ഒരു ദേശവിശേഷം: ക്ഷേത്രോത്സവങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് ചെണ്ട കലാകാരന്മാരുടെ കഥ

മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് ചെണ്ട കലാകാരന്മാരുടെ കഥപറയുന്നു ഡോ. സത്യനാരായണനുണ്ണി സംവിധാനം ചെയ്ത ഒരു ദേശവിശേഷം
ഒരു ദേശവിശേഷം ചലച്ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഒരു ദേശവിശേഷം ചലച്ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍

രു കലാരൂപത്തേയോ കലാകാരന്റെ ജീവിതത്തേയോ പ്രമേയമാക്കി ധാരാളം സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സിനിമ, നൃത്തരൂപങ്ങള്‍, സംഗീതം, കഥകളി, കളിയാട്ടം, തെയ്യം എന്നിങ്ങനെയുള്ള കലാരൂപങ്ങള്‍ കൈകാര്യം ചെയ്യുന്ന കലാകാരന്മാരുടേയും/കലാകാരികളുടേയും ജീവിതം മുഖ്യപ്രമേയമായിട്ടാണ് മേല്‍പ്പറഞ്ഞ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. എം.ടി. വാസുദേവന്‍ നായരുടെ 'നിര്‍മ്മാല്ല്യം' കലാരൂപമല്ലെങ്കില്‍ കൂടി, അനുഷ്ഠാനത്തെ ആസ്പദമാക്കിയെടുത്ത ചലച്ചിത്രമാണ്. പി.ജെ. ആന്റണിക്കു ദേശീയ പുരസ്‌കാരം ലഭിച്ചതും ഈ സിനിമയിലാണ്. ഇതേത്തുടര്‍ന്ന്, കേരളത്തിലെ വ്യത്യസ്തങ്ങളായ ദൃശ്യകലാരൂപങ്ങളുടെ സാമൂഹ്യസ്ഥിതിയും കലാകാരന്മാരുടെ ജീവിതവും അഭ്രപാളിയിലേക്കു പറിച്ചുനടപ്പെട്ടു. മുഖ്യധാരാ സിനിമകളില്‍ ഇത്തരം ജീവിതഗന്ധിയായ ചലച്ചിത്രങ്ങള്‍ക്കു പ്രേക്ഷകരെ സമ്പാദിക്കാനും കഴിഞ്ഞു. അമച്ച്വര്‍ നാടകസംഘങ്ങളുടെ ജീവിത സംഘര്‍ഷങ്ങള്‍ അനാവരണം ചെയ്ത നെടുമുടിവേണുവിന്റെ 'പൂരം', ചവിട്ടുനാടക കലാകാരന്മാരുടെ കഥ പറഞ്ഞ ഭരതന്റെ 'ചമയം', കഥകളി കലാരംഗത്തെ ജീവിതം വര്‍ണ്ണപ്പൊലിമയോടെ വരച്ചുകാട്ടിയ ഷാജി എന്‍. കരുണിന്റെ 'വാനപ്രസ്ഥം', തെയ്യം കലാകാരന്റെ അനുഷ്ഠാനങ്ങളും ജീവിതവും പ്രമേയമായ ജയരാജിന്റെ 'കളിയാട്ടം', ചെണ്ട കലാകാരന്റെ ജീവിതം പ്രമേയമാക്കിയ ഷാജി എന്‍. കരുണിന്റെ തന്നെ 'സ്വപാനം' എന്നിവ ഇവയില്‍ ചിലതു മാത്രം.

