''കാശുണ്ടെങ്കില്‍ ഗോകര്‍ണ്ണം കാണാം, ഭയമില്ലെങ്കില്‍ യാനയും''

വഴിനീളേ ഭയം കൂടെയുണ്ടായിട്ടും ഭയം ഇറുക്കിപിടിച്ചുകൊണ്ടേയിരുന്നിട്ടും ഇതാ യാന കണ്ട് മടങ്ങിവന്നിരിക്കുന്നു. അതിന് ഒറ്റക്കാരണമേയുള്ളൂ. യാന വിളിച്ചിട്ടാണ് പോയത്!
യാനയിലെ ക്രിസ്റ്റലിൻ പാറക്കൂട്ടങ്ങൾ
യാനയിലെ ക്രിസ്റ്റലിൻ പാറക്കൂട്ടങ്ങൾ

കാതങ്ങള്‍ക്കപ്പുറം നിന്ന് നമ്മുടെ ആത്മാവില്‍ കൊളുത്തിട്ട് തന്നിലേക്കു വലിച്ചടുപ്പിക്കുന്ന അതീന്ദ്രിയജാലമറിയാം ചില സ്ഥലങ്ങള്‍ക്ക്. അത്തരമൊരിടമാണ് കര്‍ണാടകയിലെ യാന.

തിരക്കും ബഹളവും വലിയ പ്രിയമല്ലാത്തതിനാല്‍ കര്‍ണാടകയിലെ ഓഫ് ബീറ്റ് ഡസ്റ്റിനേഷനുകള്‍ ഏതൊക്കെയെന്ന് പരതിനോക്കുമ്പോഴാണ് യാന ഗുഹാചിത്രങ്ങള്‍ കണ്ണില്‍പ്പെട്ടത്. ഒറ്റക്കാഴ്ചയില്‍ത്തന്നെ യാനയില്‍ എത്തിയേ മതിയാവൂ എന്ന് ആര്‍ത്തിപിടിപ്പിക്കുന്ന എന്തോ ഒന്ന് ആ ചിത്രത്തിലുണ്ടായിരുന്നു. 

എന്റെ സര്‍വ്വവിധ സ്വാതന്ത്ര്യത്തിലേക്കും വഴിതുറന്നിട്ടുതന്ന് എന്നെ ഞാനാക്കുന്ന സ്‌നേഹാത്മാവിനൊപ്പം കര്‍ണാടകന്‍ ജനപഥങ്ങളിലേക്കും വിജനപാതകളിലേക്കും പുറപ്പെട്ടിറങ്ങാനൊരു ഒഴിവു ദിവസത്തിനായുള്ള കാത്തിരിപ്പായി പിന്നെ. കര്‍ണാടകയില്‍ ഏറെ കറങ്ങിയിട്ടുണ്ടെങ്കിലും ഉത്തര കാനറയില്‍ എത്തിയിരുന്നില്ല യാത്രാവഴികള്‍. അതുകൊണ്ടുതന്നെ കാഴ്ചയുടെ ഏത് വസന്തമായിരിക്കും അവ തരുക എന്നൊരു കുതൂഹലം ഉള്ളിലുണ്ട്. 

അങ്ങനെയാണൊരു പുലര്‍കാലത്ത് വീട്ടില്‍നിന്നുമിറങ്ങി പലപല കര്‍ണാടകന്‍ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും കറങ്ങിത്തിരിഞ്ഞ് ഒടുവിലൊരു ദിവസം സിര്‍സിയിലൂടെ യാനയിലേക്കും തിരിയും പാതയിലേക്ക് കയറിയത്. 

ശിലാ​ഗുഹയും ക്ഷേത്രവും
ശിലാ​ഗുഹയും ക്ഷേത്രവും

വരണ്ട മുഖഭാവമാണ് ഉത്തര കാനറയ്‌ക്കെങ്കിലും സിര്‍സി-യാന പാതയില്‍ പ്രകൃതി അതിനാവും വിധം രമണിക്കുട്ടിയായി നില്‍ക്കുന്നു. വിജനമായ വഴികളില്‍ ഇടയ്ക്കിടെ ഒറ്റപ്പെട്ട വീടുകള്‍ കാണാം. റോഡിന്റെ ഇരുവശവും കാണുന്നത് വനാവനം കാടിന്റെ അതിര്‍ത്തിയാണെങ്കിലും അത് പച്ച ഇരുണ്ട് കുത്തി കനത്ത് തഴച്ചുകിടക്കുന്ന കാടല്ല, മറിച്ച് തുറന്ന അടിക്കാടോടെ ഉള്ളു കാണാവുന്ന കാട്. സിര്‍സിയില്‍നിന്നും 40 കിലോമീറ്റര്‍ ഉണ്ട് യാനയിലേക്ക്. വഴിയില്‍ യാന എന്ന സൂചനാഫലകം ഇടയ്ക്കിടെ കാണാം. ശിവരാത്രി കാലങ്ങളില്‍ അതിഭക്തര്‍ മാത്രം എത്തുന്നതും മറ്റു കാലങ്ങളില്‍ സദാ സന്ദര്‍ശകര്‍ നന്നേ കുറവ് എത്തുന്നതുമായ ഇടമാണ് യാന. 

വര്‍ഷത്തില്‍ മിക്കവാറും സമയവും വിശ്വാസത്തിന്റെ ദൈവീകതയും പേറി ഏകാന്തതയില്‍ ഉറഞ്ഞ് നീയും ഞാനും മാത്രമെന്നോണം പൂര്‍ണ്ണമായും പ്രകൃതിയിലലിഞ്ഞ് യാന സ്വത്വം ഭദ്രമാക്കും. 

