ശാസ്ത്രമെഴുത്ത് ആവിഷ്‌കാരപരമല്ല: എതിരവന്‍ കതിരവന്‍ സംസാരിക്കുന്നു

ശാസ്ത്രത്തില്‍ അഗാധമായ അറിവുള്ളവര്‍ ഇന്ത്യയില്‍ ആ അറിവുകള്‍ പോപ്പുലര്‍ ആക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെയൊരു സംസ്‌കാരം നമ്മള്‍ ആവിഷ്‌കരിച്ചിട്ടേയില്ല. 
ശാസ്ത്രമെഴുത്ത് ആവിഷ്‌കാരപരമല്ല: എതിരവന്‍ കതിരവന്‍ സംസാരിക്കുന്നു

മലയാളത്തില്‍ മിക്കവാറും വംശനാശം വന്നിരിക്കുന്ന ജനുസ്സാണ് ശാസ്ത്ര എഴുത്തുകാര്‍. ശാസ്ത്രജ്ഞന്മാര്‍ മിക്കവാറും അന്തര്‍മുഖരാണ്. അതൊരു കാരണമായിരിക്കും. പക്ഷേ, മറ്റു രാജ്യങ്ങളില്‍, പ്രത്യേകിച്ചും ഇംഗ്ലീഷില്‍ ശാസ്ത്രലേഖനങ്ങള്‍ പൊതുവായനയുടേയും ജേര്‍ണലിസത്തിന്റേയും ഭാഗമാണ്. ശാസ്ത്രത്തില്‍ അഗാധമായ അറിവുള്ളവര്‍ ഇന്ത്യയില്‍ ആ അറിവുകള്‍ പോപ്പുലര്‍ ആക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെയൊരു സംസ്‌കാരം നമ്മള്‍ ആവിഷ്‌കരിച്ചിട്ടേയില്ല. 

എതിരന്‍ കതിരവന്‍ എന്ന് പേര് ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. താങ്കള്‍ ഒരു തമിള്‍ എഴുത്തുകാരനാണെന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. എതിരന്‍ കതിരവന്റെ യഥാര്‍ത്ഥ പേരെന്താണ്? തൂലികാനാമമാണെങ്കില്‍ എങ്ങനെ ഈ പേരിലേയ്ക്കെത്തി?
ബ്ലോഗ് എഴുതിത്തുടങ്ങിയ കാലത്ത് വെറുതെ എടുത്തിട്ട പേരാണ്. ഞങ്ങളുടെ പൂര്‍വ്വികരില്‍ ഒരാളാണ് എതിരന്‍ കതിരവന്‍. പെരുന്ന അമ്പലത്തിലെ ചെപ്പേടില്‍ (12-ാം നൂറ്റാണ്ട്) ഈ പേരുണ്ട്. ഞങ്ങളുടെ തറവാട്ടുപേരായ 'ഞാവക്കാട്' ഇതിലുമുണ്ട്. മധുരയില്‍നിന്നു കുടിയേറിയവരാണെന്നു വിശ്വാസം, അതുകൊണ്ട് പേരില്‍ തമിഴ് ചുവ. ക്ഷേത്രസ്വത്തിന്റെ അധികാരത്തെപ്പറ്റിയൊക്കെയുള്ള ചരിത്രം പേറുന്ന ഡോക്യുമെന്റ് എന്ന നിലയില്‍ ഇളംകുളം കുഞ്ഞന്‍പിള്ളയൊക്കെ പെരുന്നയിലെ ഈ ചെപ്പേടിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 'ബ്ലോഗന' എന്ന പംക്തി തുടങ്ങിയപ്പോള്‍ എന്റെ ഒരു ബ്ലോഗാണ് ആദ്യം പ്രസിദ്ധീകരിക്കന്‍ എടുത്തത്. അതോടെ ഈ പേര് അംഗീകരിക്കപ്പെട്ടു എന്ന തോന്നലുണ്ടായി. ഒരു റിബലിന്റെ അംശമുണ്ടെന്നുള്ളതുകൊണ്ടായിരിക്കണം, ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ എഴുതി മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്യുന്നതാണോ, നെയ്യാറ്റിന്‍കരയാണോ വീട് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. യഥാര്‍ത്ഥ പേര് ഒട്ടും ക്യൂട്ടല്ല.

