വടക്കു കിഴക്കോട്ട് നീളുന്ന വഴികള്‍

വടക്കും കിഴക്കുമായി കിടക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ശീതളഹരിത മേഖലകളാണ് 
വടക്കു കിഴക്കോട്ട് നീളുന്ന വഴികള്‍

ടക്കും കിഴക്കുമായി കിടക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ശീതളഹരിത മേഖലകളാണ്. ഹിമാലയ പാര്‍ശ്വങ്ങളിലെ കുന്നിന്‍നിരകളിലൂടെ ഈ ഭൂവിഭാഗങ്ങള്‍ തിബത്തിലേയ്ക്കും ഭൂട്ടാന്‍, നേപ്പാള്‍, ബര്‍മ എന്നിവിടങ്ങളിലേയ്ക്കും നീണ്ടുകിടക്കുന്നു. രാജ്യത്തെ ഏറ്റവും വേഗത കുറഞ്ഞ ജനജീവിതം ഇവിടെയാണ്. പുഴകളും കാടുകളും മലകളും നിറഞ്ഞ പ്രകൃതിയുടെ സങ്കീര്‍ണ്ണതകളോട് ജീവിതം തികച്ചും ഉദാസീനമാണ്.

ദീപാവലി തിരക്കിലാണ് ഡാര്‍ജിലിംഗില്‍ എത്തുന്നത്. സിലിഗുഡി യിലെ ബാദ്ഗോദ്ര വിമാനത്താവളം ട്രാവല്‍ ഏജന്റിന്റെ പിഴവിനാല്‍ വദോദര എന്നാക്കി എഴുതിയതിനാല്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിവന്നതിന്റെ മനോവിഷമത്തോടെയാണ് സിലിഗുഡിയിലിറങ്ങിയത്. വിമാനക്കമ്പനികള്‍ക്ക് ഒന്നും അതേ ദിവസം അവരുടെ ടിക്കറ്റ് മാറ്റിയെടുത്താല്‍പ്പോലും ഒരു സൗജന്യവും അനുവദിക്കാനുള്ള ഭാവമില്ല.

ഡാര്‍ജിലിംഗിന്റെ കവാടമാണ് സിലിഗുഡി. നിരപ്പായ തലങ്ങളില്‍ ഉള്‍പ്പെടെ വിശാലമായ പറമ്പുകളിലും കുന്നുകളിലും തേയിലത്തോട്ടങ്ങള്‍. നേപ്പാളിലേയ്ക്കും ആസാമിലേയ്ക്കും ഭൂട്ടാനിലേയ്ക്കും ഇവിടെനിന്നാണ് പോകേണ്ടത്. സിക്കിമിലേയ്ക്ക് ടീസ്റ്റാനദിക്കരയിലൂടെ ഇവിടെനിന്ന് വഴിപിരിയുന്നു.

സിലിഗുഡി ഒരിക്കല്‍ ചുവപ്പിന്റെ നഗരമായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഈ നഗരം ഗൂര്‍ഖാലാന്റ് സമരത്തിന്റെ കേന്ദ്രസ്ഥാനമായും മാറി. ഇവിടെ നിന്ന് അടുത്താണ് 70-കളില്‍ ഇന്ത്യയില്‍ വസന്തത്തിന്റെ ഇടിമുഴക്കം തീര്‍ത്ത നക്സല്‍ ബാരിഗ്രാമം. ജനകരാജാവിന്റെ രാജധാനി സ്ഥിതിചെയ്യുന്ന നേപ്പാളിലെ ജനക്പുരിയിലേയ്ക്ക് സിലിഗുഡിയില്‍നിന്ന് 60 കിലോമീറ്ററാണ് ഉള്ളത്. സിലിഗുഡിയില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരെയാണ് മഞ്ഞുപുതച്ച ഡാര്‍ജിലിംഗ്. വൈകീട്ട് ഡാര്‍ജിലിംഗ് ഹിമാലയന്‍ കുന്നുകള്‍ കയറുമ്പോള്‍ മലമുകളിലെ കെട്ടിടങ്ങള്‍ പകരുന്ന വെളിച്ചം ചേതോഹരമാണ്. മലമുകളില്‍നിന്ന് താഴേയ്ക്കുള്ള സിലിഗുഡി കാഴ്ചകളും അങ്ങനെതന്നെ. 1881-ല്‍ ഉദ്ഘാടനം ചെയ്ത മീറ്റര്‍ഗേജിലൂടെ ഡാര്‍ജിലിംഗിലെത്തുന്ന യുനെസ്‌ക്കോ അംഗീകരിച്ച ലോകപൈതൃക തീവണ്ടികള്‍ യാത്രികരുടെ കൗതുകക്കാഴ്ചയാണ്. റോയല്‍ ഹിമാലയന്‍ മൗണ്ടന്‍ റെയില്‍വേ എന്ന് പേരിട്ട് വിളിക്കുന്ന 139 വര്‍ഷം പഴക്കമുള്ള ഈ തീവണ്ടികള്‍ ഡാര്‍ജിലിംഗ് മലനിരകളും വൃക്ഷത്തലപ്പുകളും മഞ്ഞണിഞ്ഞ ആകാശക്കാഴ്ചകളും തൊട്ടുരുമി നിത്യേനേ നിരവധി യാത്രകള്‍ നടത്തുന്നു.

