മുസ്ലിം യുവത്വത്തിന് എന്തുപറ്റി?: എന്‍പി ഹാഫിസ് മുഹമ്മദ് എഴുതുന്നു

അവര്‍ മുസ്ലിം കൗമാരക്കാരേയും ചെറുപ്പക്കാരേയും കുറിച്ചു പറഞ്ഞ പ്രശ്‌നങ്ങള്‍ പലതും എന്റേതുകൂടിയാണെന്നു ഞാനും തിരിച്ചറിഞ്ഞു.
മുസ്ലിം യുവത്വത്തിന് എന്തുപറ്റി?: എന്‍പി ഹാഫിസ് മുഹമ്മദ് എഴുതുന്നു

പുതുതലമുറയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാരെക്കുറിച്ച്, സുഹൃത്തായ ഒരു കോളേജ് അദ്ധ്യാപിക ചില ആശങ്കകളും വേവലാതിയും അവതരിപ്പിച്ചു. അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എന്താണിങ്ങനെയൊരു വിചാരത്തിനു കാരണമെന്നന്വേഷിച്ചു. അദ്ധ്യാപിക എന്ന നിലയില്‍ താന്‍ നടത്തിയ നിരീക്ഷണങ്ങളില്‍നിന്നുള്ള അസ്വസ്ഥതകളാണ് ഈ ഭയാശങ്കകള്‍ക്കു കാരണമെന്ന് അവരറിയിച്ചു. അവര്‍ മുസ്ലിം കൗമാരക്കാരേയും ചെറുപ്പക്കാരേയും കുറിച്ചു പറഞ്ഞ പ്രശ്‌നങ്ങള്‍ പലതും എന്റേതുകൂടിയാണെന്നു ഞാനും തിരിച്ചറിഞ്ഞു. മുസ്ലിം ചെറുപ്പക്കാരെക്കുറിച്ച് സുഹൃത്ത് അവതരിപ്പിച്ച ചില നിരീക്ഷണങ്ങള്‍:

1. പഴയകാലത്തേക്കാളേറെ ഔപചാരിക വിദ്യാഭ്യാസകാര്യത്തില്‍ മുസ്ലിം യുവാക്കള്‍ എത്രയോ മുന്‍പ്പറ്റിനില്‍ക്കുന്നു. ഈ വിദ്യാഭ്യാസത്തിന്റെ മേന്മ അവരുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ടോ? സ്ത്രീകളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നവര്‍പോലും പലരും അടുക്കളയില്‍ത്തന്നെയാണ്. സാമൂഹിക ജീവിതത്തില്‍ ഉയര്‍ന്ന ചിന്താശേഷിയോ മെച്ചപ്പെട്ട അപഗ്രഥനരീതിയോ വിലപ്പെട്ട ക്രിയാപരതയോ പൊതുവേ പ്രകടിപ്പിക്കപ്പെടുന്നില്ല. പുരുഷന്മാരുടെ സ്ഥിതിയും മറിച്ചല്ല ഇക്കാര്യത്തില്‍.

2. പഠനത്തില്‍ കാണിക്കുന്ന താല്പര്യവും മികവും പത്താംക്ലാസ്സ് കഴിയുന്നതോടെ കുറയുന്നു. പ്ലസ് വണ്‍-പ്ലസ് ടൂ പഠനത്തില്‍ പലപ്പോഴും അവിചാരിതമായ മാറ്റങ്ങളുണ്ടാകുന്നു. എന്തു പഠിക്കണമെന്നതില്‍ തീരുമാനത്തിലെത്താനാവാതെ പോകുന്നു. പഠനത്തിലെ പ്രശ്‌നങ്ങള്‍ മറ്റു പല പ്രശ്‌നങ്ങള്‍ക്കും കാരണമാക്കുന്നു.

3. കൗമാരക്കാരുടെ പ്രേമബന്ധങ്ങള്‍ കൂടുന്നു. അതൊരു കുറ്റമോ വ്യവഹാരപ്രശ്‌നമോ ആയാണ് രക്ഷകര്‍ത്താക്കള്‍ കാണുന്നത്. അതുകൊണ്ടുതന്നെ കുടുംബാന്തരീക്ഷത്തില്‍ തീവ്രമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. പലരുടേയും പില്‍ക്കാല ജീവിതത്തില്‍ ഈ പ്രശ്‌നം നിഴല്‍ പരത്തുന്നു.

