ഇസ്ഹാക്കിന്റെയും പത്മാവതിയുടെയും കഥ

ഇസ്ഹാക്കിന്റേയും പത്മാവതിയുടേയും ജീവിതകഥ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മൂശയില്‍ തിളയ്ക്കുന്ന കേരളത്തിന്റെ പ്രത്യേക കാലഘട്ടത്തിലാണ് സംഭവിക്കുന്നത്
ഡൽഹിയിൽ നിന്നെത്തിയ ഇസ്ഹാക്കിനും (വലത്തുനിന്ന് മൂന്നാമത്) പത്മാവതിക്കും സുഹൃത്തുക്കൾ നൽകിയ സ്വീകരണം
ഡൽഹിയിൽ നിന്നെത്തിയ ഇസ്ഹാക്കിനും (വലത്തുനിന്ന് മൂന്നാമത്) പത്മാവതിക്കും സുഹൃത്തുക്കൾ നൽകിയ സ്വീകരണം

ള്ളുവനാട് താലൂക്കിലെ ചളവറയിലെ പുലിയാനാംകുന്നത്ത് ഒരു മെഗാഫോണ്‍ പ്രചരണം നടക്കുന്നു. അടുത്തയാഴ്ച ഓട്ടുപാറയില്‍ കന്നുതെളി മത്സരം കര്‍ഷകസംഘം നേതൃത്വത്തില്‍ നടക്കുന്നു. ഡല്‍ഹിയില്‍നിന്ന് ബി.എ പാസ്സായി വരുന്ന മുഹമ്മദ് ഇസ്ഹാക്ക് എന്ന യുവനേതാവ് കന്ന് പൂട്ടുന്നതും തുടര്‍ന്ന് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതുമാണ്. 

പുലിയാനാംകുന്ന് അന്ന് സാമൂഹ്യമാറ്റങ്ങള്‍ നിരവധി കണ്ട ഒരു ഗ്രാമമാണ്. വിധവാവിവാഹവും മിശ്രവിവാഹവും നടന്ന, അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് എന്ന വി.ടിയുടെ നാടകം അരങ്ങേറിയ ഇട്ട്യാമ്പറമ്പത്തുമന അവിടെയാണ്. മാമൂലുങ്ങള്‍ക്കെതിരായ സാമൂഹ്യവിപ്ലവ കാഹളങ്ങള്‍ ഉയര്‍ന്ന മണ്ണ്. 

സുമുഖനായ മുഹമ്മദ് ഇസ്ഹാക്ക് അന്ന് ജാമിയമിലിയ സര്‍വ്വകലാശാലയില്‍നിന്ന് ബി.എ പാസ്സായി വന്ന യുവാവാണ്. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ ഡോ. സക്കീര്‍ ഹുസൈന്റെ പ്രിയശിഷ്യന്‍. അഖിലേന്ത്യ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഡല്‍ഹി ഓഫീസ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചയാളാണ്. മലപ്പുറം ജില്ലയിലെ സമ്പന്ന മുസ്ലിം കുടുബത്തില്‍ ആനക്കയം അധികാരിയുടെ മകനായി ജനിച്ച ഇസ്ഹാക്കിന്റെ പ്രസംഗം ഏവര്‍ക്കും ബോധിച്ചു. ഫുള്‍പാന്‍ഡ്സും വെള്ളഷര്‍ട്ടും ധരിച്ച് ഒരു കസേരയ്ക്ക് മുകളില്‍നിന്ന് സംസാരിച്ച ആ ചെറുപ്പക്കാരന്‍ നാട്ടുകാരുടെ മനം കവര്‍ന്നു.

