ഇന്ത്യന്‍ മുഫ്തി ഈജിപ്ഷ്യന്‍ മുഫ്തിയെ കേള്‍ക്കുമോ?

ഫെബ്രുവരി 24-ന് ഒരു വാര്‍ത്ത വന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ 'ഗ്രാന്‍ഡ് മുഫ്തി'യായി പ്രഖ്യാപിക്കപ്പെട്ടു എന്നതായിരുന്നു വാര്‍ത്ത.
ഇന്ത്യന്‍ മുഫ്തി ഈജിപ്ഷ്യന്‍ മുഫ്തിയെ കേള്‍ക്കുമോ?

ഫെബ്രുവരി 24-ന് ഒരു വാര്‍ത്ത വന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ 'ഗ്രാന്‍ഡ് മുഫ്തി'യായി പ്രഖ്യാപിക്കപ്പെട്ടു എന്നതായിരുന്നു വാര്‍ത്ത. ഡല്‍ഹിയില്‍ നടന്ന ഗരീബ് നവാസ് സമാധാന സമ്മേളനത്തില്‍ പങ്കെടുത്ത മുസ്ലിം പണ്ഡിതരാണ് മുസ്ലിയാര്‍ക്ക് പുതിയ പട്ടം ചാര്‍ത്തിക്കൊടുത്തത്. ദക്ഷിണേന്ത്യയില്‍നിന്നു ഇതാദ്യമായാണ് ഒരാള്‍ ഗ്രാന്‍ഡ് മുഫ്തി പദത്തിലെത്തുന്നത് എന്ന സവിശേഷത ഈ സംഭവത്തിനുണ്ട്.

തെക്കേ ഇന്ത്യക്കാരായ മുസ്ലിങ്ങള്‍ ആരും എന്തുകൊണ്ട് ഇതുവരെ ഈ പദവിയില്‍ എത്താതെ പോയി എന്നു ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ: സുല്‍ത്താന്‍-മുഗള്‍ കാലഘട്ടം തൊട്ടേ വടക്കന്‍ മുസ്ലിങ്ങളുടെ കണ്ണില്‍ തെക്കന്‍ മുസ്ലിങ്ങള്‍ രണ്ടാംകിടക്കാരായിരുന്നു. തുര്‍ക്കി-പേര്‍ഷ്യന്‍-അഫ്ഗാന്‍-മുഗള്‍ വംശപരമ്പരയില്‍പ്പെട്ട ഉത്തരേന്ത്യന്‍ വരേണ്യരെ മാത്രം 'യഥാര്‍ത്ഥ' മുസ്ലിങ്ങളായി പരിഗണിച്ചുപോന്നവരാണ്  വിന്ധ്യനു വടക്കുള്ള ആഢ്യ മുസ്ലിം നേതൃത്വം. തമിഴകത്തേയോ കര്‍ണാടകത്തിലേയോ കേരളത്തിലെയോ മുസ്ലിം പണ്ഡിതരെയൊന്നും തങ്ങളുടെ ശിരസ്സിനു മീതെ വാഴിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

