പുതുശ്ശേരി രാമചന്ദ്രന്‍- നവോത്ഥാനത്തിന്റെ കാവ്യസഞ്ചാരം

ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മയും സ്‌നേഹസൗന്ദര്യവുമാണ് പുതുശ്ശേരി അവസാനം വരെ സൂക്ഷിച്ചത്. ജീവചരിത്രത്തിന്റെ ഏത് അദ്ധ്യായത്തിലും അത് നമുക്ക് കാണാന്‍ കഴിയും
പുതുശ്ശേരി രാമചന്ദ്രന്‍- നവോത്ഥാനത്തിന്റെ കാവ്യസഞ്ചാരം

പുതുശ്ശേരി രാമചന്ദ്രന്‍ യാത്രയായി; ഒരു കാലഘട്ടമാണ് അസ്തമിച്ചത്. കേരളത്തെ മലയാളികളുടെ മാതൃഭൂമിയായി രൂപപ്പെടുത്താന്‍ പരിശ്രമിച്ച ധിഷണാശാലികളുടെ നിരയിലെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. രാഷ്ട്രീയം, സാഹിത്യം, ഗവേഷണം, അദ്ധ്യാപനം തുടങ്ങി ഓരോ മേഖലകളിലും പ്രതിബദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വ്യക്തിയും സമൂഹവും നവോത്ഥാനത്തിന്റെ പ്രകാശലോകത്തുകൂടി എന്നും സഞ്ചരിക്കണമെന്ന ബോധ്യത്തില്‍ നിന്നാണ് പുതുശ്ശേരി ഓരോ കര്‍മ്മവും നിര്‍വ്വഹിച്ചത്. സ്വയം ഉയരാനല്ല, ഉയരാനാഗ്രഹിക്കുന്നവരെ ഉണര്‍ത്താനാണ് പുതുശ്ശേരി എന്നും ശ്രമിച്ചത്. അതുകൊണ്ടാണ് ജീവിതസായാഹ്നത്തിലും പുരസ്‌കാരങ്ങളും ആദരവും സ്‌നേഹാര്‍പ്പണങ്ങളും ധാരാളമായി ലഭിച്ചത്. മനുഷ്യന്‍ എന്ന വലിയ സങ്കല്പത്തെ, അതിന്റെ എല്ലാ അര്‍ത്ഥങ്ങളോടും കൂടി സാക്ഷാല്‍കരിക്കുകയാണ് പുതുശ്ശേരി ചെയ്തത്. 

ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മയും സ്‌നേഹസൗന്ദര്യവുമാണ് പുതുശ്ശേരി അവസാനം വരെ സൂക്ഷിച്ചത്. ജീവചരിത്രത്തിന്റെ ഏത് അദ്ധ്യായത്തിലും അത് നമുക്ക് കാണാന്‍ കഴിയും. രാഷ്ട്രീയ പ്രവര്‍ത്തകന്റെ പ്രതിബദ്ധമായ ജീവിതത്തിലും അദ്ധ്യാപകന്റെ ധൈഷണിക പ്രവര്‍ത്തനങ്ങളിലും കവിയുടെ ജീവിതവ്യാപാരങ്ങളിലും അത് എന്നും പൂത്തുനിന്നു. മധ്യതിരുവിതാംകൂറിലെ വള്ളികുന്നം എന്ന ഗ്രാമത്തില്‍നിന്നാണ് പുതുശ്ശേരി വരുന്നത്. കാര്‍ഷിക ജീവിതത്തിന്റെ സമൃദ്ധിയില്‍നിന്നും രാഷ്ട്രീയ പോരാട്ടത്തിന്റെ യുദ്ധഭൂമിയിലേക്ക് പലായനം ചെയ്ത ഒരു ജനതയാണ് അവിടത്തേത്. കാമ്പിശ്ശേരി കരുണാകരന്‍, പുതുപ്പള്ളി രാഘവന്‍, തോപ്പില്‍ ഭാസി, പുതുശ്ശേരി രാമചന്ദ്രന്‍ എന്നിവരെ മറന്നുകൊണ്ട് കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം എഴുതാന്‍ കഴിയില്ല. രാഷ്ട്രീയത്തെ സര്‍ഗ്ഗാത്മകവും ധൈഷണികവുമാക്കി മാറ്റിയ അസാധാരണ വ്യക്തിത്വങ്ങളായിരുന്നു അവര്‍. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ വേരുപിടിപ്പിക്കാന്‍ സംഘടന മാത്രം പോരാ, സര്‍ഗ്ഗാത്മകതയും വേണമെന്ന് ഈ നാലുപേരും തെളിയിച്ചു. അതുകൊണ്ടാണ് രാഷ്ട്രീയത്തിന്റെ അകത്തളത്തില്‍നിന്ന് പുറത്തിറങ്ങിയപ്പോഴും സവിശേഷ വ്യക്തിത്വങ്ങളായി അവരെ സമൂഹം ആദരിച്ചത്. വിദ്യാര്‍ത്ഥികാലത്ത് വള്ളികുന്നത്തുനിന്നു തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിത്തറയാണ് പുതുശ്ശേരിയെ ഓരോ ജീവിതകാണ്ഡത്തിലും പതറാതെ നിലനിര്‍ത്തിയത്. ജീവിതത്തിന്റെ ഓരോ സന്ധികളിലും രാഷ്ട്രീയ വിശ്വാസത്തിന്റെ ജൈവധാര പുതുശ്ശേരി സൂക്ഷിച്ചിരുന്നു. പക്ഷേ, അത് നേട്ടങ്ങള്‍ കൊയ്യാനുള്ള ഒരു വഴിയായി മാറ്റിയില്ല.

