പ്രണയത്തിന്റെ ആദിരൂപങ്ങള്‍

പ്രണയം ഒരു സാര്‍വ്വകാലികാനുഭവമാകുന്നത്, അതില്‍ നിലീനമായ നിരാസവും ആത്മത്യാഗവും ഉള്‍പ്പെടെയാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്, അക്കിത്തത്തിന്റെ മാധവിക്കുട്ടി എന്ന കവിത
പ്രണയത്തിന്റെ ആദിരൂപങ്ങള്‍

ക്കിത്തത്തിന്റെ ആദ്യകാല കവിതകളില്‍ ഒന്നാണ് മാധവിക്കുട്ടി. 1961-ല്‍ പ്രസിദ്ധീകരിച്ച 'അനശ്വരന്റെ ഗാനം' എന്ന സമാഹാരത്തിലാണ് ഈ കവിത ഉള്‍ക്കൊള്ളുന്നത്.

'എന്തൊരു ശനി' എന്നു പൊടുന്നനെ പൊട്ടിവീണ ഒരു കുഴപ്പത്തില്‍ ആരംഭിക്കുകയാണ് കവിത. ഏകാന്തമായ ഒരു വനപ്രദേശത്ത് ഒറ്റയ്ക്ക് ജോലിചെയ്യുന്ന പരമന്‍ എന്ന പൊലീസുകാരനു രണ്ടു വര്‍ഷത്തിനുശേഷം, നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയിരിക്കുന്നു. എട്ടരയുടെ ബസ്സില്‍ വീട്ടില്‍ പോകാമെന്ന ആഹ്ലാദത്തില്‍, അയാള്‍ തനിക്ക് ഇത്രനാളും അന്നം തന്ന വീട്ടുകാരോട് നന്ദിയും യാത്രാമൊഴിയും പറയാന്‍ വന്നിരിക്കുകയാണ്. ''അപ്പോഴേക്കല്ലി നീ പൊട്ടിത്തെറിക്കുന്നു കുഴപ്പമേ'' എന്താണെന്നോ കുഴപ്പം? 

വൃദ്ധയായ ഒരമ്മയും വാതരോഗിയായ മകളും (നായികയായ മാധവിക്കുട്ടി) ആണ് ആ വീട്ടിലുള്ളത്. യാത്ര പറയാന്‍ വന്ന പരമനോട് തനിക്കുണ്ടായിരുന്ന നിഗൂഢമായ അനുരാഗം വെളിപ്പെടുത്തുകയാണ് അപ്പോള്‍ മാധവിക്കുട്ടി. ഏതു പാതാളത്തിലേയ്ക്കായാലും കൂടെച്ചെല്ലാന്‍ ഒരുക്കമാണവള്‍. എന്തുചെയ്യും എന്നായി പരമന്‍. നാട്ടില്‍ ഭാര്യയും നാലഞ്ചു മക്കളും കാത്തിരിക്കുകയാണ് അയാളെ; അവരോടൊപ്പം ചേരാനുള്ള ഉത്സാഹം അയാള്‍ക്കും. അപ്പോഴാണ് മാധവിക്കുട്ടിയുടെ പ്രണയാഭ്യര്‍ത്ഥന. 

