കഥകളി മേളത്തിന്റെ കാതല്‍

കഥകളിയുടെ വികാസപരിണാമ ചരിത്രം മുഖ്യമായും വേഷകേന്ദ്രിതമായാണ് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. സമാന്തരമായി പുലര്‍ന്ന സംഗീതത്തിന്റേയും മേളത്തിന്റേയും ചരിത്രപഥം അത്ര സുവ്യക്തവുമല്ല.
കഥകളി മേളത്തിന്റെ കാതല്‍

ഥകളിയുടെ വികാസപരിണാമ ചരിത്രം മുഖ്യമായും വേഷകേന്ദ്രിതമായാണ് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. സമാന്തരമായി പുലര്‍ന്ന സംഗീതത്തിന്റേയും മേളത്തിന്റേയും ചരിത്രപഥം അത്ര സുവ്യക്തവുമല്ല. പ്രത്യേകിച്ച് മേളത്തിന്റെ. തിരുവില്വാമല ചിട്ടന്‍പട്ടരും സുബ്രഹ്മണ്യ പട്ടരും (1850-1900 കാലം) മുഖാമുഖം നിന്ന് കൊട്ടി അസ്തിവാരമിട്ട കഥകളിയിലെ മദ്ദള ചെണ്ടപ്പൊരുത്തം വെങ്കിച്ചന്‍ സ്വാമിയും മൂത്തമനയും (1900-1925 കാലം) പരിഷ്‌കരിച്ചു. തെക്കന്‍ സമ്പ്രദായത്തില്‍ പെരുവഴി ശങ്കരപ്പണിക്കരായിരുന്നു ചെണ്ടയില്‍ മികച്ചുനിന്നത്. ഗുരുവായൂര്‍ കുട്ടന്‍മാരാരും മാധവവാരിയരും രൂപപ്പെടുത്തിയ കളിയരങ്ങിലെ മേളത്തിന്റെ സൗന്ദര്യശാസ്ത്രങ്ങള്‍ പലതായിരുന്നു. നൃത്തനാട്യങ്ങളോട് സമരസപ്പെടുന്ന വാദനരീതിയുടെ ആവിര്‍ഭാവകാലമായിരുന്നു അത്. നവോത്ഥാന കാലഘട്ടത്തില്‍ കേരളീയ കലകള്‍ക്കു പൊതുവായി സംഭവിച്ച ഉണര്‍വ്വ് കഥകളി മേളത്തേയും ബാധിച്ചു. കഥകളിയുടെ കല്ലുവഴിചിട്ടയ്ക്ക് സര്‍വ്വാംഗീണമായ ലാവണ്യം നല്‍കിയ പട്ടിയ്ക്കാംതൊടി രാമുണ്ണി മേനോന്റെ കളരിയിലാണ് കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ചെണ്ടയിലും അപ്പുക്കുട്ടി പൊതുവാള്‍ മദ്ദളത്തിലും കൊട്ടിന്റെ മര്‍മ്മങ്ങള്‍ അഭ്യസിച്ചത്. വെങ്കിച്ചന്‍ സ്വാമിയുടെ ശൈലിയാണ് അപ്പുക്കുട്ടി പൊതുവാള്‍ ആദ്യകാലത്തു പിന്‍പറ്റിയത്. പൂര്‍വ്വഭാരമില്ലാത്ത ചെണ്ടകലാകാരനായിരുന്നു കൃഷ്ണന്‍കുട്ടി പൊതുവാള്‍. അദ്ദേഹം കഥകളിയെ അനുഭൂതിയായി കണ്ടു. പൊതുവാള്‍ക്ക് കഥകളിച്ചെണ്ടയില്‍ ആസ്ഥാന ഗുരുനാഥനോ അനുകര്‍ത്താവോ മുന്‍ഗാമിയോ ഇല്ല. അദ്ദേഹം അപ്പുക്കുട്ടി പൊതുവാള്‍ക്കൊപ്പം വേഷത്തിന്റെ വൈകാരികതയ്ക്കു കൊട്ടി അതുല്യനായി. ചെണ്ടയില്‍ കൈനടക്കുന്നതിനേക്കാള്‍ കണ്ണിനെ നടത്തിയതാണ് പൊതുവാളുടെ മുദ്ര. ചെണ്ടകൊട്ടുന്നയാള്‍ കഥകളിക്കു കൊട്ടുകയല്ല, കണ്ണുകൊണ്ട് കൊണ്ട് കൊട്ടുകയാണ് വേണ്ടതെന്ന പ്രഥമ പാഠം പൊതുവാള്‍ സാക്ഷാല്‍ക്കരിച്ചു. മേളപ്പദം മേളക്കാരുടെ വൈഭവപ്രദര്‍ശന ഇടമായ വേളയില്‍ ശരീരഭാഷകൊണ്ടാണ് കൃഷ്ണന്‍കുട്ടി പൊതുവാള്‍ ജയിച്ചത്. സമകാലികര്‍ക്കുള്ള കൈവേഗമോ സാധകമോ വൈവിധ്യമോ കുറവായിട്ടുകൂടി കളിക്കൊട്ടിലെ അതുല്യതയില്‍ മേളപ്പദത്തിലും ജയപ്രതീതിയുയര്‍ത്താന്‍ കൃഷ്ണന്‍കുട്ടി പൊതുവാള്‍ക്കു സാധിച്ചു. സമകാലികരായ കോട്ടക്കല്‍ കുട്ടന്‍മാരാര്‍, കലാമണ്ഡലം ചന്ദ്രമന്നാടിയാര്‍, അച്യുണ്ണി പൊതുവാള്‍ എന്നിവരില്‍നിന്ന് സ്വകീയദര്‍ശനങ്ങളുടെ വേറിട്ട സാക്ഷാല്‍ക്കാരത്തിലും കഥകളി ചിന്തയിലെ ഒറ്റയാള്‍ സഞ്ചാരംകൊണ്ടും കൃഷ്ണന്‍കുട്ടി പൊതുവാള്‍ ശ്രദ്ധാകേന്ദ്രമായപ്പോള്‍ സമകാലികര്‍ വിശകലനവിധേയരായില്ല. 

ചന്ദ്രമന്നാടിയാര്‍
ചന്ദ്രമന്നാടിയാര്‍

കളികൊട്ട് എന്ന സൗന്ദര്യബിന്ദു

കോട്ടക്കല്‍ കുട്ടന്‍മാരാര്‍ കോഴിക്കോട് ജില്ലയിലെ മേളസംസ്‌കൃതിയില്‍നിന്നാണ് കോട്ടക്കലില്‍ എത്തുന്നത്. ദൃശ്യസംസ്‌ക്കാരസമ്പന്നമായ ഒന്നും അദ്ദേഹത്തിന്റെ ദേശത്തുണ്ടായിരുന്നില്ല. മൂത്തമനയുടെ ശിഷ്യനായിരുന്നു കുട്ടന്‍മാരാര്‍. മൂത്തമനയുടെ സാത്വികമേളത്തെ വര്‍ദ്ധിത വീര്യമാക്കി, നാലിരട്ടിയാക്കി മേളഗൗരവമാര്‍ന്ന വാദനരീതി കുട്ടന്‍മാരാര്‍ ആവിഷ്‌കരിച്ചു. ഇടതൂര്‍ന്ന മേളം അവശ്യമാവുന്ന കഥകളുണ്ട്. കളിയരങ്ങില്‍ ചെണ്ടയുടെ ധര്‍മ്മവും കര്‍മ്മവും അന്വേഷിക്കാനെത്തിയ രണ്ടു ശിഷ്യരെ അദ്ദേഹത്തിനു ലഭിച്ചു. അച്യുണ്ണി പൊതുവാളെയും ചന്ദ്രമന്നാടിയാരെയും. അച്യുണ്ണി