പുതിയ വിദ്യാഭ്യാസ നയം; അതിദേശീയതയുടെ മാനിഫെസ്റ്റോ

സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന കപട ദേശീയതാവാദത്തിന്റെ സൂക്ഷ്മ പ്രയോഗമാണ് വിദ്യാഭ്യാസ നയത്തിന്റെ അന്തര്‍ധാര
പുതിയ വിദ്യാഭ്യാസ നയം; അതിദേശീയതയുടെ മാനിഫെസ്റ്റോ

രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയെ അപകടകരമായ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതാണ് ബി.ജെ.പി ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസ വിദഗ്ദ്ധന്മാരുമായോ അക്കാദമിക് പണ്ഡിതന്മാരുമായോ വേണ്ടത്ര കൂടിയാലോചിക്കാതെയുണ്ടാക്കിയ നയം, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് കൊവിഡിന്റെ മറവില്‍ മന്ത്രിസഭയുടെ അംഗീകാരം നേടിയെടുത്തത്. കാലങ്ങളായി നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതി, രാജ്യത്തിന്റെ ഫെഡറല്‍ മൂല്യങ്ങളെത്തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍.

പുതിയ നയത്തിലൂടെ, മൂന്നു വയസ്സിനു മുന്‍പേ കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസം ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാവുകയാണ്.

പ്രീ പ്രൈമറി മുതല്‍ രണ്ടാം ക്ലാസ്സ് വരെ (മൂന്നു വയസ്സു മുതല്‍ എട്ടു വയസു വരെ) ഒന്നാം ഘട്ടവും തുടര്‍ന്ന് മൂന്നാം ക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ്സ് വരെ രണ്ടാം ഘട്ടവും ആറാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സു വരെ മൂന്നാം ഘട്ടവും ഒന്‍പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ നാലാം ഘട്ടവുമായി സ്‌കൂള്‍ വിദ്യാഭ്യാസം ക്രമീകരിക്കപ്പെടുന്നു. അതായത് 5+3+3+4 എന്ന പുതിയ രീതി വിഭാവനം ചെയ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലാകട്ടെ, സമ്പൂര്‍ണ്ണമായ പൊളിച്ചെഴുത്താണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിഗ്രി വിദ്യാഭ്യാസം നാലുവര്‍ഷമായി മാറ്റുന്നു. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമ, മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിഗ്രി, നാലു വര്‍ഷവും വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ഗവേഷണ നിലവാരത്തിലുള്ള ബിരുദം എന്നിങ്ങനെ ലഭിക്കും. ഉന്നത  വിദ്യാഭ്യാസ മേഖലയിലെ എല്ലാ കോഴ്സുകളിലേക്കും ഏകീകൃത പ്രവേശന പരീക്ഷകളുണ്ടാകുന്നു. എം.ഫില്‍ കോഴ്സ് നിര്‍ത്തലാക്കുകയും ബി.എഡ് നാലു വര്‍ഷമാക്കുകയും ചെയ്യും. നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നു വിഭാഗങ്ങളായി തരം തിരിക്കും. ഗവേഷണത്തിനുവേണ്ടിയുള്ള സര്‍വ്വകലാശാലകള്‍, അധ്യയനത്തിനുവേണ്ടിയുള്ള സര്‍വ്വകലാശാലകള്‍, സാധാരണ കോളേജുകള്‍. ഇവയ്‌ക്കോരോന്നിനും നിശ്ചിത ദൗത്യങ്ങളുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന യു.ജി.സി, എ.ഐ.സി.ടി.ഇ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ബാര്‍ കൗണ്‍സിലും മാത്രം ബാക്കിയാകും. എല്ലാ സ്ഥാപനങ്ങള്‍ക്കും പകരമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സൃഷ്ടിക്കും. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ അന്തിമ തീരുമാനങ്ങള്‍ എടുക്കുന്ന പരമമായ അധികാര കേന്ദ്രമായി മാറാന്‍ പോകുന്നു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴില്‍ പുതുതായി രൂപീകരിക്കുന്ന ഉപസമിതികള്‍ ശുപാര്‍ശ ചെയ്യുന്ന, മിനിമം നിലവാരം പുലര്‍ത്താത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. കോളേജുകള്‍ക്കു നല്‍കുന്ന പരിമിതമായ ധനസഹായം കൂടി വെട്ടിക്കുറയ്ക്കപ്പെടും. കൂടാതെ, കോളേജുകള്‍ക്കെല്ലാം സ്വതന്ത്രാധികാരം നല്‍കുക, സ്വകാര്യ സര്‍വ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുക, വിര്‍ച്വല്‍ യൂണിവേഴ്സിറ്റികള്‍ ആരംഭിക്കുക തുടങ്ങി സാര്‍വ്വത്രികവും ജനകീയവുമായ വിദ്യാഭ്യാസത്തെ തുരങ്കംവയ്ക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍കൂടി ഈ നയത്തിലുണ്ട്.