പുതുശ്ശേരി രാമചന്ദ്രന്റെ കാവ്യജീവിതം മലയാള കവിതാചരിത്രത്തിന്റെ ഭാഗമാണ്. ഒരു കവിയെന്ന നിലയില്‍ത്തന്നെയാണ് അറിയപ്പെട്ടതും അറിയപ്പെടാന്‍ പോകുന്നതും. സവിശേഷമായ ഒരു കാവ്യജീവിതത്തിന്റെ എല്ലാ അധ്യായങ്ങളും ചേര്‍ന്നതാണ് ആ കാവ്യ വ്യക്തിത്വം. മലയാള കവിതയുടെ ഒരു പ്രത്യേക ചരിത്രസന്ധിയിലാണ് പുതുശ്ശേരി കാവ്യജീവിതം തുടങ്ങുന്നത്. ദേശീയതലത്തില്‍ത്തന്നെ കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലമായിരുന്നു അത്. ജീവല്‍സാഹിത്യ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ എഴുത്തുകാരിലേക്കും കലാകാരന്മാരിലേക്കും സംക്രമിക്കുന്ന ചരിത്രസന്ദര്‍ഭം. ഇക്കാലത്തുതന്നെ മലയാള കവിതയില്‍ കാല്പനികതയുടെ മാസ്മരിക ലോകം ആവര്‍ത്തനങ്ങളിലൂടെ വിരസമായിത്തുടങ്ങി. ചങ്ങമ്പുഴയില്‍നിന്നുള്ള കവിതയുടെ വിമോചനത്തിനായി വായനക്കാര്‍ ആഗ്രഹിക്കുന്ന സമയം. 1943-ല്‍ 'ഭാരത തൊഴിലാളി' എന്ന കയ്യെഴുത്തു മാസികയിലാണ് പുതുശ്ശേരി ആദ്യ കവിത പ്രസിദ്ധീകരിച്ചത്. ആദ്യകാല കവിതകളിലൂടെത്തന്നെ ആ കാവ്യജീവിതത്തിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സജീവ സമരമുഖങ്ങളില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്, അതില്‍നിന്നും വിമുക്തമായ ഒരു സര്‍ഗ്ഗജീവിതം സൃഷ്ടിക്കാന്‍ കഴിയില്ല. ആ യാഥാര്‍ത്ഥ്യമാണ് പുതുശ്ശേരി കവിതകള്‍ തെളിയിക്കുന്നത്. പുതുശ്ശേരി രാമചന്ദ്രന്‍ എഴുതുന്നു: ''സമൂഹജീവിതത്തില്‍നിന്നും മനസ്സാക്ഷിയുള്ള എഴുത്തുകാരനും മാറിനില്‍ക്കാനാവില്ല. ബാഹ്യ പ്രകടനങ്ങള്‍ സൃഷ്ടിക്കുന്ന ആന്തരിക ചലനങ്ങളാണ് മിക്കവാറും കാവ്യബീജങ്ങളാവുക. ആന്തരിക ചോദനകള്‍ വേറെയുമുണ്ടാവും. സ്വാതന്ത്ര്യസമരത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ സജീവമായി പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നു. അതെനിക്ക് ധാരാളം ജീവിതാനുഭവങ്ങള്‍ തന്നു. അക്കാലത്തെ അനുഭവങ്ങളും പീഡനങ്ങളുമാണ് കാവ്യവിഷയമായിട്ടുള്ളത്. പക്ഷേ, പിന്നീട് എത്രയോ വിഭിന്നാനുഭവങ്ങളും കാവ്യ പ്രമേയങ്ങളായിട്ടുണ്ട്. അവാച്യമായ അനുഭൂതികളുടേയും കൊടിയ ആത്മസംഘര്‍ഷങ്ങളുടേയും ആവിഷ്‌കാരങ്ങള്‍ അവയില്‍ കാണാം.'' (ഞാന്‍ കവിത എഴുതുന്നത്) കവിത നിരവധി തലങ്ങളിലൂടെ വലിയ സംക്രമണങ്ങളിലേക്ക് കടന്നു. വയലാര്‍, ഒ.