നിലച്ചുപോയ ഘടികാരത്തിന്റെ നിഴല്‍: 'ദി ബാഗ്ദാദ് ക്ലോക്' എന്ന നോവലിനെക്കുറിച്ച്

നിലച്ചുപോയ ഘടികാരത്തിന്റെ നിഴല്‍: 'ദി ബാഗ്ദാദ് ക്ലോക്' എന്ന നോവലിനെക്കുറിച്ച്

''എന്തുകൊണ്ടാണ് ഒരൊറ്റ ജീവിതകാലത്തിനിടെ ഇതിനെല്ലാം ഞാന്‍ സാക്ഷ്യംവഹിക്കേണ്ടി വന്നത്? എന്റെ കുട്ടിക്കാലത്ത് ഒരു യുദ്ധം, ഒരു ടീനേജര്‍ ആയിരിക്കെ, ഉപരോധങ്ങള്‍, ഇരുപതു തികയും മുന്‍പ് കൂടുതല്‍ പരിഷ്‌കരിച്ച സ്മാര്‍ട്ട് ബോംബുകളുമായി ഒരു പുതിയ യുദ്ധം. ഒരു യുദ്ധത്തില്‍നിന്ന് മറ്റൊന്നിലേക്കു കടന്നുകൊണ്ട് വളരേണ്ടിവരുന്ന ഒരു സാധാരണ വ്യക്തിക്ക് എങ്ങനെയാണ് തന്റെ വൈയക്തിക കഥ പറയാനാകുക?''- (പേജ്- 119, ദി ബാഗ്ദാദ് ക്ലോക്ക്).

''നാദിയയും ഞാനും ഇറാനുമായുള്ള യുദ്ധകാലത്താണ് ജനിച്ചത്. ഡസര്‍ട്ട് സ്റ്റോമിനിടെ ഞങ്ങള്‍ പരസ്പരം അടുത്തറിയാന്‍ ഇടയായി. ഉപരോധങ്ങളുടെ വര്‍ഷങ്ങള്‍ക്കും രണ്ടാം ഗള്‍ഫ് യുദ്ധത്തിനും ഇടയില്‍ ഞങ്ങള്‍ വളര്‍ന്നു വന്നു. ജോര്‍ജ് ബുഷും അയാളുടെ മകന്‍ ജോര്‍ജ് ഡബ്ല്യു. ബുഷും മാറിമാറി ഞങ്ങളുടെ കുട്ടിക്കാലത്തിന് നേരെ മിസ്സൈലുകളും നിയമവിരുദ്ധ ആയുധങ്ങളും പ്രയോഗിച്ചു, അതേസമയം ബില്‍ ക്ലിന്റനും ആ കിഴവി മേഡ്ലീന്‍ ഓള്‍ബ്രൈറ്റിനും ഞങ്ങളെ പട്ടിണിക്കിട്ടാല്‍ത്തന്നെ തൃപ്തിയായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വന്നപ്പോള്‍ നരകം ഞങ്ങളെ കാത്തിരുന്നു.'' (പേജ്- 194-ദി ബാഗ്ദാദ് ക്ലോക്ക്). 

1986-ല്‍ ബാഗ്ദാദില്‍ ജനിച്ച ഷഹദ് അല്‍ റാവി എന്ന പെണ്‍കുട്ടി മുതിര്‍ന്നു വരികയും പലായനത്തിന്റേയും പ്രവാസത്തിന്റേയും നാളുകള്‍ കടന്ന് ഒരു നോവലിസ്റ്റ് എന്ന നിലയില്‍ പിന്നിട്ട ജീവിതത്തിന്റേയും തന്റെ ദേശത്തിന്റേയും ചുറ്റുവട്ടങ്ങളുടേയും കഥ പറയുകയും ചെയ്യുമ്പോള്‍, ബോംബ് ഷെല്‍ട്ടറുകളിലും ഉപരോധത്തിന്റെ ക്ഷാമകാലങ്ങളിലും കഴിച്ചുകൂട്ടിയ കുട്ടിക്കാലത്തിന്റേയും നരകകാലങ്ങളില്‍ കൂട്ടായും സാന്ത്വനമായും വര്‍ത്തിച്ച സ്‌നേഹ-സൗഹൃദങ്ങളുടേയും വിടവാങ്ങലുകളുടേയും നഷ്ടങ്ങളുടേയും കഥയായി മാത്രമല്ല, അടക്കിപ്പിടിച്ച രോഷത്തിന്റേയും സാമ്രാജ്യത്വ വിമര്‍ശനങ്ങളുടേയും കൂടി കഥയായി അത് മാറാതെ വയ്യ. 

വിടപറയുന്നവരുടെ കാഥിക

മുഖ്യ കഥാപാത്രങ്ങളായ, നോവലിസ്റ്റിന്റെ അപരസ്വത്വമായേക്കാവുന്ന പേര് പറയുന്നില്ലാത്ത ആഖ്യാതാവും കൂട്ടുകാരി നാദിയയും നോവലിസ്റ്റിനെപ്പോലെത്തന്നെ 1986-ല്‍ ജനിച്ചവരാണ്. അഞ്ചാം വയസ്സില്‍ ബോംബ് ഷെല്‍ട്ടറില്‍വെച്ച് കണ്ടുമുട്ടുന്ന പെണ്‍കുട്ടികളുടേത് സാഹചര്യം നിര്‍ണ്ണയിക്കുന്ന ഒരു ആജീവനാന്ത സൗഹൃദത്തിന്റെ തുടക്കമാണ്. ''പ്രകടമായ കാര്യങ്ങളുടെ കുട്ടിക്കാലം'' എന്ന ആദ്യഭാഗം, പേര് സൂചിപ്പിക്കുന്നപോലെത്തന്നെ മുഖ്യമായും ഏതിരുട്ടിലും ജീവിതാസക്തിയുടെ മുകുളങ്ങള്‍ കണ്ടെടുക്കുന്ന കുട്ടിക്കാലത്തിന്റെ നൈര്‍മ്മല്യത്തിന്റെ ആവിഷ്‌കാരമാണ്. ഇരുപതിലേറെത്തവണ ബോംബ് ഷെല്‍ട്ടറിലേക്ക് പോകേണ്ടിവന്ന 1991 ജനുവരിയില്‍പ്പോലും കൂട്ടുകാരികള്‍ അവരുടെ ഉല്ലാസങ്ങള്‍ കണ്ടെത്തുന്നുണ്ട്. കുട്ടികളില്ലാത്ത ഷൗക്കത്ത് അമ്മാവനും അദ്ദേഹത്തിന്റെ ഭാര്യയായ കുര്‍ദ് വംശജ ബാജി നാദിറ അമ്മായിയും ചുറ്റുവട്ടത്തിലെ എല്ലാ കുട്ടികളേയും തങ്ങളുടെ അരുമകളായി ലാളിക്കുന്നു. അമ്മായിയുടെ ശകാരം വകവെക്കാതെ, അവരുടെ പിഞ്ചു കൈത്തണ്ടകളില്‍ ചെറുതായി നോവിച്ചു