അലൈ പായുതേ കണ്ണാ...: ഗീത ഹരിഹരന്റെ ഐ ഹാവ് ബികം ദി ടൈഡ് എന്ന നോവലിനെക്കുറിച്ച്

കണ്ണദേവന്‍ ആരായിരുന്നു? ദക്ഷിണേന്ത്യയില്‍ ഭക്തിപ്രസ്ഥാനത്തിന്റെ നാളുകളില്‍ ഉയര്‍ന്നു വന്ന പ്രതിസ്വരങ്ങളില്‍ ഒന്നായിരുന്നുവോ? അതോ ജന്മംകൊണ്ട് ബ്രാഹ്മണനായ ഒരു ഭക്തോത്തമ കാവ്യപുംസ്‌കോകിലമോ?
അലൈ പായുതേ കണ്ണാ...: ഗീത ഹരിഹരന്റെ ഐ ഹാവ് ബികം ദി ടൈഡ് എന്ന നോവലിനെക്കുറിച്ച്

ണ്ണദേവന്‍ ആരായിരുന്നു? ദക്ഷിണേന്ത്യയില്‍ ഭക്തിപ്രസ്ഥാനത്തിന്റെ നാളുകളില്‍ ഉയര്‍ന്നു വന്ന പ്രതിസ്വരങ്ങളില്‍ ഒന്നായിരുന്നുവോ? അതോ ജന്മംകൊണ്ട് ബ്രാഹ്മണനായ ഒരു ഭക്തോത്തമ കാവ്യപുംസ്‌കോകിലമോ? ഈ ചോദ്യം ജന്മംകൊണ്ട് അധഃകൃതനല്ലാത്ത പ്രൊഫസര്‍ കൃഷ്ണ ഉയര്‍ത്തുമ്പോള്‍, കണ്ണദേവന്‍ കണ്ണപ്പനായിരുന്നെന്നും പറയ പ്രപിതാമഹര്‍ ഉടുക്കത്തുണിയും പട്ടിണിയുമല്ലാതെ മറ്റൊന്നും കൈമാറാതെ ജീവിതത്തിലേയ്ക്ക് പറഞ്ഞയച്ച ചിക്കയ്യ താന്‍ തെരെഞ്ഞെടുത്ത വെളുത്തേടത്തൊഴിലില്‍ അലക്കിയെടുത്ത മഹാദേവി എന്ന പെണ്ണിനോടുള്ള പ്രണയത്തില്‍ ജനിച്ച കണ്ണപ്പനാണ് കാലം ചെല്‍കെ സംസ്‌കൃതമായി കണ്ണദേവനായത് എന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി പറയുമ്പോള്‍ ജീവനും സ്വത്തിനും നേരെയുള്ള ഭീഷണി മാത്രമല്ല അദ്ദേഹം നേരിടുന്നത്. സെമിനാര്‍ കഴിഞ്ഞിറങ്ങുമ്പോള്‍ ഇടനാഴിയില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിനി അദ്ദേഹത്തോട് ചോദിക്കുന്നു, എത്രയൊക്കെ പറഞ്ഞാലും കണ്ണപ്പന്റെ ജീവിതവുമായി നിങ്ങള്‍ക്ക് സാത്മ്യപ്പെടാന്‍ കഴിയുമോ? പ്രൊഫസറിനു ആ കുട്ടിയോട് തര്‍ക്കിക്കണമെന്നുണ്ട്, പക്ഷേ, അദ്ദേഹം അതു ചെയ്യുന്നില്ല. ഒരുപക്ഷേ, അത്തരമൊരു സാത്മ്യപ്പെടല്‍ പ്രൊഫസര്‍ കൃഷ്ണയെ സംബന്ധിച്ചിടത്തോളം കേവലം അക്കാദമികം മാത്രമായിരിക്കും. എങ്കിലും അതിലുപരിയായി എന്തോ ഒന്ന് കൃഷ്ണയെ ആ വെളിപാടിലേയ്ക്ക് നയിക്കുന്നുണ്ട്. നരേന്ദ്ര ദാബോല്‍ക്കറിനെ നയിച്ച, ഗോവിന്ദ് പന്‍സാരയെ നയിച്ച, എം.എം. കല്‍ബുര്‍ഗിയേയും ഗൗരി ലങ്കേഷിനേയും നയിച്ച ആ ഒന്ന്.

