''എന്റെ സംഗീതത്തിലൂടെയാണ് ഞാനെന്റെ ജീവിതത്തെ പ്രണയിക്കുന്നത്''

മലയാളചലച്ചിത്ര സംഗീതത്തിന്റെ പഴയകാല പ്രതാപത്തെ ഇടയ്ക്കിടെ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടരുന്ന അപൂര്‍വ്വം സംഗീതവ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു എം.കെ. അര്‍ജ്ജുനന്‍
അർജുനൻ മാസ്റ്റർ
അർജുനൻ മാസ്റ്റർ

1976 ല്‍ പുറത്തിറങ്ങിയ പിക്നിക് എന്ന സിനിമയ്ക്കുവേണ്ട ി അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ''കസ്തൂരി മണക്കുന്നല്ലോ കാറ്റ്'' എന്ന പാട്ട് പാടിയത് യേശുദാസും രചന നിര്‍വ്വഹിച്ചത് ശ്രീകുമാരന്‍തമ്പിയുമാണ്. വര്‍ഷങ്ങള്‍ക്കുശേഷം 2011-ല്‍ പുറത്തുവന്ന 'നായിക' എന്ന ചിത്രത്തിനുവേണ്ട ി ഇതേ ഗാനം യേശുദാസിന്റെ തന്നെ ശബ്ദത്തിലൂടെ നമ്മള്‍ കേട്ടപ്പോള്‍ മാസ്റ്റര്‍ അന്നു പകര്‍ന്ന കാറ്റിന്റെ കസ്തൂരിമണത്തിനു തെല്ലും ഹൃദ്യത നഷ്ടപ്പെട്ടിരുന്നില്ല. തമ്പിയും മാസ്റ്ററും തമ്മിലുള്ള ഹൃദയൈക്യം സംഗീതത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ജീവിതത്തിലും ശ്രുതി ചേര്‍ന്ന സൗഹൃദബന്ധമാണ് അവര്‍ കാത്തുസൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവര്‍ സൃഷ്ടിച്ച ഒരു ഗാനവും മലയാള സിനിമാസംഗീതത്തിലെ പാഴ് ചരിത്രം ആയിട്ടില്ല.

എം.കെ. അര്‍ജ്ജുനന്‍ എന്ന സംഗീതസംവിധായകനെ മലയാളസിനിമയില്‍ പ്രതിഷ്ഠിക്കാന്‍ ഏറ്റവും ശ്രമം നടത്തിയിട്ടുള്ള വ്യക്തി ശ്രീകുമാരന്‍തമ്പിയാണെന്ന് മാസ്റ്റര്‍തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. കറുത്ത പൗര്‍ണ്ണമി എന്ന ചിത്രത്തില്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ കേട്ടതോടെയാണ് തമ്പിക്ക് അദ്ദേഹത്തോട് താല്‍പ്പര്യം ജനിക്കുന്നത്. 1968-ല്‍ പുറത്തു വന്ന കറുത്ത പൗര്‍ണ്ണമിയിലെ ഗാനങ്ങള്‍ ഒരുക്കിയത് പി. ഭാസ്‌കരനും എം.കെ. അര്‍ജ്ജുനനും ചേര്‍ന്നായിരുന്നു. ആ സമയത്താണ് കെ.പി. കൊട്ടാരക്കര രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച 'റെസ്റ്റ് ഹൗസ്' എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍തമ്പി ഗാനങ്ങള്‍ എഴുതുന്നത്. തമ്പി തന്നെയാണ് അര്‍ജ്ജുനന്‍ മാഷെ കെ.പി. കൊട്ടാരക്കരയ്ക്കു പരിചയപ്പെടുത്തുന്നത്. അതിന്‍പ്രകാരം ''പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു'' എന്ന ഗാനം ആദ്യമായി കമ്പോസ് ചെയ്യാന്‍ മാസ്റ്ററെ ഏല്‍പ്പിച്ചു. പാട്ടിന്റെ ഈണം ഇഷ്ടപ്പെട്ട കൊട്ടാരക്കര, തമ്പിയെ പുറത്തു വിളിച്ചുകൊണ്ട ുപോയി അര്‍ജ്ജുനനെ സംഗീതസംവിധാനം ഏല്‍പ്പിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു. അവിടെ നിന്നാരംഭിച്ചു മലയാളസിനിമാ സംഗീതത്തില്‍ തമ്പി-അര്‍ജ്ജുനന്‍ കൂട്ടുകെട്ട്. ശ്രീകുമാരന്‍തമ്പിയും അര്‍ജ്ജുനനും പിന്നീട് കുടുബമിത്രങ്ങള്‍ ആയിത്തീരുകയും ആജീവനാന്തം ആ ബന്ധം അവര്‍ കാത്തു സൂക്ഷിക്കുകയും ചെയ്തു. തങ്ങളുടെ മനസ്സിന്റെ ഈ പൊരുത്തം തന്നെയാണ് തങ്ങള്‍ സൃഷ്ടിച്ച ഗാനങ്ങളുടെ വിജയമന്ത്രം എന്നുകൂടി അര്‍ജ്ജുനന്‍ മാസ്റ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അർജുനൻ മാസ്റ്ററും ശ്രീകുമാരൻ തമ്പിയും 
അർജുനൻ മാസ്റ്ററും ശ്രീകുമാരൻ തമ്പിയും 