എന്നാല്‍, ജൂലൈ അവസാനവാരം തിയേറ്ററുകളിലെത്തിയ നവാഗതനായ ഡോ. സത്യനാരായണനുണ്ണി സംവിധാനം ചെയ്ത 'ഒരു ദേശവിശേഷം' എന്ന സിനിമ, ഇവയില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. മേല്‍ പ്രസ്താവിച്ച സിനിമകളിലെല്ലാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, ചലച്ചിത്രലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള പ്രൊഫഷണല്‍ അഭിനേതാക്കള്‍ ആണെങ്കില്‍ 'ദേശവിശേഷ'ത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയത് ചെണ്ട കലാകാരന്മാരും അമച്ച്വര്‍ നടീനടന്മാരുമാണ് എന്നുള്ളതാണ്. 'വാനപ്രസ്ഥ'ത്തില്‍ കഥകളിക്കാരനാകാന്‍ ഷാജി എന്‍. കരുണ്‍ മോഹന്‍ലാലിനെയാണ് കണ്ടെത്തിയത്. 'സ്വപാന'ത്തിലെ മാരാരാകാന്‍ ജയറാമിനേയും. എന്നാല്‍, മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ അന്തരീക്ഷത്തില്‍ മൂന്നു ചെണ്ട കലാകാരന്മാരുടെ കഥ പറയാന്‍ ഡോ. സത്യനാരായണനുണ്ണി ആശ്രയിച്ചത്, മൂന്നു പ്രഗല്‍ഭരായ തായമ്പക വിദ്വാന്മാരെയാണ്. കഥയിലെ നായക-പ്രതിനായക പരിവേഷമുള്ള വീരരാഘവപ്പൊതുവാള്‍, നായകതുല്യമായ കഥാപാത്രമായ വേലുമകന്‍ വാസുവൈദ്യര്‍, ഒരല്പം വില്ലത്വമുള്ള ഇരിക്കൂര്‍ മാധവന്‍കുട്ടി എന്നീ മൂന്നു കഥാപാത്രങ്ങളേയും പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍, പനമണ്ണ ശശി എന്നീ തായമ്പക പ്രമാണിമാരാണ് അവതരിപ്പിച്ചത്.

ഒതുക്കം-പ്രമേയത്തിലും അവതരണത്തിലും 

മേള-തായമ്പക കലാകാരന്മാര്‍ക്കിടയിലുള്ള സ്പര്‍ദ്ധയും താല്‍ക്കാലികമായ അല്പരസങ്ങളും ഇവരെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ഉത്സവക്കമ്മിറ്റിക്കാരേയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയവും. മധ്യകേരളത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിലെ ഉത്സവാഘോഷത്തില്‍ നിന്നാണ് ചലച്ചിത്രം ആരംഭിക്കുന്നത്. അടുത്ത വര്‍ഷത്തെ ഉത്സവരാത്രിയില്‍ അവസാനിക്കുകയും ചെയ്യുന്നു. കൃത്യമായ തയ്യാറെടുപ്പോടുകൂടി എഴുതപ്പെട്ട സ്‌ക്രിപ്റ്റ് തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണഘടകം. 'വീരന്‍' എന്നു വിളിപ്പേരുള്ള വീരരാഘവപൊതുവാളുടെ തട്ടകത്തിലെ, അദ്ദേഹത്തിന്റെ സ്വന്തം ക്ഷേത്രത്തിലെ ഉത്സവത്തിന് ഉച്ചയ്ക്ക് തായമ്പക കൊട്ടാന്‍ തയ്യാറെടുക്കുന്നതിന്റെ ദൃശ്യങ്ങളോടെയാണ് കഥ തുടങ്ങുന്നത്. മദ്യപാനിയും അഹങ്കാരിയും എന്നാല്‍, 'ചെണ്ടപ്പുറത്ത് കോല്‍ വീണാല്‍'പ്പിന്നെ ഒന്നു മത്സരിക്കാന്‍ പോലും ഒരാളുമില്ലാത്ത 'വീരന്റെ' വ്യക്തിജീവിതത്തിലേയും കലാരംഗത്തേയും താളംതെറ്റലുകള്‍ ആണ് സിനിമയിലൂടെ വരച്ചുകാട്ടുന്നത്. അയാളുടെ എല്ലാ ചെയ്തികള്‍ക്കും ഒപ്പം നില്‍ക്കുന്ന രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുമുണ്ട്-വാസുവൈദ്യരും മമ്മുവും. മൂന്നു പേരും കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍. വര്‍ണ്ണത്തില്‍ മുന്നിലുള്ള വീരനേയും അധഃകൃതനായ വാസുവിനേയും ഗുരുനാഥന്‍ ഒന്നിച്ചാണ് ചെണ്ട അഭ്യസിപ്പിച്ചത്. ഗുരുനാഥനെ അദ്ഭുതപ്പെടുത്തുന്ന വിധത്തില്‍ വാസു കൊട്ടിക്കയറിയപ്പോള്‍ അദ്ദേഹം സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു കെട്ടിപ്പിടിച്ചു. ഒപ്പം സാമൂഹ്യ പ്രതിബദ്ധതയോര്‍ത്ത് അപ്പോള്‍ മുതല്‍ കൊട്ട് നിര്‍ത്തണമെന്ന് വാസുവിനെക്കൊണ്ട് ദൃഢപ്രതിജ്ഞയും ചെയ്യിച്ചു. അന്നുമുതല്‍ വേലു മകന്‍ വാസു വൈദ്യര്‍ കുലം കാരണം കല ചെയ്യാന്‍ പാടില്ലാത്തവനായി. സ്വന്തം കുലത്തൊഴിലായ 'പൂതന്‍-തിറ' കെട്ടിനടന്നു. എങ്കിലും വീരന്റെ ഒപ്പം- ഒരു നിഴല്‍പോലെ അയാള്‍ ഉണ്ടാകും. 

