ഇസ്താംബൂള്‍ ആകാശയാത്രയിലെ അത്ഭുതങ്ങള്‍

വിമാനം കടന്നുപോകുന്ന ഇടങ്ങള്‍ സീറ്റുകളുടെ പിന്‍വശത്തുള്ള സ്‌ക്രീനുകളില്‍ ഭൂപടത്തിന്റെ സഹായത്തോടെ കാണിക്കുന്നുണ്ട്. കൂടാതെ വലിയ ടെലിവിഷനില്‍ ഇടയ്ക്കിടെ ഇതു പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
ഇസ്താംബൂള്‍ ആകാശയാത്രയിലെ അത്ഭുതങ്ങള്‍

സ്താംബുളിലേയ്ക്കുള്ള വിമാനത്തിലെ ഇരിപ്പിടങ്ങളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിറിയയിലേയും തുര്‍ക്കിയിലേയും പ്രശ്‌നങ്ങള്‍ കാരണം അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ തുര്‍ക്കിക്കു മുകളിലൂടെയുള്ള ആകാശയാത്ര ഒഴിവാക്കിയിരുന്ന സമയത്ത് ടര്‍ക്കിഷ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്കെല്ലാം നല്‍കിയത് രാജകീയ പരിചരണമാണ്. നല്ല ഡിസ്‌ക്കൗണ്ടിലാണ് ടിക്കറ്റ് സംഘടിപ്പിച്ചത്. ഏറ്റവും നല്ല ആഹാരവും വൃത്തിയുള്ള സീറ്റുകളും. ക്യാപ്റ്റനും എയര്‍ഹോസ്റ്റസുമാരും പെട്ടെന്നുതന്നെ പരിചയക്കാരായി. മദ്ധ്യപൂര്‍വ്വദേശത്തെ പ്രധാന ഇടങ്ങളുടെ ആകാശക്കാഴ്ച ലഭിച്ച അവസരം കൂടിയായി ആ യാത്ര. അറബിക്കടലിനു മുകളിലൂടെ മദ്ധ്യപൂര്‍വ്വദേശത്തെ ലക്ഷ്യമാക്കി വിമാനം പറന്നു. വളരെ നേരത്തെ വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്നതുകൊണ്ട് ഉറക്കം ശരിയായിരുന്നില്ല. എയര്‍ഹോസ്റ്റസ് നല്‍കിയ വൃത്തിയുള്ള പുതപ്പും കണ്ണുകളിലെത്തുന്ന പ്രകാശത്തെ മറയ്ക്കുന്ന ആവരണവും മയങ്ങാന്‍ സഹായകമായി. സീറ്റ് അല്പം ചായ്ക്കാനായപ്പോള്‍ കണ്‍പോളകളുടെ ഭാരം വര്‍ദ്ധിച്ചു, മുകളിലെ ചെറുദ്വാരത്തില്‍നിന്നുള്ള കുളിര്‍മ്മയുള്ള കാറ്റു കൂടിയായപ്പോള്‍ നിദ്രയിലേയ്ക്കു വഴുതിവീണു. 

ഏറ്റവും ആസ്വാദ്യകരമായ നിദ്ര ലഭിക്കുന്നത് വിമാനയാത്രയിലാണ് എന്നു തോന്നിയിട്ടുണ്ട്. ദീര്‍ഘദൂര വിമാനയാത്രകളില്‍ കുലുക്കമൊട്ടുമില്ലാതെ എന്‍ജിനുകളുടെ ശബ്ദത്തിന്റെ ശല്യമില്ലാതെയുള്ള നിദ്ര. ഉറക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ നല്ല ഉന്മേഷം തോന്നുകയും ചെയ്യും. ടര്‍ക്കിഷ് ഭക്ഷണത്തിന്റെ ആസ്വാദ്യകരമായ ഗന്ധമാണ് മയക്കത്തില്‍നിന്നും ഉണര്‍ത്തിയത്. കുറച്ചു യാത്രക്കാര്‍ മാത്രം ഉള്ളതിനാല്‍ പ്രത്യേക ഭക്ഷണം സജ്ജീകരിച്ചിരിക്കുന്നു എന്ന് ക്യാപ്റ്റനെ പരിചയപ്പെട്ടപ്പോള്‍ പറഞ്ഞിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തെ ഇടനാഴിയില്‍ നിന്നാല്‍ ഇടതും വലതും ജനാലകളിലൂടെ ഭൂഭാഗങ്ങള്‍ വിശദമായി കാണാന്‍ കഴിയും. പുറത്തെ കാഴ്ചകള്‍ കാണാന്‍ എയര്‍ഹോസ്റ്റസുമാര്‍ സൗകര്യമൊരുക്കിത്തന്നു.
വിമാനം താഴ്ന്നു പറക്കുന്നു. ഗള്‍ഫ് പ്രദേശങ്ങള്‍ക്ക് ഒരേ നിറമാണ് ആകാശത്തുനിന്നും നോക്കുമ്പോള്‍, ഒരുതരം തവിട്ടും ഇളം മഞ്ഞയും കലര്‍ന്ന നിറം. പച്ചപ്പ് കാണാനേയില്ല. ചില ടൗണുകളില്‍ ചാരനിറത്തില്‍ പനകള്‍ നിരയായി നട്ടുവളര്‍ത്തിയിരിക്കുന്നു. മലയടിവാരങ്ങളില്‍ ചാരനിറത്തില്‍ സസ്യങ്ങള്‍. മലകളുടെ അടിവാരങ്ങളിലൂടെ കടന്നുപോകുന്ന പാതകള്‍ കാണാം. ഇടയ്ക്കിടെ ഉയരമില്ലാത്ത കെട്ടിടങ്ങള്‍. ആകാശത്തുനിന്നും മരുഭൂമി കാണാന്‍ എന്തു ഭംഗിയാണ്. കാറ്റടിച്ച് ഉണ്ടായ പുതിയ മണല്‍ക്കൂനകള്‍ അനേകമെണ്ണം കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്നു. 

വിമാനം കടന്നുപോകുന്ന ഇടങ്ങള്‍ സീറ്റുകളുടെ പിന്‍വശത്തുള്ള സ്‌ക്രീനുകളില്‍ ഭൂപടത്തിന്റെ സഹായത്തോടെ കാണിക്കുന്നുണ്ട്. കൂടാതെ വലിയ ടെലിവിഷനില്‍ ഇടയ്ക്കിടെ ഇതു പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. അല്പം ഭൂമിശാസ്ത്രം അറിയാമെങ്കില്‍ ലോകത്തെ പ്രധാന ഇടങ്ങള്‍ മേഘങ്ങളില്ലാത്ത ആകാശത്തുകൂടി പറക്കുമ്പോള്‍ കണ്ടാസ്വദിക്കാം. അതിനായി പകല്‍സമയത്തെ യാത്ര തെരഞ്ഞെടുക്കണം. ഇന്ത്യയിലെപ്പോലെ മേഘാവരണം ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്നില്ല. ഭൂമദ്ധ്യരേഖയോടടുക്കുമ്പോള്‍ മേഘങ്ങള്‍ വര്‍ധിച്ചതോതില്‍ രൂപപ്പെടുന്നു, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍. ഇവിടങ്ങളിലെ ആകാശത്തിനു മറ്റൊരുതരം നിറമാണ്. കുറച്ചുകൂടി കടുപ്പമുള്ള നീലനിറം.

