വ്യാകുലമായ ഒരു കാലത്തിന്റെ അനുരഞ്ജനമാകുന്ന നോവല്‍ 

ഫ്രെഞ്ച് എഴുത്തുകാരന്‍ മാത്തിയാസ് എനാര്‍ഡിന്റെ ഏറ്റവും പുതിയ Tell Them of Battles, Kings and Elephants എന്ന നോവലിന്റെ വായന
മാത്തിയാസ് എനാര്‍ഡ്
മാത്തിയാസ് എനാര്‍ഡ്

2017-ലെ മാന്‍ബുക്കര്‍ അന്തര്‍ദ്ദേശീയ സമ്മാനത്തിന്റെ ഹ്രസ്വ പട്ടികയില്‍ ഇടം കണ്ടെത്തിയ 'ദി കോംപസ്സ്' (The Compass) എന്ന അസാധാരണ നോവലിന്റെ രചയിതാവാണ് മാത്തിയാസ് എനാര്‍ഡ് (Mathias Enard). ആ വര്‍ഷം സമ്മാനം കൊടുത്തത് ഇസ്രയേലി എഴുത്തുകാരന്‍ ഡേവിഡ് ഗ്രോസ്മാന്റെ The Horse rides in to a Bar എന്ന നോവലിനായിരുന്നു. പിന്നീട് 'കോംപസ്സ്' എന്ന നോവല്‍ വായിക്കാന്‍ കഴിഞ്ഞപ്പോഴാണ് അതിന്റെ അസാധാരണമായ മികവ് ഈ ലേഖകന് ബോദ്ധ്യമായത്. ഡേവിഡ് ഗ്രോസ്മാന്റെ നോവലും വായിച്ചപ്പോള്‍ താരതമ്യം ചെയ്യാനാവാത്തവിധം എനാര്‍ഡിന്റെ നോവലിന്റെ മാഹാത്മ്യം തിരിച്ചറിയാന്‍ കഴിഞ്ഞു. പുരസ്‌കാരം ലഭിച്ചതുകൊണ്ടുമാത്രം ഒരു കൃതിയും മഹത്തരമാകുന്നുമില്ല. പുരസ്‌കാര നിര്‍ണ്ണയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വാധീനം ഇതിനു മുന്‍പും വായനക്കാര്‍ നിരവധി തവണ തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്. 

1972-ല്‍ ജനിച്ച മാത്തിയാസ് എനാര്‍ഡ് പേര്‍ഷ്യനും അറബിക്കും ഭാഷകള്‍ പഠിച്ചതിനുശേഷം മധ്യേഷ്യയില്‍ നീണ്ടകാലം താമസിച്ചിട്ടുള്ള വ്യക്തിയാണ്. പിന്നീട് പാരീസിലേക്ക് കുടിയേറുകയും ഫ്രെഞ്ച് ഭാഷയില്‍ നൈപുണ്യം നേടി നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. മാത്തിയാസ് എനാര്‍ഡ് അസാധാരണമായ ഒരുതരം പ്രാദേശികത്വം വച്ചു പുലര്‍ത്തുന്ന ഫ്രെഞ്ച് എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ മഹത്തായ പ്രമേയം ഒരിക്കലും ഒരു ചെറിയ പട്ടണമോ അല്ലെങ്കില്‍ അതിന്റെ അയല്‍പക്കമോ ആയിരുന്നില്ല. വിശാലമായ ഒരു മെഡിറ്ററേനിയന്‍ നദീതടഭൂമികയെയാണ് അദ്ദേഹം തന്റെ എഴുത്തിന്റെ ദൃശ്യത്തിനുള്ളില്‍ ചേര്‍ത്തുനിര്‍ത്തിയിരുന്നത്. അതോടൊപ്പം അതിനുള്ളില്‍ അവിടത്തെ എല്ലാമെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. പാശ്ചാത്യ പൗരസ്ത്യ ദര്‍ശനങ്ങളുടെ ഒരു സമന്വയമാണ് അദ്ദേഹത്തിന്റെ രചനകളെ ശ്രദ്ധേയമാക്കിയത്. അഞ്ഞൂറോളം പേജുകളില്‍ പ്രവഹിക്കുന്ന ഒരൊറ്റ വാചകത്തില്‍ തീരുന്ന 'മണ്ഡലം' (Zone) എന്ന നോവല്‍ വായനക്കാരെ വിസ്മയിപ്പിച്ചതു മുതല്‍ അദ്ദേഹം തന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതുവരെ ഒന്‍പത് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഇതില്‍ മൂന്ന് നോവലുകള്‍ ഇതിനകം തന്നെ നിരവധി വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്രബോധത്തിന്റെ തീവ്രമായ ധന്യതയാല്‍ രചിക്കപ്പെട്ട എനാര്‍ഡിന്റെ രചനകള്‍ ലോകസാഹിത്യത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങള്‍ ആധുനിക വായനാസമൂഹം കൂടുതല്‍ അറിഞ്ഞുവരുന്നതേയുള്ളൂ. കോംപസ്സ് എന്ന ഒരു നോവല്‍ മാത്രം സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ ഇന്നും സാഹിത്യലോകത്തെ അതിന്റെ ലേബ്രിന്‍തിനുള്ളില്‍ തന്നെ തടവിലിട്ടിരിക്കുകയാണെന്നേ സൂചിപ്പിക്കാന്‍ കഴിയൂ. ഇതിലൂടെ കടന്നുപോകുന്നതിനെക്കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത് വിചിത്രമായ ഒരു മധുരപലഹാരക്കടയുടെ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ലൈബ്രറയിലൂടെയുള്ള അലഞ്ഞുതിരിയലിനോടാണ്. പ്രലോഭിപ്പിക്കുന്ന കഥകളും കഥാസന്ദര്‍ഭങ്ങളും ചേര്‍ന്നൊരുക്കുന്ന ദൃശ്യങ്ങള്‍ക്കുള്ളില്‍ കഴിയുമ്പോള്‍ കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി വായനാസമൂഹം തരിച്ചുനില്‍ക്കുന്ന ഒരവസ്ഥയാണുള്ളത്. കോംപസ്സ് എന്ന നോവല്‍ അതിരുകളെക്കുറിച്ചും അതിരുകളില്ലാത്തതിനെക്കുറിച്ചുമുള്ള ഒരു നോവലാണ്. 