വെള്ളിനേഴിയില്‍നിന്നും ചന്ദ്രന്‍ പല്ലശ്ശനയില്‍നിന്നും. ഇരുവരും ഒരേ ജില്ലക്കാരാണെങ്കിലും മേളസംസ്‌കാരത്തില്‍ തികഞ്ഞ അന്തരം ഉണ്ടായിരുന്നു. മലമക്കാവ് സമ്പ്രദായത്തായമ്പകയുടെ വക്താവായിരുന്നു അച്യുണ്ണി പൊതുവാള്‍. പാലക്കാടന്‍ കൊട്ടിന്റെ സാധകവും മേളാത്മകതയുമായിരുന്നു ചന്ദ്രമന്നാടിയാരുടെ കാതല്‍. ഒപ്പം കണ്യാര്‍ക്കളിയുടെ കൊട്ടുസംസ്‌കാരത്തിന്റെ ഭദ്രതയും. കുട്ടന്‍മാരാര്‍ അഭിരമിക്കുന്ന മേളബാണിയോട് കൂറുള്ളതായിരുന്നു മന്നാടിയാരുടെ ശൈലി. പാലക്കാടന്‍ തായമ്പകമട്ട് ഒരേസമയം മേളപ്രധാനവുമാണ് സംഗീതസമ്പന്നവുമാണ്. ചിതലിരാമമാരാര്‍ മേളാത്മകതയിലും പല്ലശ്ശന പത്മനാഭമാരാര്‍ സംഗീതാത്മകതയിലും നിന്നുകൊട്ടിയ തായമ്പകക്കാരായിരുന്നു. പല്ലാവൂര്‍ അപ്പുമാരാരും മണിയന്‍മാരാരും സംഗീതവഴിയും കുഞ്ഞുകുട്ടമാരാര്‍ മേളഘനവഴിയും സ്വാംശീകരിച്ചു കൊട്ടി. തൃത്താലകേശവനും പൂക്കാട്ടിരി ദിവാകരനും കുട്ടന്‍മാരാരുടെ ശിഷ്യരായി കളിക്കൊട്ട് പഠിച്ച് തായമ്പകയിലെ പ്രതാപികളായി മാറി. ചന്ദ്രമന്നാടിയാരുടെ ശിഷ്യരായ സദനം വാസുദേവനും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും തായമ്പകയിലെ പ്രസിദ്ധരായി. അമ്മാമന്‍ കൃഷ്ണമന്നാടിയാരില്‍നിന്നും പല്ലശ്ശന കൃഷ്ണമാരാരില്‍നിന്നും ചെണ്ട അഭ്യസിച്ച ചന്ദ്രമന്നാടിയാര്‍ പാലക്കാടിന്റെ മേള സംസ്‌കൃതിക്കൊപ്പം ഗണേശഭാഗവതരില്‍നിന്ന് സംഗീതവും അഭ്യസിച്ചു. പൊതുവെ മേളാത്മകമെന്നു തോന്നിക്കുമെങ്കിലും ചന്ദ്രമന്നാടിയാരിലെ സംഗീതസ്‌നേഹിയാണ് ചെണ്ടക്കോലിലും ചെണ്ടവട്ടത്തിലും പ്രയോഗമതിയായത്. ഇന്ന് കേള്‍ക്കുന്ന കഥകളിച്ചെണ്ടയിലെ അതിസാധകവും അനിതരസാധാരണ വചോവിലാസവുമെല്ലാം സാക്ഷാല്‍ക്കരിക്കാന്‍ പര്യാപ്തമായ ശരീരക്ഷമത മന്നാടിയാര്‍ക്കുണ്ടായിരുന്നു. കഥകളി സംഗീതത്തിനും വേഷത്തിലെ മൗനമായ സംഗീതത്തിനും നാദാത്മകമായി അകമ്പടിയാവുകയാണ് കളിച്ചെണ്ടയുടെ ധര്‍മ്മമെന്ന് മന്നാടിയാര്‍ വിശ്വസിച്ചു. കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ തല്‍ക്ഷണ മനോധര്‍മ്മ പ്രകാശനവും കൊട്ടിലെ അധൃഷ്യതയും മുദ്രകളുടെ വൈകാരികതയ്ക്കു നേര്‍ക്കുള്ള ശബ്ദപ്പകര്‍ച്ചയും ഒരു ഭാഗത്ത്. അഷ്ടത്തിന് നിഷ്ഠാപൂര്‍വ്വം അളന്നുകൊട്ടി കഥകളീയതയില്‍നിന്ന് വിടുതിചെയ്യാത്ത അച്യുണ്ണി പൊതുവാളുടെ കൊട്ട് മറുഭാഗത്ത്. ഇടതൂര്‍ന്ന മേളത്തിന്റെ ശബ്ദസൗന്ദര്യത്തില്‍ അരങ്ങിനു ലഭിക്കുന്ന അപൂര്‍വ്വ വാചാലമൗനവുമായി ഗുരു കുട്ടന്‍മാരാര്‍. ഇവര്‍ക്കിടയില്‍ ആത്മസംഗീതത്തെ ചെണ്ടക്കോലിലൂടെ കളിച്ചെണ്ടയുടെ പ്രതലത്തില്‍ പ്രൗഢിയോടെ പകര്‍ന്നായിരുന്നു ചന്ദ്രമന്നാടിയാര്‍ വിഹരിച്ചത്. വന്യമേള സാധ്യതയുള്ള ഇടങ്ങളിലെല്ലാം മന്നാടിയാര്‍ പാലക്കാടന്‍ കൊട്ടിന്റെ സ്ഥായി പെരുപ്പിച്ചു. കഥകളിക്ക് പാട്ടും മദ്ദളവും വേഷവും ചെണ്ടയെ ഏകീഭവിപ്പിക്കുന്ന ഒരു സൗന്ദര്യബിന്ദുവിലേക്കുള്ള പ്രയാണമായിരുന്നു മന്നാടിയാര്‍ക്ക് കളിക്കൊട്ട്. തൗര്യത്രിക സമന്വയത്തിന്റെ സൗന്ദര്യശാസ്ത്രത്തിനിടയിലും കഥകളിച്ചെണ്ട സംഗീതത്തെ അനുധാവനം ചെയ്യുന്നതും വേഷത്തെ ശാബ്ദികമായി പൂരിപ്പിക്കുന്നതും മദ്ദളസഹവര്‍ത്തിത്വത്തിലെ പൊരുത്തം ദീക്ഷിക്കുന്നതും ഒരേസമയം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും ചന്ദ്രമന്നാടിയാര്‍ക്കു സാധിച്ചു. അദ്ദേഹം കോട്ടക്കല്‍ പി.എസ്.പി. നാട്യസംഘത്തിലും പേരൂര്‍ ഗാന്ധി സേവാസദനത്തിലും കേരള കലാമണ്ഡലത്തിലും അദ്ധ്യാപകനായി. കേരളത്തിലെ മികച്ച മൂന്നു കഥകളി സ്ഥാപനങ്ങളില്‍നിന്ന് മികച്ച ശിഷ്യരെ സൃഷ്ടിച്ച ഒറ്റ കഥകളിച്ചെണ്ട കലാകാരന്‍ കൂടിയാണ് ചന്ദ്രമന്നാടിയാര്‍. സദനം ദിവാകരന്‍, വാസുദേവന്‍, ശങ്കരന്‍കുട്ടി (സദനം) കൃഷ്ണന്‍കുട്ടി (കോട്ടക്കല്‍) ഉണ്ണിക്കൃഷ്ണന്‍ (കലാമണ്ഡലം) എന്നിവര്‍ കഥകളിക്കൊട്ടിലെ പ്രധാനികളായിത്തീര്‍ന്നു. 

