ഈ വിനാശകാരിയായ വൈറസില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കാന്‍ സ്വകാര്യവല്‍ക്കരണത്തോട് 'നോ' പറയുകയാണ് പോംവഴി

നവ ഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടിയും ചങ്ങാത്ത മുതലാളിത്ത കാലത്തെ പടരുന്നതുമായ വൈറസാണ് യെസ് ബാങ്ക് പ്രതിസന്ധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ഈ വിനാശകാരിയായ വൈറസില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കാന്‍ സ്വകാര്യവല്‍ക്കരണത്തോട് 'നോ' പറയുകയാണ് പോംവഴി

യെസ് ബാങ്ക് തകര്‍ച്ചയുടെ ഒരു മാസം മുന്‍പായിരുന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഇക്കോണമിക് സര്‍വ്വേ അവതരിപ്പിച്ചത്. ഈ സുപ്രധാന നയരേഖയിലെ ബാങ്കിങ്ങ് ദേശസാല്‍ക്കരണത്തിന്റെ അരനൂറ്റാണ്ടിലെ അനുഭവങ്ങളെ വിലയിരുത്തുന്ന ഒരു അദ്ധ്യായം മുഴുവന്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെക്കുറിച്ചുള്ള കുറ്റപത്രമാണ്. തീര്‍ന്നില്ല, 1991-ല്‍  നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയശേഷം നിലവില്‍വന്ന നവ സ്വകാര്യ ബാങ്കുകളെ സര്‍വ്വേ വാനോളം വാഴ്ത്തുന്നുമുണ്ട്. പൊതുമേഖലാ ബാങ്കുകളിലെ ഓഹരികളില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച ഓരോ രൂപയ്ക്കും 23 പൈസ നഷ്ടമുണ്ടാകുമ്പോള്‍ നവ സ്വകാര്യ ബാങ്കുകളിലെ ഓഹരികളില്‍ നിക്ഷേപകര്‍ മുടക്കിയ ഓരോ രൂപയ്ക്കും ഒന്‍പത് പൈസ ലാഭമുണ്ടാകുന്നുവെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. ഓഹരി വിപണിയിലെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ വിപണി മൂല്യത്തിന്റെ അഞ്ചിരട്ടിയാണ് നവ സ്വകാര്യ ബാങ്കുകളുടേത് എന്നും സര്‍വ്വേ വാചാലമാകുന്നു. മാത്രമല്ല, ബാങ്ക് തട്ടിപ്പുകളുടെ മുഖ്യപങ്കും പൊതുമേഖലാ ബാങ്കുകളിലാണ് നടക്കുന്നതെന്ന കുറ്റപ്പെടുത്തലുമുണ്ട് കൂട്ടത്തില്‍.

ഇങ്ങനെ പൊതുമേഖലാ ബാങ്കുകള്‍ക്ക് അനുകരണീയമായ കാര്യക്ഷമതയുടേയും മികവിന്റേയും മാതൃകകളായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന നവ സ്വകാര്യ ബാങ്കുകളുടെ പ്രതിനിധിയായിരുന്നു യെസ് ബാങ്ക്. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്. ബാങ്ക് ഓഫ് അമേരിക്കയിലെ അനുഭവങ്ങളും വൈദഗ്ദ്ധ്യവുമായി ഇന്ത്യയിലെത്തി യെസ് ബാങ്ക് സ്ഥാപിച്ച റാണാ കപൂര്‍ കോര്‍പ്പറേറ്റ് ഇന്ത്യയുടെ പോസ്റ്റര്‍ ബോയി ആയി അതിവേഗം വളര്‍ന്നു. അതിനൊപ്പം അവിശ്വസനീയമായ വിധത്തില്‍ റാണാ കപൂറിന്റെ യെസ് ബാങ്കും വളര്‍ന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ഭാവി ധനമന്ത്രിവരെയായി റാണാ കപൂര്‍ പ്രവചിക്കപ്പെട്ടു. 2018-ല്‍ യെസ് ബാങ്കിന്റെ ഓഹരികള്‍ സര്‍വ്വകാല ഉയര്‍ച്ചയിലെത്തി. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും റാണാ കപൂറിന് പടിയിറങ്ങേണ്ട വിധത്തില്‍ ബാങ്ക് പ്രതിസന്ധിയിലായി. വീണ്ടും ഒരു വര്‍ഷംകൂടി കഴിഞ്ഞപ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമതയില്ലാത്തവയെന്ന് കുറ്റപ്പെടുത്തിയ പൊതുമേഖലാ ബാങ്കുകളുടെ പ്രതിനിധിയായ എസ്.ബി.ഐയുടെ ജീവന്‍രക്ഷാ പിന്തുണയില്‍ യെസ് ബാങ്ക് ആയുസ്സ് കഷ്ടിച്ച് നിലനിര്‍ത്തുന്നു! ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയില്‍ പതിനാറ് വര്‍ഷത്തിനുള്ളില്‍ ഒരു ഉല്‍ക്കപോലെ ഉദിച്ചുയര്‍ന്ന് എരിഞ്ഞടങ്ങിയ യെസ് ബാങ്ക് തകര്‍ച്ച ഒരു യാദൃച്ഛികമായ അപകടമായിരുന്നില്ല. പൊതുവില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും പ്രത്യേകിച്ച് ബാങ്കിങ്ങ് മേഖലയും നേരിടുന്ന ഗുരുതരമായ രോഗാവസ്ഥയുടെ ഒരു ലക്ഷണമാണ് യെസ് ബാങ്കിന്റെ പതനത്തോടെ പുറത്തുവരുന്നത്. ഈ രോഗാവസ്ഥയ്ക്ക് കാരണമായ മൂന്ന് ഘടകങ്ങളുണ്ട്. നവ ഉദാരവല്‍ക്കരണം സൃഷ്ടിച്ച ബാങ്കിങ്ങ് സംസ്‌കാരം, റിസര്‍വ്വ് ബാങ്കിന്റെ കൃത്യവിലോപം, ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീഷണമായ വളര്‍ച്ച എന്നിവയാണവ.

