സാമ്പത്തികമാന്ദ്യം ആരുടെ സൃഷ്ടി? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്താണ് സംഭവിച്ചത്?

തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും കുതിക്കുമ്പോള്‍ അഞ്ചു ട്രില്യണ്‍ ഡോളറെന്ന ലക്ഷ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അന്യമാകുമോ? 
സാമ്പത്തികമാന്ദ്യം ആരുടെ സൃഷ്ടി? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്താണ് സംഭവിച്ചത്?

ര്‍ക്കും ആരിലും വിശ്വാസമില്ല!.   കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിതി ആയോഗ് ചെയര്‍മാന്‍ രജീവ് കുമാറിന്റെ വിലാപം ഇങ്ങനെ. 2024ല്‍ അഞ്ചു ട്രില്യണ്‍ ഡോളറാകാന്‍ കുതിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്താണ് സംഭവിച്ചത്?. ഇക്കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍(2014,2019) അഴിമതിയില്ലാത്ത സ്ഥിരതയുള്ള മുതലാളിത്ത സൗഹൃദമുള്ള സര്‍ക്കാരിനായി വാദിച്ചവരാണ് നിക്ഷേപകരും ബാങ്കര്‍മാരും വ്യവസായികളും. നവലിബറല്‍ നയങ്ങള്‍ മുന്‍പിന്‍ നോക്കാതെ നടപ്പാക്കിയ യുപിഎ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ വ്യവസായ ലോകം നരേന്ദ്രമോദിയെ മാറ്റങ്ങളുടെ നായകനായി കണ്ടു. വൈബ്രന്റ് ഗുജറാത്ത് പോലെ പറഞ്ഞു പരത്തിയ വികസനമാതൃകയുടെ നായകനായിരുന്നു അന്ന് മോദി. 

മോദിയുടെ രണ്ടാംവിജയത്തോടെ ദലാല്‍സ്ട്രീറ്റിലെ ഓഹരിവിപണി കൂടുതല്‍ ആവേശത്തിലായി. അന്ന് ഓഹരി സൂചികകള്‍ അവസാനിച്ചത് റെക്കോഡ് നേട്ടത്തോടെയാണ്. രണ്ടുമാസത്തിനു ശേഷം ആ ആവേശം അണഞ്ഞു. സൂചികകള്‍ തിരിച്ചിറങ്ങി. ഇട്ടതില്‍ കൂടുതല്‍ പണം പിന്‍വലിച്ച് വിദേശനിക്ഷേപകര്‍ അതിനു വഴിയൊരുക്കി. കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയോടെ ഇന്ത്യന്‍ സാമ്പത്തികരംഗം പ്രതിസന്ധിയിലാണെന്നതിന്റെ പ്രകടമായ സൂചകങ്ങള്‍ കണ്ടുതുടങ്ങി. അഞ്ചുരൂപയുടെ ഒരു കവര്‍ ബിസ്‌കറ്റ് വാങ്ങാന്‍ സാധാരണക്കാരന്‍ മൂന്നുവട്ടം ആലോചിക്കുമെന്ന് പറഞ്ഞത് ബ്രിട്ടാനിയയുടെ മേധാവിയായ വരുണ്‍ ബെറിയാണ്. ബ്രിട്ടാനിയയുടെ എതിരാളികളായ പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. അടിവസ്ത്രങ്ങള്‍ മുതല്‍ കാറുകള്‍ വരെ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. അവശ്യവസ്തുക്കളൊഴികെയുള്ള ഉല്‍പ്പന്നങ്ങളുടെയെല്ലാം വില്‍പ്പന കുറഞ്ഞു. 

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസക്കാലയളവില്‍(ക്വാര്‍ട്ടറില്‍) 5.8 ശതമാനമാണ് ജിഡിപി വളര്‍ച്ച. അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് ഇത്. ഇനി, ഇതുതന്നെ വാസ്തവമല്ലെന്ന് കരുതുന്നവരുണ്ട്. ജിഡിപി 2.5% പെരുപ്പിച്ച് കാട്ടിയെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമായിരുന്നു. 2011-17 കാലയളവില്‍ 4.5% മാത്രമായിരുന്ന ജിഡിപി വളര്‍ച്ച 7% ആണെന്ന് സര്‍ക്കാര്‍ പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നുവെങ്കിലും യാഥാര്‍ഥ്യം മറിച്ചാണെന്ന് പിന്നീട് ബോധ്യമായി. 

