പല വഴികളിലൂടെ ഒഴുകുന്ന ഘരാനകള്‍: രമേശ് ഗോപാലകൃഷ്ണന്റെ പുസ്തകത്തെക്കുറിച്ച്

സമീപകാലത്തായി ഹിന്ദുസ്ഥാനി സംഗീതത്തോട് മലയാളികള്‍ക്കു പ്രിയം കൂടിവരുന്നുണ്ട്.
പല വഴികളിലൂടെ ഒഴുകുന്ന ഘരാനകള്‍: രമേശ് ഗോപാലകൃഷ്ണന്റെ പുസ്തകത്തെക്കുറിച്ച്

മീപകാലത്തായി ഹിന്ദുസ്ഥാനി സംഗീതത്തോട് മലയാളികള്‍ക്കു പ്രിയം കൂടിവരുന്നുണ്ട്, ധ്രുപദ്, ഖയാല്‍, തുമ്രി എന്നീ സംഗീതരൂപങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ആസ്വാദകര്‍ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന പഠനലേഖനങ്ങളുടെ സമാഹാരമാണ് രമേശ് ഗോപാലകൃഷ്ണന്റെ ഘരാന.

ഘരാനകളില്‍ വളര്‍ന്ന ധ്രുപദും ഖയാലുമാണ് രണ്ട്  ഭാഗങ്ങളിലായി ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആദ്യഭാഗത്ത് ധ്രുപദിന്റെ ഉത്ഭവവും വളര്‍ച്ചയും വിവരിക്കുന്നു. ധ്രുപദിനെക്കുറിച്ച് മലയാളത്തില്‍ സമഗ്രമായ പഠനലേഖനങ്ങള്‍ വന്നിട്ടില്ല എന്നതും ഈ പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ധ്രുപദിനെ സംരക്ഷിക്കാന്‍ ഒരായുഷ്‌ക്കാലം മുഴുവന്‍ മൂന്നു തലമുറയായി തങ്ങളുടെ ജീവിതം നല്‍കിയ ഡാഗര്‍ കുടുംബത്തെക്കുറിച്ച് വിശദമായിത്തന്നെ ഗ്രന്ഥകാരന്‍ പഠന വിധേയമാക്കുന്നു. '1486-1528 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഗാളിയോറിലെ ഭരണാധികാരി രാജ മാന്‍സിങ് തോമര്‍ ധ്രുപദ് സംഗീതത്തെ വളരെയധികം പരിപോഷിപ്പിച്ചു. എങ്കിലും ഗായകരിലൂടെ ധ്രുപദ് സംഗീതത്തിന്റെ ചരിത്രമന്വേഷിച്ച് പോയാല്‍ 15-16 നൂറ്റാണ്ടുകളില്‍ ജീവിച്ച മിയാന്‍ താന്‍സെന്‍ എന്ന മഹാഗായകനില്‍ നാം എത്തിച്ചേരുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ആസ്ഥാന ഗായകനായിരുന്ന മിയാന്‍ താന്‍സെനാണ് ഇന്നുള്ള ധ്രുപദ് സംഗീതത്തിന്റെ സ്രഷ്ടാവ് എന്നു പണ്ഡിതര്‍ വിലയിരുത്തുന്നു. എങ്കിലും താന്‍സന്റെ ഗുരുവായ സ്വാമി ഹരിദാസും ധ്രുപദ് സംഗീതത്തിന്റെ സൃഷ്ടിയില്‍ വലിയ പങ്കുവഹിച്ചിട്ടു െന്ന് പണ്ഡിതര്‍ പറയുന്നു. ഏതായാലും 500 വര്‍ഷത്തെ ആലാപന പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മഹത്തായ കലാരൂപമാണ് ധ്രുപദ് സംഗീതം എന്നതു തര്‍ക്കമറ്റതാണ്.''