ഒന്നാമതായി, തൊണ്ണൂറുകളില്‍ ആരംഭിച്ച നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ബാങ്കിന്റെ ലക്ഷ്യങ്ങളും മുന്‍ഗണനകളുമാകെ പൊളിച്ചെഴുതി. രാജ്യത്തിന്റെ വികസനം, സാമൂഹിക ലക്ഷ്യങ്ങള്‍ എന്നിവയുടെ സ്ഥാനത്ത് പരമാവധി ലാഭം ദ്രുതഗതിയില്‍ എന്നതായി ലക്ഷ്യം. ഈ നയങ്ങളുടെ ഫലമായി സ്ഥാപിക്കപ്പെട്ട യെസ് ബാങ്ക് പോലുള്ള നവ സ്വകാര്യ ബാങ്കുകള്‍ പരമാവധി ലാഭം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അക്രമോത്സുകവും അധാര്‍മ്മികവും വിവേചനരഹിതവുമായ ബിസിനസ് മാതൃകകള്‍ വളര്‍ത്തിയെടുത്തു. പഴയ സ്വകാര്യ ബാങ്കുകളില്‍നിന്ന് സ്വഭാവത്തിലും ഉള്ളടക്കത്തിലും ബിസിനസ് രീതികളിലുമെല്ലാം നവ സ്വകാര്യ ബാങ്കുകള്‍ വ്യത്യസ്തമായി. അത്യധികം അപകടസാദ്ധ്യതയുള്ള വായ്പകളും ചൂതാട്ട സ്വഭാവമുള്ള നിക്ഷേപങ്ങളും മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബിസിനസ്സില്‍ പുലര്‍ത്തേണ്ട അച്ചടക്കത്തിന്റെ ലംഘനവുമെല്ലാം അനുവദനീയമാണെന്ന സ്ഥിതിയായി. ലാഭം ഉണ്ടാക്കുന്ന കാലത്തോളം ഇതൊന്നും ഒരു പ്രശ്‌നമായില്ല. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെയാണ് യെസ് ബാങ്ക് അതിവേഗക്കുതിപ്പ് നടത്തിയത്. 1939-ല്‍ സ്ഥാപിക്കപ്പെട്ട സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിനെ കേവലം ഒന്നര പതിറ്റാണ്ടുകൊണ്ട് ബ്രാഞ്ചുകളുടെ എണ്ണം, വായ്പ, നിക്ഷേപം തുടങ്ങിയവയിലെല്ലാം പിന്നിലാക്കി എന്നോര്‍ക്കുക. പഴയ സ്വകാര്യ ബാങ്കുകളും നവ സ്വകാര്യ ബാങ്കുകളും തമ്മിലുള്ള വ്യത്യാസം ഇതില്‍നിന്നു മനസ്സിലാക്കാം. 