മുകളില്‍ സൂചിപ്പിച്ച മുഫ്തി പ്രഖ്യാപന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു തെറ്റിദ്ധാരണ ജനിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ മൊത്തം മുസ്ലിങ്ങളുടെ ഗ്രാന്‍ഡ് മുഫ്തിയായി അബൂബക്കര്‍ മുസ്ലിയാര്‍ അവരോധിക്കപ്പെട്ടു എന്ന തോന്നല്‍ അതുളവാക്കും. അത് ശരിയല്ല. ഉത്തരേന്ത്യയില്‍ ഏറെക്കാലമായി പരസ്പരം പോരടിക്കുന്ന രണ്ടു മുസ്ലിം ധാരകളുണ്ട്-ദിയൂബന്ദി ധാരയും ബറേല്‍വി ധാരയും. ഇതില്‍ രണ്ടാമത് പറഞ്ഞ ധാരയില്‍പ്പെട്ടവരാണ് കാന്തപുരത്തിനു മുഫ്തിപ്പട്ടം നല്‍കിയത്. ദിയൂബന്ദികള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ അംഗീകാരം അതിനില്ല. കേരളത്തിലേക്ക് ചുരുങ്ങിനിന്നു നോക്കിയാല്‍ കാന്തപുരം സുന്നി ഗ്രൂപ്പിനു വെളിയില്‍ നില്‍ക്കുന്ന ഇ.കെ. സുന്നിവിഭാഗമോ മുജാഹിദ് പ്രസ്ഥാനമോ ജമാഅത്തെ ഇസ്ലാമിയോ ഒന്നും അബൂബക്കര്‍ മുസ്ലിയാരെ മുഫ്തിയായി അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ആ സംഘടനകളുടെ പ്രതികരണങ്ങളില്‍നിന്നു വ്യക്തമാവുകയും ചെയ്തിരിക്കുന്നു.
അതിരിക്കട്ടെ. നമ്മുടെ ആലോചനാ വിഷയം കാന്തപുരം മുസ്ലിയാരെ ഗ്രാന്‍ഡ് മുഫ്തിയായി ഒരു വിഭാഗം പ്രഖ്യാപിച്ചതില്‍ അപരവിഭാഗങ്ങള്‍ക്കുള്ള അമര്‍ഷവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് മുഫ്തികളാക്കപ്പെടുന്നവരുടെ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടതാണ്. മതവിഷയങ്ങളിലും അനുബന്ധ പ്രശ്‌നങ്ങളിലും അഭിപ്രായ പ്രകടനങ്ങളും വിധിതീര്‍പ്പുകളും നടത്തുന്ന മുസ്ലിം മതപണ്ഡിതര്‍ക്കിടയില്‍, വിശാലാര്‍ത്ഥത്തില്‍, രണ്ടു തരക്കാരുണ്ട്. ഒരു കൂട്ടര്‍ വേദപുസ്തകം ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളെ അക്ഷാര്‍ത്ഥത്തില്‍ സമീപിക്കുന്നവരാണ്. അക്ഷരാര്‍ത്ഥ സമീപനം ശരിയായ രീതിയല്ല എന്ന പക്ഷക്കാരാണ് രണ്ടാം വിഭാഗം. ഈ വിഭാഗത്തിന്റെ അഭിപ്രായത്തില്‍ അക്ഷരാര്‍ത്ഥ സമീപനത്തിലൂടെ ചെന്നെത്തുന്ന നിഗമനങ്ങളും വിധിതീര്‍പ്പുകളും മതാധ്യാപനങ്ങളുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാവാനുള്ള സാധ്യത ഏറെയാണ്.
രണ്ടാം വിഭാഗത്തില്‍പ്പെടുന്ന ഇസ്ലാമിക പണ്ഡിതരില്‍ ഒരാളത്രേ ശെയ്ഖ് അഹമദുല്‍ തയബ്. ഈജിപ്തിലെ അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ആണ് അദ്ദേഹം. ആ രാഷ്ട്രത്തിലെ അത്യുന്നത ഇസ്ലാമിക പണ്ഡിതന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇസ്ലാം മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധികാരിക വിധിതീര്‍പ്പ് അവതരിപ്പിക്കാനുള്ള പാണ്ഡിത്യമുണ്ടെന്നു ഈജിപ്ഷ്യന്‍ മുസ്ലിങ്ങള്‍ മാത്രമല്ല, ഭരണാധികാരികള്‍ കൂടി സമ്മതിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

പ്രസ്തുത ഈജിപ്ഷ്യന്‍ മുഫ്തി ബഹുഭാര്യത്വത്തെക്കുറിച്ച് നടത്തിയ നിരീക്ഷണം മാര്‍ച്ച് നാലിന് പത്രങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുകയുണ്ടായി. ബഹുഭാര്യത്വ സമ്പ്രദായം സ്ത്രീകളോടുള്ള അനീതിയാണെന്നത്രേ ശെയ്ഖ് അഹമദുല്‍ തയബ് വളച്ചുകെട്ടില്ലാതെ തുറന്നടിച്ചത്. ബഹുപത്‌നിത്വം ശരിയാണെന്നു വാദിക്കുന്ന മുസ്ലിം പണ്ഡിതര്‍ തെറ്റിന്റെ ഭാഗത്ത് നില്‍ക്കുന്നവരാണെന്നു വ്യക്തമാക്കിയ അദ്ദേഹം ഖുര്‍ആനിലെ പ്രസക്ത സൂക്തങ്ങള്‍ സൂക്ഷ്മമായി വായിക്കാന്‍ എതിര്‍വാദക്കാരോട്  ആവശ്യപ്പെടുകയും ചെയ്തു.

ആ സൂക്തങ്ങള്‍ വരുന്നത് ഖുര്‍ആനിലെ 'അന്നിസാഅ്' (സ്ത്രീകള്‍) എന്ന നാലാം അധ്യായത്തിലാണ്. ഈ അധ്യായത്തിലെ രണ്ട്, മൂന്ന് സൂക്തങ്ങളില്‍ പറയുന്നത് ഇപ്രകാരം: ''അനാഥ സ്ത്രീകളുടെ സ്വത്ത്, നിങ്ങള്‍ (പുരുഷന്മാര്‍) അവര്‍ക്ക് വിട്ടുകൊടുക്കുക. നല്ല സ്വത്തിനെ ചീത്തയാക്കരുത്. നിങ്ങളുടെ സ്വത്തും അവരുടെ സ്വത്തും കൂട്ടിച്ചേര്‍ത്ത് കഴിക്കരുത്. അനാഥ സ്ത്രീകളുടെ കാര്യത്തില്‍ നീതിപാലിക്കാന്‍ കഴിയില്ലെന്നു നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ (അവരില്‍നിന്നു) നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം കഴിക്കുക. എന്നാല്‍, അവര്‍ക്കിടയില്‍ നീതിപാലിക്കാന്‍ സാധിക്കുകയില്ലെന്നു നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ ഒന്നു മാത്രം.''

