ആറാമത്തെ പെണ്‍കുട്ടിയില്‍നിന്ന് കിളിക്കൂടിലേക്ക്: സേതു എഴുതുന്നു

ഒരു കൈയുടെ പല വിരലുകളെന്നപോലെ, സ്വന്തം മക്കളെപ്പോലെ എല്ലാം പ്രിയപ്പെട്ടവ തന്നെയെന്നു തഞ്ചത്തില്‍ പറഞ്ഞൊഴിയാന്‍ ചിലര്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.
ആറാമത്തെ പെണ്‍കുട്ടിയില്‍നിന്ന് കിളിക്കൂടിലേക്ക്: സേതു എഴുതുന്നു

ന്റെ രചനകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു പറയാന്‍ മിക്ക എഴുത്തുകാരും മടിച്ചേക്കും. ഒരു കൈയുടെ പല വിരലുകളെന്നപോലെ, സ്വന്തം മക്കളെപ്പോലെ എല്ലാം പ്രിയപ്പെട്ടവ തന്നെയെന്നു തഞ്ചത്തില്‍ പറഞ്ഞൊഴിയാന്‍ ചിലര്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, തനിക്ക് കൂടുതല്‍ പ്രിയമുള്ള രണ്ടോ മൂന്നോ രചനകളെ കണ്ടെത്താന്‍ പലര്‍ക്കും കഴിഞ്ഞേക്കും; പല കാരണങ്ങളും കൊണ്ട് അവര്‍ അതു തുറന്നു പറഞ്ഞേക്കില്ലെങ്കിലും. എന്തായാലും രചനയുടെ നിമിഷങ്ങളില്‍ കിട്ടിയ ആനന്ദത്തിന്റെ തോതുവച്ചു മാത്രമാണ് ഞാന്‍ സ്വന്തം സൃഷ്ടികളുടെ മൂല്യനിര്‍ണ്ണയം നടത്താറ്. ആ വിലയിരുത്തല്‍ വായനക്കാരന്റേയോ നിരൂപകന്റേയോ അഭിപ്രായങ്ങളുമായി ഒത്തുപോകണമെന്നില്ല. ആത്യന്തികമായി സ്വന്തം രചനകളുടെ ശക്തിയും ദൗര്‍ബ്ബല്യവും ഏറ്റവും നന്നായി അറിയാവുന്നതു അവനവനു തന്നെയായതുകൊണ്ടു സ്വയം തൃപ്തിപ്പെടുത്താനാണ് ഏറ്റവും ബുദ്ധിമുട്ട്. 
സൃഷ്ടിയുടെ പുറകിലുള്ള ദുരൂഹത ഏറെക്കുറെ അജ്ഞാതമായിരിക്കെ, രചനാവേളകളില്‍ വല്ലാതെ അലട്ടിയ, അല്ലെങ്കില്‍ സര്‍ഗ്ഗപരമായ ഉന്മാദാവസ്ഥയില്‍ വരെ എന്നെ എത്തിച്ച ചില രചനകളെപ്പറ്റി ഞാന്‍ പിന്നീട് വളരെയധികം ആലോചിച്ചു പോയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് 'ആറാമത്തെ പെണ്‍കുട്ടി' എന്ന ചെറു നോവലിനെപ്പറ്റിയാണ്. 2005-ലാണ് അത് 'കലാകൗമുദി' വാരികയില്‍ സീരിയലൈസ് ചെയ്യപ്പെട്ടത്. ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ആ പുസ്തകം പിന്നീട് ഹിന്ദിയിലേക്കും തെലുങ്കിലേക്കും പരിഭാഷ ചെയ്യപ്പെട്ടു. ഇംഗ്ലീഷ് പരിഭാഷ ഇപ്പോള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.

