ജോമോനും തുഷാറും പിന്നെ ഞാനും: റ്റിജെഎസ് ജോര്‍ജ് എഴുതുന്നു

ജോമോനോ തുഷാറോ പൊതുജനസേവനത്തിനായി വിദ്യാഭ്യാസത്തിലൂടെയോ പരിശീലനത്തിലൂടെയോ യോഗ്യത നേടുന്നതായി നാം കേട്ടിട്ടുണ്ടോ? ശരിയായ അച്ഛന്മാരുടെ മക്കളായി ജനിക്കുന്നതാണ് അവരുടെ യോഗ്യത.
ജോമോനും തുഷാറും പിന്നെ ഞാനും: റ്റിജെഎസ് ജോര്‍ജ് എഴുതുന്നു



റോഡുമാര്‍ഗം എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ മഹാനഗരങ്ങളിലൂടെ യാത്ര ചെയ്യാന്‍ എനിക്ക് അടുത്ത കാലത്ത് സന്ദര്‍ഭമുണ്ടായി. വഴിനീളെ എന്നെ സ്വീകരിച്ച് ആനയിച്ചത് മന്ദസ്മിതം തൂകി, കൈ ഉയര്‍ത്തി, ലോകത്തെ അനുഗ്രഹിച്ചു നില്‍ക്കുന്ന രണ്ടു മഹാരഥന്മാരുടെ വലിയ ചിത്രങ്ങളാണ്. പരസ്യപ്പലകകളിലും മതിലുകളിലും പതിച്ച പോസ്റ്ററുകള്‍ വായിച്ചപ്പോള്‍  ജോസ് കെ. മാണി എം.പിയും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് ഈ മഹാരഥന്മാര്‍ എന്നു മനസ്സിലായി. കടന്നുപോകുന്ന പൊതുജനത്തിനു സാന്ത്വനമരുളുന്ന അവരുടെ മുഖങ്ങള്‍ റോഡുയാത്രയ്ക്ക് കുളിര്‍മ നല്‍കി. എന്റെ നാടിനേയും നാട്ടുകാരെയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതയോടെ നില്‍ക്കുന്ന രണ്ടു ശക്തിസ്രോതസ്സുകള്‍ ഉണ്ടല്ലോ എന്നു മനസ്സിലാക്കിയ ഞാന്‍ സര്‍വ്വേശ്വരനോട് നിശ്ശബ്ദം നന്ദിയറിയിച്ചു.

വലിയ പോസ്റ്ററുകളില്‍ നേതാവിന്റെ സുസ്‌മേരവദനത്തോടൊപ്പം അകമ്പടി എന്നപോലെ, പത്തുപതിനഞ്ചു പേരുടെ ചെറിയ മുഖങ്ങളും അണിനിരന്നിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കു കൗതുകവും ചില സംശയങ്ങളും അനുഭവപ്പെട്ടു. ഒരു മുഖം പോലും തിരിച്ചറിയാനുള്ള അറിവ് എനിക്കില്ലായിരുന്നു. എന്റെ അറിവില്ലായ്മയുടെ അപമാനഭാരം കാരണം മനസ്സിന്റെ ഒരു ഭാഗം തളര്‍ന്നപ്പോഴും മറ്റൊരു ഭാഗം ചോദ്യങ്ങള്‍ ഉയര്‍ത്തി. വലിയ മുഖത്തിന്റെ അകമ്പടികളായ ഈ ചെറിയ മുഖങ്ങള്‍ ആരുടെയൊക്കെയാണ്? ഇവര്‍ക്ക് എങ്ങനെ അകമ്പടിസ്ഥാനം ലഭിച്ചു? തുടര്‍ന്ന് വലിയ മുഖങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇവര്‍ എങ്ങനെ ഒരു സുപ്രഭാതത്തില്‍ വലിയ നേതാക്കന്മാരായി? സേവകരോടൊപ്പം നാട്ടിലെ ഭിത്തികളിലെല്ലാം സ്ഥലം പിടിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിച്ചു?
അങ്ങനെയാണ് ആ രഹസ്യം എന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞത്. ജോസ് കെ. മാണി യും തുഷാര്‍ വെള്ളാപ്പള്ളിയും ഭിത്തിയായ ഭിത്തിയെല്ലാം പിടിച്ചടക്കിയത് അവരുടെ അച്ഛന്മാരുടെ മക്കളായതുകൊണ്ടാണ്. അതുകൊണ്ടു മാത്രം.

