ഉച്ചമരപ്പച്ചയുടെ നിഴല്‍ എഴുതുന്നത്: ഷാനവാസ് പോങ്ങനാടിന്റെ പുസ്തകത്തെക്കുറിച്ച്

ജീവിതത്തെ ഉലച്ചു കടന്നുപോയ കാന്‍സര്‍ കാലത്തെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഷാനവാസ് പോങ്ങനാട് എഴുതിയ 'ഉച്ചമരപ്പച്ച' എന്ന പുസ്തകം നല്‍കുന്ന വായനാനുഭവം
ഉച്ചമരപ്പച്ചയുടെ നിഴല്‍ എഴുതുന്നത്: ഷാനവാസ് പോങ്ങനാടിന്റെ പുസ്തകത്തെക്കുറിച്ച്

ഷാനവാസ് പോങ്ങനാട് എന്ന മാധ്യമപ്രവര്‍ത്തകനെ ഇന്നോ ഇന്നലെയോ അറിയാന്‍ തുടങ്ങിയതല്ല. പ്രിയ സുഹൃത്താകുന്നതിനു മുന്‍പേതന്നെ ഷാനവാസിന്റെ എഴുത്തുമികവില്‍ ഞാന്‍ വീണുപോയിരുന്നു. ചില വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞ് ഞാന്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ ഷാനവാസ് മാധ്യമത്തില്‍നിന്നു മലയാളം ന്യൂസിലേക്ക് മാറിയിരുന്നു. പ്രസ്സ് ക്ലബ്ബിലെ ഒരു വാര്‍ത്താസമ്മേളനത്തിനിടെ  പരിചയപ്പെട്ട കാലം മുതല്‍ നല്ല സുഹൃത്തുക്കളുടെ കൊച്ചുപട്ടികയില്‍ ഷാനവാസുണ്ട്.