വിമാനം ഇറാന്റെ ആകാശത്ത് എത്തിയപ്പോള്‍ വലിയൊരു പര്‍വ്വതത്തിന്റെ അഗ്രം ദൃശ്യമായി. ഒരു പടുകൂറ്റന്‍ പിരമിഡ് പോലെ ദമവാന്ത് പര്‍വ്വതം. അതിന്റെ ഉച്ചിയില്‍ മഞ്ഞുമൂടിയിരിക്കുന്നു. ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ ഇടംപോലെ മനോഹരം. പര്‍വ്വതത്തിന്റെ വശങ്ങളില്‍ തൂവെള്ളനിറത്തില്‍ മഞ്ഞു താഴേയ്ക്ക് ഒഴുകി ഉറച്ചിരിക്കുന്നു. ആരോ വെള്ളച്ചായം കലക്കി ഒഴിച്ചതുപോലെ. ഇറാനിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് സജീവ അഗ്‌നിപര്‍വ്വതമായ ദമവാന്ത്. ഈ പര്‍വ്വതത്തെ പശ്ചാത്തലമാക്കി ധാരാളം നാടോടിക്കഥകള്‍ പ്രചാരത്തിലുണ്ട്. തവിട്ടുനിറമുള്ള മലനിരകള്‍ക്കിടയില്‍ ഏറ്റവും ഉയരമുള്ള പര്‍വ്വതത്തിന്റെ കാഴ്ച അവിസ്മരണീയം തന്നെ. ലോകത്ത് ഉയരത്തില്‍ പന്ത്രണ്ടാമതാണ് ഈ അഗ്‌നിപര്‍വ്വതം. ശൈത്യകാലത്ത് ഇവിടമാകെ മഞ്ഞുമൂടാറുണ്ട്. ഏകദേശം ഏഴായിരം വര്‍ഷം മുന്‍പുവരെ ഈ അഗ്‌നിപര്‍വ്വതം സജീവമായിരുന്നു. പിന്നെ നിശ്ശബ്ദനായ ദമവാന്ത് പേര്‍ഷ്യന്‍ സാഹിത്യകൃതികളിലെ നിത്യസാന്നിധ്യമായി.
''ഇങ്ങോട്ടു വരുമ്പോള്‍ അതു മുഴുവന്‍ വെള്ളനിറമായിരുന്നു'' വശത്തെ നിരയിലെ സീറ്റില്‍നിന്നും ദിമിത്രി, ദമവാന്ത് പര്‍വ്വതം കണ്ടതിന്റെ ആവേശത്താല്‍ പറഞ്ഞു. 

യുഗോസ്ലാവിയക്കാരനായ ദിമിത്രിയെ വിമാനത്താവളത്തില്‍ വച്ചു തന്നെ പരിചയപ്പെട്ടിരുന്നു.
 ''ഞാനൊരു കല്ല് കച്ചവടക്കാരനാണ്'' എന്നു ദിമിത്രി, വിമാനത്താവളത്തില്‍ വച്ച് സ്വയം പരിചയപ്പെടുത്തി. 
യുഗോസ്ലാവിയ വേര്‍പിരിഞ്ഞപ്പോള്‍ ദിമിത്രി സെര്‍ബിയാക്കാരനായി. സാധാരണ വിദേശികള്‍ ഇങ്ങോട്ടു വന്നു പരിചയപ്പെടാറില്ല. തന്റെ ബാഗും ജാക്കറ്റും തൊട്ടടുത്ത കസേരയില്‍ വച്ചിട്ട് ''ഒരു നിമിഷത്തിനകം വരാം'' എന്നു പറഞ്ഞ് അയാള്‍ അപ്പുറത്തേയ്ക്കു മാറിയപ്പോള്‍ ആശങ്ക തോന്നാതിരുന്നില്ല. ഏതായാലും താമസിയാതെ അയാള്‍ വന്ന് അടുത്തുതന്നെ ഇരിപ്പുറപ്പിച്ചു.
ആറടിയില്‍ കൂടുതല്‍ ഉയരമുള്ള ആജാനുബാഹുവായ ദിമിത്രി കൈ മൂടിയിരിക്കുന്ന കമ്പിളി ജാക്കറ്റാണ് ധരിച്ചിരുന്നത്. കണ്ടിട്ട് ആളൊരു സുഖിമാനാണെന്നു തോന്നി. കൈവിരലുകളില്‍ വലിയ മോതിരങ്ങള്‍. ചിത്രപ്പണികളുള്ള പാദുകങ്ങള്‍. വലിയ ഡയലുള്ള വാച്ച്, വലിയ തുകല്‍ബാഗ്.
ലോകമെമ്പാടും സഞ്ചരിച്ച് അമൂല്യമായ കല്ലുകള്‍ ശേഖരിച്ചു വില്‍ക്കുന്ന ഏര്‍പ്പാടാണ് ദിമിത്രിയുടേത്. ഭൂവിജ്ഞാനീയത്തില്‍ പ്രഗത്ഭനാണ്. അന്റാര്‍ട്ടിക്ക, സൈബീരിയ, ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പ്രധാനമായും സഞ്ചരിക്കുന്നു. കല്ലുകള്‍ക്ക് നല്ല വില കിട്ടും. തന്റെ ഐപാഡില്‍ നിറയെ ശേഖരിച്ച കല്ലുകളുടെ ചിത്രങ്ങള്‍. പല വര്‍ണ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉരുക്കിയൊഴിച്ചതുപോലെയുള്ളവ വളരെ ആകര്‍ഷകമായി തോന്നി. ഇതു കൂടാതെ ഉല്‍ക്കാശിലകളും ശേഖരിക്കുന്നു. ''എന്റെ കയ്യില്‍ ഒരു ചാന്ദ്രശിലയുണ്ട്. അപ്പോളോ ദൗത്യത്തില്‍നിന്നും ലഭിച്ചതാണ്'' എന്ന് ദിമിത്രി പറഞ്ഞപ്പോള്‍ അതിശയം തോന്നി. വന്‍ വില വാങ്ങാവുന്ന ഇത് അയാളുടെ സ്വകാര്യ ശേഖരത്തിലുണ്ട്. പല കൈമറിഞ്ഞ് എത്തിയതാണത്രെ അത്. നല്ല വില കിട്ടുമ്പോള്‍ വില്‍ക്കും. ഇന്ത്യയിലും ഇതൊക്കെ വാങ്ങുന്നവരുണ്ടെന്ന് അയാള്‍ പറഞ്ഞു. ''ആല്‍പ്സ്, ഹിമാലയം, യുറാള്‍, ആന്‍ഡസ്, കിളിമഞ്ചാരോ, അപ്പലാച്ചിയന്‍ തുടങ്ങിയ ലോകത്തെ പത്തു പ്രധാന പര്‍വ്വതനിരകളില്‍നിന്നു ശേഖരിച്ച കല്ലുകള്‍ ചില്ലുകൂട്ടിലാക്കി വില്‍ക്കുമ്പോള്‍ നല്ല വില കിട്ടുന്നു. കുറച്ചുനാള്‍ മുന്‍പ് ആഗ്ര സന്ദര്‍ശിച്ചവേളയില്‍ ഒരാള്‍ താജ്മഹലിന്റെ ശകലം വില്‍ക്കാനെത്തിയ സംഭവമോര്‍ത്തു. കാശുള്ളവര്‍ ഇത്തരം കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ വന്‍വില കൊടുത്തു വാങ്ങുകയും ഒരൊറ്റ തവണ മാത്രം ഉപയോഗിക്കുകയും ചെയ്യുമെന്ന് ദിമിത്രി പറഞ്ഞു. അതിനാല്‍ എപ്പോഴും ആവശ്യക്കാരുണ്ട്. ചലച്ചിത്രതാരങ്ങളും രാജകുടുംബാംഗങ്ങളും വന്‍ ബിസിനസ്സ്‌കാരുമൊക്കെ തന്റെ കസ്റ്റമേഴ്സാണ്. വാട്സാപ്പൊക്കെ വന്നതിനുശേഷം കച്ചവടം എളുപ്പത്തില്‍ നടക്കുന്നു. നേരിട്ടാണ് ഇവ എത്തിക്കുന്നത്. കാശിടപാടുകള്‍ ബാങ്കു വഴിയും. വാട്സാപ്പ് വഴി ഒരിക്കല്‍ ഒരു അമൂല്യമായ കല്ല് ലേലം ചെയ്തു വന്‍ തുക ലഭിക്കുകയും ചെയ്തു. കല്ല് എന്നാല്‍, വജ്രവും അക്കൂട്ടത്തില്‍പ്പെടും. 