മലയാളിയുടെ ജനിതകം എന്ന ബുക്കിലൂടെ മലയാളികളുടെ എല്ലാ ജാതികളും കലര്‍പ്പാണ് എന്ന് താങ്കള്‍ പറയുന്നുണ്ടല്ലോ. എഴുത്തുകള്‍ക്ക് എതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈ വെളിപ്പെടുത്തലുകളെ ഏതെങ്കിലും തരത്തില്‍ ഭയപ്പെടുന്നുണ്ടോ?
അതിലെ കാര്യങ്ങള്‍ എന്റെ കണ്ടുപിടിത്തമൊന്നുമല്ല. രാജീവ് ഗാന്ധി സെന്ററിലെ ഡോ. മൊയ്ന ബാനര്‍ജിയുടേയും സംഘത്തിന്റേയും കണ്ടുപിടിത്തമാണത്. ഞാന്‍ അതു വിശദീകരിച്ചെന്നേയുള്ളൂ. ഡി.എന്‍.എ ടെസ്റ്റുകള്‍ പരക്കെ സ്വീകരിക്കപ്പെടുന്ന ഇക്കാലത്ത് ഇതിലെ സത്യങ്ങള്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുകയാണ് നമ്മള്‍. ജാതിയും മതവുമൊക്കെ സോഷ്യല്‍ കോണ്‍ട്രാക്ടാണ്, ഇതിനു ശാസ്ത്രീയമായ അടിത്തറയില്ല എന്നത് പുതിയ കാര്യമൊന്നുമല്ല. മൊയ്നാ ബാനര്‍ജിയും സംഘവും കേരളത്തിലെ പല ജാതിയിലും മതത്തിലുമുള്ള ആളുകളുടെ ഡി.എന്‍.എ വിശദമായി പരിശോധിച്ച് ഒരുപാട് കലര്‍പ്പുകള്‍ ഉള്ളതാണ് നമ്മുടെ സമൂഹമെന്നു സമര്‍ത്ഥിക്കുകയായിരുന്നു. ശുദ്ധമായ നായര്‍, മുസ്ലിം, നമ്പൂതിരി, ക്രിസ്ത്യാനി, ഈഴവര്‍ എന്നൊന്നില്ല. ഒരുപാട് കൊടുക്കല്‍ വാങ്ങല്‍ നടന്ന പ്രദേശമാണിവിടം. ശാസ്ത്രം വെളിപ്പെടുത്തുന്നത് ഭയക്കേണ്ട ഒരു കാര്യമല്ല.

മതത്തേയും ജാതിയേയും മുന്‍നിര്‍ത്തി രാഷ്ട്രീയം പറയുന്ന കേരളത്തില്‍ ജാതിയുടെ ജനിതകത്തെക്കുറിച്ചുള്ള സയന്‍സിലെ പുതിയ കണ്ടെത്തലുകള്‍ പലതും തിരസ്‌കരിക്കപ്പെടുന്നില്ലേ?
ഉണ്ട്. അപ്രിയ സത്യങ്ങളാണവ. തുല്യതയില്ലായ്മ ഉദ്ഘോഷിച്ച് സാമാന്യ ജനങ്ങളുടെ മനസ്സിളക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് വാസ്തവത്തില്‍ തുല്യതയുടെ ചില ഘടകങ്ങള്‍ സമൂഹത്തിലുണ്ടെന്നത് മാരകമാണ്. സമൂഹത്തെ വിഘടിച്ചുനിര്‍ത്തി ചൂഷണം ചെയ്യുക എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ചാലകം. ഇത്തരം പഠനങ്ങള്‍ അവരെ പേടിപ്പിക്കുകയാണ്. നമ്മുടെ പൊതുതെരഞ്ഞെടുപ്പ് മൊത്തം ജാതി/മതം അടിസ്ഥാനമാക്കിയാണ്. ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നത് ആ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളുടെ ജാതിയോ മതമോ നോക്കിയാണ്.

ശാസ്ത്രലേഖനങ്ങള്‍ എഴുതുന്ന ഒരാള്‍ മറ്റുള്ള എഴുത്തുകാരില്‍നിന്നും എങ്ങനെയാണ് വ്യത്യസ്തനാകുന്നത്? എഴുത്തിനെ ഇങ്ങനെ വേര്‍തിരിച്ചു കാണേണ്ടതുണ്ടോ? 
തീര്‍ച്ചയായും ശാസ്ത്രമെഴുത്ത് വ്യത്യസ്തമാണ്. അത് ആവിഷ്‌കാരപരമല്ല. വിവരപ്രകാശനം മാത്രമാണ്. വായനാസുഖം നല്‍കണം എന്നൊന്നുണ്ട്. മലയാളത്തില്‍ മിക്കവാറും വംശനാശം വന്നിരിക്കുന്ന ജനുസ്സാണ് ശാസ്ത്ര എഴുത്തുകാര്‍. ശാസ്ത്രജ്ഞന്മാര്‍ മിക്കവാറും അന്തര്‍മുഖരാണ്. അതൊരു കാരണമായിരിക്കും. പക്ഷേ, മറ്റു രാജ്യങ്ങളില്‍, പ്രത്യേകിച്ചും ഇംഗ്ലീഷില്‍ ശാസ്ത്രലേഖനങ്ങള്‍ പൊതുവായനയുടേയും ജേര്‍ണലിസത്തിന്റേയും ഭാഗമാണ്. ശാസ്ത്രത്തില്‍ അഗാധമായ അറിവുള്ളവര്‍ ഇന്ത്യയില്‍ ആ അറിവുകള്‍ പോപ്പുലര്‍ ആക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെയൊരു സംസ്‌കാരം നമ്മള്‍ ആവിഷ്‌കരിച്ചിട്ടേയില്ല. മലയാളത്തില്‍ ഒരു നല്ല ശാസ്ത്രമാസിക ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സയന്‍സിനു യാതൊരു പ്രാമുഖ്യവും കൊടുക്കാത്ത പഠനരീതിയാണ് നമുക്കുള്ളത് എന്നത് ഒരു കാരണമാണ്.  

