'കരുതല്‍ നല്‍കിയ രോഗം, കനിവ് നല്‍കിയ വിമുക്തി'- കൊവിഡ് ബാധിച്ച നഴ്‌സ് രേഷ്മയുടെ അതിജീവന നിമിഷങ്ങള്‍

കൊവിഡ് രോഗീപരിചരണം മുഖേന രോഗം പകര്‍ന്ന ആരോഗ്യപ്രവര്‍ത്തകയായ രേഷ്മ രോഗകാലവും അനുഭവവും പങ്കുവയ്ക്കുന്നു
രേഷ്മ മോഹൻദാസ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/എക്സ്പ്രസ്
രേഷ്മ മോഹൻദാസ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/എക്സ്പ്രസ്

'രാവിലെ ചില ബുദ്ധിമുട്ടുകള്‍ തോന്നി. പനിയൊന്നുമില്ല. പക്ഷേ, ശബ്ദത്തിനു ചെറിയ മാറ്റം, ശക്തമായ തലവേദനയും ശരീരവേദനയും. അപ്പോള്‍ത്തന്നെ ഹെഡ് നഴ്‌സിനെ വിളിച്ചു പറഞ്ഞു. കൊവിഡ് ഡ്യൂട്ടിയിലുള്ളവര്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു പറഞ്ഞിരുന്നു. മാഡം വേഗം നഴ്‌സിംഗ് സൂപ്രണ്ടിനെയൊക്കെ അറിയിച്ചു, കൊറോണ ക്ലിനിക്കില്‍ പരിശോധിക്കുകയും ചെയ്തു. അന്നുതന്നെ സ്രവ പരിശോധന നടത്തി ഒരു മുറിയിലേയ്ക്കു മാറ്റി.' കോട്ടയം മെഡിക്കല്‍ കോളേജിലെ കൊവിഡ് ഐസിയുവില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് രേഷ്മ മോഹന്‍ദാസ് രോഗകാലത്തെക്കുറിച്ചു പറയുകയാണ്. രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിക്കുകയും ഭേദമാവുകയും വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തക. കഴിഞ്ഞ മാര്‍ച്ച് 23ന് ഉച്ചകഴിഞ്ഞു ജോലിക്കിടയിലാണ് ചില രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. പിറ്റേന്നു രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ മൂന്നിന് ആശുപത്രി വിട്ടു. 16 വരെ ഹോം ക്വാറന്റൈന്‍. 20 മുതല്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങി. വീണ്ടും കൊവിഡ് ഡ്യൂട്ടിക്കു പോകാന്‍ തയ്യാര്‍.

'24നു വൈകുന്നരം ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലെ ഡോ. ഹരികൃഷ്ണനാണ് പരിശോധനാ ഫലം പോസിറ്റീവാണ് എന്നു പറയാന്‍ വന്നത്. അദ്ദേഹം പിപിഇ (വ്യക്തിഗത സുരക്ഷാ വസ്ത്രം) ധരിച്ചിരുന്നു. ആ വേഷത്തില്‍ സാറിനെ കണ്ടപ്പോള്‍ത്തന്നെ എനിക്കു മനസ്സിലായി, പോസിറ്റീവാണ് എന്ന്. രോഗം സ്ഥിരീകരിച്ചവരെ മാത്രമാണ് പിപിഇ ധരിച്ച് സമീപിക്കുന്നത്. 'വിഷമിക്കരുത്, കംഫര്‍ട്ടബിള്‍ ആയി നമുക്ക് ഇരുന്നു സംസാരിക്കാം' എന്ന ആമുഖം വന്നപ്പോള്‍ത്തന്നെ ഞാന്‍ അങ്ങോട്ടു പറഞ്ഞു, എനിക്കു മനസ്സിലായി എന്ന്. 'പേടിക്കുകയൊന്നും വേണ്ട, സിസ്റ്ററിന് വേറെ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് വേറെ പ്രശ്‌നമൊന്നും ഉണ്ടാകില്ല' എന്ന് ആശ്വസിപ്പിച്ചു. പ്രശ്‌നമില്ല, ഞാന്‍ ഓകെ ആണ് എന്നു ഞാനും പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകയ്ക്കു കൊവിഡ് ബാധിച്ചിരിക്കുന്നു എന്ന വിവരം ആരോഗ്യമന്ത്രി അനൗണ്‍സ് ചെയ്യും. അതിനു മുന്‍പ്, എന്നോട് വിവരം പറയാനാണ് ഡോക്ടര്‍ വീട്ടില്‍ വന്നത്. മന്ത്രി പറയുന്നത് മാധ്യമങ്ങളില്‍ കണ്ടല്ല എന്റെ രോഗ വിവരം ഞാന്‍ അറിയേണ്ടത് എന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു അത്'  രേഷ്മ പറയുന്നു.