ധ്രുപദ് ആലാപനത്തിലെ എറ്റവും പ്രധാനപ്പെട്ട ശൈലിയായ ഡാഗര്‍ ബാണിയെപ്പറ്റിയാണ് തുടര്‍ന്നുള്ള അധ്യായത്തില്‍ വിവരിക്കുന്നത്. ആലാപനത്തില്‍ പുലര്‍ത്തിപ്പോരുന്ന തനതും വ്യത്യസ്തവുമായ സവിശേഷതകളാണ് ഈ ശൈലിക്കാധാരം. ഡാഗര്‍, നൗഹര്‍, ഖണ്ടര്‍, ഗൗഹര്‍ എന്നിവയാണ് ധ്രുപദിലെ നാല് ഘരാനകള്‍. ഇവയില്‍ ഇന്ന് അവശേഷിക്കുന്നത് ഡാഗര്‍ ബാണിയാണ്. ജയ്പൂരില്‍നിന്നുള്ള ഡാഗര്‍ ബാണിയിലെ ഗായകരാണ് ധ്രുപദ് ഗാനങ്ങളുടെ ഇന്നുള്ള പ്രചാരകരായി ഈ സംഗീതരൂപത്തെ നിലനിര്‍ത്തുന്നത്. ധ്രുപദിനു ചരിത്രത്തില്‍ അനശ്വര സ്ഥാനം നല്‍കിയ ഡാഗര്‍ കുടുംബത്തെപ്പറ്റി ഈ പുസ്തകത്തില്‍ വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്.

ഖയാല്‍ സംഗീതത്തിന്റെ ഉദയം 20 തലമുറയുടെ പാരമ്പര്യമുള്ള ധ്രുപദ് സംഗീതത്തെ പിന്നോട്ട് തള്ളിമാറ്റി. ഖയാല്‍ സംഗീതം ഉ ാക്കിയ കാല്പനിക ഭംഗിയില്‍ ആകര്‍ഷിക്കപ്പെട്ട ആസ്വാദക വിഭാഗം ധ്രുപദിനോട് താല്പര്യക്കുറവ് കാണിച്ചു തുടങ്ങി. ധ്രുപദിന്റെ ഈ പിന്‍വാങ്ങല്‍ താല്‍ക്കാലികമായിരുന്നു. ഖയാലിന്റെ വേലിയേറ്റത്തെ അതിജീവിച്ച് ഡാഗര്‍ കുടുംബം ധ്രുപദിനെ നിലനിര്‍ത്തി. അതിന് ഡാഗര്‍ കുടുംബം ചെയ്ത ത്യാഗങ്ങളെക്കുറിച്ചും ധ്രുപദിന്റെ അതിജീവനത്തെക്കുറിച്ചും പുസ്തകം പറയുന്നു. ''ധ്രുപദ് സംഗീതം യഥാര്‍ത്ഥത്തില്‍ ഹൈന്ദവ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉയര്‍ന്നുവന്നത്. ധ്രുപദ് രചനകള്‍ ഏതാണ്ട് എല്ലാം ഹിന്ദുദൈവങ്ങളെയാണ് പ്രകീര്‍ത്തിക്കുന്നത്. എന്നാല്‍, അദ്ഭുതപരമായ ഒരു വൈരുദ്ധ്യത്തിന്റെ ചരിത്രമാണ് ധ്രുപദ് സംഗീതത്തെ ഇക്കാലമത്രയും വളര്‍ത്തിയതും നിലനിര്‍ത്തിയതുമെന്നത് ശ്രദ്ധേയമാണ്. തലമുറകള്‍ക്കു മുന്‍പ് ഡാഗര്‍ കുടുംബത്തിലെ ബാബ ഗോപാല്‍ദാസ് പാ െ എന്ന ധ്രുപദ് സംഗീതജ്ഞനെ മുഗള്‍ രാജാവായ മുഹമ്മദ് ഷാ രംഗീല നല്‍കിയ പാന്‍ ചവച്ചതിന്റെ പേരില്‍ അന്നത്തെ ബ്രാഹ്മണ സമുദായം ഭ്രഷ്ട് കല്പിച്ചു. നിവൃത്തിയില്ലാതെ ഇസ്ലാം മതം സ്വീകരിച്ച ബാബ ഗോപാല്‍ദാസ് പാ െയുടെ അനന്തര തലമുറകളും ഇസ്ലാം മതത്തില്‍ത്തന്നെ അടിയുറച്ചു വിശ്വസിച്ച് ആ ജീവിതശൈലി പിന്തുടര്‍ന്നു. അങ്ങനെയാണ് ഒരു ബ്രാഹ്മണകുടുംബമായിരുന്ന ഡാഗര്‍ തലമുറ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു ഇസ്ലാം കുടുംബമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.''