ഈ സൂക്തങ്ങളില്‍നിന്നു രണ്ടു കാര്യങ്ങള്‍ തെളിയുന്നുണ്ട്. തങ്ങളുടെ സംരക്ഷണയിലുള്ള അനാഥരോ വിധവകളോ ആയ സ്ത്രീകളില്‍നിന്നാണ് പുരുഷന്മാര്‍ ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കേണ്ടത് എന്നതാണ് ഒരു കാര്യം. രണ്ടാമത്തേത്, ഒന്നിലേറെ ഭാര്യമാരോട് നീതിപുലര്‍ത്താന്‍, അതായത് എല്ലാ അര്‍ത്ഥത്തിലും തുല്യമായി പെരുമാറാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഖുര്‍ആന്‍ ബഹുഭാര്യത്വം അനുവദിക്കുന്നുള്ളൂ എന്നതാണ്. മേല്‍ സൂക്തങ്ങളെത്തുടര്‍ന്നു അതേ അധ്യായത്തില്‍ 129-ാം സൂക്തത്തില്‍ സന്ദിഗ്ദ്ധാലേശമില്ലാതെ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു: ''നിങ്ങള്‍ എത്ര ശ്രമിച്ചാലും നിങ്ങളുടെ ഭാര്യമാരോട് തുല്യരീതിയില്‍ പെരുമാറാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.''
മുകളില്‍ ഉദ്ധരിച്ച മൂന്നു സൂക്തങ്ങളില്‍നിന്നു ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമത്രേ ഖുര്‍ആന്‍ ദുസ്സാധ്യമായ ഉരാധികളോടെ മാത്രമേ ബഹുപത്‌നിത്വത്തിനു അനുമതി നല്‍കിയിട്ടുള്ളൂ എന്നത്. പാലിക്കാന്‍ നന്നേ പ്രയാസമുള്ള ഉപാധികള്‍ ഖുര്‍ആന്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇസ്ലാമിന്റെ വേദഗ്രന്ഥം യഥാര്‍ത്ഥത്തില്‍ ബഹുഭാര്യത്വ സമ്പ്രദായത്തിനു അനുകൂലമല്ല, പ്രതികൂലമാണ് എന്നല്ലേ?

ഈ വസ്തുത മുന്നില്‍വെച്ചാണ് അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ശെയ്ഖ് അഹമദുല്‍ തയബ് ബഹുഭാര്യത്വത്തിനെതിരെ  ശബ്ദമുയര്‍ത്തിയത്. ലോകത്തിലെ ഒരു സ്ത്രീയും തന്റെ ഭര്‍ത്താവ് മറ്റൊരുവളെക്കൂടി വേള്‍ക്കുന്നത് ഒരളവിലും ഇഷ്ടപ്പെടുകയില്ലെന്നും ആ ഹീന നടപ്പ് സ്ത്രീകളോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം പറയുമ്പോള്‍ വേദപുസ്തകത്തെ പെണ്ണിന്റെ കണ്ണിലൂടെ വായിക്കുകയാണ് അദ്ദേഹം. സമൂഹത്തിന്റെ പാതി വരുന്ന സ്ത്രീകളുടെ അന്തസ്സും ന്യായമായ വികാരങ്ങളും പുരുഷന്മാര്‍ കണക്കിലെടുക്കണമെന്ന് അദ്ദേഹം ഉണര്‍ത്തുന്നു. അല്ലാത്തപക്ഷം ഒറ്റക്കാലില്‍ നടക്കുന്ന സമുദായമായി മുസ്ലിം സമുദായം മാറുമെന്ന മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്യുന്നു ശെയ്ഖ് തയബ്.