കടിച്ചുകൊണ്ട് 'വാച്ച്' ഉണ്ടാക്കി കൊടുക്കുകയും പിന്നെ സ്‌നേഹം പൊതിഞ്ഞ മിട്ടായികൊണ്ട് ചിരിപ്പിക്കുകയും ചെയ്യുന്ന, എപ്പോഴും വൃത്തിയും മെനയുമായി നടക്കുന്ന ഷൗക്കത്ത് അമ്മാവന്‍ അവര്‍ക്ക് കളിക്കൂട്ടുകാരനാണ്. വലിയ അച്ചടക്കക്കാരിയും അതിലേറെ സ്‌നേഹസമ്പന്നയുമായ വല്യുമ്മ ഉണ്ടാക്കിക്കൊടുക്കുന്ന സ്വാദിഷ്ട വിഭവങ്ങളുടെ ഓര്‍മ്മ ആഖ്യാതാവില്‍ എന്നും തങ്ങിനില്‍ക്കും. ''നിന്റെ ഉമ്മയെ പ്രസവിക്കും മുന്‍പ് ഞാന്‍ നിന്നെ എന്റെ ഈ ഉദരത്തില്‍ ചുമന്നിട്ടുണ്ട്'' എന്ന സ്‌നേഹഭാഷണം മുത്തശ്ശിയും പേരക്കിടാവും തമ്മിലുള്ള രഹസ്യമാണ്. വല്യുപ്പയുടെ പടം ചൂണ്ടിക്കാട്ടി അത് ഹാറൂന്‍ അല്‍ റഷീദ് ആണെന്ന് കളിപറയുന്നത് കുഞ്ഞുമനസ്സില്‍ വലിയ സങ്കല്പമായി വളരുന്നുണ്ട്. മുതിര്‍ന്നു വരുന്നുവെന്ന തോന്നലില്‍, ഉന്നത വിജയം ആഘോഷിക്കുന്ന മകളെ പതിവുപോലെ കൈകളില്‍ ഉയര്‍ത്താതെ പോകുന്ന പിതാവിനോട് അവള്‍ക്ക് പരിഭവമുണ്ട്: ''അങ്ങയുടെ കൈകളില്‍, ഡാഡ്, മുപ്പതു വയസ്സായാലും ഞാന്‍ കുഞ്ഞാണ്!'' എന്നത് ഒരോ പെണ്‍കുട്ടിയും പറയാതെ പോകുന്ന നൊമ്പരം തന്നെ. ഫലപ്രഖ്യാപന ദിവസം സമ്മിശ്ര വികാരങ്ങളുടേത് ആയിരുന്നു എന്ന് ആഖ്യാതാവ് ഓര്‍ത്തുവെക്കും: അന്നാണ് ചുറ്റുവട്ടത്തിലെ ആദ്യ പലായനം സംഭവിക്കുന്നത്- ഒരു വലിയ കറുത്ത ഷെവര്‍ലേയില്‍ നിസാറിന്റെ കുടുംബം ഇറാഖ് വിട്ടുപോകുന്നതാണ് ഉപരോധങ്ങളുടെ ഭീകരതയെ അടയാളപ്പെടുത്തുന്ന ആദ്യ സംഭവം. പിന്നെയത് പതിവാകും: ആ വലിയ കറുത്ത കാര്‍, ബാഗ്ദാദ് വിട്ട് ഇങ്ങിനിയില്ലാതെ ഓരോരോ കുടുംബങ്ങളുടെ പോക്ക്.   

കഥ പറച്ചിലിനുള്ള ആഖ്യാതാവിന്റെ വാസന കുട്ടിക്കാലത്തുതന്നെ വ്യക്തമാണ്. 'ചുറ്റുവട്ടം' (Neighbourhood) എന്ന ഇഴയടുപ്പമുള്ള ചെറുസമൂഹത്തെ ആവശ്യമുള്ളപ്പോള്‍ യാത്ര തിരിക്കാവുന്ന ഒരു കപ്പലായി ആഖ്യാതാവ് സങ്കല്പിക്കുന്നു. ''മാമൂന്‍ ടവര്‍ അതിന്റെ നീണ്ട പാമരം, ബാഗ്ദാദ് ക്ലോക്ക് ഹാര്‍ബറിലുള്ള നങ്കൂരം, സൗറ ടവര്‍ കപ്പിത്താന്റെ സ്റ്റിയറിംഗ് ഇടം'' എന്നൊക്കെ അവള്‍ സങ്കല്പിക്കുന്നു. നാദിയയുടെ സ്വപ്നങ്ങളിലേക്ക് യഥേഷ്ടം കടന്നുചെല്ലുന്നതിനു ''കാരണം സ്വപ്നം കാണേണ്ടത് എങ്ങനെയെന്ന് എനിക്കറിയില്ല'' എന്ന ആഖ്യാതാവിന്റെ വിശദീകരണത്തില്‍ നോവലിലെ മാജിക്കല്‍ റിയലിസത്തിന്റെ പ്രയോഗം തുടങ്ങുന്നുണ്ട്. സഹപാഠിനിയായ മലൈകയെന്ന പെണ്‍കുട്ടിയോട് തോന്നുന്ന ഈര്‍ഷ്യ, അവളുടെ ഉപ്പ ഉമ്മയെ സദാചാരക്കുറ്റം ചുമത്തി മൊഴിചൊല്ലിയതിനെ തുടര്‍ന്നുണ്ടാവുന്ന സാഹചര്യത്തില്‍ കണ്ണീരോടെ അവള്‍ പഠിത്തം നിര്‍ത്തുന്നത് വരെ തുടരുന്നു. അഹ്മദിന്റെ കത്തിലൂടെ പ്രണയത്തിന്റെ ആദ്യസ്പര്‍ശമേല്‍ക്കുന്ന നാദിയ കുട്ടിക്കാലം ചാടിക്കടന്ന് ആദ്യമായി സ്വകാര്യതയുടെ ഒരിടം ഉണ്ടാക്കിയെടുക്കുന്നത് മുതിര്‍ന്നു വരവ് എന്ന പ്രക്രിയയുടെ മറ്റൊരു ചുവടുവെപ്പായിത്തീരുന്നുണ്ട് ഇരുകൂട്ടുകാരികള്‍ക്കും. ഉടലെന്ന ബോധ്യത്തിലേക്കുള്ള ആദ്യ ഉണരല്‍ കൂടിയായിത്തീരുന്നു പ്രണയം. ഫാറൂഖുമായി പ്രണയത്തിലാകുന്നതോടെ സമാനമായ ഒരു സ്വകാര്യതയുടെ സൃഷ്ടി ആഖ്യാതാവും അനുഭവിക്കുന്നുണ്ട്. മഴയെ സ്‌നേഹിക്കുകയും അതിന്റെ വരവ് മുന്‍കൂട്ടി കാണുകയും ചെയ്യുന്ന നാദിയയ്ക്ക് ജൈവപ്രപഞ്ചവുമായി നല്ലൊരു അടുപ്പമുണ്ടെന്നു ആഖ്യാതാവ് കണ്ടെത്തുന്നു. അഹ്മദിനോട് തിരിച്ചു കിട്ടാതെപോയ പ്രണയത്തിന്റെ വൈരാഗ്യമുള്ള