വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം കൂടി: സേതു എഴുതുന്നു

സേതു ശാന്തിവനത്തില്‍
സേതു ശാന്തിവനത്തില്‍

ന്റെ ജന്മനാട്ടിനടുത്തുള്ള പറവൂര്‍ വഴിക്കുളങ്ങരയിലെ 'ശാന്തിവനം', അടുത്തകാലത്ത് തെറ്റായ കാരണങ്ങള്‍ക്കായി  വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് അത്ര നല്ല ലക്ഷണമായി തോന്നിയില്ല. പ്രകൃതിസ്‌നേഹിയായ ഒരച്ഛന്‍ തന്റെ മകള്‍ക്കായി കൊടുത്ത ആ പറമ്പ് വലിയ ശ്രദ്ധയോടെ 'ശാന്തിവനം' എന്ന പേരില്‍ സംരക്ഷിച്ചു പോരുകയായിരുന്നു അവര്‍ ഇത്രയും കാലം. ഒരു വീട്ടമ്മയായ മീനാമേനോനും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഉത്തരയും മാത്രമാണ് ആ വളപ്പിലുള്ള ഒരു കൊച്ചു വീട്ടില്‍ താമസിക്കുന്നത്. ഇതിനിടയിലാണ് വൈപ്പിന്‍ വരെ ഇലക്ട്രിക് ലൈന്‍ വലിക്കാനായി ഒരു കൂറ്റന്‍ ടവര്‍ ആ പറമ്പില്‍ സ്ഥാപിക്കാന്‍ വേണ്ടി ഇലക്ട്രിസിറ്റി ബോര്‍ഡ് അവരെ സമീപിക്കുന്നത്. സ്വാഭാവികമായും അവര്‍ അതിനെ എതിര്‍ത്തു. പിന്നെ നീണ്ടകാലത്തെ നിയമയുദ്ധത്തിനു ശേഷം അനുകൂലമായ കോടതി വിധിയുണ്ടെന്ന് പറഞ്ഞ് ബോര്‍ഡ് അവിടെ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണത്രെ കാര്യങ്ങളുടെ കിടപ്പ് ആ കുടുംബത്തിനു മനസ്സിലായത്. ആ പറമ്പിന്റെ കൃത്യം മദ്ധ്യത്തില്‍ കൂടിയാണ് ലൈനിന്റെ അലൈന്‍മെന്റ്. പിന്നീട് കാര്യങ്ങള്‍ നീങ്ങിയത് മിന്നല്‍വേഗത്തിലാണ്. അവിടെ  നിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുറേ വിലപിടിച്ച വൃക്ഷങ്ങള്‍ വെട്ടിമാറ്റിയെന്ന് മാത്രമല്ല, ആഴത്തിലുള്ള വലിയൊരു കുഴി കുഴിച്ച് പൈലുകളടിച്ച്  ടവറിന്റെ അടിഭാഗത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 4 മരങ്ങള്‍ മുറിക്കുമെന്ന് പറഞ്ഞ് അകത്തു കയറിയവര്‍ പിന്നീടത് 48 ആക്കിയത്രെ. കൂടാതെ, അവിടന്ന് കോരിയെടുത്ത മണ്ണും ചെളിയും തൊട്ടടുത്തുള്ള മരക്കൂട്ടത്തിനിടയില്‍ കുന്ന് കൂട്ടിയിട്ട് അവിടത്തെ മണ്ണാകെ നാശമാക്കുകയും ചെയ്തു. 

പണമുണ്ടെങ്കില്‍ ടവറുകള്‍ ഒരു ഡസനുണ്ടാക്കാമെങ്കിലും ഒരു സംരക്ഷിത വനമുണ്ടാക്കുകയെ ന്നത് അസാദ്ധ്യമാണ്. എന്തായാലും, ഇത്തരമൊരു അനുഭവമുണ്ടാകുന്നത് ലോക പരിസ്ഥിതി ദിനാചരണം അടുത്തിരിക്കെയാണെന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്. 
