ഫാസിസം ആത്മീയ ആവരണം അണിയുമ്പോള്‍ 

ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ നല്ല വിഭാഗം വിശ്വാസികളും വൈദികരും ഈ നിലപാടുകാരായിരുന്നു ജര്‍മനിയില്‍
ഹിറ്റ്ലര്‍
ഹിറ്റ്ലര്‍

ലോക കാഴ്ചപ്പാടും ജീവിതക്രമവുമനുസരിച്ച് സമുദായം (volk) കെട്ടിപ്പടുക്കാന്‍ നേതാവിന്റെ (Fuerhrer) ഇച്ഛയുമായി ഒരിക്കല്‍പ്പോലും സംഘര്‍ഷമുള്ളതായി എനിക്കു തോന്നിയിട്ടില്ല. മറിച്ച് ജര്‍മന്‍കാരുടെ ഇടയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാകുമെന്നാണ് ഞാന്‍ കരുതുന്നത്.'' ജര്‍മനിയില്‍ അതീവ പ്രശസ്തനും പോള്‍ തില്ലിക് എന്ന ദൈവശാസ്ത്രജ്ഞന്റെ സുഹൃത്തുമായിരുന്ന എമ്മാനുവേല്‍ ഹിര്‍ഷ് (Emanuel Hirsch 1881-1972) സര്‍വ്വാത്മന്ന നാസി തലവനോട് സഹകരിച്ച വ്യക്തിയുടെ പ്രസ്താവമാണിത്. 515 പുസ്തകങ്ങള്‍ രചിച്ച ഈ ലൂഥറന്‍ ദൈവശാസ്ത്രജ്ഞന്‍ ക്രിസ്തു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ നടത്തിപ്പുകാരനായി ഹിറ്റ്ലറിനെ കണ്ടു. ലൂഥറിന്റെ റിഫോര്‍മേഷന്റെ പൂര്‍ത്തീകരണത്തിന്റെ നേതാവായിട്ടാണ് ഹിറ്റ്ലറിനെ കണ്ടത്. ഇത് ഒരു ഒറ്റപ്പെട്ട ചിന്തയായിരുന്നില്ല. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ നല്ല വിഭാഗം വിശ്വാസികളും വൈദികരും ഈ നിലപാടുകാരായിരുന്നു ജര്‍മനിയില്‍. ഒന്നാം ലോക മഹായുദ്ധത്തിന്റെ നാണക്കേടിലും സാമ്പത്തിക തകര്‍ച്ചയിലും ജനാധിപത്യത്തിന്റെ പരാജയത്തിലും ഭഗ്‌നാശരായ ജര്‍മന്‍കാരുടെ പ്രതീക്ഷയെ ഉണര്‍ത്തിയ ഒരു പ്രവാചകനെപ്പോലെയാണ് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നത്. കെണിഗ്സ്ബര്‍ഗിലെ ദൈവശാസ്ത്രജ്ഞനായിരുന്ന കോഹിന്റെ അഭിപ്രായത്തില്‍ നാസി പാര്‍ട്ടിയുടെ നയവും ഹിറ്റ്ലറിന്റെ നിലപാടുകളും ക്രൈസ്തവികതയുടെ കേന്ദ്ര ആശയങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നു എന്നു വ്യക്തമായി. മാത്രമല്ല, ലൂഥറന്‍ ദൈവശാസ്ത്രജ്ഞനായ അദ്ദേഹം ഹിറ്റ്ലറിനെ രണ്ടാം ലൂഥറായി പരിഗണിച്ചു.

ജര്‍മന്‍ ജനതയുടെ സംഘാത മനസിനെ വിപ്ലവമുക്തമാക്കാന്‍ പറ്റിയ ആളായി ജര്‍മന്‍ കത്തോലിക്കാ മെത്രാന്മാരില്‍ പലരും പരിഗണിച്ചു. കാരണം ആ കാലഘട്ടത്തില്‍ അശ്ലീല സാഹിത്യം, നഗ്‌നതാ പ്രകടനം, കടലോരങ്ങളിലെ പൊതുവായ കുളി, സ്വവര്‍ഗ്ഗ രതി എന്നിവ നിരോധിച്ചുകൊണ്ടുള്ള ഹിറ്റ്ലറിന്റെ നടപടികളെ അവര്‍ സ്വാഗതം ചെയ്തു. മെത്രാന്മാരില്‍ മാത്രമല്ല, നല്ല ശതമാനം വൈദികരിലും ഇതേ ചിന്താഗതിയായിരുന്നു. ഇതു ജര്‍മനിയിലെ മാത്രം കഥയായിരുന്നില്ല. പല യൂറോപ്യന്‍ രാജ്യങ്ങളും കത്തോലിക്കാ വൈദികരുടെ അല്‍മായ നേതാക്കളും ഹിറ്റ്‌ലര്‍ അനുഭാവികളായി. വൈദികരുടെ ഫാസിസ്റ്റ് മനോഭാവത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഉണ്ട്. ഹിറ്റ്‌ലറിന്റെ അധികാരത്തിലേക്കുള്ള വരവ് വളരെ പ്രതീക്ഷയോടെയാണ് അവര്‍ കണ്ടത്.

ജനാധിപത്യത്തിനുള്ളില്‍ നടന്ന അന്തമില്ലാത്ത ആഭ്യന്തര ശണ്ഠയും അതിന്റെ രാജ്യഭരണത്തിലെ പരാജയവും ശക്തനായ നേതാവിനുവേണ്ടിയുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം ശക്തമായ ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങളുടെ അടിയില്‍ പ്രവര്‍ത്തിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരുതരം സാമ്പത്തിക മിലിട്ടറി സംവിധാനം ആവശ്യമാണ് എന്ന പ്രതീതിയുണ്ടായി. വിദ്യാഭ്യാസ മണ്ഡലത്തിലും ഒരു മിലിട്ടറി സംസ്‌കാരം വേണമെന്ന അഭിപ്രായങ്ങള്‍ ഉണര്‍ന്നു. വര്‍ദ്ധിച്ച തോതിലുള്ള സെക്കുലറിസവും അതിന്റെ പുരോഗമന നടപടികളും സഭകളെ യാഥാസ്ഥിതിക ഭരണത്തിന്റെ ആവശ്യം ശക്തമാക്കി. പൊതുവേദികള്‍ വളരെ സംഘര്‍ഷാത്മകമായി. ഫാസിസത്തിന്റെ ജനങ്ങളുടെ ഇടയിലെ വിജയവും ജനാധിപത്യത്തിന്റെ വിഘടനാവസ്ഥയും സ്വാഭാവികമായി ഉയര്‍ന്ന ദേശീയവാദവും മതമൗലിക വാദങ്ങളും ഫാസിസത്തിന്റെ വളര്‍ച്ചയ്ക്കു പറ്റിയ സാംസ്‌കാരികാന്തരീക്ഷം സൃഷ്ടിച്ചു. അവിടെ വര്‍ണ്ണം, ജാതി, ഗോത്രം എന്നിവയുടെ മഹത്വവല്‍ക്കരണത്തില്‍ പലരും അപകടമൊന്നും കണ്ടുമില്ല. എളുപ്പം തോക്കെടുക്കുന്നവിധം സാംസ്‌കാരികവും രാഷ്ട്രീയവുമായ അന്തരീക്ഷം ജനിച്ചു. ഫാസിസത്തിന്റെ കളപറിക്കല്‍ നടപടി പൊതുസമൂഹം സ്വാഗതം ചെയ്തതുപോലെ തോന്നി. എല്ലാ തലത്തിലുമുള്ള മിലിറ്ററി അച്ചടക്കവും സമൂഹത്തില്‍ സ്ഥിരം പ്രശ്‌നക്കാരെ വെട്ടിനീക്കുന്ന നയവും പൊതുവില്‍ കയ്യടിക്കു കാരണമായി. അതോടൊപ്പം ശക്തനായ ഭരണാധികാരിക്കുവേണ്ടി നിലകൊള്ളാനും ദേശീയ നേതാക്കന്മാരെ പുകഴ്ത്താനും വണങ്ങാനും വേണ്ട ആരാധനാ മനോഭാവമുണ്ടായി.

