അടുക്കുന്തോറും അകലുന്നവര്‍

60 വര്‍ഷം, പത്തോളം പിളര്‍പ്പുകള്‍, എണ്ണിപ്പറയേണ്ട ഗ്രൂപ്പുകള്‍. കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പുകളുടെ ചരിത്രത്തെക്കുറിച്ച്
അടുക്കുന്തോറും അകലുന്നവര്‍

ളരുന്തോറും പിളരും... അതാണ് കേരള കോണ്‍ഗ്രസുകാരുടെ പാര്‍ട്ടിതത്വം. കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്നാണ് പാര്‍ട്ടിയുടെ ചരിതം തുടങ്ങുന്നതു തന്നെ. അതുകൊണ്ട് അടുക്കുന്തോറും പിളര്‍ന്നകലാനുള്ള സാധ്യതയും കൂടും. തിരുനക്കര മൈതാനത്താണ് ഇതിനു മുന്‍പ് കേരളാ കോണ്‍ഗ്രസ് വളര്‍ന്നത്. രണ്ടരദശാബ്ദത്തെ വൈരം മറന്ന് മാണിയും ജോസഫും ആശ്ലേഷിച്ചു. കേരളാകോണ്‍ഗ്രസിന്റെ പിറവി വരെ അണികള്‍ പാടിനടന്നു. ഒമ്പതു വര്‍ഷം മുന്‍പ്, 23 വര്‍ഷത്തെ ശത്രുത വെടിഞ്ഞാണ് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസില്‍ ലയിച്ച് പാര്‍ട്ടി ഒന്നായത്. ഈ തിരുനക്കര മൈതാനിയില്‍ തന്നെയാണ് മന്നത്ത് പത്മനാഭന്‍ കര്‍ഷകപാര്‍ട്ടിയെന്ന വിശേഷണത്തോടെ കേരളാ കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തിയത്. പിന്നീടങ്ങോട്ട് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ, അല്ല പിളര്‍പ്പുകളുടെ ചരിത്രം പരിശോധിക്കുന്നവും ഉചിതം. ചരിത്രം കോണ്‍ഗ്രസില്‍ നിന്നു തന്നെ തുടങ്ങണം. 1963ലെ ഡിസംബറില്‍ തൃശൂര്‍ ലൂര്‍ദ് മാതാപളളിയിലെ പെരുന്നാള്‍ ദിവസം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ വാഹനമിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുന്നു. അപകടത്തെക്കുറിച്ചല്ല, കാറിനുളളില്‍ കൂളിങ്ഗ്ലാസ് ധരിച്ചൊരു സ്ത്രീ കൂടി ഉണ്ടായിരുന്നെന്നാണ് പിന്നാലെ പ്രചരിച്ചത്. 

വഴിയില്‍ ലിഫ്റ്റ് ചോദിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ പത്മം മേനോന്‍ ആയിരുന്നു ഇതെന്ന ചാക്കോയുടെ വിശദീകരണമാകട്ടെ കോണ്‍ഗ്രസുകാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പാര്‍ട്ടിക്കുളളില്‍ തന്നെ ചാക്കോയുടെ രാജി ആവശ്യം ഉയര്‍ന്നു. ചാക്കോ രാജിവെക്കുകയും ചെയ്തു. രാഷ്ട്രീയ ധാര്‍മികതയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന അക്കാലത്ത് ആഭ്യന്തരമന്ത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി തയാറായതുമില്ല.1964 ഫെബ്രുവരി 14ന് രാജിവച്ച ചാക്കോ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജയിച്ചതുമില്ല. അതോടെ രാഷ്ട്രീയം തന്നെ മതിയാക്കി അഭിഭാഷകനായി. ആറുമാസത്തിനകം മരിക്കുകയും ചെയ്തു. 

