ഗയിഷകളുടേയും സമുറായികളുടേയും നാട്ടില്‍: കെവി മോഹന്‍ കുമാര്‍ എഴുതുന്നു

ഗയിഷകളുടേയും സമുറായികളുടേയും നാട്ടില്‍: കെവി മോഹന്‍ കുമാര്‍ എഴുതുന്നു

കറുത്തമുട്ടയുടെ വില്പനശാലയ്ക്കു സമീപം ഒരാള്‍ ജാപ്പനീസ് ഭാഷയില്‍ ഞങ്ങള്‍ക്ക് സുപ്രഭാതം നേരുന്നു.

കൊളംബോയില്‍നിന്ന് ടോക്യോയിലേക്ക് തലേന്നുരാത്രി ആരംഭിച്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ആകാശയാത്ര. സൂര്യന്‍ പോര്‍ക്കളത്തില്‍ കുതിച്ചുയരുന്ന സമുറായിയെപ്പോലെ വെട്ടിത്തിളങ്ങുന്ന മാര്‍ച്ചട്ടയണിഞ്ഞ് കിഴക്ക് നിന്നെത്തി നോക്കി. ഓഡിയോ ട്രാക്കിലൂടെ ഒഴുകിയിറങ്ങിയ, പണ്ഡിറ്റ് രവിശങ്കറും ജോര്‍ജ് ഹാരിസണും ചേര്‍ന്നൊരുക്കിയ സംഗീതത്തിന്റെ ലയത്തില്‍, ഇടയ്ക്കിടെ അരികിലൂടെ കടന്നുപോയ ശ്രീലങ്കന്‍ ആകാശ സുന്ദരിയുടെ ഉടലില്‍നിന്നുതിരുന്ന വശ്യ സൗരഭ്യം നുകര്‍ന്ന്, ജാപ്പനീസ് വോഡ്കയും സ്പ്രിന്റും മഞ്ഞുകട്ടകളും ഇഴചേര്‍ന്ന ട്രാന്‍സില്‍, പാട്രിക് ലവിയുടെ 'സാധൂസ്' വായിച്ചിരുന്നപ്പോള്‍ അറിഞ്ഞില്ല, കാലദേശങ്ങള്‍ ഒഴുകിപ്പോയ ദൂരം. ആകാശവാഹിനി ശാന്തസമുദ്രത്തിനു മീതേ പറന്നതും സുഖകരമായ ചെറിയൊരു മയക്കം ചിറക് വിടര്‍ത്തി. 'സാധൂസി'ന്റെ ആമുഖത്തിലെ തുപാല രാജാവിനെപ്പോലെ ഞാനുമൊരു സ്വപ്നനിദ്രയിലാണ്ടു. മാന്തളിര്‍ നിറക്കാരി ആകാശ സുന്ദരി സുതാര്യമായ മേല്‍ക്കുപ്പായമണിഞ്ഞ് ഉടല്‍വടിവുകളുടെ നിഴല്‍ക്കാഴ്ചകളുമായി സ്വപ്ന നിദ്രയിലേക്കിറങ്ങിവന്നു. ഏതോ കുറൊസാവാ ചിത്രത്തിലെ നായികയെ ഓര്‍ത്തു ഞാന്‍. അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് അരികെച്ചേര്‍ത്ത് നിര്‍ത്തിയതും അവള്‍ മന്ത്രിച്ചു: വരൂ, താന്ത്രിക യാത്രയ്ക്കായി ഞാനൊരു മാന്ത്രികപ്പരവതാനി വിരിക്കാം. കവാബത്തയുടെ നോവലിലെ കാമാവേശിതനായ കിഴവന്‍ എഗുച്ചിയെപ്പോലെ അവളുടെ നാഭിച്ചുഴിയില്‍ മുഖം ചേര്‍ത്തതും കോക്ക് പിറ്റില്‍നിന്ന് അറിയിപ്പ് കേട്ടു. ''വിമാനമിതാ നിലത്തിറങ്ങുകയായി. സഞ്ചാരികള്‍ ദയവായി അരപ്പട്ടകള്‍ മുറുക്കുക.''
'ഫ്യൂജിയാമ, ഫ്യൂജിയാമ', എതിര്‍വശത്തെ സീറ്റുകളില്‍നിന്നാരൊക്കെയോ വിളിച്ചു പറഞ്ഞു.

വിമാനത്തിന്റെ ജാലകങ്ങളിലൂടെ ദൂരക്കാഴ്ചകളിലേയ്ക്കു നോട്ടങ്ങള്‍ ചിതറി. മഞ്ഞു ദുപ്പട്ടയുടെ മറവില്‍ ഉരുകിത്തിളയ്ക്കുന്ന തീക്കുടം ഒളിപ്പിച്ച ഫ്യൂജിയാമയുടെ ആകാശക്കാഴ്ചകളിലേക്ക്. ഹിമാലയന്‍ യാത്രികരുടെ കാഴ്ചയില്‍ കൈലാസത്തിന്റെ മുന തെളിയുന്നതുപോലെ. ജപ്പാനികള്‍ ആദരവോടെ 'ഫ്യൂജിസാന്‍' എന്നു വിളിച്ച് ആരാധിക്കുന്ന പവിത്രതയുടെ പര്‍വ്വതമുടി. കടല്‍ നിരപ്പില്‍നിന്നു 13000-ത്തോളം അടി ഉയരത്തില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ജപ്പാനിലെ ഏറ്റവും തലയെടുപ്പുള്ള മലമുടി. മൗണ്ട് ഫ്യൂജി. ടോക്യോയില്‍നിന്നു 100 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ്.
ജാലകക്കാഴ്ചയിലൂടെ ഫ്യൂജിയെ ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. ഫ്യൂജി എന്റെ എതിര്‍ ദിശയിലായിപ്പോയി. ടോക്യോയിലെത്തി നാലാം നാള്‍ നിത്യവും പുകഞ്ഞുകൊണ്ടിരിക്കുന്ന ഹാക്കോണ്‍ അഗ്‌നിപര്‍വ്വതത്തിലേക്കുള്ള യാത്രയില്‍, തമാ ഗവാ നദിയുടെ കുറുകേ റോപ് വേയിലൂടെ പോകുമ്പോഴാണ് എനിക്കാ ഭാഗ്യമുണ്ടായത്. മഞ്ഞുമൂടിയ ഫ്യൂജിയാമയുടെ നേര്‍ക്കാഴ്ച. തമാ ഗവാ നദിയിലൂടെ ഉല്ലാസ നൗകകളില്‍ യാത്ര ചെയ്യുമ്പോള്‍, നീല ജലാശയപ്പരപ്പിനെതിരെ ദൂരെ, നീലാകാശത്തിരശ്ശീല മറവില്‍ തൂമഞ്ഞ് ശിരോവസ്ത്രമണിഞ്ഞുനില്‍ക്കുന്ന മൗണ്ട് ഫ്യൂജിയുടെ മാസ്മരികമായ കാഴ്ച കാണാം.