ഗീതാ ഹരിഹരന്‍ രചിച്ച ഏറ്റവും പുതിയ നോവല്‍, 'ഐ ഹാവ് ബികം ദി ടൈഡ്' (ഞാനൊരലയായി) അതിന്റെ ഹിരണ്യഗര്‍ഭത്തില്‍ പേറുന്ന ഒരു കേവലപ്രശ്‌നം മാത്രമല്ല, ആ വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിലൂടെ വെളിപ്പെടുന്നത്. ഈ നോവലിന്റെ രചനയില്‍ ഗീതാ ഹരിഹരന്‍ എന്ന എഴുത്തുകാരിയും ഒരുപക്ഷേ, സമാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാരൊക്കെയും ഒരു സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ നേരിടാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്. അജ്ഞേയമെങ്കിലും ആസന്നമായൊരു ഭീഷണിയെ നെഞ്ചിലൊരു കനം പോലെ കൊണ്ടുനടക്കുന്ന പ്രൊഫസര്‍ കൃഷ്ണ ആ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നുണ്ട്. തന്റെ മെയില്‍ ബോക്‌സിലേയ്ക്കും മെസ്സഞ്ചറിലേയ്ക്കും ഒക്കെ വന്നുകയറുന്ന ഭീഷണികളെ അദ്ദേഹത്തിന് അവഗണിക്കാന്‍ കഴിയാതായിരിക്കുന്നു. ഒളിച്ചോടാത്തത് താനൊരു ഭീരുവല്ല എന്ന തിരിച്ചറിവ് ഒന്നുകൊണ്ടുമാത്രം. പക്ഷേ, എല്ലാ തര്‍ക്കങ്ങള്‍ക്കുമപ്പുറം സത്യത്തെ, എല്ലാ മുഖ്യധാരാ പ്രസാധന ശാലകളും നിരസിച്ചിട്ടും പ്രഭാതസവാരിക്കാരും ജരാനര ബദ്ധരും ആയ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രസിദ്ധീകരിക്കുന്ന പ്രൊഫസര്‍ കൃഷ്ണ തന്റെ നിജകൃത്യം നിറവേറ്റിയ പൂര്‍ണ്ണകാമനാണ്. മരണം അതിനൊരു ഉത്തമ പ്രതിഫലം മാത്രം. അതിനാല്‍ അദ്ദേഹം തര്‍ക്കിക്കാന്‍ നില്‍ക്കുന്നില്ല.

ഒരു നോവലിലെ കഥാപാത്രത്തിനു നിശ്ശബ്ദനായിരിക്കാന്‍ മാത്രം ഓട്ടോണമി ആഖ്യാനം നല്‍കാറുണ്ട്. പക്ഷേ, അങ്ങനെയല്ലല്ലോ നോവലിസ്റ്റിന്റെ കാര്യം. തന്റെ കൃത്യം നിറവേറ്റി ഇനി വായനക്കാര്‍ തീരുമാനിക്കട്ടെ എന്ന പിന്മാറ്റം ആധുനികതയോടെ അസ്ഥിരമാക്കപ്പെട്ട ഒരു നിലപാട് തറയാണ്. ബൃഹദാഖ്യാനങ്ങളില്‍ വന്നുപോകുന്ന പ്രാന്തവല്‍കൃത ജീവിതങ്ങളുടെ ആഖ്യാനസ്വരം കേവലം സര്‍ഗ്ഗാത്മക നിരീക്ഷണം മാത്രമാണെന്നു പറഞ്ഞുള്ള രക്ഷപ്പെടലിനും വഴിമുട്ടി. മരണാനന്തരംപോലും സാഹിത്യകാരന്മാര്‍ ഇന്ന് നൈതികവും ധാര്‍മ്മികവുമായ വ്യവഹാര പരിസരങ്ങളില്‍ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന കാഴ്ച നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുന്ന സാഹിത്യകാരരെ സംബന്ധിച്ചിടത്തോളം ദളിത-പ്രാന്തവല്‍കൃത ജീവിതങ്ങളുടെ നേര്‍ ആഖ്യാനം പഴയതുപോലെ 'നിഷ്‌കളങ്കമായ' സാമൂഹ്യപ്രതിബദ്ധതയില്‍ കൊണ്ടുചെന്ന് കെട്ടാന്‍ കഴിയില്ല. അതിനാല്‍ ആ ഇടനാഴിയില്‍ വെച്ച് പ്രൊഫസര്‍ കൃഷ്ണയോട് ആ പെണ്‍കുട്ടി ചോദിച്ച ചോദ്യം പല തലങ്ങളില്‍ ഗീതാ ഹരിഹരന്റെ നേര്‍ക്ക് വരാനുള്ള സാധ്യത അവര്‍ മുന്‍കൂട്ടി കാണുന്നുണ്ട്.