കത്തോലിക്ക വൈദികരും നാസി സൈനികരും ഹിറ്റ്ലറെ അഭിവാദ്യം ചെയ്യുന്നു
കത്തോലിക്ക വൈദികരും നാസി സൈനികരും ഹിറ്റ്ലറെ അഭിവാദ്യം ചെയ്യുന്നു

ഈ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ജനങ്ങളുടെ പൊതുവികാരങ്ങള്‍ക്കു ഭാഷ കൊടുക്കുന്നവരായി വൈദികര്‍. ആ പൊതുവികാരം ഫാസിസത്തിന്റേതായി മാറി. വൈദിക ഫാസിസം വ്യക്തമായി ദൃശ്യമായ രാജ്യങ്ങളാണ് പോര്‍ച്ചുഗല്‍, സ്പെയിന്‍, ഓസ്ട്രിയ, ഗ്രീസ്, ഹംഗറി, പോളണ്ട്, വിച്ചി ഭരിച്ച ഫ്രാന്‍സ് എന്നീ കത്തോലിക്കാ രാജ്യങ്ങള്‍. അധികാരത്തിന്റെ നിയന്ത്രണങ്ങളെ അവിടങ്ങളിലെ സഭ സ്വാഗതം ചെയ്തു. സോഷ്യലിസം, കമ്യൂണിസം ഇവയെ എതിര്‍ത്ത കത്തോലിക്കാസഭ ഓരോ രാജ്യത്തിന്റേയും ജാതീയവും ദേശീയവുമായ തനിമ വളര്‍ത്തുന്ന യാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിച്ചു. ജര്‍മനിയിലെ നല്ല പങ്ക് സഭാധികാരികളും ഹിറ്റ്ലറിനെ സ്വാഗതം ചെയ്തു. ബ്രിട്ടനില്‍പ്പോലും വൈദിക ഫാസിസം പ്രത്യക്ഷമല്ലാത്തതും എന്നാല്‍ സര്‍വ്വവ്യാപിയുമായി. ഫ്രാന്‍സില്‍ വൈദികരുടെ ഫാസിസ്റ്റ് സംഘടനയുണ്ടായിരുന്നു. വത്തിക്കാനും ഫാസിസവുമായി ഉടമ്പടിയുണ്ടായി. സജീവ സഭാവിശ്വാസികളും വൈദികരുമായി ഫാസിസത്തിനും നാസിസത്തിനും സജീവ ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ മുസ്സോളിനിയും ഹിറ്റ്‌ലറും ദുരുപയോഗിച്ചിട്ടുമുണ്ട്. നാസിക്കഴുകന്റെ ചിറകുകള്‍ പരിശുദ്ധാത്മാവിന്റയായി കുറച്ചു വൈദികരല്ല തെറ്റിദ്ധരിച്ചത്. ഇറ്റലിയില്‍ മുസ്സോളിനിയും ചെക്കോസ്ലോവാക്യയില്‍ ഹലിംഗ (ഒഹശിസമ)യും ക്രൊയേഷ്യയില്‍ പിവെകും (Pavelic) ഫ്രാന്‍സില്‍ പെറ്റാനും (Petain) ഫാസിസത്തിന്റെ ക്രിസ്ത്യന്‍ മുഖമായി കാണപ്പെട്ടു.

മിലാനിലെ ആര്‍ച്ചുബിഷപ്പായിരുന്ന ഷുസ്റ്റര്‍ (Schuster) തീക്ഷ്ണമതിയായിരുന്ന ഫാസിസ്റ്റ് അനുഭാവിയായിരുന്നു. ഫാസിസ്റ്റ് ഭരണങ്ങളോട് വത്തിക്കാന്റെ സമീപനവും ചില കാലങ്ങളില്‍ അതീവ വ്യക്തമായിരുന്നില്ല. ബാള്‍ട്ടിക്ക് മേഖലയില്‍ തങ്ങളുടെ രാജ്യങ്ങള്‍ നാസികള്‍ കയ്യേറിയതിനെ കത്തോലിക്കാ ഓര്‍ത്തഡോക്‌സ് വൈദികര്‍ സ്വാഗതം ചെയ്തു. അവിടെ ഇവര്‍ സെര്‍ബുകള്‍ക്കും യഹൂദര്‍ക്കും ജിപ്സികള്‍ക്കും എതിരായ നിലപാടുകളെ സ്വാഗതം ചെയ്തു. ഇതിന്റെ ഫലമായി വര്‍ഗ്ഗീയതയുടെ നാസിസം ക്രൈസ്തവികതയുമായി പൊരുത്തപ്പെട്ടു പോകും എന്ന പ്രതീതിയുണ്ടായി.

ജര്‍മനിയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ ലുഡ്വിഗ്മുള്ളറുടെ പക്ഷം ഹിറ്റ്ലറിനെ പിന്‍താങ്ങുകയും ജര്‍മന്‍ ക്രൈസ്തവരോട് ഹിറ്റ്ലറിനെ പിന്‍താങ്ങാന്‍ ആവശ്യപ്പെടുകയും ഉണ്ടായി. അവര്‍ ലൂഥറന്‍ സഭയോട് യഹൂദരുടെ പഴയനിയമം ഒഴിവാക്കി നാസി ബൈബിള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ആര്യവംശത്തിന്റെ അടയാളമായി കരുതപ്പെടുന്നതും നാസി പാര്‍ട്ടിയുടെ ചിഹ്നവുമായ സ്വസ്തികയെ കുരിശുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചു.

ഹിര്‍ഷ് എന്ന മുന്‍പറഞ്ഞ ലൂഥറന്‍ ദൈവശാസ്ത്രജ്ഞന്‍ ജര്‍മന്‍ സമുദായത്തിന്റെ ഹിതം ദൈവത്തിന്റെ മുഖാവരണമായി കണ്ടു. ചരിത്രത്തിലെ ദൈവത്തിന്റെ നടത്തിപ്പ് ഹിറ്റ്ലറിലൂടെ നടക്കുന്നതായി അദ്ദേഹം വ്യാഖ്യാനിച്ചു. ശുദ്ധീകരണത്തിന്റെ കൊടുങ്കാറ്റാണ് അടിക്കുന്നത്, അതില്‍ ശക്തരായ ജര്‍മന്‍കാര്‍ അടിപതറാതെ നില്‍ക്കും. തികച്ചും പുതിയ വസന്തത്തിന്റേയും നവീകരണത്തിന്റേയും ചരിത്രമാറ്റം സംഭവിക്കുന്നു എന്നദ്ദേഹം പ്രവചിച്ചു. നാസിസം പുതിയ രാഷ്ട്രീയ മതമായി. എന്നാല്‍, നാസി പാര്‍ട്ടി സഭാധികാരികളുടേയോ സഭയുടേയോ പാര്‍ട്ടിയായിരുന്നില്ല. സഭാധികാരികള്‍ ബോധപൂര്‍വ്വമോ അല്ലാതേയോ അതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുചേര്‍ന്നു. പക്ഷേ, എതിര്‍ത്തവരും അതിന്റെ അപകടം കണ്ടവരുമുണ്ടായിരുന്നു. ക്രിസ്തുവിനെ നാസിസം തള്ളിപ്പറഞ്ഞില്ല. പക്ഷേ, ആദരിച്ചതു യഹൂദരുടെ പീഡനമേറ്റവന്‍ എന്ന നിലയിലാണ്. യഹൂദരോട് മല്ലടിച്ചവന്‍ എന്ന വിധത്തില്‍ യേശുവിനെ യഹൂദ വിരോധിയായി ചിത്രീകരിച്ചു. യഹൂദര്‍ ശപിക്കപ്പെട്ടവരായി. യഹൂദ വേട്ട പുണ്യമായി മാറി. ലൂഥറിനെ ജര്‍മന്‍ ജനതയുടെ നേതാവായി പ്രഘോഷിക്കപ്പെട്ടു. ലൂഥര്‍ പരിഷ്‌കര്‍ത്താവായി, ആദ്യത്തെ നാസിയായി മാറി. ക്രിസ്തുവിനേയും ക്രൈസ്തവികതയേയും നാസികള്‍ വ്യാഖ്യാനിച്ചതു തീര്‍ത്തും ഭാഗികമായിട്ടാണ് എന്നതു ജനം ശ്രദ്ധിച്ചു എന്നു വരുന്നില്ല. നാസി പാര്‍ട്ടിയുടെ ഒരു മുഖമാണ് ഈ വ്യാഖ്യാനത്തില്‍ കണ്ടത്. മറ്റൊരു മുഖം പ്രകടമല്ലാത്ത ഗുപ്തമായ മുഖമായിരുന്നു. എല്ലാവരും കണ്ടതും ആദരിച്ചതും അംഗീകരിച്ചതും അച്ചടക്കം, നിയന്ത്രണം, സമരരാഹിത്യം, സമയനിഷ്ഠ, നേതാവിന്റെ സ്വരം അംഗീകരിച്ച പാര്‍ട്ടി എന്നിവയായിരുന്നു. ഏതു മൗലികവാദത്തേയും പോലെ നാസി പാര്‍ട്ടിയും തിന്മയ്‌ക്കെതിരായ യുദ്ധത്തിന്റെ പാര്‍ട്ടിയായിരുന്നു. ഹിറ്റ്ലര്‍ ഉല്‍ക്കര്‍ഷ വംശത്തിന്റെ ഉന്നതമായ സംസ്‌കാരത്തിനുവേണ്ടി താഴ്ന്ന വര്‍ഗ്ഗക്കാരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ ദൈവത്തിന്റെ ഹിതം നിറവേറ്റുന്ന പാര്‍ട്ടിയായി മാറി. ചെകുത്താനെതിരായ യുദ്ധം ചൂഷണത്തിന്റെ വര്‍ഗ്ഗങ്ങള്‍ക്കെതിരായിരുന്നു. അച്ചടക്കമില്ലാത്തവര്‍, സംസ്‌കാരരഹിതര്‍, അലസര്‍, ചൂഷകര്‍, യാതൊരു ഉപകാരവുമില്ലാത്തവര്‍, ഇത്തിക്കണ്ണികള്‍ എന്നിവര്‍ക്കെതിരായിരുന്നു. യേശുവിനെ കൊന്നവരെ അറസ്റ്റുചെയ്തു നീക്കുന്നത് ജര്‍മന്‍കാര്‍ നിര്‍വികാരരായി നോക്കിനിന്നു. ഈ പിശാചുകള്‍ യഹൂദരായിരുന്നു, മാര്‍ക്‌സിസ്റ്റുകാരായിരുന്നു, ജിപ്സികളായിരുന്നു. പിന്നെ നടന്നത് പിശാച് വേട്ടയായിരുന്നു. ഈ പിശാചുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവര്‍ ഭൂരിപക്ഷമായ ജര്‍മന്‍ വംശജരില്‍പ്പെട്ടവരല്ല. അവര്‍ ന്യൂനപക്ഷമായിരുന്നു.