രേഷ്മ മോഹൻദാസ് ആരോ​ഗ്യ മന്ത്രി കെകെ ശൈലജയ്ക്കൊപ്പം
രേഷ്മ മോഹൻദാസ് ആരോ​ഗ്യ മന്ത്രി കെകെ ശൈലജയ്ക്കൊപ്പം

റാന്നി സ്വദേശികളായ 93 വയസ്സുള്ള തോമസിനേയും 85 വയസ്സുള്ള മറിയാമ്മയേയും പരിചരിച്ച 16 അംഗ സംഘത്തിലെ അംഗമായിരുന്നു രേഷ്മ. മുതിര്‍ന്ന ദമ്പതികള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ കൊറോണ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ അറിയിക്കണം എന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തയ്യാറാണ് എന്ന് രേഷ്മയും അറിയിച്ചു. രണ്ടുപേരും ഐസിയുവില്‍ ആയിരുന്നു. ഒരിക്കല്‍പ്പോലും വീട്ടില്‍നിന്നു മാറി നില്‍ക്കാത്തവരും തമ്മില്‍ പിരിഞ്ഞിരിക്കാത്തവരും. ആശുപത്രിയിലേക്കു കൊണ്ടുവന്നപ്പോള്‍ത്തന്നെ അവര്‍ക്ക് വിഷമമായി. മക്കളേയും ബന്ധുക്കളേയുമൊന്നും കാണാത്തതിന്റെ വിഷമം. അങ്ങനെയാണ് രണ്ടുപേരെയും ഒരു മുറിയിലാക്കിയത്. രോഗം കൂടുതല്‍ ബാധിച്ചത് തോമസിനെയായിരുന്നു. അദ്ദേഹത്തെ ഇടയ്ക്ക് വെന്റിലേറ്ററിലേക്കു മാറ്റേണ്ട സാഹചര്യം പോലുമുണ്ടായി. പക്ഷേ, വേഗം ഭേദമായി.

ഹെഡ് നഴ്‌സ് ഷൈനി, അനുപമ, കോട്ടയത്തു നിന്ന് ഇപ്പോള്‍ കാസര്‍ഗോട്ടേയ്ക്ക് കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കു പോയവരില്‍ ഒരാളായ മേരിപ്രഭ, മാത്യു, അല്‍ത്താഫ്, സോജ, സന്ധ്യ, ഏയ്ഞ്ചല്‍ തുടങ്ങി നിരവധി സഹപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സ്‌നേഹത്തേയും സേവനത്തേയും കുറിച്ചു പറയാനുണ്ട് രേഷ്മയ്ക്ക്. എല്ലാവരും പരസ്പരം ദൃഢബന്ധം; നല്ല കൂട്ട്. ഐസിയുവിലായതുകൊണ്ട് നാലു മണിക്കൂറാണ് ജോലി. പിപിഇ ധരിച്ചാണ് കയറുന്നത്. ഈ നാലു മണിക്കൂറിനിടയ്ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. പ്രാഥമിക കൃത്യങ്ങള്‍ മുതല്‍ പല്ലു തേപ്പിക്കുകയും കുളിപ്പിക്കുകയും ഉള്‍പ്പെടെ 'അപ്പച്ചന്റേയും അമ്മച്ചിയുടേയും' എല്ലാ കാര്യങ്ങളും ചെയ്യണം. രണ്ടുപേരും നടക്കുന്ന ആളുകളായിരുന്നെങ്കിലും രോഗാവസ്ഥയില്‍ കിടപ്പുതന്നെ. 'ആദ്യമൊക്കെ അവര്‍ക്കുതന്നെ അതൊരു ബുദ്ധിമുട്ടായിരുന്നെങ്കിലും ഞങ്ങള്‍ സാരിച്ചപ്പോള്‍ അതു മാറി. മുഖം കാണാന്‍ വയ്യെങ്കിലും ശബ്ദത്തില്‍നിന്ന് ഓരോ ആളെയും അവര്‍ക്ക് തിരിച്ചറിയാമായിരുന്നു. അപ്പച്ചാ, അമ്മച്ചീന്നു വിളിക്കുമ്പോള്‍ ആളെ മനസ്സിലാക്കിയാണ് മറുപടി പറയുക. മറ്റേയാളെന്താ വരാത്തത് എന്നൊക്കെ അന്വേഷിക്കും. പേര് ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടാണ്; ഞങ്ങള്‍ വരുന്ന സ്ഥലംവച്ചാണ് പറയുന്നത്. ഇത്രയും പ്രായമായെങ്കിലും അപ്പച്ചനായിരുന്നു കൂടുതല്‍ ഓര്‍മ്മശക്തിയൊക്കെ. വീട്ടില്‍ പോകണം എന്നു രണ്ടുപേര്‍ക്കും വാശിയായിരുന്നു; ഞങ്ങള്‍ വീട്ടില്‍ പോകും എന്ന മട്ടിലുള്ള ഒരുതരം ഇച്ഛാശക്തി. 12 ദിവസമാണ് ഞാന്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.'