സാഹിത്യ-സാമൂഹിക-സാംസ്‌കാരിക ചരിത്രങ്ങളില്‍ പ്രസക്തവും അനിവാര്യവും ആയ പല ചോദ്യങ്ങളും പല കാലങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ഉദാഹരണത്തിന് കല കലയ്ക്കു വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്ന ചോദ്യം. അപ്പോള്‍ കല ജീവിതം തന്നെ എന്ന ഉത്തരം കിട്ടുന്നതായി നമ്മള്‍ കണ്ടു. കലാകാരന്‍ ആരുടെ ചേരിയില്‍ എന്ന ചോദ്യം വന്നപ്പോള്‍ ജനപക്ഷത്തു തന്നെയെന്ന് ഉത്തരം കിട്ടി. സ്ത്രീക്ക് സ്വന്തമായൊരു മുറിയുണ്ടോ എന്ന ചോദ്യം വിര്‍ജീനിയ വൂള്‍ഫ് ചോദിച്ചപ്പോള്‍ വാസ്തുശില്പികള്‍ ഉള്‍പ്പെടെ ഞെട്ടി. എന്തുകൊണ്ടാണ് ചരിത്രത്തില്‍ മഹത്തുക്കളായ കലാകാരികള്‍ ഇല്ലാതെ പോയത് എന്ന ചോദ്യം ലിന്‍ഡാ നോക്ക്ലിന്‍ ഉയര്‍ത്തിയപ്പോള്‍ ചരിത്രകാരന്മാര്‍ ഒന്നാകെ ഉണര്‍ന്നുപോയി; ആലസ്യം പമ്പ കടന്നു. ഉത്തരാധുനികതയോടെ ഉയര്‍ന്ന ഏറ്റവും വലിയ ചോദ്യം ചോദിച്ചത് ഗായത്രി ചക്രവര്‍ത്തി സ്പിവാക് ആണ്: പ്രാന്തവല്‍കൃതന് സംസാരിക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം. എല്ലാത്തരം വ്യവസ്ഥകളില്‍നിന്നും പുറത്താക്കപ്പെട്ടിരുന്ന മനുഷ്യര്‍ക്കുവേണ്ടി, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നു എന്നു സ്വയം വിശ്വസിച്ച ഉദാരമതികള്‍ സംസാരിച്ചിരുന്ന കാലമായിരുന്നു ആധുനികതയുടേത്. കര്‍ത്തൃത്വം എടുത്തുമാറ്റപ്പെട്ട ഒരു സമൂഹം അതു തിരിച്ചുപിടിക്കുന്ന ഒരു ചരിത്രപ്രതിഭാസമാണ് ഉത്തരാധുനികതയില്‍ ലോകമെമ്പാടും നാം കാണുന്നത്. പ്രാന്തവല്‍കൃതര്‍ സംസാരിക്കാന്‍ തുടങ്ങുകയും അവരുടെ കര്‍ത്തൃത്വവും ഓട്ടോണമിയും തിരികെ പിടിക്കുകയും ചെയ്യുമ്പോള്‍ അന്നുവരെയുണ്ടായിരുന്ന ആഖ്യാനപരിസരത്തുനിന്ന് ഒറ്റയടിക്ക് പുറത്താക്കപ്പെടുകയോ പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുകയോ ചെയ്യുന്നത് മധ്യവര്‍ഗ്ഗത്തില്‍നിന്നുകൊണ്ട് പ്രാന്തവല്‍കൃത ജീവിതങ്ങളുടെ എമ്പതി പുലര്‍ത്തുന്ന എഴുത്തുകാരാണ്.

