ദിഗംബരനായി പോയ എഴുത്തുകാരന്‍: പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച് എം മുകുന്ദന്‍

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ വടകരയില്‍ ചെയ്ത പ്രഭാഷണം 
ദിഗംബരനായി പോയ എഴുത്തുകാരന്‍: പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച് എം മുകുന്ദന്‍

ണ്ടു വര്‍ഷം മുന്‍പ് നമ്മെ വിട്ടുപോയ പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച് ഒരു അനുസ്മരണ പ്രഭാഷണം നടത്താനാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത്. പ്രിയ ചങ്ങാതിയെക്കുറിച്ച് ഞാനെന്നും അനുസ്മരണ പ്രഭാഷണം നടത്താറുണ്ട്. അത് ഇതുപോലുള്ള ഒരു സദസിന്റെ മുന്‍പില്‍ വെച്ചല്ല. കുഞ്ഞിക്കയെക്കുറിച്ച് ഞാന്‍ നടത്തുന്ന അനുസ്മരണ പ്രഭാഷണങ്ങള്‍ ഞാന്‍ എനിക്ക് കേള്‍ക്കാന്‍ വേണ്ടി മാത്രം ചെയ്യുന്നവയാണ്. 
എന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു കുഞ്ഞബ്ദുള്ള. അവന്‍ കാരക്കാട്ടുകാരനും ഞാന്‍ മയ്യഴിക്കാരനുമാണ്. കാരക്കാട്ടിനും മയ്യഴിക്കുമിടയില്‍ ഏതാനും കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഒന്നുച്ചത്തില്‍ വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരം. എന്നിട്ടും ഞങ്ങള്‍ ചങ്ങാതിമാരായത് അന്യനാട്ടില്‍ വെച്ചാണ്. ഡല്‍ഹിയില്‍ വെച്ച്.

അക്കാലത്ത് കുഞ്ഞബ്ദുള്ള അലിഗാഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ മെഡിസിനു പഠിക്കുകയായിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ എല്ലാം പരസ്പരം തുറന്നു പറയുമായിരുന്നു. ഞാന്‍ അവനോടു കാണിച്ചതിനേക്കാള്‍ സ്‌നേഹം അവന്‍ എന്നോട് കാണിച്ചിരുന്നു. ഒരിക്കല്‍ അവന്‍ പറഞ്ഞു: ''നമുക്ക് ഒന്നിച്ച് ജ്ഞാനപീഠം വാങ്ങണം. ഞാന്‍ തനിച്ച് വാങ്ങില്ല. നീയും തനിച്ച് വാങ്ങരുത്. നമ്മളത് ഒന്നിച്ച് പങ്കിടണം'' അത്രയും നിഷ്‌കളങ്കനായിരുന്നു അവന്‍.

ഉള്ളില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാനവന്റെ സാന്നിദ്ധ്യം ആഗ്രഹിച്ചിരുന്നു. അവന് സ്വയം ചിരിപ്പിക്കാനെന്നപോലെ മറ്റുള്ളവരെ ചിരിപ്പിക്കാനും വലിയൊരു കഴിവുണ്ടായിരുന്നു. എന്നും ചിരിക്കുന്ന കുഞ്ഞബ്ദുള്ളയെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഒരിക്കല്‍ മാത്രം, ഒരിക്കല്‍ മാത്രം ഞാന്‍ അവന്‍ കരയുന്നത് കണ്ടു.