വളരെ ലളിതമാണ് തമിഴകത്തെ ഒരു ക്ഷേത്രനഗരിയുടെ പശ്ചാത്തലത്തിലുള്ള ഇതിലെ പ്രമേയം. കരുമാരിയമ്മന്‍ കോവിലിനു മുന്‍പില്‍ പൂക്കട നടത്തുന്ന ശങ്കരരാമനാണ് പ്രധാന കഥാപാത്രം. അയാളുടെ വീടിന്റെ ചായിപ്പില്‍ വച്ച് ഒരു അഗതിമന്ദിരത്തില്‍ പാര്‍ക്കുന്ന, അഞ്ച് വികലാംഗകളായ പെണ്‍കുട്ടികളാണ് അതിരാവിലെ ഈ പൂപ്പണികളെല്ലാം ചെയ്യുന്നത്. കുട്ടികളില്ലാതെ വളരെക്കാലം പ്രാര്‍ത്ഥനയും നോയമ്പുമായി കോവിലുകള്‍ തോറും അലഞ്ഞ ആ ബ്രാഹ്മണദമ്പതികള്‍ക്ക് ഒടുവില്‍ ഒരു ഉത്സവപ്പറമ്പില്‍ വച്ച്, അമ്മ ഉപേക്ഷിച്ചുകളഞ്ഞ ഒരു നാല് വയസ്സുകാരി പെണ്‍കുട്ടിയെ കിട്ടുന്നു. ആദ്യം ഒഴിവാക്കാന്‍ നോക്കിയെങ്കിലും ഒരു നിയോഗം പോലെ ആ പെണ്‍കുട്ടി അയാളുടെ മുണ്ടിന്റെ തുമ്പില്‍ പിടിച്ച് തൂങ്ങുകയായിരുന്നു. ആകെ നാറുന്ന, കീറിപ്പറിഞ്ഞ വേഷമണിഞ്ഞ, അഴുക്കില്‍ മുങ്ങിയ ആ കുട്ടിയെ അടുപ്പിക്കാന്‍ ഭാര്യ ഗോമതിക്ക് വലിയ മടിയായിരുന്നെങ്കിലും അതൊന്നും കൂട്ടാക്കാതെ, ദേവിയുടെ വരദാനമായി കണ്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് അയാള്‍. അവിടത്തെ ബ്രാഹ്മണ സമൂഹത്തെ വല്ലാതെ അലട്ടിയ സംഭവം. കാദംബരിയെന്നു പേരിട്ട് വിളിക്കുന്ന ആ പെണ്‍കുട്ടി കാലക്രമേണ അവര്‍ രണ്ടു പേരുടേയും പ്രിയപ്പെട്ടവളായി മാറുന്നു, മിടുക്കിയും ചന്തക്കാരിയുമായി വളര്‍ന്നുവരുന്ന അവളെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കാന്‍ ശങ്കരരാമന്‍ മോഹിക്കുമ്പോഴാണ് കുഴപ്പങ്ങള്‍ തുടങ്ങു ന്നത്. അപ്പോള്‍ സമൂഹത്തിലെ അസൂയക്കാരായ പ്രമാണിമാര്‍ കുറേ ചോദ്യങ്ങളുമായി മുന്നോട്ടു വരുന്നു. 
സത്യത്തില്‍ ആരാണിവള്‍? ആരാണിവളുടെ അച്ഛനമ്മമാര്‍? മതം, ജാതി, കുലം, ഗോത്രം എന്നിവയെക്കുറിച്ച് ഒന്നുമറിയാത്ത ഇവളെ, തലമുറകളായി ക്ഷേത്രത്തിലേക്കുള്ള പൂക്കള്‍ എത്തിക്കുന്ന പേരുകേട്ട യാഥാസ്ഥിതിക കുടുംബത്തില്‍ എങ്ങനെ കുടിയിരുത്താനായി നിങ്ങള്‍ക്ക്? അങ്ങനെ ക്ഷേത്രനഗരിയിലെ ശാസ്ത്രികുടുംബത്തിന്റെ ഒട്ടേറെ കുഴക്കുന്ന ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ശങ്കരരാമന്‍ ചൂളിപ്പോകുന്നു. പിടിച്ചുനില്‍ക്കാന്‍ അവര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അത്തരം സമ്മര്‍ദ്ദങ്ങളുടെ നടുവില്‍ കാദംബരിയും വാടിപ്പോകുന്നു. ദൗര്‍ഭാഗ്യകരമായ കുറേയേറെ സന്ദര്‍ഭങ്ങള്‍ അവളെ വല്ലാതെ വേട്ടയാടുന്നു. കഥാന്ത്യത്തില്‍ നടക്കുന്ന ചില ദു:ഖകരമായ സംഭവങ്ങള്‍ക്കുശേഷം എങ്ങോ നിന്നു വന്ന കാദംബരി എങ്ങോട്ടോ മടങ്ങിപ്പോകുന്നു...