നിരവധി അവാര്‍ഡുകള്‍ എനാര്‍ഡ് ഇതിനകം തന്നെ നേടിയെടുത്തുകഴിഞ്ഞിരിക്കുന്നു. സോണ്‍ എന്ന ആദ്യ നോവലിന് പ്രിക്‌സ് ഡു ലിവര്‍, പ്രിക്‌സ് ഡിസംബര്‍, ലിറസ്റ്റ് ഗോണ്‍ കോര്‍ട്ട് തുടങ്ങിയ സമ്മാനങ്ങള്‍ ലഭിച്ചപ്പോള്‍ കോംപസ്സിന് 2017-ലെ ലീപ്സിഗര്‍ ബുക്ക് പുരസ്‌കാരം ലഭിക്കുകയുണ്ടായി. അടുത്തയിടെ വായിക്കാന്‍ കഴിഞ്ഞ എനാര്‍ഡിന്റെ യുദ്ധങ്ങളെക്കുറിച്ചും രാജാക്കന്മാരെക്കുറിച്ചും ആനകളെക്കുറിച്ചും അവരോട് പറയുക. (Tell Them of Battles, Kings and Elephants) എന്ന ചെറിയ നോവല്‍ പകര്‍ന്നുതന്ന അസാധാരണമായ അനുഭവങ്ങളെക്കുറിച്ചാണ് അഭിമാനത്തോടെ രേഖപ്പെടുത്താന്‍ തോന്നുന്നത്. ചാര്‍ലോട്ടി മാന്‍ഡെല്‍ (Charlotte Mandell) ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്ന 137 പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ബ്രിട്ടനിലെ ഫിറ്റ്‌സ്‌കരാള്‍ദൊ പ്രസാധകരാണ് (Fitzcarraldo Editions). ഒരു മാന്‍ബുക്കര്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരം ലഭിച്ചില്ലെങ്കിലും ഭാവിയില്‍ ഈ മഹാപ്രതിഭ നേടുവാന്‍ പോകുന്ന അംഗീകാരങ്ങളെക്കുറിച്ച് കാലം തെളിയിക്കപ്പെടാന്‍ പോകുന്നതേയുള്ളൂ. 

ഇറ്റാലിയന്‍ ശില്പിയും ചിത്രകാരനും കവിയുമായിരുന്ന മൈക്കലാഞ്ചലോയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയിട്ടാണ് എനാര്‍ഡ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. 1506-ല്‍ ചെറുപ്പക്കാരനും വിഖ്യാതനുമായിരുന്ന മൈക്കലാഞ്ചലോയെ തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിളിലെ സുവേല്‍ത്താന്‍ ബെയ്‌സിഡ് രണ്ടാമന്റെ ഒരു കത്തുമായി ഒരു ദൂതനെത്തിച്ചേര്‍ന്നു. മൈക്കലാഞ്ചലോയെ ഒരു പ്രത്യേക ജോലി ഏല്പിക്കാനുള്ള ദൗത്യവുമായിട്ടാണ് അയാള്‍ എത്തിച്ചേര്‍ന്നത്. ഡേവിഡ് എന്ന ഫ്‌ലോറന്‍സിലെ മഹത്തായ ശില്പത്തിന്റെ രൂപകര്‍ത്താവ് എന്ന നിലയില്‍ അന്ന് മൈക്കലാഞ്ചലൊ ലോകമെമ്പാടും അറിയപ്പെട്ടിരുന്നു. 

