ശാസ്ത്രസ്വപ്നങ്ങളുടെ ഇസിജി: ഡോക്ടര്‍ ഇസിജി സുദര്‍ശനെ കുറിച്ച്

കപ്പിനും ചുണ്ടിനുമിടയില്‍ ഒന്‍പതു തവണ നൊബേല്‍ പുരസ്‌കാരം നഷ്ടമായ അദ്ദേഹം മരിച്ചത് കഴിഞ്ഞവര്‍ഷം മേയ് 14 നാണ്.
ശാസ്ത്രസ്വപ്നങ്ങളുടെ ഇസിജി: ഡോക്ടര്‍ ഇസിജി സുദര്‍ശനെ കുറിച്ച്


ന്ത്യ കണ്ട എക്കാലത്തെയും വലിയ ഭൗതികശാസ്ത്ര പ്രതിഭയായ ഡോ. ഇ.സി.ജി. സുദര്‍ശന്‍ വിടപറഞ്ഞിട്ട് ഒരു വര്‍ഷം. കപ്പിനും ചുണ്ടിനുമിടയില്‍ ഒന്‍പതു തവണ നൊബേല്‍ പുരസ്‌കാരം നഷ്ടമായ അദ്ദേഹം മരിച്ചത് കഴിഞ്ഞവര്‍ഷം മേയ് 14 നാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം പ്രശസ്തരായവരുടെ നിരയിലുള്ള പി.എ.എം. ഡിറാക്, റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍, ഗല്‍മാന്‍, റോബര്‍ട്ട് മാര്‍ഷക്, സ്റ്റീവല്‍ വിന്‍ബര്‍ഗ്, അബ്ദുള്‍സലാം, ഗ്ലോബര്‍ എന്നിവരുടെ  സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എട്ടര പതിറ്റാണ്ടു കാലം മികവുറ്റ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച അദ്ദേഹം അഞ്ഞൂറിലധികം ഗവേഷക പ്രബന്ധങ്ങള്‍ ഇതിനോടകം രചിച്ചു. നൊബേല്‍ സമ്മാനത്തിനൊപ്പം നില്‍ക്കുന്ന ഡിറാക് മെഡല്‍, ഇറ്റലിയുടെ മജോരനാ അവാര്‍ഡ്, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, സി.വി. രാമന്‍ അവാര്‍ഡ്, ബോസ് പുരസ്‌കാരം, ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 

ജനനവും ബാല്യകാലവും 
ഇ.സി.ജി. സുദര്‍ശന്റെ ജനനം പാക്കില്‍ കവലയ്ക്ക് സമീപമുള്ള എണ്ണയ്ക്കല്‍ കുടുംബത്തിലാണ്. എണ്ണയ്ക്കല്‍ കുടുംബക്കാര്‍ പരമ്പരാഗതമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനികളാണ്. സുദര്‍ശന്റെ പിതാമഹന്റെ കാലത്താണ് കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള കാഞ്ഞിരത്തുനിന്ന് പാക്കിലേക്ക് എണ്ണയ്ക്കല്‍ കുടുംബം മാറിത്താമസിക്കുന്നത്. കാഞ്ഞിരത്തേക്ക് അവര്‍ കുറവിലങ്ങാട്ടുനിന്നു വന്നവരാണത്രേ. മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക സുറിയാനി ക്രിസ്ത്യന്‍ കുടുംബങ്ങളുടേയും വേരുകള്‍ ആദ്യ നൂറ്റാണ്ടുകളില്‍ കുറവിലങ്ങാട്ട് രൂപപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തിലാണ്. 1931 സെപ്റ്റംബര്‍ 16-ന് ഇ.സി. ജോര്‍ജ് സുദര്‍ശന്‍ തന്റെ മാതാപിതാക്കളുടെ മൂന്നാമത്തെ മകനായിട്ടാണ് പിറന്നത്. അച്ഛന്‍ ഇ.ഐ. ചാണ്ടി ഒരു സര്‍ക്കാര്‍ റവന്യൂ ഇന്‍സ്പെക്ടറായിരുന്നു. അമ്മ അച്ചാമ്മ  പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയും. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്തിരുന്ന പിതാവ് സുറിയാനി ക്രിസ്ത്യാനിയുടെ വിശ്വാസപരമായ കടുംപിടുത്തങ്ങളില്ലാത്ത സഹൃദയനായിരുന്നു. പില്‍ക്കാലത്ത് പിതാവിന്റെ വായനാശീലം അദ്ദേഹത്തെ തുണയ്ക്കുകയും ചെയ്തു. 

മൂത്ത ജ്യേഷ്ഠന്‍ ഇ.സി. ജോസഫിന് സുദര്‍ശനേക്കാള്‍ 11 വയസ്സ് കൂടുതലാണ്. പോസ്റ്റ് മാസ്റ്ററായി ജോലിയില്‍നിന്നു വിരമിച്ച അദ്ദേഹം 11 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. സുദര്‍ശന്റെ മുതിര്‍ന്ന സഹോദരി സൂസി ജനിച്ച് രണ്ടര വയസ്സായപ്പോള്‍ രോഗബാധിതയായി മരിച്ചുപോയി. പിന്നീടാണ് ജോയി എന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇ.സി. ജോര്‍ജ് സുദര്‍ശന്റെ ജനനം. അദ്ദേഹത്തിന് ഒരു ഇളയ സഹോദരന്‍ കൂടിയുണ്ട്, തോമസ്സ് അലക്‌സാണ്ടര്‍. 1955-ല്‍ ലളിതാ ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ച സുദര്‍ശന്‍ 1989-ല്‍ വിവാഹമോചനം തേടി. മദ്രാസ് സര്‍വ്വകലാശാലാ ഭൗതിക വിഭാഗം പ്രൊഫസര്‍ ഡോ. ഭാരതിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. 