അലി​ഗഢ് സർവകലാശാല
അലി​ഗഢ് സർവകലാശാല

അന്ന് ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂളില്‍ പഠിക്കുന്ന ഫിഫ്ത്ത് ഫോറം വിദ്യാര്‍ത്ഥിനി കാമ്പ്രത്ത് പത്മാവതിക്ക് ഈ പ്രസംഗത്തിലൂടെ ഇസ്ഹാക്കിനെ ഏറെ ഇഷ്ടമായി. പിന്നീട് പുത്തനാല്‍ക്കല്‍ മൈതാനത്തും തലശ്ശേരിയിലെ വിദ്യാര്‍ത്ഥി സമ്മേളനത്തിലും ഐസിപ്പിയുടെ സഹോദരി പ്രിയദത്തയോടും (കല്ലാട്ട് കൃഷ്ണന്റെ ഭാര്യ) സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന എ.പി. രാവുണ്ണിയുടെ സഹോദരി എ.സി. ജാനകിയോടൊപ്പം പോയി. ആ പ്രസംഗത്തിന്റെ രാഷ്ട്രീയവും ഉള്ളടക്കവും മനസ്സിലാക്കാനായി പത്മാവതിയുടെ ശ്രമം.

അന്ന് ചളവറയില്‍ സ്വാതന്ത്ര്യ സമരസേനാനികളും കമ്യൂണിസ്റ്റുകാരുമായ സി.കെ. കുമാരപണിക്കര്‍ ഇ.എം.എസ്, കെ.പി.ആര്‍. രയരപ്പന്‍, കെ.എ. കേരളീയന്‍, ഇ.പി. ഗോപാലന്‍, മുഹമ്മദ് ഇസ്ഹാക്ക് തുടങ്ങിയ എം.എസ്. പിക്കാര്‍ തിരയുന്ന സഖാക്കള്‍ക്കുള്ള ഷെല്‍ട്ടറുകളുണ്ടായിരുന്നു. ഈ ഷെല്‍ട്ടറുകളില്‍ സന്ദേശം കൈമാറാനെത്തിയ പത്മാവതിയോട് ഒരിക്കല്‍ മുഹമ്മദ് ഇസ്ഹാക്ക് വിവാഹാഭ്യര്‍ത്ഥന നടത്തി. 
ഇസ്ഹാക്കുമായുള്ള ബന്ധമറിഞ്ഞതിന്റെ പേരില്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമായ പത്മാവതിയുടെ യഥാസ്ഥിതിക കുടുംബം ഞെട്ടിവിറച്ചു. അന്നേയ്ക്ക് ടി.ടി.സി പാസ്സായ പത്മാവതി നിലമ്പൂരില്‍ അദ്ധ്യാപികയായിരുന്നു. കൊല്‍ക്കത്ത തീസീസ് കാലത്തെ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പിന്‍വാങ്ങി ഡല്‍ഹിയിലെത്തിയിരുന്ന ഇസ്ഹാക്കിനോടൊപ്പം ചേരാന്‍ 1949-ലാണ് വീടുപേക്ഷിച്ച് ഒറ്റയ്ക്ക് തീവണ്ടി കയറി യാത്രയായത്.

ഇസ്ഹാക്കിന്റേയും പത്മാവതിയുടേയും ജീവിതകഥ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മൂശയില്‍ തിളയ്ക്കുന്ന കേരളത്തിന്റെ പ്രത്യേക കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. സവിശേഷമായ സ്വതന്ത്രചിന്താശീലമുള്ള ഈ ദ്വന്ദങ്ങളുടെ കൂടിച്ചേരല്‍ അന്നത്തെ സാമൂഹ്യചിന്തകളെ വെല്ലുവിളിക്കുന്നതായിരുന്നു. പലപ്പോഴും സംഘാടന പരിമിതികളെ ഉല്ലംഘിക്കുന്ന വ്യക്തിത്വങ്ങള്‍ എന്ന നിലയില്‍ത്തന്നെ ഇവര്‍ക്ക് അതിന്റേതായ ഒറ്റപ്പെടുത്തലുകള്‍ നേരിടേണ്ടിവന്നു. എല്ലാ ഘട്ടങ്ങളിലും ഇത്തരക്കാര്‍ക്ക് സ്വഭാവികമായും സ്വതന്ത്ര ചിന്തയുടെ പേരില്‍ നേരിടേണ്ടിവന്ന പ്രശ്‌നമാണിതെന്നും കാണാനാവും. 