പാണ്ഡവപുരത്തിലെ ദേവി തൊട്ട് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ വര്‍ത്തിക്കുന്ന ആറോളം പ്രമുഖ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും (ഇവരെല്ലാം 'പെണ്ണകങ്ങള്‍' എന്ന എന്റെ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.) കൂട്ടത്തില്‍ ഇളയവളായ കാദംബരിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഒരു നോവലിസ്റ്റിന് തന്റെ ചില കഥാപാത്രങ്ങളോട് പലതരം വികാരങ്ങള്‍ തോന്നാറുണ്ടെന്നതു വാസ്തവമാണ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ എനിക്കിവളോട് എപ്പോഴും തോന്നിയിട്ടുള്ളത് വലിയൊരു വാത്സല്യം തന്നെയാണ്. പെണ്‍മക്കളില്ലാത്ത ഞാന്‍ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും അവളെ വല്ലാതെ ലാളിച്ചിട്ടുമുണ്ട്. ചിലപ്പോഴെല്ലാം അവള്‍ ചെന്നുപെടുന്ന ദുര്‍ഘടങ്ങള്‍ക്കെല്ലാം ഉത്തരവാദി ഞാനാണല്ലോയെന്ന കുറ്റബോധവും തോന്നിയിട്ടുണ്ട്. പിന്നെ സ്വയം സമാധാനിക്കും, സൃഷ്ടിയുടെ നിമിഷം കഴിഞ്ഞാല്‍ സ്രഷ്ടാവില്‍നിന്നു തീര്‍ത്തും മുക്തയാകുന്ന കഥാപാത്രങ്ങളുടെമേല്‍ അയാള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലല്ലോ എന്ന്. ഏതു വിധത്തിലും അവര്‍ സ്വതന്ത്രര്‍ തന്നെ. എന്തായാലും താന്‍ സൃഷ്ടിച്ചുവിടുന്ന ഒരു കഥാപാത്രം ജൈവരൂപത്തില്‍ അയാളുടെ തന്നെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാകുന്ന അത്യപൂര്‍വ്വമായ അവസ്ഥയാണിത്. അത്തരത്തിലുള്ള ഒരുതരം 'തന്മയീഭാവം' മറ്റു ചില കഥാപാത്രങ്ങളുമായും ഉണ്ടായിട്ടുണ്ടെങ്കിലും ഇവിടെ അതിന് സവിശേഷമായൊരു രൂപവും ഭാവവും കൈവരുന്നുണ്ട്. 

ഈ നോവല്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ പരിചയസമ്പന്നനായ പ്രൊഫസര്‍ മോഹന്‍ എന്നോട് പറഞ്ഞത് അവസാന അദ്ധ്യായം മൊഴിമാറ്റം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞുപോയെന്നാണ്. അതുകൊണ്ട് കുറച്ചുനേരം കഴിഞ്ഞു മാത്രമേ ബാക്കി ഭാഗം കയ്യിലെടുക്കാനായുള്ളൂ. അതുപോലെതന്നെ, അന്ധരായവരെ കഥ പറഞ്ഞു കേള്‍പ്പിക്കുന്ന, 'ശവ്യ്രം' എന്ന പ്രോജക്റ്റിന്റെ ഭാഗമായി, ഇതിന് ഒരു 'ഓഡിയോ' രൂപം കൊടുത്ത് അതിമനോഹരമായി കഥ വായിക്കുന്ന ദാമോദര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് വായനയ്ക്കിടയില്‍ താനും വളരെ സങ്കടപ്പെട്ടു പോയെന്നാണ്. വായനക്കാരെ കരയിപ്പിക്കാന്‍ ഒരിക്കലും മന:പ്പൂര്‍വ്വമായി ശ്രമിക്കാത്ത ഒരു എഴുത്തുകാരനെ വിസ്മയിപ്പിക്കുന്ന ഒരു പരാമര്‍ശം... 