ഹാക്കോണ്‍ എനിക്ക് വിസ്മയക്കാഴ്ചയായി. ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണത്. 4500 അടി ഉയരത്തില്‍, റോപ് വേയില്‍ വന്നിറങ്ങി, മൂക്കും വായും മൂടിക്കെട്ടി പുകച്ചുരുളുകളില്‍ മുങ്ങിനിന്നപ്പോള്‍ ഗന്ധകപ്പുകമണം ഉള്ളിലേക്കരിച്ചിറങ്ങി. അരികെ നിന്നിരുന്ന സഹയാത്രികന്‍ അരവിന്ദ് ബാബു പറഞ്ഞു: ഏതു നേരവും പൊട്ടിത്തെറിക്കാവുന്ന അഗ്‌നിപര്‍വ്വതമാണിത്. മൂന്നു വര്‍ഷം മുന്‍പായിരുന്നു അവസാനത്തെ 'എറപ്ഷന്‍.' ഞാന്‍ ചുറ്റുപാടും ഉയരുന്ന ഗന്ധകപ്പുകയിലേയ്ക്ക് വിഭ്രാന്തിയോടെ നോക്കി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹാക്കോണ്‍ അതു സത്യമാണെന്നു തെളിയിച്ചു. 2019 മേയ് മാസം ജാപ്പനീസ് സര്‍ക്കാര്‍ ഹാക്കോണിലേയ്ക്കുള്ള യാത്ര നിരോധിച്ചു. റോപ് വേയും അടച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന്. ഓരോ വര്‍ഷവും 20 ദശലക്ഷം സഞ്ചാരികള്‍ വന്നെത്തുന്ന ഇടം.
''ഒഹായോ ഗോസായ്മസ്!'' 

ഹാക്കോണ്‍ പര്‍വ്വതം
ഹാക്കോണ്‍ പര്‍വ്വതം


ഒച്ച കേട്ട് ഞങ്ങള്‍ തിരിഞ്ഞുനോക്കി. കറുത്തമുട്ടയുടെ വില്പനശാലയ്ക്കു സമീപം ഒരാള്‍ ജാപ്പനീസ് ഭാഷയില്‍ ഞങ്ങള്‍ക്ക് സുപ്രഭാതം നേരുന്നു. ലാവയില്‍ പുഴുങ്ങിയെടുക്കുന്ന കറുത്ത കോഴിമുട്ട തിന്നാനുള്ള ക്ഷണം. 'കുറോ ടമാഗോ.' റോപ് വേയില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ കറുത്തതോടുള്ള മുട്ടയുടെ കൂറ്റന്‍ പരസ്യപ്പലകകള്‍ കാണുന്നു. ''ലാവയില്‍ പുഴുങ്ങിയ മുട്ട കഴിക്കുക. ഏഴു വര്‍ഷം കൂടി ആയുസ്സ് നീട്ടുക.'' അഞ്ച് മുട്ടകള്‍ അടങ്ങുന്ന പായ്ക്കറ്റിനു 500 യെന്‍. ശരാശരി മലയാളികളെപ്പോലെ ഞാനും മനക്കണക്ക് കൂട്ടി. 320 ഇന്ത്യന്‍ രൂപ. ഒരു കോഴി മുട്ടയ്ക്ക് 60 രൂപ. ഞങ്ങള്‍ ഓരോരുത്തരും രണ്ട് മുട്ട വീതം കഴിച്ചു. (ഒരേ സമയം പരമാവധി രണ്ട് മുട്ടയേ കഴിക്കാവൂ!) കൂട്ടിക്കിട്ടിയ ആയുസ്സ് 14 വര്‍ഷം. തലമുറകളായി ജപ്പാനികള്‍ക്കിടയിലുള്ള വിശ്വാസമാണത്.
''എന്താണീ കറുത്തതോടിന്റെ രഹസ്യം?'' ഞാന്‍ ഹാക്കോണ്‍ യാത്രയില്‍ ഞങ്ങളോടൊപ്പം വന്ന കിരണിനെ നോക്കി. കണ്ണൂര്‍ സ്വദേശികളായ കിരണും അനുപമയും ആയിടെയാണ് വിവാഹിതരായത്.
''ലാവയില്‍ പുഴുങ്ങിയപ്പോഴുണ്ടായ രാസമാറ്റം'' കിരണ്‍ പറഞ്ഞു.

3000 വര്‍ഷം മുന്‍പ് ഹാക്കോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ അഗ്‌നിപര്‍വ്വതത്തിന്റെ ചരിവുകളില്‍ ഗന്ധക പ്രവാഹങ്ങള്‍ രൂപം കൊണ്ടു. ഒവ്വാക്കുഡാനി. തിളയ്ക്കുന്ന താഴ്വരയെന്നര്‍ത്ഥം. ജീവരാശികളൊക്കെയും ചത്തൊടുങ്ങിയ താഴ്വര. മരണത്തിന്റെ താഴ്വരയിലൂടെ ഒഴുകിയ ഉഷ്ണ പ്രവാഹത്തില്‍ വേവിച്ചെടുക്കുന്ന മുട്ടകളില്‍ പഴമക്കാര്‍ ഔഷധവീര്യം കണ്ടുവത്രെ. യുവത്വത്തിലേക്കും ആയുര്‍ദൈര്‍ഘ്യത്തിലേക്കും നയിക്കുന്ന ഗന്ധക രഹസ്യം. തിളച്ചുരുകി ഒഴുകി വരുന്ന ലാവ പമ്പ് ചെയ്ത്, അതില്‍ പുഴുങ്ങിയെടുക്കുന്നതാണ് കറുത്തതോടുള്ള മുട്ടകള്‍. കാല്‍സ്യവും ഹൈഡ്രജന്‍ സള്‍ഫൈഡുമായുള്ള രാസപരമായ കൂടിച്ചേരലാവാം വെളുത്ത മുട്ടത്തോടിനെ കറുപ്പിച്ച് കരിക്കട്ടപോലാക്കുന്നത്. രുചിച്ചു നോക്കിയപ്പോള്‍ സാധാരണ കോഴിമുട്ടകളില്‍നിന്നു വേറിട്ട നേരിയ ഗന്ധക രുചി. അബുദാബിയിലെ അല്‍ ഐനില്‍ ജബേല്‍ ഹഫീറ്റ് മലയിലെ ഉഷ്ണജലപ്രവാഹത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കാലുകള്‍ നീട്ടി ഇരുന്നിട്ടുണ്ട്. സുഖകരമായ ചൂട് പകരുന്ന നീരൊഴുക്ക്. അതും ഗന്ധക പ്രവാഹമായിരുന്നു.

പസിഫിക് തീ വലയത്തിനുള്ളിലാണ് ജപ്പാന്‍. പസിഫിക് റിംഗ് ഓഫ് ഫയര്‍. 110 അഗ്‌നിപര്‍വ്വതങ്ങളുടെ വലയം. അതില്‍ നാല്‍പ്പത്തേഴും ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്നതും. അക്കൂട്ടത്തില്‍ ഭേദം ഫ്യൂജിയാമയാണ്. 250 വര്‍ഷങ്ങളായി മഹാമൗനത്തിലാണ് 'ഫ്യൂജിസാന്‍.' നാലു പ്രധാന ദ്വീപുകളും ആറായിരത്തിലേറെ ചെറു ദ്വീപുകളും ചേര്‍ന്ന ശൃംഖലയാണ് ജപ്പാന്‍ ദ്വീപ് സമൂഹം. ഹോണ്‍ഷു, ഷിക്കോക്കു, കിയുഷു, ഹൊക്കെയ്ദോ. ഹോണ്‍ഷുവിലാണ് ടോക്യോയും ഫ്യൂജിയാമയും ഹിരോഷിമയും. കാളപ്പോരിനു പേരു കേട്ടതാണ് ഷിക്കോക്കു. ബുദ്ധിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രം. കിയുഷുവിലാണ് നാഗസാക്കി. 

ജനസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരത്തില്‍ എനിക്ക് വിസ്മയക്കാഴ്ചയായത് വാണിജ്യകേന്ദ്രവും 'ഫാഷന്‍' ആസ്ഥാനവുമായ ഷിബുയായിലെ കാല്‍നടക്കാരുടെ ക്രോസ്സിംഗ് ആയിരുന്നു. തിരക്കേറിയ ഷിബുയാ റയില്‍വേ സ്റ്റേഷനു സമീപം ആറു മുഖ്യ നിരത്തുകള്‍ ചേരുന്ന ഇടം. സിഗ്‌നല്‍ ലൈറ്റ് മിന്നിമാഞ്ഞതും ഒരേ സമയം ആറുപാട്‌നിന്നും ആയിരങ്ങളുടെ ഒഴുക്ക്. മനുഷ്യര്‍ പുഴയായൊഴുകുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞാനവിടെ കണ്ടു. അവരില്‍ ഒട്ടേറെപ്പേര്‍ മൂക്കും വായയും മൂടിയ മാസ്‌ക് ധരിച്ചിരുന്നു. ടോക്യോയിലെ മലിനീകരണം അത്ര ഭീകരമാണോ എന്നു ഞാന്‍ ശങ്കിച്ചു. ടോക്യോ കാര്‍ഷിക സര്‍വ്വകലാശാലയില്‍നിന്നു ഞങ്ങളുടെ വഴികാട്ടിയായി വന്ന വിദ്യാര്‍ത്ഥി റിയോയോട് ഞാന്‍ ചോദിച്ചു. അയാളുടെ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. ''മലിനീകരണം ഭയന്നല്ല, അവരുടെ ജലദോഷമോ ചുമയോ മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലാണത്.'' ഒസാക്ക സ്റ്റേഷനില്‍നിന്ന് അതിവേഗ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴും കണ്ടു, മാസ്‌ക് ധാരികളെ. ട്രെയിനുകളില്‍പ്പോലും അവര്‍ പരസ്പരം സംസാരിക്കാറില്ല. യാത്ര അവസാനിക്കും വരെ പുസ്തകങ്ങളിലോ മൊബെയില്‍ ഫോണുകളിലോ മുഴുകിയിരിക്കും. നിരത്തിലോ പൊതുവേദികളിലോ അവരുടെ ഉറക്കെയുള്ള സംസാരം കേള്‍ക്കാനില്ല. പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ അവര്‍ പഠിച്ചുവരുന്ന പാഠമാണത്. സഹജീവികളോട് എങ്ങനെ കരുതല്‍ കാണിക്കണം? നമ്മുടെ നാട്ടിലെപ്പോലെ ഗണിതവും ശാസ്ത്രവും ഇംഗ്ലീഷും കുത്തിനിറച്ചല്ല താഴ്ന്ന ക്ലാസ്സുകളിലെ പാഠ്യപദ്ധതി. മാതൃഭാഷയായ ജാപ്പനീസിലാണ് പഠനം. സമൂഹത്തില്‍ നല്ല വ്യക്തിയായി ജീവിക്കുന്നതിനുള്ള അടിസ്ഥാന പാഠങ്ങള്‍ക്കാണ് ഊന്നല്‍. ആരോഗ്യം, വ്യായാമം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഒപ്പം അടിസ്ഥാന ഗണിതവും ശാസ്ത്രവും. അതുകൊണ്ടാവാം വെയില്‍ തെളിഞ്ഞുകഴിഞ്ഞും കുട്ടികള്‍പോലും നടപ്പാതകളിലൂടെ ജോഗ് ചെയ്യുന്നതു കണ്ടു. ഉച്ചയ്ക്ക് 12 മണിയോടെ ടോക്യോയിലെ കാര്‍ഷിക സര്‍വ്വകലാശാലയിലെത്തിയ ഞങ്ങള്‍ കണ്ടത് നട്ടുച്ച വെയിലത്ത് ഫുട്ട്‌ബോള്‍ കളിക്കുന്ന ആണും പെണ്ണും വിദ്യാര്‍ത്ഥികളെയാണ്. ''അതവരുടെ പാഠ്യക്രമത്തിന്റെ ഭാഗമാണ്'', സര്‍വ്വകലാശാലയിലെ ഏക ഇന്ത്യന്‍ അദ്ധ്യാപകനായ കോഴിക്കോട് സ്വദേശി ഡോ. പി.കെ. ബബില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അതിശയം തോന്നിയില്ല. ആരോഗ്യത്തിനു ജപ്പാനികള്‍ നല്‍കുന്ന കരുതല്‍ പതിവ് കാഴ്ചകളായിരുന്നു. ചെറിയ ദൂരങ്ങള്‍ക്ക് സ്ത്രീകള്‍പോലും സൈക്കിളുകള്‍ ഉപയോഗിക്കുന്ന കാഴ്ച. മുന്തിയ കാറുകളെ ഷെഡുകളിലുറക്കി കിടത്തി അതിരാവിലെ മുന്നിലും പിന്നിലുമായി യൂണിഫോമണിഞ്ഞ കുട്ടികളെ ഇരുത്തി സൈക്കിള്‍ ചവിട്ടുന്ന വീട്ടമ്മമാര്‍. നടപ്പാതകളില്‍ സദാ കണ്ടുമുട്ടാറുള്ള, 'ടിപ് ടോപ്' വേഷങ്ങള്‍ ധരിച്ച, 80 പിന്നിട്ട സുസ്മേരവദനരും ദൃഢഗാത്രരുമായ വയോവൃദ്ധര്‍... ഒരാള്‍ക്കുപോലും കുടവയറില്ല. ഏതു പ്രായത്തിലും. ചെറുപ്രായക്കാരായ സുന്ദരികളെ വിവാഹം ചെയ്തു സന്തുഷ്ടിയോടെ ജീവിക്കുന്ന ചുറുചുറുക്കുള്ള ചില എണ്‍പതുകാരേയും പരിചയപ്പെടാനിടയായി. ടോക്യോ ആസ്ഥാനമായുള്ള 'ഓയിസ്‌ക' ഇന്റര്‍ നാഷണലിന്റെ യോഗത്തിനിടയില്‍ പരിചയപ്പെട്ട തൊണ്ണൂറിലെത്തിയ വിഭാര്യനായൊരു മാന്യന്‍, സാക്കി മദ്യവും പച്ചമത്സ്യം അരിഞ്ഞിട്ട സഷിമിയും രുചിക്കുന്നതിനിടയില്‍ ചെറുപ്പക്കാരിയായ വധുവിനെ അന്വേഷിക്കുന്ന കാര്യം എന്നോട് പറഞ്ഞു. വധു ഇന്ത്യാക്കാരിയായാലും വിരോധമില്ല, ചെറുപ്പമായിരിക്കണം!'' ജപ്പാന്‍ ഇന്നു നേരിടുന്ന സാമൂഹിക പ്രശ്‌നമാണിത്. 80 പിന്നിട്ട ഇത്തരം 'ചുറുചുറുക്കന്മാരുടെ' ബാഹുല്യം!

