ഏകാന്തത ഒരു കൂറ്റന്‍ കാഞ്ഞിരമരമാണ്...: എന്‍. ശശിധരന്‍

ഏകാന്തതപോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല എന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഓര്‍മ്മകള്‍ക്ക് സ്വര്‍ണ്ണത്തിരയിളക്കങ്ങള്‍ സൃഷ്ടിക്കുന്നത്. 
എന്‍. ശശിധരന്‍
എന്‍. ശശിധരന്‍


    
വിശുദ്ധമായ ഒരുകാലത്തിന്റെ ഓര്‍മ്മകളിലേക്ക് ഉണര്‍ന്നിരുന്നുകൊണ്ട് താരതമ്യേന അവിശുദ്ധമായ ഒരു വ്യവസ്ഥാപിതത്വത്തില്‍ ജീവിക്കുമ്പോഴുള്ള ആത്മസംഘര്‍ഷങ്ങളാണ് പലപ്പോഴും എന്‍. ശശിധരന്‍ എന്ന എഴുത്തുകാരന്‍ ആവിഷ്‌കരിക്കുന്നത്. സ്മൃതികള്‍ക്ക് വിസ്മൃതി വിധിക്കാന്‍ കാലം മനുഷ്യനുമേല്‍ ശക്തമായ ഭൗതിക സാഹചര്യമൊരുക്കുമ്പോള്‍ അതിനു നേര്‍വിപരീതമായി നിലകൊള്ളുക എന്ന ധീരമായ നിലപാട് കൂടിയാണിത്. ഏകാന്തതപോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല എന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഓര്‍മ്മകള്‍ക്ക് സ്വര്‍ണ്ണത്തിരയിളക്കങ്ങള്‍ സൃഷ്ടിക്കുന്നത്. 

ഓര്‍മ്മകളെ കുറേക്കൂടി സത്യവും സാര്‍ത്ഥകവുമാക്കാനുള്ള ജാഗ്രത്തായ ഉപാധി എന്ന നിലയിലാണ് ആ ഏകാന്തതകളില്‍ അദ്ദേഹം പുസ്തകങ്ങളെ കൂട്ടുപിടിക്കുന്നത്. ഒപ്പം കാലത്തിന്റെ കോലാഹലങ്ങളില്‍ മനുഷ്യത്വവും മൂല്യബോധങ്ങളും തന്നില്‍നിന്നും കൈവിട്ടു പോകാതിരിക്കാനുള്ള പഴുതു തേടല്‍ കൂടിയാണത്. മാനവികതയുടെ നന്മകളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവയാണ് പുസ്തകങ്ങള്‍ എന്ന ആപ്തവാക്യം ഉരുക്കഴിക്കുമ്പോള്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ അത് അദ്ദേഹം അരക്കിട്ടുറപ്പിക്കുകയാണ്. പുസ്തകവായനയ്ക്ക് മാത്രമായി ഒരു ജന്മം ലഭിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആശിച്ചതിന്റെ കാരണവും മറ്റൊന്നല്ല. 

''പുസ്തകം ഒരു ജഡവസ്തുവല്ല; ചരിത്രത്തിന്റേയും സംസ്‌കൃതിയുടേയും ജൈവികതകള്‍ സ്പന്ദിക്കുന്ന ജീവകോശമാണ്. അറിവും ഓര്‍മ്മയും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും ഒത്തുചേര്‍ന്നു ജ്വലിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മഹാകോശങ്ങളിലേക്കാണ് ഓരോ പുസ്തകവും വാതില്‍ തുറക്കുന്നത്'' എന്ന് അദ്ദേഹം എഴുതുമ്പോള്‍ (പുസ്തകം മരിക്കുന്നില്ല എന്ന ലേഖനം) പുസ്തകവായനയില്‍നിന്നും ഉള്‍ക്കൊണ്ട അനുഭവങ്ങളുടെ തീക്ഷ്ണതയത്രയും സാക്ഷ്യപത്രംപോലെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ''വായിക്കല്‍ ഭാവിയെ എഴുതലാണ്'' എന്ന അറബ് കവി അഡോണിസിന്റെ വാക്കുകളെ ഹൃദയത്തിലേറ്റി നടക്കാനുള്ള അദ്ദേഹത്തിന്റെ പ്രേരണയും വേറൊന്നാവാന്‍ തരമില്ല.

മാര്‍ക്വോസ്
മാര്‍ക്വോസ്

വര്‍ത്തമാനകാലത്ത് മനുഷ്യനായി ജീവിക്കുക എന്നത് ഏറെ ദുഷ്‌കരമായി തീരുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ ഉള്ളം വല്ലാതെ പൊള്ളിക്കുന്നുണ്ട്. അതിനെ സമര്‍ത്ഥമായി മറികടക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ക്കൂടിയാണ് പുസ്തകങ്ങളോടുള്ള അതിരുകവിഞ്ഞ പ്രണയവും അനുഷ്ഠാനംപോലെ അനുവര്‍ത്തിക്കുന്ന നിരന്തരവായനയും അദ്ദേഹം കൊണ്ടു നടക്കുന്നത്. പുസ്തകങ്ങളില്ലാത്ത, വായിക്കാന്‍ കഴിയാത്ത ഒരു ലോകം അദ്ദേഹത്തിനു വിഭാവന ചെയ്യാന്‍ കഴിയാതെ പോകുന്നതും അതുകൊണ്ടാണ്. 

ഹാരുകി മുറകാമി
ഹാരുകി മുറകാമി


പുസ്തകങ്ങളും വായനയും മനുഷ്യരുടെ എല്ലാ തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും മറുമരുന്നായി കാണുന്നിടത്തും എന്‍. ശശിധരന്റെ സാന്നിധ്യമുണ്ട്. 'ഫിക്ഷന്‍: ജീവിതവ്യാധിക്ക് മറുമരുന്ന്' എന്നാണ് അദ്ദേഹത്തിന്റെ ഒരു ലേഖനത്തിന്റെ തലക്കെട്ടു തന്നെ. മാര്‍ക്വേസിന്റെ സുപ്രസിദ്ധ നോവല്‍, ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലെ 'മക്കോണ്ടോ'യില്‍ പെയ്തതുപോലെ ഒരു മഹാമാരി ഇവിടെയും പെയ്തിറങ്ങണമെന്നും അതില്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയും ഹിംസയും സ്‌നേഹരാഹിത്യവും കീഴ്മേല്‍ മറിഞ്ഞ ധര്‍മ്മനീതികളും ഒഴുകി ഒലിച്ചുപോകണമെന്നും (മഴയുടെ അന്‍പതു വര്‍ഷങ്ങള്‍ എന്ന ലേഖനം) പ്രത്യാശിക്കുന്നത് അദ്ദേഹത്തിന്റെ ഈ മനസ്സിന്റെ പ്രതിഫലനമാണ്.

ജാപ്പാനീസ് എഴുത്തുകാരനായ ഹാരുകി മുറകാമിയുടെ 'കാഫ്ക ഓണ്‍ ദ ഷോര്‍' എന്ന പുസ്തകത്തെക്കുറിച്ചു പറയുന്നിടത്ത് നമ്മുടെ നടപ്പുകാല ദൈന്യതകളേയും ആധികളേയും കുറിച്ച് എഴുതപ്പെട്ട മറ്റൊരു വിചാരണ (Trial) എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് (മത്സ്യമഴ പെയ്യുന്ന സന്ധ്യകള്‍) ഈ മനോഭാവത്തിന്റെ മറ്റൊരു രൂപഭേദമായിട്ടുതന്നെ വേണം കാണാന്‍. 