സിര്‍സി ഗോകര്‍ണ്ണ റോഡില്‍ ഒരിടത്ത് ഇടത്തോട്ട് തെറ്റുന്ന റോഡില്‍ 'യാന ഇതാ ഇങ്ങോട്ടെന്ന' സൂചനാഫലകം വച്ചിരിക്കുന്നു. സിര്‍സിയില്‍നിന്ന് യാനയിലേക്കു യാത്ര തുടങ്ങിയതു മുതല്‍ ഏകദേശം ഒറ്റപ്പെട്ട യാത്ര തന്നെയാണ്. മുന്നിലും പിന്നിലും മറ്റൊരു വാഹനത്തെ കാണുന്നത് അപൂര്‍വ്വം. വഴികളില്‍ ജനവാസവും നന്നേ കുറവ്. എന്നാല്‍, ഇതുവരെ അനുഭവിച്ച വിജനതയൊന്നും ഒരു വിജനതയേ അല്ല എന്ന് തെറ്റ് റോഡിന്റെ തുടക്കം തന്നെ പറയാതെ പറയുന്നുണ്ട്. കണ്ണ് അറിയാതെ കാറിന്റെ പെട്രോള്‍ സ്ഥിതി വിവരക്കണക്കിലേക്കൊന്ന് പാളി. അതങ്ങ് അടിയിലെത്തിയിരിക്കുന്നു. ആ പെട്രോളും വെച്ച് വേണമെങ്കില്‍ യാനയിലേക്ക് രണ്ട് തവണയും ഇനിയൊരു പെട്രോള്‍ പമ്പ് കാണുംവരേയും സുഖമായി പോകാം എന്ന ആത്മവിശ്വാസം കാറോടിക്കുന്നവന് തികച്ചും ഉണ്ടെങ്കിലും എന്റെ ഉള്ളില്‍ ഭയവിറച്ചില്‍ വീണുകഴിഞ്ഞിരുന്നു. വിജനത, വിജനത മാത്രമാണ് ചുറ്റും. പുലിയുണ്ടെന്ന സൂചനാഫലകമാണ് വഴിനീളെ! ഈ റൂട്ടിലൂടെ ബസ് ഓടുന്നില്ല. മറ്റു വാഹനങ്ങളും അപൂര്‍വ്വം. പെട്ടാല്‍ പെട്ടു. 

മുന്നോട്ടു പോവുംതോറും റോഡെന്നു പറയാന്‍ പറ്റാത്ത ഒരു സാധനമാണ് മുന്നില്‍. അതങ്ങനെ പൊട്ടിയടര്‍ന്ന് കുണ്ടും കുഴിയുമായി നമ്മുടെ ഡ്രൈവിംഗ് സ്‌കില്‍ പരിശോധിക്കാനെന്നോണം നീണ്ടു നിവര്‍ന്നു കിടക്കുന്നു. ചിലയിടത്ത് അത് വെറും ചെമ്മണ്‍പാത മാത്രം. കയറ്റിറക്കങ്ങളില്‍ കാറിന്റെ ചക്രം മണ്ണില്‍ കിടന്ന് വെറുതെ തിരിയുന്നു. ഇതൊക്കെ ഒന്ന് നന്നാക്കിയിട്ടൂടെ എന്ന് തോന്നിയത് ഉടന്‍ തിരുത്തി. കാടാണ്. ഇതൊക്കെ ഇങ്ങനെതന്നെ കിടന്നോട്ടെ. യാത്രാ വൈഷമ്യങ്ങള്‍ ഓര്‍ത്ത് സന്ദര്‍ശകര്‍ എത്ര കുറയുന്നുവോ അത്രയും നല്ലത്! കുത്തിയും കുലുങ്ങിയും ഉള്ള യാത്ര സഹിക്കാനാവാതെ എല്ലും ഇറച്ചിയും ബന്ധം പിരിയുന്നതിന്റെ വേദന ശരീരമറിയിച്ചു തരുന്നുണ്ട്. 

കുണ്ടും കുഴിയും നിറഞ്ഞ ഒട്ടും മോശമല്ലാത്തൊരു ഇറക്കം പിച്ചാപിച്ചാ ഇറങ്ങുമ്പോള്‍ 'തിരിച്ചുവരുമ്പോള്‍ ഈ കയറ്റം കയറിക്കിട്ടുമോ എന്ന് സംശയമാണ്' എന്നൊരു ആത്മഗതം ഡ്രൈവിംഗ് സീറ്റില്‍നിന്നും മനസ്സറിയാതെ പൊന്തിയത് ഭയത്തെ പരകോടിയിലെത്തിച്ചു.

വഴിയുടെ തുടക്കത്തില്‍ കാടും, കാടു കയ്യേറി ഉണ്ടാക്കിയ തോട്ടങ്ങളും ഇഴപിരിഞ്ഞ് കിടക്കുന്നു. പിന്നയങ്ങോട്ട്  തികച്ചും വിജനം. കാടിന്റെ മിണ്ടിപ്പറച്ചിലുകള്‍ ഇലയനക്കങ്ങള്‍ ഒക്കേയും സുവ്യക്തം. യാത്ര ചെയ്യാന്‍ ഭയം തോന്നുന്ന റോഡ്, കടുത്ത വിജനത, പുലി നിറഞ്ഞ കാട് എല്ലാം കൂടെ എന്നെ വല്ലാതെ ഭയപ്പെടുത്തി തുടങ്ങി. അതിന്റെ അസ്വസ്ഥതയില്‍ 'പെട്രോള്‍ തീര്‍ന്നാല്‍ പെട്ടുപോവും. നമുക്ക് മടങ്ങാം പിന്നെ വരാം' എന്നൊക്കെയുള്ള എന്റെ നിരന്തര പിറുപിറുക്കല്‍ ചെവിയില്‍ മൂട്ട കയറിയ ചൊറിച്ചില്‍ സൃഷ്ടിച്ചതിനാലാവണം ഡ്രൈവിംഗ് സീറ്റില്‍നിന്ന്  'ഇനി നീ ഒരക്ഷരം മിണ്ടിയാല്‍' എന്ന അലര്‍ച്ച പൊന്തിയത്. 