ഡോ. ബബില്‍ ഞങ്ങളെ നാലഞ്ച് നിലകളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ ഗ്രന്ഥാലയത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. ''ഒരു പുസ്തകത്തിന്റെ പേരു പറയൂ'' ബബില്‍ പറഞ്ഞു. മസനോബു ഫുക്കുവോക്കയുടെ 'വണ്‍ സ്ട്രോ റവല്യൂഷന്‍' (ഒറ്റവയ്ക്കോല്‍ വിപ്ലവം). ഞങ്ങളിലൊരാള്‍ പറഞ്ഞു. ഡോ. ബബില്‍ അത് കംപ്യൂട്ടറില്‍ ഫീഡ് ചെയ്തു. ''പുസ്തകം വരുന്നത് നോക്കി നിന്നോളൂ'', ബബില്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ഒരു റോബോട്ടിന്റെ കൈ താഴത്തെ ഏതോ നിലയില്‍നിന്നു മേലേയ്ക്കുയര്‍ന്നു വന്നു. നാലഞ്ച് പുസ്തകങ്ങള്‍ അടങ്ങിയ ട്രേ. അതിലൊന്ന് ഫുക്കുവോക്കയുടെ പുസ്തകമായിരുന്നു.

യോയോഗി ഉദ്യാനം 
യോയോഗി ഉദ്യാനം 

കാര്‍ഷിക സര്‍വ്വകലാശാലയുടെ പച്ചപ്പില്‍നിന്നു പുറത്തേയ്ക്കുള്ള വഴിയില്‍ ഒരു വശത്തായിരുന്നു സുമോ ഗുസ്തിക്കാരുടെ കോട്ടേജുകള്‍. സമുറായികളെപ്പോലെ മുടിവളര്‍ത്തി ഉച്ചിയില്‍ കെട്ടിവെച്ച രണ്ട് ചെറുപ്പക്കാരായ സുമോ ഗുസ്തിക്കാര്‍ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന്റെ ലഹരിയിലായിരുന്നു. മുന്നിലിരുന്ന സ്ഫടിക കോപ്പകളില്‍ നുരയുതിര്‍ക്കുന്ന സാക്കേയുമായി ദ്വന്ദ യുദ്ധത്തിനുള്ള പുറപ്പാടിലായിരുന്നു അവര്‍.
സാക്കേ നെല്ലില്‍ നിന്നെടുക്കുന്ന ദേശീയ മദ്യമാണ്. ദക്ഷിണ കൊറിയയില്‍ വച്ചു രുചിച്ച സോജോയുടെ ജാപ്പനീസ് പതിപ്പ്. നെല്ലില്‍നിന്നു മദ്യം വാറ്റിയെടുക്കാന്‍ കൊറിയക്കാരെ പഠിപ്പിച്ചത് അധിനിവേശക്കാരായി വന്ന ജാപ്പനീസ് പട്ടാളക്കാരായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അവരതിനു സോജുവെന്നു പേരിട്ടു. രണ്ടിനും മണമില്ല. നഗരത്തിലെ തിരക്കേറിയ പരമ്പരാഗത റസ്റ്റോറന്റിലെ തീന്‍മേശകളില്‍ ജാപ്പനീസ് മിഥുനങ്ങള്‍ സാക്കേയോടൊപ്പം 'ഫുഗു' മത്സ്യം കടല്‍ പായലും പച്ചിലകളും കൂട്ടി നിര്‍വൃതിയോടെ രുചിക്കുന്നതു കണ്ടു. മെനു കാര്‍ഡുമായി വന്ന കിമോണ ധരിച്ച യുവതി ഇരുകൈകളും തുടകള്‍ക്കു മീതേ വച്ച് മുന്നോട്ട് കുമ്പിട്ട് വണങ്ങി. ഒനിഗിരി അരിയുണ്ടകളും പച്ചിലകളുമായി അവള്‍ വീണ്ടും വന്നപ്പോള്‍ മെനു കാര്‍ഡില്‍ 'ഫുഗു' വിഭവങ്ങള്‍ക്ക് വിലക്കൂടുതല്‍ കണ്ട് കാരണം ചോദിച്ചു. മുന്നോട്ട് കുനിഞ്ഞുനിന്ന് അവള്‍ ഭാവഭേദമില്ലാതെ പറഞ്ഞു. 'ഫുഗു വിഷാംശമുള്ള മത്സ്യമാണ്. ടെട്രോഡോ ടോക്സിന്‍ എന്ന മാരകമായ വിഷം. അത് ശാസ്ത്രീയമായി നീക്കം ചെയ്തശേഷമാണ് ഫുഗു പാചകം ചെയ്യുന്നത്. ഇല്ലെങ്കില്‍ മരണംപോലും സംഭവിക്കാം. പ്രത്യേക പരിശീലനവും ലൈസന്‍സും നേടിയിട്ടുള്ള ഷെഫിനേ ഫുഗു പാചകം ചെയ്യാന്‍ അനുമതിയുള്ളു. 'ഫുഗു ഹൈകി' എന്നു പേരുള്ള പ്രത്യേക തരം കത്തി ഉപയോഗിച്ചാണ് മീന്‍ മുറിച്ച് കഷണങ്ങളാക്കുന്നതുപോലും. അതുകൊണ്ട് ഫുഗു മീന്‍ വിഭവങ്ങള്‍ക്ക് വിലകൂടും. ഏറ്റവും കുറഞ്ഞനിരക്ക് 2000 ജാപ്പനീസ് യെന്‍.

അറിഞ്ഞുകൊണ്ടൊരു റിസ്‌ക്കിനു ഞങ്ങള്‍ ഒരുമ്പെട്ടില്ല. പകരം സുഷി ഓര്‍ഡര്‍ ചെയ്തു. ജപ്പാന്‍കാരുടെ പരമ്പരാഗതമായ ആഹാരം. വിനാഗിരി മണക്കുന്ന വെളുത്ത ചോറും കടല്‍ വിഭവങ്ങളും റാഡിഷ് അച്ചാറും കടല്‍ പായലും ചേര്‍ന്ന സദ്യക്കൂട്ട്. പുളിപ്പിച്ച സോയാബീന്‍. തൊട്ടടുത്ത തീന്‍മേശയിലിരുന്ന വിദേശ സഞ്ചാരികള്‍ 'നാബെ' കഴിക്കുന്നു. മുട്ടയും ചിക്കനും പച്ചക്കറികളും വെളുത്ത ചോറും ചേര്‍ന്ന വിഭവക്കൂട്ട്. എരിവും പുളിയുമില്ലാത്ത ആഹാരം ഒരുവിധം അകത്താക്കി, ബില്ലടച്ചു കഴിഞ്ഞ് മിച്ചം വന്ന 50 യെന്‍ ബില്‍ ഫോള്‍ഡറില്‍ വച്ചെണീറ്റതും വിളമ്പുകാരി യുവതി ഓടിവന്നു മിച്ചംവച്ച യെന്നും ബില്ലും എടുത്തു നീട്ടി ഭവ്യതയോടെ മൊഴിഞ്ഞു: അരിയത്തോ, അരിയത്തോ! (നന്ദി, നന്ദി!) ടിപ്പും ബില്ലും മടക്കിത്തന്നു ഞങ്ങള്‍ക്ക് നന്ദിയോതി അവള്‍ പിന്‍വാങ്ങി. സുഹൃത്ത് സുകുമാരന്‍ എന്റെ ചെവിയില്‍ പറഞ്ഞു: ''ജപ്പാനില്‍ ടിപ്പു സുല്‍ത്താനില്ല.''