അച്ഛന്റെ അമ്മ 95ാം വയസ്സില്‍ മൂന്നു വര്‍ഷം മുന്‍പാണ് മരിച്ചത്. വലിയ സ്‌നേഹമായിരുന്നു. ആ പ്രായത്തിലും ഓര്‍മ്മയും തിരിച്ചറിവുമുണ്ടായിരുന്നു. കൊച്ചുമകള്‍ നഴ്‌സാണെന്നൊക്കെ അറിയാം. അച്ഛമ്മയുടെ അവസാന കാലത്തു നന്നായി നോക്കാന്‍ സാധിച്ചു. റാന്നിയിലെ അപ്പച്ചനേയും അമ്മച്ചിയേയും കണ്ടപ്പോള്‍ ആ ഓര്‍മ്മയാണ് വന്നത്. ആ സ്‌നേഹമാണ് ഉണ്ടായത്. 'ഇച്ചിരെ കട്ടന്‍ വെള്ളം ഇങ്ങ് ഇട്ടേടീ' എന്ന് അപ്പച്ചന്‍ ഒരു ദിവസം പാതിരായ്ക്കു പറഞ്ഞു. അന്ന് അതിനു സൗകര്യമുണ്ടായിരുന്നില്ല ഐസിയുവില്‍. ചൂടുവെള്ളമാണ് കൊടുത്തത്. പരാതി പറയാതെ കുടിച്ചു. പിന്നീട് സൂപ്രണ്ടിനോടു പറഞ്ഞപ്പോള്‍ അതിനു വേണ്ടതൊക്കെ ചെയ്തു തന്നു. ഒരു ദിവസം, അമ്മച്ചിക്കു മീന്‍ കറി കൂട്ടി ചോറുണ്ടാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, അത് ഞങ്ങളോടു പറയുന്നത് അപ്പച്ചനാണ്. അങ്ങോട്ട് പറഞ്ഞിട്ടൊന്നുമില്ല; മനസ്സ് വായിക്കുന്നതുപോലെ പറഞ്ഞതാണ്. അപ്പച്ചന്റെ ഇരുപതാമത്തെ വയസ്സില്‍ വിവാഹിതരായവരാണ്. 73 വര്‍ഷം ഒന്നിച്ചു ജീവിച്ചവര്‍. അപ്പോള്‍പ്പിന്നെ അവര്‍ക്ക് പരസ്പരം മനസ്സൊക്കെ വായിക്കാന്‍ പറ്റും. ഞങ്ങളന്ന് ഹോസ്റ്റലില്‍നിന്നു മീന്‍ കറി കൊണ്ടുക്കൊടുത്തപ്പോള്‍ അമ്മച്ചിയുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. ഹാപ്പിയായിട്ട് ചോറു കഴിച്ചു. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം നമുക്കു മനസ്സിലാകും. ഇതുവരെ പിരിഞ്ഞിരുന്നിട്ടില്ല. നല്ലപോലെ കൃഷി ചെയ്ത് അദ്ധ്വാനിച്ചു ജീവിച്ചവരാണ്, അതിന്റെ വില്‍ പവറുമുണ്ട്. മെഡിക്കല്‍ കോളേജ് ഉണ്ടായ കാലത്തെ കഥയൊക്കെ ഞങ്ങളോട് അപ്പച്ചന്‍ പറയും. രാത്രി ഒരു മണിക്കൊക്കെ സംസാരിച്ചു കിടക്കും.

മാര്‍ച്ച് 12ന് കൊവിഡ് ഡ്യൂട്ടി തുടങ്ങിയ ശേഷം വീട്ടില്‍ പോയില്ല. പോകാന്‍ പാടില്ല. നഴ്‌സസ് ഹോസ്റ്റലില്‍നിന്നു പോയിവരികയായിരുന്നു. ആരൊക്കെയാണ് ആശുപത്രിയില്‍ െ്രെപമറി കോണ്ടാക്റ്റ്‌സ്, റൂം മേറ്റ്‌സ് ആരൊക്കെയാണ്, ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്ത് ആരുമായൊക്കെയായിരുന്നു ഇടപഴകിയത്, പുറത്തു പോയിട്ടുണ്ടോ എന്നൊക്കെ 24നു ഉച്ച മുതല്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍നിന്നു വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ഫലം നെഗറ്റീവല്ലെങ്കിലും അതിനെ നമ്മള്‍ മറികടക്കും കുഴപ്പമൊന്നുമില്ല എന്ന ധൈര്യമുണ്ടാകണം എന്നും അതിനിടയില്‍ പറഞ്ഞു. ടെന്‍ഷന്‍ വേണ്ട എന്ന്. കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഇങ്ങനെ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നുണ്ട് എന്ന് ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ വിളിച്ചു രേഷ്മ പറയുകയും ചെയ്തു. ആരോഗ്യപരമായ വേറെ പ്രശ്‌നങ്ങളൊന്നുമില്ലാത്തതുകൊണ്ട് പേടിയും ടെന്‍ഷനും ഇല്ലായിരുന്നു. രോഗം ബാധിച്ചാലും ഭേദമാകും എന്ന ധൈര്യം. രോഗം സ്ഥിരീകരിച്ചതോടെ പേവാര്‍ഡില്‍ താഴത്തെ നിലയിലെ മുറിയിലേക്കു മാറ്റി. ചികിത്സാക്കാലം തുടങ്ങുകയാണ്. നമ്മള്‍ ഒന്നിച്ചുതന്നെ നേരിടും; നീ വന്നിട്ടു കാണാന്‍ കാത്തിരിക്കുകയാണ് എന്ന് ഉണ്ണികൃഷ്ണന്‍ ഫോണില്‍ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ഒന്നടങ്കം ധൈര്യം നല്‍കി.

കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളെ  ദി ന്യൂ ഇന്ത്യൻ എക്സ്പ്രസും മെഡിമിക്സും ചേർന്ന് ആദരിച്ചപ്പോൾ. മന്ത്രി കെകെ ശൈലജ രേഷ്മ മോഹൻദാസിന് ഉപഹാരം നൽകുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ജനറൽ മാനേജർ പി വിഷ്ണുകുമാർ, മെഡിമിക്സ് സെയിൽസ് മാനേജർ മുഹമ്മദ് റാഫി എന്നിവർ സമീപം
കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളെ  ദി ന്യൂ ഇന്ത്യൻ എക്സ്പ്രസും മെഡിമിക്സും ചേർന്ന് ആദരിച്ചപ്പോൾ. മന്ത്രി കെകെ ശൈലജ രേഷ്മ മോഹൻദാസിന് ഉപഹാരം നൽകുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ജനറൽ മാനേജർ പി വിഷ്ണുകുമാർ, മെഡിമിക്സ് സെയിൽസ് മാനേജർ മുഹമ്മദ് റാഫി എന്നിവർ സമീപം

അനുഭവങ്ങള്‍

പിറ്റേ ദിവസമാണ് കൊവിഡ് കാലത്തെ മാത്രമല്ല ജീവിതത്തിലെത്തന്നെ മറക്കാനാകാത്ത നിമിഷം. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറുടെ വിളി. 'മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍ സാര്‍ വിളിച്ചു പറഞ്ഞിരുന്നു മാഡം വിളിക്കുമെന്ന്. എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന ടെന്‍ഷനുമുണ്ടായിരുന്നു. ഒരു ഗ്രാമപ്രദേശത്ത് ജനിച്ചു വളര്‍ന്ന എനിക്ക് മന്ത്രിയോടു സംസാരിക്കുക എന്നത് വളരെ വലിയ കാര്യമായിരുന്നു. ഇങ്ങനെയൊരു അനുഭവം മുന്‍പ് ഉണ്ടായിട്ടില്ല. എന്താ പറയേണ്ടത് എന്ന് അറിയാത്ത വേവലാതി. പക്ഷേ, ടീച്ചര്‍ വിളിച്ചിട്ട് 'മോളേ, എന്തുപറ്റി എന്നു ചോദിച്ചപ്പോള്‍ത്തന്നെ ആ ടെന്‍ഷന്‍ മുഴുവനങ്ങു മാറി. ആവശ്യത്തിനുള്ള സുരക്ഷാ ഉടുപ്പുകളൊക്കെ ഉണ്ടായിരുന്നില്ലേ, വല്ല പ്രശ്‌നവുമുണ്ടായിരുന്നോ' എന്നു ചോദിച്ചു. എല്ലാം ആവശ്യത്തിനുണ്ടായിരുന്നുവെന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു എന്നും ഞാന്‍ പറഞ്ഞു. അത്രയും പ്രായമുള്ള രണ്ടുപേരെ പരിചരിക്കുമ്പോള്‍ അവരുടെ എല്ലാ കാര്യങ്ങളും ചെയ്യണമല്ലോ. അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. സ്വന്തം വീട്ടിലുള്ളവര്‍ക്കു ചെയ്തുകൊടുക്കുന്നതു പോലെയേ ചിന്തിച്ചുള്ളൂ. 'വിഷമിക്കരുത് കൂടെയുണ്ട്' എന്നു പറഞ്ഞ് അപ്പോഴെന്നെ ആശ്വസിപ്പിച്ചു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അറിയിച്ചു. ആ വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. രണ്ടാമത് വിളിച്ചത് ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോഴാണ്. അന്നും ധൈര്യമാണ് തന്നത്. 'സ്വസ്ഥമായി കുറച്ചു ദിവസം വീട്ടില്‍ എല്ലാവരുടേയും കൂടെ കഴിഞ്ഞിട്ടു വരൂ' എന്നു പറഞ്ഞു.