താന്യ എന്നു പേരുള്ള എയര്‍ഹോസ്റ്റസ്, അവര്‍ സൂപ്പര്‍വൈസര്‍ ആണെന്നു തോന്നുന്നു, എന്ന് ഇടയ്ക്കിടെ വന്ന് എന്തെങ്കിലും ആവശ്യമുണ്ടോ അന്വേഷിക്കുന്നുണ്ടായിരുന്നു. ദിമിത്രിയെ അവര്‍ക്ക് നല്ല പരിചയമുണ്ടെന്നു തോന്നി. സാധാരണയായി ആഹാരം തന്നതിനുശേഷം അവര്‍ അപ്രത്യക്ഷരാകുകയാണ് പതിവ്. പതിവുതെറ്റിച്ചത് സാഹചര്യം അപ്രകാരമായതിനാലാണ്. ആ വിമാനക്കമ്പനി വന്‍ നഷ്ടത്തിലാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പരമാവധി യാത്രക്കാരെ ലഭിക്കാനായി നല്ല പരിചരണം നല്‍കുന്നു, ഒപ്പം സമ്മാനങ്ങളും.
''ദേ ആ കാണുന്നതാണ് ദമവാന്ത് പര്‍വ്വതം'' വിമാനത്തിന്റെ ജനാലയിലൂടെ താന്യയ്ക്ക് കാട്ടിക്കൊടുത്തു. അവള്‍ തൊട്ടുമുന്നിലെ സീറ്റില്‍ മുട്ടുകാല്‍ വച്ച് കുനിഞ്ഞ് ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി. 5610 കിലോമീറ്റര്‍ ഉയരമുണ്ട് ആ പര്‍വ്വതത്തിന്.
''ഇതൊന്നും ശ്രദ്ധിക്കാറേയില്ല. ഈ പര്‍വ്വതം കണ്ട ഓര്‍മ്മയുമില്ല'' താന്യ പറഞ്ഞു.
ജോലിത്തിരക്കിനിടയില്‍ ഇതൊന്നും ഗൗനിക്കാന്‍ സമയം ലഭിക്കാനിടയില്ല. അവള്‍ പുരട്ടിയിരുന്ന പെര്‍ഫ്യൂമിന്റെ ഗന്ധം തലയ്ക്കു പിടിച്ചു.
''ദമവാന്തിന്റെ കഷണം കയ്യിലുണ്ടോ ദിമിത്രീ'' എന്നു ചോദിച്ചപ്പോള്‍ ''വിമാനം നിര്‍ത്തിത്തന്നാല്‍ പോയി ഒരെണ്ണം സംഘടിപ്പിക്കാം. ഒരു ശകലം നിന്റെ ലോക്കറ്റില്‍ പിടിപ്പിക്കുകയുമാകാം'' എന്ന് താന്യയുടെ നേരെ കണ്ണിറുക്കിക്കൊണ്ട് ദിമിത്രി പറഞ്ഞു.
താന്യ പുഞ്ചിരിച്ചപ്പോള്‍ ഒരു വസന്തം കണ്ട പ്രതീതി.
''നമ്മള്‍ കടന്നുവന്നത് കാസ്പിയന്‍ കടലിന്റെ വശത്തുകൂടിയാണ്'' എന്നു പറഞ്ഞപ്പോള്‍ അറിയില്ല എന്ന മട്ടില്‍ താന്യ ആംഗ്യം കാണിച്ചു. 