അന്നത്തെ ഈസ്താംബുള്‍ വളരെ വ്യത്യസ്തമായ ഒരു നഗരമായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. നീലമോസ്‌ക് ഇല്ലാതെ ഹെഗിയ സോഫിയ ഒറ്റയ്ക്കാണ് അവിടെ വാഴിക്കപ്പെട്ടിരുന്നത്. ബോസ്ഫൊറന്‍സിന്റെ കിഴക്കന്‍ കര ആകെ ഒഴിഞ്ഞുകിടന്നിരുന്ന സാമ്രാജ്യം അന്ന് റോമന്റെ അധികാരപരിധിയിലായിരുന്നില്ല. ഓട്ടോമന്‍സും ഗ്രീക്കുകാരും ജൂതരും ലാറ്റിന്‍കാരും സമന്വയിച്ചിരുന്ന നഗരദൃശ്യങ്ങള്‍ക്കും പൂര്‍വ്വികതയുടെ കഥകള്‍ പറയാനുണ്ടായിരുന്നു. മുപ്പത്തിയൊന്നു വര്‍ഷക്കാലം ഭരണം നടത്തിയിരുന്ന സുല്‍ത്താന്റെ ആഗ്രഹം സുവര്‍ണ്ണ ഹോണിനു മുകളില്‍ (Golden Horn) ഇരുകരകളേയും ബന്ധിപ്പിക്കുന്ന ഒരു പാലം പണിയുകയെന്നതായിരുന്നു. ശില്പകലാവൈദഗ്ദ്ധ്യം നിറഞ്ഞ ഒന്നായിരിക്കണമതെന്ന് സുല്‍ത്താന്‍ ആഗ്രഹിച്ചതും അതുകൊണ്ടുതന്നെ. പ്രസിദ്ധ ശില്പിയും ചിത്രകാരനുമായ ലിയോനാര്‍ഡൊ ഡാവിഞ്ചിയെ വരുത്തി ഒരു പ്ലാന്‍ തയ്യാറാക്കിയെങ്കിലും അത് ആത്യന്തികമായി നിരസിക്കപ്പെടുകയായിരുന്നു. പുതിയ ഒരു പദ്ധതിക്കുവേണ്ടിയാണ് മൈക്കലാഞ്ചലോയുടെ സാന്നിദ്ധ്യം സുല്‍ത്താന്‍ ആവശ്യപ്പെട്ടത്. വലിയ ഒരു തുകയും മറ്റു സൗകര്യങ്ങളുമാണ് ഇതിനുവേണ്ടി സുല്‍ത്താന്‍ വാഗ്ദാനം ചെയ്തത്. അനശ്വരതയുടെ ഒരു വാഗ്ദാനം തന്നെയായിരുന്നു ഇത്. ഇത് പൂര്‍ത്തീകരിക്കുമ്പോള്‍ നിങ്ങള്‍ പ്രസിദ്ധിയുടെ കാര്യത്തില്‍ ഡാവിഞ്ചിയെ മറികടക്കുമെന്ന പ്രലോഭനവും സുല്‍ത്താന്‍ മുന്നോട്ടു വച്ചു. അതുവരെ ലോകം ദര്‍ശിക്കാത്ത ഒരു മഹത്തായ സ്മാരകം തന്നെയായിട്ടത് നിലനില്‍ക്കുകയും ചെയ്തു. അന്ന് പോപ്പായിരുന്ന ജൂലിയസ് രണ്ടാമനുമായി യോജിപ്പിലല്ലായിരുന്ന ചെറിയ ചില തടസ്സങ്ങള്‍ക്കുശേഷം റോമില്‍നിന്ന് പലായനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 
മൈക്കലാഞ്ചലോയുടെ സഹോദരനായ ബുവൊനാരോട്ടൊയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ദൂതന്‍ ശില്പിയെ വന്നു കണ്ടത്. രണ്ട് കോട്ടകളെ ബന്ധിപ്പിക്കുന്ന രീതിയില്‍ സുവര്‍ണ്ണ ഹോണിനു മുകളില്‍ വരുന്ന പാലം ഒരു സ്വപ്നസാക്ഷാല്‍ക്കാരമായിട്ടാണ് സുല്‍ത്താന്‍ ദര്‍ശിച്ചത്. അന്നത്തെ പോപ്പ് വളരെ മോശമായിട്ടാണ് മൈക്കലാഞ്ചലോയോട് പെരുമാറിയിരുന്നത്. ശരിക്കും പ്രതിരോധത്തിന്റെ വഴിയിലായിരുന്ന മൈക്കലാഞ്ചലൊ ശരിക്കും സ്വാഭിമാനിയായിരുന്നു ശില്പിക്ക് തന്റെ കഴിവിനെക്കുറിച്ച് പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്നു.  

മൈക്കലാഞ്ചലോയുടെ അതിനകം പുറത്തു വന്നിരുന്ന ജീവചരിത്രങ്ങളിലൂടെ വളരെ അഗാധമായി നിരീക്ഷണം നടത്താന്‍ ഈ കൃതിയുടെ രചനയ്ക്കുവേണ്ടി എനാര്‍ഡ് ശ്രമിച്ചിരുന്നു. ചരിത്രത്തിനൊപ്പം നോവലിസ്റ്റ് തന്റെ ഭാവനയുടെ തിരശ്ശീലകൂടി വകുത്ത് മാറ്റിയപ്പോള്‍ അതിനപ്പുറത്ത് സര്‍ഗാത്മകതയുടെ ഒരു ലാവണ്യഭൂമികയാണ് വിരിഞ്ഞുവന്നത്. 