മമ്മുവിന്റെ വാപ്പ കുരിക്കള്‍, കളരിക്കാരനായിരുന്നു. കളരിമുറകള്‍ പഠിക്കുന്നിടത്തുനിന്നാണ് മമ്മുവും വാസുവും ഒന്നിക്കുന്നത്. ഗുരുനാഥന്‍ കുരിക്കള്‍ അന്നേ ഉപദേശിച്ചതാണ് എപ്പോഴും 'ഇടോം വലോം ങ്ങള് ണ്ടാവണം'ന്ന്. അതാണ് ഈ മൂവര്‍ സംഘം.

കുടുംബാന്തരീക്ഷത്തിലെ താളപ്പിഴകളും ഒരു പരിധിവരെ സ്വന്തം അഹങ്കാരവും വീരന്റെ സ്വകാര്യ ജീവിതത്തെ താറുമാറാക്കുന്നു. മദ്യപാനവും പിന്നെ നഷ്ടപ്പെട്ട സ്വന്തം മുറപ്പെണ്ണിന്റെ സാമീപ്യവുമാണ് അയാള്‍ക്ക് ആശ്വാസമാകുന്നത്. ആശയപരമായി വിയോജിപ്പുള്ള ഭാര്യ, തന്റെ കേമത്തത്തിനും പൊതുജനസമ്മിതിക്കും വലിയ വിലയൊന്നും (പരസ്യമായി) നല്‍കാത്ത അവരുടെ സ്വഭാവം എന്നിവ മൂലമാണ് വീരന്‍ മറ്റൊരു സ്ത്രീ സാമീപ്യം കൊതിച്ചത്. പുറത്താകട്ടെ, തന്റെ വീഴ്ചയില്‍ ആനന്ദിക്കാന്‍ കാത്തുനില്‍ക്കുന്ന വാദ്യരംഗത്തെ പ്രമുഖരും സംഘാടകരും. പക്ഷേ, ഇതിനോടൊക്കെ പടവെട്ടി ജയിച്ചുകേറുകയാണ് ചിത്രത്തിന്റെ ആദ്യപകുതിയില്‍ വീരന്‍. ഒരിക്കല്‍, പറഞ്ഞത് അനുസരിക്കാത്ത മകന്റെ വലത്തേ കയ്യിന്റെ മണി കണ്ടു തല്ലിപ്പൊട്ടിക്കുന്നുണ്ടയാള്‍. മകന്റെ പൊട്ടിയ കയ്യുമായി അമ്മ ചെന്നുകയറുന്നത്, അച്ഛന്റെ സന്തതസഹചാരിയായ വേലു മകന്‍ വാസു വൈദ്യരുടെ ചികിത്സയ്ക്കുവേണ്ടിയാണ്. വാസു മകന്റെ കൈ മരുന്നുവെച്ചു കെട്ടുന്നു. മാത്രമല്ല, ചികിത്സയുടെ ഭാഗമായി കുറേശ്ശെ കുറേശ്ശെയായി ചെണ്ട കൊട്ട് അഭ്യസിപ്പിക്കുന്നു, അച്ഛന്‍ അറിയാതെ.