12 ദിവസത്തോളം രോഗാവസ്ഥയിലായിരുന്നു. ഇടയ്ക്ക് ലക്ഷണങ്ങള്‍ കൂടുകയും കുറയുകയുമൊക്കെ ചെയ്തു. തൊണ്ട വേദനയുള്ളപ്പോള്‍ വെള്ളം കുടിച്ചാല്‍പ്പോലും വേദനയായിരിക്കും. കുറേ ദിവസത്തേയ്ക്ക് തലവേദനയും ശരീരവേദനയും ഉണ്ടായിരുന്നു. ഉറക്കം കുറഞ്ഞു, രുചിയും മണവും അറിയുന്നില്ല. ശരിക്കും, മണമൊക്കെ തിരിച്ചു കിട്ടിയപ്പോഴാണ്, മുറി വൃത്തിയാക്കുന്ന ലോഷന്റെ മണം ദിവസങ്ങള്‍ക്കു ശേഷം മൂക്കിലേക്കു വന്നപ്പോഴാണ് ഇത്രയും ദിവസം രോഗം തന്നില്‍നിന്നു ഗന്ധങ്ങള്‍ മാറ്റിയിരിക്കുകയായിരുന്നു എന്നു മനസ്സിലായത്. ആശുപത്രി കോമ്പൗണ്ടിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍നിന്നാണ് ആഹാരം എത്തിച്ചിരുന്നത്. പക്ഷേ, ഒരു ഘട്ടത്തില്‍ കോഫീ ഹൗസ് അടക്കേണ്ടി വന്നു. പിന്നെ ആഹാരം എത്തിച്ചത് അഭയം ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നായി. ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന നിര്‍ബ്ബന്ധത്തോടെയാണ് സഹപ്രവര്‍ത്തകരും ആശുപത്രിയിലെ എല്ലാ തലങ്ങളിലുമുള്ളവരും പ്രവര്‍ത്തിച്ചിരുന്നത്.

ഇതിനിടെ മൂന്നു തവണ സ്രവം പരിശോധിച്ചു. നെഗറ്റീവായ ശേഷം റിവ്യൂവിന് ആശുപത്രിയില്‍ പോയപ്പോള്‍ റാന്നിയിലെ അപ്പച്ചനും അമ്മച്ചിയും റിവ്യൂവിനു വന്നിട്ടുണ്ടായിരുന്നു. സംസാരിച്ചപ്പോള്‍ ശബ്ദംകൊണ്ട് അവര്‍ മനസ്സിലാക്കി. അവരെ നോക്കിയ നഴ്‌സിനു രോഗം വന്ന കാര്യമൊക്കെ അവര്‍ക്ക് അറിയാമായിരുന്നു. കാണണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരേ ദിവസം തന്നെയാണ് രേഷ്മയും അവരും രോഗം ഭേദമായി ആശുപത്രി വിട്ടത്. യാദൃശ്ചികമാണെങ്കിലും അതുമൊരു പ്രത്യേകതയായി.

രേഷ്മയും ഭർത്താവ് ഉണ്ണികൃഷ്ണനും
രേഷ്മയും ഭർത്താവ് ഉണ്ണികൃഷ്ണനും

ഹോം ക്വാറന്റൈന്‍ തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാങ്കുളത്ത് ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഉണ്ണികൃഷ്ണനും അച്ഛനും അമ്മയും ആ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ക്വാറന്റൈനിലാണ് കഴിഞ്ഞത്. ആരെങ്കിലും പുറത്തുപോയാല്‍ ആളുകള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് അറിയാത്തതുകൊണ്ട് അങ്ങനെതന്നെ വേണം എന്നായിരുന്നു നിര്‍ദ്ദേശം. തൊട്ടടുത്ത വീട്ടിലാണ് ഉണ്ണിയുടെ ചേട്ടന്‍ താമസിക്കുന്നത്. അവരാണ് സാധനങ്ങളൊക്കെ എത്തിച്ചു കൊടുത്തിരുന്നത്, പിന്നെ ഉണ്ണിയുടെ സുഹൃത്തുക്കളും.