1946-ല്‍ മദിരാശി നിയമസഭ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മലപ്പുറം ദ്വയാംഗമണ്ഡലത്തില്‍നിന്ന് മുഹമ്മദ് ഇസ്ഹാക്ക് ഇ.എം.എസ്സിനോടൊപ്പം മത്സരിച്ച് പരാജയപ്പെട്ടു. എങ്കിലും ഇന്നത്തെ മലപ്പുറം ജില്ലാ പ്രദേശത്ത് പൊതുയോഗങ്ങള്‍ പിപുലമായി നടത്തി സരളമായി കാര്യങ്ങള്‍ വിശദീകരിച്ച് ജനങ്ങളില്‍ പുരോഗമന രാഷ്ട്രീയാഭിമുഖ്യം വളര്‍ത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഹമ്മദ് ഇസ്ഹാക്ക് മുഖ്യപങ്ക് വഹിച്ചു. ഒരു വര്‍ഷത്തിനുശേഷം തന്റെ കര്‍മ്മമണ്ഡലമായി ഡല്‍ഹി തെരഞ്ഞെടുക്കാന്‍ ഇസ്ഹാക്ക് നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച ആദ്യത്തെ മുസ്ലിം സ്ഥാനാര്‍ത്ഥിയായിരുന്നു ഇസ്ഹാക്ക്.

സിഎച്ച് മുഹമ്മദ്കോയ
സിഎച്ച് മുഹമ്മദ്കോയ

ഡല്‍ഹിയില്‍ ഒരു നവംബറിന്റെ തണുപ്പില്‍ പത്മാവതി എത്തിചേര്‍ന്നുകൊണ്ട് ഇസ്ഹാക്കിനോടൊത്ത് പടുത്തുയര്‍ത്തിയ ജീവിതം ഒരു സമരം തന്നെയായിരുന്നു. നേരത്തെ കേരളത്തില്‍നിന്നു പിന്‍തുടര്‍ന്നു വന്ന കേസിന്റെ പേരില്‍ അദ്ദേഹം ഒരാഴ്ച ജയിലില്‍ അടയ്ക്കപ്പെടുകയും പ്രിയഗുരുനാഥന്‍ ഡോ. സക്കീര്‍ ഹുസൈന്‍ (പിന്നീട് ഇന്ത്യന്‍ യൂണിയന്‍ പ്രസിഡണ്ട്) ഇടപെട്ട് മോചിതനാക്കുകയും ചെയ്തു. ജാമിയമില്ലിയ സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥനാകുകയും ഒരു വര്‍ഷം മദിരാശി ലെയ്ലന്റ് കമ്പനിയിലെ ഓഫീസ് മേധാവിയായും ജോലി ചെയ്ത ഇസ്ഹാക്കിനെ രാംപൂര്‍ നവാബിന്റെ മുഖ്യമന്ത്രിയായിരുന്ന ബഷീറുദ്ദീന്‍ സൈദിന്റെ സെക്രട്ടറിയായി നിയമിക്കുകയും തുടര്‍ന്ന് അദ്ദേഹം അലിഗഡ് സര്‍വ്വകലാശാലയിലെ രജിസ്ട്രായപ്പോള്‍ തന്നോടൊപ്പം അലീഗഡിലേയ്ക്ക് കൊണ്ടുപോയി അവിടെ നിയമിക്കുകയും തുടര്‍ന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയി നിയമിക്കപ്പെടുകയും ചെയ്തു.

ഡല്‍ഹി വാസക്കാലം ഈ ദമ്പതികള്‍ക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യരംഗത്ത് നായകത്വം വഹിക്കുന്ന നിരവധി ആളുകളുമായി അടുപ്പത്തില്‍ കഴിയാനിട വന്നു. സ്വാതന്ത്ര്യത്തിനു മുന്‍പ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഇസ്ഹാക്കിന് എം.എന്‍. റോയ്, മുഹമ്മദാലി ജിന്ന, ലിയാഖത്ത്ലിഖാന്‍, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. സക്കീര്‍ ഹുസൈന്‍, ആസിഫലി, അരുണ ആസിഫലി, നവാബ് സിദ്ദിഖ് അലിഖാന്‍, എം. ഫാറൂക്കി, സത്താര്‍സേട്ട്, എടത്തട്ട നാരായണന്‍, രാഹുല്‍ സംസ്‌കൃത്യായന്‍ തുടങ്ങിയവരുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. 

