ഒരു പുതിയ ഘട്ടത്തിലേക്ക്: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ ഏതുതരം രാഷ്ട്രീയ സമസ്യകള്‍ക്കും പെട്ടെന്നൊരു പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു.  
ഒരു പുതിയ ഘട്ടത്തിലേക്ക്: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

തിരുവനന്തപുരത്ത് പോകുന്നതില്‍ എനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് അധികനാളായിട്ടില്ല.  അദ്ദേഹത്തേയും ഒന്നു കാണണം.  പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തെ വര്‍ഷങ്ങളായി അടുത്തുനിന്നു കാണുന്നു.  അദ്ദേഹത്തിന്റെ  ജീവിത കാഴ്ചപ്പാടിനെക്കുറിച്ചു കുറച്ചൊക്കെ അറിയുകയും ചെയ്യാം. ഏതെങ്കിലും ഔദ്യോഗികപദവിയോട് അത്ര താല്പര്യമുള്ള ഒരാളല്ല അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് അവരുടെ പ്രശ്‌നപരിഹാരത്തിന് പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. ഔദ്യോഗിക പദവികളോട്  ഒരുതരം  വൈരാഗ്യപൂര്‍ണ്ണമായ വിരക്തി തന്നെ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടോ എന്നും തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു വ്യക്തി തികച്ചും അപ്രതീക്ഷിതമായ ഒരു  സന്ദര്‍ഭത്തില്‍ ഉന്നതമായ ഒരു പദവിയില്‍ അവരോധിക്കപ്പെട്ടാല്‍ എങ്ങനെയാണ് പ്രതികരിക്കുക? അത് നേരിട്ടു കാണാന്‍ ഏറെ താല്പര്യമുണ്ടായിരുന്നു.
    

കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ ഏതുതരം രാഷ്ട്രീയ സമസ്യകള്‍ക്കും പെട്ടെന്നൊരു പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു.  ഉടന്‍ തീരുമാനമെടുക്കും. എന്നാല്‍, മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണപരമായ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന്  തീരുമാനമെടുക്കാന്‍  അദ്ദേഹത്തിനു കഴിയുമോ? സ്വയം ബോദ്ധ്യമായ കാര്യമേ അദ്ദേഹം ചെയ്യാറുള്ളൂ. എന്നാല്‍, മുഖ്യമന്ത്രി എന്ന നിലയില്‍ ഒരാള്‍ക്ക്  പ്രശ്‌നങ്ങള്‍ സ്വയം  ബോദ്ധ്യപ്പെടാന്‍ എത്ര നാളെടുക്കും? ഭരണം ഒരു യന്ത്രമാണ്. യന്ത്രത്തിന്റെ  നിര്‍വ്വികാരത എല്ലാ തലങ്ങളിലും ഉണ്ടാകും. ഇത്തരം അവസ്ഥകളെയാണ് മുഖ്യമന്ത്രി എന്നും അഭിമുഖീകരിക്കേണ്ടിവരിക. ഇവയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെയായിരിക്കും.  മുന്‍ ഭരണത്തിന്റെ തുടര്‍ച്ചയല്ല തന്റേതെന്ന്  അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ താമസിക്കാതെ സര്‍ക്കാരിന്റെ സാധാരണ ഗസ്റ്റ് ഹൗസായ അജന്തയിലാണ് അദ്ദേഹം താമസിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ കാന്റീനില്‍നിന്നും ഭക്ഷണം വരുത്തുകയായിരുന്നു.  മുഖ്യമന്ത്രിയുടെ ഈ ശൈലീമാറ്റം വാര്‍ത്താമാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി ഒരു കാര്യവും അദ്ദേഹം ചെയ്യാറില്ല. തനിക്കു ബോദ്ധ്യമായ നിലപാടിനനുസരിച്ചു പ്രവര്‍ത്തിക്കുക മാത്രമായിരുന്നു അദ്ദേഹം.  ആഡംബരപൂര്‍ണ്ണമായ ഒരു ജീവിതത്തോട് പൊതുവെ അദ്ദേഹം വിമുഖനായിരുന്നു. ക്ലിഫ് ഹൗസിന്റെ ആഡംബരതയിലേക്ക് ഇറങ്ങിപ്പോകാന്‍ അദ്ദേഹം മടി കാണിച്ചതും അതുകൊണ്ടുതന്നെയാകാം. പിന്നീട് ക്ലിഫ് ഹൗസിലേക്ക് മാറേണ്ടിവന്നപ്പോള്‍ മുന്‍ഗാമികള്‍ പലരും ചെയ്തതുപോലെ ലക്ഷങ്ങള്‍ ചെലവിട്ട് താമസസ്ഥലം മോടികൂട്ടാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല.