സൂക്ഷിച്ചുനോക്കിയാല്‍ ഈ കവിതയുടെ ഘടന, ചെറിയ ചില വ്യത്യാസങ്ങളോടെ, മറ്റു പല കവിതകളിലും കഥകളിലും സിനിമകളിലും കണ്ടിട്ടുള്ളതാണ് എന്നു മനസ്സിലാകും (സി.ജി. യുങ്ങും മറ്റും ചൂണ്ടിക്കാട്ടിയ ആദിപ്രരൂപങ്ങളുടെ വകുപ്പിലേക്ക് ഉള്‍പ്പെടുത്താവുന്ന ഒരു പൊതുസ്വഭാവമുണ്ട് ഇതില്‍.) ഉദാഹരണത്തിന്, ജി. ശങ്കരക്കുറുപ്പിന്റെ 'സൂര്യകാന്തി', അല്ലെങ്കില്‍ സുഗതകുമാരിയുടെ 'കൃഷ്ണ നീ എന്നെ അറിയില്ല' എന്നീ കവിതകള്‍ എടുക്കാം. ഉന്നതനായ (നായികയെക്കാള്‍ പലതുകൊണ്ടും ശ്രേഷ്ഠനായ അഥവാ അങ്ങനെയെന്ന് അവള്‍ വിചാരിക്കുന്ന) ഒരു നായകന്‍, ദീര്‍ഘകാലമായുള്ള മൗനാനുരാഗം നായികയ്ക്ക്, വേര്‍പാടിന്റെ മുഹൂര്‍ത്തത്തില്‍ പ്രണയം വെളിപ്പെടുത്തല്‍, അല്പനേരം മാത്രമുള്ള സമാഗമം (തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേക്കെത്തി), പോകുമ്പോഴേക്കും നായികയുടെ വിശുദ്ധമായ സ്‌നേഹം തിരിച്ചറിഞ്ഞ് ആകുലചിത്തനാകുന്ന നായകന്‍ (ക്ഷണമാമുഖം നീലക്കാറുമാലാലൊപ്പി പ്രണയാകുലന്‍ നാഥന്‍ ഇങ്ങനെ വിഷാദിക്കാം, കണ്ണീര്‍ നിറഞ്ഞൊരാ മിഴികള്‍ എന്‍ നേര്‍ക്കു ചായുന്നു) - രണ്ടിടത്തും നായകന്‍ നായികയുടെ വിശുദ്ധമായ സ്‌നേഹത്തെ തിരിച്ചറിഞ്ഞ് കണ്ണു നിറഞ്ഞു നില്‍ക്കുകയാണല്ലോ. ഇവിടെയുമതേ, കവിത അവസാനിക്കാറാകുമ്പോഴേക്ക് പരമന്‍ ആ നിലയിലാകുന്നുണ്ട്. (മാധവിക്കുട്ടിയുടെ വാക്കുകള്‍ കേട്ടു കഴിഞ്ഞപ്പോള്‍ത്തന്നെ അയാള്‍ക്ക് സങ്കടം വന്നുതുടങ്ങി, 'മകനെ വരുമോ നീയീ തള്ളയെ കാണുവാനിനി' എന്ന് മാധവിക്കുട്ടിയുടെ അമ്മ ചോദിക്കുമ്പോഴേക്കും അയാളുടെ കണ്ണുകളിലെ അശ്രു ഉതിര്‍ന്നുവീഴാറായിരിക്കുന്നു.) അങ്ങനെ നോക്കുമ്പോള്‍, 'ഹിസ് ഹൈനസ് അബ്ദുള്ള' പോലുള്ള ജനപ്രിയ സിനിമകളിലും 'രാച്ചിയമ്മ' പോലുള്ള കഥകളിലുമൊക്കെ ആവര്‍ത്തിക്കുന്നത് ഇതേ ഘടന തന്നെയാണെന്നു കാണാം. (ഉദാഹരണങ്ങള്‍ ഇനിയും അനവധിയുണ്ട്.) 

ഇത്തരം പ്രണയത്തിനുള്ള ഒരു സവിശേഷത എന്തെന്നാല്‍, അത് ഏകപക്ഷീയവും നിഗൂഢവും മറ്റു താല്പര്യങ്ങള്‍ ഇല്ലാത്തതുമാണ്. വിശുദ്ധം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വിധത്തില്‍. സൂര്യനില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല, സൂര്യകാന്തി. കൃഷ്ണനില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാത്തവളാണ് ആ രാധിക. (ഒരു രാസകേളി രംഗത്തേക്കും പോകാത്തവള്‍, ഒരാള്‍ക്കൂട്ടത്തിലും കൃഷ്ണനെ സ്വന്തമാക്കാന്‍ ശ്രമിക്കാത്തവള്‍.) ചുരുക്കത്തില്‍, വെള്ളി നക്ഷത്രങ്ങളെ നോക്കി തുള്ളിത്തുളുമ്പുകയല്ലാതെ, മാദകവ്യാമോഹങ്ങള്‍ ഒന്നും കൊണ്ടു നടക്കാത്തവര്‍. ഇവിടെ, മാധവിക്കുട്ടിയും തന്റെ സ്‌നേഹത്തെ അത്രമേല്‍ നിഷ്‌കളങ്കമായി ഒളിപ്പിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചു. പരമന്‍ പോകുകയാണ് എന്നറിഞ്ഞപ്പോള്‍ അവള്‍ക്കാ പ്രണയം വെളിപ്പെടുത്താതെ നിവൃത്തിയില്ലെന്നായി. അസ്തമയത്തിന്റെ തൊട്ടു മുന്‍പാണ് സൂര്യകാന്തിയെ സൂര്യന്‍ കാണുന്നത്; അക്രൂരന്റെ രഥത്തില്‍ കയറിക്കഴിഞ്ഞതിനുശേഷം മാത്രമാണ് കൃഷ്ണന്‍ രാധികയെ കാണുന്നത്. എട്ടരയുടെ ബസ്സിനു പോകാനിരിക്കുകയാണ് പരമനും. (ഇതിലെ പ്രയാണം, വിയോഗം എന്നീ ബിംബങ്ങളും ശ്രദ്ധിക്കാവുന്നതാണ്.)