അപ്പോള്‍ ചോദ്യം മാറുന്നു: നമ്മള്‍ എന്തു ചെയ്യും, അല്ലെങ്കില്‍ നാമെന്തു ചെയ്യണം? ഇതു ചോദിക്കുന്നത് മുന്‍ പ്രാന്തവല്‍കൃതര്‍ അല്ല, നേരെ മറിച്ച് അവരുടെ കൂടെ സ്വരങ്ങള്‍ ഏറ്റെടുത്തു സംസാരിച്ചുകൊണ്ടിരുന്ന ഉദാരവ്യക്തികള്‍ ആണ്. വലിയൊരു ഫലക ചലനം അഥവാ ടെക്ടോണിക് ഷിഫ്റ്റ് എന്നൊക്കെ പറയാവുന്ന ഒരു ഷിഫ്റ്റ് അപ്പോള്‍ നടക്കുന്നു. അതായത്, ഉദാരമതികളായ എഴുത്തുകാര്‍ പിണങ്ങിപ്പിരിയുന്നതിനു പകരം, അഹന്തയും മുന്‍വിധിയും ഹെജിമണിയും ഇല്ലാത്ത സഹയാത്രികരായി ഒപ്പം കൂടുന്നു. അതു രണ്ടു രീതിയില്‍ പ്രസക്തമാണ്; ഒന്ന്, എഴുത്തുകാര്‍ എന്ന നിലയില്‍ അവരുടെ സാമൂഹികാസ്തിത്വം വെല്ലുവിളി നേരിടുന്ന ഒരു ഘട്ടത്തില്‍ അവര്‍ തങ്ങളുടെ കര്‍ത്തൃത്വത്തെ വ്യക്തമായും പുനഃസംഘടിപ്പിക്കുകയും പുതിയ കാലത്തിനുവേണ്ടി പരുവപ്പെടുത്തുകയും ചെയ്യുന്നു. രണ്ട്, പുതുതായി ഉയര്‍ന്നുവന്ന ദളിത്-പ്രാന്തവല്‍കൃത ബൗദ്ധിക സമൂഹത്തിന്റെ സജീവമായ ശ്രദ്ധയില്ലെങ്കില്‍ തങ്ങളുടെ സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങള്‍ക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിയുകയും ചെയ്യുന്നു. ഇതു മറ്റൊരര്‍ത്ഥത്തില്‍ ഒരു സാധ്യതയും പ്രതിസന്ധിയുമാണ്. ആഭ്യന്തര രംഗത്ത് ഈ ഒരു ഷിഫ്റ്റ് ഉദാരമതികളായ എഴുത്തുകാരെ നവമുഖ്യധാരയില്‍ സജീവമാക്കി നിറുത്തുന്നു (സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍) എന്നതാണ് ആ സാധ്യത. പ്രതിസന്ധി എന്നത്, അന്താരാഷ്ട്ര പുസ്തക/സാഹിത്യ വിപണിരംഗത്ത് പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കൂടുതല്‍ പണിപ്പെടേണ്ടി വരുന്നു എന്നതാണ്. കാരണം ഇന്ത്യയില്‍ സവിശേഷമായ ജാതി പ്രശ്‌നങ്ങളെ ആഗോളതലത്തില്‍ മനസ്സിലാക്കപ്പെടുന്ന അപാര്‍ത്തീഡ്, അഭയാര്‍ത്ഥി പ്രശ്‌നം എന്നിവയുമായി സമീകരിക്കാന്‍ കഴിയുന്നില്ല എന്നതും ഒപ്പം ജാതി എന്നത് ആഗോളതലത്തില്‍ റിഡണ്ടന്റ് അഥവാ ജീര്‍ണ്ണോന്മുഖം ആണെന്നതുമാണ്. അതായത്, വളരുന്ന അംബേദ്കര്‍/അംബേദ്കറൈറ്റ് വ്യവഹാരങ്ങളുടെ ഉപോല്പന്നം എന്ന നിലയില്‍ മാത്രമേ പലപ്പോഴും ഈ സാഹിത്യം നിലനില്‍ക്കാന്‍ സാധ്യതയുള്ളൂ.
ജാതി എന്നത് സാഹിത്യത്തിലെ ആഗോളീയതയില്‍ വലിയൊരു വിഷയമായിരുന്നില്ല എന്നതിന് മുഖ്യമായ ഉദാഹരണം മുല്‍ക്ക് രാജ് ആനന്ദ്, രാജാ റാവു, കമല മാര്‍ക്കണ്ഡേയ, ആര്‍.കെ. നാരായണ്‍, കമലാദാസ് എന്നിവരുടെ കൃതികള്‍ക്ക് വി.എസ്. നൈപോളിന്റേയോ സല്‍മാന്‍ റുഷ്ദിയുടേയോ നോവലുകളെപ്പോലെ പ്രാമുഖ്യം ആഗോളവിപണിയില്‍ ലഭിച്ചില്ല എന്നതാണ്. അതേസമയം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് നേരിട്ടെഴുതിയിട്ടുള്ള അരുന്ധതി റോയ്, വില്യം ഡാല്‍റിംപിള്‍, ശശി തരൂര്‍, അമിതാവ ഘോഷ് തുടങ്ങിയ എഴുത്തുകാര്‍ ജാതിയെ നേരിട്ട് കൈകാര്യം ചെയ്യുന്നില്ല എന്നതു ശ്രദ്ധേയമാണ്. രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങള്‍ക്ക് പാകത്തിലേ ജാതിവിഷയങ്ങള്‍ ഇവര്‍ കൈകാര്യം ചെയ്യുന്നുള്ളൂ. ഉദാരമതിത്വം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജാതി ഇല്ലെന്നും അതേസമയം താന്‍ ജനിച്ച ജാതിയെക്കുറിച്ച് പരോക്ഷമായ പ്രകീര്‍ത്തനം നടത്തുന്നതിനും ഇവരില്‍ ചിലരെങ്കിലും മുതിരുന്നുണ്ട്. അതേ സമയം ജാതിയെ നിലനിര്‍ത്തുന്ന, അല്ലെങ്കില്‍ ജാതിയാല്‍ നിലനിര്‍ത്തപ്പെടുന്ന മതത്തെ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് ആഗോളവിപണിയില്‍ പ്രശസ്തി കിട്ടുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ജാതിയെ സംബന്ധിച്ച ഇംഗ്ലീഷ് എഴുത്തുകള്‍ ആഭ്യന്തര വിപണിയിലും (അക്കാദമികമായ താല്പര്യങ്ങളിലും) മതത്തെ സംബന്ധിച്ച പുസ്തകങ്ങള്‍ ലോകവിപണിയിലുമാണ് ശ്രദ്ധിക്കപ്പെടുന്നത് എന്നു കാണാം.

