സമാധാനം എന്ന നഗ്നസുന്ദരി: ടിപി രാജീവന്‍ എഴുതുന്നു

യുദ്ധത്തിലെ ഈ സ്ത്രീവിരുദ്ധത സമര്‍ത്ഥമായി ആദ്യം ആവിഷ്‌കരിക്കപ്പെട്ടത് ക്രിസ്തുവിനു മുന്‍പ് നാലാം നൂറ്റാണ്ടില്‍ അറിസ്റ്റോഫനീസ് രചിച്ച ലിസിസ്ട്രാട (Lysistrata) എന്ന ശുഭ പര്യവസായിയായ നാടകത്തിലാണ്.
ലിസിസ്ട്രാട നാടകത്തില്‍ നിന്നൊരു രംഗം
ലിസിസ്ട്രാട നാടകത്തില്‍ നിന്നൊരു രംഗം

നിങ്ങള്‍ പരസ്പരം ധാരാളം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, പിന്നെ എന്തിനാണ് യുദ്ധത്തിനു പോകുന്നത്? സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കിക്കൂടെ? എന്തുകൊണ്ട് സമാധാനം സാദ്ധ്യമാകുന്നില്ല? എന്താണ് അതിനൊരു വഴി?
(ലിസിസ്ട്രാട, എറിസ്റ്റോഫനിസ്)
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് നടക്കാതെപോയ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ഞാന്‍ ആരുടെ പക്ഷത്തായിരുന്നു? നരേന്ദ്ര മോദിയുടേയോ ഇമ്രാന്‍ ഖാന്റേയോ? നാല്‍പ്പതോളം ഇന്ത്യന്‍ സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ട, ഫെബ്രുവരി 14-ന് ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലെത്തുപോറയില്‍ നടന്ന ചാവേര്‍ ഭീകരാക്രമണത്തിനും അതിനു തിരിച്ചടിയായി പാകിസ്താന്റെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ ബാലാക്കോട് വ്യോമാക്രമണത്തിനും ശേഷം ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് ഇവ. പാകിസ്താന്‍ പട്ടാളവും ഭരണകൂടവും മാത്രമല്ല, ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ബുദ്ധിജീവികളും ഇന്ത്യയുടെ കുറ്റാരോപണത്തിനും അവകാശവാദത്തിനും  തെളിവുകള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും യുദ്ധം ആഘോഷിക്കാന്‍ തയ്യാറെടുപ്പു തുടങ്ങി. ഓണവും വിഷുവും പുതുവര്‍ഷവും ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതുപോലെ. എല്ലാ ആഘോഷിക്കലുകള്‍ക്കും പിന്നിലുണ്ടാവും ഒരു വിജയം, ഒരു പരാജയം. ഒരു നിഗ്രഹം. ഒരു ദേവന്‍, ദേവി, ഒരു അസുരന്‍. നടക്കാതെ പോയ, ഒരുപക്ഷേ, എപ്പോഴും നടക്കാന്‍ സാധ്യതയുള്ള (ദൈവമേ, അങ്ങനെയാകാതിരിക്കട്ടെ) ഈ യുദ്ധത്തില്‍ ആരായിരുന്നു ദേവന്‍, ആരായിരുന്നു അസുരന്‍? എന്റെ ശത്രു എനിക്ക് നിഗ്രഹിക്കേണ്ടയാള്‍ ആരാണ്? ചരിത്രത്തില്‍, സംസ്‌കാരത്തില്‍ യുദ്ധാനുഭവങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകളിലേക്കാണ് ശത്രുവിനെക്കുറിച്ചുള്ള ഈ അന്വേഷണം എന്നെ നയിച്ചത്. അതോടൊപ്പം യുദ്ധത്തിന്റെ ക്രൂരമായ അര്‍ത്ഥശൂന്യതയിലേക്കും അസംബന്ധത്തിലേക്കും.

എല്ലാ യുദ്ധങ്ങളും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും നടത്തുന്നതും പുരുഷന്മാരാണ്. കാരണം, സമ്പത്തും അധികാരവും അവരുടെ മേല്‍നോട്ടത്തിലാണ്. അത് ആക്രമിക്കുന്ന രാജ്യമായാലും ആക്രമിക്കപ്പെടുന്ന രാജ്യമായാലും. ഝാന്‍സി റാണിയായാലും ജൊവാന്‍ ഓഫ് ആര്‍ക്ക് ആയാലും ഇന്ദിരാ ഗാന്ധിയായാലും സിരിമാവോ ബണ്ഡാര നായികയായാലും അധികാരവും ആയുധവും സൈന്യവും കൈവരുമ്പോള്‍ പുരുഷന്മാരായി മാറും.