നോവലുകള്‍ക്ക് ഒരു രണ്ടാം ഭാഗം വേണ്ടിവരുന്നതിന്റെ പ്രസക്തിയെപ്പറ്റി ഞാന്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു നോവലിന്റെ അവസാനം അതിലെ മുഖ്യ കഥാപാത്രത്തേയോ (അല്ലെങ്കില്‍ കഥാപാത്രങ്ങളേയോ) എവിടെയെങ്കിലും എത്തിക്കേണ്ട ചുമതല എഴുത്തുകാരനുണ്ടോ? അതായത് വായനക്കാരന്റെ ഉള്ളില്‍ അല്പംപോലും സംശയങ്ങള്‍ അവശേഷിപ്പിക്കാതെ നോവല്‍ അവസാനിപ്പിക്കുക എന്നതു തന്നെ. പക്ഷേ, അങ്ങനെയൊരു ഉത്തരവാദിത്വം എഴുത്തുകാരനില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്റെ പല രചനകള്‍ക്കും 'തുറന്ന അന്ത്യമാണെന്ന്' (ീുലി ലിറലറ) ചിലര്‍ വിമര്‍ശിക്കുന്നത് കേട്ടിട്ടുണ്ട്. അതിനെ ഒരു അംഗീകാരമായാണ് ഞാന്‍ കാണാറ്. കാരണം, ഒരുപാട് തുറന്ന വാതായനങ്ങള്‍ എന്റെ രചനകളില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കെന്തു തോന്നിയാലും എനിക്ക് യാതൊരു പരിഭവവുമില്ല. കാരണം, വായനക്കാരനെ ചെറുതാക്കി കാണാതെ എനിക്ക് മീതെയായി കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അകലെ എവിടെയോ ഇരുന്ന് എന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍. അതുകൊണ്ടുതന്നെ എന്റെ എല്ലാ രചനകളും അപൂര്‍ണ്ണമാണെന്നും അവയെ ഓരോ വായനക്കാരനും അയാളുടേതായ രീതിയില്‍ പൂരിപ്പിക്കാമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതില്‍ അയാളുടെ സംവേദനക്ഷമതയും സൗന്ദര്യബോധവുമൊക്കെ കടന്നുവരുമ്പോള്‍ അവിടെ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഒരു സഫലമായ പങ്കാളിത്തമുണ്ടാകുന്നു. 
പാണ്ഡവപുരത്തിലെ ദേവിക്ക് എന്തു സംഭവിച്ചു? അടയാളങ്ങളിലെ പ്രിയംവദയ്ക്ക് ശാന്തി കിട്ടിയോ? നിയോഗത്തിലെ കമലാക്ഷിയമ്മ, കൈമുദ്രകളിലെ കാതറീന്‍, കിളിമൊഴികളിലെ മോഹന തുടങ്ങിയവരും പലതരം സന്ദിഗ്ധ ഘട്ടങ്ങളിലായിരുന്നു കഥാന്ത്യത്തില്‍. അതു കൊണ്ടായിരിക്കാം ഇവരെപ്പറ്റി ഒട്ടേറെ ചോദ്യങ്ങള്‍ പിന്നീട് എനിക്ക് പലരില്‍നിന്നും നേരിടേണ്ടിവന്നിട്ടുള്ളത്. സത്യത്തില്‍ ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ലെന്നു പറഞ്ഞ് കൈ മലര്‍ത്തുമ്പോള്‍ പിന്നെ ചുമ്മാ ഇരുന്ന ഞങ്ങളെ വെറുതെയെന്തിന് ഇത്തരമൊരു ദുര്‍ഘടത്തില്‍ കൊണ്ടു ചാടിച്ചുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ സത്യത്തില്‍ മറുപടിയില്ല. 
എന്തായാലും അടയാളങ്ങളിലെ പ്രിയംവദയും ആറാമത്തെ പെണ്‍കുട്ടിയിലെ കാദംബരിയും പിന്നീട് എന്നെ വളരെ അലട്ടിയെന്നത് നേരാണ്. ഗതികിട്ടാതെ, നീണ്ടകാലമായി അലയുകയാണെന്ന മട്ടില്‍, ഉറക്കങ്ങളില്‍പ്പോലും കടന്നുവരാന്‍ മടിക്കാത്ത രൂപങ്ങള്‍. അങ്ങനെ അടയാളങ്ങള്‍ക്ക് തുടര്‍ച്ചയായി 'കിളിമൊഴികള്‍ക്കപ്പുറം' ഉണ്ടായി. 

