സദയവും അദ്ദേഹവും അങ്ങും, പിന്നെ സമര്‍പ്പണവും സന്ദര്‍ശനവും: കെ ബാലകൃഷ്ണന്‍ എഴുതുന്നു

ഭാഷയുടെ കാര്യത്തിലും സമ്മര്‍ദ്ദ ഗ്രൂപ്പുകളെ മാധ്യമങ്ങളടക്കം ഭയപ്പെടുന്നുണ്ട്.
സദയവും അദ്ദേഹവും അങ്ങും, പിന്നെ സമര്‍പ്പണവും സന്ദര്‍ശനവും: കെ ബാലകൃഷ്ണന്‍ എഴുതുന്നു


നിയമസഭ ചേരുന്നത് ചോദ്യോത്തരവേളയോടെയാണ്. അംഗങ്ങളുടെ മേശപ്പുറത്ത് നിര്‍ബന്ധമായും ഉണ്ടാവുന്നത് രണ്ട് പുസ്തകമാണ്, പിന്നെ അന്നത്തെ അജന്‍ഡയും. ചെറിയ ഇളം മഞ്ഞ പുസ്തകം നക്ഷത്ര ചിഹ്നമിട്ട ചോദ്യസമാഹാരമാണ്. സാമാന്യം വലിയ ഗ്രന്ഥത്തിന്റെ വലിപ്പമുള്ള വെള്ളപ്പുസ്തകം നക്ഷത്രഭാഗ്യമില്ലാത്ത ചോദ്യങ്ങളുടേതാണ്. രണ്ടിനും പുറംചട്ടയില്ല. രണ്ടും ചേര്‍ന്നാല്‍ 400-500 ചോദ്യം വരും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളില്‍ കുറെയെണ്ണത്തിനു സഭാതലത്തില്‍ ഉത്തരം പറഞ്ഞുതന്നെ കിട്ടും. വലിയ പുസ്തകത്തിലെ ചോദ്യങ്ങളുടെ ഉത്തരം രേഖാമൂലമാണ് ലഭിക്കുക.

ഈ ചോദ്യപാരാവാരത്തില്‍ എല്ലാം പ്രസക്തമോ ചിലത് ആവര്‍ത്തനവും  മെനക്കെടുത്താനും ദുര്‍വ്യയത്തിനിടയാക്കുന്നതുമാണോ എന്നതൊന്നുമല്ല വിഷയം. അതൊക്കെ അവകാശമാണ്.

ചോദ്യങ്ങള്‍ക്കെല്ലാം ആമുഖമുണ്ടെന്നതാണ് കൗതുകകരം. താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദസഞ്ചാരവും ദേവസ്വവും വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ? താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും കയറും വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ?  സദയത്തെ തട്ടാതെ നിയമസഭാ ചോദ്യങ്ങള്‍ക്കു രക്ഷയില്ല. നിരന്തര 'സദയ'വും ആമുഖവും ഒഴിവാക്കിയാല്‍ കടലാസും മഷിയും അധ്വാനവും കുറെ ലാഭിക്കാം. 
അതല്ലല്ലോ പ്രധാന കാര്യം. നവോത്ഥാനവും ആചാര പരിഷ്‌കരണവുമൊക്കെ ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന സഭയില്‍ ആചാര ഭാഷയും ഉപചാര ഭാഷയും അനന്തമായി തുടര്‍ന്നുകൊണ്ടേയിരിക്കണോ? അവകാശവും അവകാശ ലംഘനവും ദിവസേന പലവട്ടം ചര്‍ച്ചയാകുന്ന സഭയില്‍ ചോദ്യം ചോദിക്കാനും ഉത്തരം ലഭിക്കാനുമുള്ള അവകാശമുള്ളപ്പോള്‍ സദയം സദയം സദയം എന്ന് ആവര്‍ത്തിക്കേണ്ടതുണ്ടോ. 