കാസ്പിയന്‍ കടല്‍ 

കാസ്പിയന്‍ കടല്‍ എന്ന ലോകത്തെ ഏറ്റവും വലിയ തടാകത്തിന്റെ തെക്കേയറ്റത്താണ് ദമവാന്ത് പര്‍വ്വതമുള്ളത്. ഇവിടെനിന്നും കാസ്പിയന്‍ കടല്‍ വരെ നല്ല പച്ചപ്പുണ്ട്. ഈ പ്രദേശത്താണ് ആര്യന്മാര്‍ ആദ്യം വസിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ഇവിടുത്തെ പുല്‍മേടുകളില്‍നിന്നും പല വിഭാഗങ്ങളായി വേര്‍പിരിഞ്ഞ് ഇന്ത്യയിലേയ്ക്കും യൂറോപ്പിലേയ്ക്കും ചെന്നുപറ്റി. കാസ്പിയന്‍ കടലിലൂടെ കണ്ടെയ്നര്‍ കപ്പലുകളും യുദ്ധക്കപ്പലുകളും കടന്നുപോകുന്നതു കണ്ടു. വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ കളിപ്പാട്ടങ്ങള്‍പോലെ തോന്നിച്ചു. കരിങ്കടലിനും കാസ്പിയന്‍ കടലിനുമിടയ്ക്ക് നല്ല പച്ചപ്പുണ്ട്. കാസ്പിയന്‍ കടലിന്റെ ചില ഭാഗങ്ങളില്‍ നല്ല ശുദ്ധജലം ലഭിച്ചുവരുന്നു. അസര്‍ബൈജാന്‍, തുര്‍ക്മെനിസ്താന്‍, ഇറാന്‍, റഷ്യ, കസാഖ്സ്താന്‍ എന്നീ രാജ്യങ്ങള്‍ കാസ്പിയന്‍ കടലിന്റെ തീരങ്ങള്‍ പങ്കുവയ്ക്കുന്നു. പ്രാചീന ടെഥിസ് മഹാസമുദ്രത്തിന്റെ ഭാഗമായിരുന്ന ഈ ജലഭാഗം ഭൂവല്‍ക്കപാളികളുടെ ചലനത്താല്‍ കരകള്‍ കൂടിച്ചേര്‍ന്നു മറ്റു കടലുകളുമായി ബന്ധമില്ലാത്ത ഒന്നായി മാറി. പൂര്‍ണ്ണമായും കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണിത്. വോള്‍ഗ ഉള്‍പ്പെടെ അനേകം നദികള്‍ ഈ കടലിലേയ്ക്ക് ഒഴുകുന്നു. ധാരാളം ദ്വീപുകളും ഇവിടെയുണ്ട്. 

സ്റ്റെപ്പി എന്ന ഇവിടുത്തെ പുല്‍മേടുകള്‍ ഏഷ്യയിലേയും യൂറോപ്പിലേയും മദ്ധ്യപൂര്‍വ്വദേശത്തേയും നാഗരികത ആവിര്‍ഭവിച്ച പ്രദേശമാണ്. യോദ്ധാക്കളും ചിന്തകരും കൃഷിക്കാരുമൊക്കെ അടങ്ങിയ കൂട്ടമായിരുന്നു അവിടെ വസിച്ചിരുന്നത്. മനുഷ്യന്റെ ബൗദ്ധികമായ നേട്ടങ്ങളുടെ ആരംഭം കുറിച്ച ജനസമൂഹങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇവിടെ നിന്നുള്ളത്. ഈ ജനസമൂഹം അവര്‍ എത്തിച്ചേര്‍ന്ന ഇടങ്ങളിലെ സംസ്‌കൃതികളുമായി ഇഴുകിച്ചേരുകയും അവരുടെ ചിന്തകള്‍ സമന്വയിപ്പിച്ച് ബൗദ്ധികമായ അനേകം മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അവര്‍ എത്തിച്ചേര്‍ന്ന ഇടത്തെ ഭാഷയിലേയും പെരുമാറ്റത്തിലേയും ജീവിതരീതികളിലേയും ഏടുകള്‍ പകര്‍ത്തി വ്യത്യസ്തമായ നാഗരികതകള്‍ക്കു  ജന്മം നല്‍കി.

ബഹിരാകാശത്തെ അക്ഷയഖനി

''ആസ്റ്ററോയിഡുകള്‍ ഖനനം ചെയ്യുന്നതിന്റെ സാധ്യതകള്‍ കണ്ടെത്താനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. ഭൂമിയുടെ ഭാവി അങ്ങു മുകളിലാണ്'' ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ശ്രമങ്ങളെക്കുറിച്ചാണ് ദിമിത്രി പരാമര്‍ശിച്ചത്.
''അവിടെ പ്ലാറ്റിനം മലകളും വജ്രമലകളും സ്വര്‍ണ്ണ മലകളുമുണ്ട്.'' എത്ര എടുത്താലും തീരാത്ത അക്ഷയഖനി' മുകളിലേയ്ക്ക് വിരല്‍ചൂണ്ടി ഇതു പറയുമ്പോള്‍ ദിമിത്രിയുടെ കണ്ണുകളില്‍ പ്രത്യേക തിളക്കം കാണപ്പെട്ടു.

ശരിയാണ്, ഭൂമിയില്‍ കാണപ്പെടാത്ത പല ധാതുക്കളും ചന്ദ്രനില്‍നിന്നും ഉല്‍ക്കാശിലകളില്‍നിന്നും ലഭിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനത്തിനായി പുതിയ ഔഷധങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ ധാതുക്കളുടെ കൂട്ടുകള്‍ മതിയാകും. ഇന്നു ലോകത്തു പരക്കുന്ന മഹാമാരികളെ നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനും ഇത്തരം ശ്രമങ്ങള്‍ക്കു കഴിയും. വ്യാഴത്തിനും ചൊവ്വയ്ക്കുമിടയില്‍ ഒരു ഗ്രഹമാകാന്‍ കഴിയാതെ പോയതിന്റെ അവശിഷ്ടങ്ങള്‍ ധാരാളമുണ്ട്. 945 കിലോമീറ്റര്‍ വരുന്ന സെറെസ് ആണ് ഇത്തരം ശിലകളില്‍ ഏറ്റവും വലുത്. ഒരു കിലോമീറ്ററിലധികം വലിപ്പം വരുന്നവ ഏകദേശം രണ്ടു ദശലക്ഷം വരും. അതിലും ചെറിയവ അസംഖ്യം വരും. അമൂല്യ മൂലകങ്ങളായ ഇറിഡിയം, റൂഥെനിയം, ഓസ്മിയം, പല്ലേഡിയം, റെനിയം, ടങ്സ്റ്റന്‍ തുടങ്ങിയവയും അനേകം അമൂല്യധാതുക്കളും ഖനനം ചെയ്തു ഭൂമിയിലെത്തിക്കാവുന്നതാണ്.

ഛിന്നഗ്രഹങ്ങള്‍ മൂന്നു തരത്തില്‍ കാണപ്പെടുന്നു. സി എന്നയിനത്തില്‍ ധാരാളം ജലസാന്നിധ്യമുള്ളതിനാല്‍ ഖനനത്തിന് അത്ര യോഗ്യമല്ല. എസ് എന്നയിനം ഛിന്നഗ്രഹങ്ങളില്‍ സ്വര്‍ണ്ണം, പ്ലാറ്റിനം, റോഡിയം, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവ കാണപ്പെടുന്നു. ഒരു കാറിന്റെയത്ര വലിപ്പമുള്ളവയില്‍ കുറഞ്ഞത് 100 കിലോഗ്രാം അമൂല്യ മൂലകങ്ങളുണ്ട്. എം ഇനത്തില്‍ മേല്പറഞ്ഞവയെക്കാള്‍ കൂടുതള്‍ അളവില്‍ അമൂല്യലോഹങ്ങളും സങ്കരലോഹങ്ങളും കാണപ്പെടുന്നു. പ്രകൃത്യാ ഉണ്ടാകുന്ന ഇത്തരം സങ്കരലോഹങ്ങള്‍ ആരോഗ്യപരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തും എന്നു കരുതപ്പെടുന്നു. ഒരിക്കല്‍ ഘടിപ്പിച്ചാല്‍ ജീവിതകാലം മുഴുവനും ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്ന കൃത്രിമ അവയവങ്ങള്‍ നിര്‍മ്മിക്കാന്‍ ഇത്തരം ലോഹക്കൂട്ടുകള്‍ മതിയാകും.

