ഉദയംപേരൂര്‍ സൂനഹദോസും കാനോനകളുടെ തമസ്‌കരണവും 

സഭാചരിത്ര രചനയില്‍ കണ്ടില്ലെന്നു നടിക്കപ്പെടുന്ന രേഖകളുടെ പ്രസക്തിയെക്കുറിച്ച്
ഉദയംപേരൂർ സൂന​ഹദോസ് പള്ളി
ഉദയംപേരൂർ സൂന​ഹദോസ് പള്ളി

തിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ല.

എണ്ണൂറോളം പ്രതിനിധികള്‍ - 150 വൈദികരും 650 പ്രാതിനിധ്യ സ്വഭാവമുള്ള അല്‍മായരും ഒരേ കൂരയ്ക്കു കീഴില്‍ ഏഴു ദിവസം താമസിച്ച് എല്ലാ ദിവസവും രാവിലേയും വൈകിട്ടും നടന്ന ചര്‍ച്ചാസമ്മേളനങ്ങളില്‍ വിശ്വാസത്തേയും ആരാധനാക്രമത്തെയും കുറിച്ചും ആവശ്യമായ സാമൂഹിക പരിഷ്‌കരണങ്ങളെക്കുറിച്ചും ഗൗരവപൂര്‍ണ്ണമായ ആലോചനകള്‍ നടത്തി തീരുമാനങ്ങളെടുത്തത് ആ കാലഘട്ടത്തിന്റെ പരിമിതികള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ തലമുറയുടെ മുന്‍പില്‍ ഏതാണ്ടൊരു അത്ഭുതപ്രതിഭാസം തന്നെയാണ്. 

ഇത്രയേറെ രേഖാസമൃദ്ധവും അതേസമയം വാഗ്വാദവിധേയവുമായ ഒരു സംഭവവും കേരള ചരിത്രത്തിനു ഹാജരാക്കാനില്ലതന്നെ. സൂനഹദോസ് കഴിഞ്ഞ് ഒരു ദശകത്തിനുള്ളില്‍ത്തന്നെ തീരുമാനങ്ങള്‍ പതിനോരായിരം 'കപ്പല്‍ മൈലുകള്‍ക്ക്' (Nautical Miles) അപ്പുറത്തുമിപ്പുറത്തുമുള്ള രണ്ടു രാജ്യങ്ങളില്‍ രണ്ടു ഭാഷകളില്‍ പൂര്‍ണ്ണമായി ലഭ്യമായി എന്നത് ചരിത്രദൃഷ്ട്യാ 'കനകത്തിനു സുഗന്ധം' എന്ന പ്രയോഗം സാര്‍ത്ഥകമാക്കുന്നു എന്നു പറയാതെ വയ്യ.   

അലക്സിസ് മെനെസിസ്
അലക്സിസ് മെനെസിസ്

പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ 1603-ല്‍ 'ജൊര്‍ണാഡാ' (Jornada) എന്ന പേരില്‍ പ്രസിദ്ധീകൃതമായ പോര്‍ട്ടുഗീസ് ഗ്രന്ഥത്തിന്റെ അനുബന്ധമായിട്ടാണ് പൊതുവേ കാനോനകള്‍ എന്നു മലയാളത്തില്‍ അറിയപ്പെട്ടിരുന്ന സൂനഹദോസ് തീരുമാനങ്ങള്‍ വെളിച്ചം കണ്ടത്.  ജൊര്‍ണാഡാ എന്ന പദത്തിന്റെ അര്‍ത്ഥം യാത്രാവിവരണമെന്നാണ്. സൂനഹദോസിന്റെ പ്രയോക്താവും മുഖ്യ ചാലകശക്തി തന്നെയുമായിരുന്ന ഗോവാ ആര്‍ച്ച് ബിഷപ്പ് അലക്സിസ് മെനെസിസിന്റെ (Alexis De Menezes) കേരള യാത്രാവിവരണമായിട്ടാണ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന അന്റോണിയോ ഗുവയാ (Antonio De Gouvea) ജൊര്‍ണാഡാ രചിച്ചിരിക്കുന്നത്. ആ യാത്രയുടെ ഭാഗമായി മെനെസിസ് സംഘടിപ്പിച്ച സൂനഹദോസിന്റെ നടപടികളും കാനോനകളും അതില്‍ ഇടം കണ്ടു. അതേസമയം തന്നെ കാനോനകള്‍ മലയാളത്തില്‍ കേരളത്തിലും പ്രസിദ്ധീകൃതമായി.   കാനോനകളുടെ പകര്‍പ്പുകള്‍ എല്ലാ പള്ളികളിലും പ്രദര്‍ശിപ്പിച്ച് അവ ജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായിരുന്നു അത്. പക്ഷേ, ഈ പ്രസിദ്ധീകരണം പൂര്‍ണ്ണമായി നടന്നില്ല. ലഭ്യമായിട്ടുള്ള മലയാളം കാനോനപ്പകര്‍പ്പുകളുടെ എണ്ണം അംഗുലീപരിമിതമാണെന്നത് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.  കാനോനകളുടെ ലത്തീന്‍ പരിഭാഷ 1605-നു മുന്‍പുതന്നെ തയ്യാറാക്കപ്പെട്ടിരുന്നു. 