ആദ്യ വിവാഹമോചനത്തിനായി തന്റെ അമേരിക്കയിലെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് വിട്ടുകൊടുക്കേണ്ടിവന്നു സുദര്‍ശന്. പാക്കിലെ കുടുംബസ്വത്തില്‍നിന്നു വിഹിതവും ലഭിച്ചിട്ടില്ല. അമേരിക്കയില്‍ ഉയര്‍ന്ന നിലയില്‍ ശാസ്ത്രജ്ഞനായി കഴിയുന്ന മകന് പിതൃസ്വത്ത് നല്‍കേണ്ടതില്ല എന്നു പിതാവ് തീരുമാനിച്ചു. അനുജന്‍ തോമസ്സിന്റെ വാക്കുകളില്‍ സുദര്‍ശന്‍ പഠനത്തില്‍ ഒന്നാം ക്ലാസ്സ് മുതല്‍ തന്നെ എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നു. പ്രൈമറി ക്ലാസ്സുകള്‍ സുദര്‍ശന്‍ പഠിച്ചത് അമ്മ അക്കാലത്ത് ജോലി ചെയ്തിരുന്ന പുതുപ്പള്ളി സര്‍ക്കാര്‍ യു.പി സ്‌കൂളിലാണ്. അമ്മയ്ക്ക് ചിങ്ങവനത്തിനടുത്തുള്ള സ്‌കൂളിലേക്കു സ്ഥലം മാറ്റം ലഭിച്ചതിനാല്‍ സുദര്‍ശന്റെ ഹൈസ്‌കൂള്‍ പഠനം ചിങ്ങവനം കക്കുഴി സെന്റ് തോമസ് ഹൈസ്‌കൂളിലായിരുന്നു. കണക്കിലും സയന്‍സിലും അതീവ സമര്‍ത്ഥനായിരുന്നു സുദര്‍ശനെന്ന് പറയുന്നു സഹപാഠി ഡോ. സി.എ. നൈനാന്‍. കേരള സര്‍വ്വകലാശാല മുന്‍ സയന്‍സ് ഫാക്കല്‍റ്റി ഡീനാണ് നൈനാന്‍. ഇന്റര്‍മീഡിയറ്റ് സുദര്‍ശന്‍ കോട്ടയം സി.എം.എസ് കോളേജിലും ഫിസിക്‌സ് ഐച്ഛിക വിഷയമായി ബി.എസ്സി ഹോണേഴ്സ് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും പഠിച്ചു. മദിരാശി സര്‍വ്വകലാശാലയുടെ ഫിസിക്‌സിലുള്ള പി.ജി ഡിഗ്രിയും കിട്ടിക്കഴിഞ്ഞ് 1952-ല്‍ ഹോമി ജെ. ഭാഭയുടെ ക്ഷണപ്രകാരം മൂന്നു വര്‍ഷക്കാലം മുംബൈ റ്റി.ഐ.എഫ്.ആറില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പക്ഷേ, പി.എച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. ഇക്കാലത്ത് പരിചയപ്പെട്ട അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് മാര്‍ഷക് സുദര്‍ശന് അമേരിക്കയിലെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ അദ്ദേഹത്തിന്റെ ഗൈഡന്‍സില്‍ പി.എച്ച്ഡി പഠനത്തിന് അവസരമൊരുക്കി. വിവാഹിതനായി 1955-ല്‍ സുദര്‍ശന്‍ അമേരിക്കയിലേക്ക് കപ്പല്‍ കയറി. 

ഗവേഷണ മേഖലകളും സംഭാവനകളും 
ഒമ്പതു തവണയാണ് നൊബേല്‍ പുരസ്‌കാരത്തിനായി അദ്ദേഹം പരിഗണിക്കപ്പെട്ടത്. പക്ഷേ, ഓരോ തവണയും അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. 1998 മുതല്‍ 2010 വരെ സുദര്‍ശനോടൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം ഐസറിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അനില്‍ ഷാജി  പറയുന്നതിങ്ങനെ- സുദര്‍ശന്‍ സാറിന് ഫിസിക്‌സില്‍ ഒരു ചെറിയ മേഖലയിലുള്ള ഗവേഷണം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. വ്യത്യസ്തങ്ങളായ ഒരു അഞ്ച് വിഷയങ്ങളിലെങ്കിലും അദ്ദേഹം ഗവേഷണം നടത്തി മൗലികമായ ഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം നൊബേല്‍ സമ്മാനത്തിന് അര്‍ഹമായവയായിരുന്നു. ഓരോ തവണ അദ്ദേഹം പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുമ്പോഴും നൊബേല്‍ സമ്മാനക്കമ്മിറ്റി കരുതുന്നത് മറ്റൊരു രംഗത്ത് അദ്ദേഹത്തിനു തീര്‍ച്ചയായും ലഭിക്കുമെന്നായിരുന്നു. നൊബേല്‍ സമ്മാനജേതാക്കളായ റിച്ചാര്‍ഡ് ഫെയ്ന്‍മന്റേയും സ്റ്റീവന്‍ വിന്‍ബെര്‍ഗിന്റേയുമൊക്കെ  വാക്കുകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും സുദര്‍ശന്‍ നൊബേല്‍ സമ്മാനത്തില്‍ നിന്നൊഴിവാക്കപ്പെട്ടതില്‍ അവര്‍ക്കുള്ള വിഷമം വ്യക്തമാണ്.