പത്രാധിപര്‍ കെ സുകുമാരന്‍ (അപൂര്‍വ്വ ചിത്രം)
പത്രാധിപര്‍ കെ സുകുമാരന്‍ (അപൂര്‍വ്വ ചിത്രം)

കാലത്ത് ഞാന്‍ അജന്തയില്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രി ഓഫീസില്‍ പോയിക്കഴിഞ്ഞിരുന്നു. വൈകീട്ട് വന്നാല്‍ കാണാമെന്ന്  മുഖ്യമന്ത്രിയുടെ  പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട കുഞ്ഞുകുഞ്ഞു പറഞ്ഞു.  വൈകീട്ട് സന്ദര്‍ശകരെ കാണുന്ന സമയമാണ്. എല്ലാ സന്ദര്‍ശകരേയും കണ്ടതിനു ശേഷം  അവസാനമായേ ഞാന്‍ കാണുകയുള്ളൂ എന്നും തീരുമാനിച്ചു. മുഖ്യമന്ത്രിയെ കണ്ടു കേരള കൗമുദിയില്‍ ചേരുന്ന വിവരം അറിയിച്ചതിനു ശേഷം അവിടേക്ക് പോകാമെന്നാണ് തീരുമാനിച്ചത്. ആദ്യം അദ്ദേഹത്തെ വിവരം  അറിയിക്കണം. മുഖ്യമന്ത്രി സന്ദര്‍ശകരെ  സ്വീകരിക്കുന്ന മുറിക്ക് പുറത്ത് ധാരാളം പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.  അതിലൊരാളായി ഞാനും ഇരുന്നു.  അവിടെ അത്രയൊന്നും സൗകര്യമുണ്ടായിരുന്നില്ല.  സന്ദര്‍ശകരെ സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയ  ഒരു സംവിധാനവും അവിടെ ഉണ്ടായിരുന്നില്ല.  മുഖ്യമന്ത്രി താല്‍ക്കാലിക താമസം  ഇവിടെയാക്കിയപ്പോള്‍ ഒരേര്‍പ്പാട് എന്ന നിലയില്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നു സന്ദര്‍ശക മുറി.  ഞാനിരിക്കുന്ന സ്ഥലത്തു നിന്നും മുഖ്യമന്ത്രിയുടെ സ്വീകരണമുറിയിലേക്ക്  പാളിനോക്കിയാല്‍ അദ്ദേഹത്തേയും ഒരുവിധം കാണാന്‍ കഴിയും. അവിടെ സന്നിഹിതരായിരുന്നവര്‍ ആകാംക്ഷയോടെ ഇരിക്കുന്നത് മുഖ്യമന്ത്രിയോട് തങ്ങളുടെ പരിദേവനങ്ങള്‍ പറയാനാണ്.  എനിക്ക് അത്തരത്തിലുള്ള ഒന്നുമില്ല. ഒരു തിരക്കുമില്ല. ഞാനപ്പോള്‍ വെറുതെ ഓര്‍ത്തത് എന്നെക്കുറിച്ചാണ്. ഒരു ഘട്ടത്തില്‍ ശൂന്യതയെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന ഞാന്‍ ഭാവിയിലുള്ള വലിയ കാര്യങ്ങളെക്കുറിച്ചു ഇപ്പോള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നു.  വെറും നിലത്തുനിന്നും സൗകര്യപ്രദമായ ഒരു മുറിയിലേക്കുള്ള യാത്ര. സങ്കല്പത്തിനും അതീതമായ ഒരിടത്തിലാണ്  അതെത്തിയത്.  ആ യാത്രക്കിടയില്‍ മനസ്സിനെ ഭരിച്ചിരുന്ന  ആത്മവിശ്വാസക്കുറവും അപകര്‍ഷതാബോധവും പതുക്കെപ്പതുക്കെ ഇല്ലാതാവുകയും ചെയ്തു.