ധ്രുപദ് സംഗീതം പിന്നിട്ട വഴികള്‍

ഡാഗര്‍ കുടുംബത്തിലെ 19-ാം തലമുറയില്‍പ്പെട്ട ഗായകന്‍ ആയിരുന്ന ഉസ്താദ് സയീദുദീന്‍ ഡാഗറിന്റെ ജീവിതത്തെപ്പറ്റി പറയാന്‍ ഒരദ്ധ്യായം തന്നെ മാറ്റിവെച്ചിരിക്കുന്നു. 20-ാം നൂറ്റാ ിലെ ജനകീയ ഗായകനായ ഇദ്ദേഹം വിദേശങ്ങളില്‍ ധ്രുപദ് സംഗീതം പ്രചരിപ്പിച്ചിരുന്നു. അതിനുവേണ്ടി വര്‍ഷത്തില്‍ പകുതിയും അദ്ദേഹം വിദേശങ്ങളില്‍ ചെലവഴിച്ചു. പാരീസ്, ഹോള ്, ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹത്തിനു ധാരാളം ശിഷ്യന്മാര്‍ ഉ ായിരുന്നു. ഇദ്ദേഹം പാരീസിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തില്‍വെച്ച് ധ്രുപദ് സംഗീതം ആലപിച്ച സംഭവവും പുസ്തകത്തില്‍ വിവരിക്കുന്നു. ''ഒരു മുസ്ലിം സംഗീതജ്ഞന്‍ ഹിന്ദു ദൈവത്തെപ്പറ്റി ഒരു ക്രൈസ്തവ ദേവാലയത്തില്‍ പാടുകയെന്ന അത്യപൂര്‍വ്വവും കൗതുകകരവുമായ മതസൗഹാര്‍ദ്ദ സന്ദര്‍ഭത്തെ ആനന്ദം നല്‍കിയ ആത്മീയ അനുഭവമായിട്ടാണ് ഉസ്താദ് ഹുസൈന്‍ സയീദുദീന്‍ ഡാഗര്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്.'' ഡാഗര്‍ ഘരാനയെ പിന്തുടരുന്ന ഡാഗര്‍ കുടുംബത്തിനു പുറത്തുള്ള ഗായക സഹോദരന്മാരായ ഗുണ്ടേച്ച സഹോദരന്മാരെപ്പറ്റി പറഞ്ഞു കൊണ്ടാണ് പുസ്തകത്തിന്റെ ആദ്യഭാഗം അവസാനിക്കുന്നത്. അതിനോട് അനുബന്ധിച്ച് ഡാഗര്‍ കുടുംബ വംശാവലിയെ ഒരു ചിത്രരൂപത്തില്‍ ഗ്രന്ഥകാരന്‍ വരച്ചുവെയ്ക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളെ വരച്ചുവെയ്ക്കുക എന്ന വളരെ ശ്രമകരമായ ഈ ജോലി തന്നെ ധ്രുപദ് സംഗീതത്തെപ്പറ്റി രമേശ് ഗോപാലകൃഷ്ണന്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചു എന്നതിന്റെ തെളിവാണ്.

