നൊബേല്‍ സമ്മാനത്തിനര്‍ഹരായവരുടെ കാഴ്ചപ്പാടും യാഥാര്‍ത്ഥ്യവും

യഥാര്‍ത്ഥത്തില്‍ എന്താണ് ദാരിദ്രത്തെക്കുറിച്ചും അത് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തവും മോഡലുമെന്നതാണ് പരിശോധിക്കപ്പെടേണ്ടത്.
നൊബേല്‍ സമ്മാനത്തിനര്‍ഹരായവരുടെ കാഴ്ചപ്പാടും യാഥാര്‍ത്ഥ്യവും

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബെല്‍ സമ്മാനം ഇന്ത്യയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ വംശജന് ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന ഒരു പുരസ്‌കാരം ലഭിച്ച പശ്ചാത്തലത്തില്‍ ഇത് സ്വാഭാവികവുമാണ്. അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ദാഫ്ലോ, മൈക്കിള്‍ ക്രെമര്‍ എന്നീ സാമ്പത്തിക വിദഗധര്‍ക്കാണ് ദാരിദ്രം കുറയ്ക്കുന്നതിനുള്ള ഗവേഷണങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും നടത്തിയതിന്  നൊബെല്‍ പുരസ്‌ക്കാരം ലഭിച്ചത്. സമകാലിക വികസന രീതിയുടെ വിമര്‍ശകര്‍ എന്ന നിലയിലാണ് ഡെവലപ്മെന്റ് ഇക്കണോമിസ്റ്റുകളായി വര്‍ഗീകരിക്കപ്പെട്ടിട്ടുള്ള ഇവരെ പൊതുവില്‍ വിലയിരുത്തുന്നത്. അതിനപ്പുറം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള വിമര്‍ശനങ്ങളും ബാനര്‍ജി കൂടുതല്‍ ശ്രദ്ധേയമാക്കി.  

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ദാരിദ്രത്തെക്കുറിച്ചും അത് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തവും മോഡലുമെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ഇന്ത്യക്കാരന് നോബെല്‍ കിട്ടി അതുകൊണ്ട് ആഘോഷിക്കണമെന്ന ഉപരിപ്ലവ യുക്തിയുടെ അടിസ്ഥാനത്തില്‍ വൈജ്ഞാനിക ശാഖയെയും അതില്‍ ഉരുത്തിരിയുന്ന സിദ്ധാന്തങ്ങളെയും വിലയിരുത്തുക സാധ്യമല്ല. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന്  ഇവര്‍ മുന്നോട്ട് വെച്ച റാന്‍ഡമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയല്‍ എന്ന പദ്ധതിയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു പ്രത്യേക പദ്ധതിയോ പരിപാടിയോ ഒരു വിഭാഗം ജനങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വിലയിരുത്തി നയപരിപാടികള്‍ ആവിഷ്‌ക്കരിക്കുന്ന സമ്പ്രദായമാണ് ആര്‍.സി.ടി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന റാന്‍ഡമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയല്‍. സാമൂഹ്യ ശാസ്ത്ര മേഖലയില്‍ വ്സ്തുനിഷ്ഠമായ ഗവേഷണത്തെ  കൊണ്ടുവരികയാണ് ഈ വിദഗ്ദര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ പല പരീക്ഷണങ്ങളും ഇവര്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടത്തിയിട്ടുണ്ട്. നേരത്തെ ഫിസിക്കല്‍ സയന്‍സിലായിരുന്നു ഈ സമ്പ്രദായം പരീക്ഷിച്ചത്. 
 

മോദിയുടെ സാമ്പത്തിക നയത്തെ വിമര്‍ശിച്ചതുകൊണ്ടോ, നോട്ടുനിരോധനത്തെ എതിര്‍ത്തതുകൊണ്ടോ, മുതലാളിത്ത വികസനത്തിനെതിരെയാണ് അഭിജിത്തും എസ്തറുമെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തിക ശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങള്‍ കൂടി  ഇത്തവണത്തെയും പുരസ്‌കാരത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സാമുഹ്യ ശാസ്ത്രമെന്നത് പരിഗണിക്കാതെ സാമ്പത്തിക ശാസ്ത്രത്തെ ഫിസിക്കല്‍ സയന്‍സിനെപോലെ പരിഗണിച്ചുകൊണ്ടുള്ള സൂക്ഷ്മ ഗവേഷണങ്ങളാണ് ഇപ്പോള്‍ വ്യാപകമായിട്ടുള്ളത്. ഉദാഹരണത്തിന് ദാരിദ്രമെന്നത് ഒരു രാഷ്ട്രീയ വിഷയമായി ഇവര്‍ കണക്കാക്കില്ല. ചില ഗണിത ശാസ്ത്ര സമവാക്യങ്ങളിലൂടെ വരുത്തുന്ന നയപരമായ മാറ്റങ്ങള്‍ മതി ദാരിദ്ര്യത്തെ നേരിടാന്‍ എന്ന എന്‍ ജി ഒ രീതികളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്. അതായത് വികസന സമീപനങ്ങളില്‍ ഉള്‍ചേര്‍ന്നിട്ടുള്ള രാഷ്ട്രീയത്തെ ഇവര്‍ കാണുന്നില്ല. അല്ലെങ്കില്‍ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളെ അരാഷ്ട്രീയമായി കണ്ട് പരിഹാരം നിര്‍ദ്ദേശിക്കുന്നു. ഇതാണ് വലിയ സാമ്പത്തിക ശാസ്ത്ര സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ഗവേഷണ മേഖലകള്‍. ഇതാണ് ഡവല്പമെന്റ് എക്കണോമിക്സ് എന്ന് ശാഖ തന്നെ. അവികസിത രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വികസിത രാജ്യങ്ങള്‍ ഇടപെടണമെന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ അഭിജിത്ത് ബാനര്‍ജി തന്റെ പൂവര്‍ എക്കണോമിക്സ് എ്ന്ന പുസ്തകത്തില്‍ മുന്നോട്ടുവെയ്ക്കുന്നത് രാഷ്ട്രീയത്തെ മാറ്റി നിര്‍ത്താനുള്ള വ്യഗ്രത കൊണ്ടാണ്.