തണുപ്പും ചാറ്റല്‍ മഴയുമുള്ള ഒരു രാത്രിയായിരുന്നു അത്. പാതിരാവ് കഴിഞ്ഞിരുന്നു. വൈദ്യുതി പോയി പുറത്ത് ഇരുട്ട് പരന്നിരുന്നു. അപ്പോഴാണ് അലിഗാഡില്‍നിന്ന് അവന്‍ എന്നെ ഫോണില്‍ വിളിച്ചത്. അതൊരു ട്രങ്ക് കോളായിരുന്നു. ഇന്നത്തെപ്പോലെ ഫോണ്‍ വിളി എളുപ്പമല്ലാത്ത കാലമായിരുന്നു അത്. ദൂരേയ്ക്ക് വിളിക്കണമെങ്കില്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്തു കാത്തിരിക്കണം. ട്രങ്ക് കോള്‍ വരുമ്പോള്‍ അതിലൊരു അപകടസൂചനയുണ്ടാകും. പ്രത്യേകിച്ച് പാതിരാവ് കഴിഞ്ഞ നേരത്ത് ഒരു കോള്‍ വരുമ്പോള്‍.
''നീ ഉടനെ വരണം.'' അവന്‍ പറഞ്ഞു. ''ഈ പാതിരാവിലോ?'' ഞാന്‍ ചോദിച്ചു. ''നീ വേഗം വാടാ.'' അത് പറയുമ്പോള്‍ അവന്റെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു.
അങ്ങനെയാണ് അന്നു ഞാന്‍ അലിഗാഡിലേയ്ക്ക് പുറപ്പെട്ടത്. പാതവക്കിലെ ടെന്റില്‍ ഇരുട്ടില്‍ കയറ്റുകട്ടിലില്‍ കിടന്നുറങ്ങുന്ന സര്‍ദാര്‍ജിയെ വിളിച്ചുണര്‍ത്തി അയാളുടെ ടാക്‌സിയില്‍ ഞാന്‍ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയി. അവിടെനിന്നു ഒരു പാസഞ്ചര്‍ ട്രെയിനില്‍ കയറി അലിഗാഡിലെത്തി. അവിടെയും തണുപ്പും മഴയുമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജിലെ നഴ്സസ് കോര്‍ട്ടേഴ്സിലായിരുന്നു അവന്റെ താമസം. മുറി കണ്ടുപിടിച്ച് ഞാന്‍ അവന്റെ അരികിലെത്തി. അവിടെ മടിയില്‍ ഒരു ചോരക്കുഞ്ഞുമായി കുഞ്ഞിക്ക തനിയേ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല. പ്രഭാഷണമായാലും കഥയെഴുത്തായാലും അങ്ങിങ്ങ് കുറച്ച് ഇരുട്ട് വേണം. എല്ലായിടത്തും വെളിച്ചം വീഴരുത്. ചിലയിടത്ത് ഇരുട്ടും വെളിച്ചവും നിഴലുകളും ചിതറിക്കിടക്കണം. അതിലാണ് ഭംഗി. അതാണ് കല.

ഡല്‍ഹിയില്‍നിന്നു അവധിയില്‍ നാട്ടില്‍ വരുമ്പോഴൊക്കെ ഞാന്‍ കുഞ്ഞിക്കയെ കാണാന്‍ പോകും. അവന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്. എടോടിയിലെ അവന്റെ ക്ലിനിക്കില്‍ ചെന്നിരിക്കും. രാത്രി എട്ടു മണി കഴിഞ്ഞാല്‍, മേശവലിപ്പില്‍നിന്നു പണം വാരി ബേഗിലിട്ട്, അവന്‍ പറയും: ''വാടാ, പോകാം'' ഞങ്ങള്‍ അവന്റെ വീട്ടിലേയ്ക്കാണ് പോകുക. ഭക്ഷണം കഴിച്ച് പാതിരാവുവരെ ഞങ്ങള്‍ സംസാരിച്ചിരിക്കും. അവന്റെ ഫലിതം എനിക്കൊരു സാന്ത്വനമാണ്.