അറിവും അനുഭവവും ചിന്തകളും അധികമില്ലാത്ത ഒരാളാണ് താനെന്ന് വിനയപൂര്‍വ്വം ഉണര്‍ത്തിക്കുന്ന എന്‍. ശശിധരന്‍, തനിക്ക് ജീവിതത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞതൊക്കെ വായനയുടെ സൗഭാഗ്യങ്ങളായിട്ടാണ് കരുതുന്നത്. വായനയെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ വൈകാരിക മുഹൂര്‍ത്തമായി കാണുന്ന അദ്ദേഹം, എഴുത്തിനെ വായനയ്ക്കിടയിലെ വല്ലപ്പോഴുമുള്ള വഴിതെറ്റലായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. എന്‍. ശശിധരന്‍ എന്ന മനുഷ്യന്‍, വായനക്കാരന്‍, നിരൂപകന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്, വിവര്‍ത്തകന്‍ എന്നിങ്ങനെയുള്ള ബഹുസ്വരത മുഴുവന്‍ ഉരുവപ്പെടുന്നതിന്റേയും പരുവപ്പെടുന്നതിന്റേയും വെളിപ്പെടലാണ് ഈ അഭിമുഖം. 
------
ജന്മനാടായ കുറ്റിയാട്ടൂരിലെ ഏകാന്ത ബാല്യവും അച്ഛനു പത്രങ്ങള്‍ വായിച്ചുകൊടുക്കാനായി നാലാം വയസ്സില്‍ അമ്മ പഠിപ്പിച്ച അക്ഷരങ്ങളുമാണ് തന്നെ വായനയിലേക്ക് നയിച്ചത് എന്ന് മാഷ് ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍, വായിച്ചവരെല്ലാം നല്ല വായനക്കാര്‍ ആകുന്നില്ല. താങ്കളെ ഒരു നല്ല വായനക്കാരനായി പാകപ്പെടുത്തിയ ചേരുവകള്‍ എന്തൊക്കെയാണ്?
അനുഭവങ്ങള്‍ ഓര്‍മ്മകളായിത്തീരുമ്പോള്‍ ഉണ്ടാകുന്ന രാസപരിണാമങ്ങളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഒരാള്‍ അനുഭവിച്ചു തീര്‍ത്ത ബാല്യകാലവും അതേപ്പറ്റി അയാള്‍ സൂക്ഷിക്കുന്ന ഓര്‍മ്മകളും പലപ്പോഴും ഒന്നുതന്നെ ആവണമെന്നില്ല. ഏതാണ്ട് അറുപതോളം വര്‍ഷങ്ങള്‍ക്കു ശേഷം, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, എനിക്കു തോന്നുന്നത് എന്റെ ജന്മദേശമായ കുറ്റിയാട്ടൂരിലെ അന്നത്തെ ഭൂപ്രകൃതി എന്നിലുണര്‍ത്തിയ ഭയവും സംഭ്രമവും ഉല്‍ക്കണ്ഠകളും അജ്ഞാത വിഷാദങ്ങളുമാണ് വായനയിലൂടെ എന്നിലേക്കും പുറത്തേക്കും വഴി തേടാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നാണ്. ആ പ്രകൃതിയുടേയും മനുഷ്യപ്രകൃതിയുടേയും വന്യത ഇന്നു നമുക്കു സങ്കല്പിക്കാന്‍ കഴിയുന്നതിനപ്പുറം ഹിംസാത്മകമായിരുന്നു. കാടും മലയും തോടും വയലും ഉള്‍ച്ചേര്‍ന്ന ആ സ്ഥലരാശി കൊടിയ ഭയവും അസ്വസ്ഥതയുമാണ് എന്റെ ബാലമനസ്സിലേക്ക് അടിച്ചേല്പിച്ചത്. 

ആറേക്കറോളം വരുന്ന വീട്ടുപറമ്പും അതോട് ചേര്‍ന്നുകിടക്കുന്ന കാടും ഒരപരിചിത ഭൂഖണ്ഡമായി എന്നെ സദാ വെല്ലുവിളിച്ചു. വെയിലിന്റെ മുട്ടകള്‍ ചിതറിവീണ കരിയിലകളുടെ ചതുപ്പുകളിലൂടെ ഭയത്തോടെ മുന്നോട്ടു നീങ്ങവേ, കണ്‍മുന്നില്‍ തെളിയുന്ന പച്ചപ്പിന്റെ കൂടാരം എന്നില്‍ അടുപ്പത്തെക്കാള്‍ ഏറെ അരുതായ്മകളെക്കുറിച്ചുള്ള ഉദ്വേഗങ്ങളാണ് ഉണര്‍ത്തിയത്.

അക്ഷരം പഠിച്ചു തുടങ്ങിയ ശേഷം കയ്യില്‍ കിട്ടിയ പുസ്തകങ്ങളൊക്കെ ഞാന്‍ വായിച്ചത് അവയുടെ ഉള്ളടക്കത്തെ പിന്‍തുടര്‍ന്നായിരുന്നില്ല. എന്റെ അനുഭവരാശികളെ വിവര്‍ത്തനം ചെയ്യാനുള്ള പാഠങ്ങള്‍ മാത്രമായിരുന്നു അവ. പിന്നീട് വായനയില്‍ വലിയ ലോകങ്ങള്‍ താണ്ടുമ്പോഴും ഞാന്‍ അതിജീവിച്ചത് ഈ ആത്മസംഘര്‍ഷങ്ങളെ തന്നെയാണ്.

വായനയായിരിക്കുമല്ലോ ഒരാളെ എഴുതാനായി പ്രേരിപ്പിക്കുക. എന്നാല്‍, എല്ലാ വായനക്കാരും എഴുത്തുകാര്‍ ആകുന്നുമില്ല. വായനയില്‍നിന്നും എഴുത്തിലേക്കു തിരിയാനുള്ള സാഹചര്യം ഓര്‍മ്മിച്ചെടുക്കാമോ?
വായനയില്‍നിന്നു വായനയിലേക്കു തന്നെ തിരിയാനായിരുന്നു എക്കാലത്തും എനിക്കിഷ്ടവും ശ്രമവും. വായനായാത്രക്കിടയിലെ വഴിയിടര്‍ച്ചകളോ ദിഗ്ഭ്രമങ്ങളോ ഒക്കെയാണ് എന്നെ എഴുത്തിലേക്ക് നയിക്കുന്നത് എന്നു പറയാം. എങ്കിലും എഴുത്തുകാരനാകാന്‍ ബാല്യകാലത്ത് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ഒരു വേനല്‍ക്കാല സന്ധ്യയില്‍, അസ്തമയത്തിനു തൊട്ടുമുന്‍പ് വീട്ടുപറമ്പിലെ കവുങ്ങിന്‍തോപ്പില്‍ ഒരു കൂമ്പാളയിലിരുന്ന് മുട്ടത്തു വര്‍ക്കിയുടെ ഇണപ്രാവുകള്‍ വായിച്ചുതീര്‍ത്തത് ഓര്‍മ്മയിലിപ്പോഴുമുണ്ട്. വായന കഴിഞ്ഞു വളരെ നേരത്തെ പൊട്ടിക്കരച്ചിലിനുശേഷം അന്നു ഞാനുറപ്പിച്ചു, ഭാവിയില്‍ ഞാന്‍ ഒരു നോവലെഴുത്തുകാരനല്ലാതെ മറ്റാരുമാവില്ല എന്ന്.