യുദ്ധത്തിലെ ഈ സ്ത്രീവിരുദ്ധത സമര്‍ത്ഥമായി ആദ്യം ആവിഷ്‌കരിക്കപ്പെട്ടത് ക്രിസ്തുവിനു മുന്‍പ് നാലാം നൂറ്റാണ്ടില്‍ അറിസ്റ്റോഫനീസ് രചിച്ച ലിസിസ്ട്രാട (Lysistrata) എന്ന ശുഭ പര്യവസായിയായ നാടകത്തിലാണ്. ഏതന്‍സും സ്പാര്‍ട്ടയും തമ്മിലുള്ള യുദ്ധം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും അത് സ്ത്രീകളുടെ ജീവിതത്തേയും കുടുംബ-സാമൂഹ്യ ബന്ധങ്ങളേയും ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നാടകത്തില്‍ ലിസിസ്ട്രാട എന്ന കരുണയും ബുദ്ധിമതിയുമായ സ്ത്രീകളാണ് പ്രധാന കഥാപാത്രം.

യുദ്ധകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകള്‍ പലതാണ്. ശാരീരിക പീഡനം മുതല്‍ വൈകാരികത്തകര്‍ച്ചവരെ അത് വ്യാപിക്കുന്നു. വിവാഹിതകളാണെങ്കിലും ലൈംഗികാനുഭവം പോലും പല സ്ത്രീകള്‍ക്കും ലഭിക്കുന്നില്ല. കാരണം, അവരുടെ പുരുഷന്മാര്‍ യുദ്ധഭൂമിയിലാണ്. യുദ്ധരംഗത്തുനിന്നു തിരിച്ചു വരുന്നവര്‍ കുറച്ചു ദിവസങ്ങള്‍ മാത്രം അവരുടെ സ്ത്രീകള്‍ക്കൊപ്പം ചെലവഴിച്ച് വീണ്ടും യുദ്ധത്തിനു പോകുന്നു. പുരുഷന്‍ ആഗ്രഹിക്കുമ്പോഴും അവനു സൗകര്യവും ആവശ്യമുള്ളപ്പോഴും മാത്രം രതിസുഖം അനുവദിക്കപ്പെട്ട ഉപകരണങ്ങളായി സ്ത്രീകള്‍ മാറുന്നു. അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ നൈരാശ്യമാണ് ഫലം. ലൈംഗികമായ ഈ പട്ടിണി സ്ത്രീകളെ വൈകാരികത്തകര്‍ച്ചയില്‍  എത്തിക്കുന്നു. അവരില്‍ പലരും മനോരോഗികളാകുന്നു.

ഈ സ്ത്രീകളെ സംഘടിപ്പിച്ച്, അവരുടെ പുരുഷന്മാരെ യുദ്ധരംഗത്തുനിന്നു തിരിച്ചുകൊണ്ടുവരാനും അതുവഴി യുദ്ധം അവസാനിപ്പിക്കാനുമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ലിസിസ്ട്രാട. രണ്ട് പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെട്ടത്. യുദ്ധത്തിനു പോകുന്ന പുരുഷന്മാര്‍ക്ക്  ലൈംഗികബന്ധം നിഷേധിക്കുക എന്നതാണ് അതില്‍ ആദ്യത്തേത്. അനുവദിച്ചാല്‍ത്തന്നെ അവര്‍ക്ക് ആനന്ദം ലഭിക്കുന്ന രീതികള്‍ (Pose) ചെയ്യാന്‍ തുടങ്ങിയാല്‍ അനുവദിക്കാതിരിക്കുകയോ അതുമായി സഹകരിക്കാതിരിക്കുകയോ വേണം. യുവതികളുടെ ഉത്തരവാദിത്വമാണ്  ഇത്.
യുദ്ധത്തിനാവശ്യമായ സമ്പത്ത് തടഞ്ഞുവെക്കുക എന്നതാണ് രണ്ടാമത്തേത്. ഇതു ചെയ്യേണ്ടത് മുതിര്‍ന്ന സ്ത്രീകളാണ്. രാജ്യത്തിന്റെ ഖജനാവ് സ്ഥിതിചെയ്യുന്ന അക്രോപൊളിസ് അതിക്രമിച്ച് നിയന്ത്രണം സ്വന്തമാക്കുകയാണ്  ഇതിനുള്ള വഴി.