എംഎസ് രവി
എംഎസ് രവി

ആരോടെങ്കിലും സംസാരിക്കുന്നതിനോ ഏതെങ്കിലും ഏറ്റെടുക്കുന്നതിനോ എനിക്ക് ആദ്യം വളരെ വിമുഖതയായിരുന്നു.  ഇപ്പോള്‍ അത് ഏറെക്കുറെ ഇല്ലാതായി. ഈ ഇരിക്കുന്ന ഞാന്‍ അങ്ങനെ  രൂപപ്പെട്ടതാണെന്ന് ചിന്തിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ മുഖ്യമന്ത്രിയുടെ മുറിയില്‍നിന്നും ഒരു ശബ്ദം കേട്ടപ്പോള്‍ ഞാന്‍ പതുക്കെ അങ്ങോട്ടേക്കൊന്ന് പാളിനോക്കി. ദുഃഖം സഹിക്കാനാവാതെ ആരോ അമര്‍ത്തി അമര്‍ത്തിക്കരയുന്ന ശബ്ദം. മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കാന്‍ വന്ന ഒരാള്‍ കരയുകയാണ്. ജീവിതത്തില്‍ താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അത്രയും ദുഃഖം ആ നിവേദനത്തിലുണ്ടാകും. അത് മുഖ്യമന്ത്രിക്ക് മുന്‍പില്‍ സമര്‍പ്പിച്ചതിനുശേഷം പിന്നെയും താങ്ങാനാവാതെ വന്നപ്പോഴായിരിക്കും നിലവിളി പുറത്തുവന്നിട്ടുണ്ടാവുക. മുഖ്യമന്ത്രിയുടെ മുഖം അത്ര സ്പഷ്ടമല്ലാതെ  പുറത്തു നിന്നും കാണാം. ആ മുഖത്തെ ഭാവം വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. നിവേദനത്തില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ. അതിലൂടെ കടന്നുപോവുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം കനക്കുന്നു. പിന്നെ കരച്ചിലിന്റെ വക്കത്തോളമെത്തി ഒരു ഭാവം മുഖത്ത് പടരുന്നതും കാണാം. നിവേദനത്തിലെ വരികള്‍ അദ്ദേഹത്തെ അത്രത്തോളം  സ്പര്‍ശിച്ചിട്ടുണ്ടാവാം. ആ ദൃശ്യം അവ്യക്തമായെങ്കിലും കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് മറ്റൊരു കാര്യമാണ്. ഒരു നിവേദനം വളരെ ആത്മാര്‍ത്ഥതയോടെ  വായിക്കുന്ന ഒരു ഭരണാധികാരി. അത് വായിച്ചു, വരികളില്‍  നിറഞ്ഞ ദുഃഖം അതേപടി ഉള്‍ക്കൊണ്ടു കണ്ണുകള്‍ ഈറനണിയുക. അത്രയും ആര്‍ദ്രമനസ്സുള്ള ഒരു ഭരണാധികാരി നമുക്ക് വേണ്ടതല്ലേ?

എംഎസ് മണി
എംഎസ് മണി

ഏറ്റവും ഒടുവിലത്തെ സന്ദര്‍ശകനും പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അകത്തേക്ക് കയറി. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് അത്ഭുതം. ഒരു ഭരണാധികാരി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുകയാണ്. സമയം വൈകിയതു കാരണം ഞാന്‍ പെട്ടെന്ന് തന്നെ കാര്യത്തിലേക്കു കടന്നു. 'കേരള കൗമുദി'യില്‍ ചേരാന്‍ പോകുന്ന വിവരം അറിയിച്ചു. 

''നല്ല പത്രമാണ്.'' അദ്ദേഹം പറഞ്ഞു.
''ഒരു മാറ്റം നല്ലതാണെന്ന് എനിക്ക് തോന്നി''- ഞാനും പറഞ്ഞു. പല കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുവെങ്കിലും ഇതിനിടയില്‍ വീക്ഷണം വാരിക നിറുത്തിയതിനെക്കുറിച്ചു ഞാന്‍ പറയാന്‍ പോയില്ല. ചിലപ്പോള്‍ അത് അദ്ദേഹത്തെ വിഷമിപ്പിച്ചേക്കും. അദ്ദേഹവും അതിലേക്ക് വന്നില്ല. സംസാരം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ എന്നെ യാത്രയയക്കാനെന്നോണം  വാതില്‍ക്കലോളം അദ്ദേഹവും വന്നിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി.
    പിറ്റേന്നു കാലത്ത് പേട്ടയില്‍ 'കേരള കൗമുദി' ഓഫീസിന് മുന്‍പില്‍  ഓട്ടോയില്‍ വന്നിറങ്ങുമ്പോള്‍ ഞാന്‍ ഓര്‍ത്തു. ഇതെന്റെ മൂന്നാമത്തെ വരവാണ്. ആദ്യം കെ.പി.സി.സി. പ്രസിഡന്റുമൊന്നിച്ചാണ് ഇവിടെ വന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സിന്റെ ഒരു ക്യാമ്പ് കഴിഞ്ഞു മടങ്ങുന്ന വഴി പ്രസിഡന്റ് പറഞ്ഞു:
''പത്രാധിപരെ കണ്ടിട്ട് പോകാം.''

