പുതിയ വിദ്യാഭ്യാസ നയം: പഴുതിടങ്ങളിട്ട പൊളിച്ചെഴുത്ത്

പുതിയ കാലത്തിന്റെ വെല്ലുവിളികളേയും പ്രതീക്ഷകളേയും അഭിമുഖീകരിക്കാന്‍ വിദ്യാഭ്യാസ മേഖലയെ നിരന്തരം നവീകരിക്കേണ്ടത് അനിവാര്യമാണ്
പുതിയ വിദ്യാഭ്യാസ നയം: പഴുതിടങ്ങളിട്ട പൊളിച്ചെഴുത്ത്

ട്ടനവധി കൂടിയാലോചനകള്‍ക്കും തലപുകയ്ക്കലുകള്‍ക്കും ശേഷം തയ്യാറാക്കിയ പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ കരട് 2019 ജൂണ്‍ ആദ്യവാരമാണ് കേന്ദ്ര ഗവണ്‍മെന്റ് പുറത്തുവിടുന്നത്. കസ്തൂരിരംഗന്‍ അധ്യക്ഷനായുള്ള കമ്മിറ്റി തയ്യാറാക്കിയ കരടാണ് മാനവവിഭവശേഷി വികസന മന്ത്രാലയം പുറത്തുവിട്ടത്. മുന്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് 2017 ജൂണില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരൂപം ആവിഷ്‌കരിക്കുന്നതിനു രൂപീകരിച്ച സമിതി 2018 ഡിസംബറിലാണ് അതിന്റെ റിപ്പോര്‍ട്ട് മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. കരട് പുറത്തുവിട്ട വേളയില്‍ത്തന്നെ വലിയ വാദപ്രതിവാദം അതേച്ചൊല്ലി നടന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദി ഇതര പ്രദേശങ്ങളില്‍ ഹിന്ദി ഉള്‍പ്പെടെ മൂന്നു ഭാഷ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അന്നുതന്നെ ശക്തമായ വിയോജിപ്പ് ഉയര്‍ന്നുവന്നു. ഇത് നയരേഖയുടെ കരടാണെന്നും നയം അന്തിമമായി ആവിഷ്‌കരിച്ച് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിക്കുന്നതിനു മുന്നോടിയായി ഈ വിയോജിപ്പുകളെല്ലാം കണക്കിലെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെയാണ് ഇതു സംബന്ധിച്ചുള്ള വാഗ്വാദങ്ങളുയര്‍ത്തിയ പൊടിപടലങ്ങള്‍ കുറേയൊക്കെ കെട്ടടങ്ങിയത്. 

ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ കണക്കിലെടുത്തേ നയം പ്രഖ്യാപിക്കൂ എന്നു കരട് പുറത്തുവിട്ട വേളയില്‍ പറഞ്ഞിരുന്നെങ്കിലും കരട് വിഭാവനം ചെയ്ത പരിഷ്‌കാരങ്ങളെല്ലാം ഏറെക്കുറെ അതേപടി നിലനിര്‍ത്തിയാണ് പുതിയ വിദ്യാഭ്യാസ നയം 2020 ജൂലൈ 29-നു പ്രഖ്യാപിച്ചത്. ഇതിനും മുന്‍പേ 1986-ലാണ് വിദ്യാഭ്യാസ നയം കാതലായ മാറ്റങ്ങളോടെ പുതുക്കപ്പെടുന്നത്. അതായത് 34 വര്‍ഷം പഴക്കമുള്ള ദേശീയ വിദ്യാഭ്യാസ നയത്തിനു പകരമായിട്ടാണ് അലകും പിടിയും മാറിയ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കപ്പെടുന്നത് എന്നര്‍ത്ഥം. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയം പ്രകാരം സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസരംഗത്തും വിപുലവും ദൂരവ്യാപകവുമായ പരിഷ്‌കാരങ്ങളാണ് ഗവണ്‍മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 

അല്പം ചരിത്രം 

ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ എഴുതാനും വായിക്കാനും അറിയാത്ത മുതിര്‍ന്നവര്‍ ഉള്ളത് നമ്മുടെ രാജ്യത്താണ്. എന്നാല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യപ്രാപ്തിയുടെ വേളയിലും നിരക്ഷരത എന്നത് ഇന്നത്തേതിലും വലിയ ഒരു സാമൂഹ്യപ്രശ്‌നമായിരുന്നു. ജനസംഖ്യയില്‍ ആകെ 12 ശതമാനത്തിനായിരുന്നു വായിക്കാനും എഴുതാനും അറിയാമായിരുന്നത്. എന്നാല്‍, ഇന്ന് ഇന്ത്യയില്‍ മൊത്തം സാക്ഷരതാ നിരക്ക് അന്നത്തേതിന്റെ ആറിരട്ടിയിലധികം വര്‍ദ്ധിച്ചു. സ്ത്രീകള്‍ക്കിടയിലെ സാക്ഷരതയും ഗണ്യമായി വര്‍ദ്ധിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാനശിലകളിലൊന്നായ സാക്ഷരതയില്‍ പതുക്കെയാണെങ്കിലും ഇങ്ങനെ ഒരു മികവ് കാണിക്കുന്നതിനു നമ്മെ സഹായിച്ചത് വിദ്യാഭ്യാസരംഗത്തെ സര്‍ക്കാരുകളുടെ ബോധപൂര്‍വ്വമുള്ള ഇടപെടലുകളാണ്. 