എന്‍.വി, തിരുനല്ലൂര്‍, പി. ഭാസ്‌കരന്‍, പുനലൂര്‍ ബാലന്‍ തുടങ്ങിയവര്‍ അക്കാലത്തെ കാവ്യ സഹയാത്രികരായിരുന്നു. അവരും സാമൂഹ്യ - രാഷ്ട്രീയ ജീവിതത്തിന്റെ യുദ്ധഭൂമിയില്‍നിന്നാണ് കടന്നുവന്നത്. അവരുടെ കാവ്യ ഉള്ളടക്കങ്ങളില്‍ സമാനതകളും സമാന്തരങ്ങളും ഉണ്ടായിരുന്നു. ആ കവികളോട് ചേര്‍ന്നു നില്‍ക്കുമ്പോഴും പുതുശ്ശേരി പലപ്പോഴും വേറിട്ട് സഞ്ചരിച്ചു. കാല്പനികതയുടെ അധിനിവേശത്തെ കാലത്തിന്റെ ആന്തരിക ചോദനകള്‍കൊണ്ട് മറികടക്കുകയാണ് പുതുശ്ശേരി ചെയ്തത്. കാലം അതിന്റെ എല്ലാ ജൈവസ്വഭാവങ്ങളോടെയും പുതുശ്ശേരിയുടെ കവിതയില്‍ പ്രതിഫലിച്ചു. പുരോഗമനപക്ഷത്തിന്റെ കവിയായിരിക്കുമ്പോഴും മനുഷ്യബന്ധങ്ങള്‍ക്കുള്ളിലെ ആത്മസംഘര്‍ഷങ്ങളിലും ജീവിത പ്രതിസന്ധികളിലും മനസ്സ് പതിപ്പിച്ചു. 

'പുതിയ കൊല്ലനും പുതിയൊരാലയും' എന്ന കാവ്യശീര്‍ഷകം പുതുശ്ശേരി കവിതകളെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്. പഴയകാലത്തെ പുതുക്കിപ്പണിയുകയും പുതിയ ആശയങ്ങള്‍ രാകിമിനുക്കുകയുമാണ് പുതുശ്ശേരി ചെയ്തത്. പുതിയ ആശയങ്ങള്‍ക്കുവേണ്ടിയുള്ള അഭിനിവേശമാണ് ചങ്ങമ്പുഴ സൃഷ്ടിച്ച കാല്പനികതയില്‍നിന്നു പുറത്തുകടക്കാന്‍ പുതുശ്ശേരിയെ പ്രേരിപ്പിച്ചത്. 'എല്ലുറപ്പുള്ള കവിത' എന്ന വിശേഷണം പുതുശ്ശേരിയുടെ കവിതയ്ക്കും ചേരും. കോമള കാന്ത പദാവലികള്‍കൊണ്ടല്ല, മണ്ണിന്റേയും മനുഷ്യന്റേയും ചൂടും ചൂരും കൊണ്ടാണ് ഓരോ കവിതയും സൃഷ്ടിച്ചത്. മണ്ണും കൃഷിഭൂമിയും കൃഷിക്കാരനും പലപ്പോഴും കവിതയില്‍ കടന്നുവരുന്നുണ്ട്. അത് ജനിതക സ്വഭാവത്തിന്റെ മായ്ക്കാനാവാത്ത അടയാളങ്ങളാണ്. ഇടശ്ശേരി സൃഷ്ടിച്ച ഗ്രാമീണ ജീവിതത്തിന്റെ ആന്തരിക ലോകങ്ങള്‍ പുതുശ്ശേരിയുടെ കവിതയിലും കാണാം. ഇടശ്ശേരി തന്റെ കാവ്യനിര്‍മ്മിതിയെ കൊല്ലന്റെ ആലയോടാണ് ഉപമിച്ചതെന്ന് ഇപ്പോള്‍ ഓര്‍ക്കാം. പുതുശ്ശേരിയുടെ കാവ്യലോകം വേണ്ടത്ര പഠനവിധേയമായിട്ടില്ല. സമകാലിക കവികള്‍ക്കു ലഭിച്ച ഗവേഷണ പഠന പരിഗണനകള്‍ പുതുശ്ശേരിക്കു ലഭിച്ചില്ല. ചലച്ചിത്ര ഗാനങ്ങളില്‍പ്പോലും അക്കാദമിക് പഠനരീതികള്‍ പരീക്ഷിക്കുമ്പോള്‍ അവയൊന്നും ഈ കാവ്യലോകത്തെ സ്പര്‍ശിച്ചില്ല. കാലം, ചരിത്രം, ഭാഷ, രാഷ്ട്രീയം, സംസ്‌കാരം, ആവിഷ്‌കാരം എല്ലാംകൊണ്ടും ഉയരത്തില്‍ നില്‍ക്കുന്ന ഈ കാവ്യലോകം മലയാള കവിതയുടെ ഒരു ചരിത്രഘട്ടത്തിലേക്കുള്ള വലിയ വാതായനങ്ങളാണ്. 