'ആരില്‍നിന്നും ഞങ്ങള്‍ക്കാര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പക്ഷേ, കോട്ടയത്ത് കടുത്തുരുത്തിയില്‍ എന്റെ വീട്ടിലുള്ളവര്‍ക്ക് ചില ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഗ്രാമപ്രദേശമാണ്. ആശുപത്രിയില്‍ കൊടുത്തിരുന്നത് വീട്ടിലെ സ്ഥിരം വിലാസമായതുകൊണ്ട് ഞാന്‍ ഇടയ്ക്കു വീട്ടില്‍ പോയിരുന്നോ എന്നും മറ്റും നടപടിക്രമത്തിന്റെ ഭാഗമായി ദിശാ പ്രവര്‍ത്തകരൊക്കെ വിളിച്ച് ചോദിച്ചിരുന്നു. അങ്ങനെ എങ്ങനെയോ ചിലര്‍ അറിഞ്ഞു, കൊവിഡ് ബാധിച്ച നഴ്‌സ് ഞാനാണ് എന്ന്. അതിനുശേഷം വീട്ടുകാര്‍ക്ക് ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായി. അച്ഛനും അമ്മയും എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നിരുന്നു എന്നൊക്കെ ആളുകള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു. അവര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാതെയായി. ഇത് അറിഞ്ഞ് ഞാന്‍ ആശുപത്രി ഡോ. ജയകുമാര്‍ സാറിനെ വിളിച്ചു പറഞ്ഞു. അദ്ദേഹം കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും രോഗികളാരും അവിടെയില്ല എന്നും പൊലീസ് മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നെ പ്രശ്‌നമുണ്ടായില്ല. പക്ഷേ, രോഗം മാറിക്കഴിഞ്ഞിട്ടും ഞാന്‍ വീട്ടില്‍ പോയാല്‍ വീട്ടുകാര്‍ക്കു പേടിയായിരുന്നു എന്നെ പുറത്തേയ്ക്കു വിടാന്‍. അസുഖം മാറിയിട്ടുണ്ടോ എന്ന് ആളുകള്‍ക്കു സംശയം വരുമല്ലോ'-  രേഷ്മ പറയുന്നു.

മറക്കില്ലൊരിക്കലും

അച്ഛന്‍ മോഹന്‍ദാസിന്റെ ആഗ്രഹമായിരുന്നു മകളെ നഴ്‌സാക്കുക എന്നത്. പക്ഷേ, അധ്യാപിക ആകാനായിരുന്നു രേഷ്മയുടെ ആഗ്രഹം. എങ്കിലും അച്ഛന്‍ ആഗ്രഹിക്കുന്ന പ്രൊഫഷനോടുള്ള ഇഷ്ടംകൊണ്ട് എന്‍ട്രന്‍സ് എഴുതി നഴ്‌സിംഗ് കോഴ്‌സിനു ചേര്‍ന്നു. കൂടുതല്‍ അറിയുംതോറും ഇഷ്ടം കൂടുകയും ചെയ്തു. നെടുമങ്ങാട് നൈറ്റിംഗേല്‍ കോളേജ് ഓഫ് നഴ്‌സിംഗിലാണ് പഠിച്ചത്. ഒരു വര്‍ഷം നെടുമങ്ങാട്ടു തന്നെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു, പിന്നീട് കോട്ടയത്ത് ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് ചെയ്തു. 2017ലാണ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്.

ഒമ്പത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. മെക്കാനിക്കല്‍ എന്‍ജിനീയറാണ് ഉണ്ണികൃഷ്ണന്‍. എറണാകുളം കാക്കനാട്ട് സ്വന്തം സ്ഥാപനം നടത്തുന്നു. കൊവിഡ് രോഗിയായി രേഷ്മ ആശുപത്രിയിലായിരുന്നപ്പോള്‍ ഹൃദയബന്ധത്തിന്റെ ആഴം കൂടി എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ദിവസവും പലവട്ടം വിളിക്കും. എപ്പോഴെങ്കിലും വിളിക്കുമ്പോള്‍ ബാത്‌റൂമിലോ മറ്റോ ആയതുകൊണ്ട് ഫോണെടുക്കാതിരുന്നാല്‍ തിരിച്ചുവിളിക്കുന്നതുവരെ സമാധാനമില്ല. ശരിക്കും തനിക്ക് പേടിയുണ്ടായിരുന്നു എന്ന് ഇപ്പോള്‍ രേഷ്മയുടെ സാന്നിധ്യത്തില്‍ത്തന്നെ തുറന്നു പറയാന്‍ മടിയില്ല. പക്ഷേ, ആ ദിവസങ്ങളില്‍ അത് അറിയിച്ചിട്ടില്ല. എങ്കിലും ഉണ്ണിയേക്കാള്‍ ധൈര്യം കൂടുതല്‍ രേഷ്മയ്ക്കുതന്നെ ആയിരുന്നു. ഞാന്‍ ആശുപത്രിയില്‍ വന്നൊന്നു കണ്ടാലോ എന്ന് ഇടയ്‌ക്കൊരു ദിവസം സങ്കടം സഹിക്കാതെ ചോദിച്ചു കളഞ്ഞു. പക്ഷേ, രേഷ്മ അനുവദിച്ചില്ല. അമ്മയേയും അച്ഛനേയുംകൊണ്ട് വിളിപ്പിക്കരുത് എന്നു സഹോദരന്‍ വിഷ്ണുവിനോടു പറഞ്ഞിരുന്നു. അവര്‍ക്കും വിഷമമാകും, തനിക്കും സഹിക്കില്ല. പുറത്തു നിന്നു കേള്‍ക്കുന്നത് പേടിപ്പിക്കുന്ന വാര്‍ത്തകളാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ തനിക്കും വല്ലതും സംഭവിക്കുമോ എന്ന് ഇടയ്‌ക്കെങ്കിലും തോന്നിപ്പോകും. പക്ഷേ, ചേട്ടന്‍ വിളിച്ചു സംസാരിച്ചു കഴിയുമ്പോള്‍ അതെല്ലാം മാറുമായിരുന്നു. ചേട്ടന്റെ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും ആരോഗ്യ കാര്യങ്ങള്‍ നോക്കുന്നതുമൊക്കെ ഞാനാണ്. അത് മുടങ്ങുമെന്നു പേടിച്ചപ്പോള്‍ ഇവിടുത്തെ കാര്യങ്ങളൊക്കെ ഓകെയാണ് എന്നു ധൈര്യം തന്നു. സ്വയം ഉരുകിക്കൊണ്ടിരുന്നത് എന്നെ അറിയിച്ചേയില്ല.