ഇങ്ങനെ പ്രണയം വെളിപ്പെടുത്തിയതിനു ശേഷം എന്തുണ്ടാകുന്നു എന്നുമാലോചിക്കാം. 'കൃഷ്ണ നീ അറിയുമോ എന്നെ' എന്ന തിരിച്ചറിവില്‍ സ്തബ്ധയായി നില്‍ക്കുന്ന ഗോപികയില്‍ സുഗതകുമാരിയും പിറ്റേന്നത്തേയ്ക്ക് ഇല്ലാതായി പോകുന്ന തന്നെ കണ്ടു വിഷമിക്കുന്ന സൂര്യനെ സങ്കല്പിക്കുന്ന സൂര്യകാന്തിയില്‍ (വിളറും മുഖം വേഗം തെക്കന്‍കാറ്റടിച്ചടര്‍ന്ന് ഇളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ) ജി.യും കവിത ഉപസംഹരിക്കുന്നു. ഒരുപക്ഷേ, ആത്മഹത്യയിലേക്കൊളിക്കുന്ന സ്ത്രീ എന്നൊക്കെ പറയാം സൂര്യകാന്തിയെ. എന്നാല്‍, മാധവിക്കുട്ടിയോ? അവിടെയാണ് ഈ കവിത വ്യത്യസ്തമാകുന്നത്.

മറ്റു നായികമാരില്‍നിന്നും ഭിന്നമായി അധഃസ്ഥിത മാത്രമല്ല, അംഗവൈകല്യമുള്ളവള്‍ കൂടിയാണ് മാധവിക്കുട്ടി. വാതം ബാധിച്ച ഇടംകാലുള്ളവള്‍ (അവളോട് സ്വന്തം കാലില്‍ നില്‍ക്കൂ ബലത്തോടെ എന്നാണ് പരമന്‍ പറയുന്നത് എന്നുകൂടി ഓര്‍മ്മിക്കാം), 36 വയസ്സായിട്ടും കന്യകയായിരിക്കുന്നവള്‍ എന്ന് കവി. അവളിപ്പോള്‍ ആദ്യമായി, തന്റെ പ്രണയത്തെ ഒരാളില്‍ സമര്‍പ്പിക്കുകയാണ്. അത്രമേല്‍ തീവ്രമായിരുന്നതുകൊണ്ടുതന്നെ അതില്‍നിന്നൊരു മോചനമില്ല എന്നുമവള്‍ തിരിച്ചറിയുന്നുണ്ട്. 

'അഴകുള്ളോളാണു പെണ്ണേ നീ' എന്ന പരമന്റെ പറച്ചിലിലൂടെയാണ് അവള്‍ തന്റെ സ്വപ്നങ്ങളെ വഴി നടത്തിയത്. അയാള്‍ പറയുന്നതോ, അവളുടെ മനസ്സില്‍ അങ്ങനെയൊരു തീ കോരിയിട്ടത് താന്‍ അറിഞ്ഞിട്ടേയല്ല എന്നും. ഇങ്ങനെയൊരു വാക്കിന്റെ ബലത്തില്‍ ഒരാളെ അത്രമേല്‍ തീവ്രമായി പ്രണയിക്കാമോ എന്നു ചോദിച്ചേക്കാം. എം.ടിയുടെ മഞ്ഞ് ഓര്‍മ്മിക്കുക. അതിക്ഷണികം എന്നു വിളിക്കാവുന്ന ഒരു പ്രണയത്തിന്റെ പേരില്‍ ആയുഷ്‌കാലം മുഴുവന്‍ കാത്തിരിക്കുകയാണ് വിമല. എന്തൊരു വിഡ്ഢിത്തം എന്നു തോന്നുമെങ്കിലും അത്തരം വിഡ്ഢിത്തങ്ങള്‍ സാര്‍ത്ഥകമാകുന്ന ചില കാല്പനിക സന്ദര്‍ഭങ്ങളെങ്കിലുമുണ്ട് മനുഷ്യജീവിതത്തില്‍. അത്തരമൊരിടത്താണിപ്പോള്‍ മാധവിക്കുട്ടിയും. 