കെ.പി.സി.സി. പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കാന്‍ കൂടെ വന്നതായിരുന്നു ഞാന്‍.  പ്രസിഡന്റ് അങ്ങനെ പറഞ്ഞപ്പോള്‍ ആദ്യം എനിക്കൊന്നും  മനസ്സിലായില്ല. സാധാരണ ഇത്തരം ദീര്‍ഘയാത്രക്കിടയില്‍ തലമുതിര്‍ന്ന പഴയ നേതാക്കന്മാരേയും പ്രശസ്തരായ വ്യക്തികളേയും സന്ദര്‍ശിക്കുന്ന ശീലം അദ്ദേഹത്തിനുണ്ട്. അല്പനേരം അവരുമായി സംസാരിച്ചു സൗഹൃദം പങ്കിട്ട് മടങ്ങും. മുതിര്‍ന്നവരെ അദ്ദേഹം വളരെയധികം ആദരിച്ചിരുന്നു. പത്രാധിപര്‍ ആരാണെന്ന്  എന്നോടു പറഞ്ഞത് പ്രസിഡന്റിന്റെ ഡ്രൈവറായ തിരുവനന്തപുരം  സ്വദേശി തങ്കപ്പനാണ്.  കേരള കൗമുദി എഡിറ്റര്‍ സുകുമാരനെയാണ് പത്രാധിപര്‍ എന്നു വിളിക്കുന്നത്. കേരളത്തില്‍ അങ്ങനെ വിളിക്കുന്ന ഒരാള്‍ മാത്രമാണുള്ളത്.  വടക്കുനിന്നുള്ള ആളായതുകൊണ്ട്  കേരള കൗമുദി പത്രത്തെക്കുറിച്ചോ  പത്രാധിപര്‍ സുകുമാരനെക്കുറിച്ചോ എനിക്കൊന്നും അത്രയൊന്നും അറിയില്ലായിരുന്നു. പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ആ പത്രത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ പിന്നീട് കഴിഞ്ഞു.  കേരളത്തിലെ ഏതു പത്രത്തിനും വ്യക്തമായ രാഷ്ട്രീയ, സാമുദായിക കാഴ്ചപ്പാടുകളുണ്ട്.  പിന്തുണയുമുണ്ട്.  മറ്റു പിന്നോക്ക വിഭാഗത്തെ  പിന്തുണയ്ക്കുന്ന ഒരു മുഖ്യധാരാ പത്രമാണ്  കേരള കൗമുദി.  ഇടതുപക്ഷ നിലപാട്  പുലര്‍ത്തുന്ന അപൂര്‍വ്വം പത്രങ്ങളില്‍ ഒന്ന്. കേരളത്തിലെ മുഖ്യധാരാ പത്രങ്ങളില്‍ ഏറെയും വിമോചനസമരത്തെ പിന്തുണച്ചപ്പോള്‍ കേരള കൗമുദി അതില്‍നിന്നും മാറിനില്‍ക്കുകയായിരുന്നു.  എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ സംവരണനയത്തെ തകര്‍ക്കുന്ന നിലപാടെടുത്തപ്പോള്‍ മുഖ്യമന്ത്രി ഇ.എം.എസ്സിനെ വേദിയിലിരുത്തി അതിനെതിരെ പത്രാധിപര്‍ സുകുമാരന്‍ സംസാരിച്ചതും  ശ്രദ്ധേയമായ ഒരു സംഭവമായിരുന്നു.  ഇതു പിന്നീട് 'കുളത്തൂര്‍ പ്രസംഗം' എന്നറിയപ്പെട്ടു. മുഖ്യമന്ത്രി സംവരണ നിലപാട് തിരുത്തുകയും ചെയ്തു. അത്രയും ശക്തമായിരുന്നു കേരള കൗമുദി പത്രത്തിന്റെ ഇടപെടല്‍.

