പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ സംരക്ഷണം തീര്‍ക്കുന്ന നാട്: മലമുകളില്‍ പലനിറങ്ങളില്‍ പ്രാര്‍ത്ഥനകള്‍ എഴുതിയ ഭൂട്ടാനെക്കുറിച്ച്

ലോകത്തിന്റെ നെറുകയിലെ അവസാനത്തെ പൂന്തോട്ടമാണ് ഭൂട്ടാന്‍. ദേശീയ വരുമാനത്തിനപ്പുറം ജീവിതാനന്ദത്തിന് പ്രമുഖ്യം നല്‍കുന്ന രാജ്യം.
പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ സംരക്ഷണം തീര്‍ക്കുന്ന നാട്: മലമുകളില്‍ പലനിറങ്ങളില്‍ പ്രാര്‍ത്ഥനകള്‍ എഴുതിയ ഭൂട്ടാനെക്കുറിച്ച്

ലോകത്തിന്റെ നെറുകയിലെ അവസാനത്തെ പൂന്തോട്ടമാണ് ഭൂട്ടാന്‍. ദേശീയ വരുമാനത്തിനപ്പുറം ജീവിതാനന്ദത്തിന് പ്രമുഖ്യം നല്‍കുന്ന രാജ്യം. (Gross national happiness ആണ് ഭൂട്ടാന്റെ മുദ്രാവാക്യം) ഭൂവിസ്തൃതിയില്‍ 70 ശതമാനം വനങ്ങളും സംരക്ഷിക്കപ്പെടുന്ന ഭൂട്ടാന്റെ ജനസംഖ്യ 7 ലക്ഷത്തില്‍ താഴെ മാത്രം (2012). 38394 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ നാട് ആധുനിക ജനാധിപത്യത്തിലേക്കും, പരിഷ്‌കൃതിയിലേക്കും ഉണരുകയാണ്.

കല്‍ക്കത്തയില്‍നിന്ന് ഗോഹത്തിയിലേക്കുള്ള റെയില്‍ മാര്‍ഗ്ഗത്തില്‍ വിസ്തൃതങ്ങളായ വനമേഖലകള്‍ കടന്നാണ് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഹസിമാറ റെയില്‍വെ സ്റ്റേഷന്‍. പട്ടാളബാരക്കുകളുടേയും കല്‍ക്കരിഖനികളുടേയും സാമീപ്യമുള്ള ഹസിമാറ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ വേര്‍തിരിക്കപ്പെടുന്ന ജെയ്ഗോണ്‍ പട്ടണത്തിലേയ്ക്ക് 12 കിലോമീറ്റര്‍ മാത്രമാണ് ഉള്ളത്. നേരത്തെ ഏല്പിച്ച പ്രകാരം ഹൈദര്‍ എന്ന സാരഥി ഇന്നോവയുമായെത്തി ഞങ്ങളെ ജെയ്ഗോണ്‍ കടത്തി ഭൂട്ടാന്റെ അതിര്‍ത്തിനഗരമായ ഫ്യുഷിലിംഗില്‍ എത്തിച്ചു. ജെയ്ഗോണ്‍ വരെ  നിരപ്പായ സ്ഥലങ്ങള്‍ നിറയെ ചായത്തോട്ടങ്ങളാണ്. മലഞ്ചെരിവുകളില്‍ ചായത്തോട്ടങ്ങള്‍ കണ്ട് പരിചയിച്ചവര്‍ക്ക് ഇത് പുതുമയുള്ള കാഴ്ചയാണ്. 
ജെയ്ഗോണ്‍ ഒരഴുക്കുചാലാണ്. ഭുട്ടാനില്‍നിന്നെത്തുന്ന നദിയാകെ അഴുക്കാണ്. വാഹനങ്ങളും ആളുകളും വൃത്തികേടുകളുടെ കൂമ്പാരങ്ങളും നിറഞ്ഞ ഈ ഇന്ത്യന്‍ പട്ടണം കടന്നാല്‍ ഭൂട്ടാനിലേക്ക് പടിവാതിലായി. ഭൂട്ടാനിലേക്ക് സ്വാഗതമോതുന്ന ചൈനീസ് പഗോഡയുടെ ആകൃതിയുള്ള കവാടം മറ്റൊരു ലോകമാണ് നമുക്ക് മുന്‍പില്‍ തുറക്കുന്നത്. 