മാധവിക്കുട്ടി, അവളുടെ തീവ്രാനുരാഗം വെളിപ്പെടുത്തുമ്പോള്‍, തന്നെക്കാത്ത് വീട്ടിലിരിക്കുന്ന നാണിയെക്കുറിച്ചും അവള്‍ക്ക് തന്നോടുള്ള (തിരിച്ചും) സ്‌നേഹത്തെക്കുറിച്ചുമുള്ള കഥ പറയുകയാണ് പരമന്‍. മാധവിക്കുട്ടിക്ക് അതു മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, നാണിയുടെ പ്രണയം ഒരു ദിവസംകൊണ്ട് മനസ്സിലാക്കിയ പരമന്‍ രണ്ടുവര്‍ഷം കൊണ്ടും തന്റെ അനുരാഗം തിരിച്ചറിഞ്ഞില്ല എന്നതിലെ കാപട്യം അവള്‍ക്ക് സഹിക്കാന്‍ വയ്യ. അതുകൊണ്ടാണവള്‍ ചോദിക്കുന്നത്,
''ക്രൂര താങ്കള്‍ ഇതാണുള്ളില്‍
കരുതീടുന്നതെങ്കിലോ അത് എന്നോടാദ്യമേ 
ചൊവ്വെ പറയാമായിരുന്നുവോ'' (വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ കാണുന്നതുപോലെ, ''എങ്കിലെന്തേ കെടുത്തി നീ ചെന്നാ പെണ്‍കിടാവിനെ ആദര്‍ശവാനെ'' എന്നുതന്നെ!) 'ക്രൂര' എന്നാണ് അഭിസംബോധന. എന്താണാ ക്രൂരത?
''വിളിച്ചുണര്‍ത്തി ചോറില്ലെ-
ന്നോതീടും ഉപചാരമേ 
വിണ്ണിന്റെ കീഴില്‍ നിന്നെക്കാള്‍ 
ഏറെ നിഷ്ഠുരമായെന്തുള്ളൂ''
തന്റെ മോഹഭംഗങ്ങളുടേയും നിരാശകളുടേയും മാളത്തില്‍ തളര്‍ന്നുറങ്ങുന്ന അവളെ വിളിച്ചുണര്‍ത്തി ചോറില്ല എന്നു പറയുകയാണ് അയാള്‍ ചെയ്തത്. അതിനേക്കാള്‍ വലിയ ക്രൂരതയെന്ത്? പാപമെന്ത്? അറിയാതെയാണെങ്കിലും പരമന്‍ ചവിട്ടി ഉണര്‍ത്തിയതൊരു പാമ്പിനെയാണെന്നും മാധവിക്കുട്ടി തിരിച്ചറിയുന്നു. (ഈ സര്‍പ്പബിംബം കവിതയില്‍ തുടക്കം മുതല്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നതും കാണാം)
എന്നാല്‍, ഈ കവിത വ്യത്യസ്തമാകുന്നത് തുടര്‍ന്ന് മാധവിക്കുട്ടി പറയുന്ന വാക്കുകളിലൂടെയാണ്.
''പേടിവേണ്ട,ങ്ങയെ കൊത്തില്ല 
എന്നിലെ പാമ്പൊരിക്കലും
ഉണര്‍ത്തി എന്നെ രണ്ടാ-
മതുറക്കിയില്ലെന്ന ഹേതുവാല്‍
മാമകാത്മാവിനെ കുത്തിക്കീറുമീ
വീറിലാശഠന്‍, വിഷപ്പല്ലറ്റ്
വീര്‍പ്പറ്റു വീഴുമിപ്പോള്‍ പ്രശാന്തിയില്‍!''