ഞാന്‍ ക്ലിനിക്കിലിരിക്കുമ്പോള്‍ ഒരു പ്രായമായ ആള്‍ ചുമച്ചുകൊണ്ട് കയറിവന്നു. ''എന്താ കണാരാ'' ഡോക്ടര്‍ ചോദിച്ചു. ചുമക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു: ''ഞാന്‍ കണാരനല്ല ഡാക്കിട്ടരേ. ഞാന്‍ കുമാരനാ.'' ഡോക്ടര്‍ പറഞ്ഞു: ''അതിനിപ്പോ എന്താ?'' കുഞ്ഞിക്കയെ സംബന്ധിച്ചിടത്തോളം കണാരനും കുമാരനും ഒന്നുതന്നെ. എല്ലാറ്റിനേയും ഒന്നായി കാണുന്നതാണ് കുഞ്ഞിക്കയുടെ രീതി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കാഴ്ചപ്പാടില്‍ ഗോഡ്സേയും ഗാന്ധിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവര്‍ ഒന്നുതന്നെ. കുഞ്ഞിക്കയെ സംബന്ധിച്ചിടത്തോളം ആണും പെണ്ണും കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ദൈവവും ചെകുത്താനും എല്ലാം ഒന്നുതന്നെ. ഏകാത്മകമാണ് പുനത്തിലിന്റെ പ്രത്യയശാസ്ത്രം (അങ്ങനെ ഒന്ന് അവനുണ്ടെങ്കില്‍).
ഞങ്ങള്‍ പതിവായി ഒരുപാട് കലഹിക്കാറുണ്ട്. അവന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നു കേട്ടപ്പോള്‍ എന്റെ ഹൃദയമിടിപ്പ് നിന്നുപോകുമെന്ന് തോന്നി. ഞാന്‍ ഡല്‍ഹിയില്‍നിന്നു അവനെ ഫോണില്‍ വിളിച്ചു. അവന്‍ പറഞ്ഞു: ''അതിലെന്താ തെറ്റ്? സി.പി.എം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ അവര്‍ക്കുവേണ്ടി മത്സരിക്കുമായിരുന്നു. അവര്‍ ആവശ്യപ്പെട്ടില്ല.'' അത്രയും ലളിതമായിരുന്നു കുഞ്ഞിക്കയുടെ സാമൂഹിക ഭാവന.

ആദ്യമായി കുഞ്ഞിക്കയെ കാണാന്‍ വേണ്ടി അലിഗാഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ചെന്ന ദിവസം ഓര്‍മ്മവരുന്നു. യൂണിവേഴ്സിറ്റിയുടെ കവാടത്തില്‍ മാവോവിന്റെ വലിയൊരു ചിത്രം കണ്ടു. മാവോവിന്റെ റെഡ് ബുക്കും ചെഗുവേരയുടെ 'റെവല്യൂഷന്‍ ഇന്‍ റെവല്യൂഷ'നും ആയിരുന്നു അപ്പോള്‍ യുവതയുടെ വേദപുസ്തകങ്ങള്‍. ജെ.എന്‍.യുവിലേയും സെന്റ് സ്റ്റീഫന്‍ കോളേജിലേയും പെണ്‍കുട്ടികള്‍ കൊച്ചു റെഡ് ബുക്ക് ബ്ലൗസിനുള്ളില്‍ നെഞ്ചോട് ചേര്‍ത്തുവെച്ചു നടക്കുന്ന കാലം. അത്തരം പെണ്‍കുട്ടികള്‍ കുഞ്ഞിക്കയുടെ സര്‍വ്വകലാശാലയിലുമുണ്ടായിരുന്നു. അവിടെ ധാരാളം ഇടതുപക്ഷ ബുദ്ധിജീവികള്‍ ഉണ്ടായിരുന്നു. വലിയ സംവാദങ്ങള്‍ നടക്കുന്ന ഒരിടമായിരുന്നു അത്. പക്ഷേ, കുഞ്ഞിക്കയ്ക്ക് അതിലൊന്നും ഒരു താല്പര്യവുമുണ്ടായിരുന്നില്ല. മാവോവിനെക്കുറിച്ചല്ല, അലിഗാഡിലെ നാടന്‍ കത്തികളെക്കുറിച്ചാണ് അവന്‍ സംസാരിച്ചത്. അലിഗാഡിലെ കത്തികള്‍ പ്രശസ്തമാണ്. നല്ല മൂര്‍ച്ചയാണ് ആ കത്തികള്‍ക്ക്. കാലം എത്ര കഴിഞ്ഞാലും ആ മൂര്‍ച്ചയ്ക്ക് ഒരു കുറവുമുണ്ടാകില്ല. അലിഗാഡിലെ വൃത്തിഹീനമായ നിരത്തുകളുടെ ഓരത്തിരുന്ന് കൊല്ലന്മാര്‍ ഉലയില്‍ കത്തികളുണ്ടാക്കുന്നത് അവന്‍ എനിക്കു കാണിച്ചുതന്നു. ഒരു കത്തി വാങ്ങാന്‍ അവനെന്നെ നിര്‍ബ്ബന്ധിച്ചു. ഞാന്‍ വാങ്ങിയില്ല. കയ്യില്‍ കത്തിയുമായി നടന്നാല്‍ ഞാനാരെയെങ്കിലും കൊല്ലും. അല്ലെങ്കില്‍ അതു സ്വന്തം നെഞ്ചില്‍ കുത്തിയിറക്കും. കാരണം അന്നേരം അങ്ങനെയൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍.

