'രാജാവല്ല; പൗരനാണ് നമ്മളെ ഭരിക്കുന്നത്': അടൂരും മധുപാലും മനസ് തുറക്കുന്നു

അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് എണ്‍പതു തികയുമ്പോള്‍ ഈ അഭിമുഖം ഒരിക്കല്‍ക്കൂടി
'രാജാവല്ല; പൗരനാണ് നമ്മളെ ഭരിക്കുന്നത്': അടൂരും മധുപാലും മനസ് തുറക്കുന്നു

വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേ ഒരിക്കല്‍ അടൂര്‍ ഗോപാലകൃഷ്ണനോടു ചോദിച്ചു: താങ്കള്‍ ഒരു സിനിമയെടുത്തുകഴിഞ്ഞ് അടുത്തത് തുടങ്ങുന്നതിനിടയില്‍ ഇത്ര നീണ്ട ഇടവേള എന്തുകൊണ്ടാണ്? സിനിമ ജീവിതോപാധി ആക്കിയ ആള്‍ എന്ന നിലയില്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും എടുക്കാത്തതെന്താണ്? ''എന്റേയും ആഗ്രഹം അതാണ്. പക്ഷേ, പ്രായോഗികമായി അതു നടക്കാതെ പോവുകയാണ്. ഓരോ തവണയും വിഷയം അല്ലെങ്കില്‍ പ്രമേയം തെരഞ്ഞെടുക്കാനും മറ്റു തയ്യാറെടുപ്പുകള്‍ക്കുമൊക്കെയായി ഒരുപാട് സമയം വേണ്ടി വരുന്നു'' എന്നായിരുന്നു അടൂരിന്റെ മറുപടി. പിന്നീട്, അദ്ദേഹത്തിന്റെ ശ്രദ്ധേയ സിനിമകളിലൊന്നായ 'മുഖാമുഖം' കണ്ട് ഇറങ്ങിയപ്പോള്‍ റേ ചോദിച്ചു: ''ഇത് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചുവന്ന കഥയാണോ?'' അല്ലെന്നും ഈ സിനിമയ്ക്കുവേണ്ടി താന്‍ എഴുതിയുണ്ടാക്കിയതാണെന്നും പറഞ്ഞപ്പോള്‍ മറുപടി ഇതായിരുന്നു: ''താങ്കള്‍ സിനിമയെടുക്കാന്‍ ഇത്ര വൈകുന്നതിന്റെ കാരണം ഇപ്പോഴെനിക്കു മനസ്സിലായി.'' സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാലുമായുള്ള ദീര്‍ഘസംഭാഷണത്തിനിടെ അടൂര്‍തന്നെ പറഞ്ഞ അനുഭവമാണ് ഇത്. അടൂര്‍ സിനിമകളുടെ കാമ്പും കരുത്തും വരുന്ന പ്രധാന വഴികളിലൊന്ന് റേയുമായുള്ള ആ സംഭാഷണത്തിലുണ്ട്. ആള്‍ക്കൂട്ടക്കൊലകളോടും ജയ് ശ്രീറാം വിളി കൊലവിളിയാക്കുന്നതിനോടുമുള്ള ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയവര്‍ക്കൊപ്പം അടൂരും ചേര്‍ന്നതു സിനിമയെടുക്കുന്നതുപോലെ സമയമെടുത്ത് ആലോചിച്ചുറപ്പിച്ചാണ്. അതുകൊണ്ടാണ്, പറയാന്‍ വേണ്ടി പറഞ്ഞതല്ലാത്തതുകൊണ്ടാണ് അതിലിത്ര തീപ്പൊരി. ''ഒരു രീതിയിലും ഭീരുക്കളായി ഒളിച്ചിരിക്കരുത്. പുറത്തു വരണം. പറയേണ്ട സ്ഥലത്ത് പറയണം. അതൊരു ചുമതലയായിത്തന്നെ കാണണം. ആര്‍ക്കും എതിരായ സമരമായിട്ടല്ല. മറിച്ച്, നമ്മള്‍ ഇതിനു ചുമതലപ്പെട്ടവരാണ് എന്ന തിരിച്ചറിവു വേണം. നമ്മുടെ ജീവിതമാണ്, നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതമാണ്'' അടൂര്‍ പറയുന്നു. 

ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സിനിമയുടെ പ്രതീകമായി രാജ്യം അന്തസ്സോടെ പരിചയപ്പെടുത്തുന്നവരുടെ മുന്‍നിരയില്‍ കേരളത്തിന്റെ അഭിമാനം. അതാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന് അറിയാത്തവരില്ല. രാജ്യം ആ ശബ്ദം ശ്രദ്ധിച്ചു. പക്ഷേ, കേരളത്തില്‍ പ്രതീക്ഷയോടെ ശ്രദ്ധിച്ച മഹാഭൂരിപക്ഷത്തിനിടെ അസഹിഷ്ണുതയോടെ മാത്രം ശ്രദ്ധിച്ച ചിലരുമുണ്ടായി. അവര്‍ക്കു പക്ഷേ, ഒപ്പമുള്ളവരുടെപോലും പിന്തുണ കിട്ടിയില്ല. രാജ്യത്തിന്റെ പൊതുവായ ശബ്ദം അതല്ലെന്നും കുറച്ചു മണ്ടന്മാര്‍ തെറ്റിദ്ധരിച്ചുപോയേക്കാമെന്നും അടൂര്‍. ''തെറ്റിദ്ധരിച്ചവര്‍ ഏറ്റുപറയുകയും ചെയ്യും. പക്ഷേ, രാജ്യത്തെ ബഹുഭൂരിപക്ഷം അവര്‍ക്കൊപ്പമല്ല.'' 

അനന്തരത്തിന്റെ ചിത്രീകരണത്തിനിടയില്‍
അനന്തരത്തിന്റെ ചിത്രീകരണത്തിനിടയില്‍


വിയോജിപ്പ് തുറന്നു പറഞ്ഞതിന്റേയും സ്വതന്ത്ര അഭിപ്രായപ്രകടനത്തിന്റേയും പേരില്‍ സമീപകാലത്ത് അതിരൂക്ഷ സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന കലാകാരനാണ് മധുപാല്‍. ''ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്'' എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ കാതല്‍. ഇതോടെ മധുപാല്‍ ആത്മഹത്യ ചെയ്തു എന്നു വ്യാപക പ്രചരണമുണ്ടായി. ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ ഒരു കുറിപ്പോ കമന്റോ കണ്ടാല്‍, ഇയാള്‍ മരിച്ചുപോയതാണല്ലോ എന്ന മട്ടിലുള്ള പ്രതികരണങ്ങള്‍ വന്നു. വീട്ടില്‍ക്കൊണ്ടുവന്ന് റീത്ത് വയ്ക്കും എന്ന ഭീഷണിയുണ്ടായി. അതിനുശേഷവും തളര്‍ന്നു പിന്‍മാറാന്‍ തയ്യാറാകാതെ സ്വന്തം നിലപാട് ആവര്‍ത്തിക്കുന്നു മധുപാല്‍: ''ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാതന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്തകാലത്ത് കണ്ടു. പക്ഷേ, എന്തുകൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.''

വിധേയന്‍
വിധേയന്‍

അടൂര്‍ ഗോപാലകൃഷ്ണനും മധുപാലും തമ്മില്‍ സംസാരിക്കുമ്പോള്‍ രണ്ടു സിനിമാക്കാരുടെ സിനിമാ വര്‍ത്തമാനം മാത്രമായി മാറാതിരിക്കുന്നത് സ്വാഭാവികം. രാഷ്ട്രീയം, സമൂഹം, ഭാഷ, ജനാധിപത്യം, മതേതരത്വം എല്ലാമുണ്ട് ഇതില്‍. കണ്ണുകളും കാതുകളും തുറന്നു സ്വന്തം കാലത്തെ അറിയുന്ന രണ്ട് ഇന്ത്യക്കാരുടെ, രണ്ട് മലയാളികളുടെ വര്‍ത്തമാനം. 

ഇഷ്ടമില്ലാത്തതും കേള്‍ക്കണം 

ഞങ്ങള്‍ പറയുന്നതുപോലെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു, ഞങ്ങള്‍ പറയുന്നതേ കേള്‍ക്കാന്‍ പാടുള്ളു എന്നു കുറേയാളുകള്‍ പറഞ്ഞാല്‍ അതെങ്ങനെ അംഗീകരിക്കാനാകും. ഇതു വിശ്വാസമോ ഭക്തിയോ ആണോ?

അടൂര്‍: ഇതു വിശ്വാസമല്ല. അതിനെ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ജയ് ശ്രീറാം എന്ന് ഇവര്‍ വിളിക്കുന്നത് വിശ്വാസവും ഭക്തിയുമായി ബന്ധപ്പെട്ടല്ലല്ലോ. അത് ഭഗവാന്റെ നാമമാണ്. അതു ദുരുപയോഗം ചെയ്യരുത്. പ്രത്യേകിച്ചും ഇരകളെക്കൊണ്ട് അതു നിര്‍ബ്ബന്ധിച്ചു പറയിക്കുന്നത് വളരെ ഹീനമായ ഒരു കാര്യമാണ്. അതു ഭക്തിയല്ല. ഞങ്ങളുടെ കത്തില്‍ അതാണ് പറഞ്ഞത്. വേറൊന്നുമല്ല. ഇപ്പോഴും ഞങ്ങള്‍ അതുതന്നെയാണ് പറയുന്നത്. അതില്‍ ഉറച്ചു നില്‍ക്കുന്നു.

സാര്‍ പറഞ്ഞതുതന്നെയാണ് പ്രധാനം. ദൈവത്തിന്റെ നാമം നാം ഭക്തികൊണ്ട് ഭക്തര്‍ വിളിക്കുന്ന നാമമാണ്. അത് കൊലവിളിയായി മാറുന്നു. എങ്ങനെയാണ് അങ്ങനെ മാറ്റാന്‍ സാധിക്കുന്നത്? അതിനു പിന്നിലെ മനോഭാവത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? 

അവര്‍ ജയ് ശ്രീറാമില്‍നിന്നു കൊലവിളിയുടെ ഭാഗമായി ഭക്തിയെ എടുത്തുമാറ്റി. പകരം അസഹിഷ്ണുത വച്ചു. അവരുടെ കൊലവിളി മറ്റുള്ളളവരും ഏറ്റുപറയണം എന്നാണ് ആഗ്രഹിക്കുന്നത്. വളരെ അപകടകരമാണ് അത്. 

കഴിഞ്ഞ ദിവസവും യു.പിയില്‍ ഒരു പയ്യനെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിക്കുകയും അതിന് തയ്യാറാകാതിരുന്നപ്പോള്‍ തല്ലിക്കൊല്ലുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വലിയ വേവലാതിയായി മാറിയിരിക്കുന്നു. ഇതേ തരം അനുഭവം കുറച്ചുമുന്‍പ് എനിക്കുമുണ്ടായി. വീടിനു മുന്നില്‍ റീത്ത് വയ്ക്കും എന്നാണ് അന്ന് അവര്‍ പറഞ്ഞത്. അടൂര്‍ സാറിന്റെ വീടിനു മുന്നിലും വന്ന് ജയ് ശ്രീറാം വിളിക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് ഇങ്ങനെ ഞാന്‍, നീ അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ എന്ന വേര്‍തിരിവോടെ ആക്രമണം നടത്തിയിട്ട് അതില്‍ അവര്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ക്കൊപ്പമല്ലെങ്കില്‍ നിങ്ങള്‍ രാജ്യത്തിനൊപ്പമല്ല എന്നു പറയുന്നു. 

അതിന്റെ കാരണം വ്യക്തമാണ്. അധികാരം നേടാനും നിലനിര്‍ത്താനും ഇത്തരം വിഭജനം ആവശ്യമാണ് എന്നു കരുതുന്ന രാഷ്ട്രീയ ആശയമാണല്ലോ അവരുടേത്. സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി നേട്ടമുണ്ടാക്കുന്ന ഐഡിയോളജിയാണ് അത്. ഗുജറാത്തില്‍ ചെയ്തു വിജയിച്ചു. ദേശീയതലത്തിലും വിജയിച്ചു. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ വിഭജനം കൂടുതല്‍ എളുപ്പമാണ്. വിദ്യാഭ്യാസം കുറഞ്ഞവരും സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും അജ്ഞതയില്‍ കഴിയുന്നവരുമാണ്. ആരാണ് രാജ്യം ഭരിക്കേണ്ടതെന്നു തീരുമാനിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് ഇത്. അവരുടെ പിന്നാക്കാവസ്ഥയെ മുതലാക്കുകയാണ് ഇവര്‍. അവരിലാണ് ഇവര്‍ വര്‍ഗ്ഗീയ രാഷ്ട്രീയം നടപ്പാക്കുന്നത്. ഈ ആള്‍ക്കൂട്ടക്കൊലകളൊക്കെ നടക്കുന്നത് അവിടെയാണല്ലോ. 