മുട്ടത്തുവര്‍ക്കി
മുട്ടത്തുവര്‍ക്കി

പത്താം ക്ലാസ്സ് കഴിയുന്നതിനു മുന്‍പ് ഞാന്‍ മുട്ടത്തു വര്‍ക്കിയില്‍നിന്നും എം.ടിയിലേക്കും മാധവിക്കുട്ടിയിലേക്കും എത്തിപ്പെട്ടിരുന്നു. യു.പി ക്ലാസ്സുകളില്‍ മലയാളം അധ്യാപകനായിരുന്ന കെ.പി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച ടി.സി എന്ന ടി. കുഞ്ഞിക്കൃഷ്ണക്കുറുപ്പ്, മലയാളം അധ്യാപകനായിരുന്ന പി.ഇ. കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ എഴുത്തിലുപരി എന്നെ നയിച്ചത് വായനയുടെ തുറസ്സുകളിലേക്കാണ്. 

എംടി
എംടി

ആറാം ക്ലാസ്സില്‍ ആദ്യ കഥയും എട്ടാം ക്ലാസ്സില്‍ ആദ്യ കവിതയും എഴുതി തൃപ്തനാവാതെ വീണ്ടും വായനയിലേക്കു തന്നെ തിരിഞ്ഞു. കണ്ണൂരില്‍നിന്ന് പി.വി.കെ. നെടുങ്ങാടിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന 'ദേശമിത്രം' മാസികയിലാണ് എന്റെ ആദ്യ കവിത അച്ചടിച്ചുവരുന്നത്, എന്‍.എസ്. കുറ്റിയാട്ടൂര്‍ എന്ന പേരില്‍. അന്ന് ദേശമിത്രത്തിലെ പ്രധാന കവികളില്‍ ഒരാളായിരുന്നു എന്‍.പി. എരിപുരം. ദശകങ്ങള്‍ കഴിഞ്ഞാണ് അന്നത്തെ എന്‍.പി. എരിപുരം എന്ന ഇന്നത്തെ എന്‍. പ്രഭാകരനെ നേരില്‍ കാണുന്നത്.

കമലാ സുരയ്യ
കമലാ സുരയ്യ

കഥയിലും കവിതയിലും നോവലിലും നിരൂപണങ്ങളിലും ഒരുപോലെ വ്യാപരിക്കുന്ന ആളാണല്ലോ താങ്കള്‍. ആ നിലയില്‍ ചോദിക്കട്ടെ, നിരൂപണം ഒരു സര്‍ഗ്ഗപ്രവൃത്തി തന്നെയാണോ?
നിരൂപണം ഒരു സര്‍ഗ്ഗപ്രക്രിയ തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട. പക്ഷേ, നിരൂപണത്തിന്റെ സര്‍ഗ്ഗാത്മകത എന്നത് കഥയിലും നോവലിലും കാണുന്നതുപോലെയല്ല എന്നു മാത്രം. ഒരു കലാസൃഷ്ടിയെ കാലവുമായി ചേര്‍ത്തുവച്ച് വായിക്കുന്ന പ്രക്രിയയാണ് നിരൂപണം. ആശാനും വൈലോപ്പിള്ളിയും ബഷീറുമെല്ലാം അവരുടെ അനുഭവകാലങ്ങളെ വിട്ട് പുതിയ ജീവിതാവസ്ഥകളിലേക്ക് പടരുന്നുണ്ടെങ്കില്‍ നിരൂപണം സര്‍ഗ്ഗാത്മകമാകുന്നു എന്നു തന്നെയാണര്‍ത്ഥം. എം.എന്‍. വിജയന്റെ വൈലോപ്പിള്ളിയേയും ബഷീറിനേയും കുറിച്ചുള്ള പഠനങ്ങള്‍ ആ രചയിതാക്കളുടെ അനുഭവലോകങ്ങളെ മറികടന്നു സമകാല ജീവിതസാംഗത്യം കൈവരിക്കുന്നുണ്ട്. പുതിയ നിരൂപകരിലും അപൂര്‍വ്വമായെങ്കിലും ഇത്തരം അന്വേഷണങ്ങള്‍ തുടരുന്നുണ്ട്.

ബഷീര്‍
ബഷീര്‍

മലയാള സാഹിത്യനിരൂപണം ശുഷ്‌കമാണ് എന്നു പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മലയാളത്തിലെ മുതിര്‍ന്ന നിരൂപകന്‍ എന്ന നിലയില്‍ എന്താണ് താങ്കളുടെ അഭിപ്രായം?
ആദ്യമേ പറയാം, ഞാന്‍ മലയാളത്തിലെ മുതിര്‍ന്ന ഒരു നിരൂപകന്‍ അല്ല. സാഹിത്യ നിരൂപണം എന്ന സംവര്‍ഗ്ഗത്തില്‍ കള്ളിചേര്‍ക്കപ്പെടാവുന്ന ഒന്നും ഞാന്‍ എഴുതിയിട്ടുമില്ല. പലവട്ടം പറയുകയും എഴുതുകയും ചെയ്തത് ആവര്‍ത്തിക്കാന്‍ ലജ്ജയുണ്ട്. എങ്കിലും പറയട്ടെ, എന്റെ സാഹിത്യലേഖനങ്ങള്‍ വായനക്കാരന്‍ എന്ന നിലയിലുള്ള എന്റെ ഭാവുകത്വത്തിന്റെ Extension മാത്രമാണ്. 

വൈലോപ്പിള്ളി
വൈലോപ്പിള്ളി

കൃതിക്കും വായനക്കാര്‍ക്കുമിടയില്‍ നിരൂപകര്‍ എന്നൊരു വര്‍ഗ്ഗത്തിന്റെ ആവശ്യമുണ്ടോ?
ഉണ്ട്. ഓരോ വായനക്കാരനും/വായനക്കാരിയും ഒരു കൃതിയെ സമീപിക്കുന്നത് സ്വന്തം ഭാവുകത്വ സാക്ഷരതയുടെ വെളിച്ചത്തിലാണ്. മിക്കപ്പോഴും വൈയക്തിക സംവേദനങ്ങള്‍ക്ക് കര്‍ത്തൃത്വം ലഭിക്കുന്ന ഒരു വ്യവഹാരമാണ് വായന. പക്ഷേ, ഒരു കൃതി അതിന്റെ സാമൂഹികവും ചരിത്രപരവും സാംസ്‌കാരികവുമായ അര്‍ത്ഥഭേദങ്ങളെ ഉദ്ദീപിപ്പിക്കുമ്പോള്‍ മാത്രമാണ് അതിന്റെ വായന പൂര്‍ണ്ണമാകുന്നത്. അത്തരം വായനകളെയാണ് നമ്മള്‍ നിരൂപണം എന്നു പറയുന്നത്. വായനക്കാര്‍ എന്നതുപോലെ നിരൂപകര്‍കൂടി ഉള്‍പ്പെടുന്ന ഒരു സംവാദമണ്ഡലമായി സാഹിത്യം മാറുമ്പോള്‍ മാത്രമേ ഒരു കൃതി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വായിക്കപ്പെട്ടു എന്നേ പറയാനാകൂ.