ഭാഷയുടെ കാര്യത്തിലും വലിയ താല്പര്യമെടുക്കുന്ന മികച്ച നിയമനിര്‍മ്മാണസഭയാണ് കേരളത്തിലേത്. പണ്ടും ഇന്നും. പക്ഷേ, സദയം പോലെ സഭയില്‍ നിറഞ്ഞുനില്‍ക്കുന്ന, ആവര്‍ത്തിക്കുന്ന പദമാണ് അങ്ങ്. അങ്ങ് മറുപടി നല്‍കണം എന്നും അങ്ങ് പറഞ്ഞ് തീര്‍ക്കണം, അങ്ങേക്ക് എന്താണ് പറയാനുള്ളത്, അങ്ങയുടെ നിലപാട്... എന്നിങ്ങനെ. 
ഭാഗ്യത്തിന് അവിടുന്ന് എന്ന സംബോധന ഇല്ല. അങ്ങ്, അങ്ങത്ത, അവിടുന്ന് എന്നീ സംബോധനാ പദങ്ങള്‍ സഭയ്ക്ക് പുറത്തും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. അങ്ങ് എന്നത് വാസ്തവത്തില്‍ എത്രമാത്രം അകലമുള്ളതാണ്!  
അടുത്തത് ബഹുമാനപ്പെട്ടതാണ്. കാണുന്നതിനെക്കാള്‍ വലുപ്പമുണ്ടെന്നാണ് ബഹുമാനത്തിന്റെ സൂചന. ആളൊരു ഒന്നൊന്നരയാണെന്നര്‍ത്ഥം. പേര് പറയുമ്പോഴെല്ലാം ബഹുമാനപ്പെട്ട എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിക്കുന്നത് ആചാര ഭാഷയുടെ, അഥവാ ഉപചാര ഭാഷയുടെ സ്വഭാവമാണ്. ബഹുമാന്യനായ എന്നതും അതിന്റെ ഭാഗം. കൂടുതല്‍ മാന്യതയുള്ളയാള്‍. മാനം എന്നത് അളവാണെന്നതിനാല്‍ ബഹുമാനം അധികമാനവും. ഔദ്യോഗികവും അനൗദ്യോഗികവുമായ യോഗങ്ങളില്‍ വിശേഷിപ്പിക്കാന്‍ ബഹുമാനവും ബഹുമാന്യനും പോരാത്തതിന് അവര്‍കള്‍ എന്നും കൂട്ടിച്ചേര്‍ക്കുന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ... അവര്‍കള്‍ക്ക് സ്വാഗതം... 
'അങ്ങി'നെപ്പോലെതന്നെ വളരെയധികം അകല്‍ച്ച തോന്നിക്കുന്നതാണ് അവര്‍കളും. അവര്‍ എന്നതുതന്നെ ബഹുവചനം. അതും പോരാഞ്ഞ് ഒരു കളും കൂടി ചേര്‍ത്ത് വക്താവിന്റെ വിധേയത്വം പൂര്‍ണ്ണമാക്കുന്നു. ഒരു സദസ്സില്‍ ഒപ്പമുള്ളവരെ അവര്‍ എന്നു പറയുന്നത് ഭാഷാപരമായി തെറ്റാണ്. അവര്‍ ദൂരവാചിയാണ്. പക്ഷേ, പൂജകബഹുവചനത്തിനായി അതിനേയും അട്ടിമറിക്കുന്നു.   

ഒന്നും സംബോധന ചെയ്യാതെ തല ചൊറിഞ്ഞും വാ പൊത്തിയും അടിയന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നതാണ് കേരളീയ ഭൂതകാലം. പില്‍ക്കാലത്ത് സര്‍, സാര്‍ വിളിയായി അത് മാറി. ഞാന്‍ അങ്ങയുടെ അടിമയാണെന്ന് ചോദിക്കാതെ വെളിപ്പെടുത്തുന്ന അര്‍ത്ഥം ഇന്ന് സാര്‍ വിളിക്കില്ല. സാര്‍ വിളി മലബാറിലും വ്യാപകമാകാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. നിങ്ങള്‍ മലബാറുകാര്‍ക്ക് സാര്‍ വിളിക്കാന്‍ നാവ് വഴങ്ങില്ല എന്ന് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ തമാശയായി പറഞ്ഞത് ഓര്‍ക്കുന്നു. പരമാവധി സാര്‍ വിളിക്കാതിരിക്കാന്‍ ശ്രമിക്കുക, വിളിച്ചാല്‍ത്തന്നെ ശബ്ദം  പുറത്തുവരാതിരിക്കുക- ആ അനുഭവത്തെ തുടര്‍ന്ന് പറഞ്ഞതാവാം. 

സാര്‍ വിളി പരക്കെ അംഗീകരിക്കപ്പെട്ടതാണെന്നതിനാല്‍ പോകട്ടെ. അദ്ദേഹമോ? അയാള്‍ എന്നുവിളിച്ചാല്‍ സഭയിലും പുറത്തും കുഴപ്പമാണ്. അദ്ദേഹം എന്നു വിളിക്കണം. ആ ആള്‍ക്ക് പകരം ആ ദേഹം.  ആ ശരീരം. അയാളേക്കാള്‍ എന്ത് ബഹുമാന്യതയാണ് അദ്ദേഹത്തിനുള്ളത്. സഭയിലെ ഒരംഗത്തിന്റേയോ മറ്റാരുടെയെങ്കിലുമോ അച്ഛനെ പരമാര്‍ശിക്കേണ്ടിവരുമ്പോള്‍ അച്ഛന്‍ എന്നു പറയുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന അവസ്ഥയും ഇവിടെയുണ്ട്. അച്ഛന്‍ കുഴപ്പം, പിതാവ് കുഴപ്പമില്ല! 

