അരിച്ചെടുക്കുന്ന 'ബിഗ് ഡാറ്റ'കളില്‍ എന്റേയും നിങ്ങളുടേയും സ്വകാര്യത കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്

മനുഷ്യമനസ്സിന്റെ സ്വഭാവവും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണെന്നു വിശകലനാത്മകമായി മനസ്സിലാക്കാന്‍ മാത്രമല്ല, അവയെ കൈകാര്യം ചെയ്യാനും (manipulate) നിലവിലുള്ള നിര്‍മ്മിതബുദ്ധിക്കു തന്നെ സാധിക്കും.  
അരിച്ചെടുക്കുന്ന 'ബിഗ് ഡാറ്റ'കളില്‍ എന്റേയും നിങ്ങളുടേയും സ്വകാര്യത കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്

ണുബോംബ് വര്‍ഷിച്ച പ്രദേശങ്ങളില്‍ പിന്നെ ജീവന്റെ പൊടിപ്പുകള്‍ അസ്തമിച്ചുപോവുകയും വരും തലമുറകളെപ്പോലും ജനിതക വൈകല്യങ്ങള്‍ ബാധിക്കുകയും ചെയ്യുമെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഹോമോസാപ്പിയന്‍സ് 'മനുഷ്യന്‍' എന്ന മഹത്തായ പദത്തിന് അര്‍ഹതയുള്ള ഒരു ജീവിവര്‍ഗ്ഗമായി ഇനിയും പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചുകഴിഞ്ഞു എന്നു പറയാന്‍ സാധിക്കില്ല. പൂര്‍ണ്ണവളര്‍ച്ച എത്തും മുന്‍പേ ഈ സ്പീഷിസ് ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാവുമോ അഥവാ ഭൂമിയുടെ തന്നെ നാശത്തിനു കാരണമാകുമോ എന്നൊക്കെയുള്ള ആശങ്കകള്‍ പല കാരണങ്ങള്‍കൊണ്ടും പ്രസക്തമായ ഒരു കാലമാണിത്. സ്പീഷിസിനു നാശം വന്നില്ലെങ്കിലും മനുഷ്യന്‍ എന്ന പദത്തിനു വലിയ അര്‍ത്ഥം ഒന്നുമില്ല എന്ന് കരുതേണ്ടിവരുന്ന വാര്‍ത്തകള്‍ നാം ദിനംപ്രതി കാണുന്നുമുണ്ട്  (ദൈവം പണ്ടേ മരിച്ചതാണല്ലോ). മനുഷ്യന്‍ ആകാനുള്ള യാത്രയില്‍ മനുഷ്യനിര്‍മ്മിതിതന്നെയായ നിര്‍മ്മിതബുദ്ധി എങ്ങനെയെല്ലാം പുതിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം എന്ന് ശാസ്ത്രസമൂഹം തന്നെ ഇപ്പോള്‍ ആശങ്കപ്പെടുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന നിര്‍മ്മിതബുദ്ധി ഈ ആശങ്കയുടെ ആഴം കൂട്ടുന്നുമുണ്ട്.
           