നോവല്‍ ആരംഭിക്കുന്നത് തുര്‍ക്കിയിലെത്തിനില്‍ക്കുന്ന മൈക്കലാഞ്ചലോയുടെ ആഗമനത്തോടെയാണ്. പോപ്പിന്റെ നിഗൂഢമായ കണ്ണുകള്‍ തന്നെ പിന്തുടരുന്നുണ്ടോയെന്ന ഭയം അദ്ദേഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിര്‍മ്മാണത്തിന്റെ ആദ്യശില പാകുന്ന ഏപ്രില്‍ മാസം 17-ാം തീയതി ശനിയാഴ്ചയുടെ തലേ ദിവസമാണ് മൈക്കലാഞ്ചലൊ റോം വിട്ടുപോകാന്‍ തയ്യാറാകുന്നത്. 

അസ്‌കാനിയൊ കോണ്ടിവി എന്ന മൈക്കലാഞ്ചലോയുടെ ജീവചരിത്രകാരന്‍ അദ്ദേഹത്തിന്റെ പലായനത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. 1500-ലാണ് സുല്‍ത്താന്‍ ആദ്യമായി ലിയാനാര്‍ഡോയോട് പാലത്തിന്റെ നിര്‍മ്മാണ പദ്ധതിയുടെ വിശദമായ രേഖകള്‍ ആവശ്യപ്പെടുന്നത്. മൈക്കലാഞ്ചലോയുടെ പ്ലാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് നോവലിസ്റ്റായ എനാര്‍ഡ് വിഭാവനം ചെയ്തിരിക്കണം. നോവലില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത രീതിയില്‍ അത് ഒരു ഭൂചലനത്തില്‍ വികൃതമായി തീരുന്നതും വായനക്കാരുടെ മുന്നിലേക്ക് കടന്നുവരുന്നുണ്ട്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഹൃദയഭാഗത്തേക്കുള്ള ശില്പിയുടെ യാത്രയും ഇവിടെ ആശങ്കകള്‍ സൃഷ്ടിക്കുന്നു. 
നോവല്‍ ചരിത്രപരവും അതേസമയം പരികല്പനകള്‍ക്കുള്ളില്‍ വികാസം കൊള്ളുന്നവയുമാണ്. ഇവിടെ മൈക്കലാഞ്ചലോയുടെ തുര്‍ക്കിയിലേക്കുള്ള യാത്രയെക്കുറിച്ചു തന്നെ ചില സംശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പോപ്പ് ജൂലിയസ് രണ്ടാമനെ അദ്ദേഹം അത്രമേല്‍ ഭയപ്പെട്ടിരുന്നു. ഇവിടെയാണ് നോവലിസ്റ്റിന്റെ ഭാവനകള്‍ക്ക് ചിറക് മുളയ്ക്കുന്നത്. ചരിത്രവും ഫിക്ഷനും സമന്വയിക്കുന്നതിന്റെ ദൃശ്യസാധ്യതകളും കൂടുതല്‍ മികവോടെ ഇതില്‍ അവതരിപ്പിക്കപ്പെടുന്നു. 

ചരിത്രപരമായ ഒരു ദൂരസാധ്യതയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. എനാര്‍ഡും അദ്ദേഹത്തിന്റെ ആഖ്യാതാവും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ജീവചരിത്രകാരന്‍ വളരെ ഭംഗിയോടെ എടുത്തുകാണിക്കുന്നു. ചെറിയ ചെറിയ അദ്ധ്യായങ്ങളിലൂടെയാണ് എനാര്‍ഡ് തന്റെ നോവലിന്റെ കഥയുടെ ചുരുളഴിക്കുന്നത്. ശില്പിയുടെ കോണ്‍സ്റ്റാന്റിനോപ്പിളിലെ താമസവും ജീവിതാനുഭവങ്ങളും മിതമായ രീതിയില്‍ അവതരിപ്പിച്ചതിലും ഒരു പ്രത്യേക ചാരുതയുണ്ട്. മൈക്കലാഞ്ചലോയുടെ സ്വഭാവരീതികളെക്കുറിച്ചുപോലും എനാര്‍ഡ് വളരെ സൂക്ഷ്മമായി പഠിച്ചിരിക്കുന്നു. കുളിക്കാതെയുള്ള ദൈനംദിന ജീവിതത്തെക്കുറിച്ചും ഇരുന്നുകൊണ്ടുള്ള നിദ്രയെക്കുറിച്ചുമൊക്കെ സൂചിപ്പിക്കുന്നതിലെ ഏകാഗ്രത കഥാപാത്ര സൃഷ്ടിയില്‍ കൂടുതല്‍ കരുത്തു പകര്‍ന്നുകൊടുക്കുന്നതില്‍ എത്തിനില്‍ക്കുന്നു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള രൂപരേഖകള്‍ സൃഷ്ടിക്കുന്നതില്‍ കോംപസ്സിലെപ്പോലെ ഇവിടെയും എനാര്‍ഡ് തന്റെ പാണ്ഡിത്യം എടുത്തുകാണിക്കുന്നു. 