ഇന്ത്യന്‍ സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളിലൂടെ ദളിത് ആത്മകഥകള്‍ പ്രമുഖമായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. രണ്ട് രീതിയിലാണ് ഇതു വിപണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒന്നാമതായി, ഈ ആത്മകഥകള്‍ ഇതര ദളിത് -പ്രാന്തവല്‍കൃത എഴുത്തുകാര്‍ക്ക് സ്വയം സംസാരിക്കാനുള്ള അവസരം, ആത്മവിശ്വസം, ഇടം എന്നിവ നല്‍കി. രണ്ട്, ഇത് ഒരുതരം പുറത്തുവരല്‍ സാഹിത്യത്തിനു വഴിതെളിച്ചു. പുറത്തുവരല്‍ സാഹിത്യം എന്നത് രോഗികള്‍, ഭിന്നലിംഗക്കാര്‍, എയ്ഡ്സ് ബാധിതര്‍, മരണം ആസന്നമായിരിക്കുന്നവര്‍, ലൈംഗികത്തൊഴിലാളികള്‍ തുടങ്ങിയവര്‍ കൊണ്ടുവന്ന സാഹിത്യമാണ്. ദളിതര്‍ എന്നു നേരിട്ടവകാശപ്പെടാത്തവര്‍ പില്‍ക്കാലത്ത് തങ്ങള്‍ ദളിതരാണ് എന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നിട്ടുള്ള രചനകള്‍ക്ക് ഇപ്പോള്‍ ആഗോളവിപണിയില്‍ ശ്രദ്ധ ലഭിക്കുന്നു. ജാതിയെ ഒരുതരത്തില്‍ ഒരു മ്യൂസിയം പീസ് ആക്കുന്ന രചനകള്‍ ആണ് ഇവ. മോശം അര്‍ത്ഥത്തില്‍ അല്ല ഇതു പറയുന്നത്. മ്യൂസിയം പീസ് എന്നാല്‍, ഭൗതികമായ ഉപയോഗത്തിന് പുറത്തായ ഒന്നിനെ ഒരു സാംസ്‌കാരിക-ഭൂതകാല സൂചകമായി ഉപയോഗിക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. സുജാതാ ഗില്‍ഡ (ആനകള്‍ക്കിടയിലെ ഉറുമ്പ്), യാഷിക്ക ദത്ത (ദളിതായി പുറത്തുവരല്‍) എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധേയമായിരിക്കുന്നു. ജാതിയെ ട്രാന്‍സെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞ എഴുത്തുകാരാണ് ഇവര്‍ രണ്ടുപേരും എന്നുള്ളത് ഇവരെ ദളിത് എഴുത്തുകാരില്‍നിന്ന് അല്പം വ്യത്യസ്തനാക്കുന്നു എന്നുകൂടി പറയണം.

