മരണവാറണ്ടിന്റെ മഞ്ഞനദികള്‍: സോഫിയ ബി ജെയിന്‍സ് എഴുതുന്നു

മരണാനന്തര ജീവതത്തിലേക്ക് മനുഷ്യരെ ഒരുക്കുന്നതിനു നിമിത്തമായ അതിപുരാതന ഈജിപ്റ്റിലെ കഥ, അനൂബിസ് എന്ന ദേവന്റെ പിറവിയുടേതു കൂടിയാണ്.
സോണിയ റഫീഖ്
സോണിയ റഫീഖ്

കാലദേശഭേദമില്ലാതെ മനുഷ്യനെ ഏറെ ഭ്രമിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഏക വാക്ക് മരണം എന്നത് മാത്രമായിരിക്കണം. ജനനത്തോടൊപ്പം പിറക്കുന്ന അതിന്റെ ഉദ്വേഗങ്ങള്‍ മരണമെത്തുമ്പോഴേക്കും മരണത്തോളം വളരുന്നു.  നന്നേ തീര്‍ച്ചയുള്ള ആ സാന്നിധ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒഴിവാക്കാനായി മരണാനന്തര ജീവിതങ്ങളെക്കുറിച്ച് നമ്മുടെ ആദിമ സംസ്‌കാരങ്ങളെല്ലാം തന്നെ ചിന്തിച്ചിട്ടുണ്ട്. 

മരണാനന്തര ജീവതത്തിലേക്ക് മനുഷ്യരെ ഒരുക്കുന്നതിനു നിമിത്തമായ അതിപുരാതന ഈജിപ്റ്റിലെ കഥ, അനൂബിസ് എന്ന ദേവന്റെ പിറവിയുടേതു കൂടിയാണ്. ആകാശദേവതയായ നട്ട് വിവാഹം കഴിച്ചത്  ഭൂമിദേവന്‍ ഗെബിനെയാണ്. അവര്‍ക്കു പിറന്ന നാലു മക്കളില്‍ ഐസിസ് ഒസിരിസിനേയും നെഫ്തിസ് സെറ്റിനേയും വരിച്ചു. പിറക്കുമ്പോള്‍ത്തന്നെ ഭൂമിയുടെ ദേവനാകുമെന്നു പ്രവചിക്കപ്പെട്ട ഒസിരിസിനോട് സെറ്റിന് സ്വതവേ നീരസമായിരുന്നു. നെഫ്തിസിന് ഒസിരിസിനോടുണ്ടായ താല്പര്യം അതിന് ആക്കം കൂട്ടുകയും ചെയ്തു. നെഫ്തിസിന് ഒസിരിസില്‍ അനൂബിസ് ജനിച്ചു.
ഒസിരിസിന്റെ അളവിനൊപ്പിച്ച് സെറ്റ് മനോഹരമായ ഒരു പേടകം പണിതു. പിന്നീട് ഒസിരിസിനേയും ചങ്ങാതിമാരേയും വിരുന്നിനു ക്ഷണിച്ചു. വിരുന്നിനിടയില്‍ പേടകം പാകമാകുന്നയാള്‍ക്ക് അത് സമ്മാനിക്കാമെന്നു സെറ്റ് സമ്മതിച്ചു. ഒസിരിസ് പേടകത്തില്‍ കിടന്നു പാകമാണോയെന്നു പരിശോധിക്കുമ്പോഴേക്കും പെട്ടി അടച്ച സെറ്റ് അത് നൈല്‍ നദിയിലൊഴുക്കി. ഇതറിഞ്ഞ ഐസിസ് പെട്ടിയും ഒസിരിസിന്റെ ദേഹവും കണ്ടെത്തി സംരക്ഷിച്ചു. മഹാമാന്ത്രികയായ ഐസിസ് ഭര്‍ത്താവിനു ജീവന്‍ കൊടുക്കുമെന്നും പ്രതികാരം വീട്ടുമെന്നും സെറ്റ് ഭയന്നു. അയാള്‍ ഒസിരിസിന്റെ മൃതദേഹം കണ്ടുപിടിച്ച് പതിന്നാലായി മുറിച്ച് വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചു. അനൂബിസിന്റെ സഹായത്തോടെ 13 ഭാഗങ്ങള്‍ വീണ്ടെടുത്ത ഐസിസ്, പതിന്നാലാമത്തേത് തന്റെ മാന്ത്രിക ശക്തിയാല്‍ പുന:സൃഷ്ടിച്ചു. 14 കഷണങ്ങളേയും യഥാവിധി ചേര്‍ത്തുവെച്ച് അനൂബിസ് പിതാവിനെ പുതിയ ജീവിതത്തിനായൊരുക്കി. അങ്ങനെ ആദ്യത്തെ മമ്മിഫിക്കേഷന്‍ നടന്നു. ആ ചടങ്ങിനു കാര്‍മ്മികത്വം വഹിച്ച അനൂബിസിനെ പിന്നീട് ഈജിപ്റ്റിയന്‍ മിഥോളജി മരണാനന്തര ചടങ്ങുകളുടെ ദേവനാക്കി മാറ്റി.