മൈക്കലാഞ്ചലോ
മൈക്കലാഞ്ചലോ

ബൈസാന്റിയന്‍ ശില്പഭംഗിയുടെ സൂക്ഷ്മതകള്‍ പോലും ശില്പി തന്റെ പുതിയ പദ്ധതിയുടെ നിര്‍മ്മാണരേഖയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നുണ്ട്. 
മതാധിപത്യത്തിന്റെ ഉത്തുംഗതയില്‍നിന്നും വരുന്ന ഒരു വ്യക്തിയെന്ന നിലയില്‍ പുതിയതായി എത്തിച്ചേരുന്ന നഗരത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ നന്നായി ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നത് കാണ്‍കെ അത്ഭുതപ്പെടുന്നുമുണ്ട്. എത്ര സമാധാനപരമായ ഒരു ജീവിതമാണ് അവിടെ നിലവിലുണ്ടായിരുന്നത്. 

അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിനെ കിഴക്കിന്റേയും പടിഞ്ഞാറിന്റേയും ഒരു ഉരുക്കു മൂശയായി കാണുന്നുമില്ല. നേരെമറിച്ച് വെനീസിന്റേയും റോമിന്റേയും സാഹചര്യങ്ങളുടെ ഒരു സങ്കലനരൂപമായിട്ടാണ് ദര്‍ശിക്കുന്നത്. മതപരമായ ഏകാധിപത്യ സംവിധാനങ്ങള്‍ അഴിച്ചുവിടുന്ന ഭയപ്പാടുകള്‍ക്കുള്ളില്‍ ജീവിക്കുന്നതിന്റെ വേദനകള്‍ അദ്ദേഹത്തിനു നന്നായിട്ടറിയാമായിരുന്നു. അദ്ദേഹത്തിനു കൊടുത്ത ഒരു സ്വീകരണത്തില്‍ ആതിഥേയന്‍ സൂചിപ്പിക്കുന്നുണ്ട്. 

അയാള്‍ ഒരു പ്രതിബിംബമെന്നതിനപ്പുറം ഒന്നുമല്ല. പ്രത്യേകമായ ഒരസ്തിത്വമില്ലാത്ത ഒരു പ്രതിഫലനം. രചനയ്ക്കുള്ളിലെ ഭ്രമാത്മകമായ അംശങ്ങള്‍ക്കുപോലും വിശ്വാസ്യതയുടെ നിറം പകര്‍ന്നുകൊടുക്കാന്‍ എനാര്‍ഡിനു കഴിയുന്നുണ്ട്. 

കോണ്‍സ്റ്റാന്റിനോപ്പിളില്‍ മൈക്കലാഞ്ചലോയുടെ വഴികാട്ടിയായി വരുന്നത് അന്നത്തെ വിഖ്യാതനായ ഓട്ടോമന്‍ കവിയായ പ്രിഷ്ടീനയിലെ മെസിഹിയാണ് (Mesihi of Prishtina). അയാളും മറ്റൊരു ചരിത്രപരമായ രൂപമാണ്. വൈകാരികമായ ഒരു ജീവിതത്തിലേക്കു കടന്നുചെല്ലുന്നതില്‍ വൈമുഖ്യം കാണിക്കുന്ന ഒരു ശില്പിക്കൊത്തുള്ള ജീവിതത്തില്‍ മെസിഹിക്ക് തന്റെ ജൈവപരമായ ഉന്മാദാവസ്ഥകളെ ഉപേക്ഷിക്കേണ്ടതായി വരുന്നു. അതിന്റെ പിന്നാലെ ചാഞ്ചാടിപ്പോകുന്ന ഒരു ജീവിതരീതിയാണ് ഇവിടെ അയാള്‍ക്ക് ഉപേക്ഷിക്കേണ്ടതായി വന്നത്. എങ്കിലും അയാളതിനുള്ളില്‍ കഴിയാനുള്ള വ്യഗ്രതകള്‍ പാടെ മറന്നുപോകുന്നുമില്ല. അയാള്‍ എഫെബീസിനൊപ്പം മദ്യം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ട്. കൊട്ടാര വലയങ്ങളില്‍ അയാളെ ഒരു നഷ്ടപ്പെട്ട വ്യക്തിത്വമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഗോള്‍ഡ് ഹോണിനു മുകളിലെ പാലത്തിന്റെ രൂപകല്പനകള്‍ വികസിച്ചുവരുമ്പോള്‍ മെസിഹി ശില്പിയുമായി അടുപ്പത്തിലാവുന്നുണ്ട്. അയാളുടെ നിഗൂഢമായ വ്യക്തിത്വത്തിനു മുന്നില്‍ മൈക്കലാഞ്ചലൊ സ്വയം ഒരുതരം ഹര്‍ഷോന്മാദത്തിലേക്ക് വഴുതിപ്പോകുന്നുമുണ്ട്. 