ഈ ഫാസിസത്തിന്റെ നിറം നാടു മാറുമ്പോള്‍ മാറും. ഭൂരിപക്ഷത്തിന്റെ മതവും ന്യൂനപക്ഷം പിശാചുക്കളുമാകാം. ഈ പശ്ചാത്തലത്തില്‍ വൈദിക ഫാസിസത്തിന്റെ മതവേഷ രൂപങ്ങള്‍ മാറും. ഈ ഭൂരിപക്ഷത്തിന്റെ സമുദായ പൊതുബോധം ദൈവികമാക്കപ്പെടുകയാണ്. അതു ധര്‍മ്മത്തിന്റേയും ശരിയുടേയുമായി മാറ്റപ്പെടുന്നു. ജര്‍മനിയിലെ ഹിര്‍ഷ ചെയ്തതും അതുതന്നെ. ദൈവകോപത്തിന്റെ മുഖാവരണമാണ് സമുദായ കോപം. ജനസ്വരം ദൈവസ്വരം. അവിടെ ആള്‍ക്കൂട്ട കൊലകള്‍ ദൈവകോപത്തിന്റെ നടത്തിപ്പ് മാത്രമായി വ്യാഖ്യാനിക്കപ്പെട്ടു. ബലാത്സംഗം ചെയ്ത നികൃഷ്ടരേയും സ്ഥിരം ക്രിമിനല്‍ നടപടികളില്‍ മുഴുകുന്നവരേയും ജനക്കൂട്ടമോ പൊലീസിന്റ ഏറ്റുമുട്ടല്‍ നാടകത്തിലോ കൊല്ലുന്നതില്‍ ഒരു പന്തികേടും ഒരു ഫാസിസ്റ്റ് സമൂഹം കാണുന്നില്ല. വെറുതെ കോടതിയുടെ നടത്തിപ്പിന്റെ വര്‍ഷങ്ങള്‍ പാഴാക്കുന്നത് എന്തിന്?

നീഷേയുടെ നാസി ദാര്‍ശനികത 

ജര്‍മന്‍ യുവാക്കളും പ്രായമായവരും നീഷേ(Friedrich Nitezsche)യുടെ കൃതികള്‍ വായിച്ചു. ഒരു ലൂഥറന്‍ പാസ്റ്ററിന്റെ മകന്റെ വെളിപാടുകള്‍. അതില്‍ 'അന്തിക്രിസ്തു'വും 'ദുരന്തത്തിന്റെ ജന്മ'വും 'ധര്‍മ്മത്തിന്റെ വംശാവലി'യും സരാത്തൂസ്ത്രയുടെ വെളിപാടുകളുമുണ്ടായിരുന്നു. ക്രിസ്തുവും അവന്റെ സുവിശേഷവും അധഃകൃതരുടെ സുവിശേഷം മാത്രമായി; ആഢ്യന്മാരുടെ സുവിശേഷം അതാകരുത്. അടിമകളുടെ ധര്‍മ്മമല്ല ആഢ്യന്മാരുടെ ധര്‍മ്മം. എളിമ പുണ്യമല്ല; അടിമത്തമാണ്. നമുക്കു വേണ്ടത് ഡയനീഷ്യസിന്റെ പാട്ടും മേളവും ഉന്മാദവുമാണ്. ഗ്രീക്കു പേഗനിസത്തിലേക്കു മടങ്ങണം. ഗ്രീക്കുകാരുടെ സോക്രട്ടീസ് സാംസ്‌കാരിക അധഃപതനത്തിന്റെ മനുഷ്യനാണ്. ജീവിതം എപ്പോഴും പഴയതിന്റെ തിരിച്ചുവരവാണ്. ഒന്നും പുതിയതായി സംഭവിക്കുന്നില്ല. എല്ലാം ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രം. ജീവിതത്തിന് അര്‍ത്ഥമില്ല, ദുരന്തമാണ്. ജര്‍മന്‍ ജനതയുടെ ഇച്ഛയുടെ ആധിപത്യമാണ് സ്ഥാപിക്കേണ്ടത്. ദൈവം മരിച്ചു; ഇനി എല്ലാം അനുവദനീയമാണ്. വികാരനിയന്ത്രണം ആഢ്യതയുടെ പുണ്യമല്ല; അധഃകൃതന്റേയാണ്.

നീഷേയില്‍ പഴയ ദൈവം മരിച്ചു; പഴയ ധര്‍മ്മവും ഇല്ലാതായി. ആഢ്യന്മാരുടെ ആധിപത്യത്തിന്റെ യുഗം സരാത്തൂസ്ത്ര ഉദ്ഘാടനം ചെയ്തു. അതോടെ പഴയ എല്ലാ തത്ത്വചിന്തയും മരണപ്പെട്ടു. ബലവാന്മാരുടെ വംശമാകാന്‍ നീഷേയുടെ പ്രവാചകന്‍ ആവശ്യപ്പെട്ടു. ശ്രേഷ്ഠമായത് ഒന്നും കൊടുങ്കാറ്റില്‍ നിലംപതിക്കില്ല. നിലംപതിക്കുന്നതു ശ്രേഷ്ഠവുമല്ല. മനുവിന്റെ മാനവധര്‍മ്മ ശാസ്ത്രം മഹത്തായ ആര്യസാക്ഷ്യമായി അദ്ദേഹം പ്രഖ്യാപിച്ചു. മനുവിനെ ഗ്രീക്കുപുരാണത്തിലെ ഡയനീഷ്യസ് ദേവനായി കണ്ടു. നാസിസത്തിന്റെ ദാര്‍ശനികനായി മാറിയതു നീഷേയാണ്. ഇതുവരെ നിലനിന്ന എല്ലാ ദാര്‍ശനിക ചിന്തകളുടേയും മരണവും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, നീഷേ ഒരു സംസ്ഥാപിത ദര്‍ശനത്തിന്റെ യുക്തിഭദ്രമായ ചിന്തകനായിരുന്നില്ല. കാവ്യാത്മകതയും അതിമാത്രഭ്രാന്തവുമായ ദര്‍ശന ശകലങ്ങളുടെ വക്താവായിരുന്നു. പക്ഷേ, സ്ഥായിയായി ഒരു പെസിമിസ്സവും വിധിയുടെ കളിപ്പാവകളാണ് നാം എന്ന ചിന്തയും നിലനിന്നു.