സാമൂഹ്യ വിഷയങ്ങളോടുളള പരീക്ഷണ ശാല സമീപനത്തിനാണ് ഇപ്പോള്‍ സാമ്പത്തിക ശാസ്ത്ര ഗവേഷണത്തില്‍ മേല്‍ക്കെ ലഭിക്കുന്നത്. അതിന് ഫണ്ട് ചെയ്യാന്‍ വന്‍ കോര്‍പ്പേറ്റുകളും തയ്യാറാണ്. അത്തരത്തിലുള്ള പ്രായോഗിക പരീക്ഷണങ്ങള്‍ക്കും അവര്‍ തയ്യാറാണ്. കാരണം ഇത്തരം സമീപനങ്ങളില്‍ ഒരിക്കലും ദാരിദ്ര്യം നിലനിര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങളെ ഉള്‍പ്പെടുത്തില്ലെന്നതു കൊണ്ടുകൂടിയാവും. നവഉദാരവല്‍ക്കരണം മുന്നോട്ടുപോകാന്‍ കഴിയാത്ത രീതിയില്‍ പ്രതിസന്ധിയിലായ കാലത്താണ് ഈ ഗവേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം കിട്ടുന്നതെന്നതും ശ്രദ്ധേയമാണ്.


രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിയെ ബാനര്‍ജി പിന്തുണച്ചതും ഉപദേശിച്ചതും ഈ പൊതു നിലപാടിന്റെ ഭാഗമായി തന്നെയാണ്. അവിടെയും ദാരിദ്രത്തെ ഒരു അരാഷ്ട്രീയ ഉത്പന്നമായാണ് കാണുന്നതെന്നതാണ് മനസ്സിലാക്കേണ്ട കാര്യം. മുതലാളിത്ത വിമര്‍ശനത്തിനോ അത് മൂല്ം വര്‍ധിക്കുന്ന ദുരവസ്ഥയ്ക്കുളള വിമര്‍ശനത്തിനല്ല, നൊബെല്‍ സമ്മാനം എന്നതാണ് വ്സ്തുത. വിവിധ മുഖങ്ങള്‍ മുതലാളിത്തം ഓരോ പ്രതിസന്ധി കാലത്തും ആര്‍ജ്ജിക്കുമ്പോള്‍ അതിനനുസരിച്ചുള്ള ചിന്തകളും സാമ്പത്തിക നയമേഖലകളില്‍ ഉണ്ടാകാറുണ്ട്.
    രണ്ടാംലോകയുദ്ധത്തിനു ശേഷം പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍  മുതലാളിത്തതിന് രക്ഷകനായത് ജോണ്‍ മെയ്നാഡ്  കെയ്ന്‍സിിന്റെ സമീപനമാണ്. സര്‍ക്കാര്‍ ഇടപെടലുകള്‍ സാമ്പത്തിക രംഗത്ത് വര്‍ധിച്ചത് ഇതോടെയാണ്.  ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിനു ശേഷം സാമ്പത്തിക ആസൂത്രണം നടത്തിയപ്പോള്‍ ഈ സമീപനത്തിന്റെ  കൂടി സ്വാധീനിത്തിലായിരുന്നു.  എന്നാല്‍, എഴുപതുകളോടെ പുതിയ രീതിയിലേക്ക് മുതലാളിത്തം മാറി. മൂലധനത്തെ സര്‍വസ്വതന്ത്രമാക്കാനാണ് നിയോലിബറലിസം നിര്‍ദേശിച്ചത്. ഈ ലോകക്രമം ഐ.എം.എഫും ലോകബാങ്കും നിയന്ത്രിച്ചു. തൊണ്ണൂറുകളില്‍ മന്‍മോഹന്‍ തുടങ്ങിവച്ച നിയോലിബറല്‍ നയക്രമം രണ്ടുദശാബ്ദം പിന്നിടുമ്പോള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാണെത്തിച്ചത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയോടെ ഈ വികസനരീതി ചോദ്യംചെയ്യപ്പെട്ടു തുടങ്ങി.  ഇതിന് മുമ്പ് തന്നെ ഡവലപ്മെന്റ് ഇക്കോണമിക്സ് സ്വാധീനം ചെലുത്തി തുടങ്ങിയിരുന്നു. ഇതിന്റെ ശക്തനായ വക്താവാണ് ബാനര്‍ജി.  അവിടെ കണക്കുകളെ ഉള്ളൂ. അതിനപ്പുറത്തെ യാഥാര്ത്ഥ്യങ്ങളില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com