ഖയാല്‍ സംഗീത വഴികള്‍

പുസ്തകത്തിന്റെ രണ്ടാമത്തെ ഭാഗം ഖയാല്‍ സംഗീതത്തെപ്പറ്റിയാണ്. വിഷ്ണുനാരായണ്‍ ഭാട്ഖണ്ടേ മുതല്‍ ശുഭ മുദ്ഗല്‍ വരെയുള്ള 45 സംഗീതകാരന്മാരെ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിച്ച വിഷ്ണു നാരായണ്‍ ഭാട്ഖ േ, പണ്ഡിറ്റ് വിഷുദിഗംബര്‍ പലൂസ്‌കര്‍ എന്നിവരെപ്പറ്റി വിശദമായിത്തന്നെ പരിചയപ്പെടുത്തുന്നുണ്ട്  ഗ്രന്ഥകാരന്‍. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സൈദ്ധാന്തിക ശാസ്ത്രത്തെപ്പറ്റി ആദ്യമായി പുസ്തകം എഴുതിയ ഭാട്ഖ േ ദക്ഷിണേന്ത്യയിലേയ്ക്ക് യാത്ര നടത്തി വെങ്കിട മുഖി എന്ന സംഗീത പണ്ഡിതന്‍ കര്‍ണാടക സംഗീതത്തില്‍ നടപ്പിലാക്കിയ മേള കര്‍ത്താ രാഗപദ്ധതിയെക്കുറിച്ചു മനസ്സിലാക്കി ഹിന്ദുസ്ഥാനി സംഗീതത്തില്‍ പത്തു ഥാട്ടുകള്‍ സൃഷ്ടിച്ചു. കര്‍ണാടക സംഗീതത്തിലെ ജനക രാഗങ്ങള്‍ക്ക് തുല്യമാണ് ഈ ഥാട്ടുകള്‍. ഭൈരവി, ഭൈരവ്, അസാവരി, കാഫി, ഖമാജ്, ബിലാവല്‍, തോഡി, പൂര്‍വി, മാര്‍വ, യമന്‍ എന്നിവയാണ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ വിഷ്ണുനാരായണ്‍ ഭാട്ഖ േ ആവിഷകരിച്ച ഥാട്ടുകള്‍. ഭാട്ഖ േയുടെ ഈ ഗവേഷണങ്ങളും രാഗങ്ങളെക്കുറിച്ചുള്ള ക െത്തലുകളുമാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അവതരണത്തിന് ഒരു ശാസ്ത്രീയ അടിത്തറയുണ്ടാക്കിയത്. അതുപോലെ വിഷ്ണു ദിഗംബര്‍ പലൂസ്‌കറെപ്പറ്റിയുള്ള ഒരു നിരീക്ഷണവും ഗ്രന്ഥകാരന്‍ നടത്തുന്നു. ''കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചയ്ക്ക് അരിയക്കുടി രാമാനുജ അയ്യങ്കാര്‍ നല്‍കിയ സംഭാവനകള്‍ക്ക് തുല്യമോ അതിനെക്കാള്‍ ഉയര്‍ന്നതോ ആയ സ്ഥാനമാണ് പലൂസ്‌കറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹിന്ദുസ്ഥാനി സംഗീത ലോകത്തുള്ളത്.'' ഗാന്ധിജിയുടെ ഏറ്റവും ഇഷ്ടപ്പെട്ട രഘുപതി രാഘവ രാജാറാം എന്ന ഭജന്‍ ഇന്നു നാം കേള്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ പലൂസ്‌കര്‍ നടത്തിയ സംഗീതാവിഷ്‌കാരത്തിലാണ്. സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കി സംഗീത പരിപാടികള്‍ ആദ്യമായി പൊതുവേദികളില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് പലൂസ്‌കറായിരുന്നു. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും ഒന്നിച്ചിരുന്നു സംഗീതം കേട്ട അത്തരം വേദിയുടെ സ്രഷ്ടാവ് എന്ന നിലയില്‍ ഹിന്ദുസ്ഥാനി സംഗീതത്തെ സാമൂഹിക തലത്തിലേയ്ക്കുയര്‍ത്തിവരില്‍ ആദ്യപേര് വിഷ്ണു ദിഗംബര്‍ പലൂസ്‌കറുടേതായിരുന്നു. 