കത്തോലിക്ക ബിഷപ്പായിരുന്ന ലു‍ഡ് വി​ഗ് മുള്ളർ നാസികൾക്കിടയിൽ
കത്തോലിക്ക ബിഷപ്പായിരുന്ന ലു‍ഡ് വി​ഗ് മുള്ളർ നാസികൾക്കിടയിൽ

ഫ്രോയ്ഡിന്റെ അബോധവിധി 

ഇതേ പശ്ചാത്തലത്തിലാണ് യഹൂദനായിരുന്നിട്ടും നാസികളുടെ അക്രമത്തിനു വിധേയമാകാതിരുന്ന ഫ്രോയിഡിന്റെ സൈക്കോഅനാലിസിസിന് ജര്‍മനിയിലും ലോകത്തിലുമുണ്ടായ സ്വാധീനത്തിന്റെ പിന്നില്‍ നാസികള്‍ക്ക് അനുഭാവമാര്‍ന്ന ചിന്തയുണ്ടായിരുന്നോ എന്നതും പഠിക്കേണ്ടത്. ഫ്രോയിഡിന്റെ കണ്ടെത്തലുകള്‍ നാസി ചിന്താപദ്ധതിയുമായി പൊരുത്തപ്പെടുന്നതായിരുന്നോ എന്ന ചരിത്രപഠനത്തിനു മുതിരുന്നില്ല. പക്ഷേ, ഒരു പഠനം മാത്രം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതു ഡെലുസും ഗുട്ടാറിയും (Deleuze and Guattari) ചേര്‍ന്ന് ഫ്രെഞ്ച് ഭാഷയില്‍ എഴുതിയ ആന്റി-ഈഡിപ്പസ് എന്ന കൃതിയാണ്. അതിന് അവതാരിക എഴുതിയത് മിഷേല്‍ ഫുക്കോയാണ്. അതില്‍ ഫുക്കോ കണ്ടെത്തുന്നത് ഈ ഗ്രന്ഥം ധാര്‍മ്മിക ജീവിതവും ഫാസിസ്റ്റ് വിരുദ്ധ ജീവിതവും സാധ്യമാക്കുന്നു എന്നതാണ്. അത് വ്യക്തമാക്കുന്നത് ഫ്രോയ്ഡിന്റെ ഈഡിപ്പസ് കോംപ്ലക്‌സ് ധാര്‍മ്മികജീവിതത്തിന്റെ സാധ്യതയും ഇല്ലാതാക്കുന്നു എന്നും ഫാസിസ്റ്റ് ജീവിതത്തിനു വഴി ഒരുക്കുന്നു എന്നുമാണ്. ''ആന്റി-ഈഡിപ്പസ് ഒരു ധാര്‍മ്മിക പുസ്തകമാണ്. ഫ്രോയിഡിന്റെ നിലപാടില്‍ മനുഷ്യനെ കാമത്തിന്റെ യന്ത്രമാക്കുന്നു.'' യന്ത്രം കര്‍മ്മത്തിന്റെ വിഷയങ്ങള്‍ ഉണ്ടാക്കുന്നു. അതു യാന്ത്രികമാണ്. നമ്മുടെ ശരീരത്തിലും പെരുമാറ്റത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നു കരുതുന്നു ഫാസിസ്റ്റ് ആധിപത്യത്തിന്റേയും യാന്ത്രിക കാമത്തിന്റേയും ജന്മവാസനകളുടെ വിധിക്കു വിധേയപ്പെടാതെ നമ്മുടെ ഭാഷയിലും നടപടികളിലും ഹൃദയവികാരങ്ങളിലും സന്തോഷങ്ങളിലും ഫാസിസ്റ്റ് ആകാതെ ജീവിക്കാന്‍ വഴി കണ്ടെത്തുന്നു. ഇതു ഈഡിപ്പസ് വിരുദ്ധ ജീവിതമാണ്. അതു മാത്രമാണ് സര്‍വ്വാധിപത്യത്തിന്റെ വിധിക്കു വിധേയപ്പെടാതെ അധികാരത്തിന്റെ ദൈവികമായ ഒരു രൂപത്തിനു നല്‍കുകയുള്ളൂ. ഈഡിപ്പസ് വിരുദ്ധത എന്നത് ഫ്രോയിഡിന്റെ ഈഡിപ്പസ് വ്യാഖ്യാനത്തിനോടുള്ള വിരുദ്ധ നിലപാടാണ്. സോഫോക്ലീസിന്റെ ഈഡിപ്പസ് നാടകം ഫ്രോയിഡ് വായിച്ചത് ഈഡിപ്പസ് പിതാവിനെ കൊന്ന് അമ്മയെ ഭാര്യയാക്കുന്ന ഡല്‍ഫിയുടെ വിധിക്കു വിധേയമായി എന്നാണ്. സത്യത്തില്‍ അതാണോ നാടകത്തിന്റെ അന്ത്യസന്ദേശം? ഈഡിപ്പസാണ് ലായിയുസ് രാജാവിനെ കൊന്നത് എന്നു നാടകത്തില്‍ വ്യക്തമല്ല, അങ്ങനെ ഈഡിപ്പസ് കരുതുന്നു എങ്കിലും. സേവൂസ് ദേവന്റെ പെരുന്നാളിന് അരങ്ങേറിയ നാടകം ഗുപ്തമായ സേവൂസിന്റെ വിധിയെ ചോദ്യം ചെയ്യുന്നതായും വ്യാഖ്യാനിക്കാനുള്ള സാധ്യത നാടകം നല്‍കുന്നുണ്ട്. ഈഡിപ്പസിന്റെ തന്നെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ബൗദ്ധിക വിജയമായും നാടകത്തെ വ്യാഖ്യാനിക്കാം. പക്ഷേ, ഫ്രോയിഡ് സേവൂസിന്റെ വിധിയുടെ നടത്തിപ്പായി അതു വായിച്ചു. ഈ വിധിയുടെ കാമയന്ത്രമായി മനുഷ്യനെ നിര്‍വ്വചിച്ചു. മനുഷ്യന്‍ അബോധത്തിന്റെ പിടിയിലാണെന്നും അബോധത്തിന്റെ വിധിയാണ് ജീവിതം നയിക്കുന്നതെന്നുമുള്ള ഫ്രോയിഡിന്റെ നിഗമനങ്ങളാണ് ഫാസിസത്തിന്റെ വഴിയായി മാറുന്നത്. നമ്മിലൊരു ഈഡിപ്പസ് ഉണ്ട് എന്ന ചിന്ത അബോധത്തിന് അധികാരം നല്‍കുന്നു. അതു നമ്മിലെ ആന്തരികശക്തിയെ ചോര്‍ത്തിക്കളയുന്നു. സ്വയം അടിച്ചൊതുക്കി അവയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച് നമ്മെ വീട്ടിലും സ്‌കൂളിലും ഈഡിപ്പസാക്കുന്നു. അതോടെ നാം ഫാസിസ്റ്റ് പാതയിലായി. കാമങ്ങളെ അടിച്ചൊതുക്കുന്ന യന്ത്രത്തിന്റെ വിധിയിലായി ജീവിതം. സൈക്കോ അനാലിസിസിന്റെ ഏറ്റവും വലിയ കണ്ടെത്തല്‍ മോഹങ്ങളുടെ ഉല്പാദനം അബോധത്തില്‍ നിന്നാണ് എന്നത് അബോധം ഒരു ഫാക്ടറിയാക്കി മാറ്റുന്നു. ഈ മനുഷ്യന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അസഹനീയമായ ഭാരമല്ല; അടിമത്തത്തിന്റെ രക്ഷയാണ്. തങ്ങള്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും അവഹേളനവും അടിമത്തവും ആഗ്രഹിക്കുന്നു. ആള്‍ക്കൂട്ടം ആഗ്രഹിക്കുന്നത് അജ്ഞതയും മിഥ്യയും നല്‍കുന്ന ഫാസിസമാണ്. ഫാസിസത്തില്‍ ഈഡിപ്പസ് ഒരു വിശ്വാസസത്യമായി മാറുന്നു. അതോടെ കുറ്റകൃത്യവും ലൈംഗികതയും ഒന്നിക്കുന്നു. പിതാവിനെ കൊല്ലാന്‍ മാതാവിനോടുകൂടി ശയിക്കുകയെന്ന അബോധ അക്രമത്തിന്റെ പൂര്‍ത്തീകരണം. പിതാവിനെ കൊല്ലുന്നതിനു ന്യായീകരണമുണ്ട്. പിതാവിലാണ് കൊല ആരംഭിക്കുന്നതും വേഴ്ച തുടങ്ങുന്നതും. പിതാവിലാണ് പുത്രഹത്യ നടക്കുന്നതും. മകന്‍ എന്ന ഭാവി ഘാതകനെ കൊല്ലുക. ലൈംഗികത പ്രജനനത്തില്‍നിന്നു വേര്‍പെട്ട് അക്രമമായി മാറുന്നു. രണ്ടു സമീപനങ്ങള്‍ ഉണ്ടാകാം. ഞാന്‍ നിന്റെ വര്‍ഗ്ഗമാണ്, ഉന്നത വര്‍ഗ്ഗം. ഞാന്‍ നിന്റെ വര്‍ഗ്ഗമല്ല, ഞാന്‍ താഴ്ന്നവനാണ്. ഞാന്‍ കറുത്തവനും മൃഗവുമാണ്. ആദ്യത്തേതു വികാരത്തിന്റെ ഫാസിസം, രണ്ടാമത്തേത് വികാരത്തിന്റെ അടിച്ചമര്‍ത്തല്‍ ഉണ്ടാക്കുന്ന ഫാസിസം രണ്ടിലും നിലനില്‍ക്കുന്നത് വിധി വിശ്വാസം; ധര്‍മ്മം വെടിഞ്ഞ ജീവിതം.