പതിയെ അവന്‍ പുരാതന ഈജിപ്റ്റുകാരുടെ മരണത്തിനും മരണാനന്തര ജീവിതത്തിനും കാവലാളായി. പരേതജീവിതത്തിന് അനശ്വരത കല്പിക്കാനുള്ള അധികാരം അനൂബിസിനായി. അതിനായി അവന്‍ ഉപയോഗിച്ച ത്രാസിന്റെ ഇരുതട്ടുകളിലായി മരണപ്പെട്ടയാളുടെ ഹൃദയവും നന്മയുടെ തൂവലും ചാഞ്ചാടി. തൂവല്‍ തട്ട് താണവര്‍ മാത്രം നിത്യതയിലേക്ക് നയിക്കപ്പെട്ടു. മരിച്ചയാളുടെ ശരീരത്തിനു മാത്രമല്ല, ആത്മാവിനും കാവലാള്‍ അനൂബിസ് ആയിരുന്നു. മനുഷ്യര്‍ക്ക് മരണത്തോടുള്ള ഭയവും ജീവിതത്തോടുള്ള ആര്‍ത്തിയും അനൂബിസിനെ ഈജിപ്റ്റിന്റെ അതിശക്തനായ ദേവനാക്കി മാറ്റിത്തീര്‍ത്തു. 

നവയുഗ അനൂബികള്‍ 

അതീതകാലങ്ങളില്‍നിന്ന് അനൂബിസിനെ ആവാഹിച്ചു കൊണ്ടുവന്നു തന്റെ 53 എന്ന നോവലിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രതിഷ്ഠിക്കുകയാണ് സോണിയ റഫീക്ക്. അടിച്ചേല്പിക്കപ്പെടുന്ന ഭരണകൂടത്തെ, അതിനു കീഴിലമരുന്ന മനുഷ്യസമൂഹത്തെ, സാവധാനം അവരിലുണരുന്ന സ്വാതന്ത്ര്യദാഹത്തെ സോണിയ നോവലില്‍ കരവിരുതോടെ വിന്യസിച്ചിരിക്കുന്നു.
നോവലിലെ തിന്മകളെ കടുംകറകള്‍ കൊണ്ടാണ് സോണിയ വരച്ചിട്ടുള്ളത്. ഭരണകൂടത്തെ, കാര്‍ക്കശ്യതയുടെ മൂര്‍ച്ചയില്‍ ചിത്രീകരിക്കുന്നത് മനുഷ്യരുടെ ജൈവികമായ നല്ല വശങ്ങളുടെ മിഴിവു കൂട്ടാനാണെന്നു കാണാം. പന്ത് എത്രത്തോളം അടിച്ചമര്‍ത്തുന്നോ അത്രയും ഉയരത്തില്‍ പൊന്തിവരുന്നതിന്റേതായ തിയറിയാണത്. ഭീഷണമായ അമിതാധികാരത്തെ തീവ്രമായി ചിത്രീകരിക്കുമ്പോള്‍ മാത്രമേ അതിനെതിരെ ശക്തമായ വികാരം ഉയരുകയുള്ളൂ. അതിനാല്‍ത്തന്നെ അധികാരത്തെ അതിന്റെ എല്ലാ വില്ലത്തരങ്ങളോടുംകൂടി അണിയിച്ചൊരുക്കിയിരിക്കുന്നു. മുന്‍മാതൃകകളില്ലാതെ എഴുതിയ നോവല്‍ മനുഷ്യരുടെ ജൈവികതകളെ വരിഞ്ഞുമുറുക്കി യാന്ത്രികമാക്കുന്ന ഭീകരാവസ്ഥയിലേക്ക് വിരല്‍ചുണ്ടുന്നു. കാലദേശഭേദമില്ലാത്ത കഥാതന്തുവിന്റെ സ്വീകരണത്തിലൂടെ, പുതുമയാര്‍ന്ന അവതരണത്തിലൂടെ, ദാര്‍ശനികമായ ചിന്തകളിലൂടെ നിലവാരമുള്ള വായനക്കായി നിസ്സംശയം വാതുവെക്കാവുന്ന എഴുത്തുകാരിയാവുകയാണ് സോണിയ. വായനക്കാര്‍ പ്രതീക്ഷകളോടെയാണ് പുതിയ എഴുത്തുകാരെ കാത്തിരിക്കുന്നത്. ലക്ഷണമൊത്ത കൃതികള്‍ക്കായുള്ള പ്രതീക്ഷ.
പറഞ്ഞു പഴകാത്ത പ്രമേയമാണ് നോവലിന്റെ വിജയം. പ്രമേയത്തിനു പരിക്കേല്‍ക്കാതെതന്നെ മിത്തിനേയും ഭാവനയേയും കൂട്ടിയിണക്കിയിരിക്കുന്നു. കൗശലമാര്‍ന്ന കഥാകഥനത്തിന് ഈ പരിചരണരീതി കൗതുകം സൃഷ്ടിക്കുന്നു. നോവലില്‍ അധികാരത്തിന്റെ രാഷ്ട്രീയത്തെ കൃത്യമായി സോണിയ അടയാളപ്പെടുത്തുന്നു. സമൂഹ്യമാറ്റങ്ങളെ സൂക്ഷ്മമായി വീക്ഷിക്കാനും അത് കലയില്‍ ഫലപ്രദമായി ഉപയോഗിക്കാനും കഥാകാരിക്കായിട്ടുണ്ട്. ഐറിഷ്-ഈജിപ്റ്റിയന്‍ മിഥോളജിയിലെ ഇമേജറികളിലൂടെ അധികാരത്തിന്റെ കടന്നുകയറ്റങ്ങളെ വിവരിക്കുമ്പോള്‍ വായന വ്യത്യസ്ത അനുഭവമാകുന്നു. ഈ നോവലിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്ന് വിദേശ മിത്തുകളില്‍നിന്നുള്ള ഈ കടമെടുക്കല്‍ തന്നെയാണ്. അധികാര-മതമൗലികവാദികളില്‍നിന്നു നോവലിനെ രക്ഷിച്ചുനിര്‍ത്തുന്നതിന് ഇത്തരം ബുദ്ധിപരമായ തന്ത്രം പ്രയോഗിക്കാതെ നോവലിസ്റ്റിനു രക്ഷയില്ലാത്ത കാലമാണ്. 

53-ലെ വളവിലവസാനിക്കുന്ന 
ഒഴുക്കുകള്‍ 

അനൂബിസ് വ്യവസ്ഥയിലുള്ള ഒരു ലോകക്രമത്തെയാണ് സോണിയ വിവരിക്കുന്നത്. ജനതയുടെ കുടുംബത്തിന്റേതായ ഉത്തരവാദിത്വങ്ങളും കടമകളും ഏറ്റെടുക്കുന്ന സ്റ്റേറ്റ് അവര്‍ക്ക് മരിക്കാനുള്ള പ്രായവും തീരുമാനിച്ചിട്ടുണ്ട്. സ്വാഭാവിക മരണമൊഴികെയുള്ള എല്ലാ ആനന്ദങ്ങളും ലഭ്യമാണുതാനും. എങ്കിലും നിഷേധിക്കപ്പെടുന്ന ഒന്ന്-ആ ഒന്നു കൂടി ചേരുമ്പോഴാണല്ലോ മനുഷ്യജീവിതം പൂര്‍ണ്ണമാകുക. ജനനം എത്രമാത്രം സ്വേച്ഛാപരമാണോ അത്രത്തോളം അനിച്ഛാപരമാണ് സ്വാഭാവിക മരണവും. ആനന്ദങ്ങളില്‍ മുങ്ങിത്താഴുമ്പോഴും ജീവിതത്തിന് അടിവരയിടുന്ന ഭരണകൂടത്തോട് ചിലര്‍ക്കെങ്കിലും കുതറാതിരിക്കാനാവുന്നില്ല. ജോലിയില്‍നിന്ന് എന്നപോലെ ജീവിതത്തില്‍നിന്നു വിരമിക്കുന്നതിനും നിശ്ചിതപ്രായം കല്പിക്കുന്ന വ്യവസ്ഥിതിയോട് അവര്‍ക്ക് പൊരുതാതിരിക്കാനുമാവില്ല. തന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ ചോദ്യംചെയ്യുക എന്നത് മനുഷ്യരുടെ ജൈവികചോദനകളിലൊന്നാണ്. സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത തിരമാലകള്‍ ഉപയോഗിച്ചാണ് നോവലിന്റെ ന്യൂക്ലിയസിനെ സോണിയ പണിതിട്ടുള്ളത്. 

ആലീസ് വാക്കര്‍
ആലീസ് വാക്കര്‍

അനൂബിസ് എന്ന ചെന്നായ്-മനുഷ്യന്റെ ഭരണസിരാകേന്ദ്രമാണ് അനൂബിസ് ഏജീസ്. ഏജീസിലെ ജീവനക്കാര്‍ അനൂബികളെന്നാണ് അറിയപ്പെടുന്നത്. 53-ല്‍ നിന്ന് 54-ലേക്ക് കടക്കുന്ന മനുഷ്യരെ മരണത്തിലേയ്ക്ക് നയിക്കുക എന്നതാണ് അനൂബികളുടെ പ്രധാന ചുമതല. ക്യാരംസ് കരുക്കളെ ലക്ഷ്യസ്ഥാനത്തേയ്ക്ക് എറ്റിയിടുന്ന അനായാസതയില്‍, 54-നു പൂര്‍ണ്ണവിരാമമിടാന്‍ അനൂബികള്‍ക്കാവേണ്ടതുണ്ട്. സ്വപ്നങ്ങളോ പ്രണയമോ സൗന്ദര്യമോ ആസ്വദിക്കാനാവാതെ യന്ത്രസമാനമാണ് അനൂബികളുടെ ജീവിതം. വിവാഹം നിഷിദ്ധമെങ്കിലും യാന്ത്രികരതി അനുവദനീയം. 

ഇന്ദ്രദാസ്, സഹീറ സനം എന്നീ അനൂബികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സ്റ്റേറ്റിന്റെ വിധിക്ക് മാതാപിതാക്കള്‍ കീഴടങ്ങുന്നത് കാണാനാവാത്തതുകൊണ്ട് ഇന്ദ്രദാസ് ഏജീസിലെ ജോലി സ്വീകരിക്കുകയാണ് . അതേ സിസ്റ്റത്താല്‍ അനാഥയാക്കപ്പെട്ട സഹീറയും ചെന്നെത്തുന്നത് ഏജീസിലാണ്. തടുക്കാനാവാത്ത ജൈവികപ്രേരണകളാല്‍, സ്വാതന്ത്ര്യാദാഹത്താല്‍ രണ്ടുപേരും ക്രമേണ ആ വ്യവസ്ഥയ്ക്ക് പുറത്താക്കപ്പെടുന്നു. ഇരുവരേയും ഇല്ലാതാക്കാന്‍ സ്വാഭാവികമായും സിസ്റ്റം ശ്രമിക്കുന്നു.