4. മുന്‍കാലത്തേക്കാളേറെ  ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കാണുന്നു. ചിലരെങ്കിലും ലഹരിപദാര്‍ത്ഥത്തിന് കീഴ്പെടുന്നു. മദ്യപിക്കുന്നവരില്‍ 20 ശതമാനവും മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 40 ശതമാനത്തോളവും കീഴ്പെടുന്നുണ്ട്. അതു ചെറുപ്പക്കാരില്‍ പഠനം, വിവാഹം, തൊഴില്‍ എന്നിവയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

5. ബാഹ്യമോടിയിലും പ്രകടനപരതയിലും മുസ്ലിം ചെറുപ്പക്കാര്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നു. വസ്ത്രം, ഭക്ഷണം, ബൈക്ക്, മൊബൈല്‍ തുടങ്ങിയ കാര്യങ്ങളിലാണ് ചെറുപ്പക്കാര്‍ കൂടുതല്‍ സമയം വ്യാപരിക്കുന്നത്. ആഘോഷങ്ങള്‍ അവരുടെ ജീവിതരീതിയുടെ ഭാഗമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍പോലും പൊതുവേ ആഡംബര ജീവിതത്തിനു തുനിയുന്നു. അതിനായി പാടുപെടുന്നു.

എന്തുകൊണ്ട് 
മുസ്ലിം ചെറുപ്പക്കാര്‍? 

കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരുടെ പൊതുപ്രശ്‌നങ്ങളാണിതൊക്കെയെന്നു പറയാനാവില്ല. പൊതുവല്‍ക്കരിക്കാനാവുന്ന പ്രശ്‌നങ്ങളുമല്ലിത്. ഇത്തരം കാര്യങ്ങളെ പര്‍വ്വതീകരിക്കുകയാണെന്നു ചിലര്‍ക്കു തോന്നാവുന്നതാണ്. എന്നാല്‍, കൗമാരക്കാരേയും യുവാക്കളേയും പഠിപ്പിക്കുന്ന ഒരാള്‍ എന്ന നിലയിലും, ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ഈ കാര്യങ്ങള്‍ കൗണ്‍സലിങ്ങ് റൂമില്‍വെച്ച് കൈകാര്യം ചെയ്യുകയും സാമൂഹികഭാവങ്ങളെ വായിക്കുകയും ചെയ്യുന്ന ആളെന്ന നിലയിലും ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടവയല്ലെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയും കേരളത്തിലെ വിവിധ സമുദായക്കാര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളല്ലേ, മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രം കുടികൊള്ളുന്നുവെന്നത്  അതിശയോക്തിയുടേയും മുന്‍വിധിയോടുകൂടിയും വിലയിരുത്തുന്നതു കൊണ്ടല്ലേ എന്നും ചോദിക്കാവുന്നതാണ്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ തീവ്രമായി ബാധിക്കുന്നത് കേരളത്തിലെ, പ്രത്യേകിച്ച് ഉത്തര കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെയാണെന്ന് നിരീക്ഷിക്കാന്‍ സാധിക്കും. അതിനു പലവിധ കാരണങ്ങളുണ്ടുതാനും.