മെസിഹിയുമായുള്ള അടുപ്പം മൈക്കലാഞ്ചലോയെ വല്ലാത്ത ഒരനുഭൂതിതലത്തിലേക്കെത്തിക്കുന്നുണ്ട്. മെസിഹി ശില്പിയെ ആരാധിക്കാനും സ്‌നേഹിക്കാനും തുടങ്ങിയിരുന്നു. ഇടയ്ക്ക് നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന ഒരു രൂപത്തില്‍ ശില്പി ആകൃഷ്ടനാകുന്നു. അതൊരു പുരുഷേെനാ അതോ സ്ത്രീയോ? നോവലില്‍ ഈ കഥാപാത്രത്തിന്റെ പേരു പോലും ശരിക്കും വ്യക്തമാകുന്നില്ല. പക്ഷേ, അത് നോവലിലെ മറ്റൊരു ശബ്ദമാണെന്ന തിരിച്ചറിവുണ്ടാവുകയും ചെയ്യുന്നു. ഇരുട്ടില്‍ മൈക്കലാഞ്ചലോയെ അഭിമുഖീകരിച്ചുകൊണ്ടത് വീണ്ടും വീണ്ടും മടങ്ങിവരുകയും കൂടിയാകുമ്പോള്‍ ആകെ ഒരു സമസ്യപോലെ മാത്രമെ ഇതിനെ കാണാനാകൂ. നിങ്ങളെന്നെ ആഗ്രഹിക്കുന്നില്ലേ? അങ്ങനെയെങ്കില്‍ ശ്രദ്ധിക്കുക, ഒരിക്കല്‍ വിദൂര ദേശത്തുള്ള ഒരു രാജ്യത്ത്... ഇല്ല ഞാന്‍ നിങ്ങളോടൊരു കഥ പറയാന്‍ പോകുന്നില്ല. കഥകള്‍ പറയാനുള്ള സമയം കടന്നുപോയിരിക്കുന്നു. കടങ്കഥകളുടെ യുഗവും കഴിഞ്ഞുപോയിരിക്കുന്നു. 

മൈക്കലാഞ്ചലോയുടെ ശില്‍പം 'ഡേവിഡ്'
മൈക്കലാഞ്ചലോയുടെ ശില്‍പം 'ഡേവിഡ്'


നോവലിലെ രണ്ടാം ശബ്ദത്തെയാണ് നാമിവിടെ തിരിച്ചറിയുന്നത്. മൈക്കലാഞ്ചലോയോട് അത് സംസാരിക്കുന്നത് ഒരു അജ്ഞാതമായ നിമിഷത്തിലാണ്. 
നിങ്ങളുടെ കൈകള്‍ പരുക്കനാണ്. നിങ്ങളുടെ ശരീരവും പരുക്കനാണ്. നിങ്ങള്‍ നിദ്രയിലല്ലന്നെനിക്കറിയാം. ഒരു വിദേശിയെ നിങ്ങള്‍ ഭയക്കുന്നുവോ. ഇവിടെ ഭയപ്പെടേണ്ടത് ഞാനാണ്. ഞാന്‍ ഇരുട്ടില്‍ കേള്‍ക്കുന്ന ഒരു ശബ്ദം മാത്രമാണ്. പ്രഭാതത്തിനൊപ്പം ഞാന്‍ അപ്രത്യക്ഷമാകും. ഈ മുറിയില്‍നിന്നും ഞാന്‍ പുറത്തേക്കു കടക്കും. ഇവിടെ ആദ്യത്തെ കഥാപറച്ചിലുകാരി ഷെഹര്‍നസാദെയുടെ ശബ്ദമാണ് നാം കേള്‍ക്കുന്നതെന്നു തോന്നും. ആയിരത്തിയൊന്നുരാവിന്റെ കഥ പറയുന്ന പൗരസ്ത്യനായികയുടെ രൂപം. ഇടയ്ക്ക് എനാര്‍ഡ് കയറിവരുന്നുണ്ട്. ആ നിഗൂഢരൂപത്തെക്കൊണ്ട് എനാര്‍ഡ് കഥകളുടെ ചുരുളഴിക്കുന്നു. 