1947-ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഗ്രാമീണ, നഗരമേഖലകളിലെ നിരക്ഷരതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഗവണ്‍മെന്റുകള്‍ നിരവധി പരിപാടികള്‍ വിഭാവനം ചെയ്തു നടപ്പാക്കി. വിദ്യാഭ്യാസമേഖലയില്‍ ശക്തമായ ഗവണ്‍മെന്റ് നിയന്ത്രണം വേണമെന്ന കാഴ്ചപ്പാടായിരുന്നു ആദ്യകാലങ്ങളില്‍ നമ്മുടെ ഗവണ്‍മെന്റുകള്‍ക്കുണ്ടായിരുന്നത്. സാംസ്‌കാരികവും സാമൂഹികവുമായ വൈവിധ്യത്തെ കണക്കിലെടുക്കുന്നതും എന്നാല്‍, ഏകീകരിച്ചതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തുണ്ടാകേണ്ടതെന്ന കാഴ്ചപ്പാടായിരുന്നു നെഹ്‌റുവും മൗലാനാ അബുല്‍കലാം ആസാദുമടക്കമുള്ള നമ്മുടെ ആദ്യകാല ഭരണാധികാരികള്‍ക്കുണ്ടായിരുന്നത്. 1948-ലെ യൂണിവേഴ്‌സിറ്റി എജുക്കേഷന്‍ കമ്മിഷന്‍, 1952-ലെ സെക്കന്‍ഡറി എജുക്കേഷന്‍ കമ്മിഷന്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍, കോത്താരി കമ്മിഷന്‍ തുടങ്ങി നിരവധി ചുവടുകള്‍ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികമാക്കുന്നതിനായി ഉണ്ടായി. ഇതിന്റെ ഭാഗമായി ഒരു ശാസ്ത്രനയവും ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഐ.ഐ.ടികളെപ്പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്‍.സി.ഇ.ആര്‍.ടിയും ഉണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അരുണദശകം എന്നു വിശേഷിപ്പിക്കാവുന്ന '65 മുതല്‍ '75 വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യ ഏറെ ജനകീയമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കുന്നത്. '64-ല്‍ രൂപം നല്‍കിയ കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി പുരോഗമന രാഷ്ട്രീയത്തിന്റെ ഉള്ളടക്കമുള്ള ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം 1968-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബ്ബന്ധിത വിദ്യാഭ്യാസം, അധ്യാപകര്‍ക്ക് വേണ്ടത്ര യോഗ്യത ഉറപ്പുവരുത്തലും പരിശീലനവും എന്നിവ നയം നിഷ്‌കര്‍ഷിച്ചു. പ്രാദേശികഭാഷാ പഠനത്തിനു ഊന്നല്‍ നല്‍കിയെങ്കിലും സെക്കന്‍ഡറി തലം മുതല്‍ ഇംഗ്ലീഷ് പഠനത്തിനൊപ്പം ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്ന ത്രിഭാഷാ പദ്ധതി അന്നും വലിയ കോലാഹലങ്ങളുണ്ടാക്കി. ഇന്ത്യയുടെ പൊതു പൈതൃകത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമെന്ന നിലയില്‍ സംസ്‌കൃതം പഠിപ്പിക്കണമെന്ന നിലപാടും ആ നയത്തിന്റെ ഭാഗമായിയിരുന്നു. എങ്കിലും പൊതുവേ പുരോഗമനപരമായ കാഴ്ചപ്പാടു പുലര്‍ത്തിയ ആ നയം ദേശീയ വരുമാനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസരംഗത്തു ചെലവിടണമെന്നും രാജ്യത്തെ ബൗദ്ധിക നിലവാരവും ശേഷിയും കൂടുതലുള്ള ആളുകള്‍ക്കും പൊതുജനത്തിനും ഇടയിലുള്ള അന്തരം കുറച്ചുകൊണ്ടുവരണമെന്നും വിഭാവനം ചെയ്തു. സാമ്പത്തികവും സാംസ്‌കാരികവുമായ വികസനവും ദേശീയോദ്ഗ്രഥനവും ഉറപ്പാക്കുന്നതിനു വിദ്യാഭ്യാസരംഗത്തെ അവസര സമത്വത്തിനു ഊന്നല്‍ നല്‍കണം എന്നതായിരുന്നു ആ നയത്തിന്റെ കാതല്‍.
 
പിന്നീട് വിദ്യാഭ്യാസ നയത്തില്‍ ഒരു നവീകരണം ഉണ്ടാകുന്നത് 1986-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കാലത്താണ്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു പുതിയ ദേശീയ നയം അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് മുന്നോട്ടുവച്ചു.
 
എല്ലാ തരത്തിലുമുള്ള അസമത്വവും നീക്കം ചെയ്യുന്നതിനും വിദ്യാഭ്യാസ അവസരങ്ങള്‍ തുല്യമാക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കുന്നത് എന്നായിരുന്നു ആ നയത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഗവണ്‍മെന്റിന്റെ അവകാശവാദം. പ്രത്യേകിച്ച് സ്ത്രീകള്‍, പട്ടികവര്‍ഗ്ഗ-പട്ടികജാതി സമുദായങ്ങള്‍ എന്നിവര്‍ക്കിടയിലുള്ള വിദ്യാഭ്യാസ പുരോഗതി അതിന്റെ മുഖ്യമായ ഉല്‍ക്കണ്ഠകളിലൊന്നായിരുന്നു.
 
ശിശുകേന്ദ്രിത വിദ്യാഭ്യാസം എന്ന സങ്കല്പത്തിനു നയം കാര്യമായ മുന്‍തൂക്കം നല്‍കി. സ്‌കൂള്‍ വിദ്യാഭ്യാസതലത്തില്‍ ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്, ഉന്നത വിദ്യാഭ്യാസരംഗത്ത് തുറന്ന സര്‍വ്വകലാശാലകള്‍ തുടങ്ങിയവ ആ നയം വിഭാവനം ചെയ്തവയാണ്. ഗ്രാമീണ മേഖലയില്‍ ഗാന്ധിയന്‍ കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടുള്ള റൂറല്‍ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കലും ഇതിന്റെ ഭാഗമായിരുന്നു. അന്നും മൊത്തം ദേശീയ വരുമാനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസത്തിനു ചെലവിടണമെന്ന് നയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ട 1992-ല്‍ നരസിംഹറാവു ഗവണ്‍മെന്റിന്റെ കാലത്ത് നമ്മുടെ വിദ്യാഭ്യാസ നയത്തിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. തദനുസൃതമായി '86-ലെ നയത്തില്‍ ശ്രദ്ധേയമായ പരിഷ്‌കരണങ്ങള്‍ ഉണ്ടായി.
 
ഓരോ കാലഘട്ടത്തിലും മേല്‍ക്കൈ നേടുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നമ്മുടെ വിദ്യാഭ്യാസ നയത്തെ കാര്യമായി സ്വാധീനിക്കുന്നതായി സൂക്ഷ്മ വിശകലനത്തില്‍ ബോധ്യമാകും. 2005-ല്‍ ഇടതുപക്ഷ പിന്തുണയോടെ മന്‍മോഹന്‍സിംഗ് അധികാരത്തില്‍ വന്ന സന്ദര്‍ഭത്തില്‍ വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങളുണ്ടായി. യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് 2009 ഓഗസ്റ്റ് നാലിന് ഇന്ത്യന്‍ ഭരണഘടനയുടെ 21 എ വകുപ്പുപ്രകാരം സൗജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസം രാജ്യത്തെ ആറിനും 14-നുമിടയ്ക്കുള്ള എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്തിക്കൊണ്ട് വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കപ്പെട്ടു. 2010 ഏപ്രില്‍ ഒന്നുതൊട്ട് നിയമം പ്രാബല്യത്തിലായി. അതോടെ കുട്ടികളുടെ വിദ്യാഭ്യാസം മൗലിക അവകാശമാക്കുന്ന 135 രാജ്യങ്ങളിലൊന്നായി ഇന്ത്യ. 

സമഗ്രമായ അഴിച്ചുപണി അനിവാര്യം, പക്ഷേ? 

മാറുന്ന കാലത്തിനനുസരിച്ച് അതുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പുതുതലമുറയെ പ്രാപ്തമാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസന സൂചികകള്‍ മെച്ചപ്പെടുത്തുന്നതിന് അനിവാര്യമാണ്. വികസിത രാഷ്ട്രങ്ങളില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഏറിയകൂറും 50 ശതമാനമോ അതിലധികമോ പേര്‍ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരാണെന്നു കാണാം. ശാസ്ത്രസാങ്കേതിക മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ലോകം സാക്ഷ്യം വഹിച്ചുവരുന്നത്. ജനിതക ശാസ്ത്രരംഗത്തും വിവരസാങ്കേതിക വിദ്യയുടെ രംഗത്തും മറ്റും ഉണ്ടാകുന്ന കുതിപ്പുകളെ മുതലെടുത്ത് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും പ്രയോജനപ്പെടുത്താനും നമുക്കാകേണ്ടതുണ്ട്. അതിനനുസൃതമായി വിദ്യാഭ്യാസ നയത്തിലും പൊളിച്ചെഴുത്തുകള്‍ അനിവാര്യമായി വരും.
 