രംഗബോധം കൈവിടാത്ത കൊട്ടുകാരന്‍

ബിംബകല്പിത വ്യക്തിത്വങ്ങളുടെ കാലത്തു ജീവിച്ചവര്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകതയെ വിപുലപ്പെടുത്താനുള്ള അവസരങ്ങള്‍ അപൂര്‍വ്വമായിരിക്കും. കൃഷ്ണന്‍കുട്ടി പൊതുവാളുടെ ശാരീരികവും മാനസികവുമായ അധൃഷ്യതയ്ക്കും വ്യക്തിപ്രഭാവത്തിനും മുന്നില്‍ ചന്ദ്രമന്നാടിയാര്‍ സ്വയം ഒതുങ്ങിക്കഴിയുകയായിരുന്നു. കലാമണ്ഡലം ഗോപിയുടെ കലാമണ്ഡല കാലത്ത് കൃഷ്ണന്‍കുട്ടി പൊതുവാളേക്കാള്‍ മന്നാടിയാരുടെ ചെണ്ടയായിരുന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. കല്യാണസൗഗന്ധികത്തിനും രൗദ്രഭീമനും പൊതുവാള്‍ സാന്നിധ്യമായപ്പോള്‍ മന്നാടിയാര്‍ മറ്റു വേഷങ്ങള്‍ക്ക് ഗോപിയുടെ ദര്‍ശനങ്ങളെ തൃപ്തിപ്പെടുത്തി. മന്നാടിയാരുടെ കലാമണ്ഡലം ശിഷ്യഗണപ്രമുഖനായ ഉണ്ണിക്കൃഷ്ണനാണ് ഇന്ന് ഗോപിക്ക് സുസമ്മതനായ ചെണ്ട കലാകാരന്‍. മറ്റൊരു സുസമ്മതന്‍ കലാമണ്ഡലം കൃഷ്ണദാസാകുന്നു. മാര്‍ഗ്ഗിയില്‍ അദ്ധ്യാപകനായ കൃഷ്ണദാസ് മന്നാടിയാരുടെ മരുമകനുമാണ്. ഏതു വേഷക്കാര്‍ക്കും ഏതു വേഷത്തിനും കൊട്ടാനുള്ള രംഗബോധം സുസജ്ജമായ മനസ്സായിരുന്നു മന്നാടിയാര്‍ക്ക്. വേഷക്കാരനല്ല, വേഷത്തിനാണ് മന്നാടിയാര്‍ കൊട്ടിയത്. ഇതേ അനുഭാവം മദ്ദളത്തില്‍ അപ്പുക്കുട്ടി പൊതുവാള്‍ക്കും നാരായണന്‍ നമ്പീശനും പുലര്‍ത്തി. മന്നാടിയാരും നമ്പീശന്‍കുട്ടിയും ചേര്‍ന്ന മേളപ്പദം സൂക്ഷ്മതയില്‍ വേറിട്ടുനിന്നു. നമ്പീശന്‍കുട്ടിയും ഗോപിക്ക് പഥ്യമായി കൊട്ടി. നേത്രക്ഷമതയുടെ അഭാവം ചന്ദ്രമന്നാടിയാര്‍ക്ക് കാഴ്ചയുടെ അശാന്തിയായി അനുഭവപ്പെട്ടിരുന്നു. ചില വേഷക്കാരെങ്കിലും തിരുത്തായി തിരിഞ്ഞുനോക്കിയതിനെ മന്നാടിയാര്‍ ക്ഷമയോടെ നേരിട്ടു. 

മന്നാടിയാരുടെ കൊട്ടിന്റെ നാനാര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളുമാണ് കലാമണ്ഡലം കൃഷ്ണദാസ് കേള്‍പ്പിക്കുന്നത്. ഏതു വേഷക്കാരനേയും സ്വാംശീകരിക്കാനുള്ള ദൃശ്യസമ്പന്നതയാണ് കൃഷ്ണദാസിന്റെ കൈമുതല്‍. മരുമക്കത്തായ വഴിക്കു ലഭിച്ച വാദ്യവൈഭവത്തെ ഘനാധിഷ്ഠിത ശബ്ദത്തില്‍ കൃഷ്ണദാസ് വിപുലപ്പെടുത്തി. കളിച്ചെണ്ട അനുശാസിക്കുന്ന