യൂറി ഗാവുക്ക സ്റ്റേഷനില്‍നിന്ന് റൊമാന്‍സ് കാറില്‍ ക്യോഡോയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു: ''നമുക്കൊരു ഗയിഷാ ഭവനം സന്ദര്‍ശിച്ചാലോ?'' എന്റെ ചോദ്യം സദാചാരബോധമുള്ള സംഘാംഗങ്ങളുടെ നെറ്റിചുളിപ്പിച്ചു. എനിക്കൊരു ഗയിഷയെ പരിചയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. വളരെ കാലമായി എന്റെ വായനാലോകത്തു മാത്രം ജീവിക്കുന്ന ഗയിഷയെന്ന സമസ്യയെ നേരിലൊന്നു കാണാനും മുഖാമുഖം തരപ്പെടുത്താനും. നെറ്റില്‍ തിരഞ്ഞപ്പോള്‍ ഗെയ്ഷാ ഭവനങ്ങളുടേയും ഗെയ്ഷാ റസ്റ്റോറന്റുകളുടേയും പരസ്യം കണ്ടു. ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകളും. പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്, പ്രശസ്ത നോവലിസ്റ്റ് വിലാസിനി മൊഴിമാറ്റിയ കവാബത്തയുടെ 'സഹശയനം' (നെമുരേരു ബീജോ) വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ നാമ്പിട്ടുനില്‍ക്കുന്ന മോഹം. എഗുച്ചി എന്ന വൃദ്ധനോടൊപ്പം നഗ്‌നരായി സഹശയനം നടത്തുന്ന കന്യകമാര്‍. മരണത്തെ സമീപിക്കുന്ന 67-കാരന്റെ കാമാസക്തിയെ അസാധാരണമായ കലാഭംഗിയോടെ ആവിഷ്‌കരിക്കുന്ന കൃതി. മരുന്നുകൊടുത്ത് മയക്കിക്കിടത്തിയ നഗ്‌നസുന്ദരിമാര്‍ക്കൊപ്പം സഹശയനം നടത്താനാണയാള്‍ ഉറങ്ങുന്ന സുന്ദരിമാരുടേ ഭവനത്തില്‍ വരുന്നത്. നഷ്ടപ്പെട്ട യൗവ്വനം വീണ്ടെടുക്കാന്‍ കന്യകമാരുമായുള്ള സഹശയനം സഹായിക്കുമെന്ന ജപ്പാനികള്‍ക്കിടയിലുള്ള വിശ്വാസമാണയാളെ അവിടെ എത്തിക്കുന്നത്. അയാള്‍ക്ക് രതിശേഷി ഇല്ലാതായിരുന്നില്ല. എങ്കിലും പൊതുവേ എത്തുന്ന വൃദ്ധന്മാര്‍ ശേഷി നഷ്ടപ്പെട്ടവരാകയാല്‍, സ്വന്തം ബലഹീനതയില്‍ അവര്‍ നാണിക്കരുതല്ലോ എന്നു കരുതിയാണ് യുവതികളെ മയക്കി കിടത്തുന്നത്. എഗുച്ചിയിലാവട്ടെ, വല്ലാത്ത ഉത്തേജനം ഉണ്ടാവുന്നു. കഥയുടെ അവസാനം രണ്ട് സുന്ദരിമാര്‍ക്കൊപ്പമാണയാള്‍ ശയിക്കുന്നത്. അതിലൊരുവള്‍ രാത്രി മരിച്ചുപോകുന്നു. മൃത്യുവിന്റെ മുന്നില്‍ തുറിച്ചുനോക്കുന്ന എഗുച്ചി അവശേഷിച്ച യുവതിയോടൊപ്പം ശയിക്കുന്നു. എങ്കിലും തനിക്ക് അനുഭവപ്പെടുന്ന രതിക്ഷോഭം യൗവ്വനത്തിന്റെ വീണ്ടെടുപ്പല്ല, മൃത്യുവിന്റെ സന്ത്രാസമാണെന്ന് അയാള്‍ തിരിച്ചറിയുന്നു... കവാബത്തയുടെ കാലത്തുനിന്ന് ഒരുപാട് മാറ്റം വന്നിരിക്കുന്നു ജപ്പാനില്‍. പണത്തിനുവേണ്ടിയുള്ള രതി നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, 'കോള്‍ഗേള്‍സി'നൊട്ടും ക്ഷാമമില്ല. ഫാഷന്‍ ഹെല്‍ത്ത് ക്ലബ്ബുകളുടേയും ഡലിവറി ഹെല്‍ത്ത് സര്‍വ്വീസുകളുടേയും മറവില്‍ ഇമേജ് ക്ലബ്ബുകളും പിങ്ക് സലൂണുകളും സുലഭം.

ലാവയില്‍ പുഴുങ്ങിയ കറുത്തമുട്ട
ലാവയില്‍ പുഴുങ്ങിയ കറുത്തമുട്ട

ആര്‍തര്‍ ഗോള്‍ഡന്റെ 'മെമ്മയേഴ്സ് ഓഫ് എ ഗെയ്ഷ' വായിച്ചതു മുതല്‍ ഗെയിഷകളെക്കുറിച്ച് എനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ ടോക്യോയില്‍ എത്തിയതോടെ തിരുത്തപ്പെട്ടു. നമ്മുടെ ദേവദാസികളുടെ പകരക്കാരായാണ് ഞാന്‍ ഗയിഷകളെ സങ്കല്പിച്ചിരുന്നത്. അതല്ല ഗയിഷകള്‍. ദേവദാസികളെപ്പോലെ നിസ്സങ്കോചം രതിക്രീഡകളില്‍ ഏര്‍പ്പെട്ടിരുന്നവരല്ലവര്‍. അതേസമയം സംഭാഷണവും നൃത്തവും സംഗീതവും ഉള്‍പ്പെടെ സകല കലകളിലും പ്രാവീണ്യം സിദ്ധിച്ചവരായിരുന്നു. അതിഥി സല്‍ക്കാരമായിരുന്നു അവരുടെ നിയോഗം. 18-ാം നൂറ്റാണ്ടിലാണ് ഗയിഷകളുടെ ഉദയം. രണ്ടാം ലോക മഹായുദ്ധത്തോടെ ഗയിഷാ ഭവനങ്ങള്‍ (ഒകിയ) മിക്കതും അടഞ്ഞു. ഒരു നൂറ്റാണ്ട് മുന്‍പ് ജപ്പാനില്‍ ഒരു ലക്ഷത്തോളം ഗയിഷമാരുണ്ടായിരുന്നു. ഇന്നത് 2000-ല്‍ താഴെ. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനം നേടിയാണ് ഗയിഷ സമൂഹത്തിലേയ്‌ക്കൊരു പെണ്‍കുട്ടി വന്നുചേരുന്നത്. പണ്ട് അഞ്ച് വയസ്സിലേ തുടങ്ങിയിരുന്നു, പരിശീലനം. ഗയിഷകളാവുന്നതിനു മുന്‍പുള്ള 'മൈക്കോ' എന്ന അപ്രന്റീസ് പരിശീലനം. 18 തികഞ്ഞവരെയാണ് പണ്ട് ഗയിഷകളായി നിയോഗിച്ചിരുന്നത്. ടോക്യോയില്‍ 18 തികഞ്ഞാല്‍ ഇപ്പോള്‍ പരിശീലന ക്ലാസ്സില്‍ ചേരാം. ക്യോട്ടോയില്‍ 15 മതി. 'ഷമിസെന്‍' എന്ന തന്ത്രിവാദ്യം മീട്ടി നൃത്തം ചെയ്യുന്നതുള്‍പ്പെടെയുള്ള പരിശീലനം. ടോക്യോയിലെത്തിയപ്പോള്‍, 'ഗയിഷാ ചായസല്‍ക്കാരങ്ങ'ളെക്കുറിച്ചും ഗയിഷാ ഡിന്നറുകളെക്കുറിച്ചും കേട്ടു. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല ഗയിഷാ അത്താഴം. ഏറ്റവും കുറഞ്ഞ നിരക്ക് 50,000 ജാപ്പനീസ് യെന്‍. അത്താഴത്തിലെ വിഭവങ്ങള്‍ക്ക് 10,000 യെന്‍ വേറെയും. ദ്വിഭാഷി വേണമെങ്കില്‍ അതിനും. ജാപ്പനീസ് ഭാഷയറിയാതെ ഗയിഷാ അത്താഴത്തില്‍ പങ്കെടുക്കുന്നത് വെറുതെയാവുമെന്ന് ജപ്പാനില്‍ ദീര്‍ഘകാലമായി താമസിക്കുന്നൊരു മലയാളി സുഹൃത്ത് പറഞ്ഞു. മനോഹരമായ സംഭാഷണത്തിലൂടെ അതിഥികളെ രസിപ്പിക്കുന്ന ഗയിഷകള്‍ക്ക് ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷകള്‍ വശമില്ല. ടോക്യോയിലേക്കാള്‍ ക്യോട്ടോയിലാണ് ഗയിഷാ ചായ സല്‍ക്കാരങ്ങള്‍ വ്യാപകം. 

