'പിന്നെ എന്തിനാണ് വനിതാ സംവിധായകര്‍ക്ക് ഒന്നരക്കോടി നല്‍കുന്നു എന്ന പരസ്യം കൊടുത്തത്; ഇത് അനീതിയും മര്യാദകേടും'

സ്ത്രീവിരുദ്ധനായ സംവിധായകനായ പത്മരാജനെപ്പോലുള്ള ഒരാളുടെ കഥ എടുത്തതുകൊണ്ട് സര്‍ക്കാരിന്റെ ഒന്നരക്കോടിയില്‍ നിന്ന് ഒരു പൈസ പോലും ഞാന്‍ തരുമെന്ന് നിങ്ങള്‍ കരുതണ്ട...കുറിപ്പ്
അനു ചന്ദ്ര
അനു ചന്ദ്ര

സ്ത്രീ സമൂഹത്തിന്റെ പുരോഗതിക്കും ശാക്തീകരണത്തിനും മുന്‍കൈയെടുത്തു കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ രണ്ടു വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ഒന്നരക്കോടി വീതം നല്‍കുന്നുവെന്നും അതിനായുള്ള തെരഞ്ഞെടുപ്പിനായുള്ള അപേക്ഷ അയക്കണമെന്നുമുള്ള അറിയിപ്പിന്മേലാണ് ഞങ്ങള്‍ നിരവധി സ്ത്രീകള്‍ കെ.എസ്.എഫ്.ഡി.സിയെ സമീപിച്ചത്. സിനിമയെ സ്‌നേഹിക്കുന്ന, സിനിമാ സംവിധാനം എന്ന ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി പ്രയത്നിക്കുന്ന ഏതൊരാളെയും സംബന്ധിച്ചെടുത്തോളം മുന്‍പില്‍ വന്നു നില്‍ക്കുന്ന അവസരത്തെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് സാധ്യത.

തുടര്‍ന്ന് തിരക്കഥ, ബജറ്റ്, ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നടീനടന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിശദമായ വിവരങ്ങള്‍, സംവിധായികയുടെ ബയോഡാറ്റ എന്നിവ പറഞ്ഞ പ്രകാരം  സമര്‍പ്പിച്ചു. അതിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അടുത്ത കത്ത് വരുന്നു. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം അനുസരിച്ച് അവര്‍ ആവശ്യപ്പെടുന്ന ഡോക്യുമെന്റ്‌സ് കൃത്യമായി കൃത്യസമയത്തു എത്തിക്കുന്നവരെ മാത്രമേ തുടര്‍നടപടികള്‍ക്കായി മുന്‍പോട്ട് കൊണ്ട് പോകൂ എന്നായിരുന്നു അറിയിപ്പ്. അത്തരത്തില്‍ ഡോക്യുമെന്റ്‌സ് എത്തിച്ചവരില്‍ നിന്ന് 62 വനിതകളെയാണ് തുടര്‍ നടപടികള്‍ക്കായി പരിഗണിച്ചത്. അവര്‍ക്കായി വീണ്ടും കത്ത് വരുന്നു. 

