ജീവിതത്തിന്റെ കുരിശുപേറും തിരുന്നാള്‍ കാലം

ഞങ്ങളുടെ ബാല്യത്തെ ഏറെ പ്രചോദിപ്പിച്ച തിരുനാള്‍ ഇക്കുറിയുണ്ടാവില്ല. ബാന്റ് വാദ്യം, മെഴുകുതിരി കൂടുകള്‍ പിടിച്ച പ്രദക്ഷിണ ഘോഷയാത്ര, ഒന്നുമുണ്ടാവില്ല. മൗനം മാത്രം
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കാലം ഞങ്ങളില്‍നിന്ന് കവര്‍ന്നെടുത്ത ഏറ്റവും ആഹ്ലാദകരമായ അനുഭവങ്ങളില്‍ ഒന്ന്, മാടായി വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാളാണ്. ചന്തയുടെ മായികമായ ആരവം ഈ നവംബറില്‍ ഉണ്ടാവില്ല എന്നുറപ്പാണ്. ചന്തയില്‍ മാത്രം കിട്ടുന്ന കളര്‍ മിഠായികള്‍ ഇഷ്ടപ്പെടുന്ന പ്രിയ സ്‌നേഹിത കൊവിഡ് ''മധുരമുള്ള നിറങ്ങളെയെല്ലാം കവര്‍ന്നു'' എന്നു പറഞ്ഞു. കളര്‍ മിഠായി തിന്നു ചുവപ്പിച്ച ചുണ്ടുകള്‍കൊണ്ട് അവള്‍ക്ക് ഉമ്മ വെയ്ക്കാനാവില്ല.

ചന്തയില്‍ ബലൂണ്‍ വില്‍ക്കാന്‍ വരാറുള്ള ബലൂണ്‍ വില്‍പ്പനക്കാരനെ ഒരാഴ്ച മുന്‍പ് കണ്ടിരുന്നു. ''മന്ഷ്യര്ടെ കാറ്റ് പോയില്ലേ'' എന്ന ഒറ്റവരികൊണ്ട് കൊവിഡ് കാലത്തെ ജീവിതത്തെ അദ്ദേഹം വരച്ചുകാട്ടി. കെട്ടകാലത്ത് കുട്ടികള്‍ ബലൂണ്‍ പറപ്പിക്കില്ല. ''മക്കള്ടെ കാര്യാ കഷ്ടം!'' അയാള്‍ തുടര്‍ന്നു: ''ആകാശം കാണ്ന്ന്ന്ന്ല്ലല്ലൊ. മുഴുവന്‍ നേരോം മൊബൈലില്‍ത്തന്നെ. പഠിപ്പ് അതിലാണല്ലോ. ബലൂണ്‍ പറപ്പിക്കുമ്പോള്‍ മക്കള് ആകാശം കാണുന്ന്.''

ബലൂണ്‍ വില്‍പ്പനക്കാരന്‍ എങ്ങനെ ജീവിക്കുന്നു എന്ന ചോദ്യം ബോധപൂര്‍വ്വം ഒഴിവാക്കി. എല്ലാവരും എങ്ങനെയൊക്കെയോ ജീവിക്കുന്ന കാലമാണ്. ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ വരുമാനമെന്താ എന്നു ചോദിച്ചപ്പോള്‍ പുതിയങ്ങാടി കടപ്പുറത്തെ മീന്‍പിടുത്തക്കാരന്‍ ഒരാളോട് പറഞ്ഞ മറുപടി ഇതായിരുന്നു:

''അതാ ആ കടല്.''

നാട്ടുമനുഷ്യരാണ് ഇപ്പോള്‍ ഫിലോസഫി പഠിപ്പിക്കുന്നത്.

കുരിശ് ദേവാലയ തിരുനാളിനു വരുമായിരുന്ന ചന്തക്കാര് ഇപ്പോള്‍ എങ്ങനെയായിരിക്കും ജീവിക്കുന്നുണ്ടാവുക? ''എല്ലാവരേയും വളയണിയിച്ചതുകൊണ്ട് ആരും എന്നെ വളയണിയിച്ചില്ല'' എന്ന് ഒരിക്കല്‍ പറഞ്ഞ ആ വള വില്‍പ്പനക്കാരി, പൊട്ടാത്ത വളകള്‍ എവിടെയായിരിക്കും സൂക്ഷിച്ചിരിക്കുക? കരിമ്പ് വില്‍ക്കാന്‍ വരുന്ന ആ ഇക്കയുടെ വീട്ടില്‍ എങ്ങനെയായിരിക്കും ജീവിതം പോകുന്നുണ്ടാവുക? ചന്തയില്‍ പൊരി വിറ്റു ജീവിച്ച മനുഷ്യന്‍, കണ്ണൂര്‍ നഗരത്തിലെ അടഞ്ഞ ഷട്ടറിനു മുന്നില്‍ പൊരിയുമായി നില്‍ക്കുന്നത് കണ്ടു. ''ആകെ എരിപൊരിയാണ് ജീവിതം!'' അയാള്‍ പറഞ്ഞു.