ഒരു പകുതിപ്രജ്ഞയില്‍ നിഴലും നിലാവും മറുപകുതിപ്രജ്ഞയില്‍ കരിപൂശിയരാവും എന്ന ചങ്ങമ്പുഴയുടെ വരികളെ (കാവ്യനര്‍ത്തകി) അന്വര്‍ത്ഥമാക്കിയാണ് ഫ്യുഷലിംഗ് എന്ന ചെറുഭൂട്ടാന്‍ അതിര്‍ത്തിപട്ടണം നമ്മെ എതിരേല്‍ക്കുന്നത്.
    സ്വന്തം സംസ്‌കൃതി സംരക്ഷിക്കുന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള ഭൂട്ടാന്‍ ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. വിദേശ ടൂറിസ്റ്റുകള്‍ക്ക് ഭൂട്ടാനില്‍ ഒരു ദിവസം തങ്ങാന്‍ 250 ഡോളറാണ് ഫീസ്. ഇന്ത്യ, ബംഗ്ലാദേശ്, മാലി ദ്വീപുകാര്‍ക്ക് പ്രവേശനം സൗജന്യമാണ്. പാസ്പോര്‍ട്ടോ ഐഡന്റിറ്റി കാര്‍ഡോ (വോട്ടേഴ്സ് ഐഡി) ഉപയോഗിച്ച് ഭൂട്ടാനിലേക്ക് കടക്കാം. പൊടിയോ അഴുക്കോ ഇല്ലാത്ത പട്ടണങ്ങളാണ്. ഭൂട്ടാനില്‍ ഹോണടിക്കാതെ വാഹനങ്ങള്‍  ക്രമം പാലിച്ച് കടന്നുപോകുന്നു. സീബ്രാലൈനില്‍ യാത്രക്കാര്‍ക്കു വേണ്ടി വണ്ടികള്‍ കാത്തുനില്‍ക്കുന്നു. എങ്ങും മരങ്ങള്‍ തീര്‍ത്ത സമൃദ്ധിയുടെ ഹരിതാഭയാണ്. കാനയില്‍ അഴുക്കില്ലാതെ തെളിനീരൊഴുകുന്നു.

അതിര്‍ത്തി കടന്ന്

ഫ്യൂഷിലിംഗിലെ എമിഗ്രേഷന്‍ സെന്ററില്‍ പാരമ്പര്യവേഷമായ ഖീരയും ഖോയും ധരിച്ച ഉദ്യോഗസ്ഥന്‍മാര്‍ ആണ്. ഔദ്യോഗിക സ്ഥലത്ത് രാജാവുള്‍പ്പെടെ ഭൂട്ടാന്‍കാര്‍ക്ക് ഈ വേഷവിധാനം നിര്‍ബന്ധമാണ്. കംപ്യൂട്ടറുള്‍ക്ക് മുന്‍പില്‍ അലസമായിരുന്ന്  ചുയിംഗം ചവയ്ക്കുന്ന പെണ്‍കുട്ടികള്‍ ഔദ്യോഗിക പ്രവേശനരേഖകള്‍ അനുവദിച്ച് തരുന്നതിന് ഒരു തിരക്കും കാണിക്കുന്നില്ല. മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠനും ജില്ലാ പഞ്ചായത്തംഗം യു. രാജഗോപാലും, ചളവറ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. സത്യപാലനും, ഇരിട്ടിയിലെ കര്‍ഷകന്‍ ജോസഫും ഞാനുമടങ്ങുന്ന യാത്രാസംഘത്തെ കണ്ടപ്പോള്‍  എമിഗ്രേഷന്‍ ഡയറക്ടര്‍ക്ക് കൗതുകം. അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ച് പരിചയപ്പെട്ടശേഷം കുടുംബസമേതം ഭൂട്ടാനിലേക്ക് വരണമെന്ന് ഉപദേശിച്ചു. കുടുബാംഗങ്ങളെ കൂട്ടിവരാന്‍ അടുത്ത തവണ ശ്രമിക്കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കി. 

സെപ്തംബര്‍ മാസമായതിനാല്‍ ടൂറിസ്റ്റുകളുടെ തിരക്ക് ഭൂട്ടാനില്‍ കുറവാണ്. ഫ്യുഷിലിംഗില്‍ താമസിച്ച ഓര്‍ക്കിഡ് ഹോട്ടലില്‍ പെരിന്തല്‍മണ്ണയില്‍നിന്ന് വാസ്തുശില്പവിദ്യ പഠിക്കുന്ന ഒരു കോളേജിലെ കുട്ടികള്‍ രണ്ട് ബസുകളിലായി എത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളെല്ലാം നിശ്ചലമായതിനാല്‍ ഭൂട്ടാനില്‍നിന്ന് ഒരു സിംകാര്‍ഡ് എടുത്തു. ഒരു മിനിട്ട് നാട്ടിലേക്ക് വിളിച്ചപ്പോഴേക്കും 100 രൂപയുടെ ചാര്‍ജ് ആവിയായി. ഭൂട്ടാനിലെ നീല്‍ ഉട്രവും(NU) ഇന്ത്യന്‍  രൂപയും ഒരേ വിലയാണ്. രണ്ട് കറന്‍സികളും എല്ലായിടത്തും എടുക്കും. ഇന്ത്യന്‍ കറന്‍സി 2000 രൂപ എടുക്കില്ല എന്ന്  എഴുതിവെച്ചിട്ടുണ്ട് പലയിടത്തെങ്കിലും ഇത്തരം ബുദ്ധിമുട്ട് എവിടെയുമുണ്ടായില്ല. റസ്റ്റോറന്റില്‍ പ്രഭാത-രാത്രി ഭക്ഷണം സൗജന്യമാണ്.  