ആശയവിനിമയവും സംസ്‌കൃതിയും

ഇഷ്ടികകള്‍ ചുട്ടെടുത്ത് ആകാശംമുട്ടുന്ന ഗോപുരം പണിയാന്‍ ശ്രമിച്ച മനുഷ്യരുടെ പ്രയത്‌നത്തെ വിഫലമാക്കാനായി യഹോവ അവരുടെ ഭാഷ കലക്കിക്കളഞ്ഞതായുള്ള ഒരു കഥ ബൈബിള്‍ ഉല്പത്തിപുസ്തകത്തില്‍ ഉണ്ട്. മനുഷ്യസംസ്‌കൃതിയുടെ വളര്‍ച്ചയില്‍ ആശയവിനിമയത്തിനുള്ള പങ്കിനെക്കുറിച്ച് നിരീക്ഷിച്ച ആദിമ ജനസമൂഹം അവരുടെ ജനകീയ വിജ്ഞാനശേഖരത്തിലേക്ക് ആ നിരീക്ഷണത്തെ ചേര്‍ത്തുവെച്ചതാവണം ഈ കഥ. ആശയവിനിമയത്തില്‍ സംഭവിക്കുന്ന അപകടങ്ങള്‍ കൊണ്ടുവന്നേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് ആദിമ ജനതയ്ക്ക് അറിയാമായിരുന്നു.  സങ്കീര്‍ണ്ണമായ ആശയവിനിമയങ്ങളിലൂടെയാണ് വലിയ കൂട്ടങ്ങളും ഗോത്രങ്ങളും മതങ്ങളും രാഷ്ട്രങ്ങളും ഒക്കെയായി  ഹോമോസാപ്പിയന്‍സ് എന്ന ഈ ജീവിവര്‍ഗ്ഗം മാനവസമൂഹമായി  വികസിച്ചു വന്നത്. എന്നാല്‍ അങ്ങനെ വലുതായി വന്ന ആള്‍ക്കൂട്ടങ്ങളും സാമ്രാജ്യങ്ങളും ചെയ്തു കൂട്ടിയിട്ടുള്ള കൊടുംപാതകങ്ങള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും കയ്യും കണക്കുമില്ല. വ്യത്യസ്തമായ ആഖ്യാനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും ആകാശഗോപുരങ്ങള്‍ മാത്രമല്ല, കൂട്ടക്കുരുതികളും ആസൂത്രിതമായി തന്നെ  നടപ്പിലാക്കപ്പെട്ടു!  ആശയവിനിമയങ്ങളും ആഖ്യാനങ്ങളും (narratives) എല്ലാം കൂടുതല്‍ ഫലപ്രദമായിട്ടുള്ളത് അത് മനുഷ്യവംശത്തിന്റെ മനഃശാസ്ത്രപരമായ സവിശേഷതകളെ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുത്തിയപ്പോഴായിരുന്നു. മതങ്ങളും രാഷ്ട്രങ്ങളും ഒരുപോലെ തങ്ങളുടെ ആഖ്യാനങ്ങള്‍ക്കു മാത്രമല്ല അതുമായി ബന്ധപ്പെട്ടുവരുന്ന വര്‍ണ്ണങ്ങള്‍ക്കും സംഗീതത്തിനും അഭിരുചികള്‍ക്കും എല്ലാം മനുഷ്യരെ അടിമപ്പെടുത്തിക്കൊണ്ടാണ് വളര്‍ച്ച പ്രാപിച്ചത് എന്ന് ഇന്ന് നമുക്കറിയാം. 

ഈ അടിമപ്പെടുത്തല്‍ ഒരു മജിഷ്യന്റെ കണ്‍കെട്ട്വിദ്യ പോലെയാണ്; ഒരു മാസ്സ് ഹിപ്നോട്ടിസം. മാജിക് അറിയുന്ന അഞ്ച് വയസ്സുകാരനായ ഒരു കുട്ടിക്കുപോലും ഡോക്ടറേറ്റോ അതിലും വലിയ അക്കാദമിക് ബിരുദങ്ങളോ ഒക്കെയുള്ള ഒരാളെപ്പോലും തന്റെ കണ്‍കെട്ട്വിദ്യകൊണ്ട് കബളിപ്പിക്കാന്‍ സാധിക്കും. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരാള്‍ എങ്ങനെ ചിന്തിക്കും എന്ന് മുന്‍കൂട്ടിക്കണ്ട് ഇടപെടുന്നതിലൂടെയാണ് മാജിക് വിജയിക്കുന്നത്. ആ നിലയ്ക്ക് ചരിത്രത്തിലെ ആദ്യത്തെ മനഃശാസ്ത്ര വിദഗ്ദ്ധരാണ് മജിഷ്യന്‍മാര്‍. അയാള്‍ ആഗ്രഹിക്കുന്ന ചീട്ടുതന്നെ അയാളുടെ കയ്യില്‍ നിന്നും നമ്മള്‍ എടുത്തുപോകും. സാമൂഹ്യമാധ്യമങ്ങള്‍ ഇത്തരത്തില്‍ ഒരു കൂട്ട കണ്‍കെട്ട്വിദ്യ ആണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം പണ്ടുള്ളതിനേക്കാള്‍ ശക്തമായിവരുന്ന കാലമാണിത്. ആരംഭകാലത്ത് വിമോചനാത്മകമായി സമൂഹത്തില്‍ ഇടപെടാന്‍ ശേഷിയുള്ള ഒന്നായി അതിനെ പലരും കരുതിയിരുന്നു. സ്ത്രീകള്‍ക്കും മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്കും തങ്ങളുടെ ആത്മാവിഷ്‌കാരത്തിന് അവസരം തുറന്നുകിട്ടുന്ന ഒരു ഇടം എന്ന നിലയിലും സാമൂഹ്യമാധ്യമങ്ങള്‍ സ്വീകരിക്കപ്പെട്ടു. കോര്‍പ്പറേറ്റ് മൂലധന താല്പര്യങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ഇടത്തില്‍ അത്തരം വിമോചനാത്മക ലക്ഷ്യങ്ങള്‍ ഒന്നും നിലനില്‍ക്കില്ല എന്നുതന്നെയാണ് സമീപകാല അനുഭവങ്ങള്‍ പലതും തെളിയിച്ചുകൊണ്ടിരിക്കുന്നത്.

