പുല്‍മേടുകളിലെ തീക്കാലങ്ങള്‍: ടോമി വെയ്‌റിങ്കയുടെ കൃതികളെക്കുറിച്ച്

ഡച്ച് നോവലിസ്റ്റ് ടോമി വെയ്റിങ്കയുടെ 'These Are the Names' ഡച്ച് ബുക്കര്‍ എന്നറിയപ്പെടുന്ന ലിബ്രിസ് പ്രൈസ് നേടിയ നോവലാണ്.
പുല്‍മേടുകളിലെ തീക്കാലങ്ങള്‍: ടോമി വെയ്‌റിങ്കയുടെ കൃതികളെക്കുറിച്ച്

മകാലിക ലോകസാഹിത്യത്തില്‍ ഏറ്റവും നിശിതമായി കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഒരുപക്ഷേ, അഭയാര്‍ത്ഥി ജീവിതത്തിന്റെ പ്രതിസന്ധികള്‍ എന്നതാവാം. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയായ പ്രവാസത്തിലേക്ക് സ്വയം എടുത്തെറിയപ്പെട്ട എഴുത്തുകാരുടെ തന്നെ അനുഭവമായോ അവര്‍ സാക്ഷ്യം വഹിക്കാന്‍ ഇടയാകുന്ന ആഗോള മാനങ്ങളുള്ള സഹനപര്‍വ്വങ്ങളായോ അഭയാര്‍ത്ഥി ജീവിതത്തിന്റെ അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. ഇത്തരം ആവിഷ്‌കാരങ്ങളില്‍ എഴുത്തുകാരന്‍/കാരി സാമാന്യ സംവാദങ്ങളില്‍ ഇടപെടുകയും നൈതിക നിലപാട് പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യാവഹാരിക ബുദ്ധിജീവിയായി (public intellectual) സ്വയം നിലയുറപ്പിക്കാം. അയാള്‍ക്ക് ''നിര്‍ണ്ണായകമായ അറിവും ആശയങ്ങളുമുണ്ട്, അയാള്‍ക്ക് ചര്‍ച്ചകളെ ഉദ്ദീപിപ്പിക്കാനാവും, രാഷ്ട്രീയവും സാമൂഹികവും നൈതികവുമായ മാനങ്ങളുള്ള വിഷയങ്ങളില്‍ ഇതര സാധ്യതകള്‍ ഉന്നയിക്കുന്നതിലൂടെ പൊതുതാല്പര്യമുള്ള കാര്യങ്ങളില്‍ അശിക്ഷിതരായ ശ്രോതാക്കളെ അഭിമുഖീകരിക്കാനാവും.'' (The Figure of the Migrant in Tommy Wieringa's Intellectual Intervention Oldie Heynders Tillburg University). 

ജീര്‍ണ്ണലോകങ്ങളിലെ ആത്മാന്വേഷണം 
ജോ സ്പീഡ്ബോട്ട്, സീസേറിയന്‍ തുടങ്ങിയ കൃതികളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന ഡച്ച് നോവലിസ്റ്റ് ടോമി വെയ്റിങ്കക്ക്, ഡച്ച് ബുക്കര്‍ എന്നറിയപ്പെടുന്ന ലിബ്രിസ് പ്രൈസ് നേടിക്കൊടുത്ത നോവലാണ് 'These Are the Names.' 2004-ല്‍ നോവലിസ്റ്റ് സാക്ഷ്യം വഹിക്കാന്‍ ഇടയായ ഒരു കോടതി കേസിനെ ആസ്പദമാക്കി രചിക്കപ്പെട്ട കൃതിയില്‍, പോസ്റ്റ് സോവിയറ്റ് റഷ്യന്‍ ചിഹ്നങ്ങള്‍ നിറഞ്ഞ മിഖൈലോപോള്‍ എന്ന സാങ്കല്‍പ്പിക യൂറേഷ്യന്‍ പട്ടണത്തെ പശ്ചാത്തലമാക്കി വികസിക്കുന്ന രണ്ടു സമാന്തര കഥാധാരകള്‍ സന്ധിക്കുന്നു. പോണ്ടസ് ബേഗ് എന്ന പൊലീസ് കമ്മിഷണര്‍ തന്റെ ഓര്‍മ്മകളില്‍ എന്നും പ്രായമാകുകയെന്ന സ്വപ്നം താലോലിച്ചു വന്നവനായിരുന്നു. ''മൂക്കിന്റെ പാലത്തില്‍ ഒരു ജോഡി സേഫ്റ്റി ഗ്ലാസ്സുകള്‍ വെച്ചും കൈകള്‍ പിറകില്‍ കെട്ടിയും... മറ്റെന്തിലുമേറെ വയസ്സനാകാന്‍ മോഹിച്ച്. സാവധാനത്തില്‍, അവധാനതയോടെ, കൊടുങ്കാറ്റിനെ ശാന്തനായി നേരിടുന്ന ക്യാപ്റ്റന്‍.'' ഗ്ലാസ്സുകള്‍ മൂക്കില്‍ പാട് വീഴ്ത്തുന്നു എന്നറിയുന്നതുവരെ അത് തുടര്‍ന്നുവന്നു. കാലം കടന്ന് ഇന്നയാള്‍ ഒരമ്പത്തിമൂന്നുകാരനാണ്. ജീവിതം ഏറെ പഠിപ്പിച്ചിട്ടുണ്ട് അയാളെ, ഒപ്പം മരണത്തിന്റെ തുടക്കമെന്നോണം 'പടിപടിയായി അയാളും ഉടലും വേര്‍പെട്ടു തുടങ്ങുന്ന'തിന്റെ ലക്ഷണമായി ഇടതുകാല്‍ മറ്റാരുടേതോ എന്ന മട്ടില്‍ വാതസംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. പട്ടണത്തിന്റെ അറ്റത്ത് അയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമ സിറ്റയുമായി മാസത്തില്‍ ഒരു ദിവസം മാത്രം, അതും അവളുടെ സുരക്ഷിത ദിനത്തില്‍ ഒന്നില്‍, അനുവദിക്കപ്പെടുന്ന ബന്ധം കൂടുതല്‍ വളര്‍ത്തണമെന്നും അവള്‍ കൊതിച്ചിരിക്കുന്നവിധം ഒരു കുഞ്ഞിനെ നല്‍കണം എന്നുമുണ്ട് അയാള്‍ക്ക്. പക്ഷേ, സിറ്റ കാത്തിരിപ്പാണ്, തന്നെക്കാള്‍ പത്തുവയസ്സ് കുറഞ്ഞ തന്റെ കാമുകനും അയാളില്‍നിന്നുള്ള ഗര്‍ഭധാരണത്തിനും വേണ്ടി. സിറ്റയുമായുള്ള സമാഗമം ബേഗിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ഓരോ രാവിലും എന്നോ മരിച്ചുപോയ അമ്മയുമായി അവള്‍ നടത്തുന്ന സുദീര്‍ഘ സംഭാഷണങ്ങളുടെ അലോസരം ഒഴികെ. അടിമുടി അഴിമതിയില്‍ മുങ്ങിയ പൊലീസ് സമ്പ്രദായത്തില്‍ അത്ര നിഷ്‌കളങ്കമൊന്നുമല്ല ബേഗിന്റേയും നിലപാടുകള്‍ എന്നു വ്യക്തമാണ്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ തുടങ്ങുന്ന യാത്രികന്‍ അയാളെ പ്രകോപിപ്പിക്കുന്നത് പോസ്റ്റ് സോവിയറ്റ് തലമുറയുടെ സ്വാതന്ത്ര്യബോധത്തോടുള്ള കലശലായ അസൂയയായിത്തീരുന്നു: ''അയാള്‍ മുപ്പതോടടുത്തവനായിരുന്നു, ജീന്‍സും സ്നീകെഴ്സും ധരിച്ച്. പുതു തലമുറ: ആരോഗ്യമുള്ള, കൂസലില്ലാത്ത, അധികൃതരോട് പ്രകടമായ പുച്ഛമുള്ള. കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് അവര്‍ക്കറിയില്ല. അവര്‍ക്ക് ഒരിക്കലും ഒന്നും കുറവുണ്ടായിരുന്നില്ല; അവര്‍ക്ക് അവരുടെ ബ്രെഡ് എപ്പോഴും ഇരുവശത്തും ബട്ടര്‍ പുരട്ടിയ രീതിയില്‍ കിട്ടിയിരുന്നു.'' അയാള്‍ തന്റെ ഇരയെ ഏതാണ്ട് മൃതപ്രായനാക്കുന്നു. അപ്പോള്‍ അയാളില്‍ പ്രവര്‍ത്തിക്കുന്നത് ചിന്താശീലനും പുസ്തക പ്രേമിയുമായ അയാളുടെ സ്വത്വമല്ല; മറിച്ച്, കാടിന്റെ നിയമമാണ് എന്നത് ആര്‍ജ്ജിത മനുഷ്യ സംസ്‌കൃതിയില്‍നിന്നു പിറകോട്ടു പോകുന്ന, അതിജീവനത്തിന്റെ മൃഗചോദനകള്‍ നിയാമകമാകുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുന്ന പുസ്തകത്തില്‍ ഏറെ പ്രസക്തമാണ്. ഗതികേടുകൊണ്ട് മൃഗസമാനരാകുന്ന അഭയാര്‍ത്ഥികളില്‍നിന്ന് അത്രയ്‌ക്കൊന്നും വ്യത്യസ്തരല്ല സുരക്ഷിത ജിവിതം നയിക്കുന്നവരും. ബേഗ് തന്റെ തന്നെ പ്രകൃതത്തേയും പാരമ്പര്യത്തിന്റെ വേരുകളേയും അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാളാണ്. എന്നാല്‍, നോവലിസ്റ്റ് പല സന്ദര്‍ഭങ്ങളിലും അയാളോട് കുസൃതികലര്‍ന്ന അനുതാപഭാവം നിലനിര്‍ത്തുന്നുണ്ട് എന്നു കാണാം: തത്വദീക്ഷയില്ലാത്ത ഇടപാടുകള്‍ക്കിടയിലും മാനുഷികമായ മസൃണഭാവങ്ങള്‍ അയാളെ മഥിക്കുന്നുണ്ട്: അഴുകിത്തുടങ്ങിയ രീതിയില്‍ മോര്‍ച്ചറിയില്‍ കിടക്കുന്ന അജ്ഞാത സ്ത്രീയെ സംബന്ധിക്കുന്ന നിഗൂഢതപോലെ. പുഷ്‌കിനേയും ടര്‍ജിനെവിനേയും വായിക്കാന്‍ പ്രേരിപ്പിച്ചിരുന്ന മുന്‍കാല പ്രണയിനിയെക്കുറിച്ചുള്ള ഓര്‍മ്മകളും ഇടയ്ക്കിടെ തന്നോടുതന്നെ മൂളുന്ന, അമ്മ പഠിപ്പിച്ച പാട്ടിന്റെ ഓര്‍മ്മയും അത്തരം മൃദുല ഭാവങ്ങളുടെ അടയാളങ്ങളാണ്.