ഇതിലപ്പുറം, എങ്ങനെയാണ് ഈ കാലത്തെ ജീവിതത്തെ വിശദീകരിക്കുക?

വിശുദ്ധ കുരിശിന്റെ ദേവാലത്തില്‍ തിരുനാളിനു നാടകമുണ്ടാവും. കണ്ണൂര്‍ വാസൂട്ടിയും ഇബ്രാഹിം വെങ്ങരയും ചെറുന്നിയൂര്‍ ജയപ്രസാദും ജയന്‍ തിരുമനയും അങ്ങനെ എത്രയോ പേര്‍ സംവിധാനം ചെയ്ത നാടകങ്ങള്‍. ഞങ്ങള്‍ കണ്ട നാടകങ്ങള്‍ എത്രയെത്ര! അരങ്ങുകള്‍ അനാഥമായി. നാടകനടന്മാര്‍ക്ക് ഒട്ടും വരുമാനമില്ല. സിനിമാതാരങ്ങള്‍ പ്രതിഫലം ഒട്ടും കുറക്കാതെ പകിട്ടുള്ള ജീവിതം തുടരുന്നു. മുഖ്യാധാര മാധ്യമങ്ങള്‍ മുതല്‍ ഓണ്‍ലൈന്‍ മീഡിയകള്‍ അവരുടെ 'ലൈഫ് ബഡായികള്‍' അവതരിപ്പിക്കുന്നു. ഗ്ലാമര്‍ ബഡായികളില്‍ അഭിരമിക്കുന്നവര്‍. ആദിമ കലയായ, ചരിത്രത്തോടൊപ്പം നടന്ന കലയെന്ന് എം.എന്‍. വിജയന്‍ വിശേഷിപ്പിച്ച നാടകകലയിലെ എല്ലാവരും വല്ലാത്തൊരനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം ഏകാന്തതകള്‍ക്ക് കാവല്‍നില്‍ക്കയാണ്, ആ താരങ്ങള്‍.

അങ്ങനെ, ഞങ്ങളുടെ ബാല്യത്തെ ഏറെ പ്രചോദിപ്പിച്ച തിരുനാള്‍ ഇക്കുറിയുണ്ടാവില്ല. ബാന്റ് വാദ്യം, മെഴുകുതിരി കൂടുകള്‍ പിടിച്ച പ്രദക്ഷിണ ഘോഷയാത്ര, ഒന്നുമുണ്ടാവില്ല. മൗനം മാത്രം.

ദേവാലയത്തില്‍നിന്നുള്ള ആ ഗാനമാണ് ഇന്നു പുലര്‍ച്ചെ ഉണര്‍ത്തിയത്. ചെറുപ്പക്കാരനായ ഞങ്ങളുടെ ഇടവക വികാരിയും കൂട്ടരും പാടുന്ന (കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍) ഗാനം കേട്ടാണ്:

''രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ!
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മകള്‍ നിറയേണമേ.''

റംസാന്‍ പോലെയും ഈദ് പോലെയും തീവ്രമായ ഒരു നഷ്ടം തന്നെയാണ് ചന്തയില്ലാത്ത തിരുന്നാളും. പ്രിയപ്പെട്ട അച്ചാ, നന്മകള്‍ നിറയുന്ന കാലം തിരിച്ചു വരികതന്നെ ചെയ്യും.

'കുരിശിന്റെ വഴി' എന്നത് ഞങ്ങള്‍ക്ക് ചന്തയുടെ വഴിയാണ്. ആ വഴി അടഞ്ഞുകിടക്കുന്നു.

ബലൂണ്‍ വില്‍പ്പനക്കാരും പൊരി വില്‍പ്പനക്കാരും പീപ്പിക്കാരും ജീവിതത്തിന്റെ കുരിശ് പേറുകയായിരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com