പ്രസിഡന്റ് പത്രാധിപരെ കണ്ടു സംസാരിച്ചു  മടങ്ങുന്നതും  കാത്ത് ഞങ്ങള്‍ കാറിനടുത്തു നിന്നു. തെല്ലിട കഴിഞ്ഞു അദ്ദേഹം പുറത്തു വന്നപ്പോള്‍, അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടു  പത്രാധിപരും പുറത്തുവന്നു. നെഹ്റു ക്യാപ് ധരിച്ചു പ്രായമായ ആള്‍ പത്രാധിപരാണെന്ന് ഞാന്‍ അനുമാനിക്കുകയായിരുന്നു. 

കേരള കൗമുദി പത്രാധിപസമിതി അംഗവും സാഹിത്യകാരനുമായ പി.കെ. ബാലകൃഷ്ണനെ കാണാന്‍ വേണ്ടിയാണ് ഞാന്‍ രണ്ടാമത് ഇവിടെ വന്നത്. വീക്ഷണം സാംസ്‌ക്കാരിക വാരികയാക്കുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട എഴുത്തുകാരെ കാണുന്നതുമായി ബന്ധപ്പെട്ടായിരുന്നു  ആ സന്ദര്‍ശനം. അദ്ദേഹം വാരികയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് എഴുതുകയും ചെയ്തു.  പി.കെ. ബാലകൃഷ്ണന്‍ ഇപ്പോള്‍ കേരള കൗമുദിയില്‍ ഇല്ല. മാനേജ്മെന്റിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് അദ്ദേഹം പുറത്താവുകയായിരുന്നു.  ഇത് വലിയ വിവാദത്തില്‍ എത്തിയിരുന്നു.  അക്കാലത്ത്  കലാകൗമുദിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന എം. ഗോവിന്ദന്‍ പരസ്യമായി പി.കെ. ബാലകൃഷ്ണനെ പിന്തുണയ്ക്കുന്ന നിലപാടാണ് എടുത്തിരുന്നത്. മറ്റു പല എഴുത്തുകാരും അങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് എം. ഗോവിന്ദനോട് ഞാന്‍ ചോദിച്ചപ്പോള്‍ അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ''കേരള കൗമുദി ഒരു വലിയ ശക്തിയാണ്. പി.കെ. ബാലകൃഷ്ണന്‍ ദുര്‍ബ്ബലനായ മനുഷ്യനും. വലിയ ശക്തിയും ദുര്‍ബ്ബല മനുഷ്യനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഞാന്‍ എന്നും ദുര്‍ബ്ബലന്റെ കൂടെയായിരിക്കും'' ആ മറുപടി എനിക്കന്ന് ഏറെ ഇഷ്ടപ്പെട്ടു.

കെ വിജയരാഘവന്‍
കെ വിജയരാഘവന്‍

കേരള കൗമുദി എഡിറ്ററും മാനേജിങ്ങ് ഡയറക്ടറുമായ എം.എസ്. മധുസൂദനനെ കാലത്ത് പത്തുമണിക്കാണ്  കാണാന്‍ വിചാരിച്ചിരുന്നത്.  അദ്ദേഹം വളരെ കണിശക്കാരനാണെന്ന് കേട്ടിട്ടുണ്ട്.  ഓഫീസില്‍ ആരോടും അടുപ്പമില്ല.  ആരുടേയും ഉപദേശം സ്വീകരിക്കില്ല.  എല്ലാം നിയതമായ വഴിയിലൂടെ പോകണമെന്നാഗ്രഹിക്കുന്ന ഒരു മേധാവി. കാലത്ത് പത്തരമണിക്ക്  എന്നെ കാണാമെന്നാണ് ഓഫീസില്‍ ചെന്നപ്പോള്‍ പറഞ്ഞത്.  കൃത്യം പത്തരയ്ക്ക് തന്നെ എന്നെ വിളിപ്പിച്ചു.  ഓഫീസില്‍നിന്നും നിയമനോത്തരവ്. അദ്ദേഹത്തിന് മുന്‍പിലേക്ക് നീട്ടിവെച്ചു. അദ്ദേഹമാണ് സംസാരിച്ചു തുടങ്ങിയത്. ഇംഗ്ലീഷില്‍.  ''തൃശൂരില്‍ ജില്ലാ ലേഖകനായാണ് എന്നെ നിയമിക്കുന്നത്. അവിടെ ഉണ്ടായിരുന്ന ന്യൂസ് ബ്യൂറോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.  നേരത്തെയുണ്ടായിരുന്ന ലേഖകനെ കൃത്യവിലോപത്തിന്റെ പേരില്‍ പിരിച്ചു വിട്ടിരിക്കുകയാണ്. പുതിയ ലേഖകന്‍ ചെന്നിട്ടു വേണം കേരള കൗമുദി ബ്യൂറോ സജ്ജീകരിക്കാന്‍. ഇന്നുതന്നെ പേഴ്സണല്‍ ഓഫീസറെ കണ്ടു മറ്റു ഓര്‍ഡറുകളും  നിര്‍ദ്ദേശങ്ങളും  വാങ്ങണം. എല്ലാ ഭാവുകങ്ങളും നേരുന്നു'' അദ്ദേഹം ഒറ്റയടിക്ക് എല്ലാം പറഞ്ഞവസാനിപ്പിച്ചു. എല്ലാം വളരെ ചിട്ടയോടുകൂടി  കൂടി തന്നെ. പിന്നീട് അദ്ദേഹം പി.എയെ വിളിച്ചു ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് കണ്ടു. മുറിയില്‍നിന്നും പുറത്തിറങ്ങാന്‍ ഭാവിച്ചപ്പോള്‍ എനിക്ക് മറ്റൊരു നിര്‍ദ്ദേശവും തന്നു.