നിര്‍മ്മിതബുദ്ധിയും നൈതികതയും

നിരവധി സിനിമകളും സാഹിത്യരൂപങ്ങളും നിര്‍മ്മിതബുദ്ധിയുടെ ഗുണദോഷങ്ങള്‍ കഥാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. അവയില്‍ പലതും സ്വയം ചിന്തിച്ചു തുടങ്ങുകയും സ്നേഹം, വെറുപ്പ്, പക മുതലായ വികാരങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്തേക്കാവുന്ന നിര്‍മ്മിതബുദ്ധിയുടെ സാധ്യതയെ ആണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍,  ഇടപെടുന്ന മനുഷ്യന്‍ എന്ത് ചിന്തിക്കുന്നു എന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന, അയാളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അഭിനിവേശങ്ങളും എന്തൊക്കെയാണെന്നു വായിച്ചെടുക്കാന്‍ കഴിയുന്ന നിര്‍മ്മിതബുദ്ധി ഭാവിസാധ്യത അല്ല, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം തന്നെയാണ്. മനുഷ്യമനസ്സിന്റെ സ്വഭാവവും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണെന്നു വിശകലനാത്മകമായി മനസ്സിലാക്കാന്‍ മാത്രമല്ല, അവയെ കൈകാര്യം ചെയ്യാനും (manipulate) നിലവിലുള്ള നിര്‍മ്മിതബുദ്ധിക്കു തന്നെ സാധിക്കും. അതിനുവേണ്ടി അരിച്ചെടുക്കുന്ന 'ബിഗ് ഡാറ്റ'കളില്‍ എന്റേയും നിങ്ങളുടേയും സ്വകാര്യത കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വകാര്യത മൗലികാവകാശമായ നമ്മുടെ രാജ്യത്തുള്‍പ്പെടെ പക്ഷേ, ആ സാങ്കേതികത വിനിയോഗിക്കപ്പെടുന്നത് ഫിനാന്‍സ് മൂലധനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് എന്നിടത്താണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടി ഉപയോഗിച്ചുകൊണ്ട് കരുത്താര്‍ജ്ജിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ മാനവികതയുടെ തന്നെ അന്ത്യം കുറിക്കും എന്ന മുന്നറിയിപ്പാണ് 'സോഷ്യല്‍ ഡിലെമാ' എന്ന ഡോക്യുമെന്ററി പങ്കുവെയ്ക്കുന്നത്. ജെഫ് ഓര്‍ലോസ്‌കി (Jeff Orlowski) സംവിധാനം ചെയ്ത ഈ ഡോക്യുഡ്രാമ സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് നമുക്കുണ്ടായിരുന്ന ചില സംശയങ്ങള്‍ക്ക്  കൂടുതല്‍ തെളിച്ചം നല്‍കുകയും വസ്തുതകള്‍ നിരത്തിക്കൊണ്ട് പുതിയ ചില ഉള്‍ക്കാഴ്ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. അവയിലെ 'അഡിക്ഷന്‍ ടെക്നോളജി'കള്‍ പലതും രൂപകല്പന ചെയ്തവരില്‍ത്തന്നെ പ്രധാനികളും ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ മുതലായവയില്‍ പ്രവര്‍ത്തിച്ചവരുമായ ഏതാനും വിദഗ്ദ്ധരുമായുള്ള അഭിമുഖങ്ങളും സമാന്തരമായി  അവര്‍ വെളിപ്പെടുത്തുന്ന സത്യങ്ങളെ സാധൂകരിക്കുന്ന കഥാത്മകമായ ചില കുടുംബരംഗങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് ഈ ഡോക്യുഡ്രാമ ചിത്രീകരിച്ചിരിക്കുന്നത്. കുടത്തില്‍നിന്നും തുറന്നുവിട്ട ഭൂതത്തിനെ തിരിച്ചുകയറ്റാനാവാതെ വിഷമിക്കുന്നവരാണ് വിദഗ്ദ്ധര്‍ എല്ലാവരും. തങ്ങള്‍ തന്നെ രൂപകല്പന ചെയ്ത സാങ്കേതികവിദ്യകളുടെ പ്രത്യാഘാതത്തെക്കുറിച്ച് നല്ല ബോധ്യമുള്ളവരും.