നവ ഉദാരവല്‍ക്കരണ നയം ബാങ്ക് ദേശസാല്‍ക്കരണാനന്തരം നടപ്പാക്കപ്പെട്ട മുന്‍ഗണനാ വായ്പാരീതി തന്നെ അട്ടിമറിച്ചു. 40 ശതമാനം മുന്‍ഗണനാ മേഖലകളായ കൃഷി, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കു നിര്‍ബന്ധിതമായി നല്‍കണമെന്ന വ്യവസ്ഥയില്‍ വെള്ളം ചേര്‍ക്കപ്പെട്ടത് പരമാവധി ലാഭം എന്ന ലക്ഷ്യത്തിനനുസൃതമായിരുന്നു. ബാങ്കിങ്ങ് മേഖലയിലെ ഉദാരവല്‍ക്കരണ നടപടികളെക്കുറിച്ച് തൊണ്ണൂറുകളില്‍ സമര്‍പ്പിക്കപ്പെട്ട നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടാക്കടം പെരുകുന്നതിനു കാരണം മുന്‍ഗണനാ വായ്പകളാണെന്നു ചൂണ്ടിക്കാട്ടിയാണ് അതുപേക്ഷിക്കണമെന്ന ശുപാര്‍ശ നല്‍കുന്നത്. കിട്ടാക്കടം മൂലം പൊതുമേഖലാ ബാങ്കുകള്‍ പ്രതിസന്ധിയിലാകുമ്പോള്‍ ബജറ്റ് സഹായത്തോടെ പുനര്‍മൂലധന ശാക്തീകരണം നല്‍കാന്‍ പാടില്ലെന്നും നരസിംഹം കമ്മിറ്റി നിര്‍ദ്ദേശിച്ചു. ലാഭം ലക്ഷ്യമാക്കി വന്‍കിട വായ്പകളിലേക്ക് ഊന്നല്‍ മാറി. പ്രത്യേകിച്ച് ഊര്‍ജ്ജം, വാര്‍ത്താവിനിമയം, വ്യോമയാനം തുടങ്ങിയ അടിസ്ഥാന സൗകര്യവികസന മേഖലകളിലെ കോര്‍പ്പറേറ്റുകള്‍ക്ക് ഉദാരമായി ഭീമന്‍വായ്പകള്‍ നല്‍കി. പ്രത്യേകിച്ച് 2004-'07ലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ കാലയളവില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ വളര്‍ച്ചയും ലാഭവും കണക്കുകൂട്ടി വന്‍ വായ്പകളെടുത്ത് വ്യാപകമായ മുതല്‍മുടക്കു നടത്തി. എന്നാല്‍, 2008 ഓടെ ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര വളര്‍ച്ചാവേഗം കുറഞ്ഞതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായ സാരമായ വളര്‍ച്ചാ ഇടിവുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധി വന്‍കിട പദ്ധതികളേയും അവയ്ക്കു നല്‍കിയ വായ്പകളുടെ തിരിച്ചടവിനേയും ബാധിച്ചു. ന്യായമായും ചില വായ്പകള്‍ മുടങ്ങുകയും കിട്ടാക്കടം വര്‍ദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, ഈ സാഹചര്യം മുതലെടുത്ത് കോര്‍പ്പറേറ്റുകളും രാഷ്ട്രീയ നേതൃത്വവും ബാങ്ക് മേധാവികളും ചേര്‍ന്ന ഒരു അച്ചുതണ്ട് രൂപംകൊള്ളുകയും കിട്ടാക്കടത്തിന്റെ മറവില്‍ വന്‍വായ്പകള്‍ എഴുതിത്തള്ളി ബാങ്കുകളെ ഉപയോഗിച്ച് പ്രാകൃത മൂലധന സഞ്ചയത്തിന്റെ പ്രക്രിയ ആസൂത്രിതമായി നടപ്പാക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് ബാങ്കുകളിലെ കിട്ടാക്കടം അനിയന്ത്രിതമായി പെരുകിയതും സര്‍വ്വകാല റെക്കോഡിലെത്തിയതും. പരമാവധി ലാഭം എന്ന ലക്ഷ്യത്തിനായി മൂലധനത്തിന്റെ മൃഗതൃഷ്ണകളെ കെട്ടഴിച്ചുവിട്ട നവ ഉദാരവല്‍ക്കരണ നയങ്ങളാണ് യെസ് ബാങ്കിനെ സൃഷ്ടിച്ചതിന്റേയും പനപോലെ വളര്‍ത്തിയതിന്റേയും ഒടുവില്‍ സംഹരിച്ചതിന്റേയും ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയെയാകെ ഗ്രസിച്ച കിട്ടാക്കടമെന്ന ഗുരുതര രോഗാവസ്ഥയുടേയുമെല്ലാം അടിസ്ഥാന കാരണം. 

