നിര്‍മ്മിത ബുദ്ധി മനുഷ്യ കീഴടക്കുമോ?: ന്യൂറോ ലിങ്ക് ചിപ്പിനെക്കുറിച്ച് ലിയോണ്‍സ് ജോര്‍ജ് എഴുതുന്നു

ശാസ്ത്രസമൂഹങ്ങളിലെ ചില അംഗങ്ങള്‍ 'മനുഷ്യമനസ്സിന്റെ ആത്മഹത്യയായി' ഇതിനെ കാണുന്നു.
നിര്‍മ്മിത ബുദ്ധി മനുഷ്യ കീഴടക്കുമോ?: ന്യൂറോ ലിങ്ക് ചിപ്പിനെക്കുറിച്ച് ലിയോണ്‍സ് ജോര്‍ജ് എഴുതുന്നു

ശാസ്ത്രകഥകളാല്‍ ആവേശഭരിതരായാണ് ഇന്നത്തെ പല ശതകോടീശ്വരന്മാരും നടക്കുന്നത്. അവരില്‍ പ്രധാനിയാണ് ടെസ്ല കമ്പനിയുടെ ഉടമയായ ഇലോണ്‍ മസ്‌ക്. അദ്ദേഹം കഴിഞ്ഞ മാസം ഒരു പറ്റം എന്‍ജിനീയര്‍മാര്‍ക്കും സാധാരണക്കാര്‍ക്കും മുന്‍പില്‍ തന്റെ കമ്പനിയായ ന്യൂറാലിങ്ക് വളര്‍ത്തിയെടുത്ത, ന്യൂറോടെക്നോളജിയടങ്ങുന്ന ഒരു ചിപ്പ് പരിചയപ്പെടുത്തി. ഇത് മനുഷ്യരുടെ തലച്ചോറില്‍ പിടിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ജൈവികമായ ബുദ്ധിയേയും യന്ത്രബുദ്ധിയേയും ഒരുമിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. തലയോട്ടിയില്‍ രണ്ടു മില്ലിമീറ്റര്‍ വലിപ്പമുള്ള ഒരു ദ്വാരമിട്ടാണ് ഇത് പിടിപ്പിക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ശ്രോതാക്കള്‍ക്കു നല്‍കിയ ഉറപ്പ് വായിച്ചാല്‍ ചിലപ്പോള്‍ ചിരിയും പേടിയും വരും: ''ചിപ്പിന്റെ ഇന്റര്‍ഫെയ്സ് വയര്‍ലെസ് ആണ്. അതുകൊണ്ട് നിങ്ങളുടെ തലയില്‍നിന്നു വയറുകളൊന്നും പുറത്തേയ്ക്കു നീണ്ടുകിടക്കില്ല'' എന്നാണ് അദ്ദേഹം പറഞ്ഞത്. 

അദ്ദേഹത്തിന്റെ ചിന്തയുമായി കൂടുതല്‍ മുന്നോട്ടു പോകുന്നതിനു മുന്‍പ് ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു പരിശോധിക്കാം: നിങ്ങള്‍ക്ക് എത്ര നേരം നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്മാര്‍ട്ട് ഉപകരണത്തെ പിരിഞ്ഞിരിക്കാന്‍ സാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? ആ സമയത്ത് പല രീതിയിലും അപൂര്‍ണ്ണരാണ് എന്ന തോന്നല്‍ ഉള്ളവരായിരിക്കും പലരും. വര്‍ഷങ്ങളായി സ്മാര്‍ട്ട്ഫോണ്‍ ടെക്നോളജി ഉപയോഗിച്ചു വന്നവരില്‍ പലരും സ്മാര്‍ട്ട്ഫോണ്‍ അടുത്തില്ലെങ്കില്‍ ഉല്‍ക്കണ്ഠാ രോഗങ്ങളിലേക്കു വീഴാന്‍ സാധ്യതയുള്ളവരാണ്. അതായത്, നമ്മളും സ്മാര്‍ട്ട് ഉപകരണവും കൂടെ ചേരുമ്പോള്‍ ഉള്ള ശക്തി, നമുക്കു തന്നെ ഇല്ല എന്ന് അംഗീകരിച്ചു കഴിഞ്ഞവരാണ് നമ്മളില്‍ പലരും. 15 വര്‍ഷം മുന്‍പു ജീവിച്ചിരുന്ന ലോകത്തല്ല നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്നതിനു കൂടുതല്‍ തെളിവു വേണോ?