ഡാര്‍ജിലിംഗിലെത്തിയത് രാത്രി 9 മണിക്കാണ്. ദീപാവലി തിമിര്‍പ്പിലാണ് മാളും പരിസരങ്ങളുമെല്ലാം. വീടുകളുടേയും ഹോട്ടലുകളുടേയും പുറത്ത് പൂമാലകള്‍ ഒരുക്കി മധുരപലഹാരങ്ങളും വിവിധ പഴങ്ങളും നിരത്തിവച്ച് ഉച്ചത്തില്‍ തീര്‍ക്കുന്ന സംഗീത പശ്ചാത്തലത്തില്‍ സുന്ദരികളും സുന്ദരന്മാരും നൃത്തം ചെയ്യുകയാണ്. വെടിക്കെട്ടിനു പകരം പൂത്തിരികളുടെ വര്‍ണ്ണാഭയാണെങ്ങും കാണുന്നത്. ഉത്തരേന്ത്യയിലെ ഒരു പഴംചൊല്ലുതന്നെ വിവാഹിതരാകുന്നതിനു മുന്‍പ് ചെറുപ്പക്കാര്‍ ഡാര്‍ജിലിംഗ് കാണണമെന്നും സുന്ദരിമാരായ തരുണീമണികളെ കാണണമെന്നുമാണ്. ഹോട്ടല്‍ മണ്ടേലയിലാണ് ഞങ്ങള്‍ക്കു താമസം നിശ്ചയിച്ചിരുന്നത്. തണുപ്പിന്റെ ആധിക്യംമൂലം നഗരക്കാഴ്ചകള്‍ നിറുത്തി നിദ്രയിലേയ്ക്ക് നീങ്ങാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു.

സിക്കിമിന്റെ ചെറിയ ജലവൈദ്യുത പദ്ധതികള്‍ പഠിക്കുന്നതിനുവേണ്ടിയുള്ള പാലക്കാട് ജില്ലാപഞ്ചായത്തിന്റെ ഒരു ടീം നടത്തിയ യാത്രയിലാണ് അവധി ദിനങ്ങളില്‍ സിക്കിമിലേയ്ക്ക് പോകാനാകാത്തതിനാല്‍ ഡാര്‍ജിലിംഗിന്റെ വാതിലുകള്‍ ഞങ്ങള്‍ രണ്ടു ദിവസത്തേയ്ക്ക് തുറന്നത്. ഇന്ത്യയില്‍ ആദ്യമായി ലാഭകരമായി ഒരു ജലവൈദ്യുത പദ്ധതി (4 മെഗാവാട്ട്) പ്രവര്‍ത്തിക്കുന്ന ജില്ലാപഞ്ചായത്തിന്റെ കീഴില്‍ സ്ഥാപിച്ച മീന്‍വല്ലം ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്റ്റിന്റെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും എന്ന നിലയിലാണ് കിലയുടെ (കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) പിന്തുണയോടെയും കിലയുടെ കോര്‍ഡിനേറ്റര്‍ പി.വി. രാമകൃഷ്ണന്റേയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരിയുടേയും നേതൃത്വത്തില്‍ ഈ യാത്രാസംഘം 2019 ഒക്ടോബര്‍ അവസാനം പുറപ്പെട്ടത്. ലോകത്തിലെ പ്രധാനപ്പെട്ട ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. മണ്ടേല ഹോട്ടലുകള്‍ നല്ല ഭക്ഷണമാണ് ഞങ്ങള്‍ക്കു നല്‍കിയത്.

പഗോഡകളുടേയും മൊണാസ്ട്രികളുടേയും ചായത്തോട്ടങ്ങളുടേയും ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്മാരകങ്ങളുടേയും പൂന്തോട്ടങ്ങളുടേയും കേന്ദ്രമാണ് ഡാര്‍ജിലിംഗ്. ഡാര്‍ജിലിംഗില്‍നിന്ന് എവിടെനിന്നും ലോകത്തിലെ മൂന്നാമത്തേയും ഇന്ത്യയില്‍ ഒന്നാമത്തേയും ഉയരത്തിലുള്ള കാഞ്ചന്‍ഗംഗ പര്‍വ്വതനിരകളുടെ മഞ്ഞണിഞ്ഞ ധവളാഭ കാണാം. സൂര്യവെളിച്ചത്തില്‍ തിളങ്ങുന്ന കാഞ്ചന്‍ഗംഗ ഒരത്ഭുത കാഴ്ചയാണ്. 

ജപ്പാനീസ് മാതൃകയില്‍ പണിതീര്‍ത്ത സമാധാന പഗോഡ ഏറെ ആകര്‍ഷകമാണ്. 1972-ലാണ് ഈ രമ്യഹര്‍മ്മ്യം പണി പൂര്‍ത്തിയാക്കിയത്. നഗരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഈ ദേവാലയം പണി തീര്‍ത്തിരിക്കുന്നത്. കാഞ്ചന്‍ഗംഗ ശിഖരക്കാഴ്ചകള്‍ ഇവിടെ നിന്ന് വ്യക്തമായി കാണാം. 

