'ഖാദര്‍ ഐതിഹ്യമാല'

യു.എ. ഖാദറിന്റെ ബയോഡാറ്റ ഒരു ബൃഹദ് കഥാസമാഹാരമാണ്. ഓര്‍മ്മയുടെ പല കാലങ്ങള്‍ ആ ബയോഡാറ്റയിലുണ്ട്
യുഎ ഖാദർ
യുഎ ഖാദർ

യു.എ. ഖാദറിന്റെ ബയോഡാറ്റ ഒരു ബൃഹദ് കഥാസമാഹാരമാണ്. ഓര്‍മ്മയുടെ പല കാലങ്ങള്‍ ആ ബയോഡാറ്റയിലുണ്ട്. ഖാദറിന്റെ ഭാവനയുടെ 'ഡാറ്റാ കളക്ഷന്‍ സെന്റര്‍' ആ ബയോഡാറ്റ തന്നെയാണ്. കൊവിഡ് കാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ട രണ്ടു വാക്കുകള്‍ ക്വാറന്റൈന്‍, ഡാറ്റ കളക്ഷന്‍ സെന്റര്‍, ഡാറ്റാ അനാലിസിസ് തുടങ്ങിയവയാണ്. യു.എ. ഖാദറിന്റെ ജീവിതത്തില്‍ ഓര്‍മ്മകള്‍ 'ഈയിട'ത്തുനിന്നു മാത്രം പുറപ്പെട്ടവയല്ല. പുറപ്പെട്ട ആ ഇടം, മ്യാന്‍മര്‍ എന്ന് ഇന്ന് അറിയപ്പെടുന്ന ബര്‍മ്മയാണ്. 'റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍' കടല്‍ കടന്നൊടുങ്ങുന്ന ദേശം. മുസ്ലിങ്ങള്‍ അവിടെ വേട്ടക്കിരയാവുന്നത് ബുദ്ധമതാനുയായികളാല്‍ എന്നതാണ് അതിലെ തീവ്രമായ ഖേദം. 'ഹിംസ'യ്ക്ക് മ്യാന്‍മറില്‍ ബുദ്ധമതം എന്ന പര്യായമുണ്ട്, ഈ കാലത്ത്.

ഖാദറിന്റെ ജനിതകം ഇസ്ലാമിലും ബുദ്ധമതത്തിലുമാണ്. മലയാളി മുസ്ലിമായ ഉസ്സങ്ങന്റകത്ത് മൊയ്തീന്‍ കുട്ടിയുടേയും ബര്‍മ്മയിലെ ബുദ്ധമത വിശ്വാസിയായ മാമൈദിയുടേയും മകന്‍, ഖാദര്‍. ഒരു സെന്‍ കഥ പോലെയാണ് ഈ പിറവി. ബര്‍മ്മയില്‍ വഴിയോരക്കച്ചവടക്കാരനായിരുന്നു, ഉസ്സങ്ങന്റകത്ത് മൊയ്തീന്‍ കുട്ടി. ഐരാവതി  നദിക്കരയിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് ബാല്യം. ഏഴ് വയസ്സ് വരെ ഓര്‍മ്മകളില്‍ ആ നദീതട സംസ്‌കാരമുണ്ടായിരിക്കണം. പഗോഡയും ബര്‍മ്മയിലെ ഉത്സവങ്ങളും കണ്ട കണ്ണുകള്‍. 'ബുദ്ധം ശരണം ഗച്ഛാമി' മന്ത്രണങ്ങള്‍ കേട്ട കാതുകള്‍.