ലോകത്ത് രണ്ടേ രണ്ടു കച്ചവടക്കാരേ തങ്ങളുടെ ഉപഭോക്താക്കളെ യൂസേഴ്സ് എന്ന് വിളിക്കൂ. അതില്‍ ഒന്ന് മയക്കുമരുന്നു കച്ചവടമാണ്. മറ്റൊന്ന് സോഫ്റ്റ്വെയര്‍ കച്ചവടവും. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സാപ്പ് എല്ലാം നമ്മള്‍ സൗജന്യമായാണല്ലോ ഉപയോഗിക്കുന്നത് എന്നാവും സാധാരണക്കാരനായ ഒരാളുടെ വിചാരം. എന്നാല്‍ ഒരര്‍ത്ഥത്തില്‍ അയാള്‍ അറിയാതെ അയാളെത്തന്നെയാണ് വിറ്റുകൊണ്ടിരിക്കുന്നത്. സോഫ്റ്റ്വെയര്‍ വ്യവസായമേഖലയില്‍ ആദ്യകാലം മുതല്‍ തന്നെ മുതല്‍മുടക്കിയിരുന്ന നിക്ഷേപകന്‍ കൂടിയായ റോജര്‍ മാക്നാമീ (Rojer Mc Namee) ഈ ഡോക്യുമെന്ററിയിലെ തന്റെ അഭിമുഖത്തില്‍ അത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യ 50 വര്‍ഷങ്ങളില്‍ സിലിക്കണ്‍ വാലി 'ഉല്പന്നങ്ങള്‍' ഉണ്ടാക്കുന്ന തിരക്കില്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷമായി അത് തങ്ങളുടെ യൂസേഴ്സിനെ വില്‍ക്കുന്ന തിരക്കിലാണ്. യൂസേഴ്സിനെ പണം കൊടുത്തു വാങ്ങുന്നവര്‍ വെറുതെ വാങ്ങുന്നതല്ല എന്നോര്‍ക്കണം. വാങ്ങിയ യൂസേഴ്സിനെ പരമാവധി സമയം തങ്ങളുടെ സ്‌ക്രീനില്‍ തളച്ചിട്ടാല്‍ മാത്രമേ മുടക്കിയ പണം ലാഭമാകൂ. മുതലാളിത്തത്തിന്റെ ലാഭക്കൊതിക്കാവട്ടെ, അതിരുകളും ഇല്ല. നിങ്ങളെ സ്‌ക്രീനില്‍ തളച്ചിടാന്‍ മനുഷ്യകുലത്തിന്റെതന്നെ മനശ്ശാസ്ത്രപരമായ സവിശേഷതകള്‍ ആഴത്തില്‍ പഠിച്ച നിര്‍മ്മിതബുദ്ധിയിലൂടെ രൂപകല്പന ചെയ്ത ആല്‍ഗരിതമാണ് മറുവശത്ത് അണിനിരക്കുന്നത്. ഈ അല്‍ഗോരിതം ഉണ്ടാക്കിയതാവട്ടെ, നമ്മുടെ ചര്യകളെ വര്‍ഷങ്ങളായി ഒപ്പിയെടുത്തുകൊണ്ട് നിര്‍മ്മിച്ച ബിഗ്ഡാറ്റകളെ വിശകലനം ചെയ്തുകൊണ്ടാണ്. അവിടെയാണ് സോഫ്റ്റ്വെയര്‍ വ്യവസായം മയക്കുമരുന്ന് വ്യവസായത്തെക്കാള്‍ അപകടകാരി ആകുന്നത്. മയക്കുമരുന്ന് ഡാര്‍ക്ക് വെബ്ബിലേ വില്‍ക്കാന്‍ പറ്റൂ.  സര്‍വ്വസമ്മതത്തോടെ സന്തോഷത്തോടെയാണ് സാമൂഹികമാധ്യമങ്ങള്‍ക്ക് നമ്മള്‍ സ്വയം അടിമകള്‍ ആവുന്നത്. അഥവാ ഇനി ആ അടിമത്തത്തില്‍നിന്ന് ഒരു തിരിച്ചുപോക്ക് പോലും അസാധ്യം. രാവിലെ എണീറ്റ് മൂത്രമൊഴിക്കും മുന്‍പ് സെല്‍ഫോണ്‍ നോക്കണോ അതോ മൂത്രമൊഴിച്ചുകൊണ്ട് നോക്കണോ എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. വിവിധ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ ഉള്ളവര്‍ ഒരു പോലെ ഈ അടിമത്തത്തിനു വിധേയപ്പെട്ടു കഴിഞ്ഞു. പബ്ജി കളിച്ചു മാനസിക വിഭ്രാന്തിയിലായി തെരുവില്‍ അക്രമം കാണിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു, ട്രെയിനിനു മുകളില്‍ കയറി സെല്‍ഫി എടുത്ത കോളേജ് കുമാരന്‍ വീണുമരിച്ചു, അയഥാര്‍ത്ഥമായ സൗന്ദര്യസങ്കല്പങ്ങള്‍ കാരണം ഒന്നുകില്‍ വിഷാദരോഗത്തിന് അടിപ്പെടുകയോ അല്ലെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയമാവുകയോ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു. വെര്‍ച്ച്വല്‍ ഇടത്തില്‍ ധൈര്യം പ്രകടിപ്പിക്കുന്ന പല കാര്യങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യാനാവാതെ ഭീരുത്വം ബാധിക്കുന്ന യുവാക്കള്‍ കൂടുന്നു തുടങ്ങി നിരവധിയായ വാര്‍ത്തകള്‍ നമുക്ക് ചുറ്റും ദിനേന വരുന്നുണ്ടെങ്കിലും ഈ ലഹരിയുടെ പ്രത്യാഘാതങ്ങളെ നാം വേണ്ടരീതിയില്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നതിലേക്ക് 'സോഷ്യല്‍ ഡിലെമ' വിരല്‍ചൂണ്ടുന്നു.