ഒരു വിഭാഗം രാഷ്ടീയ നേതാക്കളും ചില ഭരണാധികാരികളും പോലും ഇത്തരം സങ്കുചിത നിലപാടുകളേയും അക്രമങ്ങളേയും പിന്തുണയ്ക്കുന്നവരായി മാറുന്നു എന്നത് നമ്മുടെ ഭരണഘടനയോടും ജനാധിപത്യ തത്ത്വങ്ങളോടുമുള്ള വെല്ലുവിളിയല്ലേ? നമ്മള്‍ ദേശീയതയെക്കുറിച്ചും ദേശാഭിമാനത്തെക്കുറിച്ചും പറയുകയാണല്ലോ.

തീര്‍ച്ചയായും. ആരുടെ ദേശീയതയാണ് എന്നതാണ് കാര്യം. നമ്മള്‍ വോട്ടു ചെയ്തല്ലേ ഇവരെയൊക്കെ ജയിപ്പിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും വോട്ടെടുപ്പില്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നോ എന്നു നമുക്കറിയില്ല. വോട്ടുചെയ്തവര്‍ തന്നെയാണ് ജയിച്ചത് എന്നു വിശ്വസിക്കുന്നു. ഇതൊരു വിശ്വാസമാണ്. അല്ല എന്നു പറഞ്ഞാല്‍ കഷ്ടമാണ്. അതുകൊണ്ട് അങ്ങനെ ആരോപിക്കുന്നില്ല. നമ്മള്‍ വോട്ടു ചെയ്തുതന്നെ ജയിപ്പിച്ചതാണ്. ആ വോട്ടിങ്ങില്‍ ജയിക്കാന്‍ വേണ്ടിയാണ്, ജയിച്ചു ഭരണത്തില്‍ വരാന്‍ വേണ്ടിയാണ് അവര്‍ ആളുകളില്‍ ഭിന്നിപ്പുണ്ടാക്കിയത്. ഭൂരിപക്ഷമുണ്ടാക്കുന്നതിനുവേണ്ടി എന്തു ചെയ്താലും കുഴപ്പമില്ല എന്ന് അവര്‍ വിചാരിക്കുകയാണ്. 

ജയിക്കുന്നവരുടെ ഭരണമാണല്ലോ നടക്കുന്നത്.

 ജനാധിപത്യം അതല്ല. ജനാധിപത്യം എന്നത് എണ്ണത്തില്‍ കൂടുതല്‍ നേടിയവരുടേയും കുറച്ചു കിട്ടിയവരുടേയും കൂടിയാണ്. ഇവരെല്ലാം ചേര്‍ന്നതാണ്. ജനങ്ങളാണ് ഇവരെയെല്ലാം തെരഞ്ഞെടുത്തിരിക്കുന്നത്. എണ്ണത്തില്‍ മുന്നിലെത്തിയവരാണ് ഭരിക്കാന്‍ കയറുന്നത്. പക്ഷേ, മറ്റുള്ളവര്‍ക്ക് ഇതില്‍ റോളില്ല എന്ന് അര്‍ത്ഥമില്ല. അവരേയും കൂടി ചേര്‍ത്താണ് ഭരിക്കേണ്ടത്. പക്ഷേ, ഭരണത്തില്‍ മുന്‍കൈയെടുക്കാനുള്ള അവകാശം ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്കുണ്ട്. ഭരണം നടക്കണം എന്നുള്ളതുകൊണ്ടാണ് അത്; എല്ലാവരുമായും എല്ലാക്കാര്യത്തിലും അഭിപ്രായ ഐക്യമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട്.

മതിലുകളില്‍ നിന്നുള്ള രംഗം
മതിലുകളില്‍ നിന്നുള്ള രംഗം

അതേസമയം പ്രതിപക്ഷത്തുള്ളവരുമായും സംസാരിച്ച് സമന്വയമുണ്ടാക്കി വേണം ഭരിക്കാന്‍. അതാണ് ഭരണഘടന പറയുന്നത്. അല്ലാതെ ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്കു സ്വേച്ഛാധികാരത്തിലേക്കു പോകാം എന്നു നിര്‍ദ്ദേശിച്ചിട്ടില്ല. സ്വേച്ഛാധികാരമല്ല, ആ പാര്‍ട്ടിയുടെ മാത്രം അജന്‍ഡകളുമല്ല നടപ്പാക്കേണ്ടത്. എല്ലാവരും യോജിക്കുന്ന, ജനങ്ങള്‍ക്കെല്ലാം നന്മ വരുന്ന പരിപാടികള്‍ ഒത്തൊരുമിച്ചു നടപ്പാക്കുകയാണ് വേണ്ടത്. അതിനു മുന്‍കൈയെടുക്കേണ്ടത് ഭൂരിപക്ഷം കിട്ടുന്ന കക്ഷിയാണ്. അത്രേയുള്ളു വ്യത്യാസം. ദേശസ്‌നേഹം എന്നൊക്കെ പറഞ്ഞ് ഓരോരുത്തര്‍ നിര്‍വ്വചിക്കാന്‍ തുടങ്ങുമ്പോഴാണ് പ്രശ്‌നം. ദേശസ്‌നേഹം എന്താണെന്നൊക്കെ എല്ലാവര്‍ക്കും അറിയാം. പെട്ടെന്നാണ് ചിലര്‍ക്കു ദേശസ്‌നേഹം ഉണരുക, അതിന് ഏറ്റവും എളുപ്പമുള്ള വഴി യുദ്ധമാണ്. അതു പറഞ്ഞ് ആളുകളെ ഐക്യപ്പെടുത്തും. ശക്തമായി നമ്മളവരെ നേരിടും എന്നു പറയുമ്പോള്‍ നമ്മള്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരക്കുകയല്ലേ വേണ്ടത്. എന്ന ചോദ്യമുയരും. പാകിസ്താന്‍ ചെയ്യുന്നതും അതുതന്നെയാണ്. സ്ഥിരമായി അസ്ഥിരത സൃഷ്ടിക്കാന്‍ തന്നെയാണ് ഇടയ്ക്കിടെയുള്ള ആക്രമണങ്ങളും മറ്റും നടത്തുന്നത്. അവിടെ സൈന്യത്തിനു മേല്‍ക്കൈ കിട്ടാന്‍ വേണ്ടിയാണ് ഇതൊക്കെ. സൈന്യമാണ് അവിടെ തീരുമാനിക്കുന്നത്, ആര് ഭരിക്കണം, ആരെ വാഴ്ത്തണം വീഴ്ത്തണം എന്നൊക്കെ. അവിടെ നല്ല ജനാധിപത്യമല്ല. പക്ഷേ, നമ്മുടെ രാജ്യത്ത് അതല്ല. ഇവിടെ ശരിയായ ജനാധിപത്യമാണ്. ആ ജനാധിപത്യത്തെ നമ്മള്‍ ഇങ്ങനെയാക്കുകയാണ്. അതു വളരെ അപകടകരമാണ്. 

വിധേയനില്‍ നിന്നുള്ള രംഗം
വിധേയനില്‍ നിന്നുള്ള രംഗം

കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശ്രദ്ധിക്കുകയായിരുന്നു, ഓരോ പ്രശ്‌നങ്ങള്‍ വരുമ്പോഴും നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ആളുകള്‍ ഒന്നിച്ചുനില്‍ക്കുകയും തെറ്റു ചൂണ്ടിക്കാണിക്കുകയുമാണ്. എഴുത്തുകാരും സിനിമാക്കാരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരുമൊക്കെയുണ്ട് അതില്‍. ഇങ്ങനെയൊക്കെ ചെയ്യുക എന്നത് നമ്മുടെ സ്വാഭാവിക ഉത്തരവാദിത്വമല്ലേ സാര്‍. പക്ഷേ, ആ ഉത്തരവാദിത്വം ഉത്തരവാദിത്വമായി പരിഗണിക്കാതെ പോകുന്ന കുറേയാളുകളും ഉണ്ടാകുന്നു. നിങ്ങള്‍ ഇങ്ങനെ പറയണ്ട, ഇങ്ങനെയല്ല പറയേണ്ടത് എന്നു ഡിക്റ്റേറ്റു ചെയ്യാന്‍ ശ്രമിക്കുന്നവര്‍.

അതു വളരെ കഷ്ടമാണ്. പക്ഷേ, സാമാന്യ ജനങ്ങള്‍ക്കിടയില്‍ അങ്ങനെയില്ല. ചുരുക്കം ചിലരുടെ ആവശ്യമാണ് അത്. അങ്ങനെ ശ്രമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമായ ആവശ്യമാണ്. എതിര്‍പ്പുകളേയും വിമര്‍ശനങ്ങളേയും ശരിയായി മനസ്സിലാക്കാത്തതാണ് കാരണം. ഞങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. ഇങ്ങനെ ചില കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് ഈ രാജ്യത്തിന്റെ ചീഫ് എക്‌സിക്യുട്ടീവിനോട് പറയുകയാണ്. ഇങ്ങനെ നടക്കുന്ന മോശം കാര്യങ്ങള്‍ നേരിട്ട് അവസാനിപ്പിച്ച് രാജ്യത്ത് സമാധാനമുണ്ടാക്കണം എന്നു പറയുന്നത് വളരെ പോസിറ്റീവായ ഒരു പ്രവൃത്തിയാണ്. അതിനെ എന്തിനാണ് നെഗറ്റീവാക്കി എടുക്കുന്നത്. തിരുവായ്ക്ക് എതിര്‍വായില്ല എന്നു പണ്ട് പറയില്ലേ. രാജാവ് ഭരിക്കുന്ന രാജ്യത്ത് അങ്ങനെയൊരു രീതി ഉണ്ടായിരുന്നു. രാജാവ് പറയുന്നതിന് എതിരായി ആരും പറയില്ല, പറയരുത്. ഇന്നു രാജാവല്ല നമ്മളെ ഭരിക്കുന്നത്. സാധാരണ പൗരനാണ്. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെയായി മാറുന്നത് നമ്മളില്‍പ്പെട്ട ആളുകള്‍ തന്നെയാണ്. നമ്മള്‍ തെരഞ്ഞെടുത്ത ആള്‍ തന്നെയാണ്. അവിടെ തിരുവായും എതിര്‍വായുമില്ല. പറയുന്നത് എതിര്‍വായല്ല, ആവശ്യമുള്ള കാര്യങ്ങള്‍ തന്നെയാണ്. അതിനെ നേരെയുള്ള അര്‍ത്ഥത്തില്‍ കാണാതെ ആ ശബ്ദം അടിച്ചമര്‍ത്തുക എന്നത് തെറ്റായ നടപടിയാണ്.

അതിനിടയില്‍ത്തന്നെ സാറിനെപ്പോലുള്ള ആളുകള്‍ നേരത്തേ പറഞ്ഞില്ല എന്നു പറഞ്ഞ് ഇപ്പോഴത്തെ പ്രതികരണത്തെ നിസ്സാരമാക്കാന്‍ ശ്രമിക്കുന്നുണ്ട് ചിലര്‍. 

 അങ്ങനെ പറയുന്നവര്‍ ഇപ്പോള്‍ ഞങ്ങള്‍ പറഞ്ഞതിനെ പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. അത്രയും ബുദ്ധി അവര്‍ക്ക് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കുറ്റം പറയുന്നതിനു പകരം ഇപ്പോള്‍ പറഞ്ഞ കാര്യത്തില്‍ വേണ്ട നടപടിയെടുക്കുകയാണ് വേണ്ടത്. പഴയ കാര്യങ്ങളേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഭരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ചില കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് പറയേണ്ടിവരുന്നത്. ഭരിക്കുന്നവരുടെ ശ്രദ്ധയിലേക്കു കാര്യങ്ങള്‍ കൊണ്ടുവരികയാണ് ചെയ്തത്. അല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റു തന്നെ ഒരു ഗവണ്‍മെന്റിതര ഏജന്‍സിയെ വെയ്ക്കട്ടെ. ഇത് നമ്മുടെയൊന്നും ജോലിയല്ല. നമുക്കു വേറെ ജോലികള്‍ പലതുമുണ്ട്. നമ്മുടെ ഉപജീവനം വേറെയാണ്. പക്ഷേ, നമുക്ക് അനീതിയാണെന്നു തോന്നുന്ന, ഒരു രീതിയിലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. ആള്‍ക്കൂട്ടക്കൊലകള്‍ ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അതിലും നീചമാണ് ഇരയെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് അതൊരു കൊലവിളിയാക്കുന്നത്. രാമനാമത്തെ കൊലവിളിയാക്കുന്നത് തെറ്റാണ്. ഞാനും വിശ്വാസിയാണ്. വിശ്വാസികളെ വളരെ വേദനപ്പെടുത്തുന്ന ഒരു കാര്യമാണിത്. ഇതാണ് പ്രധാനമന്ത്രിയോട് പറയുന്നത്. അതിലെന്താണ് തെറ്റ്? അദ്ദേഹത്തിന്റെ അധികാരത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ, ഇല്ലല്ലോ. പഴിക്കുന്നുണ്ടോ, ഇല്ല. അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഈ രാജ്യത്ത് ഭരിക്കുന്ന കക്ഷിക്ക് അല്ലെങ്കില്‍ ഗവണ്‍മെന്റിന് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും പറയേണ്ടിവരും. അതു പറയുന്നവരെല്ലാം രാജ്യദ്രോഹികളല്ല. അവര്‍ രാജ്യസ്‌നേഹികളാണ്.