പുല്‍പ്പറ്റ മലയില്‍ വച്ച് ഹൃദയാഘാതമുണ്ടായി പി.ടി. ചാക്കോ മരിച്ച് രണ്ടുമാസം കഴിഞ്ഞ് ഒക്ടോബര്‍ എട്ടിന് കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോഴും മാണിസാര്‍ അതിന്റെ ഭാഗമായിരുന്നില്ലെന്നതാണ് ചരിത്രം. ആദ്യ ചെയര്‍മാന്‍ കെ.എം. ജോര്‍ജ് സാറായിരുന്നു. സത്യം പറയാന്‍ ആ ഓര്‍മകളുമായി ഇന്നുമൊരാള്‍ ജീവിക്കുന്നുണ്ട്. അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷ്ണപിള്ള. പാലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച മാണി ആ സീറ്റിനായി ചരടുവലികള്‍ നടത്തുകയായിരുന്നു അപ്പോള്‍. കോണ്‍ഗ്രസ് വിമതരായ പതിനഞ്ച് പേരുടെ വോട്ടോടെ ശങ്കര്‍ സര്‍ക്കാര്‍ വീണു. ഒരു മാസം കഴിഞ്ഞ് കേരളാ കോണ്‍ഗ്രസ് പിറക്കുകയും ചെയ്തു. ഇങ്ങനെ മരണം വരെ കോണ്‍ഗ്രസുകാരനായ, ഒടുവില്‍ കോണ്‍ഗ്രസുകാരുടെ തന്നെ ചതിയില്‍ മനംനൊന്ത് ഹൃദയംപൊട്ടി മരിച്ച ചാക്കോയുടെ പേരിലാണ് ആദ്യമായി കേരളാകോണ്‍ഗ്രസ് ഉണ്ടാകുന്നത്. നാലുമാസത്തിന് ശേഷം 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 മണ്ഡലങ്ങളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റുകളില്‍ വിജയിച്ചു. പിന്നീടുള്ള ആറുദശാബ്ദം പത്തോളം പിളര്‍പ്പുകളാണ് കേരളാകോണ്‍ഗ്രസിലുണ്ടായത്. പലരും പല പാര്‍ട്ടികളിലൂടെയും മുന്നണികളിലൂടെയും ഒരു റൗണ്ട് കറങ്ങി തിരിച്ചെത്തി. ആദ്യം പിളര്‍ന്നത് കോഴഞ്ചേരിക്കടുത്തെ ചരല്‍ക്കുന്നില്‍ വച്ച് കെ.എം. ജോര്‍ജും കെ.എം. മാണി ഗ്രൂപ്പുകളായിരുന്നു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിപദവിയും ഒന്നിച്ച് വഹിക്കാന്‍ പാടില്ലെന്ന സിദ്ധാന്തം അന്ന് ആദ്യമായി മാണി ഉന്നയിച്ചു. അടിയന്തരാവസ്ഥക്കാലത്തെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ.എം. ജോര്‍ജ് മന്ത്രിയാകുന്നത് തടയാനായിരുന്നു ഈ നീക്കം. പകരം മന്ത്രിമാരായത് മാണിയും പിള്ളയും. കരുനീക്കങ്ങള്‍ക്കൊടുവില്‍ പിള്ളയ്ക്ക് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം നല്‍കി മന്ത്രിസ്ഥാനം ജോര്‍ജ് ഏറ്റെടുത്തു. എന്നാല്‍, അധികകാലം മന്ത്രിപദവിയില്‍ തുടരാന്‍ കഴിയാതെ ജോര്‍ജ് മരിച്ചു.

ആദ്യം പിളര്‍ന്നത്
ജോര്‍ജും മാണിയും

പകരം മന്ത്രിയായി പിള്ള നിര്‍ദേശിച്ചത് എം.സി. ചാക്കോയെ. മാണിയാകട്ടെ ഇ. ജോണ്‍ ജേക്കബിനെയും. ഭിന്നതകളെത്തുടര്‍ന്ന് ആദ്യ പിളര്‍പ്പ്. കേരളാ കോണ്‍ഗ്രസ് (ബി)യുടെ ജനനം അങ്ങനെയാണ്. രണ്ടാം പിളര്‍പ്പ് രണ്ടുവര്‍ഷത്തിനു ശേഷം 1979-ല്‍. ജോസഫുമായി തെറ്റിപ്പിരിഞ്ഞ മാണി സ്വന്തം പേരില്‍ കേരളാകോണ്‍ഗ്രസ് രൂപീകരിച്ചു. 14 എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ ചെയര്‍മാനും മാണിസാര്‍ തന്നെ. ചരല്‍ക്കുന്നില്‍ നടന്ന കെ.എസ്.സി ക്യാമ്പില്‍ കെ.എം.മാണിക്ക് മാത്രം ജയ് വിളിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. തോമസ് കുതിരവട്ടമായിരുന്നു മാണി അനുയായികളെ നയിച്ചത്. ജോര്‍ജ് കുന്നപ്പുഴ ജോസഫ് അനുയായികളുടെ നേതാവും. പ്രത്യക്ഷത്തില്‍ പാര്‍ട്ടി പിളര്‍ക്കാന്‍ മറ്റു ചില രാഷ്ട്രീയ കാരണങ്ങളുമുണ്ടായിരുന്നു. 1977ലെ കരുണാകരന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന് മൂന്ന് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കെ.എം മാണി, കെ. നാരായണക്കുറുപ്പ്, ഇ. ജോണ്‍ ജേക്കബ് എന്നിവര്‍. പാലായിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.എം മാണിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ഇതിനിടയില്‍ രാജന്‍ കേസിലെ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കരുണാകരന്‍ രാജിവെക്കുകയും ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു. കെ.എം മാണിക്ക് പകരം പി.ജെ ജോസഫ് ആഭ്യന്തരമന്ത്രിയായി. കേസ് ജയിച്ച് മാണി തിരിച്ചെത്തിയപ്പോള്‍ പി.ജെ ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുത്തു. പക്ഷേ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസഫ് ആവശ്യപ്പെട്ടെങ്കിലും മാണി വിട്ടുകൊടുത്തില്ല. 1979ല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോസഫ് തോല്‍ക്കുകയും മാണിയുടെ പിന്തുണയില്‍ വി.ടി സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെയാണു പിളര്‍പ്പുണ്ടായത്. 