ഒരു വിദേശയാത്രയോടുകൂടിയാണ് വീരന്റെ ജാതകം മാറുന്നത്.  
താന്‍ ഉപാസിച്ച്, തപസ്യപോലെ കൊണ്ടുനടക്കുന്ന തായമ്പക ഒരു മദ്യസല്‍ക്കാരവേദിയില്‍ അവതരിപ്പിക്കേണ്ടിവരുന്നതും സുഹൃത്തുക്കള്‍ കഥകളി വേഷം കെട്ടി ഭക്ഷണം വിളമ്പേണ്ടി വരുന്നതുമായ അനുഭവങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തുന്നു. ഒട്ടും നിനച്ചിരിക്കാതെ ഗുരുസ്ഥാനീയനായ ഇടയ്ക്കവിദ്വാന്‍ ശിവരാമപ്പൊതുവാളുടെ മരണവും കൂടിയായപ്പോള്‍, 'വീരന്റെ' വീരത്വം ചോര്‍ന്നുപോയി. പൊതുവാളുടെ അന്ത്യാഭിലാഷമായ ചിതയ്ക്ക് തീ കൊളുത്താമെന്ന വാക്ക് പാലിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല... ഒടുവില്‍ എന്തിനും ഏതിനും ഒപ്പമുണ്ടാവുകയും തളരുമ്പോഴൊക്കെ തല ചായ്ക്കുകയും ചെയ്തിരുന്ന കാമുകിയും വേദനയോടെ വീരനെ കയ്യൊഴിയുന്നു. 'വീര രാഘവപൊതുവാള്‍' എന്ന 'ലോകേശാത്ത വരപത്രാപ ബലവാനായ' രാവണനില്‍നിന്ന് സാധാരണ മനുഷ്യനിലേക്ക് ഇറങ്ങിവരുന്നു. ഒടുവില്‍ സ്വന്തം തട്ടകത്തിലെ ഉത്സവത്തിനു സ്ഥിരമായി ഒരു നിവേദ്യംപോലെ നടത്തിവരാറുള്ള തായമ്പക നടത്തുന്നതില്‍നിന്നു ക്ഷേത്രസംഘാടകര്‍ വീരനെ ഒഴിവാക്കുന്നു. പകരം ശത്രുവായ ഇരിക്കൂര്‍ മാധവന്‍കുട്ടിയും ശിഷ്യരും ചേര്‍ന്നുള്ള തായമ്പക നിശ്ചയിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് കിരീടംപോയ രാജാവിനെപ്പോലെ ഇരിക്കുന്ന അദ്ദേഹത്തിന്റെയടുത്ത് എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കിക്കൊണ്ട് ഭാര്യ പറയുന്നു: ''എന്റെ പൊതുവാള് ദുഃഖിക്കുന്നത് എനിക്ക് കാണാന്‍ വയ്യ. എന്റെ മുന്നില്‍ കൊട്ടിക്കോളൂ... ഞാന്‍ ഒരു വിളക്ക് കൊളുത്തിവെച്ചുതരാം'' എന്ന്. രണ്ട് പേരുടേയും ജീവിതത്തിലെ അഗ്‌നിപര്‍വ്വതങ്ങള്‍ എല്ലാം അലിഞ്ഞുതീരുന്നു. ഭാര്യയുടെ മുന്നില്‍ നിലവിളക്ക് സാക്ഷിയാക്കി വീരന്റെ 'നേര്‍കോല്‍' ചെണ്ടയില്‍ വീഴുന്നു, കഥയിവിടെ തീരുമെന്നു തോന്നി... ഇല്ല... ക്യാമറ ക്ഷേത്രമുറ്റത്തേയ്ക്ക്.. തായമ്പകയുടെ പുതിയ അവതാരമായ ഇരിക്കൂറിനെ പ്രശംസകൊണ്ട് പൊതിയുന്ന സംഘാടകരിലേക്കു ധൈര്യമുണ്ടെങ്കില്‍ സ്വയം മാറിനിന്ന്, ശിഷ്യര്‍ തായമ്പക കൊട്ടട്ടെയെന്നു പറഞ്ഞ് വാസുവൈദ്യനിലേക്ക്, ഒടുവില്‍ ഇരിക്കൂറിന്റെ ശിഷ്യര്‍ക്കൊപ്പം കൊട്ടിക്കയറിയ വാസുവിന്റെ ശിഷ്യന്‍.. വീരന്റെ പുത്രന്റെ വിജയത്തിലേക്ക്. എല്ലാം തിരിച്ചറിഞ്ഞ വീരന്‍, ക്ഷേത്രമൈതാനത്തുവെച്ച്, ചെണ്ട ഉപേക്ഷിച്ച് അധ:കൃതനായ വേലു മകന്‍ വാസു വൈദ്യനു ചെണ്ട നല്‍കി ഒരു വട്ടം ഒപ്പം കൊട്ടിയവസാനിക്കുന്നിടത്താണ്  സിനിമ തീരുന്നത്.