ജനിതക ശാസ്ത്രം, ലൈംഗികത, തലച്ചോറ് പ്രവര്‍ത്തനങ്ങള്‍, സംഗീതം, നൃത്തം, സിനിമ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് താങ്കള്‍ കൂടുതല്‍ എഴുതിയിട്ടുള്ളതെന്നു തോന്നുന്നു. എഴുതാനുള്ള വിഷയങ്ങള്‍ കണ്ടെത്തുന്നതെങ്ങനെയാണ്? 
മേല്‍പ്പറഞ്ഞ വിഷയങ്ങളിലൊക്കെ താല്പര്യമുണ്ട്. Jack of all trades. പാട്ടും സിനിമയും പണ്ടേ ഹരമാണ്. അതുവിട്ട് ഒരു കളിയില്ല. ശാസ്ത്രം തൊഴിലായി സ്വീകരിച്ചത് അതിനോടുള്ള അഭിനിവേശം കൊണ്ടാണ്. അപ്പോള്‍ അതിലുള്ള എഴുത്ത് സ്വാഭാവികമായി വന്നു ചേരുന്നു. പിന്നെ ചില സിനിമകള്‍ കണ്ടാല്‍ എനിക്ക് ചില കാഴ്ചപ്പാടുകളുണ്ട്. അതെഴുതിയാല്‍ എന്താ എന്നൊരു തോന്നലുണ്ടാകും. പാട്ട്, നൃത്തം ഒക്കെ ഇങ്ങനെ കുറേ നിരീക്ഷണങ്ങളില്‍പ്പെടുന്നവയാണ്. വായനക്കാരുണ്ടെന്ന വിശ്വാസത്തില്‍ ചുമ്മാ അങ്ങ് എഴുതുകയാണ്.
 
ആര്‍ത്തവത്തെച്ചൊല്ലി ഉണ്ടായ വിവാദങ്ങളും കോടതിവിധിയും ശബരിമലയിലെ സ്ത്രീ പ്രവേശവും ഒക്കെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന ഒരു സമയമാണിത്. ആര്‍ത്തവരക്തം വിത്ത് കോശങ്ങളുടെ അക്ഷയ ഖനിയാണെന്നുള്ള താങ്കളുടെ അഭിപ്രായം വായിക്കുകയുണ്ടായി. ആര്‍ത്തവരക്തത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാടെന്താണ്? ആര്‍ത്തവത്തെ അശുദ്ധിയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകളെ എങ്ങനെ കാണുന്നു?
ആര്‍ത്തവരക്തത്തിനു അശുദ്ധി കല്പിക്കുന്നെങ്കില്‍ ശുക്ലത്തിനും അതേ അശുദ്ധിയുണ്ട്. ഒന്നില്‍ അണ്ഡവും മറ്റതില്‍ ബീജങ്ങളും. പുതിയ ജീവനുണ്ടായി വരാന്‍ ഒന്നിച്ചു ചേരുന്നവ.  പരിത്യജിക്കപ്പെട്ട അണ്ഡം പുറത്തുവരുമ്പോള്‍ ഗര്‍ഭാശയഭിത്തിയിലെ (Uterine wall) അടരുകള്‍ ഇളകിവരികയാണ്. ബീജവുമായി ചേര്‍ന്ന അണ്ഡത്തെ ഉറപ്പിച്ചുനിര്‍ത്തി ഭ്രൂണത്തിനു എല്ലാ സഹായവും ചെയ്യാന്‍ തയ്യാറെടുത്ത കോശങ്ങളാണ് ഈ അടരുകളില്‍. ഭ്രൂണത്തെ കുഞ്ഞാക്കി വളര്‍ത്തിയെടുക്കുന്ന അസാമാന്യ കോശങ്ങളാണിവ. നിറയെ വിത്തുകോശങ്ങളുമുണ്ട് (Stem cells). ആര്‍ത്തവരക്തത്തിലെ വിത്തുകോശങ്ങളുടെ അമൂല്യത പാശ്ചാത്യരാജ്യങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ശേഖരിച്ചു വെച്ചാല്‍ പില്‍ക്കാലത്ത് കേടുപാടുകള്‍ വന്ന അവയവങ്ങളില്‍ നിക്ഷേപിച്ച് റിപ്പയര്‍ ചെയ്‌തെടുക്കാം. ആര്‍ത്തവരക്തം ശേഖരിക്കാനുള്ള കിറ്റുകള്‍ പാശ്ചാത്യരാജ്യങ്ങളില്‍ സുലഭമാണ്. ശേഖരിക്കപ്പെട്ട ആര്‍ത്തവരക്തം നെടുനാള്‍ ശീതീകരിണികളില്‍ സൂക്ഷിക്കാന്‍ ഏര്‍പ്പാടു ചെയ്യാം. ആര്‍ത്തവകാലത്തിനു അശുദ്ധിയുണ്ടെന്ന് ഇന്നു ലോകത്താരും കരുതുന്നില്ല. ശാസ്ത്രം കൊണ്ടുവരുന്ന സത്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിതരാകുമ്പോള്‍ ഉളവാകുന്ന identity crisis ആണ് ശബരിമല പ്രശ്‌നവും മറ്റും. ശബരിമലയിലെ ആചാരങ്ങളാണെങ്കില്‍ മാറിക്കൊണ്ടിരിക്കുന്നതാണുതാനും. 1960-കളിലെ ആചാരങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട് ഇന്ന്.