ജി. ബാലചന്ദ്രന്റെ മോചനം, ജക, ഉറുമ്പുകള്‍, വ്യാളി എന്നീ നോവലുകളും നോര്‍ബുലിംഗ് എന്ന ഓര്‍മ്മകളും വായിച്ചാണ് ഭൂട്ടാന്‍ മനസ്സിലൊരു പ്രഹേളികയാകുന്നത്. ഹിമാലയത്തിനു മുകളില്‍ അതിമോഹങ്ങളില്ലാതെ സംതൃപ്തിയോടെ കഴിയുന്ന ഈ ആളുകളുടെ ആവാസകേന്ദ്രം കാണണം എന്ന് മനസ്സില്‍ കുറിച്ച ആഗ്രഹമാണ് ഇപ്പോള്‍ സഫലമാകുന്നത്. ഭൂട്ടാന്റെ അവികസിത ഘട്ടങ്ങളായ എഴുപതുകളിലും എണ്‍പതുകളിലും മലയാളി അധ്യാപകര്‍ക്ക് ഗ്രാമീണവിദ്യാലയങ്ങളില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. പിറ്റേന്ന് ഫ്യുഷിലിംഗ് മുതല്‍ ഐത്ത എന്ന ചെറുപ്പക്കാരനാണ് ഞങ്ങളുടെ സാരഥി. ഇരുപത്തേഴുകാരനായ ഭൂട്ടാനീസ് ഖോ ധരിച്ച ഐയിത്ത രാവിലെ എട്ടരമണിക്കുതന്നെ ഞങ്ങളുടെ അരികിലെത്തി. തൊണ്ണൂറ് കിലോമീറ്റര്‍ അകലെയുള്ള പാരോയിലേക്കാണ് യാത്ര.

വൃത്തിയായി സംരക്ഷിക്കപ്പെടുന്ന കാനനങ്ങളിലൂടെ അസംഖ്യം വെള്ളച്ചാട്ടങ്ങള്‍ കണ്ട് കോടമഞ്ഞിന്റെ പാളികള്‍ താണ്ടി യാത്ര മുന്നേറുകയാണ്. വെള്ളച്ചാട്ടങ്ങളില്‍നിന്ന് ഉണ്ടാക്കുന്ന വൈദ്യുതിയാണ് ഭൂട്ടാന്റെ പ്രധാന വരുമാനം. അധിക വൈദ്യുതി ഇന്ത്യയ്ക്ക് വില്‍ക്കുന്നു. എല്ലാ സാധനങ്ങളും കാര്‍ഷിക വിഭവങ്ങള്‍ ഒഴിച്ച് ഇന്ത്യയില്‍നിന്നാണ് കൊണ്ടുവരുന്നത്. വഴിയരികില്‍ കാവല്‍ക്കാരില്ലാത്ത വൃത്തിയുള്ള ശുചിമുറികള്‍ മാതൃകയാക്കേണ്ട കാഴ്ചയാണ്. 10 എന്‍.യു. ആണ് ശുചിമുറി ഉപയോഗിക്കുന്നതിന് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 
ഇടയ്ക്ക് യാത്രികര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഉണ്ട്. എല്ലാവിധ ഭക്ഷ്യോപാധികളും അവിടെയുണ്ട്. ശീതളപാനീയങ്ങളും വിവിധ ബ്രാന്റിലുള്ള മദ്യങ്ങളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ബുദ്ധമത അനുയായികളാണെങ്കിലും മാംസ്യഭക്ഷണം ഇവര്‍ക്ക് പ്രിയമാണ്. ധോമ പുകയിലയില്ലാത്ത മുറുക്കാന്‍ കടകളില്‍ സുലഭമാണ്. പുകയില, സിഗരറ്റ് വ്യാപാരം നിയമവിരുദ്ധമാണ്.
സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്ന വഴിയോര പഴം, പച്ചക്കറി വിപണന കേന്ദ്രങ്ങളില്‍ സ്ത്രീകളാണ് വില്‍പനക്കാര്‍. ദിനുലാമ എന്ന സ്ത്രീ നടത്തുന്ന വിപണന കേന്ദ്രത്തില്‍നിന്ന് നാടന്‍ പഴവും പിയറും ആപ്പിളും വാങ്ങി കയ്യില്‍ വെച്ചു. പച്ചക്കറികളും പഴങ്ങളും ജൈവരീതികളിലാണ് ഉല്പാദിപ്പിക്കുന്നത്. രാസവളങ്ങളും കീടനാശിനികളും ഇവിടെ കൃഷിക്കന്യമാണ്. ഇടയ്ക്കിടെ കാണപ്പെടുന്ന മലയോര ഗ്രാമങ്ങളില്‍ തട്ടുതട്ടായി നെല്‍ക്കൃഷി ചെയ്തിട്ടുണ്ട്. ചുവന്ന നിറമുള്ള നമ്മുടെ പഴയ വട്ടനും മഞ്ഞനിറമുള്ള വട്ടനും കാണാനായി. കച്ചവടകേന്ദ്രങ്ങളില്‍ യാക്കിന്റെ ചീസ് ഉണക്കി കഷണങ്ങളാക്കി  മാലപോലെ തൂങ്ങിക്കിടപ്പുണ്ട്. 