ഇതില്‍നിന്നാണ് റൗളിന്‍ (Roulin) ആദ്യ ലാറ്റിന്‍ പ്രസിദ്ധീകരണം 1745-ല്‍ നടത്തിയത്. (1) 1613ല്‍ തയ്യാറാക്കപ്പെട്ട ഒരു ഇറ്റാലിയന്‍ പരിഭാഷയുടെ കയ്യെഴുത്തുപ്രതി ജെനോവ സര്‍വ്വകലാശാലാ ലൈബ്രറിയുടെ (Universtiy Library of Genova) ശേഖരത്തില്‍ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്.(2)
   
സൂനഹദോസ് കാനോനകള്‍ ഫ്രെഞ്ചിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മൂലഗ്രന്ഥമായ ജൊര്‍ണാഡായുടെ മൊഴിമാറ്റം 1606-ല്‍ നടന്നുകഴിഞ്ഞിരുന്നു.(3) 

ഒരു പ്രൊട്ടസ്റ്റന്റുകാരനായ എം. ഗെഡ്ഡസ്സാണു (M. Geddes)  വളരെ വിലപ്പെട്ട ഒരു ഇംഗ്ലീഷ് തര്‍ജ്ജമ 1694-ല്‍ പ്രസിദ്ധപ്പെടുത്തിയത്. (4)
 
ജര്‍മന്‍ ഭാഷയില്‍ കാനോനകളുടെ ഒരു സംഗ്രഹം 1877-ല്‍ പുറത്തുവരികയുണ്ടായി. (5)

മലയാളം കാനോനകളുടെ 3 കോപ്പി വത്തിക്കാന്‍ ലൈബ്രറിയില്‍ ഇന്നും സൂക്ഷിക്കപ്പെടുന്നു. (6) 

'Synod of Diamper' Doctoral Thesis of Jonas Thaliyath Pontifical Institute Rome 1958 (1) Page 203 (2) P. 211(3) P. 212 (4) P. 2013 (5) P. 215 (6) P. 214

നമ്മുടെ നാട്ടില്‍ നാലു ശതാബ്ദങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സഭാസമ്മേളനത്തിന്റെ വിശദാംശങ്ങള്‍ യൂറോപ്പിലെ പ്രധാന ഭാഷകളിലേക്ക് അടുത്ത മൂന്ന് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ മൊഴിമാറ്റം നടത്തപ്പെട്ടു പഠനവിധേയമായി എന്നത് പാശ്ചാത്യ പണ്ഡിതലോകത്തിന്റെ നിര്‍മമ ഗവേഷണത്വരയുടെ ഉദാത്ത സാക്ഷാല്‍ക്കരണമാണെന്നു സമ്മതിച്ചേ തീരൂ.   

എന്നാല്‍, നമ്മുടെ നാട്ടില്‍ എന്താണു നടന്നത്? മേല്‍ സൂചിപ്പിച്ച യൂറോപ്യന്‍ ഗവേഷണ കുതുകികളെ സചേതനരാക്കിയ രേഖകളുടെ അസ്സല്‍ (Original) എന്നു പറയാവുന്ന കുറിപ്പുകള്‍ കമ്മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ (T.O.C.D-Third order of Carmelites Decalsed) ഇന്നത്തെ സി.എം.ഐ -  Carmelites of Mary Immaculate)  മാന്നാനം ആശ്രമത്തിന്റെ പുരാരേഖാശേഖരത്തില്‍ (Archives) ബൗദ്ധിക കരസ്പര്‍ശമേല്‍ക്കാതെ 1952 വരെ കിടക്കുകയായിരുന്നു. പണ്ഡിതനും ഗവേഷകനും മാര്‍ത്തോമ്മാ സഭാംഗവുമായിരുന്ന കെ.എന്‍. ഡാനിയലാണ് മേല്‍പ്പറഞ്ഞ രേഖകള്‍ കണ്ടെടുത്ത് 1952-ല്‍ മലയാളത്തില്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. പതിനാറാം നൂറ്റാണ്ടിലെ മലയാള ഭാഷാശൈലിയിലുള്ള കാനോനകള്‍ വായിച്ചു മനസ്സിലാക്കുന്നത് നന്നേ പ്രയാസമായിരുന്നു. എങ്കിലും പണ്ഡിതര്‍ പ്രസിദ്ധീകരണത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. പക്ഷേ, പ്രബലമായ കത്തോലിക്കാ വിഭാഗത്തില്‍നിന്നും നിസ്സംഗതയും നിസ്സഹകരണവുമാണുണ്ടായത്. അതിനു രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യത്തേത് പ്രസിദ്ധീകരണത്തിനു ചുക്കാന്‍പിടിച്ച കെ.എന്‍. ഡാനിയലിന്റെ മാര്‍ത്തോമ്മാ സഭാംഗത്വമായിരുന്നു. (രേഖകള്‍ ഡാനിയേലിനു ലഭ്യമാക്കിയതില്‍ത്തന്നെ അദ്ദേഹത്തിന്റെ ഗവേഷണത്വരയോട് അന്നത്തെ ആശ്രമാധിപനുണ്ടായിരുന്ന വ്യക്തിപരമായ ആദരവ് ഒരു ഘടകമായിരുന്നു എന്ന് കേട്ടിട്ടുണ്ട്).  

ഫാദർ ബെർണാഡ്
ഫാദർ ബെർണാഡ്

രണ്ടാമത്തെ കാരണം കത്തോലിക്കാസഭയിലെ ബൗദ്ധിക സിറിയന്‍ വൈദിക നേതൃത്വം മലയാളം കാനോനകള്‍ പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്ന ഒരു അനൗപചാരിക തീരുമാനം കൈക്കൊണ്ടിരുന്നതാണ്. അതിനു നൂറ്റാണ്ടുകള്‍ നീണ്ട ഒരു ചരിത്രപശ്ചാത്തലമുണ്ട്. 