പത്മജാനായിഡു സുവോളജിക്കല്‍ പാര്‍ക്കും പര്‍വ്വതാരോഹണ ഇന്‍സ്റ്റിറ്റിയൂട്ടും നഗരത്തിലെ കാഴ്ചയാണ്. മനോഹരങ്ങളായ നിരവധി അപൂര്‍വ്വ മരങ്ങള്‍ക്കൊപ്പം ദേവദാരുവും പൈനും നിറഞ്ഞുനില്‍ക്കുന്ന മനോഹര ഭൂമികയിലാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഹിമാലയന്‍ മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയിലെ പ്രധാന ട്രെക്കിംഗ് പരിശീലന കേന്ദ്രമാണ്. എഡ്മണ്ട് പര്‍വേസ് ഹില്ലാരിയോടൊപ്പം 1953 മെയ് 23-ന് ലോകത്തിലെ  ഏറ്റവും ഉയര്‍ന്ന എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഷെര്‍പ്പ ടെന്‍സിംഗ് മോര്‍ഗേക്ക് 1954-ല്‍ സമര്‍പ്പിക്കപ്പെട്ടതാണ് ഈ സ്ഥാപനം. ടെന്‍സിംഗ് റോക്ക് എന്ന വലിയ പാറ ഇവിടുത്തെ കൗതുക കാഴ്ചയാണ്. ടെന്‍സിംഗ് മോര്‍ഗയുടെ ശവകുടീരവും ഈ ഇന്‍സ്റ്റിറ്റിയൂട്ടിന് അടുത്താണ് ഉള്ളത്. ന്യൂസിലന്റുകാരനായ നരവംശ ശാസ്ത്രജ്ഞനായിരുന്ന സര്‍ എഡ്മണ്ട് പര്‍വേസ് ഹിലാരി ആദ്യം എവറസ്റ്റിനു മുകളില്‍ കാലെടുത്തുവച്ചത് ടെന്‍സിംഗാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആട്ടിടയന്മാരായ ഷെര്‍പ്പകളുടെ സഹായമില്ലാതെ ഒരു പര്‍വ്വതാരോഹകരും എവറസ്റ്റ് കയറാന്‍ മിനക്കെടാറില്ല. ഒരു ഷെര്‍പ്പയായിരുന്നു ടെന്‍സിംഗ് മോര്‍ഗേ. ഒരു നൂറ്റാണ്ടിലധികം പര്‍വ്വതാരോഹകര്‍ നടത്തിയ കഠിന പരിശ്രമങ്ങള്‍ക്കു ശേഷമാണ് എവറസ്റ്റ് കീഴടക്കുന്ന ദൗത്യം ഇവര്‍ പൂര്‍ത്തീകരിച്ചത്. ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 1976-ല്‍ അന്തരിക്കുന്നവരെ ഡയറക്ടറും പരിശീലകനുമായി ടെന്‍സിംഗ് മോര്‍ഗെ പ്രവര്‍ത്തിച്ചു. ഇവിടെ സൂവില്‍ വെള്ളക്കടുവ, ഹിമക്കരടി, ഹിമാലയന്‍ പാണ്ട തുടങ്ങിയ നിരവധി മൃഗങ്ങളെ കാണാം.

ഡാര്‍ജിലിംഗിലെ ചായത്തോട്ടങ്ങള്‍ പ്രസിദ്ധങ്ങളാണ്. മനോഹരമായ ഹരിതഭംഗി ഈ ഭൂവിഭാഗത്തില്‍ നിറയ്ക്കുന്ന ചായത്തോട്ടങ്ങള്‍ക്കരികെ ചായവില്പന കേന്ദ്രങ്ങളുണ്ട്. വ്യത്യസ്ത സുഗന്ധദ്രവ്യക്കൂട്ടുകള്‍ ചേര്‍ന്ന ചായപ്പൊടികള്‍, ഇലകള്‍ ഇവിടെ ലഭ്യമാണ്. പല വിലയ്ക്കുള്ള ചായപ്പൊടികളുണ്ട്. മാളിലെ അരിപ്പയിട്ട മനോഹര കവിടിപ്പാത്രങ്ങളിലും എസ്റ്റേറ്റുകളിലെ വില്പനകേന്ദ്രങ്ങളിലും നിന്ന് ചായരുചികള്‍ ആസ്വദിക്കാം. കിലോവിന് 62000  രൂപ വിലയുള്ള ചായയില കടക്കാരന്‍ കാണിച്ചുതന്നു. തേയില കൊളുന്തില്‍നിന്ന് അതിസൂക്ഷ്മമായി വേര്‍തിരിച്ചെടുക്കുന്ന തേയിലയാണ് ഇതെന്നതാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം. തേയിലയുടെ നഗരമാണ് ഡാര്‍ജിലിംഗ് എന്നു പറയാം. 

ബറ്റാസിയ ലൂപ് ഗാര്‍സന്‍ ഒരു യുദ്ധസ്മാരകമാണ്. ഇന്ത്യന്‍ ആര്‍മിയുടെ രണോത്സുക വിഭാഗമാണ് ഗൂര്‍ഖാ റജിമെന്റ്. വിവിധ യുദ്ധങ്ങളില്‍ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച 75-ഓളം ഗൂര്‍ഖാപടയാളികള്‍ക്ക് റെയില്‍വേ വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച യുദ്ധസ്മാരകം ആകര്‍ഷകമാണ്. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഈ യുദ്ധസ്മാരകത്തിനുള്ളിലൂടെയാണ് പൈതൃകത്തീവണ്ടികള്‍ പോകുന്നത്. ഗൂര്‍ഖാപടയാളിയുടെ കൂറ്റന്‍ വെങ്കലപ്രതിമയും ഗ്രാനൈറ്റ് സ്തൂപവും കരുത്തിന്റെ പ്രതീകങ്ങളായി തല ഉയര്‍ത്തിനില്‍ക്കുന്നു. 