ഗവേഷകന്റെ കയ്യൊപ്പ്

കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രരചനയ്ക്കും പുതുശ്ശേരി സമയം വിനിയോഗിച്ചു. ഉപരിപ്ലവമായ അക്കാദമിക് ഗവേഷണത്തിന്റെ ചിട്ടകളെ തിരസ്‌കരിക്കുന്ന പഠന ഗവേഷണങ്ങളാണ് നടത്തിയത്. കേരളത്തിന്റെ പ്രാചീന സംസ്‌കൃതിയില്‍ ഊന്നി നിന്നുകൊണ്ടുള്ള ഗവേഷണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. കണ്ണശ്ശ രാമായണത്തിന്റെ കണ്ടെത്തലും സംശോധനവും പാഠനിര്‍മ്മിതിയുമൊക്കെ മലയാള കവിതാ ചരിത്രത്തിലെ പ്രകാശപഥങ്ങളാണ്. ഒരു കവിയുടെ വീണ്ടെടുപ്പ് എന്നതിലുപരി ഒരുകാലത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയായിരുന്നു അത്. കാവ്യചരിത്രത്തോടും കേരളചരിത്രത്തോടും ഒരുപോലെ പ്രതിബദ്ധതയുള്ള ഒരു ഗവേഷകനു മാത്രമേ ഇത്തരമൊരു കണ്ടെത്തല്‍ നടത്താനാവൂ. മാഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു കാവ്യസംസ്‌കാരത്തെയാണ് പുതുശ്ശേരി പുനരാനയിച്ചത്. ജീവിതത്തിന്റെ അന്ത്യം വരെ കണ്ണശ്ശ കവിതകളുടെ ഗവേഷണങ്ങളില്‍ മനസ്സര്‍പ്പിച്ചിരുന്നു. ആ കൃതികളുടെ പദകോശം രൂപപ്പെടുത്തിയതു കാണാതെയാണ് വിടപറഞ്ഞത്. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍ കണ്ടെത്തി അവതരിപ്പിച്ചു. ഗൗരവമായ കേരള ചരിത്രത്തിലേക്കുള്ള വഴിതുറക്കലായിരുന്നു അത്. ചരിത്രരചനയിലെ അക്കാദമിക് അനുഷ്ഠാനങ്ങളെ തിരസ്‌കരിച്ചുകൊണ്ടാണ് പുതുശ്ശേരി ചരിത്രകൃതികള്‍ സൃഷ്ടിച്ചത്. ചരിത്രരചനയില്‍ നിലനില്‍ക്കുന്ന ജാതിമത ബോധത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ചരിത്രരചനകള്‍ നിര്‍വ്വഹിച്ചത്. കേരളചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതി: ''കേരളത്തിന്റെ സാംസ്‌കാരിക ചരിത്ര രൂപീകരണത്തിനു പിന്നില്‍ ബ്രാഹ്മണരുടേയും സംസ്‌കൃത ഭാഷയുടേയും സ്വാധീനത്തിനപ്പുറത്തേക്കു പോയി നോക്കാന്‍ ചരിത്രകാരന്മാര്‍ക്കു കഴിഞ്ഞില്ല. കേരള സംസ്‌കാര രൂപീകരണത്തില്‍ ശ്രമണരുടെ സംഭാവന ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സമഗ്രമെന്നോ സമ്പൂര്‍ണ്ണമെന്നോ പറയാവുന്ന ഒരു ആധികാരിക കേരളചരിത്രം നമുക്കിന്നും ഉണ്ടായിട്ടില്ല.'' ഇതു പൂരിപ്പിക്കാനാണ് പുതുശ്ശേരി എപ്പോഴും ശ്രമിച്ചത്. പല അക്കാദമിക് ചരിത്രകാരന്മാരും ഭാവനയില്‍നിന്നു സൃഷ്ടിച്ച കേരളചരിത്രത്തെ മാറ്റി പണിയുകയായിരുന്നു പുതുശ്ശേരിയുടെ ലക്ഷ്യം. തെളിവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് ചരിത്രനിര്‍മ്മിതിക്ക് പുതുശ്ശേരി ശ്രമിച്ചത്. പുതുശ്ശേരി രാമചന്ദ്രന്‍ എന്ന കേരളചരിത്രകാരനെ പലപ്പോഴും മുഖ്യധാര അക്കാദമിക് ചരിത്രരചയിതാക്കള്‍ പരിഗണിക്കാറില്ല. 

എണ്‍പതുകളുടെ മധ്യത്തിലാണ് പുതുശ്ശേരി സാറിനെ പരിചയപ്പെടുന്നത്. കേരള സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ എം.എ. വിദ്യാര്‍ത്ഥിയായി എത്തുമ്പോഴാണ് ആ ബന്ധം തുടങ്ങുന്നത്. പിന്നീട് വ്യത്യസ്ത തലങ്ങളിലൂടെ അതു വളര്‍ന്നു. ഒരു ഗുരുനാഥന്റെ സ്‌നേഹവും വാത്സല്യവും ലഭിച്ചു. പൊതു ചടങ്ങുകള്‍ക്കും കുടുംബ ചടങ്ങുകള്‍ക്കും ഒരുമിച്ചു പങ്കെടുത്തു. എഴുത്തു ജീവിതത്തെ നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞു. പുതുശ്ശേരിസാറിന്റെ വിയോഗത്തിലൂടെ ശ്രേഷ്ഠ ഗുരുനാഥന്മാരുടെ ഒരു പരമ്പരയാണ് അവസാനിക്കുന്നത്. ആദരണീയ ഗുരുനാഥനായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ള അന്തരിച്ചപ്പോള്‍ പുതുശ്ശേരി എഴുതിയ ആഗ്‌നേയ, സ്വാഹാ എന്ന കവിതയിലെ ഏതാനും വരികള്‍ ഗുരുനാഥനുവേണ്ടി ഞാനും അര്‍പ്പിക്കുന്നു.
    ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍
    വിടര്‍ത്തും സൗന്ദര്യങ്ങള്‍
    നിര്‍ജ്ജന ഹൃദയത്താല്‍
    തൊട്ടുതൊട്ടറിഞ്ഞോനെ, 
    വിഷഗന്ധികള്‍ 
    മഞ്ഞച്ചിരിതൂകുമിക്കാവില്‍
    വനജ്യോത്സനയായ് പൂത്തു
    സുഗന്ധം നിറച്ചോനെ,
    ഞങ്ങള്‍തന്‍ ഗുരുവിനെ,
    ഞങ്ങള്‍തന്‍ ആചാര്യനെ,
    ഞങ്ങളെയമ്മയച്ഛരായെന്നും
    സ്‌നേഹിച്ചോനെ
    അഗ്‌നിദേവതേ 
    ഏറ്റുവാങ്ങുകീ ജ്ഞാനാഗ്‌നിയെ,
    ശുദ്ധിതേടുക
    കൈക്കൊണ്ടീടുകീ വിശുദ്ധിയെ
    പാവനചരിതനെ
    മനസ്സില്‍ സൂക്ഷിക്കുക!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com