മര്‍വ, നോവലില്‍ മറ്റൊരു മുഖ്യ കഥാപാത്രമായിത്തീരുന്നുണ്ട്. പില്‍ക്കാലം അധിനിവേശ സേനയുടെ വിവര്‍ത്തകയായിത്തീരുന്ന അവള്‍ കാരണമാണോ അഹ്മദ് ഒളിവില്‍ പോകേണ്ടിവരുന്നതെന്ന് നോവല്‍ തീര്‍ത്ത് പറയുന്നില്ലെങ്കിലും അത്തരം സൂചനകളുണ്ട്. എന്നാല്‍, ഒരു ഘട്ടത്തില്‍ സൈനിക റെയ്ഡ് സംബന്ധിച്ച അവശ്യ സൂചനകള്‍ ആഖ്യാതാവിനും കുടുംബത്തിനും നല്‍കാനും മര്‍വ തയ്യാറാകുന്നുണ്ട്. പ്രണയഭംഗത്തിന്റെ അനുഭവം അഹ്മദില്‍നിന്ന് നാദിയയേയും ഫാറൂഖില്‍നിന്ന് ''ഞാന്‍ നാദിയയുടേയും അഹ്മദിന്റേയും പ്രണയകഥ ജീവിക്കുകയായിരുന്നു'' എന്നവകാശപ്പെടുന്ന ആഖ്യാതാവിനെ തന്നെയും കാത്തിരിപ്പുണ്ട്. നോവലന്ത്യത്തില്‍ ഈ സമവാക്യങ്ങളില്‍ ചിലത് മാറിമറിയുന്നുമുണ്ട്.

പ്രവാചകര്‍, ചരിത്രം, ഭൂമിശാസ്ത്രം 

നോവലിലെ ഇതിവൃത്ത വികാസത്തില്‍ പ്രധാന പങ്കുള്ള മറ്റൊരു ഘടകം പരമ്പരാഗത ഭാവി പ്രവചനക്കാരുടെ സാന്നിധ്യമാണ്. 'അജ്ഞാതമായതില്‍ നിന്നുള്ള കത്തുകള്‍' എന്ന രണ്ടാം ഭാഗത്താണ് ഭാവികാലത്ത്‌നിന്നുള്ള ഒരു അതിഥിയെപ്പോലെ ആദ്യ പ്രവചനക്കാരനായ 'നീണ്ടു മെലിഞ്ഞ വെട്ടിയൊതുക്കിയ താടിയുള്ള' ആളുടെ കടന്നുവരവ്. അയാള്‍ മുഖത്തടിച്ചാണ് കാര്യങ്ങള്‍ പറയുക: ''നിങ്ങളില്‍ ആര്‍ക്കും ഈ സ്ഥലത്ത് ഒരു ഭാവിയില്ല... നിങ്ങള്‍ പ്രവാസികളായി ജീവിക്കും, നിങ്ങളുടെ കണ്ണീരിന് അവസാനമുണ്ടാകില്ല.'' ഏകാധിപതിയുടെ പതനത്തിനു മുന്‍പുള്ള തൊണ്ണൂറുകളുടെ തന്നെ പശ്ചാത്തലത്തിലാണ് ഈ പ്രവചനങ്ങള്‍. ''പലായനത്തിനു ധൃതികൂട്ടുക, കാരണം കൊടുങ്കാറ്റ് ഒരു ഭ്രാന്തന്റെ വേഗതയോടെ അടുത്തു വന്നു കൊണ്ടിരിക്കുകയാണ്.'' ആദ്യമൊക്കെ അയാളെ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ചുറ്റുവട്ടത്തെ ആളുകള്‍, അയാളൊരു വിദേശ നുഴഞ്ഞുകയറ്റക്കാരനാണെന്നുവരെ ആരോപിക്കുന്നു. നോവലിലെ ചുരുക്കം ചില ഹാസ്യ നിമിഷത്തിലൊന്നില്‍ ''അയാളെ കാണാന്‍ ലിങ്കനെപ്പോലുണ്ട്'' എന്ന് പരിഹസിക്കുന്നത് ലിങ്ക്സ് കേലി ചൂണ്ടിക്കാട്ടുന്നു (en.qantara.de). എന്നാല്‍ വൈകാതെ ഉപരോധത്തിന്റെ കാഠിന്യം അവരുടെ ദൈനംദിന കുലീനതയെ ബാധിച്ചു തുടങ്ങുന്നു. ബോംബു വര്‍ഷത്തേക്കാള്‍ കഠിനമായ ദുരനുഭവം ''പ്രതീക്ഷയുടെ മനോഭാവം അപഹരിച്ചുകളഞ്ഞു, പ്രതീക്ഷ അസ്തമിക്കുന്നതോടെ ജീവിതമെന്നത് ഒരു ദുരിത ദിനത്തില്‍നിന്നും മറ്റൊരു കൂടിയ ദുരിത ദിനത്തിലേക്കുള്ള പോക്കെന്ന വെറുമൊരു ചടങ്ങായി മാറുന്നു.'' ഇത്തരം തുറുകണ്ണന്‍ സമയങ്ങളില്‍ രാഷ്ട്രീയ പോരാട്ടമൊക്കെ അസംബന്ധമായി മാറുന്നു എന്ന തോന്നലിലാവാം, ആഖ്യാതാവും നാദിയയും സ്‌കൂള്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാതെ തങ്ങളുടെ കൂട്ടുകാരെ തേടിപ്പോകുന്നത്. എന്നാല്‍, പ്രകടമായ രാഷ്ട്രീയ ബദലുകളില്‍ താല്പര്യമുള്ളവരല്ല ഇരു കൂട്ടുകാരികളും എന്നത് നോവലിന്റെ കേന്ദ്രത്തില്‍ ഒരു അരാഷ്ട്രീയതയുണ്ടോ എന്ന സന്ദേഹമുണര്‍ത്താം. യൂണിവേഴ്സിറ്റി കാലത്തുപോലും ''എനിക്ക് രാഷ്ട്രീയം മനസ്സിലായില്ല, രാഷ്ട്രീയത്തെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കാന്‍ എനിക്ക് ആഗ്രഹവുമുണ്ടായിരുന്നില്ല'' എന്ന് നിലപാടെടുക്കുന്ന ആഖ്യാതാവില്‍ അവിടെയാണ് നോവലിന്റെ അവസാന ഭാഗങ്ങളിലെ അടക്കിപ്പിടിച്ച രോഷത്തിന്റെ ആവിഷ്‌കാരങ്ങള്‍ പ്രസക്തമാകുന്നത്. ഏകാധിപതിയുടെ വീഴ്ച ആവശ്യമായിരുന്നില്ലേ എന്ന ചോദ്യത്തിന്, ഒരു ദേശത്തിന്റെ രാഷ്ട്രീയ ക്രമങ്ങളില്‍ തിരുത്തലും മാറ്റങ്ങളും വരുത്തേണ്ടതും ഇടപെടേണ്ടതും അയഥാര്‍ത്ഥ ഒഴികഴിവുകളോടെ ഇരമ്പിയെത്തുന്ന അധിനിവേശ സൈന്യമല്ല എന്ന നോവലിസ്റ്റിന്റെ അഭിമുഖ മറുപടി ഇതോടു ചേര്‍ത്തു കാണാം. സംഘര്‍ഷകാലങ്ങളില്‍ ജീവിതത്തിന്റെ പടവുകള്‍ കയറുന്ന പെണ്‍കുട്ടികളുടെ അനുഭവാവിഷ്‌കാരങ്ങളില്‍ ശ്രദ്ധയൂന്നുന്ന നോവല്‍ എന്ന നിലയില്‍ യുദ്ധത്തിന്റേയോ ഉപരോധത്തിന്റേയോ സ്ഥൂലചിത്രങ്ങള്‍ ഏറെക്കുറെ ഇതിവൃത്തത്തിന് പുറത്താണെന്നതും ഈ നിലപാടിന്റെ തുടര്‍ച്ചയാണ്. തെരുവില്‍ കുമിയുന്ന തകര്‍ന്ന വാഹനങ്ങള്‍, വാതിലുകള്‍ക്ക് മുന്നിലെ ചവറുകൂനകള്‍, വീടുകള്‍ക്കു മുന്നില്‍ മുന്‍പില്ലാത്തവിധം ഉയര്‍ന്ന മതിലുകള്‍, മുന്‍ വാതിലില്‍ ഇരട്ടിപ്പിച്ച വലിയ പൂട്ടുകള്‍, 'അകത്തെ മുറികളിലേക്ക് പിന്‍വാങ്ങുന്ന ജീവിതം' തുടങ്ങിയ സൂചകബിംബങ്ങളിലൂടെയും ഇറാഖി ദിനാറിന്റെ തിരോധാനം പോലുള്ള നാണയ വ്യവസ്ഥയിലെ മാറ്റങ്ങളും എല്ലായിടത്തും രാപ്പകല്‍ഭേദമെന്യേ പെരുകുന്ന മോഷണങ്ങളും എപ്പോഴും കുരച്ചുകൊണ്ടിരിക്കുന്ന ബിര്‍യാദും-ഈ ബിംബങ്ങളാണ് നോവലിസ്റ്റ് സമകാലിക യാഥാര്‍ത്ഥ്യത്തിന്റെ മുദ്രകള്‍ ആയി കണ്ടെടുക്കുന്നത്. രണ്ടാമതൊരിക്കല്‍ക്കൂടി ഭാവി പ്രവചനക്കാരന്‍ വരുമ്പോള്‍ ഓരോരുത്തരും അവരവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ടതിന്റേയും കപ്പലില്‍ ചാടിക്കേറേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ചാണ് അയാള്‍ പറയുക. ''നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ പറയുന്നത്... ഈ ഉപരോധം നീണ്ടതാണ്, ഉടനൊന്നും തീരുകയുമില്ല. അവയുടെ അന്ത്യം ശരിക്കും വരുമ്പോള്‍ യുദ്ധം തുടങ്ങും, പിന്നെ എല്ലാം വിസ്മൃതിയില്‍ ലയിക്കും.''

നോവലില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു സ്ത്രീ പ്രവാചിക, ഇറാഖും ഇറാഖി ജനതയും എക്കാലവും ചരിത്രംകൊണ്ടും ഭൂമിശാസ്ത്രംകൊണ്ടും ശപിക്കപ്പെട്ടവരായിരുന്നു എന്ന് പറയുന്നുണ്ട്. ''നിങ്ങള്‍ സുദീര്‍ഘവും വിഘടിതവുമായ ഒരു ചരിത്രത്തിന്റെ സന്തതികളാണ്... വേദനയുടെ ചരിത്രം മാത്രമാണ് നിങ്ങളുടെ കാലത്തിലൂടെ ഒഴുകുന്ന ഒരേയൊരു നദി.'' ''നിങ്ങള്‍ ഒന്നാമതായി ഭൂമിശാസ്ത്രത്തിന്റെ ഇരകളാണ്. നിങ്ങളുടെ രാജ്യം കടല്‍ക്കാറ്റ് ശ്വസിക്കാന്‍ കഴിയുംവിധം മെഡിറ്ററേനിയനിലല്ല; എണ്ണ കൊണ്ടുവരുന്ന ആര്‍ഭാടത്തില്‍ ജീവിക്കാനാവുംവിധം മരുഭൂമിയിലുമല്ല. നിങ്ങള്‍ ഇവയ്ക്കു രണ്ടിനുമിടയില്‍, സൂര്യന്റെ എരിച്ചില്‍ കൊല്ലം മുഴുവന്‍ ഏല്‍ക്കും വിധത്തിലാണ്... വെളിച്ചം അന്ധതപോലെയാണ്, അത് സ്വപ്നങ്ങള്‍ കുമിഞ്ഞുകൂടുന്നത് തടയും... അയയില്‍ കെട്ടിയ കുപ്പായത്തെ ഉണക്കുമ്പോലെ സൂര്യന്‍ ആശയങ്ങളെ ഉണക്കിക്കളയും... ആധുനിക നാഗരികതകള്‍ ശൈത്യകാല സാഹചര്യങ്ങളിലാണ് കാണപ്പെടുന്നത്.'' ഇതിനെന്താണ് പരിഹാരമെന്ന ചോദ്യത്തിന് പ്രവാചികയുടെ മറുപടി ഇങ്ങനെയാണ്: ''ഭൂമിശാസ്ത്രത്തില്‍നിന്ന് രക്ഷപ്പെടാനാകില്ല. എന്നാല്‍ ചരിത്രം നിര്‍മ്മിക്കപ്പെടുകയാണ്. ഭൂമിശാസ്ത്രത്തെ മെരുക്കുക, ചരിത്രത്തെ മാറ്റുക.'' 'ചരിത്രത്തിന്റെ ഭ്രാന്ത്' വേര്‍പെടുത്തിക്കളഞ്ഞ കൂട്ടുകാരികള്‍ നോവലന്ത്യത്തില്‍ ദുബായിയില്‍വെച്ച് വീണ്ടും സന്ധിക്കുന്നതിനെ 'ഭൂമിശാസ്ത്രം ഒരുമിച്ചു കൂട്ടിയത്' എന്ന് ആഖ്യാതാവ് നിരീക്ഷിക്കുന്നതും ഇതേ അര്‍ത്ഥത്തിലാണ്. 