ഇനി, സാമ്പത്തികമാന്ദ്യം എന്നൊന്ന് ഇല്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദം. അപ്പോള്‍ പിന്നെ എന്തിന് വാര്‍ത്താസമ്മേളനം നടത്തി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തി എന്ന ചോദ്യം ബാക്കിയാകുന്നു. ഉത്തേജന പാക്കേജിലൊരു പ്രഖ്യാപനം ബജറ്റിലെ തിരുത്തായിരുന്നു. രണ്ടുകോടിക്കു മുകളില്‍ നികുതിവരുമാനമുള്ളവരില്‍ നിന്ന് ഈടാക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ തീരുമാനിച്ചിരുന്ന സര്‍ചാര്‍ജ് ധനമന്ത്രിക്ക് ആ വാര്‍ത്താസമ്മേളനത്തില്‍ പിന്‍വലിക്കേണ്ടി വന്നു. ബജറ്റിലെ സര്‍ചാര്‍ജ് പ്രഖ്യാപനം വന്നുകഴിഞ്ഞ് ഓഗസ്റ്റില്‍ മാത്രം ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റേഴ്സ് പിന്‍വലിച്ചത് 100 കോടി ഡോളറാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാട്ടുന്ന രണ്ടു പ്രധാനകാരണങ്ങള്‍ നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്. രണ്ടും വേണ്ടത്ര പ്രയോഗികവശം നോക്കാതെ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വികലമായ സാമ്പത്തികപരിഷ്‌കാരങ്ങളാണ്. പിന്നൊന്ന് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടവും. 2019 സാമ്പത്തികവര്‍ഷം 2.54 ലക്ഷം കോടിയുടെ വായ്പകളാണ് കിട്ടാക്കടമായി ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. 
  

 നോട്ടുനിരോധനവും ജിഎസ്ടിയും

സര്‍ചാര്‍ജ് പിന്‍വലിച്ചതൊന്നും വിപണിയെയും നിക്ഷേപകരെയും ഉത്തേജിതരാക്കിയില്ല എന്നതാണു വാസ്തവം. അത്രമാത്രം ഗുരുതരമായിരുന്നു നോട്ടുനിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച പ്രത്യാഘാതം. അസംഘടിതമേഖലയിലെ നല്ലൊരു ശതമാനം സ്ഥാപനങ്ങളും പൂട്ടിപ്പോയി. ചെറുകിട സംരംഭങ്ങള്‍ക്ക് നിലനില്‍ക്കാനാവാതെ വന്നു. ഭീമമായ തോതില്‍ തൊഴില്‍ നഷ്ടമുണ്ടായി. അഞ്ചുവര്‍ഷം കൊണ്ട് ഗ്രാമീണമേഖലയിലെ വരുമാന വര്‍ധന 10.94 ശതമാനത്തില്‍ നിന്ന് 4.2 ശതമാനമായി കുറഞ്ഞു. നഗരങ്ങളില്‍ മാത്രമാണ് കാര്യമായ ഇടിവുണ്ടാകാഞ്ഞത്. ഇതൊക്കെ കണക്കിലെടുത്താണ് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച നടപടികള്‍ പോരായെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്നത്. ആര്‍ബിഐയുടെ കരുതല്‍ധനം നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്. മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വിസമ്മതിച്ചു. സമ്മര്‍ദം മൂത്തപ്പോള്‍ അദ്ദേഹം രാജിവെച്ചു. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രാധികാരത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി യോജിച്ചുപോകുന്ന ഐഎഎസുകാരനായ മുന്‍ സെക്രട്ടറി ശക്തികാന്ത ദാസ് ഗവര്‍ണറായപ്പോള്‍ നയപരമായ ആ വിയോജിപ്പ് മാറ്റി. പണം കൈമാറാന്‍ തീരുമാനിച്ചു. ശക്തികാന്ത ദാസ് ഗവര്‍ണറായതിനു ശേഷം രൂപീകരിച്ച ബിമല്‍ ജലാല്‍ കമ്മിറ്റി അതിന് അനുമതിയും കൊടുത്തു.ബിമല്‍ ജലാല്‍ കമ്മിറ്റിയില്‍ നിന്ന് മറിച്ചൊരു റിപ്പോര്‍ട്ട് ആരും പ്രതീക്ഷിച്ചതുമില്ല. ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചോദിച്ചില്ല, പകരം ആര്‍ബിഐ സ്വയം തീരുമാനിച്ചു നല്‍കുകയായിരുന്നുവെന്ന് വന്നു. 