കലാരംഗത്തെ
വര്‍ണ്ണ-കുലവാഴ്ചകള്‍

അനാവശ്യമായ ഏച്ചുകേട്ടലുകളോ വലിഞ്ഞുമുറുകലുകളോ ഇല്ലാതെ നേരെ കഥ പറഞ്ഞുപോവുക എന്ന തന്ത്രമാണ് കഥാകൃത്തും തിരക്കഥ രചയിതാവും കൂടിയായ സംവിധായകന്‍ സത്യനാരായണനുണ്ണി ചെയ്തിട്ടുള്ളത്. ഒതുക്കമുള്ള പ്രമേയം, ലളിതമായ അവതരണരീതി. കെട്ടിക്കാഴ്ചകള്‍ക്കോ അമിതമായ സാങ്കേതികവിദ്യാ പ്രയോഗങ്ങള്‍ക്കോ ഒന്നും സംവിധായകന്‍ മുതിരുന്നില്ല. കഥ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ നല്ല ദൃശ്യങ്ങളുടെ സഹായത്തോടെ ക്യാമറയിലാക്കുന്നു. ഓരോ രംഗങ്ങളിലും സ്വാഭാവികത നിലനിര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 

മകനെ വീരന്‍ ഉത്സാഹപൂര്‍വ്വം ചെണ്ട അഭ്യസിപ്പിക്കുമ്പോള്‍, ചെണ്ടക്കോല്‍ വാങ്ങി വലിച്ചെറിയുന്ന ഭാര്യയുടെ മനോഭാവം അയാളെ തളര്‍ത്തുന്നുണ്ട്. ''പ്രശസ്തനായ ഒരു വാദ്യ വിദ്വാന്റെ ഭാര്യയായ ഇവിടെയൊരാള്‍ അനുഭവിക്കുന്നത് എനിക്കേ അറിയൂ. ഇനിയും അങ്ങനെ ഒരാള്‍ ഉണ്ടാവേണ്ട.'' കുലത്തൊഴില്‍ പഠിച്ചാല്‍ ജീവിതസുഖം ഉണ്ടാകില്ലെന്ന പൊതുചിന്തയുടെ പ്രതികമാണ് ഈ രംഗം. അതുപോലെ കഥകളി, തായമ്പകപോലുള്ള കലാരൂപങ്ങള്‍ വിദേശങ്ങളില്‍ കൊണ്ടുപോയി വിറ്റ് കാശാക്കുന്ന വന്‍കിട സംഘാടകന്‍ വീരനോട് പറയുന്നതും... ''ഇത്രേം കാലം കൊട്ടി നടന്നിട്ട് വല്ലതും നേടിയോ? ഇങ്ങനെത്തെ രണ്ടോ മൂന്നോ യാത്ര ഒരു കൊല്ലം നടത്തിയാലോ... കൊറച്ചൊക്കെ കണ്ണടക്കണം.'' സമകാലിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് ക്യാമറ തിരിക്കുക കൂടിയാണ് സംവിധായകന്‍ ചെയ്യുന്നത്. 
കലാരംഗത്തെ വര്‍ണ്ണ കുലവാഴ്ചകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രത്തില്‍. താഴ്ന്ന ജാതിക്കാരനായ വാസുവിന്, കഴിവുണ്ടായിട്ടും കൊട്ട് നിഷേധിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്നു.
ഒടുവില്‍ വിലക്കുകളെ മറികടന്നു കലയാകുന്ന സ്‌നേഹം ചെണ്ടയുടെ രൂപത്തില്‍ വാസുവിനു നല്‍കുന്നതും നായകന്‍ വീരന്‍ തന്നെ.