സത്യാനന്തരകാലത്തെ സോഷ്യല്‍ മീഡിയ

രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ട കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റേയും യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിന്റേയും അനുഭവങ്ങള്‍ക്ക് ശേഷമാണ് ഇത്തരം പ്രവണതകളെ കുറിക്കാന്‍ 'സത്യാനന്തരം' (Postt truth) എന്ന പദപ്രയോഗം തന്നെ ഉണ്ടാവുന്നത്. സത്യാനന്തരകാലത്ത് സാമൂഹ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന, പ്രവര്‍ത്തിക്കാവുന്ന രീതികളെക്കുറിച്ചും വിദഗ്ദ്ധര്‍ ഇവിടെ മുന്നറിയിപ്പ് തരുന്നുണ്ട്. കെനിയയിലേയോ കാമറൂണിലേയോ അംഗോളയിലേയോ അതുപോലെ മറ്റേതെങ്കിലും രാജ്യത്തേയോ ഗവണ്‍മെന്റുകളെ അസ്ഥിരപ്പെടുത്താനായി സോഫ്റ്റ്വെയര്‍ രംഗത്തു മുതല്‍ മുടക്കാന്‍ ആരെങ്കിലും തയ്യാറായി വന്നാല്‍ അതിനു സാധ്യമാകുന്ന അന്തരീക്ഷം ഇന്ന് നിലവിലുണ്ട് എന്നാണ് ആ മുന്നറിയിപ്പ്. മ്യാന്‍മറിലെ രോഹിംഗ്യന്‍ മുസ്ലിങ്ങളുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തിയ വംശീയാധിക്ഷേപങ്ങള്‍ കാരണമായതിന്റേയും ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ 94 ശതമാനം വോട്ടോടെ ബോല്‍സെനാരോ തെരഞ്ഞെടുക്കപ്പെട്ടതിന്റേയും യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ത്തികള്‍ പിന്നോട്ട് പോയപ്പോള്‍ തീവ്ര വലതും തീവ്ര ഇടതും നേട്ടമുണ്ടാക്കിയതിന്റേയും എല്ലാം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. ലഹരി തരുന്ന എന്തിനോടുമുള്ള മാനസിക അടിമത്തം, ചേരിതിരിഞ്ഞു അന്യരെ/അന്യനെ വെറുക്കാനുള്ള പ്രവണത, പൈങ്കിളിത്തം കലര്‍ന്ന ആത്മരതി, തീവ്രവാദം, ഗൂഢാലോചന, സിദ്ധാന്തങ്ങളിലും അന്ധവിശ്വാസങ്ങളിലും ആശ്രയിക്കുന്ന പ്രവണത,  തുടങ്ങി മനുഷ്യമനസ്സിന്റെ ദൗര്‍ബല്യങ്ങളെ കൃത്യമായി മനസ്സിലാക്കി ഇതിലേതെങ്കിലും ഒരു വാരിക്കുഴിയില്‍ നിങ്ങളെ വീഴ്ത്താന്‍ നിങ്ങളുടെ അഭിരുചികള്‍ നിങ്ങള്‍ നോക്കുന്ന ഫോട്ടോകള്‍, നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ തുടങ്ങി