മിലന്‍ കുന്ദേര
മിലന്‍ കുന്ദേര

അവരുടെ ചെറുത്തുനില്‍പ്പ് ക്രമേണ ജനങ്ങളുടെ അതിജീവനമായി മാറുന്നു. അവരും. അവര്‍ എത്തിപ്പെടുന്ന ഇടങ്ങളും ഇടയേണ്ടി വരുന്നവരും ചേര്‍ന്നു വിചിത്രമായ വ്യവഹാരങ്ങളുണ്ടാകുന്നു. എന്നോ നടന്നതോ നടക്കാനിരിക്കുന്നതോ ആയ ആ വ്യവസ്ഥിതിയെ സോണിയ വരച്ചിടുന്നത് ഉദ്വേഗം ചോരാതെയാണ്. മനോഹരമായ അനിശ്ചിതത്വത്തിലേക്ക് നോവലിനെ അവസാനിപ്പിക്കുന്ന സോണിയയുടെ കലാവിരുതുള്ള കയ്യടക്കം നോവലിനെ പ്രത്യേക തലത്തിലെത്തിക്കുന്നു.

അസ്തൂറിയാസ്
അസ്തൂറിയാസ്

അദൃശ്യനായ ചിലന്തിയും 
അഭേദ്യമായ വലകളും 

ഭരണകൂടത്തെ നിയന്ത്രിക്കുന്നത് അനൂബിസ് ആണെങ്കിലും അവനെ നേരിട്ടു കണ്ടവരില്ല. മനുഷ്യര്‍ക്ക് കാണാനാവാത്ത അനൂബിസിനെ ഉപയോഗപ്പെടുത്തിയാണ് നോവലിസ്റ്റ് ഭരണകൂടത്തിനു മുഖം നല്‍കുന്നത്. വളരെ ബുദ്ധിപൂര്‍വ്വവും ഭംഗിയാര്‍ന്നതുമായ പ്രതീകാത്മകത. ആരിലും ഭയം ജനിപ്പിക്കുന്ന അനൂബിസിന്റെ ജീവനുള്ള പ്രതിമകള്‍ മാത്രമാണ് ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും മുന്നിലുള്ളത്. ഏതു നാട്ടിലും ഭരണകൂടത്തെ  നേരില്‍ കണ്ടവരില്ല. പക്ഷേ, ഭരണകൂടമാവട്ടെ, എവിടെയും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ സത്തയെ ജനം ഭയക്കുന്നതോടെ അതിന്റെ സ്വരൂപം തെളിയുകയായി. ഭയം അതിഭീകരമായി ഉളവാക്കാന്‍ കഴിയുന്നതോടെ ഒരു ഭരണകൂടം ചോദ്യം ചെയ്യപ്പെടാനാവാത്ത നിലനില്‍പ്പായിത്തീരുകയാണ്. ആ ഭയമാണ് എവിടെയും സിസ്റ്റത്തിന് അമിതാധികാരം പ്രയോഗിക്കുവാനുള്ള ഇന്ധനം. ജനങ്ങളില്‍ ഭയം നിലനിര്‍ത്താനാവാതെ വരുമ്പോള്‍ മാത്രമാണ് അത്തരം ഭരണകൂടങ്ങള്‍ കടപുഴകി വീഴുന്നത്. 

നിഷേധിക്കാനാവാത്ത സുഖസൗകര്യങ്ങളൊരുക്കി മനുഷ്യരുടെ ബോധത്തെ കെട്ടിയിടുകയാണ് ഭരണകൂടം.  ഏറ്റവും വലിയ ഉത്തരവാദിത്വങ്ങളായ വൃദ്ധരില്‍നിന്നും കുട്ടികളില്‍നിന്നും അവരെ മോചിപ്പിക്കുന്ന ആ പ്രത്യയശാസ്ത്രം അവര്‍ക്ക് സ്വീകാര്യമാവുകയാണ്. 53 വയസ്സിനൊടുവിലെ നിര്‍ബ്ബന്ധിത മരണത്തോട് ചെറുത്തുനില്‍ക്കാനാവാത്തവിധം ആ സ്വാതന്ത്ര്യം അവരെ മത്തുപിടിപ്പിക്കുന്നു. ജനങ്ങളുടെമേല്‍ അനൂബിസിനുണ്ടായ പ്രത്യയശാസ്ത്ര മേല്‍ക്കോയ്മ കാരണം അതിനെ ചോദ്യം ചെയ്യാനവര്‍ക്ക് ആവുന്നില്ല. അതുകൊണ്ടുതന്നെ പ്രതിഷേധസ്വരം ഉയര്‍ത്താന്‍പോലുമാവാതെ അവര്‍ കീഴടങ്ങുകയാണ്.

അധീശവര്‍ഗ്ഗത്തിന് അനുസൃതമായാണ് പ്രത്യയശാസ്ത്രം ഓരോ സമൂഹത്തേയും ആവരണം ചെയ്യുന്നത്. അധികാരത്തെ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയുക എന്നതാണ് അവയുടെ രീതിശാസ്ത്രം. മുഖമറ്റ ജനം ആ രീതിശാസ്ത്രത്തെ യുക്തിരഹിതമായി നെഞ്ചേറ്റും എതിര്‍പ്പുയര്‍ത്തുന്ന ഒറ്റപ്പെട്ടവര്‍ ഭരണകൂടവിരുദ്ധരും കൊല്ലപ്പെടേണ്ടവരും ആയിത്തീരും. ഇത്തരം സമൂഹത്തിന്റെ ക്രോസ് സെക്ഷന്‍ എന്നോണമാണ് ഇന്ദ്രദാസ്, സഹീറ, ജേക്കബ്, ഭുവനചന്ദ് തുടങ്ങിയവര്‍ കഥയിലെ അവരവരുടെ റോളുകള്‍ നിര്‍വ്വഹിക്കുന്നത്.