ഇതിന്റെ അടുത്ത പടിയായി ഒരുപറ്റം ധരിക്കാവുന്ന (wearable) സ്മാര്‍ട്ട് ഉപകരണങ്ങള്‍ വന്നെത്തുമെന്നാണ് കരുതുന്നത്. അതായത്, ഗൂഗ്ള്‍ ഗ്ലാസ്സിനെപ്പോലെയുള്ള മുഖത്തു വയ്ക്കാവുന്ന കംപ്യൂട്ടറുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതു വന്നുകഴിഞ്ഞാല്‍, ഗ്ലാസ്സ് എടുത്തു മാറ്റുമ്പോള്‍ വരുന്ന അപൂര്‍ണ്ണത പലര്‍ക്കും സഹിക്കാനാകുന്നതിനപ്പുറമായിരിക്കും എന്നും കരുതി വരുന്നു. അത്തരം ഒരു അവസ്ഥയുടെ സ്വാഭാവിക പരിണാമമായി, സ്ഥിരമായി അണിയാവുന്ന ചിപ്പുകള്‍ എന്ന ആശയം മിക്കവരും അംഗീകരിക്കാനാണ് വഴി. കൂടാതെ, ആ കാലമാകുമ്പോഴേക്ക് ചിപ്പ് ടെക്നോളജി അത്രമേല്‍ വളരുകയും ചെയ്തേക്കും. എന്തായാലും, ശീലിച്ചവരില്‍ ആരും ടെക്നോളജി മുക്തമായ (ഇന്റര്‍നെറ്റ് ബന്ധിതമല്ലാത്ത) ജീവിതം നയിക്കാന്‍ താല്പര്യപ്പെട്ടേക്കില്ല, ധൈര്യപ്പെട്ടേക്കില്ല. 

ചിപ്പ് വയ്ക്കുന്നതിന്റെ 
പ്രധാന ലക്ഷ്യം വേറെ
 

സ്മാര്‍ട്ടഫോണ്‍ എടുത്തുമാറ്റിയാല്‍ അമിതോല്‍ക്കണ്ഠ സമനില തെറ്റിച്ച മനുഷ്യര്‍ ഭ്രാന്തു പിടിച്ച് നമുക്കു ചുറ്റും ഓടിയേക്കും എന്നതു നില്‍ക്കട്ട. ചിപ്പു വയ്ക്കുന്നതിന്റെ പ്രധാന ലക്ഷ്യം നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവു സംഭവിക്കുമ്പോള്‍ മനുഷ്യര്‍ അണിയേണ്ട പടച്ചട്ടയാണ് എന്നാണ് പറയുന്നത്. സ്മാര്‍ട്ട്ഫോണ്‍ കയ്യിലില്ലെങ്കില്‍ അപൂര്‍ണ്ണരാണെന്നു തോന്നുന്നവര്‍ എങ്ങനെയാണ് നിര്‍മ്മിത ബുദ്ധി (artificial intelligence) സജീവമായേക്കാന്‍ സാധ്യതയുള്ളിടത്തു ജീവിക്കുക? ഇത് ഏറെക്കുറെ അസാധ്യമാണ്. ഇത്തരം കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത് എ.ഐ അപോകലിപ്സ് (AI apocalypse-ലെ എഐ മഹാദുരന്തം) എന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിക്കപ്പുറത്തേയ്ക്കു കടക്കുന്ന കാലത്തേക്കാണ് നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഭൂമിയുടെ നിയന്ത്രണം എഐ ഏറ്റെടുക്കുന്ന കാലത്തിനാണ് എഐ അപോകലിപ്സ് എന്നു വിളിക്കുന്നത്. ഒരുപക്ഷേ, കഴിഞ്ഞ 12,000 വര്‍ഷത്തോളമായി ഭൂമിയില്‍ തന്റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിച്ചുവന്ന മനുഷ്യന്റെ പിടിയില്‍നിന്നു ഭൂമിയെ മുക്തമാക്കുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും.