എംഎന്‍ വിജയന്‍
എംഎന്‍ വിജയന്‍

പല എഴുത്തുകാരുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് താങ്കള്‍. ഉദാഹരണത്തിന് സി.വി. ബാലകൃഷ്ണന്‍, എന്‍. പ്രഭാകരന്‍ അങ്ങനെ ഒട്ടുവളരെപ്പേര്‍. ഈ പശ്ചാത്തലത്തില്‍ അവരുടെ കൃതികളെക്കുറിച്ച് താങ്കളെഴുതുന്ന ആസ്വാദനം വസ്തുനിഷ്ഠവും സത്യസന്ധവുമായിരിക്കും എന്നു വായനക്കാര്‍ക്ക് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും?
സി.വി. ബാലകൃഷ്ണനും എന്‍. പ്രഭാകരനും മാത്രമല്ല, തൊട്ടുമുന്‍പുള്ള തലമുറയിലും ഏറ്റവും പുതിയ തലമുറയിലും ഉള്‍പ്പെട്ട അനേകം എഴുത്തുകാരുമായി എനിക്ക് ഗാഢസൗഹൃദങ്ങളുണ്ട്. ഏറ്റവും സാധാരണക്കാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒട്ടനേകം നാട്ടുമനുഷ്യരും എഴുത്തുകാരെപ്പോലെ ഞാനുമായി സൗഹൃദത്തിലാണ്. വ്യക്തികളോടുള്ള സ്‌നേഹം ഒരിക്കലും എനിക്ക് അന്ധമായ പരിരംഭണമല്ല. വ്യക്തികളെയെന്നപോലെ സാഹിത്യത്തേയും ആ നിലയ്‌ക്കേ ഞാന്‍ ആശ്ലേഷിക്കാറുള്ളൂ.

മലയാളത്തിലും ഇംഗ്ലീഷിലുമായി ധാരാളം കൃതികള്‍ വായിക്കുന്ന ആളാണ് താങ്കള്‍. മാഷുടെ വായനാനുഭവത്തില്‍നിന്നും ഒരു കൃതിയെ വിലയിരുത്താന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?
മുന്‍പ് പറഞ്ഞതുപോലെ ഭാവുകത്വ സാക്ഷരതയുടെ വെളിച്ചത്തിലാണ് ഞാനും സാഹിത്യകൃതികളെ സമീപിക്കുന്നത്. വര്‍ഷങ്ങളായി സാഹിത്യകൃതികള്‍ വായിക്കുന്ന ഒരാള്‍ക്ക് മൗലികവും നവീനവുമായ കൃതിയുടെ വെളിച്ചങ്ങള്‍ എളുപ്പം കണ്ടെത്താനാകും. വ്യക്തിബോധത്തെ ലോകബോധമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടു മാത്രമേ വായന സാധ്യമാകൂ. അത്തരം വായനയില്‍ വായനക്കാരന്റെ സാമൂഹിക പദവിയാണ് കര്‍ത്തൃസ്ഥാനത്ത് വരുന്നത്. നിലനില്‍ക്കുന്ന അവസ്ഥയുടേയും വ്യവസ്ഥയുടേയും സാംസ്‌കാരിക ചിഹ്നങ്ങള്‍ അത്തരം വായനയില്‍ മുഖം നോക്കുക സ്വാഭാവികമാണ്. ചരിത്രവല്‍ക്കരിക്കുക, പിന്നെയും ചരിത്രവല്‍ക്കരിക്കുക എന്നതു തന്നെയാണ് വായനയുടെ മാനദണ്ഡം.

ഒരു കൃതി വായനക്കാര്‍ക്കിടയില്‍ ഹിറ്റായി മാറുന്നതില്‍ നിരൂപകര്‍ക്ക് പ്രത്യേകിച്ച് വല്ല പങ്കുമുണ്ടോ? ബാല്യകാലസഖിക്ക് എം.പി. പോളില്‍നിന്നു കിട്ടിയ പ്രകീര്‍ത്തി, ആള്‍ക്കൂട്ടത്തിന് എം. ഗോവിന്ദനില്‍നിന്നു കിട്ടിയ പ്രോത്സാഹനം, ഖസാക്കിന്റെ ഇതിഹാസത്തിന് ആഷാമേനോനില്‍നിന്നു കിട്ടിയ വേറിട്ട വ്യാഖ്യാനപഠനം എന്നിവ ഉദ്ദേശിച്ചാണ് ചോദ്യം?
സാഹിത്യത്തിലെ 'ഹിറ്റ്'കളില്‍ എനിക്ക് താല്പര്യമില്ല. ബാല്യകാലസഖിയും ആള്‍ക്കൂട്ടവും ഖസാക്കിന്റെ ഇതിഹാസവും മലയാളത്തിലെ ഹിറ്റുകളായിരുന്നില്ല, ഒരുകാലത്തും. സാഹിത്യകൃതി ഹിറ്റാവുക എന്ന പ്രയോഗം തന്നെ പുതിയ വിപണന സംസ്‌കൃതിയുടെ ഒരു ഉല്പന്നമാണ്. കൃതിയുടെ പാഠസാധ്യതകളിലേക്ക് ചില സൂചനകള്‍ നല്‍കുകയാണ് നിരൂപകര്‍ ചെയ്യുന്നത്. അതു നിരൂപകര്‍ എഴുത്തുകാര്‍ക്കു നല്‍കുന്ന ഒരു ഔദാര്യമല്ല, എഴുത്തിന്റെ അര്‍ഹത മാത്രമാണ്.

എഴുത്തുകാരനായിരിക്കുക ഇന്നത്തെ കാലത്ത് ഏറ്റവും ദുഷ്‌കരമാണ് എന്നു തോന്നുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?
ഈ ദുര്‍വിധി എഴുത്തുകാര്‍ക്ക് മാത്രമുള്ളതല്ല. മനുഷ്യനായി ജീവിക്കുക തന്നെ ഏറെ ദുഷ്‌കരമാണിപ്പോള്‍. വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധവും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യമായ സ്വാച്ഛന്ദ്യവും നമുക്ക് നഷ്ടമായിട്ട് കാലം കുറച്ചായി. എഴുത്തുകാര്‍ക്ക് സ്വന്തം സര്‍ഗ്ഗാത്മകതയിലൂടെ സാമൂഹികമായ അസ്തിത്വം സ്ഥാപിക്കാന്‍ പണ്ടൊക്കെ എഴുത്തിന്റെ ആര്‍ജ്ജവം മാത്രമേ കൈമുതലായി ആവശ്യമുണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന് എഴുത്ത് സംസ്‌കാരവിപണിയുടെ ഭാഗമായി കഴിഞ്ഞതോടെ, വലിയൊരളവില്‍ ചരക്കുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഈ വെല്ലുവിളിയെ നേരിടാന്‍ അവനവനെത്തന്നെ വിലപേശി വില്‍ക്കുക എന്ന കമ്പോള തന്ത്രങ്ങളിലേക്ക് എഴുത്തുകാര്‍ സ്വയമറിയാതെ പ്രലോഭിപ്പിക്കപ്പെടുന്നുണ്ട്. മാധ്യമങ്ങളുടെ പങ്ക് ഇക്കാര്യത്തില്‍ വളരെ വലുതാണ്. എഴുത്ത് സ്വയം ഒരു അധികാര രൂപമാവുകയും എഴുത്തുകാര്‍ എഴുത്തധികാരത്തിന്റെ പേരില്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന മലീമസമായ ഒരു അവസ്ഥ എളുപ്പം തച്ചുടക്കാന്‍ ഏകാകികളായ, ഒറ്റപ്പെട്ട എഴുത്തുകാര്‍ക്ക് സാധ്യമല്ല. ധാരാളം ചെറുമാസികകളും സോഷ്യല്‍ മീഡിയയും ഈ വെല്ലുവിളിയെ നേരിടുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നത് ആശാവഹമാണ്.