ആര്‍ബിഐ കേന്ദ്രസര്‍ക്കാരിനു നല്‍കുന്നത് 1.76 ലക്ഷം കോടി രൂപയാണ്. 2018-19 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായി 1,23,414 കോടിയും മൂലധനത്തിന്റെ അധികനീക്കിയിരുപ്പായി 52,637 കോടി രൂപയും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ കൈമാറ്റം. റിസര്‍വ് ബാങ്കിന്റെ കണ്ടിജന്‍സി ഫണ്ട് അഞ്ചരആറര ശതമാനം മാത്രം മതി എന്നാണ് ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശം. 2018ലെ കണക്കില്‍ ഇത് 6.8% ആണ്. ഇപ്പോഴത്തെ തുക കൂടി കൈമാറിയാല്‍ ഇത് അഞ്ചര ശതമാനമാകും. ഈ നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും അംഗീകരിച്ചത്. സിജിആര്‍എ(കറന്‍സി ആന്‍ഡ് ഗോള്‍ഡ് റീവാല്യുവേഷന്‍ അക്കൗണ്ട്), കണ്ടീജന്‍സി ഫണ്ട്, അസറ്റ് ഡെവലപ്പ്മെന്റ് ഫണ്ട് എന്നിങ്ങനെയുള്ള ഫണ്ടുകളിലായാണ് കേന്ദ്രബാങ്കിന്റെ കരുതല്‍ധനം. ഇതില്‍ സിജിആര്‍എ, വിദേശവിനിയമത്തിന്റെയും സ്വര്‍ണത്തിന്റെ പുനര്‍മൂല്യനിര്‍ണയം വഴിയുണ്ടാകുന്ന ഈ ഫണ്ട് 2017-18 കാലയളവില്‍ 6.91 ലക്ഷം കോടിയായിരുന്നു. 2010 മുതല്‍ 25 ശതമാനം വളര്‍ച്ചാനിരക്കില്‍ ഇത് വര്‍ധിച്ചിട്ടുമുണ്ട്. സിഎഫില്‍ 2.32 ലക്ഷം കോടിയാണുണ്ടായിരുന്നത്. ഇങ്ങനെ പലഫണ്ടുകളിലായി 9.6 ലക്ഷം കോടിയാണ് കേന്ദ്രബാങ്കിന്റെ കരുതല്‍ശേഖരം.