ബേഗിന്റെ ഉള്ളിലും സ്വന്തം അസ്തിത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന ഒരു മനസ്സുണ്ടെന്നു വയോധികനായ റബ്ബിയുടെ അടക്കത്തിനുവേണ്ടി അത്തരം കാര്യങ്ങള്‍ അറിയാവുന്ന മറ്റൊരു ജൂതനെ തേടുന്ന ഘട്ടത്തിലാണ് വ്യക്തമാകുക. അയാള്‍ സമീപിക്കുന്ന വയോധിക റബ്ബി തന്റെ ദേശത്തെ അവസാനത്തെ ജൂതനാണ് എന്നത് ഒരുവേള തന്റെ ശ്രമങ്ങള്‍ തുടങ്ങാന്‍ ഇത്തിരി വൈകിപ്പോയില്ലേ എന്നു തോന്നിക്കുന്നുണ്ട്. തന്റെ ചുണ്ടുകളില്‍ മാറാതെ പിന്തുടരുന്ന പാട്ടിന്റെ വരികള്‍ ഒരു യിദ്ദിഷ് പ്രേമഗാനമായിരുന്നു എന്നറിയുന്നത്, അമ്മ ജൂത വംശജയായിരുന്നോ എന്ന സന്ദേഹത്തിലേക്ക് നയിക്കുന്നു. അതു തീര്‍ച്ചപ്പെടും മുന്‍പേ അയാള്‍ക്കൊരു ആഹ്ലാദകരമായ തിരിച്ചറിവായിത്തീരുക ''അയാള്‍ക്കും ചില ഉറവിടങ്ങളുണ്ട്, അതാണ് ഏറ്റവും തീക്ഷ്ണമായ കാര്യം'' എന്നതാണ്. നോവലിന്റെ കേന്ദ്ര പ്രമേയമായ പലായനത്തിന്റെ സന്ദിഗ്ദ്ധതയെന്ന മാനുഷികാനുഭവത്തിന്റെ ചരിത്രപരവും വര്‍ത്തമാനകാല പതിപ്പുകളും തമ്മിലുള്ള വിനിമയങ്ങള്‍ ഇതോടുകൂടി ബേഗിന്റെ കാര്യത്തില്‍ ഇനി തീര്‍ത്തും മറ്റൊരിടത്തെ/മറ്റാളുകളുടെ അനുഭവമല്ല എന്നു വന്നുകൂടുകയാണ്. അയാളുടെ പതിവ് ദോഷൈക ദൃഷ്ടിയും ജീവിതനൈരാശ്യഭാവവും മാറ്റിവെച്ച് അഭയാര്‍ത്ഥികളെ കുറേക്കൂടി സഹാനുഭൂതിയോടെ കാണാന്‍ അതയാളെ പ്രാപ്തനാക്കുന്നുണ്ട്. 