നിങ്ങളെക്കുറിച്ച് നിങ്ങളുടെ അച്ഛനമ്മമാര്‍ക്കോ ജീവിതപങ്കാളിക്കോ പോലും അറിയാത്ത വിവരങ്ങളുടെ ശേഖരവുമായി കാത്തിരിക്കുന്നത് മനുഷ്യര്‍ പോലും അല്ല നിര്‍മ്മിതബുദ്ധിയാണ് (Artificial Intelligence). ഏല്പിച്ച കാര്യം കിറുകൃത്യമായി, ഇന്നലത്തേതിനേക്കാള്‍ മികച്ച രീതിയില്‍ ഇന്ന് ചെയ്തു തീര്‍ക്കും അത്.  

1960 മുതല്‍ക്കുള്ള കണക്കെടുത്താല്‍ മറ്റെല്ലാ മേഖലകളെക്കാളും ട്രില്യണ്‍ മടങ്ങു വളര്‍ച്ചയാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്. കാറിന്റെ വേഗം 1960-നെ അപേക്ഷിച്ച് വെറും രണ്ടു മടങ്ങേ കൂടിയിട്ടുള്ളു എന്നുകൂടി നാം ഓര്‍മ്മിക്കണം.  ഇതുവഴി വിനിമയം ചെയ്യപ്പെടുന്നത് സത്യമാണെങ്കിലോ എന്ന പ്രതീക്ഷയ്ക്കും വലിയ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല.  കാരണം സത്യം പലപ്പോഴും ബോറടിപ്പിക്കുന്നതാണ്. സത്യം എണീറ്റു നടന്നുതുടങ്ങുമ്പോഴേക്കും നുണ ലോകസഞ്ചാരം കഴിഞ്ഞെത്തും എന്നാര്‍ക്കാണ് അറിയാത്തത്. ഭൂമി പരന്നതാണെന്നു വിചാരിക്കുന്ന 100 പേരെ എങ്കിലും സാമൂഹ്യമാധ്യമ പ്ലാറ്റുഫോമില്‍ നിങ്ങള്‍ക്കു കണ്ടെത്താം. (Kyrie Irvingനെപ്പോലെ ലോകം അറിയുന്ന ബാസ്‌കറ്റ് ബോള്‍ കളിക്കാരന്‍ താന്‍ അങ്ങനെ കരുതിയിരുന്നു എന്നും ചില യു ട്യൂബ് വീഡിയോകള്‍ ആണ് തന്നെ അങ്ങനെ തെറ്റിദ്ധരിപ്പിച്ചതെന്നും ഏറ്റുപറഞ്ഞിട്ടുണ്ട്!)  ഈ നൂറു പേരുടെ എണ്ണം ആയിരമോ പതിനായിരമോ ആക്കാന്‍ നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് നിഷ്പ്രയാസം സാധിക്കും എന്ന വസ്തുതയാണ് ആശങ്ക ഉണ്ടാക്കുന്നത്. ഈ അപകടം മനസ്സിലാക്കിയാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ഇത് ലോകത്തു മാനവികതയുടെ തന്നെ അന്ത്യം കുറിക്കും എന്ന് പറയുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി വിപ്ലവം കൊണ്ടുവരാം എന്ന് ആര്‍ക്കെങ്കിലും വ്യാമോഹം ഉണ്ടെങ്കില്‍ അവര്‍ ചുറ്റുപാടും നടക്കുന്നതൊന്നും  മനസ്സിലാക്കാത്തവരാണെന്നു പറയേണ്ടിവരും. ഒപ്പം മുതലാളിത്തത്തിന്റെ സ്വഭാവത്തേയും.