ഉദയംപേരൂര്‍ സൂനഹദോസിന്റെ തിരസ്‌കരണമായി മാറിയ കൂനന്‍കുരിശു സത്യത്തിനുശേഷം കത്തോലിക്കാസഭ നടത്തിയ അനുരഞ്ജനശ്രമങ്ങള്‍ ഫലവത്തായി. വലിയൊരു വിഭാഗം കത്തോലിക്കാസഭയിലേക്ക് തിരിച്ചുവന്നു. പക്ഷേ, അവരും വിഘടിച്ചുപോയ പുത്തന്‍കുറ്റുകാരും സൂനഹദോസിനോടുള്ള വിപരീത മനോഭാവത്താല്‍ സമാനത പുലര്‍ത്തി. അവര്‍ ഒരേ വിധത്തിലുള്ള സൂനഹദോസ് വിരുദ്ധ ധാരണകളാണ് തങ്ങളുടെ സഭാംഗങ്ങള്‍ക്കു നല്‍കിക്കൊണ്ടിരുന്നത്.  പക്ഷേ, സൂനഹദോസനന്തര നേതാക്കളാരും തന്നെ സൂനഹദോസ് കാനോനകള്‍ വായിച്ചിരുന്നില്ല.  കേരളത്തില്‍  ലഭ്യമായിരുന്ന  ഏക  പകര്‍പ്പ്    ഒരു 'അനാഘ്രാത കുസുമമായി' മാന്നാനം കൊവേന്തയിലിരിക്കുകയായിരുന്നു. അതിനിടയില്‍ ഒട്ടേറെ തലമുറകള്‍ കടുത്ത ഉദയംപേരൂര്‍ വിരുദ്ധ ധാരണകളുമായി കടന്നുപോയി.
 
മലയാളിക്രൈസ്തവര്‍ സഭാചരിത്രരചനാ രംഗത്തേക്ക് കടന്നുവന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലായിരുന്നു. ആദ്യമെത്തിയ ഫാ. ബെര്‍ണാഡ് റ്റി.ഓ.സി.ഡി സെന്റ് തോമസ് ക്രൈസ്തവചരിത്രം ഒന്നാം ഭാഗം 1913-ലും രണ്ടാം ഭാഗം 1921-ലും പ്രസിദ്ധീകരിച്ചു. അദ്ദേഹം തീര്‍ച്ചയായും അദ്ദേഹത്തിന്റെ തന്നെ സന്ന്യാസ സഭയുടെ മുഖ്യ ആശ്രമത്തില്‍ സൂക്ഷിച്ചിരുന്ന ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളുടെ മലയാളം പതിപ്പു കണ്ടിരുന്നിരിക്കണം. പക്ഷേ, ആ കാനോനകള്‍ സൂനഹദോസിനെക്കുറിച്ച് തങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്ന ധാരണകള്‍ക്കു വലിയ ഭംഗം വരുത്തുമെന്നു കണ്ടതിനാല്‍, ആ കാനോനകളെ സ്പര്‍ശിക്കാതെ, സ്ഥിരമായി ആവര്‍ത്തിച്ചുപോന്നിരുന്ന സൂനഹദോസ് വിരുദ്ധ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു. 1952-ലെ മലയാള കാനോനകളുടെ 'കെ.എന്‍. ഡാനിയേല്‍' പ്രസിദ്ധീകരണത്തിനുശേഷവും  നിലപാടുകളില്‍ മാറ്റമൊന്നുമുണ്ടായില്ല. 1958-ല്‍ റോമായിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമര്‍പ്പിക്കപ്പെട്ട ജോനാസ് തളിയത്തിന്റെ 'ഉദയംപേരൂര്‍ സൂനഹദോസ്' (Synod of Diamper) എന്ന പ്രബന്ധത്തില്‍ 'കെ.എന്‍. ഡാനിയേല്‍' പ്രസിദ്ധീകരണത്തിനെക്കുറിച്ചോ അതിന് ആധാരമായ ജോനാസ് തളിയത്തിന്റെ തന്നെ ആശ്രമത്തിലുണ്ടായിരുന്ന മലയാളം കോപ്പിയെക്കുറിച്ചോ ഒരു പരാമര്‍ശവുമില്ല. 1980-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡോ. സേവ്യര്‍ കൂടപ്പുഴയുടെ 'ഭാരത സഭാചരിത്ര'ത്തില്‍ സഹായക ഗ്രന്ഥങ്ങളുടെ പട്ടികയില്‍ കെ.എന്‍. ഡാനിയേലിന്റെ പ്രസിദ്ധീകരണത്തിനു സ്ഥാനമില്ല. പക്ഷേ, അദ്ദേഹത്തിന്റെ (ഫാദര്‍ കൂടപ്പുഴയുടെ)  ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ചുള്ള അദ്ധ്യായത്തിന്റെ അന്ത്യത്തില്‍ ഹ്രസ്വമായ ഒരു അടിക്കുറിപ്പു പരാമര്‍ശം ഡാനിയേലിനു നല്‍കാനുള്ള ഒരു ഔദാര്യം അദ്ദേഹം കാണിക്കുന്നുണ്ട്.  എന്നാല്‍, മാന്നാനം കോപ്പി അദ്ദേഹം കണ്ടതായി പറയുന്നില്ല; കാണുന്നില്ല. അമ്പതോളം പേജുകളുള്ള പരാമര്‍ശത്തില്‍ 120 അടിക്കുറിപ്പുകളുള്ളതില്‍ കാനോനകളെ സ്പര്‍ശിക്കുന്നത് അഞ്ചോ ആറോ മാത്രം.  