പിന്നീട് കാദംബരിക്ക് ഒരു മറുപിറവി വേണമെന്ന തോന്നല്‍ ശക്തമായി വന്നത് ചില  സമീപ കാല രാഷ്ട്രീയ, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ന് എത്ര കണ്ടു മാറിയിരിക്കുന്നു നമ്മുടെ നാട്. സ്വാതന്ത്യ്രസമരകാലത്തെ നേതാക്കള്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ഭരണഘടനയ്ക്ക് രൂപം കൊടുക്കുമ്പോള്‍ ചില കാതലായ സാമൂഹിക അവസ്ഥകള്‍കൂടി കണക്കിലെടുത്തിരുന്നുവെന്നത് വ്യക്തം. ഒരിക്കലും നേരെയാവില്ലെന്ന മുന്‍വിധിയോടെ രാജ്യഭാരം ഇന്ത്യക്കാരനെ ഏല്‍പ്പിച്ച് കപ്പല്‍ കയറുമ്പോള്‍ വെള്ളക്കാരന്റെ മനസ്സില്‍ പ്രധാനമായും ഉറച്ചുനിന്നിരുന്നത് ഇത്രയേറെ മതങ്ങളും ജാതികളും ഗോത്രങ്ങളുമെല്ലാമുള്ള സങ്കീര്‍ണ്ണ പരിതസ്ഥിതിയില്‍ ഇവര്‍ക്ക് ഒരിക്കലും യോജിച്ചു പോകാനാവില്ലെന്ന വിശ്വാസം തന്നെയായിരുന്നു. വിഭജിച്ചു ഭരിക്കുന്നതിന്റെ സുഖങ്ങള്‍ വേണ്ടത്ര ആസ്വദിച്ചിരുന്നവരായിരുന്നല്ലോ അവര്‍. പക്ഷേ, നമ്മുടെ ഭരണഘടനാശില്പികള്‍ ഇത്തരം വിഭാഗീയ ചിന്തകള്‍ ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നത് വ്യക്തം. (ഇന്നത്തെ ചില ഭരണാധികാരികള്‍ അതു സമര്‍ത്ഥമായി ഉപയോഗിക്കുന്നത് കാണുമ്പോള്‍ അതു വ്യക്തമായി മനസ്സിലാകും.) അതുകൊണ്ടുതന്നെ സാമൂഹ്യനീതിയെന്ന തത്ത്വം ഉയര്‍ത്തിപ്പിടിക്കുകയും മതനിരപേക്ഷത, ബഹുസ്വരത, അഭിപ്രായ സാതന്ത്യ്രം തുടങ്ങിയവ ഭരണഘടനയുടെ ആണിക്കല്ലുകളാണെന്നു വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്യ്രം കൊടുക്കരുത്, ബ്രിട്ടീഷ് രാജ്ഞിക്കു കീഴിലുള്ള ഒരു 'ഡൊമീനിയന്‍' പദവി മതിയെന്ന് ചര്‍ച്ചില്‍ ശഠിച്ചപ്പോള്‍ പൂര്‍ണ്ണസ്വരാജ് തന്നെ വേണമെന്നും ഇന്ത്യയുടെ ഭരണഘടന എഴുതപ്പെടുക ഇന്ത്യന്‍ മണ്ണില്‍ത്തന്നെയാകണമെന്നും മഹാത്മജി വാദിച്ചത് ഈ പശ്ചാത്തലത്തിലായിരുന്നു. 
പക്ഷേ, എന്തൊക്കെയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്? ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള മൗലിക സ്വാതന്ത്യ്രം ഇന്ന് ഒരു ശരാശരി ഭാരതീയ പൗരന് കിട്ടുന്നുണ്ടോ? മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ കൊടുക്കാറുണ്ടെങ്കിലും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വരുമ്പോള്‍, അവരുടെ സ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അസഹിഷ്ണുതയും അന്യവല്‍ക്കരണവും ഏറ്റവുമധികം അനുഭവിക്കേണ്ടിവന്നത് അവര്‍ക്കാണെന്നു തോന്നുന്നു. അതിന്റെ നടപ്പുകാല അവസ്ഥകളിലേക്ക് കൂടുതലായി കടക്കണമെന്നു തോന്നുന്നില്ല. 
പക്ഷേ, ഇന്നത്തെ ചുറ്റുപാടുകളില്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴകത്തെ ഒരു ചെറിയ ക്ഷേത്രനഗരിയില്‍ വെച്ചു കാദംബരി എന്ന അനാഥ പെണ്‍കുട്ടിക്ക് കടന്നുപോകേണ്ടിവന്ന അവസ്ഥകളെപ്പറ്റി ഞാന്‍ ആലോചിച്ചുപോയത് സ്വാഭാവികമാണ്. എല്ലാവരുടേയും പ്രിയപ്പെട്ടവളായിരുന്ന ആ മിടുക്കത്തി എത്ര പെട്ടെന്നാണ് ആര്‍ക്കും വേണ്ടാത്തവളായി മാറിയത്? അവള്‍ പഠിച്ചു മുന്നോട്ടുപോയി, മറ്റു പലര്‍ക്കും വെല്ലുവിളിയാകുമെന്ന നിലയിലെത്തിയപ്പോഴാണ് സമൂഹത്തിലെ പാരമ്പര്യവാദികള്‍ മുന്നോട്ടു വരുന്നത്. അതവര്‍ക്ക് തീരെ സഹിക്കാനാവുന്നില്ല. അപ്പോള്‍ അവര്‍ക്ക് അവളുടെ മതമറിയണം, ജാതിയും ഗോത്രവു മറിയണം, അച്ഛനമ്മമാര്‍ ആരെന്നറിയണം. ഇതൊന്നും കിട്ടാതെ ഒരു ശരാശരി പൗരന്റെ ചിത്രം പൂര്‍ണ്ണമാകില്ലെന്നു ചുരുക്കം. ഒടുവില്‍ ഇത്രയും കാലം അവളെ താലോലിച്ചു വളര്‍ത്തിയ വളര്‍ത്തച്ഛന്‍ തന്നെ അവളെ വേറെ ചില കണ്ണുകളോടെ കാണാന്‍ തുടങ്ങുന്നു. അങ്ങനെ അവിടെ നില്‍ക്കാനാവാതെ അവള്‍ക്ക് സ്വന്തം സ്വത്വം തേടിയുള്ള ഒരു യാത്ര തുടങ്ങേണ്ടിവരുന്നു. 