വാല്‍നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളും ധാരാളമായി ബഹിരാകാശത്തുണ്ട്. ഇവയെല്ലാം നല്ല അകലത്തായാണ് പല ഭ്രമണപഥങ്ങളില്‍ സൂര്യനെ ചുറ്റുന്നത്. ചൊവ്വയുടെ ചുറ്റിനും ഉപഗ്രഹങ്ങളായി നിലകൊള്ളുന്ന ഫോബോസ്, ഡേയ്മോസ് എന്നീ ഉപഗ്രഹശിലകള്‍ ശരിക്കും ഛിന്നഗ്രഹങ്ങളാണ്. അവ എങ്ങനെയോ ആ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വന്നുചേര്‍ന്നതാണ്. ചന്ദ്രനിലും ബഹിരാകാശത്തും പരീക്ഷണശാലകള്‍ സ്ഥാപിക്കുമ്പോള്‍ ഇത്തരം ഉദ്യമങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുക. ഇത്തരം സ്പേസ് ഫാക്ടറികള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുക ഛിന്നഗ്രഹങ്ങളില്‍നിന്നാകും. 

ചെറിയ ഛിന്നഗ്രഹങ്ങളെ കുറേ റോക്കറ്റുകള്‍ ഉപയോഗിച്ച് ചന്ദ്രനിലേക്ക് പതിപ്പിച്ച് അവിടെ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറിയില്‍ ഉപയോഗിക്കാവുന്നതാണ്. ബഹിരാകാശ യാനങ്ങളില്‍ ലോഹവല ഘടിപ്പിച്ച് മീന്‍പിടിക്കുന്നതുപോലെ ചെറിയ ഛിന്നഗ്രഹങ്ങളെ അകപ്പെടുത്തി ചന്ദ്രനിലേയ്‌ക്കോ ഭൂമിക്കടുത്ത ബഹിരാകാശത്തു സ്ഥാപിച്ചിരിക്കുന്ന ഫാക്ടറിയിലോ എത്തിച്ച് ആവശ്യമനുസരിച്ച് ധാതുക്കളും മൂലകങ്ങളും ഖനനം ചെയ്ത് ഉപയോഗയോഗ്യമാക്കി ഭൂമിയില്‍ എത്തിക്കാവുന്നതാണ്. ലോകത്തെ പ്രമുഖ ബഹിരാകാശ പര്യവേക്ഷണ ഏജന്‍സികളായ യൂറോപ്പിന്റെ ഇ.എസ്.എ, ജപ്പാന്റെ ജാക്‌സ തുടങ്ങിയവ ഈ മേഖലയില്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ വെഗ1, ഹാലി വാല്‍നക്ഷത്രത്തെ നിരീക്ഷിച്ചു. ജപ്പാന്റെ ഹയാബുസ2, ഒരു കിലോമീറ്റര്‍ വലിപ്പമുള്ള റ്യൂഗു എന്ന ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിലെത്തി. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഛിന്നഗ്രഹത്തിന്റെ സാമ്പിളുമായി തിരികെ ഭൂമിയിലെത്തും. ഇതിനു മുന്‍പ് ഹയാബുസ1 എന്ന യാനം ഇറ്റോകാവ എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിള്‍ ഭൂമിയിലെത്തിച്ചിരുന്നു. നാസയുടെ ഗലീലിയോ യാനം 951 ഗാസ്പ്ര എന്ന ഛിന്നഗ്രഹത്തിന്റെ സമീപത്തുകൂടി കടന്നുപോയി നിരീക്ഷണം നടത്തി. നാസയുടെ തന്നെ നിയര്‍ ഷൂമാക്കര്‍ എന്ന യാനം 433 ഇറോസ് എന്ന ഛിന്നഗ്രഹത്തെ ഒരു വര്‍ഷത്തോളം നിരീക്ഷിക്കുകയും സ്റ്റാര്‍ഡസ്റ്റ് യാനം വൈല്‍ഡ്2 എന്ന വാല്‍നക്ഷത്രത്തിന്റെ ധൂളി ശേഖരിക്കുകയും ചെയ്തു. ടൗടാട്ടിസ് എന്ന ഛിന്നഗ്രഹത്തെ ചൈനയുടെ ചാന്‍ഗെ2 എന്ന ദൗത്യം നിരീക്ഷിച്ചു. ഇനി ഇന്ത്യയുടെ ഊഴമാണ്. ഏറ്റവും ചെലവുകുറച്ച് ബഹിരാകാശ പര്യവേക്ഷണം നടത്തുന്ന ഇന്ത്യയ്ക്ക് ഛിന്നഗ്രഹ ഖനനം വലിയൊരു സാമ്പത്തിക സ്രോതസ്സാകാനിടയുണ്ട്. കുറേ സ്വകാര്യ സംരംഭകരും ഛിന്നഗ്രഹ ഖനനം എന്ന പദ്ധതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. 

ഛിന്നഗ്രഹ പതനം മൂലമുള്ള വംശനാശം നേരത്തേ തന്നെ ഭൂമി അനുഭവിച്ചിരിക്കുന്നു. ഇനിയും അത്തരത്തിലൊന്ന് ഉണ്ടാകില്ല എന്നു പറയാനാവില്ല. നിയര്‍ എര്‍ത്ത് ആസ്റ്ററോയിഡ് എന്ന ഭൂമിക്കു സമീപത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹങ്ങള്‍ ഒരു ഭീഷണി തന്നെയാണ്. ആറരക്കോടി വര്‍ഷം മുന്‍പ് ഭൂമിയടക്കി വാണിരുന്ന വമ്പന്‍ ദിനോസറുകളെയാകെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാക്കിയത് അത്തരമൊരു സംഭവമായിരുന്നല്ലോ. കുറച്ചു വര്‍ഷം മുന്‍പ് സൈബീരിയയിലെ ചെയ്ലാബിന്‍സ്‌ക് പ്രവിശ്യയില്‍ ഒരു ശിലാഖണ്ഡം പതിച്ച് ചെറിയ തോതില്‍ നാശനഷ്ടമുണ്ടായി. നേരത്തെ തുംഗുസ്‌ക എന്നയിടത്തും ശിലാഖണ്ഡം പതിച്ച് ബോംബ് പതിച്ചതുപോലെയുള്ള നാശനഷ്ടം ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഉല്‍ക്കാവര്‍ഷങ്ങള്‍