ഇനി മിണ്ടാതിരിക്കുന്നതാണ് ഭംഗി എന്ന് മുന്‍ അനുഭവമുള്ളതിനാല്‍ ഞാന്‍ ആവുന്നത്ര നിസ്സംഗയാവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. രണ്ട് ജീവബിന്ദുക്കള്‍ കാടിനെ വെല്ലുവിളിച്ച് നുഴഞ്ഞു കയറുമ്പോള്‍ 'എന്നാ വാ ശര്യാക്കിത്തരാം നിന്നെ' എന്ന തിരിച്ചു വെല്ലുവിളിയില്‍ കാടു കാത്തുനില്‍ക്കും പോലെയൊരു ഭയാനകമായ ഒറ്റപ്പെടല്‍. 

യാനയിലെ ​ഗുഹാന്തർഭാ​ഗം
യാനയിലെ ​ഗുഹാന്തർഭാ​ഗം

കാടിന്റെ കുസൃതികള്‍

റോഡിന്റെ മെച്ചം കാരണം നടക്കുന്നതിലും പതുക്കെയാണ് പോക്ക്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലിരിക്കുന്നവനാവട്ടെ, കാറിന്റെ എസി പോലും ഓഫാക്കുന്നില്ല. സാദാ റോഡിലൂടെ പോവുമ്പോള്‍ത്തന്നെ പെട്രോള്‍ ചെലവാകും പറഞ്ഞ് എസി ഓഫ് ചെയ്യുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്.
 
എത്രതന്നെ പോയിട്ടും തീരാത്തൊരു ദൂരത്തിനൊടുവില്‍ ഒരു ചെക്ക്‌പോസ്റ്റ് കണ്ടു. ചെക്ക് പോസ്റ്റില്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ തദ്ദേശീയനാണ് കാവല്‍. മിനറല്‍ വാട്ടറും മറ്റുമായി ചെറിയൊരു തട്ടിക്കൂട്ട് കച്ചവടവും മൂപ്പര്‍ക്ക് അതിനുള്ളിലുണ്ട്. ഇതുവരെ ഭയം ഞെരുക്കിപ്പിടിച്ച ഹൃദയം മറ്റൊരു മനുഷ്യജീവിയെ കണ്ട ആഹ്ലാദത്തിലൊന്നു കുതറി. വാഹനത്തിന് ചെക്ക് പോസ്റ്റ് വരെയേ അനുമതിയുള്ളൂ. അവിടെനിന്ന് യാന ഗുഹയിലേക്ക് ഒന്നര കിലോമീറ്റര്‍ കാല്‍നടയായിത്തന്നെ പോവണം.

ചെക്ക്‌പോസ്റ്റിനപ്പുറമുള്ള കാടിനു മറ്റൊരു മുഖഭാവം. നീയെന്റെ വിരല്‍ത്തുമ്പ് കണ്ടപ്പോഴേയ്ക്കും ഭയന്നോ എന്നൊരു കുസൃതിമുഖം. ഉള്‍വനത്തിന്റേതായ ഇലയനക്കങ്ങളും ശബ്ദഗന്ധരൂപഭാവങ്ങളുമായി അതങ്ങനെ നില്‍ക്കുന്നു. ഉള്ളിലെ ഭയം ഒന്നൂടെ മുറുക്കാന്‍! പോവുന്ന വഴിക്കു വന്യമൃഗങ്ങളൊക്കെയുണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമുള്ള എന്തോ ഒന്ന് വഴിയില്‍ ഉണ്ടെന്നു പറയുംപോലെ ചെക്ക്‌പോസ്റ്റില്‍ ഉള്ളവന്റെ ഉത്തരം: ''ഓ, ഉണ്ടാവുമല്ലോ. പുലിയും ആനയും കരടിയും കുറുന്നരിയും ഒക്കെ ഇഷ്ടം പോലെയുണ്ട്.''

വഴിയുടെ തുടക്കത്തില്‍ ചെറിയൊരു പുല്‍ക്കൂടും ഇരിപ്പിടവും ഉണ്ട്. അതിനടുത്ത് പ്രൊട്ടക്റ്റ് ലപ്പേര്‍ഡ് എന്നെഴുതിവച്ചിരിക്കുന്നു. നമ്മുടെ സുരക്ഷ വനംവകുപ്പിന്റെ വിഷയമേ അല്ല. കാടാണ്, അതവരുടെ സ്ഥലമാണ്, നിങ്ങളാണ് അതിക്രമികള്‍! എന്നതാണ് വനംവകുപ്പിന്റെ ഭാഷ്യം. ഭാഷ്യമല്ല നിയമം തന്നെ.