മനുഷ്യജീവിതത്തില്‍ അപ്രധാനമായ ഒന്നാണ് സംഗീതം, മനുഷ്യവര്‍ഗ്ഗത്തില്‍നിന്നു സംഗീതം അപ്രത്യക്ഷമായിപ്പോയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഹാര്‍വാര്‍ഡ് സൈക്കോളജി പ്രൊഫസറായ സ്റ്റീഫന്‍ പിങ്കര്‍ (Steven Pinker) അഭിപ്രായപ്പെടുന്നുണ്ട്. താങ്കളിതിനെ എങ്ങനെ കാണുന്നു? മനുഷ്യജീവിതത്തില്‍ സംഗീതം അപ്രധാനമായ ഒന്നാണോ?
തലച്ചോറിന്റെ ആവിഷ്‌കാരങ്ങള്‍ മിക്കവാറും അതിജീവനത്തെ സഹായിക്കുന്നവയാണ്. ഒരു കാലത്ത് സമൂഹനിര്‍മ്മിതിക്ക് ഇത് അത്യാവശ്യമായിരുന്നു. ഇന്ന് ആദിമ മനുഷ്യന്റെ വെല്ലുവിളികള്‍ അപ്രത്യക്ഷമായെങ്കിലും എല്ലാ കലകളും മനസ്സിന്റെ സമനില നിറവേറ്റാന്‍ ആവശ്യമാണ്. മനസ്സിനു സന്തോഷവും ഊഷ്മളതയും പ്രദാനം ചെയ്യുന്നുണ്ട്. സംഗീതം എന്നത് സത്യമാണ്. പാട്ട് കേട്ടാനന്ദിക്കുമ്പോള്‍ തലച്ചോറില്‍ ചില രാസമാറ്റങ്ങള്‍ വന്നുചേരുന്നുണ്ട്. വ്യക്തിയുടെ സന്തോഷം സമൂഹത്തിനും സമനിലയേറ്റാന്‍ സഹായകമാകുന്നു. സംഗീതം ഇല്ലാതായാല്‍ മനുഷ്യകുലം നശിച്ചുപോകുകയൊന്നുമില്ല. പക്ഷേ, സമൂഹത്തിന്റെ സ്വാസ്ഥ്യ നിര്‍മ്മിതിക്ക് അതു പ്രയോജനപ്പെടുന്നു എന്നതുകൊണ്ട് തീരെ വര്‍ജ്ജിക്കാന്‍ വയ്യ. മറ്റു പല വിനോദോപാധികളും മനുഷ്യന്‍ കണ്ടുപിടിച്ചു എന്നതുകൊണ്ട് സംഗീതത്തിന്റെ പ്രാധാന്യം കുറഞ്ഞു എന്നതു ശരിയാണ്. പക്ഷേ, പക്ഷികളും മറ്റും സന്ദേശങ്ങള്‍ കൈമാറുന്നത് സംഗീതമയമായ ഒച്ചപ്പെടുത്തല്‍ കൊണ്ടാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. സംഗീതം മാത്രമല്ല, കലകള്‍ ഒന്നുമില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പിന്നെ സംഗീതത്തെ മാത്രം എന്തിനു മാറ്റിനിറുത്തി വിശകലനം ചെയ്യുന്നു.

ശാസ്ത്രവിഷയങ്ങള്‍ എഴുതിക്കൊണ്ടിരുന്ന താങ്കള്‍ അടുത്തിടെ 'ബിഗ് ഫിഷ് സ്മാള്‍ ഫിഷ്' എന്ന പേരില്‍ കഥകളുടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുക ഉണ്ടായല്ലോ. കഥകള്‍ എഴുതാനുള്ള ശ്രമം ആദ്യമാണോ?
കഥകളാണ് ആദ്യം എഴുതിത്തുടങ്ങിയത്. കോളേജ് മാഗസിനില്‍ കഥകളെഴുതിയാണ് എഴുത്തിലേക്ക് പ്രവേശിച്ചത്. ബ്ലോഗിലും കുറേ കഥകള്‍ എഴുതിയിരുന്നു. ലേഖനങ്ങള്‍ക്കു പ്രസിദ്ധി കിട്ടിയപ്പോള്‍ ഞാന്‍ ലേഖനം എഴുത്തുകാരനായി ബ്രാന്‍ഡ് ചെയ്യപ്പെട്ടു. മികച്ച ബ്ലോഗ് ലേഖനങ്ങള്‍ എടുത്തുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് 'ബ്ലോഗന' തുടങ്ങിയപ്പോള്‍ എന്റെ ശാസ്ത്രലേഖനമാണ് ആദ്യമായി അവര്‍ എടുത്തത്. അതോടെ എന്റെ കഥകള്‍ക്കു ശ്രദ്ധ കിട്ടാതായി. ബ്രാന്‍ഡ് ചെയ്ത് ഒരാളെ കള്ളിയിലൊതുക്കുക എന്നത് നമ്മുടെ നാട്ടുകാര്‍ സ്ഥിരമായി ചെയ്യുന്നതാണ്. പല കഥകളും പ്രവാസിയുടെ പ്രശ്‌നങ്ങള്‍ വിചിന്തനം ചെയ്യുന്നവയാണ്. 'പൂഞ്ഞാറില്‍നിന്നുള്ള കാറ്റ്' അതിലൊന്നാണ്. അത് അധികം വായിക്കപ്പെട്ടിട്ടില്ല എന്നതില്‍ സങ്കടമുണ്ട്. ചില കഥകള്‍ നല്ലതാണെന്ന് ഒരു പ്രസിദ്ധ കഥാകാരന്‍ പറഞ്ഞത് ആശ്വാസമേകുന്നുണ്ട്. ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ വേണ്ടി ചില കഥകള്‍ എടുക്കാന്‍ താല്പര്യവുമായി ചില സുഹൃത്തുക്കള്‍ വന്നിട്ടുണ്ട്.