നാടകരചനയ്ക്ക് അബുദാബി ശക്തി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ താങ്കള്‍ക്കു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രഥമ വാങ്മയം സാഹിത്യ പുരസ്‌കാരവും നേടിയിരിക്കുന്നു. അംഗീകാരങ്ങള്‍ നിഷേധിക്കുകയും തിരിച്ചേല്പിക്കുകയും ചെയ്യപ്പെടുന്ന കാലത്ത് ഇവയുടെ സാംഗത്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും ഒട്ടും പ്രതീക്ഷിക്കാതെ കൈവന്നവയാണ്. അവയിലേതെങ്കിലുമൊന്ന് അപമാനകരമായി തോന്നിയിരുന്നുവെങ്കില്‍ അന്നേ ഞാന്‍ തിരിച്ചേല്പിച്ചേനെ. പുരസ്‌കാരങ്ങള്‍ വ്യക്തി എന്ന നിലയിലോ എഴുത്തുകാരന്‍ എന്ന നിലയിലോ എന്നെ സ്വാധീനിക്കുന്നതേയില്ല.

പൈങ്കിളി എന്ന് അധിക്ഷേപിക്കപ്പെടുന്ന കൃതികളിലൂടെ വായന തുടങ്ങി, വായനയുടെ വിശാലമായ ലോകങ്ങള്‍ കടന്നുപോയ പലരും പിന്നീട് പൈങ്കിളിയെക്കുറിച്ചു പറയുകയോ പരാമര്‍ശിക്കുകയോ ഇല്ലെന്നതാണ് വാസ്തവം. അതൊരു കുറച്ചിലായി കാണുന്നവരുടെ കൂട്ടത്തില്‍നിന്നും വ്യത്യസ്തനാണ് താങ്കള്‍. മുട്ടത്തു വര്‍ക്കിയുടെ 'ഇണപ്രാവുകള്‍' വായിച്ച ദിവസമാണ് ഞാന്‍ ഫിക്ഷനെ സ്വയം വരിച്ചത് എന്നും വായനക്കാരനായ എന്റെ തലതൊട്ടപ്പനായി ഞാന്‍ കാണുന്നത് മുട്ടത്തു വര്‍ക്കിയെ ആണ് എന്നും താങ്കള്‍ 'കപ്പല്‍ച്ചേതം വന്ന നാവികന്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അതൊരു ധീരമായ തുറന്നു പറച്ചിലായാണ് തോന്നിയത്?
എഴുതിയതും പറഞ്ഞതും എല്ലാം സത്യം തന്നെ. ഇതില്‍ ധീരതയുടെ പ്രശ്‌നമേയില്ല. വായനയുടെ വഴിയില്‍ ഒരാളെ ആദ്യം സ്വാധീനിക്കുന്നത് ജനപ്രിയ സാഹിത്യരചനകള്‍ തന്നെയാവും. പുസ്തകങ്ങളിലൂടെ വായനയുടെ തുറസ്സുകളിലേക്ക് പ്രവേശിക്കുമ്പോള്‍ അത്തരം എഴുത്തുകാര്‍ അപ്രസക്തരായി തീരും. പക്ഷേ, എന്നെ സംബന്ധിച്ച് അങ്ങനെയല്ല. ജനപ്രിയ സാഹിത്യങ്ങള്‍ ഇപ്പോള്‍ ഞാന്‍ വായിക്കാറില്ലെങ്കിലും എല്ലാത്തരം എഴുത്തുകാരോടും എനിക്കെന്നും ബഹുമാനമേ തോന്നിയിട്ടുള്ളൂ. മാത്രമല്ല, മുട്ടത്തു വര്‍ക്കി നിയതമായ അര്‍ത്ഥത്തില്‍ ഒരു പൈങ്കിളി എഴുത്തുകാരന്‍ മാത്രമല്ല. തിരുവിതാംകൂറിലെ കുടിയേറ്റ ഗ്രാമങ്ങളുടെ ഭൂപ്രകൃതിയും മനുഷ്യ വൈവിധ്യങ്ങളും മലയാളി ആദ്യമായി തൊട്ടറിയുന്നത് മുട്ടത്തു വര്‍ക്കിയുടെ നോവലുകളിലാണ്. മനുഷ്യനന്മയെക്കുറിച്ചുള്ള ചില ആദ്യപാഠങ്ങള്‍ അവയില്‍നിന്നാണ് ഞാനും ഉള്‍ക്കൊണ്ടത്. 'ഒരു കുടയും കുഞ്ഞുപെങ്ങളും' വായിച്ചവര്‍ക്കറിയാം മുട്ടത്തു വര്‍ക്കിയുടെ മനസ്സ്. മറ്റൊന്നുകൂടി പറയട്ടെ, സാഹിത്യമെന്ന വ്യവഹാരമണ്ഡലത്തില്‍ പ്രവൃത്തിക്കുന്ന എല്ലാ എഴുത്തുകാരോടും എനിക്ക് ആദരവുണ്ട് എന്നു പറഞ്ഞുവല്ലോ. ഒരെഴുത്തുകാരനായി തീരാന്‍ ഒരാള്‍ സ്വയം തീരുമാനിക്കുന്നതിലുള്ള സ്‌നേഹാദരം എനിക്ക് എല്ലാ എഴുത്തുകാരോടുമുണ്ട്.

മലയാളം താങ്കളെ അര്‍ഹിക്കുന്ന അംഗീകാരം നല്‍കി ആദരിച്ചു എന്നു തോന്നുന്നുണ്ടോ?
വിനയമെന്നാല്‍ അവനവനെക്കുറിച്ചുള്ള തിരിച്ചറിവ് എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് വിനയപൂര്‍വ്വം പറയട്ടെ, എനിക്ക് അര്‍ഹിക്കുന്നതിലധികം അംഗീകാരം മലയാളത്തില്‍നിന്നും ലഭിച്ചിട്ടുണ്ട്. വായനയോ സാഹിത്യപ്രവര്‍ത്തനമോ അംഗീകാരം നേടാനുള്ള ഉപാധികളായി ഒരിക്കലും ഞാന്‍ കരുതിയിട്ടില്ല. തുറന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അത്രയൊന്നും എളുപ്പം ബോധ്യപ്പെടുന്നവയല്ല എന്നെക്കുറിച്ചുള്ള ചില നേരുകള്‍.

പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ? എന്താണ് അവരെക്കുറിച്ച് (അവരുടെ എഴുത്തുകളെക്കുറിച്ച്) അഭിപ്രായം?
ഒരു വായനക്കാരന്‍ എന്ന നിലയില്‍ എക്കാലത്തും ഞാന്‍ ഏറ്റവും പുതിയ എഴുത്തുകാര്‍ക്കൊപ്പമായിരുന്നു. ഞാന്‍ വായിച്ചു തുടങ്ങിയ കാലത്ത് തകഴിയും പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ലളിതാംബിക അന്തര്‍ജനവും കാരൂരും ഉറൂബും പൊറ്റക്കാട്ടും മുഖ്യധാര എഴുത്തുകാരായിരുന്നു. അന്നത്തെ പുതുതലമുറക്കാരായ എം.ടിക്കും മാധവിക്കുട്ടിക്കും ടി. പത്മനാഭനും ഒപ്പമായിരുന്നു ഞാന്‍. ആധുനികതയുടെ കാലത്തും അതങ്ങനെത്തന്നെ ആയിരുന്നു. പിന്നീട് വന്ന തലമുറയ്ക്കുശേഷം ഏറ്റവും പുതിയ എഴുത്തുകാരുടെ ഒരു കൂട്ടം കഥയിലും കവിതയിലും ഇടം നേടിയിട്ടുണ്ട്. മലയാളത്തിലെ എഴുത്തിന്റെ ഏറ്റവും ജാഗ്രതയാര്‍ന്ന ആവിഷ്‌കാരങ്ങള്‍ സംഭവിക്കുന്നത് അവരിലൂടെയാണ്. ഈ എഴുത്തുകാരില്‍ ഒട്ടുവളരെപ്പേര്‍ എന്റെ സുഹൃത്തുക്കളാണ്. സൗഹൃദത്തിലുപരി അവരുടെ രചനകളില്‍ തെളിയുന്ന നവീനമായ ജീവിതാവബോധമാണ് മനുഷ്യനെന്ന നിലയില്‍ പിന്നെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന്.