നൂറുകണക്കിനു വര്‍ഷം പഴക്കമുള്ള ബുദ്ധവിഹാരവും തിബത്തുകാരുടെ അഭയാര്‍ത്ഥി ക്യാമ്പുമെല്ലാം സന്ദര്‍ശകര്‍ക്ക് ഒഴിവാക്കാനാവാത്ത സ്ഥലങ്ങളാണ്. ദീപാവലിയുടെ വിജനതയും തണുപ്പും വൈകുന്നേരത്തെ നടത്തം ഒഴിവാക്കല്‍ പ്രേരിപ്പിക്കുന്നതായിരുന്നു.  ദൂരെ കാഞ്ചന്‍ഗംഗ മലനിരകളെ മറച്ചുകൊണ്ട് കോട പരന്നിരുന്നു. 

രാവിലെ നാലുമണിക്ക് എഴുന്നേറ്റ് തണുപ്പുകൊണ്ട് പല്ലുകള്‍ കൂട്ടിമുട്ടുന്ന അന്തരീക്ഷത്തില്‍ വിജനമായ റോഡിലൂടെ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്ത് ടൈഗര്‍ഹില്ലിലേയ്ക്ക് കുതിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹവും കുന്നിന്‍ മുകളിലേക്കുള്ള ടാര്‍ ചെയ്യാത്ത റോഡായി നിരന്തരമായി വാഹനതടസ്സവും വഴിയില്‍ കാണാനായി. അഞ്ചുമണിക്ക് മുന്‍പായി ടൈഗര്‍ഹില്‍ എന്നറിയപ്പെടുന്ന കുന്നിന്‍ മുകളിലെത്തിയപ്പോള്‍ സൂര്യോദയം കാണാന്‍ തണുപ്പിനെ വെല്ലുവിളിച്ച് ആയിരക്കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. പണിതീരാത്ത പല നിലകളിലുള്ള ഒരു വാച്ച് ടവറും സമീപത്തുണ്ട്. ചൂടുചായയും കാപ്പിയുമായി സൗഹൃദവും നര്‍മ്മവും പങ്കുവച്ച് ചായവില്പനക്കാരികള്‍ സജീവമാണ്.

5.10-ന് പൂര്‍വ്വാംബരത്തില്‍ അരുണശോഭ തെളിഞ്ഞുതുടങ്ങി. ഒരു ചിത്രകാരനും സൃഷ്ടിക്കാനാവാത്ത പ്രകൃതിയുടെ അപൂര്‍വ്വ ഭംഗി നിറഞ്ഞ ചായക്കൂട്ടുകള്‍ ആകാശചക്രവാളത്തില്‍ ദൃശ്യമായി. ചെങ്കനല്‍ക്കതിരുപോലെ തെറിച്ചുവീഴുന്ന രശ്മികള്‍ക്കൊപ്പം സൂര്യമുഖം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒപ്പം മറുവശത്ത് ഈ കതിരൊളി തട്ടി കുങ്കുമ, ധവള, രുധിര നിറങ്ങളിലേയ്ക്ക് മാറിമാറി കുടമാറ്റം പോലെ വര്‍ണ്ണങ്ങളണിഞ്ഞ കാഞ്ചന്‍ഗംഗ മലനിരകളുടെ അപൂര്‍വ്വ ദൃശ്യവും കാണാനായി. ഏതാണ്ട് അരമണിക്കൂര്‍ നീണ്ട പ്രകൃതി സൃഷ്ടിച്ച ഈ മഹേന്ദ്രജാലത്തിന്റെ മാസ്മരികതയില്‍ മുങ്ങി തിരിച്ച് ഹോട്ടലിലേക്ക് പോന്നു.

രാവിലെ തന്നെ ഡാര്‍ജിലിംഗില്‍നിന്ന് ഗാംഗ്ടോക്കിലേയ്ക്ക് യാത്ര തിരിച്ചു. ബംഗ്ലാദേശില്‍ നിന്നുത്ഭവിച്ചുവരുന്ന, തെളിനീരൊഴുകുന്ന ടീസ്റ്റാനദിക്കരയിലൂടെ ഏതാണ്ട് അഞ്ചുമണിക്കൂര്‍ നീണ്ട യാത്രയാണ് ഗാംഗ്ടോക്കിലേയ്ക്കുള്ളത്. ടീസ്റ്റാനദിയില്‍ ഒരുപാട് റാഫ്റ്റിംഗ് സംഘങ്ങളെ അങ്ങിങ്ങ് കാണാം. ബംഗാളിനേയും സിക്കിമിനേയും വേര്‍തിരിക്കുന്ന ടീസ്റ്റാക്ക് കുറുകെയുള്ള പാലം കടന്നു പോണം ഗംഗ്ടോക്കിലേയ്ക്ക് പോകാന്‍. റോയല്‍ ഹെറിറ്റേജ് ഇന്‍ എന്ന സെക്രട്ടറിയേറ്റിനടുത്തുള്ള ഹോട്ടലിലാണ് താമസം ഉറപ്പിച്ചിട്ടുള്ളത്. റൂമില്‍ കയറിയശേഷം ടൗണില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തി. ടാസിപോയിന്റും മഞ്ഞണിഞ്ഞ മലനിരകളും ബുദ്ധവിഹാരങ്ങളും വെള്ളച്ചാട്ടങ്ങളും കണ്ട് യൂറോപ്യന്മാര്‍ നിര്‍മ്മിച്ച മാളില്‍ രാത്രി വൈകുന്നതുവരെ കറങ്ങി. തണുപ്പ് കാരണം ഗാംഗ്ടോക്കിലെ റോപ്പ് വേയില്‍ കയറി നഗരം ചുറ്റാന്‍ പോയില്ല. ഗര്‍ഭാവസ്ഥയുടെ തുടക്കം കാരണം ഛര്‍ദ്ദികൂടി സംഘത്തിലെ അഡ്വ. രാധിക അവശയായപ്പോള്‍ സിക്കിം മെഡിക്കല്‍ കോളേജില്‍ പോയി ചികിത്സ തേടേണ്ടിവന്നു. വലിയ കെട്ടിടസമുച്ചയത്തിനുള്ളില്‍ രോഗികളുടെ വലിയ തിരക്കൊന്നും കണ്ടില്ല. പൊതുവേ സിക്കിം ജനത ആരോഗ്യമുള്ളവരായതിനാലാവും എന്ന് കരുതാം.