സ്ത്രീകള്‍ക്ക് എതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാമിന്നു ജീവിക്കുന്നത്. സ്ത്രീയുടെമേല്‍ കടന്നുകയറി കാമപൂരണം നടത്തി തൃപ്തിയടയുക എന്ന ചിന്ത മാത്രമാണോ ബലാത്സംഗം ചെയ്യാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതിനു പിന്നിലുള്ള പ്രധാന കാരണം?
ബലാത്സംഗത്തില്‍ കാമപൂരണത്തിനുമപ്പുറം അധീശത്ത്വപ്രഖ്യാപനമാണ്. ശക്തി തെളിയിക്കലും. ലിംഗം ഒരു മൂര്‍ച്ചയുള്ള ആയുധമാകുകയാണ്. സംഭോഗം എന്നത് പ്രജനനത്തിനു അത്യാവശ്യമാണ്, അത്യന്തം ആനന്ദകരമാണ്. പെണ്ണിനു ഗര്‍ഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കണം എന്ന ഉത്തരവാദിത്വത്തിന്റെ ആരംഭവേളയുമാണിത്. ഈ കൃത്യം ഇതില്‍ നിന്നെല്ലാം വേര്‍പെടുത്തി അധികാരപ്രയോഗം മാത്രമാകുമ്പോള്‍ പെണ്ണിനു അതു തീവ്രാഘാതമാണ്. രതിയിലെ ആനന്ദാനുഭവമേ ഇല്ലാതാക്കുക എന്നതാണ് ഈ ഹിംസയുടെ ക്രൂരോദ്ദേശ്യം. ഇത് ഉളവാക്കുന്ന മാനസികാഘാതം തീവ്രമാണ് പെണ്ണിന് എന്ന് അവനറിയാം. മനസ്സിനേറ്റ ഈ മുറിവ് ഉണങ്ങാന്‍ നാളുകളെടുക്കും. അങ്ങനെ മനസ്സിനെ കീഴ്പെടുത്തലാണ് ഉദ്ദേശ്യം, അത് എളുപ്പം സാധിച്ചെടുക്കുകയും ചെയ്യാം. ശരീരത്തിനു മുറിവേല്പിച്ചാല്‍ അതു പെട്ടെന്നു ഉണങ്ങിയേക്കും. കൂടാതെ ആണ്‍കോയ്മ നിര്‍മ്മിച്ചെടുത്ത രതിയോടു ബന്ധപ്പെട്ട അഭിമാനം പെണ്ണിനു നഷ്ടപ്പെടുകയെന്ന സമൂഹനീതി നിലനില്‍ക്കുമ്പോള്‍ രതി കഴിഞ്ഞ പെണ്ണ് കളങ്കിതയും അപമാനിതയുമാണെന്ന പൊതുബോധരീതി അവള്‍ക്കു പില്‍ക്കാല ജീവിതം അസഹ്യമാക്കുകയും ചെയ്യുന്നു. ഇതൊരു കെണിയാണ്. ഡെറ്റോളിട്ട് കഴുകിയാല്‍ പോകാനുള്ളതേയുള്ളൂ ഈ അപമാനം എന്ന് മാധവിക്കുട്ടി പറഞ്ഞതില്‍ സത്യമുണ്ട്. തന്റെ അധികാരവും ആണത്തവും സാധിച്ചെടുക്കുക, പെണ്ണിനു ഇത്തരം വിവിധ കഷ്ടതകള്‍ സമ്മാനിക്കുക ഇങ്ങനെ ബഹുവിധ പരിണതികളാണ് ഒരൊറ്റ ക്രിയയില്‍ക്കൂടി സാദ്ധ്യമാകുന്നത്. സെക്‌സാണ് പരമാധികാരത്തിന്റെ അടയാളം എന്നു തീര്‍പ്പ് കല്പിക്കുന്നതില്‍ അസൂയയ്ക്കും ഒരു ഇടമുണ്ട്. ഈ അസൂയ, സെക്‌സില്‍ത്തന്നെ കടത്തിവെട്ടാന്‍ പറ്റുന്നവനെ തറപറ്റിക്കാന്‍ വഴിതെളിക്കും.