ലിസിസ്ട്രാട വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാവരും ഈ തീരുമാനം അംഗീകരിക്കുന്നു.  നിറച്ച വീഞ്ഞുപാത്രങ്ങള്‍ സാക്ഷിയാക്കി അവ നടപ്പിലാക്കുമെന്നു സ്ത്രീകള്‍ പ്രതിജ്ഞ ചെയ്യുന്നു. അധികം വൈകാതെ മുതിര്‍ന്ന സ്ത്രീകളുടെ ഒരു സംഘം അക്രോപൊളീസിന്റെ കോട്ടമതിലുകളും കവാടവും തകര്‍ത്തു ഖജനാവിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. അംഗരക്ഷകര്‍ക്കൊപ്പം അതു ചോദ്യം ചെയ്യാന്‍ വന്ന മജിസ്‌ട്രേട്ടിനെ സ്ത്രീ വേഷം കെട്ടിച്ചു നടത്തുന്നു.
മുതിര്‍ന്ന സ്ത്രീകളുടെ കലാപം തെരുവില്‍ നടക്കുമ്പോള്‍ യുവതികള്‍ അവരില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ലൈംഗികാവേശവുമായി. യുദ്ധരംഗത്തുനിന്നുവന്ന അവരുടെ പുരുഷന്മാരെ അവര്‍ പ്രലോഭിപ്പിച്ച്, മുറിക്കുള്ളിലാക്കി, കൂടെക്കിടക്കാതെ മുറി പുറത്തുനിന്നു പൂട്ടുന്നു. ഇതിനിടയില്‍, പട്ടാളക്കാരുടെ ഭാര്യമാര്‍, ഭര്‍ത്താക്കന്മാരുടെ അസാന്നിധ്യത്തില്‍ ലൈംഗികാവശ്യം നിറവേറ്റാന്‍ വേശ്യാലയങ്ങള്‍ തേടിപ്പോകുകയായിരുന്നു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചും ലിസിസ്ട്രാട പുരുഷാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നുണ്ട്.

വില്‍ഫ്രെഡ് ഓവന്‍
വില്‍ഫ്രെഡ് ഓവന്‍

ലഹരിക്കടിമപ്പെട്ടവരും അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നവരുമായ സ്ത്രീകളുടെ അരാജക പ്രകടനം എന്നു പറഞ്ഞു പുരുഷാധികാരം ഈ സ്ത്രീ കലാപത്തെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും സമ്പത്തിന്റേയും സുഖത്തിന്റേയും താക്കോല്‍ സ്വന്തമാക്കിയ സ്ത്രീ നിശ്ചയത്തിനു മുന്‍പില്‍ ഒടുവില്‍ അവര്‍ അനുരഞ്ജനത്തിനു തയ്യാറാകുന്നു.
അനുരഞ്ജന സംഭാഷണം നടക്കുന്ന വേദിയിലേക്ക് അതുവരെ കാണാത്ത ഒരു കഥാപാത്രവുമായാണ്  ലിസിസ്ട്രാട കടന്നുവരുന്നത്. ഒരു നഗ്‌നസുന്ദരിയാണത്. സ്ത്രീ സാന്നിധ്യം കൊതിക്കുന്ന യുദ്ധവീരന്മാര്‍ക്ക് അവളില്‍നിന്നു കണ്ണെടുക്കാന്‍ കഴിയുന്നില്ല. അവളുടെ പേര് 'സമാധാനം' എന്നാണ്. ലോകത്തെ, ഭൂമിയില്‍ ഏറ്റവും ആകര്‍ഷകവും തീക്ഷ്ണവുമായ സൗന്ദര്യം. ശത്രുത മറന്ന്, യുദ്ധം മറന്ന് സ്ത്രീ പുരുഷന്മാര്‍ നൃത്തം ചെയ്യന്നു. ലിസിസ്ട്രാട അവളുടെ പേരിന്റെ അര്‍ത്ഥം അന്വര്‍ത്ഥമാക്കുന്നു. 'പട്ടാളത്തെ പിരിച്ചുവിടുന്നവള്‍', 'യുദ്ധത്തെ മോചിപ്പിക്കുന്നവള്‍' എന്നെല്ലാമാണ് ഗ്രീക്ക് ഭാഷയില്‍ ആ പേരിന്റെ പൊരുള്‍.