ആ തിരിച്ചറിവു കൊണ്ടെത്തിച്ചത്  മറ്റൊരു ചോദ്യത്തിലേക്കാണ്. ഞാന്‍ എന്റെ അച്ഛന്റെ മകനാണല്ലോ, എന്നിട്ടെന്തേ  എനിക്ക് ഭിത്തികളില്‍ സ്ഥലമില്ലാത്തത്? എന്റെ അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു, മജിസ്ട്രേറ്റായി, ഇന്‍കം ടാക്‌സ് ആഫീസറായി. പക്ഷേ, എന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ല. ഒന്നുകില്‍ അദ്ദേഹത്തിനു വേണ്ടത്ര ബുദ്ധി ഇല്ലായിരുന്നു. അല്ലെങ്കില്‍ എന്നോടു വേണ്ടത്ര സ്‌നേഹം ഇല്ലായിരുന്നു. കേരളത്തിലെ തൊണ്ണൂറ്റിയൊന്‍പതര ശതമാനം അച്ഛന്മാരും അങ്ങനെയാണെന്നു തോന്നുന്നു. ബാക്കി അരശതമാനത്തിലാണ്  ബുദ്ധിയുടേയും സ്‌നേഹത്തിന്റേയും തിരത്തള്ളല്‍ മൂലം മക്കള്‍ ദേശസ്‌നേഹികളായി അവതരിക്കുന്നത്.
പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് പൊട്ടിവീഴുകയാണ് അവതാരങ്ങളുടെ സ്‌റ്റൈല്‍. ജോമോനോ തുഷാറോ പൊതുജനസേവനത്തിനായി വിദ്യാഭ്യാസത്തിലൂടെയോ പരിശീലനത്തിലൂടെയോ യോഗ്യത നേടുന്നതായി നാം കേട്ടിട്ടുണ്ടോ? ശരിയായ അച്ഛന്മാരുടെ മക്കളായി ജനിക്കുന്നതാണ് അവരുടെ യോഗ്യത. അതിലപ്പുറം ഒന്നും ആവശ്യമില്ല എന്ന രാഷ്ട്രീയതത്ത്വമാണ് അവരുടേയും അവരുടെ അച്ഛന്മാരുടേയും അടിത്തറ.

പഠിച്ച പണി എല്ലാം നോക്കിയിട്ടും മുഖ്യമന്ത്രിയാകാന്‍ ഒരു ചാന്‍സ് കിട്ടിയില്ലെന്ന തീരാദുഃഖവുമായിട്ടാണ് അച്ഛന്‍ മാണി മെല്ലെ വാര്‍ദ്ധക്യം സ്വീകരിക്കുന്നത്. വളരുംതോറും പിളരുന്ന പാര്‍ട്ടി പിളരുന്തോറും വളരണമെന്നില്ല എന്ന സത്യം മനസ്സിലാക്കുകയാണ് മകന്‍ മാണി. ഒരു മന്ത്രിയെങ്കിലും ആകാന്‍ എന്താണ് വഴി എന്ന ഒരേ ഒരു ചിന്ത മാത്രമാണ് ഇവരുടെ ജീവിതം. വെള്ളാപ്പള്ളിമാര്‍ക്കും മനസ്സിലിരിപ്പതാണെങ്കിലും വഴികള്‍ വ്യത്യസ്തമാണ്. അധികാരത്തിലിരിക്കുന്നവരുടെ  ശത്രുത നേടാന്‍ അച്ഛന്‍ വെള്ളാപ്പള്ളിക്കു ബുദ്ധിമുട്ടുകളുണ്ട്. മകന്‍ വെള്ളാപ്പള്ളി അങ്ങോട്ടു സ്‌നേഹിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴും ഇങ്ങോട്ടു സ്‌നേഹിക്കാന്‍ പാര്‍ട്ടികളൊന്നും വരുന്നില്ല. ധര്‍മ്മപരിപാലനം ധര്‍മ്മസങ്കടമാകുന്ന അവസ്ഥ.
പക്ഷേ, ഒന്നു പറയാതെ നിവൃത്തിയില്ല. രാഷ്ട്രീയ അച്ഛന്മാരുടെ മക്കള്‍ക്കാണ് തൊലിക്കട്ടി എന്ന ഈശ്വരദാനം നിര്‍ലോഭം ലഭിക്കുന്നത്. തങ്ങള്‍ക്കു മന്ത്രിമാരാകാന്‍ അവകാശമുണ്ടെന്നു വിളംബരം ചെയ്യുന്നതാണ് ജോമോന്റേയും തുഷാറിന്റേയും മുഖഭാവങ്ങളും വാക്കുകളും നടപ്പും നോട്ടവും എല്ലാം. നേരെ മറിച്ചാണ് എന്റെ കാര്യം. മജിസ്ട്രേറ്റാകാന്‍ വേണ്ട യോഗ്യതകളെല്ലാം എനിക്കുണ്ടെന്നു നടിക്കാന്‍ എത്ര ശ്രമിച്ചിട്ടും ഫലിക്കുന്നില്ല. അതാണ് ജോമോനും തുഷാറും ഞാനും തമ്മിലുള്ള വ്യത്യാസം. അതുതന്നെയാണ് എന്നെ അവരേക്കാള്‍ സന്തുഷ്ടനാക്കുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com