അങ്കണവാടികള്‍ മുതല്‍ ഗവേഷണരംഗം വരെയുള്ള വിദ്യാഭ്യാസ മണ്ഡലത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ഒന്നാണ് പുതിയ വിദ്യാഭ്യാസ നയം. പ്രീപ്രൈമറി ഘട്ടം മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ നീളുന്ന സ്‌കൂള്‍ ഘട്ടം, ഉന്നത വിദ്യാഭ്യാസ ഘട്ടം എന്നിങ്ങനെ പ്രധാനമായും രണ്ടായിട്ടാണ് നയരേഖ വിദ്യാഭ്യാസത്തെ കാണുന്നത്. നയരേഖയില്‍ കുറേയേറെ പേജുകള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വരുത്തേണ്ട  മാറ്റങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഭരണാധികാരികള്‍ നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റാനുദ്ദേശിക്കുന്നു എന്ന് ഇത് കൃത്യമായും വ്യക്തമാക്കുന്നു.
 
നമ്മുടെ കുട്ടികളെ വിദ്യാലയാന്തരീക്ഷവും ആദ്യാക്ഷരങ്ങളും പരിചയപ്പെടുത്തുന്നത് ലാക്കാക്കി സ്ഥാപിച്ച അങ്കണവാടികളുള്‍പ്പെടുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറുന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. കേരളത്തില്‍ നിരവധി അങ്കണവാടികള്‍ നന്നായി നടക്കുന്നവയാണ്. എന്നാല്‍, അവ നമ്മുടെ സ്‌കൂള്‍ സംവിധാനത്തിന്റെ ഭാഗമല്ല. ഈ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് അവരുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരമനുസരിച്ച് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ ശാസ്ത്രീയമായ പരിശീലനം ലഭിക്കുമെന്നത് ഒരു നേട്ടമാണ്. പുതിയതായി ഈ ജോലികളില്‍ നിയമിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയും കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയും അടുത്തുള്ള സ്‌കൂളുകളുടെ ഭാഗമായി ഇവ മാറും.  കൂടുതല്‍ സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ കുട്ടികള്‍ അങ്കണവാടികളിലല്ല പോകുന്നത്, മറിച്ച് മോണ്ടിസോറി സമ്പ്രദായത്തിലോ പരമ്പരാഗത രീതിയിലോ ചെറിയ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളെയാണ് അവര്‍ ആശ്രയിക്കുന്നത്. സാമ്പത്തിക നിലയിലുള്ള വ്യത്യാസം ഒന്നിച്ചു കളിച്ചും പഠിച്ചും വളരുന്നതിനു തടസ്സമാകാതെ വരും ഒരേ തരം സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോള്‍ എന്നൊരു ഗുണം ഇതിനുെണ്ടന്നത് നേരാണ്.
 
അടിസ്ഥാന വിദ്യാഭ്യാസം മാതൃഭാഷയിലാക്കുമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. അതോടൊപ്പം ത്രിഭാഷാ പദ്ധതിയും നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ രേഖയില്‍ ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ഇതിനു പിറകിലെന്ന് ആരോപിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി കോണുകളില്‍നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. മാതൃഭാഷയിലാകണം അടിസ്ഥാന വിദ്യാഭ്യാസം എന്ന ശാസ്ത്രീയ കാഴ്ചപ്പാട് നിരവധി കാലങ്ങളായി വിദ്യാഭ്യാസ വിചക്ഷണരുള്‍പ്പെടെ ഉയര്‍ത്തുന്ന ആവശ്യമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വേണ്ടത്ര വ്യക്തത ഇല്ലാത്തതിനാല്‍ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയും ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ബലതന്ത്രവുമായിരിക്കും ഇക്കാര്യത്തില്‍ ദിശ നിര്‍ണ്ണയിക്കുക എന്നു പറയേണ്ടിവരും. ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിയും സംസ്ഥാനത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി എന്നത് നല്‍കുന്ന സൂചനയും മറ്റൊന്നല്ല. ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ ഇംഗ്ലീഷിന് ഇപ്പോള്‍ നല്‍കിവരുന്ന പ്രാധാന്യം കുറയ്ക്കാന്‍ ഒട്ടും തയ്യാറല്ല എന്നും വ്യക്തമാക്കിക്കഴിഞ്ഞു.

വിദ്യാഭ്യാസ മണ്ഡലത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലെ അന്തരം അവസാനിപ്പിക്കുന്നതിലും വിദ്യാഭ്യാസരംഗത്ത് മുന്നേറുന്നതിനും സഹായകമായ ഫെഡറലിസം അട്ടിമറിക്കുന്നു എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഉയര്‍ന്ന ഗുരുതരമായ മറ്റൊരു ആരോപണം. ഓരോ പ്രദേശത്തിന്റേയും സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മുന്നേറ്റങ്ങള്‍ സാധ്യമായത്. അതീവ കേന്ദ്രീകൃതമായ ഒരു നയം രാജ്യത്താകെ നടപ്പാക്കുകയെന്നത് പ്രായോഗികമല്ലെന്നും നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. കണ്‍കറന്റ് പട്ടികയില്‍നിന്നു വിദ്യാഭ്യാസത്തെ ഫലത്തില്‍ ഒഴിവാക്കുന്നത് അധികാര കേന്ദ്രീകരണത്തിനു വഴിവെയ്ക്കുകയും ഫെഡറലിസം തകര്‍ക്കുകയും ചെയ്യുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ചൂണ്ടിക്കാണിക്കുന്നു. ഫെഡറലിസം മാത്രമല്ല, മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ ഭരണഘടനാതത്ത്വങ്ങളേയും പുതിയ നയം വിസ്മരിക്കുന്നുവെന്നും വിദ്യാഭ്യാസ വിചക്ഷണര്‍ വിമര്‍ശിക്കുന്നുണ്ട്. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രൂക്ഷമാകുന്ന ജാതി വിവേചനത്തേയും വിവേചനപരമായ അന്തരീക്ഷത്തേയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ നയത്തില്‍ സ്ഥാനമില്ലെന്നതാണ് ഒരാരോപണം.  
പ്രവേശനത്തില്‍ സംവരണം അട്ടിമറിക്കപ്പെടുന്നതിന്റെ നിരവധി അനുഭവങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യത്തിലെ വലിയ കുറവ് പരിഹരിക്കാനാവശ്യമായ ഇടപെടലുകളെക്കുറിച്ചും നയം നിശ്ശബ്ദമാണ്. ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം കേവലം 35 ശതമാനം, 14.4 ശതമാനം, 5.2 ശതമാനം എന്നിങ്ങനെയാണ്. മുസ്‌ലിങ്ങളുടേത് അഞ്ചു ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടേത് 2.2 ശതമാനവും മാത്രമാണ് ഈ പ്രാതിനിധ്യം. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണം നടപ്പാക്കാന്‍പോലും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മിക്കതും തയ്യാറായിട്ടില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 67 ശതമാനം വിദ്യാര്‍ത്ഥികളും സ്വകാര്യ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. ഇതോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവേചനത്തിന്റെ ചിത്രം വിപുലമാകും. ഈ സന്ദര്‍ഭത്തില്‍ നയത്തിന്റെ സംവരണം സംബന്ധിച്ച നിശ്ശബ്ദത അര്‍ത്ഥപൂര്‍ണ്ണമാണ്.