സത്യത്തില്‍ നൊബേല്‍ സമ്മാനജേതാവിനേക്കാളും എത്രയോ ഉയരത്തിലാണ് സുദര്‍ശന്റെ സ്ഥാനം. 26-ാം വയസ്സിനുള്ളില്‍ അമേരിക്കയിലെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍വെച്ച് പി.എച്ച്ഡി ഗൈഡായ റോബര്‍ട്ട് ഇ. മാര്‍ഷക്കിനോടൊപ്പം നടത്തിയ ഗവേഷണഫലങ്ങള്‍ (ഇവയില്‍ ഏറിയ പങ്കും സുദര്‍ശന്റെ തന്നെയാണ്) അപൂര്‍ണ്ണമായി കിടന്നിരുന്ന ഒരു വലിയ പ്രശ്‌നത്തിന്റെ പരിഹാരത്തിനുള്ള പ്രാഥമിക ചവിട്ടുപടികളായിരുന്നു. റേഡിയോ ആക്ടീവതയില്‍ ന്യൂട്രോണുകള്‍ പ്രോട്ടോണുകളായും ചിലപ്പോള്‍ പ്രോട്ടോണുകള്‍ ന്യൂട്രോണുകളായും മാറുന്നു. ഈ ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇലക്ട്രോണുകളോ പോസിട്രോണുകളോ (ഋണചാര്‍ജുള്ള ഇലക്ട്രോണുകള്‍: ഇലക്ട്രോണുകളുടെ അതേ പിണ്ഡം പക്ഷേ, തുല്യവും വിപരീതവുമായ ചാര്‍ജ്) ഉണ്ടാകുന്നു. ഇവയ്ക്കു പുറമേയാണ് ഈ പ്രതിപ്രവര്‍ത്തനങ്ങളില്‍ ന്യൂട്രിനോകളും ആന്റി ന്യൂട്രിനോകളും സൃഷ്ടിക്കപ്പെടുന്നത്. ഫെര്‍മി നിര്‍ദ്ദേശിച്ച ഈ പ്രക്രിയ ഗണിതപരമായി പൂര്‍ണ്ണത പ്രാപിച്ചിട്ടില്ലായിരുന്നു. സുദര്‍ശന്‍ മുംബൈ റ്റി.ഐ.എഫ്.ആറില്‍ ഹോമി ജെ. ഭാഭയുടെ കീഴില്‍ പഠനമാരംഭിച്ച കോസ്മിക് രശ്മി പഠനം റേഡിയോ ആക്ടീവതയുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ഒരു പഠനമേഖലയായിരുന്നു. റ്റി.ഐ.ആര്‍.എഫ് പഠനകാലത്ത് ക്വാണ്ടം ഭൗതികത്തിലെ അതികായനായ പോള്‍ എ.എം. ഡിറാക്കുമായുള്ള ഇടപെടലുകളില്‍ കൂടി ക്വാണ്ടം ഭൗതികത്തിന്റേയും അതിനാവശ്യമായ ഗണിതസമവാക്യങ്ങളുടേയും അടിത്തറ മനസ്സിലാക്കിയെടുത്ത ഇ.സി.ജി സുദര്‍ശനെന്ന ചെറുപ്പക്കാരന്‍ ഭൗതികഗവേഷണത്തില്‍ ക്രിയാത്മക സൃഷ്ടിയുടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലേക്ക് കടന്നുചെന്നു. ആ ബൗദ്ധികമൂശയില്‍ ഉരുത്തിരിയുന്നതാണ് പ്രശസ്തമായ 'വി.എ. സിദ്ധാന്തം.' വെക്ടറുകള്‍ (മലയാളത്തില്‍ സദിശങ്ങള്‍) ഇവിടെ രണ്ട് വിധം. അക്‌സിയല്‍ വെക്ടറും സ്യൂഡോ വെക്ടറും. സുദര്‍ശന്റെ തീയറി ഈ ആശയത്തിന്റെ ചുവടുപിടിച്ചിട്ടുള്ളതാണ്.

സുദര്‍ശന്‍-മാര്‍ഷക് സിദ്ധാന്തം 1958-ല്‍ വെറുമൊരു  കോണ്‍ഫറന്‍സ് പേപ്പറായി ഒതുങ്ങി. സുദര്‍ശന്റെ ഗുരുവായ മാര്‍ഷക്കില്‍നിന്നുതന്നെ ഈ ആശയം മനസ്സിലാക്കിയ ഗല്‍മാനും ശിഷ്യന്‍ റിച്ചാര്‍ഡ് ഫെയ്ന്‍മാനും അതു കുറേക്കൂടി വികസിപ്പിച്ച് Physical Review ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ഈ ഗവേഷണഫലത്തില്‍ അവര്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. പൂര്‍ണ്ണമായ മോഷണം ആരോപിക്കാനാകില്ലെങ്കിലും പില്‍ക്കാലത്ത് ഏറെ തുടര്‍ഗവേഷണങ്ങള്‍ക്കും 1979-ല്‍ മറ്റൊരു പ്രശസ്ത നൊബേല്‍ സമ്മാനത്തിനും വഴിതെളിച്ച ഈ സിദ്ധാന്തത്തിന്റെ മുഖ്യശില്പി ഇ.സി.ജി സുദര്‍ശനാണെന്നത് യാഥാര്‍ത്ഥ്യമായിരുന്നു. 1965-ലെ നൊബേല്‍ സമ്മാനമാണ് ഇതുമൂലം സുദര്‍ശനു നഷ്ടമായത്. പക്ഷേ, ലോകമെമ്പാടുമുള്ള ഭൗതിക ശാസ്ത്രസമൂഹങ്ങളില്‍ ഇ.സി.ജി സുദര്‍ശന്‍ എന്ന പേരും ഇക്കാര്യത്തിലുള്ള വിവാദങ്ങളെ തുടര്‍ന്ന് ചിരപ്രതിഷ്ഠ നേടി.  