ടിവി തോമസ്
ടിവി തോമസ്

പിന്നീട് കുടുംബമായി ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ ഇ.എം.എസും സഹധര്‍മ്മിണിയും എ.കെ.ജി, സുശീല ഗോപാലന്‍, കെ.സി. ജോര്‍ജ്ജ്, ഇ.കെ. ഇമ്പിച്ചിബാവ, പി.ടി. പുന്നൂസ്, വി.പി. നായര്‍, മുസ്ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയ കോണ്‍ഗ്രസ്സിലെ വേലായുധന്‍, ദാക്ഷായണി വേലായുധന്‍, കെ.എ. ദാമോദരമേനോന്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കുട്ടി, ഓം ചേരി, ലീല ഓംചേരി തുടങ്ങിയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമായി ഇവര്‍ ഉറ്റബന്ധം പുലര്‍ത്തി. 

മദിരാശിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഗര്‍ഭിണിയായിരുന്ന പത്മാവതിയെ ഇസ്ഹാക്കിന്റെ ആനക്കയത്തുള്ള കുടുംബം അങ്ങോട്ട് വിളിച്ച് ആദ്യപ്രസവം അവിടെ വെച്ചാണുണ്ടായത്. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുബം വലിയ മതസ്പര്‍ധ നിലനിന്ന കാലത്ത് (രാമസിംഹന്‍ സംഭവമെല്ലാം നടന്നത് ആയിടക്കായിരുന്നു) പ്രകടിപ്പിച്ച ഉയര്‍ന്ന മാനവിക ബോധം പ്രശംസനീയമായിരുന്നു. വീണ്ടും ഡല്‍ഹിയിലെത്തിയ പത്മാവതി അലീഗഡ് സര്‍വ്വകലാശാലയില്‍നിന്ന് പ്രീഡിഗ്രി പാസ്സായി ബിരുദം നേടി 35-ാമത്തെ വയസ്സിലാണ് എം.എയ്ക്ക് ചേരുന്നത്. അന്ന് കേരളത്തിലെ നിരവധി വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ അലിഗഡിലെത്തിച്ച് പ്രവേശനം നേടിക്കൊടുത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഇസ്ഹാക്ക് നടത്തിയ പരിശ്രമം പില്‍കാലത്ത് പല പ്രഗല്‍ഭരും അനുസ്മരിക്കുന്നുണ്ട്. 

പി.ടി. ഭാസ്‌ക്കരപണിക്കര്‍, എ.കെ.ജി., മുഹമ്മദ് അബ്ദ്ദുള്‍ റഹിമാന്‍ തുടങ്ങിയ നേതാക്കളെപ്പോലെ ഊര്‍ജ്ജസ്വലതയോടേയും അടുത്ത് ഇടപഴകാന്‍ തുടങ്ങുന്ന സമയത്തുതന്നെ പ്രസരിപ്പിക്കപ്പെടുന്ന ചൈതന്യത്തിന്റേയും പ്രവാഹകേന്ദ്രമായിരുന്ന മുഹമ്മദ് ഇസ്ഹാക്ക്. മുഹമ്മദ് അബുദ്ദുള്‍ റഹിമാന്‍ സാഹിബിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചുമതല ഏറ്റെടുത്ത് നാട്ടിലലഞ്ഞു നടന്ന ശിഷ്യനെ സാഹിബിനു  വലിയ കാര്യമായിരുന്നു. 

കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മുന്‍നിര്‍ത്തി 1954-ല്‍ പത്മാവതിയും കുട്ടികളും നാട്ടിലേയ്ക്ക് മടങ്ങി ഷൊര്‍ണ്ണൂരിനടുത്ത് കുളപ്പുള്ളിയില്‍ ഐ.സി.പിയുടെ ബന്ധുവിന്റെ വിശാലമായ വളപ്പില്‍ പണിതീരാത്ത വീട്ടില്‍ താമസമാരംഭിച്ച ഈ കുടുംബം വലിയ ജീവിത സമരമാണ് നടത്തിയത്. മാപ്പിളയോടൊപ്പം പോയവള്‍ എന്നു ചുറ്റുമുള്ള സമൂഹത്തിന്റെ അവഹേളനം തള്ളികളഞ്ഞ് തന്റെ കുട്ടികളെ ഷൊര്‍ണ്ണൂരിലെ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ത്ത് ഒരു എലിമെന്ററി സ്‌കൂള്‍ ടീച്ചറായി അവര്‍ ജോലി ചെയ്തു. തന്റെ ബിരുദാനന്തര ബിരുദത്തിന്റെ പിന്‍ബലത്തില്‍ 1971-ല്‍ പട്ടാമ്പി കോളേജിലെ ചരിത്രാദ്ധ്യാപികയായി അവര്‍ മാറി. കോളേജിലെ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായി. പ്രിന്‍സിപ്പാള്‍മാരെക്കാള്‍ കാര്യപ്രാപ്തിയുള്ളയാളായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് അവരുടെ വിദ്യാര്‍ത്ഥികളും പിന്നീട് സഹപ്രവര്‍ത്തകരുമായും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായ പ്രൊഫ. ഗംഗാധരനും പ്രൊഫ. ഗീതയും ഇന്ന് അവരെ ഓര്‍ക്കുന്നു. അവധിക്കാലത്തും വിശേഷസന്ദര്‍ഭങ്ങളിലും ഇടക്കിടെ എത്തുന്ന ഇസ്ഹാക്ക് പകര്‍ന്ന സ്‌നേഹത്തിന്റെ പിന്തുണയോടെ അവര്‍ തന്റെ ജീവിതപ്പോരാട്ടം തുടര്‍ന്നു.

1974-ല്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ടി.വി. തോമസ് അന്നേക്ക് അലിഗഡില്‍നിന്ന് ഉദ്യോഗം മാറി നാട്ടിലെത്തിയ ഇസ്ഹാക്കിനെ വിളച്ച് മലപ്പുറം സ്പിനിംങ്ങ് മില്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിന്റെ ചീഫ് പ്രമോട്ടറാക്കി മാറ്റി. കോഴിക്കോട് സര്‍വ്വകലാശാല രജിസ്ട്രാറായി ചേരണം എന്ന സി.എച്ച്. മുഹമ്മദ് കോയയുടെ നിര്‍ബ്ബന്ധം മൂലമാണ് ഇസ്ഹാക്ക് അലിഗഡിലെ ജോലി രാജിവെച്ച് പോന്നത്. എന്നാല്‍, സി.എച്ചിന്റെ താല്പര്യം അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. കേരളത്തിന്റെ സ്പിന്നിംഗ് മേഖലയും ടെക്സ്റ്റയില്‍ വ്യവസായത്തേയും പരിപോഷിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ന്ന് ഇസഹാക്ക് മാറി. അന്ന് മലപ്പുറം സ്പിന്നിംഗ് മില്ലില്‍ തന്റെ സഹപ്രവര്‍ത്തകനായി ഇസ്ഹാക്ക് കണ്ടെത്തിയ ആളാണ് പിന്നീട് കേരള രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എം.പി. പാണക്കാട് പൂക്കോയ തങ്ങള്‍ ചെയര്‍മാനായ സ്പിന്നിംഗ് മില്ലിനെ ലാഭകരമായ ഒരു സ്ഥാപനമാക്കി തന്റെ നേതൃത്വത്തില്‍ ഇസഹാക്ക് നിലനിര്‍ത്തി.

ഇസ്ഹാക്കും പത്മാവതിയും
ഇസ്ഹാക്കും പത്മാവതിയും

ചരിത്രം സൃഷ്ടിക്കുകയും ചരിത്രത്തില്‍ ബിരുദമെടുക്കുകയും ചെയ്ത പ്രൊഫ. പത്മാവതി അമ്മ ഇന്നു തന്റെ മക്കളോടൊപ്പം ആസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസിക്കുന്നു. 1992-ല്‍ ഇസ്ഹാക്കിന്റെ പേര്‍പാട് അവരുടെ ജീവിതത്തെ ഉലച്ചു. ഭാവി തലമുയ്ക്ക് ഗുണകരമായ ചരിത്ര ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനും പ്രൊഫ. പത്മാവതി അമ്മയ്ക്കു കഴിഞ്ഞു. 