രാഷ്ട്രീയമില്ലാത്ത മത്സരാത്മക പൗരസമൂഹം എന്ന ഭാവന

അമൃത് ജി. കുമാര്‍

1980കളില്‍ മാര്‍ഗരറ്റ് താച്ചറും റൊണാള്‍ഡ് റീഗനും മുന്നോട്ടുവെച്ച മത്സരിക്കുന്ന പൗരന്മാരുടെ സമൂഹം എന്ന ആശയത്തിന്റെ വിദ്യാഭ്യാസ ആവിഷ്‌കാരമാണ് പുതിയ നയരേഖയുടെ കാതല്‍. മാത്സര്യത്തെ ഉന്നത മൂല്യമായി പരിവര്‍ത്തിപ്പിക്കുക വഴി സാമൂഹികവും സാമ്പത്തികവുമായ വ്യത്യാസങ്ങളെ റേഷണലൈസ് ചെയ്യാന്‍ സാധിക്കുന്നു. ഇത്തരത്തില്‍ സോഷ്യോ ഇക്കണോമിക് സെഗ്മെന്റേഷന്‍ എന്ന പ്രക്രിയയിലേക്ക് പുതുതലമുറയെ പ്രതിരോധങ്ങള്‍ ഇല്ലാതെ വിളക്കിച്ചേര്‍ക്കുന്നതിനുവേണ്ടിയുള്ള ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങളാണ് പുതിയ വിദ്യാഭ്യാസ നയരേഖയില്‍ ഉള്ളടങ്ങിയിട്ടുള്ളത്.

സ്‌കൂള്‍ തലത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 2025-ഓടുകൂടി 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് എങ്കിലും നല്‍കുമെന്നാണ് പറയുന്നത്. ഉപരിവര്‍ഗ്ഗത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍നിന്നും ഉണ്ടാവാന്‍ സാധ്യതയുള്ള പ്രതിരോധം കണക്കിലെടുത്ത് കൊണ്ടാവണം 50 ശതമനത്തിലേക്ക് നിജപ്പെടുത്തിയത്.

ഉന്നത വിദ്യാഭ്യാസരംഗത്ത് എന്റോള്‍മെന്റ് 2035-ഓടുകൂടി 50 ശതമാനം ആകേണ്ടതുണ്ട് എന്ന് നയരേഖ നിര്‍ദ്ദേശിക്കുന്നു. ഇപ്പോഴത്തേത് ഏതാണ്ട് 26 ശതമാനമാണ്. അതായത് ഇപ്പോഴുള്ള വിദ്യാഭ്യാസ സൗകര്യങ്ങളുടെ ഇരട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെ ങ്കില്‍ മാത്രമേ 2035-ഓടുകൂടി ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ബജറ്റ് വിഹിതത്തിന്റെ 50 ശതമാനത്തിലധികം നീക്കിവെച്ചാല്‍പ്പോലും ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുകയില്ല എന്നിരിക്കെ എന്റോള്‍മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഗവണ്‍മെന്റ് മനസ്സില്‍ കാണുന്നത് ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ വഴിയാണ് എന്നു വ്യക്തം. അതുകൊണ്ടാണ് മുക്ക് എന്ന പേരിലുള്ള ഓണ്‍ലൈന്‍ പദ്ധതിക്കു നയരേഖയില്‍ വലിയ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നത്.

ആര്‍.എസ്.എസ്സിനേയും ഇടതുപക്ഷത്തേയും ഒരേപോലെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതില്‍ നയരേഖ പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു. കാദംബരി, ബാണഭട്ടന്‍, കലകള്‍, ഭാരതീയ പൈതൃകം, യോഗ എന്നിങ്ങനെയുള്ള വാക്കുകള്‍ ഇടയ്ക്കിടയ്ക്ക് നയരേഖയില്‍ അവിടെയും ഇവിടെയും ചേര്‍ത്ത് ആര്‍.എസ്.എസ്സിനെ പറ്റിക്കുമ്പോള്‍ അതേ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഇടതുപക്ഷത്തെ ഡിസ്ട്രാക്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് അതിന്റെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നതിനുവേണ്ടി ഭാരതീയ ജ്ഞാനശാഖകളെ തീരെ ആശ്രയിച്ചിട്ടില്ല എന്നു മാത്രമല്ല, അമേരിക്കന്‍ വിദ്യാഭ്യാസത്തിന്റെ വികലമായ അനുകരണമാണ് വിഭാവനം ചെയ്യുന്നത്. ഈ രണ്ടു വിഭാഗങ്ങളുടേയും ശ്രദ്ധ തിരിക്കുക വഴി വിപണി താല്പര്യങ്ങള്‍ ആരുമറിയാതെ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ കൈപ്പിടിയിലൊതുക്കുന്നു. 

ഡിജിറ്റല്‍ ക്രെഡിറ്റ് ബാങ്ക്, മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്‌സിറ്റ്, ഓട്ടോണമി, വിദേശ സര്‍വ്വകലാശാലകള്‍ എന്നിങ്ങനെയുള്ള നവലിബറല്‍ മാരീചന്മാരിലൂടെ വിദ്യാഭ്യാസരംഗം ഒന്നാകെ മാര്‍ക്കറ്റ് ഫണ്ടമെന്റലിസത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

മത്സരാത്മക വ്യക്തിത്വം വളര്‍ത്തുന്ന തരത്തിലാണ് നയരേഖയിലെ നിര്‍ദ്ദേശങ്ങളത്രയും. ടെനുവറിനുവേണ്ടി മത്സരിക്കുന്ന അദ്ധ്യാപകരും തൊഴില്‍ വിപണിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കേണ്ടുന്ന വിഷയങ്ങളുടെ റൈറ്റ് ചോയ്‌സിനുവേണ്ടി സ്‌പെക്കുലേഷന്‍ നടത്തുന്ന വിദ്യാര്‍ത്ഥികളും ഫണ്ടിങ്ങ് കിട്ടാന്‍ സാധ്യതയുള്ള വിഷയങ്ങളന്വേഷിച്ചു നടക്കുന്ന ഗവേഷകരുമാവും ഇതിന്റെ ഫലമായുണ്ടാവുക.?

ധീരം, സമഗ്രം, പരിവര്‍ത്തനപരം 

അമിതാഭ് കാന്ത് 
(നീതി ആയോഗ് സി.ഇ.ഒ.)

ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) 2020-ന്റെ പ്രഖ്യാപനത്തോടെ ഇന്ത്യ വീണ്ടും മഹത്തായതും ചരിത്രപരവുമായ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പാതയിലാണ്. വാസ്തവത്തില്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആവര്‍ത്തിച്ചുവന്നത്, പൊതുനയത്തിന്റെ കാല്പനിക സ്തുതിഗീതമാണ്; വിദഗ്ദ്ധര്‍ മുതല്‍ അധ്യാപകര്‍ വരെ, സാധാരണക്കാര്‍ വരെ ഓരോ ഗുണഭോക്താവിന്റേയും ശബ്ദത്തില്‍. രാജ്യത്തെ 2.5 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഉള്ളിലെന്തെന്നായിരുന്നു അത് അളന്നെടുക്കേണ്ടിയിരുന്നത്.

പ്രാപ്യത, നീതി, അടിസ്ഥാന സൗകര്യം, ഭരണനിര്‍വ്വഹണം, പഠനം എന്നിവയുടെ ഏറ്റവും നിര്‍ണ്ണായകമായ സിദ്ധാന്തങ്ങളില്‍ സമഗ്രമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിന്യാസത്തില്‍ പരിവര്‍ത്തനപരമായ മാറ്റം വരുത്തുന്നതിനു പുതിയ വിദ്യാഭ്യാസ നയം ശ്രമിക്കുന്നത്. പുരോഗമന ചിന്താഗതിക്കും സമര്‍ത്ഥമായ പരിഷ്‌കരണത്തിനും വേണ്ടി വാദിക്കുന്ന നയം ആവശ്യകത അടിസ്ഥാനമാക്കിയുള്ള നയം, അത്യാധുനിക ഗവേഷണങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവയുടെ ഉദ്ഗ്രഥനമാണ്. അത് ഒരു പുതിയ ഇന്ത്യയ്ക്ക് വഴിയൊരുക്കുന്നു.

ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം സാര്‍വ്വത്രികമാക്കുക, രണ്ട് കോടിയിലധികം കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കായുള്ള സമഗ്രമായ ശ്രമങ്ങള്‍ എന്നിവയില്‍ വിപുലമായ ശ്രദ്ധ നല്‍കിക്കൊണ്ട് പുതിയ വിദ്യാഭ്യാസ നയം ഓരോ ഇഞ്ചിലും നടപ്പാക്കല്‍ ഉറപ്പാക്കുന്നു, 'അന്ത്യോദയ' എന്ന സങ്കല്പം ഉള്‍ക്കൊള്ളുന്നു. രണ്ടാമതായി, പ്രയത്‌നങ്ങളുടെ ഒത്തുചേരലിലൂടെ, പ്രവൃത്തിയിലെ പരമ്പരാഗത തെറ്റിദ്ധാരണകള്‍ മായ്ചുകളയുന്നതിലൂടെ, നേരത്തെയുള്ള ശിശുകേന്ദ്രിത വിദ്യാഭ്യാസവും ഒരു പുതിയ പാഠ്യപദ്ധതിയും നല്‍കും. ഒപ്പം പഠനം ആഹ്ലാദകരമായ അനുഭവമാക്കും. അടിസ്ഥാന സാക്ഷരതയ്ക്കും സംഖ്യാശാസ്ത്രത്തിനുമുള്ള സമര്‍പ്പിത ദേശീയ ദൗത്യത്തോടൊപ്പം പഠനത്തിന്റെ ഏറ്റവും നിര്‍ണ്ണായക ഘട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനും നയം പ്രാധാന്യം നല്‍കുന്നു.

മൂന്നാമതായി, കാലഹരണപ്പെട്ട സമ്പ്രദായങ്ങളോടും അധ്യാപനരീതിയോടും വിട പറഞ്ഞതായി നയം അടയാളപ്പെടുത്തുന്നുണ്ട്. സ്‌കൂളിലെ പാഠ്യ, പാഠ്യേതര, അനുബന്ധ പാഠ്യവിഷയങ്ങള്‍ തമ്മിലുള്ള കര്‍ശനമായ വേര്‍തിരിവ് ഇല്ലാതാക്കും. ഉന്നത വിദ്യാഭ്യാസത്തില്‍ ബഹുതല പ്രവേശന, നിര്‍ഗ്ഗമന സാധ്യതകള്‍ നല്‍കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകളും താല്പര്യങ്ങളും വികസിപ്പിക്കുന്നതിന് ആവശ്യമായ ക്ഷമതയും വഴക്കവും നല്‍കും. പുതുക്കിയ പാഠ്യപദ്ധതി, മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസം, ആജീവനാന്ത പഠനം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നമ്മുടെ പഠിതാക്കളില്‍ പകുതി പേര്‍ക്കും കുറഞ്ഞത് ഒരു തൊഴില്‍ നൈപുണ്യമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള കാഴ്ചപ്പാട് എന്നിവ നയത്തോടെ പ്രായോഗികമാകുകയാണ്.

പഠനഫലങ്ങള്‍ സംബന്ധിച്ച വിശ്വസനീയവും താരതമ്യപ്പെടുത്താവുന്നതുമായ വിലയിരുത്തലുകള്‍ക്കായി സമഗ്രമായ ഒരു സംവിധാനം ഇന്നുവരെ ഇന്ത്യയില്‍ ഇല്ല. പരാഖ് (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമന്‍സ് അസെസ്മെന്റ്, റിവ്യൂ ആന്‍ഡ് അനാലിസിസ് ഓഫ് നോളജ് ഓഫ് ഹോളിസ്റ്റിക് ഡെവലപ്മെന്റ്) എന്ന ദേശീയ മൂല്യനിര്‍ണ്ണയ കേന്ദ്രം നിലവില്‍ വന്നത് ഫലപ്രദമാണ്. പഠനത്തിന്റെ തുടര്‍ച്ചയായ പിന്തുടരല്‍, വഴക്കമുള്ള ബോര്‍ഡ് പരീക്ഷകള്‍, ആശയപരമായ വിലയിരുത്തലുകള്‍ എന്നിവ ഫലങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ സംവിധാനങ്ങളിലും (ഇന്‍പുട്ടുകളിലെ അമിതമായ പരമ്പരാഗത ഊന്നലിനു വിരുദ്ധമായി) ആരോഗ്യ പരിശോധന, ശരിയായ പരിഷ്‌കരണം എന്നിവയ്ക്ക് നിര്‍ണ്ണായകമാകും; ശരിയായ പരിഷ്‌കരണവും ആവശ്യമായ കോഴ്‌സ് തിരുത്തലുകളും ഉണ്ടാകും. ഇതാണ് നാലാമത്തെ കാര്യം.
അഞ്ചാമതായി, ഒരു പുതിയ സമഗ്ര പാഠ്യപദ്ധതി ചട്ടക്കൂട്, മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകള്‍, നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി, പരിഷ്‌കരണത്തിലൂടെ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തല്‍ എന്നിവ ഉപയോഗിച്ച് അധ്യാപക വിദ്യാഭ്യാസത്തെ പുനര്‍ചിന്തനം ചെയ്യുന്നു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിനും വിന്യാസത്തിനുമുള്ള അധ്യാപക പര്യാപ്തതയ്ക്കും സുതാര്യമായ സംവിധാനങ്ങള്‍ക്കുമുള്ള 'സെക്യൂ'വിന്റെ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നു. അധ്യാപകരുടെ സ്ഥലംമാറ്റത്തിനും ആസൂത്രണത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ നടപ്പാക്കല്‍ ശരിയായ സ്ഥാപനങ്ങളില്‍ ശരിയായ അധ്യാപകരെ വിന്യസിക്കുന്നതിനു ഫലപ്രദമായിരിക്കും.