അങ്ങനെ നൊബേല്‍ സമ്മാനം ലഭിക്കാതെ തന്നെ വലിയ പ്രശസ്തി അദ്ദേഹത്തെ തേടിയെത്തി. ഇക്കാര്യത്തില്‍ ഗുരുവായ മാര്‍ഷക്കിന്റെ വീഴ്ചയും (വളരെ നൂതനവും ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്ന ഒരു പുത്തന്‍ ഗവേഷണസിദ്ധാന്തം ഉടന്‍ തന്നെ ഒരു മുന്‍നിര ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാതെ ഒരു സെമിനാര്‍ പ്രബന്ധമായി ഒതുക്കികളഞ്ഞത്) മന:പൂര്‍വ്വമല്ലായിരിക്കാം. പക്ഷേ, എന്തുകൊണ്ടോ തന്റെ ശിഷ്യന്റെ ഗവേഷണഫലത്തിന്റെ മഹത്വം അദ്ദേഹത്തിനു മുന്‍കൂട്ടി കാണാന്‍ പറ്റാതെ പോയി! ഇക്കാലത്ത് സുദര്‍ശന്‍ ഒരു പി.എച്ച്ഡി വിദ്യാര്‍ത്ഥി മാത്രമായിരുന്നു എന്ന പരിമിതിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗൈഡായ മാര്‍ഷക്കാണ് സെമിനാര്‍ പേപ്പര്‍ വേണോ ജേര്‍ണല്‍ പേപ്പര്‍ വേണോ എന്ന കാര്യത്തില്‍ അവസാന വാക്ക്. 1965-ല്‍ റിച്ചാര്‍ഡ് ഫെയ്മന്‍ നേടിയ നൊബേല്‍ പുരസ്‌കാരം വെറുമൊരു സാധാരണ നൊബേല്‍ പുരസ്‌കാരമല്ലായിരുന്നു. 
ഭൗതികശാസ്ത്രത്തില്‍ അടിസ്ഥാന ബലങ്ങള്‍ നാലാണ്. ഗുരുത്വാകര്‍ഷണബലം, വൈദ്യുത-കാന്തികബലം, ശക്തികുറഞ്ഞതും കൂടിയതുമായ ന്യൂക്ലിയര്‍ ബലങ്ങള്‍. പ്രപഞ്ചോല്പത്തി സമയത്ത് അത്യന്തം ഉയര്‍ന്ന ഊര്‍ജ്ജാവസ്ഥയില്‍ ഈ നാല് ബലവും സംയോജിച്ച് ഒരൊറ്റ ബലമായി പ്രവര്‍ത്തിച്ചുവെന്നാണ് സൈദ്ധാന്തിക കണികാഭൗതിക ശാസ്ത്രജ്ഞരുടെ വിശ്വാസം. ബലങ്ങളുടെ ഈ ഏകീകരണം പരീക്ഷണശാലയില്‍ പുന:സൃഷ്ടിക്കുക അത്ര ലഘുവായ കാര്യമല്ല. 1955-ല്‍ ചരമം പ്രാപിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പൂര്‍ത്തീകരിക്കാതെ പോയ സ്വപ്നമാണ് ഏകീകൃത ക്ഷേത്രസിദ്ധാന്തം. ഈ നാലു ബലങ്ങളില്‍ ഗുരുത്വാകര്‍ഷണബലം ഒഴികെയുള്ള മൂന്നു ബലങ്ങളും ക്വാണ്ടം ഭൗതിക നിയമങ്ങള്‍ക്കു വിധേയമാണ്. ഈ നാല് ബലങ്ങളും തമ്മില്‍ യോജിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ സൈദ്ധാന്തികര്‍ പ്രവചിച്ചിട്ടുണ്ട്, പക്ഷേ, ഇതുവരേയും പൂര്‍ണ്ണമായ നിലയില്‍ പരീക്ഷണശാലയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.
എന്നാല്‍, സുദര്‍ശന്‍ മാര്‍ഷക്കുമാരുടേയും തുടര്‍ന്ന് ഗല്‍മാന്‍ ഫെയ്ന്‍മാന്മാരുടേയും സിദ്ധാന്തങ്ങള്‍ 1959-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് റേഡിയോ ആക്ടീവതയെക്കുറിച്ചുള്ള പഠനങ്ങളില്‍ വൈദ്യുതകാന്തികബലവും ദുര്‍ബ്ബല ന്യൂക്ലിയര്‍ ബലവും കൂടിയ ഒരു ഊര്‍ജ്ജാവസ്ഥയില്‍ ഒറ്റ ബലമായി സംയോജിക്കുമെന്ന സൈദ്ധാന്തിക പ്രവചനമുണ്ടായി, സുദര്‍ശന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ സ്റ്റീവന്‍ വീന്‍ബര്‍ഗ്, ഗ്ലാസ്ഷോ, പാക്കിസ്താന്‍കാരനായ അബ്ദുള്‍ സലാം (എസ്. ചന്ദ്രശേഖറേയും ഹോമി ഭാഭയേയും പോലെ ഇദ്ദേഹം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍നിന്നു ഗവേഷണ ബിരുദം നേടിയയാളാണ്) എന്നിവര്‍ക്ക് ഈ സിദ്ധാന്തത്തിന്റെ പേരില്‍ (ഇലക്ട്രോ-വീക്ക് തിയറി എന്ന് ഇതറിയപ്പെടുന്നു) 1979-ല്‍ നൊബേല്‍ സമ്മാനം ലഭിച്ചു. ഈ സിദ്ധാന്തം ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്ക് തുല്യമാണെങ്കില്‍ ഇതിന്റെ ഒന്നാംനില പണിതവര്‍ സുദര്‍ശനും ഒരു പരിധിവരെ ഫെയ്ന്‍മാനുമാണ്. ഇക്കാര്യത്തില്‍ താന്‍ അവഗണിക്കപ്പെട്ടു എന്ന ചിന്ത ഇ.സി.ജി. സുദര്‍ശന് നല്ലവണ്ണമുണ്ടായിരുന്നു. മേല്‍ സൂചിപ്പിച്ച ഉദാഹരണം ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ തന്നെ പ്രതികരണങ്ങളില്‍ നിന്നടര്‍ത്തിയെടുത്തതാണ്. എന്തായാലും 20-ാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു സിദ്ധാന്തത്തിലേക്കു നയിച്ച ഏകീകൃത ക്ഷേത്രസിദ്ധാന്തങ്ങളുടെ ആദ്യപടിയായ ഇലക്ട്രോ വീക്ക്, വി-എ സിദ്ധാന്തത്തിന്റെ മുഖ്യശില്പി സുര്‍ദര്‍ശന്‍ തന്നെ. പക്ഷേ, ഇക്കാര്യത്തില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം (നോബല്‍ പുരസ്‌കാരം) ലഭിക്കാതെ പോയി,