2014-ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ സൈബര്‍ നുണപ്രചരണങ്ങള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനു ചൂണ്ടികാണിക്കാവുന്ന എക്കാലത്തേയും മികച്ച കേസ് സ്റ്റഡി തന്നെയായിരിക്കും. മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ 2014-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിച്ചത് സാമൂഹ്യമാധ്യമങ്ങളായിരുന്നു. മോദി സ്തുതികള്‍ക്കും മുസ്ലിം വിരുദ്ധ വികാരം വളര്‍ത്താനും സോണിയ ഗാന്ധിയേയും കുടുംബത്തേയും ആക്ഷേപിക്കാനും എതിര്‍ക്കുന്ന ജേര്‍ണലിസ്റ്റുകളേയും ദളിതരേയും ന്യുനപക്ഷത്തേയും തെരഞ്ഞു പിടിച്ച് ആക്രമിക്കാനും വളരെ ആസൂത്രിതമായ നീക്കങ്ങള്‍ 'നാഷണല്‍ ഡിജിറ്റല്‍ ഓപ്പറേഷന്‍സ് സെന്റര്‍' എന്ന പേരിലുള്ള ബി.ജെ.പി സോഷ്യല്‍ മീഡിയ സെല്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകളുടേയും വാട്സ്ആപ് മെസ്സേജുകളുടേയും എല്ലാം സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് 'ഐ ആം എ ട്രോള്‍' എന്ന പ്രസിദ്ധമായ തന്റെ പുസ്തകത്തിലൂടെ പ്രമുഖ മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദി വെളിച്ചത്തുകൊണ്ടുവന്നിട്ടുള്ളതാണ്. സ്വാതി അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ Sickular Prostitute എന്നാണ് ബി.ജെ.പി നയിക്കുന്ന സൈബര്‍ ഗുണ്ടകള്‍ ആക്ഷേപിക്കുന്നത്. കേട്ടാലറയ്ക്കുന്ന ലൈംഗികച്ചുവയുള്ള കമന്റുകളും വര്‍ഗ്ഗീയ വിദ്വേഷപ്രചാരങ്ങളുമായി മുന്നേറുന്ന ഇവരുടെ അക്കൗണ്ടുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വരെ ഫോളോ ചെയ്യുന്നതാണെന്ന് അറിയുമ്പോഴാണ് അതിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്. ഈ അക്കൗണ്ടുകളില്‍ പലതും വെരിഫൈഡ് ബ്ലൂ ടിക് സ്വന്തമായുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആണെന്നതും ആശങ്കാജനകമാണ്. 

ഫേസ്ബുക്ക്-ബി.ജെ.പി ബന്ധത്തെക്കുറിച്ച് അടുത്തകാലത്ത് റിപ്പോര്‍ട്ടുകള്‍ വരികയുണ്ടായി. പണവും അധികാരവും മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയരായ ഒരു പറ്റം മനുഷ്യരേയും ഉപയോഗിച്ച് വെറുപ്പിന്റെ വിളവെടുപ്പാണ് സാമൂഹ്യമാധ്യമങ്ങളുടെ സഹായത്താല്‍ വലതു രാഷ്ട്രീയ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളെ കാണാന്‍ എപ്പോഴും മടികാണിക്കുന്ന നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു എന്നതുകൂടി നമുക്ക് ഇവിടെ ചേര്‍ത്തുവായിക്കാം. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ തങ്ങളുടെ മുന്‍ഗാമികളായ കോണ്‍ഗ്രസ്സിനേക്കാള്‍ ഒരു പടി മുന്നില്‍നിന്ന് അറ്റകൈക്ക് ഉപ്പ് തേക്കാത്ത വിധം നിഷ്‌കരുണമായിത്തന്നെ ബി.ജെപിക്കു നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ടെന്നതും ശ്രദ്ധിക്കണം.