വാദനഘട്ടങ്ങളെ വൈവിധ്യാത്മകമായി ദീക്ഷിക്കാന്‍ കൃഷ്ണദാസിനോളം കരുത്തുള്ളവരില്ല. ആട്ടത്തിനു കൂടുന്നതിലെ കേള്‍വി സുഖമോ ഉപരിതലസ്പര്‍ശിയായ ലാഘവത്വമോ അല്ല കൃഷ്ണദാസിന്റെ ചെണ്ട. അവിടെ പഴയകാല കാതുകളില്‍ കുട്ടന്‍മാരാരും ചന്ദ്രമന്നാടിയാരും അലയടിച്ചെത്തും. ഇവരുടെ ആര്‍ജ്ജിത സംസ്‌കാര സൗന്ദര്യം കൃഷ്ണദാസില്‍ കേള്‍ക്കാം. അവരുടെ കാലഘട്ടത്തില്‍നിന്ന് പതിറ്റാണ്ടുകളുടെ അന്തരമുണ്ട് കൃഷ്ണദാസിന്റെ കാലത്തിലേക്ക്. കൃഷ്ണന്‍നായര്‍ അദ്ധ്യാപകനായിരുന്ന 'മാര്‍ഗ്ഗി'യിലാണ് കൃഷ്ണദാസ് പഠിപ്പിക്കുന്നത്. പല്ലശ്ശനകുടുംബം പ്രധാന കഥകളി സ്ഥാപനങ്ങളിലെല്ലാം ശബ്ദം കേള്‍പ്പിച്ചു. മന്നാടിയാരുടെ മകന്‍ പ്രസാദ് കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തില്‍ കഥകളിച്ചെണ്ട അദ്ധ്യാപകനും പ്രധാന ചെണ്ട കലാകാരനുമാണ്. മന്നാടിയാരുടെ സമകാലികനായിരുന്ന അച്യുണ്ണി പൊതുവാളുടെ ആട്ടവഴിക്കു കൂടുന്ന കൃതകൃത്യതപോലെയാണ് പ്രസാദിന്റെ നിര്‍വ്വഹണങ്ങള്‍. അസാധാരണ ധാതുവീര്യമുള്ളതാണെങ്കിലും പ്രയോഗതലത്തിന്റെ മൂര്‍ദ്ധന്യത്തിലെ സൗന്ദര്യാത്മകതയില്‍ ലേശമൊരു പൊരുത്തക്കേട് പ്രസാദില്‍ കാണാം. എങ്കിലും കോട്ടക്കല്‍ ചിട്ടയുടെ കാന്തിയാര്‍ന്ന വാദനമായി അത് കേള്‍വിപ്പെടുന്നു. കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മറ്റൊരു തലംകൂടിയാണ് പ്രസാദ്. കലാനിലയം കുഞ്ചുണ്ണി അടക്കമുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന ഒരു വാദനരീതി ശാസ്ത്രവുമുണ്ട്. പാകതയ്ക്കപ്പുറമുള്ള, ആശാസ്യമല്ലാത്ത മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായാത്ത വാദനം. വേഷത്തെ സമര്‍ത്ഥമായി ഉള്‍ക്കൊണ്ടു പൂരിപ്പിക്കുന്ന കര്‍മ്മശാസ്ത്രത്തിലാണ് അവര്‍ നിതരാം നിതാന്തം ശ്രദ്ധിക്കുന്നത്. കോട്ടക്കല്‍ പ്രസാദ് ഈ ഗണത്തില്‍പ്പെടുന്നു. കൃഷ്ണദാസും പ്രസാദും മേളപ്പദം കൊട്ടുമ്പോള്‍ ഈ സ്വാഭാവിക അന്തരം അനുഭവിക്കാം. സര്‍ഗ്ഗാത്മകതയുടെ അനുശാസനകള്‍ക്കുമേല്‍ കൃഷ്ണദാസ് അലയുമ്പോള്‍ പ്രസാദ് അതിനെ സ്വാഭാവികമായി പിന്തുടരുന്നു. ഇവര്‍ പ്രധാന വേഷക്കാര്‍ക്കെല്ലാം കൊട്ടി. എല്ലാ വിഭാഗം വേഷങ്ങള്‍ക്കും