അനുകമ്പയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് വരുന്നതെങ്കില്‍പ്പോലും 'എഐ മഹാദുരന്തമായിരിക്കും' ഫലമെന്ന് മസ്‌ക് മുന്നറിയിപ്പു നല്‍കുന്നു. നിര്‍മ്മിത ബുദ്ധി മനുഷ്യബുദ്ധിയെ മറികടന്നു ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കുമത്രെ. എന്നാല്‍, യന്ത്ര ബന്ധിതമായ തലച്ചോറുള്ള മനുഷ്യര്‍ക്ക് നിര്‍മ്മിത ബുദ്ധിക്കൊപ്പം പിടിച്ചു നില്‍ക്കാനായേക്കുമെന്ന് അദ്ദേഹം പറയുന്നു. അതിലൂടെ മനുഷ്യര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ലയിച്ചു പ്രവര്‍ത്തിക്കാനാകും. ഇത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു, മസ്‌ക് പറയുന്നു.

എന്നാല്‍, ശാസ്ത്രസമൂഹങ്ങളിലെ ചില അംഗങ്ങള്‍ പറയുന്നത് അത്തരം ഒരു ഉപകരണം, യഥാര്‍ത്ഥത്തില്‍ 'എഐ മഹാദുരന്തം' സംഭവിക്കുന്നതിനു മുന്‍പുതന്നെ മനുഷ്യരുടെ പണി തീര്‍ക്കുമെന്നാണ്. ശരിക്കും സംഭവിക്കുക 'മനുഷ്യമനസ്സിന്റെ ആത്മഹത്യയായിരിക്കും' ഉണ്ടാകുക. തത്ത്വചിന്താപരമായ വിഘ്നങ്ങളും സാങ്കേതികവിദ്യയുടെ പരിമിതിയും ഒരേ പ്രാധാന്യത്തോടെ കാണണമെന്നാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കണക്ടികറ്റിലെ സൂസന്‍ ഷ്നൈഡര്‍ നിരീക്ഷിക്കുന്നത്. 

തന്റെ വാദം സമര്‍ത്ഥിക്കാനായി അവര്‍ ഓസ്ട്രേലിയന്‍ സയന്‍സ് കഥാകാരന്‍ ഗ്രെഗ് ഇവാനെ കൂട്ടുപിടിച്ച് ഒരു സാങ്കല്പിക സന്ദര്‍ഭം മെനഞ്ഞുനിങ്ങള്‍ ജനിക്കുമ്പോഴേ 'ജ്യൂവല്‍' എന്നു പേരിട്ട ഒരു എഐ ഉപകരണം നിങ്ങളുടെ തലച്ചോറില്‍ പിടിപ്പക്കുകയാണെന്നും, അത് നിങ്ങളുടെ ചിന്തയേയും പെരുമാറ്റത്തേയും അനുകരിക്കാനായി, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നും കരുതുക. നിങ്ങള്‍ മുതിര്‍ന്നയാളാകുന്ന സമയത്ത് നിങ്ങളുടെ തലച്ചോറിന്റെ എല്ലാ രീതികളും അറിയാവുന്ന, നിങ്ങളെപ്പോലെതന്നെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാവുന്ന ഒന്നായി തീരുന്നു. അപ്പോള്‍ നിങ്ങള്‍ക്കു നിങ്ങളുടെ യഥാര്‍ത്ഥ തലച്ചോറ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനും ജ്യുവലിനെ നിങ്ങളുടെ 'പുതിയ തലച്ചോറാക്കി' നിലനിര്‍ത്താനും സാധിക്കും. ഈ സമയത്ത് ശരിക്കുള്ള നിങ്ങളാരാണ്? നിങ്ങളുടെ പ്രകൃതിദത്തമായ തലച്ചോറാണോ? അതോ ജ്യൂവല്‍ ആണോ?