രണ്ടാമത്തെ ഘടകം റിസര്‍വ്വ് ബാങ്കിന്റെ പങ്കും ഉത്തരവാദിത്വവുമാണ്. ബാങ്കിങ്ങ് മേഖലയില്‍ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അച്ചടക്കവും പാലിക്കുന്നുവെന്നു് ഉറപ്പാക്കേണ്ട റിസര്‍വ്വ് ബാങ്ക് അതില്‍ വീഴ്ച വരുത്തിയതിന്റെ ഉദാഹരണമാണ് യെസ് ബാങ്ക്. റിസര്‍വ്വ് ബാങ്കിന്റെ ഉദാസീനത മിനിമം ഇടപെടലും നിയന്ത്രണവുമെന്ന നവ ഉദാരനയങ്ങളുടെ വീക്ഷണമനുസരിച്ചാണ് എന്ന് കാണാതെ പോകരുത്. പ്രത്യേകിച്ച് നവ സ്വകാര്യ ബാങ്കുകളുടെ പരമാവധി ലാഭം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ കഴിയുന്നത്ര ഇടപെടാതിരിക്കുക എന്ന സമീപനമാണ് റിസര്‍വ്വ് ബാങ്കിന്റേത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ പറഞ്ഞത് റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി യെസ് ബാങ്കിനെ നിരീക്ഷിച്ചു വരികയായിരുന്നു എന്നാണ്. ആ നിരീക്ഷണ കാലയളവിലാണ് ബാങ്കിന്റെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നത് എന്ന വസ്തുത റിസര്‍വ്വ് ബാങ്കിനേയും ധനമന്ത്രാലയത്തേയും പ്രതിക്കൂട്ടിലാക്കുന്നു. പൊതുമേഖലാ ബാങ്കുകളില്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ നടപ്പാക്കാറുള്ള റിസര്‍വ്വ് ബാങ്കിന്റെ കാര്യത്തില്‍ കാണിച്ച മെല്ലെപ്പോക്ക് ദുരൂഹമാണ്. 2015-ല്‍ തന്നെ അന്താരാഷ്ട്ര റേറ്റിങ്ങ് ഏജന്‍സിയായ യു.ബി.എസ് യെസ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. യെസ് ബാങ്കിന്റെ ബാദ്ധ്യത കഴിച്ചുള്ള ആസ്തികളുടെ 125 ശതമാനത്തോളമാണ് മോശം സാമ്പത്തിക സ്ഥിതിയിലുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള വായ്പയെന്ന് യു.ബി.എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ മുന്നറിയിപ്പ് ഗൗരവമായി പരിഗണിക്കാനോ ആ ഘട്ടത്തില്‍ ഇടപെടാനോ റിസര്‍വ്വ് ബാങ്ക് തയ്യാറായില്ല. യെസ് ബാങ്കാവട്ടെ. യു.ബി.എസിനെ തള്ളുകയും അവര്‍ക്കെതിരായി സെക്യൂരിറ്റീസ് എക്സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ക്ക് പരാതി നല്‍കുകയുമാണ് ചെയ്തത്. 2016 മുതല്‍ ബാങ്കിന്റെ വായ്പാവളര്‍ച്ച അസാധാരണമായി ഉയര്‍ന്നു. 2016-'17ല്‍ 35 ശതമാനവും 2017-'18ല്‍ 54 ശതമാനവുമായി വായ്പ വളര്‍ന്നു. അതിലും റിസര്‍വ്വ് ബാങ്കിന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. 2018 നവംബറില്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ബാങ്ക് ചെയര്‍മാന്‍ അശോക് ചാവ്‌ളയ്ക്ക് രാജിവെയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് ഒരു സ്വതന്ത്ര ഡയറക്ടറും രാജിവെച്ചു. റിസര്‍വ്വ് ബാങ്ക് നിരീക്ഷണത്തിനു വിധേയമായിരുന്നു എന്നു പറയുന്ന സമയം ഉള്‍പ്പെടുന്ന 2017-2019 കാലയളവില്‍ 1.32 ലക്ഷം കോടിയില്‍നിന്ന് യെസ് ബാങ്ക് വായ്പകള്‍ 2.41 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നതും ഇതിനിടയിലാണ്. ഒടുവില്‍ 2019 ജനുവരിയിലാണ് താല്‍ക്കാലിക ചെയര്‍മാനെ നിശ്ചയിച്ചുകൊണ്ട് ഗൗരവമുള്ള ഒരു ഇടപെടല്‍ റിസര്‍വ്വ് ബാങ്കില്‍നിന്നുണ്ടായത്. മൂന്നു മാസത്തിനുശേഷം മാര്‍ച്ചില്‍ രവണീത് ഗില്ലിനെ സി.ഇ.ഒ ആയി നിയമിച്ചപ്പോഴേക്കും ഏറെ വൈകിക്കഴിഞ്ഞിരുന്നു. 