ആറാമതായി, ഗവേഷണത്തിനുള്ള പ്രേരണ, ഗ്രേഡഡ് സ്വയംഭരണം, അന്താരാഷ്ട്രവല്‍ക്കരണം, പ്രത്യേക സാമ്പത്തിക മേഖലകളുടെ വികസനം എന്നിവ ഇന്ത്യയെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി പുനര്‍നാമകരണം ചെയ്യുന്നതിന് ഒരു അക്കാദമിക ക്രെഡിറ്റ് ബാങ്കിന്റെ സൃഷ്ടിക്ക് നല്‍കുന്ന പ്രാധാന്യമാണ്. കൂടാതെ, ബഹുഭാഷാ വിദ്യാഭ്യാസവും ഇന്ത്യയുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തക്ഷശിലയുടേയും നളന്ദയുടേയും മഹത്തായ കാലത്തു നിന്ന് രാജ്യത്തിന്റെ വിദ്യാഭ്യാസ പൈതൃകം പുന:സ്ഥാപിക്കാന്‍ ഉപകരിക്കും. ആധുനികവും വേരുറപ്പിച്ചതുമായ ഒരു സംവിധാനം പഴയതും പുതിയതുമായ പൂമുഖത്ത് നിലയുറപ്പിക്കുന്നു എന്നു വേണമെങ്കില്‍ ആലങ്കാരികമായി പറയാം.

ഏഴാമതായി, ഭരണനിര്‍വ്വഹണപരമായ ഘടനയെ അമിത നിയന്ത്രണവും സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ മാനദണ്ഡങ്ങളില്‍നിന്നു ലളിതവും ആകര്‍ഷകവുമായ ഘടനയിലേക്ക് മാറ്റിയതായി നയം സൂചിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ സമുച്ചയങ്ങളും ക്ലസ്റ്ററുകളും നടപ്പാക്കുന്നത് കാര്യക്ഷമമാക്കും. ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഒരൊറ്റ റെഗുലേറ്ററി ബോഡി ചുരുങ്ങിയതും അത്യാവശ്യവുമായ നിയന്ത്രണത്തിനും പരമാവധി ഫലപ്രദമായ ഭരണത്തിനുമുള്ള ഒരു സംവിധാനമായി പ്രവര്‍ത്തിക്കും. സുസ്ഥിര വികസനത്തിന്റെ നാലാമത്തെ ലക്ഷ്യമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം ഉറപ്പിക്കുന്നതിന് ഫലങ്ങളില്‍ കേന്ദ്രീകരിച്ചുള്ള അക്രഡിറ്റേഷന്‍ നിര്‍ണ്ണായകമാകും. വിമര്‍ശനാത്മക ചിന്ത, അനുഭവപരിചയ പഠനം, സംവേദനാത്മക ക്ലാസ്സ്മുറികള്‍, സംയോജിത പെഡഗോജി, യോഗ്യത അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാഭ്യാസത്തിലെ 'പുതിയ സാധാരണത്വ'ത്തെ നയം സൂചിപ്പിക്കുന്നു.

അഭിപ്രായങ്ങളെ പരിഗണിക്കാതെ; നടപ്പാക്കാന്‍ പ്രത്യേക ഫണ്ട് വേണം

രാജന്‍ വറുഗീസ് 
(മെംബര്‍ സെക്രട്ടറി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, തിരുവനന്തപുരം)

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കരടിനുമേല്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംസ്ഥാന ഗവണ്‍മെന്റും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെയാണ് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുന്നത്. അതുതന്നെ കാണിക്കുന്നത് എത്രമാത്രം ജനാധിപത്യ വിരുദ്ധമായിരിക്കാം ഇങ്ങനെയൊരു നയം എന്നതാണ്. സാധാരണഗതിയില്‍ ഒരു നയം പ്രഖ്യാപിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ കൈക്കൊണ്ട നയങ്ങളുടെ ജയപരാജയങ്ങളെ വസ്തുനിഷ്ഠമായി വേണ്ടത്ര വിലയിരുത്തുക എന്നൊരു പതിവുണ്ട്. എന്നാല്‍, അങ്ങനെയൊന്ന് ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ആകെ ഒന്നര പേജാണ് ഇതിനുവേണ്ടി നയരേഖയില്‍ നീക്കിവെച്ചിരിക്കുന്നത്. പൊതുവേ നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യപരമായ അഭിലാഷങ്ങളേയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഇടം നല്‍കാതേയും അവതരിപ്പിച്ചിട്ടുള്ള ഈ നയം വിദ്യാഭ്യാസരംഗത്ത് ആസകലം സ്വകാര്യവല്‍ക്കരണവും വരേണ്യവല്‍ക്കരണവും ശക്തിപ്പെടുത്തും. 

എല്ലാ നയങ്ങളും പൊതുവേ നമ്മുടെ ജി.ഡി.പിയുടെ ആറുശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കണമെന്നു വാദിക്കാറുണ്ട്. ഈ രേഖയിലും അങ്ങനെ പറയുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെ നീക്കിവെയ്ക്കണമെന്നത് സംബന്ധിച്ച് നിര്‍ദ്ദേശമില്ല. കരടുരേഖയില്‍ ബജറ്റ് വിഹിതം പത്തു ശതമാനത്തില്‍നിന്നും 20 ശതമാനമാക്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. ഏതായാലും ഫൈനല്‍ ഡ്രാഫ്റ്റില്‍ അതില്ല. പിന്നെയെങ്ങനെയാണ് ഇതില്‍ പറയുന്ന കാര്യങ്ങളൊക്കെ നടപ്പാക്കാന്‍ പോകുന്നത്. കൊവിഡ് കാലത്ത് ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതുപോലെ ഇതിലെ പ്രായോഗികവും ഗുണകരവുമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേക പാക്കേജ് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കേണ്ടതുണ്ട്.
 
സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ നേട്ടങ്ങളെല്ലാം ഇല്ലാതെയാകുക എന്നതായിരിക്കും നയം നടപ്പാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്ന കുഴപ്പം. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സവിശേഷതകള്‍ അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതാണ്. നമ്മുടെ കരിക്കുലവും ഘടനയും മാതൃകാപരമാണ് എന്നു പൊതുവേ വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. സ്‌കൂള്‍ ക്ലസ്റ്ററുകളൊക്കെ നേരത്തെ നമ്മുടെ നാട്ടിലുണ്ട്. നമ്മളത് നടപ്പാക്കിയിട്ടുള്ളത് പൊതുവിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവത്തെ ശക്തിപ്പെടുത്താന്‍ തക്കവണ്ണമാണ്. 

ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് നയം നടപ്പാക്കിയാല്‍ നമുക്കുണ്ടാകാന്‍ പോകുന്നത്. പുതിയ നയപ്രകാരം മൂന്നുതരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടാകുക. റിസര്‍ച്ച് ഇന്‍സെന്റീവ്, ടീച്ചിംഗ് ഇന്‍സെന്റീവ്, പിന്നെ ബിരുദം നല്‍കുന്നവ. കലാലയങ്ങളെ മുഴുവനും വിജ്ഞാന ഉല്പാദന കേന്ദ്രങ്ങളാക്കി മാറ്റുക എന്ന കാഴ്ചപ്പാടില്‍നിന്ന് ഇതോടെ ഭരണാധികാരികള്‍ പൂര്‍ണ്ണമായും പിന്‍വാങ്ങുകയാണ് ഉണ്ടാകുന്നത്. നേരത്തെ തന്നെ സര്‍വ്വകലാശാലകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തും മട്ടില്‍ അതിനുള്ള ഫണ്ട് വെട്ടിച്ചുരുക്കുകയും പുതിയ ഗവേഷണ സ്ഥാപനങ്ങളുണ്ടാക്കി പണം അവയ്ക്ക് നല്‍കുകയും ചെയ്തുപോരുന്ന പതിവുണ്ട്. 2035-ഓടെ ഉന്നത വിദ്യാഭ്യാസരംഗത്തെ ആകെ എന്റോള്‍മെന്റ് 50 ശതമാനമാക്കുക എന്നതാണ് നയം വിഭാവനം ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യം. നല്ലതുതന്നെ. അത്തരത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഗ്രോസ് എന്റോള്‍മെന്റ് വര്‍ദ്ധിപ്പിച്ച രാജ്യങ്ങള്‍ സാമൂഹിക സാമ്പത്തിക പുരോഗതി കാണിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, ഫ്രാന്‍സ് പോലുള്ള അത്തരം രാജ്യങ്ങളിലൊക്കെ വിദ്യാഭ്യാസരംഗത്തെ പൊതു നിക്ഷേപം വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഈ വര്‍ദ്ധന ഉണ്ടായതെന്നുകൂടി കാണണം. അതിനു പകരം ഇവിടെ നിലവിലുള്ള സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ ഞെരിച്ചുകൊല്ലുകയാണ് സംഭവിക്കാന്‍ പോകുന്നത്. ചുരുക്കത്തില്‍ സ്വകാര്യ മൂലധനത്തെ ആശ്രയിക്കാതെ വയ്യ എന്ന അവസ്ഥ ഉണ്ടാകുമെന്ന് അര്‍ത്ഥം. എന്തെല്ലാം പോരായ്മകള്‍ ഉണ്ടായിരുന്നാല്‍പ്പോലും അഫിലിയേഷന്‍ സമ്പ്രദായം കലാലയ വിദ്യാഭ്യാസത്തിന്റെ മാസിഫിക്കേഷന്‍ പ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും കാണാം. കോളേജ് ക്ലസ്റ്ററുകള്‍ എന്ന ആശയമൊക്കെ നേരത്തെ നമ്മള്‍ മുന്‍പോട്ടുവച്ചതാണ്. 

മള്‍ട്ടി ഡിസിപ്ലിനറിയായിരിക്കണം സര്‍വ്വകലാശാലകളെന്നതാണ് മറ്റൊരു കാഴ്ചപ്പാട്. കേരളത്തിലെ 14 യൂണിവേഴ്‌സിറ്റികളില്‍ നാലു യൂണിവേഴ്സിറ്റികള്‍ മാത്രമേ മള്‍ട്ടി ഡിസിപ്ലിനറി ആയിട്ടുള്ളൂ. ബാക്കിയുള്ളവയെല്ലാം ആ രീതിയിലേക്ക് മാറണമെങ്കില്‍ അതിനു വലിയ നിക്ഷേപം വേണം. പണം വേണം. അത് എവിടെനിന്നു കെണ്ടത്തും? പൊതുനിക്ഷേപം വര്‍ദ്ധിക്കണമെങ്കില്‍ ബജറ്റുകളില്‍ ആ കാഴ്ചപ്പാട് പ്രതിഫലിക്കണം. അങ്ങനെയൊരു കാര്യം പുതിയ നയം നിഷ്‌കര്‍ഷിക്കുന്നുമില്ല.

പിന്നോക്കാവസ്ഥകള്‍ വേണ്ട വിധം അഭിസംബോധന ചെയ്യപ്പെട്ടില്ല

പ്രൊഫ. കുങ്കും റോയ്
ചരിത്രകാരിയും വിദ്യാഭ്യാസ വിചക്ഷണയും
(സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി)

പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ വിജ്ഞാപനം, തൊഴില്‍ നിയമങ്ങളിലെ ഭേദഗതി എന്നിങ്ങനെ വലിയ തോതില്‍ രൂക്ഷമായ വിമര്‍ശനവും അഭിനന്ദനവും ഏറ്റുവാങ്ങുന്ന തരത്തില്‍ നയങ്ങളും നടപടികളും പ്രഖ്യാപിക്കുന്നതിനുള്ള നല്ല അവസരമായി കേന്ദ്ര സര്‍ക്കാര്‍ ഈ പാന്‍ഡെമിക് സാഹചര്യത്തെ കാണുന്നതായി തോന്നുന്നു. പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുന്ന സമയവും അങ്ങനെതന്നെ. ഇതും പാന്‍ഡെമിക് സാഹചര്യത്തിന്റെ പ്രതികരണത്തിനുള്ള ജനത്തിന്റേയും സമൂഹത്തിന്റേയും പരിമിതിയെ പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ്. ഇത്തരത്തിലുള്ള നയങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ജനകീയ പ്രക്ഷോഭങ്ങളോ സക്രിയമായ വിമര്‍ശനമോ അപകടകരവും അനാവശ്യവും നിയമവിരുദ്ധവുമാകുന്ന സന്ദര്‍ഭമാണിത്. താങ്കളുടെ നിലപാടെന്താണ്?
 
തീര്‍ച്ചയായും പുതിയതായി പ്രഖ്യാപിക്കപ്പെടുന്ന മറ്റേതൊരു നയത്തേയും പോലെ വിദ്യാഭ്യാസ നയവും സൂക്ഷ്മപരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാകേണ്ടതുണ്ട്, വിശേഷിച്ചും അവയ്ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുെണ്ടന്നു വരുമ്പോള്‍. ഇന്ത്യയിലെ കൊവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്നു മുന്‍പെങ്ങുമില്ലാത്തവിധം സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. അതിനു മുന്‍പേയും ഇവിടെ സാമ്പത്തിക പ്രതിസന്ധി ഉണ്ട്. എന്നാല്‍, ഈ മഹാമാരി സ്ഥിതിഗതികള്‍ രൂക്ഷമാക്കി എന്നതാണ് വാസ്തവം. ഒരു പുതിയ നയം പ്രായോഗികമാക്കുന്നതിനു മുന്‍പേ, ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ സാമ്പത്തിക മുന്‍ഗണനകളില്‍/തൊഴിലവസരങ്ങളിലൊക്കെ സുപ്രധാന മാറ്റങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ ഇങ്ങനെയുള്ള സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടുന്നത്. ഒരു നയം നടപ്പാക്കുന്നതിനു മുന്‍പ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊക്കെ അവസരമുണ്ടാകുമെന്ന പ്രതീക്ഷ സ്വാഭാവികമാണ്. 