''മണിയണ്ണനെക്കൂടി ചെന്നു കാണണം.''അതു മലയാളത്തിലാണ് പറഞ്ഞത്. മണിയണ്ണന്‍ എന്നദ്ദേഹം ഉദ്ദേശിച്ചത്  കലാകൗമുദി പത്രാധിപര്‍ എം.എസ്. മണിയെയായിരിക്കും എന്ന് ഞാന്‍ ഊഹിച്ചു.  കേരള കൗമുദി കെട്ടിടത്തിന് പുറത്ത് അതേ വളപ്പിലാണ് കലാകൗമുദി ഓഫീസ്.  പത്രാധിപര്‍ താമസിക്കുന്ന വീടിനു മുന്‍പിലൂടെയാണ് ഞാന്‍ കലാകൗമുദിയിലേക്ക് പോയത്. അപ്പോള്‍ ഞാന്‍ ഓര്‍ത്തു- പത്രാധിപര്‍ അകത്തെവിടെയോ ഉണ്ടായിരിക്കും. ഒരു പത്രത്തെ ശരിയായ ദിശയിലേക്ക്  നയിച്ച പത്രാധിപരാണ് അദ്ദേഹം.  വലിയൊരു വികസനസാദ്ധ്യതയുള്ള പത്രമാണ് കേരള കൗമുദി. പുരോഗമനപരമായ ആശയങ്ങളെ മുന്‍നിര്‍ത്തി മറ്റു പിന്നാക്ക വിഭാഗങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ഒരു പത്രമെന്ന നിലയില്‍ കൗമുദിക്ക് വളരെയേറെ മുന്നേറാന്‍ കഴിയും. അതിന്റെ ജില്ലാ ലേഖകനായി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.  എനിക്കപ്പോഴുണ്ടായ അത്ഭുതം മറ്റൊന്നായിരുന്നു. റിപ്പോര്‍ട്ടിങ്ങ് മേഖലയില്‍ എനിക്ക് യാതൊരു പരിചയവുമില്ല.  ജില്ലാലേഖകന്റെ ചുമതലകള്‍ എന്താണെന്നും അറിയില്ല.  തൃശൂരിനെക്കുറിച്ച് ഒരറിവുമില്ല.  പരിചയക്കാരും കുറവ്. അവിടെ ഞാന്‍ എത്തിയിട്ട് വേണം ബ്യൂറോ അടക്കം സകലതും ഉണ്ടാക്കാന്‍. കലാകൗമുദി ഓഫീസീല്‍ എത്തുന്നതുവരെ ഞാന്‍ അവിശ്വസനീയതയിലൂടെ അങ്ങനെ നടന്നുപോവുകയായിരുന്നു.