ജീവിച്ച എല്ലാ ഇടങ്ങളും ഒരെഴുത്തുകാരനെ സ്വാധീനിക്കും. കുറ്റിയാട്ടൂരും കാടകവും കഴിഞ്ഞാല്‍ ഏറെക്കാലമായി മാഷ് ജീവിക്കുന്നത് തലശ്ശേരിയിലാണ്. കൃത്യമായി പറഞ്ഞാല്‍ 34 വര്‍ഷമായി. എന്താണ് താങ്കളില്‍ തലശ്ശേരിയുടെ ഒരു സ്വാധീനം?
കുറ്റിയാട്ടൂരും കാടകവും എന്റെ ജന്മദേശങ്ങള്‍ തന്നെ. ജന്മം നല്‍കിയ മറുദേശം എന്ന് പണ്ടൊരു ലേഖനത്തില്‍ കാടകത്തെ ഞാന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ ഗ്രാമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് നാടകങ്ങളും ഒട്ടനവധി ലേഖനങ്ങളും എഴുതുകയുണ്ടായി. ഇനിയും എഴുതിയേക്കാം. എന്നാല്‍, 34 വര്‍ഷത്തെ ജീവിതത്തിനിടയില്‍ തലശ്ശേരിയെപ്പറ്റി കാര്യമായി ഞാനൊന്നും എഴുതിയില്ല. വളരെ അടുത്ത ചില സൗഹൃദങ്ങളും ഇവിടുത്തെ ഭൂപ്രകൃതിയോടുള്ള സ്‌നേഹവായ്പും ഒഴിച്ചുനിര്‍ത്തിയാല്‍, തലശ്ശേരിയില്‍ ഞാന്‍ ഏറെക്കുറേ ഏകാകിയാണ്. കുറ്റിയാട്ടൂരോ കാടകത്തോ ഉള്ള സുഖദമായ ഏകാന്തതപോലും എനിക്കിവിടെ അന്യമാണ്. കുറ്റം തലശ്ശേരിയുടേതല്ല, എന്റെ പ്രകൃതത്തിന്റേത് തന്നെയാവണം.

പത്മനാഭന്‍
പത്മനാഭന്‍

മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു ലോകത്തിന്റെ പിറവി സ്വപനം കണ്ട് മരിച്ചുപോയ അച്ഛനാണ് 'കഥ കാലം പോലെ' എന്ന ഉത്തരാധുനിക കഥകളുടെ പഠനഗ്രന്ഥം താങ്കള്‍ സമര്‍പ്പിച്ചിരിക്കുന്നത്. മകനായ താങ്കള്‍ക്ക് ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ സാധിച്ചോ?
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ സംസ്‌കാരം ആത്മാവില്‍ ആവാഹിച്ച ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരനായിരുന്നു എന്റെ അച്ഛന്‍, പച്ച മേസ്ത്രി എന്ന പച്ച കുഞ്ഞപ്പ മേസ്ത്രി. 'നെയ്ത്തുകാരന്‍' എന്ന സിനിമയിലെ അപ്പമേസ്ത്രി പ്രതിനിധാനം ചെയ്യുന്നത് ആ രാഷ്ട്രീയ ബോധത്തെയാണ്. അത് എന്റെ രാഷ്ട്രീയമല്ല. പക്ഷേ, അത്തരം സ്വപ്നങ്ങള്‍ നിലനില്‍ക്കേണ്ടത് ഏതു സമൂഹത്തിനും അവശ്യം ആവശ്യമാണ്. ഈ കലുഷ കാലത്തില്‍ അലകും പിടിയും മാറിയെങ്കിലും അത്തരം സ്വപ്നങ്ങളെക്കുറിച്ചുള്ള ആഗ്രഹങ്ങള്‍ തന്നെയാണ് നമ്മേ മുന്നോട്ടു നയിക്കുന്നത്.

എന്‍ പ്രഭാകരന്‍
എന്‍ പ്രഭാകരന്‍

അച്ഛനെ കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്നിട്ടും മകന്‍ ഉത്തമനായ ഒരു കമ്യൂണിസ്റ്റുകാരനായി മാറാതിരുന്നത് എന്തുകൊണ്ടാണ്? പിന്നീട് പാര്‍ട്ടിയുടെ വിമര്‍ശകനായും താങ്കള്‍ മാറിയല്ലോ?
ഞാനൊരു കമ്യൂണിസ്റ്റ് വിരുദ്ധനല്ല. അതേസമയം കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു കമ്യൂണിസ്റ്റ് മാനവിക സങ്കല്പം എന്നും എന്നിലുണ്ട്; അത് ഇപ്പോഴുമുണ്ട്. നമ്മുടെ രാഷ്ട്രീയ വലതുപക്ഷം ഫാഷിസത്തിലേക്ക് നീങ്ങിത്തുടങ്ങിയ കാലം മുതല്‍ തന്നെ ഇടതുപക്ഷത്തിന്റെ അനിവാര്യതയും സുസ്ഥിരതയും നാമെല്ലാം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ജനവിരുദ്ധമായിത്തീരുന്ന സന്ദര്‍ഭങ്ങളില്‍ അതിനെതിരെ ശബ്ദിക്കേണ്ടത് മനുഷ്യരില്‍ വിശ്വസിക്കുന്ന എല്ലാവരുടേയും കടമയാണെന്നു ഞാന്‍ കരുതുന്നു. ഫാഷിസം യാഥാര്‍ത്ഥ്യമായി കഴിഞ്ഞ ഈ കാലത്ത് ക്രിയാത്മകമായ വിമര്‍ശനങ്ങളോടുകൂടിത്തന്നെ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക മാത്രമേ സാധ്യാകൂ. കക്ഷിരാഷ്ട്രീയത്തിന്റെ സൗകര്യങ്ങള്‍ വ്യക്തിപരമായി ഉപയോഗപ്പെടുത്താന്‍ ആഗ്രഹമില്ലാത്തതിനാല്‍ എനിക്ക് ഇങ്ങനെയൊക്കെ ആവാനെ കഴിയൂ.

എം.എന്‍. വിജയന്‍ മാഷുടെ ശിഷ്യനല്ല താങ്കള്‍. എന്നാല്‍, അദ്ദേഹവുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളാണ് താനും. അദ്ദേഹം താങ്കളുടെ രാഷ്ട്രീയത്തെ, വായനയെ, എഴുത്തിനെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്? 
ഒട്ടേറെ തവണ പലമട്ടില്‍ എഴുതിയും പറഞ്ഞും പോയതുകൊണ്ട് ഈ ചോദ്യത്തെ നേരിടാന്‍ എനിക്കല്പം ജാള്യതയുണ്ട്. പറയാനാവാതിരിക്കാത്ത ഒരു കാര്യം, എന്റെ ചെറിയ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ മനുഷ്യന്‍ അദ്ദേഹമാണ് എന്ന ആവര്‍ത്തനം തന്നെയാണ്.