ഈ ഫണ്ടാണ് കേന്ദ്രബാങ്കിന്റെ അതിജീവനത്തിനുള്ള ആയുധം. ഈ പൈസ ഉപയോഗിച്ച് പണലഭ്യത കൂട്ടാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതെത്രമാത്രം പ്രായോഗികമാണെന്നറിയില്ല. പക്ഷേ, റിസര്‍വ് ബാങ്കിന്റെ ഫണ്ട് കിട്ടുന്നതോടെ സര്‍ക്കാരിന് ധനക്കമ്മിയില്‍ ഉള്‍പ്പെടുത്തേണ്ടാത്ത പണം സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വിനിയോഗിക്കാം. ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താനും പറ്റും. വരുമാനം വര്‍ധിക്കാതെ ചെലവ് വര്‍ധിപ്പിച്ചാല്‍ അത് ധനക്കമ്മി വര്‍ധിക്കാന്‍ ഇടവരുത്തും. ധനക്കമ്മി മൂന്ന് ശതമാനമായി നിലനിര്‍ത്തണമെന്നാണ് ഫിസ്‌ക്കല്‍ റസ്പോണ്‍സിബിലിറ്റി ആന്റ് മാനേജ്മെന്റ് ആക്ട് നിര്‍ദ്ദേശിക്കുന്നത്. അതായത് പൊതുചെലവ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിനുമേല്‍ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുണ്ട്. ഈ നിയന്ത്രണങ്ങള്‍ മറികടന്ന് പൊതു ചെലവ് വര്‍ധിപ്പിക്കാനും അതുവഴി സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ അളവ് വര്‍ധിപ്പിച്ച് സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാനുമുള്ള സമീപനം കേന്ദ്ര സര്‍ക്കാരിനുമില്ല. ചുരുക്കത്തില്‍ ചെലവ് വര്‍ധിപ്പിക്കുന്ന ഒരു സമീപനമല്ല, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്ന നയം. ഈ സാഹചര്യത്തിലാണ് 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്നത്. ഈ പണം സമ്പദ് വ്യവസ്ഥയില്‍ ഉപയോഗിക്കാം. ഇതാണ് റിസര്‍വ് ബാങ്ക് ഫണ്ടിന് വേണ്ടി നേരത്തെ മുതല്‍ സര്‍ക്കാര്‍ ശ്രമിക്കാന്‍ കാരണം.


    ആര്‍ബിഐ കൈമാറുന്ന പണം ധനക്കമ്മി മൂന്നു ശതമാനത്തില്‍ താഴെ ധനക്കമ്മി നിലനിര്‍ത്താന്‍ വേണ്ടിയാകും ഉപയോഗിക്കുകയെന്നാണ് സൂചന. ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. 1991ല്‍ നവഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിനു ശേഷമാണ് ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് നിയമപരമായ ബാധ്യതയായത്. പൊതു ചെലവ് ഉയര്‍ന്നാല്‍ സ്വകാര്യമേഖലയിലെ നിക്ഷേപത്തെ ബാധിക്കുമെന്ന യുക്തിയാണ് ഇതിന് പിന്നില്‍. നിക്ഷേപ സാധ്യത കുറയുകയും പണപ്പെരുപ്പം കൂടുകയും ചെയ്യുന്ന അവസ്ഥ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുമെന്നായിരുന്നു ആഗോളവത്കരണത്തിനു ചുക്കാന്‍പിടിച്ചവരുടെ വാദം. പലിശ നിരക്ക് വര്‍ധിക്കാനും ഇത് ഇടയാക്കുമത്രെ. 1991ന് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ പൊതുവില്‍ ഈ നിലപാടിന് അനുസരിച്ചാണ് നയപരിപാടികള്‍ ആസുത്രണം ചെയ്തത്. ആഗോള മാന്ദ്യമടക്കമുള്ള സാഹചര്യങ്ങള്‍ കാരണം സര്‍ക്കാരുകള്‍ക്ക് ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റിയിട്ടില്ലെങ്കിലും അതിനുള്ള ശ്രമമാണ് ധനമന്ത്രിമാര്‍ നടത്തുന്നത്. ഈ വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാക്കി ധനക്കമ്മി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രശ്നം ഇതല്ല, ഈ നടപടി കേന്ദ്ര ബാങ്ക് എന്ന നിലയില്‍ ആര്‍ബിഐയുടെ അസ്തിത്വത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് ചിലര്‍ വാദിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതിലൊന്നാണ് ബാങ്ക് ലയനം. മറ്റൊന്ന്, കല്‍ക്കരി ഖനനമേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്. ഡിജിറ്റല്‍ മീഡിയയിലടക്കം പല മേഖലകളിലും വിദേശനിക്ഷേപ ചട്ടങ്ങള്‍ ലളിതമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. വ്യോമയാനമേഖലയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com