വെല്ലുവിളിയാണ്. ഇതിനു പുറമേയാണ് ഖനന മേഖലയിലെ അഴിമതികള്‍. 23 ശതമാനം വരുന്ന ഗോത്രവിഭാഗങ്ങളാണ് ഒഡിഷയില്‍ മറ്റൊരു നിര്‍ണായക ശക്തി. ബി.ജെ.പിയുടെ ആരോപണം അനുസരിച്ച് 18 വര്‍ഷത്തിനുള്ളില്‍ 36 അഴിമതി സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ചിട്ടിഫണ്ട്, തൊഴിലുറപ്പ് തുടങ്ങി ബസുകള്‍ വാങ്ങുന്നതില്‍ വരെ സര്‍വഅഴിമതിയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. 

മോദിയുടെ
റിമോട്ട് കണ്‍ട്രോള്‍

നവീന്‍ പട് നായിക് മോദിയുടെ റിമോട്ട് കണ്‍ട്രോളിലാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. കഴിഞ്ഞ അഞ്ചുവര്‍ഷമായി മോദിയെ ഒരിക്കല്‍പ്പോലും നവീന്‍ പട്നായിക് കുറ്റപ്പെടുത്തിയിട്ടില്ല. 2016-ല്‍ നോട്ടുനിരോധനത്തെ പിന്തുണച്ച അദ്ദേഹം ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ അഭിനന്ദിക്കുകയും ചെയ്തു. ജി.എസ്.ടി. നടപ്പാക്കിയതിനെ വാനോളം പുകഴ്ത്തി. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കാനുള്ള എന്‍.ഡി.എ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തു. കര്‍ണാടകയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ റാലിയില്‍ പങ്കെടുത്തതുമില്ല. ലോക്സഭയിലെ വിശ്വാസവോട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. റാഫേല്‍ സംബന്ധിച്ച് ഒരു ആരോപണം പോലും മോദിക്കെതിരേ നവീന്‍ ഇതുവരെ ഉയര്‍ത്തിയിട്ടുമില്ല. തിരിച്ചും പ്രധാനമന്ത്രി നവീന്‍ പട്നായിക്കിനെ പേരെടുത്ത് വിമര്‍ശിച്ചിട്ടില്ല. നിയമസഭയില്‍ കേവലഭൂരിപക്ഷം കടന്നില്ലെങ്കില്‍ ബി.ജെ.പിയുടെ പിന്തുണ ബി.ജെ.ഡിക്ക് ആവശ്യവുമാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനു ശേഷമാകും ഒഡിഷയിലെ സഖ്യങ്ങള്‍ക്ക് സാധ്യത കൂടുതല്‍. 


തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍

ബി.ജെ.ഡി
ഒരുപിടി ക്ഷേമപദ്ധതികളാണ് നവീന്‍ പട്നായിക്കിന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സമഗ്ര ആരോഗ്യ പദ്ധതിക്കു പുറമേ ഭവന-ഭക്ഷ്യ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കി പുതുമുഖങ്ങളെ നിര്‍ത്താനും പാര്‍ട്ടി ആലോചിക്കുന്നു. എന്നാല്‍ ഇവര്‍ സൃഷ്ടിക്കുന്ന വിമതഭീഷണി പാര്‍ട്ടി എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. കര്‍ഷകരോഷം തണുപ്പിക്കാന്‍ 10,180 കോടിയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മാത്രമാണ് പാര്‍ട്ടിക്ക് ആശ്വസിക്കാന്‍ വകയായുള്ളത്. 

കോണ്‍ഗ്രസ്
സി.പി.ഐ, സി.പി.എം, ജെ.എം.എം എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നവീന്‍ പട് നായിക് നല്‍കാത്ത ഉറപ്പുകളാണ് പ്രചരണറാലികളില്‍ രാഹുല്‍ഗാന്ധി നല്‍കുന്നത്. കാര്‍ഷിക കടം എഴുതി തള്ളുമെന്നും പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ശക്തമാക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പു നല്‍കുന്നുണ്ട്. ഗോത്രവര്‍ഗങ്ങളെ സ്വാധീനിക്കാന്‍ ഈ ഉറപ്പുകള്‍ മതിയാകും. ഗ്രൂപ്പ് വഴക്കും മുതിര്‍ന്ന നേതാക്കളുടെ തമ്മില്‍ത്തല്ലും കോണ്‍ഗ്രസിനു വെല്ലുവിളയാണ്

ബി.ജെ.പി
സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടിയുടെ പ്രചരണം. ഇതിനായി വനിതാനേതാക്കളെ പ്രചരണരംഗത്ത് നിയോഗിച്ചിട്ടുണ്ട്. യുപിഎ അനുവദിച്ച 1.06 ലക്ഷം കോടിയേക്കാള്‍ കൂടുതല്‍ പദ്ധതിത്തുക(2.36 ലക്ഷംകോടി) നല്‍കിയെന്നാണ് പാര്‍ട്ടിയുടെ വാദം. ദേശീയ ഗോത്ര മഹാ അധിനിവേശ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ഗോത്രവര്‍ഗവോട്ടുകളും പാര്‍ട്ടി ലക്ഷ്യമിടുന്നു. വനഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com