ഗള്‍ഫ് സമ്പന്നതകൊണ്ടുണ്ടായ ഭൗതിക സാഹചര്യങ്ങളിലെ മാറ്റം, സാമൂഹിക പ്രശ്‌നങ്ങളില്‍ ശാസ്ത്രീയമായ കാഴ്ചപ്പാടില്ലായ്മ, മതപരമായ ഇടപെടലുകളുടെ ഫലപ്രാപ്തിയില്ലായ്മ, സമുദായ സംഘടനകളുടെ അനാസ്ഥ തുടങ്ങിയ പല കാരണങ്ങള്‍ മുസ്ലിം ചെറുപ്പക്കാരുടെ മാറ്റത്തിനും പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരുന്നുണ്ട്. ഇക്കാര്യങ്ങളിലാവട്ടെ, മുതിര്‍ന്നവര്‍ ചെറുപ്പക്കാരേയും ചെറുപ്പക്കാര്‍ മുതിര്‍ന്നവരേയും പഴിചാരുന്നു. ഒന്നിനോടും ഉത്തരവാദിത്വബോധമില്ലാത്തവര്‍, മൂല്യബോധമില്ലാത്ത തലമുറ. ജീവിതം അടിച്ചുപൊളിച്ചാഘോഷിക്കാന്‍ മാത്രം ജനിച്ചവര്‍, അരാഷ്ട്രീയവാദികള്‍, സാമൂഹികബോധമില്ലാത്തവര്‍ എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ മുതിര്‍ന്നവര്‍ നടത്തുന്നു. ചെറുപ്പക്കാര്‍ മുതിര്‍ന്നവരെ കുറ്റപ്പെടുത്തുന്നു: ഇന്നലെയില്‍ ജീവിക്കുന്നവര്‍, ഗൃഹാതുരത്വത്താല്‍ മനസ്സ് മരവിച്ചവര്‍, പുതിയ തലമുറയെ മനസ്സിലാക്കാത്തവര്‍, ഒന്നു പറയുകയും മറ്റൊന്നു പറയുകയും ചെയ്യുന്നവര്‍, ഉപദേശംകൊണ്ട് കൊല്ലാതെ കൊല്ലുന്നവര്‍. തലമുറകള്‍ തമ്മിലുള്ള വ്യത്യാസം എവിടേയും കാണാനാവും, അത് മാറ്റങ്ങളുടെ നിദാനമാണുതാനും. മുന്‍കാലത്തേക്കാള്‍ കൂടുതലും രൂക്ഷവുമാണിന്നത്തെ അവസ്ഥ. മുസ്ലിം സമുദായത്തില്‍ തലമുറകള്‍ തമ്മിലുള്ള വിടവ് കൂടുതലാണെന്നു കാണാനാവും. അതുകൊണ്ടുതന്നെ പുത്തന്‍ തലമുറയേയും അവരുടെ ജീവിതരീതികളേയും സമുദായനേതാക്കള്‍ എങ്ങനെ വിലയിരുത്തുന്നുവെന്നത്  അന്വേഷണവിധേയമാക്കേണ്ടതുണ്ട്.