എഴുത്തിന്റേയും ചിന്തയുടേയും ലോകം കീഴ്മേല്‍ മറിയുന്ന കാലമായിരുന്നു അത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആശയങ്ങള്‍ക്കെതിരെ കലാപം ഉയര്‍ന്ന കാലം. അസ്തിത്വവാദത്തിന്റേയും യൂറോ കമ്യൂണിസത്തിന്റേയും കാലം. ദൈവത്തെപ്പോലെ ശക്തനായ ജനറല്‍ ഡി ഗോളിനെ 22 വയസ്സുകാരനായ ഡാനിയല്‍ കോഹന്‍ ബെന്‍ഡിറ്റ് എന്ന വിദ്യാര്‍ത്ഥി വെല്ലുവിളിച്ച് വിറപ്പിച്ചു. ഡല്‍ഹിയിലേയും ബനാറസിലേയും നിരത്തോരങ്ങളില്‍ പട്ടിണി കിടന്നും മയക്കുമരുന്നിനു കീഴ്പെട്ടും ഹിപ്പികള്‍ മരിച്ചുകിടക്കുന്നുണ്ടായിരുന്നു. പക്ഷേ, കുഞ്ഞിക്ക അതിനെക്കുറിച്ചൊന്നും ഒരു വാക്ക് എന്നോട് പറഞ്ഞില്ല. ഞാന്‍ പറയാന്‍ തുടങ്ങുമ്പോള്‍ അവന്‍ വിഷയം മാറ്റും. ''നീ യൂസ്ലസാണ്. നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല.'' അവന്‍ എന്നെ കുറ്റപ്പെടുത്തി. ഒരിക്കല്‍ കുഞ്ഞിക്ക ഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററിന്റെ മുന്‍പിലൂടെ ഒരു സ്ത്രീയുടെ കൂടെ നടന്നുപോകുന്നത് ഞാന്‍ കാണാന്‍ ഇടയായി. ഉന്നത ശ്രേണിയില്‍ അറിയപ്പെടുന്ന, അതീവ സുന്ദരിയായ ഒരു സ്ത്രീ. അവന്‍ ഡല്‍ഹിയില്‍ വന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. അപ്പോഴേയ്ക്ക് അതുപോലുള്ള സൗഹൃദം അവന്‍ സമ്പാദിച്ചു കഴിഞ്ഞിരുന്നു. സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതില്‍ അവനൊരു പ്രത്യേക കഴിവുണ്ടായിരുന്നു. കുഞ്ഞബ്ദുള്ളക്കുള്ളിടത്തോളം ആണ്‍പെണ്‍ സൗഹൃദങ്ങള്‍ മറ്റൊരു എഴുത്തുകാരനും ഉണ്ടായിരുന്നില്ല.