ആ വീട്ടമ്മയുടെ എതിര്‍പ്പുകളെയൊന്നും വകവയ്ക്കാതെ ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോയപ്പോള്‍ സ്വാഭാവികമായും കേട്ടറിഞ്ഞ് ദൂരെനിന്നു വരെ എത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഇടപെടേണ്ടിവന്നു. പത്രങ്ങളില്‍നിന്നും വിവരമറിഞ്ഞാണ് തൊട്ടടുത്ത പ്രദേശത്തുള്ള ഞാന്‍ പോലും അവിടെയെത്തിയത്. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്ന് പറയാതെ വയ്യ. ലോകത്തിന്റെ പല ഭാഗത്തുള്ള ചില സംരക്ഷിതവനങ്ങളും വൃക്ഷക്കൂട്ടങ്ങളും കാണാന്‍ ഭാഗ്യമുണ്ടായ എനിക്ക് മനുഷ്യന് പ്രകൃതിയോട് ഇത്രയേറെ ക്രൂരത കാണിക്കാനാവുമെന്ന് വിശ്വസിക്കാനായില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എത്ര അപൂര്‍വ്വ വൃക്ഷങ്ങളാണ് ആ പറമ്പില്‍. അതുപോലെ തന്നെ അവിടെ ചേക്കേറുന്ന പലതരം പക്ഷികളും. ഏതോ പ്രമുഖ വ്യക്തിയുടെ ഭൂമി സംരക്ഷിക്കാന്‍ വേണ്ടിയാണ് അല്പം വളച്ചുള്ള അലൈന്‍മെന്റ്  തയ്യാറാക്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 'ഹരിതകേരളം' എന്ന മുദ്രാവാക്യം ഒരു വശത്ത് മുഴങ്ങുമ്പോഴാണ് ഒരു സര്‍ക്കാര്‍ വകുപ്പ് പ്രകൃതിയുടെ നേര്‍ക്ക് ഇത്ര വലിയ ക്രൂരത കാട്ടുന്നത്. 

എന്തായാലും, പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം ജില്ലാ കളക്ടറുടെ ഉത്തരവനു സരിച്ച് നിര്‍മ്മാണം തല്‍ക്കാലത്തേക്ക് നിറുത്തിവച്ചു, കുന്നുകൂട്ടിയ ചെളി മുഴുവനും പുറത്തേക്ക് കൊണ്ടുപോയെങ്കിലും ബോര്‍ഡ് അവരുടെ പ്ലാന്‍ മാറ്റുമെന്ന സൂചനയില്ല. മാത്രമല്ല, ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് അവര്‍ തിടുക്കത്തില്‍ പണി തുടരുകയാണത്രെ. ടവറിന്റെ ഉയരം കൂട്ടി 3 വൃക്ഷങ്ങള്‍ മാത്രം മുറിക്കുക എന്ന പുതിയ ഫോര്‍മുല ഈ പ്രശ്‌നത്തിന്റെ പരിഹാരമാകുന്നില്ല. അപ്പോഴൊന്നും, മറ്റൊരു അലൈന്‍മെന്റിനെപ്പറ്റി ഉത്തരവാദപ്പെട്ടവര്‍ മിണ്ടുന്നില്ല. ഇവിടെ ചില പ്രധാന കാര്യങ്ങള്‍ നമുക്ക് മറക്കാനാവില്ല. എന്‍.എച്ച്-17ന്റെ ഓരത്തുള്ള ഈ കണ്ണായ ഭൂമി ഏതെങ്കിലും റിസോര്‍ട്ടുകാര്‍ക്ക് കൊടുത്ത് കോടീശ്വരിയാകാന്‍ നോക്കാതെ തീരെ ചെറിയൊരു വീട്ടില്‍ തന്റെ മകളോടൊപ്പം തനിച്ചു താമസിക്കുകയാണ് ആ വീട്ടമ്മ. ആ നിലയ്ക്ക് ഇതിന്റെ പേരില്‍ അവരുടെ നേര്‍ക്ക് പ്രതികാര നടപടിയെടുക്കാതെ അവരെ വേണ്ടവിധം ആദരിച്ച്, ഈ ലൈനിന് മറ്റൊരു അലൈന്‍മെന്റ് ഉണ്ടാക്കുകയല്ലേ വേണ്ടത്? പൊതു ആവശ്യത്തിനായി ഏതു സ്വകാര്യ സ്ഥലത്തേക്കും കടന്നുകയറാനുള്ള സ്വാതന്ത്യ്രം സര്‍ക്കാരിനുണ്ടെന്ന് പറയപ്പെടു ന്നുണ്ടെങ്കിലും(?) ഇത്തരം കാര്യങ്ങളില്‍ ഒരാള്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കുകയെന്നത് ഒരു ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല.  