കഥകള്‍, ആഖ്യാനം

യുദ്ധവും അധിനിവേശവും ഒരാള്‍ക്ക് തന്റെ കഥകള്‍ പറയാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്ന കാഴ്ചപ്പാട് നോവലില്‍ നിര്‍ണ്ണായകമാണ്. ഇറാഖിന്റെ സഹനപര്‍വ്വം ഇച്ഛാഭംഗമായി ആഖ്യാതാവിനെ വേട്ടയാടുന്ന രണ്ടാം ഗള്‍ഫ് യുദ്ധകാലത്ത് അധിനിവേശ സൈനികരോടുള്ള രോഷം വാചാലമാകുന്നുണ്ട്: ''അമേരിക്കന്‍ വൈമാനികന് അറിയാത്ത കാര്യം, ഈ സ്ഥലം ഇല്ലായ്മയില്‍നിന്ന് വന്നെത്തിയപ്പോള്‍ ഞാന്‍ അധിവസിച്ച ആദ്യ ഗൃഹമാണ്, എന്റെ വൈയക്തിക നാഗരികത സ്ഥാപിച്ചതും ഇവിടെയാണ്. ഈ ഇടത്തില്‍, ഞാന്‍ 7300-ല്‍ അധികം രാത്രികള്‍ ഉറങ്ങിയിട്ടുണ്ട്, 7300-ല്‍ അധികം തവണ ഉണര്‍ന്നിട്ടുണ്ട്, എന്റെ പേര് 7300 മില്യനില്‍ ഏറെ തവണ വിളിക്കപ്പെടുന്നത് കേട്ടിട്ടുമുണ്ട്.'' അവള്‍ക്ക് അയാളോട് പറയാന്‍ ഇതേയുള്ളൂ: ''ഇത്തവണ നിങ്ങള്‍ അരങ്ങില്‍ തനിച്ചാണ്. ഞങ്ങള്‍ തളര്‍ന്നു പോയിരിക്കുന്നു, നിരാശരുമാണ്. വരിക, ഞങ്ങളെ ഈ ഭൂമിക്ക് ആവശ്യമില്ലാത്ത മനുഷ്യാവശിഷ്ടങ്ങളായി വലിച്ചെറിഞ്ഞു കളയുക, ഞങ്ങള്‍ക്കും ഇനി അതിന്റെ ആവശ്യമില്ല.'' കൂടെ ഇത്രയും പ്രാര്‍ത്ഥനയും: ''പ്രിയ വൈമാനികാ, ഞങ്ങളോട് കരുണ കാട്ടണേ! ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍കൊണ്ടും, സ്വപ്നങ്ങള്‍കൊണ്ടും നിശ്വാസങ്ങളും ചിരികളും പാട്ടുകളും അമ്മമാരുടെ വിലാപങ്ങളും കൊണ്ടും ഉയര്‍ത്തിയ ഈ ആകാശത്തെ മുറിവേല്‍പ്പിക്കരുതേ!'' 
വരും തലമുറയോട് തങ്ങളുടെ കഥകള്‍ എങ്ങനെയാണ് പറയുകയെന്ന് ആഖ്യാതാവ് അങ്കലാപ്പിലാകുന്നുണ്ട്, ''എങ്ങനെയാണ് ഭാവിയില്‍ ഇക്കഥകള്‍ ഞാനെന്റെ മക്കളോട്പറയുക? ഒരു മഹാരാജ്യത്തിന്റെ രണ്ടു പ്രസിഡന്റുമാര്‍ എന്റെ കുട്ടിക്കാലത്തെ റോക്കറ്റുകളുമായി  വേട്ടയാടി എന്ന് അവരുടെ പേരക്കിടാങ്ങള്‍ എങ്ങനെയാണ് വിശ്വസിക്കുക?'' ആഖ്യാതാവിന്റെ സ്വപ്നത്തില്‍ എത്തുന്ന അബു അഹ്മദ് നൈരാശ്യത്തിന്റെ ഏറ്റവും വലിയ അപനിര്‍മ്മാണം നടത്തുന്നു: ''ഹാരൂണ്‍ അല്‍ റഷീദ് ഒരു ബാഗ്ദാദ് ആശയമാണ്, അതിന്റെ ജനങ്ങള്‍ കാണുന്ന ഒരു സ്വപ്നം. ഹാരൂണ്‍ അല്‍ റഷീദിന്റെ ബാഗ്ദാദ് എന്നത് നഗരം അതേക്കുറിച്ച് തന്നെ പറയുന്ന ഒരു കഥയാണ്. കഥയുടെ സത്യമോ അസത്യമോ സ്വയം ഒട്ടും പ്രധാനമേയല്ല.'' ഉപരോധം ദുസ്സഹമാകുന്ന ഒരു ഘട്ടത്തില്‍ വല്യുമ്മയുടെ വീട്ടില്‍ പോകുന്നതും യൂഫ്രട്ടീസ് തീരത്തുള്ള മായിക സൗന്ദര്യമുള്ള, 'പൂര്‍വ്വികരുടെ കുഴിമാടങ്ങളും ആത്മാക്കളും നിറഞ്ഞ' ഗ്രാമം സന്ദര്‍ശിക്കാന്‍ ഇടയാകുന്നതും ബുഷ് സീനിയറിനും ജൂനിയറിനും നന്ദി പറയാനുള്ള കാര്യമായി അവള്‍ കാണുന്നു. ''ഒരു വീടിന്റെ സ്വാസ്ഥ്യം എന്നത് അവിടെ കഴിയുന്നവരുടെ സ്വാസ്ഥ്യം തന്നെയാണ്. അക്കാലത്ത് ഞങ്ങളുടെ വീട് സ്വസ്ഥമായിരുന്നില്ല.'' കീഴ്‌പെടുത്തപ്പെട്ട ബാഗ്ദാദിനും നോവലിലെ പ്രധാന സൂചക സ്വാധീനമായ മാര്‍ക്വിസ് കൃതിയിലെ മക്കൊണ്ടോയും തമ്മിലുള്ള സമാനതകള്‍ ആഖ്യാതാവിനെ വിസ്മയിപ്പിക്കുന്നു. സഞ്ചിത സ്മൃതിനാശത്തിന്റെ മക്കൊണ്ടോ സമാനത ബാഗ്ദാദിലും അവര്‍ കണ്ടെത്തുന്നു. 