കൊടും വനാന്തര്‍ഭാഗമാണ്. ആര്‍ദ്രമായ പച്ചയാണ് ചുറ്റിലും. മണി പത്ത് കഴിഞ്ഞിട്ടും മഞ്ഞുനനവില്‍ കൂമ്പിയ ഇലകള്‍. പല ജാതി പക്ഷിശബ്ദങ്ങള്‍, സിര്‍സി മുതലിങ്ങോട്ട് വരെയുള്ള വഴികളിലെ പക്ഷി വൈവിധ്യം നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. കാടിന്റെ പച്ചമണമാണ് ചുറ്റും പുകഞ്ഞുയരുന്നത്. കൂടെയാരുമില്ല. സധൈര്യം മുന്നോട്ട് നടക്കുന്നു എന്നേ ഉള്ളൂ. നാലുപാടും നോക്കുന്നുണ്ടെപ്പോഴും. ഇലപ്പടര്‍പ്പുകള്‍ ഉലയുന്നുണ്ടോ. മനുഷ്യഗന്ധമേറ്റൊരുവന്‍ ചാടി വീഴാനൊരുങ്ങി ദംഷ്ട്ര കാണിച്ചുനില്‍ക്കുന്നുവോ? മണങ്ങളില്‍ ഒട്ടും പരിചയമില്ലാത്ത പുലി മണത്തിനുവേണ്ടി മൂക്കാവോളം വിടര്‍ത്തിയാണ് നടപ്പ്. വഴിയില്‍ കണ്ട ഒരു ചുള്ളിക്കമ്പ് കയ്യിലെടുത്തുവച്ചു. കുത്തിപ്പിടിച്ച് നടക്കേം ചെയ്യാം. പുലി വന്നാല്‍ ശൂ...ന്ന് ആട്ടേം ചെയ്യാം. നമ്മളെ പിടിക്കാന്‍ അനുവദിക്കാതെ പുലിയെ നമ്മള്‍ സംരക്ഷിക്കണമല്ലോ! കട്ടയും കല്ലും കയറ്റിറക്കങ്ങളും നിറഞ്ഞ ഈ കാട്ടുപാതയിലൂടെ ഓടി രക്ഷപ്പെടാമെന്ന് ആലോചിക്കുന്നതേ വിഡ്ഢിത്തം.

മുന്നോട്ട് നടക്കുന്നതിനിടെ ഇടയ്‌ക്കെപ്പോഴോ ഒരു കാട്ടരുവി പതുക്കെ മിണ്ടിപ്പറയുന്ന ഒച്ച. വഴിയിലിടയ്ക്ക് അത് കനത്ത പച്ചപ്പ് വകഞ്ഞുമാറ്റി ഒളിഞ്ഞുനോക്കുന്നുമുണ്ട്. കാടിനുള്ളിലെ അരുവിയെ ഭയക്കണം എന്നാണ് എന്റെയൊരു തോന്നല്‍. ദാഹജലം അന്വേഷിച്ചെത്തുന്ന മൃഗങ്ങള്‍ ചുറ്റിലും കാണുമെന്ന ഉള്‍ഭയം. കിതച്ചും പേടിച്ചും നടക്കുന്നതിനിടെ ഏറിയ നേരവും പ്രകൃതി മറ്റെല്ലാം മറവിയിലാഴ്ത്തി നമ്മളെ അതിലാഴ്ത്തി മോഹിപ്പിക്കുന്നുണ്ട്. 

ഒന്നര കിലോമീറ്റര്‍ ഏതാണ്ട് അവസാനിക്കാറാവുന്നിടത്ത് അതുവരെ മാനം കാട്ടി തരാതിരുന്ന കാട് അല്പമൊന്ന് തുറന്നു. ആകാശവെളിച്ചം ചുറ്റിലും. ഇനി താഴേക്ക് ഇറക്കമാണ്. പെട്ടെന്ന് ഒരുപാടു മനുഷ്യശബ്ദങ്ങള്‍ കേട്ടു. അത്രനേരം അനുഭവിച്ച വിജനതയും ഇവരെങ്ങനെ ഇവിടെ എന്ന ആകാംക്ഷയും പൊട്ടിത്തെറിച്ചു. ഏതോ വഴിയിലൂടെ ട്രക്ക് ചെയ്ത് വന്ന കോളേജ് പിള്ളേരാണ്. 

അല്പം കൂടെ മുന്നോട്ട് പോയതും ഈ ജന്മത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞ മറ്റൊരു വിസ്മയമായതാ 'യാന ഗുഹകള്‍' മുന്നില്‍. ആ കാഴ്ച വാക്കുകള്‍കൊണ്ട് വിവരിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കണ്ട്, കണ്ടു മാത്രം അനുഭവിച്ചറിയേണ്ട ഒന്ന്! തികച്ചും അതീന്ദ്രിയമായ അനുഭവം! ഇത്രയും വലിയൊരു ഗുഹയെ ഈ കാടിനുള്ളില്‍ എങ്ങനെയാണ് ഒളിപ്പിച്ചുവെച്ചതെന്ന് പ്രകൃതിക്കുമാത്രം അറിയുന്ന രഹസ്യം. 

ഉത്തര കാനറയിലെ കുംത കാടുകള്‍ക്കു നടുവിലാണ് തികച്ചും വിചിത്രവും ഗൂഢവുമായ യാന. കൂറ്റന്‍ വൃക്ഷഭാഗങ്ങളും കരിമ്പാറകളും ഒന്നുചേര്‍ന്ന് ലയിച്ചുരുകി കറുകറുത്ത ലൈംസ്റ്റോണായി മാറിയ യാന ഗുഹകള്‍ ഘടനയിലും രൂപത്തിലും തികച്ചും വ്യത്യസ്തമാണ്. ഗുഹ എന്ന പരമ്പരാഗത സങ്കല്പത്തെ അട്ടിമറിച്ച് യാന ഗുഹകള്‍ തങ്ങള്‍ക്കു ചേരുന്ന ഉല്പത്തി കഥകളുമായി കാലത്തെ നിസ്സാരമാക്കി നില്‍ക്കുന്നു. രണ്ടു തരം റോക്ക് ഫോര്‍മേഷനുകളുണ്ട്. 120 മീറ്റര്‍ ഉയരമുള്ള ഭൈരവേശ്വര ശിഖിരവും 90 മീറ്റര്‍ ഉയരമുള്ള മോഹിനി ശിഖരവും. 