ഫെഡറലിസം അട്ടിമറിക്കപ്പെടുമ്പോള്‍
 
നൂറു കണക്കിനു നാട്ടുരാജ്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഇന്ത്യ എന്ന രാജ്യം ഉണ്ടായത്. ഓരോ പ്രദേശത്തിന്റേയും സാംസ്‌കാരികവും ചരിത്രപരവുമായ വൈവിധ്യങ്ങളേയും പ്രത്യേകതകളേയും ബഹുമാനിച്ചുകൊണ്ടാണ് ഇന്ത്യ എന്ന ആശയം രൂപപ്പെടുന്നത്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ മുദ്രാവാക്യം. ഒരു സംസ്ഥാനവും അടുത്ത സംസ്ഥാനവും തമ്മിലും സംസ്ഥാനങ്ങള്‍ക്കുള്ളിലെ വിവിധ പ്രദേശങ്ങള്‍ തമ്മിലും ഭാഷയിലും സംസ്‌കാരത്തിലും വേഷഭൂഷയിലും ചരിത്രത്തിലുമെല്ലാം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രാദേശിക സ്വത്വങ്ങളുടെ മൗലികതയും അവയുടെ സഹവര്‍ത്തിത്വവുമാണ് രാജ്യത്തിന്റെ അടിത്തറ. ഈ അടിത്തറയുടെ കെട്ടുറപ്പാണ് റിപ്പബ്ലിക് എന്ന നിലയില്‍ രാജ്യത്തിന്റെ ശക്തി. ഫെഡറല്‍ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ഇന്ത്യ എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെടും.
 
ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണ് വിദ്യാഭ്യാസം. കേന്ദ്ര ഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റിനും സവിശേഷമായ അധികാരങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ട്. വിദ്യാഭ്യാസമേഖലയിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നതില്‍ ഇരു ഗവണ്‍മെന്റുകളും പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍, പുതിയ വിദ്യാഭ്യാസ നയം നടപ്പിലാകുന്നതോടുകൂടി വിദ്യാഭ്യാസ മേഖലയിലെ ഏക അധികാര കേന്ദ്രമായി കേന്ദ്ര ഗവണ്‍മെന്റ് മാറുകയാണ്. സംസ്ഥാനങ്ങള്‍ക്കോ സര്‍വ്വകലാശാലകള്‍ക്കോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ വിദ്യാഭ്യാസ മേഖലയിലെ തീരുമാനങ്ങളില്‍ ഒരു പങ്കും ഇനി ഉണ്ടാകില്ല. ഇതാണ് സംഭവിക്കാന്‍ പോകുന്നത്. പ്രധാനമന്ത്രിയും അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന ഏതാനും സംസ്ഥാന മുഖ്യമന്ത്രിമാരും ചില കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍. പൂര്‍ണ്ണമായും ഒരു കേന്ദ്രത്തില്‍നിന്നെടുക്കുന്ന തീരുമാനങ്ങള്‍, അതേപടി രാജ്യത്തുടനീളം നടപ്പിലാക്കാന്‍ പോവുകയാണ്. രാജ്യത്തിന്റെ പ്രാദേശികമായ വൈവിധ്യത്തെ അംഗീകരിക്കാതെയാണ് ഈ തീരുമാനവുമായി ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നത്. സാംസ്‌കാരികവും ചരിത്രപരവും സാമൂഹികവുമായ മൗലികതയെ ഉള്‍ക്കൊള്ളാതെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കപ്പെടാന്‍ പോവുകയാണ്. സംഘപരിവാറിന്റെ കൃത്യമായ രാഷ്ട്രീയ പദ്ധതിയും രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുടെ ആസൂത്രിതമായ തുടര്‍ച്ചയുമാണിത്. ഒരു ഭാഷ, ഒരു മതം, ചരിത്രം, ഒരു സംസ്‌കാരം എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാര പദ്ധതിയുടെ പുതിയ പ്രയോഗമാണിത്. ജനാധിപത്യത്തിന്റെ വികേന്ദ്രീകരണ രീതികളെ മുഴുവന്‍ റദ്ദ് ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. അതിന് ഏറ്റവും പ്രധാനമായി വേണ്ടത് വിദ്യാഭ്യാസത്തിന് ഏകമുഖമായ ഒരു പരിപ്രേക്ഷ്യം നല്‍കുക എന്നതാണ്.

ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു സിലബസ്

ഒരു ഇന്ത്യ ഒരു നികുതി, ഒരു ഇന്ത്യ ഒരു നിയമം, ഒരു ഇന്ത്യ ഒരു മതം, ഒരു ഇന്ത്യ ഒരു ഭാഷ തുടങ്ങിയ അജന്‍ഡകളുടെ തുടര്‍ച്ചയാണ് ഒരു ഇന്ത്യ ഒരു സിലബസ്, ഒരു ഇന്ത്യ ഒരു പരീക്ഷ തുടങ്ങിയ നയങ്ങള്‍. എല്ലാത്തിന്റേയും നിയന്ത്രണം ന്യൂഡല്‍ഹിയിലേക്ക് മാറ്റി സംസ്ഥാന സര്‍ക്കാരുകളെ കേവലം സാമന്തന്മാരാക്കുക എന്നതാണ് ലക്ഷ്യം. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന കപട ദേശീയതവാദത്തിന്റെ സൂക്ഷ്മപ്രയോഗമാണ് വിദ്യാഭ്യാസ നയത്തിന്റേയും അന്തര്‍ധാര. രാജ്യത്തെ മുഴുവന്‍, ഒറ്റ സംസ്‌കാരത്തിന്റേയും ഒറ്റ ചരിത്രത്തിന്റേയും കുറ്റിയില്‍ ബന്ധിക്കുക. കപട ദേശീയതയുടെ അടയാളങ്ങള്‍ നിറച്ച് സിലബസുകളുണ്ടാക്കുക. സംസ്‌കൃതവും യോഗയും നിര്‍ബ്ബന്ധമാക്കുക. അതുവഴി തങ്ങള്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രീയ പരിതസ്ഥിതിയിലേക്ക് ഒരു തലമുറയെ നയിക്കുക.