പ്രഭാഷകരുടെ 
ആക്രോശങ്ങള്‍ 

ഈയിടെ ഒരു കോളേജ് അദ്ധ്യാപകനായ മതപ്രഭാഷകന്‍ കലാലയ വിദ്യാര്‍ത്ഥികളുടെ വേഷത്തെക്കുറിച്ചും ചര്യകളെക്കുറിച്ചും ഭര്‍ത്സനം നടത്തിയത് വിവാദമായിരുന്നു. ഇന്നത്തെ പെണ്‍കുട്ടികള്‍ ശരീരഭാഗങ്ങള്‍ പുറത്തുകാട്ടി പുരുഷന്മാരെ പ്രകോപിപ്പിക്കുന്നുവെന്ന് അദ്ധ്യാപകന്‍ ആക്രോശിക്കുകയായിരുന്നു. പര്‍ദ്ദയണിഞ്ഞ പെണ്‍കുട്ടികള്‍ അതിനടിയില്‍ ഇടുങ്ങിയ വസ്ത്രങ്ങള്‍ അണിഞ്ഞെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ശരീരത്തിന്റെ നിമ്നോനതകള്‍ വസ്ത്രമണിഞ്ഞ് വെളിപ്പെടുത്തുന്നത് പുരുഷന്മാരുടെ അതിക്രമങ്ങള്‍ക്കു വഴിയൊരുക്കുമെന്നു മതപ്രഭാഷകര്‍ പ്രഖ്യാപിക്കാറുണ്ട്. യുവാക്കളുടെ വേഷം, പ്രേമം, തലമുടി, സൗഹൃദം തുടങ്ങിയവ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രാസംഗികന്മാര്‍ മുതിര്‍ന്നവര്‍ നടത്തുന്ന ബാലപീഡനങ്ങളോ മദ്രസ്സ അദ്ധ്യാപകരുടെ സ്വവര്‍ഗ്ഗരതിയോ, നേതാക്കളുടെ ലൈംഗിക സാഹസങ്ങളോ പ്രഭാഷണ വിഷയമാക്കാറില്ല. ഈ ഭൂഗോളത്തിന്റെ അച്ചുതണ്ട് ചരിഞ്ഞതിന്റെയൊക്കെയും യുവാക്കളുടെ അപചയം കാരണമാണെന്ന് അവര്‍ ജല്പനം നടത്തുകയും ചെയ്യുന്നു. സമുദായ സ്ഥാപനങ്ങളിലെ ശിക്ഷണം നടത്തുന്ന മതാദ്ധ്യാപനം നടത്തുന്നവരുടെ കഴിവുകേടുകൊണ്ട് കൂടിയാണ് കൗമാരക്കാരുടേയും ചെറുപ്പക്കാരുടേയും വ്യവഹാരത്തില്‍ അവരനുശാസിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കാനാവാതെ പോകുന്നതെന്ന വസ്തുത അവര്‍ തിരിച്ചറിയുന്നില്ല. മൂല്യങ്ങളും വിശ്വാസപ്രമാണങ്ങളും ആന്തരികവല്‍ക്കരിക്കാനുതകുന്ന  ഒരു പാഠ്യപദ്ധതി വിവിധ സംഘടനകളുടെ മദ്രസ്സ സംവിധാനങ്ങള്‍ക്ക് ഉണ്ടാക്കാനും സാധിക്കുന്നില്ല. ഇക്കാര്യത്തില്‍ അമേരിക്കയിലെ ഇക്‌റഅ് ഫൗണ്ടേഷന്‍പോലെയുള്ള സ്ഥാപനങ്ങള്‍ രൂപകല്പന നടത്തിയത് നമ്മുടെ സമുദായ നേതാക്കള്‍ കണ്ടിരിക്കാനിടയില്ല. മതപഠനത്തിനും ബോധവല്‍ക്കരണത്തിനും പ്രയോജനകരമല്ലാത്ത രീതിശാസ്ത്രമാണ് സമുദായ സ്ഥാപനങ്ങള്‍ പ്രയോഗിക്കുന്നത്.

പ്രഭാഷകരുടെ 
മൂഢവിചാരം 

പുതുതലമുറയുടെ മാനസിക സാമൂഹികാവസ്ഥകള്‍ വസ്തുനിഷ്ഠാപരമായി മനസ്സിലാക്കാന്‍ സമുദായ നേതൃത്വം ശ്രമിച്ചിട്ടില്ല. ആരില്‍ മാറ്റമുണ്ടാക്കാനാഗ്രഹിക്കുന്നുവോ അവരെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക്  സംഘടനകളോ സ്ഥാപനങ്ങളോ മുതിര്‍ന്നിട്ടുമില്ല. അവ മാറുമ്പോള്‍ മനുഷ്യ വ്യവഹാരവും മാറുന്നുണ്ട്. ഈ മാറ്റങ്ങള്‍ അറിയാനോ അതറിഞ്ഞ് അവരില്‍ മാറ്റമുണ്ടാക്കാനോ ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ സമുദായ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. കുറ്റപ്പെടുത്തലുകളും ഉപദേശവും കൊണ്ട് ചെറുപ്പക്കാരെ മാറ്റിയെടുക്കാനാവുമെന്ന മൂഢവിചാരമാണ് സമുദായ നേതൃത്വം ഇപ്പോഴും വെച്ചുപുലര്‍ത്തുന്നത്.