പുറപ്പാടിന്റെ പുത്തന്‍ വംശാവലികള്‍  
പലായനമെന്ന ജൂതാനുഭവത്തിന് പുറപ്പാടിന്റെ പുസ്തകത്തിലെ മോശയുടെ അനുയായികളുടെ 40 വര്‍ഷം നീണ്ടുനിന്ന വാഗ്ദത്തഭൂമി തേടല്‍ മുതല്‍ ചരിത്രമുണ്ട്. നോവലിന്റെ തലക്കെട്ട് പുറപ്പാട് പുസ്തകത്തിലെ ആദ്യ വാക്യമായത് ഈ അര്‍ത്ഥത്തില്‍ കൂടിയാണ്. ഇതിവൃത്ത ധാരയിലെ രണ്ടാം യാനമെന്നത് പുതിയ കാലത്തിന്റെ അഭയാര്‍ത്ഥി പ്രതിസന്ധിയുടെ നേര്‍ച്ചിത്രമായ ആവിഷ്‌കാരമാണ്. പുറപ്പാടിന്റെ പുത്തന്‍ വംശാവലികളുടെ 'പോസ്റ്റ് അപ്പോകലിപ്റ്റിക് വിഷന്‍' (സമ്പൂര്‍ണ്ണ നാശം അടയാളപ്പെടുത്തുന്ന ഭീഷണാവസ്ഥയുടെ സര്‍ റിയല്‍ ആവിഷ്‌കാരങ്ങള്‍) ഈ ഭാഗങ്ങളെ കൊര്‍മാക് മക്കാര്‍ത്തിയുടെ ദി റോഡ്, ജെ.എം. കൂറ്റ്സിയുടെ 'വെയ്റ്റിംഗ് ഫോര്‍ ദി ബാര്‍ബേറിയന്‍സ്' തുടങ്ങിയ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

നോവല്‍ ആരംഭത്തില്‍, പോണ്ടസ് ബേഗ് പുല്‍മേടുകളില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് നോക്കിനില്‍ക്കുമ്പോള്‍, മഴയില്‍ കുതിര്‍ന്നും കിതച്ചും 'ഭൂമിയിലെ ആദ്യത്തെ മനുഷ്യരെപ്പോലെ' അതേ പട്ടണത്തിലേക്ക് എത്തിപ്പെട്ട ഒരു ചെറു അഭയാര്‍ത്ഥിക്കൂട്ടം പുലര്‍ന്നുകിട്ടാന്‍ കാത്തിരിക്കുകയാണ്. അതിര്‍ത്തികടത്താമെന്നു വാക്ക് കൊടുത്ത മനുഷ്യക്കടത്തുകാര്‍ അവരെ ചതിക്കുകയായിരുന്നു. വിശപ്പും ദാഹവും മറ്റു രോഗപീഡകളും ചേര്‍ന്നു കൂട്ടത്തില്‍ പലരും മരിച്ചു വീഴുന്നുണ്ട്. ഉടലും മനസ്സും തകര്‍ന്ന ഇവര്‍ ബേഗിന്റെ പട്ടണത്തിലെത്തുമ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ പൊക്കണത്തില്‍ അറുത്തെടുത്ത ഒരു മനുഷ്യശിരസ്സുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബേഗിനെ അവരിലേക്കെത്തിക്കുക. അവരുടെ വരവ് ബേഗിന്റെ ആത്മാന്വേഷണങ്ങളെ അമൂര്‍ത്തമായ തലത്തില്‍നിന്ന് കുറേക്കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാന്‍ ഇടയാക്കും. ''അയാളുടെ ജീവിതം അഭയാര്‍ത്ഥികളുമായി ബന്ധിതമായിരുന്നു, അവര്‍ സഞ്ചരിച്ച പാതയുമായി. അവര്‍ ആരണ്യകത്തിലൂടെ ജൂതരെപ്പോലെ അലഞ്ഞിരുന്നു, ജൂതരെ പോലെ അവരും അവരില്‍ ഒരാളുടെ ഭൗതികാവശിഷ്ടങ്ങള്‍ തങ്ങള്‍ക്കൊപ്പം ചുമന്നിരുന്നു.'' അതില്‍ ഉള്‍പ്പെട്ട കുറ്റകൃത്യം എന്ന ഘടകം മാത്രമല്ല, ബേഗിനെ ആകര്‍ഷിക്കുന്നത് എന്നര്‍ത്ഥം. അയാള്‍ക്ക് കാണാതിരിക്കാനാവാത്ത സമാന്തരം വിശ്വാസത്തിന്റേയും ആചാരത്തിന്റേയും തിട്ടമേതുമില്ലാത്ത അഭിയാനത്തില്‍ ആളുകള്‍ സ്വരുക്കൂട്ടുന്ന അതീത ഭയങ്ങളുടേയും മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പട്ടണവാസികള്‍ക്ക് അഭയാര്‍ത്ഥികള്‍ 'കഴിഞ്ഞ നൂറ്റാണ്ടുകളുടെ ഇരുട്ടില്‍ നിന്നെത്തിയ' 'മൂവന്തിയുടെ ജീവിക'ളാണ്. ബേഗിനാവട്ടെ, അവര്‍ വാഗ്ദത്തഭൂമിയിലേക്ക് പോകുന്ന ഈജിപ്തുകാരെപ്പോലെയും. എന്നാല്‍, ഇസ്രയേല്യരില്‍നിന്നു വ്യത്യസ്തമായി പ്രജാവത്സലനായ ദൈവമല്ല, ആര്‍ത്തിയുടേയും വഞ്ചനയുടേയും മൂര്‍ത്തികളായ മനുഷ്യക്കടത്തുകാരാണ് പുതിയ പ്രവാസികളെ നയിക്കുന്നത്. 