മാന്നാനം ആശ്രമത്തിലുള്ള മലയാളം സൂനഹദോസ് കാനോനകള്‍ എങ്ങനെയാണ് അവിടെ എത്തിച്ചേര്‍ന്നതെന്നു നിശ്ചയമില്ല. കര്‍മ്മലീത്താ മിഷണറിമാരുടെ കാലത്ത് 1768 -ലുണ്ടായ ഒരു പകര്‍പ്പാണ് അതെന്നാണ് ഡോ. സ്‌കറിയാ സക്കറിയാ പറയുന്നത്. അതു ശരിയായിരിക്കാനാണ് സാധ്യത. മാന്നാനം കൊവേന്ത (ആശ്രമം) 1831-നു ശേഷമാണ് രൂപംകൊണ്ടതെന്നതു കണക്കിലെടുക്കുമ്പോള്‍ മഞ്ഞുമ്മല്‍ ഉണ്ടായിരുന്ന മലയാളം പണ്ഡിതന്‍ കൂടിയായിരുന്ന ഏതോ പാശ്ചാത്യ കര്‍മ്മലീത്ത വൈദികന്‍ പകര്‍ത്തിയെഴുതി പിന്നീട് മാന്നാനം ആശ്രമത്തിനു സമ്മാനിക്കപ്പെട്ടു എന്ന നിഗമനത്തിനു സാധ്യതയേറുന്നു. ഏതായാലും മാന്നാനം കോപ്പിയെത്തന്നെ അടിസ്ഥാനമാക്കി ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ ഏതാണ്ട് പൂര്‍ണ്ണമായി നല്‍കുന്ന ഈടുറ്റ മറ്റൊരു പ്രസിദ്ധീകരണത്തിന് എഴുപതുകളില്‍ വേദിയൊരുങ്ങി. ഒരു ഗവേഷക വിദ്യാര്‍ത്ഥിയായി കേരള സര്‍വ്വകലാശാലയിലെത്തിയ യുവാവായിരുന്ന സ്‌കറിയാ സക്കറിയായുടെ  മാര്‍ഗ്ഗനിര്‍ദ്ദേശകനായി ഭവിച്ച ലിന്‍ഗ്വിസ്റ്റിക്സ് പ്രൊഫസര്‍ വി.ഐ. സുബ്രഹ്മണ്യം ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ പഠനവിഷയമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് ഏതാണ്ടൊരു ദൈവനിശ്ചയംപോലെ കേരള സഭാചരിത്രത്തിലെ ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെട്ടിരുന്ന ചില ഏടുകളിലേയ്ക്ക് വെളിച്ചം വീശുന്നതിനു സഹായകമായി.   

കെഎൻ ഡാനിയൽ 
കെഎൻ ഡാനിയൽ 

പ്രധാനപ്പെട്ട കാനോനകള്‍

കാനോനകളുടെ വിവിധ കയ്യെഴുത്തു പ്രതികളും ഇംഗ്ലീഷ് തര്‍ജ്ജമയും പരിശോധിച്ച് വിപുലമായ പഠനത്തോടുകൂടി 'രണ്ടു പ്രാചീന ഗദ്യകൃതികള്‍' എന്ന പേരില്‍ ഒരു പുസ്തകം സ്‌കറിയാ സക്കറിയ 1976-ല്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തേത് സൂനഹദോസ് കാനോനകളും രണ്ടാമത്തേത് 'റോസിന്റെ നിയമാവലിയുമായിരുന്നു.' ഈ പുസ്തകങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു.  ഡോ. സ്‌കറിയാ സക്കറിയാ തന്റെ കാനോന പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. മുന്‍പ് പരാമര്‍ശിച്ചിട്ടുള്ള ഗെഡ്ഡസ്സിന്റെ (Geddes) 1694ലെ ആംഗല പരിഭാഷ ജൊര്‍ണാഡയിലെ 'അസ്സലി'നോട് പൂര്‍ണ്ണനീതി പുലര്‍ത്തുന്നതായിരുന്നു. അതിന്റെ ഒരു പുനര്‍ പ്രസിദ്ധീകരണം ജെയിംസ് ഹൗ (James Hough) 1839ല്‍ നടത്തിയതിന്റെ പ്രതികള്‍ ലഭ്യമായിരുന്നതുകൂടി പരിശോധിച്ച് ആവശ്യമായ തിരുത്തലുകളോടുകൂടി  സ്‌കറിയാ സക്കറിയാ ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളുടെ പരിഷ്‌കരിച്ച പതിപ്പ് 1994-ല്‍ ഇടമറ്റം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് വഴി പ്രസിദ്ധീകരിച്ചു. അഭൂതപൂര്‍വ്വമായ സ്വീകരണമാണ് ഈ ഗ്രന്ഥത്തിനു ലഭിച്ചത്. പതിനാറാം നൂറ്റാണ്ടിലെ മലയാള ഭാഷയിലും ശൈലിയിലുമുള്ള കാനോനകള്‍ വായിച്ചു പൂര്‍ണ്ണമായി മനസ്സിലാക്കുക അല്പം ക്ലിഷ്ടതയുള്ള കാര്യമായിരുന്നെങ്കിലും കാതലായ ഭാഗം ഗ്രഹിക്കുന്നതിനു പ്രയാസമൊന്നുമുണ്ടായിരുന്നില്ല. പ്രസിദ്ധീകരണത്തിന്റെ തല്‍ക്ഷണഫലം വൈദികരായ പല ചരിത്രഗ്രന്ഥകാരന്മാരും മുഖ്യ കാനോനകളുടെ തമസ്‌കരണത്തിലൂടെ ഉദയംപേരൂര്‍ സൂനഹദോസിനു സൃഷ്ടിച്ചുകൊടുത്തിരുന്ന 'ഉമ്മാക്കി' ഭാവത്തിനു കത്തോലിക്ക ബുദ്ധിജീവികളുടെ ഇടയില്‍ വലിയ മാറ്റമുണ്ടായി എന്നതാണ്.  പ്രസിദ്ധീകരിക്കപ്പെട്ട 165 ഓളം കാനോനകളില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ ചേര്‍ക്കുന്നു:

ബ്രാക്കറ്റില്‍ 1994-ലെ പ്രസിദ്ധീകരണത്തിലെ ബന്ധപ്പെട്ട പേജ് നമ്പര്‍.  