ജൈവികതയുടെ മാന്ത്രികത 

53-ലേക്കടുക്കുന്ന മാതാപിതാക്കളെ തിരഞ്ഞുവരുന്ന മരണത്തെ നേരിടാനുള്ള കരുത്തില്ലാതെ ഇന്ദ്രദാസ് പാത്തുപതുങ്ങുന്ന ഇടമാണ് അനൂബിസ് ഏജീസ്. ഓടിയൊളിക്കേണ്ടിവന്ന കറുത്ത സത്യത്തിന്റെ തന്നെ കൊടിപിടിച്ചുകൊണ്ട് അവന്‍ ഓര്‍മ്മകളെ ജീവപര്യന്തത്തിന് അയക്കാന്‍ ശ്രമിക്കുന്നു. സ്വേച്ഛാധിപത്യം അടിച്ചമര്‍ത്തലിനെ, അടിമത്തത്തെ, ക്രൂരതയെ, മണ്ടത്തരത്തെ വളര്‍ത്തുന്നുവെന്ന ബോര്‍ഹസിന്റെ പ്രശസ്ത വരികളെ ഓര്‍മ്മിപ്പിക്കുന്ന വിരോധാഭാസം. 

മരിയോ വര്‍ഗാസ് യോസ
മരിയോ വര്‍ഗാസ് യോസ


സൂക്ഷ്മലക്ഷ്യയായ സഹീറക്ക് അമ്പെയ്ത്തുവിദ്യ വശമാക്കാനായിരുന്നു മോഹം. സ്റ്റേറ്റ് നിഷ്‌ക്കര്‍ഷിച്ച കോഴ്സ് പക്ഷേ, പൂര്‍ത്തിയാക്കാതെ അവള്‍ ഏജീസിലെത്തുകയാണ്. സ്റ്റേറ്റിന്റെ പോലും അടിച്ചമര്‍ത്തലുകള്‍ക്കു വഴങ്ങാത്ത പ്രകൃതമാണവള്‍. തുടക്കത്തിലേ അവളുടെ വിമതസ്വഭാവത്തിന്റെ മൂര്‍ച്ച സ്റ്റേറ്റിനോടുള്ള ഈ വെല്ലുവിളിയില്‍നിന്നുതന്നെ വെളിപ്പെടുന്നുണ്ട്. ഇന്ദ്രദാസിന്റെ ഉള്ളിലുറങ്ങുന്ന പ്രതിഷേധത്തിന്റെ വെടിമരുന്നുപുരയ്ക്ക് നല്ലൊരു തീക്കുണ്ഠമാവുകയാണ് സഹീറയുടെ സാമീപ്യവും ചിന്തകളും. നോവലിലെ യഥാര്‍ത്ഥ പോരാളിയാണവള്‍. പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും നിറയുന്ന വാക്കുകള്‍കൊണ്ട് ഇന്ദ്രദാസിലെ യാന്ത്രികത കുടഞ്ഞുകളയുന്നത് അവളാണ്.

അനൂബിസിനു ബന്ധങ്ങള്‍ നിഷിദ്ധമാണെങ്കിലും ഇരുവര്‍ക്കുമിടയില്‍ സൗഹൃദം രൂപപ്പെടുകയാണ്. എത്രമാത്രം യന്ത്രസമാനരാകാന്‍ ശ്രമിച്ചാലും മനുഷ്യര്‍ക്കു സഹജമായ മനസ്സിന്റെ വൈകാരിക തലങ്ങള്‍ ജീവന്‍ തുടിക്കുന്ന ബന്ധങ്ങള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കുമല്ലോ. ഈ മനസ്സിന്റെ സാന്നിധ്യം മൂലം ഇന്ദ്രദാസിനോ സഹീറക്കോ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അനൂബിസ് ആയിത്തീരാന്‍ കഴിയുന്നേയില്ല.
ഐറിഷ് മിത്തുകളിലെ യുദ്ധത്തിന്റേയും വിധിയുടേയും ദേവതയാണ് മോറിഗന്‍. സഹീറയെ നശിപ്പിക്കാന്‍ അനൂബിസ് അയക്കുന്ന മരണദേവതയായ മോറിഗനുമായി അവള്‍ പ്രണയത്തിലാകുന്നു. മരണത്തെക്കൊണ്ടുപോലും പ്രണയിപ്പിക്കാനാവുന്നത്ര തീവ്രമാണ് സഹീറയുടെ ജൈവികചോദന. മരണദേവതയില്‍ അത് നിമിഷനേരത്തേക്കെങ്കിലും ഉണര്‍ത്താനായി എന്നത് ആ ജൈവികതയുടെ വിജയവുമാണ്. 