2005 ഭൗതികശാസ്ത്രചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വര്‍ഷമാണ്. 'അന്താരാഷ്ട്ര ഭൗതികശാസ്ത്രവര്‍ഷം' എന്ന പേരില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ഇതിന്റെ ആഘോഷങ്ങള്‍ നടന്നു. കേരളത്തിലും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ 1905-ല്‍ പ്രസിദ്ധീകരിച്ച 20-ാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തെയാകെ മാറ്റിമറിക്കാന്‍ സഹായിച്ച മൂന്നു പ്രബന്ധങ്ങളുടെ നൂറാം വാര്‍ഷികമായിരുന്നു. 2005-ല്‍ ഭൗതിക നൊബേല്‍ സമ്മാനത്തിന്റെ പകുതി തുക ലഭിച്ച റോയി ഗ്ലോബറിന്റെ സിദ്ധാന്തത്തില്‍ സുദര്‍ശന്റെ പങ്ക് വിട്ടുപോയതില്‍ വലിയ വിവാദങ്ങളുണ്ടായി. ഇവിടെയും ചതിയുടേയോ അവഗണനയുടേയോ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുണ്ട്.


1963-ല്‍ സുദര്‍ശന്‍ ക്വാണ്ടം ഒപ്റ്റിക്കല്‍ ഫീല്‍ഡുകളുടെ ഡയഗണല്‍ കൊഹരന്റ് സ്റ്റേറ്റ് റപ്രസന്റേഷന്‍ കണ്ടെത്തി. ഈ പുതിയ ഗവേഷണഫലം റോയി ജെ. ഗ്ലോബറുകളുമായി ചേര്‍ന്ന് സുദര്‍ശന്‍ പിന്നീട് വികസിപ്പിച്ചു. 'സുദര്‍ശന്‍-ഗ്ലോബര്‍ റപ്രസന്റേഷന്‍' എന്നറിയപ്പെടുന്ന ഈ സിദ്ധാന്തത്തിന്റെ തുടര്‍പഠനങ്ങളാണ് 2005-ല്‍ റോയി ജെ. ഗ്ലോബറിനെ നൊബേല്‍ സമ്മാനത്തിനര്‍ഹനാക്കിയത്. പക്ഷേ, സമ്മാനക്കമ്മിറ്റി പരിഗണിച്ച ഗ്ലോബറിന്റെ ഗവേഷണ പഠനങ്ങളില്‍നിന്ന് സുദര്‍ശന്റെ പേര് ഗ്ലോബര്‍ ഒഴിവാക്കി (മനപ്പൂര്‍വ്വമായി!). സ്വാഭാവികമായും ഇത്തവണയും സുദര്‍ശന് നൊബേല്‍ സമ്മാനം നഷ്ടപ്പെട്ടു. ഇക്കാര്യത്തിലും വലിയ വിവാദങ്ങള്‍ ശാസ്ത്രസമൂഹത്തിലുണ്ടാവുകയും സുദര്‍ശന്‍-ഗ്ലോബര്‍ റപ്രസന്റേഷന്‍ എന്ന സിദ്ധാന്തത്തില്‍നിന്നും സുദര്‍ശന്റെ പേര് മറച്ചുവെക്കപ്പെട്ടത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ, സുദര്‍ശനുണ്ടായ നഷ്ടം ഇതുവരേയും നികത്തപ്പെടാതെ തന്നെ കിടക്കുന്നു.

ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ പോള്‍ എ.എം. ഡിറാക്കുമായി തന്റെ 24-ാം വയസ്സില്‍ മുംബൈ റ്റി.ഐ.എഫ്.ആറില്‍ വെച്ചുണ്ടാക്കിയ സുദര്‍ശന്റെ ബൗദ്ധികബന്ധം ആഴമേറിയതും ഡിറാക്കിന്റെ മരണം വരെ തുടര്‍ന്നതുമായിരുന്നു. സൈദ്ധാന്തിക ഭൗതികത്തിലെ ഏതു വിഷയമായിക്കൊള്ളട്ടെ (ബീറ്റാ റേഡിയോ ആക്റ്റീവികതയിലെ അദ്ദേഹം തന്നെ മുന്നോട്ടുവെച്ച VA സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്‌സിന്റെ വിവിധ മേഖലകള്‍ സുദര്‍ശന്‍-ഗ്ലോബര്‍ പ്രസന്റേഷന്‍, ക്വാണ്ടംസിനോ ഇഫക്ട്, ഓപ്പണ്‍ ക്വാണ്ടം സിസ്റ്റംസ്, ടാക്കിയോണ്‍സ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ തിയറി തുടങ്ങിയവ) വസ്തുതകളുടെ അടിത്തട്ടില്‍ വളരെ പെട്ടെന്നു കടന്നുചെല്ലാനും തന്റെ സൃഷ്ടിപരമായ ഭാവനയെ ഉപയോഗിച്ച് അവയില്‍ തികച്ചും നൂതനമായ സൈദ്ധാന്തിക പ്രവചനങ്ങള്‍ നടത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ടാക്കിയോണ്‍സ് ഒഴികെയുള്ള ഒട്ടുമിക്ക വിഷയങ്ങളിലും സുദര്‍ശന്റെ സൈദ്ധാന്തിക പ്രവചനങ്ങള്‍ ശരിവെക്കുന്ന പരീക്ഷണഫലങ്ങളുമുണ്ടായി.