കഥാപുരുഷന്‍ 

വിവരാവകാശ നിയമത്തെപ്പോലും ദുര്‍ബ്ബലമാക്കി മാറ്റിയിരിക്കുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അങ്ങനെയൊരു നിയമം യാഥാര്‍ത്ഥ്യമാക്കിയത്. അത് ഒരു പൊതു ചര്‍ച്ചയോ അഭിപ്രായരൂപീകരണമോ പോലുമില്ലാതെ ഇങ്ങനെയാക്കി മാറ്റുന്നത് ഭരണകൂടം ജനങ്ങളോടു ചെയ്യുന്ന അനീതിയല്ലേ. ഒന്നും പറയരുത്, ചോദിക്കരുത് എന്നു പറയുന്ന അതേ മനോഭാവം തന്നെയാണ് ഇതും. നമുക്കു ലഭിച്ച സ്വാതന്ത്ര്യത്തെപ്പോലും ഇത് അര്‍ത്ഥമില്ലാത്തതാക്കി മാറ്റുകയാണോ?

വിവരാവകാശ നിയമത്തിന്റെ പല്ലും നഖവുമൊക്കെ എടുത്തു കളഞ്ഞു. അഴിമതി ചോദ്യം ചെയ്യാനും പുറത്തുകൊണ്ടുവരാനും പറ്റിയ വലിയ ഒരു നിയമമായിരുന്നു അത്. അഴിമതിക്കാര്‍ പല തലങ്ങളിലുമുണ്ട്. ആളുകള്‍ക്കു വിദ്യാഭ്യാസം നല്‍കാതേയും ജീവിതനിലവാരം മെച്ചപ്പെടുത്താതേയും ഇപ്പോഴും ദുരിത ജീവിതം നയിക്കാന്‍ ഇടയാക്കുന്നു. ബിഹാറിലും മറ്റും ഇപ്പോഴും വിദ്യാഭ്യാസമോ അടിസ്ഥാന ജീവിത സൗകര്യങ്ങളോ ഇല്ലാത്ത ആളുകള്‍ ഒട്ടേറെയുണ്ട്. ഭരണം നടക്കുന്നുണ്ട്, പണം ചെലവഴിക്കുന്നുണ്ട്. പക്ഷേ, ഭരിക്കാന്‍ വന്നവര്‍ തികഞ്ഞ അഴിമതിക്കാരായി മാറി. അതാണ് കാരണം. ആളുകളുടെ ക്ഷേമമല്ല, തന്റേയും കുടുംബത്തിന്റേയും മാത്രം ഉന്നമനമാണ് അവര്‍ നോക്കിയത്. അതേസമയം കേരളം പോലൊരു സംസ്ഥാനത്ത് അതു നടക്കില്ല. ഭരണം പൂര്‍ണ്ണമായും കുറ്റമറ്റതാണ് എന്ന് ആരും അവകാശപ്പെടുന്നില്ല. പക്ഷേ, അത്ര മോശമല്ല ഇവിടുത്തെ കാര്യങ്ങള്‍. ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യുന്നത്. ഇവര്‍ വരണമെന്നും മറ്റവര്‍ വരണ്ട എന്നും തീരുമാനിക്കുന്നത് സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ ഇവിടെ സാധിക്കുന്നതുകൊണ്ടാണ്. 

ഇന്ത്യയിലെ ജനാധിപത്യം കേരളത്തില്‍ കുറച്ചുകൂടി സുതാര്യവും ശക്തവുമാണ് അല്ലേ. അങ്ങനെ പറയാന്‍ പറ്റില്ലേ?

അതെ. തീര്‍ച്ചയായിട്ടും അങ്ങനെയാണ്. ജാതിയുടേയും മതത്തിന്റേയും പേരിലൊന്നും ഇവിടെ ആരുടെ വോട്ടവകാശത്തേയും സ്വാധീനിക്കാന്‍ കഴിയില്ല. 

 അതിന്റെ സാമൂഹിക പശ്ചാത്തലത്തെ സാറെങ്ങനെ കാണുന്നു? നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്ന കാലമാണല്ലോ.

നവോത്ഥാനം എന്നത് ഏതെങ്കിലും വിഭാഗത്തിന്റെ മാത്രമല്ല. അതില്‍ പ്രധാന പങ്കുവഹിച്ചവരും മുന്‍കയ്യെടുത്തവരും ഇവരൊക്കെ കുറ്റം പറയുന്ന സവര്‍ണ്ണരാണ്. അവര്‍ണ്ണരെന്നു പറയുന്ന വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ പാടില്ല എന്നു പറഞ്ഞ് അവരേയും മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ സമരം നടത്തിയത് സവര്‍ണ്ണരെന്നു പറഞ്ഞ് അധിക്ഷേപിക്കുന്ന ആളുകളാണ്. അവരെ മറന്നിട്ട് നവോത്ഥാനത്തെപ്പറ്റി സംസാരിക്കാന്‍ പാടില്ല. നായന്മാരുടെ പുരോഗതിക്കു വേണ്ടിയാണ് എന്‍.എസ്.എസ്സും മന്നത്ത് പത്മനാഭനുമൊക്കെ പ്രവര്‍ത്തിച്ചത് എന്നാണ് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, അതു മാത്രമല്ല, ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ പ്രധാന കാര്യങ്ങളിലും വളരെ പുരോഗമനപരമായ നിലപാടെടുത്തിട്ടുള്ളവരാണ് കെ. കേളപ്പനും മന്നത്തു പത്മനാഭനും ഉള്‍പ്പെടെ ഒരുപാടൊരുപാട് ആളുകള്‍. ഗാന്ധിജി അതിനു നേതൃത്വം കൊടുത്തതുകൊണ്ടാണ് വൈക്കം സത്യഗ്രഹംപോലും ഹിംസയിലേക്കു പോകാതിരുന്നത്. അധികമാരും പറയാത്ത ഒരു കാര്യമുണ്ട്. റാണി ലക്ഷ്മീബായിയും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ച. അവര്‍ അന്ന് ആറ്റിങ്ങലിരുന്നാണ് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. ഗാന്ധിജി കാണാന്‍ പോയി. കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തിന് അദ്ഭുതവും മതിപ്പും തോന്നി. കാരണം സാധാരണ സ്ത്രീയുടെ വേഷമേയുള്ളു അവര്‍ക്ക്. വേഷഭൂഷാദികളും ആഭരണങ്ങളുമൊന്നുമില്ല. ക്ഷേത്രപ്രവേശനത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ അവര്‍ പറയുകയാണ്: ''അങ്ങ് പറയുന്നതൊക്കെ ഞങ്ങള്‍ക്കു മനസ്സിലാകുന്നുണ്ട്. ഞങ്ങളതു ചെയ്യാന്‍ തയ്യാറുമാണ്. പക്ഷേ, അങ്ങ് ഒരു കാര്യം ചെയ്താല്‍ നന്നായിരുന്നു. ഇങ്ങനെയൊരു പ്രധാനപ്പെട്ട ആവശ്യമുണ്ടെന്ന് ഒരു രീതിയിലുള്ള അഹിംസയുമില്ലാതെ തന്നെ ആളുകളെ ബോധ്യപ്പെടുത്തണം. എങ്കില്‍ ഞങ്ങള്‍ക്ക് എളുപ്പമുണ്ട്. പിന്നീട് സംസാരം കഴിഞ്ഞ് ഇറങ്ങുമ്പോള്‍, ''മഹാത്മജീ ഒരു കാര്യം കൂടി പറയാനുണ്ട്. ഞങ്ങളുടെയൊരു മഹാത്മാവുണ്ട്, അദ്ദേഹത്തെക്കൂടി കണ്ടിട്ടു പോകണം'' എന്നും പറഞ്ഞു. നാരായണ ഗുരുവിന്റെ കാര്യമാണ് അവര്‍ ഓര്‍മ്മിപ്പിച്ചത്. റാണിയാണ് പറയുന്നത്. ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഇതു നടക്കുമോ. വളരെ അഭിമാനകരമാണ് അവരുടെയൊക്കെ നിലപാടുകള്‍. ഒരാചാരം ഉണ്ടായതുകൊണ്ടാണ് അതു തുടര്‍ന്നുപോയത്. അത് മാറ്റാന്‍ അവര്‍ തയ്യാറാണ്. പക്ഷേ, പൊതു അഭിപ്രായം രൂപീകരിക്കണം എന്നാണ് അഭ്യര്‍ത്ഥിച്ചത്. അങ്ങനെ പബ്ലിക് ഒപ്പീനിയന്‍ ഉണ്ടാവുകയും ചെയ്തു. നൂറു പേരുമായി വൈക്കത്തുനിന്ന് ആരംഭിച്ച ജാഥ തലസ്ഥാനത്ത് എത്തുമ്പോഴേയ്ക്കും എല്ലാ ജാതി മതസ്ഥരും ചേര്‍ന്ന ആയിരക്കണക്കിനുള്ള ഒരു നിവേദന സംഘമായി. അതു നയിച്ചത് മന്നത്ത് പത്മനാഭനും കേളപ്പനുമൊക്കെ ആയിരുന്നു. 

നവോത്ഥാനം യാഥാര്‍ത്ഥ്യമായത് ഇതുപോലെ ഏറ്റവും ഉയരത്തില്‍നിന്നുള്ള ഇടപെടല്‍കൂടി ഉണ്ടായതുകൊണ്ടുകൂടിയാണ്, അല്ലേ?

 അയ്യന്‍കാളിക്കുപോലും ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാന്‍ കരം അടച്ച് അര്‍ഹത നേടുന്നതിന് ആവശ്യമായ ഭൂമി കൊടുത്തത് നെയ്യാറ്റിന്‍കരയിലെ ഒരു നായര്‍ പ്രമാണിയാണ്. കരം അടയ്ക്കുന്നവര്‍ക്കു മാത്രമേ അന്ന് ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാന്‍ സാധിക്കുമായിരുന്നുള്ളു. ഇതൊന്നും മറക്കാന്‍ പാടില്ല. 

പക്ഷേ, ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തല്‍ വന്‍തോതില്‍ ഇവിടെ ഉണ്ടായിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. 

ഉണ്ടായിട്ടുണ്ട്. പക്ഷേ, കേരളം ഭ്രാന്താലയമാണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറയാന്‍ ഇടയായ സാഹചര്യം അദ്ദേഹത്തിനുണ്ടായ വ്യക്തിപരമായ അനുഭവമാണ്. അദ്ദേഹം കൊടുങ്ങല്ലൂരില്‍ വന്നപ്പോള്‍ ക്ഷേത്രത്തില്‍ കയറാന്‍ അനുവദിച്ചില്ല. ക്ഷേത്രത്തിനു മുന്നിലെ ആല്‍മരച്ചുവട്ടില്‍ ഒരു രാത്രിയും പകലും കിടന്നു. അങ്ങനെയൊരു അനുഭവം ഉണ്ടായതുകൊണ്ടാണ് താങ്ങാന്‍ പാടില്ലാത്തവിധം ജാതിവ്യവസ്ഥകൊണ്ട് കേരളമൊരു ഭ്രാന്താലയമാണ് എന്ന് അദ്ദേഹം പറഞ്ഞത്. പക്ഷേ, പിന്നീട് കേരളത്തിലുണ്ടായ സാമൂഹിക മാറ്റം വളരെ വേഗത്തിലായിരുന്നു. അതില്‍ നാരായണഗുരുവുണ്ട്, ചട്ടമ്പിസ്വാമിയുണ്ട്, അയ്യന്‍കാളിയുണ്ട്, ചാവറയച്ചനുണ്ട് അങ്ങനെ ഒരുപാടു പേരുണ്ട്. ഈയൊരു കാലഘട്ടത്തില്‍ പല സംഗതികളും ഒരുമിച്ചു നടന്നു. കൂട്ടുകുടുംബങ്ങളും ഫ്യൂഡല്‍ വ്യവസ്ഥയും മാറുന്നത്, നമ്പൂതിരി സമുദായത്തിലെ വിധവാ വിവാഹം, സ്ത്രീവിദ്യാഭ്യാസം അങ്ങനെ പലതും. കേരളം മുഴുവന്‍ പരിവര്‍ത്തനമുണ്ടായ കാലഘട്ടമാണ് അത്. വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗതാഗതവുമൊക്കെ ഇല്ലാതിരിക്കുകയോ വളരെക്കുറച്ചുമാത്രമുണ്ടായിരിക്കുകയോ ചെയ്തിരുന്നപ്പോഴാണ് ഇത്.

ഈ സാമൂഹിക മാറ്റവും അതിന്റെ രീതികളും നമ്മുടെ സിനിമകളില്‍ കാര്യമായി വന്നിട്ടില്ലല്ലോ. സാറിന്റെ 'മുഖാമുഖ'ത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളത്തിന്റെ മാറ്റം ഒരു പരിധിവരെയുണ്ട്. പക്ഷേ, പൊതുവായി സിനിമകളില്‍ കാണുന്നില്ല. 