'മക്കൊണ്ടോ ഗ്രാമത്തില്‍ വിശിഷ്ട പൗരത്വം നേടിയവള്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആഖ്യാതാവിന് 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' ഒരു അഭയവും ആയിത്തീരുന്നുണ്ട്. ''കടുത്ത കാലങ്ങളില്‍ കണ്ടെത്താനാവുന്ന ആ സന്തോഷത്തിനു പ്രണാമം!'' എന്ന് അവള്‍ വിസ്മയിക്കുന്നു. മാര്‍ക്വസിന്റെ മാസ്റ്റര്‍പീസ് നാദിയയ്ക്ക് ബോറടിപ്പിക്കുന്നതും നിരാശാജനകവും ആയി അനുഭവപ്പെടുന്നത് അവള്‍ക്ക് മനസ്സിലാക്കാനേ കഴിയുന്നില്ല. നോവലിലെ മെറ്റാഫിക്ഷന്‍ തലം പ്രകടമാക്കുന്ന ഒരു ഖണ്ഡത്തില്‍ നാദിയയോടൊപ്പം, കൃത്യമായ ചില സുപ്രധാന വസ്തുതാ വിവരണങ്ങളിലൂടെ ബായ്ദയെന്ന കൂട്ടുകാരിയുടേയും സഹകരണത്തോടെ, ചുറ്റുവട്ടത്തിന്റെ കഥ ഒരു പുസ്തകത്തില്‍ കുറിച്ചുവെക്കാന്‍ തുടങ്ങുന്നുണ്ട് ആഖ്യാതാവ്. 'ദി ബാഗ്ദാദ് ക്ലോക്ക്: ഒരു ചുറ്റുവട്ടത്തിന്റെ രേഖ' എന്ന് പേരിട്ട ആഖ്യാനം നോവലിസ്റ്റ് വായനക്കാര്‍ക്ക് നല്‍കുന്ന ഉള്ളടക്കത്തിന്റെ ഭാഗം തന്നെയാണ്; ഒരുപക്ഷേ, ഒരാവര്‍ത്തന ചിത്രവും. യൂണിവേഴ്സിറ്റി പഠനം തുടങ്ങുന്ന ഘട്ടത്തില്‍ വഴിപിരിയേണ്ടിവരുന്ന നാദിയയില്ലാതെ, ഒറ്റപ്പെടുന്ന ആഖ്യാതാവിന് ഏക തുണയാവുക മറ്റൊരു ഡിപ്പാര്‍ട്ട്മെന്റില്‍ എങ്കിലും അതേ യൂണിവേഴ്സിറ്റിയില്‍ എത്തുന്ന ബായ്ദയാണ്. ഷൗക്കത്ത് അമ്മാവന്‍ വിട്ടുപോകുന്നതോടെ സ്വത്വം നഷ്ടപ്പെടുന്ന ചുറ്റുവട്ടത്തിന്റെ സ്മൃതികളില്‍ ഈ കുറിപ്പുകള്‍ നിര്‍ണ്ണായകമാകും: ''ബാജി അമ്മായിയും അവരുടെ ഡ്രൈവറും വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ കാല്‍ക്കീഴില്‍നിന്ന് ഭൂതകാലത്തെ മോഷ്ടിച്ചു കളഞ്ഞു, ഞങ്ങള്‍ വിസ്മൃതിയുടെ ഒരു കിണറ്റിലേക്ക് പതിക്കുകയും ചെയ്തു. ഓര്‍മ്മയുടെ പേനകൊണ്ട് ഞങ്ങള്‍ എഴുതിയ 'ബാഗ്ദാദ് ക്ലോക്ക്: ഒരു ചുറ്റുവട്ടത്തിന്റെ രേഖ' ഇല്ലായിരുന്നെങ്കില്‍, ചുറ്റുവട്ടവും അതിന്റെ മുഴുവന്‍ ചരിത്രവും പിറ്റേന്ന് പ്രഭാതത്തില്‍ മറന്നുപോകുന്ന ഒരു നീണ്ട മഞ്ഞുകാല രാവിന്റെ സ്വപ്നം മാത്രമായി ഒടുങ്ങിയേനെ.'' യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ആദ്യ രക്തസാക്ഷിയായിത്തീരുന്ന ആദിലിന്റെ ഭൗതികാവശിഷ്ടം എത്തിച്ചേരുമ്പോള്‍ പള്ളിയില്‍ മുഴങ്ങുന്ന വാങ്കുവിളി മരണത്തിനു കാതോര്‍ക്കലായി ആഖ്യാതാവ് സങ്കല്പിക്കുന്നു, ''മരണമെന്നത് അബ്ദുല്‍ ബാസിത് അബ്ദുല്‍ സമദ് ഖുറാനിലെ ഒരു സൂറത്തിന്റെ തുടക്കമായ അലിഫ് ലാം മീം ചൊല്ലുന്നതിന്റെ സ്വരം കൂട്ടം ചേര്‍ന്ന് ശ്രദ്ധിക്കലാണ്. അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗീയ നാദം നമ്മുടെ ഇഹലോക ജീവിതത്തിനും അജ്ഞാതമായ അനശ്വരതയ്ക്കും ഇടയില്‍ ഒരു കൃത്യമായ വിഭജനരേഖ വരയ്ക്കുന്നു.''  