ഹാക്കോണ്‍ പര്‍വ്വതത്തിന് മുന്നില്‍ ലേഖകനും ഭാര്യയും
ഹാക്കോണ്‍ പര്‍വ്വതത്തിന് മുന്നില്‍ ലേഖകനും ഭാര്യയും

അവിചാരിതമായി മെയ്ജി ഷിന്റോ ക്ഷേത്രത്തിനു മുന്നില്‍ വച്ച് രണ്ട് ഗയിഷകളെ കാണാന്‍ ഭാഗ്യമുണ്ടായി. സുസ്മേരവദനകള്‍. കടഞ്ഞെടുത്ത ഉടല്‍വടിവുകളോടെ, കിമോണോയുടെ ചിറക് വിരുത്തി നടപ്പിന്റെ താളത്തിനൊപ്പം ഒഴുകിയൊഴുകി ഹ്യൂണ്ടായ് സെഡാനിലേക്ക് മറഞ്ഞു രണ്ടാളും. ചുവപ്പില്‍ വെളുപ്പും മഞ്ഞയും പൂക്കള്‍ തുന്നിയ ഫ്യുറിസോദ് ആയിരുന്നു വേഷം. ചിറകുപോലെ നീണ്ട കയ്യുള്ള വിലകൂടിയ പരമ്പരാഗത കിമോണൊ. വിവാഹം, ചായസല്‍ക്കാരം, അത്താഴവിരുന്നുപോലുള്ള വിശേഷ സന്ദര്‍ഭങ്ങളിലേ സ്ത്രീകള്‍ ഫ്യുറിസോദ് ധരിക്കാറുള്ളു.

മെയ്ജി ഷിന്റോ ദേവാലയം ഏറെ പൗരാണികമല്ല. കഷ്ടിച്ച് 100 വര്‍ഷത്തെ പഴക്കം. പാശ്ചാത്യ ലോകത്തിനു നേര്‍ക്ക് ജപ്പാന്റെ കവാടങ്ങള്‍ തുറന്നുവച്ച, ആധുനിക ജപ്പാന്റെ ആദ്യ ചക്രവര്‍ത്തിയായ മെയ്ജി ജിങ്കുവിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ദേവാലയം. ഷിന്റോ മത വിശ്വാസികളുടെ മുഖ്യ ദേവാലയങ്ങളിലൊന്നാണിത്. ചക്രവര്‍ത്തി മെയ്ജിയും ചക്രവര്‍ത്തിനി ഷോക്കനുമാണ് പ്രതിഷ്ഠ. 170 ഏക്കര്‍ നിത്യഹരിത വനത്തിനുള്ളിലാണ് ക്ഷേത്രം. ദേവാലയം നിര്‍മ്മിക്കാന്‍ ഇടം കണ്ടെത്തിയതും ആദ്യം ചെയ്തത് മരങ്ങള്‍ വച്ചു പിടിപ്പിക്കുകയായിരുന്നു. ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വിശ്വാസികള്‍ ശേഖരിച്ചു കൊണ്ടുവന്ന 365 ഇനത്തില്‍പ്പെട്ട 1,20000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു. വനത്തിനുള്ളിലെ നടവഴിയിലൂടെ നടന്നുവേണം ക്ഷേത്രത്തിലെത്താന്‍. തയ്വാനില്‍നിന്നു കൊണ്ടുവന്ന, 1500 വര്‍ഷം പഴക്കമുള്ള സൈപ്രസ് തടികൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ കവാടം. തൊട്ടടുത്തുള്ള യോയോഗി ഉദ്യാനം നീലയും വയലറ്റും മഞ്ഞയും നിറവൈവിധ്യങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന ഐറിസ് പൂക്കളാല്‍ സമൃദ്ധം. ജീവിച്ചിരുന്ന കാലത്ത് ഭാര്യ ഷോക്കനുമൊത്ത് സായാഹ്നങ്ങളില്‍ മെയ്ജി ചക്രവര്‍ത്തി വന്നിരിക്കാറുള്ളതായിരുന്നു ഈ ഐറിസ് ഉദ്യാനം. 1912-ല്‍ ചക്രവര്‍ത്തിയുടെ മരണത്തെ തുടര്‍ന്ന് ജപ്പാനിലെ ജനപ്രതിനിധി സഭയാണ് (ഡയറ്റ്) അതേ ഉദ്യാനം തന്നെ സ്മാരകത്തിനായി തെരഞ്ഞെടുത്തത്. പരമ്പരാഗതമായ 'നഗരെ-സുകുറി' വാസ്തുശില്പ മാതൃകയിലാണ് മുഖ്യമായും സൈപ്രസ് തടിയിലും ചെമ്പുതകിടിലും തീര്‍ത്ത ദേവാലയത്തിന്റെ നിര്‍മ്മിതി. രണ്ടാം ലോകമഹായുദ്ധത്തില്‍ ക്ഷേത്രം ഒട്ടുമുക്കാലും ബോംബിട്ട് തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് 1958-ല്‍ അതേ മാതൃകയില്‍ പുനര്‍നിര്‍മ്മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം. ഇപ്പോള്‍ ഷിന്റോ വിവാഹങ്ങള്‍ അധികവും നടക്കുന്നതിവിടെയാണ്.