കാതലായ വിഷയത്തിലേക്ക് തിരികെ വരാം: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ, ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ എന്നു വിളിക്കപ്പെട്ട ആത്മഹത്യ ഇന്ത്യന്‍ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ ഒരു പോയിന്റ് ഓഫ് ഡിപ്പാര്‍ച്ചറും പോയിന്റ് ഓഫ് റാപ്ച്ചറും (കേന്ദ്രബിന്ദുവും വിഘടന ബിന്ദുവും) ആണ്. യാഷിക്കാ ദത്ത അവരുടെ ദളിത് ആത്മകഥ എഴുതുന്നത് തന്നെ രോഹിത് വെമുലയുടെ ആത്മഹത്യ അവരില്‍ വരുത്തിയ ആഘാതത്തില്‍നിന്നാണ്. സമാന സാഹചര്യമാണ് ഗീതാ ഹരിഹരനേയും തന്റെ നോവലിലേയ്ക്ക് പ്രേരിപ്പിച്ചത്. പക്ഷേ, ആദ്യമേ പറഞ്ഞതുപോലെ, ഗീതാ ഹരിഹരന് പ്രാന്തവല്‍കൃതര്‍ക്കുവേണ്ടി സംസാരിക്കാന്‍ കഴിയുമോ? കഴിഞ്ഞാല്‍ത്തന്നെ ''നിങ്ങള്‍ ആരാണ് നമ്മളെക്കുറിച്ച് സംസാരിക്കാന്‍'' എന്ന ചോദ്യത്തെ നേരിടേണ്ടിവരുമോ? രോഹിത് വെമുലാനന്തര ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു മധ്യവര്‍ഗ്ഗ ഉദാരമതിയായ എഴുത്തുകാരിക്ക് ജാതി എന്ന വിഷയവുമായി എത്രമാത്രം സാത്മ്യപ്പെടാന്‍ കഴിയും? പ്രത്യേകിച്ചും 'ഡോക്ടര്‍ ആന്‍ഡ് ദി സെയിന്റ്' എന്ന പേരില്‍ ജാതി നിര്‍മ്മൂലനം എന്ന അംബേദ്കര്‍ പ്രസംഗത്തിന് അതിനേക്കാള്‍ വലിയ അവതാരിക എഴുതിയ അരുന്ധതി റോയിയെ മിക്കവാറും ദളിത് സൈദ്ധാന്തികര്‍ അത്ര ഔദാര്യത്തോടെയല്ല സമീപിച്ചത് എന്ന സാഹചര്യം നിലനില്‍ക്കെ. ഈ ചോദ്യത്തെ ഗീതാ ഹരിഹരന്‍ തീര്‍ച്ചയായും മുന്‍കൂട്ടി കാണുന്നുണ്ട്. അതിനാല്‍ അവര്‍ പുസ്തകത്തിന്റെ പിന്‍കുറിപ്പില്‍ ഇങ്ങനെ എഴുതി: ''ജാതിപരമായോ കുടുംബപരമായോ മുന്നോക്കം നില്‍ക്കുന്ന ആര്‍ക്കും തന്നെ, അവര്‍ പ്രായപൂര്‍ത്തിയെത്തിയ മനുഷ്യര്‍ എന്ന നിലയില്‍ അതു സംബന്ധിച്ച ഒരു തെരഞ്ഞെടുപ്പ് നടത്തുന്നില്ല എങ്കില്‍, ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതാനുഭവങ്ങളെ യഥാര്‍ത്ഥത്തില്‍ 'അറിയാന്‍' കഴിയുകയില്ല. 'ഐ ഹാവ് ബികം ദി ടൈഡ്' എന്ന പുസ്തകം എഴുതിയിട്ടുള്ളത് ഈ ബോധത്തോടെയാണ്. എന്നാല്‍, അതേസമയം ഈ പുസ്തകം ഉരുവായത്, ഒരു എഴുത്തുകാരിക്കും അനേകം സഹപൗരന്മാരുടെ ജീവിതത്തെ വലിച്ചുപറിക്കുന്ന ഭീകരമായ അസന്തുലിതത്വത്തിന്റെ കാര്യത്തില്‍ ഒരു നിലപാട്, അതെത്രയോ വിനമ്രമായിക്കൊള്ളട്ടെ, ആ നിലപാട് എടുക്കാതെ ഇന്ത്യയിലെ ഇന്നത്തെ ജീവിതത്തെക്കുറിച്ചു എഴുതാന്‍ കഴിയുകയില്ല എന്ന ബോധ്യത്തില്‍ നിന്നാണ്.''