നൊമ്പരക്കാഴ്ചകള്‍  

ആഖ്യാതാവും നാദിയയുമെല്ലാം പ്രണയഭംഗത്തിന്റെ വേദന ഓരോരോ ഘട്ടങ്ങളില്‍ അനുഭവിക്കുമെങ്കിലും പ്രണയം മരണം തന്നെയായി മാറുന്ന ദുര്‍വ്വിധി നേരിടുക മയാദയെന്ന കൂട്ടുകാരിയാണ്. ഡോ. തൗഫീക്ക് എന്ന എന്തുകൊണ്ടും ചേരുന്ന ബന്ധത്തില്‍ വില്ലനാവുക അപ്രവചനീയ സ്വഭാവങ്ങളുള്ള അവളുടെ സഹോദരന്‍ ഹോസ്സാം ആയിരിക്കും. ചിന്താശൂന്യമായ ഒരു നിമിഷത്തില്‍ ഒരു പ്രകോപനവുമില്ലാത്ത അഭിമാനക്കൊലയായി സഹോദരിയെ വധിച്ചു ഓടിപ്പോകുന്ന അയാള്‍ വീണ്ടും ഇതിവൃത്തത്തില്‍ കടന്നുവരിക വര്‍ഷങ്ങള്‍ക്കു ശേഷം യുദ്ധാനന്തര ഭരണകൂടത്തില്‍ സ്വാധീനമുള്ള പുതിയ അവതാരമായാണ്. നീണ്ട താടിയും തിരിച്ചറിയാനാവാത്ത മാറ്റങ്ങളുമായി ചുറ്റുവട്ടത്തെ ഉടമകള്‍ വിട്ടുപോയ വീടുകള്‍ വഞ്ചനാപൂര്‍വ്വം മറിച്ചുവില്‍ക്കുന്ന അയാള്‍ക്ക് വിധിയുടെ പ്രതികാരം (nemesis) സ്വന്തം വീട്ടില്‍ തന്റെ കൈകൊണ്ടു മരിച്ച സഹോദരിയുടെ രൂപത്തില്‍ നേരിടേണ്ടിവരും. മാജിക്കല്‍ റിയലിസം ഏറ്റവും ശക്തമായി ഉപയോഗിക്കപ്പെടുന്ന ഈ മുഖാമുഖം മൊസൈക് തറയില്‍ വേരിറങ്ങിയ അയാളുടെ നില്‍പ്പുമരണത്തില്‍ കലാശിക്കും.     
ഷൗക്കത്ത് അമ്മാവന്റെ പാത്രസൃഷ്ടി സാമൂഹികാന്തരീക്ഷത്തില്‍ അധിനിവേശവും യുദ്ധവും ഉപരോധവും ചേര്‍ന്ന് സൃഷ്ടിക്കുന്ന മാനുഷിക ദുരന്തത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ്. ബാജി നാദിറ അമ്മായി വിട്ടുപോയ ശേഷം ഏകാന്തതയില്‍ 'തടവിലായിപ്പോകുന്ന' ഷൗക്കത്ത് അമ്മാവന്‍ ഒരു നൊമ്പരക്കാഴ്ചയാണ്: ഒരാള്‍ക്ക് ഏകാന്തനായി മരിക്കേണ്ടിവരുന്നത് വളരെ കടുത്തതാണെന്ന് ആഖ്യാതാവിനെ ഉമ്മ നിരീക്ഷിക്കുന്നു. കിര്‍ക്കുക്കിലെ തുര്‍ക്മാന്‍ സ്വദേശിയായ ഷൗക്കത്ത് അമ്മാവന്‍ അങ്ങോട്ടേക്ക് വിട്ടുപോകാനും കൂട്ടാക്കുന്നുമില്ല. ബിര്‍യാദ് എന്ന നായക്കുട്ടി അയാള്‍ക്ക് കൂട്ടായി എത്തുന്നത് ഈ ഘട്ടത്തിലാണ്. നോവലില്‍ ഒരു മുഖ്യ കഥാപാത്രം തന്നെയായിത്തീരുന്ന ബിര്‍യാദിന്റെ കഥയും ഷൗക്കത്ത് അമ്മാവന്റെ വിധിയുമായി കെട്ടുപിണഞ്ഞ ദുരന്തചിത്രത്തിന്റെ ഭാഗം തന്നെയാണ്. ഓരോരുത്തരായി 'ചുറ്റുവട്ടം' വിട്ടുപോകുമ്പോള്‍ സ്വയം പ്രഖ്യാപിത കാവല്‍ക്കാരനായി എല്ലാം സംരക്ഷിക്കാന്‍ പാടുപെടുന്ന ഷൗക്കത്ത് അമ്മാവന് ബിര്‍യാദിന്റെ മികച്ച പിന്തുണയുണ്ട്. ചുറ്റുവട്ടത്തില്‍ എല്ലാവരുടേയും വേണ്ടപ്പെട്ടവനായി, കാവലും കൂട്ടുമായി ഏതാണ്ടൊരു രാജകീയ പ്രൗഢിയോടെ കഴിഞ്ഞ ബിര്‍യാദിന് ബാജി അമ്മായി വിട്ടുപോകുമ്പോള്‍ പൊരുളറിയാതെ വിഷമിക്കുന്നുവെങ്കിലും ഷൗക്കത്ത് അമ്മാവനുണ്ട്. എന്നാല്‍, ചുറ്റുവട്ടത്തിലെ ക്രിസ്തീയ കുടുംബമായ ഉമ്മു റീത അമ്മായിയും കൂട്ടരും വിട്ടുപോകുകയും പ്രദേശത്തു നിര്‍ബ്ബാധം വിലസുന്ന മോഷ്ടാക്കള്‍ അവിടെ നിന്ന് വിലയേറിയതെല്ലാം മോഷ്ടിക്കുകയും ചെയ്യുന്നതോടെ ഷൗക്കത്ത് അമ്മാവന് അവന്‍ തന്നെ ഒറ്റിക്കൊടുത്തു എന്ന തോന്നലുണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ തന്നെയാണ് അവനെ വീട്ടിനകത്താക്കി ഉറങ്ങിപ്പോയത്. രോഗബാധിതനായി പഴയ ഓജസ്സും വൃത്തിയും നഷ്ടപ്പെടുകയും അകാരണമായ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജയില്‍വാസത്തെ തുടര്‍ന്ന് തീര്‍ത്തും അവശനാകുകയും ചെയ്യുന്ന ഷൗക്കത്ത് അമ്മാവന്റെ അപചയം ഉള്ളുലക്കുന്ന അനുഭവങ്ങളായി നോവലിസ്റ്റ് ചിത്രീകരിക്കുന്നുണ്ട്. ഖലീലുമായുള്ള പ്രണയസാഫല്യമായ വിവാഹനിമിഷത്തിലും പ്രവചനക്കാരന്റെ വാക്കുകളില്‍ വിറകൊണ്ടു വിഭ്രമത്തിലാകുകയും ആര്‍ക്കും നിയന്ത്രിക്കാനാവാതെ എല്ലാവരേയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഷുരുഖ്, രോഗിയും അവശനുമെങ്കിലും ഷൗക്കത്ത് അമ്മാവന്റെ ഇടപെടലില്‍ ആ പഴയ കുഞ്ഞാവുകയും അനുസരണയോടെ അവളുടെ പ്രസന്നതയിലേക്ക് തിരിച്ചുവരികയും ചെയ്യുന്നത് നോവലിലെ ഹൃദ്യമായ ഒരു