ടെക്‌സാസ് സര്‍വ്വകലാശാലയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പ്രധാന തട്ടകം. മഹത്തായ ആ ജീവിതത്തിന്റെ അന്ത്യവും അവിടെവെച്ചായിരുന്നു. ജീവിതത്തിന്റെ മദ്ധ്യപ്രായത്തില്‍ അദ്ദേഹത്തെ പിടികൂടിയ പ്രമേഹരോഗം മരണം വരെയും ശക്തമായിത്തന്നെ തുടര്‍ന്നു. ഇന്‍സുലിന്‍ കൂടിയ തോതില്‍ അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്നു. എന്നിട്ടും പാതിരാത്രി പിന്നിട്ടിട്ടും തുറന്നുവെച്ച ടി.വിയുടെ മുന്നിലിരുന്നു തന്റെ നോട്ട്പാഡില്‍ ഗഹനമേറിയ ഗണിതപരമായ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ശിഷ്യര്‍ക്കു ചെയ്യാന്‍ കൊടുക്കുന്ന ഗവേഷണപ്രശ്‌നങ്ങള്‍, അവരേക്കാള്‍ വളരെ വേഗത്തില്‍ അദ്ദേഹം തന്നെ കണ്ടെത്തിയിരുന്നു. 

സ്വയമൊരു വേദാന്തി എന്നു വിശേഷിപ്പിക്കുന്ന ഇ.സി.ജി. സുദര്‍ശന്‍ നാം പൊതുവെ കരുതുന്നപോലെ കറതീര്‍ന്ന ഹിന്ദുത്വവാദിയല്ലായിരുന്നു എന്നാണ് ഡോ. അനില്‍ ഷാജിയുടെ വിലയിരുത്തല്‍. ക്വാണ്ടം ഭൗതികത്തിന്റെ ഉയരങ്ങളില്‍ അതിവസിച്ചിരുന്ന സുദര്‍ശന്‍ സ്വാഭാവികമായും ദാര്‍ശനിക സ്പര്‍ശമുള്ള വിഷയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതില്‍ ഒട്ടും അതിശയോക്തിയില്ല. തികഞ്ഞ ഒരു സത്യാന്വേഷിയായിരുന്നു അദ്ദേഹം. ഭൗതികശാസ്ത്രത്തിലൂടെ കണ്ടെത്തിയ പ്രപഞ്ചസത്യങ്ങളുടെ മറുരൂപങ്ങള്‍ ആത്മീയതയിലുണ്ടാവുമെന്ന് അദ്ദേഹം കരുതി. ഇവിടെയും സത്യാന്വേഷണം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വിറ്റ്സര്‍ലാന്റിലെ മഹര്‍ഷി മഹേഷ് യോഗിയുടെ ആശ്രമത്തില്‍ പലതവണ പോയി സംവാദങ്ങള്‍ നടത്തിയിട്ടുള്ള സുദര്‍ശന്‍ തികഞ്ഞ സംതൃപ്തിയോടെയാണോ മടങ്ങിയിട്ടുള്ളത്? അല്ലെന്നാണ് ഡോ. അനില്‍ ഷാജിയുടെ നിഗമനം. പക്ഷേ, എഴുപതുകളിലും എണ്‍പതുകളിലുമായി സുദര്‍ശന്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയുമായി ചെന്നൈയിലും ബാംഗ്ലൂരിലുമായി നടത്തിയ ബൗദ്ധിക ചര്‍ച്ചകള്‍ അദ്ദേഹത്തിന് ഏറെ ശാന്തി നല്‍കിയിരിക്കണം. ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സിലെ ഡോ. എന്‍. മുകുന്ദയുടെ (അമേരിക്കയില്‍ സുദര്‍ശന്റെ ആദ്യകാല പി.എച്ച്ഡി വിദ്യാര്‍ത്ഥി) നിഗമനം അങ്ങനെയാണ്.