പിതൃ ഇസ്ലാമിലും ബുദ്ധ മാതൃത്വത്തിലും

ബുദ്ധമന്ത്രണങ്ങളില്‍നിന്ന് ഇസ്ലാമിന്റെ 'ദിക്റി'ലേക്കുള്ള മുങ്ങിത്താഴലാണ് ഖാദറിന്റെ ആത്മീയജീവിതത്തിന്റെ പരിണാമം. എന്നാല്‍, പിതൃ ഇസ്ലാമിലും ബുദ്ധ മാതൃത്വത്തിലും പിറന്ന യു.എ. ഖാദര്‍, എഴുത്തില്‍ 'ഹൈന്ദവീയ'മായ ഒരു 'ഐതിഹ്യലോകം' തന്നെ സൃഷ്ടിച്ചു. ആ ഐതിഹ്യമാലയാണ് തൃക്കോട്ടൂര്‍ കഥകള്‍. ജനനത്തില്‍ത്തന്നെ ജനിതകപരമായ ഇസ്ലാം/ബുദ്ധ ഡി.എന്‍.എയുള്ള ഖാദര്‍, ഹൈന്ദവീയമായ വിടവ് സര്‍ഗ്ഗാത്മകമായി പൂരിപ്പിച്ചു. അത്, ആത്മീയമായി ഭാവനയുടെ പൗരത്വം നേടലാണ്. 'മുഖംകൊണ്ട് ബര്‍മ്മനായ ഖാദര്‍' എന്ന 'മാപ്പിള' സാഹിത്യംകൊണ്ട് മറ്റേതു മലയാളി എഴുത്തുകാരനേക്കാളും 'മലയാള പൗരനാ'യി. ഓര്‍മ്മകളുടെ ഐരാവതി നദിക്കരയില്‍നിന്ന് കൊയിലാണ്ടിയിലേക്ക്, രണ്ടാം ലോകമഹായുദ്ധ നാളുകളില്‍ ഉപ്പയുടെ കൈ പിടിച്ചു വന്ന കുട്ടി, എഴുത്തില്‍ 'ദൈവഭാഷ'യുടെ പൊരുള്‍ തേടി. പരദേവതകളും കോമരങ്ങളും നാട്ടുയക്ഷികളും ആ സാഹിത്യത്തിലേക്ക് കാല്‍ച്ചിലങ്കയുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് കടന്നുവന്നു. ഭാഷയുടെ, നാട്ടുഭാവനകളുടെ കോമരം തുള്ളലായി ആ കഥകള്‍ മാറി. ഒരര്‍ത്ഥത്തില്‍ 'ഖാദര്‍ തുള്ളല്‍ കഥ'കള്‍. വൈക്കം മുഹമ്മദ്  ബഷീര്‍, എന്‍.പി. മുഹമ്മദ് - ഇവര്‍ വിട്ടുപോയ സാഹിത്യത്തിലെ ദേശമുദ്രകള്‍, ഖാദര്‍ സാഹിത്യത്തിലെ കൈവശ രേഖകളായി. ആ ഭാഷയ്ക്ക് മലയാളത്തില്‍ മറ്റൊരു പട്ടയമില്ല.

ആരുടെ ഭാഷയാണ് മലയാളി സംസാരിക്കുന്നത്? ഈ ചോദ്യം 'നൂറു മലയാളം' എന്ന മറുപടിയെയാണ് ചെന്നുതൊടുന്നത്. ഒരേയൊരു ഭാഷയല്ല, മലയാളം. വ്യാകരണം ഈ ഭാഷയില്‍നിന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പിടിവിട്ടു പോകാന്‍ കാരണം, 'ഭാഷ'യുടെ ഈ ബഹുസ്വരതയെ പൂട്ടിടാന്‍ കഴിയാത്തതുകൊണ്ടാണ്. പിണറായിയുടെ ഭാഷയല്ല, വി.എസ് ഭാഷ. ബഷീറിന്റെ ഭാഷയല്ല ഖാദറിന്റെ ഭാഷ. നൂറു ഭാഷകളായി ഈ ഭാഷ കേരളത്തിന്റെ വിവിധ അംശം/ദേശങ്ങളില്‍ ചിന്നിച്ചിതറി കിടക്കുന്നു. കവിത ചന്ദസ്സിനെ മൊഴിചൊല്ലാന്‍ കാരണം, ഭാഷയുടെ ഈ പിടിവിട്ട താന്തോന്നി നില്‍പ്പാണ്. ഈ താന്തോന്നി താളം ഖാദറിലും ബഷീറിലും വേറെ വേറെ കാണാം. ഓടിച്ചാടി വരുന്ന ഭാഷ. കോമരം തുള്ളുന്ന ഭാഷ. മേലേരിയില്‍ ചാടി പൊള്ളിയുണരുന്ന ഭാഷ.