മുഹൂര്‍ത്തമാണ്. മരണാസന്നനായി കഴിയുന്ന ഷൗക്കത്ത് അമ്മാവനെ തേടി ''ഈ ഇടത്തിന്റെ സങ്കടങ്ങളുടെ ചരിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത തരം കണ്ണീരുമായി'' ബാജി നാദിറാ അമ്മായി തിരികെയെത്തുന്നതും ഓര്‍മ്മകളെ തിരികെ പിടിക്കാനാവാതെ പാടുപെടുന്ന അയാള്‍ എതിര്‍പ്പൊന്നും കൂടാതെ അവരോടൊപ്പം പോകുന്നതും വീണ്ടും ഒറ്റപ്പെടുന്നതും ബിര്‍യാദിന് മറ്റൊരു പൊരുളറിയാത്ത അനുഭവമാകും. ഈ ഘട്ടത്തിലും വീട് വില്‍പ്പനക്കില്ലെന്നും എല്ലാം ഉടന്‍ ശരിയാകുമെന്നും അപ്പോള്‍ തിരികെ വരാമെന്നുമുള്ള ഷൗക്കത്ത് അമ്മാവന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അയാളുടെ ശുഭാപ്തിയുടെ ആത്യന്തിക നിരര്‍ത്ഥകത കൂടി സൂചിപ്പിക്കുന്നുണ്ട്. ''അജ്ഞാതരുടെ ശ്മശാനത്തിന് കാവലിരുന്ന ഷൗക്കത്ത് അമ്മാവന്‍'' വിട്ടുപോകുന്നതോടെ ചുറ്റുവട്ടം അതല്ലാതായിത്തീരുന്നതായി ആഖ്യാതാവ് നിരീക്ഷിക്കുന്നു. വിട്ടുപോകുന്ന അവസാനത്തെ കൂട്ടരായി ആഖ്യാതാവിന്റെ സ്വന്തം കുടുംബം ബിര്‍യാദിന്റെ പൊരുളറിയായ്മയുടേയും അവസാനത്തെ കണ്ണിയാകും. പിന്നെയുണ്ടാകുന്നത് പ്രദേശത്തെ കുട്ടികളുടെ നിരന്തര ഇരയായി മുറിവേറ്റ ഉടലും മനസ്സുമായി ദുസ്സഹ ജീവിതത്തിനും അതിലേറെ അവമതിക്കുമൊടുവില്‍ ലോറിക്കടിയിലേക്ക് അവന്‍ സ്വയം തെരഞ്ഞെടുക്കുന്ന അന്ത്യമാണ്; കഥ പറയാനായി ജീവിച്ചിരിക്കുന്ന ആ 'ഒരാളുടെ ദൗത്യ'മല്ല ബിര്‍യാദിന് നോവലിസ്റ്റ് ചാര്‍ത്തിക്കൊടുക്കുന്നത് എന്നു സാരം.          
 'ഭാവികാലം' എന്ന് പേരിട്ട അവസാന ഭാഗം മുഖ്യ കഥാപാത്രങ്ങളുടെ മുഴുവന്‍ വിധിയുടെ ബാക്കിപത്രം അനാവരണം ചെയ്യുന്നതിലൂടെ ആഖ്യാനത്തെ പരിസമാപ്തിയില്‍ എത്തിക്കുകയാണ്, നാദിയയുമായി ഇ-മെയ്ല്‍ ബന്ധം സ്ഥാപിക്കാനാവുന്നതാണ് എല്ലാത്തിന്റേയും തുടക്കമാകുന്നത്. പ്രമേയ ചര്‍ച്ചകളെ ഈ ഭാഗം അത്രയ്‌ക്കൊന്നും മുന്നോട്ടു കൊണ്ടുപോകുന്നില്ല എന്ന് നിരീക്ഷിക്കാനാകും. രാഷ്ട്രീയ ഉള്‍ക്കാഴ്ചയുടേയോ വൈകാരിക ഉള്ളടക്കത്തിന്റെയോ കരുത്തിന്റെ കാര്യത്തില്‍ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട് എഴുത്തുകാരിക്ക് എന്ന തോന്നല്‍ സൃഷ്ടിക്കുമ്പോഴും താരതമ്യേന ആയാസരഹിതവും സുരക്ഷിതവുമായ ചുറ്റുപാടുകളില്‍ എത്തിച്ചേര്‍ന്ന ഒരു ഉന്നതവിഭാഗ യുവതി തന്റെയും സഹജീവികളുടേയും ദുരിതകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്ന, തന്റെ തന്നെ ഭൂതകാല സ്വത്വത്തെ മുന്നില്‍ നിര്‍ത്തി ആശ്വസിപ്പിക്കുന്ന, ചടുല വായന ഉറപ്പുനല്‍കുന്ന ആഖ്യാനമായി നോവലിനെ കണക്കാക്കാം. 2018-ല്‍ IPAF ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കും മുന്‍പേ അറബ് സാഹിത്യത്തില്‍ ഒരു ബെസ്റ്റ് സെല്ലര്‍ എന്ന നിലയില്‍ പുസ്തകം മാറിക്കഴിഞ്ഞിരുന്നു. മാജിക്കല്‍ റിയലിസത്തിന്റെ മനോഹരമായ പ്രയോഗം പുസ്തകത്തെ മികവുറ്റതാക്കുന്നു എന്ന് വായനാസമൂഹം പൊതുവേ വിലയിരുത്തിയപ്പോള്‍, നിരൂപകരില്‍ ചിലര്‍ ഏകാഗ്രതയില്ലാത്ത ആഖ്യാനമെന്നു നോവലിനെ വിമര്‍ശിച്ചു. എന്തായാലും, ഇറാഖി യാഥാര്‍ത്ഥ്യങ്ങളും സാമൂഹികാവസ്ഥകളും നിശിതമായി ആവിഷ്‌കരിക്കുന്ന മുഹ്സിന്‍ അല്‍ റംലി (ഡേറ്റ്സ് ഓണ്‍ മൈ ഫിങ്കേഴ്സ്, ദി പ്രസിഡന്റ്‌സ് ഗാര്‍ഡെന്‍), സിനാന്‍ അന്തൂന്‍ (ദി കോര്‍പ്സ് വാഷര്‍, ദി ബാഗ്ദാദ് ബ്ലൂസ്), ഹസ്സന്‍ ബ്ലാസ്സിം (ദി ഇറാക്കി ക്രൈസ്റ്റ്, ദി കോര്‍പ്സ് എക്സിബിഷന്‍),  അഹ്മദ് സഅദാവി (ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്), അലി ബാദര്‍ (പപ്പാ സാര്‍ത്ര്, ദി റ്റുബാക്കോ ഗാര്‍ഡ്...), ബെതൂല്‍ ഖദൈരി (എ സ്‌കൈ സൊ ക്ലോസ്, ആബ്സന്റ്: എ നോവല്‍)  തുടങ്ങിയ മികച്ച എഴുത്തുകാരുടെ നിരയിലേക്ക് ശക്തമായ ഒരു പുതിയ ശബ്ദത്തിന്റെ വരവാണ് നോവല്‍ അടയാളപ്പെടുത്തുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com