അവര്‍ നാലുപേര്‍ 

തിരിഞ്ഞുനോക്കുമ്പോള്‍ ഒന്നും വിശ്വസിക്കാനാകുന്നില്ല എന്നാണ് മുഖക്കുറിപ്പില്‍ ഷാനവാസ് എഴുതുന്നത്. സത്യമായും അത് സുഹൃത്തുക്കള്‍ക്കും അങ്ങനെ തന്നെയാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും ജ്യേഷ്ഠനെപ്പോലെ അടുപ്പമുള്ള എഴുത്തുകാരനും ബി.എസ്.എന്‍.എല്‍ എന്‍ജിനീയറുമായ ഡോ. കായംകുളം യൂനുസിനൊപ്പമാണ് ഷാനവാസിനെ കാണാന്‍ വീട്ടില്‍ പോയത്. ഭേദമായിരിക്കുന്നു. ഇനി ചെറിയ ചില പരിശോധനാ കടമ്പകള്‍ കൂടി മാത്രമേയുള്ളു എന്നാണ് അന്നു പറഞ്ഞത്. പക്ഷേ, മൂലകോശം മാറ്റിവയ്ക്കാന്‍ വെല്ലൂരില്‍ പോയതും ഇരുളും വെളിച്ചവും എന്തൊക്കെയോ നിറങ്ങളും ദു:സ്വപ്നങ്ങളും പിച്ചുംപേയും നിറഞ്ഞ ഒരു കാലം കടന്നു വെല്ലൂരില്‍നിന്നു മടങ്ങിയതും പിന്നീടാണ്. ഷാനവാസിനു ചിരപരിചിതമായ തലസ്ഥാനത്തെ മാധ്യമലോകത്ത് വളരെക്കുറച്ച് പേര്‍ മാത്രമേ അപ്പോഴും രോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നുള്ളൂ. അറിഞ്ഞത് വളരെ അടുപ്പമുള്ളവരായതുകൊണ്ട് കഴിയുന്നത്ര അത് കൂടുതല്‍ പേരിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. സഹതാപ സന്ദര്‍ശകരുടെ എണ്ണം കൂടുന്നത് ഷാനവാസിനേയും കുടുംബത്തേയും അലോസരപ്പെടുത്തും എന്നു ചിന്തിച്ചതാണ് കാരണം. അതു ശരിയുമായിരുന്നു. രോഗമുക്തനായി തിരിച്ചുവന്നിട്ട് ഷാനവാസ് തന്നെ പറയട്ടെ എന്നും തീരുമാനിച്ചു. അങ്ങനെതന്നെയാണ് ഉണ്ടായത്. പിന്നീട് പ്രസ്സ് ക്ലബ്ബ് അംഗങ്ങളുടെ പൊതുയോഗത്തില്‍ ഷാനവാസ് നിസ്സാരമായി പറഞ്ഞു: ''കഴിഞ്ഞ കുറേ മാസങ്ങളോളം ഞാന്‍ അര്‍ബ്ബുദ രോഗത്തിനു ചികിത്സയിലായിരുന്നു. അമ്പരപ്പു പ്രകടിപ്പിച്ചവരെ നോക്കി അന്നു മനപ്പൂര്‍വ്വം പ്രകടിപ്പിച്ച കൂസലില്ലാത്ത ഭാവം പക്ഷേ, ഈ പുസ്തകത്തില്‍ കൊണ്ടുവന്നു നടാന്‍ ശ്രമിച്ചിട്ടില്ല. ബോധത്തിലും അബോധത്തിലും കടന്നുപോയ ഓരോ നിമിഷങ്ങളുടേയും വേദനയും നിസ്സഹായതയും ഉച്ചമരപ്പച്ചയില്‍ നിറഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ചുതന്നെ എഴുതുകയായിരുന്നു എന്നുറപ്പ്. രോഗിയും കുടുംബവും പേടിക്കുകയും സങ്കടപ്പെടുകയും തീ തിന്നുകയും ചെയ്ത കാലത്തിന്റെ വിവരണം മറ്റു രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെടുത്തില്ലേ എന്ന് ഇതു വായിച്ചിട്ട് ചോദിച്ചവരുണ്ട്. പക്ഷേ, ഷാനവാസിന്റേയും അനസൂയയുടേയും അശ്വിനിയുടേയും ആത്മജിന്റേയും കണ്ണീരനുഭവങ്ങളുടെ വിവരണം മാത്രമല്ലല്ലോ ഇത്. അവരുടെ പരസ്പരസ്‌നേഹത്തിന്റേയും കരുതലിന്റേയും ആത്മധൈര്യത്തിന്റേയും രേഖ കൂടിയാണ്; വീട്ടുകാരാല്‍ കൂടുതല്‍ സ്‌നേഹിക്കപ്പെടാന്‍ രോഗമില്ലാത്തവരും ആഗ്രഹിച്ചുപോകും ഇത് വായിച്ചു കഴിയുമ്പോള്‍; അവരെ കൂടുതല്‍ സ്‌നേഹിക്കാനും.

മാറ്റങ്ങള്‍ 

റാമോജി റാവു ഫിലിം സിറ്റി കാണാന്‍ പോയപ്പോഴാണ് വലിയ ബുദ്ധിമുട്ടിന്റെ തുടക്കം. നടക്കാനേ കഴിയുന്നില്ല. ഇടുപ്പെല്ലിനു വേദന. ഇടയ്ക്ക് ഇരുന്നും നിന്നുമൊക്കെയാണ് ആ യാത്ര പൂര്‍ത്തിയാക്കിയത്. തിരിച്ചെത്തിയിട്ട് ഡോ. രാമസ്വാമി പിള്ളയെ കണ്ട് ചില മരുന്നുകള്‍ കഴിച്ചപ്പോള്‍ ആശ്വാസമായി. പിന്നെ കുറച്ചുനാള്‍ വേദനയേയില്ല. പക്ഷേ, താല്‍ക്കാലികം മാത്രമായിരുന്നു അത്. ക്രമേണ കാലുയര്‍ത്താനുള്ള ബലക്കുറവു കൂടിവന്നു. വീണ്ടും ഡോ. പിള്ളയെ കണ്ടപ്പോള്‍ രണ്ടാഴ്ച ഫിസിയോ തെറാപ്പി. പക്ഷേ, വേദന മാറിയില്ല. മറ്റൊരു ഓര്‍ത്തോപീഡിക് ഡോക്ടറെ കണ്ടപ്പോള്‍ കൊടുത്ത മരുന്നുകള്‍ കഴിച്ചിട്ടു വലിയ ക്ഷീണം തോന്നി. അതുകൊണ്ട് ആ മരുന്നുകള്‍ തുടര്‍ന്നില്ല. വേദന കൊണ്ടുനടക്കുകയാണ്. അനസൂയയേയും മക്കളേയും വേദനിപ്പിക്കേണ്ടെന്നു കരുതി അറിയിക്കാതെ കൊണ്ടുനടന്നു. പിന്നെപ്പിന്നെ കാല്‍ ഉയര്‍ത്താന്‍ കഴിയാതെയായി. ഇടതുകാല്‍ ഉയര്‍ത്തി കാറിന്റെ ക്ലച്ച് ചവിട്ടാന്‍പോലും പ്രയാസം. കുനിഞ്ഞ് തറയില്‍നിന്ന് ഒന്നും എടുക്കാന്‍ വയ്യ.