ഹൈഡഗറിന്റെ നാസി നിലപാട് 

ഫ്രൈബുര്‍ഗ് യൂണിവേഴ്സിറ്റിയുടെ തലപ്പത്തുനിന്ന് യഹൂദനായ ഹുസ്സേലിനെ പുറത്താക്കി നാസി അനുഭാവിയായിരുന്ന ഹൈഡഗറിനെ പ്രതിഷ്ഠിച്ച ഹിറ്റ്ലര്‍ നാസിസത്തിനു തത്ത്വശാസ്ത്ര പിന്‍ബലം കൊടുക്കാന്‍ നീഷേയേയും ഫ്രോയ്ഡിനേയും മാത്രമല്ല ഉപയോഗിച്ചത്. ഹൈഡഗറിന്റെ തത്ത്വവിചാരത്തിന്റെ പ്രത്യേകത അതിന്റെ ധര്‍മ്മ നിശ്ശബ്ദതയായിരുന്നു. ഹൈഡഗര്‍ 1933 മുതല്‍ 1945 വരെ നാസി പാര്‍ട്ടിയില്‍ അംഗമായിരുന്നു. (അദ്ദേഹത്തിന്റെ കാര്‍ഡ് നമ്പര്‍ 312589). 'നമ്മുടെ യൂറോപ്പിനെ അടിയില്‍നിന്ന് ജനാധിപത്യം നശിപ്പിക്കുന്നു'' എന്ന് ഹൈഡഗര്‍ എഴുതി. നാസി പാര്‍ട്ടിയുടെ ശക്തിയും മഹത്വവും അദ്ദേഹം പ്രകീര്‍ത്തിച്ചു. അസ്തിത്വമയക്കുന്ന വിധിയിലൂടെ ചരിത്രം നീങ്ങുന്നു എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍നിന്നാണ് നാസിസത്തോടുള്ള ആഭിമുഖ്യം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ജര്‍മ്ന്‍ ജനതയുടെ മണ്ണിലും രക്തത്തിലും അന്തര്‍ലീനമായ ആത്മശക്തി ലോകചരിത്രത്തെ നയിക്കാനുള്ള ദൗത്യമുണ്ട് എന്ന് അദ്ദേഹം ചിന്തിച്ചു.

അദ്ദേഹത്തിന്റെ പ്ലേറ്റോയുടെ ഗുഹാമനുഷ്യരുടെ വ്യാഖ്യാനത്തിലാണ് ഈ കാഴ്ചപ്പാടുകള്‍ കണ്ടെത്തുന്നത്. അജ്ഞതയുടെ ഗുഹയില്‍ അടയ്ക്കപ്പെടുന്നവര്‍ സത്യത്തില്‍നിന്നു മറയ്ക്കപ്പെട്ടു നിഴലുകളില്‍ വസിക്കുന്നു. അവിടെനിന്നു സത്യത്തിലേക്കുള്ള പ്രവേശനത്തിനു സഹായിക്കുന്നവര്‍ കവികളാണ്. കാവ്യമാണ് മോചനമാര്‍ഗ്ഗം. പക്ഷേ, എല്ലാവരും ആ വഴിയേ വരില്ല. ഇവരോട് ബലം പ്രയോഗിക്കണമെന്ന സൂചനയുണ്ട്. എന്നാല്‍, ഈ ചിന്താപദ്ധതി അസ്തിത്വത്തിന്റെ സമഗ്രാധിപത്യമാണെന്നും മനുഷ്യന്‍ കീഴടക്കലിന്റെ ആധിപത്യ ചിന്തയിലാണെന്നും വിമര്‍ശിക്കുന്നത് എമ്മാനുവേല്‍ ലെവീനാസാണ്. ഹൈഡഗറിന്റെ മനുഷ്യന്‍ സാധ്യതകളുടെ ലോകം വെട്ടിപ്പിടിക്കലിന്റേയും ആയിത്തീരലിന്റേയും ഭാവിയിലേക്കുള്ള യാത്രയല്ല എന്നും അതു സ്വന്തം മണ്ണും ചോരയും കണ്ടെത്തി അതിലേക്കുള്ള തിരിച്ചുപോക്കാണെന്നും ലെവീനാസ് കുറ്റപ്പെടുത്തി. ഈ ജീവിതയാത്ര അബ്രാഹത്തെപ്പോലെ മുന്നോട്ടുള്ള യാത്രയല്ലെന്നും ഹോമറിന്റെ യൂളിസിസിന്റെ സ്വന്തത്തിലേക്കുള്ള പിന്‍തിരിയലും സ്വത്വം കണ്ടെത്തലാണെന്നും ലെവിനാസ് എഴുതി. ഇതു ധര്‍മ്മശൂന്യമായ ഉന്മാദത്തിലേക്കുള്ള ഗ്രീക്കു പേഗനിസത്തിലേക്കുമുള്ള തിരിച്ചുപോക്കാണ് എന്നും ലെവിനാസ് വിമര്‍ശിച്ചു.