പ്രഭാതം വരെ ഏതായാലും ഞാനെന്റെ കഥകള്‍കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കാന്‍ പോകുന്നില്ല. അപകടംപിടിച്ച ദ്വീപ് യാത്രകളെക്കുറിച്ചും ഞാന്‍ പറയാന്‍ പോകുന്നില്ല. ഷെഹര്‍നസാദെ കഥയായി കഥകള്‍ പറഞ്ഞ് അവളുടെ കമിതാവിനെ ഉറക്കാതിരിക്കുന്നതിന്റെ ഓര്‍മ്മകള്‍ നമ്മോട് സംവേദിക്കുന്നു. നിങ്ങളെന്റെ കഥകള്‍ ഇഷ്ടപ്പെടുന്നില്ലേ. പക്ഷേ, നിങ്ങള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ, എനാര്‍ഡ് സൃഷ്ടിയുടെ കര്‍മ്മത്തെക്കുറിച്ചാണ് കൂടുതല്‍ ആകുലനാകുന്നത്. ഒരിക്കലും നിലനില്‍ക്കാത്ത സൂചനകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നമുക്കറിയാനാവുമോ എന്നാണ് എനാര്‍ഡ് ചോദിക്കുന്നത്. 

നോവലിസ്റ്റായ എനാര്‍ഡ് ശരിക്കും തീവ്രമായ ഒരു മനുഷ്യസ്‌നേഹി തന്നെയാണ്. ചരിത്രത്തിലെന്നപോലെ അദ്ദേഹം ഹൃദയത്തിലും താല്പര്യം കാണിക്കുന്നു. നോവലിലാകെ സംഭവിക്കാന്‍ പോകുന്നുവെന്നു തോന്നുന്ന സംഭവങ്ങള്‍ നിരവധിയാണ്. പക്ഷേ, അത് സംഭവിക്കുന്നില്ല. പണി പൂര്‍ത്തിയാകാന്‍ പോകുന്ന ഒരു പാലവും മിക്കവാറും എരിഞ്ഞുതീരാന്‍ പോകുന്ന ഒരു വികാരവേശവും ആരുടേയോ നെഞ്ചിലേക്കാഴ്ന്നിറങ്ങാന്‍ പോകുന്ന ഒരു കഠാരയും എല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി കടന്നുവരുന്ന ബിംബങ്ങളാണ്. മൈക്കലാഞ്ചലോയുടെ ആദമിന്റെ രൂപകല്പനയെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നുണ്ട്. രണ്ട് നീണ്ടുവരുന്ന വിരലുകള്‍ ഒരിക്കലും തമ്മില്‍ സ്പര്‍ശിക്കുന്നില്ല. പാശ്ചാത്യ കലാചരിത്രത്തിലെ നിമിഷങ്ങളാണ് ഇവിടെ പുനരാവിഷ്‌കരിക്കുന്നത്. ഇവിടെ നോവല്‍ വായനക്കാരന്റെ മുന്നില്‍ പൂര്‍ണ്ണമായും കീഴ്പെടുകയാണ്. ഒരുപക്ഷേ, എനാര്‍ഡ് അതുവരെ അന്വേഷിക്കപ്പെടാത്ത ചില സാധ്യതകളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. 

പാലം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഒരു മരണക്കെണിയില്‍നിന്നും മൈക്കലാഞ്ചേെലായെ ഒരുത്തമ സുഹൃത്ത് ഇരുട്ടിന്റെ മറവില്‍ രക്ഷപ്പെടുത്തുന്നുണ്ട്. ആകെ നിസ്സഹായനായി കിട്ടുമെന്നു പ്രത്യാശിച്ച പ്രശസ്തിയും പണവും ലഭ്യമാകാതെ സഹോദരന്റെ നിര്‍ദ്ദേശപ്രകാരം പോപ്പിന്റെ ഭീഷണിയില്‍ റോമിലേക്കു തിരിച്ചുപോകുന്ന മൈക്കലാഞ്ചേെലായെ നാം കാണുന്നു. എല്ലാം വ്യര്‍ത്ഥമെന്നു തോന്നുന്ന ചില നിമിഷങ്ങള്‍. കാലം പിന്നിട്ടപ്പോള്‍ ഒരു വലിയ ഭൂകമ്പം കോണ്‍സ്റ്റാന്റിനോപ്പിളിനെ തകര്‍ത്തപ്പോള്‍ മൈക്കലാഞ്ചലൊ രൂപംകൊടുത്ത സുവര്‍ണ്ണ ഹോണിനു മീതെയുള്ള പാലവും തകര്‍ന്നുവീണതായി ചരിത്രം ബോദ്ധ്യപ്പെടുത്തുന്ന നോവലിസ്റ്റിന്റെ അവസാനത്തെ സൂചനകള്‍ കുറിപ്പുകളായി രേഖപ്പെടുത്തിയിരിക്കുന്നു. ബാക്കിയുള്ളതിനെക്കുറിച്ച് നമുക്കൊന്നും അറിയില്ല. കഥ തികച്ചും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുവച്ചതുപോലെയാണ് അനുഭവപ്പെടുന്നത്. ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാതെ പോകുന്ന ചില സംഭവങ്ങളെ കാലത്തിന്റെ കണ്ണാടിയില്‍ മറച്ചുവയ്ക്കുന്നു. അനുകരണത്തിന്റെ ഫലങ്ങള്‍ ശരിക്കും ആദരവു തോന്നിക്കുന്ന രീതിയില്‍ നേടിയിരിക്കുന്നു. നോവലിന്റെ ഘടനയും ആഖ്യാനവും പ്രമേയത്തിന്റെ വികാസത്തിനനുയോജ്യമായ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഈ നോവല്‍ വായനക്കാരനെക്കാള്‍ കൂടുതല്‍ സാഹിത്യവിശകലനം ചെയ്യുന്നവനെയാണ് സംതൃപ്തനാക്കുന്നത്. 