'സോഷ്യല്‍ ഡിലെമാ' എന്ന ഡോക്യുമെന്ററിയില്‍ അഭിമുഖത്തിന് എത്തുന്ന വിദഗ്ദ്ധരില്‍ ഒരാള്‍ 'The age of surveillance capitalism' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയായ Shoshana Zuboff ആണ്. ഒരു വാണിജ്യ സ്ഥാപനം മുതല്‍മുടക്കി രൂപകല്പന ചെയ്യുന്ന ആല്‍ഗരിതങ്ങള്‍ അവരുടെ വിജയത്തിനായി രൂപകല്പന ചെയ്തതായിരിക്കും എന്നും അവരെ സംബന്ധിച്ചിടത്തോളം വിജയം എന്നതിന് തങ്ങളുടെ വാണിജ്യ താല്പര്യങ്ങള്‍ എന്ന ഒറ്റയൊരു അര്‍ത്ഥമേ ഉള്ളൂ എന്നും Shoshana നിരീക്ഷിക്കുന്നുണ്ട്. 

മെഷീന്‍ ലേര്‍ണിംഗിലൂടെ ചെറുതായെങ്കിലും ഓരോ ദിവസവും മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്ന ആല്‍ഗരിതങ്ങള്‍ക്ക് ഏതൊരു സാഹചര്യത്തിലും ലാഭം, കൂടുതല്‍ ലാഭം എന്ന വിജയമന്ത്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനല്ലാതെ റദ്ദ് ചെയ്യാനാവില്ല. മെഷീനുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ അത് നിര്‍ത്തി പുറത്തെടുക്കുന്നതിലും ലാഭം കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുകയാണെന്നു ചിന്തിക്കുന്ന മുതലാളിത്തയുക്തി ലാഭത്തിനുവേണ്ടി മാനസിക അടിമത്തമോ, ഭിന്നിപ്പിക്കലോ തീവ്രവാദമോ പൈങ്കിളിത്തരങ്ങളോ അക്രമമോ എന്തും പ്രോത്സാഹിപ്പിക്കും. അണുബോംബ് വര്‍ഷിച്ചാല്‍ എന്നപോലെ മാനവികതയുടെ ചെറുപൊടിപ്പുകള്‍പോലും സാധ്യമാവാത്ത അവസ്ഥയിലേക്കാവും അപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യരാശിയെ കൊണ്ടുചെന്നെത്തിക്കുക. നിരാശരും ആശങ്കാഭരിതരും പെട്ടെന്നു മുറിവേല്‍ക്കുന്ന മനോനിലയുള്ളവരും ഒക്കെയായി പുതുതലമുറ മാറിത്തീരും. 

നിര്‍മ്മിതബുദ്ധിയും മനഃശാസ്ത്ര വിശകലനങ്ങളും ലാഭക്കൊതിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹ്യമാധ്യമങ്ങളെ മായ്ച്ചു കളയുക അല്ലാതെ അതുമായി ജീവിക്കുക എന്ന ശുഭാപ്തിവിശ്വാസത്തിനുപോലും പ്രസക്തി ഇല്ലെന്നാണ് ഇവയില്‍ പലതിന്റേയും സ്രഷ്ടാക്കള്‍ തന്നെയായവര്‍ ഈ അഭിമുഖങ്ങളില്‍ പറയുന്നതെങ്കിലും അതെങ്ങനെ സാധ്യമാവും, നടന്ന വഴികള്‍ എങ്ങനെ തിരിച്ചു നടക്കും എന്നൊക്കെയുള്ള ആശങ്കയാണ് ഈ സിനിമ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നത്. ജാഗ്രത വേണം എന്ന താക്കീതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com