വികസനം vs പരിസ്ഥിതിയെന്നത് ആഗോളതലത്തില്‍ തന്നെ വലിയൊരു പോരാട്ട വിഷയമാണെങ്കിലും പ്രകൃതിസ്‌നേഹികളുടെ സംഘടിതമായ എതിര്‍പ്പിനെ തുടര്‍ന്ന്  സൈലന്റ്വാലിയും അതിരപ്പിള്ളിയും തൊട്ട് പല പദ്ധതികളും ഉപേക്ഷിച്ചിട്ടുണ്ട് നമ്മുടെ നാട്ടില്‍. ദീര്‍ഘമായ നിയമപോരാട്ടത്തിനു ശേഷം പെരിയാര്‍ മലിനമാക്കുന്ന, സര്‍ക്കാര്‍ വക ഒരു മുന്തിയ ഹോട്ടല്‍ മുഴുവനും സുപ്രീംകോടതി വിധിയിലൂടെ പൊളിച്ചുനീക്കേണ്ടിവന്നതും അടുത്ത കാലത്താണ്. എന്തായാലും, ഇന്നലെ വഴിക്കുളങ്ങരയില്‍ കൂടിയ സ്‌കൂള്‍കുട്ടികള്‍ ആ മരങ്ങളില്‍ പച്ച നാട കെട്ടി ഈ മരങ്ങള്‍ തങ്ങളുടേതാണെന്ന് പ്രതിജ്ഞയെടുക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. 

എന്റെ ജന്മദിനമായ ജൂണ്‍ 5-നു തന്നെയാണ്  ലോക പരിസ്ഥിതി ദിനവുമെന്നത് ഞാന്‍ ഓര്‍ക്കാറ് തെല്ലൊരു അഭിമാനത്തോടെയാണ്. 
1972-ല്‍ ഐക്യരാഷ്ട്രസഭയാണ് ഇത്തരം ദിനാചരണങ്ങളിലൂടെയുള്ള ബോധവല്‍ക്കരണങ്ങള്‍ക്കു തുടക്കമിട്ടത്. പരിസ്ഥിതിസംബന്ധമായ ആശങ്കകള്‍ ഭീഷണമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വികസിത രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മൂന്നാം ലോകരാജ്യങ്ങളില്‍ ഇപ്പോഴും ഇക്കാര്യത്തിലുള്ള പുരോഗതി വളരെ മന്ദഗതിയിലാണ്. ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനാചരണങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്ന ചൈന ഈ രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നത് സത്യമാണ്.  ഇക്കൊല്ലത്തെ പ്രധാന 'തീം' തന്നെ വായുമലിനീകരണത്തിനെതിരെയുള്ള പോരാട്ട മാണ്. ലോകത്തെ 92 ശതമാനം ജനങ്ങള്‍ക്കും ശ്വസിക്കാനായി ശുദ്ധവായു  കിട്ടുന്നില്ലെന്നാണ് കണക്ക്. ഒരു വര്‍ഷം ലോകത്ത് 7 മില്ല്യന്‍ ജനങ്ങള്‍ ഇക്കാരണത്താല്‍ അകാല മരണമടയുന്നതില്‍ 4 മില്ല്യനെങ്കിലും ഏഷ്യാ പസഫിക്ക് രാജ്യങ്ങളിലാണത്രെ. 
വായു മലിനീകരണത്തില്‍ ലോകത്തെ ഏറ്റവും മോശമായ 30 രാജ്യങ്ങളില്‍  22  എണ്ണവും ഇന്ത്യയിലാണെന്നത് മാത്രമല്ല, അതില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത്  തലസ്ഥാനത്തെ ഗുരുഗ്രാമുമാണെന്നത് നാമിന്ന് നേരിടുന്ന ഭീഷണിയുടെ നില എടുത്തുകാണിക്കുന്നു. ഏറ്റവും ദൂഷിതമായ അവിടത്തെ അളവ് 135 മൈക്രോഗ്രാമാണെങ്കില്‍ ബെയ്ജിംഗില്‍ അത് അന്‍പതും ന്യൂയോര്‍ക്കില്‍ വെറും ഏഴും മാത്രമാണ്. ദില്ലിയിലെ വാഹനങ്ങളുടെ സംഭാവനയായ വായു മലിനീകരണത്തിന്റെ തോത് അനുഭവിച്ചിട്ടുള്ളവര്‍ക്ക്  ഈ രംഗത്ത് ഇന്ത്യയെക്കാള്‍ ജനസംഖ്യയുള്ള ചൈനക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ അവിശ്വസനീയമാണെന്നു തോന്നാം. ലോകത്തെ ഇലക്ട്രിക് വാഹനങ്ങളില്‍ പാതിയും ചൈനയിലാണെന്നത് മാത്രമല്ല, അവിടത്തെ 99 ശതമാനം ബസുകളും വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്നവയാണത്രെ. അതുകൊണ്ടുതന്നെ ഈ രംഗത്ത് ലോകത്തിന്റെ നേതൃത്വം ചൈനയ്ക്ക്  കൊടുക്കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.