കലാകൗമുദി പത്രാധിപരുടേത്  വ്യത്യസ്തമായ ഒരു മുഖമായിരുന്നു.  വളരെ പ്രസാദാത്മകമായിട്ടാണ്  എന്നോടു സംസാരിച്ചത്. അദ്ദേഹം നന്നായി വായിക്കുകയും എഴുതുകയും ചെയ്യും. പല എഴുത്തുകാരുമായും ഏറെ അടുത്ത ബന്ധവുമുണ്ട്. ആ സമയത്ത് മലയാളത്തില്‍ കലാകൗമുദി അടക്കമുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ പതിവായി എഴുതുന്നതുകൊണ്ടാകാം എന്നെ അധികമൊന്നും പരിചയപ്പെടുത്തേണ്ടിവന്നില്ല. എങ്കിലും എന്നെ സംബന്ധിച്ച് ഓരോ കാര്യവും അദ്ദേഹം തിരക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരു ചോദ്യം ചോദിച്ചു.

''റിപ്പോര്‍ട്ടങ്ങില്‍ പരിചയമുണ്ടോ?''
കേരള കൗമുദിയുടെ ഡല്‍ഹി ബ്യൂറോയില്‍ കുറേക്കാലം പ്രത്യേക ലേഖകനായി പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. പ്രധാനപ്പെട്ട പല എക്സ്‌ക്ലുസീവ് വാര്‍ത്തകളും തയ്യാറാക്കിയിട്ടുണ്ട്. ഞാന്‍ സത്യസന്ധമായി പറഞ്ഞു: ''റിപ്പോര്‍ട്ടിങ്ങില്‍ ഒരു പരിചയവുമില്ല.'' അതുകേട്ടു അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി. ഉടന്‍ പ്രതികരിച്ചു: ''സാരമില്ല, അവിടെ ചെന്നുകഴിഞ്ഞാല്‍ എല്ലാം പരിചയപ്പെട്ടുകൊള്ളും.''

പിന്നീട് അദ്ദേഹം മേശ തുറന്നു ഒരു ഫയല്‍ എന്റെ നേരെ നീട്ടി.  എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ കാണേണ്ട എന്താണ് അതിനുള്ളില്‍ ഉള്ളത്? അതൊരു പ്രോജക്ട് റിപ്പോര്‍ട്ടായിരുന്നു. പുറംചട്ടയില്‍ ''പ്രോജക്ട് റിപ്പോര്‍ട്ട് ഓപ്പണ്‍ കേരള കൗമുദി കാലിക്കറ്റ് എഡിഷന്‍.'' ഞാനതു നോക്കിക്കൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞു:
''ഞങ്ങള്‍ കോഴിക്കോട്ട് പുതിയ എഡിഷന്‍  ആരംഭിക്കാന്‍ പോവുന്നു. കേരള കൗമുദി ആദ്യമായിട്ടാണ് പുതിയൊരു എഡിഷന്‍ ആരംഭിക്കുന്നത്. നിങ്ങള്‍ കോഴിക്കോട്ടുകാരനാണല്ലോ. അറിഞ്ഞിരിക്കട്ടെ എന്ന് കരുതി.''

എസ് ജയചന്ദ്രന്‍നായര്‍
എസ് ജയചന്ദ്രന്‍നായര്‍


വളരെ വിപുലമായ ഒരു റിപ്പോര്‍ട്ടായിരുന്നു അത്. എന്തിനാണ് അത് എന്നെ കാണിച്ചതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. അദ്ദേഹം തന്നെയാണ് കലാകൗമുദി എഡിറ്റോറിയല്‍ വിഭാഗത്തിലെ മറ്റുള്ളവരെ പരിചയപ്പെടുത്തിയത്. അസി. എഡിറ്റര്‍മാരായ എസ്. ജയചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എസ്. ബാബു എന്നിവരേയും പത്രാധിപസമിതി അംഗങ്ങളായ ഇ.വി. ശ്രീധരന്‍, കള്ളിക്കാട് രാമചന്ദ്രന്‍, എസ്. വേലപ്പന്‍ എന്നിവരേയും പരിചയപ്പെട്ടു. അക്കാലത്ത് വളരെ വിവാദമായ ഒരന്വേഷണറിപ്പോര്‍ട്ടിന്റെ പേരില്‍ എസ്. ജയചന്ദ്രന്‍നായര്‍, എന്‍.ആര്‍.എസ്. ബാബു എന്നിവരെ നേരത്തെ അറിയാമായിരുന്നു. അവര്‍ എഴുതിയ 'കാട്ടുകള്ളന്മാര്‍' എന്ന പുസ്തകവും വായിച്ചിട്ടുണ്ട്. ഇ.വി. ശ്രീധരന്‍ കഥാകൃത്താണ്.  എന്റെ നാട്ടുകാരനുമാണ്.  എങ്കിലും ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്.  