ഛിന്നഗ്രഹങ്ങള്‍ക്കു സൗരയൂഥത്തോളം പ്രായമുണ്ട്. അതായത് 460 കോടി വര്‍ഷം. ഭൂമിയിലെ ശിലകളെക്കാള്‍ പ്രായമുള്ള ശിലാഖണ്ഡങ്ങളും ബഹിരാകാശത്തുണ്ട്. ചന്ദ്രനിലെ ശിലകള്‍ക്കു ഭൂമിയെക്കാള്‍ പ്രായമുണ്ടെന്നു സ്ഥിരീകരിക്കാത്ത പഠനവിവരമുണ്ട്. അതായത് ചന്ദ്രന്‍ ഭൂമിയെക്കാള്‍ മുന്‍പ് ഉണ്ടാകുകയും പിന്നീട് ഭൂമിയുടെ ഭ്രമണപഥത്തില്‍ അകപ്പെടുകയും ചെയ്തു എന്ന് അനുമാനം. ഭൂമിയോളം വലിപ്പമുള്ള ഒരു ഗ്രഹം കൂട്ടിയിടിച്ചാണ് ഭൂമിയിലെ മഹാസമുദ്രങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ അടര്‍ന്നുപോയത് എന്നും ഒരു അനുമാനമുണ്ട്. ഇടയ്ക്കിടെ ഭൂമിയില്‍ ദൃശ്യമാകുന്ന വാല്‍നക്ഷത്രങ്ങള്‍ക്ക് ഭൂമിയെക്കാള്‍ പഴക്കമുണ്ടാകും. അവയുടെ ഉത്ഭവസ്ഥാനം സൗരയൂഥത്തിന്റെ പുറംപാളിയിലെ കൈപ്പര്‍ ബെല്‍റ്റ് എന്ന പ്രദേശമാണ്. ഊര്‍ട്ട് ക്ലൗഡ് എന്ന പ്രദേശവും ഇതിന്റെ സമീപത്തുതന്നെ. ആ പ്രദേശങ്ങളില്‍ ശതകോടിക്കണക്കിന് ഹിമ/ശിലാ ഖണ്ഡങ്ങളുണ്ട്. സൗരയൂഥത്തിനരികിലുള്ള മറ്റു നക്ഷത്രങ്ങളുടെ ഗുരുത്വാകര്‍ഷണം മൂലം ഈ ഹിമ/ശിലാ ഖണ്ഡങ്ങള്‍ക്കു ചാഞ്ചല്യമുണ്ടായി സൗരയൂഥത്തിലേയ്ക്കു പതിക്കുന്നു. സൂര്യന്റെ സമീപത്ത് എത്താറാകുമ്പോള്‍ വികിരണം മൂലം പുറംഭാഗം ഉരുകി വാല്‍ രൂപപ്പെടുന്നു. വാല്‍ഭാഗം ധൂളിയാണ്. ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള ഭ്രമണപാതയിലൂടെ വാല്‍നക്ഷത്രം ചിലപ്പോള്‍ കടന്നുപോകും. വാല്‍നക്ഷത്ര ശകലങ്ങള്‍ ആ പ്രദേശത്ത് നിലനില്‍ക്കുകയും പിന്നീട് ഭൂമി അതുവഴി കടക്കുമ്പോള്‍ ഉല്‍ക്കകളായി അന്തരീക്ഷത്തിലൂടെ പതിക്കുകയും ചെയ്യുന്നു. 

 ഛിന്നഗ്രഹം
 ഛിന്നഗ്രഹം


എല്ലാ വര്‍ഷവും നവംബര്‍ രണ്ടാം വാരം ദൃശ്യമാകുന്ന ലിയോണിഡ് ഉല്‍ക്കാവര്‍ഷം, ടെമ്പിള്‍ ടട്ടില്‍ എന്ന വാല്‍നക്ഷത്രത്തിന്റെ സംഭാവനയാണ്. ഏപ്രിലിലെ ലിറിഡ്സ് ഉല്‍ക്കകള്‍ താച്ചര്‍ എന്ന വാല്‍നക്ഷത്രത്തില്‍നിന്നും ഹാലിയുടെ വാല്‍നക്ഷത്ര ശകലങ്ങള്‍ ഈറ്റാ അക്വാറിഡസ് ഉല്‍ക്കകളായി മെയ് മാസത്തിലും ജൂലൈയിലെ ആല്‍ഫാ കാപ്രിക്കോണിഡ്സ് നീറ്റ് എന്ന വാല്‍നക്ഷത്രത്തില്‍നിന്നും സ്വിഫ്റ്റ് ടട്ടില്‍ എന്ന വാല്‍നക്ഷത്രധൂളി ഓഗസ്റ്റ് മാസത്തില്‍ പെര്‍സേയ്ഡ്സ് ഉല്‍ക്കകളായും ഒക്ടോബറിലെ ടോറിഡ്സ് എന്‍കെ എന്ന വാല്‍നക്ഷത്രത്തില്‍നിന്നും സെപ്റ്റംബറിലെ ഓറിഗിഡ്സ് കിയെസ് എന്ന വാല്‍നക്ഷത്രത്തില്‍നിന്നും ഡിസംബറിലെ ജമിനിഡ്സ് ഉല്‍ക്കകള്‍ ഫീഥോണ്‍ എന്ന ഛിന്നഗ്രഹത്തില്‍നിന്നും ഉത്ഭവിക്കുന്നു. മറ്റു ചെറിയ ഉല്‍ക്കാവര്‍ഷങ്ങളും വര്‍ഷത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഭൂമിയില്‍ ദൃശ്യമാകുന്നു. 1999/2002 കാലയളവിലെ ലിയോണിഡ് ഉല്‍ക്കാവര്‍ഷത്തില്‍ മണിക്കൂറില്‍ 3000 ശകലങ്ങള്‍ വരെ ഭൗമാന്തരീക്ഷത്തില്‍ പതിച്ചതായി കരുതപ്പെടുന്നു. മിക്ക ശകലങ്ങളും ഒരു സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ളവയായിരുന്നു. 