ഗുഹാങ്കണ വഴിയിലൊരു കാട്ടുകൊന്ന മദാലസയായി മഞ്ഞപ്പൂക്കള്‍ ചുറ്റിനില്‍ക്കുന്നു. അല്പനേരം ആ ഗുഹകളെ വെറുതേ നോക്കിനിന്ന് നടത്തത്തിന്റെ കിതപ്പാറ്റി. പിന്നാമ്പുറ മിത്തുകള്‍ എന്തോ ആവട്ടെ പ്രകൃതിക്കപ്പുറമൊരു കലാകാരനില്ലെന്നു തലകുനിച്ചായിരം തവണ സമ്മതിക്കും അപൂര്‍വ്വസുന്ദരങ്ങളായ ഈ പാറക്കൂട്ടങ്ങള്‍ നോക്കുംതോറും. ഇന്ത്യയിലെ വൃത്തിയുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ രണ്ടാം സ്ഥാനമുണ്ടത്രെ യാന ഗുഹകള്‍ അടങ്ങിയ ഈ പ്രദേശത്തിന്. ആദ്യം ചെന്നിറങ്ങുക ഭൈരവേശ്വര ശിഖരത്തിലേക്കാണ്. രാക്ഷസീയതയും സ്വാതികതയും കൂടിച്ചേര്‍ന്ന ഭാവമാണ് ഭൈരവേശ്വര ശിഖരത്തിന്. വിശാലമായ അങ്കണം. സിമന്റ് പാകി ഇരിപ്പിടങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഇരിപ്പിടമെന്നാല്‍ അധികമൊന്നുമില്ല. പടികള്‍ കയറിവരുന്നവര്‍ക്കും നടന്നുവലഞ്ഞു വരുന്നവര്‍ക്കും കിതപ്പാറ്റാന്‍ വേണ്ടി ഒന്നോ രണ്ടോ എണ്ണം. ട്രക്ക് ചെയ്ത് വന്നവരും മറ്റൊരു വഴിയിലൂടെ കയറി എത്തിയ സന്ദര്‍ശകരുമായി അത്യാവശ്യം ആളുണ്ട് ഗുഹാങ്കണത്തില്‍. ഇത്രനേരം അനുഭവിച്ച ഒറ്റപ്പെടലിന്റെ ഭയക്കുമിള അവരുടെ ബഹളങ്ങളില്‍ തകര്‍ന്നുതരിപ്പണമായി. കാലും മുഖവും കഴുകിവേണം ഗുഹയുടെ താഴെ ഉള്ള ശ്രീകോവിലില്‍ കയറാന്‍. സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. മുകള്‍ഭാഗം തുറന്ന നിലയിലായതിനാല്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഊറിവരുന്ന ജലം സദാ ധാരയായി ശിവലിംഗത്തില്‍ വീഴുന്നു. സര്‍വ്വേശ്വര സങ്കല്പത്തിനു പ്രകൃതി സ്വമേധയാ ധാര കോരുന്നു. മനോഹരം!

ശിവനുമായി ബന്ധപ്പെട്ടാണ് ഭൈരവേശ്വര ശിഖരത്തിന്റെ ഐതീഹ്യം കിടക്കുന്നത്. അതുകൊണ്ടുതന്നെയാവണം ഇതിനകത്ത് ഒരു ശിവക്ഷേത്രം ഉണ്ടായതും. 

അസുര രാജാവായ ഭസ്മാസുരന്‍ താന്‍ ആരുടെ തലയില്‍ കൈവെക്കുന്നുവോ അവര്‍ ഭസ്മമായിത്തീരും എന്ന വരം ശിവനില്‍നിന്നും നേടുന്നു. വരം ലഭിച്ചയുടന്‍ ഭസ്മാസുരന്‍ അതിന്റെ ശക്തിപരീക്ഷിക്കാന്‍ ശിവനെത്തന്നെ തെരഞ്ഞെടുക്കുന്നു. ഭസ്മാസുരനില്‍നിന്ന് ഓടിയൊളിക്കാന്‍ ശിവന്‍ തെരഞ്ഞെടുത്തത് പശ്ചിമഘട്ട മലനിരകളിലെ കുംത കാടിനുള്ളിലെ ഭൈരവേശ്വര ശിഖരത്തിനുള്ളിലെ ഇരുളടഞ്ഞ ഗുഹയാണ്. ഇങ്ങനെയൊരു കഥ എഴുതിവെച്ചവന്‍ അഥവാ പറഞ്ഞുവെച്ചവന്‍ മിടുക്കന്‍ തന്നെ. ദൈവത്തിനും പ്രാണഭയം! ഒന്നും പ്രകൃതിനിയമത്തിന് അതീതമല്ലെന്ന തിരിച്ചറിവിന്റെ പകര്‍ന്നു നല്‍കല്‍ കൂടെയാണത്. 
മഹാവിഷ്ണു ശിവനെ രക്ഷിക്കാനായി മോഹിനിവേഷത്തിലെത്തുന്നു. തന്നില്‍ അനുരക്തനായ ഭസ്മാസുരനെ തന്നെ നൃത്തത്തില്‍ തോല്‍പ്പിച്ച് സ്വന്തമാക്കാന്‍ വെല്ലുവിളിക്കുന്നു. നൃത്തത്തിനിടെ സൂത്രത്തില്‍ മോഹിനി തന്റെ കയ്യെടുത്ത് ശിരസ്സില്‍ വെക്കുന്നു. മോഹിനിയെ അനുകരിച്ച് ഭസ്മാസുരനും. ഭസ്മാസുരന്‍ കത്തിയമര്‍ന്നപ്പോള്‍ അതിഭയങ്കരമായ തീയും ചൂടുമാണുണ്ടായത്. ആളിക്കത്തിയുയര്‍ന്ന തീയിലും പുകയിലും പെട്ട് കത്തിക്കരിഞ്ഞാണ് പാറക്കൂട്ടങ്ങള്‍ക്ക് ഈ നിറം വന്നതെന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നു. രണ്ട് ശിഖരങ്ങള്‍ക്കുമിടയില്‍ പൊടിഞ്ഞ് കറുത്തുകിടക്കുന്ന കരിമണ്ണ് ഭസ്മാസുര ചാരമെന്നും. 90 മീറ്റര്‍ ഉയരമുള്ള മോഹിനി ശിഖരത്തില്‍ പാര്‍വ്വതി സാന്നിദ്ധ്യമുണ്ടെന്നാണ് സങ്കല്പം. 