മൂകസാക്ഷിയാകുന്ന ആര്‍.ബി.ഐ

യെസ് ബാങ്കിനെ നിരീക്ഷണത്തില്‍ വെച്ചു എന്നു പറയുന്ന കാലയളവില്‍പ്പോലും വസ്തുതകളും പാളിച്ചകളും ശരിയായി കണ്ടെത്തുന്നതില്‍ റിസര്‍വ്വ് ബാങ്ക് പരാജയപ്പെട്ടു എന്നു കാണാം. കിട്ടാക്കടത്തിന്റേയും നഷ്ടത്തിന്റേയും കണക്കുകള്‍ മറച്ചുവെച്ചും തെറ്റായി റിപ്പോര്‍ട്ട് ചെയ്തും യെസ് ബാങ്ക് നടത്തിയ ക്രമക്കേടുകള്‍ക്ക് ആര്‍.ബി.ഐ മൂകസാക്ഷിയായിരുന്നു എന്നതാണ് സത്യം. ഏറ്റവുമൊടുവില്‍ 2019 ഡിസംബറില്‍ അവസാനിച്ച യെസ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 18564 കോടി രൂപ നഷ്ടമാണ്. കൃത്യം ഒരു വര്‍ഷം മുന്‍പ്, 2018 ഡിസംബര്‍ പാദത്തില്‍ 1000 കോടി രൂപ ലാഭം കണക്കില്‍ കാണിച്ചിടത്തുനിന്നാണ് ഈ പതനം. ഒരു വര്‍ഷത്തിനിടയില്‍ മൊത്തം കിട്ടാക്കടം 2.10 ശതമാനത്തില്‍നിന്ന് 18.87 ആയി കുതിച്ചുയര്‍ന്നു. കിട്ടാക്കടത്തിന്റേയും നഷ്ടത്തിന്റേയും കണക്കുകള്‍ മറച്ചുവെച്ചു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവു വേണം? തങ്ങളുടെ മൂക്കിനു താഴെ നടന്ന ഇക്കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വത്തില്‍നിന്ന് റിസര്‍വ്വ് ബാങ്കിന് ഒഴിഞ്ഞുനില്‍ക്കാനാവുമോ? റെഗുലേറ്റര്‍ എന്ന നിലയിലുള്ള റിസര്‍വ്വ് ബാങ്കിന്റെ സുപ്രധാന പങ്കിനെ സംബന്ധിച്ചുതന്നെ നിശിതമായ ചോദ്യങ്ങളുയര്‍ത്തുന്നതാണ് യെസ് ബാങ്കിന്റെ പതനം.
 
മൂന്നാമത്തേതും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ടതുമായ പ്രശ്‌നം മോദി വാഴ്ചയില്‍ സര്‍വ്വ സീമകളും ലംഘിച്ച് വഷളായി വളര്‍ന്ന ചങ്ങാത്ത മുതലാളിത്തത്തിന്റേതാണ്. 2014-ല്‍ മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷമാണ് യെസ് ബാങ്കിന്റെ വായ്പാ വളര്‍ച്ച അമ്പരപ്പിക്കുന്ന ഗതിവേഗം കൈവരിച്ചതെന്നു കാണാനാവും. ഈ കാലയളവില്‍ ബാങ്കിങ്ങ് വ്യവസായത്തിലെ ആകെ വായ്പാ വളര്‍ച്ചാനിരക്കിന്റെ നാലിരട്ടിയായിരുന്നു യെസ് ബാങ്കിന്റെ വായ്പാ വളര്‍ച്ചാനിരക്ക്. ഇതില്‍ നോട്ട് റദ്ദാക്കലിനും ജി.എസ്.ടിക്കും ശേഷം സമ്പദ്ഘടന വളരെ മന്ദഗതിയിലാവുകയും വായ്പാ വളര്‍ച്ചയ്ക്ക് വിളര്‍ച്ച ബാധിച്ചുവെന്നും ഇക്കണോമിക് സര്‍വ്വേയില്‍ തന്നെ സമ്മതിക്കുന്ന കാലയളവില്‍, പ്രത്യേകിച്ച് 2017-'18 യെസ് ബാങ്കിന്റെ വായ്പാ വളര്‍ച്ച 54 ശതമാനമായിരുന്നുവെന്ന് അറിയുക. ഇനി അസാധാരണമായ വായ്പാ വളര്‍ച്ചയുടെ ഗുണഭോക്താക്കളാകട്ടെ, മോദി ഭരണവുമായി ഉറ്റചങ്ങാത്തം പുലര്‍ത്തുന്ന കോര്‍പ്പറേറ്റുകളായിരുന്നു എന്നുകൂടി മനസ്സിലാവുമ്പോഴാണ് ചിത്രം വ്യക്തമാവുക. ഇവരില്‍ മിക്കവരും അതിനകം തന്നെ പൊതുമേഖലാ ബാങ്കുകള്‍ക്ക് വലിയ കിട്ടാക്കടം വരുത്തിവെച്ചു കഴിഞ്ഞിരുന്നു. യെസ് ബാങ്കിന്റെ കിട്ടാക്കടത്തിന്റെ നല്ലൊരു പങ്ക് 10 വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ള 44 കമ്പനികള്‍ക്കു കൊടുത്ത വായ്പയാണെന്ന് ഇതിനകം പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. ഇവയില്‍ കുഴപ്പത്തിലുള്ള അനില്‍ അംബാനിയുടെ 9 കമ്പനികളും പൂട്ടിപ്പോയ ജെറ്റ് എയര്‍വേയ്‌സും പൊളിഞ്ഞ ഐ.