ഇത് ഒരു മുന്‍കൂര്‍ ജാമ്യമല്ല എന്നു പുസ്തകം വായിച്ചുപോകെ നമുക്കു മനസ്സിലാകും. കൊല്ലപ്പെടുന്ന പ്രൊഫസര്‍ കൃഷ്ണയും ആത്മഹത്യ ചെയ്യുന്ന സത്യയും ചരിത്രസന്ധികളിലെപ്പോഴോ ഒരു പ്രായിശ്ചിത്തമെന്നോണം ജലസമാധി തെരഞ്ഞെടുക്കുന്ന കണ്ണദേവനും/കണ്ണപ്പനും കഥയില്‍ ബാക്കിയാകുന്ന ആശയും രവിയും സെന്തിലും ശാന്തയും ഒക്കെ ഗീതാ ഹരിഹരന്‍ 'അറിഞ്ഞ' ജീവിതങ്ങള്‍ തന്നെയാണെന്നു മനസ്സിലാക്കാന്‍ കഴിയും. ദളിത് എന്നത് ഒരു ജാതിയല്ല, നിലപാടാണ് എന്നു തിരിച്ചറിയുന്ന പ്രൊഫസര്‍ കൃഷ്ണ ഒരുപക്ഷേ, നോവലിസ്റ്റിന്റെ അപരസ്വത്വം തന്നെയാണ്. മൂന്നു കഥകളാണ് ഈ നോവലില്‍. അവയില്‍ ഒന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടക്കുന്നത്, മറ്റു രണ്ടു സംഭവങ്ങള്‍ നമ്മുടെ സമകാലത്തു നടക്കുന്നത്. എന്നാല്‍, ഔപചാരികമായ ചില സാമ്യങ്ങള്‍ ഒഴിച്ചാല്‍ ഇതൊരു ഡോക്യുമെന്ററി നോവല്‍ അല്ല; സമൂഹത്തില്‍ നടന്ന രണ്ടു പ്രധാന ദുരന്തങ്ങളെ ഒരു ചരിത്രദുരന്തവുമായി കൂട്ടിച്ചേര്‍ത്ത് ആഖ്യാനം ചെയ്യുകയാണ് ഇവിടെ. തുടക്കത്തില്‍ പറഞ്ഞതുപോലെ പറയന്റെ മകനായ ചിക്കയ്യയ്ക്കു ആകെ ലഭിക്കുന്നത് ഒരു ചെണ്ടയാണ്; മരിക്കുമ്പോള്‍ കൊട്ടുന്ന ചെണ്ട. ചിക്കയ്യയുടെ അച്ഛന്‍ ഒഴുകുന്ന, സ്വാതന്ത്ര്യമുള്ള നദികളെക്കുറിച്ചു പാടി. പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ വിശന്നു ചത്തു. ചിക്കയ്യയെ മുഖ്യധാരാ ഹിന്ദുമതത്തിനെതിരെ രൂപംകൊണ്ട ആനന്ദഗ്രാമ പ്രസ്ഥാനത്തിലേക്ക് ഒരു (ബുദ്ധിസ്റ്റ്) സന്ന്യാസിയും മറ്റൊരു അധഃകൃതനും കൂട്ടിക്കൊണ്ടു പോകുന്നു. ചിക്കയ്യ അവിടെ തെരഞ്ഞെടുക്കുന്നത് വെളുത്തേടന്റെ ജോലി. മഹാദേവിക്കും ചിക്കയ്യയ്ക്കും പിറക്കുന്ന കണ്ണപ്പനെ ഉന്നത വിദ്യാഭ്യാസത്തിന് അയയ്ക്കുന്നു. നാളുകള്‍ കഴിയുമ്പോള്‍ മുഖ്യധാരാ മതം ആനന്ദാഗ്രാമ പ്രസ്ഥാനത്തെ അരിഞ്ഞു തള്ളുന്നു. ജയിച്ച മതം കണ്ണപ്പനെ കണ്ണദേവന്‍ ആക്കുന്നു.