ഞങ്ങള്‍ തമ്മില്‍ 20 വര്‍ഷത്തെ പരിചയമുണ്ട്. അതിനിടയില്‍ സാഹിത്യമോ രാഷ്ട്രീയമോ ഒരിക്കല്‍ പോലും ഞങ്ങളുടെ സംഭാഷണ വിഷയമായിട്ടില്ല. റോസാച്ചെടിക്ക് ചേര്‍ക്കേണ്ട വളത്തെക്കുറിച്ച്, പപ്പായ വിത്ത് വെണ്ണീറില്‍ പുരട്ടി സൂക്ഷിക്കുന്നതിനെക്കുറിച്ച്, കൂടിവരുന്ന തക്കാളിയുടെ വിലയെക്കുറിച്ച്, ഏറ്റവും അടുത്തവരെ വെറുപ്പിക്കുന്ന മനോരോഗികളുടെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച്, വി.എസ്. അനില്‍കുമാറിന്റെ നടുവേദനയെക്കുറിച്ച്, എന്റെ സഹധര്‍മ്മിണിയുടെ ആരോഗ്യത്തെക്കുറിച്ച്... അങ്ങനെ നൂറായിരം കാര്യങ്ങള്‍ ഞങ്ങള്‍ നിരന്തരം സംസാരിച്ചിരുന്നു. അപ്പോഴെല്ലാം എന്റെ എഴുത്തിനെക്കുറിച്ചു മാത്രം മാഷ് എന്നോട് ഒന്നും പറയല്ലേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഈ ബഹളങ്ങളുടെയെല്ലാമിടയിലും മാഷുടെ പ്രഭാഷണ യാത്രകളിലും സാംസ്‌കാരിക ഇടപെടലുകളിലും വളരെ പിന്നിലായി ഞാനുമുണ്ടായിരുന്നു എന്നുമാത്രം. ആകെ ഓര്‍ക്കുന്ന ഒരു സംഭവം തലശ്ശേരി ടൗണ്‍ ബാങ്ക് ഹാളില്‍ കേളു നാടകം കണ്ട് കൂടിനില്‍ക്കുന്ന സുഹൃത്തുക്കള്‍ക്കിടയിലേക്ക് നടന്നുവന്ന് ആഹ്ലാദത്തോടെ എന്റെ കൈപിടിച്ച് അല്പം മാറ്റിനിര്‍ത്തി ചെവിയില്‍ പറഞ്ഞ ഒരു കാര്യമാണ്-നാടകത്തില്‍ സന്ദേശങ്ങള്‍ എല്ലാം ഉണ്ട് അല്ലേ? അതു പറഞ്ഞുള്ള മാഷുടെ പൊട്ടിച്ചിരി ഇപ്പോഴും ഞാന്‍ കേള്‍ക്കുന്നുണ്ട്.

ചരിത്രഗാഥ, അടുക്കള, ഹിംസാടനം, നാട്ടിലെ പാട്ട്, വാണിഭം, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം, കേളു (ഇ.പി. രാജഗോപാലനുമായി ചേര്‍ന്ന്), നെയ്ത്തുകാരന്‍ എന്നിങ്ങനെ ഒരുപിടി നാടകങ്ങള്‍ താങ്കള്‍ രചിച്ചിട്ടുണ്ട്. ടി.വിയും സിനിമയും പോലുള്ള ദൃശ്യമാധ്യമങ്ങള്‍ കാണികളെ കീഴടക്കിയ ഇന്നു നാടകങ്ങള്‍ക്കുള്ള പ്രസക്തി എന്താണ്?
സിനിമയും മറ്റു നവമാധ്യമങ്ങളും നാടകവേദിയുടെ അപചയത്തിനു കാരണമായി എന്നു വളരെ കാലമായി നാം പറഞ്ഞു തുടങ്ങിയിട്ട്. അതില്‍ ചില വാസ്തവങ്ങള്‍ ഉണ്ട് താനും. പക്ഷേ, നാടകമെന്ന കലാരൂപം അതിന്റെ ജൈവികതയും സംവാദാത്മകതയും കൊണ്ട് മറ്റു കലാരൂപങ്ങള്‍ക്കില്ലാത്ത സാമൂഹിക സാംഗത്യം പ്രകടിപ്പിക്കുന്നുണ്ട്. നാടകത്തിലെ കാഴ്ച കേവലമായ കാഴ്ചയല്ലെന്നും നാടകം കാഴ്ചയെ കാഴ്ചപ്പാടാക്കുന്ന കലാരൂപമാണെന്നും പറയുന്നത് അതുകൊണ്ടാണ്. കേരളീയ നവോത്ഥാനത്തിനും മറ്റു ജനകീയ മുന്നേറ്റങ്ങള്‍ക്കും നാടകം നല്‍കിയ സംഭാവനകള്‍ അവഗണിക്കാനാവില്ല. 

എന്‍. ശശിധരന്‍
എന്‍. ശശിധരന്‍

ഇടയ്ക്ക്, നാടകം ജനതയുടെ സ്വന്തം കലാരൂപം എന്ന നിലയില്‍ ഒളിമങ്ങിപ്പോയെങ്കിലും ഈ അടുത്തകാലത്തായി നാടകത്തിനു പുതിയൊരുണര്‍വ്വും ചൈതന്യവും സംഭവിക്കുന്നുണ്ട്. നമ്മുടെ പൊതുബോധത്തിന്റെ മുഖ്യധാരയില്‍നിന്ന് യഥാര്‍ത്ഥമായ ജനകീയ രാഷ്ട്രീയം മാഞ്ഞുതുടങ്ങിയ കാലത്താണ് നാടകവും തളര്‍ച്ച നേരിട്ടത്. നഷ്ടപ്പെട്ട നവോത്ഥാന മൂല്യങ്ങളെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചുമുള്ള വര്‍ത്തമാന സങ്കല്പങ്ങള്‍ക്ക് ഒരു പുനര്‍ചിന്തനം ആവശ്യമായി വരുന്ന നമ്മുടെ കാലത്ത് നാടകത്തിനു പ്രസക്തിയേറുന്നുണ്ട്. വമ്പിച്ച ബഹുജന പങ്കാളിത്തം നാടക സദസ്സുകളില്‍ കുറേക്കാലമായി കണ്ടുവരുന്നുണ്ട്. ഇത് ശുഭസൂചകമാണ്.

വായനപോലെ തന്നെ സംഗീതത്തിലും കമ്പമുള്ള ആളാണെന്നൊരു കേള്‍വിയുണ്ടല്ലോ?
സംഗീതത്തോടുള്ള എന്റെ ആഭിമുഖ്യം പലപ്പോഴും സ്വകാര്യമായി സൂക്ഷിക്കാനാണ് എനിക്കിഷ്ടം. ഹിന്ദുസ്ഥാനി സംഗീതം എന്റെ മാനസിക ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ശാസ്ത്രീയമായി ഒരു ശിക്ഷണവും ഇക്കാര്യത്തില്‍ എനിക്കില്ല. പക്ഷേ, ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാനപ്പെട്ട എല്ലാ ഗായകരുടേയും വലിയ ആരാധകനാണ് ഞാന്‍. ഇതേ താല്പര്യം പഴയ ഹിന്ദി-മലയാള ഗാനങ്ങളോടും എനിക്കുണ്ട്. ബാബുരാജും രാഘവന്‍ മാഷും ചിദംബരനാഥും പുകഴേന്തിയും പി.ബി. ശ്രീനിവാസുമാണ് എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ നിര്‍മ്മിച്ചവര്‍. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചലച്ചിത്ര ഗാനരചയിതാവ് പി. ഭാസ്‌കരനാണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അദ്ദേഹത്തിന്റെ പാട്ടുകള്‍ മൂന്ന് നാല് ദശകങ്ങളോളം എന്റെ ഓര്‍മ്മയേയും ഭാവനയേയും തൊട്ടുണര്‍ത്തുകയുണ്ടായി. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളേയും ഓര്‍ത്തെടുക്കാനുള്ള ശിലാഫലകങ്ങളാണ് എനിക്കവ. ബാബൂക്കയാണ് എന്റെ ഇഷ്ടഗായകന്‍; ഇഷ്ടസംഗീത സംവിധായകനും. ബാബുരാജ് ആരാണ് എന്നറിയുന്നതിന് മുന്‍പു തന്നെ എനിക്കുവേണ്ടി മാത്രമായി പാട്ടുകള്‍ നിര്‍മ്മിച്ച മഹാസംഗീതജ്ഞനായി ഞാന്‍ അദ്ദേഹത്തെ ആരാധിച്ചു തുടങ്ങിയിരുന്നു. കാലം ചെല്ലുംതോറും അദ്ദേഹത്തിന്റെ പാട്ടുകളെ എന്റെ സ്വത്വത്തിന്റെ മറ്റൊരു സാക്ഷാല്‍ക്കാരമായി കണ്ട്, ഞാനവയെ മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു.