പുനാഖ സോങ്: ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഭരണകേന്ദ്രം
പുനാഖ സോങ്: ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഭരണകേന്ദ്രം

പാരോ നഗരത്തില്‍
മലനിരകള്‍ക്കിടയിലൂടെ റോഡ് ഒരു വെള്ളിനാടപോലെ നീണ്ടുപോകുന്നു. ചിലയിടങ്ങളിലെങ്കിലും ഹിമാലയ സഹജമായ മലയിടിച്ചല്‍ ഉണ്ടാകുന്നുണ്ട്. അറുപതു കിലോമീറ്റര്‍ പിന്നിട്ടാല്‍ റോഡ് തിമ്പുവിലേക്കും പാരോവിലേക്കും വഴിമാറുന്നു. തെളിനീരൊഴുകുന്ന നദികള്‍ മനോഹരമായ കാഴ്ച തന്നെയാണ്. മാലിന്യവും അഴുക്കുമില്ലാതെ സംരക്ഷിക്കപ്പെടുന്ന ഈ നദികള്‍ ഒരുനാടിന്റെ പ്രകൃതിയോടുള്ള മനോഭാവമാണ് സൂചിപ്പിക്കുന്നത്.
ഭൂട്ടാനിലെ ഏക വിമാനത്താവളമായ പാരോ എയര്‍പ്പോര്‍ട്ടിനടുത്തുകൂടെയാണ് യാത്ര. ലോകത്തിലെ ദുര്‍ഘടമായ വിമാനത്താവളങ്ങളിലൊന്നാണ് പാരോ. കുന്നുകള്‍ക്കിടയില്‍ റോഡിന്റേയും പുഴയുടേയും ഓരം ചേര്‍ന്ന് നിലകൊള്ളുന്ന ഈ എയര്‍പ്പോര്‍ട്ടില്‍ വളരെ കുറച്ച് വിമാനങ്ങളേ ദിവസേന വരാറുള്ളൂ. 

പാരോ നഗരത്തില്‍ ഉച്ചയ്ക്ക് എത്തി. നഗരം എന്ന അര്‍ത്ഥത്തില്‍ തിരക്കും വീര്‍പ്പുമുട്ടലുമില്ല. റോഡിനിരുവശത്തും നടുവിലും വൃക്ഷങ്ങളാണ്. കാനകളില്‍ ഒഴുകുന്ന വെള്ളത്തിന് നിറഞ്ഞ സ്വച്ഛതയാണ്. പാരോ നദിക്ക് വെണ്‍നുര ചാര്‍ത്തുകള്‍ വെള്ളിവെളിച്ചം നല്‍കുന്നു. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലുള്ള ഈ പട്ടണത്തില്‍നിന്ന് ചോറും മോരും റൊട്ടിയും ദാലുമെല്ലാംകൂട്ടി ഊണുകഴിക്കാനായി. പരമ്പരാഗത വാസ്തുശില്പ വിദ്യകള്‍ എവിടേയും ഉപേക്ഷിക്കപ്പെട്ടിട്ടില്ല. മരം കൊണ്ടുള്ള തട്ടുകളും പഗോഡ ആകൃതിയിലുള്ള മുഖപ്പുകളും മേലാപ്പുകളും നിറഞ്ഞ കെട്ടിടനിര്‍മ്മാണരീതി ആകര്‍ഷണമാണ്.     പാരോവിലെ റിസോര്‍ട്ടിന് പുറത്ത് മലനിരകള്‍ക്കരികെ വിശാലമായ നെല്‍പ്പാടങ്ങളില്‍ സൂര്യനസ്തമിക്കുകയാണ്. തണുപ്പ് കുറേശ്ശെ കടന്നുവരുന്നുണ്ട്. റിസോര്‍ട്ടിലെ ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റവും ഭക്ഷണവും മനസ്സ് നിറച്ചു. നന്നായി വേഷധാരണം ചെയ്ത റിസോര്‍ട്ടിലെ ജോലിക്കാരികള്‍ക്കെല്ലാം ചുരുങ്ങിയ ശമ്പളമാണ്. വിദൂര ഗ്രാമങ്ങളില്‍നിന്ന് ദാരിദ്ര്യം മൂലം എത്തിച്ചേര്‍ന്നവരാണ് ഇവരെല്ലാം. ഇംഗ്ലീഷ് ഭാഷ ഏവര്‍ക്കും കൈകാര്യം ചെയ്യാനാവുന്നുണ്ട്. വിദ്യാഭ്യാസവും ആതുരശുശ്രൂഷയും പൂര്‍ണ്ണമായും ഈ നാട്ടില്‍ സൗജന്യമാണ്. പാരോവില്‍ ഇന്ത്യക്കാരുടേയും സ്വിറ്റസര്‍ലാന്റ് പോലുള്ള വിദേശ രാജ്യക്കാരുടേയും റിസോര്‍ട്ടുകള്‍ നിരവധിയുണ്ട്. 