നൂറ്റിയിരുപത് മീറ്റര്‍ ഉയരമുള്ള ഭൈരവേശ്വര ശിഖരത്തിലേക്കു കയറാന്‍ പടികള്‍ ഉണ്ട്. ഇരുവശവും കാട്ടുപടര്‍പ്പുകള്‍ മൂടിയ കരിങ്കല്‍പടവുകള്‍. ശിവന്‍ ഒളിച്ചിരുന്ന ഇടം എന്ന പരിപാവനത മുന്‍നിര്‍ത്തി ചെരിപ്പിടാതെ വേണം കയറാന്‍. നഗ്‌നപാദരായാണ് ഗുഹാപ്രവേശവും. ഉള്ളിലേക്കു കയറാന്‍ ഇടുങ്ങിയ വഴിയാണെങ്കിലും വിശാലമാണ് ഗുഹാകവാടം. ഗുഹയ്ക്കു മുന്നില്‍ നില്‍ക്കുമ്പോഴേ നരച്ചീറുമണവും കനത്ത പൂപ്പല്‍മണവും മൂക്കിലടിക്കുന്നു. ഗുഹയില്‍ മനുഷ്യരുടേതായ യാതൊന്നും തന്നെയില്ല. പ്രകൃതിയുടേതായി മാത്രം. ഉള്ള് അതിവിശാലമാണ്. കോളേജ് പിള്ളേര്‍ തിമിര്‍ക്കുകയാണ് ഗുഹയ്ക്കുള്ളില്‍. പടം പിടുത്തം ഗംഭീരമായി നടക്കുന്നു. സഹസ്രാബ്ദങ്ങളെടുത്ത് ഉരുത്തിരിഞ്ഞുവന്ന വിചിത്രാകൃതിയിലും തൊട്ടാല്‍ കയ്യില്‍ പുരളുമെന്ന് തോന്നുന്ന കരിം കറുപ്പ് നിറത്തിലും കൂറ്റന്‍ പാറക്കൂട്ടങ്ങളാണ് ഗുഹയ്ക്ക് ഉള്‍വശം മുഴുവന്‍. നൂറ്റി ഇരുപതടി ഉയരത്തില്‍ ഗുഹയുടെ മുകള്‍വശം തുറന്നിട്ടുണ്ട്. ഗുഹയുടെ ഇരുളില്‍ ആ പ്രകാശം അതിന്റേതായ കൈവേലപ്പണികള്‍ ചെയ്തിരിക്കുന്നു. ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ കാലില്‍ കല്ല് കുത്തിക്കേറാനും തട്ടിത്തടഞ്ഞു വീഴാനും എളുപ്പം. ഗുഹയ്ക്കുള്ളിലെ പാറക്കൂട്ടങ്ങളുടെ തുന്നാംതുഞ്ചത്തേക്ക് പ്രായത്തിന്റെ ധീരത കൈമുതലാക്കി വലിഞ്ഞു കയറുകയാണ് യുവത്വം. അവരുടെ കളിചിരിയാരവങ്ങള്‍ ബഹളങ്ങള്‍ ഗുഹയ്ക്കുള്ളില്‍ പ്രതിദ്ധ്വനിക്കുന്നു. ഒളിച്ചിരിക്കാന്‍ കഴിയുന്ന കരിങ്കല്‍ പൊത്തുകളും ധാരാളം. അതിലൊക്കെയും അവര്‍ പാഞ്ഞുകയറുന്നുണ്ട്, അപകടഭീതിയേതുമില്ലാതെ. അത് വിലക്കാനോ നോക്കാനോ ആരുമില്ല. അങ്ങ് താഴെ പുജാരിയും പിന്നെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒരുത്തനും ഉണ്ടെന്നല്ലാതെ. 

ശിലകളുടെ രാക്ഷസീയ മുഖം

ഗുഹയ്ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന ഈര്‍പ്പം നിറഞ്ഞ വായുവും നരച്ചീറും മറ്റു പക്ഷികളും പാറിപ്പറക്കുന്ന ചിറകടി ശബ്ദവും അവയുടെ ഗന്ധവും കാഷ്ഠമണവും ഒക്കെ ചേര്‍ന്ന് ഉല്പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം ഗന്ധം നമ്മളെ ഗുഹാമനുഷ്യരാക്കും. മനുഷ്യന്റെ ആദികാലത്തിന്റെ മണം! ഗുഹയ്ക്കുള്ളിലാകെ ചുറ്റിനടന്ന് കണ്ട് പുറത്തിറങ്ങി. പ്രവേശനദ്വാരത്തിലൂടെ കയറി ഗുഹയുടെ മറുഭാഗത്തിലൂടെയാണ് പുറത്തിറങ്ങുക. അവിടെ താഴേക്കിറങ്ങാന്‍ പടികള്‍ ഉണ്ട്. ഗുഹ ഒന്ന് ചുറ്റുന്നതിനു തുല്യമാണ് ഈ പടികള്‍ ഇറങ്ങി താഴെ വന്ന് ഗുഹാങ്കണത്തിലേക്കു കയറുന്നത്. 