1. മാര്‍പ്പാപ്പായെ സഭാത്തലവനായി പ്രഖ്യാപിക്കുന്നു. നെസ്തോറിയന്‍ പാത്രിയാര്‍ക്കീസിനെ തള്ളിപ്പറയുന്നു. (പേജ് -133) 

2. വിവാഹത്തിനു വധൂവരന്മാരുടെ പരസ്യ സമ്മതപ്രഖ്യാപനം ഉണ്ടായിരിക്കണം. (പേജ് 196) 

3. വിവാഹപൂര്‍വ്വ അന്വേഷണത്തിലൂടെ വധൂവരന്മാരുടെ സ്വതന്ത്രസ്ഥിതി (free state) ഉറപ്പാക്കിയിരിക്കണം. (പേജ് 197) 

4. വിവാഹ രജിസ്റ്ററും മാമ്മോദീസാ രജിസ്റ്ററും പള്ളിയില്‍ സൂക്ഷിക്കണം. (പേജ് 197) 

5. വരനു 14 വയസ്സും വധുവിന് 12 വയസ്സുമെങ്കിലും ഉണ്ടായിരിക്കണം. (പേജ് 201)  

6. കുട്ടിയുടെ ശൈശവത്തില്‍ത്തന്നെ കുടുംബക്കാരണവര്‍മാര്‍ അവരെ സംബന്ധിച്ചു നല്‍കുന്ന വിവാഹ വാഗ്ദാനങ്ങള്‍ക്കു സാധുതയുണ്ടാകുകയില്ല. (പേജ് 203) 

7. ജ്യോതിഷപരമായി ചീത്തനാളുകളില്‍ ജനിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുകളയുന്ന കുട്ടികളെ പള്ളിയുടെ ചുമതലയില്‍ ഏറ്റെടുത്ത് വളര്‍ത്തണം. (പേജ് 149) 

8. വൈദികര്‍ ആഭിചാര പ്രവൃത്തികള്‍ ചെയ്യരുത്; അന്നത്തെ ക്രൈസ്തവ സമൂഹത്തില്‍ ഇതു സാധാരണമായിരുന്നു. (പേജ് 186) 

9. വെപ്പാട്ടി സമ്പ്രദായവും ബഹുഭാര്യാത്വവും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അന്നത്തെ ക്രൈസ്തവ സമ്പന്ന വിഭാഗത്തില്‍ ഇതു സാധാരണമായിരുന്നു. (പേജ് 207)

10. മറ്റു ജാതികളില്‍പ്പെട്ടവരെ കത്തോലിക്ക വിശ്വാസത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. ആരോടും അസ്പൃശ്യത പാടില്ല. എല്ലാവര്‍ക്കും ഒരു പള്ളിയില്‍ ഒരുമിച്ച് കൂടാന്‍ സാധിക്കണം. കാരണം ദൈവത്തിന്റെ മുന്‍പില്‍ മേല്‍ അംശവും കീഴ് അംശവും ഇല്ല. (ഉയര്‍ന്ന വര്‍ഗ്ഗവും താഴ്ന്ന വര്‍ഗ്ഗവും ഇല്ല. (പേജ് 227)  ഭാരതം ശ്രവിച്ച ആദ്യ ജാതി വിരുദ്ധ സമത്വ പ്രഖ്യാപനം. 

11. ആരെയും നിര്‍ബ്ബന്ധിച്ചു സഭയില്‍ ചേര്‍ക്കരുത്. സഭയില്‍ ചേരാന്‍ ആഗ്രഹിച്ച് ആരെങ്കിലും വന്നാല്‍ അവര്‍ക്കു വിശ്വാസമുണ്ടെന്ന് ഉറപ്പാക്കാതേയും വിശ്വാസത്തിന്റെ കാതല്‍ അവരെ പറഞ്ഞു മനസ്സിലാക്കാതേയും അവര്‍ അടിസ്ഥാന പ്രാര്‍ത്ഥനകള്‍ ഹൃദിസ്ഥമാക്കാതേയും മാമ്മോദീസാ നല്‍കാന്‍ പാടില്ല. (പേജ് 149) 

12. ശവം പള്ളിപ്പരിസരത്ത് സിമിത്തേരിയില്‍ അടക്കണം. (പേജ് 225) 

13. വൈദികര്‍ക്കു ബ്രഹ്മചര്യം നിര്‍ബ്ബന്ധമായിരിക്കും (പേജ് 190) 

14. വൈദികര്‍ ഒരു പള്ളിയില്‍ മാത്രം സേവനമനുഷ്ഠിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കുന്നു. (പേജ് 207) 

15. മെത്രാന്‍ കാലാകാലങ്ങളില്‍ അവരെ സ്ഥലം മാറ്റി നിയമിക്കുന്നതാണ്. (പേജ് 207) 

16. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം പിതൃസ്വത്തില്‍ തുല്യാവകാശമുണ്ടായിരിക്കുന്നതാണ്. അതു നല്‍കാത്തവര്‍ക്കു മഹറോന്‍ ശിക്ഷ നല്‍കും.(പേജ് 241) 

17. പള്ളിയുടെ ഭണ്ഡാരത്തിനു മൂന്നു താഴുകളുണ്ടായിരിക്കണം; അവ മൂന്നും തുറന്നാല്‍ മാത്രമേ ഭണ്ഡാരം തുറക്കാന്‍ കഴിയാവു. പള്ളി യോഗം തിരഞ്ഞെടുക്കുന്ന യോഗ്യരായ നാലു പേരില്‍ ഒരാളുടെ വീട്ടില്‍ ഭണ്ഡാരം സൂക്ഷിക്കണം. മൂന്നു താക്കോലുകളില്‍ ഒരെണ്ണം വികാരിയുടെ പക്കലും മറ്റു രണ്ടെണ്ണം നാലു പേരില്‍ ബാക്കിയുള്ള മൂന്നു പേരില്‍ രണ്ടു പേരുടെ പക്കലും ആയിരിക്കണം. കണക്കു പുസ്തകം നാലാമന്റെ പക്കലും. ഈ അഞ്ചു പേരുടേയും അറിവോടും സമ്മതത്തോടും കൂടി മാത്രമേ പള്ളി സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് ഉറപ്പുവരുത്തുന്ന ഈ കാനോന സുതാര്യതയുടെ ഉദാത്ത ഉദാഹരണമാണ്. (പേജ് 221) 