ശ്രീചിത്രയില്‍ ഭാര്യക്കൊപ്പം പോയത് ഹൃദ്രോഗ വിഭാഗത്തിലെ പതിവ് പരിശോധനയ്ക്കാണ്. ഹൃദ്രോഗമുള്ളതുകൊണ്ടല്ല, അനസൂയ അവിടെയുള്ളതുകൊണ്ടാണ് ഇടയ്ക്ക് ചെക്കപ്പ്. അതു കഴിഞ്ഞു പതിവുപോലെ പ്രഭാത നടത്തയുടെ ആവശ്യത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞു. മിണ്ടാതിരുന്നപ്പോള്‍ ഡോക്ടര്‍ക്ക് സംശയം. ഇടുപ്പെല്ലിന്റെ വേദനയെക്കുറിച്ചും നടക്കുമ്പോഴുള്ള പ്രയാസത്തെക്കുറിച്ചുമൊക്കെ ഡോക്ടറോട് പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക് ഡോക്ടറിലേക്ക് അങ്ങനെയാണ് എത്തുന്നത്. അവിടെ നടത്തിയ മറ്റു പരിശോധനകളിലൊന്നും ഒരു പ്രശ്‌നവുമില്ല. എം.ആര്‍.ഐ സ്‌കാന്‍ കൂടി ചെയ്യണം. അത് ശ്രീചിത്രയിലാണ് ചെയ്തത്. എം.ആര്‍.ഐ ഫിലിമും സി.ഡിയും അന്നുതന്നെ കിട്ടിയെങ്കിലും റിപ്പോര്‍ട്ട് പിറ്റേ ദിവസമേ കിട്ടുകയുള്ളു. പക്ഷേ, ഡോക്ടര്‍മാരില്‍നിന്ന് അനസൂയയ്ക്ക് ലഭിച്ച സൂചനകള്‍ ഷാനവാസിനോടു പറഞ്ഞിരുന്നില്ല. ഒരു കുടുംബം ഓര്‍ക്കാപ്പുറത്ത് കാന്‍സര്‍ അനുഭവത്തിലേക്ക് സങ്കടത്തോടെ വീണുപോകുന്നതിന്റെ ചിത്രമുണ്ട് ആ രാത്രിയുടേയും പിറ്റേ പ്രഭാതത്തിന്റേയും അനുഭവത്തില്‍.