തൊട്ടുതന്നെയാണ് മോഹിനി ശിഖരം. അവിടേക്കും പടികള്‍ കെട്ടിയിട്ടുണ്ട്. വഴുക്കലുള്ള പടികള്‍ കാട്ടുപടര്‍പ്പുകള്‍ കയറി മൂടിയിരിക്കുന്നു. ഭൈരവേശ്വര ശിഖരം പോലെ വിശാലമല്ല മോഹിനിശിഖരം. ഇടുങ്ങിയ വഴിയാണ്. സ്റ്റെപ്പ് കയറിച്ചെന്നു നോക്കി. ഉള്ളിലേക്കു കയറാന്‍ തോന്നിയില്ല. ഇരുള്‍മൂടി തുറസ്സില്ലാതെ കാട്ടുചെടികളാല്‍ മൂടിക്കിടക്കുന്നു. ഇഴജന്തുക്കള്‍ കണ്ടേക്കാം. വെറുതെ അവയെ ശല്യപ്പെടുത്തി പണി വാങ്ങണ്ടല്ലോ. 

സാഹസിക ട്രക്കിംഗില്‍ താല്പര്യമുള്ളവര്‍ക്ക് ഈ കാട്ടുപാതയുടെ സഹായമില്ലാതെ തന്നെ യാനയിലേക്ക് ട്രക്ക് ചെയ്ത് എത്താന്‍ പറ്റിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ ആധുനിക കാലത്ത് ഇവിടെയെത്താന്‍ ഇത്രയും പ്രയാസം ഉണ്ടെങ്കില്‍ പണ്ടുകാലത്ത് എത്തിയിരുന്നവരെ നമിച്ചുപോകും. 
യാനയിലെ റോക്ക് ഫോര്‍മേഷനുകളില്‍നിന്നുള്ള വിഭൂതി വെള്ളച്ചാട്ടം മനോഹരമത്രെ. സമയപരിമിതിമൂലം അതു തിരയാന്‍ നിന്നില്ല. 

യാനയിലെ പ്രധാന ആഘോഷം മഹാശിവരാത്രിയാണ്. പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷത്തിനാണ് അന്ന് യാന ഒരുങ്ങുക. ഭക്തരും സഞ്ചാരികളും അന്നു ധാരാളമായി എത്തുമത്രെ. വിജനവഴികള്‍ ബഹളമയമാവുന്നത് സങ്കല്പിക്കുന്നതേ ഒരു സുഖക്കുറവ്. ഗുഹാങ്കണത്തിലെ ഇത്തിരി സ്ഥലത്ത് ശാസ്ത്രീയ സംഗീതവും നൃത്തവും യക്ഷഗാനവുമൊക്കെ നടക്കും. എന്തുമാത്രമായിരിക്കും അന്ന് നമ്മള്‍ വനജീവികളെ ശബ്ദകോലാഹലങ്ങളാല്‍ ഭയപ്പെടുത്തുന്നത്!

വെറുതെ അല്പനേരം ഗുഹാങ്കണത്തിലെ സിമന്റ് ബെഞ്ചിലിരുന്നു. ശുദ്ധവായു ആവോളം ലഭിക്കുന്ന ഉന്മാദത്തില്‍ സിരകള്‍ തളര്‍ന്നയയുന്നു. കാഴ്ചയില്‍ നിറഞ്ഞുകവിഞ്ഞ് നില്‍ക്കുന്ന കറുത്തിരുണ്ട യാനാ ഗുഹകളും കാടിന്റെ പച്ചപ്പും മദിച്ചു പൂത്തുനില്‍ക്കുന്ന കൊന്നയും പക്ഷികളുടെ കളകളാരവവും എല്ലാം കൂടെ തികച്ചും അഭൗമമായൊരു കാല്പനികാനുഭവം. ഗുഹയുടെ മുകള്‍ഭാഗത്തുനിന്നും നീരൊഴുക്കിന്റെ പാടുകള്‍ കാണാം. ചില ഭാഗങ്ങളില്‍ കരിങ്കല്ലിലും പൊട്ടിത്തെഴുക്കുന്ന ചില പച്ചപ്പുകള്‍. കുരങ്ങന്മാരുണ്ട് ഇഷ്ടംപോലെ. വലിയ ശല്യമൊന്നുമില്ല സന്ദര്‍ശകര്‍ക്ക്. കണ്ടിട്ട് കായ്കനികള്‍ സമൃദ്ധമായ കാടാണ്. അതിന്റെയൊരു ശാന്തത വാനരന്മാരിലുമുണ്ട്. 
നോക്കിയിരിക്കുംതോറും യാനയോട് ഇഷ്ടം കൂടിക്കൂടി വരുന്നു. ശിവനെപ്പോലെ കൂറ്റന്‍ ഗുഹയുടെ ഇരുള്‍പൊത്തിലൊളിക്കാന്‍ തോന്നുന്നു. അങ്ങനെയങ്ങനെയിരുന്ന് കാലത്തിലലിഞ്ഞു ചേരാന്‍ വല്ലാത്ത കൊതി. 

പതിനായിരത്തിലധികം പേര്‍ പ്രകൃതിയോട് ചേര്‍ന്നു ജീവിച്ചിരുന്നു യാനയിലെ ഗ്രാമങ്ങളില്‍ ഒരുകാലത്ത്. ഇപ്പോള്‍ ജനസംഖ്യ നന്നേ കുറവ്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടിയുള്ള പുതുതലമുറയുടെ കൂടുമാറ്റം. 
'നമ്മൂര മന്ദാര ഹൂവേ' എന്ന കന്നട ചിത്രത്തിലൂടെയാണ് യാനയുടെ ദൃശ്യഭംഗി പുറംലോകം അറിയുന്നത്. ഷൂട്ടിംഗ് സമയത്ത് റോഡുകള്‍ നന്നാക്കുകയും വഴികള്‍ വെട്ടിത്തെളിക്കുകയും ചെയ്തിരുന്നു. അതിന്റെയാരവം കഴിഞ്ഞതും യാന വീണ്ടും യാനയായി. 