ഹോസോമോണ്‍ ഗേറ്റും അഞ്ച് നിലയിലെ പഗോഡയും
ഹോസോമോണ്‍ ഗേറ്റും അഞ്ച് നിലയിലെ പഗോഡയും


അതിപ്രാചീനമായ ഷിന്റോ മതത്തിനു സ്ഥാപകനില്ല. പ്രവാചകരില്ല. വിശുദ്ധ ഗ്രന്ഥങ്ങളില്ല.(മതപരിവര്‍ത്തകരുമില്ല) 'ഹൃദയ വിശുദ്ധിയോടെ പ്രകൃതിയുമായി സൗഹൃദത്തില്‍ ജീവിക്കുക' ഇതാണ് ഷിന്റോ മതം കൈമാറുന്ന സന്ദേശം. ഞങ്ങള്‍ക്കൊപ്പം വഴികാട്ടിയായി വന്ന ഹരുണ എന്ന വിദ്യാര്‍ത്ഥിനി പറഞ്ഞു. (ഹരുണ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ 'വസന്തപുഷ്പം.') ക്ഷേത്ര വളപ്പ് ആരംഭിക്കുന്നിടത്തെ പുല്‍മൈതാനിയില്‍ ഒരു പറ്റം 'കരസു' കാക്കകളാണ് ഞങ്ങളെ വരവേറ്റത്. 'കരസു' ജപ്പാനിലെ വലിയ ഇനം കാക്കയാണ്. കാക്കയെന്നു വിളിച്ചാല്‍ കരസുവിനെ അധിക്ഷേപിക്കലാവും. നമ്മുടെ ബലിക്കാക്കകളേക്കാള്‍ വലിപ്പമുണ്ട്. മൈതാനത്ത് രണ്ട് കരസു ഇണകള്‍ ചിറക് കുടപോലെ വിടര്‍ത്തി പ്രണയസല്ലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ട് ഗോറില്ലയുടെ കുഞ്ഞാണോ എന്നു ഞാന്‍ സംശയിച്ചു. പുല്ലുകള്‍ക്കിടയിലും ഒറ്റപ്പെട്ട മരങ്ങളിലും വേറെയും നാനാതരം പക്ഷികളുണ്ടായിരുന്നു. വനത്തിനുള്ളിലെ നടവഴിയിലൂടെ നടന്നുവേണം ക്ഷേത്രത്തിലെത്താന്‍. ദേവാലയത്തിലേക്ക് കടക്കും മുന്‍പ് കയ്യും മുഖവും കഴുകാനും പ്രകൃതിയോടിണങ്ങുന്ന സംവിധാനമൊരുക്കിയിരിക്കുന്നു. കല്‍ത്തൊട്ടിയില്‍ ഊറിവരുന്ന ജലം. കോരിയെടുക്കാന്‍ മരത്തവികള്‍.

മെയ്ജി ചക്രവര്‍ത്തിയും ഭാര്യ ഷോക്കനും കവികളായിരുന്നു. രണ്ടാളും കൂടി ദാര്‍ശനിക മാനങ്ങളുള്ള ഒന്നേകാല്‍ ലക്ഷം ഹൈക്കു കവിതകള്‍ എഴുതിയിരുന്നു. ജീവിതത്തോടുള്ള കാഴ്ചപ്പാടിനൊപ്പം പാരിസ്ഥിതിക ദര്‍ശനങ്ങളും പ്രതിഫലിക്കുന്നതായിരുന്നു, പ്രമേയം. സന്ദര്‍ശകര്‍ക്ക് ദേവാലയത്തിനു മുന്നിലെ 'ഓമിക്കുജി കൂടില്‍' നിന്ന് അക്കമിട്ട കമ്പുകളിലൊന്ന് തിരഞ്ഞെടുക്കാം. 100 യെന്‍ അടച്ചാല്‍ ആ അക്കം സൂചിപ്പിക്കുന്ന ഹൈക്കു കവിത കിട്ടും. കവിതയിലെ വരികള്‍ പ്രവചന സ്വഭാവമുള്ളതാണെന്നാണ് സങ്കല്പം. എനിക്ക് കിട്ടിയ നാലു വരി കവിത ഇതായിരുന്നു:
''നിന്റെ അടിയുറച്ച വിശ്വാസങ്ങള്‍ നയിക്കുന്ന 
പാതയിലൂടെ സധൈര്യം മുന്നേറുക,
ഒരിക്കലും വഴിമാറാതെ.
മുന്നോട്ടുള്ള വഴിയില്‍ വിഘാതങ്ങളുണ്ടാവാം
അവയെ മറികടന്ന് മുന്നോട്ടു പോവുക...''
ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ 500 യെന്‍ മുടക്കി 'എമാ'കളിലൊന്നു വാങ്ങി കുറിച്ചിടാം. ''പിറ്റേന്നു പ്രാര്‍ത്ഥനയില്‍ നിങ്ങളുടെ ആഗ്രഹം ഷിന്റോ പൂജാരി വിശ്വപ്രകൃതിയോട് പറയും'' ഹരുണ പറഞ്ഞു. ''ആഗ്രഹം അദമ്യമാണെങ്കില്‍ വിശ്വപ്രകൃതി ഒപ്പമുണ്ടാവും. അത് സഫലമാക്കി തരും.''
''ഹരുണ പൗലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റ്' വായിച്ചിട്ടുണ്ടോ?'' ഞാന്‍ ചോദിച്ചു.
''നോ, ഹൂയീസ് ദാറ്റ്? വാട്ടീസ് ഇറ്റ്സ് റലവന്‍സ്?'' ഹരുണ എന്നെ നോക്കി.
'ആല്‍ക്കെമിസ്റ്റ്' നല്‍കിയ സന്ദേശം ഞാനവളെ പറഞ്ഞു കേള്‍പ്പിച്ചു.
വസന്തപുഷ്പംപോലെ അവളുടെ മുഖം വിടര്‍ന്നു. ''ദാറ്റീസ് അവര്‍ ബിലീഫ്.''
'എമാ'കള്‍ക്കരികിലേക്കാണ് അവള്‍ ഞങ്ങളെ കൂട്ടിക്കൊണ്ട് പോയത്. ആഗ്രഹങ്ങള്‍ എഴുതിയിടുന്ന ചെറിയ മരത്തകിടുകളാണ് 'എമ.' ഒറ്റനോട്ടത്തില്‍ നമ്മുടെ പനയോലപോലെ തോന്നിക്കും. സഫലമാകാനുള്ള ആഗ്രഹങ്ങള്‍ 'എമ'യില്‍ എഴുതി ദേവാലയത്തില്‍ ഒരിടത്ത് തൂക്കിയിടാം.

മെയ്ജി ക്ഷേത്രത്തില്‍ വിശ്വാസികള്‍ എഴുതിയിടുന്ന 'എമാ'കള്‍
മെയ്ജി ക്ഷേത്രത്തില്‍ വിശ്വാസികള്‍ എഴുതിയിടുന്ന 'എമാ'കള്‍


വിശ്വാസികള്‍ എഴുതി ഞാത്തിയിട്ടിരുന്ന എമാകളിലൂടെ ഞാന്‍ കണ്ണോടിച്ചു. ഒരു പെണ്‍കുട്ടി എഴുതിയ പ്രാര്‍ത്ഥന എന്റെ ഹൃദയത്തില്‍ തട്ടി. ''എന്റെ അച്ഛന്റേയും അമ്മയുടേയും മനസ്സ് നേരെയാവണേ. അവര്‍ ഒന്നിച്ചു ജീവിക്കണേ.'' ഇതായിരുന്നു അവളുടെ ആഗ്രഹം.
''ജപ്പാനില്‍ ഡിവോഴ്സ് കൂടിവരികയാണ്''' ഹരുണ പറഞ്ഞു.
ഞാന്‍ വായിച്ചിരുന്നു. പുതിയ നൂറ്റാണ്ട് വന്നതോടെ ജപ്പാനില്‍ വിവാഹമോചനം കൂടി വരികയാണ്. ആയിരത്തില്‍ രണ്ട് വീതം ദമ്പതികള്‍ ഓരോ വര്‍ഷവും വിവാഹമോചനത്തിലേയ്ക്കു നീങ്ങുന്നു. (ആഗോളമാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ വിവാഹമോചന നിരക്ക് കുറഞ്ഞു വരികയാണ്. രണ്ടാളുടെ വരുമാനമുണ്ടെങ്കിലേ ജീവിതം സുരക്ഷിതമാവൂ എന്ന തിരിച്ചറിവോടെ.)