കടത്തനാടന്‍ മാപ്പിളയായ പുനത്തില്‍ ഈ ഭാഷയെ ഉപയോഗിച്ചിട്ടില്ല. 'മാനക ഭാഷ'യാണ് ഏറെയും ഉപയോഗിച്ചത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ സ്വാഭാവികമായ ഒരൊഴുക്ക് കൊണ്ടുവന്നെങ്കിലും, അതില്‍ ഇടമുറിയാത്ത പാട്ടുശൈലി എവിടെയും വരാതിരിക്കാന്‍ പുനത്തില്‍ ശ്രദ്ധിച്ചു. ആ ശൈലിയില്‍ അഭിരമിച്ചാല്‍, പുറത്തുകടക്കാന്‍ അത്രയെളുപ്പമല്ല എന്ന് പുനത്തിലിന് അറിയാമായിരുന്നിരിക്കണം. ഒരു ശൈലിക്ക് 'ആചാര'പ്പെട്ടു കഴിഞ്ഞാല്‍ പിന്നെ, കോമരം പോലെ അതില്‍നിന്ന് വേറിട്ടൊരു പാത തീര്‍ക്കുക എളുപ്പമല്ല. ഒരേ പാതയിലെ ആ നടത്തം ഖാദറിന്റെ സാഹിത്യത്തില്‍ പിന്നീടൊരു മാര്‍ഗ്ഗത്തടസ്സമായി. ഒരേ ശൈലിയുടെ വെളിച്ചപ്പാടായി ഖാദര്‍. അങ്ങനെയല്ലാത്ത ശൈലിയില്‍ 'ഇടത്താവളം' പോലെയുള്ള മികച്ച ചില കഥകളുമുണ്ട്.

യു.എ. ഖാദറിന്റെ ഓര്‍മ്മക്കുറിപ്പുകളിലും ഈ ശൈലീവിന്യാസം കാണാം. ഓര്‍മ്മകളുടെ വിനിമയ ഭാഷയിലേക്ക് ഈ നാട്ടുശൈലി കടന്നുവന്നപ്പോള്‍, അഗാധമായ 'പലായന സ്മൃതി' പേറുന്ന ആ ആത്മചരിത്രം, 'നാടന്‍ പാട്ട്' കേള്‍ക്കുന്ന അനുഭവം പോലെയായി തീര്‍ന്നു. 'ബിടിഞ്ഞു പോവുക' എന്നൊരു മാപ്പിള പ്രയോഗമുണ്ട്. വേഗം മടുക്കുക/വേഗം വിരസമാവുക എന്നൊക്കെ മലയാളത്തില്‍ അര്‍ത്ഥം പറയാം. ആഴത്തില്‍ പടര്‍ന്ന ആ ഓര്‍മ്മകളില്‍ വായനക്കാര്‍  ഇനി കടന്നുപോകുമായിരിക്കും. അസാന്നിധ്യത്തിലാണ് ചില സാന്നിധ്യങ്ങള്‍ അവയുടെ ഉയരം താണ്ടലുകള്‍ തുടങ്ങുക.