അറേബ്യന്‍ രാവുകള്‍

ഒരു ചുറ്റുകഴിഞ്ഞു വന്നപ്പോള്‍ താന്യയുടെ കയ്യില്‍ മനോഹരമായ പുറംചട്ടയുള്ള 1001 അറേബ്യന്‍ രാവുകള്‍ എന്ന കൃതിയുടെ കുട്ടികള്‍ക്കുള്ള പതിപ്പ്.
ഇതു കണ്ടമാത്രയില്‍ ''ദേ, ഷഹറസാദ്'' വന്നല്ലോ എന്ന് ദിമിത്രി.
താന്യയ്ക്ക് ചിരിയടക്കാനായില്ല. ഭാവനയില്‍ കണ്ട ഷഹറസാദിനൊപ്പം സുന്ദരിയാണ് ആ പെണ്‍കുട്ടി എന്നു തോന്നി. 
എയര്‍ഹോസ്റ്റസ്സുമാര്‍ ഇങ്ങനെ ഇടപഴകുന്നതു കണ്ടിട്ടേയില്ല. വളരെ ഭംഗിയായി ചിരിക്കുകയും നല്ല പരിചരണം നല്‍കുകയും ചെയ്യുമെങ്കിലും അത്യാവശ്യം അകല്‍ച്ച പാലിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. എന്നാല്‍, താന്യ അങ്ങനെയല്ലായിരുന്നു. തന്റെ പെര്‍ഫ്യുമിന്റെ മണം ആസ്വദിക്കുന്നു എന്നറിഞ്ഞുകൊണ്ട് അടുത്തു വരികയും സംസാരിക്കുകയും ചെയ്യുന്നു. പൂവിടരുന്നതുപോലെയുള്ള മന്ദസ്മിതം കണ്ണാടിയില്‍ നോക്കി പരിചയിച്ചതോ അതോ സ്വാഭാവികമോ? തവിട്ടും കറുപ്പും കലര്‍ന്ന നിറമുള്ള കേശഭാരം മദ്ധ്യത്തില്‍ രണ്ടായി പകുത്ത് പിന്നില്‍ ഡിസൈനര്‍ കെട്ടില്‍ ഒതുക്കിനിര്‍ത്തിയിരിക്കുന്നു. മുകളറ്റം ചെറുതായി കൂര്‍ത്തിരിക്കുന്ന കര്‍ണ്ണങ്ങളില്‍ മിന്നുന്ന പൊടിക്കമ്മല്‍. മേക്കപ്പ് ചെയ്തു ചുവപ്പിച്ച കവിളുകളും അധരങ്ങളും. കട്ടിപ്പുരികം അത്യാകര്‍ഷകം തന്നെ. ഇടയ്ക്കിടെ വിമാനത്തിന്റെ പിന്‍വശത്തു പോയി മേക്കപ്പ് നന്നാക്കുന്നുണ്ട്. അതൊന്നുമില്ലെങ്കിലും താന്യ സുന്ദരിയായിരിക്കും എന്നോര്‍ത്തു. ചുവപ്പും ചാരനിറവും കലര്‍ന്ന ഡിസൈനര്‍ യൂണിഫോം മെലിഞ്ഞുനീണ്ട സുന്ദരിക്ക് നന്നായി ചേരുന്നു. 
''അവളെ ഏതെങ്കിലും ഒരു കോടീശ്വരന്‍ സ്വന്തമാക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.''
എന്റെ ചിന്തകള്‍ മനസ്സിലാക്കിയിട്ടെന്നപോലെ ദിമിത്രി പറഞ്ഞു. 
ശരിയാണ്, എയര്‍ഹോസ്റ്റസ്സുമാര്‍ ചലച്ചിത്ര നടികളായും ധനികരുടെ പത്‌നികളായും മാറുന്നു.
''സൂക്ഷിച്ചോളൂ, ക്യാപ്റ്റന്‍ പ്ലെയിനില്‍നിന്നും ഇറക്കിവിടും. നോക്കിക്കോ'' എന്നു പറഞ്ഞപ്പോള്‍ ദിമിത്രി കുരിശു വരച്ചു. 
''അതേയതേ, മുപ്പതിനായിരം അടി ഉയരത്തില്‍നിന്ന്, വളരെ മോശമായിരിക്കും അല്ലേ'' ഫ്‌ലാസ്‌കില്‍നിന്നും പാനീയം വീണ്ടും ദിമിത്രിയിലേയ്ക്ക്.
''ഇവര്‍ മുന്തിയ ഹോട്ടലുകളിലാണ് താമസിക്കുന്നത്. ആഹാരം അധികം കഴിക്കാന്‍ കൂട്ടാക്കാറില്ല. തൂക്കം കൂടിയാല്‍ പണി പോകും. വ്യായാമമൊക്കെ ചെയ്യാന്‍ അവര്‍ക്കു സമയവുമില്ല'' ദിമിത്രി തന്റെ ജ്ഞാനഭണ്ഡാരം വീണ്ടും തുറന്നു. ദിമിത്രിയുടെ സംസാരത്തിന് സ്‌കോച്ച് വിസ്‌കിയുടെ ഗന്ധം. 
''ദിമിത്രീ, സ്‌കോച്ച് സംസാരിക്കുന്നതുപോലെയാണ് തോന്നുന്നത്'' ഞാന്‍ പറഞ്ഞതുകേട്ട് അയാള്‍ ഉറക്കെ ചിരിച്ചു. 
കുറച്ചു സീറ്റുകള്‍ക്കു മുന്നില്‍ കുട്ടികള്‍ കലപില ശബ്ദമുണ്ടാക്കുന്നു. ബേസ്ബോള്‍ ടീമിലെ അംഗങ്ങളാണവര്‍. മുടി പറ്റെ വെട്ടി നിര്‍ത്തിയിരിക്കുന്നു. അവരുടെ ഉടലിന്റെ മുകള്‍ഭാഗം ബലിഷഠമാണ്. നല്ല പരിശീലനം ലഭിക്കുന്നുണ്ടാകും. ആളൊഴിഞ്ഞ വിമാനത്തിലെ സീറ്റുകള്‍ക്കു മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചാടിയാണ് അവര്‍ ടോയ്ലറ്റിലേയ്ക്ക് പോകുന്നത്. അവരുടെ കൂടെ വന്ന മുതിര്‍ന്നയാള്‍ ഇടയ്ക്ക് ശാസിക്കുന്നുണ്ട്. മണിക്കൂറുകളായി വീഡിയോ ഗെയിം കളിക്കുന്നതില്‍ വ്യാപൃതരാണവര്‍. എയര്‍ഹോസ്റ്റസ്സുമാരുടെ പക്കല്‍നിന്നും ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കഴിക്കുന്നു. ഇടയ്ക്ക് കൊണ്ടുവന്ന ചിക്കന്‍ റോള്‍ രണ്ടും മൂന്നും അകത്താക്കുന്നതു കണ്ടു. ഒപ്പം ഇഷ്ടംപോലെ സോഫ്റ്റ്ഡ്രിങ്ക്സും. 
''എന്തു സുഖം, കുട്ടികളായിരുന്നാല്‍ മതിയായിരുന്നു'' എന്ന് ദിമിത്രി പറഞ്ഞതു ഞാന്‍ ശരിവച്ചു.