ശാസ്ത്രം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യന്റ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ അവന്റെ മസ്തിഷ്‌കമാണെന്ന തരത്തിലുള്ള ചിന്ത ഒരു ബയോളജിക്കല്‍ റിഡക്ഷനിസമായി കരുതാനാകില്ലേ? 
''Isms are cop outs and intellectual garbage' എന്നാണ് ശാസ്ത്രം ഈയിടെയായി ഉദ്ഘോഷിക്കുന്നത്. Are you more than your neurons? എന്ന ചോദ്യവും ഇക്കാലത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ശരീരശാസ്ത്രത്തെ കെമിസ്ട്രി/ഫിസിക്‌സ് തത്ത്വങ്ങള്‍കൊണ്ട് വിശദീകരിച്ചു കഴിഞ്ഞു, ഇനി മനസ്സിന്റെ പ്രവര്‍ത്തനത്തെ വിഘടിച്ചെടുക്കേണ്ടതേയുള്ളൂ എന്നാണ് ആധുനിക ശാസ്ത്രമതം. തലച്ചോറിന്റെ വ്യാപാരങ്ങളെ ന്യൂറോണുകളുടെ പ്രവര്‍ത്തനമായി നിജപ്പെടുത്താനും വ്യാഖ്യാനിക്കാനുമാകുന്നുണ്ട് ഇക്കാലത്ത്. മനുഷ്യനെ ഒരു ജീവിയായി കാണാനുള്ള വിസമ്മതം ഇപ്പോഴും പരക്കെ കാണാനുണ്ട്. ജ്ഞാനബോധം (Consciounsess) പണ്ടത്തെപ്പോലെ അമൂര്‍ത്തമായ ആശയമല്ല (Abstract). ആയിരമായിരം ഫിസിക്‌സ്/കെമിസ്ട്രി ലാബുകളുടെ സങ്കലിത രൂപമാണ് ഈ ശരീരം. ദൈവം അതിനുള്ളില്‍ വസിച്ച് എല്ലാം കൈകാര്യം ചെയ്യുകയാണ് എന്ന ചിന്തയുണ്ടെങ്കില്‍ അതു വിഡ്ഢിത്തരമാണ്. വിദ്യുച്ഛക്തിയും രാസവസ്തുക്കളും കൊണ്ടുള്ള കളിയാണ് തലച്ചോര്‍ പ്രവര്‍ത്തനം. ഒരേ ഒരു ന്യൂറോണ്‍ മാത്രം കേന്ദ്രീകരിച്ചു പഠനങ്ങള്‍ സാദ്ധ്യമാക്കുന്നു. ആധുനിക സാങ്കേതികവിദ്യകള്‍. ചിന്ത, ഓര്‍മ്മ എന്നിവ ചിപ്പുകളിലാക്കി കംപ്യൂട്ടറില്‍ നിബന്ധിക്കുന്ന കാലവും വരാന്‍ പോവുകയാണ്. സംസാരശേഷി നഷ്ടപ്പെട്ടവരുടെ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച് അവര്‍ എന്തു സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുവോ അത് ഒരു കംപ്യൂട്ടറില്‍ സന്നിവേശിപ്പിച്ച് കൃത്രിമമായ സംസാരം ഉളവാക്കുന്ന ടെക്നോളജി വരെ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ചിന്ത, ഓര്‍മ്മ, ബോധജ്ഞാനം, വികാരം എന്നിവയൊക്കെ അബ്സ്ട്രാക്റ്റാണെന്നുള്ള ചിന്താഗതി മാറിക്കഴിഞ്ഞു. 

വിശ്വാസങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മൗലികമായ അടിസ്ഥാനമാണ് എന്നിരിക്കെ സ്വന്തം വിശ്വാസത്തിനുവേണ്ടി ഏതറ്റം വരെ പോകാനും, എന്തിനേറെ വിശ്വാസം സംരക്ഷിക്കുന്നതിനായി ആത്മഹത്യ വരെ ചെയ്യാന്‍ ആളുകള്‍ തയ്യാറാക്കുന്നത് എന്തുകൊണ്ടാണ്?
വിശ്വാസം ഒരു വ്യക്തിത്വം നല്‍കുന്നുണ്ട് മനുഷ്യന്. ആ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് അവന്‍ ഇഷ്ടപ്പെടുന്നില്ല. വിശ്വാസങ്ങള്‍ മാറ്റേണ്ടിവരുന്നതു കൂടിയ തരത്തില്‍ ആത്മസംഘര്‍ഷം ഉളവാക്കും. ''വിശ്വാസങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മൗലികമായ അടിസ്ഥാനമാണ്'' എന്നത് ആപേക്ഷികമാണ്. ''അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികള്‍'' എന്ന് എഴുത്തച്ഛന്‍ പാടിയതുപോലെ വിശ്വാസങ്ങള്‍ മാറ്റേണ്ടിവരും, സത്യങ്ങളെ അംഗീകരിക്കേണ്ടിവരും കാലത്തിനനുസരിച്ച്. ഇത് ഏല്പിക്കുന്ന ആഘാതം ചില്ലറയല്ല. കാരണം, വിശ്വാസങ്ങള്‍ അതിജീവനത്തെ എന്നും സഹായിച്ചിരുന്നു. തന്റെ വിശ്വാസങ്ങളാണ് തന്നെ ഇത്രയും കാലം ജീവിപ്പിച്ചു നിറുത്തിയത് എന്നു കരുതുന്ന ഒരാള്‍ക്ക് അങ്ങനെയല്ലായിരുന്നു കാര്യങ്ങള്‍ എന്ന സത്യം അറിയുമ്പോള്‍ വരുന്ന ആഘാതം സഹിക്കാനാവുന്നതല്ല. ('വിശ്വാസത്തിന്റെ ന്യൂറോണ്‍ കേന്ദ്രങ്ങള്‍' എന്ന ലേഖനത്തില്‍ ഇക്കാര്യം വിസ്തരിച്ച് എഴുതിയിട്ടുണ്ട്). 