അസകുസയിലെ സെന്‍സോജി ക്ഷേത്രമാണു ടോക്യോയിലെ ഏറ്റവും പ്രാചീന ദേവാലയം. ക്രിസ്തുവര്‍ഷം 645-ല്‍ നിര്‍മ്മിച്ചത്. സുമിതാനദിയില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരന്മാരുടെ വലയില്‍ കാരുണ്യത്തിന്റെ ദേവതയായ അവലോകിതേശ്വര വിഗ്രഹം കുടുങ്ങി. വിഗ്രഹം നദിയില്‍ ഉപേക്ഷിച്ച് രണ്ടാളും മടങ്ങി. വീണ്ടുമൊരിക്കല്‍ വന്നു വലവീശിയപ്പോഴും വിഗ്രഹം വലയ്ക്കുള്ളിലായി. വിഗ്രഹം ഇന്നു ക്ഷേത്രം നില്‍ക്കുന്നിടത്ത് പ്രതിഷ്ഠിച്ചു. 17 വര്‍ഷമെടുത്തു ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. സെന്‍സോജി ക്ഷേത്രത്തിന്റെ കവാടമാണ് ടോക്യോ നഗരത്തിന്റെ ചിഹ്നം. ക്ഷേത്രത്തോട് ചേര്‍ന്നുള്ള 'നകാമിസെ' വാണിഭത്തെരുവിന് ഏഴു നൂറ്റാണ്ട് പഴക്കമുണ്ട്.

ഓയിസ്‌കയുടെ അന്താരാഷ്ട്ര ബോര്‍ഡ് യോഗം നടന്നത് ഒളിമ്പിക്‌സ് മെമ്മോറിയല്‍ യൂത്ത് സെന്ററിലായിരുന്നു. 1964-ലെ ടോക്യോ ഒളിമ്പിക്‌സിന്റെ സ്മാരകം. ആദ്യ മൂന്നു ദിവസം 25 രാജ്യങ്ങളില്‍നിന്നായി വന്ന പ്രതിനിധികള്‍ക്കുള്ള താമസവും ഒളിമ്പിക്‌സ് വില്ലേജിലെ ചെറിയ കോട്ടേജുകളിലായിരുന്നു. ഓയിസ്‌കയുടെ ദക്ഷിണേന്ത്യാ അദ്ധ്യക്ഷന്‍ എന്ന നിലയിലായിരുന്നു എന്റെ പങ്കാളിത്തം. പാരിസ്ഥിതിക അവബോധമുണര്‍ത്തി നല്ല ഭൂമിയെ രൂപപ്പെടുത്തുന്നതിനായി നിലകൊള്ളുന്ന സംഘടനയാണ് ഓയിസ്‌ക. എങ്കിലും ഞാന്‍ അവതരിപ്പിച്ച വിഷയം 'ജല സുരക്ഷ'യായിരുന്നിട്ടും അധ്യക്ഷ ഡോ. യോഷികോ നകാനോയുടെയോ ഒട്ടുമിക്ക വിദേശ പ്രതിനിധികളുടെയോ മുഖങ്ങളില്‍ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല. ഉച്ചഭക്ഷണത്തിനിടയില്‍ ജനറല്‍ സെക്രട്ടറി യസുയാകി നഗായിഷി തമാശയായി ചോദിച്ചു. ''ജലസുരക്ഷ അത്ര വലിയ പ്രശ്‌നമാണോ?''


സന്ദര്‍ശനം നാലഞ്ച് ദിവസം പിന്നിട്ടപ്പോഴേക്കും എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുട്ടും കടലയും കഴിക്കാന്‍ അതിയായ മോഹം. ഹിഗാഷിയില്‍ താമസിക്കുന്ന വടകര സ്വദേശി പ്രമോദിന്റേയും സീനയുടേയും വീട്ടിലായിരുന്നു ഒരു ദിവസത്തെ അത്താഴം. ഡോ. ബബിലിന്റെ വീട്ടിലുമുണ്ടായിരുന്നു നാടന്‍ വിഭവങ്ങള്‍. പെരുവെംബ സ്വദേശി നിത്യാനന്ദിന്റെ ആതിഥ്യം ഒരു ഇന്ത്യന്‍ റസ്റ്റോറന്റിലായിരുന്നു. പുട്ടും കടലയുമൊഴികെ എല്ലാം കിട്ടി. ആ ദിവസങ്ങളിലാണ് നെന്മാറ സ്വദേശി അനില്‍ രാജിനെ പരിചയപ്പെടുന്നത്. 'നിര്‍വ്വാണ' എന്ന പേരില്‍ ജപ്പാനില്‍ പലേടത്തും കേരളീയ നാടന്‍ ഭക്ഷണശാലകള്‍ നടത്തുകയാണ് അനില്‍ രാജ്. നിര്‍വ്വാണയുടെ രുചി സാമ്രാജ്യത്തിലേക്ക് അനില്‍ രാജ് ഞങ്ങളെ ക്ഷണിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട് വാഴയിലക്കീറില്‍ കുത്തരിയുടെ പുട്ടും നാടന്‍ കടലക്കറിയും പ്രത്യക്ഷപ്പെട്ടു. തീന്‍ മേശകള്‍ക്കു ചുറ്റുമിരിക്കുന്ന ജാപ്പനീസ് കുടുംബങ്ങളെ കണ്ട് എന്റെ അതിശയം ഇരട്ടിച്ചു. ''നമ്മുടെ ഇഡ്ഡലിയും പൂരിയും മസാലദോശയുമൊക്കെ രുചിക്കാന്‍ പതിവായി വരുന്നവരാണവര്‍'' അനില്‍ രാജ് പറഞ്ഞു.

ഏഴാമത്തെ രാത്രി. മഹാനഗരത്തിലെ തിരക്കിലൂടെ, മഴവില്‍ പാലത്തിന്റെ അരിക് പറ്റി, പാരീസിലെ ഈഫേല്‍ ടവറിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ടോക്യോ ടവറിനെ പ്രദക്ഷിണം വച്ച്, ശാന്തസമുദ്രത്തിന്റെ തീരത്തേക്കാണ് ഞങ്ങള്‍ പോയത്. പസഫിക്കിനു മീതേ പൂര്‍ണ്ണചന്ദ്രന്‍ പതിവിലേറെ വലിപ്പത്തില്‍ ഉദിച്ചുയര്‍ന്നിരുന്നു. തിരയൊടികളില്‍ നിലാവ് വഴിഞ്ഞൊഴുകിയിരുന്നു. സ്വതേ ശാന്തസ്വരൂപിയായ കടല്‍നിലാവിന്റെ പ്രണയത്തിളപ്പില്‍ ഉന്മാദിയായപോലെ. കണങ്കാല്‍ മൂടിനിന്ന ജലസഞ്ചയം മെല്ലെ മേലേക്കുയരുന്നതായി തോന്നി. ഉള്ളില്‍ അതുവരെയില്ലാത്തൊരു ആനന്ദത്തിന്റെ വേലിയേറ്റം. എന്റെ ഭാര്യ ഉള്‍പ്പെടെയുള്ള സഹയാത്രികര്‍ വാഹനങ്ങളിലേക്ക് മടങ്ങി. ദില്ലിയിലായിരുന്ന ഇളയ മകള്‍ ആര്യയ്ക്കുവേണ്ടി പസിഫിക്കിലെ ഒരുപിടി മണല്‍ ശേഖരിച്ച് കാറിലേക്ക് മടങ്ങുമ്പോള്‍ ശാന്തസമുദ്രത്തിനു മീതെ ഒഴുകിവന്ന കാറ്റ് ചൂളമിട്ടു: ഒയാസുമീ നസായി!
സുഹൃത്തേ, നിനക്ക് ശുഭരാത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com