പുതിയ വിദ്യാഭ്യാസ നയം ജാതി എന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ ഏറെക്കുറെ അവഗണിച്ചുവെന്ന് താങ്കള്‍ കരുതുന്നുണ്ടോ? വിദ്യാഭ്യാസ മേഖലയിലെ സംവരണം എന്നോ അഫെര്‍മേറ്റീവ് ആക്ഷന്‍ എന്നോ ഉള്ള പദങ്ങളുടെ അഭാവം നയരേഖയില്‍ അനുഭവപ്പെടുന്നത് അസ്വാസ്ഥ്യജനകമല്ലേ? 

ജൂലൈ 31-നു ലഭ്യമായ പുതുക്കിയ നയം 2020-ല്‍ ചില അധിക വകുപ്പുകളില്‍ (6.2.16.2.5) ഉള്‍ക്കൊള്ളുന്നുണ്ട്. ജാതിയുടേയും ആദിവാസികുളുടേയും ന്യൂനപക്ഷങ്ങളുടേയും ഭിന്നശേഷിക്കാരുടേയും പ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്ന് അതു പറയുന്നുണ്ട്. അധിക വകുപ്പുകളില്‍ വന്നതുകൊണ്ട് ഇതു സംബന്ധിച്ച് ഒരു വീണ്ടുവിചാരം എന്ന നിലയിലാണ് അത് എന്നു പറയാം. എന്നാല്‍, വേണ്ടിയിരുന്നതു പ്രശ്‌നത്തെക്കുറിച്ച് മുന്‍കൂട്ടി ചിന്തിക്കുകയും ദീര്‍ഘവീക്ഷണവും ആണെന്നു തോന്നുന്നു. വൈകിപ്പോയി എന്നാലും പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടേ തുണ്ടെന്ന് അംഗീകരിക്കപ്പെട്ടതായി ഇത് സൂചിപ്പിക്കുന്നു, എന്നാല്‍, നടത്താനുദ്ദേശിക്കുന്ന ശ്രമങ്ങള്‍ എത്രത്തോളം പ്രായോഗികമാകുമെന്നതാണ് കണ്ടറിയേണ്ടത്. 1986-ലെ ദേശീയ വിദ്യാഭ്യാസ നയവുമായി (പ്രോഗ്രാം ഓഫ് ആക്ഷന്‍ 1992-നുമൊപ്പം) ഇതു താരതമ്യപ്പെടുത്തി വായിക്കുക. 

പേജ് 30-ല്‍ ഇങ്ങനെ പറയുന്നു: 

'Under the scheme of Navodaya Vidyalayas for catering to the category of high achievers one such Vidyalaya will be set up in each district during the 7th Five Year Plan period. These schools will make available good qualtiy education irrespective of the parent's capactiy to pay and their socio economic background. In these schools there will be 75% reservation for children from rural areas. There will be reservation for SC and ST as per their actual population in, the district subject to a minimum of nationally prescribed figure of 15 and 7 1/2 for SC & ST respectively. An effort will be made to cover girls to the extent of 1/3 in a school. Education will be free including boarding and lodging in these schools. These schools will be affiliated to the Cetnral Board of Secondary Education.
It also had a separate section titled EDUCATION OF SCHEDULED CASTES/SCHEDULED TRIBES AND OTHER BACKWARD SECTIONS (pp. 105-108] And another on MINORITIES EDUCATION [pp. 109-111)'

സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സംവരണം എന്നത് അനിവാര്യമാണ്. എന്നാല്‍, അത്തരം വിഭാഗങ്ങള്‍ക്ക് അര്‍ത്ഥവത്തായ രീതിയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ എത്തിപ്പിടിക്കുന്നതിന് അതുമാത്രം കൊണ്ടു മതിയാകില്ല. ഇക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കേണ്ട  ഒന്നാണ്. ഇക്കാര്യത്തിലെ വ്യക്തത വര്‍ദ്ധിച്ചുവരുന്ന സ്വകാര്യവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. എന്തെന്നാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ എത്രത്തോളം സംവരണ വ്യവസ്ഥകള്‍ നടപ്പാക്കുമെന്നത് സംബന്ധിച്ച് ഒരു നിശ്ചയവുമില്ല. 

കാരുണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വകാര്യവല്‍ക്കരണമാണ്, വാണിജ്യവല്‍ക്കരണമല്ല വിഭാവനം ചെയ്യുന്നത് എന്ന് വാദിക്കുന്ന പുത്തന്‍ വിദ്യാഭ്യാസ നയം എന്തായാലും ഊന്നല്‍ നല്‍കുന്നത് വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനാണ്. വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ ഉത്തരവാദിത്വം കയ്യൊഴിയുന്നതിനും മൂലധനത്തിന്റെ കാരുണ്യത്തിനു പൂര്‍ണ്ണമായും ആ രംഗത്തെ വിട്ടുകൊടുക്കുന്നതിനും തുല്യമല്ലേ ഇത്? 

ഇത്തരമൊരു നിലപാടിന്റെ പരിണതഫലങ്ങള്‍ കണ്ടറിയേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്ത് ഇതിനകം തന്നെ ഗണ്യമായ തോതില്‍ സ്വകാര്യവല്‍ക്കരണം നടന്നിട്ടുണ്ട്. ഇത് വര്‍ഷങ്ങളായി നടന്നുവരുന്ന കാര്യവുമാണ്. ഒരു പുതിയ സംഭവവികാസമേ അല്ല. ആരോഗ്യരംഗത്തും തദൃശമായ സംഭവവികാസം നമുക്ക് ദര്‍ശിക്കാനാകും. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും ആവശ്യം നിവര്‍ത്തിക്കാനാകുന്ന ഗവണ്‍മെന്റ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അവ തകര്‍ത്തുകളയുകല്ല വേണ്ടത്. 

നമ്മുടെ ഭരണഘടന ഉള്‍ക്കൊള്ളുന്ന മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും പ്രാധാന്യം നല്‍കുന്നതല്ല പുതിയ വിദ്യാഭ്യാസ നയം എന്ന് ആരോപണമുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം? 

ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ച് നയരേഖ ഇടയ്ക്കിടയ്ക്ക് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഊന്നലെല്ലാം പൗരന്റെ മൗലികമായ കടമകളിലാണ്. പൗരന്റെ മൗലികമായ അവകാശങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശക തത്ത്വങ്ങളിലുമല്ല ഊന്നല്‍. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഫലങ്ങളാണ് ഈ നയം സൃഷ്ടിക്കുക എന്ന വസ്തുത മുന്‍നിര്‍ത്തിയും വിദ്യാഭ്യാസ സമ്പ്രദായം മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാനുള്ള ഒരു ഉപാധിയാണെന്ന യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തിയും ഇക്കാര്യത്തില്‍ ഒരു വിശദീകരണം ആവശ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com