നാലുദിക്കുകളെ സൂചിപ്പിക്കുന്ന നാലു ജില്ലകളും 90 പഞ്ചായത്തുകളും ചേര്‍ന്നതാണ് സിക്കിം. ഹിമാലയ പാര്‍ശ്വങ്ങളില്‍ ചെരിഞ്ഞുകിടക്കുന്ന ഈ ഭൂവിഭാഗങ്ങള്‍ ഹരിതഭംഗി നിറഞ്ഞ സസ്യലതാദികള്‍ പുതപ്പണിയിച്ച സൗന്ദര്യ പരവതാനികളാണ്. വശങ്ങളില്‍ ഉയരങ്ങളില്‍നിന്ന് പതിക്കുന്ന നിരവധി സ്വാഭാവിക വെള്ളച്ചാട്ടങ്ങളുടെ ഉറവിടങ്ങളും അവ ചേര്‍ന്ന് സൃഷ്ടിക്കുന്ന നദികളുടേയും നാടാണ് ഈ കൊച്ചു സംസ്ഥാനം. 1971-ല്‍ മാത്രം ഇന്ത്യയുടെ ഭാഗമായി ചേര്‍ന്ന സിക്കിം തന്ത്രപ്രധാനമായ ഒരു സ്ഥലമായി നിലകൊള്ളുകയും ഭൂട്ടാനും ചൈനയുമായി അതിര്‍ത്തി പങ്കുവെയ്ക്കുകയും ചെയ്യുന്നു.

കിഴക്കന്‍ സിക്കിമിലെ രാംഗ്ലി എന്ന സ്ഥലത്തെ വനാന്തര്‍ഭാഗത്തെ സിസിനി എന്ന അഞ്ച് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതി കാണാനാണ് പിറ്റേന്നു പോയത്. പലയിടത്തും റോഡ് തകര്‍ന്നുവീണ് തരിപ്പണമായ ഇടങ്ങളില്‍ പുതുക്കിപ്പണിയുന്നുണ്ട്. 12 മണിയോടെ സിസിനിലെത്തി. പ്രൊജക്ട് എന്‍ജിനീയര്‍ ദേവനാഥ് വര്‍മയും ഗ്രാമവികസനവകുപ്പ് ഉദ്യോഗസ്ഥന്‍ മദന്റോയും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു. ഈ പദ്ധതിക്ക് ഡാം പണിതിട്ടില്ല. മുകളില്‍ ടീസ്റ്റാനദിയുടെ കൈവഴിയായ സെഡാംഗ് കാലനദിയിലെ വെള്ളം വിയര്‍ വഴി തിരിച്ച് പെന്‍സ്ടോക്ക് പൈപ്പിലൂടെ തിരിച്ചുവിട്ട് ടര്‍ബ്ബന്‍ കറക്കിയാണ് വൈദ്യുതി ഉണ്ടാക്കുന്നത്. പ്രതിദിനം 1 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉല്പാദിപ്പിക്കുന്നു. സിക്കിം സര്‍ക്കാരും ഒരു സ്വകാര്യ കമ്പനിയും ചേര്‍ന്ന് നടത്തുന്ന പ്രൊജക്റ്റാണിത്. ഉദ്യോഗസ്ഥ പ്രമുഖര്‍ക്ക് ഞങ്ങള്‍ കേരളത്തിന്റെ ഉപഹാരങ്ങള്‍ നല്‍കി. ഏറെ വൈകിയാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്.

പിറ്റേന്ന് പ്രസിദ്ധമായ നാഥുലാപാസിലേക്കായിരുന്നു യാത്ര. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിമാലയത്തിലൂടെ തിബത്തും ചൈനയും തുര്‍ക്കിയും കടന്ന് സഞ്ചാരികളും കച്ചവടക്കാരും യൂറോപ്പിലേക്ക് കോവര്‍ക്കഴുതപ്പുറത്ത് യാത്ര നടത്തിയിരുന്ന സില്‍ക്ക് റൂട്ടാണിത്. ഗാംഗ്ടോക്കില്‍നിന്ന് 60 കി.മീ അപ്പുറത്താണ് ചൈനീസ് അതിര്‍ത്തിയായ നഥുലാപാസ് സ്ഥിതിചെയ്യുന്നത്. കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രമേ നാഥുലാപാസില്‍ പോകാനാവൂ.