മിത്തും ചരിത്രവും സമകാലികവും  
പലായനമെന്ന പ്രമേയത്തിന്റെ പുരാതനവും നവീനവുമായ സൂചകങ്ങള്‍ ഇവിടെ സന്ധിക്കുകയാണ്. 'കൂട്ടമായി യാത്ര ചെയ്യുന്ന മൃഗങ്ങള്‍', 'അജ്ഞാതമായ വഴികളില്‍ നീങ്ങുന്ന ജിപ്സികള്‍', ഒരിടത്തും കൂട് വെക്കാത്തവര്‍, ഹിച്ച്ഹൈക്കര്‍മാര്‍, തെണ്ടികളും കടന്നു പോകുന്നവരും; 'അങ്ങുമിങ്ങും' അടിച്ചു പറത്തപ്പെടുന്ന ആളുകള്‍ എന്നിങ്ങനെ പലായനത്തിന്റെ രൂപകങ്ങള്‍ നോവലില്‍ നിറയുന്നുണ്ട്. യാത്രകൊണ്ടു മുറിഞ്ഞും ഉരുവപ്പെട്ടും അവര്‍ക്ക് സ്വന്തമായുള്ളതെല്ലാം, ഭൂതകാലവും സ്വത്വവും പലപ്പോഴും ജീവനും തന്നെ, അവര്‍ക്ക് നഷ്ടമാവുന്നു. ദാക്ഷിണ്യമില്ലാത്ത കൊടുങ്കാറ്റില്‍പ്പെട്ട ലിയറിനെപ്പോലെ, 'റിട്ടേണ്‍ ഓഫ് ദി നാറ്റീ'വിലെ എഗ്ഡന്‍ ഹീത്തിനേയും വുതറിംഗ് ഹൈറ്റ്സിലെ ചതുപ്പുകളേയുംപോലെ ആദിമ പ്രകൃതിയുമായി ഏറ്റുമുട്ടുന്ന അവസ്ഥ, പ്രസ്തുത കൃതികളിലെ സ്ഥലബോധമില്ലാതെ തന്നെ, ഈ അഭയാര്‍ത്ഥികള്‍ നേരിടുന്നുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (Phoebe Taplin: theguardian.com); അവര്‍ കടന്നു പോകുന്ന 'ഭീകരതകളുടെ കാട്' ഡാന്റെയുടെ ഇന്‍ഫെര്‍നോയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും. ഇവയില്‍നിന്നു വ്യത്യസ്തമായി, മനുഷ്യവാസമുള്ള ഇടങ്ങള്‍ കുറേക്കൂടി മൂര്‍ത്തമായ രീതിയില്‍ അടയാളപ്പെടുത്തുന്നുണ്ട് നോവലില്‍. കാടുപിടിച്ച സെമിത്തേരി, തിളക്കം പൊയ്പ്പോയ വിജന ഗ്രാമം, ഇയോനിയന്‍ സ്തൂപങ്ങള്‍ക്കു മേല്‍ സ്ഥാപിച്ച സമര്‍ക്കണ്ടിന്റെ താഴികക്കുടങ്ങള്‍' നിറഞ്ഞ പുതുപണക്കാരുടെ ആര്‍ഭാട ഭവനങ്ങള്‍, തീന്‍പണ്ടങ്ങള്‍ നിറഞ്ഞ ബസാറുകള്‍ എന്നിവ ഒരു വശത്ത്; പോസ്റ്റ് സോവിയറ്റ് അപചയങ്ങളുടെ നേര്‍പതിപ്പായ മിഖൈലോപോള്‍ പ്രകടമാക്കുന്ന, അവിഹിത വിഹിതങ്ങളിലും കൈക്കൂലി, നഗ്‌നമായ പിടിച്ചുപറി, വ്യക്തികളില്‍നിന്നുള്ള മോഷണം എന്നിവയിലും ആറാടുന്ന വ്യവസ്ഥിതിയുടെ ചിഹ്നങ്ങള്‍. തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ 'അശ്ഖ്ബാദില്‍ നിന്നുള്ളയാള്‍' തന്റെ പൂര്‍വ്വദേശത്തെക്കുറിച്ച് പറയുന്നത് ഓര്‍വെല്ലിന്റെ മാസ്റ്റര്‍പീസിനേയും സ്റ്റാലിനേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്: അവിടെ ''വല്യേട്ടന്‍ വീണു, ഇളയസഹോദരന്‍ അദ്ദേഹത്തിന്റെ സര്‍വ്വ ചീത്ത ശീലങ്ങളും പകര്‍ത്തുകയും സ്വന്തമായി കുറച്ചു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.''
നോവലിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, പേരുകളും പേരിടലും അഥവാ പേരുകള്‍ ഇല്ലായ്മയും നോവലിലെ പ്രധാന വിഷയങ്ങളില്‍ ഒന്നാണ് എന്നു പറയാം. അമ്മയുടെ ആദ്യനാമം മെദ്വദേവ് എന്നാണ് എന്നതാണ് ബേഗിനു തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ആദ്യ സൂചകമാകുന്നതെങ്കില്‍, അഭയാര്‍ത്ഥികളില്‍ മയക്കുമരുന്നു കടത്തുകാരനായ മുന്‍കുറ്റവാളി വിറ്റാലിയെ മാറ്റിനിര്‍ത്തിയാല്‍ ആര്‍ക്കും ഏതാണ്ട് ഒടുവില്‍ വരെയും പേരുകളില്ല. ഭേദ്യമുറക്കിടയില്‍ പറയപ്പെടുന്ന പേരുകള്‍ക്ക് കാര്യമായ സാംഗത്യവുമില്ല. പയ്യന്‍, പോച്ചര്‍ (ഒളിവേട്ടക്കാരന്‍), അഡിക്റ്റ്, ദീര്‍ഘകായന്‍, എത്യോപ്യക്കാരന്‍, സ്ത്രീ എന്നൊക്കെയാണ് അവര്‍ വിവരിക്കപ്പെടുന്നത്. അതിജീവനത്തിന്റെ ബദ്ധപ്പാടുകള്‍ക്കിടയില്‍ കരുണ വറ്റിപ്പോകുന്ന സാഹചര്യങ്ങളാണ് അവരുടേത്. എന്നാല്‍, 'കറുത്ത മനുഷ്യന്‍' എന്നു വിളിക്കുന്ന എത്യോപ്യക്കാരനോട് അരങ്ങേറുന്ന ക്രൂരതയും അയാളുടെ അറുത്തെടുത്ത ശിരസ്സിനെക്കുറിച്ചുള്ള അന്വേഷണം വ്യക്തമാക്കുന്ന വിചിത്ര വസ്തുതകളും ഈ കരുണാരാഹിത്യം കൊണ്ടുമാത്രം വിശദീകരിക്കാനാകുന്നതല്ല. നോവലില്‍ ഉടനീളമുള്ള ബിബ്ലിക്കല്‍ സമാന്തരത്തിന്റേയും അവ്യാഖ്യേയമായ ആത്മീയ മൂല്യാന്വേഷണത്തിന്റേയും പാഠങ്ങളുമായി അതിനു ബന്ധമുണ്ട്. നാല്‍പ്പതാണ്ടു നീണ്ട ഇസ്രയേല്യരുടെ പലായനത്തില്‍ വാഗ്ദത്തഭൂമിയില്‍ എത്തും വരെ ദൈവ സഹായത്തിന്റെ പ്രതീക്ഷയുടെ ചിഹ്നമായി കൂടെ കരുതുന്ന ജോസഫിന്റെ ഭൗതികാവശിഷ്ടത്തെ കുറിച്ചു പറയുന്നുണ്ട് (Exodus 13:19). അതുപോലെ തങ്ങളെ വഴിനടത്താന്‍ എത്യോപ്യക്കാരന്റെ സാന്നിധ്യം വേണമെന്ന് അയാളെ വധിച്ചുകളഞ്ഞവര്‍ തന്നെ തീരുമാനിക്കുന്നത്, മരിച്ചു കഴിഞ്ഞും അയാള്‍ തങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നു എന്ന ബോധത്തിലാണ്. തന്റെ ഉള്ളിലിരുന്ന് അയാളാണ് സ്വപ്നങ്ങള്‍ കാണുന്നത് എന്ന് സ്ത്രീ പറയുന്നുണ്ട്. എന്നാല്‍, ജോസഫിനോടുള്ള ആരാധനയില്‍നിന്നു ഭിന്നമായി കറുത്തവനോടുള്ള വംശീയ വിരോധമാണ് ആ കൊലപാതകം വരെയെത്തുന്ന ആദ്യ പ്രതികരണത്തിലേക്ക് പുതിയ പലായനക്കാരെ എത്തിക്കുന്നത് എന്നത് നോവലില്‍ ഉടനീളമുള്ള വൈരുദ്ധ്യങ്ങളുടെ തുടര്‍ച്ചയാണ്. പ്രാകൃതമായ അതിജീവനത്വരയാല്‍ പ്രചോദിതമായ ഹിംസയുടേയും പിടിച്ചുപറിയുടേയും ഉദാഹരണങ്ങള്‍ പശ്ചാത്ഗമന (atavistic) പ്രവണതകളായി വേറെയും ഒട്ടേറെ ഉണ്ടെന്നതും ശ്രദ്ധേയമാണ്. സെക്കുലറിസവും മതമൗലികവാദവും കൊമ്പുകോര്‍ക്കുന്ന പുതിയ കാലത്ത് കൃത്യതയില്ലാത്തതെങ്കിലും ആശ്വാസം പകരുന്ന വിശ്വാസത്തിന്റെ ഗുണങ്ങള്‍ പല കഥാപാത്രങ്ങളേയും സ്വാധീനിക്കുന്നുണ്ട് എന്നത് നോവലിനെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. ഒരു കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സിറ്റയെപ്പോലെ, ''ഈ ശരീരം