പാരോയില്‍നിന്ന്  രാവിലെ ടൈഗര്‍ നെസ്റ്റിലേക്കാണ്. ഗുരുപത്മസംഭവന്‍ എ.ഡി. 8-ാം നൂറ്റാണ്ടില്‍ കടുവപ്പുറത്തു വന്നിറങ്ങിയ പുലിമടയാണ് ടൈഗേഴ്സ്നെസ്റ്റ് പാരോവില്‍ നിന്നെവിടെനിന്നും ഉയര്‍ന്ന മലകള്‍ക്കു മുകളില്‍ പാറക്കെട്ടില്‍ തീര്‍ത്ത ശില്പവിസ്മയം 2400 അടി ഉയരത്തില്‍ കാണാനാവും. 17-ാം നൂറ്റാണ്ടിലാണ് ഈ മൊണാസ്ട്രി പണികഴിപ്പിച്ചത്. ദ്യശ്യ ഗോചരമെങ്കിലും ഇവിടെ എത്താന്‍ നിരവധി മലകള്‍ചുറ്റി 4 1/2 മണിക്കൂര്‍ നടന്ന് മലകയറ്റം കയറി പിന്നീട് ആയിരത്തോളം പടികളിറങ്ങി അഞ്ഞൂറോളം പടികയറി  വരേണ്ടതുണ്ട്. ദുര്‍ഘടമായ വഴികളിലൂടെ ആയാസകരമായ കയറ്റം കയറാന്‍  4 1/2 മണിക്കൂറെങ്കിലും വേണം. വഴിയില്‍ പറയത്തക്ക വിശ്രമകേന്ദ്രങ്ങളൊന്നുമില്ല. മനോബലമില്ലാത്തവര്‍ കയറ്റം കയറാന്‍ അറച്ചു നില്‍ക്കുന്നു. ഞങ്ങള്‍ക്കു മുന്‍പില്‍ പോയ റോയല്‍ ഫാമിലിയിലെ രാജാവിന്റെ മാതാവുള്‍പ്പെടെ നടന്നാണ് പോകുന്നത്. ഒപ്പം അംഗരക്ഷകരായ മൂന്നോ നാലോ പൊലീസുകാരും ഏതാനും ലാമമാരുമുണ്ട്. പുറകില്‍ ഞാത്തിയിട്ട തൊട്ടിലില്‍ രണ്ടുവയസ്സ് തികയാത്ത കുട്ടിയേയുമെടുത്ത് ബംഗ്ലാദേശുകാരിയായ യുവതി ലോമു വഴിയരികിലിരിക്കുന്നു. ബാങ്ക് ജീവനക്കാരിയായ അവരുടെ ഭര്‍ത്താവ് മുകളിലേക്ക് കയറിപ്പോയതാണ്. എല്ലാ രാജ്യങ്ങളിലുമുള്ള യാത്രികര്‍ ഈ അപൂര്‍വ്വ ദ്യശ്യം കാണാന്‍ മലകയറിപ്പോകുന്നു. ടൈഗര്‍നെസ്റ്റിലുള്ള മൊണാസ്ട്രിയില്‍ ഗുരുപത്മ സംഭവന്റെ വലിയ പ്രതിമകള്‍ കാണാം. പാറയിടുക്കുകളിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ മലയരികിലെ പാറക്കെട്ടുകള്‍ ചുറ്റിവരാനുള്ള ഗുഹാമാര്‍ഗ്ഗങ്ങളുണ്ട്. ഏറെ നേരം അവിടെയിരുന്ന് ക്ഷീണമകറ്റി. 