എല്‍. ആന്‍ഡ് എഫ്.എസും ഡി.എച്ച്.എഫ്.സി.എല്ലും ഉള്‍പ്പെടുന്നു. ഇവയടക്കമുള്ള അടിസ്ഥാന സൗകര്യവികസന, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ മേഖലകളിലുള്ള  നിരവധി സംശയാസ്പദമായ കമ്പനികള്‍ക്കു നല്‍കിയ വായ്പകളാണ് യെസ് ബാങ്കിന്റെ പതനത്തിലേക്ക് നയിച്ചത്. ഈ വായ്പകള്‍ പലതും നല്‍കിയതിന്റെ പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കും പിന്തുണയും താല്പര്യവും കൂടിയുണ്ട്. പ്രതിസന്ധിയിലായ ഈ കമ്പനികളില്‍ പലതും നേരത്തേ എടുത്തതും തിരിച്ചടവ് മുടക്കിയതുമായ വായ്പകള്‍ കിട്ടാക്കടമാവാതിരിക്കാന്‍ അവയ്ക്ക് വേറെ വായ്പകള്‍ സംഘടിപ്പിച്ചുകൊടുത്ത് സഹായിക്കുകയായിരുന്നു. അതോടൊപ്പം സമ്പദ്ഘടനയിലെ വായ്പാ വളര്‍ച്ചാനിരക്ക് എന്ന പ്രധാന സൂചകം കൃത്രിമമായി ഉയര്‍ത്തി നിര്‍ത്താനും ഈ വന്‍കിട വായ്പകള്‍ സര്‍ക്കാരിനെ സഹായിക്കും. സമ്പദ്ഘടനയിലെ നിക്ഷേപനിരക്കും അതുവഴി വളര്‍ച്ചാനിരക്കും ഉയര്‍ത്താനുള്ള നടപടിയെന്ന വ്യാജേനയാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുണയില്‍ വന്‍കിട കോര്‍പ്പറേറ്റ് വായ്പകള്‍ യെസ് ബാങ്ക് നല്‍കിയതെങ്കിലും അതൊന്നും പുതിയ മുതല്‍മുടക്കിനല്ല, നിലവിലുള്ള വായ്പകള്‍ സര്‍വ്വീസ് ചെയ്യുന്നതിനാണ് ഉപയോഗിച്ചതെന്നും വ്യക്തമാണ്. 

ഇതിലെല്ലാം കേന്ദ്രത്തിനും അറിവും പങ്കും ഉള്ളതുകൊണ്ടാണ് എസ്.ബി.ഐയോട് കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ആവശ്യപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ എസ്.ബി.ഐ യെസ് ബാങ്ക് ഏറ്റെടുക്കാനുള്ള വൈമുഖ്യം നേരത്തേ പ്രകടിപ്പിച്ചതാണ്. മറ്റൊരു ബാങ്കും ഏറ്റെടുക്കാവുന്ന സ്ഥിതിയിലല്ല തങ്ങളെന്ന് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞ എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ (ടൈംസ് ഓഫ് ഇന്ത്യ, 31.01.2019) ഇപ്പോള്‍ നിലപാട് മാറ്റിയതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദമാണെന്നുറപ്പ്. തങ്ങളുടെ ചങ്ങാതിമാരായ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകളെ ഉപയോഗിച്ച് പ്രാകൃത മൂലധനസഞ്ചയം നടത്താന്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നത് മോദി സര്‍ക്കാരിന്റെ മുഖമുദ്രയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014-നു ശേഷം 2019 വരെ ബാങ്കുകളിലെ കിട്ടാക്കടം 777800 കോടി രൂപ എഴുതിത്തള്ളിയെന്ന് ആഗോള ബാങ്കിങ്ങ് ഗ്രൂപ്പായ ക്രെഡിറ്റ് സൂയ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 686800 കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെയാണെങ്കില്‍ 91000 കോടി രൂപ സ്വകാര്യ ബാങ്കുകളുടെയാണ്. വന്‍കിട കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിത്തള്ളി പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് പുനര്‍മൂലധനം ബജറ്റിലൂടെ, നികുതിദായകരുടെ പണം ഉപയോഗിച്ച് ലഭ്യമാക്കും. കൃഷി, വ്യവസായം എന്നിങ്ങനെ മുന്‍ഗണനാ വായ്പകളുടെ ഫലമായി ഉണ്ടാകുന്ന കിട്ടാക്കടത്തിന്റെ പ്രശ്‌നം  പരിഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ബജറ്റില്‍നിന്ന് പണം കൊടുക്കരുതെന്നാണ് നരസിംഹം കമ്മിറ്റി അന്ന് പറഞ്ഞത്. എന്നാല്‍, ഇന്ന് കിട്ടാക്കടം വന്‍തോതില്‍ പെരുകിയപ്പോള്‍ എഴുതിത്തള്ളുകയും പൊതുമേഖലാ ബാങ്കുകള്‍ക്ക് ബജറ്റില്‍നിന്നു പുനര്‍മൂലധനം ലഭ്യമാക്കുകയും ചെയ്യുന്നു. കാരണം, ഇന്ന് കിട്ടാക്കടം വേണ്ടപ്പെട്ട കോര്‍പ്പറേറ്റുകളുടേതാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടമായാലും പൊളിഞ്ഞ സ്വകാര്യ ബാങ്കുകളുടെ രക്ഷാദൗത്യമായാലും പൊതുജനങ്ങളുടെ ചെലവിലാണ്. ഇതിനെയാണ് ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണം നഷ്ടത്തിന്റെ ദേശസാല്‍ക്കരണം എന്നു പറയുന്നത്. വന്‍ ലാഭമുണ്ടാക്കുന്ന ബി.പി.സി.എല്‍ സ്വകാര്യ കുത്തകകള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ അതിന്റെ ഓഹരികള്‍ വാങ്ങുന്നതില്‍നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ വിലക്കിയ മോദി സര്‍ക്കാര്‍ തന്നെയാണ് പൊളിഞ്ഞ യെസ് ബാങ്കിന്റെ 49 ശതമാനം വാങ്ങാന്‍ പൊതുമേഖലയിലുള്ള എസ്.ബി.ഐക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. 

2019 ആദ്യത്തില്‍ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ റാണാ കപൂറിന് ആ വര്‍ഷം അവസാനത്തോടെ തന്റെ ഓഹരികളെല്ലാം വിറ്റഴിച്ച് സുരക്ഷിതമായി ബാങ്കില്‍നിന്നു പിന്‍വാങ്ങാന്‍ സൗകര്യമൊരുക്കിയതും ചങ്ങാത്ത മുതലാളിത്തത്തിന്റെ കണ്ണിയെന്ന നിലയിലാണ്. ഇപ്പോഴത്തെ കോലാഹലങ്ങളും കണ്ണില്‍ പൊടിയിടാനുള്ള നാടകങ്ങളുമെല്ലാം അവസാനിച്ചു കഴിഞ്ഞാല്‍ റാണാ കപൂറും നഷ്ടങ്ങളൊന്നുമില്ലാതെ നിയമത്തിനു തൊടാന്‍ കഴിയാതെ വിരാജിക്കുന്നതു കാണാം. ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോഴും സുഖലോലുപരായി വിലസുന്ന വിജയ്മല്യ, നീരവ് മോദിമാരെപ്പോലെ. യെസ് ബാങ്ക് തകരാന്‍ പോകുന്നുവെന്ന വിവരം അദാനിയെപ്പോലുള്ളവര്‍ക്ക് നേരത്തേ ലഭിച്ചതും ഭരണകൂടവുമായുള്ള ചങ്ങാത്തം കൊണ്ടാണ്. യെസ് ബാങ്കിന് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതിന്റെ 10 ദിവസം മുന്‍പ്, പാചകവാതക ബില്ല് യെസ് ബാങ്കില്‍ അടക്കാനുള്ള സൗകര്യം തങ്ങള്‍ അവസാനിപ്പിച്ചതായി അറിയിച്ചുകൊണ്ട് അദാനി ഗ്യാസ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് അയച്ചിരുന്നു. ഇത്രയൊക്കെയായിട്ടാണ് തന്റെ സര്‍ക്കാര്‍ ചങ്ങാത്ത മുതലാളിത്ത രീതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു ബിസിനസ് ഉച്ചകോടിയില്‍ മോദി പ്രഖ്യാപിച്ചത്. ആ ഉച്ചകോടിയുടെ മുഖ്യ സ്പോണ്‍സര്‍മാരിലൊന്ന് യെസ് ബാങ്കായിരുന്നു എന്നതാണ് വിചിത്രം!