1960-ല്‍ ഒ. മാധവനും ദേവരാജന്‍ മാഷും ചേര്‍ന്നാണ് കൊല്ലം കാളിദാസ കലാകേന്ദ്രം എന്ന നാടകസംഘടന രൂപീകരിക്കുന്നത്. ഡോക്ടര്‍ ആയിരുന്നു ഈ കലാസംഘടനയുടെ ആദ്യനാടകം. അതിനുവേണ്ട ി ഹാര്‍മോണിയം വായിക്കാന്‍ ഒരു കലാകാരനെ അന്വേഷിക്കുന്ന വിവരമറിഞ്ഞാണ് അര്‍ജ്ജുനന്‍, ദേവരാജന്‍ മാസ്റ്ററെ ബന്ധപ്പെടുന്നത്. നാടകനടനും സിനിമാനടനുമായിരുന്ന മണവാളന്‍ ജോസഫ് ആണ് അതിനുള്ള കളമൊരുക്കിയത്. അങ്ങനെ ആ നാടകത്തിനുവേണ്ട ി ഹാര്‍മോണിയം വായിക്കാന്‍ അര്‍ജ്ജുനന്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അര്‍ജുനന് പ്രായം 24 വയസ്സ്. അര്‍ജ്ജുനന്റെ ഹാര്‍മോണിയം വായന ഇഷ്ടപ്പെട്ട ദേവരാജന്‍ മാഷ് അദ്ദേഹത്തെ കാളിദാസ കലാകേന്ദ്രത്തിന്റെ ആസ്ഥാന ഹാര്‍മോണിയം വാദകനായി നിയമിച്ചു. തുടര്‍ന്ന് കലാകേന്ദ്രം അവതരിപ്പിച്ച ജനനി ജന്മഭൂമി, അള്‍ത്താര, മുത്തുച്ചിപ്പി, കടല്‍പ്പാലം തുടങ്ങിയ അനേകം നാടകങ്ങള്‍ക്ക് അര്‍ജ്ജുനന്‍ തന്നെയാണ് ഹാര്‍മോണിയം വായിച്ചത്. ഇതിനിടയില്‍ സിനിമാരംഗത്ത് തിരക്കു കൂടിയ ദേവരാജന്‍ നാടകരംഗത്തുനിന്നു പിന്മാറാന്‍ തുടങ്ങി. അങ്ങനെ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങള്‍ക്കു സംഗീതം നിര്‍വ്വഹിക്കാനുള്ള അവസരം അര്‍ജുനനു കൈവന്നു. അതിനു മുന്‍പ് തന്നെ എറണാകുളം, ആലുവ ഭാഗങ്ങളില്‍ ഗാനമേളകള്‍ക്കു പാട്ടുകള്‍ പാടിയിരുന്ന അര്‍ജുനനു പുതിയ സംഗീതവഴിയില്‍ ഏറെ താല്പര്യം ഉണ്ടാകുകയും ചെയ്തു.