ഇറക്കം കയറ്റത്തെക്കാള്‍ ആയാസകരമാണ്. രാവിലെ 9 മണിക്കാരംഭിച്ച യജ്ഞം കഴിഞ്ഞ് ബേസ്‌ക്യാമ്പിലെത്തിയത് 5 1/2 മണിക്കാണ്. റൂമില്‍ പോയി വേദനസംഹാരിമരുന്നുകള്‍ പുരട്ടി ചൂടുവെള്ളത്തില്‍ കുളിച്ചിട്ടും പേശികള്‍ ശരീരത്തെ അനുസരിക്കാത്ത അവസ്ഥ.  വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ച് കറങ്ങുന്ന പ്രാത്ഥനാ ചക്രങ്ങള്‍ നിദ്രയില്‍ ഒച്ചവെച്ചുകൊണ്ടിരുന്നു. 
പിറ്റേന്ന് രാവിലെ നാഷണല്‍ മ്യൂസിയത്തിലേക്കാണ് യാത്ര. പാരോവിലെ മ്യൂസിയം 9 നിലകളുള്ളത് അറ്റകുറ്റപണിക്ക് അടച്ചിട്ടിരിക്കുകയാണ്. ദീര്‍ഘകാലം ഭൂട്ടാന്റെ ശത്രുക്കളായിരുന്ന തിബറ്റുകാരുമായുള്ള യുദ്ധത്തിന് ഉപയോഗിച്ചിരുന്ന കോട്ടയാണിത്. വൃത്താകൃതിയിലുള്ള ഈ കാവല്‍മാടത്തിനരികെ ആധുനിക മ്യൂസിയം രണ്ട് വര്‍ഷത്തിനു മുന്‍പ് ഇന്ത്യ പണിതു നല്‍കിയതാണ്. ഭൂട്ടാന്റെ സംസ്‌കാരം, ചരിത്രം, ആചാരങ്ങള്‍ ജീവിത വൈചിത്ര്യങ്ങള്‍, ഭൂപ്രകൃതി എന്നിവ ആലേഖനം ചെയ്ത ചിത്രങ്ങളും വസ്തുക്കളും കൊണ്ട് സമ്പന്നമാണ് മ്യൂസിയം. ഭൂട്ടാന്‍ ഒരു രാജ്യത്തിന്റേയും കോളനിയായിരിക്കേണ്ടിവന്നിട്ടില്ല എന്നത് ഏറെ കൗതുകകരമായ ഒരു വസ്തുതയാണ്.

പാരോവില്‍നിന്ന് 30 കിലോമീറ്റര്‍ അപ്പുറത്താണ് തിമ്പു. ഉച്ചകഴിഞ്ഞ് തിമ്പുവിലെത്തി. 1955- ലാണ് തിമ്പു തലസ്ഥാന പദവിയിലെത്തുന്നത്. തിമ്പുവിലെത്തുന്നതിനു മുന്‍പുതന്നെ ഒരു ചെറിയ മലമുകളില്‍ പ്രതിഷ്ഠിച്ച, ഉദ്ഘാടനം കാത്തുകഴിയുന്ന ഗുരുപത്മസംഭവന്റെ ഒരു കരിമ്പന ഉയരത്തിലുള്ള പ്രതിമയും വിശാലമായ കല്ലുപാകിയ അങ്കണവും കൗതുകക്കാഴ്ചകളാണ്. തിമ്പുവിലെവിടെനിന്ന് നോക്കിയാലും ഈ ബുദ്ധപ്രതിമ കാണാനാവും.

വിലക്കുകളില്ലാത്ത ആണ്‍-പെണ്‍ സൗഹൃദം

1964-ല്‍ ഇന്ത്യയില്‍നിന്ന് കൊണ്ടുപോയ വില്ലീസ് ജീപ്പിന്റെ ഘടകങ്ങള്‍ യോജിപ്പിച്ച് ഓടിച്ച വാഹനമായിരുന്നു തിമ്പുവിലെ ആദ്യത്തെ മോട്ടോര്‍ വാഹനമെങ്കില്‍ ഇന്ന് നിരനിരയായി നിരത്തില്‍ നിറഞ്ഞുകിടക്കുന്ന ആധുനിക വിദേശവാഹനങ്ങള്‍ പുതിയ തിമ്പുവിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഭക്ഷണം കഴിച്ച് ഹോട്ടല്‍ അമോധരയിലേക്ക്. പിറ്റേന്ന് പഴയ ഭൂട്ടാന്റെ തലസ്ഥാനമായിരുന്ന പുനാഖ്യയിലേക്ക് പോകുന്നതിന് യാത്രാനുമതി ഇവിടെനിന്നാണ് എടുക്കേണ്ടത്. തിമ്പുവില്‍ ഇന്ത്യയുടെ എംബസിയും കള്‍ച്ചറല്‍ സെന്ററുകളുമുണ്ട്. തിമ്പു തെരുവ് ആകര്‍ഷകമായ രീതിയില്‍ വൃത്തിയുള്ളതുമാണ്.