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സര്‍വ്വനാമമാണ് നീ. ഏറ്റവും അടുപ്പമുള്ളവര്‍ പരസ്പരം വിളിക്കുന്നത്. മുതിര്‍ന്നവര്‍ ഇളയവരെ സംബോധന ചെയ്യുന്നത്. പ്രായമുള്ളവരേയും അപരിചിതരേയും നിങ്ങള്‍ എന്നും. എന്നാല്‍  നിങ്ങള്‍ എന്നു വിളിച്ചുകൂടാ, താങ്കളെന്ന് വിളിക്കണം!  നീ എന്നു മാത്രം തുടങ്ങിയ ഒരു സര്‍വ്വനാമം ഉച്ചനീചത്വം രൂഢമായപ്പോള്‍ നിങ്ങളും താനും താങ്കളുമൊക്കെയായി വ്യത്യസ്ത രൂപങ്ങളായി. 
ഭരണഭാഷ മലയാളമാക്കണമെന്ന് ഐക്യകേരളം രൂപംകൊണ്ട അന്നുമുതലേ ആവശ്യമുയരുന്നുണ്ട്. അടുത്തകാലത്ത് അതില്‍ നല്ല പുരോഗതിയുമുണ്ട്. നിയമസഭയ്ക്ക് അതിനായി ഒരു ഉപസമിതിയുമുണ്ട്. ഭാഷാപ്രയോഗത്തിലെ ഉച്ചനീചത്വവും 'അമിത ബഹുമാന'വും സംബോധനാ പദങ്ങളിലെ നാടുവാഴിത്ത സ്വാധീനവുമെല്ലാം ചര്‍ച്ചയാവേണ്ടതല്ലേ. 

അസംബന്ധമാകുന്ന
പ്രയോഗങ്ങള്‍

ഭാഷയുടെ കാര്യത്തിലും സമ്മര്‍ദ്ദ ഗ്രൂപ്പുകളെ മാധ്യമങ്ങളടക്കം ഭയപ്പെടുന്നുണ്ട്. കേരളത്തിലെ പ്രധാന മാധ്യമങ്ങളെക്കുറിച്ച് സി.പി.എം വേദികളില്‍ ആക്ഷേപിച്ച് പറയാറുള്ള ഒന്നാണ് വെട്ടേറ്റു, വെട്ടേറ്റു മരിച്ചു എന്നീ പ്രയോഗങ്ങളുമായി ബന്ധപ്പെട്ടുള്ളത്. പ്രതിസ്ഥാനത്ത് സി.പി.എം. ആണെങ്കില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നോ വെട്ടിക്കൊന്നു എന്നോ ആണ് ചില മാധ്യമങ്ങള്‍ കൊടുക്കുക. നേരെ മറിച്ച് സി.പി.എം ആണ് ഇരയെങ്കില്‍ അതേ മാധ്യമങ്ങള്‍ കൊടുക്കുക വെട്ടേറ്റു പരിക്ക്, എന്നോ വെട്ടിക്കൊന്നു എന്നോ ആവുമെന്നാണവരുടെ ആക്ഷേപം.

അടുത്തകാലത്തായി ദേശീയതയുമായി ബന്ധപ്പെട്ടെന്ന പേരില്‍ മാധ്യമസ്ഥാപനങ്ങളില്‍ വരുന്ന തീവ്ര വിളികളിലൊന്ന് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ റിപ്പോര്‍ട്ടിലെ പദപ്രയോഗങ്ങളുമായി ബന്ധപ്പെട്ടാണ്. കൊല്ലപ്പെട്ടു എന്നാണ് മാധ്യമവാര്‍ത്തയായി വന്നതെങ്കിലാണ് രോഷപ്രകടനമുണ്ടാവുക. വീരമൃത്യു എന്നല്ലേ കൊടുക്കേണ്ടതെന്നാണ് അവര്‍ക്കഭിപ്രായം. അങ്ങനെതന്നെയാണ് പല മാധ്യമങ്ങളും സാധാരണ റിപ്പോര്‍ട്ട് ചെയ്യാറുള്ളതും. എന്നാല്‍ എപ്പോഴെങ്കിലും മറിച്ച് വന്നാല്‍ വിളികളായി. 