കഥാപുരുഷനിലാണ് ഞാന്‍ കൂടുതലായി കേരളത്തിന്റെ മാറ്റം ചിത്രീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യത്തിനു മുന്‍പു മുതല്‍ ഇ.കെ. നായനാര്‍ ഭരിക്കുന്ന കാലം വരെ 45 വര്‍ഷമുണ്ട് അതില്‍. മുഖാമുഖത്തില്‍ 10 വര്‍ഷത്തോളമേയുളളു. സാമൂഹിക മാറ്റത്തിന്റെ കഥകള്‍ മലയാള സിനിമയില്‍ കാര്യമായി വരാത്തതിനു കാരണം, പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് നമ്മുടെ സിനിമാക്കാര്‍ കൂടുതല്‍ കൈകാര്യം ചെയ്തത് എന്നതാണ്. പൊതുവായ സാമൂഹിക പ്രശ്‌നങ്ങള്‍പോലും കാര്യമായി വന്നില്ലല്ലോ. സമൂഹം ഈ സിനിമകളില്‍ ഇല്ല. പ്രണയിക്കുന്ന നായകനും പ്രണയിക്കപ്പെടുന്ന നായികയും അവരുടെ തടസ്സങ്ങളുമൊക്കെയായിരുന്നു അധികവും. പാവങ്ങളുടെ കഥകള്‍ എന്നു പറയുന്നവയില്‍പ്പോലും വേറെ വ്യത്യാസമൊന്നുമില്ല. ചില സിനിമകളില്‍ നായിക പാവപ്പെട്ട വീട്ടിലേയും നായകന്‍ പണമുള്ള വീട്ടിലേയുമായിരിക്കും. 'ജീവിതനൗക' മുതല്‍ അതുതന്നെയാണ് കാണുന്നത്. സമൂഹത്തിലെ ദരിദ്രരും സമ്പന്നരും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. അതു വ്യാജമാണ്. 

എന്റെ സിനിമകള്‍ 

ന്യൂജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ സിനിമയുടെ ക്രാഫ്റ്റില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന സിനിമകള്‍ നിരവധി വരുന്നുണ്ട് ഇപ്പോള്‍. പക്ഷേ, 'അനന്തരം' എന്ന സിനിമയില്‍ ക്രാഫ്റ്റിന്റെ എത്രയോ മനോഹരമായ മാറ്റമാണ് സാര്‍ കാണിച്ചത്. മനുഷ്യമനസ്സിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍പോലും കാണിച്ചല്ലോ അതില്‍.

 അനന്തരം ഒരുപക്ഷേ, കുറച്ച് നേരത്തെ ആയിപ്പോയ സിനിമയാണ്. കാലത്തിനു മുന്‍പേ വന്നതാണ്. പല പടങ്ങളും അങ്ങനെയാണ്. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു സോഷ്യല്‍ ഡോക്യുമെന്റ് ആയിരിക്കണം എന്നെനിക്കു നിര്‍ബ്ബന്ധമുണ്ട്. അതാണ് ശരിക്കും അതിന്റെ അടിത്തറ. മറ്റു പല തലങ്ങളുമുണ്ടാകും. പക്ഷേ, കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു കഥയല്ല. നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍നിന്നുണ്ടാകുന്ന ത്രെഡ്സ് ആണ് അതിലുള്ളത്; ജീവിതത്തിലെ പ്രശ്‌നങ്ങള്‍. കൃത്രിമമായ ഒരു സിനിമയുണ്ടാക്കാന്‍ എനിക്കു കഴിയില്ല.

 അങ്ങയുടെ സിനിമയിലെ അഭിനേതാക്കള്‍ക്കു കഥ മുഴുവന്‍ ആദ്യം തന്നെ പറഞ്ഞുകൊടുക്കാതെ അപ്പപ്പോള്‍ ചിത്രീകരിക്കുന്ന ഓരോ രംഗങ്ങളും അതിലെ സാഹചര്യങ്ങളുമാണ് പറഞ്ഞുകൊടുക്കുക എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വളരെ സൂക്ഷ്മമായ കാര്യങ്ങള്‍പോലും പറയാറുമുണ്ട്. അങ്ങനെ സൂക്ഷ്മമായി പറഞ്ഞുപോകേണ്ട ഒന്നാണോ സിനിമ?

പ്രധാനമായും നമ്മുടെ സിനിമകളെല്ലാം തുടക്ക കാലത്ത് നാടകം തന്നെയായിരുന്നു. വര്‍ത്തമാനത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. നല്ല വര്‍ത്തമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രേക്ഷകരുടെ കൈയടി വരെയുണ്ടാകും. അതൊരു കാലഘട്ടത്തില്‍ നമ്മുടെ പോപ്പുലറായ നാടകങ്ങളുടെ രീതിയാണ്. ശരിക്കുള്ള നാടകവുമല്ല, വേറൊരു തരം. സിനിമയിലേക്കു വരുമ്പോള്‍ ജനം കേട്ടു മാത്രമല്ല, കണ്ടുംകൂടി മനസ്സിലാക്കേണ്ടതാണ് എന്നതാണ് എന്റെ സമീപനം. കേള്‍ക്കാനും വേണം, കാണാനും വേണം. മറ്റേതില്‍ കാഴ്ചയൊരു പ്രശ്‌നമേയല്ല. അതുകൊണ്ടാണല്ലോ റേഡിയോയില്‍ ശബ്ദരേഖ കേട്ടാല്‍ സിനിമ മനസ്സിലാകുന്നത്. ഒരു സംശയവും വരില്ല. പക്ഷേ, എന്റെ പടത്തിന്റെ ശബ്ദരേഖ കേട്ടാല്‍ ഒന്നും മനസ്സിലാകില്ല. അധികവും കാണിക്കുന്നതാണ് കാരണം. ഒരു കഥാപാത്രം മോശക്കാരനാണോ നല്ലവനാണോ എന്ന് അയാളുടെ രീതികളും മറ്റു കഥാപാത്രങ്ങളുമായുള്ള അയാളുടെ പെരുമാറ്റവും ഓരോ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളുമൊക്കെ ആസ്പദമാക്കിയാണ് കാഴ്ചക്കാര്‍ മനസ്സിലാക്കുന്നത്. മറ്റേത് അങ്ങനെയല്ല. നാല് പേര്‍ ഒരാളെക്കുറിച്ചു നല്ലവനാണെന്നു പറഞ്ഞാല്‍ അയാള്‍ നല്ലവനാണ്. ഇപ്പോഴും അത്തരം കഥാപാത്രങ്ങളുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍, എംവി ദേവന്‍, കാവാലം നാരായണപ്പണിക്കര്‍
അടൂര്‍ ഗോപാലകൃഷ്ണന്‍, എംവി ദേവന്‍, കാവാലം നാരായണപ്പണിക്കര്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സിനിമാക്കാരന്‍ രൂപപ്പെട്ടിട്ട് 50 വര്‍ഷം തികയുകയാണല്ലോ. 1969-ല്‍ തുടങ്ങിയതാണ്. ഈ അമ്പതു വര്‍ഷത്തിനിടയില്‍ ഓരോ കാലഘട്ടത്തിലും സിനിമയുടെ സ്വഭാവവും രീതികളുമൊക്കെ മാറുന്നുണ്ട്. കൃത്യമായി ആസൂത്രണം ചെയ്താണോ ഓരോ സിനിമയിലേക്കും കടക്കുന്നത്. ഞാന്‍ ഇങ്ങനെയൊക്കെയാണ് ചെയ്യാന്‍ പോകുന്നത് എന്ന പ്ലാന്‍ ഉണ്ടാകാറുണ്ടോ? ക്രിയേറ്റിവിറ്റിയില്‍ അങ്ങനെയൊരു പ്ലാന്‍ സാധ്യമാണോ? 

ഒരു പടം കഴിഞ്ഞ് അടുത്ത പടം തുടങ്ങാന്‍ കുറേ സമയമെടുക്കുന്നയാളാണ് ഞാന്‍. ഞാന്‍ തന്നെയാണ് എന്റെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അതും ഒരു കാരണമാണ്. എന്നെ സ്വാധീനിക്കുന്ന ഒരു അനുഭവം ജനങ്ങളുമായി പങ്കുവയ്ക്കണം എന്നു തോന്നുമ്പോഴാണ് ഞാന്‍ സിനിമയെടുക്കുന്നത്. ആളുകള്‍ എന്തിന് ഈ സിനിമ കാണണമെന്നും എന്തുകൊണ്ട് അവര്‍ക്കിതു നല്‍കണമെന്നും നൂറോ ഇരുന്നൂറോ തവണ ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്. അവരോട് എനിക്കു പുതിയതായി എന്തെങ്കിലും പങ്കുവയ്ക്കാനുണ്ടാകണം. അവരുടെ ജീവിതവീക്ഷണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുകയോ അവരെ സ്വാധീനിക്കുകയോ ചെയ്യുന്ന എന്തെങ്കിലും വേണം. അത് പുതിയ കാര്യമായിരിക്കണം. ഇതെല്ലാം വേണം. പല ആശയങ്ങളും വന്നുപോകും. ഭാവന പൂര്‍ണ്ണമായി ഊഷരമാകുന്ന ചില സമയങ്ങളുണ്ട്. ഒന്നും വരില്ല. അങ്ങനെ വരുമ്പോഴാണ് നേരത്തെ വായിച്ച ഏതെങ്കിലുമൊന്നിനെക്കുറിച്ച് ഓര്‍മ്മിക്കുന്നത്. അതെടുത്താലോ എന്ന് ആലോചിക്കും. എനിക്ക് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളാണെങ്കില്‍ മാത്രമാണെടുക്കുന്നത്. എടുത്തുകഴിഞ്ഞാല്‍ പിന്നെ എന്റെ ഇഷ്ടം പോലെയാണ് ചെയ്യുന്നത്. അല്ലാതെ അദ്ദേഹം ഇങ്ങനെയാണല്ലോ എഴുതിവച്ചിരിക്കുന്നത് എന്നൊന്നും നോക്കില്ല. ഞാനത് സ്വാംശീകരിച്ചാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ഒരുപാട് സമയം ഞാന്‍ എടുക്കുന്നുണ്ട്. ഒരു രീതിയില്‍ ഞാന്‍ നേരത്തെ ചെയ്ത ഒരു പടത്തിന്റെ തുടര്‍ച്ചയാണ് അടുത്തത്; ഒരു രീതിയില്‍ അതില്‍നിന്നുള്ള വിഘടനവുമാണ്. വിഘടനമാണെന്ന് പറയാന്‍ കാരണം ഞാന്‍ ഒന്നില്‍ ചെയ്തതൊന്നും പിന്നീട് ആവര്‍ത്തിക്കുന്നില്ല. നേരത്തെ ചെയ്ത രീതിതന്നെ വിഷയമനുസരിച്ചു മാറും. ചില പടങ്ങള്‍ അടിസ്ഥാനപരമായിത്തന്നെ സ്ലോ ആണെങ്കില്‍ വേറെ ചില പടങ്ങള്‍ വളരെ ഫാസ്റ്റായിരിക്കും. വിധേയന്‍ വളരെ ഫാസ്റ്റായിട്ടുള്ള പടമാണ്. വിഷയം ഉള്ളില്‍നിന്നാണ് വരുന്നത്. അതുകൊണ്ട് കഴിഞ്ഞ ഒരു പടം കണ്ട ശീലത്തില്‍ അതുപോലെ ഒരു പടം കാണാന്‍ ആളുകള്‍ വന്നാല്‍ അവര്‍ക്കു വിഷമമായിരിക്കും. ഓരോന്നും പുതിയ വെല്ലുവിളികളാണ്. ഞാന്‍ എന്നോടുതന്നെ ചോദിക്കുന്ന, ആവശ്യപ്പെടുന്ന ചലഞ്ചസാണ് ഞാനുണ്ടാക്കുന്നത്. കാണാന്‍ വരുന്നവര്‍ക്കും വേണം ആ ചലഞ്ച്. അവരെ പുതിയ ഒരു സംഗതി അനുഭവിപ്പിക്കാന്‍ കഴിയണം. അതാണ് ഞാന്‍ ചെയ്യുന്ന ശ്രമമെന്നു പറയുന്നത്.

അതുകൊണ്ടു തന്നെയാണ് സമയം കൂടുതലെടുക്കുന്നതും അടുക്കും ചിട്ടയുമായിത്തന്നെ പോകുന്നതും, അല്ലേ? പറയുന്നത് ഇന്നതാണ് എന്നു തീരുമാനിക്കാനുള്‍പ്പെടെ എടുക്കുന്ന സമയം.

അതെ, അതൊരു നീണ്ട സമയമാണ്. ചെറിയ സമയമല്ല. ചിലപ്പോള്‍ ഏഴ് വര്‍ഷം വരെയുള്ള ഇടവേളകള്‍ ഉണ്ട്. ഫിലിം മേക്കിംഗ് തൊഴിലാക്കിയ ഒരാള്‍ക്ക് പറ്റിയതാണോ അത് എന്നു ചോദിക്കുന്നവരുണ്ട്. എന്നോട് ഇക്കാര്യം പറഞ്ഞുകൊണ്ടിരുന്ന റേ (സത്യജിത് റേ) മുഖാമുഖം കണ്ടിട്ട്, ''പ്രസിദ്ധീകരിച്ചുവന്ന ഏതെങ്കിലും കഥയെ അടിസ്ഥാനമാക്കിയാണോ ഇത്'' എന്ന് ചോദിച്ചു. അല്ലെന്നും ഇതിനുവേണ്ടി ഞാന്‍ എഴുതിയതാണ് എന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത വാചകം, ''ഇപ്പോള്‍ എനിക്കു മനസ്സിലായി'' എന്നായിരുന്നു. സമയമെടുക്കുന്നതിന്റെ കാരണം മനസ്സിലായി എന്ന്. ഒരുപാടു സമയമെടുത്ത് ചെയ്ത സ്‌ക്രിപ്റ്റാണത്. 

അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവന്‍ വിഡ്ഢിയാണ് എന്ന അതിലെ ഡയലോഗ് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്. ലോകത്ത് ഇത്ര ഗംഭീരമായി പറയാന്‍ പറ്റുന്ന ഒരു കാര്യം വേറെ ഇല്ല എന്നതാണ് സത്യം (അടൂര്‍ ആ പ്രശംസ ആസ്വദിച്ച് നിഷ്‌കളങ്കമായി ചിരിക്കുന്നു). ഏതുകാലത്തേക്കും, മനുഷ്യന്‍ ഉള്ളിടത്തോടം കാലം പറയാന്‍, നിലനില്‍ക്കാന്‍ പറ്റുന്ന ഡയലോഗാണ് അത്. എനിക്കു ചിലപ്പോള്‍ അതു നടന്നിട്ടുണ്ടാകില്ല. ഞാന്‍ പലരോടും അത് പറയാറുണ്ട്. കാരണം നമുക്കു കിട്ടുന്ന ഒരു സമയം, വളരെക്കുറച്ചായിരിക്കും. ആ ഒരു അവസരം പിന്നീട് വരണമെന്നില്ല. അത്രയും ഷാര്‍പ്പായിട്ടാണ് ആ ഡയലോഗ് പറയുന്നത്. നിലനില്‍ക്കുന്നതാണ്. 

അതുകഴിഞ്ഞുള്ള അടുത്ത ഷോട്ട് പൊളിച്ചു തുടങ്ങുന്നതാണ്. ഈ ഡയലോഗില്‍നിന്ന് അതിലേക്കു പെട്ടെന്നു കട്ട് ചെയ്യുമ്പോള്‍ അതു കൃത്യമായി പ്രേക്ഷകനു മനസ്സിലാകും.

സാറിന്റെ പടങ്ങളില്‍ അഭിനയിച്ചിട്ടുള്ളവരോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഓരോ സീനിലും പറയുന്നത് എന്താണോ അതു മാത്രമാണ് ചെയ്തുപോകുന്നത് എന്നാണ് അപ്പോള്‍ മനസ്സിലായത്. സിനിമ കാണുമ്പോള്‍ അതു മനസ്സിലാകില്ല. ഇത്രയും പറഞ്ഞുകൊടുത്ത് ഇവരെക്കൊണ്ട് എങ്ങനെയാണ് ഇത് മുഴുവനും ചെയ്യിക്കാന്‍ കഴിയുന്നത്. സ്‌ക്രിപ്റ്റ് എഴുതിയ ആള്‍ തീരുമാനിച്ചിട്ടുണ്ട് ഇതെങ്ങനെയാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും എപ്പോഴാണ് പറഞ്ഞുകൊടുക്കേണ്ടത് എന്നും. പക്ഷേ, ആക്ടറുടെ മനസ്സിലേക്ക് അതു കയറണമല്ലോ. 

അടൂര്‍: ഒന്നിച്ചു പറഞ്ഞുകൊടുത്താല്‍ ചിലപ്പോള്‍ കഥാപാത്രത്തിന്റെ വൈകാരിക മാറ്റങ്ങള്‍ അതേവിധം അഭിനേതാവിന് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ ലൊക്കേഷന്‍ തന്നെയും മാറാം. അപ്പോഴെല്ലാം കഥാപാത്രത്തിന്റെ വൈകാരികത നിലനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ടാണ് അവര്‍ക്കു വിട്ടുകൊടുക്കാത്തതും അവര്‍ക്കു കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ അവസരം നല്‍കാത്തതും. ഇതാണ്, ഇതുമാത്രമാണ് ശരിയായ മാര്‍ഗ്ഗം എന്നു ഞാന്‍ പറയുന്നില്ല. എല്ലാം ആദ്യം തന്നെ പറഞ്ഞുകൊടുക്കുന്നവരുണ്ട്. അതുമൊരു രീതിയാണ്. എന്റെ രീതി അതല്ല എന്നുമാത്രം. ഞാന്‍ അടിസ്ഥാനപരമായി ഒരു അഭിനേതാവായി ആരംഭിച്ച ആളാണ്; അഭിനയത്തേക്കുറിച്ച് എനിക്ക് എന്റേതായി സൂക്ഷ്മമായ ധാരണകളുണ്ട്. ഒരു അഭിനേതാവിനെ സേവ് ചെയ്യാനുള്ള വഴികളൊക്കെ പറഞ്ഞുകൊടുക്കാന്‍ എനിക്കു കഴിയും. അതിനു മഹാനായ അഭിനേതാവാകണം എന്നൊന്നുമില്ല. കഷ്ടിച്ചൊരു ബുദ്ധിയൊക്കെ ഉണ്ടായാല്‍ മതി. പിന്നെ, കഴിവുണ്ടാകണം. അഭിനേതാവായിരിക്കണം. പ്രധാന റോളുകളൊക്കെ ചെയ്യാന്‍ ഞാന്‍ പ്രധാനപ്പെട്ട അഭിനേതാക്കളെ വിളിക്കുന്നത് അവരുടെ കഴിവും മികവും കൂടി പരിഗണിച്ചാണ്. അവര്‍ നല്ല ആര്‍ട്ടിസ്റ്റുകളാണ്, മനസ്സിലാക്കാനും മാറ്റാനും കഴിയുന്നവരുമാണ്. ഒരു മുന്നനുഭവവും ഇല്ലാത്തവരേയും അഭിനയിപ്പിക്കാറുണ്ട്. എന്റെ ഒരു അസിസ്റ്റന്റിനോടും അഭിനേതാക്കളെ റിഹേഴ്സല്‍ ചെയ്യിക്കാന്‍ പറയാറില്ല. ഞാന്‍ തന്നെയാണ് ചെയ്യിക്കുന്നത്. ഒരൊറ്റ ഷോട്ടില്‍ അഭിനയിക്കുന്നവരേയും ഞാന്‍ തന്നെയാണ് റിഹേഴ്സല്‍ ചെയ്തു ശരിയാക്കുന്നത്. ഷൂട്ടിംഗ് സ്ഥലത്തു ചെന്നാല്‍ ഞാനൊരിടത്തും ഇരിക്കാറില്ല. അതുപോലെ എന്റെകൂടെ നില്‍ക്കുന്ന ആളുകളെയാണ് ക്യാമറാമാന്‍മാരായും മറ്റെല്ലാ കാര്യങ്ങള്‍ക്കും കൂട്ടുന്നത്. അവര്‍ക്കൊന്നും അങ്ങനെ റെസ്റ്റു ചെയ്യണമെന്നൊന്നുമില്ല.

ഞാനതു കണ്ടിട്ടുണ്ട്. സാറിന്റെ രീതികള്‍. ഉദാഹരണത്തിന് നിഴല്‍ക്കുത്ത്. ഒരുപാടു സിനിമകളില്‍ അഭിനയിച്ച പ്രതിഭകളാണ് ഉണ്ണിച്ചേട്ടനും (ഒടുവില്‍ ഉണ്ണികൃഷ്ണന്‍) സുകുമാരിച്ചേച്ചിയും. അവര്‍ മഴ കൊള്ളുന്നത്, നനഞ്ഞ ശേഷമുള്ള രീതികള്‍, കൈയുടെ പൊസിഷന്‍ ഇങ്ങനെ സൂക്ഷ്മമായ വിശദാംശങ്ങള്‍പോലും പറഞ്ഞുകൊടുക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ മാത്രമാണ് പ്രേക്ഷകന് ആ കഥാപാത്രത്തെ മുഴുവനായി മനസ്സിലാവുകയുള്ളു എന്നതുകൊണ്ടാണോ അങ്ങനെ? 

ഭാഷയുടെ വ്യത്യാസങ്ങള്‍ 

 അതെ, അതുകൊണ്ടുതന്നെയാണ്. മറ്റൊരു കാര്യം, ഞാന്‍ സ്‌ക്രിപ്റ്റില്‍ എഴുതുന്ന സംഭാഷണത്തില്‍നിന്നു വളരെക്കുറച്ചായാല്‍പ്പോലും മാറ്റിപ്പറയാന്‍ അനുവദിക്കാറില്ല എന്നതാണ്. ചില സംഭാഷണങ്ങള്‍ അവര്‍ക്കു പറയാന്‍ ബുദ്ധിമുട്ടു വന്നാലും അതു പലതവണ പറഞ്ഞു ശരിയാക്കാന്‍ സമയം കൊടുക്കും. ഒരിക്കലും മാറ്റാന്‍ സമ്മതിക്കില്ല. അതിലൊക്കെ ഒരു റൈമും റീസണുമൊക്കെയുണ്ട്. അല്ലെങ്കില്‍ വൃത്തികേടായിരിക്കും. ഉദാഹരണത്തിന്, ചില പടങ്ങളില്‍ ലളിതയുടെ കഥാപാത്രം വള്ളുവനാടന്‍ ഭാഷ പറയുന്നതും അതേ കുടുംബത്തിലെ മറ്റൊരംഗം വേറൊരു ശൈലിയില്‍ സംസാരിക്കുന്നതും കുട്ടികള്‍ ഇതു രണ്ടുമല്ലാത്ത ഭാഷ സംസാരിക്കുന്നതും കാണാറുണ്ട്. ഒരു വീട്ടില്‍ ഉള്ളവര്‍ക്കുപോലും പല ഭാഷ. ഇഷ്ടംപോലെ പറയാന്‍ വിട്ടിരിക്കുകയാണ്. ഇല്യ എന്ന് തിരുവനന്തപുരം കഥാപാത്രം പറയുന്നത് എങ്ങനെയാണ്? ഒരു സമയത്ത് അതൊരു ഫാഷനായി. തിരുവിതാംകൂര്‍ ഭാഷ ഉപയോഗിക്കുന്നത് ഏതാണ്ട് മോശം കാര്യമാണോ. 

ഞാന്‍ കോഴിക്കോട്ടുകാരനാണ്. പക്ഷേ, ആളുകള്‍ ഏറ്റവും കൂടുതല്‍ ബഹുമാനത്തോടെ സംസാരിക്കുന്ന ഭാഷാശൈലി കണ്ടിട്ടുള്ളത് തിരുവിതാംകൂറിലാണ്. പ്രത്യേകിച്ച് തിരുവനന്തപുരത്ത്. വരണം, ഇരിക്കണം എന്നൊക്കെയാണ് പറയുന്നത്. ചെറിയ ആളുകള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ഇങ്ങനെയാണ് സംസാരിക്കുന്നത്. മക്കള് വരണം, ഇരിക്കണം എന്നു മുതിര്‍ന്നയാളുകള്‍ പറയുന്നതില്‍ എന്തൊരു വാത്സല്യവും പ്രതിപക്ഷ ബഹുമാനവുമാണ്. മക്കള്‍ എന്നുള്ള ആ വിളിയിലെ സ്‌നേഹമൊന്ന് അനുഭവിക്കേണ്ടതു തന്നെയാണ്. 

ഇതൊക്കെക്കടന്നു ഞങ്ങളുടെ ആ ഭാഗത്തു മാത്രം ഉപയോഗിക്കുന്ന ചില ശൈലികളുണ്ട്. ''എപ്പോ വന്നാരുന്നു'' എന്നു ചോദിച്ചാല്‍ മറുപടിയായി ''ഇന്നലെ വന്നാരുന്നേ'' എന്നു പറയും. കണ്ടാരുന്നേ, അങ്ങനല്ലേ എന്നൊക്കയുള്ള രീതി. അതു വിധേയത്വമല്ല. ഏതു ലെവലിലുള്ളവരും പരസ്പരം പറയുന്നതാണ്. പിന്നെ, മുതിര്‍ന്ന ആരെയും കുട്ടികള്‍ പേരെടുത്തു വിളിക്കരുത് എന്നു നിര്‍ബ്ബന്ധമാണ്. പരമു എന്നാണ് പേരെന്നു കരുതുക. പരമുച്ചാരെന്നു വിളിക്കണം. സ്ത്രീയാണെങ്കില്‍ അവര് എന്നു ചേര്‍ക്കണം. ലക്ഷ്മിയാണെങ്കില്‍ ലക്ഷ്മിയവര്. മറ്റു ചില പ്രദേശങ്ങളില്‍ അങ്ങനെയല്ലാതെ കണ്ടിട്ടുള്ളതുകൊണ്ടാണ് ഇതു പറയുന്നത്. അപ്പൂപ്പന്റെ പ്രായമുള്ളയാളുകളെ പേരു പറഞ്ഞു വിളിക്കുന്നത് കേട്ടിട്ടുണ്ട്. പറഞ്ഞുവന്നത് ഡയലോഗിന്റെ ഉള്ളടക്കം മാത്രമല്ല, അത് പറയുന്ന ശൈലിയും പ്രധാനമാണ് എന്നാണ്. മാറ്റിപ്പറയുമ്പോള്‍ ശൈലി ഉള്‍പ്പെടെ ചിലപ്പോള്‍ മാറിയേക്കാം. അങ്ങനെ പറ്റില്ല.