സ്‌ക്രിപ്റ്റ് ജൂറി അംഗങ്ങളെ വായിച്ച് കേള്‍പ്പിക്കുന്നതിന് സംവിധായകന്‍ നേരിട്ട് ഹാജരാകേണ്ടതാണെന്നും ആവശ്യമെങ്കില്‍ സംവിധായകയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിയവരെ കൂടി സ്‌ക്രിപ്റ്റ് വായിക്കുന്ന അവസരത്തില്‍ പങ്കാളിയാക്കാവുന്നതാണെന്നും, ഹാജരാകേണ്ട സമയവും തീയ്യതിയും, സ്ഥലവും അറിയിച്ചുകൊണ്ട് ഉള്ളതുമായ വിവരമായിരുന്നു ആ കത്തില്‍. തുടര്‍ന്ന് തിരക്കഥ പരിശോധന നടക്കുകയും ജൂറി അംഗങ്ങള്‍ ആയ ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, കുക്കു പരമേശ്വരന്‍, മനീഷ് നാരായണ്‍, രഘുനാഥ് പലേരി എന്നിവര്‍ അടങ്ങിയ പാനലിന് മുന്‍പാകെ പങ്കെടുത്തവര്‍ തങ്ങളുടെ സ്‌ക്രിപ്റ്റ് വായിച്ചു കൊടുത്തു. ചിലതെല്ലാം മുഴുവനായി കേള്‍ക്കാന്‍ തയ്യാറായും മറ്റു സ്‌ക്രിപ്റ്റുകള്‍ വായിച്ചു മുഴുമിപ്പിക്കാന്‍ കൂട്ടാക്കാതെയും തിരക്കഥകളെ പുകഴ്ത്തിയും, ഇകഴ്ത്തിയും, തിരക്കഥകളുമായി സമീപിച്ച സ്ത്രീകളെ വ്യക്തിപരമായി മുറിവേല്‍പ്പിച്ചുമുള്ള സമീപനമാണ് ജൂറി മുന്‍പോട്ട് വെച്ചത്. തിരഞ്ഞെടുപ്പുകളിലും ഇടപെടലുകളിലും ജൂറിയുടെ രാഷ്ട്രീയവുമായി സന്ധിചേരുവാനോ, അത്തരം രാഷ്ട്രീയവുമായി അതിരുകളും കോംപ്രമൈസുകളും ഇല്ലാതെ ഉള്‍ച്ചേരുവാനോ യാതൊരുവിധേനയും സാധിക്കാത്ത 62 വ്യത്യസ്ത വ്യക്തിത്വങ്ങളില്‍ പലര്‍ക്കു മുകളിലേക്കും ജൂറി പറയുന്നു ഈ തിരക്കഥ നിങ്ങള്‍ ഇങ്ങനെയെല്ലാം/ഇതത് പ്രകാരം പൊളിറ്റിക്കല്‍ ആക്കണമെന്ന്. ഡയറക്റ്റോറിയല്‍ വിഷനില്‍ പൊളിറ്റിക്കലാക്കാന്‍ സാധ്യതയില്ലാത്ത/താല്പര്യമില്ലാത്ത തിരക്കഥയെ പൊളിറ്റിക്കല്‍ ആക്കാന്‍ പറയുന്ന കാഴ്ചപ്പാടുതന്നെ പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആണ്. തിരക്കഥ വായിക്കാന്‍ ചെന്ന  സംവിധായികയ്ക്ക് മുകളില്‍ അവരുടെ സിനിമ (സിനിമയാക്കാന്‍ ഉദ്ദേശിക്കുന്ന തിരക്കഥ) പൂര്‍ണ്ണമായും ദളിത് സിനിമയാണെന്നും/അത്തരത്തില്‍ ദളിത് പക്ഷം ചേര്‍ന്നു ഉണ്ടാക്കിയെടുക്കുവാനായി അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ശ്രമവും, ആ സിനിമ മനുഷ്യപക്ഷത്തു നിന്ന് എടുക്കണം എന്നുള്ള സംവിധായികയുടെ താല്പര്യത്തെയും, നിര്‍ബന്ധത്തെയും അപമാനപ്പെടുത്തുന്ന ഒന്നായിരുന്നു. 

തിരക്കഥ വായനക്കായി പോയ മറ്റൊരു സംവിധായക അവതരിപ്പിച്ചത് പത്മരാജന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള തിരക്കഥ ആയിരുന്നു. 