ഒരാള്‍ മരിച്ചാല്‍ മരിച്ചു എന്നല്ലാതെ നിര്യാതനായി എന്നോ അന്തരിച്ചു എന്നോ സാധാരണ വ്യവഹാര ഭാഷയില്‍ ഇല്ലാത്തതാണ്. ചരമം എന്ന പദവും സാധാരണ സംസാരഭാഷയില്‍ അധികം ഇല്ലാത്തതാണ്. ഇത് സാധാരണക്കാരുടെ കാര്യം. രാജാധിപത്യം ഇല്ലാതാവുകയും രാജയും റാണിയും കെട്ടിലമ്മയും ഒക്കെ വെറും പേരാവുകയും ചെയ്‌തെങ്കിലും അത്തരക്കാര്‍ മരിച്ചാല്‍, അതല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചടങ്ങ്  നടന്നാല്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യും എന്നത് പ്രശ്‌നമാണ്. പുരോഹിതന്മാരുടെ കാര്യത്തിലും ഈ പ്രശ്‌നമുണ്ട്. ദേശാഭിമാനിയില്‍ ലേഖകനായി പ്രവര്‍ത്തിക്കുമ്പോഴുണ്ടായ ഒരനുഭവം ഓര്‍ക്കുന്നു. ലേഖകരുടെ യോഗം എറണാകുളം മാരുതിയില്‍ നടക്കുകയാണ്. ചീഫ് എഡിറ്ററായി ഇ.എം.എസ്. ചുമതലയേറ്റ് അധികം കഴിയുന്നതിനു മുന്‍പ് തൊണ്ണൂറുകളുടെ ആദ്യമാണ്. അന്ന് തിരുവനന്തപുരം ലേഖകനായ കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഇ.എം.എസിനോട് ഒരു ചോദ്യം. ദേശാഭിമാനിയില്‍ ചരമവാര്‍ത്ത നിര്യാതനായി, നിര്യാതയായി എന്നിങ്ങനെയാണ് കൊടുക്കുക പതിവ്. എന്നാല്‍ നേതാക്കളോ പ്രമുഖ വ്യക്തികളോ ആണ് മരിച്ചതെങ്കില്‍ അന്തരിച്ചു എന്നാണ് കൊടുക്കുന്നത്. വിടവാങ്ങി എന്നും മറ്റുമുള്ള വിശേഷണങ്ങള്‍ അക്കാലത്ത് വലുതായി പ്രചാരത്തില്‍ വന്നിട്ടില്ല. ആര് മരിച്ചാലും നിര്യാണം എന്നു പറഞ്ഞാല്‍ മതിയോ എന്നതാണ് ഏഴാച്ചേരിയുടെ ചോദ്യം. ഇ.എം.എസ്. പൊട്ടിച്ചിരിച്ചു. അതെന്താ ഏഴാച്ചേരീ ഞാന്‍ മരിച്ചാലും നിര്യാതനായി എന്നു പോരേ, എന്തിനാ വ്യത്യാസം എന്നായിരുന്നു ഇ.എമ്മിന്റെ മറുപടി. പക്ഷേ, ഇ.എം.എസിന്റെ ആ വാദം പത്രം സ്വീകരിച്ചില്ല. ഇ.എം.എസ്. അതിനായി ശ്രമിച്ചും കാണില്ലെന്നാണ് കരുതുന്നത്. കാരണം പൊതുബോധം തന്നെ. മാധ്യമങ്ങള്‍ പൊതുബോധം സൃഷ്ടിക്കുകയും പിന്നെ അവര്‍ വിചാരിച്ചാല്‍ അതില്‍നിന്ന് ഊരാന്‍ പറ്റാതാവുകയും ചെയ്യുന്നതാണല്ലോ സ്ഥിതി. ആളുകളുടെ പദവിക്കനുസൃതമായി മരിക്കുന്നതില്‍പ്പോലും വ്യത്യാസം. എന്നാല്‍ ഇക്കാര്യത്തില്‍ മാതൃഭൂമിക്കു പ്രശ്‌നമില്ല. ആര് മരിച്ചാലും അന്തരിച്ചു എന്ന് കൊടുക്കാനുള്ള ഉദാരത. എന്നാല്‍ രാജാധിപത്യം ഇല്ലെങ്കിലും പഴയ രാജകുടംബത്തിന്റെ പിന്മുറക്കാര്‍ മരിച്ചാല്‍പ്പോലും തീപ്പെട്ടു എന്ന് കൊടുക്കേണ്ടിവരുന്ന സ്ഥിതി ചിലേടത്തെങ്കിലുമുണ്ട്. ക്രൈസ്തവ പുരോഹിതന്മാരാണെങ്കില്‍ നാടുനീങ്ങി എന്ന്. പോപ്പ് മരിച്ചാല്‍ കാലം ചെയ്തു എന്ന്. 