ഇവിടെയാണെങ്കില്‍, ചന്ദ്രനിലേക്കയയ്‌ക്കേണ്ട ഉപഗ്രഹങ്ങളേയും അയല്‍രാജ്യങ്ങളിലെ മര്‍മ്മ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കരുത്തുള്ള മിസൈലുകളേയും പറ്റി വാതോരാതെ വീമ്പിളക്കുന്ന ഭരണാധികാരികള്‍ക്ക് തങ്ങളുടെ മൂക്കിന് തൊട്ട് താഴെ,  സാമാന്യ ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന വായുമലിനീകരണത്തെപ്പറ്റി പറയാന്‍     നേരമില്ല. ലോകത്തെ ഏറ്റവും ദൂഷിതമായ ഡല്‍ഹിയിലെ അന്തരീക്ഷത്തെപ്പറ്റി ആര് പറയുമെന്നതാണ് ഇവിടത്തെ പ്രശ്നം.

എന്തായാലും, നമ്മുടെ നാട്ടില്‍ ഇന്ന് ലോക പരിസ്ഥിതി ദിനമെന്നത് വെറുമൊരു ആചാരമായോ അല്ലെങ്കില്‍ ഈ രംഗത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന കുറെ നിസ്വാര്‍ത്ഥ പ്രവര്‍ത്തകരുടെ പ്രശ്‌നമായോ മാത്രം ചുരുങ്ങിയിരിക്കുകയാണ്. പക്ഷേ, വി.ഐ.പി.കളെക്കൊണ്ടുള്ള കുറേ മരം നടലിലോ ചില പൊള്ളയായ പ്രസംഗങ്ങളിലോ ഒതുക്കാവുന്നതല്ല ഇതൊക്കെ. ഇവര്‍ നടുന്ന വൃക്ഷങ്ങള്‍ പിന്നീട് ആരെങ്കിലും പരിപാലിക്കുന്നുണ്ടോ, അല്ലെങ്കില്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ പറയുന്ന കാര്യങ്ങളില്‍ ചിലതെ ങ്കിലും ഇവര്‍ തന്നെ തങ്ങളുടെ പില്‍ക്കാല ജീവിതത്തില്‍ നടപ്പില്‍ വരുത്തുന്നുണ്ടോയെന്നൊക്കെ ആരും തിരക്കാറില്ല. കാരണം, അവര്‍ക്കൊക്കെ ഇതൊരു 'ഫോട്ടോ അവസരം' മാത്രമാണ്. പങ്കെടുക്കുന്ന വ്യക്തിയുടെ വലിപ്പമനുസരിച്ച് കുറച്ച് പത്രസ്ഥലം അവര്‍ക്ക് കിട്ടുകയും ചെയ്യും. ഇവിടെ ഏറ്റവും പ്രധാനമായ കാര്യം തൈ നട്ട് വെള്ളമൊഴിക്കുന്ന ആള്‍ അതോടൊപ്പം അല്പം സ്‌നേഹജലം കൂടി ആ കുഴിയില്‍ വീഴ്ത്തുന്നുണ്ടോ എന്നതാണ്. പണ്ടൊരിക്കല്‍ സൈലന്റ്വാലിയില്‍ പോയപ്പോള്‍ അവിടത്തെ ഓരോ മരത്തിന്റേയും വിവരവും ചരിത്രവുമറിയാവുന്ന ഒരു ഗാര്‍ഡ് എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. മരങ്ങള്‍ സ്വന്തം മക്കളെപ്പോലെയായിരുന്നു അദ്ദേഹത്തിന്. എന്തായാലും,  ഇത്തരം ഔപചാരിക  മരം നടല്‍ ചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആവുന്നത്ര ശ്രമിക്കാറുണ്ടെങ്കിലും ഒഴിവാക്കാനാവാത്ത ചില പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ നടുന്ന തൈകളുടെ നാളത്തെ സ്ഥിതിയെന്താകുമെന്ന് ഞാന്‍ ഉറപ്പായും തിരക്കാറുണ്ട്. അതെല്ലാം പരിപാലിക്കാന്‍ വേണ്ട സംവിധാനങ്ങളുണ്ടെന്ന് അവര്‍ തറപ്പിച്ചു പറയുമെങ്കിലും പിന്നീടൊരിക്കല്‍ അതവിടെ കാണില്ലെന്ന് എനിക്കുറപ്പാണ്. 