അപ്പോള്‍, വളരെക്കാലത്തിനു  മുന്‍പ് എല്ലാ കെട്ടുകളും പൊട്ടിച്ചെറിഞ്ഞു മാഞ്ഞുപോയ കാദം ബരിയെ തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളില്‍ വളര്‍ത്തിക്കൊണ്ടു വരാമെന്ന് എനിക്ക് തോന്നി. സമീപകാല യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നുപോകുന്ന തികച്ചും സാര്‍ത്ഥകമായ ഒരു ഇടപെടല്‍ തന്നെ. അങ്ങനെ അവളെപ്പോലെ പലതരം അവഗണനകള്‍ അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടികളുടെ ഒരു കൂട്ടായ്മ എന്ന ആശയം മുളപൊട്ടി. പതിയെ അതു വളര്‍ന്നു പന്തലിച്ചപ്പോള്‍, അതൊരു ഹോസ്റ്റലായിക്കൂടെ എന്ന തോന്നലായി. പശ്ചാത്തലം തമിഴകം തന്നെ മതിയെങ്കിലും അവിടെ വന്നു ചേക്കേറുന്നവര്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായാല്‍ നോവല്‍ പരിസരത്തിനു തന്നെ വലിയൊരു വിതാനം കിട്ടുമെന്നും തോന്നി. ജോലിയുടെ ഭാഗമായി ഇന്ത്യയുടെ എട്ട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും മറ്റു ഭാഗങ്ങളില്‍ വളരെയേറെ യാത്രകള്‍ ചെയ്തിട്ടുമുള്ള ഒരാളെന്ന നിലയില്‍ അത്തരമൊരു പാന്‍-ഇന്ത്യന്‍ പശ്ചാത്തലം നോവലിനു കൊടുക്കുകയെന്നത് എളുപ്പമായിരുന്നു. 

പിന്നെ വളരെ യാദൃച്ഛികമായാണ് കേന്ദ്രകഥാപാത്രമായ മാഡം അഗാതയെന്ന സിസ്റ്റര്‍ അഗാത എന്റെ മനസ്സിലേക്ക് കടന്നുവരുന്നത്. ഇത്തരമൊരു സ്ഥാപനം തുടങ്ങാനായി മുന്‍കൈയെടുക്കുന്നത് ഒരു ആശ്രമത്തില്‍നിന്നോ മറ്റോ പുറത്തു കടക്കുന്ന സ്വാമിനിയായാല്‍ നന്നായിരിക്കുമെന്നാണ് ആദ്യം തോന്നിയത്. പക്ഷേ, ഉടനെ അതു മാറ്റി, കണിശമായ ചട്ടവട്ടങ്ങള്‍ക്കകത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച ശേഷം, ഒരു ദിവസം തിരുവസ്ത്രം ഊരി തികച്ചും സ്വതന്ത്രമായൊരു രംഗത്ത് പ്രവര്‍ത്തിക്കാന്‍ കൊതിക്കുന്ന ഒരു കന്യാസ്ത്രീയായാല്‍ ആ കഥാപാത്രത്തിനു കുറെക്കൂടി പൊലിമ കിട്ടുമെന്നു തോന്നി. അങ്ങനെ മാഡം അഗാതയെ കിട്ടിയതോടെ മറ്റു കഥാപാത്രങ്ങള്‍ വളരെ വേഗം രൂപംകൊണ്ടു. അതും പല പ്രദേശങ്ങളില്‍നിന്നും വരുന്ന പല മത വിശ്വാസികള്‍. അവരുടെ പശ്ചാത്തലവും വ്യത്യസ്തമാക്കാന്‍ ഞാന്‍ അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട്. 