എന്‍ആര്‍എസ് ബാബു
എന്‍ആര്‍എസ് ബാബു

എം. ഗോവിന്ദന്‍ മുഖേന നേരത്തെ  അടുത്ത സൗഹൃദമുണ്ട്.  വീക്ഷണത്തിന്റെ സിനിമാപ്പതിപ്പ് ചെയ്യാന്‍ വേണ്ടി ഞാന്‍ മദിരാശിയില്‍ പോയപ്പോള്‍, എനിക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു തരുന്നത് ഇ.വി. ശ്രീധരനായിരുന്നു.   ''ശ്രീനിയെക്കൂടി ചെന്നു കാണണ''മെന്ന് മണിസാര്‍ എന്നോട് പറഞ്ഞു. എം.എസ്. ശ്രീനിവാസന്‍ മൂന്നാമത്തെ സഹോദരനാണ്. കേരള കൗമുദി ജനറല്‍ മാനേജര്‍. അദ്ദേഹത്തിന്റെ ഓഫീസ് മുകളിലത്തെ മുറിയിലാണ്. ഒരു പ്യൂണ്‍ അവിടേക്ക് എന്നെ നയിച്ചു. തടിച്ചു ഗൗരവക്കാരനായ ഒരാള്‍. രണ്ടു പേരില്‍നിന്നും വിഭിന്നമായ പ്രകൃതം. മുഖത്ത് ഗൗരവം. പരിചയപ്പെടുത്തേണ്ടിവന്നില്ല. എന്റെ കാര്യങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു. അധികമൊന്നും സംസാരമില്ല. 'കേരള കൗമുദി' തൃശൂരില്‍ നന്നാക്കണമെന്നു മാത്രം പറഞ്ഞു. തീര്‍ച്ചയായും ശ്രമിക്കാമെന്ന് പറഞ്ഞു ഞാനിറങ്ങി. അവിടെ ഏറ്റവും കൂടുതല്‍ എന്നോട് സൗഹൃദം കാണിച്ചത് എന്‍.ആര്‍.എസ്. ബാബുവാണ്. അദ്ദേഹം ഒരേ സമയത്ത് കലാകൗമുദിയിലും കേരള കൗമുദിയിലും പ്രവര്‍ത്തിച്ചിരുന്നു.  വൈകീട്ട് കേരള കൗമുദി ഡസ്‌കിലേക്ക് മാറും. തൃശൂര്‍ കേരള കൗമുദി ന്യൂസ് ബ്യൂറോ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് കേരള കൗമുദി ഡസ്‌കില്‍ ചെന്ന്  പത്രാധിപസമിതി അംഗങ്ങളേയും പരിചയപ്പെട്ടു.  ലീഡര്‍ റൈറ്റര്‍മാരായ എന്‍. രാമചന്ദ്രന്‍,  ന്യൂസ് എഡിറ്റര്‍ കെ. വിജയരാഘവന്‍, പി. ശശിധരന്‍, സബ് എഡിറ്റര്‍മാരായ കെ.പി. സദാനന്ദന്‍, പിറവന്തൂര്‍ ശശിധരന്‍, എസ്. ഭാസുരചന്ദ്രന്‍,  ബി.സി. ജോജോ എന്നിവര്‍ അവിടെയുണ്ടായിരുന്നു.  വൈകിട്ട് മടങ്ങുമ്പോള്‍ കേരള കൗമുദിയെക്കുറിച്ച് ഒരു തെളിഞ്ഞ ചിത്രം മനസ്സിലുണ്ടായിരുന്നു.  എന്തുമാത്രം സൗഹൃദമുള്ള അന്തരീക്ഷം. പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സഹോദരങ്ങള്‍. കൗമുദിയുടെ അടിത്തറ അതാണെന്ന് തോന്നി. അപ്പോഴേക്കും പേഴ്സണല്‍ ഡിപ്പാര്‍ട്ടുമെന്റ് എന്റെ അപ്പോയ്മെന്റ് ഓര്‍ഡര്‍ തയ്യാറാക്കിവെച്ചിരുന്നു. അതുവാങ്ങി രാത്രി വണ്ടിക്ക് ഞാന്‍ മടങ്ങി. തൃശൂരിലേക്ക്.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com