ഈ ഉദ്യോഗസ്ഥന്മാര്‍ക്ക് വൃക്ഷങ്ങളോട് എന്താണിത്ര ശത്രുതയെന്ന് ഞാന്‍ പലപ്പോഴും അതിശയിച്ചിട്ടുണ്ട്.  തൃശൂരില്‍ ആറ് വര്‍ഷത്തോളം താമസിച്ചിരുന്നപ്പോള്‍ തൊട്ടുമുന്‍പിലെ നിരത്തുവക്കില്‍ കൂറ്റനൊരു മരമുണ്ടായിരുന്നു. മുറ്റത്തിന്റെ പാതിയോളം തണല്‍ വിരിച്ചിരുന്ന ആ മരമുത്തശ്ശിക്ക് ഉദ്ദേശം ഒരു നൂറ്റാണ്ടിന്റെ പ്രായമുണ്ടായിരുന്നു. ഞങ്ങള്‍ അവിടന്ന് പോരുന്നതിന് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ഒരു രാവിലെ പൊടുന്നനെ കോടാലികളുമായി ഒരു സംഘമെത്തി, ആ മരത്തില്‍ കത്തിവയ്ക്കാന്‍ തുടങ്ങി. ആ കാഴ്ച കണ്ടു ഞെട്ടലോടെ ഞാനും അയല്‍പക്കത്തെ ഡോക്ടറും തിരക്കാന്‍ ചെന്നപ്പോള്‍, പതിവുപോലെ അക്കൂട്ടത്തില്‍ ഉത്തരവാദപ്പെട്ട ഒരാളുമില്ല. എല്ലാവരും മരം വെട്ടാന്‍ കരാറെടുത്തയാളുടെ പണിക്കാര്‍ മാത്രം. അവര്‍ക്കാണെങ്കില്‍ എന്തിനാണ് ഈ ക്രൂരത ചെയ്യുന്നതെന്ന് ഒരു വിവരവുമില്ല. റോഡിനു വീതി കൂട്ടാനാണെന്നു പിന്നീടറിഞ്ഞെങ്കിലും, ഞാന്‍ അവിടം വിടുന്നതു വരെ ഒന്നും നടന്നില്ല. പിന്നീട് അതുണ്ടാ യെന്നും, പക്ഷേ, വേണമെങ്കില്‍ ആ മരത്തെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കേട്ടു. നിരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ എന്തുകൊണ്ട് ഒരു മയവുമില്ലാതെ വെട്ടി നശിപ്പിക്കുന്നുവെന്ന് ഒരു എന്‍ജിനീയറോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസകരമായിരുന്നു. മഴ പെയ്യുമ്പോള്‍ കൊമ്പുകളില്‍നിന്ന് അടര്‍ന്നുവീഴുന്ന വെള്ളം റോഡിനു കേടുവരുത്തുമത്രെ. മാത്രമല്ല, മരത്തിന്റെ വേരുകള്‍ മണ്ണിനടിയിലൂടെ പടര്‍ന്ന് റോഡ് വിണ്ടു പൊളിയാനും കാരണമാകും. അപ്പോള്‍ മറ്റു നാടുകളിലോയെന്ന ചോദ്യത്തിനു മറുപടിയുണ്ടായിരുന്നില്ല അദ്ദേഹത്തിന്. തമിഴകത്തെ ഉള്‍നാടുകളിലൂടെ യാത്ര ചെയ്യുമ്പോള്‍  നിരത്തിന്റെ ഇരുവശങ്ങളിലും നിഴല്‍വിരിച്ചുനില്‍ക്കുന്ന കൂറ്റന്‍ പുളിമരങ്ങളും മാവുകളും വേപ്പുകളും കാണാം. പഞ്ചാബിലും ഹരിയാനയിലുമാണെങ്കില്‍ ഇതൊരു മനോഹരമായ കാഴ്ചയാണ്. 