വേര്‍പിരിയലുകളുടെ 
തലമുറമാറ്റം

1982-ല്‍ ഈ മൂന്നു ഗ്രൂപ്പുകളും യു.ഡി.എഫിന്റെ ഭാഗമായി. 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണിയും ജോസഫും വീണ്ടും യോജിച്ചു. അന്നാണ് വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്ന പരാമര്‍ശം മാണി നടത്തുന്നത്. 1985-ല്‍ പിള്ളയും മാണിയും ജോസഫും ലയിച്ചു. നാലു മന്ത്രിമാരും 25 എം.എല്‍.എമാരുമായി യുഡിഎഫില്‍ തുടര്‍ന്നു. 1987-ലാണ് പിന്നെയും പിളര്‍പ്പുണ്ടാകുന്നത്. ചരല്‍ക്കുന്ന് സമ്മേളനത്തില്‍ സത്യത്തിന് ഒരടിക്കുറിപ്പ് എന്ന ലഘുലേഖ അവതരിപ്പിച്ചാണ് ജോസഫ് മാണിക്കെതിരേ തിരിഞ്ഞത്. അന്നുവരെ ജോസഫിനൊപ്പം നിന്ന ടി.എം. ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു. പിള്ള ജോസഫിനൊപ്പവും. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും കാലുവാരി. ആ തെരഞ്ഞെടുപ്പില്‍ മാണിക്ക് നാലും ജോസഫിനു അഞ്ചും എം.എല്‍.എമാരാണുണ്ടായിരുന്നത്. തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റിനെച്ചൊല്ലിയുള്ള കലഹത്തിനൊടുവില്‍ ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക് പോയി. പി.സി. ജോര്‍ജും കെ.സി. ജോസഫും ഒപ്പം പോയി. മുപ്പതു വര്‍ഷത്തിനു ശേഷം, മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും പിളര്‍പ്പിന്റെ സാഹചര്യമൊരുങ്ങുകയാണ്.

മാണിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് 1993-ല്‍ ടി.എം. ജേക്കബിന്റെ നേതൃത്വത്തില്‍ മറ്റൊരു കേരളാ കോണ്‍ഗ്രസ് പിറവിയെടുത്തു. ജോണി നെല്ലൂരും മാത്യു സ്റ്റീഫനും പി.എം. മാത്യുവുമായിരുന്നു അന്നത്തെ ജേക്കബ് വിഭാഗത്തിന്റെ നേതാക്കള്‍. ഇതില്‍ പലരും മാണിസാറിന്റെ പാര്‍ട്ടിയിലേക്ക് മടങ്ങിച്ചെല്ലുകയും ചെയ്തു. ആദ്യം മുതല്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്ന ജേക്കബ് വിഭാഗം കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസില്‍ ലയിച്ചു. 2006ല്‍ യുഡിഎഫുമായി സഖ്യമുണ്ടാക്കി മത്സരിച്ചു. എന്നാല്‍ കെ.മുരളീധരനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ടി.എം ജേക്കബ് പുറത്തുവരികയും സ്വന്തം കക്ഷി വിപുലപ്പെടുത്തുകയും ചെയ്തു. ജേക്കബിന്റെ മരണശേഷം മകന്‍ അനൂപ് ജേക്കബും ജോണി നെല്ലൂരുമാണ് പാര്‍ട്ടിയെ നയിക്കുന്നത്. നിലവില്‍ യുഡിഎഫ് പക്ഷത്താണ് ഇവര്‍. ഇതിനിടയില്‍ ഗ്രൂപ്പുകളിലെല്ലാം അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കേരള കോണ്‍ഗ്രസ് ബിയില്‍ നിന്ന് ജോസഫ് എം പുതുശേരി രാജിവച്ച് മാണിയോടൊപ്പം ചേര്‍ന്നത്. പിന്നാലെ പിള്ളയും മാണിയില്‍ നിന്നകന്നു. കലഹമുണ്ടെങ്കിലും എല്ലാവരും യുഡിഎഫില്‍ തന്നെ തുടര്‍ന്നു. 2001-ല്‍ പി.സി. തോമസ് മാണിയുമായി തെറ്റി പാര്‍ട്ടിയുണ്ടാക്കി. ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരിലുള്ള പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നു. മൂവാറ്റുപുഴയില്‍ ജയിച്ച പി.സി.തോമസ് കേന്ദ്രമന്ത്രിയായി. എന്നാല്‍ ഈ വിജയം സുപ്രീംകോടതി റദ്ദാക്കി. എതിര്‍സ്ഥാനാര്‍ത്ഥി ഇസ്മയില്‍ ജയിച്ചു. അന്ന് തോറ്റത് മാണിയുടെ മകന്‍ ജോസ്.കെ. മാണി കൂടിയായിരുന്നു. പിന്നീട് ജോസഫിനൊപ്പം നിന്ന പി.സി. തോമസ് അവിടം വിടാന്‍ കാരണം മറ്റൊരു ലയനമായിരുന്നു. മാണിയുമായി ലയിക്കാന്‍ ജോസഫ് തീരുമാനമെടുത്തതോടെ ലയനവിരുദ്ധ ഗ്രൂപ്പെന്നപേരില്‍(വി.സുരേന്ദ്രന്‍പിള്ളയടക്കം) പി.സി. തോമസ് ജോസഫ് വിഭാഗത്തില്‍ നിന്ന് മാറി. ഒടുവില്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് പി.ടി. ചാക്കോയുടെ മകനായ പി.സി.തോമസ്.
പിന്നീടങ്ങോട്ട് പിളര്‍പ്പുകളുടെ ഒഴുക്കായിരുന്നു. 2003-ല്‍ പി.സി. ജോര്‍ജ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് വിട്ട് കേരളാകോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ചു. പി.സി ജോര്‍ജിന്റെയും ടി.എസ് ജോണിന്റെയും നേതൃത്വത്തിലാണ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിക്കുന്നത്. ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്ന പി.സി ജോസഫ് ഗ്രൂപ്പിന് ഒപ്പമായിരുന്നു ആദ്യം പി.സി ജോര്‍ജ്. 2003ലെ വിഎസിന്റെ മതികെട്ടാന്‍ മലകയറ്റത്തെ തുടര്‍ന്നാണ് പി.സി ജോര്‍ജ് ഇടയുന്നത്. തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ചത്. പിന്നീട് ജോര്‍ജ് പാര്‍ട്ടി പിരിച്ചുവിട്ട് മാണിയോടൊപ്പം ചേര്‍ന്നു. 2007മുതല്‍ മാണിയും പിള്ളയും ജോര്‍ജും ലയനശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. 