കുഞ്ഞിക്കയുടെ എഴുത്തും ജീവിതവും ഒന്നായിരുന്നു. ഏതാണ് ജീവിതം ഏതാണ് എഴുത്ത് എന്ന് നമുക്ക് വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. എഴുതുന്നതുപോലേയല്ല നീ ജീവിക്കുന്നത് എന്ന് കുഞ്ഞിക്ക പറയും. അതിന്റെ പേരില്‍ ഞങ്ങള്‍ കലഹിച്ചിട്ടുണ്ട്. എന്റെ എഴുത്തും ജീവിതവും ഒന്നല്ല. അവ രണ്ടും പരസ്പരം ഉരസിപ്പോകും. അത്രമാത്രം. എഴുതുന്നതുപോലെ എഴുത്തുകാരന് ജീവിക്കാന്‍ കഴിയുകയില്ല. അങ്ങനെ ജീവിക്കേണ്ട ആവശ്യവുമില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ യുദ്ധം കുരുക്ഷേത്ര യുദ്ധമാണ്. അതിനെക്കുറിച്ച് മാസ്മരികമായ ഭാഷയില്‍ എഴുതിയത് വ്യാസ മഹര്‍ഷിയാണ്. അദ്ദേഹം ഒരു സൈനികനല്ല. ഒരു യുദ്ധത്തിലും പങ്കെടുത്തിട്ടില്ല. ഞാന്‍ കുഞ്ഞിക്കയോട് പറയും. അപ്പോള്‍ അവന്‍ പറയും: ''പോടാ.''

എഴുത്തുകാര്‍ക്ക് അച്ചടക്കം വേണമെന്നാണ് എന്റെ അഭിപ്രായം. ജീവിതവും ലോകവും അരാജകത്വം നിറഞ്ഞതാണ്. ഈ ക്രമക്കേടുകളില്‍നിന്നാണ് കഥയും നോവലും കവിതയുമൊക്കെ എഴുത്തുകാര്‍ ശില്പങ്ങള്‍പോലെ കൊത്തിയെടുക്കുന്നത്. സര്‍ഗ്ഗാത്മകതയുടെ ക്രമീകരണമാണ് എഴുത്ത് എന്നു പറയാം. എല്ലാറ്റിലുമുപരി അതിനു സാമൂഹ്യബോധം ആവശ്യമാണ്.
എന്റെ അച്ചടക്കത്തേയും കുഞ്ഞിക്ക വിമര്‍ശിച്ചിട്ടുണ്ട്. നിത്യജീവിതത്തില്‍ അച്ചടക്കം പാലിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായതാണ്. കൃത്യസമയത്ത് ഓഫീസില്‍ ജോലിക്കെത്തണം. നന്നായി വേഷം ധരിക്കുകയും കാലുകളില്‍ ഷൂസ് ധരിക്കുകയും വേണം. ഓഫീസിലിരുന്ന് ഉറക്കം തൂങ്ങാനോ സ്വപ്നം കാണാനോ കഴിയുകയില്ല. ''നിനക്കെന്തിനാടാ ജോലി? നാട്ടില്‍ വന്ന് എഴുതി ജീവിച്ചുകൂടേ?'' കുഞ്ഞിക്ക പറയും. എനിക്ക് എന്റെ ജോലി വളരെ പ്രധാനമായിരുന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ജോലിയില്ലാതെ അലഞ്ഞുനടക്കുന്ന കാലമായിരുന്നു അത്. നിരാശയിലാണ്ട് അവരില്‍ കറേപ്പേര്‍ മദ്യപാനികളോ മയക്കുമരുന്ന് അടിമകളോ ആയി മാറി. ചിലര്‍ തീവ്ര ഇടതുപക്ഷത്തേയ്ക്ക് പോയി. ഞാന്‍ ഒരു ഇടത്തരം കുടുംബത്തില്‍ പിറന്നവനാണ്. അച്ഛന് ചെറിയ ഒരു വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു വേണമായിരുന്നു എഴു മക്കളെ പോറ്റാന്‍. ജോലിയില്ലാതെ ജീവിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ വളരെ ദുര്‍ബ്ബലനായിരുന്നു. ആ ദൗര്‍ബ്ബല്യം പലരും ചൂഷണം ചെയ്തു. 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു'വും 'ഡല്‍ഹി'യും വാരികകളില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച നോവലുകളാണ്. എനിക്ക് ഒരു പൈസ പ്രതിഫലം കിട്ടിയില്ല. വാരികകള്‍ തരാത്തതുകൊണ്ടല്ല. രണ്ട് നോവലുകളുടേയും മുഴുവന്‍ പ്രതിഫലവും എന്റെ ചങ്ങാതിമാര്‍ വാങ്ങിക്കൊണ്ടു പോയി. എന്റെ അനുവാദത്തോടെ തന്നെ. എംബസിയില്‍ ഞങ്ങള്‍ക്ക് എല്ലാ മാസവും 25-ാം തീയതിയാണ് ശമ്പളം കിട്ടുക. അന്ന് എന്റെ ചങ്ങാതിമാര്‍ ഓഫീസിന്റെ ഗെയിറ്റില്‍ കാത്തുനില്‍ക്കുന്നുണ്ടാകും. എന്റെ ശമ്പളം അവര്‍ കൊണ്ടുപോകും. പിന്നീട് ആവശ്യം വരുമ്പോള്‍ ഞാന്‍ അവരോട് കുറേശ്ശെ പൈസ ചോദിച്ച് വാങ്ങും. അതായിരുന്നു പതിവ്. ഇത്രയും ദുര്‍ബ്ബലനായ ഞാനെങ്ങനെ ഒരു ജോലിയില്ലാതെ ജീവിക്കും? എന്റെ ദൗര്‍ബ്ബല്യത്തെ ഞാന്‍ ഒരുപാട് ശപിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് ആശ്വാസം പകര്‍ന്നുതന്നത് തര്‍ക്കോവ്സ്‌കിയുടെ Stalker എന്ന സിനിമയിലെ കഥാനായകനാണ്. അയാള്‍ പറഞ്ഞു: ''ദൗര്‍ബ്ബല്യം ജീവിതത്തിന് ഉണര്‍വ് നല്‍കുന്നു. ബലവാന്മാര്‍ നേരത്തെ മരണത്തിന്റെ കൂടെ പോകുന്നു.'' അതു ശരിയല്ലേ? ബലവാനായ കുഞ്ഞിക്ക നേരത്തെ പോയി...