ഇക്കൂട്ടത്തില്‍ വിദേശയാത്രകളില്‍ കാണാനായ രണ്ടു വിസ്മയകരമായ കാഴ്ചകളെപ്പറ്റിയും പറയാതെ വയ്യ. അമേരിക്കയിലെ ഒരു ഉള്‍നാട്ടിലൂടെ പോയപ്പോള്‍ നിരത്തുവക്കത്തുള്ള ഒരു കൂറ്റന്‍ മരത്തിന്റെ നടുവിലായി ചതുരത്തില്‍ തുരന്ന് അതിലൂടെ ഇലക്ട്രിക് ലൈനുകള്‍ കടത്തിയിരിക്കുന്നതു കണ്ടു. ഇവിടെയാണെങ്കില്‍ ലൈന്‍ വലിക്കുന്നതിനുള്ള കാലുകള്‍ നാട്ടുന്നതിന് വളരെ മുന്‍പുതന്നെ പണ്ടെന്നോ ഏതോ നല്ല മനുഷ്യര്‍ നട്ടുവച്ച പ്രായമായ മരങ്ങളെയെല്ലാം വെട്ടിവീഴ്ത്തിയിരിക്കും. അതുപോലെ തന്നെ ബെയ്ജിംഗ് ഒളിംപിക്സിനു മുന്‍പ് ചൈനയില്‍ പോയപ്പോള്‍ കണ്ടത് ഇതിലും അതിശയകരമായിരുന്നു.  റോഡുകള്‍ മോടി പിടിപ്പിക്കുന്നതിനോ വീതി കൂട്ടുന്നതിനോ ചില മരങ്ങള്‍ തടസ്സമായപ്പോള്‍ അവയെ വെട്ടാതെ, കടയോടെയോ, അല്ലെങ്കില്‍ അല്പം മുകളില്‍ വച്ച് മുറിച്ചോ, മറ്റൊരു സ്ഥലത്തേക്കു  മാറ്റിയിരി ക്കുകയാണവര്‍. ചുരുക്കത്തില്‍ ഇതൊന്നും അസാദ്ധ്യമല്ല തന്നെ. പുതിയ കാലത്തിന്റെ വികസന മാതൃകകള്‍ക്കായി ലോകം ചുറ്റുന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടേയും കണ്ണില്‍ ഇതൊന്നും പെടാന്‍ സാദ്ധ്യതയില്ലെന്നു മാത്രം. 

എന്തായാലും, ഓര്‍മ്മവച്ച കാലം തൊട്ട് മരങ്ങളും ചെടികളും സ്വന്തം കൈകൊണ്ട് നടുകയും അവയെ സ്‌നേഹത്തോടെ പരിപാലിക്കുകയും ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഇതൊക്കെ  വളരെ സങ്കടകരമാണെനിക്ക്. ഈയിടത്തെ മഹാപ്രളയം എനിക്ക് ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും വില പറയാനാവാത്ത രണ്ട് വലിയ നഷ്ടങ്ങളാണ് എന്നെ ഏറ്റവുമധികം വിഷമിപ്പിച്ചത്. വീടിനു മുന്‍പിലുണ്ടായിരുന്ന പത്തെണ്‍പത് വര്‍ഷം പഴക്കമുള്ള ഒരു കൂറ്റന്‍ പേരാല്‍ കടപുഴകി വീണതും എന്റെ ചില പ്രിയപ്പെട്ട പുസ്തകങ്ങളും പഴയ കടലാസുകളടക്കമുള്ള ഫയലുകളും നഷ്ടപ്പെട്ടതുമാണവ. ഞങ്ങളുടെ മുറ്റത്ത് വലിയൊരു നിഴല്‍ വീഴ്ത്തി, കടുത്ത വെയിലില്‍നിന്ന് കുറച്ചൊക്കെ ആശ്വാസം തന്നിരുന്നത് ആ പേരാലായിരുന്നു. മാത്രമല്ല, അതിനെ കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന ഒരു മാവുമുണ്ടായിരുന്നതുകൊണ്ട്, ഞാന്‍ അതിനെ 'ആല്‍മാവ്' എന്നാണ് വിളിച്ചിരുന്നത്. ഈ ആത്മാവിനു പകരമൊരു കൂറ്റന്‍ തണല്‍മരം വളര്‍ത്തുകയെന്നത് അസാദ്ധ്യമാണെങ്കിലും അല്പമെങ്കിലും തണല്‍ കിട്ടിയാലോ എന്ന മോഹത്തില്‍ അത്തിമര തൈകള്‍ക്കായി പലയിടത്തും തിരഞ്ഞു, ഒടുവില്‍ ഒരു നഴ്സറിയില്‍ നിന്നു കിട്ടിയ രണ്ടു തൈകള്‍ പാകാനായത് ഈയിടെയാണ്.  