മനുഷ്യ മൂല്യങ്ങളുടെ ഉറവിടം മതങ്ങളാണെന്നുള്ള തരത്തില്‍ പലരും വ്യാഖ്യാനിക്കാറുണ്ട്. മത വിശ്വാസം, ആരാധന എന്നിവയിലൂടെ രൂപപ്പെട്ടു വരുന്ന ഒന്നാണോ മാനുഷിക മൂല്യങ്ങള്‍? ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ താങ്കള്‍ ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? 
തീര്‍ച്ചയായും മതത്തിനു സ്വാധീനമുണ്ട് മനുഷ്യ മൂല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനു പിന്നില്‍. പക്ഷേ, മതം സാമ്പത്തികവും സാങ്കേതികവും ആയ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ഒരു Super structure ആയി മാറിയിട്ടുണ്ട്. മൂല്യങ്ങള്‍ക്കു മതം വേണമെന്നു നിര്‍ബ്ബന്ധമില്ല. ദയ, അനുകമ്പ, പരസ്പര സ്‌നേഹം ഇവയൊക്കെ കരുതിവയ്പ് ആയുണ്ടെങ്കില്‍ മതം അത്യാവശ്യമല്ലാതാകും. ധാര്‍മ്മികതയെന്നത് ഏതെങ്കിലും ദൈവികശാസന അനുസരിക്കുക എന്നതല്ല, സമൂഹത്തിലെ ക്ലേശ-സങ്കട-ദുരിതങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്ന ആലോചനയാണ്. അനുകമ്പ, ദയ, സ്‌നേഹം എന്നിവ ആദിമകാലത്തുതന്നെ മനുഷ്യനു കൈവന്നതാണ്, സമൂഹനിര്‍മ്മിതിക്കും അതുവഴി അതിജീവനത്തിനും വഴിതെളിക്കാന്‍. ദൈവവും മതവുമൊക്കെ പിന്നെ വന്നതാണ്. 

ശാസ്ത്രജ്ഞന്മാര്‍പോലും അന്ധവിശ്വാസത്തെ മുറുകിപ്പിടിച്ച് ജീവിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിന്റെ സമയത്തുപോലും കാര്യങ്ങള്‍ ശുഭപര്യവസായിയായി തീരാന്‍ പൂജ ചെയ്യുന്നതും തേങ്ങായുടയ്ക്കാന്‍ ശ്രമിക്കുന്നതുമൊക്കെ വിദ്യാഭാസം കൊണ്ടൊന്നും അന്ധവിശ്വാസം മാറുകയില്ല എന്നതിനുള്ള ഒരു പ്രധാന തെളിവല്ലേ?
നമ്മള്‍ (ഇന്ത്യാക്കാര്‍) ജനിച്ചു വീഴുന്നതുതന്നെ അന്ധവിശ്വാസങ്ങളുടെ ലോകത്തിലേക്കാണ്. ആ വിശ്വാസങ്ങള്‍ മാറ്റിയെടുക്കണമെങ്കില്‍ ആയാസമാവശ്യമാണ്, പ്രയത്‌നം ആവശ്യമാണ്, തന്റേടവും. പഴയ വിശ്വാസം അതേപടി പുലര്‍ത്താന്‍ ഇന്നത്തെ രാഷ്ട്രീയ/സാമൂഹ്യ സമ്മര്‍ദ്ദവുമുണ്ട്. അതുകൊണ്ട് നിലപാടുകള്‍ മാറ്റാന്‍ നാം തയ്യാറാകുന്നില്ല. എന്നാല്‍, ആധുനിക സാങ്കേതികതയുടെ എല്ലാ ആനുകൂല്യങ്ങളും സ്വാംശീകരിച്ചുകൊണ്ടാണ് വിശ്വാസങ്ങളെ പുണര്‍ന്നുനില്‍ക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്, ചതിയാണ്. റോക്കറ്റ് വിക്ഷേപണത്തിനു പുറകിലുള്ള സാങ്കേതികത നിര്‍മ്മിച്ചെടുത്തത് തീവ്രവിശ്വാസികളല്ല എന്ന സത്യം മറന്നു പോകയാണിവര്‍.