നിങ്ങളുടെ ബോധമണ്ഡലത്തെ മാന്ത്രികമായി ജ്യൂവലിലേക്ക് പകര്‍ത്താമെന്നു കരുതുന്നത് വിശ്വസനീയമല്ല. എന്നാല്‍, നിങ്ങളുടെ തലച്ചോറ് നീക്കം ചെയ്യാന്‍ തീരുമാനിച്ച നിമിഷം നിങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ നിങ്ങളെ കൊന്നുകഴിഞ്ഞു, ഷ്നൈഡര്‍ പറയുന്നു. മനുഷ്യരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായുള്ള ചിപ്പുകളിലൂടെയുള്ള ഒരുമ എന്ന സങ്കല്പം വേണ്ടവിധം ചിന്തിച്ചുറപ്പിച്ചതല്ല. അതിലൂടെ നേടുക എന്നു പറയുന്നത് തലച്ചോറിനെ, എഐയുടെ ഘടകഭാഗങ്ങളുമായി വച്ചുമാറുക എന്നതു മാത്രമായിരിക്കും, അവര്‍ നിരീക്ഷിക്കുന്നു.

ആദര്‍ശ രാഷ്ട്രത്തെ സര്‍ തോമസ് മൂര്‍ വിളച്ച പേരാണ് യൂട്ടോപ്യാ (Utopia). നമ്മള്‍ ഇപ്പോള്‍ കണ്ട വിചാരങ്ങള്‍, ഭാവിയില്‍ വന്നേക്കുമെന്നു ചിലരെങ്കിലും ഉറച്ചു വിശ്വസിക്കുന്ന, ടെക്നോളജി ബന്ധിതമായ ലോകം അഥവാ 'ടെക്നോടോപ്യ'യിലെ സാങ്കല്പിക സാധ്യതകളാണ്. തലച്ചോറും ചിപ്പ് അല്ലെങ്കില്‍ പ്രൊസസറുമായി ബന്ധിപ്പിച്ചുള്ള ജീവിതമല്ല ടെക്നോടോപ്യയില്‍ വേണ്ടത് എന്നാണ് മസ്‌കിന്റെ എതിര്‍ചേരിയിലുള്ള ആളുകള്‍ വിശ്വസിക്കുന്നത്.

എന്നാല്‍, മസ്‌ക് ഇപ്പോള്‍ ന്യൂറാലിങ്കിന്റെ പ്രസക്തി മനുഷ്യരാശിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് ആരോഗ്യമുള്ള മനുഷ്യരില്‍ അതു സ്ഥാപിച്ചല്ല. മറിച്ച് നാഡീവ്യൂഹത്തിനു തകരാറുള്ള മനുഷ്യരില്‍ അതു പിടിപ്പിക്കാനാണ്. മതിഭ്രമം (dementia), ശിരോഭ്രമണംപോലെയുള്ള അസുഖമുള്ളവരില്‍ ന്യൂറാലിങ്ക് ചിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് മനുഷ്യരാശിയുടെ വിശ്വാസമാര്‍ജ്ജിക്കാനാണ്. എന്നാല്‍ ഇതുമായി മുന്നോട്ടു പോകാന്‍ മസ്‌കിന് ഇപ്പോഴും അമേരിക്കയിലെ എഫ്ഡിഎയുടെ (Food and Drug Administration) അംഗീകാരം ലഭിച്ചിട്ടുമില്ല.

ഇത്തരം ഒരു സാധ്യതയെക്കുറിച്ച് ഷ്നൈഡറും ബോധവതിയാണ്. നാഡീവ്യൂഹത്തിനു പ്രശ്‌നമുള്ളവര്‍ക്ക് ഇത്തരം ഒരു ഉപകരണം ഉപയോഗിക്കാമെന്ന് അവരും സമ്മതിക്കുന്നു. എന്നാല്‍, അത് എപ്പോള്‍ സ്വാഭാവികമായി പ്രവര്‍ത്തിക്കുന്ന ഒരു നാഡീകോശത്തിനു പകരം വയ്ക്കുന്നോ, അപ്പോള്‍ അത് ഒരു സമയത്ത് ചിപ്പ് വച്ചയാളുടെ ജീവിതം അവസാനിപ്പിക്കും, അവര്‍ പറയുന്നു. 
എന്നാല്‍, ചിപ് ടെക്നോളജി പുരോഗമിച്ചുകഴിഞ്ഞാല്‍ നമ്മുടെ തലച്ചോറിന്റെ എത്ര ഭാഗമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിക്കേണ്ടത് എന്ന ചോദ്യം അപ്രസക്തമാണെന്നും ഷ്നൈഡര്‍ പറയുന്നു. നിങ്ങള്‍ക്ക് 15 ശതമാനമാണോ ഉചിതം, അതോ 75 ശതമാനമാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല - അവര്‍ പറയുന്നു.