2010ല്‍ നടന്ന വിശാല ലയനത്തില്‍ പി.ജെ ജോസഫ് ഇടതുമുന്നണി വിട്ടു കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായി. കെ.എം. മാണി ചെയര്‍മാനും പി.ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനും പി.സി ജോര്‍ജ് വൈസ് ചെയര്‍മാനുമായാണ് പുതിയ കേരള കോണ്‍ഗ്രസ് എം നിലവില്‍വന്നു. ടി.എസ്. ജോണ്‍ ഇതില്‍ ഉന്നതാധികാര സമിതി അംഗമായിരുന്നു. കേരള കോണ്‍ഗ്രസുകളുടെ ഏറ്റവും വലിയ ലയനമായിരുന്നു ഇത്. അധികാരത്തിലേറിയ യുഡിഎഫിന്റെ ഭാഗമായി ഇവര്‍ നിലകൊണ്ടു. എന്നാല്‍ അധികം കഴിയുംമുന്‍പേ ബാര്‍കോഴ വിഷയത്തില്‍ മാണി ഗ്രൂപ്പുമായി പി.സി ജോര്‍ജ് തെറ്റി. പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലര്‍ വീണ്ടും സജീവമാക്കാന്‍ നോക്കി. എന്നാല്‍ ജോര്‍ജുമായി അകന്ന ടി.എസ് ജോണ്‍ പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലറുമായി കെ.എം മാണിക്കൊപ്പം നിന്നു. പി.സി ജോര്‍ജാകട്ടെ 2017-ല്‍ കേരള ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇതിനിടയില്‍ സ്ഥാപക ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മകനും മുന്‍ എം.പിയുമായ ഫ്രാന്‍സിസ് ജോര്‍ജ് ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി എല്‍ഡിഎഫിലെത്തി. 2010ലെ ലയനത്തിനു മുന്‍പ് ജോസഫ് ഗ്രൂപ്പിനൊപ്പമായിരുന്നു ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും എല്ലാ സീറ്റിലും പരാജയപ്പെട്ടു.
2014-ല്‍ മാണിയില്‍ നിന്ന് പിളര്‍ന്ന കേരളാകോണ്‍ഗ്രസ് നാഷണലിസ്റ്റ് പിന്നെ പിളര്‍ന്നത് മൂന്നായാണ്. നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കുരുവിള മാത്യുവിന്റെ നേതൃത്വത്തിലുള്ള വിഭാഗവും എന്‍ഡിഎക്കൊപ്പമാണ്.  പിന്നീട് നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നാഷണലിസ്റ്റ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പ്രൊഫ.പ്രകാശ് കുര്യാക്കോസിന്റെ നേതൃത്തിലും ഈ പാര്‍ട്ടിയുണ്ട്. ലയനവിരുദ്ധരെന്നറിയപ്പെട്ട ഗ്രൂപ്പില്‍ പി.സി. തോമസിനെ കൂടാതെ സ്‌കറിയ തോമസ്,സുരേന്ദ്രന്‍പിള്ള എന്നിവരാണുണ്ടായിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു ഗ്രൂപ്പുകള്‍. ഇതില്‍ സുരേന്ദ്രന്‍പിള്ള ആദ്യം പി.സി.തോമസിനൊപ്പവും പിന്നീട് സ്‌കറിയ തോമസിനൊപ്പവുമായിരുന്നു. വീരേന്ദ്രകുമാറിന്റെ ജനതാദളിനൊപ്പം യുഡിഎഫിലേക്ക് പോയ സുരേന്ദ്രന്‍പിള്ള നിലവില്‍ ഇടതുമുന്നണിയിലാണ്.

ഒടുവിലത്തെ
അസ്വാരസ്യങ്ങള്‍ 

2010-ല്‍ ജോസഫ് ഗ്രൂപ്പ് എല്ലാ പിണക്കവും മറന്ന് മാണി ഗ്രൂപ്പില്‍ ലയിച്ച് യു.ഡി.എഫിലെത്തിയപ്പോള്‍ ആ ലയനത്തിന്റെ എല്ലാ ഗുണദോഷഫലങ്ങളും മാണി അനുഭവിച്ചോണം എന്നാണ് കോണ്‍ഗ്രസ് വച്ച നിബന്ധന. എന്നാല്‍, ആ നിബന്ധന കോണ്‍ഗ്രസ് പിന്‍വലിച്ചെന്നാണു സൂചന. അടിയന്തരസാഹചര്യം പരിഗണിച്ച് പ്രശ്നത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടു. അത്തരമൊരു സൂചനയാണ് ജോസഫ് ആദ്യ ഘട്ടത്തില്‍ നല്‍കിയതും.  ഏതായാലും കൊലയ്ക്കും ആത്മഹത്യയ്ക്കുമിടയിലാണ് ജോസഫ്. അനുരഞ്ജനത്തിന്റെ ഭാഗമായി കോട്ടയം സീറ്റ് നല്‍കിയാല്‍ കാലുവാരല്‍ ഉറപ്പ്. ഇനി സീറ്റ് കിട്ടിയില്ലെങ്കില്‍ പിളര്‍പ്പ്. കോട്ടയം കൈവിടാതിരിക്കാന്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ അതുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ വേറെ. ഏതായാലും സമീപഭാവിയിലെങ്കിലും ഒരു പിളര്‍പ്പ് കേരളാകോണ്‍ഗ്രസില്‍ ഉറപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com