ചെറുപ്പക്കാരെ പ്രതികളാക്കി കുറ്റവിചാരണ നടത്തുന്ന പ്രഭാഷകവൃന്ദമാണ് സമുദായ സംഘടനകള്‍ക്കുള്ളത്. ഉപദേശികളും ആരോപണക്കാരും പ്രശ്‌നത്തിന്റെ ഭാഗത്താണ് നിലയുറപ്പിക്കുന്നത്, പരിഹാരത്തിന്റെ ഭാഗത്തല്ല. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ആശയമണ്ഡലമോ ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിശാസ്ത്രമോ 'പുരോഹിത'ലോകം പരിഗണിക്കാനുമിടയില്ല. എല്ലാറ്റിനുമുള്ള പരിഹാരങ്ങളും തങ്ങളുടെ കൈകളിലുണ്ടെന്ന അഹങ്കാരം കൈവെടിയാതെ അവര്‍ക്ക് ചെറുപ്പക്കാരില്‍ സാരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാവില്ല. ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് 'റെഡിമെയ്ഡ്' പരിഹാരംകൊണ്ട് കൈകാര്യം ചെയ്യാനാവുമെന്നാണ് പ്രഭാഷക ചികിത്സകര്‍ വിശ്വസിക്കുന്നത്. മാറാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍പോലും വികര്‍ഷിക്കുകയാണ്  ചെയ്യുന്നത്.  പല ചെറുപ്പക്കാരും ഏതിന്റേയും തീവ്രപക്ഷത്തേയ്ക്ക് പോകാനുള്ള കാരണങ്ങളിലൊന്നും മറ്റൊന്നല്ല.
സാമൂഹിക പ്രശ്‌നങ്ങളെ ശാസ്ത്രീയബോധത്തോടെയും യാതാര്‍ത്ഥ്യബോധത്തോടെയും സമുദായ നേതൃത്വം അഭിമുഖീകരിക്കുന്നില്ല. ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളേയും പരിഹാരം കാണാന്‍ ഉതകും വിധമല്ല, കൈകാര്യം ചെയ്യുന്നത്. ഉപരിപ്ലവമായ കാര്യങ്ങളിലും വിവാദങ്ങളിലുമാണ് സമുദായ-സംഘടനാ നേതൃത്വം ചെന്നുപെടുന്നത്. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അവര്‍ കാണാതെ പോവുകയോ അവഗണിക്കുകയോ ചെയ്യുന്നു.

പ്രതിരോധത്തിന്റെ, 
പരിഹാരത്തിന്റെ മാര്‍ഗ്ഗം 

കൗമാരക്കാരുടെ അസ്ഥാനത്തുള്ള പ്രേമബന്ധങ്ങളോടുള്ള സമുദായ സംഘടനകളുടെ മനോഭാവം ക്രിയാത്മകമല്ല, കൗമാരപ്രേമം ഒരു കുറ്റകൃത്യമോ ശിഥിലീകരണമോ ആയി കാണാന്‍ വയ്യ. എന്നാല്‍, അതുണ്ടാക്കുന്ന, കുടുംബത്തിനകത്തുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തീവ്രതരമാണ്. പഠനത്തേയും കുടുംബജീവിതത്തേയും ബാധിക്കുന്ന ഇത്തരമൊരു പ്രശ്‌നത്തെ അയഥാര്‍ത്ഥപൂര്‍ണ്ണമായ മനോഭാവത്തോടെയും അപ്രായോഗികമായ ഉപദേശങ്ങളും കൊണ്ടാണ് സമുദായം അഭിമുഖീകരിക്കുന്നത്. റസിഡന്‍സ് അസോസിയേഷന്‍ ഒത്തുചേരലുകളോ രക്ഷകര്‍ത്തൃ സംഗമങ്ങളോ നടത്തുമ്പോള്‍, കൗമാരക്കാരുടെ പ്രേമമുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍, സമുദായ സംഘടനകളോ മതവിഭാഗങ്ങളോ നടത്തുന്ന സമ്മേളനങ്ങളില്‍ ഇപ്പോഴും പ്രഭാഷകര്‍ കുറ്റപ്പെടുത്തലുകള്‍കൊണ്ടും ഭീഷണിപ്പെടുത്തലുകള്‍കൊണ്ടുമാണ് ഈ വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമോ സുരക്ഷാ സംവിധാനങ്ങളോ മഹല്ല് കമ്മിറ്റികളുടേയും സമുദായ സംഘടനകളുടേയും ആലോചനയില്‍പ്പോലുമില്ല. ഈ വിഷയത്തെക്കുറിച്ച് പഠിച്ച്, മനഃശാസ്ത്രത്തിന്റേയും സമൂഹശാസ്ത്രത്തിന്റേയും പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തേണ്ട കര്‍മ്മപദ്ധതിയെക്കുറിച്ച് വിചാരം നടത്താത്ത പ്രഭാഷകക്കൂട്ടമാണ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.