ഹിന്ദുസ്ഥാനി സംഗീതരംഗത്തെ ഗാന്‍സമ്രാട്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉസ്താദ് അള്ളാദിയ ഖാന്‍ മുതല്‍ അശ്വതി ഭീഡെ ദേശ്പാണ്ടെയും ശുഭ മുദ്ഗലും വരെയുള്ള ശാസ്ത്രീയ സംഗീതത്തെ മുന്നോട്ടു കൊണ്ടുപോവുന്ന ഗായകരെപ്പറ്റി പറയുന്നു. ഉസ്താദ് അബ്ദുള്‍ കരീംഖാന്‍, പണ്ഡിറ്റ് സവായ് ഗന്ധര്‍വ, മോഗുബായ് കുര്‍ഡിക്കര്‍, പണ്ഡിറ്റ് ഓംകാര്‍നാഥ് ഠാക്കൂര്‍, ഉസ്താദ് ബഡെ ഗുലാം അലിഖാന്‍, ഉസ്താദ് അമീര്‍ഖാന്‍, പണ്ഡിറ്റ് മല്ലികാര്‍ജുന്‍ മന്‍സൂര്‍, കേസെര്‍ബായ് കേര്‍ക്കര്‍, കുമാര്‍ ഗന്ധര്‍വ, ഹീരാഭായ് ബറോഡേക്കര്‍, ദത്താത്രേയ വിഷ്ണു പലൂസ്‌കര്‍, ഉസ്താദ് ഫയാസ് ഖാന്‍, ഉസ്താദ് അബ്ദുള്‍ റഷീദ് ഖാന്‍, അബ്ദുല്‍ വഹീദ്ഖാന്‍, അമന്‍ അലി ഖാന്‍, പണ്ഡിറ്റ് ഭീംസെന്‍ ജോഷി, ഗംഗുബായ് ഹംഗല്‍, അഞ്ജനി ബായ് മാല്‍പേക്കര്‍, വിനായക്റാവു പട് വര്‍ദ്ധന്‍, വീണ സഹസ്രബുദ്ധെ, പണ്ഡിറ്റ് ജസ് രാജ്, കിശോരി അമോങ്കര്‍, ഉസ്താദ് നസാഖത്-സലാമത് അലിഖാന്‍ സഹോദരങ്ങള്‍, പണ്ഡിറ്റ് രാജന്‍ മിശ്ര-സാജന്‍ മിശ്ര, പര്‍വീന്‍ സുല്‍ത്താന, പണ്ഡിറ്റ് അജോയ് ചക്രവര്‍ത്തി, പ്രഭ ആത്രേ എന്നിവരുടെ സംഗീതത്തെപ്പറ്റിയുള്ള പഠനമാണ് തുടര്‍ന്നുള്ള അധ്യായങ്ങളില്‍. കൂടാതെ രാംപുര്‍ സഹസ്വാന്‍ ഘരാനയുടെ സവിശേഷതകള്‍ മൂന്ന് അധ്യായങ്ങളിലായി വിവരിക്കുന്നു. അതിലൂടെ വളര്‍ന്നുവന്ന ഉസ്താദ് റാഷിദ് ഖാന്റെ ഖയാല്‍ സംഗീതത്തിന്റെ പ്രത്യേകതകളും പറയുന്നു. ഖയാലിന്റെ സൗന്ദര്യവും ഭാവാത്മകതയും അതിലൂടെ കാണിച്ചുതരുന്നു. ഗുരു ഒരാളെ ശിഷ്യനായി സ്വീകരിക്കുന്ന ഘ ബന്ധന്‍ എന്ന ചടങ്ങിനെക്കുറിച്ചും ഹിന്ദുസ്ഥാനി സംഗീതത്തില്‍ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും പറയുന്നു. ഓരോ ഗായകരെക്കുറിച്ചു പറയുമ്പോഴും അവരുടെ ആലാപനത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ മൗലികമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്്. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ള മികച്ച ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും ഘരാന ഉള്‍പ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com