ഈ ജൈവസാനിധ്യം നോവലിന്റെ ജീവവായു ആകുന്നത് കഥയിലുടനീളം കാണാന്‍ സാധിക്കും. അമീബ എന്തുകൊണ്ടാണ് ബഹുകോശ ജീവിയാകാന്‍ ആഗ്രഹിക്കുന്നത്? മനുഷ്യനെന്തിനാണ് ചിന്തിക്കുന്നത്? അചേതനമായ വസ്തുക്കള്‍ക്കുപോലും സചേതനമാകാനുള്ള പ്രേരണ ഉണ്ടാകുന്നതെവിടെ നിന്നാണ്? ചലനമയിയായ പ്രകൃതിയുടെ അനുകരണത്തിനാണ് അവയെല്ലാം വെമ്പല്‍ കൊള്ളുന്നത്. ഒറ്റയ്‌ക്കൊറ്റയ്ക്ക് ജീവനില്ലാതിരുന്ന മൂലകങ്ങള്‍ ഒന്നുചേരുമ്പോള്‍ ജീവന്‍ ഉണ്ടാകുന്നതിനു കാരണം മറ്റൊന്നല്ല. വ്യവസ്ഥിതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തരത്തില്‍ മാനിക്വീനുകള്‍ക്ക് ജീവന്‍ കൊടുക്കുന്നതും അജയ്യമായ ഈ ജൈവചൈതന്യമാണ്. ആറാമിടമെന്ന മരണാനന്തര ലോകത്തിനുള്ളിലെ നിര്‍വ്വികാരമായ തണുപ്പിനെ വിവരിക്കുന്നതിലൂടെ ഇതേ ജൈവവികാരങ്ങളുടെ ഊഷ്മളതയും സജീവതയും അതിന്റെ പരകോടിയിലെത്തുകയാണ്.

സര്‍ഗ്ഗാത്മകതയുടെ 
അമ്ലലായനികള്‍ 

തകര്‍ന്ന ഡയോണിസ് തിയേറ്ററിലാണ് സഹീറയും ഇന്ദ്രദാസും കണ്ടുമുട്ടുന്നത്.  തങ്ങള്‍ക്ക് മനസ്സിലാവാത്തത് തകര്‍ക്കുക എന്നതാണ് അധികാരത്തിന്റെ നയം. എത്ര തകര്‍ന്നാലും കലയ്ക്ക് മാത്രമാണ് അന്തമില്ലാത്ത സാംസ്‌കാരിക വിനിമയങ്ങള്‍ക്ക് കെല്പുള്ളത്. കലയിലേക്ക് കടന്നുകയറാനോ അതിനെ മനസ്സിലാക്കാനോ സ്റ്റേറ്റിനു കഴിയുകയില്ല. തിയേറ്റര്‍ അവര്‍ക്ക് ഭദ്രമായ ഒളിയിടമാകുന്നതങ്ങനെയാണ്. ചെന്നായക്കണ്ണുകളില്‍ നിന്നകന്ന് കണ്ടുമുട്ടാനുള്ള ആ രഹസ്യസങ്കേതത്തില്‍ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളായി അവര്‍ പകര്‍ന്നാടുന്നു. ഉള്ളിലെ തീ കെടുത്താനുള്ള ശ്രമം സമൂഹത്തിന്റെ പുറന്തള്ളലുകളെ, ശിക്ഷകളെ സര്‍ഗ്ഗാത്മകതയുടെ കരുത്തുകൊണ്ട് നേരിടുകയാണവര്‍. അധികാരത്തിന് അന്യമായ കലയില്‍നിന്നാണ് പൊരുതുന്നതിന് അവര്‍ ഊര്‍ജ്ജം കണ്ടെത്തുന്നത്. 
 
സ്വര്‍ഗ്ഗത്തെക്കാള്‍ 
സുന്ദരമായ നരകങ്ങള്‍ 

ഭരണകൂടം ജനത്തിന് അദൃശ്യമായിരിക്കുന്നതുപോലെ, അതിനെതിരെയുള്ള ജനങ്ങളുടെ അമര്‍ഷം സ്റ്റേറ്റിനും അദൃശ്യമാണ്. അതുകൊണ്ടാണ് നരകങ്ങളെക്കുറിച്ച് ഏജീസിന് അറിവില്ലാത്തത്. അനൂബിസ് സ്വര്‍ഗ്ഗങ്ങളേക്കാള്‍ സുന്ദരമായ നരകങ്ങള്‍ അതേ വ്യവസ്ഥയില്‍ ഉണ്ടാവുന്നതും ഇതേ കാരണത്താലാണ്. അനൂബിസ് ലോകത്തിന്റെ തിരക്കിന്റേയും യാന്ത്രികതയുടേയും മറുവശമായി, സാവധാനം ചരിക്കുന്ന ഭൂഗര്‍ഭ നഗരമാണത്. സമൂഹത്തിന്റെ ശുഭാപ്തിവിശ്വാസത്തെ തകര്‍ക്കുന്നതായി അനൂബിസ് കരുതുന്ന, ആ വ്യവസ്ഥയില്‍ കുറ്റിയറ്റുപോയ വൃദ്ധര്‍ നിരവധി സജീവമായ ഒരിടം.  തന്റെ മരണത്തെ ഒരു ജിഗ്സോപസിലുപോലെ ദുരൂഹമാക്കിയ ഭുവനചന്ദിന്റെ നിര്‍മ്മിതി. നരകത്തെ ഉണ്ടാക്കിയെടുക്കുക മാത്രമല്ല, വേറിട്ട ചിന്തകള്‍ സമൂഹത്തില്‍ വിടര്‍ത്താനും അവയെ പ്രായോഗിക തലത്തിലെത്തിക്കുന്നതിനും  അയാള്‍ക്കാകുന്നുണ്ട്. 