18. 'ബ്ലേഡ് പലിശ' അന്നും  ഒരു സാമൂഹ്യപ്രശ്നമായിരുന്നു എന്നു തോന്നുന്നു. സൂനഹദോസ് പന്ത്രണ്ടു ശതമാനത്തില്‍ കൂടുതലുള്ള പലിശ മഹറോന്‍ ശിക്ഷയിന്‍ കീഴ് വിലക്കി. (പേജ് 235) 

19. ഇവിടുത്തെ നസ്രാണികള്‍ അടിസ്ഥാന പ്രാര്‍ത്ഥനകള്‍ സുറിയാനിയിലാണു ചൊല്ലിയിരുന്നത്. കുടിയേറ്റക്കാലം മുതല്‍ തുടര്‍ന്നുപോന്ന ഈ രീതി സൂനഹദോസ് ഒറ്റയടിക്ക് അവസാനിപ്പിക്കുകയും അടിസ്ഥാന പ്രാര്‍ത്ഥനകള്‍ ജനങ്ങള്‍ക്കു മനസ്സിലാകുന്ന മലയാളത്തിലായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തു. (പേജ് 215) 

20. ആരും സത്യപരീക്ഷകള്‍ക്ക് വിധേയരാകരുത്. (ഉദാ. ശുചീന്ദ്രം കൈമുക്കു പരീക്ഷ) (പേജ് 239) 

21. വലിയ വ്യാപാരശാലകളില്‍ സാധനങ്ങളും ഉല്പന്നങ്ങളും വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സംവിധാനം അന്നുണ്ടായിരുന്നു. പക്ഷേ, വാങ്ങുന്നതിനും വില്‍ക്കുന്നതിനും രണ്ടുതരം പടികളാണ് (Weights) ഉപയോഗിച്ചിരുന്നത്. രണ്ടും വ്യാപാരിക്കു ലാഭമുണ്ടാകത്തക്ക വിധത്തിലായിരുന്നു. - Head I win Tail you lose എന്ന രീതിയില്‍ - സൂനഹദോസ് ഈ സമ്പ്രദായം കര്‍ശനമായി നിരോധിച്ചു. വാങ്ങാനും വില്‍ക്കാനും ഒരേ പടികള്‍ (Standard Weights) നിര്‍ബ്ബന്ധമാക്കി. സൂനഹദോസ് കാനോനകളില്‍ ഏറ്റവും വേഗത്തില്‍ മറ്റു സമുദായങ്ങളിലേയ്ക്കു സംക്രമിച്ച തീരുമാനം ഇതായിരുന്നു. (പേജ് 242) 

ബിഷപ് ജോനാസ് തളിയത്ത്
ബിഷപ് ജോനാസ് തളിയത്ത്

അവഗണിക്കപ്പെട്ട കാനോനകള്‍

സൂനഹദോസിനു മകുടം ചാര്‍ത്തുന്നതും അതിനു ചരിത്രത്തില്‍ സവിശേഷ സ്ഥാനം   നേടിക്കൊടുക്കുന്നതുമായ സുപ്രധാന കാനോനകളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.   കേരള കത്തോലിക്കാസഭയ്ക്ക് ഒരു പ്രസിദ്ധീകരണ സംവിധാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ നാലാം പാദം മുതലുണ്ടായിരുന്നെങ്കിലും മേല്‍പ്പറഞ്ഞ സാമൂഹിക പരിഷ്‌കരണ കാനോനകള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു ശ്രമവും നടന്നില്ല. അതിനു സഹായകമായ അമൂല്യ രേഖകള്‍ (കാനോനകളുടെ കയ്യെഴുത്തു പ്രതി) പ്രസിദ്ധീകരണ കേന്ദ്രത്തില്‍ത്തന്നെ കേവലം 100 വാര അകലെയുണ്ടായിരുന്നിട്ടും അവ ബോധപൂര്‍വ്വം അവഗണിക്കപ്പെട്ടു.  ഉദയംപേരൂര്‍ സൂനഹദോസിന്റെ തീരുമാനങ്ങളോടുള്ള അന്നത്തെ നസ്രാണി സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പു മനസ്സിലാക്കണമെങ്കില്‍ അന്നത്തെ ആദ്ധ്യാത്മിക - സാമൂഹ്യ ബന്ധങ്ങളിലേക്കും നസ്രാണിസമൂഹ ഘടനയിലേയ്ക്കും കടന്നുചെല്ലണം. ആദ്ധ്യാത്മിക നേതൃത്വം നല്‍കിയ സിറിയയില്‍നിന്നു വന്നിരുന്ന മെത്രാന്മാര്‍ കേരള ക്രൈസ്തവ സമൂഹത്തില്‍ രൂപംകൊണ്ടിരുന്ന അക്രൈസ്തവ പ്രവണതയെക്കുറിച്ച് ഒട്ടും ബോധവാന്മാരായിരുന്നില്ല; ആയിരുന്നെങ്കില്‍ത്തന്നെ അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഒരു ശ്രമവും അവര്‍ നടത്തിയില്ല. പുനര്‍ജന്മത്തിലുള്ള വിശ്വാസം, വെപ്പാട്ടി സമ്പ്രദായം, ബഹുഭാര്യാത്വം, ആഭിചാര പ്രവൃത്തികളിലുള്ള വിശ്വാസം, ആഭിചാര പ്രവര്‍ത്തികള്‍ക്കു നേതൃത്വം കൊടുക്കുന്ന വൈദികവൃന്ദം തുടങ്ങിയവയൊന്നും അവരെ ഒരുതരത്തിലും അലോസരപ്പെടുത്തിയില്ല. സിറിയയില്‍നിന്നു വന്നു പ്രധാന കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനു തങ്ങള്‍ക്കു ലഭിച്ചിരുന്ന ഭീമമായ പ്രതിഫലം കൈപ്പറ്റി മടങ്ങുകയെന്നതില്‍ കവിഞ്ഞ ഒരു ദൗത്യബോധവും അവര്‍ക്കില്ലായിരുന്നു.  