ഒ.വി. വിജയനോളവും ബഷീറിനോളവും സര്‍ഗ്ഗാത്മകതയുള്ള എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. എന്നിട്ടും കുഞ്ഞിക്കയ്ക്ക് അവരോളം വളരാന്‍ കഴിയാതെ പോയത് മലയാള ഭാഷാസാഹിത്യത്തിന്റെ തീരാനഷ്ടമാണ്.

കുഞ്ഞബ്ദുള്ള സ്വാതന്ത്ര്യം ആഗ്രഹിച്ചു. കുടുംബത്തിന്റേയും സമൂഹത്തിന്റേയും എല്ലാ സൗഹൃദങ്ങളുടേയും കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് പൂര്‍ണ്ണ സ്വതന്ത്രനായി. അവസാന നാളുകളില്‍ സ്വത്തും പണവും യശസ്സും എല്ലാം പോയി. സമ്പാദ്യങ്ങളുടേയോ ഇഹലോക ബന്ധങ്ങളുടേയോ വസ്ത്രങ്ങളില്ലാതെ ദിഗംബര സന്ന്യാസിയെപ്പോലെ നഗ്‌നനായി പരലോകം പ്രാപിച്ചു.
ഒരുപാടു പേര്‍ കുഞ്ഞിക്കയെ സ്‌നേഹിക്കുകയും കുഞ്ഞിക്കയ്ക്കുവേണ്ടി വേദനിക്കുകയും ചെയ്തിരുന്നു. അതൊന്നും കുഞ്ഞിക്ക അറിഞ്ഞിരുന്നില്ല. ഇനി അറിയുകയുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com