മരങ്ങളോടും ചെടികളോടും അവയില്‍ കൂട് കൂട്ടുന്ന പലതരം പക്ഷികളോടുമുള്ള  സ്‌നേഹം തുടങ്ങിയത് കുട്ടിക്കാലത്താണ്.  നാല് ചുറ്റും പുഴകൊണ്ടു വരിഞ്ഞിട്ട ചേന്ദമംഗലം എന്ന ഗ്രാമത്തിലെ മണ്ണ് നല്ല വളക്കൂറുള്ളതായിരുന്നു. പിന്നെ ഇടയ്‌ക്കൊക്കെ വിരുന്ന് വരാറുണ്ടായിരുന്ന മലവെള്ളത്തില്‍ വന്നടിയാറുണ്ടായിരുന്ന,  എക്കലും വണ്ടലും പകരുന്ന സമൃദ്ധി. എന്തും നട്ടു വളര്‍ത്താന്‍ താല്പര്യമുണ്ടായിരുന്ന അമ്മ അക്കാര്യത്തില്‍ എന്നെയും വളരെ പ്രോത്സാഹിപ്പിച്ചു. തറവാട്ടില്‍നിന്ന് ഭാഗം പിരിഞ്ഞ് വേറൊരു വളപ്പിലേക്ക് മാറിയപ്പോള്‍ അവിടെ എല്ലാം ആദ്യമേ തുടങ്ങണമായിരുന്നു. അങ്ങനെ അമ്മ അവിടെ ഒട്ടനവധി ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. ചുരുക്കത്തില്‍ മുകളിലെ ആകാശം മറയ്ക്കുന്നത്ര ഇലപ്പരപ്പ്. എന്തു നട്ടാലും തഴച്ചുവളരുന്ന തരത്തിലുള്ള ഒരു 'കൈപ്പുണ്യം' അമ്മയ്ക്കുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ എനിക്ക് പറ്റിയൊരു തൂമ്പയും അമ്മ സംഘടിപ്പിച്ചു തന്നിരുന്നതുകൊണ്ട് പലതരം കായ്കറികള്‍ നട്ടു വളര്‍ത്തുകയെന്നത് എനിക്കൊരു ഹരമായി. അന്ന് ഞങ്ങള്‍ക്കു പശുക്കളും തൊഴുത്തുമുണ്ടായിരുന്നതുകൊണ്ട് ചാണകവും ഗോമൂത്രവും സുലഭമായിരുന്നു. അങ്ങനെ അങ്ങാടിയെ ആശ്രയിക്കാതെ തന്നെ ഞങ്ങള്‍ക്കു വേണ്ട പച്ചക്കറികളൊക്കെ ആ പറമ്പില്‍ നിന്നു കിട്ടിയിരുന്നു. 
ഈ ഓര്‍മ്മകളെല്ലാം, പില്‍ക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  പ്രവര്‍ത്തിക്കുമ്പോഴും എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ജോലിയില്‍നിന്നു പിരിഞ്ഞ ശേഷം ഏതെങ്കിലും നഗരത്തിലെ ഫ്‌ലാറ്റില്‍ കൂട് കൂട്ടാന്‍ ചില സുഹൃത്തുക്കള്‍ പ്രേരിപ്പിച്ചെങ്കിലും, ഞാന്‍ മറ്റൊരു നാട്ടിന്‍പുറത്തേക്കു തന്നെയാണ് മടങ്ങിയത്. അവിടെ എം.വി. ദേവന്‍ അദ്ദേഹത്തിന്റെ സ്‌നേഹവും ചേര്‍ത്ത് ഒരു വീട് പണിതു തന്നു. ചുറ്റും ധാരാളം വൃക്ഷങ്ങളുള്ള വീട്. ആ വൃക്ഷങ്ങളില്‍ ഒരുപാട് കിളികള്‍ കൂട് കൂട്ടാറുണ്ടായിരുന്നു. മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ  വെളുപ്പിന് മൂന്ന് മണിയാകുമ്പോഴേക്കും കിളിയൊച്ചകള്‍ കേള്‍ക്കാം. അവ വര്‍ത്തമാനം പറയുന്നത്, കലഹിക്കുന്നത്, പ്രണയിക്കുന്നത് അങ്ങനെ എന്തൊക്കെ. അവയ്‌ക്കൊക്കെ സ്വന്തമായൊരു  മൊഴിയുണ്ടാകുമെന്നും, അവ മനസ്സിലാക്കാനാവുന്ന പക്ഷിപ്രേമികളുകളുണ്ടാകുമെന്നും അന്ന് തോന്നിയിരുന്നു. 