നെയ്ത്തുകാരന്‍ എന്ന നാടകം സിനിമയ്ക്കുവേണ്ടി തിരക്കഥയാക്കിയ സാഹചര്യം എന്തായിരുന്നു? തുടര്‍ന്നു തിരക്കഥയെഴുതി സിനിമയില്‍ സജീവമാകാതിരുന്നതിനു പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ?
ഇ.എം.എസ് അന്തരിച്ച ദിവസം ഞാന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം, വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയ എന്റെ അച്ഛനെ ഓര്‍ത്തായിരുന്നു. ഈ ദിവസം എന്റെ അച്ഛന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്താകുമായിരുന്നു എന്ന ചിന്തയില്‍നിന്നാണ് നെയ്ത്തുകാരന്‍ എന്ന നാടകം പിറന്നത്. പ്രിയനന്ദന്‍ എന്ന സംവിധായകന്റെ സ്‌നേഹവും നിര്‍ബ്ബന്ധവും കൊണ്ടു മാത്രമാണ് നാടകത്തിനു തിരക്കഥാരൂപം നല്‍കാന്‍ ഇടയായത്. വ്യക്തിപരമായി ഒരു തിരക്കഥാകൃത്തായി അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല. നെയ്ത്തുകാരനു ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പ്രേരണയില്‍ ആറോ ഏഴോ തിരക്കഥകള്‍ ഞാന്‍ എഴുതുകയുണ്ടായി. അവയില്‍ ഒന്നുപോലും ചലച്ചിത്രമാക്കപ്പെടാന്‍ അവസരമുണ്ടായില്ല. ഇപ്പോള്‍ തിരക്കഥാരചനയ്ക്കായി ആരെങ്കിലും സമീപിച്ചാലും ഇല്ല എന്നുറപ്പിച്ചു പറയാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്.

ബാബുരാജ്
ബാബുരാജ്

ഇടയ്ക്കിടെ കവിതകള്‍ വിവര്‍ത്തനം ചെയ്യുന്നുണ്ടല്ലോ. എന്താണ് അതിന്റെ ഒരു പ്രേരണ?
സംഗീതത്തോടെന്നപോലെ കവിതയോടുമുള്ള എന്റെ ആഭിമുഖ്യം വ്യക്തിപരവും സ്വകാര്യവുമാണ്. കവിതകള്‍ വായിച്ചും ചൊല്ലിയുമാണ് 1970-കളും 1980-കളും ഞങ്ങളുടെ തലമുറ കഴിച്ചുകൂട്ടിയത്. കവിതാവിവര്‍ത്തനം ഏറ്റവും സൂക്ഷ്മതയോടെ ചെയ്യുന്ന പ്രവൃത്തികളില്‍ ഒന്നാണ്. സ്വപ്നത്തില്‍ ഞാന്‍തന്നെ എഴുതിയ കവിതകള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ പകര്‍ത്തി എഴുതുന്നതു പോലെയാണത്. സര്‍ഗ്ഗാത്മകമായ സ്റ്റാഗ്നേഷന്‍ (stagnation) അനുഭവിക്കുമ്പോഴെല്ലാം ഏകാന്തത അസഹനീയമാകുമ്പോഴെല്ലാം എനിക്കുവേണ്ടി മാത്രമായി ഞാന്‍ നടത്തുന്ന ഒരനുഷ്ഠാനമാണത്. സ്വയം കണ്ടെത്താനും സാമൂഹികതയിലേക്ക് ഉണരാനും ചിലപ്പൊഴെല്ലാം വിവര്‍ത്തനം എന്നെ സഹായിക്കാറുണ്ട്.

ഏകാന്തതയെക്കുറിച്ച് മാഷ് ഒരുപാട് എഴുതിയിട്ടുണ്ട്. താങ്കളുടെ ഒരു പുസ്തകത്തിന്റെ പേരു തന്നെ 'ഏകാന്തത പോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല' എന്നാണ്. എന്താണ് മാഷിന്റെ ഏകാന്തതയുടെ സ്വരൂപം?
ഏകാന്തത ഒരു കൂറ്റന്‍ കാഞ്ഞിരമരമാണ്. ഇത്തിരി പച്ചപ്പും കുളിര്‍മ്മയും ലഭിക്കുമെങ്കിലും, കീഴെ അഭയം തേടുന്നവര്‍ക്ക് കയ്പും ആത്മനിന്ദയും ഒഴിവാക്കാനാവില്ല. ജീവിതത്തില്‍ പലപ്പോഴായി ഏകാന്തതയെ സ്വയം വരിക്കാത്തവര്‍ ആരുമില്ല. അവരുടെ കാര്യമല്ല പറഞ്ഞത്. ഏത് ജീവിത വ്യഗ്രതയ്ക്കിടയിലും ഏകാന്തതയാല്‍ പ്രലോഭിപ്പിക്കപ്പെടുന്നവര്‍, അതിന്റെ കാഞ്ഞിരത്തണലില്‍ സ്വയം തടവിലിടുന്നവര്‍; അങ്ങനെയും ചിലരുണ്ട്. സ്‌നേഹവും ലാളനയും പ്രണയവും വിരഹവും വിജയവും പരാജയവും പിന്നീട് അവരെ സ്പര്‍ശിക്കാതാവുന്നു. ഭൗതികമായി ഒന്നും നേടിവയ്ക്കാത്ത, തുറന്ന പത്തായമായിത്തീരുന്നു, അവരുടെ ജീവിതം. ബന്ധങ്ങളോ സൗഹൃദങ്ങളോ ഈ ഏകാന്തതയെ തുണയ്ക്കില്ല. ഏകാന്തതയെ അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം എന്ന നിലയിലാവണം ഞാന്‍ വായനയിലേക്ക് തിരിഞ്ഞത്. സമസ്ത വികാരങ്ങളുടേയും സാക്ഷാല്‍ക്കാരമായി പിന്നീട് അതു മാറി. ഏതു പ്രായത്തിലും യൗവ്വനം നിലനിര്‍ത്താനുള്ള ഊര്‍ജ്ജം വായന നല്‍കുന്നുണ്ട്. എങ്കിലും വാര്‍ദ്ധക്യം ശരീരത്തില്‍ വരുത്തുന്ന ഈതിബാധകള്‍, മാനസികമായ യൗവ്വനം കൊണ്ട് പ്രതിരോധിക്കാനാവില്ല. എനിക്ക് വാര്‍ദ്ധക്യത്തെ ഭയമാണ്. അതുകൊണ്ടുതന്നെ ഏകാന്തതയേയും ഞാന്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com