സിനിമാരംഗത്ത് എത്തിയത്തിനുശേഷം അര്‍ജ്ജുനന്‍ ഈണം പകര്‍ന്ന ആദ്യത്തെ ഒന്നു രണ്ട ു ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കു നാടകസംഗീതത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. കറുത്ത പൗര്‍ണ്ണമിയിലെ ''പൊന്നിലഞ്ഞിച്ചോട്ടില്‍'' (ബി. വസന്ത പാടിയത്), ''മാനത്തിന്‍ മുറ്റത്ത്'' (യേശുദാസ്) എന്നീ ഗാനങ്ങള്‍ ഉദാഹരണം. എന്നാല്‍, ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നതിലൂടെയാണ് എം.കെ. അര്‍ജ്ജുനന്റെ സംഗീതസംവിധാനശൈലി നാടകീയമായ അവതരണരീതിയില്‍നിന്നു പൂര്‍ണ്ണമായി മോചനം നേടിക്കൊണ്ട ് സ്വാഭാവികമായ ഒരു ഒഴുക്കിന്റെ സിനിമാറ്റിക് രീതിയിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. സിനിമാസംഗീതത്തിന്റെ വഴക്കങ്ങളിലേക്ക് അര്‍ജുന സംഗീതത്തെ ആദ്യമായി കൈപിടിച്ചുയര്‍ത്തിയതില്‍ തമ്പിയുടെ ഒഴുകുന്ന വരികള്‍ക്കു വലിയ പങ്കുണ്ട ്. ഇവരുടെ പ്രഥമ സംരംഭമായ റെസ്റ്റ് ഹൗസിലെ ''യദുകുല രതിദേവനെവിടെ'' (ജയചന്ദ്രന്‍ - ജാനകി യുഗ്മം), ''പാടാത്ത വീണയും പാടും'' (യേശുദാസ്) എന്നിവ മലയാളസിനിമാഗാന ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റുകളില്‍ പെടുന്നു.