അതുകൊണ്ടാവാം, ഈ മരങ്ങളുടേയും പക്ഷികളുടേയും സാന്നിദ്ധ്യം അറിയാതെ തന്നെ എന്റെ പല രചനകളിലേക്കും കടന്നുവന്നത്. അങ്ങനെ 'കിളിമൊഴികള്‍ക്കപ്പുറം', 'കിളിക്കൂട്' എന്നീ  നോവലുകളും 'കിളിജന്മം', 'കുന്നുകരയിലെ മരങ്ങള്‍ കരയുമ്പോള്‍', 'മരപ്പേടി' തുടങ്ങിയ കുറേ കഥകളുമുണ്ടായി.

ഈ വളപ്പിലും ചുരുങ്ങിയ കാലം കൊണ്ട് തെങ്ങിന്‍തൈകള്‍ക്ക് പുറമേ ഒട്ടേറെ മരങ്ങളും ഞങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്.  കൂടാതെ വാഴകളും പലതരം പച്ചക്കറികളും എല്ലാ കൊല്ലവും കൃഷി ചെയ്യാറുണ്ട്. ജോലിയില്‍നിന്ന് പിരിഞ്ഞുവന്ന ഉടനെ തുടങ്ങി ഈ കൃഷി. നാടന്‍വിളകളായ മത്ത, കുമ്പളം, പടവലം, പാവലം, പീച്ചി, ചീര, പലതരം പയര്‍, വെണ്ട, വഴുതന, വെള്ളരിക്ക, കോവയ്ക്ക, പച്ചമുളക്, കപ്പ എന്നിവയില്‍നിന്ന് തുടങ്ങി തക്കാളി, കോളിഫ്‌ലവര്‍, കാബേജ് തുടങ്ങിയവ വരെ അവിടെ വിളഞ്ഞിട്ടുണ്ട്. കോളിഫ്‌ലവറും കാബേജും അവിടെ ശരിയാകില്ലെന്നു പറഞ്ഞ് പലരും നിരാശപ്പെടുത്താന്‍ നോക്കിയെങ്കിലും, നട്ടതില്‍ ഒരൊറ്റ തൈ പോലും കായ്ക്കാതിരുന്നിട്ടില്ല. തമിഴന്റെ വിഷം കലരാത്ത സത്യമായ കോളിഫ്‌ലവറിന്റേയും കാബേജിന്റേയും സ്വാദറിഞ്ഞത് അപ്പോഴാണ്. എങ്ങനെ പോയാലും, ആറേഴ് മാസത്തെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറി ഞങ്ങളുടെ വളപ്പില്‍നിന്ന് കിട്ടാറുണ്ട്. ഇക്കൊല്ലം  പ്രളയം കാരണം, വേണ്ട സമയത്ത് ഒന്നും നടാന്‍ പറ്റിയില്ലെങ്കിലും ഞങ്ങളുടെ ആവശ്യത്തിനുള്ള വിളവ് കിട്ടി. ഒരു തവണ വിഷുക്കണി ഒരുക്കിയപ്പോള്‍ അതില്‍ ഞങ്ങളുടേതായ പന്ത്രണ്ടോളം പച്ചക്കറികള്‍ വച്ചതായി ഓര്‍മ്മയുണ്ട്. സ്വന്തം കൈ കൊണ്ട് ഇതെല്ലാം ഉണ്ടാക്കുന്നതിന്റെ നിറവ് പറഞ്ഞറിയിക്കാന്‍ വിഷമമാണ്.
എന്തായാലും, ഈ വരുന്ന ജൂണ്‍ അഞ്ചിന് സ്വയം സംരക്ഷിക്കാനാവാത്ത ഒരു വൃക്ഷവും നടില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.

(അനുബന്ധം: പണ്ടത്തെ സ്‌കൂള്‍ ക്ലാസ്സുകളിലെ ചരിത്ര പേപ്പറില്‍ രാജാക്കന്മാരുടെ ഭരണപരിഷ്‌കാരങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് ധൈര്യമായി എഴുതാനൊരു സ്ഥിരം മറുപടിയുണ്ടായിരുന്നു. അദ്ദേഹം വഴിയോരങ്ങളില്‍ തണല്‍വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുകയും വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനായി നാടാകെ  വഴിയമ്പലങ്ങള്‍     പണിയുകയും ചെയ്തിരുന്നുവെന്ന്. പക്ഷേ, ഇന്നാണെങ്കില്‍ അദ്ദേഹം ഏതൊക്കെ     വനങ്ങളും വൃക്ഷങ്ങളും വെട്ടി നശിപ്പിച്ചുവെന്ന് എഴുതുകയാവും ഉചിതം.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com