വളരെ രഹസ്യമായിട്ടാണ് മൈക്കലാഞ്ചലൊ കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്നും യാത്രയാകുന്നത്. മരണത്തിന്റെ സാന്നിദ്ധ്യം അയാള്‍ അടുത്തറിഞ്ഞിരുന്നു. ഒരിക്കലും തിരിച്ചുകൊടുക്കാന്‍ കഴിയാതെപോയ ഒരു സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ അയാളെ വേട്ടയാടുകയും ചെയ്തിരുന്നു. മെസിഹിയെന്ന കവിയുടെ അസൂയയില്‍നിന്നുമുയര്‍ന്ന അപകടം പിടിച്ച ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ മുറിവേല്‍ക്കപ്പെട്ട് പരാജിതനായി, നിര്‍ദ്ധനനായി നമ്മുടെ മുന്നില്‍ മൈക്കലാഞ്ചലൊ നില്‍ക്കുന്നു. ഇസ്താംബൂളില്‍നിന്നും കൈയിലൊരു പെനിയുമില്ലാതെ അയാള്‍ യാത്രയായി. സുല്‍ത്താന്റെ കണ്ണുകള്‍ തന്നെ പിന്തുടരുന്നുണ്ടെന്നും അയാള്‍ക്കു തോന്നി. ലിയൊനാര്‍ഡോയോട് അപ്പോള്‍ ആദ്യമായിട്ട് അയാള്‍ക്കു സഹതാപം തോന്നി. വഞ്ചന തിരിച്ചറിയാതെ പരാജിതനായി മടങ്ങേണ്ടിവരുന്നതിലെ ദുഃഖം. നോവലിന്റെ അനുബന്ധമായ 1500 മൈക്കലാഞ്ചലൊ സിസ്റ്റെയിന്‍ ചാപ്പലിലെ ജോലി ആരംഭിച്ചപ്പോഴാണ് ഇസ്താംബൂളില്‍ വലിയ ഭൂചലനമുണ്ടായത്. കനത്ത നാശം വിതറിയ ഭൂചലനത്തില്‍ അവിടമാകെ തകര്‍ന്നുപോയി. രൂപപ്പെടുത്തിയ പാലത്തിന്റെ ചില അവശിഷ്ടങ്ങള്‍ മാത്രം ബാക്കിയായി. 

1564-ല്‍ മരണത്തിനുവേണ്ടി തയ്യാറെടുത്തു കിടക്കുന്ന മൈക്കലാഞ്ചലോയേയും നാം നോവലില്‍ കാണുന്നു. ധനവാനായിട്ടാണ് അദ്ദേഹം മരിക്കുന്നത്. കോണ്‍സ്റ്റാന്റിപ്പിളിലേക്കുള്ള യാത്രയ്ക്കുശേഷം എണ്‍പത്തിയൊന്‍പതാമത്തെ വയസ്സില്‍ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെട്ട് ദൈവത്തിന്റെ വിളി കാത്തുകിടക്കുന്ന ഒരു രൂപം. ദൈവത്തെ കാണുവാനാകുമെന്ന് അയാള്‍ പ്രത്യാശിക്കുന്നു. അയാള്‍ ദൈവത്തെ കാണുക തന്നെ ചെയ്യും. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചവന് അത് ലഭിക്കാതിരിക്കില്ല. അപ്പോഴും സുവര്‍ണ്ണ ഹോണിനു മുകളിലെ പാലം പൂര്‍ത്തീകരിക്കപ്പെടാതെ അനാഥമായി കിടന്നു. 

ഒരസാമാന്യ പ്രതിഭയുടെ ഈ നോവല്‍ കാലത്തെ അതിജീവിച്ചു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ നോവല്‍ നല്‍കുന്ന സന്ദേശമുണ്ട്. എന്തിനുവേണ്ടിയാണ് കഥകള്‍ പറയുന്നത്. എന്തിനുവേണ്ടിയാണ് പാലങ്ങള്‍ പണിയുന്നത്. രണ്ട് സംസ്‌കാരങ്ങള്‍ക്കിടയിലെ ഒരിക്കലും ഒത്തുചേര്‍ക്കാനാവാത്ത കഷണങ്ങള്‍ക്കു നിരവധി കഥകള്‍ പറയുവാനുണ്ടാകും. ഒന്നുമില്ലെങ്കിലും അന്യോന്യം ദര്‍ശിച്ച് സായൂജ്യമടയുകയെങ്കിലും ചെയ്യും. ഈ നോവലൊരു മഹാത്ഭുതം തന്നെയാണ്. മത്തിയാസ് എനാര്‍ഡിന്റെ രചനകള്‍ വായിക്കുക. അവ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com