മറ്റൊരു മുന്‍ രചനയിലേക്കു വന്നാല്‍, ഇന്നോളം എഴുതപ്പെട്ട യുദ്ധവിരുദ്ധ കവിതകളില്‍ ഏറ്റവും ശ്രദ്ധേയവും മനസ്സിനെ തൊടുന്നതുമാണ് വില്‍ഫ്രഡ് ഒവെന്റെ (Wilfred Oven) 'അസാധാരണമായ കണ്ടുമുട്ടല്‍' (Strange Meeting). എവിടെയെങ്കിലും യുദ്ധം നടക്കുന്നു എന്ന പത്രവാര്‍ത്ത വായിച്ച് ഇന്നത്തെ മലയാള കവികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്ന തല്‍ക്ഷണ (Instant) യുദ്ധവിരുദ്ധ കവിതകള്‍ പോലെ ഒന്നല്ല ഇത്.

ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത്, 1918-ല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍, വടക്കന്‍ ഫ്രാന്‍സില്‍വെച്ച് കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികനായിരുന്നു ഒവെന്‍. കൊല്ലപ്പെടുന്നതിനു മുന്‍പുള്ള ഒരു വര്‍ഷ കാലയളവിലാണ് ഒവെന്‍ തന്റെ ശ്രദ്ധേയമായ പല കവിതകളും രചിച്ചത്. 'അസാധാരണമായ കണ്ടുമുട്ടലടക്കം' എല്ലാം പ്രസിദ്ധീകരിക്കപ്പെട്ടത്  മരണാനന്തരവും.
പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ വിചിത്രമാണ് ഈ കവിതയിലെ പ്രമേയവും പരിസരവും. യുദ്ധാനുഭവങ്ങളുടെ ആധികാരികതയും മാനവിക മൂല്യങ്ങളിലുള്ള വിശ്വാസവും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. യുദ്ധത്തില്‍ വിജയിയും പരാജിതനുമില്ലെന്നും എല്ലാവരും പരാജയപ്പെടുന്നതാണ്  യുദ്ധം എന്ന് ഈ ചെറുകവിത ഇതിഹാസ വ്യാപ്തിയോടെ നിശ്ശബ്ദമായി പറയുന്നു.

പുരാതന ശിലാകൂടങ്ങള്‍ തുരന്നുണ്ടാക്കിയ ഒരു തുരങ്കത്തിലൂടെ ഒരു സൈനികന്‍ (കവി) യുദ്ധമുഖത്തുനിന്നു രക്ഷപ്പെടുന്നു. വഴിനീളെ അയാള്‍ മരിച്ചവരുടേയോ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നവരുടേയോ ഞരക്കങ്ങള്‍ കേള്‍ക്കുന്നു. കാണെക്കാണെ, ഒരാള്‍ കവിയെ തിരിച്ചറിയുകയും അനുഗ്രഹിക്കാനെന്നപോലെ  കയ്യുയര്‍ത്തുകയും ചെയ്യുന്നു. അയാളുടെ മുഖത്തെ 'മരിച്ച പുഞ്ചിരി' കണ്ട്, താന്‍ എത്തിയതു നരകത്തിലാണെന്ന് കവി തിരിച്ചറിയുന്നു. അയാളുടെ മുഖത്ത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഭീതിയുണ്ട്. പക്ഷേ, പുറത്തെ നിലവിളിയും വെടിയൊച്ചയും ചോരയും ആ പാതാള കേന്ദ്രത്തിലേക്കെത്തുന്നില്ല. 