ക്രൈസ്തവസഭ അരനൂറ്റാണ്ട് കാലത്തോളം മുന്‍പേ തന്നെ യുവാക്കള്‍ക്കിടയില്‍ വിവാഹപൂര്‍വ്വ ഇടപെടലുകള്‍ തുടങ്ങിയിട്ടുണ്ട്. വിവാഹത്തിനു മുന്‍പ് നല്‍കുന്ന പ്രീമാരിറ്റല്‍ കോഴ്‌സ് കത്തോലിക്കാസഭ നിര്‍ബ്ബന്ധമാക്കിയിട്ടുമുണ്ട്. പല മഹല്ലുകളും ഈ പദ്ധതിയുടെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, വേര്‍പിരിഞ്ഞ് പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ ഇക്കാര്യത്തില്‍ വലിയ വിലങ്ങുതടിയായി നിലകൊള്ളുന്നു. വിവാഹപൂര്‍വ്വ ശില്പശാലയെ പ്രശ്‌നക്കാര്‍ക്കുള്ള ചികിത്സയായാണ് സമുദായ സംഘടനകള്‍ കാണുന്നത്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്തിനാണെന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു. തീവ്രപ്രശ്‌നങ്ങളാല്‍ പലരുടേയും കാല്‍ക്കീഴിലുള്ള മണ്ണ് കുത്തിയൊലിച്ചു പോകുന്നത് സമുദായ നേതാക്കള്‍ കാണാതെ പോകുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു.

വിവിധ കൊടിക്കൂറകള്‍ക്ക് കീഴിലുള്ള മുസ്ലിം സംഘടനകള്‍ ഒന്നിച്ചുനിന്ന്, കുട്ടികളുടേയും കൗമാരക്കാരുടേയും യുവാക്കളുടേയും സാമൂഹികാരോഗ്യത്തിനുവേണ്ടി  പ്രതിരോധത്തിന്റേയും  പരിഹാരത്തിന്റേയും സമഗ്രമായ ഒരു പദ്ധതിയാണ് നടപ്പില്‍ വരുത്തേണ്ടത്. വിദ്യാഭ്യാസം, പഠനം, സോഫ്റ്റ് സ്‌കില്‍, ലൈഫ് സ്‌കില്‍ പരിശീലനം, കരിയര്‍ ഗൈഡന്‍സ്, വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ്, തൊഴില്‍ പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ ഇതര മതസ്ഥര്‍ക്കടക്കമുള്ള ഒരു പൊതുസംവിധാനമാണ് കേരളത്തിലെ മുസ്ലിങ്ങള്‍ രൂപപ്പെടുത്തിയെടുക്കേണ്ടത്. ആരോഗ്യപരമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കല്‍, തീരുമാനമെടുക്കല്‍, സംഘര്‍ഷ പരിഹാരം, ആരോഗ്യകരമായ സംവാദം, പരിഹാരകേന്ദ്രീകൃത ഇടപെടല്‍ തുടങ്ങിയ ജീവിത നൈപുണ്യതലം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ശ്രമങ്ങള്‍ സംഘടിതമായി നടത്തേണ്ടതിന്റെ അനിവാര്യത ഈ പുതുകാലം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാര്‍ക്കുവേണ്ടി സാമൂഹിക-മാനസികാരോഗ്യം ലക്ഷ്യമാക്കി പുതിയ ഒരു രീതിശാസ്ത്രവും ഫലവത്തായ പ്രായോഗിക മാര്‍ഗ്ഗങ്ങളും കേരളത്തിലെ മുസ്ലിം സമുദായം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com