തുള്ളല്‍ക്കളത്തില്‍ തോറ്റിയുണര്‍ത്തുന്ന പാമ്പിനെ ചടങ്ങു കഴിയുന്നതിനു മുന്‍പേ, പാടി ഉറക്കുന്ന പതിവുമുണ്ടല്ലോ. ഇവിടെ ഉണര്‍ത്തലേ ഉണ്ടായിട്ടുള്ളൂ; ഉറക്കിയിട്ടില്ല. എന്നല്ല, മുറിവേല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ മുറിവേറ്റ പ്രണയത്തിനു പകയാകാന്‍ ഇത്തിരി സമയം മതി; മതി സ്‌നേഹത്തിനു സ്‌നേഹവൈകൃതമാക്കാന്‍. (മാധവിക്കുട്ടി ഒരു ഊമക്കത്തയച്ചാല്‍ തീരാവുന്നതേയുള്ളൂ കൊട്ടിഘോഷിച്ച പരമന്റെ ഗൃഹജീവിത സൗഖ്യം. അതിനുള്ള ചില സൂചനകള്‍ കവിതയിലുണ്ടുതാനും. താന്‍ നല്‍കിയ താമരനൂലിനാല്‍ കരിണീ തുല്യയായാണ് നാണി എന്നും ആ ബലത്തിന്റെ അഭാവത്തില്‍ വെറും പുഴുവാണ് എന്നുമുള്ള പരാമര്‍ശം ശ്രദ്ധിക്കുക.) എന്നാല്‍, അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന മാധവിക്കുട്ടിയുടെ ഉറപ്പുണ്ടല്ലോ, അതാണ് പ്രധാനം. സ്‌നേഹനൈരാശ്യത്തില്‍ നിന്നുറന്നൊഴുകുന്ന വിഷം - എവിടെയെങ്കിലും കൊത്തിയൊഴിച്ചാല്‍ മാത്രം വീറു കുറയുന്ന വിഷം - അവള്‍ തന്നിലേക്കുതന്നെ തിരിച്ചുവിടുന്നു; തന്നെത്തന്നെ വേദനിപ്പിക്കുന്നു, ഇല്ലാതാക്കുന്നു. മസോക്കിസ്റ്റ് എന്നൊക്കെ വിളിക്കാമെങ്കിലും ഇതൊരുതരത്തിലുള്ള ആത്മബലിയാണ്.

''ദേവകന്യേ, നിന്നിലെന്തു
ചാലനമുണ്ടാക്കി, മാനവനെ
പെറ്റവളെന്നെങ്ങളറിവീല,
അന്നുമുതല്‍ക്കെങ്ങളുടെ
ദുര്‍ന്നയത്തിന്‍ നേരെ
പൊന്തിയാലും നിന്റെ കൊടുവാള്‍
നിന്നിലേ പതിയ്ക്കൂ''
എന്ന് 'കാവിലെപ്പാട്ടി'ല്‍ പറയുന്നതുപോലെയൊരു പരിണാമം. ക്രിസ്തുവിന്റെ കുരിശാരോഹണം ഇത്തരമൊരു ഉദാത്തതയാണ് എന്ന് ആ കവിതയുടെ ആമുഖത്തില്‍ ഇടശ്ശേരി പറയുന്നുണ്ടല്ലോ.
സ്‌നേഹരാഹിത്യം എന്നോ വഞ്ചന എന്നോ മാധവിക്കുട്ടി തിരിച്ചറിയുന്ന ആ ഒരൊറ്റ നിരാസത്തിന്, അതിലെ കാപട്യത്തിന്, നേരെ ഉയരുന്ന പത്തിയെ അവള്‍ തനിക്കു നേരെത്തന്നെ തിരിച്ചുവിടുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പരമന്‍ ചെയ്ത തെറ്റിന്, മാധവിക്കുട്ടി ശിക്ഷ ഏറ്റുവാങ്ങുന്നു.
അതോടെ ബലിയുടെ ഉദാത്തതയിലേയ്ക്ക് അവള്‍ സ്വയം ഉയരുകയും ചെയ്യുന്നു. അതിനുശേഷവും വൃദ്ധയായ അമ്മയെപ്രതി, താന്‍ ഏറ്റ ഉത്തരവാദിത്വങ്ങളെപ്രതി അവള്‍ ജീവിച്ചേക്കാം: എന്നാല്‍ പരമനില്‍നിന്നുണ്ടായ നിരാസത്തിനുശേഷം സ്വയമേറ്റ ആ വിഷത്തില്‍നിന്ന് അവളുടെ പ്രണയം പിന്നെ മുക്തമാകുകയേയില്ല. 

പ്രണയം ഒരു സാര്‍വ്വകാലികാനുഭവമാകുന്നത്, അതില്‍ നിലീനമായ നിരാസവും ആത്മത്യാഗവും ഉള്‍പ്പെടെയാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്, മാധവിക്കുട്ടി. മലയാളത്തിലാവട്ടെ, ആ വഴിക്കു പിന്നീടുണ്ടായിട്ടുള്ള പല കവിതകള്‍ക്കും അതൊരു പൂര്‍വ്വമാതൃകയായി നില്‍ക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com