ഭക്ഷിക്കുക, ഇങ്ങനെയാണ് ഞാന്‍ എന്റെ അപ്പം സമ്പാദിക്കുന്നത്'' എന്ന് അവസാനത്തെ അത്താഴത്തെ അനുകരിക്കുന്ന അഭിസാരികയെപ്പോലെ, ബേഗിനേയും മതസൂചകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജൂതന്‍ എന്ന 'പദം പീഡാനുഭവത്തിന്റെ ഒരു ലോകത്തെത്തന്നെ പിറകില്‍ ആനയിക്കുന്നുണ്ട്' എന്ന് അയാള്‍ നിരീക്ഷിക്കുന്നു. ഒരു പുതുജീവിതത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹം എന്ന പ്രമേയം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാ കഥാപാത്രങ്ങളേയും ഒരുമിപ്പിക്കുന്നുണ്ട്. സിനഗോഗിലെ ആചാരനിഷ്ടമായ ജലസംഭരണി ആദ്യമായി കാണുന്ന ബേഗ്, സായാഹ്ന സൂര്യന്റെ കിരണങ്ങള്‍ അതില്‍ തീര്‍ക്കുന്ന വര്‍ണ്ണരാജികളില്‍ ലയിച്ചു ചിന്തിക്കുന്നു: ''ആത്മാവിനെ ഉരിഞ്ഞുകളയാന്‍, ആ കീറിപ്പറിഞ്ഞ വസ്തു, എന്നിട്ട് പകരം ഒന്നു സ്വീകരിക്കാന്‍. അതാര്‍ക്കാണ് ആഗ്രഹമില്ലാത്തത്?'' പലായനത്തിന്റെ അതീത സ്മരണകള്‍ ഉള്ള ഒരു വംശത്തിലെ അംഗമാണ് താനും എന്ന ബോധ്യം ബേഗിനെ അഭയാര്‍ത്ഥികളില്‍ തുടര്‍ച്ച കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതാവാം നോവലന്ത്യത്തില്‍ കുട്ടിയുമായുള്ള അയാളുടെ പുതു ബാന്ധവത്തിനു നിദാനം. ''നാം മെടഞ്ഞ കയറാണ്, ഓരോ ഇഴയും ഒരൊറ്റ കയര്‍ ഉണ്ടാക്കാനായി ഇഴകോര്‍ക്കപ്പെട്ടത്. നമ്മുടെ സ്മൃതികള്‍ നാലായിരം കൊല്ലം പിറകോട്ടു പോകുന്നു'' എന്ന വൃദ്ധറബ്ബിയുടെ വാക്കുകള്‍ അയാള്‍ ഓര്‍ക്കുന്നുണ്ടാവണം. 

അഭയാര്‍ത്ഥിത്തത്തിന്റെ രാഷ്ട്രീയവും നോവല്‍ ശില്പവും  
നോവലിലെ സമകാലിക രാഷ്ട്രീയ ഉള്ളടക്കം അഭയാര്‍ത്ഥികള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന നിരീക്ഷണത്തിലേക്ക് നയിക്കുന്നുണ്ട്. ആദ്യ അധ്യായങ്ങളില്‍ വിവരിക്കപ്പെടുന്ന വ്യതിരിക്ത കഥകളിലൂടെ ഓരോരുത്തരുടേയും വ്യക്തിത്വം സ്ഥാപിക്കപ്പെടുന്നുണ്ടെങ്കിലും അതിര്‍ത്തികടക്കാനും മറ്റൊരിടത്തുണ്ടെന്നു കരുതപ്പെടുന്ന ജീവിതം വെട്ടിപ്പിടിക്കാനുമുള്ള അദമ്യമായ ത്വര അവരില്‍ പൊതുവായുള്ള ഘടകമാണ്. ''ഒരിക്കല്‍ രാജ്യങ്ങളും വന്‍കരകളും അവരുടെ ഭാഗധേയം തേടുന്നവര്‍ക്കായി തുറന്നുവെച്ചിരുന്നു, അതിരുകള്‍ മസൃണവും അകത്തു കടക്കാവുന്നതും ആയിരുന്നു, എന്നാലിപ്പോള്‍ അവ കോണ്‍ക്രീറ്റില്‍ വാര്‍ക്കപ്പെട്ടതും മുള്‍വേലികളാല്‍ വലയിതവും ആയിരുന്നു. അന്ധരെപ്പോലെ ആയിരക്കണക്കിനു യാത്രികര്‍ ഒരു ദുര്‍ബ്ബല ഭാഗത്തിനായി മതിലുകളില്‍ പഴുതു തേടി, ഒരു വിടവ്, അവര്‍ക്ക് നുഴഞ്ഞുകയറാവുന്ന ദ്വാരം. മനുഷ്യരുടെ ഒരു തിര ആ മതിലുകള്‍ക്ക് നേരെ ആര്‍ത്തലച്ചു: അവരെ മുഴുവന്‍ പിറകോട്ടടിപ്പിക്കുക അസാധ്യമായിരുന്നു. എണ്ണമറ്റ സംഖ്യയായി അവര്‍ വന്നു, അങ്ങേ പുറത്തേക്ക് എത്താന്‍ കഴിയുന്ന ഭാഗ്യവാന്മാരില്‍ പെടുന്നവര്‍ തങ്ങളായിരിക്കും എന്ന ആഗ്രഹത്തിലും പ്രതീക്ഷയിലും അവരിലോരോരുത്തരും  കഴിഞ്ഞു.''