കേരളീയ സമൂഹജീവിതത്തെ പുരോഗതിയുടേയും നവോത്ഥാനത്തിന്റേയും കൈവഴിയിലേയ്ക്ക് നയിച്ച നിരവധി സംഭവങ്ങളും വ്യക്തികളുമുണ്ട്. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഈ വ്യക്തികള്‍ സാമൂഹ്യപരിസരങ്ങളെ ഇരുട്ടില്‍നിന്ന് വെളിച്ചത്തേയ്ക്ക് നയിച്ചു. തന്റേടം കൊണ്ടും ഇച്ഛാശക്തികൊണ്ടും സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ച ഒരു പാരമ്പര്യത്തിന്റെ കണ്ണിയായിരുന്നു പ്രൊഫ. പത്മാവതിയമ്മ. ചുറ്റുപാടുമുള്ള ലോകത്തെ ശുഭ ചിന്തയോടും യുക്തി മനോഭാവത്തോടേയും നോക്കിക്കണ്ട മുഹമ്മദ് ഇസ്ഹാക്ക് എന്ന വലിയ മനുഷ്യന്റെ ജീവിതവുമായി ചേര്‍ന്ന് അവര്‍ ആര്‍ജ്ജിച്ച വ്യക്തിപ്രഭാവം സമൂഹത്തിന്റെ സ്വതന്ത്രചിന്തകളെ ഉദ്ദീപിപ്പിച്ചു. നിഴലും നിലാവും പോലെ ഓര്‍മ്മകളകന്നും മങ്ങിയും കഴിയുന്ന അവര്‍ ശരിയായി അടയാളപ്പെടുത്തേണ്ടതുണ്ട്.

മലബാര്‍ കലാപകാലത്ത്  കൊല്ലപ്പെട്ട ഖാന്‍ബഹദൂര്‍ എന്ന സ്ഥാനപ്പേര്‍ ലഭിച്ച പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ചേക്കുട്ടി സാഹിബിന്റെ പൗത്രനാണ് മുഹമ്മദ് ഇസ്ഹാക്ക്. 1939-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ലഭിച്ച് ഡല്‍ഹിയില്‍ ഏതാനും വര്‍ഷം പ്രവര്‍ത്തിച്ച ശേഷം 1945-ല്‍ തിരിച്ച് നാട്ടിലെത്തി ജനങ്ങളുടെ നേതാവായ മുഹമ്മദ് ഇസ്ഹാക്ക് ഏറനാട്ടിലും വള്ളുവനാട്ടിലും അന്ന് ഇ.എം.എസിന്റേയും എ.കെ.ജിയുടേയും ചിത്രങ്ങള്‍ക്കൊപ്പം പൊതുയോഗങ്ങളില്‍ ചൂടപ്പംപോലെ വിറ്റഴിയുന്ന ചിത്രമായിരുന്നു മുഹമ്മദ് ഇസ്ഹാക്കിന്റേത്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇപ്പോള്‍ പിന്നോക്ക വിഭാഗ കമ്മിഷന്‍ അംഗമായ സുബൈദാ ഇസ്ഹാക്കിന്റെ ഭര്‍ത്താവ് ഇസ്ഹാക്ക് മുഹമ്മദ് ഇസ്ഹാക്കിന്റെ സഹോദരപുത്രനാണ്. അദ്ദേഹത്തിന് ഇസ്ഹാക്കിന്റെ പേര്‍ ലഭിച്ചതും അങ്ങനെയാണ്. നിരവധി തലമുറകള്‍ക്ക് പ്രചോദനമായ നാടും കാലവുമറിഞ്ഞ ആ വിപ്ലവകാരി നമ്മുടെ ചരിത്രത്തില്‍ കരസ്ഥമാക്കിയ സ്ഥാനം വിലയിരുത്തപ്പെടേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com