സുദര്‍ശനു തന്റെ ഗവേഷണഫലങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കാതെ പോയെങ്കിലും അതിനോട് കിടപിടിക്കുന്ന ഡിറാക് മെഡല്‍, മജോരനാ പ്രൈസ് തുടങ്ങിയ അന്താരാഷ്ട്ര ശാസ്ത്രസമൂഹത്തിന്റെ പുരസ്‌കാരങ്ങള്‍ക്കു പുറമേ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ (2007) അതിനു മുന്‍പ് പത്മഭൂഷണ്‍ (1976) പ്രഥമ സി.വി. രാമന്‍ അവാര്‍ഡ്, എസ്.എന്‍. ബോസ് മെഡല്‍ കേരള സര്‍ക്കാരിന്റെ 2013-ലെ പുരസ്‌കാരം (ശാസ്ത്രീയ നേട്ടങ്ങള്‍ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റിന്) എന്നിങ്ങനെ വിദേശത്തും സ്വദേശത്തുമായി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
2010-ല്‍ ഡിറാക് മെഡല്‍ ഇറ്റലിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയറിറ്റിക്കല്‍ ഫിസിക്‌സ് ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ അതു ലഭിച്ചത് ഇ.സി.ജി സുദര്‍ശനും അദ്ദേഹത്തെപ്പോലെ തന്നെ ദുര്‍ബ്ബല ന്യൂക്ലിയര്‍ ബലങ്ങളുടെ ഗവേഷണത്തില്‍ കനത്ത സംഭാവനകള്‍ നല്‍കിയ നിക്കോളാ കാബിബോയ്ക്കുമാണ്. സുദര്‍ശനു ലഭിച്ച ഡിറാക് മെഡലിനു രണ്ട് സവിശേഷതകള്‍ കൂടിയുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനു ശേഷമുള്ള 20-ാം നൂറ്റാണ്ടിലെ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യനായിരുന്നു പോള്‍ എ.എം. ഡിറാക്. 1924-ല്‍ ഫ്രെഞ്ച് ഭൗതികശാസ്ത്രജ്ഞന്‍ ലൂയിസ് ഡിബ്രോഗ്ലി പ്രവചിച്ച ദ്രവ്യതരംഗങ്ങളുടെ ഷ്വോടിംങറും ചലനസിദ്ധാന്തങ്ങള്‍ ഹൈസന്‍ബര്‍ഗും വ്യത്യസ്തമായ ഗണിത മാര്‍ഗ്ഗങ്ങളിലൂടെ വികസിപ്പിച്ചിരുന്നു; അതാണ് ക്വാണ്ടം ബലതന്ത്രം. പക്ഷേ, ഐന്‍സ്റ്റിന്റെ വിശിഷ്യ ആപേക്ഷിക സിദ്ധാന്തം കൂടി ഉള്‍പ്പെടുത്തി ഈ പുത്തന്‍ സിദ്ധാന്തത്തെ കൂടുതല്‍ സമഗ്രമാക്കി വികസിപ്പിച്ചിട്ടുള്ളത് ഡിറാക് ആണ്. 1930-കളില്‍ ആരംഭിച്ച കോസ്മിക് രശ്മി പഠനങ്ങളുടെ സൈദ്ധാന്തിക അടിത്തറയ്ക്ക് ഡിറാക്കിന്റെ പഠനങ്ങള്‍ ഏറെ സഹായകരമായിരുന്നു. ചുരുക്കത്തില്‍ ക്വാണ്ടം ഭൗതികശാസ്ത്രരംഗത്തെ അതികായനായിരുന്നു ഡിറാക്. മുംബൈ റ്റി.ഐ.എഫ്.ആര്‍ പഠനകാലത്ത് അദ്ദേഹവുമായി സുദര്‍ശന്‍ ഉണ്ടായ സൗഹൃദം ഡിറാക്കിന്റെ മരണം വരെയും തുടര്‍ന്നു. സൈദ്ധാന്തി ഭൗതികശാസ്ത്രരംഗത്ത് തന്റെ ഏറ്റവും വലിയ ഗുരുവിനെയാണ് സുദര്‍ശന്‍ ഡിറാക്കില്‍ കണ്ടത്. അതുപോലെതന്നെ ഒട്ടുമിക്ക ഭൗതികശാസ്ത്രജ്ഞരും ഡിറാക് മെഡലിനെ കണ്ടത് ഈ മെഡല്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായവരും എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അതു ലഭിക്കാതെ പോയവര്‍ക്കുള്ളതാണെന്നായിരുന്നു. ഡിറാകിന്റെ പേരിലുള്ള രണ്ട് മെഡലുകള്‍ കരസ്ഥമാക്കിയ ആദ്യത്തെ ശാസ്ത്രജ്ഞന്‍ ഇ.സി.ജി. സുദര്‍ശനാണ്. 
രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുമുന്‍പ് തന്റെ 36-ാമത്തെ വയസ്സില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ ഇറ്റാലിയന്‍ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ മജോരനാ അക്കാലത്തെ ഏറ്റവും ധിക്ഷണശാലിയായ ഒരു യുവശാസ്ത്രജ്ഞനായിരുന്നു ക്വാണ്ടം ബലതന്ത്രം തന്നെയായിരുന്നു അദ്ദേഹത്തിന്റേയും മുഖ്യ ഗവേഷണരംഗം.
ഇ.സി.ജി. സുദര്‍ശന്‍ തന്റെ ജീവിതത്തിന്റെ രണ്ടു സുപ്രധാന ഘട്ടങ്ങളില്‍ നൊബേല്‍ സമ്മാനം നഷ്ടപ്പെടുത്താനിടയായ സാഹചര്യമാണ് ഇവിടെ ചര്‍ച്ച ചെയ്തത്. ഭൗതികശാസ്ത്ര ഗവേഷണരംഗത്ത് ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട മേഖലകള്‍ക്കുപരിയായി മറ്റു നിരവധി രംഗങ്ങളില്‍ സുദര്‍ശന്റെ സംഭാവനകള്‍ നിറഞ്ഞുനില്‍ക്കുന്നു.