കേരളത്തില്‍ 

ഇതെല്ലാം അങ്ങു സായിപ്പിന്റെ നാട്ടില്‍ നടക്കുന്ന കാര്യമല്ലെ? നമ്മള്‍ മലയാളികള്‍ക്ക് കരയ്ക്കിരുന്നു കളികണ്ടാല്‍ പോരെ എന്ന ചോദ്യം ന്യായമാണ്. ശാസ്ത്രലോകം അതിവേഗം കുതിക്കുകയാണ്. ഇത്തരം ടെക്നോളജികള്‍ കേരളത്തിലും ഇന്‍ഡ്യയിലും ഒക്കെ എത്തുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. നിങ്ങള്‍ക്ക് എത്രനേരം ഫോണില്‍നിന്ന് അകന്നിരിക്കാന്‍ സാധിക്കും? അല്ലെങ്കില്‍ മക്കളുടെ കയ്യില്‍നിന്നു ഫോണ്‍ പിടിച്ചുവാങ്ങി നോക്കൂ. യന്ത്രക്കൂട്ടില്ലാതെ പൂര്‍ണ്ണരല്ല എന്ന തോന്നലുള്ളവരാണ് അതു ശീലിച്ച എല്ലാവരും. പുതിയ സാങ്കേതികവിദ്യ ആരും പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ ഇവിടെയും വരും. നമ്മള്‍ എത്രമാത്രം ഒരുങ്ങിയിരിക്കുന്നു എന്നതാണ് ചോദ്യം. 

സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിമുറിക്കുകയായിരിക്കും ഡിജിറ്റല്‍ വിഭജനത്തിലൂടെ (digital divide) എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പിളര്‍പ്പിന്റെ ഇരുകരകളിലുമായി പോകുന്നവര്‍ പിന്നെ സന്ധിക്കുമോ? ഇതൊക്കെ, നൂറ്റാണ്ടുകള്‍ കഴിഞ്ഞു സംഭവിക്കാന്‍ പോകുന്നവയല്ലെ എന്നൊന്നും ആശ്വാസം കൊള്ളേണ്ട. പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇവ സംഭവിക്കാം. എഫ്.ഡി.എയുടെ അംഗീകാരം നേടാനായാല്‍ 2020-ല്‍ത്തന്നെ ന്യൂറാലിങ്ക് മനുഷ്യരില്‍ പരീക്ഷിക്കാനാണ് മസ്‌കിന്റെ ഉദ്ദേശ്യം. മുയലിന്റെ മൂന്നാം കൊമ്പിലെ പിടി വിടുവിടുന്നില്ലെങ്കില്‍, ഡിജിറ്റല്‍ വിഭജനത്തില്‍ ദൗര്‍ഭാഗ്യരുടെ കരയിലായിരിക്കാം പലരുടേയും സ്ഥാനം. രംഗം അക്ഷരാര്‍ത്ഥത്തില്‍ അപ്രവചനീയമാണ്. പക്ഷേ, നമ്മുടെ രാഷ്ട്രീയക്കാര്‍, മതനേതാക്കള്‍, സാഹിത്യകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ എന്നുവേണ്ട ആരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഗൗരവമുള്ള ഒരു പ്രസ്താവനപോലും നടത്തിയിട്ടില്ല എന്നത് പേടിപ്പിക്കുന്നു. തനിക്കുവേണ്ടി തന്റെ പുരോഹിതന്‍ അല്ലെങ്കില്‍ നേതാവ് അല്ലെങ്കില്‍ ചാനല്‍ ചര്‍ച്ചക്കാരന്‍ ചിന്തിക്കും എന്ന മനോഭാവം കേരളീയരില്‍ വേരാഴ്ത്തിയിരിക്കുന്നു. ഈ നേതാക്കളാരും ഭാവിയെക്കുറിച്ച് എന്തെങ്കിലും ആരാഞ്ഞതിന്റെയോ ചിന്തിച്ചതിന്റെയോ സൂചനപോലും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നത് ഭയപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com