പിറ്റേന്ന് എം.ആര്‍.ഐ റിപ്പോര്‍ട്ട് വാങ്ങിയിട്ട് ഷാനവാസിനെ ഓഫീസില്‍നിന്നു വിളിച്ചു വരുത്തിയാണ് അനസൂയ വീട്ടിലെത്തിയത്. ആശുപത്രി വിവരങ്ങള്‍ അറിയാന്‍ മക്കള്‍ അമ്മയ്ക്കു ചുറ്റും കൂടി. എല്ലാവരേയും സ്വീകരണമുറിയില്‍ ഇരുത്തിയിട്ട് അവര്‍ കാര്യം തുറന്നു പറഞ്ഞു: ''ആരും വിഷമിക്കരുത്. ചികിത്സയുണ്ട്. നാളെ നമുക്ക് ആര്‍.സി.സിയില്‍ പോകണം.''
''ആര്‍.സി.സിയിലോ?''
''റിപ്പോര്‍ട്ട് ഡോക്ടറെ കാണിച്ചു. അതില്‍ സെക്കന്‍ഡറീസ് അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ മൈലോമ എന്നാണ് എഴുതിയിട്ടുള്ളത്. മള്‍ട്ടിപ്പിള്‍ മൈലോമ ആകാന്‍ പ്രാര്‍ത്ഥിക്കുക എന്നാണ് ഡോക്ടര്‍ പറഞ്ഞത്.''
പിന്നെ ഒരു കൂട്ടക്കരച്ചിലായിരുന്നു. എവിടെനിന്നോ കിട്ടിയ ആത്മബലത്തില്‍ താനവരെ ആശ്വസിപ്പിച്ചുവെങ്കിലും തന്റെ മനസ്സില്‍ എന്തായിരുന്നു അപ്പോഴെന്ന് തുറന്നെഴുതുന്നുണ്ട് ഷാനവാസ്. ഈ ലോകത്തുനിന്നുതന്നെ ഇല്ലാതായ അനുഭവം. വീട്, ഭാര്യ, മക്കള്‍ എല്ലാവരേയും വിട്ട് താന്‍ എങ്ങോട്ടോ പോകുന്നു. എങ്ങും ശൂന്യത. ശരീരത്തിനു ഭാരമില്ലാത്തതുപോലെ. 

നിറങ്ങളിലേക്ക് വീണ്ടും 

ആര്‍.സി.സിയിലും വെല്ലൂര്‍ സി.എം.സിയിലുമൊക്കെയായി മാസങ്ങള്‍ നീണ്ട ചികിത്സ കഴിഞ്ഞ ഷാനവാസ് ഇപ്പോള്‍ പഴയ ഷാനവാസായി തിരിച്ചുവന്നിരിക്കുന്നു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഷാനവാസിനെ തിരിച്ചുകിട്ടി. വേദനിപ്പിക്കുന്ന ചികിത്സാനുഭവങ്ങള്‍ കഴിഞ്ഞ് മൂലകോശങ്ങളും മാറ്റിവച്ചാണ് വന്നിരിക്കുന്നത്. മൂലകോശങ്ങള്‍ മാറിയതോടെ പുതിയ ജന്മമെടുത്തിരിക്കുകയാണ് എന്നു സ്വയം പറയുന്നതും എഴുതിവച്ചിരിക്കുന്നതും നിരാശയുടെ കണികപോലുമില്ലാതെയാണ്. കടന്നുപോയ ആ കാലവും ജീവിതത്തില്‍ ഒരു അനുഭവം. അങ്ങനെ ഉറച്ച മനസ്സോടെ കാണാനാകുന്നു. എഴുത്തിലും മാധ്യമപ്രവര്‍ത്തനത്തിലും പുസ്തക പ്രസാധനത്തിലും പഴയ ഊര്‍ജ്ജം. അനസൂയ ജോലിക്കു പോകുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമെടുത്ത അശ്വിനി കോളേജില്‍ ഗസ്റ്റ് ലക്ചറര്‍. ആത്മജ് ഫാംബിക്കു ചേര്‍ന്നു. 

ജീവിതം അതിന്റെ എല്ലാ നിറങ്ങളോടെയുമാണ് ഈ കുടുംബത്തില്‍ ഇപ്പോഴുള്ളത്. നേരിട്ടും അല്ലാതേയും തന്റെ തിരിച്ചുവരവ് ആഗ്രഹിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും പരിചരിച്ചവര്‍ക്കും നല്‍കുന്ന സ്‌നേഹത്തിന്റെ അക്ഷരോപഹാരം എന്നാണ് ഷാനവാസ് ഉച്ചമരപ്പച്ചയെക്കുറിച്ചു പറയുന്നത്. ജീവിതമാണ് അതില്‍ തുളുമ്പിനില്‍ക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com