ആശ്രമജീവിതം പകര്‍ന്ന സംഗീതം

1936 മാര്‍ച്ച് ഒന്നിന് ഫോര്‍ട്ട്‌കൊച്ചിയില്‍ ജനിച്ച അര്‍ജ്ജുനന്റെ മാതാപിതാക്കളും സംഗീതത്തിന്റെ വിവിധ മേഖലകളില്‍ തല്പരരായിരുന്നു. അച്ഛന്‍, കൊച്ചുകുഞ്ഞ് നാട്ടിലെ കോല്‍ക്കളിയിലെ പ്രധാനിയായിരുന്നു. ആശാന്‍ എന്നാണ് അദ്ദേഹത്തെ കൂടെയുള്ള കലാകാരന്മാര്‍ അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹം മൃദംഗം ഭംഗിയായി വായിച്ചിരുന്നു എന്ന കേട്ടറിവ് മാത്രമേ അര്‍ജുനന് ഉണ്ട ായിരുന്നുള്ളൂ. അര്‍ജുനന് ആറു മാസം പ്രായമുള്ളപ്പോള്‍ തന്നെ അച്ഛന്‍ അന്തരിച്ചിരുന്നു. അര്‍ജ്ജുനന്റെ അമ്മ, പാര്‍വതി തിരുവാതിരപ്പാട്ടുകളിലും ഓണപ്പാട്ടുകളിലും പങ്കെടുത്തു പാടിയിരുന്നു. അച്ഛനമ്മമാര്‍ക്ക് പിറന്ന 14 സന്തതികളില്‍ അതിജീവനം കണ്ട  നാലു പേരില്‍ ഒരാളായിരുന്നു അര്‍ജ്ജുനന്‍. അച്ഛന്റെ മരണത്തോടെ അമ്മയ്ക്ക് കുട്ടികളെ നോക്കാന്‍ വയ്യാതാവുമായും അതിനെത്തുടര്‍ന്ന് അര്‍ജ്ജുനനും ഒരു ജ്യേഷ്ഠനായ പ്രഭാകരനും പഴനിയിലെ ഒരു ആശ്രമത്തില്‍ ചേര്‍ന്നു ജീവിതം നയിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ആ സമയത്ത് അര്‍ജുനനു പ്രായം ആറു വയസ്സ് കഴിഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇരുപത്തിയഞ്ചോളം കുട്ടികള്‍ അന്തേവാസികളായി ഉണ്ട ായിരുന്ന ആ ആശ്രമത്തില്‍ ദിവസവും സന്ധ്യാനേരത്തു നാമജപവും ഭജനയും നടത്തിയിരുന്നു. സ്വാമിമാരും കുട്ടികളും പങ്കെടുത്തിരുന്ന ഈ പരിപാടിയില്‍ അര്‍ജുനന്റേയും ജ്യേഷ്ഠന്റേയും ആലാപനരീതി വേറിട്ടുനിന്നു. ഭജന പാടുന്ന വേളയില്‍ ആളുകള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി. ഇതറിഞ്ഞ സ്വാമിമാര്‍ കുമരയ്യ പിള്ളൈ എന്നൊരു സംഗീതാധ്യാപകന്റെ കീഴില്‍ രണ്ട ു കുട്ടികളെയും പാട്ട് പഠിപ്പിക്കാന്‍ ചേര്‍ത്തു. അണ്ണാമലൈ സര്‍വ്വകലാശാലയിലെ സംഗീത അധ്യാപകനായിരുന്നു കുമരയ്യ പിള്ളൈ. കുട്ടികളെ, പ്രത്യേകിച്ചും അര്‍ജ്ജുനനെ സംഗീതപഠനത്തിലേയ്ക്കു പെട്ടെന്നു തന്നെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഏതാണ്ട ് ആറു വര്‍ഷത്തോളം ആ അധ്യാപകന്റെ കീഴില്‍ ഈ കുട്ടികള്‍ ഇരുവരും സംഗീതം അഭ്യസിച്ചു. അര്‍ജുനനു 12 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഇരുവരും ആശ്രമജീവിതത്തോട് വിട പറഞ്ഞു. അക്കാലയളവിനുള്ളില്‍തന്നെ തുടര്‍ന്നുള്ള തന്റെ ജീവിതവഴിയിലേക്കു പ്രകാശം പരത്താനുള്ള സംഗീതത്തിന്റെ വെളിച്ചം ഗുരുനാഥനില്‍നിന്നു സ്വായത്തമാക്കാന്‍ അര്‍ജുനനു കഴിഞ്ഞിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയ അര്‍ജ്ജുനന്‍ ചെറിയ തോതില്‍ സംഗീതക്കച്ചേരികള്‍ നടത്തിയും ഗാനമേളകളില്‍ ഹാര്‍മോണിയം വായിച്ചും പാടിയും ജീവിതച്ചിലവുകള്‍ കണ്ടെ ത്താന്‍ തുടങ്ങി. ആ സമയത്താണ് പൗലോസ് എന്നൊരു നാടകക്കാരനായ സുഹൃത്ത് തന്റെ 'പള്ളിക്കുറ്റം' എന്ന നാടകത്തിനുവേണ്ട ി രണ്ട ു പാട്ടുകള്‍ക്കു സംഗീതം പകരാന്‍ അര്‍ജുനനോട് ആവശ്യപ്പെട്ടത്. ദൗത്യം ഏറ്റെടുത്ത അര്‍ജ്ജുനന്‍ ആ കലാകര്‍മ്മം ഭംഗിയായി നിര്‍വ്വഹിച്ചു. അതിന്റെ ഫലമെന്നോണം ഈ നാടകത്തിന് എതിരായി മറ്റൊരു കൂട്ടര്‍ തയ്യാര്‍ ചെയ്ത 'എന്നിട്ടും കുറ്റം പള്ളിക്ക്' എന്നൊരു നാടകത്തിന്റെ ഗാനങ്ങള്‍ക്കു സംഗീതം പകരാനുള്ള നിയോഗവും അര്‍ജുനനു ലഭിച്ചു. ഈ രണ്ട ു നാടകങ്ങളിലെയും ഗാനങ്ങള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതോടെയാണ് അര്‍ജ്ജുനന്റെ ശ്രദ്ധ നാടകരംഗത്തേക്കു തിരിയുന്നത്. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം കാളിദാസ കലാകേന്ദ്രത്തില്‍ എത്തിച്ചേരുന്നത്.