യെസ് ബാങ്കിന്റെ പതനത്തോടെ കേന്ദ്രസര്‍ക്കാര്‍ തന്നെ പ്രചരിപ്പിച്ച കോര്‍പ്പറേറ്റ് കാര്യക്ഷമതയുടെ മറ്റൊരു മിത്തു കൂടി തകരുകയാണ്. ചന്ദാ കൊച്ചാര്‍ മുതല്‍ റാണാ കപൂര്‍ വരെ ബാങ്കിങ്ങ് രംഗത്തെ കോര്‍പ്പറേറ്റ് താരനായകരെല്ലാം കള്ളദൈവങ്ങളായിരുന്നുവെന്ന് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, എന്നിട്ടും മോദി ഗവണ്‍മെന്റ് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിച്ച് ഇതേ കോര്‍പ്പറേറ്റ് ശക്തികളുടെ കയ്യിലെത്തിക്കാനുള്ള ശ്രമവുമായി മുന്നോട്ടു തന്നെയാണ്. അതിന്റെ ആദ്യ ഘട്ടമായ ബാങ്ക് ലയനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒരു പാഠവും അനുഭവങ്ങളില്‍നിന്നു പഠിക്കാന്‍ മോദി ഗവണ്‍മെന്റ് തയ്യാറല്ല. സ്വകാര്യവല്‍ക്കരണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളുടെ നിരവധി അനുഭവങ്ങള്‍ ലോകമാകെയുണ്ട്. അമേരിക്ക തകര്‍ന്ന ബാങ്കുകളെ രക്ഷിക്കാനുള്ള പാക്കേജിനായി പൊതുഖജനാവില്‍നിന്ന് 2008-ല്‍ ചെലവഴിച്ചത് 800 ബില്യണ്‍ (ഏതാണ്ട് 59 ലക്ഷം കോടി രൂപ) ഡോളറായിരുന്നുവെന്ന് മറക്കരുത്. അതിനും മുന്‍പ്, തൊണ്ണൂറുകളുടെ അന്ത്യത്തില്‍, ഏഷ്യന്‍ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് കൊറിയന്‍ ബാങ്കുകളേയും എണ്‍പതുകളുടെ ഒടുവില്‍ ജാപ്പനീസ് ബാങ്കുകളേയും രക്ഷിക്കാനും ഇങ്ങനെ വന്‍തോതില്‍ പൊതുപണം ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. തകര്‍ന്ന സ്വകാര്യ ബാങ്കുകളെ രക്ഷിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരിന് 2017-ല്‍ ചെലവഴിക്കേണ്ടിവന്നത് 25 ബില്യണ്‍ (ഏതാണ്ട് 1.82 ലക്ഷം കോടി രൂപ) ഡോളറായിരുന്നു. ഐ.എം.എഫ് നടത്തിയ ഒരു പഠനമനുസരിച്ച് 1970-2011 കാലയളവില്‍ ബാങ്കുകളെ രക്ഷിക്കാനായി വികസിത രാജ്യങ്ങള്‍ക്ക് ജി.ഡി.പി 6.8 ശതമാനവും വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്ക് 10 ശതമാനവും ശരാശരി ചെലവിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ഈ കാലയളവില്‍ ഇന്ത്യയ്ക്ക് ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമേ ചെലവിടേണ്ടിവന്നിട്ടുള്ളൂ എന്നത് പ്രധാനമാണ്. ഇന്ത്യന്‍ ബാങ്കിങ്ങ് രംഗത്തെ പൊതുമേഖലയുടെ ദൃഢമായ അടിത്തറയും നിര്‍ണ്ണായകമായ പങ്കുമാണ് ഇതിന്റെ മുഖ്യ കാരണം. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമായി നിന്നത് അതുകൊണ്ടാണ്. സ്വകാര്യവല്‍ക്കരണത്തിലൂടെ ബാങ്കിങ്ങ് രംഗത്തെ പൊതുമേഖലയുടെ സുശക്തമായ അടിത്തറ പൊളിച്ചടുക്കിയാല്‍ മേല്‍പ്പറഞ്ഞ അപകടച്ചുഴികളിലേക്ക് ഇന്ത്യയും എടുത്തെറിയപ്പെടും. അതിനിടയാക്കുന്ന ഒരു മാരക സാമ്പത്തിക വൈറസാണ് യെസ് ബാങ്കിന്റെ രൂപത്തില്‍ ഇപ്പോള്‍ തലനീട്ടിയിരിക്കുന്നത്. ഈ വൈറസ് നവ ഉദാരവല്‍ക്കരണ നയത്തിന്റെ സൃഷ്ടിയും ചങ്ങാത്ത മുതലാളിത്ത കാലത്ത് പടരുന്നതുമാണ്. ഈ വിനാശകാരിയായ യെസ് വൈറസില്‍നിന്ന് ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയേയും സമ്പദ്ഘടനയേയും രക്ഷിക്കാന്‍ സ്വകാര്യവല്‍ക്കരണത്തോട് അസന്ദിഗ്ദ്ധമായ 'നോ' പറയുകയാണ് പോംവഴി. 

(ലേഖകന്‍ മുന്‍ പാര്‍ലമെന്റ് അംഗവും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com