പോകുന്ന വഴിയിലാണ് ട്സാംഗു തടാകം. മഞ്ഞുകാലത്ത് തടാകം വെള്ളമുറഞ്ഞ് മഞ്ഞുകട്ടിയാവും. തടാകത്തിനു ചുറ്റും യാക്കിന്റെ പുറത്ത് ചുറ്റിവരാന്‍ 100 രൂപയാണ് ചാര്‍ജ്. യാക്ക് എന്നത് സമുദ്രനിരപ്പില്‍നിന്ന് 10000 അടിക്കു മുകളില്‍ മാത്രം താമസിക്കാനാവുന്ന ശാന്തമൃഗമാണ്. ഇവിടെ ചൂടുചായക്കടകളുണ്ട്. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും ബൂട്ടുകളും വാടകയ്ക്ക് ലഭിക്കും. 14460 അടി മുകളിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന നാഥുലാപാസ് സ്ഥിതിചെയ്യുന്നത്. ഈ റോഡിലാകെ മഞ്ഞുമലകളാണ്. ഇവിടെ വിവിധ സൈനിക വിഭാഗങ്ങളുടെ ക്യാമ്പുകള്‍ കാണാം. സശസ്ത്രസീമാബെല്ലും ബി.എസ്.എഫുമെല്ലാം ഗംഭീര ക്യാമ്പുകള്‍ നിലമുത്തിയിട്ടുണ്ട്. ഉച്ചസമയത്ത് നാഥുലയിലെത്തിച്ചേര്‍ന്നു. വളഞ്ഞുപുളഞ്ഞ് കയറുന്ന നിരവധി കയറ്റങ്ങളും  ചുരങ്ങളും നിറഞ്ഞ റോഡ് ഒരത്ഭുത കാഴ്ചയാണ്. 

മൂടല്‍മഞ്ഞില്‍ ഇരു രാജ്യങ്ങളുടേയും മുള്ളുകമ്പികൊണ്ട് വേര്‍തിരിച്ച അതിര്‍ത്തികളാണ് കാണുന്നത്. ഇന്ത്യയുടെ പവലിയന്‍ വഴി നിരവധി പടിക്കെട്ടുകള്‍ കയറിച്ചെല്ലുമ്പോള്‍ വ്യക്തമായി ഇരു രാജ്യങ്ങളുടെ വേര്‍തിരിക്കപ്പെട്ട അതിര്‍ത്തികളും ദേശീയപാതയ്ക്ക് ഇരുവശത്തായി അടച്ച ഭീമന്‍കവാടങ്ങളും ചൈനയുടെ പവലിയനും കാണാം. ഇന്ത്യന്‍ പട്ടാളക്കാര്‍ ഞങ്ങള്‍ക്ക് മിഠായി തന്നു. അപ്പുറത്തെ മതിലിലൂടെ ഇറങ്ങിവന്ന ചൈനീസ് പട്ടാളക്കാരന്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് കൈതരാനും അയാള്‍ക്ക് മടിയുണ്ടായില്ല. ഇന്ത്യന്‍ പവലിയനില്‍ ചായയും ബിസ്‌കറ്റും ഉണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് താങ്ങാനാവുന്ന നിലയിലായിരുന്നില്ല താപനില. 0 ഡിഗ്രിയില്‍ താഴെയായിരുന്നു നാഥുലാപാസില്‍ ഉണ്ടായിരുന്നത്. അതിര്‍ത്തി സംരക്ഷിക്കുന്ന ഭടന്മാര്‍ എത്ര കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമാണ് നയിക്കുന്നത് എന്നതോര്‍ത്ത് കൂടിവരുന്ന തണുപ്പില്‍നിന്ന് രക്ഷനേടി വേഗം വാഹനങ്ങളില്‍ കയറി.

നാഥുലാപാസില്‍നിന്ന് മടങ്ങുമ്പോ ഴേക്ക് അതിര്‍ത്തിയോടു ചേര്‍ന്ന് നിശൂന്യവും വിശാലവുമായ മൈതാനങ്ങള്‍ പിന്നിട്ട് ഒരു സ്ഥലത്തിലെത്തിയപ്പോള്‍ ഏതാനും കൂടാരങ്ങളും വാഹനങ്ങളും ആളുകളേയും കാണാനായി. അതാണ് ബാബാമന്ദിര്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് യുദ്ധസന്ദര്‍ഭത്തില്‍  തന്റെ സഹപ്രവര്‍ത്തകരെ രക്ഷിച്ച് നദിയില്‍ മറഞ്ഞുപോയ ഹവില്‍ദാര്‍ ഹര്‍ബജന്‍സിംഗിന്റെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്ന് പട്ടാളക്കാരും മറ്റുള്ളവരും വിശ്വസിക്കുന്ന ബാബാമന്ദിരമാണത്. അദ്ദേഹത്തിന് വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ വസ്തുക്കള്‍ നിവേദ്യമായി നല്‍കുന്നു. ഔദ്യോഗികമായി സ്ഥാനക്കയറ്റം നല്‍കിയ അദ്ദേഹത്തിന്റെ കിടക്ക പട്ടാളക്കാര്‍ വിരിച്ചിടുന്നു. പിറ്റേന്ന് രാവിലെ അദ്ദേഹം കിടന്നതിന്റെ ചുളിവുകള്‍ കിടക്കവിരിയില്‍ കാണുമത്രേ. വാര്‍ഷിക ലീവിന് സഹപ്രവര്‍ത്തകരുടെ അകമ്പടിയോടെ അദ്ദേഹത്തിന്റെ പെട്ടി ഗ്രാമത്തിലെത്തിക്കുന്ന പതിവും മുടക്കാറില്ല. നമ്മുടെ പട്ടാളക്കാരെ ജനങ്ങള്‍ എത്രമേല്‍ ബഹുമാനിക്കുന്നു എന്ന് അവിടുത്തെ തിരക്ക് സൂചിപ്പിച്ചു. രാത്രി ഗാംഗ്ടോക്കില്‍ തിരിച്ചെത്തി എല്ലാ ബ്രാന്റ് ഉല്പന്നങ്ങളുടേയും ഷോറൂമുകള്‍ നിറഞ്ഞ മാളില്‍ ദീപപ്രഭയില്‍ ചുറ്റിക്കറങ്ങി.