വൈകിട്ട് മലഞ്ചെരിവില്‍നിന്ന് തിമ്പു പാലസ് നോക്കി കണ്ടു. ഭൂട്ടാനിലെ 20 പ്രവശ്യ തലസ്ഥാനങ്ങളും സോങ്ങുകള്‍ (കോട്ട) എന്നറിയപ്പെടുന്നു. ജില്ലാ ആസ്ഥാനങ്ങളിലെ ഔദ്യോഗിക വകുപ്പ് സംവിധാനങ്ങളും മൊണാസ്ട്രി എന്ന ലാമമാരുടെ പുരോഹിത സങ്കേതവും ഉള്‍ച്ചേര്‍ന്നതാണ് സോങ്ങുകള്‍. തിമ്പു ഫോര്‍ട്ടില്‍ വൈകിയിട്ട് 5 മണിക്ക് പതാക താഴ്ത്തുന്ന ചടങ്ങ് കാണാന്‍ നിരവധി ആളുകള്‍ എത്തുന്നു. ആചാരപരമായ ചടങ്ങുകളോടെ, വാദ്യമേളങ്ങളോടെ പതാക താഴ്ത്തി ചുരുട്ടിക്കൊണ്ട് പോകുന്ന സോങ്ങിനകത്തെ ചടങ്ങ് ആകര്‍ഷകമാണ്.  

സ്ത്രീപുരുഷ സൗഹൃദങ്ങള്‍ക്ക് വിലക്കുകളില്ലാത്ത നാടാണ് ഭൂട്ടാന്‍. ജീവിതം സംതൃപ്തിയുടേയും ആനന്ദത്തിന്റേയും അനുഭൂതികളാക്കുന്ന ഒരു ജനത.  ഉല്‍ക്കണ്ഠകളും ആവലാതികളും കുറഞ്ഞ ഈ സമൂഹത്തിന്റെ ആരോഗ്യതലം ഉയര്‍ന്നതാണ്.  ധൃതിയേതുമില്ലാതെ ജീവിതം എല്ലാ രംഗങ്ങളിലും താളാത്മകമായി ഒഴുകുന്നു.

പിറ്റേന്ന് പുനാഖ്യയിലേക്കാണ് കാനനവഴികളിലൂടെയുള്ള യാത്രകള്‍ കോടനിറഞ്ഞ ധോച്ചുലാപാസിലെത്തിക്കുന്നു. 108 യുദ്ധവിജയസ്തൂപങ്ങള്‍ അതിമനോഹരമായി കെട്ടിയുണ്ടാക്കിയ ധോച്ചുലാപാസ് സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളാണ്. പിന്നീട് പ്രകൃതിയുടെ സ്വപ്ന വര്‍ണ്ണഭാവങ്ങള്‍ അടുത്തറിഞ്ഞ യാത്രയാണ് പുനാഖ്യയിലേക്ക് നീളുന്നത്. സൈപ്രസ്, പൈന്‍ മരങ്ങള്‍ നിറഞ്ഞ മലഞ്ചരിവുകള്‍ താണ്ടി തട്ടുതട്ടായ നെല്‍ക്കൃഷിചെയ്യുന്ന വയലുകള്‍ പിന്നിട്ട് ഉച്ചയോടെ പുനാഖ്യയിലെത്തി. 1955-ല്‍ തിമ്പുവിലേക്ക് തലസ്ഥാനം മാറുന്നതുവരെ  ഭൂട്ടാന്റെ തലസ്ഥാനമായിരുന്നു പുനാഖ്യ. രാജവിവാഹങ്ങളും മറ്റ് മതപരമായ ചടങ്ങുകളും ഇപ്പോഴും പുനാഖ്യയിലാണ്. മോച്ചുനദി എന്ന മാതൃനദിയും പോച്ചുനദി എന്ന പിതൃനദിയും ഒരുമിച്ച് ചേരുന്നിടത്തെ മണ്‍തിട്ടില്‍ നിലകൊള്ളുന്ന പുനാഖ്യകോട്ടയും മൊണാസ്ട്രിയും 1637-ല്‍ നിര്‍മ്മിച്ച രാജകീയ ദുര്‍ഗ്ഗമാണ്. ഭൂട്ടാനിലെ ആത്മീയ ആചാര്യനായ സബ്രംഗ് നവാംഗ് നംഗ്യേല്‍ എന്ന തിബത്തന്‍ ബുദ്ധമതാചാര്യന്‍ നിര്‍മ്മിച്ച കോട്ടയാണിത്. ഇന്നിത് ഭൂട്ടാനിലെ വാങ്ങ്ചുക് രാജവംശത്തിന്റെ ആസ്ഥാനമാണ്. ഭരണനിര്‍വ്വഹണ വകുപ്പുകളും മൊണാസ്ട്രിയുമടങ്ങുന്ന പുനാഖ്യസോങ്ങിലേക്ക്  പുഴയെ കുറുകെ കടക്കുന്ന പാലത്തിലൂടെ പ്രവേശിച്ചു.