ആ സ്ഥാപനത്തെ സംബന്ധിക്കുന്ന ചില അടിസ്ഥാന പ്രമാണങ്ങള്‍ മാഡം അഗാത ആദ്യമേ പറഞ്ഞുവയ്ക്കുന്നുണ്ട്. ഇതു ദൈവനിഷേധമോ ആചാരനിഷേധമോ അല്ല, നിങ്ങള്‍ക്ക് നിങ്ങളുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമാകാം, പക്ഷേ, അതു മറ്റു വിഭാഗങ്ങളെ നിഷേധിച്ചു കൊണ്ടാകരുതെന്നു മാത്രം. ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നതുപോലെ, നിങ്ങള്‍ക്ക് ശ്രീകൃഷ്ണനിലോ മുഹമ്മദ് നബിയിലോ വിശ്വസിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. അതുപോലെതന്നെ ആ സ്ഥാപനത്തിന്റെ കോമ്പൗണ്ടിനകത്ത് ആരും ജാതിമതങ്ങളെപ്പറ്റി പറയരുതെന്നും അവര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. പിന്നീടാണ് ആ സ്ഥാപനത്തിന്റെ പേര് 'കിളിക്കൂട്' എന്നാക്കാന്‍ തീരുമാനിച്ചത്. അതായത് പല മൊഴികള്‍ പറയുന്ന, പലതരം കിളികള്‍ സമഭാവനയോടെ പാര്‍ക്കുന്ന, ഒരു കൂട്. സത്യത്തില്‍, അന്തിക്ക് ചേക്കേറുന്ന കിളികളുടെ ലാഘവത്തോടെയാണ് ഇതിലെ പല കഥാപാത്രങ്ങളും എന്റെ മനസ്സിലേക്ക് പറന്നെത്തിയത്. കാദംബരിക്ക് പുറമെ, ബൊഹീമിയന്‍ ജീവിതം ആസ്വദിക്കുന്ന കേണല്‍ ആനി, ആവശ്യമില്ലാതെ തേങ്ങുന്ന വീപ്പീ സീത, തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് ചോരയൊലിപ്പിക്കുന്നത് സഹിക്കാനാവാത്ത ഒഥെല്ലോ അബ്ദുള്ള, ചക്രക്കസേര ഉരുട്ടിവരുന്ന പേരില്ലാത്ത ദീദി, സ്വന്തം കുടുംബത്തിന്റേയും ഖാപ് പഞ്ചായത്തിന്റേയും ഭീഷണി നേരിടുന്ന ഹരിയാനക്കാരിയായ പര്‍വീണ്‍, ചേരിയിലെ ഇരട്ടകള്‍, ബംഗാളിയായ പാര്‍ത്ഥൊ... അങ്ങനെ ആരൊക്കെ.

വളരെ രസകരമായിരുന്നു ഇതിന്റെ എഴുത്ത്. ആറാമത്തെ പെണ്‍കുട്ടിയിലെന്നപോലെ വല്ലാ ത്തൊരു ഒഴുക്ക് കിട്ടി, ഇതിന്റെ രചനയില്‍. കൂട്ടത്തില്‍, കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തെ എഴുത്തിലൊന്നും കിട്ടാതിരുന്ന ചില വിചിത്രമായ അനുഭവങ്ങളും. അവിശ്വസനീയമെന്നുതന്നെ പറയട്ടെ, ഈ നോവല്‍ ഞാന്‍ ആദ്യമായി എഴുതിയത് 'ഠവല ഈരസീീ' െചലേെ' എന്ന പേരില്‍ ഇംഗ്ലീഷിലായിരുന്നു. ഇംഗ്ലീഷില്‍ ചില ലേഖനങ്ങളൊക്കെ മുന്‍പ് എഴുതിയിട്ടുണ്ടെങ്കിലും, നോവലെഴുത്ത് എന്നു പറയുന്നത് എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. പക്ഷേ, തികച്ചും ലളിതമായൊരു ആഖ്യാനരീതിയായിരുന്നു ഇതിനു വേണ്ടിയിരുന്നത്. അതുകൊണ്ട് ചമല്‍ക്കാരത്തോടെയുള്ള ഒരു ഭാഷാശൈലി ഇതിനു വേണ്ടിവന്നില്ല. മുന്‍പൊന്നും ഉണ്ടാകാത്ത തരത്തില്‍, ഒരു മാസത്തിനുള്ളില്‍ ആദ്യത്തെ പകര്‍പ്പ് തയ്യാറായി. പിന്നീട് അവിടവിടെയായി ചില ചെറിയ മാറ്റങ്ങളേ വേണ്ടിവന്നുള്ളൂ. അതു കഴിഞ്ഞു ഞാന്‍ തന്നെ അതു മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സീരിയലൈസ് ചെയ്തു. പല കാരണങ്ങള്‍കൊണ്ടും ഇംഗ്ലീഷ് പതിപ്പിന്റെ പ്രസാധനം വൈകിയെങ്കിലും എന്റെ മുന്‍ പ്രസാധകരായ നിയോഗി ബുക്‌സ് അടുത്തു തന്നെ അതു പുറത്തിറക്കുന്നു. ഡി.സി. ബുക്‌സ് പ്രസിദ്ധികരിച്ച മലയാളം പതിപ്പ് രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. 