ഒരു പാട്ട് കമ്പോസ് ചെയ്യാന്‍വേണ്ട  അടിസ്ഥാന യോഗ്യതയായി അതിന്റെ വരികളില്‍ കവിത ഉണ്ടാവണമെന്നാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ എപ്പോഴും പറഞ്ഞിരുന്നത്. ''നമ്മള്‍ സൃഷ്ടിക്കുന്ന ഈണത്തിന് സൗന്ദര്യം ഉണ്ട ാവണമെങ്കില്‍ എഴുതുന്ന വരികളില്‍ കവിത ഉണ്ട ായിരിക്കണം. പാട്ടിനു രാഗവും താളവും ഭാവവുമെല്ലാം പിന്നീടാണ് ചേര്‍ന്നുവരുന്നത്. അതൊരു ഉപാസനയാണ്. അങ്ങനെ ഉരുത്തിരിയുന്ന ഈണങ്ങളില്‍നിന്നേ നല്ല ഗാനങ്ങള്‍ ഉണ്ട ാകൂ. ഈ ഗാനങ്ങള്‍ പിന്നീട് ജനഹൃദയങ്ങള്‍ ഏറ്റുപാടുമ്പോള്‍ അതിന്റെ തലവര നന്നായി എന്നു നമ്മള്‍ പറയും.'' സൃഷ്ടിക്കപ്പെട്ട ഗാനങ്ങളില്‍ ഒട്ടുമിക്കതും ഹിറ്റാക്കി മാറ്റിയ ഒരു സംഗീതസംവിധായകന്റെ ഗാനസങ്കല്പമായിരുന്നു മുകളില്‍ കുറിച്ചത്.

മലയാളസിനിമാരംഗത്ത്, 1968-1988 കാലയളവിലാണ് എം.കെ. അര്‍ജ്ജുനന്‍ എന്ന സംഗീതസംവിധായകന്റെ സജീവസാന്നിധ്യം ഉണ്ട ായിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വലിയൊരു വിഭാഗം ഗാനങ്ങളും 1970-1980 കാലത്താണ് പുറത്തു വന്നിട്ടുള്ളത്. ആകെ 150-ല്‍ താഴേ ചിത്രങ്ങള്‍ക്കുവേണ്ട ി 650-ലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുള്ളതില്‍ 100-ഓളം സിനിമകളിലെ 500-ല്‍പ്പരം ഗാനങ്ങളും ഈ ഒരു ദശകത്തിലാണ് നാം അര്‍ജ്ജുനന്‍ മാസ്റ്ററില്‍നിന്നു കേട്ടത്. ഇവയില്‍ ഏതാണ്ടെ ല്ലാ പാട്ടുകളെയും ഇവിടത്തെ സാധാരണക്കാരായ സംഗീതാസ്വാദകര്‍ നെഞ്ചേറ്റിയിട്ടുമുണ്ട ് എന്നതാണ് കൗതുകകരം. ഒരു ചെറിയ കാലഘട്ടം കൊണ്ട ് ഏറ്റവുമധികം ഹിറ്റുകള്‍ മലയാളസിനിമയ്ക്കു സമ്മാനിച്ചിട്ടുള്ള സംഗീതസംവിധായകന്‍ അര്‍ജ്ജുനന്‍ മാഷല്ലാതെ മറ്റാരുമില്ല.

മലരമ്പനറിഞ്ഞില്ല, നിന്‍മണിയറയിലെ, മുത്തു കിലുങ്ങി, നക്ഷത്രമണ്ഡലം നട തുറന്നു, നന്ത്യാര്‍വട്ട പൂ ചിരിച്ചു, മല്ലികപൂവിന്‍ മധുരഗന്ധം, ചന്ദ്രോദയം കണ്ട ്, താരം തുടിച്ചു, തരിവളകള്‍ ചേര്‍ന്നു കിലുങ്ങി, സ്വരങ്ങള്‍ നിന്‍പ്രിയ സഖികള്‍, ഒരു പ്രേമകവിത തന്‍ പൂഞ്ചിറകില്‍, സ്വപ്നഹാരമണിഞ്ഞെത്തും, ചാലക്കമ്പോളത്തില്‍വെച്ച്, തിരുവോണപുലരി തന്‍, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ, ചന്ദ്രരശ്മി തന്‍, നക്ഷത്രക്കിന്നരന്മാര്‍ വിരുന്നു വന്നു, കുയിലിന്റെ മണിനാദം കേട്ടു, പാലരുവീക്കരയില്‍, ദ്വാരകെ ദ്വാരകെ, ചമ്പകതൈകള്‍ പൂത്ത മാനത്തു പൊന്നമ്പിളി, രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ, നീലനിശീഥിനി എന്നിവ 1970-1980 കാലത്ത് അര്‍ജ്ജുനന്‍ മാസ്റ്റര്‍ നമുക്കു സമ്മാനിച്ച ഹിറ്റുകളില്‍ ചിലതു മാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍, ഈ പാട്ടുകളെല്ലാം ഏതൊരു മലയാളിയും ഇന്നും കേട്ടാസ്വദിക്കുന്നുവെന്നത് തര്‍ക്കമറ്റതാണ്.