ഉപ്പ, ഉസ്സങ്ങന്റകത്ത് മൊയ്തീന്‍ കുട്ടി, ഖാദര്‍ എന്ന ഏഴു വയസ്സുകാരന്‍ മകനേയും കൂട്ടി കൊയ്ലാണ്ടിയിലേക്ക് വന്നില്ലായിരുന്നെങ്കില്‍? ഭാവനയെ പൊള്ളിക്കുന്ന ചോദ്യമാണത്. പല ദേശങ്ങളില്‍നിന്ന് കുടിയേറിയവര്‍ക്ക് അഭയവും അന്നവും നല്‍കിയ 'റങ്കൂണ്‍' ഇന്ന്, വായിക്കാന്‍ കഴിയാത്ത ഭാഷയില്‍ എഴുതിയ ഏതോ കാലത്തെ ഒരു മനോഹരമായ കഥ മാത്രമാണ്. 'റങ്കൂണ്‍ ഡാവ്' എന്ന പേരില്‍ തലശ്ശേരിക്കാര്‍ പാടുന്ന പഴയൊരു മാപ്പിളപ്പാട്ടുണ്ട്. റങ്കൂണില്‍ പോയി വന്ന ഒരാളുടെ 'വീമ്പു' പറച്ചിലാണ് ആ പാട്ടുവരികളില്‍ നിറയെ. വീമ്പു പറയാന്‍  മാത്രം 'വമ്പത്തരം' നിറഞ്ഞ നാടാണ്, പഴയ റങ്കൂണ്‍. ഇന്ന് മ്യാന്‍മര്‍, 'മനുഷ്യരെ കടത്തുന്ന നരക'മാണ്. പൗരത്വം അവിടെ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് നരകയാതന തീര്‍ക്കുന്നു. സ്വന്തം ജന്മദേശത്ത് അപരരായി അവര്‍ ജീവന്‍ കരിയുന്ന മണവുമായി പലായനം ചെയ്യുന്നു. 'ജീവന്‍ കരിയുമായിരുന്ന അനുഭവ'ത്തില്‍നിന്ന് മകന്റെ കൈപിടിച്ച് കേരളത്തിലേക്ക് തിരിച്ചുവന്ന ഉസ്സങ്ങന്റകത്ത് മൊയ്തീന്‍ കുട്ടിയാണ്, ശരിക്കും സെന്‍. തൊപ്പിവെച്ച ഈ മാപ്പിളയില്‍ പ്രവാചകനും സെന്നും ഒരു പോലെ നിറയുന്നു. ഉപേക്ഷിക്കപ്പെടാത്ത നീതിയാണ് സ്നേഹം എന്ന് ആ പിതാവ് ചരിത്രത്തെ പഠിപ്പിക്കുന്നു. വേറൊരു തരത്തില്‍ ഉപേക്ഷിച്ചുകളയാതെ ചേര്‍ത്തു നിര്‍ത്തുന്ന സ്നേഹമാണ് 'പൗരത്വം.' 

യു.എ. ഖാദര്‍ എഴുത്തുകാരനെ നേരിട്ടു കണ്ട ഒരേയൊരനുഭവം ഈ ലേഖകന് ഒട്ടും ഹൃദ്യമായ ഓര്‍മ്മയല്ല. പുതിയ ഭാഷയോടും പുതിയ തലമുറയോടും മുഖം തിരിച്ചു നില്‍ക്കുന്ന, സ്വന്തം ഭാവനയിലും എഴുത്തിലും സ്തംഭിച്ചുനില്‍ക്കുന്ന, പുതുകാലത്തിന്റെ അഭിരുചികളെ നിറഞ്ഞ മനസ്സോടെ ആശ്ലേഷിക്കാന്‍ വിസമ്മതിക്കുന്ന പഴയ കാരണവരെ ഓര്‍മ്മിപ്പിച്ചു ആ എഴുത്തുകാരന്‍. മുപ്പതു വര്‍ഷം മുന്‍പ് 'ചന്ദ്രിക വാരാന്തപ്പതിപ്പി''ല്‍ എഴുതിയ മലയാള കഥയുടെ 'വര്‍ഷാന്ത വായന'യില്‍ (ആ കാലത്ത് അത് പുതിയൊരു തുടക്കമായിരുന്നു) അദ്ദേഹത്തിന്റെ  കഥയെ പരാമര്‍ശിക്കാത്തതില്‍ അരിശം കൊണ്ടു. ഇതൊക്കെയാണെങ്കിലും, യു.എ. ഖാദര്‍ എന്ന എഴുത്തുകാരനിലേക്കുള്ള നോട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ആ എഴുത്ത്, ചന്തമേറിയ നാട്ടു ഭാഷയില്‍ ചലനാത്മകമായ നാട്ടുജീവിതങ്ങളെ വിസ്തരിച്ചുതന്നെ എഴുതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com