പശ്ചിമഘട്ട മലനിരകളിലെ ഈ നിത്യഹരിത കാടുകള്‍ സസ്യജീവജാല വൈവിദ്ധ്യംകൊണ്ട് സംപുഷ്ടമാണ്. ആന, പുലി, കരടി തുടങ്ങിയ സാധാരണ വന്യജീവികളും ചെറുതും വലുതുമായ അപൂര്‍വ്വ ജനുസ്സില്‍പ്പെട്ട ജീവികളുമടക്കം വൈവിദ്ധ്യമാര്‍ന്നതാണ് കുംത കാടുകളുടെ ജീവജാലം. ഔഷധസസ്യങ്ങളും വന്‍മരങ്ങളുമുള്ള ഈ വനാന്തര്‍ഭാഗത്ത് എത്തിപ്പെടാനുള്ള പ്രയാസം കാരണം സന്ദര്‍ശകര്‍ കുറവെന്നതും മനുഷ്യന്‍ വലിയ തോതില്‍ കയ്യേറി പരിക്കേല്‍പ്പിച്ചിട്ടില്ലെന്നതും യാനയിലെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു. പാമ്പുകളെ സൂക്ഷിക്കണമെന്ന അപായ ബോര്‍ഡും നിറയെ കാണാം. തണുപ്പും ഇരുളും നിറഞ്ഞ അടിക്കാട് പാമ്പുകളെ പോറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 'ഹെല്‍പ് ലെപ്പേര്‍ഡ്' എന്ന ഒരു പ്രൊജക്ട് തന്നെ സഹ്യാദ്രിയെ ബന്ധപ്പെടുത്തി ഇവിടെ നടക്കുന്നുണ്ട്. 

കണ്ണിനേയും മനസ്സിനേയും ആശ്ചര്യത്താല്‍ വിജൃംഭിതമാക്കിയ കറുത്തിരുണ്ട ക്രിസ്റ്റലീന്‍ പാറക്കൂട്ടങ്ങളോട് യാത്ര പറയാന്‍ നേരമായിരിക്കുന്നു. മഴക്കാല പ്രകൃതി ഈ ഗുഹകളെ മനുഷ്യനു ഭയം തോന്നുംവിധം വന്യവും രാക്ഷസീയവുമായി മാറ്റും എന്ന് ഊഹിക്കാനാവുന്നുണ്ട്. ഇനി തിരിച്ചിറക്കം. വന്ന ദൂരമത്രയും തിരിച്ചു നടക്കേണ്ടതുണ്ട്. അതോര്‍ത്തപ്പോഴാണ് റോഡിന്റെ അവസ്ഥയും പെട്രോളിന്റെ സ്ഥിതിയുമൊക്കെ ഓര്‍ക്കുന്നത്. ഇതുവരെ അത് മറന്നേ പോയിരുന്നു! ഒന്നു രണ്ടു കോളേജു പിള്ളേര്‍ ഈ വഴിയും ഒന്നു കണ്ട് വെക്കാനുള്ള കൗതുകം കാരണം മുന്‍പേ കലപിലകൂട്ടി നടന്നുപോയി. അവരുടെ കയ്യിലുമുണ്ട് ചുള്ളിക്കമ്പ്. വലിയൊരു കാടിനെ എതിരിടാന്‍!

ഒന്നര കിലോമീറ്റര്‍ തിരിച്ചു നടത്തവും ശ്രമകരം തന്നെ. പോയപോലെ നിന്നും കിതച്ചും, പുലിയുണ്ടോന്ന് മണം പിടിച്ചും ആന വരുമോന്ന് പേടിച്ചും!

കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഇങ്ങോട്ട് വരുമ്പോള്‍ തിരിച്ചുപോക്കില്‍ കയറിക്കിട്ടുമോ എന്നു സംശയിച്ച കയറ്റം കയറിക്കിട്ടണേ എന്നൊന്ന് ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിച്ചു. ആ കയറ്റം കണ്ണുനട്ടിരുന്നിട്ടും മനസ്സ് യാനയില്‍ ഉടക്കിക്കിടന്നതിനാലാണവോ അതോ ഡ്രൈവിംഗ് മിടുക്കുകൊണ്ടോ ആ കയറ്റം ഞാനറിഞ്ഞില്ല. മനസ്സിലെ ഭയം പതുക്കെപ്പതുക്കെ ഉരുകിയൊലിക്കുന്നതു മാത്രമറിഞ്ഞു.
 
യാനയിലേക്കു തിരിയുന്ന ചെറിയ റോഡില്‍നിന്നു തിരിച്ച് നാഷണല്‍ ഹൈവേയിലേക്ക് കയറിക്കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നെയും എത്രയോ കിലോമീറ്ററുകള്‍ പിന്നിട്ട് കാട് മറികടന്നു താഴ്വാരത്തിന്റെ പകുതിയിലേറെയും കഴിഞ്ഞാണ് പെട്രോള്‍ അടിച്ചത്. ഇനി ഗോകര്‍ണ്ണം. 

പണ്ടുള്ളവര്‍ പറയാറുള്ളത് ഇങ്ങനെയത്രെ: ''കാശുണ്ടെങ്കില്‍ ഗോകര്‍ണ്ണം കാണാം. ഭയമില്ലെങ്കില്‍ യാനയും''
വഴിനീളേ ഭയം കൂടെയുണ്ടായിട്ടും ഭയം ഇറുക്കിപിടിച്ചുകൊണ്ടേയിരുന്നിട്ടും ഇതാ യാന കണ്ട് മടങ്ങിവന്നിരിക്കുന്നു. അതിന് ഒറ്റക്കാരണമേയുള്ളൂ. യാന വിളിച്ചിട്ടാണ് പോയത്!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com