    

ഈ നോവല്‍ വായിച്ച സിസ്റ്റര്‍ ജെസ്മി ഇതു തന്റെ കഥ തന്നെയാണെന്നാണ് പറഞ്ഞത്. അതായത് ഇത്തരമൊരു സ്ഥാപനം തുടങ്ങാനായി അവര്‍ ഒരു സ്ഥലം കൂടി വാങ്ങിയിരുന്നുവത്രെ. പിന്നീട് പല കാരണങ്ങളും കൊണ്ട് അതു തുടങ്ങാനായില്ല. നോവലിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പതിപ്പുകളില്‍ അവര്‍ തന്നെയാണ് മുഖക്കുറിപ്പ് എഴുതിയിരിക്കുന്നത്. മലയാളത്തില്‍ അത് രണ്ടാം പതിപ്പില്‍ മാത്രമേ ചേര്‍ക്കാന്‍ പറ്റിയുള്ളുവെന്നു മാത്രം. 
ഇതിനിടയില്‍ രസകരമായൊരു കാര്യം കൂടി എടുത്തുപറയാതെ വയ്യ. ഈയിടെ ഇരിങ്ങാലക്കുടയില്‍നിന്ന് ആര്‍.കെ. രവി എന്നൊരു വായനക്കാരന്റെ കത്ത് കിട്ടി. നോവലിന്റെ ഒരു ഭാഗത്ത് കേണല്‍ ആനി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. അത് ശരിയല്ല, 100 മീറ്ററാക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. പരിശോധിച്ചപ്പോള്‍ അത് ശരിയാണെന്നു മനസ്സിലായി. പുരുഷന്മാര്‍ക്ക് 110 മീറ്ററാണെങ്കിലും സ്ത്രീകള്‍ക്ക് 10 മീറ്റര്‍ കുറച്ച് ഓടിയാല്‍ മതി! അതേ സമയം 400 മീറ്ററാണെങ്കില്‍ രണ്ടു കൂട്ടര്‍ക്കും തുല്യമാണ്. എന്തായാലും മലയാളത്തിലെ പുതിയ പതിപ്പില്‍ തിരുത്താന്‍ ഏര്‍പ്പാട് ചെയ്തുവെന്നു മാത്രമല്ല, അച്ചടിഘട്ടത്തിലെത്തിയ ദില്ലിയിലെ പ്രസാധകനേയും വിവരം അറിയിച്ചിട്ടുണ്ട്. നമ്മുടെ ചില വായനക്കാര്‍ എത്രകണ്ട് സൂക്ഷ്മതയോടെയാണ് വായിക്കുന്നതെന്നു മറ്റു എഴുത്തുകാരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നു തോന്നി. 

(അനുബന്ധം: പെണ്ണവസ്ഥകളെ സാന്ദ്രമായി അവതരിപ്പിച്ച 'പാണ്ഡവപുര'മെന്ന  നോവല്‍ എഴുതിയ സേതുവിനു നടപ്പുകാലത്തെ സാമൂഹിക, രാഷ്ട്രീയ ധ്വനികള്‍ കടന്നുവരുന്ന 'കിളിക്കൂട്' എന്ന നോവല്‍ എങ്ങനെ എഴുതാനായി എന്ന ചില സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ പതിറ്റാണ്ടുകളിലെ കാലപ്പകര്‍ച്ചകള്‍ എന്നു മാത്രമേ എനിക്ക്     പറയാനായുള്ളൂ).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com