ഇതിനോടു ചേര്‍ത്തു പരിഗണിക്കേണ്ടതാണ് നസ്രാണിസമൂഹ ഘടന. ചില കുടുംബങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്ന ഒരു സംവിധാനമാണ് നിലനിന്നിരുന്നത്. ഉദാഹരണം- ആര്‍ക്കദിയോക്കന്‍ സ്ഥാനവും പ്രധാനപ്പെട്ട വൈദിക സ്ഥാനങ്ങളും പകലോമറ്റം കള്ളി, കാളിയങ്കാവ് ശങ്കരപുരി തുടങ്ങിയ പ്രമുഖ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു 'സംവരണം' ചെയ്യപ്പെട്ടിരുന്നത്. അന്നത്തെ നസ്രാണിസമൂഹത്തില്‍ അതിന്റെ സ്വാഭാവിക വ്യാപനം (Extension) എല്ലാ പള്ളികളിലേയ്ക്കുമുണ്ടായിരുന്നു. അവിടെയെല്ലാം ഈ ഉന്നതകുലജാതരും മറ്റുള്ളവരും എന്ന ഒരു ദ്വിതല സാമൂഹ്യഘടനയായിരുന്നു ഉരുത്തിരിഞ്ഞത്. ചുറ്റുമുള്ള ഹൈന്ദവ സമൂഹത്തില്‍ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഉച്ചനീചത്വങ്ങള്‍ വിനീതവിധേയത്വത്തോടെ സ്വീകരിക്കപ്പെട്ടിരുന്നതു കണക്കിലെടുക്കുമ്പോള്‍ ആഭിജാത്യം ആധാരമാക്കിയുള്ള സമാന ഭേദചിന്തകള്‍ അന്നത്തെ ക്രൈസ്തവ പൊതുസമൂഹത്തിനു സ്വീകാര്യമായതില്‍ അത്ഭുതപ്പെടാനില്ല. പള്ളികളിലെ നേതൃത്വം ഈ വരേണ്യവര്‍ഗ്ഗത്തിനായിരുന്നു. അവരാണ് പ്രതിനിധികളായി ഉദയംപേരൂര്‍ സൂനഹദോസില്‍ എത്തിപ്പെട്ടത്. സൂനഹദോസ് സാമൂഹ്യപരിഷ്‌കരണ കാനോനകളിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിച്ച മിക്ക സാമൂഹ്യദുരാചാരങ്ങളുടേയും ഗുണഭോക്താക്കള്‍ അവരായിരുന്നു. അതുതന്നെയാണ് സൂനഹദോസിന്റെ തീരുമാനങ്ങളോടുള്ള അവരുടെ എതിര്‍പ്പിനു കാരണമായത്. ബ്രഹ്മചര്യം നിര്‍ബ്ബന്ധമാക്കിയതിലും ആഭിചാര പ്രവൃത്തികള്‍ നിരോധിച്ചതിലും ക്ഷുഭിതരായ വൈദികരും കൂടി അവരോടു ചേര്‍ന്നപ്പോള്‍ എതിര്‍പ്പിന് ആക്കം കൂടി.  

മുന്‍ പറഞ്ഞ അനാചാരങ്ങളുടെ നിരോധനം മറച്ചുവച്ചുകൊണ്ടാണ് തങ്ങളുടെ ആരാധനാക്രമത്തെ വികലമാക്കി; തങ്ങളുടെ തനിമ നശിപ്പിച്ചു എന്നെല്ലാമുള്ള വാദഗതികള്‍ സൂനഹദോസിനെതിരായി അവര്‍ ഉയര്‍ത്തിയത്. 

ഡോ. സ്കറിയ സക്കറിയ
ഡോ. സ്കറിയ സക്കറിയ

കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകള്‍ക്കു മുന്‍പുള്ള ചരിത്രം ഓര്‍ത്തുകൊണ്ട് ഇന്നത്തെ പുനരുദ്ധരിച്ച ഉദയംപേരൂര്‍ പൂര്‍വ്വ സീറോ മലബാര്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന സൂക്ഷമദൃക്കുകള്‍ക്കു ഒരു കാര്യം വ്യക്തമാകും. 1599-ലെ  സൂനഹദോസ് വരുത്തിയ ആരാധനാക്രമ മാറ്റങ്ങളില്‍ ആരാധനാ മാധ്യമത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല; ഒരു ലത്തീന്‍ പദം പോലും ആരാധനയിലും പ്രാര്‍ത്ഥനയിലും ഒരിടത്തും കടന്നുകൂടിയില്ല. 
നെസതോറിയന്‍ വിശ്വാസ സ്ഖലിതങ്ങള്‍ തുടച്ചുമാറ്റിയത് ഒഴിവാക്കിയാല്‍ ആകെക്കൂടി ഉണ്ടായത് കുര്‍ബ്ബാനയിലെ ചില പ്രാര്‍ത്ഥനകളുടെ രേഖാരൂപമായ മുറയില്‍ വരുത്തിയ ചെറിയ പുനര്‍വിന്യാസവും (Linear Rearrangement of the order of some prayers) ചില പ്രാര്‍ത്ഥനകളുടെ അത്യാവശ്യമല്ലാത്ത ആവര്‍ത്തനം ഒഴിവാക്കലുമായിരുന്നു. അതോടൊപ്പം കുര്‍ബ്ബാനയിലെ ഏറ്റവും ഭക്തിസാന്ദ്രമായ ചില നിമിഷങ്ങള്‍ക്കു  സ്ഥാനിക ചലനവും (Linear Displacements of the most solemn moments in the mass) ചില അംഗവിക്ഷേപങ്ങള്‍ക്കു പാര്‍ശ്വിക വിപര്യാസവും (lateral inversion of certain gesturse) ഉണ്ടായി. പക്ഷേ, അവയൊന്നും തന്നെ കുര്‍ബ്ബാനയുടെ അടിസ്ഥാന ഭാവങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം വരുത്തുന്നവയായിരുന്നില്ല; വികലമാക്കി; തനിമ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഒരുതരത്തിലും കാരണമാകുന്നവയുമായിരുന്നില്ല ആ മാറ്റങ്ങള്‍.  