പിറ്റേന്ന് തെക്കന്‍ സിക്കിമിലെ അസാംവാലി ഗ്രാമപ്പഞ്ചായത്ത് സന്ദര്‍ശനമായിരുന്നു. സിക്കിം എല്ലായിടത്തും വൃത്തിനിറഞ്ഞ നാടാണ്. ഗാംഗ്ടോക്കില്‍ അടിച്ചുവാരുന്നവരെ വിളിക്കുന്നത് സിക്കിം ബ്യൂട്ടിഫയ്യേഴ്സ് എന്നാണ്. വീടുകള്‍ക്കു മുന്നില്‍ സ്ഥാപിച്ച ഇരുമ്പുകൊട്ടയിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇതു നീക്കം ചെയ്യാന്‍ മണിയൊച്ചയുമായി രാവിലെ ലോറികള്‍ എത്തിച്ചേരുന്നു. 

അസാംവാലി പഞ്ചായത്ത് പ്രസിഡന്റ് ഗണേശ്ഛെത്രിയും 4 അംഗങ്ങളും ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സുബ്രിന്റോയിയും ഉണ്ടായിരുന്നു. അവരുടെ സാമ്പ്രദായിക ഷാള്‍ അണിയിച്ച് ഞങ്ങളെ സ്വീകരിച്ചു. ഗണേശ് ഛെത്രിയുടെ മലഞ്ചെരിവിലുള്ള നൂറുകണക്കിനു പടവുകള്‍ ഇറങ്ങിക്കാണാനാവുന്ന കൃഷിത്തോട്ടവും വീടും ഞങ്ങള്‍ സന്ദര്‍ശിച്ചു. സിക്കിമില്‍ എല്ലായിടത്തും ജൈവപച്ചക്കറി മാത്രമാണുള്ളത്. നാടന്‍ പശുക്കളേയും വളര്‍ത്തുന്നുണ്ട്. നാനാവിധത്തിലുള്ള ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ട്. 

6 ലക്ഷം മാത്രം ജനസംഖ്യയുള്ള സിക്കിമില്‍ 90 ഗ്രാമപഞ്ചായത്തുകളും 4 ജില്ലാപഞ്ചായത്തുകളുമാണുള്ളത്. 100 ശതമാനം സാക്ഷരതയുള്ള സിക്കിമില്‍ മാലിന്യങ്ങള്‍  പുറന്തള്ളുന്നതിനെതിരെ നല്ല അവബോധം സൃഷ്ടിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. പഞ്ചായത്തംഗങ്ങളില്‍ പകുതിയിലധികവും സ്ത്രീകളാണ്.

പഞ്ചായത്ത് സന്ദര്‍ശനത്തിനുശേഷം തെക്കന്‍ സിക്കിമിലെ മാംഗ്ലി ജലവൈദ്യുത പദ്ധതി സന്ദര്‍ശിച്ചു. മലമുകളിലെ അരുവിയില്‍നിന്ന് വെള്ളം പെന്‍സ്ടോക്ക് പൈപ്പിലൂടെ കടത്തിവിട്ട് ടര്‍ബ്ബന്‍ പ്രവര്‍ത്തിപ്പിച്ചാണ് പ്രതിദിനം 100 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഈ പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. വാലറ്റത്ത് ഒഴുകുന്ന വെള്ളപ്രവാഹശക്തിതന്നെ തീക്ഷ്ണമാണ്. ഇവിടെ കാണപ്പെട്ട കാടുകള്‍ക്കപ്പുറത്ത് ഭൂട്ടാനിലേയ്ക്കും ചൈനയിലേയ്ക്കും കൂടുതല്‍ ദൂരമില്ല.

മാംഗ്ലിയില്‍നിന്ന് വൈകിട്ട് പുറപ്പെട്ട് തെക്കന്‍ സിക്കിമിന്റെ ആസ്ഥാനമായ നാംച്ചിയില്‍ 8 മണിയോടെ എത്തി. വഴിയോരങ്ങളിലാകെ ഹിമാലയ പാര്‍ശ്വങ്ങള്‍ തകര്‍ന്ന് പിന്നെ രൂപംകൊണ്ട പ്രകൃതിയുടെ നശീകരണ ദൃശ്യങ്ങള്‍ പിന്നിട്ടായിരുന്നു യാത്ര. 2019 നവംബറില്‍ ആദ്യം നടത്തുന്ന ഈ യാത്രയ്ക്ക് രണ്ടുമാസം മുന്‍പാണ് രൂക്ഷമായ പ്രകൃതിക്ഷോഭം സിക്കിമിന്റെ പല ഭാഗങ്ങളേയും തകര്‍ത്തെറിഞ്ഞത്. നാംചി കൊടുംതണുപ്പിലായിരുന്നു. നഗരത്തില്‍നിന്ന് 2 കി.മീ അകലെ ഒരു വില്ലേജ് റിസോര്‍ട്ടിലായിരുന്നു താമസം. 2 സ്ത്രീകളും അവരുടെ കുട്ടികളും നടത്തുന്ന ഈ റിസോര്‍ട്ട് വളപ്പില്‍ എല്ലാവിധ പച്ചക്കറികളും ഫലവൃക്ഷങ്ങളും പൂന്തോട്ടങ്ങളും വളര്‍ത്തിയിട്ടുണ്ട്. ഗ്രാമീണ സൗന്ദര്യത്തിന്റെ മറ്റൊരു ഉദാഹരണമായി നിലകൊള്ളുന്ന ഈ റിസോര്‍ട്ടിലെ താമസവും ഭക്ഷണവും യാത്രയുടെ ക്ഷീണവും ഞങ്ങളെ ഉറക്കത്തിലേയ്ക്ക് നയിച്ചു. റിസോര്‍ട്ടിനപ്പുറത്ത് കൊടുംകാടുകളാണ്. ദേവദാരുവും പൈനും പീയറും നിറഞ്ഞ ഈ കാടുകള്‍ ചൈനയുമായി വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.