തിരക്കഥയെ അവഗണിച്ച ജൂറി

അവരോട് ജൂറി അംഗം പറയുന്നതാകട്ടെ, കേരളത്തിലെ ഏറ്റവും സ്ത്രീവിരുദ്ധനായ സംവിധായകനായ പത്മരാജനെപ്പോലുള്ള ഒരാളുടെ കഥ എടുത്തതുകൊണ്ട് സര്‍ക്കാരിന്റെ ഒന്നരക്കോടിയില്‍ നിന്ന് ഒരു പൈസ പോലും ഞാന്‍ തരുമെന്ന് നിങ്ങള്‍ കരുതണ്ട, ഒരു സ്ത്രീക്കും ഒരു വനിതാ സംവിധായക ആകണമെങ്കില്‍ പത്മരാജനെപ്പോലെയുള്ള ഒരാളുടെ കഥ എടുക്കേണ്ട കാര്യമില്ല, പത്മരാജന്റെ തണലിലോ പിന്തുണയോടോകൂടി അല്ല ഒരു വനിത സംവിധായിക ആകേണ്ടത് എന്നൊക്കെയാണ്. തിരക്കഥ മനസ്സിലാകാതെ കേള്‍ക്കാന്‍ താല്പര്യം പ്രകടിപ്പിക്കാതെ തിരക്കഥയെ, അതിന്റെ  സാധ്യതകളെ തന്നെ അവഗണിച്ച ധീരമായ ജൂറി തെരഞ്ഞെടുപ്പായി കാര്യങ്ങള്‍ എന്നുവേണം അനുമാനിക്കാന്‍. 

പാനലിലെ അംഗങ്ങളില്‍ നിന്നു കൂട്ടം ചേര്‍ന്ന് എടുക്കേണ്ട ഒരു തീരുമാനം എങ്ങനെയാണ് വ്യക്തി അധിഷ്ഠിതമായി, ഞാന്‍ ഒരു രൂപ പോലും തരില്ല എന്നു പറയേണ്ട സാഹചര്യത്തിലേക്ക് എത്തുന്നത് എന്നതുകൂടി വിചാരണ ചെയ്യപ്പെടേണ്ട ഒന്നാണ്. തെരഞ്ഞെടുപ്പുകള്‍ക്കും/ജൂറിക്കും കൃത്യവും സ്പഷ്ടവുമായ രാഷ്ട്രീയമുണ്ട് ഈ തിരഞ്ഞെടുപ്പുകള്‍ക്ക് എന്ന് ബോധ്യമാക്കുന്ന സാഹചര്യങ്ങള്‍ തന്നെയാണ് ഇതെല്ലാം. തിരക്കഥ വായനയ്ക്കു ശേഷവും അത്തരമൊരു ദുരവസ്ഥയില്‍ നിന്നു, അര്‍ഹതയുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിനായി ഉള്ള അടുത്ത പടിയിലേക്ക് ചുവടുവെപ്പുമായി/അതിന് തയ്യാറായി അവിടം വിട്ടിറങ്ങിയ സ്ത്രീകള്‍ക്ക്, മുന്‍പേ കൂട്ടിയുള്ള/ഏറ്റവും ആദ്യം അയച്ച ലെറ്റര്‍ പ്രകാരം ഇനിയുള്ള കാത്തിരിപ്പ് എന്ന് പറയുന്നത് അതിലെ അറിയിപ്പ് ആയിരുന്നു. 

സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണത്തെ സംവിധായകരുടെ അപേക്ഷ ബോര്‍ഡ് കമ്മിറ്റി പരിശോധിച്ചു ഉചിതമായവരെ കെ.എസ്.എഫ്.ഡി.സി ബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുമെന്നും, അതില്‍ സെലക്ഷന്‍ ലഭിക്കുന്നവരെ സ്റ്റോറി ബോര്‍ഡ് ഉള്‍പ്പെടെ ഇന്റര്‍വ്യൂ  ബോര്‍ഡ് വിശകലനം ചെയ്ത് ഉചിതമായ 2 വനിത സംവിധായകരെ  ഒന്നര കോടി വീതം ബഡ്ജറ്റ് വരുന്ന സിനിമ ചെയ്യുവാനായി (3 കോടി) തെരഞ്ഞെടുക്കുമെന്നുമാണ് അതില്‍ പറഞ്ഞിരുന്നത്. എന്നാല്‍, തിരക്കഥ വായനക്കപ്പുറത്തേക്ക് യാതൊരു വിധത്തിലുമുള്ള അറിയിപ്പോ, സെലക്ഷന്‍ ലഭിച്ചവര്‍ എന്നറിയിച്ചു സ്റ്റോറി ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിശകലനത്തിനായി ഇന്റര്‍വ്യൂ ബോര്‍ഡ് വിളിച്ചു വരുത്തുകയോ ചെയ്തില്ലെന്ന് മാത്രമല്ല, ഒരു സുപ്രഭാതത്തില്‍ അടുത്തഘട്ടത്തിലെ കാത്തിരുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പത്ര വാര്‍ത്ത വരുന്നു വനിതകളുടെ സിനിമകള്‍; മികച്ച തിരക്കഥ തിരഞ്ഞെടുത്തു. ഇവര്‍ തന്നെയായിരിക്കും സംവിധായകര്‍ എന്ന്. 

ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തില്‍  കേരളം പോലൊരു സ്ഥലത്തു നിന്ന് എത്തി നില്‍ക്കുന്ന നിരവധി സംവിധായകര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഒരു സംവിധായകയെ കണ്ടെത്താന്‍ പാനലില്‍ നല്ലൊരു സംവിധായകനെ/സംവിധായകയെ വെക്കാന്‍ പോലും കെ.എസ്.എഫ്.ഡി.സി തയ്യാറായില്ല എന്നത് ചോദിക്കാതെ നിവൃത്തിയില്ല. വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ഒന്നരക്കോടി നല്‍കുന്നു എന്ന പത്ര വാര്‍ത്ത നല്‍കി, സിനിമയുടെ സ്‌ക്രിപ്റ്റ് പരിശോധന എന്ന് പറഞ്ഞുകൊണ്ട് തന്നെ സംവിധായകരെ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് വിളിക്കുകയും, തിരക്കഥ വായനയ്ക്കു ശേഷം, ആര്‍ക്കും സെലക്ഷന്‍ നല്‍കുകയോ സ്റ്റോറിബോര്‍ഡ് ഉള്‍പ്പെടെയുള്ള വിശദമായ ഇന്റര്‍വ്യൂന് ആരെയും വിളിക്കാതിരിക്കുകയോ ചെയ്യാതെ മികച്ച തിരക്കഥകള്‍ തിരഞ്ഞെടുത്തു എന്ന  പത്രവാര്‍ത്ത നല്‍കുമ്പോള്‍, കടുത്ത വിശ്വാസവഞ്ചനയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. 

നല്ല ഒരു തിരക്കഥ മാത്രമായിരുന്നോ അവര്‍ക്ക് ആവശ്യം, അങ്ങനെയെങ്കില്‍ എന്തിന് വനിതാ സംവിധായകര്‍ക്ക് ഒന്നരക്കോടി നല്‍കുന്നു എന്ന പരസ്യം കൊടുത്തു. ഇനി അഥവാ സ്‌ക്രിപ്റ്റാണ്, സ്‌ക്രിപ്റ്റ് മാത്രമാണ് സിനിമ സംവിധാനത്തിന്റെ മാനദണ്ഡമെന്ന് കെ.എസ്.എഫ്.ഡി.സി വിശ്വസിക്കുന്നു എങ്കില്‍ സ്ത്രീശാക്തീകരണം എന്ന് പേരിട്ടിട്ടും സ്‌ക്രിപ്റ്റ് പരിശോധനയ്ക്ക് വരുമ്പോള്‍ സംവിധായികയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിയവരെ കൂടിയും കൂടെ കൂട്ടാം എന്ന പ്രത്യേക അറിയിപ്പ് നല്‍കിയതില്‍പ്പോലുമില്ലേ ഒരു യുക്തിയില്ലായ്മ. ലോജിക്കലി, യാതൊരു വ്യക്തതതയുമില്ലാത്ത, നടപടി ക്രമങ്ങളനുസരിച്ച് യാതൊരു കൃത്യതയും പാലിക്കാത്ത അടിയന്തരഫല പ്രഖ്യാപനത്തിന് എതിരെയാണ്, ഫലപ്രഖ്യാപനം പത്രവാര്‍ത്തകളിലൂടെ അറിഞ്ഞ ആ ദിവസം അതുവരെയും പരസ്പരം അറിയാത്ത, ഇന്ന് വരെയും പരസ്പരം കാണാത്ത തിരക്കഥ വായനയില്‍ പങ്കെടുത്ത ഞങ്ങള്‍ കുറച്ച് സ്ത്രീകള്‍ ഒന്നിക്കുന്നതും, നിയമവിരുദ്ധവും നീതിനിഷേധവും ആയ തെറ്റായ നടപടിക്രമങ്ങള്‍ക്കെതിരെ കെ.എസ്.എഫ്.ഡിയുടെ പേരില്‍ ശബ്ദമുയുര്‍ത്തുന്നത്. കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കാണ് അവര്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന് സമര്‍ത്ഥിച്ചാല്‍പ്പോലും അത് ഈ സാഹചര്യത്തില്‍ വിശ്വാസയോഗ്യമല്ല. മാത്രവുമല്ല, കേരളത്തില്‍ അന്തര്‍ദ്ദേശീയ നിലവാരമുള്ള തിരക്കഥാകൃത്തുക്കളും, സംവിധായകരും ഉണ്ടായിരിക്കെ അഞ്ചുംരാജബാലി എന്ന മുംബൈ സ്വദേശിയെ മലയാളത്തിലുള്ള തിരക്കഥ തിരഞ്ഞെടുക്കാനായി ചുമതലപ്പെടുത്തിയതിനേയും ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. 