സരമാഗുവിന്റെ 'ആദിമവും പരുക്കനുമായ ആദിരൂപ വീക്ഷണ'ത്തോട് കോര്‍മാക് മക്കാര്‍ത്തിയുടെ 'പ്രചണ്ഡമായ അപ്പൊകലിപ്റ്റിക് ദര്‍ശന'ത്തെ സംയോജിപ്പിക്കുന്നതിലൂടെ തനതായൊരു വീക്ഷണമാണ് വെയ്റിങ്ക സൃഷ്ടിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാം ഗാരെറ്റ് മനോഹരമായി നടത്തിയ വിവര്‍ത്തനം സാക്ഷ്യപ്പെടുത്തുന്നതുപോലെ, 'അദ്ദേഹത്തിന്റെ ഗദ്യം മുറിച്ചെടുത്ത ഗ്ലാസ്സ് പോലെ സ്പഷ്ടവും ബിംബങ്ങള്‍ തീക്ഷ്ണവുമാണ്, ആ ഭൂമികകള്‍ വിജനവും മറ്റൊരു ലോകത്തിന്റേതും ആയിരിക്കുമ്പോഴും അത് സമകാലികവുമാണ്. അദ്ദേഹം നടത്തുന്ന കുടിയേറ്റത്തിന്റെ മായം ചേര്‍ത്തിട്ടില്ലാത്ത അവതരണം നാടുകടത്തപ്പെട്ടവര്‍, കുടിയിറക്കപ്പെട്ടവര്‍, യുദ്ധഭൂമികളില്‍നിന്ന് ഓടിപ്പോന്നവര്‍ എന്നിങ്ങനെ അനവരതം വര്‍ദ്ധിച്ചു വരുന്നവരുടെ പ്രശ്‌നം നേരിടുന്ന യൂറോപ്പില്‍ മൂര്‍ച്ചയോടെ പ്രതിധ്വനിക്കും. അതുപോലെ സ്വന്തം അതിര്‍ത്തി പോളിസികളുടെ കാലുഷ്യം അനുഭവിക്കുന്ന യു.എസ്സിലും അത് പ്രതിധ്വനിക്കും. വാതിലുകള്‍ തുറക്കണോ അതോ അടച്ചിടണോ? വന്നുവന്ന്, അതിപ്പോള്‍ ചോദ്യങ്ങളില്‍ ഒന്നുമാത്രമാണ്.' (KIRKUS REVIEW). അധികം ദൈര്‍ഘ്യമില്ലാത്ത ഇടവിട്ട അധ്യായങ്ങളിലായി നിയമപാലകനേയും അഭയാര്‍ത്ഥികളേയും പിന്തുടരുന്ന നോവല്‍ എളുപ്പവായന എന്ന പ്രതീതി സൃഷ്ടിക്കുന്ന ഗഹന വായനയാണ് കാത്തുവെക്കുന്നത്. ''ടോമി വെയ്റിങ്കക്ക് കവിതയെഴുതാനാവും... എന്നാല്‍, വെയ്റിങ്ക ഏറ്റവും നന്നായി എഴുതുന്നത് ആളുകളെയാണ്; സൂക്ഷ്മമായി തെരഞ്ഞെടുത്ത ഏതാനും വാക്കുകളിലൂടെ അദ്ദേഹം ഒരു പട്ടണം നിറയെ തികച്ചും വിശ്വസനീയരായ സഹാനുഭൂതിയുണര്‍ത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു, ഓരോരുത്തരും അതിസൂക്ഷ്മമായി തങ്ങളുടെ ഭൂതകാലം പുറത്തെടുക്കുന്നു, അങ്ങനെ ഏതാനും പേജുകള്‍ക്കുള്ളില്‍ വായനക്കാരന്‍ ശബ്ദങ്ങളാല്‍ ചുറ്റപ്പെടുന്നു, അവ മാറിമാറി ഹാസ്യാത്മകവും വേദനയിയന്നതും പ്രതീക്ഷാ നിര്‍ഭരവും വിഷാദമൂകവും ആഹ്ലാദപൂര്‍വ്വം കഴുത്തറപ്പനും അതിലോലം ഊഷ്മളവും ആയിരിക്കുന്നു. അഗാധവും ചിന്തോദ്ദീപകവും സത്യസന്ധവുമായ പുസ്തകം'' എന്ന ജെയ്ന്‍ ഗ്രഹാമിന്റെ നിരീക്ഷണം (scribepublications.com.au) നോവലിനെ മനോഹരമായി സംഗ്രഹിക്കുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com