1955-ല്‍ അമേരിക്കയിലെ റോച്ചസ്റ്ററില്‍ പി.എച്ച്ഡി പഠനത്തിനായി എത്തിയ ഇ.സി.ജി. സുദര്‍ശന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പി.എച്ച്ഡി പ്രബന്ധം സമര്‍പ്പിച്ചു. ദുര്‍ബ്ബല ന്യൂക്ലിയര്‍ ബലവുമായി ബന്ധപ്പെട്ട വി.എ സിദ്ധാന്തമുള്‍പ്പെട്ട സുദര്‍ശന്റെ തീസിസ് ലോകമെമ്പാടുമുള്ള ഭൗതികശാസ്ത്ര ഗവേഷണത്തിലെ എണ്ണപ്പെട്ട ഗവേഷണപ്രബന്ധമായി കരുതപ്പെടുന്നു. തുടര്‍ന്ന് 1957 മുതല്‍ 1959 വരെ അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ കോര്‍പ്പറേറ്റ് ഫെല്ലോ ആയി പ്രവര്‍ത്തിച്ചു. നൊബേല്‍ സമ്മാനജേതാവായ വിന്‍ബെര്‍ഗ് ഇവിടെ സുദര്‍ശന്റെ പോസ്റ്റ് ഡോക്ടറല്‍ സഹപാഠിയാണ്. ഇക്കാലത്ത് തന്റെ പി.എച്ച്ഡി പഠനവിഷയത്തിന്റെ തുടര്‍ വിഷയങ്ങളിലാണ് അദ്ദേഹം ഗവേഷണം തുടര്‍ന്നത്; പാരിറ്റി ലംഘനം, ചൈറല്‍ ഇന്‍വേരിയന്‍സ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍.

ഡോ. അനില്‍ ഷാജിയുടെ വീക്ഷണത്തില്‍ സുദര്‍ശന്‍ ഏറ്റവും ആനന്ദം കണ്ടെത്തിയിരുന്നത് ദിവസങ്ങളുടേയോ മണിക്കൂറുകളുടേയോ മുഷിഞ്ഞ പണിക്കൊടുവില്‍ താന്‍ കണ്ടെത്തുന്ന ഗവേഷണഫലങ്ങളിലൂടെയായിരുന്നു. തന്റെ ജീവിതത്തില്‍ പല ഗവേഷണഫലങ്ങളും അതിന്റെ പൂര്‍ണ്ണമായ നിലയില്‍ അംഗീകരിക്കപ്പെടാതെ പോയി. അഥവാ അദ്ദേഹത്തിനു കിട്ടേണ്ട അംഗീകാരം മറ്റു ചിലരിലേക്കു വഴിമാറ്റപ്പെട്ടു. ഇക്കാര്യത്തില്‍ അദ്ദേഹത്തിനു നല്ല മനോവിഷമമുണ്ടായിട്ടുണ്ട്. അമേരിക്കയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാണ്ടം സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ജി.എസ്. അഗര്‍വാള്‍ മോഡേണ്‍ ക്വാണ്ടം ഒപ്റ്റിക്‌സിലെ അതികായനും ഇ.സി.ജി. സുദര്‍ശനുമായി വളരെ അടുത്ത് ഇടപഴകിയിട്ടുള്ളയാളുമാണ്. ക്വാണ്ടം ഒപ്റ്റിക്‌സ് എന്ന വളരെ ആധുനികമായ ശാസ്ത്രശാഖ അതിന്റെ ശൈശവാവസ്ഥയിലായിരുന്നപ്പോള്‍ മഹത്തായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ളയാളാണ് സുദര്‍ശനെന്നാണ് അദ്ദേഹം അനുസ്മരിക്കുന്നത്. അദ്ദേഹവുമൊത്ത് ഫിസിക്‌സ് ചര്‍ച്ച ചെയ്യുന്നത് ഒരു വലിയ അനുഭവമാണെന്നും തന്നെ ആ ചര്‍ച്ചകള്‍ വിഷയത്തില്‍ പുത്തന്‍ ഉള്‍കാഴ്ചകള്‍ നല്‍കാന്‍ സഹായിച്ചിട്ടുണ്ടെന്നും അഗര്‍വാള്‍ ഓര്‍മ്മിക്കുന്നു. ഫിസിക്‌സിലും ഗണിതത്തിലും അഗാധമായ ഉള്‍ക്കാഴ്ചയുമുള്ള അറിവായിരുന്നത്രേ സുദര്‍ശന് ഉണ്ടായിരുന്നത്. അഗര്‍വാള്‍ സുദര്‍ശനോടൊത്ത് ചര്‍ച്ച ചെയ്ത പ്രധാന ശാസ്ത്രീയ വിഷയങ്ങള്‍ ഇവയാണ്. ഒപ്റ്റിക്കല്‍ കൊഹരന്‍സ്, ക്വാണ്ടം സിനോ ഇഫക്ട്, ഓപ്പണ്‍ ക്വാണ്ടം സിസ്റ്റിസന്റെ സിദ്ധാന്തങ്ങള്‍, ദുര്‍ബ്ബല നിരീക്ഷണങ്ങള്‍, എസ്. മട്രിക്‌സിന്റെ ഉയര്‍ന്ന ഓര്‍ഡറിലുള്ള പോളുകള്‍, കൂടാതെ പഞ്ചരത്‌നം-ബെറിഫേസ്. ഈ വിഷയങ്ങളിലോരോന്നിലും സുദര്‍ശന്‍ മികവിന്റെ അത്യുന്നതമായ അവസ്ഥയിലുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് അഗര്‍വാളിന്റെ വിലയിരുത്തല്‍. സുദര്‍ശന്റെ മറ്റൊരു കഴിവായി അഗര്‍വാള്‍ സൂചിപ്പിക്കുന്നത് ഗഹനമായ ആശയങ്ങള്‍ അടിസ്ഥാനമാക്കി പുത്തന്‍ പരീക്ഷണങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള കഴിവാണ്. ഇങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ട മിക്ക പരീക്ഷണങ്ങളും മറ്റുള്ളവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.


(ലേഖകന്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഭൗതികവിഭാഗം മുന്‍ വകുപ്പ് മേധാവിയും ഗവേഷകനുമാണ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com