നക്ഷത്രാന്തര പ്രദേശത്തുനിന്നും സൗരയൂഥത്തില്‍ പതിച്ച ഔമുവമുവ എന്ന ശില
നക്ഷത്രാന്തര പ്രദേശത്തുനിന്നും സൗരയൂഥത്തില്‍ പതിച്ച ഔമുവമുവ എന്ന ശില


''ക്ലേശം നിറഞ്ഞതായിരുന്നു എന്റെ ബാല്യം. പഠിക്കാന്‍ തരക്കേടില്ലായിരുന്നതു മൂലം മറ്റു കാര്യങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. അടുത്തുള്ള പള്ളിയില്‍ ചെറുജോലികള്‍ ചെയ്തു പഠനത്തിനുള്ള പണം സമ്പാദിച്ചു. വീട്ടുകാര്‍ക്ക് സഹായിക്കാനാകുമായിരുന്നില്ല. ഉപരിപഠനത്തിനായി ധനസഹായം ചെയ്തത് ഒരു സംഘടനയാണ്. ആ സംഘടനയ്ക്ക് ഇന്നു ഞാന്‍ ധാരാളം പണം നല്‍കുന്നുമുണ്ട്.'' ദിമിത്രിയുടെ ഐപാഡില്‍ ധാരാളം ചിത്രങ്ങള്‍. 
''ഓസ്ട്രേലിയയിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിച്ചു. പല ജോലികളും ചെയ്തു. അന്റാര്‍ട്ടിക്ക പര്യവേക്ഷണത്തില്‍ പങ്കാളിയായി. അതില്‍നിന്നു കിട്ടിയതാണ് ഇത്.'' തന്റെ ചുക്കിച്ചുളിഞ്ഞ വലതുകൈ ഉയര്‍ത്തിക്കാണിച്ച് ദിമിത്രി പറഞ്ഞു. അതുവരെ ഞാനത് ശ്രദ്ധിച്ചിരുന്നില്ല.
അന്റാര്‍ട്ടിക്കയില്‍ വച്ചുണ്ടായ അപകടത്തില്‍ കയ്യുറ നഷ്ടപ്പെട്ട് ജലമുറഞ്ഞുണ്ടായ ഐസില്‍ അകപ്പെട്ടപ്പോള്‍ സംഭവിച്ചതാണത്.
''കയ്യ് തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ചതേയില്ല'' എന്ന് ദിമിത്രി.
സിയാച്ചിന്‍ ഹിമാനിയില്‍ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിനും ഇത്തരത്തില്‍ ഒരപകടത്തില്‍ പരുക്കേറ്റിരുന്നു. വളരെ പ്രയാസപ്പെട്ടാണ് കയ്യുടെ ചലനശേഷി തിരിച്ചുകിട്ടിയത്. അനേകം ജീവനുകള്‍ സദാ സമയവും അതിര്‍ത്തി കാക്കാന്‍ അവിടെയുണ്ട്. വിമാനത്തില്‍നിന്നു നോക്കുമ്പോള്‍ അതിര്‍ത്തികളേയില്ല. ഇത്തരം തടസ്സങ്ങള്‍ മനുഷ്യരുടെ മനസ്സുകളില്‍ മാത്രം നിലനില്‍ക്കുന്നു. എത്ര ധനവും അദ്ധ്വാനവുമാണ് രാജ്യങ്ങളുടെ അതിര്‍ത്തി കാക്കാന്‍ ചെലവാക്കുന്നത്. ആ പ്രയത്‌നങ്ങളും ധനവും മറ്റു കാര്യങ്ങളിലേക്കു തിരിച്ചുവിട്ടാല്‍ എത്ര നന്നായിരിക്കുമെന്നു തോന്നി. സൈനികശക്തി നിലനിര്‍ത്താന്‍ വേണ്ടിവരുന്ന അദ്ധ്വാനവും ചെലവും ലോകത്തിലെ മിക്കയിടങ്ങളേയും കൊടുംപട്ടിണിയിലേയ്ക്കാണ് നയിക്കുന്നത്. ലോകത്താകെ 195 രാജ്യങ്ങള്‍, ഏകദേശം 4200 വിശ്വാസരീതികള്‍, അതിലുമേറെ ജാതികളും പതിനായിരക്കണക്കിന് ഉപജാതികളും. അന്യഗ്രഹജീവികളെങ്ങാനും ഇതുവഴി വന്നാല്‍ നമ്മെ ആദ്യം വിശേഷിപ്പിക്കുക ''ഇഡിയറ്റ്സ്'' എന്നായിരിക്കും. 

വിമാനം തുര്‍ക്കിയുടെ മദ്ധ്യഭാഗത്ത് എത്തിയിരിക്കുന്നു. ഇസ്താംബുള്‍ എത്താന്‍ ഇനി അരമണിക്കൂര്‍ മാത്രം എന്ന് ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് കേട്ടു. ഇസ്താംബുളിന്റെ ഏഷ്യന്‍/യൂറോപ്യന്‍ ഭാഗങ്ങളെ വേര്‍തിരിക്കുന്നത് കരിങ്കടലിനെ ഏജിയന്‍ കടലുമായി ബന്ധിപ്പിക്കുന്ന ജലഭാഗമാണ്. ഇസ്താംബുളിന്റെ ഏജിയന്‍ ഭാഗത്തെ മര്‍മറാ കടല്‍ ലോകത്തെ ഏറ്റവും ചെറിയ ഒന്നാണ്. മിനാറുകളും ഉയരം കൂടിയ കെട്ടിടങ്ങളും നിറഞ്ഞ ഇസ്താംബുള്‍ നഗരം. വിമാനമിറങ്ങുമ്പോള്‍ താന്യയെ തെരഞ്ഞെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ബാഗുകള്‍ എത്തുന്നതും കാത്തുനിന്നപ്പോള്‍ ദിമിത്രിയോട് ട്രണ്ട് കോട്ടുധാരികള്‍ എന്തോ ഗഹനമായി സംസാരിക്കുന്നതു കണ്ടു. ''ഇതു സ്ഥിരമുള്ളതാണ്'' എന്നു പറഞ്ഞ് ദിമിത്രി അവരോടൊപ്പം നടന്നു. 
ലഘുഭക്ഷണത്തിനു ശേഷം വിമാനത്താവളത്തിനു മുന്നില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ അല്പം അകലെയായി ദിമിത്രി ഒരു വാനിലേയ്ക്കു കയറുന്നതു കണ്ടു. യാത്ര പറയാം എന്നോര്‍ത്ത് അയാളുടെ സമീപത്തേയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ ധൃതിയില്‍ നടന്നടുക്കുന്ന താന്യയെ കണ്ടു. അവളുടെ കയ്യിലുള്ള തവിട്ടുനിറമുള്ള തുകല്‍ബാഗ് ദിമിത്രിയുടേതാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. ഉച്ചവെയിലിന്റെ നിറവും അനേകം ഞൊറിവുകളുമുള്ള നീണ്ട ഗൗണാണ് അവള്‍ ധരിച്ചിരുന്നത്. സ്വതന്ത്രമായ കേശഭാരം അവളുടെ ചുമലുകളിലൂടെ പരന്നൊഴുകുന്നു. വാനിന്റെ വാതില്‍ തുറക്കുകയും അവള്‍ പെട്ടെന്ന് അകത്തേയ്ക്ക് കടക്കുകയും ചെയ്തു. എന്റെ തൊട്ടുമുന്നിലൂടെയാണ് അവരുടെ വാഹനം കടന്നുപോയത്. താന്യ എന്നെ കണ്ടെങ്കിലും പരിചയഭാവം നടിച്ചതേയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com