സാറിന്റെ ഒട്ടുമിക്ക സിനിമകളും അടൂരിന്റെ അല്ലെങ്കില്‍ തിരുവിതാംകൂറിന്റെ പരിചിതമായ പശ്ചാത്തലത്തിലാണ്. അവിടുത്തെ ആളുകളുടെ ഭാഷയും രീതികളുമാണ് കൂടുതല്‍ സ്വാധീനിച്ചത് എന്നതുകൊണ്ടുകൂടിയാണോ അത്? 

 രണ്ട് സിനിമകള്‍ തെക്കും വടക്കും ചെയ്തിട്ടുണ്ട്. നിഴല്‍ക്കുത്ത് തെക്കാണ്. വിധേയന്‍ വടക്ക്. ദക്ഷിണ കാനറയുടെ അതിര്‍ത്തിയിലാണ് വിധേയന്‍. 

 പക്ഷേ, വിധേയനിലെ തൊമ്മി മധ്യതിരുവിതാംകൂറില്‍നിന്നു പോയ ആളാണ്.

അതെ, തിരുവല്ല ഭാഗത്തുനിന്നാണ്. തൊമ്മിയും ഭാര്യയും മാത്രമാണ് ആ ഭാഷ സംസാരിക്കുന്നത്. ബാക്കിയെല്ലാവരും അവിടുത്തെ ഭാഷയാണ് സംസാരിക്കുന്നത്. കൂടുതല്‍ സിനിമകളും എനിക്കു പരിചയമുള്ള പ്രദേശങ്ങളിലെ കഥാപാത്രങ്ങള്‍ ഉള്ളവയാണ്. പരിചയമുള്ളതല്ലാതെ നമുക്ക് അറിയാന്‍ വയ്യാത്തവരുടെ ജീവിതം പറയാന്‍ പോയാല്‍ അതില്‍ കൃത്രിമത്വം വരും. സാധാരണത്വമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്പെസിഫിസിറ്റിയാണ് വേറൊരു പ്രധാന കാര്യം. കഥാപുരുഷനിലെ അടൂര്‍ ഭാഷ കൃത്രിമമായി തോന്നി എന്നു പറഞ്ഞയാളുണ്ട്. കാരണം അദ്ദേഹം അടൂര്‍ ഭാഷ കേട്ടിട്ടില്ല. അപ്പോള്‍ കൃത്രിമമായി തോന്നും. പക്ഷേ, അറിയാവുന്നവര്‍ക്ക് അതു വളരെ സ്വാഭാവിക സംസാരമായി അനുഭവപ്പെടും.

ഡയലോഗ് വളരെ ആഴത്തില്‍ പറയുന്ന രീതിയാണല്ലോ അതില്‍. വര്‍ത്തമാനത്തില്‍ വളരെ വിനീത വിധേയത്വമൊക്കെ കയറിവരുന്ന സന്ദര്‍ഭങ്ങളുണ്ട്. അതു കഥയുടെ സാഹചര്യം ആവശ്യപ്പെടുന്നതുമാണ്. 

അത് ആ കഥാപാത്രത്തിന്റെ ജനുവിന്‍നെസ്സാണ്. നന്മയാണ്.

മനസ്സ് ദൃശ്യവല്‍ക്കരിക്കാന്‍ പറ്റില്ല എന്നു പറയുന്നവരോട് ഞാന്‍ പറയാറുള്ളത് സാറിന്റെ അനന്തരം എന്ന സിനിമയെക്കുറിച്ചാണ്. 

(അടൂര്‍ നിറഞ്ഞ ചിരിയോടെ അതു ശരിവയ്ക്കുന്നു. അതു വളരെ സൈക്കോളജിക്കലാണ് എന്നു പറയുകയും ചെയ്യുന്നു).

 ആ സിനിമയ്ക്കകത്തു പറഞ്ഞിരിക്കുന്ന സൂക്ഷ്മ വിശദാംശങ്ങള്‍ ഒരു മനുഷ്യന്റെ മനസ്സിലൂടെ നമ്മെ കൊണ്ടുപോകുന്നവിധം എത്ര മനോഹരമാണ്. മരിക്കാന്‍ കിടക്കുമ്പോഴാണ് മനുഷ്യന്റെ ഉള്ളിലൂടെ കുട്ടിക്കാലം മുതലുള്ള ജീവിതം ഏറ്റവും നന്നായി കടന്നുപോവുക എന്നു പറയാറുണ്ട്. അനന്തരത്തിലെ കഥാരീതി നല്ലപോലെ മനസ്സറിയാന്‍ പറ്റിയാല്‍ മാത്രമാണ് വിജയിപ്പിക്കാന്‍ കഴിയുക. കൃത്യമായ ഒരുകാലത്തെ അടയാളപ്പെടുത്താനും അതില്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെയൊരു അനുഭവം എങ്ങനെയായിരുന്നു. ചില പുതിയ ജനറേഷന്‍ സിനിമകള്‍ എഴുത്തും ചിത്രീകരണവുമെല്ലാം കഴിഞ്ഞ് എഡിറ്റിംഗ് ഘട്ടത്തില്‍ വേറൊന്നിലേക്കു പോകുന്ന രീതിയുണ്ട്. 

എല്ലാ പടത്തിന്റേയും സ്‌ക്രിപ്റ്റ് വളരെ വിശദമായി എഴുതുന്നതാണ് എന്റെ രീതി. അതേസമയം, ആ സ്‌ക്രിപ്റ്റ് അതുപോലെ ഷൂട്ട് ചെയ്യണമെന്നില്ല. പടത്തിന്റെ വികാസത്തില്‍, അതിന്റെയൊരു പരിണാമത്തില്‍ മാറ്റം വരാം. അനന്തരത്തില്‍ ഷൂട്ട് ചെയ്ത ഒരു സീക്വന്‍സ് എഡിറ്റിംഗില്‍ വേണ്ട എന്നുവച്ച് മാറ്റിയിട്ടുണ്ട്. അതില്‍ മാത്രമേ ചിത്രീകരിക്കുകയും പിന്നെ വേണ്ടെന്നു വയ്ക്കുകയും ചെയ്തിട്ടുള്ളു. ബാക്കിയൊക്കെ ചിത്രീകരിക്കുന്നതു മാറ്റമില്ലാതെയാണ് വരാറ്. നമുക്കെന്താണ് ചെയ്യേണ്ടത് എന്ന ഒരു ബോധ്യം നമുക്കുണ്ടാകും എന്നതാണ് സ്‌ക്രിപ്റ്റിന്റെ പ്രാധാന്യം. വിശദമായി സ്‌ക്രിപ്റ്റ് എഴുതിയാലും പിന്നീട് ഒരുപാട് ഡെവലപ്മെന്റ്‌സ് പിന്നെയും ഉണ്ടായിക്കൊണ്ടിരിക്കും. ജൈവപരമായ ഒരു വളര്‍ച്ച ഞാന്‍ അതിന് അനുവദിക്കാറുണ്ട്. എല്ലാത്തവണയും. അതിന്റെയകത്ത് ഒരു സ്പൊണ്ടേനിറ്റി ഉണ്ടാകും. പിന്നെ, നേരത്തെ സ്‌ക്രിപ്റ്റു വെച്ച് ഒരു കണ്‍സപ്റ്റ് ഉണ്ടാക്കുന്നതുകൊണ്ട് ഒരു രംഗത്തുനിന്ന് അടുത്തതിലേക്കുള്ള ട്രാന്‍സിഷന്‍സെല്ലാം വളരെ കൃത്യമായിരിക്കും. 

മധുപാല്‍: സാറിന്റെ ഓരോ സീനിലും, പ്രത്യേകിച്ച് അനന്തരത്തില്‍ അടുത്തത് എന്തായിരിക്കും എന്ന ആകാംക്ഷ വല്ലാതെ ഉണ്ടാകുന്നുണ്ട്. അതിന്റെയൊരു സുഖം വളരെ വലുതാണ്. മൂന്നു പടങ്ങളാണ് ഞാന്‍ ഈ ഗണത്തില്‍പ്പെടുത്തുന്നത്. എലിപ്പത്തായം, വിധേയന്‍, അനന്തരം. വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കാന്‍ തോന്നിപ്പിക്കുന്നവ. മറ്റുള്ളവയ്‌ക്കെല്ലാം അതിന്റേതായ വേറെ ലെവലുണ്ട്. നമ്മുടെ മനസ്സ് ചിലതു സ്വീകരിക്കുന്ന രീതികളുടെയാണ്. ചില എഴുത്തുകാരുടെ എല്ലാ പുസ്തകങ്ങളും വായിക്കില്ല, ചിലത് പലതവണ വായിക്കും എന്നതുപോലെ.

അനന്തരം എന്ന ചിത്രത്തിലെ രംഗം
അനന്തരം എന്ന ചിത്രത്തിലെ രംഗം


വിധേയന്‍ സക്കറിയയുടെ 'ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും' എന്ന ചെറുകഥയാണല്ലോ. മലയാളത്തിലെ പ്രശസ്തമായ നോവലുകള്‍, ഉദാഹരണത്തിന് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഖസാക്കിന്റെ ഇതിഹാസം, കാലം അങ്ങനെ ഏതെങ്കിലും സിനിമയാക്കുക എന്നത് ആലോചനയില്‍ എപ്പോഴെങ്കിലും വന്നിട്ടുണ്ടോ. ഇനിയായാലും അതിനു സാധ്യതയുണ്ടോ?

 ഞാന്‍ അങ്ങനെ ആലോചിച്ചിട്ടില്ല. ഞാന്‍ ഒരു നോവലും എടുത്തിട്ടില്ലല്ലോ. എടുക്കാറുള്ളത് ചെറുകഥകളാണ്. ചെറുകഥ തരുന്ന ഒരു സ്വാതന്ത്ര്യം എന്താണെന്നു വച്ചാല്‍ അതു ഡെവലപ് ചെയ്ത് എന്റെ കഥയാക്കാന്‍ എളുപ്പമാണ്. ചെറുകഥ ഒരു ആശയം മാത്രമാണ്. അതാണ് ഞാന്‍ വികസിപ്പിക്കുന്നത്. നാലു പെണ്ണുങ്ങള്‍ ചെയ്തപ്പോള്‍ തകഴിയുടെ കഥകളിലുള്‍പ്പെടെ അതാണ് ചെയ്തത്. 

നോവല്‍ ഈ വിധത്തില്‍ സ്വതന്ത്രമായി മാറ്റിയെടുക്കാന്‍ എളുപ്പമല്ലാത്തതാണോ കാരണം.

അതെ, അതുതന്നെയാണ്.

പാറപ്പുറത്തിന്റെ നോവല്‍ 'ആകാശത്തിലെ പറവകള്‍' ഞാന്‍ ടെലിവിഷനുവേണ്ടി ചെയ്ത ഒരു അനുഭവമുണ്ട്. അത് ബ്രഹ്മാണ്ഡമായ പുസ്തകമാണെങ്കിലും 20 എപ്പിസോഡിലാണ് ചെയ്തത്. എം.ടി. സാര്‍ ആ സീരിയല്‍ മൊത്തമായി കണ്ടിരുന്നു. എന്തുകൊണ്ട് അങ്ങനെ താല്പര്യമെടുത്ത് കണ്ടു എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഞാനത് മോഡേണൈസ് ചെയ്തു എന്നാണ്. പല സംവിധായകരും ഇതു സിനിമയാക്കാന്‍ മെനക്കെട്ടിട്ടുണ്ട്. പക്ഷേ, അതിന്റെയൊരു വലിപ്പം പ്രശ്‌നമാണ്. രണ്ട് രണ്ടര മണിക്കൂറിലേക്ക് ഒതുക്കുമ്പോള്‍ കുറേ ഭാഗങ്ങള്‍ മുറിക്കേണ്ടിവരും. അങ്ങനെ മുറിക്കുമ്പോള്‍ ആ കഥയുടെ പരസ്പരബന്ധം നഷ്ടപ്പെട്ടേക്കും. ജാതിയും രാഷ്ട്രീയവുമൊക്കെയായി സൂക്ഷ്മമായ പരസ്പരബന്ധമുള്ള കഥയാണ്. അങ്ങനെതന്നെ സിനിമയാക്കാന്‍ പറ്റാത്ത കാര്യമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിലും രണ്ടാമൂഴവുമൊക്കെ കുറേക്കാലമായി കേള്‍ക്കുന്നതാണെങ്കിലും ഈ രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ടാകാം. 

ചെറുകഥയിലെ ആശയത്തെ വികസിപ്പിച്ച് സിനിമയാക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യം നോവലില്‍ ലഭിക്കില്ല. 