കവി പറയുന്നു: ''അസാധാരണനായ സുഹൃത്തേ, ഇവിടെ വിലപിക്കാന്‍ കാരണങ്ങളില്ല.''
''ഒന്നുമില്ല'', അയാള്‍ പറയുന്നു. ''നഷ്ടപ്പെട്ട വര്‍ഷങ്ങളൊഴികെ, പ്രതീക്ഷയില്ലായ്മയല്ലാതെ. താങ്കളുടെ പ്രതീക്ഷ എന്തോ, അതു തന്നെയായിരുന്നു എന്റേതും.''
ലോകത്തിലെ ഏറ്റവും വന്യമായ സൗന്ദര്യത്തിനു പിന്നാലെ വേട്ടയാടി പോയവനായിരുന്നു അയാള്‍. പക്ഷേ, ഇപ്പോള്‍ ആ സൗന്ദര്യം അയാളെ പരിഹസിക്കുന്നു. താന്‍ ചെയ്തതിന്റെ സത്യം ഇപ്പോല്‍ അയാള്‍ക്കറിയാം. യുദ്ധത്തിന്റെ വ്യസനമാണത്, യുദ്ധം വാറ്റിയെടുക്കുന്ന ഖേദവും. ഒടുവില്‍ അയാള്‍ കവിയോടു പറയുന്നു: 
''സുഹൃത്തേ, നീ കൊന്ന ശത്രുവാണ് ഞാന്‍,
ഈ ഇരുട്ടിലും നിന്നെ എനിക്കറിയാം,
കാരണം, ഇന്നലെ എന്നെ വെട്ടിവീഴ്ത്തുമ്പോഴും കൊല്ലുമ്പോഴും
അങ്ങനെയായിരുന്നു എന്നിലുള്ള നിന്റെ ക്രോധം.
ഞാന്‍ തടഞ്ഞു,
പക്ഷേ, എന്റെ കൈകള്‍ വിമുഖവും തണുത്തുറഞ്ഞതുമായിരുന്നു.
ഇപ്പോള്‍ നമുക്ക് ഉറങ്ങാം.

മനസ്സിനെ ഉലച്ച ഈ യുദ്ധവിരുദ്ധ രചനകളില്‍നിന്നു, ഇന്ത്യ-പാക് യുദ്ധ സാദ്ധ്യത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോയ ആഴ്ചകളില്‍ നമ്മുടെ കവികളും ബുദ്ധിജീവികളും അതിനോട് പ്രതികരിച്ചതിലേക്ക് വരുമ്പോഴാണ് ചിരിക്കണോ കരയണോ എന്ന് സംശയം ജനിച്ചത്. കാരണം, പക്ഷം ചേര്‍ന്നുള്ള യുദ്ധ വിരുദ്ധതയായിരുന്നു അവയിലധികവും. ചിലര്‍ തങ്ങള്‍ പണ്ട് എഴുതിവെച്ച 'യുദ്ധ വിരുദ്ധ കവിതകള്‍' (ഏത് കവിതയും എങ്ങനെയും വ്യാഖ്യാനിക്കാനുള്ള സൈദ്ധാന്തിക സാമര്‍ത്ഥ്യം നമുക്കുണ്ട്) പ്രചരിപ്പിക്കാനുള്ള അവസരമായി അതു ഉപയോഗിച്ചു ആരെയെങ്കിലും പുകഴ്ത്തിയും ഇകഴ്ത്തിയുമുള്ള വാര്‍ത്തകള്‍ ഉദ്ധരിച്ച് ചിലര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. കാലം മറന്ന ചരിത്രരേഖകള്‍ പുറത്തെടുത്ത് ചിലര്‍ സമാധാനപ്രിയരും ചിലര്‍ പ്രതികാരദാഹികളുമായി.
ആദ്യകാല ഒ.വി. വിജയന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍  'പേരുകള്‍' പോലെ ഒരു കഥ നമുക്ക് പ്രതീക്ഷിക്കാമായിരുന്നു. അതായത്, ലഫ്റ്റനന്റ് ചാത്തുക്കുട്ടിമാരാര്‍, കേണല്‍ ശുപ്പാമണി അയ്യര്‍, മേജര്‍ പിഷാരടി, ബ്രിഗേഡിയര്‍ നമ്പീശന്‍ മുതലായവര്‍ യുദ്ധമുഖത്തെത്തി ചെണ്ടകൊട്ടാനും അരി, ഭസ്മം, എള്ള്, പൂവ് എന്നിവ വാരിവിതറാനും തുടങ്ങിയ രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് മാവോ സെതുങ് ബോധംകെട്ടു വീണതും ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് ചൈനീസ് പട്ടാളത്തെ പിന്‍വലിച്ചതും എന്നതുപോലെ, മലയാള കവികളുടേയും ബുദ്ധിജീവികളുടേയും ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിച്ചാണ് ഇമ്രാന്‍ ഖാന്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചതും നരേന്ദ്ര മോദി എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ തിരിച്ചു വിളിച്ചതും എന്ന മട്ടിലൊരു കഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com