കൊട്ടി. വര്‍ഷത്തില്‍ ഏറ്റവും അധികം കളികളുള്ള നാട്യസംഘത്തിലെ പ്രമുഖ ചെണ്ട പ്രസാദിന്റെയാണ്. പ്രത്യേക ക്ഷണിതാവായ വാദകനാണ് കൃഷ്ണദാസ്. ഇവരുടെ അവസരങ്ങളത്രയും അവര്‍ കലാത്മകമായി വിനിയോഗിക്കുന്നു. അച്ഛനാവാന്‍ പ്രസാദോ മാതുലനാവാന്‍ കൃഷ്ണദാസോ പ്രത്യക്ഷത്തില്‍ ശ്രമിക്കുന്നില്ലെങ്കില്‍ക്കൂടി പൈതൃകവും പാരമ്പര്യവും അബോധമായി സമന്വയിക്കുന്നതിന്റെ രീതികള്‍ ഇവരില്‍ കാണാം. പുതിയ കാലത്തിന്റെ പുതുഭാവുകത്വത്തിന്റെ വക്താക്കളാണ് ഇവര്‍. മന്നാടിയാര്‍ കൊട്ടിയ കലാമണ്ഡലം ഗോപിക്കല്ല കൃഷ്ണദാസ് കൊട്ടുന്നത്. ഗോപി ആടുന്നതും പുതുകാലത്തിനാണ്. മന്നാടിയാരെ ഇഷ്ടപ്പെട്ട ഗോപി കൃഷ്ണദാസിനേയും മതിക്കുന്നത് മേളത്തിന്റെ ചില സൂക്ഷ്മതകളുടെ പേരിലാണ്. അസാധാരണ വൈഭവക്കാര്‍ക്കു നേരെ വിമുഖമാവുന്ന മനസ്സ് ചില വേഷക്കാര്‍ക്ക് എങ്കിലുമുണ്ട്. പ്രമുഖ വേഷക്കാരുടെ സൗന്ദര്യശാസ്ത്രം തിരിച്ചറിയുകയാണ് ചെണ്ട കലാകാരന്റെ ത്രാണി. ഇന്നയാളുടെ പ്രത്യേക വാദകന്‍ എന്നതിനേക്കാള്‍ ഭൂഷണം സര്‍വ്വര്‍ക്കും ഇണങ്ങുന്ന വാദകന്‍ എന്നതാണ്. കൃഷ്ണദാസും പ്രസാദും ഈ ഗണത്തില്‍ വരുന്നു. 

കൃഷ്ണദാസും പ്രസാദും സമപ്രായക്കാരും സമകാലികരുമാണ്. പ്രാമാണ്യം കൃഷ്ണദാസ് നിര്‍വ്വഹിക്കുന്നു. 1980-ല്‍ കേരള കലാമണ്ഡലത്തില്‍ ചെണ്ടയ്ക്കു ചേര്‍ന്ന കൃഷ്ണദാസ് കൃഷ്ണന്‍കുട്ടി പൊതുവാളുടേയും അച്യുണ്ണി പൊതുവാളുടേയും ചന്ദ്രമന്നാടിയാരുടേയും ശിഷ്യനാണ്. പല്ലശ്ശന കൃഷ്ണമന്നാടിയാരാണ് പ്രഥമ ഗുരു. കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്വരസ്ഥാന വിശേഷവും അച്യുണ്ണി പൊതുവാളുടെ മുദ്രാങ്കിതമേളവും ചന്ദ്രമന്നാടിയാരുടെ മേളപ്പകര്‍ച്ചയും സമ്യക്കായി കേള്‍ക്കാവുന്ന കൊട്ടാണ് കൃഷ്ണദാസിന്റേത്. കലാമണ്ഡലം കൃഷ്ണന്‍നായര്‍ മുതല്‍ക്കുള്ള വേഷക്കാര്‍ക്ക് കൃഷ്ണദാസ് കൊട്ടിയിട്ടുണ്ട്. കഥകളിച്ചെണ്ടയില്‍ കുട്ടന്‍മാരാരും ചന്ദ്രമന്നാടിയാരുമാണ് പ്രസാദിന്റെ ഗുരുക്കന്മാര്‍. കൃഷ്ണമന്നാടിയാരും അദ്ധ്യാപകനാണ്. ശിഷ്യനേയും ശിഷ്യന്റെ മകനേയും പഠിപ്പിക്കാനുള്ള യോഗം കുട്ടന്‍മാരാര്‍ക്കു കൈവന്നു. കോട്ടക്കലില്‍ കുട്ടന്‍മാരാര്‍ അഭ്യസിപ്പിച്ചവരുടെ 'ബാണി'യാണ് കലാമണ്ഡലത്തിലും ഉണര്‍ച്ചയായത്. അച്യുണ്ണി പൊതുവാളുടേയും ചന്ദ്രമന്നാടിയാരുടേയും ശിഷ്യരാണ് കലാമണ്ഡലത്തില്‍ പഠിച്ചതും പഠിപ്പിച്ചതും. ഒപ്പം കുട്ടന്‍മാരാരുടേയും. ഉണ്ണികൃഷ്ണനും വിജയകൃഷ്ണനും ബലരാമനും കലാമണ്ഡലത്തിലും കൃഷ്ണന്‍കുട്ടിയും പനമണ്ണ ശശിയും വിജയരാഘവനും മനീഷ് രാമനാഥനും ഇങ്ങേ അറ്റം വേണുമോഹന്‍ വരെയും മറ്റൊരു അര്‍ത്ഥത്തില്‍ കുട്ടന്‍മാരാര്‍ ബാണിയുടെ പരമ്പരകളാവുന്നു. കോട്ടക്കല്‍ മേളപാരമ്പര്യം ('കോപ്പും കൊട്ടും' എന്നൊരു വിശേഷണം തന്നെ കോട്ടക്കലിനുണ്ടായിരുന്നു) പ്രസാദിന്റെ പ്രാമാണ്യത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. കൃഷ്ണദാസും പ്രസാദും അന്‍പതു കഴിഞ്ഞ പ്രായത്തില്‍ അതീവ പ്രസക്തരാവുകയാണ്. കളിയരങ്ങിനെ ഊര്‍ജ്ജദായകമാക്കുന്ന, ഏതു വേഷക്കാരും രണ്ടാമതൊന്ന് ആലോചിക്കാതെ സുസമ്മതത്വം മൂളുന്ന കൊട്ടുകാരനായി കലാമണ്ഡലം കൃഷ്ണദാസ് മാറിയിരിക്കുന്നു. 
കവിയാതെ കുറുകുന്ന കൊട്ടായി പ്രസാദിനും ഇടം ഉണ്ട്. ഈ കലാകാരന്മാരെ മേളഗ്രാമം കൂടിയായ പല്ലശ്ശനയില്‍വച്ച് ആദരിക്കുന്നു. കണ്യാര്‍ക്കളിയുടെ ദൃശ്യസംസ്‌കാരമാണ് പല്ലശ്ശന ഗ്രാമത്തിന്റെ സ്വത്വം. ചെണ്ടമേളത്തിന്റെ വന്യവാദന പാരമ്പര്യവും അവിടെയുണ്ട്. ഇവിടെ ക്ലാസ്സിക്കല്‍ കലയുടെ കൊട്ട് സംസ്‌കാരം പ്രബലപ്പെട്ടു. തമിഴ് അധിനിവേശ ജനതയുടെ സംസ്‌കൃതിയുടെ ചരിത്രശേഷിപ്പ് ഈ നാട്ടില്‍ ഇന്നും ഉണ്ട്. ആ വഴിക്കുള്ള സംഗീതത്തിന്റെ ബാക്കിയും കലാകാരന്മാരില്‍ പുലരുന്നു. തികച്ചും മലയാളീയം എന്നും പറയുക വയ്യ. അത്തരമൊരു വാദനസംസ്‌കൃതിയുടെ ആധുനിക കേരളീയ ശബ്ദമുഖമാണ് കൃഷ്ണദാസും പ്രസാദും ഒരേ കുടുംബത്തില്‍നിന്ന് പതിറ്റാണ്ടുകളായി കൊട്ടിക്കേള്‍പ്പിക്കുന്നത്. 

'ഘരാന' എന്നും അതിനെ വിശേഷിപ്പിക്കാം. ഉത്തരാധുനിക കഥകളിമേള വിശകലനത്തില്‍ ഇവര്‍ വിശകലനവിധേയരാവുന്നു എന്നതാണ് കലാമണ്ഡലം കൃഷ്ണദാസിന്റേയും കോട്ടക്കല്‍ പ്രസാദിന്റേയും മൗലികത. ഇരുവരുടെ മക്കളും ചെണ്ട തോളിലിട്ടു തുടങ്ങിയിരിക്കുന്നു; പാരമ്പര്യവാഹകരായിത്തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com