കോട്ടക്കകത്ത് ഗൈഡായിവന്ന ഉഗ്യേന്‍ എന്ന ചെറുപ്പക്കാരന്‍ ലാമയാണ്.  കേരളത്തെക്കുറിച്ച് നന്നായിട്ടറിയാം. ബിരുദപഠനത്തിന് കെമിസ്ട്രി അധ്യാപകനായ മലയാളി മാസ്റ്ററെ ഓര്‍മ്മിച്ചുകൊണ്ട് സമീപകാല പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ തങ്ങള്‍ പൈസ പിരിച്ച് കൊടുത്തുവെന്ന് ഉഗ്യേന്‍ സൂചിപ്പിച്ചു. കോട്ടയ്ക്കകത്ത് ബുദ്ധന്റെ 8 ഭാവങ്ങള്‍ സൂചിപ്പിക്കുന്ന പ്രതിമകള്‍ ഉണ്ട്. ഗുരുപത്മസംഭവനും ഗുരുറിംപോച്ചയും തൊട്ട് ശാക്യമുനിയും ഭാവിയില്‍ രൂപം കൊള്ളാനിരിക്കുന്ന മൈത്രേയനും വരെയുള്ള ഭാവങ്ങള്‍ ആണ് പ്രതിമകളിലൂടെ അനാച്ഛാദനം ചെയ്യപ്പെടുന്നത്. 

പുനാഖ്യ കോട്ടയിലേക്കുള്ള പാലത്തില്‍ മലയാളം സംസാരിക്കുന്നത് കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി. എറണാകുളത്തുനിന്നുള്ള റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥരും കുടുബാംഗങ്ങളുമാണ്. അവര്‍ ഒരുമിച്ച് ഭൂട്ടാന്‍ കാണുന്നതിന് വന്നതാണ്. 
രാജാവിന്റെ അധികാരത്തിനു കീഴില്‍ വളര്‍ത്തിയെടുക്കപ്പെടുന്ന ജനാധിപത്യസംവിധാനമാണ് ഭൂട്ടാനിലേത്. ജിഗ്മെസിംഗവാംഗ്ചുക് എന്ന ആധുനിക വിദ്യാഭ്യാസം ലഭിച്ച രാജാവിന്റെ മുന്‍കൈയാണ് ഭൂട്ടാനിലെ ആധുനിക ജനാധിപത്യവും ദ്വിപാര്‍ട്ടി വ്യവസ്ഥയും സൃഷ്ടിച്ചത്. കൃഷിമാത്രം ജീവിതായോധനത്തിനുവേണ്ടിയുള്ള പ്രധാന വരുമാനമാര്‍ഗ്ഗമായ ഭൂട്ടാനില്‍ വികസനപരമായ പരിമിതികളും ദാരിദ്ര്യവും നിലനില്‍ക്കുന്നുണ്ട്. ലോകത്തിന് കൗതുകപരമായ ഗ്രോസ് നാഷണല്‍ ഹാപ്പിനസ് എന്ന വികസന സൂചകത്തിന്റെ മറവില്‍ ഭൂട്ടാന്‍ അതിന്റെ യഥാര്‍ത്ഥ കാഴ്ചകള്‍ പലതിനേയും മറച്ചുപിടിക്കുന്നുണ്ട്.

എല്ലാറ്റിനും ഇന്ത്യയെ ആശ്രയിക്കുന്ന ഭൂട്ടാനില്‍ ജന്മസിദ്ധമായ പ്രത്യേകതകള്‍ മൂലം ചൈനയുമായും അടുപ്പമുണ്ടാക്കാനുള്ള പ്രവണതകളും ശക്തമാണ്. ലോകത്തിനു മുകളിലെ ഏദന്‍തോട്ടത്തിന്റെ രാഷ്ട്രീയഭാവിതന്നെ ഈ ബന്ധങ്ങളെ ആശ്രയിച്ചിരിക്കും.
മേഘങ്ങളില്‍നിന്നു വരുന്ന അരൂപികളായ  പിശാചുക്കളേയും അതിന്ദ്രീയ ശക്തികളേയും ഭയപ്പെടുന്നവരാണ് ഭൂട്ടാന്‍കാര്‍. ഈ അരൂപികളുടെ ദൃഷ്ടിദോഷത്തില്‍നിന്ന് രക്ഷപ്പെടാനാണ് മലമുകളില്‍ പല നിറങ്ങളില്‍ പ്രാര്‍ത്ഥനകള്‍ എഴുതിയ പതാകകള്‍ പാറിക്കളിക്കുന്നത്, പ്രാര്‍ത്ഥനാ ചക്രങ്ങള്‍ തിരിഞ്ഞുകൊണ്ടേയിരിക്കുന്നത്.  
  
എക്സിക്യൂട്ടീവ് മെമ്പര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com