ആചാരഭാഷയുടെ കാര്യം അവിടെ നില്‍ക്കട്ടെ. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കുന്നതിന് ഇപ്പോഴും സമര്‍പ്പിക്കല്‍ എന്നു പറയുന്നു. ഔദ്യോഗിക പത്രക്കുറിപ്പുകളില്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് എഴുതുന്നത്. സമര്‍പ്പണത്തിന് കാലുപിടുത്തത്തിന്റെ സ്വരമുണ്ട്. ദേവപാദങ്ങളില്‍ പൂക്കളര്‍പ്പിക്കുന്നതുപോലെ. അപേക്ഷയ്ക്കും വിനീതകുനീത സ്വരമുണ്ടെങ്കിലും തല്‍ക്കാലം മറ്റ് മാര്‍ഗ്ഗമില്ല- എന്തെങ്കിലുമൊരു വാക്കു വേണമല്ലോ. പക്ഷേ, ആ അപേക്ഷ നല്‍കിയാല്‍ പോര, അര്‍പ്പിച്ചാലും പോരാ, സമര്‍പ്പിക്കുക തന്നെ വേണം!  പഴയ കത്തുകളിലേതുപോലെ താങ്കളുടെ വിധേയന്‍ എന്നുകൂടിയായാല്‍ അസ്സലായി. 

അടുത്തകാലത്ത്  അവാര്‍ഡ് നല്‍കുന്നതിനെ പുരസ്‌കാര സമര്‍പ്പണമാക്കിയിട്ടുണ്ട്. പത്രങ്ങളും മിക്കപ്പോഴും അങ്ങനെ പ്രയോഗിക്കുന്നു. പുരസ്‌കാരം എന്ന സംസ്‌കൃതത്തേക്കാള്‍ നല്ലത് അവാര്‍ഡെന്ന ഇംഗ്ലീഷാണ്. ഏവര്‍ക്കും പരിചിതവും ആ വാക്കാണ്. പക്ഷേ, ഗമ വേണമെങ്കില്‍ പുരസ്‌കാരസമര്‍പ്പണമാകണം. സമ്മാനവിതരണത്തിനു പകരം സമ്മാനദാനമാക്കുന്നത് താഴ്ത്തിക്കെട്ടലായി പരക്കെ കരുതപ്പെടുന്നില്ലെങ്കിലും അനൗചിത്യമുണ്ട്. 

നേതാക്കളുടെ സ്റ്റേറ്റ്‌മെന്റുകള്‍ക്ക് അംഗീകൃത തര്‍ജ്ജമ  പ്രസ്താവനയാണ്. എന്നാല്‍, ഇന്ന നേതാവ് ഇങ്ങനെ പ്രസ്താവിച്ചു എന്ന് ഇപ്പോള്‍ പത്രങ്ങള്‍ കൊടുക്കുന്നില്ല. രാഷ്ട്രപതിയോ മറ്റാരുതന്നെയാവട്ടെ; പറഞ്ഞു എന്നതാണ് ഇപ്പോഴത്തെ അംഗീകൃത പത്രഭാഷ. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ക്കപ്പുറം പ്രസ്താവിച്ചു എന്നേ പ്രയോഗിക്കാറുള്ളൂ. പറയുന്നതിനാണ് പ്രസ്താവിക്കുക എന്നു പറയുന്നതെന്നുവരെ അന്ന്  ആലോചിക്കാനേ കഴിയുമായിരുന്നില്ല. സ്ഥാനവലിപ്പവും പ്രഭുതയും അത്രയ്ക്ക്  മേലെയായിരുന്നു. ഇപ്പോഴും സന്ദര്‍ശനം കല്ലുകടിയായി തുടരുന്നുണ്ട്. നേതാവ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു, ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചു, ദുരന്തസ്ഥലം സന്ദര്‍ശിച്ചു, പരിക്കേറ്റവരെ സന്ദര്‍ശിച്ചു-കണ്ടു എന്ന് മാത്രം പോരേ എന്നു ചോദിച്ചിട്ട് കാര്യമില്ല- എന്തൊരസംബന്ധമാണ്  ഇത്തരം പ്രയോഗങ്ങള്‍... 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com