വിശ്വാസങ്ങള്‍ നമ്മെ അതിജീവനത്തിനു സഹായിക്കുകയാണ് എന്നു താങ്കള്‍ പറയുകയുണ്ടായല്ലോ. ദൈവവിശ്വാസവുമായി ബന്ധപ്പെടുത്തി ഇങ്ങനെ ചിന്തിക്കുന്നത് വലിയ കുഴപ്പങ്ങളിലേയ്ക്ക് ഒരു സമൂഹത്തെ കൊണ്ടെത്തിക്കില്ലേ?
വിശ്വാസങ്ങള്‍ ഒരുകാലത്ത് ആവശ്യമായിരുന്നു, ശാസ്ത്രം സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനു മുന്‍പ്. പലതും തെറ്റായിരുന്നു എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതിജീവനത്തെ സഹായിച്ചിട്ടുണ്ട്. അങ്ങനെ തലച്ചോറു കണ്ടുപിടിച്ച സങ്കല്പശക്തിയാണ് ദൈവം. കിട്ടാത്ത ഉത്തരങ്ങള്‍ പകര്‍ന്നുതരാന്‍ വേണ്ടി എന്നും പ്രത്യക്ഷപ്പെടുന്ന ആശ്വാസരൂപം. ചോദിക്കുന്ന ചോദ്യങ്ങളും അവശ്യം വേണ്ട ഉത്തരങ്ങളും ഒരോ ഗോത്രത്തിനും വ്യത്യസ്തമായിരുന്നു. അതനുസരിച്ച് നിരവധി ദൈവങ്ങള്‍ നിരന്നുവന്നു. അതു സംഘടിത മതങ്ങള്‍ക്കു വഴിവെച്ചതോടെ മത്സരബുദ്ധി ഏറി, തമ്മില്‍ സ്പര്‍ദ്ധ ഉളവാക്കാന്‍ പര്യാപ്തമായി. ദൈവത്തിലുള്ള വിശ്വാസമല്ല, സംഘടിത മതങ്ങളാണ് മനുഷ്യരെ ഏറ്റവും കൊന്നിട്ടുള്ളത്. 

തിരക്കുകള്‍ക്കിടയിലും വായനയ്ക്കും എഴുത്തിനും സമയം എങ്ങനെ കണ്ടെത്തുന്നു?
ആവശ്യം തോന്നുന്ന കാര്യത്തിനു സമയം കണ്ടെത്താന്‍ എല്ലാവര്‍ക്കും ഔത്സുക്യമുണ്ട്. അത്രേയുള്ളു. എഴുത്ത് ഹരമാണ്. ആനന്ദകരമാണ്.

താങ്കള്‍ നാട്ടില്‍ വന്ന സമയത്ത് കേരളത്തിലെ പല കോളേജുകളിലും പ്രഭാഷണം നടത്തുന്നതിനായി അതിഥിയായി പോകുക ഉണ്ടായിരുന്നല്ലോ. കേരളത്തിലെ യുവാക്കളുടെ ശാസ്ത്രത്തോടുള്ള താല്പര്യത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
ശാസ്ത്രതാല്പര്യത്തില്‍ ചെറിയ പുരോഗതിയേ ഉണ്ടായിട്ടുള്ളു നമ്മുടെ സമൂഹത്തില്‍. എന്‍ട്രന്‍സിനുവേണ്ടി കുട്ടികളെ തയ്യാറാക്കാന്‍ മാത്രം അറിവുള്ള മുതിര്‍ന്ന തലമുറ ചെയ്തുവയ്ക്കുന്ന പാതകത്തിന്റെ ഭാഗമാണിത്. സമൂഹത്തില്‍ സ്ഥാനം നേടുക, കല്യാണക്കച്ചവടത്തിലെ മൂല്യങ്ങള്‍ ഉറപ്പിക്കുക എന്നൊക്കെയുള്ള ചിന്തയില്‍ കുടുങ്ങിയ അല്പന്മാര്‍. അടുത്ത തലമുറയെ നശിപ്പിക്കുകയാണിവര്‍. എന്നാല്‍, ചെറുപ്പക്കാര്‍ക്ക് യുക്തിചിന്ത ഏറിയിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിയവരുമല്ല ഏറെപ്പേരും. സര്‍ഗ്ഗാത്മകതയും ആവിഷ്‌കാരസാദ്ധ്യതയും അന്വേഷിക്കുന്നവരാണവര്‍. യുട്യൂബില്‍ 'ടിക് ടോക്' നോക്കിയാല്‍ ഈ സത്യം പടി കിട്ടും. രാഷ്ട്രീയക്കാരുടെ അജന്‍ഡയില്‍ വീഴാത്ത ഒരു സമൂഹം ഉരുത്തിരിഞ്ഞു വരുന്നു എന്നത് വളരെ നല്ലതാണ്. 

1970 കാലഘട്ടത്തില്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത താങ്കള്‍ നാട്ടില്‍ ജീവിക്കുന്ന ഒരു മലയാളിയെപ്പോലെ കേരളത്തില്‍ നടക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഒപ്പം കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായി നല്ല ആത്മബന്ധവും താങ്കള്‍ നിലനിര്‍ത്തുന്നുണ്ട്. ഇതെങ്ങനെ സാധ്യമാകുന്നു?
മലയാളം വായിക്കാനുള്ള താല്പര്യം. അത് എന്നുമുണ്ട്. ആഴ്ചപ്പതിപ്പുകള്‍ (ചിത്രഭൂമി, നാന ഒക്കെ!) സ്ഥിരമായി വരുത്തി വായിക്കുന്ന സ്വഭാവം ഇവിടെ എത്തിയിട്ടും വിട്ടില്ല. എഴുത്തുകാര്‍ എന്റെ ചങ്ങാതികളാകുന്നത് സ്വപ്നം കണ്ടവനാണ് ഞാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com