കണ്ണദേവന്‍ എഴുതിയതായും പാടിയതായും സമാഹരിക്കപ്പെട്ട കവിതകള്‍ പക്ഷേ, പലര്‍ കൂടി എഴുതിയതാണെന്നും അതില്‍ പ്രാന്തവല്‍കൃത സ്വരങ്ങള്‍ ഉണ്ടെന്നും പ്രൊഫസര്‍ കൃഷ്ണ കണ്ടെത്തുന്നു. പ്രൊഫസര്‍ കൃഷ്ണയെ ഇല്ലാതാക്കാന്‍ സ്വാമി സന്തോഷ് നേതൃത്വം കൊടുക്കുന്ന ഒരു സംഘടനയില്‍പ്പെട്ട ശ്രീകുമാറും അയാളുടെ അര്‍ധസഹോദരനും നിയുക്തരാകുന്നു. ഇതേസമയം മൂന്നു വിദ്യാര്‍ത്ഥികളുടെ ജീവിതം മുന്നോട്ടു പോവുകയാണ്- ആശാ, രവി, സത്യ. മൂന്നു പേരും ദളിത് വിദ്യാര്‍ത്ഥികള്‍. മൂന്നു പേര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആകണം. അവര്‍ ഒരുമിച്ചു എന്‍ട്രന്‍സിനു പഠിക്കുന്നു. പക്ഷേ, സത്യയ്ക്കു മാത്രമേ അഡ്മിഷന്‍ കിട്ടുന്നുള്ളൂ. ആശയ്ക്ക് നഴ്സിങ്ങിനും രവിക്ക് സുവോളജിക്കും അഡ്മിഷന്‍ കിട്ടുന്നു. സത്യ തന്റെ കോളേജില്‍ ജാതിയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു. പ്രൊഫസര്‍ മൂര്‍ത്തി അവന്റെ ജീവിതത്തെ ദുരിതമയമാക്കുന്നു. ഇതിനിടെ പ്രൊഫസര്‍ സെന്തില്‍ എന്ന ദളിത് അധ്യാപകനുമായി ബന്ധപ്പെടുന്ന രവി രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു. അവന്‍ ദളിത് രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നു. സെന്തില്‍ അവനു ചില പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കുന്നു. അതില്‍ ഒന്ന് പ്രൊഫസര്‍ കൃഷ്ണ എഴുതിയ കണ്ണദേവനെക്കുറിച്ചുള്ള ലഘു പുസ്തകമാണ്. അതില്‍ കണ്ണദേവന്റെ കവിതകളുമുണ്ട്. കവിതയൊക്കെ എഴുതുമായിരുന്ന സത്യയ്ക്ക് രവി ആ പുസ്തകം വായിക്കാന്‍ കൊടുക്കുന്നു. അതെല്ലാം ആശയ്ക്ക് അയച്ചു കൊടുത്തശേഷം സത്യ ജലസമാധി ചെയ്യുന്നു. ഇതിനിടെ പ്രൊഫസര്‍ കൃഷ്ണ വെടിയേറ്റ് മരിക്കുന്നു.

കൊലചെയ്യപ്പെട്ട കൃഷ്ണയുടേയും സത്യയുടേയും (ഇന്‍സ്റ്റിറ്റിയൂഷണല്‍ കില്ലിംഗ്) സ്വരം ആശയിലൂടെയും രവിയിലൂടെയും 'നമ്മുടെ' സ്വരമായി മാറുകയാണ്. തന്റെ അപ്പൂപ്പനില്‍നിന്നു ലഭിച്ച തോല്‍ച്ചെണ്ടയില്‍ മുട്ടിയപ്പോള്‍ രവിയുടെ മുന്നില്‍ കാലം വഴി തുറന്നു. കണ്ണദേവന്റെ കവിതകള്‍ വായിച്ചപ്പോള്‍ ആശാ തന്റെ സ്വരം തിരിച്ചറിഞ്ഞു. അവരുടെ ശബ്ദം ഒരു വലിയ സമൂഹത്തിന്റെ സ്വരമായി. കനയ്യാ കുമാറിലൂടെ, ജിഗ്നേഷ് മേവാനിയിലൂടെ, ചന്ദ്രശേഖര്‍ ആസാദ് രാവണിലൂടെ, ഉമര്‍ ഖാലിദിലൂടെ, സെഹ്റ റാഷിദ് സോറയിലൂടെ എന്നു തുടര്‍ന്നു പറയണമെന്ന് എനിക്കു തോന്നുന്നു, ഗീതാ ഹരിഹരന്‍ അങ്ങനെ പറയുന്നില്ലെങ്കിലും. അങ്ങനെ തോന്നിപ്പിക്കുന്നതിലാണ് നോവലിന്റെ വിജയം. വളരെയധികം മൃദുലമായ മനുഷ്യബന്ധങ്ങളുടെ മനോഹരമായ വിവരണങ്ങളാല്‍ സമൃദ്ധമാണ് ഈ നോവല്‍. പ്രൊഫസര്‍ കൃഷ്ണയും അദ്ദേഹത്തിന്റെ ഭാര്യ ശാന്തയും തമ്മിലുള്ള ബന്ധം ഇത്രയും മനോഹരമായാണ് വര്‍ണ്ണിച്ചിരിക്കുന്നത്. 60 വയസ്സു കഴിഞ്ഞ അവരിരുവരും ഒരിക്കല്‍ ഒരു സംഗീതക്കച്ചേരി കഴിഞ്ഞു വന്നു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു രംഗമുണ്ട്. ഒരുപക്ഷേ, ഇന്ത്യന്‍ നോവലുകളിലെ ഏറ്റവും ഇറോട്ടിക് ആയ രംഗം എന്നു ഞാനതിനെ വിശേഷിപ്പിക്കും. ഒരു കാലഘട്ടത്തിന്റെ നോവല്‍ ആണ് ഇത്; വിട്ടുപോകാതെ വായിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com