നീഷേയും ഫ്രോയിഡും ഹൈഡഗറും ജര്‍മനിയില്‍ സൃഷ്ടിച്ചതും ധര്‍മ്മം വെടിഞ്ഞതും ഉത്തരവാദിത്വരഹിതവുമായ ഒരു സംസ്‌കാരമാണ്. മനുഷ്യന്റെ പരസ്പര ഉത്തരവാദിത്വം മാറ്റി നിറുത്തിയുള്ള മനുഷ്യദര്‍ശനം വിധിയുടേയും ജന്മത്തിന്റെ ആഢ്യത്വത്തില്‍ ആണിവച്ച മൗലികവാദം ലോകത്തിനും മനുഷ്യസമൂഹത്തിനും ഭീഷണിയാണ് എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. മനുഷ്യന്‍ മണ്ണിലും ഗോത്രത്തിലും വംശത്തിലും വേരുപിടിക്കുന്നതിന്റെ ഭീകരതയാണ് നാസിസത്തില്‍ പ്രകടമായത്. അതു സൃഷ്ടിച്ചത് ഉത്തരവാദിത്വരാഹിത്യം മാത്രമല്ല. ധര്‍മ്മം മരിച്ചതും മനുഷ്യന്റെ ദുഃഖങ്ങളോട് യാതൊരു കരുണയുമില്ലാത്ത ഒരു മനുഷ്യത്വത്തിന്റെ ഭീകരമായ മരവിപ്പായി മാറുന്നു. യഹൂദവംശത്തിന്റെ അന്ത്യവിധി നടപ്പിലാക്കി ലക്ഷക്കണക്കിനു യഹൂദരെ ഗ്യാസ് ചേമ്പറുകളിലും പുറത്തും എലികളെ കൊല്ലുന്ന ലാഘവത്തില്‍ കൊന്നൊടുക്കിയ ഐക്മാനെ ജറുസലേമില്‍ വിസ്തരിച്ചപ്പോള്‍ അതിനു സാക്ഷിയായ ഹന്ന അറസടന്റ് എഴുതി ''ഐക്മാന്‍ വിഡ്ഢിയായിരുന്നില്ല; പിശാചുമായിരുന്നില്ല; സാധാരണ മനുഷ്യനായിരുന്നു. തിന്മയുടെ സാധാരണത്വം (banaltiy) ആണ് നടുക്കിയത്.'' മനുഷ്യരെ മനുഷ്യര്‍ തല്ലിക്കൊല്ലുന്നതു നോക്കി നില്‍ക്കുന്ന പൊലീസ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തെ നാം ഭാരതത്തില്‍ കാണുന്നു. കൊലയുടെ വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നവര്‍ക്കു പറ്റുന്നതുതന്നെയാണ് ജര്‍മനിയിലും സംഭവിച്ചത്. അക്രമത്തിന്റെ വസന്ത ഒരു നഗരത്തില്‍ പടരുന്നതിന്റെ കഥയാണ് കാമ്യുവിന്റെ 'വസന്ത.' അത് നാസിസമായിരുന്നു. പരസ്പരം വേട്ടയാടുന്ന ഒരു ഇരുട്ടിന്റെ അന്ധത ബാധിച്ച നഗരത്തിന്റെ കഥയാണ് ജോസ്സെ സരമാഗുവിന്റെ 'അന്ധത' എന്ന നോവല്‍. വസന്തയുടെ വര്‍ഷങ്ങളുടെ കഥയെഴുതിയ ഡാനിയേല്‍ ഡെഫോ നോവലിന്റെ അവസാനം കുറിച്ചു: ''ലണ്ടനില്‍ ഭീകരമായ വസന്ത, 1665-ല്‍. അതു നൂറായിരം ആത്മാക്കളെ തൂത്തുമാറ്റി. എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു.'' ജീവിച്ചിരിക്കുക എന്നതു വലിയ ഭാരമാണ്. സ്വന്തം ജീവന്‍ കാത്തുസൂക്ഷിക്കുന്ന ഭാരം ഒരു ഉത്തരവാദിത്വവുമാണ്. ജീവന്‍ സംരക്ഷിക്കുന്ന ഒരു സംസ്‌കാരം ഉണ്ടാക്കുക. നാട്ടില്‍ വ്യക്തികള്‍ നടത്തുന്ന കൊലപാതകങ്ങളുണ്ട്. വ്യക്തിപരമായ കാരണങ്ങള്‍ മൂലവും വികാരത്തിന്റെ സ്ഫോടനത്തിലും നടക്കുന്ന കൊലകള്‍. അവയെക്കാള്‍ എത്രയോ ഭീകരമാണ് ദൈവത്തിന്റെ മഹത്വത്തിനും സംസ്‌കാരത്തിന്റെ സംരക്ഷണത്തിനും പ്രത്യയശാസ്ത്രത്തിന്റെ കൊടിക്കും വീരനേതാവിനോടുള്ള സേവനത്തിനും നടത്തുന്ന കൊലപാതകങ്ങള്‍! ഏതു സംസ്‌കാരത്തിന്റേയും മാനക്കേടാണ് ആരാച്ചാര്‍. അധര്‍മ്മത്തിനും അസഹിഷ്ണുതയ്ക്കും വെറുപ്പിനും ക്രൂരതയ്ക്കും ആഴമില്ല. വേണ്ടതു വെറും ചിന്താരാഹിത്യം മാത്രമാണ്. നന്മ മാത്രമാണ് ആഴമുള്ളത്; മൗലികവും. മനുഷ്യന്റെ നന്മ ഇല്ലാതാക്കുന്ന ഭാഷയും സംസ്‌കാരവും വളരുന്നതു കാണാന്‍ കണ്ണില്ലാതെ പോകുമ്പോഴാണ് ഇരുട്ട് സംസ്‌കാരശൂന്യതയായി വളരുന്നത്.

ക്രൊയേഷ്യയിൽ ഹിറ്റ്ലറുടെ പാവ ​ഗവൺമെന്റിന്റെ തലവനും നാസിയുമായ പിവെക്കിനു മുന്നിൽ സൗ​ഹൃദ കരങ്ങൾ നീട്ടി ആർച്ച് ബിഷപ്പ് സ്റ്റെഫാനിയാക്
ക്രൊയേഷ്യയിൽ ഹിറ്റ്ലറുടെ പാവ ​ഗവൺമെന്റിന്റെ തലവനും നാസിയുമായ പിവെക്കിനു മുന്നിൽ സൗ​ഹൃദ കരങ്ങൾ നീട്ടി ആർച്ച് ബിഷപ്പ് സ്റ്റെഫാനിയാക്

കമ്പോളത്തിന്റെ കാമയന്ത്രങ്ങളോ നാം? 

യൂറോപ്പില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടായ വലിയ പ്രതിസന്ധിയായിരുന്നു ഫാസിസവും നാസിസവും. അതിനു പിന്നില്‍ നിലകൊണ്ട മതപരവും ദാര്‍ശനികവുമായ പശ്ചാത്തലങ്ങളാണ് ഇവിടെ കണ്ടത്. അതാണ് രണ്ടാം ലോക മഹായുദ്ധം അതിന്റെ ഭീകര ദുരന്തത്തിലേക്കു ലോകത്തെ നയിച്ചത്. കാലം മാറി പുതിയ ലോകങ്ങളും പ്രത്യയശാസ്ത്രങ്ങളും ലോകത്തിന്റെ ഭരണത്തിലേക്ക് വന്നു. രണ്ടു വിരുദ്ധ ചേരികളില്‍ നിലനിന്ന ലോകവും അതിന്റെ സംഘര്‍ഷവും ക്യൂബന്‍ പ്രതിസന്ധിയും നാം അതിജീവിച്ചു. 1989 ആയപ്പോള്‍ കമ്യൂണിസത്തിന്റെ പതനമുണ്ടായി. ഏകധ്രുവ ലോകമാണ് പിന്നെ കണ്ടത്. ലോകാവസാനത്തിന്റെ കഥയാണ് ഇനി മുന്‍പോട്ടുള്ളത് എന്നു ഫ്രാന്‍സിസ് ഫുക്കയാമ പ്രവചിച്ചു. കമ്പോള ലിബറലിസത്തിന്റെ കാലത്താണ് നാം ജീവിക്കുക. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് മുതലാളിത്ത കമ്പോള സംസ്‌കാരത്തിന് ഇന്ത്യയുടെ വാതിലുകള്‍ തുറന്നു.