സിക്കിമിലെങ്ങും പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ആലേഖനം ചെയ്ത തുണിപ്പതാകകള്‍ വിവിധ വര്‍ണ്ണനകളില്‍ കാണാം. മേഘങ്ങളില്‍നിന്ന് അരിച്ചിറങ്ങുന്ന അരൂപികളായ പ്രേതപ്പിശാചുക്കളെ അകറ്റുന്നതിനാണ് ബുദ്ധമത വിശ്വാസമനുസരിച്ച് കുന്നിന്‍ മുകളിലും ചെരുവുകളിലും ഈ പതാക കൂട്ടങ്ങള്‍ കാവല്‍ നില്‍ക്കുന്നത്.

അവിടെനിന്ന് റിംപോച്ച എന്ന് ബുദ്ധമത സന്ന്യാസികള്‍ വിളിക്കുന്ന ഗുരുപത്മസംഭവന്റെ പ്രതിമയും വിഹാരവും കാണാന്‍ പോയി. ഇവിടെ ഉയരത്തില്‍ പ്രതിമയ്ക്കരികിലെത്താന്‍  ഒരു റോപ്പ്വേ സ്ഥാപിച്ചിട്ടുണ്ട്. ഉന്നതമായ റിംപോച്ച പ്രതിമ ചുറ്റുപാടുനിന്നു നോക്കിയാല്‍ കാണാനാകും. എട്ടാം നൂറ്റാണ്ടില്‍ ഗുരുപത്മസംഭവന്‍ ഇന്ത്യയില്‍നിന്നും സിക്കിമിലും ഭൂട്ടാനിലും എത്തി എന്നാണ് സങ്കല്പം.

കേരളത്തില്‍നിന്നാണ് പത്മസംഭവന്‍ എത്തിയതെന്ന് വാദിക്കുന്നവരുമുണ്ട്. എന്തായാലും പടുകൂറ്റന്‍ പ്രതിമ കാണുമ്പോള്‍ ഗുരുപത്മസംഭവന് ശിവനുമായുള്ള സാമ്യം മറച്ചുപിടിക്കാനാവുന്നില്ല. പ്രത്യേകിച്ചും കയ്യിലെ തൃശൂലവും ഉടുക്കും ശിവനോടുള്ള സാമ്യവും വിളിച്ചുപറയുന്നുണ്ട്. 

മൂന്ന് വാഹനങ്ങളാണ് ഞങ്ങള്‍ക്ക് യാത്രയ്ക്ക് തയ്യാറാക്കിയിരുന്നത്. അതില്‍ ഒന്നിന്റെ സാരഥിയായിരുന്ന ലാലു സദാസമയവും ഊര്‍ജ്ജസ്വലന്‍. എതിരെ ദിശമാറി വരുന്ന ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്തലും ദുര്‍ഘടപാതകളില്‍ വിരസത അകറ്റുന്ന പൊട്ടിച്ചിരിയുമായി ആത്മവിശ്വാസത്തിന്റെ നിറകുടം, അതാണ് ലാലു. പിരിയാന്‍ നേരത്ത് ലാലുവിന്റെ ചോദ്യം will you miss me sir? Realy we missed him. അടുപ്പത്തിന്റേയും ഊഷ്മളതയുടേയും പര്യായമായിരുന്നു ലാലു.

പരിസ്ഥിതി സൗഹൃദപരമായ, സ്ത്രീകളെ ബഹുമാനിക്കുന്ന, വൃത്തിയും വെടിപ്പുമുള്ള ഒരു ഇന്ത്യന്‍ സംസ്ഥാനമാണ് സിക്കിം. സിക്കിമിന്റെ സാമൂഹ്യജീവിതം അടുത്തറിയാനുള്ള ഒരവസരമാണ് ഞങ്ങള്‍ക്ക് ഈ യാത്ര വഴി ലഭിച്ചത്. പ്രത്യേകിച്ച് കൊറോണ വൈറസ് വ്യാപകമായി പടരുന്ന സന്ദര്‍ഭങ്ങളില്‍ നാലോ അഞ്ചോ പേര്‍ക്കുമാത്രം ഈ രോഗം ബാധിക്കുകയും ശക്തമായ നടപടികള്‍ മൂലം അവര്‍ സുഖം പ്രാപിക്കുകയും രോഗത്തെ ഒറ്റപ്പെടുത്തുകയും ചെയ്ത ഒരു സംസ്ഥാനമായി ഇന്ത്യയില്‍ ഇന്ന് സിക്കിം തല ഉയര്‍ത്തിനില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com