ആന്റി സോഷ്യല്‍ മീഡിയ 

ജനപ്രിയ മലയാള സിനിമകളെ എങ്ങനെ കാണുന്നു. 'സിഐഡി മൂസ'യാണ് ഇഷ്ട സിനിമ എന്ന് എവിടെയോ പറഞ്ഞിരുന്നല്ലോ.

ദിലീപിനെ വച്ച് സിനിമയെടുത്തപ്പോള്‍ പ്രസ്സ്‌ക്ലബിലെ ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിനു മറുപടിയായാണ് 'സിഐഡി മൂസ'യെക്കുറിച്ചു പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമകളില്‍ താങ്കള്‍ക്ക് ഏതാണ് ഏറ്റവും ഇഷ്ടം എന്നാണ് ചോദ്യം. അത് ഞാന്‍ ആസ്വദിച്ച പടമാണ്. നല്ല തമാശയാണ്. രസമാണ് അത് കണ്ടുകൊണ്ടിരിക്കാന്‍. എനിക്കേറ്റവും ഇഷ്ടപ്പെട്ട പടമാണ് എന്നല്ല പറഞ്ഞത്. ദിലീപിന്റെ ഞാന്‍ കണ്ട പടങ്ങളില്‍ ഇഷ്ടപ്പെട്ടത് എന്നാണ്. 

തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ടോ.

പൊതുവേ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് കുറവാണ്. ടി.വി കാണാറേയില്ല. സഹിക്കാനൊക്കില്ല. നമ്മുടെ സമയവും നഷ്ടപ്പെടും. ഇതു കണ്ടുകഴിഞ്ഞാല്‍ പ്രത്യേകിച്ചൊരു കാര്യം കിട്ടാറുമില്ല. വാര്‍ത്തകള്‍ അറിയാന്‍ പത്രം വായിക്കും. ലോകവിവരങ്ങള്‍ അറിയാന്‍ അല്ലാത്ത വായനയുമുണ്ടല്ലോ. അറിയേണ്ട കാര്യങ്ങളെല്ലാം ഞാന്‍ കാണുകയും അറിയുകയും ചെയ്യാറുണ്ട്. 

സ്വാഭാവികമായും സോഷ്യല്‍ മീഡിയയില്‍നിന്നും അകന്നുതന്നെയാണോ നില്‍ക്കുന്നത്? ഒരു എഡിറ്ററുടെ സാന്നിധ്യം മറ്റു മാധ്യമങ്ങളിലെപ്പോലെ ഇല്ലാത്ത സ്ഥലമാണല്ലോ അത്. ആര്‍ക്കും എന്തും എഴുതാം. തെറ്റുകളും പിശകുകളും തിരുത്തിത്തരുന്ന ഒരു മാസ്റ്റര്‍ ഇല്ലാത്തതിന്റെ എല്ലാ കുഴപ്പങ്ങളുമുണ്ട്. എങ്ങനെ കാണുന്നു?

ആശയവിനിമയത്തിനുവേണ്ടി ഉണ്ടായ മാധ്യമമാണെങ്കിലും ഇതു വന്ന ശേഷം ആളുകള്‍ തമ്മില്‍ കമ്യൂണിക്കേഷന്‍ ഇല്ലാതായി. രണ്ടുപേര്‍ ഒന്നിച്ചിരിക്കുമ്പോഴും അവര്‍ സ്വന്തം സെല്‍ഫോണില്‍ നോക്കി സമയം നീക്കുകയാണ്. പരസ്പരം സംസാരം കുറഞ്ഞു. അതുപോലെ, പണ്ടൊക്കെയാണെങ്കില്‍ ചലച്ചിത്രഗാനത്തിന്റെ സമയത്ത് വേറൊരു വീട്ടില്‍ പോകരുത് എന്നാണ് പറയാറുള്ളത്. ഇപ്പോള്‍ ആളുകള്‍ എപ്പോഴും മൊബൈലിലാണ്. അതില്‍ മാത്രം ശ്രദ്ധിച്ചിരിക്കുകയായിരിക്കും. മറ്റൊന്ന്, ടി.വി സീരിയലുകള്‍ കാരണം ആളുകള്‍ക്കു മറ്റൊരു വീട്ടില്‍ പോകാന്‍ പറ്റില്ല. അതിഥിയെ ശ്രദ്ധിക്കില്ല. മനുഷ്യന്റെ ആശയവിനിമയത്തിനുവേണ്ടി ഉണ്ടായത് ആശയവിനിമയം നഷ്ടപ്പെടുത്തുന്നു എന്നതു ചെറിയ കാര്യമല്ല. വല്ലാത്ത അവസ്ഥയാണ്. വളരെ അപകടകരവുമാണ്. 

പരസ്പരം കാര്യങ്ങള്‍ അറിയാനും അറിയിക്കാനും സംസാരം കുറഞ്ഞു എന്നതാണ് വലിയ സങ്കടം. വെറുപ്പിന്റെ രാഷ്ട്രീയം പോലെയുള്ള ആശയങ്ങള്‍ കൂടുതല്‍ പ്രചരിക്കുന്നതും സോഷ്യല്‍ മീഡിയ വഴിയാണ്.

സോഷ്യല്‍ മീഡിയ ശരിക്കും ആന്റി സോഷ്യല്‍ മീഡിയ ആയി. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയും കൊള്ളാവുന്ന കാര്യങ്ങള്‍ക്കു വേണ്ടിയുമല്ല, പൂര്‍ണ്ണമായും നെഗറ്റീവായാണ് ഉപയോഗിക്കുന്നത്. 

ദൂരെയുള്ളവര്‍ക്ക് പരസ്പരം കാര്യങ്ങള്‍ അറിയിക്കാനും ഫോട്ടോകളും മറ്റും പങ്കുവയ്ക്കാനുമാണ് ശരിക്കും വാട്സാപ്പ് പോലുള്ളവ ഉപയോഗിക്കേണ്ടത്. പക്ഷേ, അടിസ്ഥാനവും ആധികാരികതയും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുമുള്ള മീഡിയമായി അതുപോലും മാറുന്നു. ആളുകള്‍ അതു വിശ്വസിച്ചുപോകുന്നു എന്നതാണ് വലിയ ദുരന്തം.

 സാമുദായിക കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്നത് ഈ സാധനമാണ് ഇപ്പോള്‍. ഇല്ലാത്തൊരു ആക്രമണത്തെക്കുറിച്ചുള്ള വിവരം ആരെങ്കിലും ഇടുമ്പോള്‍ സത്യമെന്താണ് എന്നുപോലും അന്വേഷിക്കാതെ ചിലര്‍ ഇറങ്ങുന്നു. വലിയ ബഹളങ്ങളും കൂട്ടക്കൊലകളുമൊക്കെ ഉണ്ടാകുന്നു.

പൊതുസമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നതിന് ഭൂരിപക്ഷ സമുദായത്തിന്റെ വൈകാരികതകളെ ചിലര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന സ്ഥിതിയുണ്ടല്ലോ. അപ്പോഴും നമ്മുടെ രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിലെ ബഹുഭൂരിപക്ഷവും സെക്കുലറായി നില്‍ക്കുന്നത് പ്രത്യാശ നല്‍കുന്ന കാര്യമല്ലേ. അതുകൊണ്ടല്ലേ വര്‍ഗ്ഗീയവല്‍ക്കരണ ശ്രമങ്ങള്‍ക്കു പൂര്‍ണ്ണ വിജയം ഉണ്ടാകാത്തത്?

നമ്മള്‍ തന്നെ സൂക്ഷിക്കണം. അതേയുള്ളു വഴി. ഇങ്ങനെയുള്ള പ്രലോഭനങ്ങള്‍ക്കു വശംവദരാകരുത്. ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ക്ക് കേരളത്തിലെ ഭൂരിപക്ഷം വശംവദരാകുന്നില്ല എന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഫലം തെളിയിച്ചത്. 

വര്‍ഗ്ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷത്തിന് പങ്കു വഹിക്കാനുണ്ടോ? ഏതെങ്കിലും തരത്തിലുള്ള സാധ്യതകളുണ്ടോ? എങ്ങനെ കാണുന്നു അങ്ങ്. 

സി.പി.ഐയും സി.പി.എമ്മും മാത്രമാണല്ലോ ഇപ്പോള്‍ ഇടതുപക്ഷമായി നിലനില്‍ക്കുന്നത്. തീര്‍ച്ചയായിട്ടും അവരില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ത്തന്നെ നോക്കൂ. നായരെ നായര്‍ ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥിയാക്കുന്ന സ്ഥിതിയുണ്ടല്ലോ. ക്രിസ്ത്യാനി കൂടുതലുള്ളിടത്ത് ക്രിസ്ത്യാനിയേയും മുസ്ലിങ്ങള്‍ കൂടുതലുള്ളിടത്ത് മുസ്ലിമിനേയും നിര്‍ത്തും. പുരോഗമനമൊക്കെ പറയുമെങ്കിലും ഇതാണല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ചെയ്യുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണ്. ഇടതുപക്ഷമാണ് അതില്‍നിന്നു കുറച്ചെങ്കിലും മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിനും വലിയൊരളവ് മതേതര ഗുണമുണ്ട്. 

ഇങ്ങനെയൊക്ക ആയിരിക്കുമ്പോഴും ജാതി രാഷ്ട്രീയവും മതത്തിന്റെ പേരിലുള്ള രാഷ്ട്രീയവുമല്ലേ ഒരു പരിധിവരെ ആളുകളെ ഇപ്പോള്‍ സാമൂഹിക ജീവിതത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നത്? അതല്ലേ യാഥാര്‍ത്ഥ്യം? 

അങ്ങനെയുള്ള കണക്കുകൂട്ടലിലാണ് അവരിത് ചെയ്യുന്നത്. പക്ഷേ, ഒരു മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള സമുദായത്തില്‍പ്പെടാത്ത ആളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിലപാടുണ്ടാകണം. അയാള്‍ അല്ലെങ്കില്‍ അവര്‍ യോഗ്യനോ യോഗ്യയോ ആയിരിക്കണം. വെറുതേ ആരെയെങ്കിലും പിടിച്ചു നിര്‍ത്തുക എന്നല്ല. ഗാന്ധിജി വിഭാവനം ചെയ്തത് എന്താണ്. തെരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ മത്സരിക്കുന്നവരില്‍ ഏറ്റവും യോഗ്യനാരാണോ അയാള്‍ക്ക് വോട്ടു ചെയ്യാനാണ് പറഞ്ഞത്. അതാണ് മാതൃക. പക്ഷേ, കള്ളന്മാരും കൊലപാതകികളുമൊക്കെയാണ് ഇപ്പോള്‍ എം.എല്‍.എമാരും എം.പിമാരുമൊക്കെയായി വരുന്നത്. രണ്ടു കൈയിലും തോക്കുമായി നൃത്തം ചെയ്യുന്നവരൊക്കെയാണ് ജനപ്രതിനിധി. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ട് അതിനെതിരെ പരാതി കൊടുത്തതിന്റെ പേരില്‍ അവളുടെ അച്ഛനെ കൊല്ലുന്ന എം.എല്‍.എ. ആ കുടുംബത്തെ മുഴുവന്‍ കാറില്‍ ട്രക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുക. ഇതൊക്കെയാണ് സംഭവിക്കുന്നത്. പേരിന് അയാള്‍ ജയിലിലാണ്. പക്ഷേ, അവിടെ കിടന്നുകൊണ്ടാണ് ഇതൊക്കെ ചെയ്യിക്കുന്നത്. ഏതുതരം ജനാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നത്? നീതിന്യായം പോലും ശരിയായിട്ടല്ല നടക്കുന്നത് എന്നു തോന്നിപ്പോവുകയാണ്. 

ജുഡീഷ്യറിപോലും ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല എന്നു വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

അതെ. അതു വളരെ അപകടകരമാണ്. അതുപോലെതന്നെയാണ് വ്യക്തികളെ ഭീകരരായി ചിത്രീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തയാളുകളെ ഭീകരരായി പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്ന് ഭയക്കണം. പിന്നെ അയാളെ കണ്ടെന്നു വരില്ല. ഏക പാര്‍ട്ടി ഏകാധിപത്യ രാജ്യമായ ചൈനയില്‍ ഇതാണ് സ്ഥിതി. അവിടെ സമരവും എതിര്‍പ്പുമൊന്നും നടക്കില്ല. ആ രീതിയിലേക്കാണ് നമ്മള്‍ പോകുന്നത്. പക്ഷേ, പുരോഗതിയുണ്ടാകും കേട്ടോ. അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ ഏകപകക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ വികസനമുണ്ടാകും. പക്ഷേ, ഒന്നു മനസ്സിലാക്കണം. ജനാധിപത്യം സ്ലോ ആണ്. നമ്മളെല്ലാം അക്ഷമരാകാറുണ്ട്, ഇതെല്ലാമെന്താ ഇങ്ങനെ സാവധാനം നടക്കുന്നതെന്ന്. അതങ്ങനെയാണ്. എല്ലാവരുടേയും അനുമതിയോടെ നടത്തുമ്പോള്‍ സമയമെടുക്കും. അങ്ങനെ സമയമെടുക്കണം എന്നല്ല. പക്ഷേ, സമയമെടുക്കുന്നെങ്കില്‍ അതു ജനാധിപത്യത്തിനു ഗുണകരമാണ്. എല്ലാ കാഴ്ചപ്പാടുകളും പരിഗണിക്കണം. പക്ഷേ, സമീപ ദിവസങ്ങളില്‍ പാര്‍ലമെന്റ് പാസ്സാക്കിയ പല ബില്ലുകളും സെലക്റ്റ് കമ്മിറ്റിക്കു വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സെലക്റ്റ് കമ്മിറ്റിയാണ് ഒരു ബില്ലിന്റെ ഗുണവും ദോഷവും ചര്‍ച്ച ചെയ്തു വേണോ വേണ്ടയോ എന്ന റിപ്പോര്‍ട്ട് നല്‍കുന്നത്. സെലക്ട് കമ്മിറ്റി റിജക്ട് ചെയ്താല്‍ ആ ബില്ല് പോകും. അതു മനസ്സിലാക്കിയാണ് സെലക്ട് കമ്മിറ്റിക്കു വിടണം എന്ന ആവശ്യം അംഗീകരിക്കാതിരുന്നത്.