കന്നി സംവിധാന സംരംഭം എന്ന നിലയില്‍ ഏറെ അഭിമാനിക്കാനുള്ള ധാരാളം 'വഹകള്‍' ഡോ. സത്യനാരായണനുണ്ട്, ഈ ചിത്രത്തില്‍. എങ്കിലും ചില രംഗങ്ങള്‍ ചെറിയ കല്ലുകടി തോന്നി. ശിവരാമപൊതുവാളുടെ ചിതയില്‍ കൊള്ളിവെയ്ക്കുന്ന വീരനു ഷര്‍ട്ട് വേണ്ടായിരുന്നു. അതുപോലെ, പൂക്കാട്ടിയൂര്‍ ക്ഷേത്രത്തിലെ ത്രിത്തായമ്പക വെള്ളയും കറുപ്പും ടൈല്‍ പാകിയ നിലത്ത് തന്നെ വേണമായിരുന്നോ... എന്നിങ്ങനെ.

അഭിനയത്തിന്റെ കാര്യത്തില്‍ വീരനായ പേരൂര്‍ ഉണ്ണികൃഷ്ണനും വാസുവായ കല്പാത്തി ബാലകൃഷ്ണനും ഒപ്പത്തിനൊപ്പമാണെന്നു പറയാം. ഇരിക്കൂര്‍ മാധവന്‍കുട്ടിയെ പനമണ്ണ ശശി അവിസ്മരണീയമാക്കി. അല്പം ചില രംഗങ്ങളില്‍ മാത്രം വന്നുപോകുന്ന ക്ഷേത്രം പ്രസിഡന്റ് (കെ. ടി. രാമകൃഷ്ണന്‍), ഇടയ്ക്കവിദ്വാന്‍ ശിവരാമപൊതുവാള്‍ (തൃപ്പൂണിത്തുറ കൃഷ്ണദാസ്), ചീറ്റൂര്‍ എന്ന പേരുള്ള മാരാര്‍ (കലാമണ്ഡലം വിജയകൃഷ്ണന്‍) എന്നിവരുടെ പ്രകടനവും മികച്ചതായി.

വീരരാഘവപ്പൊതുവാളുടെ ഭാര്യയായി അഭിനയിച്ച ശ്രീല നല്ലേടം മിതത്വത്തോടെയുള്ള അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു മുന്‍പും ഇത്തരം കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം പൊളിച്ചെഴുതുന്ന പ്രകടനമായി മാറി ഇത്. കുട്ടത്തില്‍ പറയട്ടെ, മമ്മുവായി അഭിനയിച്ച ദിലീപ് ഏറെ സാധ്യതകളുള്ള നടനാണെന്നു നിസ്സംശയം പറയാം.

വളാഞ്ചേരി എന്ന മലപ്പുറം, തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുപട്ടണവും സമീപപ്രദേശങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ജീവന്‍ തുടിക്കുന്ന ദൃശ്യങ്ങള്‍ തന്നെയാണ് ചിത്രത്തിലുടനീളം നിറഞ്ഞുനിന്നതും ഈ പ്രദേശവാസികളയ കെ.ടി രാമകൃഷ്ണന്‍, കെ.ടി. അജയന്‍ എന്നിവരാണ് ചിത്രം. നിര്‍മ്മിച്ചിട്ടുള്ളത്. സിനിമാരംഗത്ത് ഒട്ടു പരിചിതരല്ലാത്ത കലാകാരന്മാരെ അഭിനയിപ്പിച്ച് ഒരു ചലച്ചിത്രം നിര്‍മ്മിക്കുക എന്ന വെല്ലുവിളിയാണിവര്‍ ഏറ്റെടുത്തത്.
ഒരു ദേശത്തിന്റെ മാത്രം കഥയല്ലിത്. ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഒരു ദേശവിശേഷം. 
                                        

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com