അനൂബിസിന്റെ കണ്ണുകള്‍ക്കെത്താനാവാത്ത മറ്റൊരു ലോകമാണ് ആറാമിടം. 53-ല്‍ നിന്നു പറഞ്ഞയക്കപ്പെട്ടവരുടെ ലോകമാണത്. ജീവന്റെ അഭാവത്താല്‍ പക്ഷേ, അത് നരകത്തില്‍നിന്നു വ്യത്യസ്തമായി തണുത്ത് തളംകെട്ടിക്കിടക്കുന്നു.   കണ്ണുണകള്‍ക്ക് തിളക്കം കൂട്ടാന്‍ ആശകളോ, സ്വപ്നങ്ങളോ സ്വന്തമായില്ലാത്ത മഞ്ഞുമനുഷ്യരാണവര്‍. മരണം നിത്യജീവിതത്തിന്റെ ഒരു ആമുഖം മാത്രമാണെന്നും അതിനുശേഷമുള്ളതാണ് യഥാര്‍ത്ഥ ജീവിതമെന്നും വിശ്വസിക്കുന്നവരാണ് അനൂബിസിന്റെ ആരാധകര്‍. അനൂബിസ് വ്യവസ്ഥയില്‍ മരിച്ചവര്‍ ചേതനയറ്റാണെങ്കിലും ജീവിക്കുന്ന ലോകമുണ്ടാകുന്നത് അതിനാല്‍ത്തന്നെ യുക്തിസഹമാകുന്നു. 

അധികാരത്തിന്റെ 
തമോഗര്‍ത്തങ്ങള്‍ 

അധികാരത്തിന്റെ മത്ത് പ്രമേയമായി വരുന്ന ഒരുപിടി നോവലുകള്‍ വിശ്വസാഹിത്യത്തിലുണ്ട്. ഈ വിഷയം പ്രചോദിപ്പിക്കാത്ത കലകളില്ല. സ്വതന്ത്ര ചിന്തകളേയും സര്‍ഗ്ഗാത്മകതയേയും ഭയന്നല്ലാതെ ഒരു സ്വേച്ഛാധിപത്യവും കടന്നുപോയിട്ടുമില്ല. ജീവിതത്തിന്റെ വിലപ്പെട്ടതു പലതും കവര്‍ന്നുപോയ ഒരു കൊടുങ്കാറ്റിനെ ഓര്‍ത്തെടുക്കുന്നതുപോലെ കലോപാസകര്‍ അവയെ സ്വന്തം കലയില്‍ പ്രതിഫലിപ്പിച്ചു. ആ അനശ്വര സാഹിത്യം തലമുറകളെ അതിജീവിച്ച് വരും തലമുറകള്‍ക്കുള്ള പാഠശാലകളാകുകയാണ്. തങ്ങള്‍ തച്ചുതകര്‍ക്കാന്‍ ശ്രമിച്ച സര്‍ഗ്ഗശേഷിയാണ് ലോകാവസാനം വരേയും തങ്ങളുടെ ഓര്‍മ്മകള്‍ മരിക്കാതെ കാത്തുവെയ്ക്കുന്നത് എന്നതില്‍ ഈ സ്വേച്ഛാധിപതികള്‍ക്ക് കലാകാരോട് കൃതജ്ഞത ഉണ്ടാവേണ്ടതുണ്ട്. അധികാരത്തിനെതിരേയുള്ള സമരം, മറവിക്കെതിരേയുള്ള പ്രതിരോധമാണ് എന്നു പറഞ്ഞത് മിലന്‍ കുന്ദേരയാണ്. തീര്‍ച്ചയായും തങ്ങളൊരു കാലത്ത് അനുഭവിച്ചിരുന്ന അവകാശങ്ങളോട് കാട്ടിയ മറവിക്കെതിരേയുള്ള കലഹം കൂടിയാണത്.
ഈ ശാഖയില്‍ വായനയുടെ ഉന്മാദം പകരുന്ന കൃതികളൊരുക്കിയതില്‍ പതിവുപോലെ മുന്‍പന്തിയിലുള്ളത് നൊബേല്‍ സമ്മാനിതരായ ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരാണ്. മരിയോ വര്‍ഗ്ഗാസ് യോസയുടെ ആടിന്റെ വിരുന്ന്, ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസിന്റെ കുലപതിയുടെ ശരത്കാലം, മിഗുവല്‍ ഏയ്ഞ്ചല്‍ അസ്തൂറിയാസിന്റെ ദി പ്രസിഡന്റ് മുതലായവ വായിച്ചിരിക്കേണ്ട കൃതികളാണ്. നോവല്‍ സങ്കേതങ്ങളിലിഴുകിച്ചേര്‍ന്ന മാന്ത്രികതകൊണ്ട് മാത്രമല്ല, അധികാരത്തിന്റെ രാഷ്ട്രീയത്തെ തീക്ഷ്ണമായി പ്രമേയത്തിലുള്‍ച്ചേര്‍ത്തുകൊണ്ടും വായനകളെ അവ തീപ്പൊള്ളലുകളാക്കുന്നു.  ഓര്‍ത്തെടുത്താല്‍ ഇനിയുമീ ലിസ്റ്റ് നീണ്ടേക്കാം. പുലിസ്റ്റര്‍ ജേതാവായ ആലീസ് വാക്കറിന്റെ കളര്‍ പര്‍പ്പിള്‍, റഷ്യയില്‍ അച്ചടിക്കുന്നതിന് അനുവാദമില്ലാതിരുന്ന യെഗ് വേനി സമ്യറ്റിന്റെ 'ഞങ്ങള്‍', ബ്രിട്ടീഷ് സേനയില്‍ ക്യാപ്റ്റനായിരുന്ന റോബര്‍ട്ട് ഗ്രേവ്സിന്റെ ക്ലോഡിയസ് എന്നിവപോലെ അപൂര്‍വ്വതകള്‍ സ്വന്തമായ നോവലുകളും വളരെ കൗതുകകരങ്ങളാണ്. മലയാളത്തിലേക്കെത്തുമ്പോഴാവട്ടെ, ഒ.വി. വിജയന്‍ തന്നെയാണ് ഓര്‍മ്മയിലേക്കാദ്യമെത്തുക. അടിയന്തരാവാസ്ഥയെക്കുറിച്ച് ദീര്‍ഘവീക്ഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ ധര്‍മ്മപുരാണവും അതിലെ ഭാഷാപ്രയോഗങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളും സജീവമാണ്. 