ഹിറ്റുകള്‍ സൃഷ്ടിച്ച സംഗീതജ്ഞന്‍

എം.കെ. അര്‍ജ്ജുനന്‍ എന്ന സംഗീതസംവിധായകന്റെ മറ്റൊരു ഗാനസവിശേഷത കാണാന്‍ സാധിച്ചിട്ടുള്ളത് മലയാളസിനിമയിലെ മുഖ്യധാരാഗായകരായ യേശുദാസ്, ജാനകി, സുശീല എന്നിവര്‍ക്കൊപ്പമോ അവരെക്കാള്‍ അധികമോ ആയി അടുത്ത നിരയില്‍പ്പെട്ട ഗായകരെക്കൊണ്ട ും പാടിക്കുകയും ഹിറ്റുകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്നതാണ്. ഈ ഗായകരില്‍ പ്രമുഖര്‍ ജയചന്ദ്രനും വാണീജയറാമും തന്നെയാണ്. ഈ പറഞ്ഞതിനുള്ള ഉദാഹരണം കൂടിയാണ് മുകളില്‍ കൊടുത്തിട്ടുള്ള ഗാനങ്ങള്‍. ജയചന്ദ്രന്റേയും വാണീജയറാമിന്റേയും പ്രസന്നവും നവോന്മേഷം പകരുന്നതുമായ ശബ്ദത്തിന്റെ സാന്നിധ്യം അര്‍ജുനഗാനങ്ങള്‍ക്കു കൂടുതല്‍ പ്രകാശം നല്‍കുകയാണ് ചെയ്തിട്ടുള്ളത്. മലയാളസിനിമയിലെ സംഗീതസംവിധായകരില്‍ പ്രാമുഖ്യമുള്ളവര്‍പോലും മടിച്ചുനിന്ന ഗാനപരീക്ഷണമാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഇവിടെ നടത്തിയിട്ടുള്ളത്. ഒരുപക്ഷേ, കെ. രാഘവന്‍ മാത്രമായിരിക്കും ഇതില്‍നിന്നു മാറ്റിനിര്‍ത്തപ്പെടേണ്ട  ഒരേയൊരു സംഗീതസംവിധായകന്‍. മറ്റൊരാള്‍ ഉള്ളത് എം.എസ്. വിശ്വനാഥന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ കലാസാന്നിധ്യം പ്രധാനമായും തമിഴ് സിനിമാസംഗീതത്തില്‍ ആയിരുന്നുവല്ലോ. യഥാര്‍ത്ഥത്തില്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ കാട്ടിത്തന്നെ ഈ ഗാനപരീക്ഷണവഴിയിലൂടെ സഞ്ചരിക്കാന്‍ അതിനുശേഷം വന്ന സംഗീതസംവിധായകര്‍ക്കും മലയാള സിനിമാസംഗീതത്തില്‍ സാധിച്ചില്ലയെന്നത് ഖേദകരമായ വസ്തുതയായിതന്നെ അവശേഷിക്കുന്നു. മലയാളസിനിമയുടെ ഗായകചരിത്രം വികാസം കൊള്ളേണ്ട  മറ്റൊരു അധ്യായത്തിന്റെ ആരംഭമായിരുന്നു അര്‍ജ്ജുനന്‍ മാഷ് ഇതിലൂടെ കുറിച്ചതെന്നതും ഓര്‍ക്കപ്പെടേണ്ട താണ്.