കമ്പോളം സൃഷ്ടിച്ച രാഷ്ട്രീയത്തിലും സാമൂഹികതയിലും മതാത്മകതയിലുമാണ് നാം ജീവിക്കുന്നത്. ഈ പുതിയ ലോകം ആഗോളവല്‍ക്കരിക്കപ്പെട്ട അറിവിന്റെ ഒരു രൂപത്തിലാണ് നിലകൊള്ളുന്നത്. അതു വരുന്നത് യൂറോപ്പില്‍നിന്നാണ്. അതിന്റെ അടിസ്ഥാന നിലപാട്, ആദ്യം യൂറോപ്പ് പിന്നെ മറ്റിടങ്ങള്‍ എന്നതാണ്. ഇവിടെ കമ്പോള സമൂഹത്തിന്റേയും രാജ്യത്തിന്റേയും എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരം അറിവാണ്. ഈ അറിവിന്റെ വൈജ്ഞാനീയത്തിലാണ് പുതിയ ലോകക്രമം ഉണ്ടായിരിക്കുന്നത്. ഈ അറിവിന്റെ മണ്ഡലമാണ് എല്ലാം ഉടച്ചുവാര്‍ക്കുന്നത്. അത് ഒരു രാജ്യത്തെ നശിപ്പിക്കുകയല്ല, ഉടച്ചുവാര്‍ക്കുകയാണ്. ഇവിടെ സാമ്പത്തികശാസ്ത്രത്തിന്റെ നയപരിപാടിയാണ് മുഖ്യമായി അര്‍ത്ഥമാക്കുന്നത്. അത് നാട് ഭരിക്കുന്നതിന്റെ വ്യാകരണമാണ്. ഇതുണ്ടാക്കുന്ന നിയോ ലിബറലിസം എന്നതു സമൂഹജീവിതത്തിന്റെ മാതൃകയാണ്. ജീവിതക്രമത്തിന്റെ ഊടും പാവും നിശ്ചയിക്കപ്പെടുന്നതു കമ്പോള മാനദണ്ഡത്തിലാണ്. സമൂഹജീവിതത്തിന്റെ സകല മാനങ്ങളും കമ്പോളമൂല്യങ്ങള്‍ക്കായി വിധേയമായിരിക്കും. ഇവിടെ അതിന്റെ പ്രധാന ഘടകം സ്വകാര്യസ്വത്താണ്. ജനങ്ങളുടെ ക്ഷേമത്തിന്റെ രാഷ്ട്രഭരണ ഉത്തരവാദിത്വം കമ്പോള വ്യവസ്ഥിതിയിലേക്കു മാറുന്നു. ഇതു സാമ്പത്തിക വ്യാപാര മനുഷ്യന്‍ എന്നതിനെ കേന്ദ്രീകരിച്ചാണ്. വ്യക്തിയുടെ സ്വതന്ത്രവും സ്വതസിദ്ധവുമായ തീരുമാനങ്ങള്‍ സ്വന്തം താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. തനിക്കും തന്റേതിനും എന്ന യുക്തിയാണ് നിര്‍ണ്ണായകം. കമ്പോളത്തിന്റെ ഈ മുതലാളിത്ത വീക്ഷണമാണ് യൂറോപ്പിന്റെ സാമൂഹിക വീക്ഷണം, കാഴ്ചപ്പാട്. ഒന്നാം ലോകമായ യൂറോപ്പിന്റെ വീക്ഷണത്തില്‍ രണ്ടാം ലോകവും മൂന്നാം ലോകവും അഴിച്ചുപണിയണം. ഒന്നാം ലോകമാണ് വികസനത്തിന്റെ സാര്‍വ്വത്രിക മാതൃക. അവിടെ മറ്റൊരു പ്രത്യയശാസ്ത്രവുമില്ല. മറ്റു ലോകങ്ങള്‍ അവികസിതമോ വികലമായി വികസിതമോ ആകാം. അവ വികസിക്കേണ്ടതു കമ്പോളത്തിന്റെ രാഷ്ട്രീയത്തിന്റെ വൈജ്ഞാനീയത്തിലാണ്. ദാരിദ്ര്യവും അസമത്വവും - ജനാധിപത്യ പരാജയങ്ങള്‍ എല്ലാം ലിബറല്‍ കമ്പോള വ്യവസ്ഥിതിയുടെ നടപ്പിലാക്കലിന്റെ പരാജയഫലങ്ങളാണ്. കമ്പോള പാശ്ചാത്യ ചിന്തകള്‍, അന്തര്‍ദ്ദേശീയ സാമ്പത്തിക സ്ഥാപനങ്ങള്‍, അവരുടെ താല്‍പ്പര്യങ്ങള്‍ എന്നിവരാണ് ഭരണവര്‍ഗ്ഗം. ഭരിക്കുന്നതു രാഷ്ട്രീയപ്പാര്‍ട്ടികളല്ല; സാമ്പത്തിക സ്ഥാപനങ്ങളാണ്. മൂന്നു ലോകങ്ങളേയും ഒരേ കാഴ്ചപ്പാടില്‍ ഭരിക്കുന്ന ഒരു സാമ്പത്തിക ക്രമം, ഒരു സാമ്പത്തിക മോണിസത്തിന്റെ ആധിപത്യമാണ്. കമ്പോളക്രമം എന്ന സാര്‍വ്വത്രിക അറിവിന്റെ അടിസ്ഥാനത്തിലായിരിക്കുന്നു ലോകം - അതാണ് ആഗോളീകരണം.

ഇവിടെ ഇതോടുകൂടി അഴിച്ചുപണിക്കു വിധേയമാകുന്നതു പരമ്പരാഗത മതങ്ങളാണ്. ഇവിടെ കാലഭേദങ്ങള്‍ പുതിയ വിജ്ഞാനീയത്തില്‍ അഴിച്ചുപണിയപ്പെടുന്നു. സമയം പണമായി. അവിടെ മതം മാര്‍ക്‌സിന്റെ ഭാഷയില്‍ മയക്കുമരുന്നായി മാറുന്നു. സാമ്പത്തികമായ കഠിന യാഥാര്‍ത്ഥ്യത്തിന്റെമേല്‍ വീഴുന്ന പുകമറയായി മതം മാറുന്നു. വാങ്ങലും വില്‍ക്കലുമായി ജീവിതത്തിന്റെ സകല മാറ്റങ്ങളും മാറ്റപ്പെടും. എല്ലാം ചരക്കുകളാക്കപ്പെടുന്നു. ഉപഭോഗ സംസ്‌കാരത്തില്‍ ആത്മീയത പരമ്പരാഗതമായ ധാര്‍മ്മിക ബലമുള്ളതായിത്തീരുന്നത് ഉടച്ചുവാര്‍ക്കപ്പെടുന്നു. ആത്മീയത ഉല്പന്നമാക്കപ്പെടുന്നു. മതം അതിന്റെ ധര്‍മ്മത്തിന്റെ ഉള്‍ക്കരുത്ത് പൊളിച്ചുമാറ്റി അനുഭവത്തിന്റെ ഉന്മാദപരമായ വൈകാരികത സ്വഭാവമെടുക്കുന്നു. ഈ പശ്ചാത്തലത്തില്‍ മതങ്ങള്‍ എല്ലാ സൗഖ്യവും സംതൃപ്തിയും നല്‍കുന്ന പുത്തന്‍ കരിസ്മാറ്റിക് മതങ്ങളായി മാറുന്നു. സമ്പത്തിന്റേയും സ്വാസ്ഥ്യത്തിന്റേയും സുവിശേഷങ്ങള്‍ എല്ലാ മതങ്ങളിലും രൂപപ്പെടും. ഉന്മാദലഹരിയാണ് അതു നല്‍കുന്നത്. ഈ ഉന്മാദത്തിനു പിന്നില്‍ വളരുന്നതു ഗോത്ര ജാതി മതത്തിന്റെ തീവ്രമായ തനിമ ബോധത്തിന്റെ വൈകാരികതയാണ്. ഈ സാഹചര്യത്തില്‍ മതത്തിന്റെ ഭാഷയില്‍നിന്നും വീക്ഷണത്തില്‍നിന്നും ധാര്‍മ്മികത കഴുകി മാറ്റപ്പെടുകയും മതം നന്മതിന്മകളുടെ യുദ്ധഭൂമിയായി മാറുകയും ചെയ്യും. എല്ലാ മതങ്ങളും സ്വീകാര്യമായ സംഘാത താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിന്റെ ദേശീയവും സാമുദായികവുമായ വികാരമായി മാറുന്നു. സമുദായ ബോധത്തിലേക്കും ദേശീയത എന്ന മതത്തിലേക്കും ഉള്‍വലിയുന്നവര്‍ വ്യക്തമായ ശത്രുക്കളെ സൃഷ്ടിക്കുന്നു. അതു വൈകാരിക ഫാസിസവും തീവ്ര മൗലികവാദവുമാകാന്‍ അധികം സമയമെടുക്കില്ല. മതങ്ങള്‍ പഴയ മനിക്കേയന്‍ മതങ്ങളായി നീഷേയുടെ പ്രവാചകനായ സരാത്തൂസ്ത്രയുടെ പ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങും. ചെകുത്താനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ഈ ആള്‍ ദൈവങ്ങള്‍ സര്‍വ്വ തിന്മകളുടെ അതിര്‍ത്തിരേഖകള്‍ കൃത്യമായി ജാതികള്‍, ഗോത്രങ്ങള്‍, സമുദായങ്ങള്‍, മതങ്ങള്‍, ദേശങ്ങള്‍ ഇവകള്‍ക്കിടയിലൂടെ വരയ്ക്കുന്നു. ഈ ഗോത്ര ജാതി തനിമകളില്‍ ആണി വയ്ക്കപ്പെട്ട ഇവര്‍ ജനങ്ങളെ നയിക്കുന്നത് അബോധത്തിന്റേയും വിധിയുടേയും ഇരുട്ടിലേക്കാണ്. കമ്പോളസംസ്‌കാരം നമ്മെ ഓരോരുത്തരേയും ഫ്രോയിഡിന്റെ ഈഡിപ്പസാക്കി മാറ്റുകയാണോ? സ്വാതന്ത്ര്യത്തിന്റെ മനുഷ്യനു ധര്‍മ്മത്തിന്റെ ആയിത്തീരലും ഫാസിസ്റ്റ് വിരുദ്ധ ജീവിതവും സാധ്യമാണോ?