സര്‍ക്കാര്‍ രണ്ടു വനിതാ സംവിധായകര്‍ക്കാണ് സിനിമ നിര്‍മ്മാണത്തിനു സഹായം നല്‍കുന്നത്, അല്ലാതെ തിരക്കഥയ്ക്കല്ല എന്നിരിക്കെ മികച്ചതെന്നു പറഞ്ഞ് തിരക്കഥകള്‍ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന പേരില്‍ ഞങ്ങള്‍ കുറച്ച് സ്ത്രീകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും, താല്‍ക്കാലികമായി നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാനായി തെരഞ്ഞെടുപ്പ് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ വരികയും ചെയ്തു. ഇനി മുന്‍പോട്ടുള്ള വഴികളില്‍ ഞങ്ങള്‍ ഉറച്ചുതന്നെയാണ് നില്‍ക്കുന്നത്. എന്നാലും ഇതില്‍ ഏറെ വിഷമകരം എന്നു പറയുന്നത്, സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി എന്നൊക്കെ പരസ്യം നല്‍കിയിട്ട് അതുകണ്ട് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അപേക്ഷകള്‍ നല്‍കിയ സ്ത്രീകളെയെല്ലാം വിളിച്ചുവരുത്തി അപമാനിച്ചു എന്നതിലാണ്. ഇത്തരത്തില്‍ ഒരു നിയമലംഘനം കെ.എസ്.എഫ്.ഡി.സിയുടെ ഭാഗത്തു നിന്നു സംഭവിച്ചു എങ്കില്‍ അതിനെതിരെ കൃത്യമായ നിയമ നടപടികളുമായി മുന്‍പോട്ട് പോകുക എന്നതാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങളുടെ പ്രതിഷേധം  താല്‍ക്കാലികമായി അവരെ അറിയിക്കുക അല്ല ഞങ്ങളുടെ ലക്ഷ്യം, ഇതുവരെ എടുത്ത നടപടികളെല്ലാം റദ്ദാക്കിക്കൊണ്ട് കൃത്യമായ അവര്‍ അറിയിച്ച റൂള്‍സ് പ്രകാരം അവ നടപ്പാക്കി ക്കൊണ്ടുള്ള ഒരു അന്തിമഫലം അതാണ് ഞങ്ങളുടെ ആവശ്യം. അത് ഞങ്ങളോട് കാണിക്കേണ്ട ഒരു ജനാധിപത്യ മര്യാദ കൂടിയാണ്. അതോടൊപ്പം നിയമലംഘനം നടത്തിയ ഫലപ്രഖ്യാപനം സംഭവിക്കുമ്പോള്‍ ഈ മൂന്ന് കോടി എന്ന് പറയുന്നത്, നമ്മള്‍ നല്‍കുന്ന നികുതിപ്പണം ആണ് എന്നതുകൂടി പ്രത്യേകം ഓര്‍ക്കണമല്ലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com