സ്വരലയ പുരസ്കാര ചടങ്ങിൽ എംഎ ബേബി, ഒഎൻവി, കെജെ യേശുദാസ്, ശ്രീകുമാരൻ തമ്പി എന്നിവർ
സ്വരലയ പുരസ്കാര ചടങ്ങിൽ എംഎ ബേബി, ഒഎൻവി, കെജെ യേശുദാസ്, ശ്രീകുമാരൻ തമ്പി എന്നിവർ

പാട്ടു പാടാനും സംഗീതസംവിധാനം നിര്‍വ്വഹിക്കാനും ശാസ്ത്രീയസംഗീതം അറിഞ്ഞിരിക്കണമെന്ന പക്ഷക്കാരനായിരുന്നു അര്‍ജ്ജുനന്‍ മാസ്റ്റര്‍. ശീര്‍കാഴി ഗോവിന്ദരാജനേയും ചെമ്പൈ വൈദ്യനാഥ ഭാഗവതരേയും ബാലമുരളീകൃഷ്ണയേയും ഇഷ്ടപ്പെട്ടിരുന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് മധുരൈ മണി അയ്യരുടെ സ്വരാലാപനത്തോടും മമത ഉണ്ട ായിരുന്നു. സംഗീതം എന്നാല്‍, എറ്റവും ഗൗരവമുള്ള ഒരു കലാരൂപം തന്നെയായിരുന്നു അദ്ദേഹത്തിന്. ഔപചാരികവിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുപോലും സംഗീതവാസന ഉണ്ടെ ങ്കില്‍ കര്‍ണാടക സംഗീതത്തിന്റെ മണം കിട്ടിയാല്‍ മതി, അതിനെ വളര്‍ത്തി സ്വന്തം ജീവിതമാര്‍ഗ്ഗം കണ്ടെ ത്താമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതേസമയം മാസ്റ്റര്‍ ഒരിക്കലും സംഗീതത്തിലെ പാരമ്പര്യവാദങ്ങളുടെ പക്ഷത്തായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ബാലമുരളീകൃഷ്ണയോടുള്ള മാസ്റ്ററുടെ ബഹുമാനം ആ സംഗീതജ്ഞന്‍ കീഴ്വഴക്കങ്ങള്‍ക്ക് എതിരായ സംഗീതവും ശബ്ദവും സൃഷ്ടിച്ചു എന്നതു കൊണ്ട ായിരുന്നു. സമ്പ്രദായങ്ങള്‍ പരിമിതികളുടെ ലക്ഷണമാണെന്നുകൂടി പറയാനുള്ള ആര്‍ജ്ജവം മാസ്റ്റര്‍ കാട്ടുകയും ചെയ്തു.

ശാസ്ത്രീയസംഗീതത്തെ ഇത്രയും ഗൗരവബുദ്ധിയോടെ കണ്ട ിരുന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് ചലച്ചിത്രസംഗീതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടാണ് ഉണ്ട ായിരുന്നത്. ജനസാമാന്യത്തിന്റെ കലയായിട്ടാണ് അദ്ദേഹം സിനിമാസംഗീതത്തെ ദര്‍ശിച്ചത്. ആയ കാലത്ത് അവാര്‍ഡുകള്‍ ഒന്നുംതന്നെ ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ജനഹൃദയങ്ങളെ കീഴടക്കാന്‍ സാധിച്ചതും അതുകൊണ്ട ാണ്. ഏതൊരു പാട്ടിന്റേയും ഈണത്തില്‍ അര്‍ജ്ജുനന്‍ മാഷ് ഒളിപ്പിച്ചുവെച്ച സ്നിഗ്ധമായ പ്രണയാര്‍ദ്രഭാവം തന്നെയാണ് എക്കാലവും നമുക്ക് അനുഭൂതി പകരുന്ന ആ സംഗീതത്തിന്റെ യൗവ്വന തേജസ്സ്.
ഒരിക്കല്‍ സംഗീതത്തേയും പ്രണയത്തേയും ജീവിതത്തേയും കുറിച്ചു നാലു വാക്ക് പറയാന്‍ ഒരഭിമുഖത്തിനിടയില്‍ അര്‍ജ്ജുനന്‍ മാസ്റ്ററോട് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''എന്റെ സംഗീതത്തിലൂടെയാണ് ഞാനെന്റെ ജീവിതത്തെ പ്രണയിക്കുന്നത്. അതുകൊണ്ട് എന്റെ ആത്യന്തിക പ്രണയം ജീവിതത്തോടാണ്. എല്ലാം ലയിക്കുന്നത് ജീവിതത്തിലാണ്. ഏറ്റവും മഹത്തായ പ്രതിഭാസവും ജീവിതമാണ്.'' ഈ വാക്കുകള്‍ മാത്രം മതി അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ജീവിതവും സംഗീതവും ലോകവീക്ഷണവും എല്ലാം മനസ്സിലാക്കാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com