എന്നിട്ടും കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു മടങ്ങിവന്നവര്‍ പോലും സൂനഹദോസ് വിരുദ്ധരായി നൂറ്റാണ്ടുകള്‍ കഴിഞ്ഞു. അവരില്‍നിന്നും ചരിത്രഗ്രന്ഥകാരന്മാരായി മുന്നോട്ടുവന്ന പലരും കേരള സാമൂഹ്യ നവോത്ഥാനത്തിന്റെ കേളികൊട്ടായി മാറിയ സുപ്രധാന കാനോനകളുടെ ബോധപൂര്‍വ്വമായ തമസ്‌കരണത്തിലാണ് ആത്മനിര്‍വൃതി കണ്ടെത്തിയത്. സൂനഹദോസിന്റെ സീറോ മലബാര്‍ പഠിതാക്കളില്‍ അഗ്രഗണ്യനായ ബിഷപ്പ് ജോനാസ് തളിയത്ത് തന്റെ പ്രബന്ധത്തില്‍ കാനോനകളുടെ തലക്കെട്ടുകള്‍ മാത്രം ചുരുക്കെഴുത്തു രൂപത്തില്‍ ചെറിയ അക്ഷരത്തില്‍ നല്‍കിക്കൊണ്ട് കാനോനകളുടെ അകക്കാമ്പ് അനുവാചകരിലെത്തുന്നതിനു വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്.  

വടവാതൂര്‍ സെമിനാരി പ്രൊഫസറെന്ന നിലയില്‍ സീറോമലബാര്‍ സഭയുടെ ആസ്ഥാന ചരിത്രാമ്പേഷകനായി ഗണിക്കപ്പെടുന്ന ഡോ. സേവ്യര്‍ കൂടപ്പുഴ 'ഭാരത സഭാചരിത്രം' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ അന്‍പതോളം പേജുകള്‍ ഉദയംപേരൂര്‍ സൂനഹദോസിനുവേണ്ടി നീക്കി വയ്ക്കുന്നുണ്ടെങ്കിലും മേല്‍ സൂചിപ്പിക്കപ്പെട്ട സാമൂഹ്യപരിഷ്‌കരണ കാനോനകള്‍ പോകട്ടെ, മറ്റു കാനോനകള്‍ പോലും നല്‍കുന്നില്ല. ''അതോടൊപ്പം പലതരത്തിലും സമൂഹത്തിലെ ചില ദുരാചാരങ്ങള്‍ മാറ്റുന്നതിനും ഇവ സഹായകമായി'' എന്ന ഒറ്റവാക്യത്തില്‍ നവോത്ഥാന കാഹളങ്ങളായി മാറിയ എല്ലാ സൂനഹദോസ് കാനോനകളേയും അദ്ദേഹം 'അടക്കം' ചെയ്തിരിക്കുന്നു.  

ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യാ (Church History of Association of India) ആറു വാല്യങ്ങളായി (volume) പ്രസിദ്ധപ്പെടുത്തിയ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇന്‍ ഇന്ത്യയില്‍ (History of Christiantiy in India) 1542 മുതല്‍ 1700 വരെയുള്ള ചരിത്രം പ്രതിപാദിക്കുന്ന രണ്ടാം വാല്യത്തിലാണ് സ്വാഭാവികമായി ഉദയംപേരൂര്‍ സൂനഹദോസ് വരുന്നത്. ആ വാല്യത്തിന്റെ രചന ഏറ്റെടുത്തു നിര്‍വ്വഹിച്ചത് ബാംഗ്ലൂര്‍ ക്രിസ്തുജ്യോതി കോളേജിലെ സഭാചരിത്ര പ്രൊഫസറായിരുന്ന ഡോ. ജോസഫ് തെക്കേടത്ത് എസ്.ഡി.ബിയാണ് (Dr. Joseph Theckedath S.D.B.). അദ്ദേഹവും മുന്‍പറഞ്ഞ രണ്ടു ചരിത്രഗ്രന്ഥകാരന്മാരെത്തന്നെയാണ് അനുകരിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഒരു കാനോനയും നല്‍കുന്നില്ല. മറ്റുള്ളവയെക്കുറിച്ചുപോലും ഒന്നോ രണ്ടോ പരാമര്‍ശങ്ങള്‍ മാത്രം. സൂനഹദോസ് തീരുമാനങ്ങളുടെ സിംഹഭാഗവും അദ്ദേഹത്തിന്റെ വിജ്ഞാന പരിധിക്കു പുറത്താണെന്ന തോന്നലാണ് പുസ്തകം വായിക്കുന്ന ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം ലഭിക്കുക. പക്ഷേ, വരികള്‍ക്കിടയില്‍ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ലേഖകന്റെ തമസ്‌ക്കരണ ശ്രമം കരതലാമലകം പോലെ വെളിപ്പെടും. മുന്‍ പറഞ്ഞ ചരിത്രഗ്രന്ഥകാരന്മാരും അവരുടെ സഹചാരികളും ഉദയംപേരൂര്‍ സൂനഹദോസിനെപ്പറ്റി തെറ്റായ, വികല ധാരണകള്‍ ജനമനസ്സുകളില്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു വെളിച്ചം വീശുന്ന ഗൗരവതരമായ പഠനങ്ങള്‍ക്ക് നമ്മുടെ സര്‍വ്വകലാശാലകള്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com