ഈജിപ്തിലെ സ്ത്രീകളുടെ ദേശീയ സമിതി ശെയ്ഖിന്റെ നിരീക്ഷണങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയുണ്ടായി. അത്  വ്യക്തമാക്കുന്നത്  മുസ്ലിം പുരുഷ പണ്ഡിതന്മാര്‍ ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള കുടുംബനിയമ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ സ്വീകരിക്കുന്ന വിവേചനപരമായ സമീപനങ്ങള്‍ മുസ്ലിം സ്ത്രീ സമൂഹം ഒട്ടും അംഗീകരിക്കുന്നില്ല എന്നാണ്. മതഗ്രന്ഥത്തെ ആണ്‍കോയ്മാധിഷ്ഠിത വ്യാഖ്യാനങ്ങളില്‍നിന്നു വിമോചിപ്പിക്കണമെന്ന് അവര്‍ തീവ്രമായി അഭിലഷിക്കുന്നു.
ഇനി നമുക്ക് ബഹുഭാര്യത്വം സംബന്ധിച്ച്, ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിക്കപ്പെട്ട കാന്തപുരം മുസ്ലിയാര്‍ ഇതഃപര്യന്തം അനുവര്‍ത്തിച്ചുപോന്ന നിലപാടിലേക്ക് ചെന്നു നോക്കാം. സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് 1985-ല്‍ ഷാബാനു ബീഗം കേസില്‍ സുപ്രീംകോടതിവിധി പുറത്തുവന്ന സന്ദര്‍ഭത്തിലാണ്. അക്കാലത്തും അതില്‍ പിന്നീടും ബഹുപത്‌നിത്വത്തിനു വല്ലവിധേനയും ന്യായീകരണം കണ്ടെത്താന്‍ കഠിനശ്രമം നടത്തിപ്പോന്ന മതപണ്ഡിതനാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.

മുസ്ലിയാര്‍ മാത്രമല്ല, കേരളമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഏതാണ്ട് 98 ശതമാനം മുസ്ലിം മതപണ്ഡിതരും ബഹുഭാര്യത്വം ആവശ്യമാണെന്നും ആ സമ്പ്രദായം തികച്ചും ഇസ്ലാമികമാണെന്നും വാദിച്ചുറപ്പിക്കാനാണ് എണ്‍പതുകള്‍ തൊട്ട് യത്‌നിച്ചു പോന്നിട്ടുള്ളത്. ഭാര്യ മാറാരോഗിയായിത്തീരുകയോ വന്ധ്യതയുള്ളവളാണെന്ന്  തെളിയുകയോ ചെയ്താല്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെക്കൂടി വേള്‍ക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന ചോദ്യം അവരെല്ലാം ഉന്നയിച്ചു. അതേസമയം, ഭര്‍ത്താവിനു മാറാദീനം പിടിപെടുകയോ അയാള്‍ക്ക് വന്ധ്യതയുണ്ടെന്ന് തെളിയുകയോ ചെയ്താല്‍ ഭാര്യ എന്തു ചെയ്യണമെന്ന ചോദ്യം അവരാരും ഉന്നയിച്ചതുമില്ല.
കാന്തപുരം മുസ്ലിയാരുള്‍പ്പെടെ ചില പണ്ഡിതര്‍ ബഹുഭാര്യത്വത്തിനു മൂന്നാമതൊരു ന്യായീകരണം കൂടി കണ്ടെത്തി. ഭാര്യയ്ക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ ഭര്‍ത്താവ് എന്തു ചെയ്യണം എന്നാണവര്‍ ചോദിച്ചത്. എന്നുവെച്ചാല്‍, സ്ത്രീകളില്‍ ജൈവപരമായി സംഭവിക്കുന്ന ഒരു പ്രക്രിയ തന്നെ ബഹുഭാര്യത്വം അനിവാര്യമാക്കുന്നു എന്ന കുയുക്തിയില്‍ മുസ്ലിയാരെപ്പോലുള്ളവര്‍ അഭയം തേടി. സ്ത്രീകള്‍ പുരുഷന്മാരുടെ ഭോഗവസ്തു എന്നതിലപ്പുറം മറ്റൊന്നുമല്ലെന്നു തീര്‍ത്തും പെണ്‍വിരുദ്ധമായ സമീപനം സ്വീകരിക്കുകയായിരുന്നു അവര്‍.

ഇപ്പോള്‍ ഗ്രാന്‍ഡ് മുഫ്തി പട്ടം സിദ്ധിച്ച മുസ്ലിയാരും താദൃശ ചിന്താഗതിക്കാരും ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് ഇമാം ബഹുഭാര്യത്വത്തെക്കുറിച്ച് നടത്തിയ നിരീക്ഷണം മനസ്സിരുത്തി വായിക്കേണ്ടതുണ്ട്. പുരുഷന്‍ എന്ന ഒറ്റക്കാല്‍ മതിയോ മുസ്ലിം സമുദായത്തിന് എന്ന ചോദ്യം സ്വയം ചോദിക്കാന്‍ അവര്‍ തയ്യാറാവണം. സമീപകാലത്തായി ചിലരെങ്കിലും ഇസ്ലാമിനു നല്‍കുന്ന പുരോഗമനാത്മക വ്യാഖ്യാനങ്ങളിലൂടെ തുറന്ന മനസ്സോടെ അവര്‍ കടന്നുപോവുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com