രാഹുല്‍ ഗാന്ധി 

ജനാധിപത്യം 100 ശതമാനം ഗുണകരമാകണമെങ്കില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഭരണകൂടം ഉണ്ടാകണം. ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാര്‍ ഒരു യാഥാര്‍ത്ഥ്യമായിരിക്കുന്നു. മാറ്റത്തിനുവേണ്ടി നമുക്കെന്താണ് ചെയ്യാനുള്ളത്? 

ഇത്തവണ ഒരു വലിയ അബദ്ധം സംഭവിച്ചത് സെക്കുലര്‍ പാര്‍ട്ടികളെല്ലാം കൂടി ഒന്നിച്ചു നില്‍ക്കുന്നതിനു പകരം ഭിന്നിച്ചു നിന്നു. പ്രധാനമന്ത്രിയാകാന്‍ മൂന്നു നാലു പേരെങ്കിലും ഉടുപ്പൊക്കെ തയ്പിച്ചു വച്ചു എന്നതാണ് അപ്പോള്‍ ഉണ്ടായ വലിയ പ്രശ്‌നം. മായാവതി, മമത തുടങ്ങിയ പലരും പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിച്ചു. കോണ്‍ഗ്രസ്സ് പോലും നല്ല ശക്തമായി ഒരു നേതാവിനെ ഉയര്‍ത്തിക്കാണിച്ചില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞു സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രി എന്ന് അവര്‍ പറഞ്ഞില്ല. ആത്മവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടാണ്. ഇവരെല്ലാം ചേര്‍ന്നില്ലെങ്കിലോ എന്നു പേടിച്ചിട്ടാണ് തെരഞ്ഞെടുപ്പു കഴിഞ്ഞു തീരുമാനിക്കാം എന്നു പറഞ്ഞത്. എന്നാല്‍പ്പിന്നെ നമുക്കങ്ങായേക്കാം എന്ന് അവരെല്ലാം തീരുമാനിച്ചത് അതോടുകൂടിയാണ്. പിന്നെ, ഈ കോണ്‍ഗ്രസ്സ് അവിടെയും ഇവിടെയുമൊക്കെ പോയി മറ്റുള്ളവരുടെ സൗജന്യത്തില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതിനു പകരം എല്ലായിടത്തും അവരുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതായിരുന്നു. എന്തുകൊണ്ട് നിര്‍ത്തിയില്ല? അവര്‍ ഒരു മതേതര ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ അവരുടെ കൂടെ ആളുകളുണ്ട്. അതറിഞ്ഞ് കാര്യമായി പ്രവര്‍ത്തിക്കണമായിരുന്നു. രാഹുല്‍ ഗാന്ധി രാജിവച്ചപ്പോള്‍ പകരം നേതാവിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കണ്ടില്ലേ. ദക്ഷിണേന്ത്യയില്‍നിന്ന് ഒരാളെ വയ്ക്കില്ല. 

തോറ്റതോടുകൂടി ഉണ്ടായിരുന്ന ആത്മവിശ്വാസം കൂടി നഷ്ടപ്പെട്ടുപോയി. അതാണല്ലോ രാജിവച്ചതും എം.പിയായി സത്യപ്രതിജ്ഞ ചെയ്യേണ്ട ദിവസം ഉച്ചവരെ മുറിയടച്ചിട്ട് ഇരുന്നതും. 

 അദ്ദേഹം ഒരു പ്രൊഫഷണല്‍ രാഷ്ട്രീയക്കാരന്‍ അല്ലാത്തതുകൊണ്ടാണ്  അത്. പിന്തുണ കിട്ടേണ്ട സമയത്ത് മുഴുവന്‍ നേതാക്കളില്‍നിന്നും പിന്തുണ കിട്ടിയില്ല എന്നു തുറന്നു പറഞ്ഞല്ലോ. അവരെല്ലാം സ്വന്തം മക്കള്‍ക്കു സീറ്റ് കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് പറഞ്ഞത്. 

നേരെ വാ നേരെ പോ മനോഭാവക്കാരനായതുകൊണ്ടാണ് അങ്ങനെയൊരു തുറന്നു പറച്ചില്‍ ഉണ്ടായത്.

അടൂര്‍: വളരെ നല്ലൊരു മനുഷ്യനാണ്. യോഗ്യനാണ്. അങ്ങനെയൊരാളില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഇനി വരില്ല. ഇപ്പോള്‍ ഈ സാഹചര്യത്തില്‍ ഉറച്ചുനിന്നു പൊരുതണമായിരുന്നു. അതിനു പകരം മാറിക്കളഞ്ഞു. 

ധൈര്യമില്ലായ്മയാണ് മാറാന്‍ കാരണം.

അങ്ങനെ നിന്നില്ലെങ്കില്‍ അടുത്ത തവണ വരാന്‍ ചാന്‍സില്ല; രാഹുലിനു ചാന്‍സില്ല. നെഹ്രു കുടുംബത്തില്‍നിന്ന് ആരും വേണ്ട എന്നു പറയുകയും ചെയ്തു. പക്ഷേ, കുടുംബവാഴ്ച എന്നൊക്കെ പറയുമെങ്കിലും നെഹ്രു കുടുംബത്തിനാണ് ഇവരെയെല്ലാം ഒന്നിപ്പിച്ചു നിര്‍ത്താന്‍ കഴിയുക. അതൊരു സത്യമാണ്. അവരുടെ ലെഗസി അത്ര വലുതാണ്. കലയിലും സാഹിത്യത്തിലും സംസ്‌കാരത്തിലുമൊക്കെ കൃത്യമായ അവബോധവുമുണ്ട്. രാജ്യത്തെ ഒന്നായി കാണുന്നവരാണ്. അങ്ങനെയൊക്കെയുള്ള കാരണങ്ങള്‍കൊണ്ടാണ് അവര്‍ ഇവരെയെല്ലാം ഒന്നിപ്പിച്ചു നിര്‍ത്തിയിരുന്നത്. 

രാജ്യത്തിന്റെ ചരിത്രവും പ്രശ്‌നങ്ങളുമൊന്നും അറിയാത്ത പുതിയ ചില ആളുകളാണ് മുന്നില്‍ നിന്നു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ നന്നാകുക എന്നതിനപ്പുറം ഒന്നുമില്ലാത്തവര്‍. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തുമ്പോള്‍ അവിടെ പോകാന്‍ തയാറാകാത്ത ആളാണ് ഇ.എം.എസ് എന്നു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ ആളാണ് സാറിനെതിരെ വിവാദത്തിനു ശ്രമിച്ച ബി.ജെ.പി നേതാവ്.

 ഇ.എം.എസ് അന്നു ജനിച്ചിട്ടില്ല. എന്തൊരു ചരിത്രബോധമാണെന്ന് നോക്കണം!

കഥാപുരുഷനിലേയ്ക്കു തിരിച്ചുവന്നാല്‍, 40 വര്‍ഷത്തെ കേരളചരിത്രം അതിലുണ്ടല്ലോ. ഇപ്പോഴത്തെ സമകാലിക സാഹചര്യത്തില്‍നിന്നുകൊണ്ട് കേരളത്തിന്റെ അവസ്ഥയും ആ സിനിമയെക്കുറിച്ച് ഒന്നു പറയാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാകും? 

ഇപ്പോള്‍ നമ്മള്‍ ഒരനുഭവത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കയാണ്. ശരിക്കും അതിനുള്ളിലാണ് നമ്മള്‍. ഇതു സമഗ്രമായി ഉള്‍ക്കൊള്ളാനോ ഇതിനോട് ഒരു കലാസൃഷ്ടിയിലൂടെ പ്രതികരിക്കാനോ കഴിയില്ല. അങ്ങനെ ചെയ്താല്‍ അത് പൂര്‍ണ്ണമായ, സത്യസന്ധമായ കല ആവുകയില്ല. 

പ്രകൃതിയുടെ നീതി 

എവിടെയെങ്കിലുമൊക്കെ പ്രതീക്ഷയുടെ ഘടകങ്ങള്‍ ഉണ്ടാകില്ലേ സര്‍? ചരിത്രം പുനര്‍വായിക്കപ്പെടുകയും വീണ്ടും എഴുതപ്പെടുകയും ചെയ്യില്ലേ.

നാച്ചുറല്‍ ജസ്റ്റിസ് ഉണ്ടാകുകയേ വഴിയുള്ളു. നാച്ചുറല്‍ ജസ്റ്റിസ് സംഭവിക്കുകതന്നെ ചെയ്യും. പ്രകൃതി തന്നെ ഒരു നീതി നടപ്പാക്കും. 

ശുഭാപ്തി വിശ്വാസം പോലും ആളുകളില്‍ ഇല്ലാതാകുന്ന സ്ഥിതിയുണ്ട്. സത്യം അറിയാന്‍ വിശ്വസനീയമായ വഴിപോലുമില്ലാത്ത സ്ഥിതി. 

ബഹുഭൂരിപക്ഷം മാധ്യമങ്ങളിലൂടെയും വരുന്നത് ഭരിക്കുന്നവരുടെ മാത്രം അഭിപ്രായങ്ങളായി മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ അവര്‍ക്കുവേണ്ടി നിലകൊള്ളുന്ന സ്ഥിതി. സങ്കടമുണ്ട് ശരിക്കും അതില്‍. 

പ്രധാനമന്ത്രിക്കു കത്തെഴുതിയതിന്റെ പേരില്‍ വിവാദമുണ്ടായപ്പോള്‍ സാര്‍ പറഞ്ഞത് ഭയംകൊണ്ടാണ് ചിലരുടെ പ്രതികരണം അങ്ങനെയായത് എന്നാണ്. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ നിര്‍ഭയരായിരിക്കാന്‍ എന്തു ചെയ്യണം? അങ്ങെന്താണ് അതിനേക്കുറിച്ച് കരുതുന്നത്? നിലപാടുകള്‍ പറയാന്‍? 

ഒരു രീതിയിലും ഭീരുക്കളായി ഒളിച്ചിരിക്കരുത്. പുറത്തു വരണം. പറയേണ്ട സ്ഥലത്ത് പറയണം. അതൊരു ചുമതലയായിത്തന്നെ കാണണം. ആര്‍ക്കും എതിരായ സമരമായിട്ടല്ല. മറിച്ച്, നമ്മള്‍ ഇതിനു ചുമതലപ്പെട്ടവരാണ് എന്ന തിരിച്ചറിവു വേണം. നമ്മുടെ ജീവിതമാണ്, നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതമാണ്. 

നമുക്കു ജീവിക്കണമെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും കൃത്യമായി നിലപാടുകള്‍ അറിയിക്കുകയും ചെയ്യണം എന്നുതന്നെയാണ്. വലിയ കാര്യമാണ്. കൃത്യമാണ് ഈ നിലപാട്. 

 അതേയുള്ളു വഴി. വേറെ വഴിയില്ല. ഭയപ്പെട്ട് ഒളിച്ചിരുന്നാല്‍ അവര്‍ നമ്മളേയും മറികടന്നുപോകും. അവര്‍ തകര്‍ത്തുകഴിഞ്ഞശേഷവും പൊരുതി ജയിച്ചവരുടെ ജീവിതങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഉദാഹരണം ഗുജറാത്തിലെ ബള്‍ക്കീസ് ബാനു. അവരെന്തൊക്കെ അനുഭവിച്ചു. വാശിയോടെ അവര്‍ പൊരുതി. ഒടുവില്‍ നീതിയുടെ വഴി തുറന്നുകിട്ടി. ഇപ്പോഴിതാ, പ്രധാനമന്ത്രിയെ വിമര്‍ശിച്ചയാളെ പിടിച്ച് ജയിലില്‍ ഇട്ടിരിക്കുകയാണല്ലോ. സഞ്ജീവ് ഭട്ടിന്റെ കാര്യമാണ്. 

ചോദ്യം ചോദിക്കുന്നവരെ ഇല്ലാതാക്കുന്ന സ്ഥിതി.

 അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥയേക്കാള്‍ മോശമാണ്. 

(മലയാളം വാരിക, ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com