ഒവി വിജയന്‍
ഒവി വിജയന്‍


ഇപ്പറഞ്ഞവയെല്ലാം ഏതെങ്കിലും വ്യക്തിയേയോ അനുഭവങ്ങളേയോ അധികരിച്ചെഴുതിയതാണ്. '53' അവയില്‍നിന്നു വ്യത്യസ്തമാവുന്നത് ഏതെങ്കിലും അധികാരിയേയോ വ്യവസ്ഥയേയോ സോണിയ മാതൃകയാക്കുന്നില്ല എന്നതിലാണ്.  തുടക്കത്തിലെ ചടുലത അന്ത്യംവരെ നിലനിര്‍ത്താന്‍ കഴിയാതിരുന്ന പോരായ്മ 53-നുണ്ട്. പാത്രരൂപീകരണത്തില്‍ തുടക്കത്തില്‍ കാട്ടുന്ന ജാഗ്രത ചിലപ്പോഴെങ്കിലും പാളിപ്പോകുന്നു. എങ്കിലും ആദ്യനോവല്‍ ഹെര്‍ബേറിയത്തെപ്പോലെ '53'നെ അമിതമായി ആദര്‍ശവല്‍ക്കരിക്കാതിരിക്കാന്‍ സോണിയ ജാഗരൂകയാണ്. സോണിയയുടെ സൃഷ്ടികളിലെ പതിവ് വിവരാധിക്യത്തില്‍നിന്നും നോവല്‍ മുക്തവുമാണ്.
ഭരണകൂടത്തിന്റെ അമിതാധികാരം ഉറപ്പിക്കുന്നത് പ്രതികരണമറ്റ ജനതയാണെന്ന ശരിയായ നിരീക്ഷണമാണ് നോവലിസ്റ്റ് നടത്തുന്നത്. കടന്നുകയറ്റങ്ങളോട് പ്രതികരിക്കാനാവാത്തവിധം സമൂഹം കോര്‍പ്പറേറ്റ് സൗകര്യങ്ങളുടെ അടിമകളാകുന്നതിനെ നോവല്‍ വിമര്‍ശനബുദ്ധ്യാ പരിശോധിക്കുന്നു. ഒപ്പം വിമര്‍ശനവിധേയമാകുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ത്തമാനം കൂടിയാണ്. സ്റ്റേറ്റിന്റെ നാലു കാവലാളുകളെ അത് ജനങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുകതന്നെ ചെയ്യും. ജനതയുടെ പ്രതികരണശേഷി നശിപ്പിക്കുന്നതിനായി, എതിര്‍ക്കുന്നവരെ കായികമായി കൊടുംക്രൂരതകള്‍ക്ക് വിധേയരാക്കും. ഇത്തരം പ്രചണ്ഡമായ കാറ്റും മഴയും തടഞ്ഞുനിര്‍ത്തുന്നതിന് കുടകള്‍ മതിയാകുകയില്ല. പക്ഷേ, ഒരു പര്‍വ്വതത്തെ അതിനെതിരെ ഫലപ്രദമായി ഉപയോഗിക്കാനാവും. അധികാരത്തിന്റെ സത്തയും സ്വരൂപവും കൃത്യമായി മനസ്സിലാക്കി അതിനെതിരെ ജനങ്ങളെ ചിന്തിപ്പിക്കാനാവുമ്പോള്‍ മാത്രമേ അനൂബിസ് ലോകങ്ങളുടെ തകര്‍ച്ച തുടങ്ങുകയുള്ളൂ. അധീശ ശക്തിയുടെ പൊതുസമ്മതിക്കെതിരെ ജനങ്ങളുടെ ചിന്താമണ്ഡലത്തെ അടിമുടി പുതുക്കിപ്പണിയേണ്ടതുണ്ട്. പൂര്‍ണ്ണമായി വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നോവലിലെ ഭുവനദാസ് ഇപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ട് ഒരു പ്രതീകമാകുകയാണ്. പ്രതീക്ഷയുടെ തെളിച്ചമുള്ള പ്രതീകം. സംഘടിതമായ ജനകീയ ശക്തിക്കു മുന്നിലാണ് എന്നും ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ക്ക് കൊടിപ്പടം താഴ്തത്തേണ്ടിവന്നിട്ടുള്ളത് എന്നത് ചരിത്രമാണുതാനും. സത്യാനന്തരകാലത്ത് കരിസ്മാറ്റിക് അധികാരങ്ങള്‍ തകര്‍ന്നടിയാന്‍ പോകുന്നത് ജനശക്തിയുടെ കരിസ്മക്കു മുന്നില്‍ മാത്രമാണ് എന്നുതന്നെയാവണം 53 എന്ന വ്യത്യസ്ത നോവലിന്റെ ഫലശ്രുതിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com