'പോസിറ്റാവായ കാര്യം ഉണ്ണിയെ വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ, ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ പൊട്ടിപ്പോയി, സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. കൊറോണ ഡ്യൂട്ടിക്ക് പേര് കൊടുക്കാന്‍ പറയുന്നുണ്ട്. ഞാന്‍ കൊടുക്കാന്‍ പോകുകാണ് എന്നു പറഞ്ഞപ്പോള്‍, അതു വേണോ എന്ന് ഉണ്ണി ചോദിച്ചിരുന്നു, പക്ഷേ, അങ്ങനെ മാറി നില്‍ക്കുന്നതു ശരിയല്ല എന്ന നിലപാടാണ് രേഷ്മ എടുത്തത് എന്ന് ഉണ്ണി പറയുന്നു.' കൂടുതല്‍ സ്‌നേഹം, കൂടുതല്‍ കരുതല്‍, കൂടുതല്‍ പരിഗണന ഇതൊക്കെ കിട്ടുന്നു. ഈ അനുഭവങ്ങളൊന്നും പ്രതീക്ഷിച്ചതല്ല. ഡ്യൂട്ടിക്ക് ഇറങ്ങി, അതിന്റെ തുടര്‍ച്ചയായി രോഗം വന്നു. പിന്നീടുണ്ടായതൊക്കെ ശരിക്കും പ്രചോദിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. ഞങ്ങള്‍ മൊത്തത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നല്‍ നഴ്‌സുമാര്‍ക്ക് പൊതുവേയുണ്ട്. ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ മിക്കപ്പോഴും അതു പറയുമായിരുന്നു.

രണ്ടു മണിക്കൂര്‍ വീതം രാവിലെയും വൈകിട്ടും യാത്ര ചെയ്താണ് ജോലിക്കെത്തുന്നത്. അതിനിടെ വായന നിന്നു പോയിരുന്നു. ക്വാറന്റൈന്‍ കാലത്ത് അത് വീണ്ടും തുടങ്ങാനും സാധിച്ചു. സൗമ്യ എസ്.കെയും കൃഷ്ണപ്രീതിയുമാണ് രേഷ്മയുടെ റൂം മേറ്റ്‌സ്. അടുത്ത കൂട്ടുകാരികള്‍.  അനുപമ സിസ്റ്റര്‍ സീനിയറാണെങ്കിലും വളരെ അടുപ്പവും സ്‌നേഹവും. പിന്നെ, ഗീത സിസ്റ്റര്‍ എല്ലാ ദിവസവും വിളിക്കുമായിരുന്നു. എന്നും വിളിച്ചിരുന്നവരില്‍ നഴ്‌സിംഗ് സൂപ്രണ്ട് പ്രസന്ന മാഡത്തെ മറക്കാന്‍ പറ്റില്ല. വലിയ പിന്തുണയാണ് തന്നത്. ഒരു ദിവസം വയറുവേദന വന്നപ്പോള്‍ പതിവു ചപ്പാത്തിക്കു പകരം മാഡം തന്നെ കഞ്ഞി കൊണ്ടുത്തന്നു. മറ്റൊന്ന് സൂപ്രണ്ട് ജയകുമാര്‍ സാര്‍, ആര്‍.എം.ഒ രഞ്ജന്‍ സാര്‍. ഞാന്‍ സ്റ്റാഫായതുകൊണ്ട് എനിക്കുതന്ന പ്രത്യേക പരിഗണനയല്ല ഇതൊന്നും. മറ്റു രോഗികളോടും ഇങ്ങനെ തന്നെയായിരുന്നു. പുസ്തകങ്ങളും മറ്റും എത്തിച്ചുകൊടുക്കുമായിരുന്നു.

ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് ഇത്ര സൗകര്യങ്ങളുണ്ടോ എന്നു തോന്നിക്കുന്ന വിധത്തില്‍ സുസജ്ജമായാണ് പ്രവര്‍ത്തിച്ചത്, പ്രവര്‍ത്തിക്കുന്നത് എന്ന് രേഷ്മ പറയുന്നു. തനിക്കു പോസിറ്റീവായപ്പോള്‍ത്തന്നെ ഹെഡ് നഴ്‌സ് മുതല്‍ ക്ലീനിംഗ് സ്റ്റാഫ് വരെ ആ ടീമിലെ മുഴുവനാളുകളേയും ഒരു നിമിഷം വൈകാതെ മാറ്റി പുതിയ ടീമിനെ നിയോഗിക്കുകയാണ് ചെയ്തത്. അത്രയ്ക്ക് തയ്യാറെടുത്തിരുന്നു.

കൊവിഡ് വാര്‍ഡിലുണ്ടായിരുന്നവരുടെ പതിനാറംഗ സംഘം ക്വാറന്റൈന്‍ കാലത്ത് വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയതിനെക്കുറിച്ചു പറഞ്ഞു. രേഷ്മ. ഗ്രൂപ്പിന്റെ പേര് 'ഫൈറ്റ് എഗന്‍സ്റ്റ് കൊറോണ.' എപ്പോഴും ചാറ്റിംഗോടു ചാറ്റിംഗ്. ഓരോ മുറിയിലും ഭക്ഷണം എത്തുമ്പോഴൊക്കെ ഫോട്ടോ എടുത്ത് ഇടും; എനിക്ക് ഫുഡ് വന്നു, നിങ്ങള്‍ക്കു വന്നോ? മുഴുവന്‍ സമയവും സജീവം. രേഷ്മ നെഗറ്റീവായി പുറത്തിറങ്ങിയപ്പോള്‍ അവര്‍ അതിന്റെ പേര് 'വീ വില്‍ സര്‍വൈവ്' എന്നാക്കി. ഓരോ മുറികളില്‍ ഒറ്റയ്ക്കു കഴിയുന്നതിന്റെ ഒരു വിഷമവും ആര്‍ക്കും ഉണ്ടായില്ല. പുറത്തുള്ള സഹപ്രവര്‍ത്തകരും കൂട്ടുകാരും സ്‌നേഹിച്ചതിനു പരിധിയില്ല. ഓരോ ആവശ്യങ്ങളും ചോദിച്ചറിഞ്ഞും അല്ലാതെ അറിഞ്ഞും ചെയ്തു തന്നു. ആ ഗ്രൂപ്പില്‍ ലോകത്തേയും രാജ്യത്തേയും കേരളത്തിലേയും കൊവിഡ് വിവരങ്ങള്‍ മാത്രമല്ല, പാട്ടുകളും അഭിരുചികളുമൊക്കെ പങ്കുവച്ചു. കേരളം ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തില്‍ പൊരുതി വിജയിക്കുന്നതിന്റെ ആവേശം ആ മുറിക്കുള്ളിലേക്ക്, മനസ്സിലേക്ക് എത്തിച്ചതില്‍ ആ ഗ്രൂപ്പിനും വലിയ പങ്കുണ്ട്. ഒറ്റയ്ക്കാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ചിലപ്പോഴൊക്കെ ആഹാരത്തോടു താല്‍പ്പര്യം തോന്നാതിരുന്നിട്ടു കൂടി കഴിച്ചിട്ടുണ്ട്. ആരോഗ്യം നോക്കുക പ്രധാനമായതുകൊണ്ടായിരുന്നു അത്. വിഷമിച്ചിരിക്കാതെ ധൈര്യത്തോടെ നിന്നതും അങ്ങനെതന്നെയാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും ആരോഗ്യത്തോടെയിരിക്കുകയാണ് രോഗപ്രതിരോധത്തിന് ഏറ്റവും അത്യാവശ്യം. ഫൈറ്റ് ചെയ്തു പുറത്തിറങ്ങും എന്നു തീരുമാനിക്കണം എന്ന് രേഷ്മ. പുറത്തിറങ്ങി വീട്ടുകാരെ കാണണം എന്നു വലിയ ആഗ്രഹമായിരുന്നു.

കൊവിഡ് ബാധിച്ച രാജ്യത്തെത്തന്നെ ആദ്യ ആരോഗ്യപ്രവര്‍ത്തകയാണ് എന്ന റെക്കോഡിനെക്കുറിച്ചായി പിന്നെ സംസാരം. കൊവിഡൊക്കെ മാറിക്കഴിഞ്ഞാലും ഈ റെക്കോഡ് ആര്‍ക്കും ഭേദിക്കാന്‍ പറ്റില്ലെന്നു ചിരിച്ചുകൊണ്ടാണ് രേഷ്മയും ഉണ്ണികൃഷ്ണനും പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com