കത്തോലിക്കാ ദേവാലയത്തിൽ നിന്നിറങ്ങി വരുന്ന നാസി കാവിപ്പടയാളികൾ
കത്തോലിക്കാ ദേവാലയത്തിൽ നിന്നിറങ്ങി വരുന്ന നാസി കാവിപ്പടയാളികൾ

നാസിസം വിട്ട ഹൈഡഗറാണ് അവസാന കാലഘട്ടത്തില്‍ മനസ്സാക്ഷിയെക്കുറിച്ചും മനുഷ്യന്റെ ആന്തരികതയെക്കുറിച്ചും ചിന്തിക്കുന്നത്. ഗ്രീക്കു ദുരന്ത നാടകങ്ങളും സോക്രട്ടീസും അദ്ദേഹത്തിന്റെ പഠനത്തിനു വിധേയമായി. സ്വന്തം സഹോദരന്റെ മൃതദേഹം കാട്ടിലേക്കു വലിച്ചെറിഞ്ഞ രാജാവിനെ ധിക്കരിക്കുന്ന ആന്റിഗണിയെ രാജാവ് മരണഭീഷണി കൊണ്ടു നേരിട്ടു. ശവമടക്കുന്നതില്‍നിന്നു സ്വന്തം സഹോദരിയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ പറഞ്ഞ വാചകം ഹൈഡഗര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. pathein to deinon touto, 'ഇവിടെ ഇപ്പോള്‍ പ്രത്യക്ഷമായതിന്റെ സാരാംശം എന്നിലേക്കു സ്വീകരിച്ചു ഞാന്‍ സഹിക്കും'' എന്നാണ് ഹൈഡഗര്‍ ആ വാചകത്തെ തര്‍ജ്ജമ ചെയ്യുന്നത്. ഈ ആന്തരികബലമാണ് അവളെ ദുരന്തത്തിലേക്ക് നയിക്കുന്നത്. സോക്രട്ടീസിന്റെ ധാര്‍മ്മികതയുടെ കണ്ടെത്തലുകാരനായി അദ്ദേഹം സ്വീകരിക്കുന്നു. ''പാശ്ചാത്യലോകത്തെ ഏറ്റവും ശുദ്ധനായ ചിന്തകന്‍'' എന്ന് ഹൈഡഗര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. തന്നിലുള്ള ആന്തരിക ശക്തി(deimon)യോടുള്ള വിശ്വസ്തതയാണ് അദ്ദേഹത്തെ നഗരത്തിന് അന്യനാക്കിയത്. ജീവിതം ഈ ആന്തരികതയോടുള്ള ഉത്തരവാദിത്വമായി അദ്ദേഹം കണ്ടു. ദാര്‍ശനികത ഗൃഹാതുരത്വമാണ്. ''എല്ലായിടത്തും വീടണയാന്‍. എവിടേക്കാണ് നാം പോകുന്നത്? എല്ലായ്പോഴും വീടണയാന്‍'' മനുഷ്യന്റെ അലച്ചില്‍ അഭയത്തിലേക്കുള്ള പുറപ്പാടാണ്. ''നാം എപ്പോഴും ഭയപ്പെടുന്നത് ആന്തരിക ലോകത്തിന്റെ അപകടകരമായതിനെയാണ്.'' അകത്തുനിന്നുള്ള ജീവിതത്തിന്റെ ഭാരമാണ് നാം ഒഴിവാക്കുന്നത്. ജര്‍മന്‍ കവിയായ ഹെല്‍ഡര്‍ലീനെ ഉദ്ധരിച്ച് 'വിശുദ്ധ ഭാഷ'യുടെ അസാന്നിദ്ധ്യത്തിന്റെ പ്രതിസന്ധിയിലേക്ക് അദ്ദേഹം ചൂണ്ടി. ''എല്ലാ കലയും സത്യത്തിന്റെ ആഗമനമായതുകൊണ്ട് സത്താപരമായി കാവ്യമാണ്.'' സാങ്കേതിക നടപടികളും സാങ്കേതിക ചിന്തയും കഷ്ടകാലം സൃഷ്ടിച്ചിരിക്കുന്നു. സാങ്കേതികത നശീകരണമായി മാറുന്നു. നാം മനുഷ്യന്റെ അസ്തിത്വത്തിന്റെ അജപാലകരാകുന്നില്ല. മറിച്ച് ലോകത്തിന്റെ കീഴടക്കലുകാരായിരിക്കുന്നു. ഇവിടെ അദ്ദേഹം മനസ്സാക്ഷിയിലേക്കു മടങ്ങുന്നു. മനസ്സാക്ഷി എന്നതു എന്നിലാണ്, പക്ഷേ, എനിക്കകലെ നിന്നാണ്. ആള്‍ക്കൂട്ടത്തില്‍ ഞാന്‍ എന്നെ നഷ്ടമാക്കുമ്പോള്‍ ഞാന്‍ എന്നെ തിരിച്ചു വിളിക്കുന്നതു മനസ്സാക്ഷിയില്‍നിന്നാണ്. അകത്തുനിന്നുള്ള ഈ വിളി ജീവിതത്തിന്റെ ശ്രുതി ഇണക്കമാണ്. മനസ്സാക്ഷിയുടെ വിളി നടക്കുന്നത് അന്തര്‍ദര്‍ശനത്തിലേക്കാണ്. അവിടെ എന്റെ ആദിപാപം ഞാന്‍ കണ്ടെത്തുന്നു. എന്റെ അസ്തിത്വത്തിനു അടിസ്ഥാനമില്ല എന്ന അവബോധം എന്റെ മാത്രമായ ചോദ്യമാണ്. എനിക്ക് അടിസ്ഥാനമുണ്ടാക്കണമെന്ന് ഞാന്‍ കാണുന്നു. ഈ വിളിയാണ് ഏതോ പേരില്ലാത്തവന്റെ സാന്നിദ്ധ്യമുണ്ടാക്കുന്നത്. ഇതാണ് ധര്‍മ്മത്തിന്റേയും ആത്മീയതയുടേയും അടിസ്ഥാനം ഉണ്ടാക്കുന്നത്. പാവപ്പെട്ടവനെ ഒരു ജോഡി ചെരിപ്പിനു വില്‍ക്കുന്നു എന്ന ധര്‍മ്മ വിലാപത്തിന്റെ പ്രരോദനമാണ് മനസ്സാക്ഷി. എന്റെ സുബോധം എന്റെ അസ്തിത്വത്തിന്റെ കാവലാണ്. ഞാന്‍ എന്നെ മാത്രമല്ല, എന്റെ ചുറ്റുപാടും കാവ്യാത്മകമായി അളക്കുന്നവനാക്കുന്നു. ഒത്തുവാസത്തിന്റെ അളവുകള്‍ - ആകാശവും ഭൂമിയും മനുഷ്യനും മൂല്യങ്ങളുമായി ഒത്തുവസിക്കുക.

1922-ലാണ് ടി.എസ്. എലിയട്ട് തരിശുഭൂമി അഥവാ ചാവുനിലം എന്ന കവിതയെഴുതിയത്. യൂറോപ്പിന്റെ സംസ്‌കാരം ചാവുനിലം പോലെ വന്യവും ഭീകരവുമായതിന്റെ വിലാപമാണ് ആ കവിത. അതവസാനിക്കുന്നത് ഇടിവെട്ടിന്റെ വെളിപാടിലാണ്. ചാവുനിലത്തില്‍ നന്മയുടെ വര്‍ഷമുണ്ടാകുമോ? ദത്ത, ദമ്യത, ഭയത്വം, ശാന്തി, ശാന്തി, ശാന്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com