ദേശീയ വീക്ഷണമുള്ള സിലബസുകള്‍ രൂപപ്പെടുത്തും എന്നാണ് നയത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രാദേശികമായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താമെങ്കിലും സിലബസുകള്‍ എല്ലാം തീരുമാനിക്കപ്പെടുന്നത് ദേശീയതലത്തില്‍ത്തന്നെ ആയിരിക്കും. പ്രാദേശികമായ പ്രത്യേകതകളെ അവഗണിച്ചുകൊണ്ട് ദേശീയ പാഠ്യക്രമം എന്ന പേരില്‍ തങ്ങളുടെ സങ്കുചിത അജന്‍ഡ നടപ്പിലാക്കാനുള്ള തന്ത്രമാണത്. ഉദാഹരണത്തിന് മലയാളികള്‍ക്ക് പ്രിയങ്കരനായ മഹാബലി ചക്രവര്‍ത്തി വടക്കേ ഇന്ത്യക്കാര്‍ക്ക് ക്രൂരനായ രാക്ഷസരാജാവാണ്. ഇത് പാഠ്യവിഷയമാകുമ്പോള്‍ സംഭവിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ക്കു സമാനമായവ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാകും. തങ്ങള്‍ക്ക് ഭരണമുള്ള സംസ്ഥാനങ്ങളില്‍ അന്ധവിശ്വാസം നിറഞ്ഞതും അബദ്ധജടിലവുമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതുപോലെ ദേശീയതലത്തിലും ചെയ്യുക എന്നതാണ് മറ്റൊരു ലക്ഷ്യം.

1976 വരെ വിദ്യാഭ്യാസം ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായിരുന്നു. പൂര്‍ണ്ണമായും സംസ്ഥാനതലത്തില്‍ തീരുമാനിക്കപ്പെടുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നീടാണ് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ അത് കണ്‍കറന്റ് ലിസ്റ്റിന്റെ ഭാഗമായത്. സാങ്കേതികമായി കണ്‍കറന്റ് ലിസ്റ്റില്‍ തുടരുന്നുവെങ്കിലും ബി.ജെ.പി ഗവണ്‍മെന്റിന്റെ പുതിയ നയത്തിലൂടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും ഒരു കേന്ദ്രവിഷയമായി രൂപാന്തരപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്റെ വൈവിധ്യമാണ് ഈ കേന്ദ്രീകരണത്തിലൂടെ രാജ്യത്ത് ഇല്ലാതാകാന്‍ പോകുന്നത്. വ്യാപകമായ ഫലങ്ങളാകും ഇത്തരം നയങ്ങളിലൂടെ സംഭവിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു സാധാരണ കോളേജില്‍ ഒരു പുതിയ ബിരുദ കോഴ്സ് തുടങ്ങണമെങ്കില്‍പ്പോലും കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി വേണ്ടിവരും എന്നതാണ് സംഭവിക്കാന്‍ പോകുന്ന മറ്റൊരു കാര്യം.

കെ.എന്‍. ബാലഗോപാല്‍
കെ.എന്‍. ബാലഗോപാല്‍

ഉന്നത വിദ്യാഭ്യാസത്തിന് മരണമണി
 
രാജ്യത്താകെ എണ്ണൂറിലധികം സര്‍വ്വകലാശാലകളും അമ്പതിനായിരത്തിലധികം കോളേജുകളുമാണുള്ളത്. പൊതു മാനദണ്ഡങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിഷയങ്ങള്‍ക്കായി സര്‍വ്വകലാശാലകള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാന മേഖലകളിലെ കോളേജുകള്‍ ഇത്തരം സര്‍വ്വകലാശാലയിലേക്ക് അഫിലിയേറ്റ് ചെയ്തിട്ടു്. ഇവയെല്ലാം തന്നെ പൊതുമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പുതിയ വിദ്യാഭ്യാസ നയം അകമഴിഞ്ഞ് സ്വാഗതം ചെയ്യുന്നത് സ്വകാര്യ സര്‍വ്വകലാശാലകളേയും സ്വയംഭരണ കോളേജുകളേയുമാണ്.

മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായി പണം മുടക്കുന്ന സാമൂഹ്യ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം എന്നാണ് നയത്തിലുള്ളത്. ലളിതമായി പറഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ മുന്നോട്ടുവന്ന് വിദ്യാഭ്യാസമേഖലയെ ഏറ്റെടുക്കണം എന്നര്‍ത്ഥം. ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ ആദ്യത്തെ വെര്‍ച്ച്വെല്‍ യൂണിവേഴ്സിറ്റി ആരംഭിക്കാന്‍ അംബാനിയുടെ ജിയോയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ കൈവരിക്കാത്ത പക്ഷം ലാഭകരമല്ലാത്ത കോളേജുകള്‍ പൂട്ടിക്കെട്ടാനുള്ള വ്യവസ്ഥകളുള്ള നയത്തില്‍ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരുടെ സര്‍വ്വകലാശാലകളേയും കോളേജുകളേയും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. അതായത് ഗ്രാമീണ മേഖലകളിലും പിന്നോക്ക മേഖലകളിലുമുള്ള കോളേജുകളെ നിലവാരമില്ലാത്തതായി കണക്കാക്കി ഇല്ലാതാക്കാനുള്ള വഴികളും നയത്തിലുണ്ട് എന്നു സാരം. സാധാരണക്കാരും ദരിദ്രരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ വേണ്ടിയുള്ള സ്ഥാപനങ്ങളെ തകര്‍ക്കാനും സമ്പന്നര്‍ക്കും വരേണ്യവര്‍ഗ്ഗത്തിനുമായി ഉന്നത വിദ്യാഭ്യാസം പരിമിതപ്പെടുത്താനുമുള്ള രാഷ്ട്രീയ ലക്ഷ്യമാണ് ഈ നയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

ഇനി ഈ രാജ്യത്ത് മൂന്നുതരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതി എന്നാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഒന്ന്, ഗവേഷണ സര്‍വ്വകലാശാലകള്‍ രണ്ട്, അധ്യയന സര്‍വ്വകലാശാലകള്‍ മൂന്ന്, സാധാരണ കോളേജുകള്‍. ഇതില്‍ത്തന്നെ മൂന്നാമത്തെ ഗണത്തില്‍പ്പെടുന്ന സാധാരണ കോളേജുകള്‍ പത്തുവര്‍ഷത്തിനുള്ളില്‍ സ്വയംഭരണ പദവി ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവയുടെ അംഗീകാരം റദ്ദാക്കപ്പെടും. സര്‍വ്വകലാശാലകളെ ഗവേഷണ സര്‍വ്വകലാശാല, അധ്യയന സര്‍വ്വകലാശാല എന്നിങ്ങനെ വേര്‍തിരിക്കുന്നതുതന്നെ അശാസ്ത്രീയവും അക്കാദമിക വിരുദ്ധവുമാണ്.

മാത്രവുമല്ല, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സാമ്പത്തിക സ്വയംഭരണം കൈവരിക്കണം എന്ന വിദ്യാഭ്യാസ നയത്തിലെ നിര്‍ദ്ദേശം വളരെ കൃത്യമായി വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയിലെ നിര്‍ണ്ണായക തീരുമാനങ്ങളില്‍നിന്നെല്ലാം സംസ്ഥാന സര്‍ക്കാരുകളേയും അക്കാദമിക് ബോഡികളേയും മാറ്റിനിര്‍ത്തുന്നതുപോലും വിദ്യാഭ്യാസ മേഖലയിലെ കോര്‍പ്പറേറ്റുവല്‍ക്കരണത്തിനും രാഷ്ട്രീയവല്‍ക്കരണത്തിനും വേണ്ടിയാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഇതിന്റെ ഭാഗമായി സമ്പൂര്‍ണ്ണമായി ഇല്ലാതാക്കപ്പെടും. സ്വകാര്യവല്‍ക്കരണം പൂര്‍ണ്ണമാകുന്നതിനിടെ സംവരണം വലിയ തോതില്‍ അട്ടിമറിക്കപ്പെടും.

(ലേഖകന്‍ മുന്‍ രാജ്യസഭാംഗവും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com